Monday, 15 October 2018

ഗാന്ധിജിയും ഗാന്ധിയനായ നാസ്തികനും 'നാസ്തികത ആത്മത്തിന്റെ നിഷേധമാണ്. അതു പ്രചരിപ്പിക്കുന്നതില്‍ ലോകത്താരും വിജയിച്ചിട്ടില്ല. താങ്കളെപ്പോലുള്ളവര്‍ക്കു കുറച്ചു വിജയം നേടാന്‍ കഴിഞ്ഞത് ജനങ്ങള്‍ക്കിടയില്‍ അത്ര ആത്മാര്‍ത്ഥമായി പ്രവര്‍ത്തിക്കുന്നതുകൊണ്ടു മാത്രമാണ്. താങ്കളെ ഇവിടേക്കു ക്ഷണിക്കാന്‍ നിവൃത്തിയില്ലാത്തതില്‍ ഖേദമുണ്ട്. വെറുതെ ചര്‍ച്ചകള്‍ക്കു വേണ്ടി ചെലവാക്കാന്‍ എനിക്കു സമയമില്ല'.
   നേരില്‍ക്കാണാനും ദൈവത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാനും സമയം ചോദിച്ചുകൊണ്ടു കത്തയച്ച തികഞ്ഞ നാസ്തികനായ ഗോപരാജു രാമചന്ദ്ര റാവുവിന് ഗാന്ധിജി നല്‍കിയ മറുപടിയാണ് ഇത്. ഗോപരാജു രാമചന്ദ്ര റാവുവിന്റെ ആദ്യത്തെ കത്തായിരുന്നില്ല അത്. 1930 തുടക്കത്തിലെപ്പോഴോ അദ്ദേഹം ഗാന്ധിജിക്കു കത്തയക്കുകയുണ്ടായി. വെറും രണ്ടു വാചകമുള്ളതായിരുന്നു ആ കത്ത്. 'അങ്ങ് ദൈവം എന്ന വാക്ക് ഉപയോഗിക്കുന്നു. എന്താണ് ആ വാക്കിന്റെ അര്‍ത്ഥം, മനുഷ്യജീവിതവുമായി അത് എത്രത്തോളം പൊരുത്തപ്പെടും?'
'മനുഷ്യന് ഉള്‍ക്കൊള്ളാവുതിനും അപ്പുറമാണ് അതിന്റെ അര്‍ത്ഥം' എന്ന ഒറ്റ വാചകമാണ് ഗാന്ധിജി ആ കത്തിന് മറുപടി നല്‍കിയത്. രാമചന്ദ്രറാവുവിനെ ഒട്ടും തൃുപ്തിപ്പെടുത്തിയില്ല ആ മറുപടി എന്നു പറയേണ്ടതില്ലല്ലോ. മനുഷ്യര്‍ സദാ മനസ്സില്‍ കൊണ്ടുനടക്കുകയും സംസാരിക്കുകയും ചെയ്യുന്ന ഒരു വിഷയം എങ്ങനെയാണ് മനുഷ്യന് ഉള്‍ക്കൊള്ളാന്‍ പറ്റാത്തതാവുക? അദ്ദേഹം സ്വയം ചോദിച്ചു. ഗാന്ധിജിക്കു അദ്ദേഹം കൂടുതല്‍ കത്തുകള്‍ അയച്ചില്ല. കാരണം, അപ്പോഴേക്കും ഉപ്പുസത്യാഗ്രഹം തുടങ്ങിക്കഴിഞ്ഞിരുന്നു. 
  ഗോപരാജു രാമചന്ദ്ര റാവു അറിയപ്പെട്ടത് ഗോറ എന്ന പേരിലാണ്. പേരിലെ ആദ്യാക്ഷരങ്ങളാണ് ഗോറ. ഗോറ ആന്ധ്രപ്രദേശുകാരനായ ഒരു സാമൂഹ്യപ്രവര്‍ത്തകനാണ്. ദലിതര്‍ക്കൊപ്പം ജീവിക്കുകയും അവരുടെ  പ്രശ്‌നങ്ങള്‍ പൂര്‍ണമനസ്സോടെ ഏറ്റെടുക്കുകയും ചെയ്തുവരികയായിരുന്നു ബ്രാഹ്മണനായ ഗോറ. ഗാന്ധിയന്‍ ആദര്‍ശങ്ങളില്‍ ഉറച്ചു നില്‍ക്കുമ്പോള്‍ത്തന്നെ അദ്ദേഹം ദൈവവിശ്വാസത്തെയും മതവിശ്വാസത്തെയും നിരന്തരം ചോദ്യം ചെയ്തു. ഹരിജനങ്ങളോട് അടുപ്പവും മതത്തോട്് എതിര്‍പ്പും പുലര്‍ത്തിയതിന് അദ്ദേഹത്തിന് വലിയ വില കൊടുക്കേണ്ടി വന്നിരുന്നു. മതവിശ്വാസം ചോദ്യം ചെയ്തതുകൊണ്ട് അദ്ദേഹത്തിന് കോളേജ് അധ്യാപകന്റെ ജോലി നഷ്ടമായി. മകളെ ഒരു ദലിതനു വിവഹം ചെയ്തു കൊടുക്കുന്നത് സഹിക്കാന്‍ പറ്റുന്ന കാര്യമായിരുന്നില്ല നാട്ടിലെ സവര്‍ണവിഭാഗത്തിന്. അവര്‍ അദ്ദേഹത്തെ ബഹിഷ്‌കരിച്ചു; കുടുംബത്തിന് ഊരുവിലക്ക് കല്പിച്ചു. ദൈവവിശ്വാസമൊഴിച്ചുള്ള കാര്യങ്ങളിലെല്ലാം പൂര്‍ണ ഗാന്ധിയനായിരുന്നു ഗോറ. അതുകൊണ്ടുതന്നെ തന്നെ ബഹിഷ്‌കരിച്ചവരോടൊന്നും അദ്ദേഹം വിരോധം കാട്ടിയില്ലെന്നു മാത്രമല്ല അവരുടെ പ്രശ്‌നങ്ങളില്‍ ഇടപെടുകയും അവര്‍ക്കു വേണ്ട സഹായങ്ങള്‍ നല്‍കുകയും ചെയ്തുപോന്നു. 
   ക്ഷമാശാലിയായിരുന്നു ഗോറ. അദ്ദേഹം ഒരേ ആവേശത്തോടെ ഗാന്ധിസവും നിരീശ്വരത്വവും കൊണ്ടുനടന്നു. ആഗ്രഹം പ്രകടിപ്പിച്ച് പതിനാലു വര്‍ഷത്തിനു ശേഷമാണ് ഗോറയെ കാണാന്‍ ഗാന്ധിജി തയ്യാറാകുന്നത്. തികഞ്ഞ ഗാന്ധിയനായ ഒരു സാമൂഹിക പ്രവര്‍ത്തകന്റെ അപേക്ഷ എങ്ങനെ ഗാന്ധിജിക്ക് അധികകാലം അവഗണിക്കാന്‍ കഴിയും? ഗോറയ്ക്ക് ആശ്രമത്തില്‍ താമസിക്കാനും ദീര്‍ഘ നേരം തന്നോട് സംസാരിക്കാനും ഗാന്ധിജി സമയം നല്‍കി. 
  ആ സമാഗമവും അവര്‍ തമ്മിലുള്ള ആശയവിനിമയവും ഗാന്ധിസം, നാസ്തികത, ഇന്ത്യന്‍ രാഷ്ട്രീയ ചിന്ത, ചരിത്രം തുടങ്ങിയ വിഷയങ്ങള്‍ ആഴത്തില്‍ പഠിക്കുന്നവര്‍ക്ക് അവഗണിക്കാനാവത്ത വിഷയമായി  ഇന്നും തുടരുന്നു. മതവും വര്‍ഗീയതയും ബഹുസ്വരതയും ചര്‍ച്ച ചെയ്യപ്പെടുന്ന ഇക്കാലത്ത് ഗാന്ധി-ഗോറ സംവാദത്തിന്റെ ആ നാലു വര്‍ഷങ്ങളിലേക്കു പലവട്ടം തിരിഞ്ഞുനോക്കിപ്പോകുന്നു.
    അതെ. നാലു വര്‍ഷമാണ് ഗോറ ഗാന്ധിജിക്കൊപ്പം കഴിഞ്ഞത്. 1944 മുതല്‍ 48 വരെ. ഒന്നുകാണാന്‍പോലും ആദ്യം  കൂട്ടാക്കാതിരുന്ന ഗാന്ധിക്കു പതിനാലു വര്‍ഷം കൊണ്ട് ഗോറ സ്വീകാര്യനായത് ഗോറയുടെ അവിശ്രമസേവനവും ആത്മാര്‍ത്ഥതയും ബോധ്യമായതു കൊണ്ടുതന്നെ. നാലു വര്‍ഷത്തെ സഹവാസത്തിനിടയില്‍ അവര്‍ കൈമാറിയത് ഏറെ അനുഭവങ്ങളും ആശയങ്ങളുമായിരുന്നു. അവര്‍ ഉറ്റ മിത്രങ്ങളായി. 1948 ജനവരിയില്‍ ഗാന്ധിജി കൊല്ലപ്പെട്ടപ്പോള്‍ ഗോറയ്ക്ക് പിന്നെയൊന്നും ആശ്രമത്തില്‍ ചെയ്യാനുണ്ടായിരുന്നില്ല.
   അവസരം കിട്ടിയപ്പോഴൊക്കെ ഗാന്ധിജിയുമായി ഗോറ ദൈവത്തെക്കുറിച്ച്ു സംസാരിച്ചു. ഗാന്ധിജി അതു ക്ഷമാപൂര്‍വം കേട്ടിരിക്കുകയും തനിക്കു പറയാനുള്ളതു പറയുകയും ചെയ്തു. ഗാന്ധിജിയെ നാസ്തികനാക്കാം എന്നു ഗോറ ആഗ്രഹിച്ചിരിക്കുമോ? അറിയില്ല. തീര്‍ച്ചയായും, നാസ്തികതയില്‍നിന്ന് ഗോറയെ മാറ്റണം എന്നു ഗാന്ധിജി ആഗ്രഹിച്ചിരിക്കണം. രണ്ടും സംഭവിച്ചില്ല. പക്ഷേ, അത് രണ്ടുപേരെയും നിരാശരാക്കിയിരിക്കില്ല. കാരണം, രണ്ടുപേര്‍ക്കും പലതും പുതുതായി അറിയാന്‍ ഈ സംവാദം പ്രയോജനപ്പെട്ടു.
  ഗാന്ധിജിയുമായുള്ള സംവാദം എഴുതിവെച്ചിരുന്നുവെങ്കില്‍ വിലപ്പെട്ട ചരിത്രരേഖയാവുമായിരുന്നു. പക്ഷേ. എഴുതിവെക്കാന്‍ ഗോറ കുറിപ്പുകള്‍ ഒന്നും തയ്യാറാക്കിയിരുന്നില്ല. ഗാന്ധിജിയുടെ മരണശേഷമാണ് ഗോറ അതിനെക്കുറിച്ച് ആലോചിച്ചത്. പറഞ്ഞതും കേട്ടതും എല്ലാം ഓര്‍മയുണ്ടായിരുന്നതുകൊണ്ട്് ഗോറയ്ക്ക എഴുതാന്‍ പ്രയാസമുണ്ടായില്ല. പക്ഷേ, പ്രസിദ്ധീകരിക്കാന്‍ പുറപ്പെടുമ്പോള്‍ ഒരു കുറവ് ബോധ്യപ്പെട്ടു. പുസ്തകത്തിന്റെ ആദ്യ ഖണ്ഡികയില്‍ അത് അദ്ദേഹം വിശദീകരിക്കുന്നുണ്ട്.' ഈ പുസ്തകത്തിന് ഗൗരവമായൊരു കുഴപ്പമുണ്ട്്. നാസ്തികത സംബന്ധിച്ച്്്  ഞാന്‍ ഗാന്ധിജിയോട് ചോദിച്ചതും ഗാന്ധിജി പറഞ്ഞതും അതേപടി രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും സംഭാഷണത്തെക്കുറിച്ചുള്ള എന്റെ അഭിപ്രായങ്ങള്‍ ഇതിലുണ്ട്്, പക്ഷേ ഗാന്ധിജിയുടേതില്ല.'   
  അധികമാളുകള്‍ ഇങ്ങനെ ചിന്തിക്കുകയില്ല. തന്റെ അഭിപ്രായങ്ങള്‍ക്കും നിരീക്ഷണങ്ങള്‍ക്കും മുന്‍തൂക്കം നല്‍കി തന്റെ പക്ഷം ശരിയാണ് എന്നു സ്ഥാപിക്കാനും മറുപക്ഷം തെറ്റു സമ്മതിച്ചു എന്നു വരുത്തിത്തീര്‍ക്കാനും ആണ് അധികപേരും ശ്രമിക്കുക. ഗാന്ധിജിക്കോ തികഞ്ഞ ഗാന്ധിയനായ ഗോറയ്‌ക്കോ അങ്ങനെ ചെയ്യാന്‍ പറ്റില്ലല്ലോ. തന്റെ പുസ്തകവുമായി ഗോറ സമീപിച്ചത് ഗാന്ധിജിക്കു ശേഷം ഹരിജന്‍ പ്രസിദ്ധീകരണത്തിന്റെ എഡിറ്ററായ കെ.ജി.മസ്രുവാലയെ ആണ്. ഗാന്ധിജിയുടെ മനസ്സറിയുന്നൊരു പണ്ഡിതനായ മസ്രുവാലയുടെ അവതാരിക ഗോറ അഭ്യര്‍ത്ഥിച്ചു. അദ്ദേഹം സമയമെടുത്ത് എഴുതിയ ദീര്‍ഘമായ ഈ അവതാരികയില്‍, ഗോറയോടു പറഞ്ഞതിനപ്പുറം ഗാന്ധിജി എന്തുകൂടി ചിന്തിച്ചിരിക്കാം എന്നു വിലയിരുത്തുന്നുണ്ട്  മസ്രുവാല.
  ദൈവവിശ്വാസിയാണ് എന്നത് അതുകൊണ്ടുമാത്രം ഒരു യോഗ്യതയാവുന്നില്ല എന്ന് മസ്രുവാല വ്യക്തമാക്കുന്നു. പലതരം അനാചാരങ്ങളും സാമൂഹ്യതിന്മകളും പുലര്‍ത്തുകയും വളര്‍ത്തുകയും ചെയ്യുന്ന മതവിശ്വാസികള്‍ കുറച്ചൊന്നുമല്ല ഉള്ളത്. മദ്യപാനം, അടിമപ്പണി, ചൂതാട്ടം തുടങ്ങി നരഹത്യ വരെ എന്തും ദൈവത്തെച്ചൊല്ലി ചെയതുകൂട്ടാന്‍ പലര്‍ക്കും മടിയില്ല. യുദ്ധമുണ്ടാക്കാന്‍പോലും ചിലര്‍ ഒരുമ്പെടുന്നു. ഒരു ദുഷ്‌കര്‍മവും ചെയ്യാന്‍ മടിക്കാത്ത ദൈവവിശ്വാസികള്‍ ധാരാളമുണ്ട്. 
    അതേ സമയം, ദൈവനിഷേധികളായ പലരും (ജൈനര്‍, ബുദ്ധമതക്കാര്‍ തുടങ്ങിയ വിഭാഗക്കാരെയും മസ്രുവാല ദൈവവിശ്വാസമില്ലാത്തവരുടെ കൂട്ടത്തില്‍ പെടുത്തുന്നു) അങ്ങേയറ്റം ധാര്‍മികവും സത്യത്തില്‍ ഉറച്ചതും സേവനത്തിന് മാറ്റിവെച്ചതുമായ ജീവിതം നയിക്കുന്നുണ്ട്്്. അവര്‍ ജനങ്ങള്‍ക്കൊപ്പം ജനങ്ങള്‍ക്കു വേണ്ടി ജീവിക്കുമ്പോള്‍ ആരും അവര്‍ നാസ്തികരാണോ എന്നൊന്നും അന്വേഷിക്കുകയേ ഇല്ല. ജവഹര്‍ലാല്‍ നെഹ്‌റു ആസ്തികനാണെന്നു പറയാനാവുമോ? മസ്രുവാല ചോദിക്കുന്നു. 
  ഭാവിയിലെങ്കിലും ഗോറ ദൈവവിശ്വാസിയാകണമെന്ന ആഗ്രഹം മസ്രുവാല പ്രകടിപ്പിക്കുന്നില്ല. 'അദ്ദേഹം ഒരു പക്ഷേ നാസ്തികത ഉപേക്ഷിച്ചേക്കാം. അല്ലെങ്കില്‍ നാസ്തികതയില്‍ കൂടുതല്‍ ഉറച്ചുനിന്നേക്കാം. രണ്ടായിരുന്നാലും സ്‌നേഹംനിറഞ്ഞ ഹൃദയത്തോടെ, ധാര്‍മികത മുറുകെപ്പിടിച്ചുള്ള പൊതുപ്രവര്‍ത്തനവും സേവനവ്യഗ്രതയും ത്യാഗസന്നദ്ധതയും പുലര്‍ത്തുന്ന കാലത്തോളം അവരെയും ദൈവം വിശ്വാസികളുടെ പട്ടികയില്‍തന്നെ പെടുത്തും' എന്നു മസ്രുവാല ഉറച്ചുവിശ്വസിക്കുന്നത്. 
  യഥാര്‍ത്ഥത്തില്‍ സേവാഗ്രാം ആശ്രമത്തിലേക്ക് ഗോറ ഇടിച്ചുകയറുകയായിരുന്നില്ല. ഗോറയുടെ നിസ്വാര്‍ത്ഥമായ സാമൂഹികസേവനത്തെക്കുറിച്ചു കേട്ടറിഞ്ഞ ഗാന്ധിജി അദ്ദേഹത്തെ ആശ്രമത്തിലേക്കു ക്ഷണിച്ചുവരുത്തി തന്റെ പഴയ തെറ്റു തിരുത്തുകയായിരുന്നു. 1944-ലാണ് ഗോറ ആശ്രമത്തിലെത്തുന്നത്. 'ഒരു ദൈവനിഷേധിയോട് ഞാനെന്തു പറയാനാണ്' എന്നു വലിയ ചിരിയോടെ ചോദിച്ചുകൊണ്ടാണ് ഗാന്ധിജി ഗോറയെ സ്വാഗതം ചെയ്തത്. ഇരുവരും ചിരിച്ചു. 'ബാബുജീ ഞാന്‍ ദൈവനിഷേധിയല്ല, ഞാനൊരു നാസ്തികന്‍ മാത്രമാണ്.'എന്നായി ഗോറ. അതുതമ്മിലെന്തു വ്യത്യാസം എന്നു ഗാന്ധിജി സ്വാഭാവികമായി ചോദിച്ചു. ദൈവമില്ല എന്നു പറയുന്നത് നിഷേധാത്മകമാണ്. നാസ്തികത നിഷേധാത്മകമല്ല...ഗോറ വിശദീകരിക്കാന്‍ ശ്രമിച്ചു. അഹിംസ, നിസ്സഹകരണം, അക്രമരാഹിത്യം തുടങ്ങിയവയും നിഷേധാത്മകമായി തോന്നിയേക്കാം. പക്ഷേ, അവയെല്ലാം പോസിറ്റീവ് അല്ലേ-ഗോറ ചോദിച്ചു. അവര്‍ തമ്മിലുള്ള നാലു വര്‍ഷം നീണ്ട സംവാദത്തിന്റെ ഉദ്ഘാടനം മാത്രമായിരുന്നു അത്.
   നീണ്ട രണ്ട് അഭിമുഖസംഭാഷണങ്ങള്‍ക്കു ശേഷം വീട്ടിലേക്കു മടങ്ങാനുള്ള ആഗ്രഹം പ്രകടിപ്പിച്ച ഗോറയോട് ആശ്രമത്തില്‍ തുടരാനാണ് ഗാന്ധിജി ആവശ്യപ്പെട്ടത്. തയ്യാറെടുത്തിട്ടില്ലാത്തതുകൊണ്ട് വീട്ടിലേക്കു മടങ്ങിയ ഗോറ മാസങ്ങള്‍ു ശേഷം തിരിച്ചെത്തുകയും പിന്നെ ഗാന്ധിജിയുടെ മരണം വരെ അവിടെ തുടരുകയും ചെയ്തു. പ്രാര്‍ത്ഥനായോഗങ്ങളിലൊന്നും പങ്കെടുക്കാത്ത ഗോറയോട് ആരും അസഹിഷ്ണുതയൊന്നും പ്രകടിപ്പിച്ചില്ല. ഗാന്ധിജി അദ്ദേഹത്തിന്റെ ദൈവവിശ്വാസത്തില്‍നിന്നും ഗോറ അദ്ദേഹത്തിന്റെ നാസ്തികതയില്‍നിന്നും ഒരിഞ്ചു പിന്നോട്ടുപോയില്ലെന്നു മാത്രം.
  രണ്ടാം വട്ടം ആശ്രമത്തിലെത്തിയ ഗോറയോട് സംഭാഷണത്തിന് തുടക്കമിട്ടുകൊണ്ട് ഗാന്ധിജി വ്യത്യസ്തമായ രീതിയിലാണ് നാസ്തികതയെക്കുറിച്ചുള്ള ചോദ്യം ഉന്നയിച്ചത്. താങ്കള്‍ക്കെന്തിനാണ് നാസ്തികത എന്നായിരുന്നു ചോദ്യം. (വൈ ഡു യു വാണ്ട് എത്തിയിസം?). തന്നോട് ആരും ചോദിച്ചിട്ടില്ലാത്ത ഒരു ചോദ്യമായിരുന്നു അതെന്ന് ഗോറ ഓര്‍ക്കുന്നു. ഗോറ ആ ചോദ്യത്തിന് ദീര്‍ഘമായ മറുപടിയാണ് നല്‍കിയത്. അതിന്റെ അവസാനം ഇങ്ങനെ പറഞ്ഞുനിര്‍ത്തി- “മനുഷ്യനെ ആത്മവിശ്വാസമുള്ളവനാക്കാനും സമാധാനത്തിലൂടെ സാമൂഹ്യ-സാമ്പത്തിക സമത്വമുണ്ടാക്കുവാനുമാണ് എനിക്ക് നാസ്തികത ആവശ്യമായിട്ടുള്ളത്.”
  ഗോറയുടെ നീണ്ട വിശദീകരണം ക്ഷമാപൂര്‍വം കേട്ട ഗാന്ധിജി പറഞ്ഞു- 'നീ ശരിയും സത്യവും അന്വേഷിക്കുന്നനാണ്. തെറ്റു തിരുത്താനുള്ള മനസ്സുള്ള ആളാണ്. ഞാനും അങ്ങനെയാണ്. എന്റെ ദൈവവിശ്വാസം ശരിയാണെന്നോ നിന്റെ നാസ്തികത തെറ്റാണെന്നോ ഞാന്‍ പറയുന്നില്ല. നമുക്ക് സത്യം അന്വേഷിക്കാം. നാം അഭിപ്രായഭ്രാന്തന്മാര്‍ ( ഫനറ്റിക് എന്ന വാക്കാണ് ഗാന്ധിജി ഉപയോഗിച്ചത്) ആകരുത്. സത്യം കാണാന്‍ നമുക്ക് തുടര്‍ന്നും ശ്രമിക്കാം. ഞാന്‍ നിങ്ങളുടെ വഴിക്കോ നിങ്ങള്‍ എന്റെ വഴിക്കോ വന്നേക്കാം, നമുക്കറിയില്ല. എന്തായാലും നമുക്ക് നമ്മുടെ പ്രവര്‍ത്തനം തുടരാം. നിങ്ങളുടെ വഴി എന്റെ വഴിയല്ലെങ്കിലും ഞാന്‍ നിങ്ങളെ സഹായിക്കാം....' ഇങ്ങനെ പറഞ്ഞു കൊണ്ടാണ് ആ സംഭാഷണം ഗാന്ധിജി അവസാനിക്കുന്നത്. ഗോറ ആശ്രമത്തില്‍തന്നെ തുടര്‍ന്നു.
  ഗോറയുടെ മകളെ ദലിത് യുവാവായ അര്‍ജുന്‍ റാവുവിന് വിവാഹം ചെയ്തുകൊടുക്കാനുള്ള തീരുമാനത്തെ സ്വാഗതം ചെയ്ത ഗാന്ധിജി വിവാഹം ആ ആശ്രമത്തില്‍ത്തന്നെ നടത്താന്‍ നിര്‍ദ്ദേശിച്ചു. പെണ്‍കുട്ടിക്ക് പത്തൊമ്പത് വയസ്സുതികയാന്‍ രണ്ടു വര്‍ഷം കൂടി ആശ്രമത്തില്‍ താമസിക്കാന്‍ ഗാന്ധിജി നിര്‍ദ്ദേശിച്ചത് അവര്‍ സ്വീകരിച്ചു. അര്‍ജുന്‍ റാവുവും ആശ്രമത്തില്‍ താമസക്കാരനായി. അപ്പോള്‍ ഗാന്ധിജിക്കു മുമ്പില്‍ ഒരു അച്ചടക്കപ്രശ്‌നം ഉന്നയിക്കപ്പെട്ടു. ആശ്രമത്തില്‍ അച്ചടക്കം കര്‍ശനമാണ്. അന്തേവാസികളെല്ലാം പ്രാര്‍ത്ഥനായോഗത്തില്‍ പങ്കെടുക്കണം. നാസ്തികനായ അര്‍ജുന്‍ റാവു എങ്ങനെ പ്രാര്‍ത്ഥനായോഗത്തില്‍ പങ്കെടുക്കും? ഗാന്ധിജി എളുപ്പം വഴി കണ്ടെത്തി- അര്‍ജുന്‍ യോഗത്തില്‍ പങ്കെടുക്കണം. പക്ഷേ, പ്രാര്‍ത്ഥിക്കേണ്ടതില്ല! 1948 മാര്‍ച്ച് 13ന് ആ വിവാഹം നടക്കുമ്പോള്‍ ഗാന്ധിജി ഇല്ലായിരുന്നു. ജനവരിയില്‍ അദ്ദേഹം വധിക്കപ്പെട്ടിരുന്നല്ലോ. ഗാന്ധിജി ഗോറയ്ക്കു നല്‍കിയ ഉറപ്പ് പാലിക്കപ്പെട്ടു. പ്രാര്‍ത്ഥനയും ദൈവവും ഇല്ലാതെയായിരുന്നു ആ വിവാഹം.
  ആദര്‍ശങ്ങളിലും തത്ത്വദീക്ഷയിലും ഊന്നുമ്പോള്‍തന്നെ പ്രായോഗികതയ്ക്കും സഹിഷ്ണുതയ്ക്കും ഗാന്ധിജി എത്രത്തോളം പ്രാധാന്യം നല്‍കിയിരുന്നു എന്നു തെളിയിക്കുന്ന അനേകം അനുഭവങ്ങള്‍ 'ഏന്‍ എത്തിസ്റ്റ് വിത് ഗാന്ധി' എന്ന തന്റെ പുസ്തകത്തില്‍ ഗോറ വിവരിക്കുന്നുണ്ട്്. മനുഷ്യരാശിയുടെ നന്മക്കു പ്രയോജനപ്പെടുമെങ്കില്‍ നാസ്തികതയെപ്പോലും അംഗീകരിക്കാന്‍ അദ്ദേഹം സന്നദ്ധനായിരുന്നു. അന്ധമായ ഒരു വിശ്വാസവും അദ്ദേഹത്തിനു ഉണ്ടായിരുന്നില്ല. മുന്‍വിധികളിലൂടെ ഏതെങ്കിലും ചിന്താപദ്ധതിയെ കണ്ണുമടച്ച് എതിര്‍ക്കാനും അദ്ദേഹം കൂട്ടാക്കിയിട്ടില്ല. ദൈവം സത്യമാണ് എന്ന തത്ത്വം അദ്ദേഹം,  സത്യമാണ് ദൈവം എന്നു മാറ്റിയുടെ തികഞ്ഞ അര്‍ത്ഥബോധത്തോടെയാണ്്.
  നാസ്തികതയാണോ ആസ്തികതയാണോ ശരി എന്ന ചോദ്യത്തില്‍ ഒരു തീരൂമാനം പ്രഖ്യാപിച്ച് അവസാനവാക്ക് ആകാന്‍ ഗാന്ധിജി ശ്രമിച്ചില്ല എന്നതാണ് ശ്രദ്ധേയമായ കാര്യം. മതത്തെയോ ദൈവത്തെയോ തള്ളിപ്പറയുന്നത് കൊടുംപാപവും വധശിക്ഷ അര്‍ഹിക്കുന്ന കുറ്റവുമായി കാണുന്ന മതാന്ധരുടെ എണ്ണം പെരുകുന്ന ഈ കാലത്ത്, എന്തു മാത്രം സഹിഷ്ണുതയും പരബഹുമാനവും ആണ് ഈ മഹാമനുഷ്യന്‍ പുലര്‍ത്തിപ്പോന്നത് എന്ന് അറിയാനായെങ്കിലും ഗാന്ധി-ഗോറ സംവാദത്തിലേക്ക് നാം വീണ്ടും വീണ്ടും ഇറങ്ങിച്ചെല്ലേണ്ടതുണ്ട്.

(2018  മാര്‍ച്ചില്‍ ഒരു ഗാന്ധിയന്‍ പ്രസിദ്ധീകരണത്തിനു വേണ്ടി എഴുതിയത്്)
Sunday, 7 October 2018

ട്വിറ്ററില്‍ വ്യാജ ചീഫ് ജസ്റ്റിസും

ട്വിറ്ററില്‍ വ്യാജ ചീഫ് ജസ്റ്റിസും

സാമൂഹ്യമാദ്ധ്യമത്തില്‍ ആരെയാണ് അപകീര്‍ത്തിപ്പെടുത്തിക്കൂടാത്തത്? ഇന്ത്യയിലെ ഏറ്റവും പരമോന്നതമായ നീതിപീഠത്തിന്റെ തലവന്‍ പുതിയ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയുടെ പേരിലും ഉണ്ട് ഒരു വ്യാജ ട്വിറ്റര്‍ അക്കൗണ്ട്. @ranjan_GogoiCJI എന്നു തന്നെയാണ് അതിന്റെ ഹാന്‍ഡ്ല്‍. രണ്ടായിരം അനുയായികളും 11000 ലൈക്‌സും മാത്രമേ ഉള്ളൂ എന്നതുതന്നെ ചീഫ് ജസ്റ്റിസിനു നാണക്കേടല്ലേ.
വ്യാജന് എതിരെ ഇന്ത്്യയുടെ ചീഫ് ജസ്റ്റിസിനു പരാതിയുമായ പൊലീസ് സ്റ്റേഷന്‍ കയറിയിറങ്ങാനൊട്ടു പറ്റുകയുമില്ല. എന്തായാലും, അഭിഭാഷകനായ ഗൗരവ് കുമാര്‍ ബന്‍സാല്‍ ഈ അക്കൗണ്ട് ജനങ്ങളില്‍ ആശയക്കുഴപ്പം ഉണ്ടാക്കുന്നു എന്ന പരാതിയുമായി പൊലീസിനെ സമീപിച്ചിട്ടുണ്ട്. 

ആഗസ്ത് 15 മുതല്‍ ഈ അക്കൗണ്ട് നിലവിലുണ്ട്. പ്രധാനമന്ത്രിയുടെയും മറ്റു വി.ഐ.പി മാരുടെയും ട്വീറ്റുകള്‍ റിട്വീറ്റ് ചെയ്യല്‍ മാത്രമായിരുന്നു പരിപാടി. വേറെ ഉപദ്രവമൊന്നുമില്ല. രഞ്ജന്‍ ഗോഗോയി ചീഫ് ജസ്റ്റിസ് ആയപ്പോഴാണ് സംഗതി ഗൗരവമുള്ളതായത്. ഈയിടെ പ്രധാനമന്ത്രിക്കു ജന്മദിനം ആശംസകളും നേര്‍ന്നു ഈ വ്യാജ ചീഫ് ജസ്റ്റിസ്.
സോഷ്യല്‍ മീഡിയയില്‍ വിശ്വസിക്കാവുന്നതായി എന്തുണ്ട്, ആര്‍ക്കറിയാം.


യു.പി. പൊലീസ് കൊന്ന യുവാവിനും 
 അപകീര്‍ത്തി

വിവേക് തിവാരിയെ മറക്കാന്‍ സമയമായില്ല. ഉത്തരപ്രദേശിലെ തെരുവില്‍, പറയാന്‍ കൊള്ളാവുന്ന ഒരു കാരണവുമില്ലാതെ പൊലീസ് കോണ്‍സ്റ്റബിളിന്റെ വെടിയേറ്റു മരിച്ച യുവാവാണ് വിവേക് തിവാരി. ഉത്തരപ്രദേശ് പൊലീസിന് ഈ കൊലയുടെ പേരില്‍ ഉണ്ടായ ചീത്തപ്പേര് ചെറുതൊന്നുമല്ല. ആഗോള സ്ഥാപനമായ ആപ്പിള്‍ കമ്പനിയിലെ ടെക്കിയായിരുന്നു വിവേക് തിവാരി.
ഉത്തരപ്രദേശ് പൊലീസിനോ ഗവണ്മെന്റിനോ തെറ്റൊന്നും ചെയ്യാന്‍ കഴിയില്ലെന്നു വിശ്വസിക്കുന്ന കുറെപ്പേര്‍ ഈ ഭൂലോകത്തുണ്ട്. കാരണം ഉത്തരപ്രദേശ് ഭരിക്കുന്നത് യോഗി ആദിത്യനാഥ് ആണ്. ഭക്തന്മാര്‍ കിണഞ്ഞു ശ്രമിച്ചിട്ടും പൊലീസ് വിവേകിനെ വെടിവെച്ചുകൊന്നതിനെ ന്യായീകരിക്കാനായില്ല. പിന്നെ അവര്‍ ചെയ്തത് ഇന്നത്തെ സാമൂഹ്യ മാദ്ധ്യമകാലത്ത് പലരും ഒരു മനഃസാക്ഷിക്കുത്തുമില്ലാതെ ചെയ്യുന്ന കാര്യമാണത്. ഭരണകൂട അതിക്രമത്തിന് ഇരയാകുന്ന ആളെ അപകീര്‍ത്തിപ്പെടുത്തുക. അവന്‍ കൊല്ലപ്പെടേണ്ടവന്‍ തന്നെ ആയിരുന്നു എന്നു പ്രചരിപ്പിക്കുക. വിവേകിന്റെ കാര്യത്തിലും അതുണ്ടായി. ആരോ ഒരു പെണ്‍കുട്ടിയെ ബലാല്‍ക്കാരമായി കെട്ടിപ്പിടിച്ച് ചുംബിക്കാന്‍ ശ്രമിക്കുന്നതിന്റെ ഫോട്ടോ പ്രചരിപ്പിച്ചു. ഫോട്ടോ കണ്ടാലൊന്നും ആര്‍ക്കും അതു  വിവേക് ആണെന്നു തോന്നില്ല. പക്ഷേ, അടിക്കുറിപ്പില്‍ ആ പേരു ചേര്‍ത്താല്‍ മതിയല്ലോ, സോഷ്യല്‍ മീഡിയ ജീവികള്‍ വിശ്വസിച്ചുകൊള്ളും. ആരു തിരക്കാന്‍ പോകുന്നു?
ഇത്തരം ചിത്രങ്ങളും വൈറല്‍ രോഗ കേസ്സുകളും സൂക്ഷ്മ പരിശോധന നടത്തുന്ന ആള്‍ട് ന്യൂസ്, വിവേകിന്റേത് എന്നു പ്രചരിപ്പിക്കപ്പെട്ട ചിത്രം ഗൂഗ്‌ളില്‍ തെരഞ്ഞു. എതെല്ലാമോ സെക്‌സ് സൈറ്റുകളില്‍ കുറെയായി പ്രചരിച്ചുകൊണ്ടിരിക്കുന്നതാണ് ആ ചിത്രം. ഈ വര്‍ഷം ആദ്യം മുതല്‍ തന്നെ പലരും ഉപയോഗിച്ചിട്ടുള്ളതുമാണ് അത്. വിവേകുമായി അതിനൊരു ബന്ധവുമില്ല.


ദിഗ്വിജയ് സിങ്ങും വ്യാജ
ഫോട്ടോ പ്രചാരണത്തില്‍

യോഗി ആദിത്യനാഥിനെ പ്രകീര്‍ത്തിക്കാന്‍ മാത്രമല്ല, അപകീര്‍ത്തിപ്പെടുത്താനും തട്ടിക്കൂട്ടുന്നുണ്ട് വ്യാജ വീഡിയോകളും ഫോട്ടോകളും. യു.പി.യില്‍ ആംബുലന്‍സുകള്‍ റിപ്പേര്‍ ചെയ്യാതെ കട്ടപ്പുറത്ത് നിര്‍ത്തിയിരിക്കയാണെന്നും അതിനാലാണ് പാവപ്പെട്ട രോഗികള്‍ ചികിത്സ കിട്ടാതെ മരിക്കുന്നതെന്നും ഉള്ള ആരോപണം ശരിയോ തെറ്റോ എന്നറിയില്ല. പക്ഷേ, നിരവധി ആംബുലന്‍സുകള്‍ വെറുതെ തുരുമ്പാകാന്‍ ഉപേക്ഷിച്ചതിന്റെ ഫോട്ടോ തന്റെ യോഗിവിരുദ്ധ ട്വീറ്റില്‍ ഉള്‍പ്പെടുത്തിയ കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ് സിങ്ങ് ശരിക്കും ചമ്മി. അദ്ദേഹം ഇട്ട ചിത്രം ഉത്തരപ്രദേശില്‍ നിന്നുള്ളതായിരുന്നില്ല, ആന്ധ്ര പ്രദേശില്‍നിന്നുള്ളതായിരുന്നു. സാക്ഷി ടിവി  നേരത്തെ തന്നെ പ്രസിദ്ധപ്പെടുത്തിയിരുന്ന ഈ ആംബുലന്‍സ്  ഫോട്ടോ.
സത്യവും അത്യാസന്നനിലയിലാണ്. ആംബുലന്‍സ് വേണം.

സമ്പാദ്യത്തില്‍ നാലാം സ്ഥാനം സോണിയ ഗാന്ധിക്ക്! 

സപ്പോര്‍ട് മോദി ആന്റ് മോദിജി എന്നൊരു ഫെയ്‌സ്ബുക് പേജില്‍ പ്രചരിക്കുന്നതാണ് സെപ്തംബര്‍ 27ന് പ്രസിദ്ധപ്പെടുത്തിയതായി പറയുന്ന ആ പത്രവാര്‍ത്ത- സമ്പന്നതയില്‍ ലോകത്തില്‍ നാലാം സ്ഥാനം സോണിയ ഗാന്ധിക്ക്. അതിനോടൊപ്പ്ം ഈ ഗംഭീരന്‍ ചോദ്യവുമുണ്ട്. അംബാനിയും അദാനിയും സമ്പന്നരായത് ലക്ഷങ്ങള്‍ക്ക് ജോലി നല്‍കിയിട്ട്...സോണിയാ ഗാന്ധിയോ?

ഇതിന്റെ സത്യാവസ്ഥ തെരഞ്ഞ് ആല്‍ട്‌ന്യൂസ്‌ഡോട്‌കോം ഇനി പോകാനൊരു ഇടവും ബാക്കിയില്ല. ഈ കണക്കുകള്‍ സൃഷ്ടിച്ച സൈറ്റുകളെ വിശ്വസിച്ച് വളരെ വിശ്വസനീയ സ്ഥാപനങ്ങള്‍ പോലും സോണിയ ലോകത്തിലെ ഏറ്റവും സമ്പന്നരായ നാലു വനിതകളില്‍ ഒരാളാണെന്നു വാര്‍ത്ത കൊടുത്തിട്ടുണ്ട്. പക്ഷേ, ഓരോ തവണയും ആ വാര്‍ത്ത പിന്‍വലിക്കപ്പെട്ടു. ബിസിനസ് ഇന്‍സൈഡര്‍, വേള്‍ഡ് ലക്ഷ്വറി ഗൈഡ്, ഇന്ത്യാ നാഷനല്‍ ഇലക്ഷന്‍ വാച്ച്, ഓപണ്‍ സീക്രട്‌സ് ഡോട് ഓആര്‍ജി,ഫോബ്‌സ് ഡോട് കോം, ബ്ലൂംബര്‍ഗ്‌ഡോട്‌കോം, വിക്കിപ്പീഡിയ, ദ്ഹഫിങ്ടണ്‍പോസ്റ്റ് തുടങ്ങിയ സൈറ്റുകളെല്ലാം അവ പിന്‍വലക്കുകയോ തിരുത്തുകയോ ചെയ്തു.
ഒടുവില്‍ അവശേഷിക്കുന്നത് ഒരു കണക്കുമാത്രം. 2014ലെ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമ്പോള്‍ സമര്‍പ്പിച്ച കണക്ക്- അതില്‍ കാട്ടിയ സമ്പാദ്യം 2.82 കോടി രൂപയാണ്. ഇതില്‍തന്നെ വല്ല കള്ളവും ഉണ്ടോ എന്നു നാലുകൊല്ലമായി മോദിജിയുടെ ടാക്‌സ് ഡിറ്റക്റ്റീവുമാര്‍ അന്വേഷിക്കുകയായിരിക്കും. തുമ്പൊന്നും കിട്ടിക്കാണില്ല.

മോദിഭരണത്തിലെ വിമാനത്താവളങ്ങള്‍

ഇന്ത്യയില്‍ ഇപ്പോള്‍ നൂറു വിമാനത്താവളങ്ങള്‍ ഉണ്ട്. അതില്‍ 35 എണ്ണം നാലു വര്‍ഷത്തിനിടയില്‍ കേന്ദ്ര സര്‍ക്കാര്‍ സ്ഥാപിച്ചതാണ്- ഈയിടെ നൂറാമത്തെ വിമാനത്താവളം സെപ്തംബര്‍ 24ന് സിക്കിമില്‍ ഉദ്ഘാടനം ചെയ്യവെ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെയാണ് ഈ അവകാശവാദം ഉന്നയിച്ചത്.
സത്യം: എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ നിയന്ത്രണത്തില്‍ ഇന്ത്യയില്‍ 129 വിമാനത്താവളങ്ങളാണ് ഉള്ളത്. അതോറിറ്റി പാര്‍ലമെന്റില്‍ സമര്‍പ്പിച്ച കണക്കുകളനുസരിച്ച് 2014നും 2018നും ഇടയില്‍ ഓപറേഷനല്‍ ആയ വിമാനത്താവളങ്ങള്‍ ഏഴെണ്ണം മാത്രം. മോദിജിയെ കുറ്റപ്പെടുത്താന്‍ പറ്റില്ല. ഇതൊക്കെ ഉദ്യോഗ്സ്ഥര്‍ അവരുടെ വീര്യം കൂട്ടാന്‍ വേണ്ടി എഴുതി പ്രധാനമന്ത്രിയെക്കൊണ്ടു വായിപ്പിക്കുന്നതല്ലേ....
പാലമെന്റ് രേഖകളനുസരിച്ച് ഈ നൂറാം വിമാനത്താവളത്തിന്റെ 83 ശതമാനം പണി തീര്‍ന്നത് 2014 മുമ്പാണ്. 17 ശതമാനം പണി തീരാന്‍ നാലു വര്‍ഷമെടുത്തു. അതൊരു കുറ്റമല്ല. ഇടക്കിടെ ബന്ദുകള്‍, ഭൂകമ്പം, ചുറ്റുവാടും നടന്ന സമരങ്ങള്‍...ഒരുപാട് തടസ്സങ്ങള്‍ ഉണ്ടായിരുന്നു.എങ്കിലും, മറ്റേതു വെറും പുളുവാണ്.Wednesday, 3 October 2018

വോട്ടാണ് ലക്ഷ്യം, ഭരണഘടനയും സ്ത്രീകളും അവിടെ നില്‍ക്കട്ടെ

 വോട്ടാണ് ലക്ഷ്യം, ഭരണഘടനയും സ്ത്രീകളും അവിടെ നില്‍ക്കട്ടെ

രണ്ടു സംഭവങ്ങളുടെ പരിണാമം കേരളത്തിലെ രാഷ്ട്രീയ പാർട്ടികളുടെയും മതനേതൃത്വങ്ങളുടെയും മൂല്യരാഹിത്യവും സ്വാർത്ഥതയും വെളിവാക്കുന്നുണ്ട്. കന്യാസ്ത്രീയെ പീഡിപ്പിച്ചുവെന്ന കേസ്സിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ അറസ്റ്റിലായ സംഭവമാണ് ഒന്ന്. സംസ്ഥാന പൊലീസ് ആദ്യം അറച്ചുനിന്നെങ്കിലും ഒരു ഘട്ടം കഴിഞ്ഞപ്പോൾ ധീരമായ നടപടികൾക്കു തയ്യാറായി. വിശ്വാസിസമൂഹത്തിന്റെ പിന്തുണ നഷ്ടപ്പെടുമോ എന്ന ആശങ്ക ഭരണാധികാരികളെ നിഷ്‌ക്രിയരാക്കിയില്ല. ബിഷപ്പ് ഇപ്പോഴും റിമാൻഡിലാണ്. ശിക്ഷിക്കപ്പെടുന്നതു വരെ സംശയത്തിന്റെ ആനുകൂല്യത്തിന് അദ്ദേഹം അർഹനാണ്. പക്ഷേ, എന്താണ് ചില ക്രൈസ്തവപൂരോഹിതന്മാരുടെ സമീപനം? റിമാൻഡിലുള്ള പ്രതിയെ അവർ താരതമ്യപ്പെടുത്തിയത് യേശുദേവനോടാണ്! ക്രിസ്തുവിനെ കുരിശിലേറ്റിയതു കുറ്റവാളിയായതുകൊണ്ടല്ലല്ലോ എന്നു പറയുമ്പോൾ അതിനർത്ഥം, ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ യേശുദേവനു തുല്യമായ പരിഗണനയ്ക്ക് അർഹനാണ് എന്നുതന്നെയാണ്. യേശുവിനെ ക്രൂശിച്ച പാപികൾക്കു തുല്യരാണു ബിഷപ്പിൽ കുറ്റമാരോപിച്ച കന്യാസ്ത്രീകളും അവരെ പിന്തുണച്ചവരും എന്നു പറയാതെ പറയുക കൂടിയായിരുന്നു ആ വൈദികൻ. ഇതിനെതിരെ വേണ്ടത്ര ഉച്ചത്തിലുള്ള അമർഷപ്രകടനം ക്രൈസ്തവസമൂഹത്തിൽ നിന്ന് ഉണ്ടായില്ലെന്നതു വേദനാജനകമാണ്. ശബരിമലയിൽ സ്ത്രീകൾക്കു പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രിം കോടതി വിധിയോടുള്ള രാഷ്ട്രീയ പാർട്ടികളുടെ, പ്രത്യേകിച്ചു കോൺഗ്രസ് ഉൾപ്പെടെയുള്ള ജനാധിപത്യ പാർട്ടികളുടെ സമീപനത്തിലുമുണ്ട് ഇതേ തോതിലുള്ള കാപട്യവും ജനവിരുദ്ധതയും. കോടതി വിധി പറഞ്ഞ ആദ്യനാളുകളിൽ മൗനം പാലിച്ച ഈ പാർട്ടികൾ എന്താണു വിശ്വാസിസമുഹത്തിന്റെ പ്രതികരണം എന്നു സൂക്ഷ്മതയോടെ നിരീക്ഷിക്കുകയായിരുന്നു. ഏതു പക്ഷത്താണ് ആളുകൾ കൂടുതലുള്ളത് എന്നായിരിക്കണം അവർ നോക്കിയിട്ടുണ്ടാവുക. ബിഷപ്പ് പ്രശ്‌നവുമായി ഒരു കാര്യത്തിൽ ശബരിമല പ്രശ്‌നത്തിനു സമാനതയുണ്ട്. രണ്ടിടത്തും ഒരുപക്ഷത്തു സ്ത്രീകളാണ്. ശബരിമല വിഷയത്തിൽ കോൺഗ്രസ് പാർട്ടിയാണ് യഥാർത്ഥത്തിൽ ഒന്നാം പ്രതിയായി കൂട്ടിൽ നിൽക്കേണ്ടത്. ഇന്ത്യൻ ഭരണഘടന അക്കമിട്ട് പറയുന്ന മനുഷ്യാവകാശ തത്ത്വങ്ങളോടല്ല തങ്ങൾക്കു കടപ്പാട്, യാഥാസ്ഥിതിക പക്ഷത്തോടും അവരെ പിന്തുണയ്ക്കുന്ന വിശ്വാസി സമൂഹത്തോടുമാണ് എന്നു പറയാൻ അവർക്കു മടിയില്ല. വിശ്വാസികൾക്കും വിശ്വാസങ്ങൾക്കും ഒപ്പം നിൽക്കുമ്പോൾതന്നെ മനുഷ്യാവകാശങ്ങൾക്കു പരമപ്രധാന്യം നൽകിയ ഒരു പ്രസ്ഥാനമാണു കോൺഗ്രസ്. അതുകൊണ്ടുതന്നെയാണു ക്ഷേത്രപ്രവേശനമുൾപ്പെടെയുള്ള നിരവധി പ്രശ്‌നങ്ങളിൽ മഹാത്മാഗാന്ധിയുടെ കാലം മുതൽ കോൺഗ്രസ് ക്രിയാത്മകമായ പങ്കുവഹിച്ചത്. വേണമെങ്കിൽ, ഇന്നത്തെ ചില കോൺഗ്രസ് നേതാക്കൾ പറയുന്നതു പോലെ, അതു തീരുമാനിക്കേണ്ടതു ക്ഷേത്രനടത്തിപ്പുകാരാണ് എന്നു വാദിക്കാമായിരുന്നു. അധഃകൃതർ ക്ഷേത്രങ്ങളിൽ കടക്കുന്നതിനു മാത്രമല്ല, ക്ഷേത്രത്തിനു മുന്നിലെ റോഡിലൂടെ നടക്കുന്നതിനു പോലും ബഹുഭൂരിപക്ഷം സവർണ്ണ -മദ്ധ്യജാതി വിശ്വാസികൾ എതിരായിരുന്നു. എന്നിട്ടും കോൺഗ്രസ് സമരത്തിനൊപ്പം നിന്നു. കോൺഗ്രസ് പ്രവർത്തകർ കാണിച്ചേടത്തോളമോ അതിലേറെയോ കാപട്യം ബി.ജെ.പി കേരള നേതൃത്വവും കാണിക്കുന്നുണ്ട്. സ്ത്രീവിവേചനത്തിനു എതിരാണു പാർട്ടി. പക്ഷേ, സ്്ത്രീകളിൽ ഒരു വിഭാഗത്തിന് അവരുടെ തീർത്തും ജൈവപരമായ പ്രത്യേകതകളുടെ പേരിൽ ക്ഷേത്രത്തിലെത്താൻ അനുമതി നിഷേധിക്കുന്ന പ്രശ്‌നത്തിൽ അവർ മൗനം പാലിച്ചു. ശബരിമല സംഘർഷഭൂമിയാക്കരുത് എന്നാണ് ആദ്യനാൾ മുതൽ ബി.ജെ.പി പ്രസിഡന്റും നിയമജ്ഞനുമായ ശ്രീധരൻപിള്ള പറഞ്ഞുകൊണ്ടിരുന്നത്. ആരാണ് സംഘർഷമുണ്ടാക്കുന്നത്? കോടതിവിധിയെ കാറ്റിൽപറത്തുന്നവരാണ് അതു ചെയ്യുക. വിധി നടപ്പാക്കുന്നതിനെ ബലം പ്രയോഗിസിച്ചു ചെറുക്കലാണു സംഘർഷകാരണമാകുക. അതിനു മുതിരുക ആരാണ്? കോടതിവിധി പാലിക്കാൻ ആവശ്യമായതു ചെയ്യും എന്ന നിലപാട് ഇടതുപക്ഷ സംസ്ഥാന സർക്കാർ സ്വീകരിച്ചതു മുതലാണ് കോൺഗ്രസ്, ബി.ജെ.പി പ്രതിപക്ഷ പാർട്ടികൾ കോടതിവിധിക്കെതിരെ പരസ്യമായ നിലപാട് എടുത്തത്. സുപ്രിം കോടതി ഹിന്ദുക്കൾക്ക് എതിരാണ് എന്ന നിലപാട് സ്വീകരിക്കുന്നതാണു തങ്ങൾക്കു ഹിന്ദുക്കളിൽ, പ്രത്യേകിച്ച് ഹിന്ദു പുരുഷന്മാരിൽ സ്വാധീനം വർദ്ധിപ്പിക്കുക എന്ന കണക്കുകൂട്ടലിൽ അവർ ഇപ്പോൾ പരസ്യമായ സ്ത്രീവിരുദ്ധ നിലപാടു സ്വീകരിക്കുന്നു. പ്രഖ്യാപിത സ്ത്രീ വിരുദ്ധനായ പി.സി. ജോർജ്ജിനെപ്പോലുള്ളവർ അതിന് അനുകൂലമായി രംഗത്തിറങ്ങിയിട്ടുമുണ്ട്. ക്ഷേത്രങ്ങളിൽ ഹരിജനങ്ങൾക്കു പ്രവേശനം ആവശ്യപ്പെട്ടതു ഹരിജനങ്ങളായിരുന്നില്ല. ക്ഷേത്രപ്രവേശനം ആകാം എന്നു തിരുവിതാംകൂർ മഹാരാജാവ് വിജ്ഞാപനം പുറപ്പെടുവിച്ചത് ജ്യോത്സ്യന്മാരോടോ മതപണ്ഡിതന്മാരോടോ ചോദിച്ചുമാവില്ല. അതു ഹിന്ദുപ്രമാണങ്ങൾക്ക് എതിരല്ല എന്ന ബോദ്ധ്യത്തിന്റെ അടിസ്ഥാനത്തിലാണ്. ശബരിമലയിൽ ക്ഷേത്രമുണ്ടായ കാലം മുതലുള്ളതല്ല സ്ത്രീ പ്രവേശനവിരോധം. 50കളിൽ ഏർപ്പെടുത്തിയ ഒരു മാറ്റമാണ്. അതിന്റെ അടിസ്ഥാനം വ്യക്തമായും സ്ത്രീവിരുദ്ധമായ ചില ആശയങ്ങളാണ്. സ്ത്രീകൾ ശബരിമല പ്രവേശം ആവശ്യപ്പെടുന്നുണ്ടോ എന്നു നമുക്കറിഞ്ഞുകൂടാ. വളരെ ചെറിയ ഒരു വിഭാഗം മാത്രമാണ് അതാഗ്രഹിക്കുക എന്നത് നീതി നിഷേധിക്കുന്നതിനുള്ള ഒരു കാരണമാകാൻ പാടില്ല. രാഷ്ട്രീയനേട്ടങ്ങൾക്കു വേണ്ടിയുള്ള ചൂതുകളിയിലാണു പാർട്ടികൾ. നിയമത്തിന്റെയും ശരിയുടെയും പക്ഷത്തു നിൽക്കാൻ അവർക്കു കരുത്തില്ല. വോട്ടിന്റെ പക്ഷത്തേ അവർ നിൽക്കൂ. ഇന്ത്യൻ ഭരണഘടന ഉണ്ടാക്കിയ മഹാരഥന്മാരുടെ ആയിരം കാതം താഴെയാണ് അല്പബുദ്ധികളായ നമ്മുടെ നേതൃത്വങ്ങൾ. അവരെ ശരി കാട്ടിക്കൊടുക്കാൻ വിവേകശാലികൾ ശ്രമം തുടരണം. സ്ത്രീകളുടെ ശബ്ദം ഉയരണം. സമയമെടുത്തേക്കും. ക്ഷമാപൂർവമുള്ള പ്രയത്നം ഇക്കാര്യത്തിലും ആവശ്യമാണ്.

Thursday, 9 August 2018

കേരളം ഇപ്പോഴും ഭ്രാന്താലയമോ?


തൊടുപുഴയ്ക്കടുത്ത് ഒരു കുടുംബത്തെ ഒന്നടങ്കം തല്ലിക്കൊന്നു വീട്ടുപറമ്പിൽ കുഴിച്ചിട്ട സംഭവം കേരളത്തെ ഞെട്ടിച്ചു. ആരെയും ഞെട്ടിക്കുന്ന പൈശാചികതയോടെയാണ് രണ്ടു സ്ത്രീകളെയും മാനസികാരോഗ്യമില്ലാത്ത ഒരു യുവാവിനെയും കുടുംബനാഥനെയും കൊലപ്പെടുത്തിയത്. ഏതാനും നാൾക്കകം പൊലീസ് കൊലയാളികളെ കണ്ടെത്തി. കൊല നടത്താൻ അവർ പറഞ്ഞ കാരണം കേരളത്തെ വീണ്ടും ഞെട്ടിച്ചു. മുന്നൂറു മൂർത്തികളുടെ ബലം, ദുർമന്ത്രവാദം, ദുർമൂർത്തികൾ, മന്ത്രങ്ങളെഴുതിയ താളിയോല, നിധി ശേഖരം.....എത്ര നൂറ്റാണ്ടു പിറകിലാണ് കേരളം ജീവിക്കുന്നത്?
ഇതാദ്യത്തെ സംഭവമല്ല. ഏതാനും മാസം മുമ്പ് ഒരു സംസ്ഥാനതലസ്ഥാനത്ത് യുവാവ് സ്വന്തം കുടുംബത്തെ കൊന്നത് ശരീരവും ആത്മാവും വേർപെടുന്നത് കാണാനായിരുന്നുവത്രെ! ഇതിൽ മനോവിഭ്രാന്തിയുടെ ലക്ഷണങ്ങളുണ്ട്. പക്ഷേ, തൊടുപുഴ സംഭവത്തിൽ അങ്ങനെ യാതൊന്നുമില്ല. തികഞ്ഞ ആത്മവിശ്വാസത്തോടെയും ധൈര്യത്തോടെയും ബുദ്ധിപൂർവവുമാണ് ആ ചെറുപ്പക്കാർ ആറു മാസത്തെ ആസൂത്രണത്തോടെ ഒരു കുടുംബത്തെ ഉന്മൂലനം ചെയ്തത്.
കൂട്ടക്കൊല നടത്താൻ അവരെ പ്രേരിപ്പിച്ച കാരണങ്ങൾ അവർ പോലീസിനോടു പറഞ്ഞത് മാദ്ധ്യമങ്ങൾ വിശദമായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. നമ്മളെല്ലാം അതു കൗതുകപൂർവം വായിച്ചു. കൗതുകത്തിനപ്പുറം അതിൽ യാതൊന്നുമില്ലേ? ക്രമേണ മറക്കാവുന്ന മറ്റനേകം സംഭവങ്ങളിൽ ഒന്നു മാത്രമാണോ ഇതും.
കേരളീയസമൂഹത്തെ ബാധിച്ചിരിക്കുന്ന അതിഗുരുതരമായ ചില രോഗങ്ങളുടെ ലക്ഷണമാണ് ഇത്. രണ്ടു ഘടകങ്ങളാണ് ഈ സംഭവത്തിന്റെ പ്രേരണയായി കാണാനാവുന്നത്. ഒന്ന്, ധനത്തോടുള്ള അത്യാർത്തി. രണ്ട്, അമിതമായ അന്ധവിശ്വാസം. കേരളത്തിന്റെ സവിശേഷമായ നന്മകളുടെ, പുരോഗതിയുടെ തെളിവുകളായ എല്ലാ മുല്യങ്ങളുടെയും ലംഘനങ്ങളും നിഷേധങ്ങളുമാണ് ഇതു രണ്ടും. ഏതാനും ഒറ്റപ്പെട്ട വ്യക്തികൾ എക്കാലത്തും ഇതു പോലെ വഴിതെറ്റിപ്പോയിട്ടുണ്ടാകാം. പക്ഷേ, ഇവർ ഒറ്റപ്പെട്ട വ്യക്തികളല്ല. സമൂഹത്തിൽ ശക്തി പ്രാപിച്ചുവരുന്ന പ്രവണതയുടെ പ്രതീകങ്ങൾ മാത്രമാണ്. ദുർമന്ത്രവാദി ഉണ്ടാകുന്നതുതന്നെ അതിനു ആവശ്യക്കാർ ഉണ്ടാകുമ്പോഴാണ്. ദുർമന്ത്രവാദി കോടീശ്വരനാവുന്നത് ആവശ്യക്കാർ ധാരാളമുണ്ടാകുമ്പോഴാണ്. ദുർമന്ത്രവാദിക്കു ശിഷ്യന്മാർ ഉണ്ടാവുകയും ശിഷ്യന്മാർക്കു സംഘങ്ങൾ ഉണ്ടാവുകയും ചെയ്യുന്നു. ഒരു പക്ഷേ, അവർക്കു ആളെക്കുട്ടാനും ശിക്ഷണം നൽകാനും വാട്‌സ്ആപ്പ് ഗ്രൂപ്പുകളുമുണ്ടാകാം.
ഒരേ സമയം പ്രാചീനകാലത്തെ പ്രാകൃതത്വങ്ങളിലേക്കും വിശ്വാസങ്ങളിലേക്കും, അതേ സമയം അതിനൂതനമായ സാങ്കേതികവിദ്യകളിലേക്കും മനസ്സുകൊടുക്കാനുള്ള അത്യസാധാരണ മനസ്സാണ് കേരളീയരിൽ രൂപം കൊണ്ടിരിക്കുന്നത്. കേരളത്തിൽ ഒരു നവോത്ഥാനകാലം ഉണ്ടായിരുന്നതായി ചരിത്ര-സാമൂഹ്യശാസ്ത്ര പണ്ഡിതരും ബുദ്ധിജീവികളും നിരീക്ഷിച്ചിട്ടുണ്ട്. അതു നിഷേധിച്ചവരും ഉണ്ട്. എന്നാലും എല്ലാവരും യോജിക്കുന്ന ചില കാര്യങ്ങളുണ്ട്. വിദ്യാഭ്യാസത്തിന്റെ വരവോടെ അന്ധവിശ്വാസങ്ങൾ വെടിയാനും ശാസ്ത്രബോധത്തോടെ കാര്യങ്ങളെ കാണാനും കഴിഞ്ഞ നൂറ്റാണ്ടിന്റെ തുടക്കം മുതൽ മലയാളികളുടെ പുതിയ തലമുറയ്ക്കു കഴിഞ്ഞിട്ടുണ്ട്. ജാതിഭ്രാന്തിനെ അവർ കൈയൊഴിഞ്ഞു. മതാന്ധതയോട് വിട പറഞ്ഞു. മതങ്ങൾതന്നെ നവോത്ഥാനത്തിൽ പങ്കാളികളായി. സ്‌കൂൾ വിദ്യാഭ്യാസവും ഇംഗ്ലിഷ് പഠനവും കടൽ കടന്നുപോക്കും പോലെ അകറ്റിനിർത്തിയിരുന്ന കാര്യങ്ങൾ പലതും സ്വീകരിക്കുകയും പുരോഗമനത്തിന്റെ പാതയിലേക്കു വരികയും ചെയ്തു.
 കേരളം ചവറ്റുകൊട്ടയിലെറിഞ്ഞ പ്രേതങ്ങളും യക്ഷികളും ചാത്തന്മാരും ദുർമന്ത്രവാദികളും ഒടിയന്മാരും അന്ധവിശ്വാസങ്ങളും ഇതാ പുറത്തേക്കു ചാടിയിരിക്കുന്നു. തൊടുപുഴയിലെ യുവാക്കളെ കൂട്ടക്കൊലയ്ക്കു പ്രേരിപ്പിച്ചതും ഇക്കണ്ട അന്ധവിശ്വാസങ്ങളുടെ പിറകെ പോകുന്നവരെ ഇളക്കിവിടുന്നതും ഒരേ മൂർത്തിയാണ്. പണമാണ് ആ മൂർത്തി. പണത്തോടുള്ള അത്യാർത്തിയാണ് ആ ദുർമൂർത്തി.
സ്വാമി വിവേകാനന്ദൻ പറഞ്ഞ അവസ്ഥയിലുള്ള ഒരു ഭ്രാന്താലയം ആയിക്കഴിഞ്ഞിട്ടുണ്ടാവില്ല ഇപ്പോഴും കേരളം. പക്ഷേ, പോക്കു അങ്ങോട്ടാണ്. ഏതെങ്കിലും ഒരു മതത്തിൽ ഒതുങ്ങുന്നതല്ല ഈ പ്രവണത. ഹിന്ദുമതത്തിൽ മാത്രമല്ല ക്രിസ്‌തു മതത്തിലും ഇസ്ലാം മതത്തിലും സമാനമായ അയുക്തികമായ, അതതു മതങ്ങളുടെ തത്ത്വങ്ങൾക്കു നിരക്കാത്ത പല ആചാരങ്ങളും ഉണ്ട്. അവയുടെ സ്വാധീനം കുറയുകയല്ല, കൂടുകയാണ് ചെയ്യുന്നത്. ഇവയ്‌ക്കെല്ലാം പ്രചാരം വർദ്ധിക്കുന്നതു കേരളത്തെ ഭ്രാന്താവസ്ഥയിലേക്കു നയിക്കുമെന്ന കാര്യത്തിൽ സംശയമില്ല.
എന്തെങ്കിലും നേടാൻ പണം വാങ്ങുകയും അസാധാരണകാര്യങ്ങൾ ചെയ്യാൻ പ്രേരിപ്പിക്കുകയും ചെയ്യുന്ന സ്വാർത്ഥോദ്ദേശ്യങ്ങളുള്ള പ്രവർത്തനങ്ങളാണ് അന്ധവിശ്വാസത്തിന്റെ അടിസ്ഥാനം
. മഹാരാഷ്ട്ര സർക്കാർ 2013-ൽ നടപ്പാക്കിയ അന്ധവിശ്വാസത്തിനെതിരായ നിയമം ഒരു പരിധിവരെ ഫലപ്രദമാണ് എന്ന് പലരും അഭിപ്രായപ്പെട്ടിട്ടുണ്ട്. എന്തുകൊണ്ടു കേരളം ആ വഴിക്കു ചിന്തിക്കുന്നില്ല. രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്കും വിദ്യാഭ്യാസസ്ഥാപനങ്ങൾക്കും മാദ്ധ്യമങ്ങൾക്കുമെല്ലാം ഇക്കാര്യത്തിൽ വലിയ പങ്കു വഹിക്കാനുണ്ട്. ശാസ്ത്രീയരീതികളിലൂടെ മുന്നോട്ടുപോകാനുള്ള അറിവും ബോധവും ജനങ്ങളിലുണ്ടാക്കാനുള്ള ബാധ്യത ഈ സ്ഥാപനങ്ങൾക്കുണ്ട്. ഇന്ത്യയിൽ അത്ഭുതപ്രവർത്തനങ്ങളിലൂടെ പ്രശ്നപരിഹാരം(മാജിക്കൾ റെമഡീസ്) ഉറപ്പുനൽകുകയും അതിന്  പണം വാങ്ങുകയും അതു പരസ്യപ്പെടുത്തുകയും ചെയ്യുന്നതു തടയുന്ന ഒരു നിയമം തന്നെയുണ്ട്. ജനങ്ങൾക്കു വിദ്യാഭ്യാസം നൽകുന്ന സ്ഥാപനങ്ങളാണ് മാദ്ധ്യമങ്ങൾ എന്ന് അറിവുള്ളവർ പറഞ്ഞിട്ടുണ്ട്. ആ മാദ്ധ്യമങ്ങൾ തന്നെയാണ് ചാത്തൻസേവ ഉൾപ്പെടെയുള്ള അമാനുഷിക, അയുക്തിക അന്ധവിശ്വാസപ്രവർത്തനങ്ങൾക്കു പ്രോത്സാഹനം നൽകുന്നത്. ഇവയൊന്നും കാണാതിരുന്നു കൂടാ. ഇവയ്‌ക്കെതിരെ ശക്തമായ ചെറുത്തുനിൽപ്പിനു ഇനിയും വൈകിക്കൂടാ.
Editorial written for Thalsamayam daily dt 9 Aug 2018

Friday, 3 August 2018

എഴുത്തിലെ ഭിന്നതകള്‍ എഴുത്തില്‍ത്തന്നെ തീരട്ടെ


പരമോന്നത കോടതിക്ക് വിചാരണയോ വിസ്താരമോ വേണ്ടിവന്നില്ല. മീശ എന്ന നോവൽ നിരോധിക്കണമെന്ന ആവശ്യം ഉൾക്കൊള്ളുന്ന ഹരജി വിചാരണയ്‌ക്കെടുത്തപ്പോൾ ആദ്യവാദങ്ങൾ കേട്ട ഉടനെതന്നെ കോടതി പറയാനുള്ളതു പറഞ്ഞു. പുസ്തകനിരോധനം സംസ്‌ക്കാരത്തിനു നിരക്കുന്നതല്ല. ഇതു പറഞ്ഞുകൊടുത്താലും അറിയാത്തവർക്ക് ഈ വാക്കുകളുടെ അർത്ഥം മനസ്സിലാവുമോ എന്നറിയില്ല. ആ ആവശ്യം നിയമവിരുദ്ധമാണെന്നോ ഭരണഘടനാവിരുദ്ധമാണെന്നോ അല്ല, അത് ഭാരതത്തിന്റെ സംസ്‌ക്കാത്തിനു നിരക്കാത്തതാണെന്നാണു കോടതി പറഞ്ഞത്. ഇതിനു വലിയ അർത്ഥതലങ്ങളുണ്ട്.

ആർഷഭാരതസംസ്‌ക്കാരത്തെക്കുറിച്ച് വാതോരാതെ സംസാരിക്കുന്നവർക്ക് ഇതു മനസ്സിലാകേണ്ടതാണ്.
"മീശ' എന്ന നോവൽ നിരോധിക്കണമെന്നും അതിന്റെ പ്രതികൾ പിടിച്ചെടുക്കണമെന്നുമാണ് ഹരജിക്കാരൻ കോടതിയിൽ വാദിച്ചത്. അതു മാത്രം പോര, അത് ആഴ്ചകൾക്കു മുമ്പ് പ്രസിദ്ധീരിച്ച മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ കോപ്പികൾ പിടിച്ചെടുക്കണമെന്ന ആവശ്യവും ഉന്നയിക്കപ്പെട്ടു. തർജ്ജമ ചെയ്ത വിവാദഭാഗങ്ങൾ കോടതി മുമ്പാകെ ഹാജരാക്കപ്പെട്ടിരുന്നു. അതു വായിച്ച, ചീഫ് ജസ്റ്റിസ് ഉൾപ്പെടെയുള്ള ബഞ്ച് ഓരേ അഭിപ്രായമാണ് തൽക്ഷണം പ്രകടിപ്പിച്ചത്. ഇതു രണ്ടു കഥാപാത്രങ്ങൾ തമ്മിലുള്ള സംഭാഷണം മാത്രമാണ്. അതിന്റെ പേരിലൊന്നും പുസ്തകം നിരോധിക്കാൻ പറ്റില്ല.  സംസ്ഥാന സർക്കാറിന്റെ അഭിഭാഷകൻ പുസ്തകനിരോധന ആവശ്യത്തെ എതിർത്തതു സ്വാഭാവികം മാത്രം. കേന്ദ്രസർക്കാർ അഭിഭാഷകനും എതിർത്തു എന്നത് ശ്രദ്ധേയമാണ്. ഹരജിക്കാരുടെ പക്ഷം ഒരു പക്ഷേ അതു പ്രതീക്ഷിച്ചുകാണില്ല. ഹരജിക്കു ഒരു സ്വീകാര്യതയും ഇല്ല എന്നു ബോധ്യപ്പെട്ടപ്പോൾ അതു പിൻവലിക്കാൻ അവർ തയ്യാറായെങ്കിലും കോടതി അനുവദിച്ചില്ല. നോവലിലെ അദ്ധ്യായം മുഴുവൻ വിവർത്തനം ചെയ്ത് ഹാജരാക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. രണ്ടു വരികൾ ഒഴിച്ച് ബാക്കിഭാഗത്തെക്കുറിച്ച് ഹരജിക്കാർക്കും പരാതി ഇല്ലെന്നിരിക്കേ വ്യത്യസ്തമായ ഒരു നിലപാട് വിചാരണയ്ക്കു ശേഷവും കോടതിക്ക്  ഉണ്ടാവില്ല എന്നു പറയാൻ നിയമപാണ്ഡിത്യം വേണ്ട.

ഹിന്ദുമതത്തെയും ക്ഷേത്രങ്ങളെയും പൂജാരിമാരെയും ക്ഷേത്രാരാധന നടത്തുന്ന സ്ത്രീകളെയും അങ്ങേയറ്റം മോശമായി ചിത്രീകരിക്കുന്നതാണ് വിവാദമായ രണ്ടു വരികൾ എന്ന നിലപാടിന്റെ ശരി തെറ്റുകളിലേക്കു കോടതി കടന്നില്ല. ഭൂമി മലയാളത്തിൽ ഇറങ്ങിക്കൊണ്ടിരിക്കുന്ന ആയിരമായിരം പുസ്തകങ്ങളിലെയും സിനിമകളിലെയും സീരിയലുകളിലെയും കോടാനുകോടി വാചകങ്ങളിലും സംഭാഷണങ്ങളിലും  മതനിന്ദ എന്നോ ഈശ്വരനിന്ദ എന്നോ സ്ത്രീനിന്ദ എന്നോ രാഷ്ട്രനിന്ദ എന്നോ വ്യാഖ്യാനിക്കാവുന്ന വല്ലതും ഉണ്ടോ എന്നു കണ്ടുപിടിക്കുക മനുഷ്യസാദ്ധ്യമല്ല. അതെല്ലാം ആരെങ്കിലും കുത്തിപ്പൊക്കിയാൽ  എന്താവും സ്ഥിതി? കോടതികൾക്കു, പ്രത്യേകിച്ച് സുപ്രിം  കോടതിക്കു പിന്നെ വേറെ വല്ലതും ചെയ്യാനാവുമോ?

കോടതി പറഞ്ഞതിനപ്പുറം ചില പ്രശ്‌നങ്ങൾ ഈ വിഷയത്തിലുണ്ട്. പുസ്തകനിരോധനം ഇപ്പോൾ ലോകത്തു ശക്തി പ്രാപിച്ചു കൊണ്ടിരിക്കുന്ന ഒരു പ്രവണതയുടെ സൂചനയാണ് എന്നതാണ് പരമപ്രധാന കാര്യം. ഒരാൾ പറയുക, എഴുതുക ആ ആൾക്ക് ഇഷ്ടമുള്ള കാര്യങ്ങളാണ്. അതാരും തടയുന്നുമില്ല. അത് അയാളുടെ സ്വാതന്ത്ര്യമാണ്. പക്ഷേ, തനിക്ക് ഇഷ്ടമുള്ളതു മാത്രമേ മറ്റുള്ളവരും പറയാവൂ, എഴുതാവൂ എന്നു വാശിപിടിക്കുമ്പോൾ പ്രശ്‌നത്തിന്റെ തലം മാറുന്നു. ഇത്തരം എല്ലാ സാദ്ധ്യതകളെയും ഉൾപ്പെടുത്തിയാണ് നിയമങ്ങൾ നിർമിക്കപ്പെടുന്നത്. തങ്ങൾക്കു ഇഷ്ടമില്ലാത്തതിനെ എതിർക്കാനും എഴുതാനും അവർക്ക് സ്വാതന്ത്ര്യമുണ്ട്.

ഇഷ്ടമില്ലാത്തതിനെ ഇല്ലാതാക്കാൻ അധികാരവും ആൾബലവും ഉപയോഗിക്കുക എന്നതാണ് ഇപ്പോൾ ശക്തിപ്രാപിച്ചു വരുന്ന പ്രവണത. മതമോ ജാതിയോ ആണ് ഇതിനു വേണ്ടി ഉയർത്തപ്പെടുന്ന വാദങ്ങളുടെ കേന്ദ്രബിന്ദു. ഇത് മതവും ജാതിയുമല്ല, രാഷ്ട്രീയവും അധികാരക്കളിയുമാണ് എന്ന് തിരിച്ചറിയാൻ പ്രയാസമില്ല. "മീശ' നോവലിലെ ഭാഗങ്ങൾ ഉപയോഗപ്പെടുത്തിയതിലും ഈ രാഷ്ട്രീയലക്ഷ്യങ്ങൾ പ്രകടമാണ്. ഇന്ത്യയിൽ ഹിന്ദുക്കളെ മറ്റെല്ലാവരും ചേർന്ന് അപമാനിക്കാനും നശിപ്പിക്കാനും നോക്കുകയാണെന്ന് പ്രചരിപ്പിക്കുന്നതിൽ രാഷ്ട്രീയമാണ് മുഖ്യപ്രേരണ എന്നു കാണേണ്ടതുണ്ട്. ക്ഷേത്രവിശ്വാസികൾക്കിടയിൽ ഇതു ഒരു അഭിമാനപ്രശ്‌നമായി ഉയർത്തിക്കൊണ്ടുവന്നതും അത്തരമൊരു ലക്ഷ്യത്തോടെയാണ്. മതനിരപേക്ഷ    നിലപാടുകൾ സ്വീകരിച്ച വിശ്വാസികളെ ധർമ്മസങ്കടത്തിലാക്കുന്നതാണ് ഇത്തരമൊരു പ്രചാരം. അതാണ് അതുയർത്തിയവരുടെ ലക്ഷ്യവും. കണ്ടില്ലേ, മതനിരപേക്ഷത മതത്തിന് എതിരാണെന്ന് ഇപ്പോൾ തെളിഞ്ഞില്ലേ എന്ന് ഉച്ചത്തിലുച്ചത്തിൽ പ്രചരിപ്പിക്കുക മതാധിഷ്ഠിത രാഷ്ട്രീയം അധികാരം നേടുന്നതിനും എക്കാലവും നിലനിർത്തുന്നതിനും വേണ്ടി ഉപയോഗപ്പെടുത്തുന്നവരാണ്.

ഈ അധികാരരാഷ്ട്രീയക്കളി ഏതെങ്കിലും മതത്തിൽ മാത്രം ഒതുങ്ങി നിൽക്കുന്നതല്ല. ഒരു കോളജ് അദ്ധ്യാപകൻ എഴുതിക്കൊടുത്ത പരീക്ഷാചോദ്യത്തിൽ മതനിന്ദ ആരോപിച്ച്  നടത്തിയ ഹീനകൃത്യം എന്തെല്ലാം പ്രത്യാഘാതങ്ങളാണു സൃഷ്ടിച്ചത് എന്നു മറക്കാനായിട്ടില്ല. സൽമാൻ റഷ്ദിയുടെ നോവൽ മതനിന്ദയാണ് എന്നു കണ്ടെത്തി നോവലിസ്റ്റിനെ കൊല്ലാൻ ഉത്തരവിട്ട ആയത്തുള്ള ഖൊമേനിയുടെ കല്പന ലോക രാഷ്ട്രീയവ്യവസ്ഥയെത്തന്നെ ദൂരവ്യാപകമായി സ്വാധീനിച്ചു എന്ന് രാഷ്ട്രീയ ചിന്തകന്മാർ വിലയിരുത്തിയിട്ടുണ്ട്. ലോകമാകെ ഉയർന്ന ഇസ്ലാമിക ഫണ്ടമെന്റലിസത്തിന്റെ വ്യാപനത്തിന്റെ തുടക്കം ഇതാണെന്ന നിരീക്ഷണങ്ങൾ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. ആ പുസ്തകം ഇന്നും ഇന്ത്യയിൽ സാങ്കേതികമായി നിരോധിക്കപ്പെട്ട അവസ്ഥയിൽതന്നെയാണ്. മീശ വിചാരണയ്ക്കിടയിൽ ഹരജിക്കാർ ഇക്കാര്യം ചൂണ്ടിക്കാട്ടിയിരുന്നു. കോടതി അതിലേക്കു ആഴത്തിൽ ചെന്നില്ല. തീർച്ചയായും ഉന്നയിക്കപ്പെട്ടത് ഗൗരവമുള്ള വിഷയം തന്നെയാണ്.

ഇതിനർത്ഥം "സാത്താന്റെ വചനങ്ങൾ' നിരോധിച്ചതു പോലെ "മീശ"യും നിരോധിക്കണം എന്നല്ല, അതും നിരോധിക്കേണ്ട കാര്യമില്ല എന്നുതന്നെയാണ്. ഇന്റർനെറ്റിന്റെ ഈ കാലത്ത് നിരോധനങ്ങളിൽ എന്താണ് അർത്ഥം എന്നാണ് സുപ്രിം കോടതി മീശ വിചാരണക്കിടയിൽ ചോദിച്ചത്. സൽമാൻ റഷ്ദിയുടെ പുസ്തകം ചിലപ്പോൾ ഇറാനിലെ ജനങ്ങൾ പോലും ഇപ്പോൾ ഇന്റർനെറ്റിൽ വായിക്കുന്നുണ്ടാവാം.

ഇന്ത്യൻ സംസ്‌ക്കാരമോ ഇന്ത്യൻ ഭരണഘടനയോ ഇത്തരം അസഹിഷ്ണുതകളെയും നിലപാടുകളെയും അംഗീകരിക്കുന്നില്ല എന്നതാണ് എല്ലാവരും തിരിച്ചറിയേണ്ട പരമാർത്ഥം. സമൂഹത്തെ കലുഷമാക്കുന്ന വിവാദങ്ങൾ ഉയർത്തിക്കൊണ്ടുവരാതിരിക്കാൻ സാമൂഹ്യബോധമുള്ള വ്യക്തികളും സംഘടനകളും തയ്യാറാകണം. എഴുത്തിനെക്കുറിച്ചുള്ള എല്ലാ എതിർപ്പുകളും പ്രതിഷേധങ്ങളും എഴുത്തിൽ തന്നെ ഒതുക്കിനിർത്തണം. അതു തെരുവുകളിലേക്ക് വലിച്ചിഴക്കരുത്. തെരുവിൽ അതു കൈകാര്യം ചെയ്യുക അക്ഷരം വായിക്കുക പോലും ചെയ്യാത്ത, അസംസ്‌കൃത മനസ്സുകളും വികാരങ്ങളും മാത്രമുള്ളവരാകും. അതു സമൂഹത്തെ നാശത്തിലേക്കാണ് നയിക്കുക.

(തത്സമയം പത്രത്തില്‍ ആഗസ്ത് മൂന്നിന് പ്രസിദ്ധപ്പെടുത്തിയ  മുഖപ്രസംഗം)