Sunday, 29 December 2013

കെജ്‌രിവാളും ഡമോക്ലീസ് വാളുംഇന്ദ്രപ്രസ്ഥത്തില്‍ ആദര്‍ശാത്മക ജനാധിപത്യവിപ്ലവം ഭാഗികമായി ജയിച്ചു. പക്ഷേ, അതിന്റെ ഉദ്ഘാടനം നടക്കുന്നത് ലേശം ആദര്‍ശവിരുദ്ധമായാണോ എന്ന് സംശയമുണ്ട്. ഡല്‍ഹിയിലെ ജനം തീരുമാനിച്ചത് ബി.ജെ.പി.യെ ഒന്നാംനമ്പര്‍ കക്ഷിയാക്കാനാണ്. കെജ്‌രിവാള്‍ മുഖ്യമന്ത്രിയാകണമെന്ന് ജനത്തിന് ആഗ്രഹമുണ്ടായിരുന്നെങ്കില്‍ അവര്‍ അദ്ദേഹത്തിന്റെ പാര്‍ട്ടിക്ക് ഭൂരിപക്ഷം നല്‍കുമായിരുന്നു. നല്‍കിയിട്ടില്ല. മണ്ഡലത്തില്‍നിന്ന് പ്രതിനിധിയെ തിരഞ്ഞെടുക്കുക ഭൂരിപക്ഷം വോട്ടര്‍മാര്‍ ആരെ പിന്തുണച്ചു എന്നുനോക്കിയല്ല. കൂടുതല്‍ വോട്ടര്‍മാര്‍ ആരെ പിന്തുണച്ചു എന്നുനോക്കിയാണ്. ആ ന്യായം മന്ത്രിസഭ ഉണ്ടാക്കുമ്പോള്‍ അന്യായമാകും. അവിടെ ഏറ്റവും കൂടുതല്‍ വോട്ട് കിട്ടിയാല്‍ പോര; ഭൂരിപക്ഷം വോട്ടുതന്നെ കിട്ടണം. കെജ്‌രിവാള്‍ മുഖ്യമന്ത്രിയായത്, ഷീലാ ദീക്ഷിതിനെ മുഖ്യമന്ത്രിയാക്കാന്‍വേണ്ടി ജയിച്ചവരുടെ പിന്തുണയോടെയാണ്.

കൂടുതല്‍ വോട്ടുകിട്ടി ഒന്നാംസ്ഥാനത്തെത്തിയ ആളെ തോ ല്‍പ്പിക്കാന്‍ രണ്ടും മൂന്നും സ്ഥാനക്കാര്‍ കൂട്ടുകൂടുന്നത് പുതിയ ഏര്‍പ്പാടൊന്നുമല്ല. അത് ജനാഭിലാഷത്തിന് എതിരാണെന്ന് ഒന്നാംസ്ഥാനത്തുള്ളവര്‍ വിമര്‍ശിക്കാറുമുണ്ട്. ജനാധിപത്യം നടന്നുപോകണമെങ്കില്‍ ഇങ്ങനെ ചില ജനാധിപത്യവിരുദ്ധ സംഗതികള്‍ സഹിക്കേണ്ടിവരും. ചില്ലറ ജനാധിപത്യവിരുദ്ധ നടപടികളെയെല്ലാം വ്യാഖ്യാനിച്ച് തികച്ചും ജനാധിപത്യപരം എന്ന് സ്ഥാപിക്കാനാവും. നല്ല നാക്കുവേണം എന്നേയുള്ളൂ. ഡല്‍ഹിയില്‍ അതിനുള്ള അവസരം കെജ്‌രിവാളിനാണ് കിട്ടിയത്. തുടക്കം മോശമായിട്ടില്ല. മറ്റുപല രാജ്യങ്ങളിലുമുള്ളതുപോലെ ഇന്ത്യയില്‍ വോട്ടര്‍ക്ക് തന്റെ രണ്ടാമത്തെ ഇഷ്ടം രേഖപ്പെടുത്താന്‍ ബാലറ്റ് പേപ്പറില്‍ സൗകര്യം നല്‍കിയിരുന്നെങ്കില്‍ കെജ്‌രിവാളിന് ഭൂരിപക്ഷം കിട്ടുമായിരുന്നുവെന്ന് വ്യക്തം. റിയാലിറ്റി ഷോയിലൊക്കെ ഉള്ളതുപോലെ ഡല്‍ഹിയില്‍ ആം ആദ്മി വക എസ്.എം.എസ്. രണ്ടാംവോട്ട് ഉണ്ടായിരുന്നു. അതില്‍ കെജ്‌രിവാളിനാണത്രേ ഭൂരിപക്ഷം!

എന്തായാലും ആജന്മശത്രുവായ കോണ്‍ഗ്രസ്സിന്റെ ഷീലാ ദീക്ഷിത് തീരുമാനിക്കും കെജ്‌രിവാള്‍ എത്രനാള്‍
മുഖ്യമന്ത്രിയായിരിക്കണമെന്ന്. ഇതിലും വലിയ ശിക്ഷ ഒരു വിജയിക്ക് കിട്ടാനില്ല. ഭരണം പിടിച്ചാല്‍ ആദ്യം ചെയ്യുക ഷീലാ ദീക്ഷിതിനെയും കൂട്ടരെയും ജയിലിലടയ്ക്കുകയാണെന്ന് പ്രഖ്യാപിച്ച ആം ആദ്മിക്കാരോട് ഇതിലും വലിയ പ്രതികാരം എങ്ങനെ ചെയ്യാനാണ്.

എതിരാളിയെ ഭരണത്തിലിരുത്തി തന്റെ ആജ്ഞാനുവര്‍ത്തിയാക്കുന്നതിന്റെ രസം പലരും മുമ്പ് ആസ്വദിച്ചിട്ടുണ്ട്. 1996-ല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി. ഒന്നാംസ്ഥാനത്തും കോണ്‍ഗ്രസ് രണ്ടാം സ്ഥാനത്തുമായിരുന്നു. 13 പാര്‍ട്ടികളുള്ള മൂന്നാം മുന്നണിയെ കോണ്‍ഗ്രസ് പിന്തുണച്ച് കേന്ദ്രത്തില്‍ അധികാരത്തിലേറ്റിയത് ബി.ജെ.പി.യെ അകറ്റാനാണ്. 13 നാള്‍ ഭരിച്ച വാജ്‌പേയിയെ വീഴ്ത്തി മൂന്നാംമുന്നണിയില്‍പ്പെട്ട ജനതാദളിന്റെ എച്ച്.ഡി. ദേവഗൗഡയെ പ്രധാനമന്ത്രിയാക്കി. തുമ്പിയെക്കൊണ്ട് കുട്ടികള്‍ കല്ലെടുപ്പിക്കുന്നതുപോലെ കോണ്‍ഗ്രസ് പ്രസിഡന്റ് സീതാറാം കേസരി പ്രധാനമന്ത്രി ഗൗഡയെക്കൊണ്ട് പലതും എടുപ്പിച്ചു. രണ്ടുപേരും ഒരേ നിലവാരക്കാരായിരുന്നിട്ടും വിനോദം അധികം നീണ്ടില്ല. കെ. കരുണാകരന്റെ വീട്ടില്‍ എട്ടുതവണ ഇരുട്ടത്ത് തലയില്‍ മുണ്ടിട്ട് ചെന്ന ഗൗഡ, തന്റെ വീട്ടില്‍ രണ്ടുതവണയേ വന്നുള്ളൂവെന്ന് പരിഭവിച്ചാണ് കേസരി ഗൗഡയെ താഴെയിറക്കിയതത്രേ. പിന്നെ ഗുജ്‌റാളിനെ കയറ്റി. അതും അധികം നീണ്ടുപോയില്ല.

അതിനുമുമ്പ് 1989-ല്‍ ഇതേനില ഉണ്ടായപ്പോള്‍ വി.പി. സിങ്ങിന്റെ മന്ത്രിസഭയെ നിലനിര്‍ത്തിയത് കീരിയും പാമ്പും കളിച്ചിരുന്ന ഇടതുപക്ഷവും ബി.ജെ.പി.യും ചേര്‍ന്നാണ്. പ്രഭാതഭക്ഷണത്തിന് സിങ് ബി.ജെ.പി.ക്കാരെ വിളിക്കും. ഇടതുപക്ഷക്കാരെ വിളിക്കുക വൈകീട്ടത്തെ ചായയ്ക്കാണ്. അനിഷ്ടസംഭവം വല്ലതുമുണ്ടായാലോ എന്നുഭയന്നാണ് രണ്ടിനെയും ഒന്നിച്ച് വിളിക്കാതിരുന്നത്. ബാബറി മസ്ജിദ് പ്രശ്‌നത്തില്‍ ബി.ജെ.പി. പിന്തുണ പിന്‍വലിച്ചപ്പോള്‍ രാജി വെച്ച വി.പി.സിങ്ങിനെ പിന്തുടര്‍ന്ന് പ്രധാനമന്ത്രിയായ ചന്ദ്രശേഖറെ രാജീവ്ഗാന്ധി കല്ലെടുപ്പിക്കാന്‍ നോക്കിയിരുന്നു.വെറും 64 എം.പി.മാരുള്ള കക്ഷിയുടെ പ്രധാനമന്ത്രിയായതുകൊണ്ട് ഏതുകല്ലും പേറിക്കോളും എന്നായിരുന്നു രാജീവിന്റെ ധാരണ. അത് നടന്നില്ല. പ്രധാനമന്ത്രിസ്ഥാനം വലിച്ചെറിഞ്ഞ് ചന്ദ്രശേഖര്‍ ഇറങ്ങിപ്പോയി.

കെജ്‌രിവാളിന് ദേവഗൗഡയാകാന്‍ പറ്റില്ല. ആയാല്‍ ജനം അദ്ദേഹത്തെ വഴിനടക്കാന്‍ സമ്മതിക്കില്ല. അദ്ദേഹത്തിന്റെ കണ്ണ് ഈ മുഖ്യമന്ത്രിസ്ഥാനത്തിലേ അല്ല. അടുത്ത തിരഞ്ഞെടുപ്പിലാണ്. തലയ്ക്കുമുകളില്‍ തൂങ്ങിനില്‍ക്കുന്ന ഡമോക്ലീസിന്റെ വാള്‍ പേടിച്ച് മുഖ്യമന്ത്രിക്കസേരയില്‍ അധികം നാളിരിക്കുന്ന പ്രശ്‌നമില്ല. എത്രയും കുറച്ചുനാള്‍കൊണ്ട് എത്രയും വൃത്തിയായി പുരപ്പുറം തൂക്കാന്‍ കെജ്‌രിവാള്‍ തന്റെ ചൂല്‍ ഉപയോഗിക്കുന്നുവോ അത്രയും നല്ലത്. കോണ്‍ഗ്രസ്സിന് കെജ്‌രിവാള്‍ വൈറസിനെ അധികം പൊറുപ്പിക്കാന്‍ പറ്റില്ല. പടരാന്‍ നല്ല സാധ്യതയുള്ള അപകടകാരിയാണ്. പോലീസ്‌കാവലോ ആഡംബര ജീവിതമോ അഴിമതിയോ വാഗ്ദാനലംഘനമോ ഒന്നുമില്ലാതെ ഭരിക്കാന്‍ പറ്റുമെന്ന് തെളിയിക്കാനുള്ള അവസരം ആര്‍ക്കും കൊടുത്തുകൂടാ. അതുകൊണ്ടുതന്നെ കെജ്‌രിവാളിനെ, കയറിയ അതേവേഗത്തില്‍ താഴെയിറക്കിയേ പറ്റൂ. അക്കാര്യത്തില്‍ ബി.ജെ.പി.യും കോണ്‍ഗ്രസ്സും നാളെ യോജിച്ചാലും അദ്ഭുതമില്ല. ജനാധിപത്യത്തില്‍ അദ്ഭുതങ്ങള്‍ അവസാനിക്കുകയില്ല.

* * * *

പോലീസ് സംരക്ഷണമൊന്നും വേണ്ട. തന്റെ ജീവന്‍ ദൈവം രക്ഷിക്കട്ടെ എന്നത്രേ കെജ്‌രിവാളിന്റെ ലൈന്‍. വീടുകാവലിനുവന്ന പോലീസിനെ അദ്ദേഹം നിര്‍ബന്ധിച്ച് തിരിച്ചയച്ചെന്ന് വാര്‍ത്തയുണ്ടായിരുന്നു. രാഷ്ട്രപിതാവും ഒരു പ്രധാനമന്ത്രിയും വെടിയേറ്റുമരിച്ച പട്ടണമാണ് ഡല്‍ഹി. ജനിച്ചാല്‍ മരിച്ചല്ലേ പറ്റൂ. അതിന്റെ ടൈംടേബിള്‍ നിങ്ങള്‍തന്നെ തീരുമാനിച്ചാല്‍മതി എന്ന ലൈനിലാണ് ദൈവം തമ്പുരാന്‍. ഡല്‍ഹിയിലെ നിര്‍ഭയ പെണ്‍കുട്ടിയുടെ കൊലയാളിക്ക് ജഡ്ജി വധശിക്ഷ വിധിച്ചപ്പോള്‍ പെണ്‍കുട്ടിയുടെ അമ്മ പറഞ്ഞത് ദൈവം ജഡ്ജിയുടെ രൂപത്തില്‍ പ്രത്യക്ഷപ്പെട്ടതായി തോന്നി എന്നാണ്. അവിടെയാണ് കുഴപ്പം. 2012 ഡിസംബര്‍ 16-ന് ആ നിഷ്ഠുരസംഭവം നടക്കുമ്പോള്‍ ദൈവം ഒരു പോലീസുകാരന്റെ രൂപത്തിലെങ്കിലും അവിടെ എത്തിയിരുന്നെങ്കില്‍ എന്നാണ് ആരും ആലോചിച്ചുപോവുക. അത്രയേ ഉള്ളൂ ദൈവത്തിന്റെ കാര്യം.

അഴിമതിക്കാരായ മുന്‍ മന്ത്രിമാരെ ജയിലിലടയ്ക്കുക, കുടിവെള്ള മാഫിയയുടെ കഥകഴിക്കുംവിധം സൗജന്യവിതരണം നടപ്പാക്കുക തുടങ്ങിയ വാഗ്ദാനങ്ങള്‍ നടപ്പാക്കാന്‍ തുടങ്ങിയാല്‍ പോലീസ് സംരക്ഷണം മതിയാകാതെ പോവും. ദൈവം അപ്പോള്‍ ആം ആദ്മി
എന്ന ബഹുജനത്തിന്റെ രൂപത്തില്‍ വന്നാലേ രക്ഷയുണ്ടാവൂ.

* * * *

കോണ്‍ഗ്രസ് നേതൃത്വത്തിലെ അഴിമതിയും ഭരണത്തകര്‍ച്ചയുമാണ് ജനത്തെ ശത്രുക്കളാക്കിയതെന്ന് കോണ്‍ഗ്രസ്സിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി രാഹുല്‍ ഗാന്ധിക്ക് കുറച്ചുമുമ്പുതന്നെ മനസ്സിലായിരുന്നു. ഭരണത്തിനും നേതൃത്വത്തിനുമെതിരായ വികാരത്തില്‍ താനുംകൂടി പങ്കാളിയാവുകയാണ് അതിനെ ചെറുക്കാനുള്ള വഴി എന്ന് അദ്ദേഹത്തെ പഠിപ്പിച്ചതും കോണ്‍ഗ്രസ്സുകാരായിരിക്കണം. വൃദ്ധകോണ്‍ഗ്രസ്സിനെതിരെ പൊരുതിയാണ് ഇന്ദിരാഗാന്ധി ജനപ്രിയയായത്. രാജീവ്ഗാന്ധി പിന്തുണ പിടിച്ചുപറ്റിയതും അധികാര ദല്ലാളുമാര്‍ക്കെതിരെ പോരുവിളിച്ചുകൊണ്ടാണ്. പലവട്ടം പ്രയോഗിച്ചതാണെങ്കിലും രോഗചികിത്സയ്ക്ക് വേറെ മരുന്നൊന്നും ഇല്ലാത്തതുകൊണ്ട് ഈ ഒറ്റമുലിതന്നെയാണ് രാഹുലിന്റെയും കൈയിലുള്ളത്.

രാഹുലിന് പക്ഷേ, സോണിയാജിക്കും മന്‍മോഹന്‍സിങ്ങിനും എതിരെ തിരിയാന്‍ വയ്യ. അങ്ങനെ ചെയ്താല്‍ ഉള്ള പിന്തുണയും പോകുമെന്ന റിസ്‌കുമുണ്ട്. എങ്കിലും ഇടയ്ക്ക് റിബല്‍ ചമഞ്ഞുനോക്കുകയെങ്കിലും വേണമല്ലോ. അഴിമതിക്കേസുള്ള ജനപ്രതിനിധികള്‍ക്ക് അനുകൂലമായ നിയമനിര്‍മാണത്തിനെതിരെയുള്ള രാഹുലിന്റെ വാള്‍വീശല്‍ ലേശം പിടിപ്പുകെട്ട നിലയിലായിപ്പോയതിനാല്‍ ഗുണത്തിലേറെ ദോഷംചെയ്തു. ആദര്‍ശ് അഴിമതിക്കാര്‍ക്ക് അനുകൂലമായ മഹാരാഷ്ട്ര സര്‍ക്കാറിന്റെ നിലപാടിനെതിരെയാണ് രാഹുല്‍ ഒടുവില്‍ വാളെടുത്തത്. കാര്യമായൊന്നും ഏശുന്നില്ല. ഒട്ടുമില്ലാത്തതിലും ഭേദം അല്പം എന്നലൈനില്‍ കുറച്ചൊക്കെ ശരിതന്നെ. പക്ഷേ, ഇരമ്പിവരുന്ന കടലിനെ ചെറുക്കാന്‍ ഈ മണ്ണണ പോരെന്നത് പകല്‍പോലെ വ്യക്തം.


Sunday, 22 December 2013

പുലിവാല്‍ സമരങ്ങള്‍


മുഖ്യമന്ത്രി രാജിവെക്കുംവരെ സമരം എന്നാണ് തീരുമാനം. വേണ്ടത്ര ആലോചിച്ചാവും അങ്ങനെ തീരുമാനിച്ചത് എന്നുവേണം കരുതാന്‍. മുതലക്കുഞ്ഞിനെ നീന്താന്‍ പഠിപ്പിക്കേണ്ട എന്നുപറഞ്ഞതുപോലെ സമരം ചെയ്യാന്‍ ഇടതുപക്ഷത്തെ ആരും പഠിപ്പിക്കേണ്ട. സമരത്തിന്റെ ഫലമായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് സ്വയം ബോധ്യമാകും, താന്‍ സോളാര്‍തട്ടിപ്പില്‍ പങ്കാളിയായിരുന്നു എന്ന്. തുടര്‍ന്ന് അദ്ദേഹം രാജിസമര്‍പ്പിച്ച് കാശിക്കോ വേളാങ്കണ്ണിക്കോ പോകും. ഇതാവും ഇടതുമുന്നണി സങ്കല്പിച്ച നടപടിക്രമം.

മരണംവരെ ഉപവാസംപോലുള്ള കടുംകൈ ആണ് രാജിവരെ സമരവും. മരണംവരെ എന്നുപറഞ്ഞ് പലരും ഉണ്ണാവ്രതം തുടങ്ങാറുണ്ടെങ്കിലും മരിക്കുക പതിവില്ല. നാലുദിവസം കഴിയുമ്പോള്‍ വല്ല പിടിവള്ളിയും കിട്ടും, നാരാങ്ങാവെള്ളം കുടിക്കാന്‍. അല്ലെങ്കില്‍ പോലീസ് പിടിച്ച് ആസ്​പത്രിയിലാക്കിയാല്‍ ഗ്ലൂക്കോസ് കിട്ടും. രാജിവരെ സമരത്തിന് ഈ സൗകര്യങ്ങളൊന്നുമില്ല. പുലിവാല്‍ പിടിച്ചതുപോലെയാണ്. ഉമ്മന്‍ചാണ്ടിക്ക് മാനസാന്തരമുണ്ടായി അദ്ദേഹം രാജിവെച്ചുകൊള്ളും, സമരം തുടങ്ങിക്കോളൂ എന്ന് ആരാണാവോ ഇടതുമുന്നണിയെ ഉപദേശിച്ചത്? സരിതാനായരെ സഹായിച്ചയാളാണല്ലോ മുഖ്യമന്ത്രി. അയ്യോ പാവം വിചാരിച്ച് സഹായിച്ചതല്ല. തട്ടിപ്പില്‍ പങ്കാളിയാണ് ഉമ്മന്‍ചാണ്ടി എന്നുതന്നെയാണ് ഇടതുനിലപാട്. അങ്ങനെയുള്ള ഒരു മഹാപാപി ചില്ലറ സമരമൊക്കെക്കണ്ട് മാനസാന്തരംവന്ന് രാജിവെച്ച് ഇറങ്ങിപ്പോകുമോ? സമരം നടത്തി ഒരു പഞ്ചായത്ത് പ്രസിഡന്റിനെക്കൊണ്ടുപോലും രാജിവെപ്പിക്കുക പ്രയാസമാണ്. പിന്നെയല്ലേ മുഖ്യമന്ത്രിയെ രാജിവെപ്പിക്കുന്നത്.

നാടുനീളെ കലാപവും മരണങ്ങളും ലാത്തിച്ചാര്‍ജും അക്രമവും തീവെപ്പും ആയിരങ്ങളുടെ അറസ്റ്റും ഉണ്ടായിട്ടും ഒന്നാമത്തെ ഇടതുമന്ത്രിസഭ രാജിവെച്ച് പോവുകയുണ്ടായില്ല. അന്നത്തെ സമരക്കാര്‍ക്ക് കേന്ദ്രത്തെക്കൊണ്ടും അമേരിക്കയെക്കൊണ്ടും മറ്റും ഇടപെടീക്കാനുള്ള സ്വാധീനമുണ്ടായിരുന്നു. ഇന്ന് പാര്‍ട്ടികളുടെ കേന്ദ്രനേതൃത്വങ്ങള്‍പോലും ഇങ്ങോട്ട് തിരിഞ്ഞുനോക്കുന്നില്ല. അക്രമാസക്തസമരം നടത്തി നാടുവിറപ്പിക്കാന്‍ ഇടതുപക്ഷത്തിന് കഴിവില്ല എന്നാരും കരുതേണ്ട. അതിനൊക്കെയുള്ള ശേഷി ഇപ്പോഴുമുണ്ട്. പക്ഷേ, ജനം പണ്ടത്തെപ്പോലെയല്ല; സുഖിയന്മാരാണ്. മുഖ്യമന്ത്രിയെ രാജിവെപ്പിക്കുക എന്ന മഹത്തായ ലക്ഷ്യം നേടാന്‍ ചില്ലറ ത്യാഗത്തിനുപോലും അവര്‍ തയ്യാറല്ല. പെണ്ണുങ്ങള്‍വരെ എന്തിനും ഒരുമ്പെടുന്ന കാലമാണ്. ചാനല്‍ ക്യാമറകള്‍ക്കുമുന്നില്‍ അപമാനിച്ചുകളയും. പോരാത്തതിന് തിരഞ്ഞെടുപ്പാണ് വരുന്നത്. എന്തെങ്കിലും പിടിവള്ളി കിട്ടാനാണ് ഭരണമുന്നണി കാത്തുനില്‍ക്കുന്നത്. ആ ലൈനിലും പ്രതീക്ഷവേണ്ട. സമരക്കാരുടെ കഷ്ടപ്പാടുകണ്ട് മനസ്സലിഞ്ഞ് രാജിവെക്കുമോ ഉമ്മന്‍ചാണ്ടി. സെക്രട്ടേറിയറ്റ് ഉപരോധം, ജില്ലാ ആസ്ഥാനത്തെ 24 മണിക്കൂര്‍ കുത്തിയിരിപ്പ്, കരിങ്കൊടികാട്ടി തല്ലുവാങ്ങല്‍, ജനസമ്പര്‍ക്ക ഉപരോധം തുടങ്ങിയവ കണ്ടാല്‍ ആര്‍ക്കും സഹതാപം തോന്നുമെന്നത് ശരിതന്നെ. പക്ഷേ, ഉമ്മന്‍ചാണ്ടിയില്‍നിന്ന് അതും പ്രതീക്ഷിക്കേണ്ട. ചോരപ്പുഴയൊഴുക്കിയും അധികാരത്തില്‍ കടിച്ചുതൂങ്ങുന്ന നിഷ്ഠുരന്‍, കുടിലബുദ്ധി, വക്രബുദ്ധി തുടങ്ങിയ ബഹുമതി ബിരുദങ്ങളാണ് പ്രതിപക്ഷനേതാവും പാര്‍ട്ടിസെക്രട്ടറിയും മുഖ്യന് നല്‍കിയിട്ടുള്ളത്. പ്രതീക്ഷ വേണ്ട.

അണികള്‍ക്കുതന്നെയും സമരത്തില്‍ വലിയ താത്പര്യം കാണാത്തതിനെ കുറ്റപ്പെടുത്താന്‍ പറ്റില്ല. മുഖ്യമന്ത്രിയുടെ വീടുവളഞ്ഞ സ്ത്രീകള്‍ പറഞ്ഞ കാര്യങ്ങള്‍ പാര്‍ട്ടിപത്രം റിപ്പോര്‍ട്ട്‌ചെയ്തിട്ടുണ്ട്. സോളാര്‍തട്ടിപ്പിനെക്കുറിച്ച് അവരൊന്നും പറഞ്ഞില്ല. പക്ഷേ, വിലക്കയറ്റത്തെക്കുറിച്ച് പറയാനുണ്ട്, പാചകവാതകത്തിന് അനുദിനം വിലകൂട്ടുന്നതിനെക്കുറിച്ച് പറയാനുണ്ട്, ഒരു പെന്‍ഷനും കൃത്യസമയത്ത് നല്‍കാത്തതിനെക്കുറിച്ച് പറയാനുണ്ട്, സ്‌കൂള്‍ കുട്ടികള്‍ക്ക് യൂണിഫോം നല്‍കാത്തതിനെക്കുറിച്ച് പറയാനുണ്ട്, കൊച്ചുകുഞ്ഞുങ്ങള്‍ക്കുപോലും നാട്ടില്‍ സുരക്ഷയില്ലാത്തതിനെക്കുറിച്ച് പറയാനുണ്ട്. സമരം നടക്കുന്നത് ഉമ്മന്‍ചാണ്ടിയെ രാജിവെപ്പിക്കാന്‍മാത്രം. ഉമ്മന്‍ചാണ്ടി രാജിവെച്ചാല്‍ പകരം വരിക കെജ്‌രിവാളൊന്നുമല്ലല്ലോ. മറ്റൊരു ഉമ്മന്‍ചാണ്ടിവരും. അഴിമതി അതിന്റെ വഴിക്ക് നടക്കും.

വഴിക്കുവെച്ച് തടിയൂരാനുള്ള വകുപ്പ് കാണാതെ ഒരു സമരവും തുടങ്ങരുതെന്ന ബാലപാഠം അത്യാവേശത്തിനിടയില്‍ മറന്നുപോകുന്നു. സെക്രട്ടേറിയറ്റ് ഉപരോധം 24 മണിക്കൂര്‍കൊണ്ട് നിര്‍ത്തിപ്പോകാമെങ്കില്‍ ഏത് സമരപ്പുലിവാലിലെ പിടിയാണ് വിട്ടുകൂടാത്തത്. ഈ പുലിയെ ഒട്ടും പേടിക്കേണ്ട. അത് തിരിഞ്ഞുകടിക്കില്ല. കടിച്ചാലും നോവില്ല. പല്ലില്ലാത്ത പുലിയാണ്. ധൈര്യമായി പിടിവിടാം.

* * *

കാലം മാറുമ്പോള്‍ പല രൂപങ്ങളും മാറും. ഉയരങ്ങള്‍ താഴ്ചകളാകും. താഴ്ചകള്‍ ഉയരങ്ങളാകും. ഏറ്റവും ഉയരമുള്ള ഇന്ത്യക്കാരന്‍ ഇക്കാലംവരെ മഹാത്മാഗാന്ധിയായിരുന്നു. ഇപ്പോള്‍ ആരാണ്? സര്‍ദാര്‍ വല്ലഭ്ഭായ് പട്ടേല്‍. എങ്ങനെയാണ് ഇത് സംഭവിക്കുന്നത് എന്ന് ചോദിക്കരുത്. ഓരോതരം പരിണാമങ്ങളാണ്.

സര്‍ദാര്‍ പട്ടേലിനെ ലോകത്തിലെ ഏറ്റവും ഉയരമുള്ള മനുഷ്യനാക്കാനുള്ള പണി ഗുജറാത്തില്‍ നടന്നുകൊണ്ടിരിക്കയാണ്. അമേരിക്കയുടെ സ്റ്റാച്യൂ ഓഫ് ലിബര്‍ട്ടിയുടെ ഇരട്ടി ഉയരമുള്ള പ്രതിമ വരുന്നതോടെ അത് സംഭവിക്കും. അതോടെ മറ്റൊരു ഗുജറാത്തുകാരനായ മഹാത്മാഗാന്ധി ചെറുതാകും. വലിയ വരയെ മായ്ക്കാതെ ചെറുതാക്കാനുള്ള വിദ്യ അതിനടുത്ത് അതിലും വലിയ വര വരയ്ക്കുകയാണ്. സര്‍ദാര്‍ പട്ടേലിന്റെ പ്രതിമയ്ക്ക് 182 മീറ്ററാണ് ഉയരം. ഈ ജാതി ഒരു പ്രതിമ ലോകത്ത് ആരും ഉണ്ടാക്കിയിട്ടില്ല. സ്റ്റാലിന്റെയും ലെനിന്റെയും മാവോയുടെയുമൊക്കെ മൃതദേഹം ഐസിലിട്ട് ചീയാതെ സൂക്ഷിക്കാറുണ്ടെന്നല്ലാതെ അവരുടെയും ഇത്തരം പ്രതിമകളില്ല. മാവോ സേ തൂങ്ങിന്റെ സ്വര്‍ണപ്രതിമ ഉണ്ടാക്കിയെന്ന് കേട്ടു. ചെലവ് രൂഫാക്കണക്കില്‍ വെറും നൂറുകോടിയേ വരൂ. ഉയരം 80 സെന്റിമീറ്റര്‍മാത്രം. നമ്മുടെ സര്‍ദാറിന്റെ കാല്‍മുട്ടോളം വരില്ല സാധനം.

ഒറ്റയ്‌ക്കൊരു പ്രതിമ വഴിയോരത്ത് വെയിലും മഴയും കാക്കക്കാഷ്ഠവും ഏറ്റുവാങ്ങി നില്‍ക്കുന്ന ദയനീയത എന്തായാലും സര്‍ദാറിന് ഉണ്ടാകില്ല. പ്രതിമക്കൂറ്റനോട് ചേര്‍ന്ന് സ്മാരകമന്ദിരം, സന്ദര്‍ശകമന്ദിരം, പൂന്തോട്ടം, ഭക്ഷണാലയം, കണ്‍വെന്‍ഷന്‍ സെന്റര്‍, എമ്യൂസ്‌മെന്റ് പാര്‍ക്ക്, ഗവേഷണാലയം എന്നിവയെല്ലാമുണ്ട്. എല്ലാറ്റിനും ചേര്‍ന്നുള്ള ചെലവ് 2500 കോടി രൂപ വരും. 2500 കോടി രൂപ!

ഈ ഏര്‍പ്പാടിന്റെയെല്ലാം പിന്നിലുള്ളത് മഹാത്മാ നരേന്ദ്രമോദിയാണ്. സര്‍ദാര്‍ പ്രതിമ ഉയരുമ്പോള്‍ അതിനൊത്ത് മോദിയുടെ തലയും ആകാശംമുട്ടെ ഉയരും. ആര്‍.എസ്.എസ്സിനെ ഗാന്ധിവധത്തിന്റെ പേരില്‍ നിരോധിച്ചയാളാണ് ഈ സര്‍ദാര്‍ പട്ടേല്‍. അതേ പട്ടേലിനെ മോദി ഉയര്‍ത്തിക്കാട്ടുമ്പോള്‍ ഒരക്ഷരം മിണ്ടാനൊക്കില്ല കോണ്‍ഗ്രസ്സിനും. നാടുനീളെ പ്രതിമകള്‍ ഉയരട്ടെ. ഉയരട്ടങ്ങനെ ഉയരട്ടെ...

* * *

ഒരുകൂട്ടര്‍ക്ക് നരേന്ദ്രമോദിയുടെ ഫോട്ടോയുള്ള ബനിയനിട്ട് ചാടിക്കളിക്കാന്‍ മടിയില്ല. ചാടിക്കളിച്ചോട്ടെ. പക്ഷേ, വേറൊരു കൂട്ടര്‍ക്ക് വിരോധം മോദിയോടും ബി.ജെ.പി.യോടും മാത്രമല്ല; ഗുജറാത്ത് സംസ്ഥാനത്തോടുതന്നെയാണ്. ഗുജറാത്തില്‍നിന്നുള്ള മന്ത്രിതലസംഘത്തെ നമ്മുടെ മന്ത്രിമാര്‍ കണ്ടുകൂടാ. ഗുജറാത്തിലെ സൂറത്തിലാണ് ഏറ്റവും മികച്ച മാലിന്യസംസ്‌കരണ സംവിധാനം ഏര്‍പ്പെടുത്തിയത്. പക്ഷേ, അത് കണ്ടുപഠിക്കാന്‍ ഇവിടെനിന്നാരും പോയിക്കൂടാ. പോകുന്നത് മതേതരത്വത്തിന്റെ ലംഘനമാണ്. ഈ നിലയില്‍പ്പോയാല്‍ ഗുജറാത്തിനെ ഇന്ത്യയില്‍നിന്ന് അറുത്തുമാറ്റണമെന്ന് വാദിക്കാനും ആളുണ്ടായേക്കാം. അതും നടക്കട്ടെ.

Sunday, 15 December 2013

വേണം ഒരു പ്രധാനമന്ത്രി സ്ഥാനാര്‍ഥി


വാണ്ടഡ് എ പ്രൈം മിനിസ്റ്റര്‍ കാന്‍ഡിഡേറ്റ് എന്നൊരു വലിയ പരസ്യം കോണ്‍ഗ്രസ്സിന്റെ വെബ്‌സൈറ്റിലോ ദേശീയപത്രങ്ങളിലോ സമീപനാളില്‍ കണ്ടാല്‍ അത്ഭുതപ്പെടേണ്ട. വേറെ നിവൃത്തിയില്ലാഞ്ഞിട്ടാണ്. പറ്റിയ പെണ്ണിനെ കിട്ടിയില്ലെന്നു പറഞ്ഞ് വിവാഹം നീട്ടിക്കൊണ്ടുപോകാം, രാഹുല്‍ഗാന്ധിയെപ്പോലെ. പക്ഷേ, നല്ല പ്രധാനമന്ത്രിസ്ഥാനാര്‍ഥിയെ കിട്ടിയില്ലെന്നു പറഞ്ഞ് പൊതുതിരഞ്ഞെടുപ്പ് നീട്ടാന്‍ പറ്റില്ല.

കോണ്‍ഗ്രസ് പാര്‍ട്ടിക്ക് പ്രധാനമന്ത്രിസ്ഥാനാര്‍ഥിയില്ല. രാഹുല്‍ ഇല്ലേ എന്ന് ചോദിക്കാം. ഉണ്ട് എന്ന് സോണിയാജി പോലും ഉറപ്പിച്ചുപറയുന്നില്ല. മാത്രമല്ല, ഡല്‍ഹിയില്‍ മാന്യന്മാര്‍ വൈകുന്നേരങ്ങളില്‍ കിസ്സ പറയാന്‍വരുന്ന ക്ലബ്ബുകളിലും ഹാളുകളിലും വേറെ ആരെയെങ്കിലും കിട്ടുമോ എന്നുനോക്കാന്‍ സംഘങ്ങളെ പറഞ്ഞയച്ചതായി കേള്‍ക്കുന്നുമുണ്ട്. ആധാറുണ്ടാക്കിയതിന്റെ ക്രെഡിറ്റില്‍ നില്‍ക്കുന്ന നന്ദന്‍ നിലേകനിയെ സമീപിച്ചതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. അദ്ദേഹം വഴങ്ങിയില്ലത്രെ. ഇനി ഒരു പക്ഷേ, സച്ചിന്‍ തെണ്ടുല്‍ക്കറെ സമീപിക്കുമായിരിക്കും. പുള്ളിക്കാരന് വേറെ പണിയൊന്നുമില്ല. കോണ്‍ഗ്രസ്സിന്റെ നേതൃദാരിദ്ര്യത്തേക്കാ ള്‍ ഭീകരമാണ് ചാനലുകള്‍ ചില ദിവസങ്ങള്‍ അനുഭവിക്കുന്ന വാര്‍ത്താദാരിദ്ര്യം എന്നതുകൊണ്ട് ഒന്നും വിശ്വസിക്കാന്‍പറ്റില്ല. എന്തായാലും താത്പര്യമുള്ളവര്‍ എ.ഐ.സി.സി. ഓഫീസ് പരിസരത്ത് കറങ്ങിനടക്കുന്നത് ബുദ്ധിയായിരിക്കും. സോണിയാജിയുടെ പ്രത്യേകാന്വേഷണസംഘത്തിന്റെ കണ്ണില്‍പ്പെട്ടാല്‍ രക്ഷപ്പെടും. എപ്പോഴാണ് ഭാഗ്യംതെളിയുക എന്നാര്‍ക്ക് പറയാനാകും.

പെട്ടെന്ന് ഉണ്ടായതല്ല ദേശീയപാര്‍ട്ടിയുടെ നേതൃദാരിദ്ര്യപ്രശ്‌നം. പത്തറുപത് വര്‍ഷമായി വളരെ പ്രയാസപ്പെട്ട് വളര്‍ത്തിയെടുത്തതാണ്. പാര്‍ട്ടിയില്‍ നേതാക്കന്മാര്‍ ആവശ്യത്തിലേറെ ഉള്ളതാണ് പല പാര്‍ട്ടികളുടെയും പ്രശ്‌നം. സോഷ്യലിസ്റ്റ് പാര്‍ട്ടികള്‍ ഇല്ലാതായതുതന്നെ, പന്തല്‍ നിറയെ തൂണാണെന്നു പറഞ്ഞതുപോലെ പാര്‍ട്ടി നിറയെ നേതാക്കളുണ്ടായതുകൊണ്ടാണ്. ഇപ്പോഴവരും പാഠം പഠിച്ചു. ഒരു നേതാവിന് ഒരു പാര്‍ട്ടി എന്ന തത്ത്വം സ്വീകരിച്ചതുകൊണ്ട് ബുദ്ധിമുട്ടില്ല. പാര്‍ട്ടിയുടെ പേരിലെവിടെയെങ്കിലും ജനത എന്നോ സമാജ്‌വാദി എന്നോ ഉണ്ടെങ്കില്‍ അതെല്ലാം സോഷ്യലിസ്റ്റ് വംശപരമ്പരയില്‍പ്പെട്ടവയാണെന്ന് ഉറപ്പിച്ചുകൊള്ളുക. വോട്ടര്‍മാരും അണികളും ഇല്ലെന്ന പ്രശ്‌നം അവര്‍ക്കില്ല, നേതാക്കളേറെ ഉണ്ടെന്ന തൊന്തരവും ഇല്ല. ഉള്ളത് ഓഹരിവെച്ചെടുക്കാം. വലിയ സമാധാനമാണ്.

കോണ്‍ഗ്രസ്സിന്റെ പ്രശ്‌നമതല്ല. സ്വാതന്ത്ര്യം കിട്ടിയ കാലത്തുതന്നെ നെഹ്രുകുടുംബത്തെ ശ്രേഷ്ഠകുടുംബമായി പ്രഖ്യാപിച്ചതാണ്. നെഹ്രുവിനേക്കാള്‍ വലിയ നേതാക്കള്‍തന്നെ നിരവധി ഉണ്ടായിരുന്നു. ക്രമേണ സ്ഥിതി മാറി. വേറെ ഇനം നേതാക്കളെ അധികം പ്രോത്സാഹിപ്പിക്കേണ്ടതില്ല എന്നായി നിലപാട്. കഴിവും യോഗ്യതയുമൊക്കെ നോക്കി പ്രധാനമന്ത്രിമാരെ കണ്ടെത്താന്‍ മെനക്കെട്ടാല്‍ പാര്‍ട്ടി പിളര്‍ന്നില്ലാതായേക്കുമെന്ന അപകടം തിരിച്ചറിഞ്ഞു. അതുകൊണ്ട് അത്തരം ജനാധിപത്യവിരുദ്ധപ്രവണതകളെ പരമാവധി നിരുത്സാഹപ്പെടുത്തി. ശ്രേഷ്ഠകുടുംബത്തില്‍ നിന്നാരെങ്കിലുംമതി എന്നുവെച്ചാല്‍ സംഗതി അനായാസമായി.

എന്തുകൊണ്ട് പാടില്ല? നേതൃപദവി മക്കളിലേക്ക് കൈമാറുന്നത് കുറ്റകൃത്യമാണെന്നും അപകടകരമാണെന്നുംമറ്റും ചില അസൂയക്കാര്‍ പ്രചരിപ്പിക്കുന്നുണ്ടായിരുന്നു. താമസിക്കുന്ന വീടുമുതല്‍ ബഹുരാഷ്ട്രക്കമ്പനി ഓഹരിവരെ മക്കളിലേക്കാണ് കൈമാറുന്നത്. തലമുറയില്‍നിന്ന് തലമുറയിലേക്കാണ് ലോകം പോകുന്നതുതന്നെ. പിന്നെ പാര്‍ട്ടിനേതൃപദവികള്‍മാത്രം അങ്ങനെ പാടില്ല എന്നെങ്ങനെ പറയും ? തീര്‍ത്തും ശാസ്ത്രീയമാണ് സംഗതി. പൊതുജനത്തിനും പാരമ്പര്യസിദ്ധാന്തത്തില്‍ എതിര്‍പ്പില്ല. രാഷ്ട്രീയതത്ത്വശാസ്ത്രവും പ്രത്യയശാസ്ത്രവുമൊന്നും അന്വേഷിക്കാന്‍ പോകേണ്ട. പിതാവാര് എന്ന് അന്വേഷിച്ചാല്‍മതിയല്ലോ. വിത്തുഗുണം പത്തുഗുണം.

നെഹ്രുകുടുംബം എന്ന ബ്രാന്‍ഡിന് വിപണിയില്‍ നല്ല പേരായിരുന്നു. രാജീവ്ഗാന്ധിയുടെ കാലംവരെ വെച്ചടി കയറ്റവുമായിരുന്നു. അടിയന്തരാവസ്ഥ എന്ന കടുംകൈ ഉണ്ടായതുകൊണ്ട് ഒരുവട്ടം ജനം കൈവെടിഞ്ഞെങ്കിലും ഉടനെ മാപ്പുകൊടുത്ത് തിരിച്ചുകൊണ്ടുവന്നു. മുത്തച്ഛന്റെ കാലത്തേക്കാളും മാതാജിയുടെ കാലത്തേക്കാളും ജനപിന്തുണ കിട്ടിയിട്ടുണ്ട് രാജീവ്ഗാന്ധിക്ക്. നെഹ്രുകുടുംബം എന്ന കമ്പനി ബ്രാന്‍ഡ്‌നാമം ഗാന്ധികുടുംബം എന്നായി മാറിയതെങ്ങനെ എന്ന് ആര്‍ക്കും വലിയ പിടിയില്ല. ഇത് ഗവേഷണം നടത്താനൊക്കെ എവിടെ നേരം? മഹാത്മാഗാന്ധിയുടെ മോളാണ് ഇന്ദിരാഗാന്ധിയെന്ന് കരുതുന്നവരുടെ എണ്ണം അന്നും ഇന്നും കുറവല്ല. ഗാന്ധികുടുംബവുമായി പുലബന്ധമില്ലാത്ത ഫിറോസ് ഗാന്ധിയില്‍നിന്നാണല്ലോ ഇന്ദിരാഗാന്ധിക്ക് ഗാന്ധി ബ്രാന്‍ഡ് നെയിം പകര്‍ന്നുകിട്ടിയത്. ചില രോഗങ്ങള്‍ പോലെയാണ് ഇതും. പരമ്പരാഗതമായും കിട്ടാം, അടുത്തടുത്തു നിന്നാലോ കിടന്നാലോ പകര്‍ന്നുകിട്ടാം. ഫിറോസ്ഗാന്ധി ഗാന്ധിയല്ല, ഗാണ്ടി എന്നതാണ് അവരുടെ കുടുംബപ്പേരെന്ന ഒരു സിദ്ധാന്തവും നിലവിലുണ്ട്. ഗാന്ധിജി ഫിറോസ് ഗാന്ധിയെ ദത്തെടുത്തതുകൊണ്ടാണ് ഗാന്ധിനാമം പതിച്ചുകിട്ടിയതെന്ന വേറെ സിദ്ധാന്തവുമുണ്ട്. അക്കഥ പറഞ്ഞാല്‍ തീരില്ല. നെഹ്രുകുടുംബം ഗാന്ധികുടുംബം ആയെന്നു മാത്രം അറിഞ്ഞാല്‍മതി. രണ്ടിന്റെയും ഗുണം ഒന്നില്‍ ലഭ്യമാക്കുന്ന ഒരിനം കോര്‍പ്പറേറ്റ് മെര്‍ജര്‍ അല്ലെങ്കില്‍ ജൈവശാസ്ത്രലൈനില്‍ പറഞ്ഞാല്‍ ഒരിനം സങ്കരജീവി. തുടക്കത്തില്‍ രണ്ടിന്റെയും ഗുണം ഉണ്ടായിരുന്നു. ഇപ്പോള്‍ ഒന്നിന്റെയും ഗുണം ഇല്ല. അതാണ് പ്രശ്‌നം.

അകാലത്ത് രാജീവ്ജി മരിച്ചതോടെയാണ് ഇന്നത്തെ പ്രതിസന്ധിയുടെ തുടക്കം. കോണ്‍ഗ്രസ്സുകാര്‍ പെരുവഴിയിലായിരുന്നു. ഇനി രക്തബന്ധമുണ്ടോ എന്നൊന്നും നോക്കേണ്ടതില്ല എന്നവര്‍ തീരുമാനിച്ചു. പക്ഷേ, സോണിയാമാഡം കൂട്ടാക്കിയില്ല. കൂട്ടനിലവിളി, അഖണ്ഡ നെഞ്ചിലിടി, കാല്‍മുട്ടിനിഴയല്‍, മരണംവരെ ഉപവാസം തുടങ്ങിയ പലപല മനംമാറ്റ സൂത്രങ്ങളും പത്തുവര്‍ഷത്തോളം പ്രയോഗിച്ചാണ് അവര്‍ സോണിയാജിയെ ഒരുവിധം തള്ളിയിറക്കിയത്. തിരഞ്ഞെടുപ്പില്‍ കഷ്ടിച്ച് ജയിച്ചെങ്കിലും പ്രധാനമന്ത്രിസ്ഥാനം മാഡം ഏറ്റെടുത്തില്ല. നല്ല അനുസരണശീലം, ജനത്തെ കണ്ടാല്‍ ആ ഭാഗത്ത് നോക്കാതിരിക്കുന്ന ജനാധിപത്യബോധം, മൗനം ഭൂഷണം എന്ന ശാശ്വതസ്വഭാവം, റൊബോട്ടുമായി ചലനസാദൃശ്യം തുടങ്ങിയ സ്വഭാവഗുണങ്ങള്‍ നോക്കിയാണ് പ്രധാനമന്ത്രിയെ നിശ്ചയിച്ചത്. ഒരു സാമ്പത്തികശാസ്ത്രജ്ഞന്‍ പത്തുവര്‍ഷമായി ഭരിച്ച രാജ്യം വേറെ ഏതുണ്ട്? ഒടുവില്‍ ഭൂരിപക്ഷത്തിനും ഉച്ചക്കഞ്ഞിക്ക് ബുദ്ധിമുട്ടുണ്ടെന്നത് വേറെ കാര്യം.

കുടുംബത്തിലെ അനന്തരാവകാശിക്ക് പ്രായപൂര്‍ത്തിയാകാന്‍വേണ്ടിയാണ് ആദ്യത്തെ ടേം കഴിഞ്ഞിട്ടും മന്‍മോഹന്‍ജിക്ക് തുടരേണ്ടിവന്നത്. ജനം വീണ്ടും തിരഞ്ഞെടുത്തുകളയും എന്ന് ആ പാവം സ്വപ്നത്തില്‍ പോലും വിചാരിച്ചതല്ല. രണ്ടാമത്തെ അഞ്ചുവര്‍ഷവും അദ്ദേഹത്തെക്കൊണ്ട് കുരിശ് താങ്ങിച്ചു. കാലാവധിക്കിടയില്‍ രാഹുല്‍രാജകുമാരന് പ്രായപൂര്‍ത്തിയാകും എന്ന പ്രതീക്ഷയില്‍ അദ്ദേഹം ആ പാപഭാരം പേറുകയായിരുന്നു. സമീപകാലത്തൊന്നും രാഹുല്‍ഗാന്ധിക്ക് പ്രായപൂര്‍ത്തിയാകുകയില്ല എന്നതാണ് ഈ രാജ്യം അഭിമുഖീകരിക്കുന്ന ദേശീയപ്രതിസന്ധി.

ഒരുഭാഗത്തുനിന്ന് നരേന്ദ്രമോദി എന്ന ഭീകരന്‍ പട നയിച്ചുവരുന്നു. വാജ്‌പേയിക്ക് പല്ലും നഖവും കൂര്‍ത്താലുള്ള രൂപമാണ് അദ്വാനി. അദ്വാനിക്ക് പല്ലും നഖവും കൂര്‍ത്താലുള്ള രൂപമാണ് നരേന്ദ്രമോദി. മോഡിക്കുമുന്നില്‍ അദ്വാനി ശുദ്ധസാത്വികന്‍, മഹാത്മാഗാന്ധി. ഈ ഭയാനകരൂപത്തിനു മുന്നില്‍ പിടിച്ചുനില്‍ക്കാന്‍ രാഹുല്‍ജി പോര എന്ന് സോണിയാജിക്കുതന്നെ തോന്നുന്നുണ്ടാവണം. അതിനിടയിലാണ് കുറ്റിച്ചൂല്‍ വാളാക്കി കെജ്‌രിവാള്‍ വരുന്നത്. ആകപ്പാടെ വലിയ പ്രതിസന്ധിതന്നെ. ഇളയകുഞ്ഞ് കുളത്തില്‍ വീഴുകയും മൂത്തത് കിണറ്റില്‍ ചാടുകയും ഭാര്യ പിറകെ ചാടുകയും വീടിന് തീപിടിക്കുകയുമൊക്കെ ഒരേ സമയത്ത് സംഭവിച്ചാല്‍ മനുഷ്യന്‍ വേറെന്ത് ചെയ്യാനാണ്? ഒരു ബീഡി കൊളുത്തുകതന്നെ. വരാനുള്ളത് വഴിയില്‍ തങ്ങില്ല.


Sunday, 8 December 2013

ഒരു നീതിമാന്റെ രക്തംജയില്‍ ഡി.ജി.പി. മാധ്യമങ്ങളുമായി സംസാരിച്ചപ്പോഴാണ് കാര്യത്തിന്റെ കിടപ്പ് പിടികിട്ടിയത്. കഴുതയായ ജനം ഇതുവരെ ധരിച്ചിരുന്നത് കുറ്റവാളികളും കുറ്റാരോപിതരും ആണ് ജയിലില്‍ അഴികള്‍ക്ക് പിന്നില്‍ അടിമകളായി കഴിഞ്ഞുപോരുന്നത് എന്നാണ്. ചങ്ക് തുറന്നുകാട്ടി ഡി.ജി.പി. കാര്യം പറഞ്ഞു. ഇരുമ്പഴികള്‍ക്ക് പിന്നില്‍ ബന്ധിതരായിട്ടുള്ളത് ജയിലുദ്യോഗസ്ഥരാണ്. ജയില്‍പ്പുള്ളികളാണ് ജയില്‍ ഭരിക്കുന്നത്. രാഷ്ട്രീയ, ക്രിമിനല്‍ സംഘങ്ങളുടെയും ക്വട്ടേഷന്‍ സംഘങ്ങളുടെയും ദാക്ഷിണ്യത്തില്‍ കഷ്ടിച്ച് കഴിഞ്ഞുകൂടുകയാണ് ജയില്‍ ഉദ്യോഗസ്ഥര്‍. ജീവനക്കാര്‍ക്ക് 55 വയസ്സുവരെ ഇതില്‍നിന്ന് മോചനമില്ല. ജയില്‍ ഡി.ജി.പി. അലക്‌സാണ്ടര്‍ ജേക്കബ് ഒരു ട്രിക്ക് പ്രയോഗിച്ച് മോചനംനേടി. ഇനി സെന്‍കുമാറാണ് 'സെല്‍'കുമാര്‍. എങ്ങനെയാണ് അദ്ദേഹം സെല്ലില്‍നിന്ന് രക്ഷപ്പെടുക എന്നറിയില്ല. ഈശ്വരോ രക്ഷതു...

വഴിയോരത്ത് മാജിക് കാട്ടുന്ന ഒരു പാവത്തിന്റെ കഥ ഉണ്ട്. എന്ത് മാജിക് കാട്ടിയാലും അത് വെറും ട്രിക്കാന്‍ഡ്രാ എന്നുപറഞ്ഞ ആള്‍ക്കൂട്ടം, ചങ്ക് പറിച്ചുകാട്ടിയപ്പോഴും പറഞ്ഞത് അതുതന്നെയാണ്. ചങ്കെടുത്ത് കാട്ടുകയാണ് ഞാന്‍ എന്നാണ് ഡി.ജി.പി.യും പറഞ്ഞത്. ഇനി ഇതും വിവാദമാക്കരുതേ എന്നും കേണുപറഞ്ഞു. ജയില്‍മോചിതനാവാന്‍ കാട്ടിയ ട്രിക്കാണതെന്ന് പിറകേ മനസ്സിലായി. ജയില്‍വകുപ്പ് ഭരിക്കുന്ന ഐ.പി.എസ്സുകാരന്‍ അതിബുദ്ധിമാനായിരിക്കും എന്നാര്‍ക്കാണ് അറിയാത്തത്? പോരാത്തതിന് കോടിയേരി ബാലകൃഷ്ണന്റെയും പിണറായി വിജയന്റെയും സര്‍ട്ടിഫിക്കറ്റുമുണ്ട്. യു.ഡി.എഫ്. സര്‍ക്കാറിന്റെ പീഡനം സഹിക്കാതെയാണ് ഡി.ജി.പി. ചങ്കെടുത്തുകാട്ടിയത് എന്ന വ്യത്യാസമേ ഉള്ളൂ.

അതീവനീതിമാനാണ് അദ്ദേഹം. ജയില്‍പ്പുള്ളികളോടുള്ള സ്‌നേഹം കരകവിഞ്ഞൊഴുകുന്നുണ്ട് ഒരോ വാക്കിലും. അവരെയും അവരുടെ കുടുംബത്തെയും രക്ഷിക്കുന്നതിനാണ് അദ്ദേഹം ജയിലില്‍ ചപ്പാത്തി ഉണ്ടാക്കി വില്‍ക്കുന്നത്. അലസമനസ്സില്‍ പിശാച് തമ്പടിക്കും. ചപ്പാത്തി പരത്തുമ്പോള്‍ മനസ്സ് ശാന്തമാകും. ജയിലുദ്യോഗസ്ഥനെ ബെഞ്ചില്‍ കിടത്തി ഉരുട്ടുകയാണെന്ന് സങ്കല്‍പ്പിച്ച് ചപ്പാത്തി ഉരുട്ടിപ്പരത്തിയാല്‍ നല്ല മനഃസുഖവും കിട്ടും. കൂലി വീട്ടുകാര്‍ക്ക് അയച്ചുകൊടുക്കുകയും ചെയ്യാം. ഒഴിവുസമയത്ത് ഫേസ്ബുക്ക് നോക്കാം. യൂട്യൂബും ആവാം, സിനിമയും കാണാം. തൊഴില്‍രഹിതരെയെല്ലാം ജയിലിലേക്ക് ആകര്‍ഷിക്കുന്നത് വലിയ പ്രയോജനം ചെയ്യും. നാട്ടില്‍ ക്രമസമാധാനം മെച്ചപ്പെടും, പോലീസിന് പണികുറയും.

ജയില്‍പ്പുള്ളികളെക്കുറിച്ച് എഴുതിയതൊന്നും ഡി.ജി.പി. അങ്ങനെയങ്ങ് വിശ്വസിക്കുന്നില്ല. തെളിവുവേണം. ശാസ്ത്രീയമായി തെളിയിക്കണം. ജയിലില്‍നിന്ന് പുറത്തേക്ക് വിളിച്ചതിന് തെളിവില്ല. ചാര്‍ജറും മറ്റും പുറത്തെറിഞ്ഞത് ജയില്‍പ്പുള്ളികളാണെതിന് തെളിവില്ല. ഫേസ്ബുക്കില്‍ ജയിലിലെ ഫോട്ടോകള്‍ ഇട്ടു എന്നതിന് തെളിവില്ല. ഫേസ്ബുക്ക് വിവാദം ടി.പി. ചന്ദ്രശേഖരന്‍ വധക്കേസില്‍ വിധിവരാനിരിക്കെ ജഡ്ജിയെ സ്വാധീനിക്കാനുള്ള വിദ്യയാവാനാണ് സാധ്യത. പ്രതികള്‍ ഫേസ്ബുക്ക് ഉപയോഗിച്ചു എന്നറിഞ്ഞാല്‍, പ്രതിയെ വെറുതെ വിടണമെന്ന് വിചാരിച്ച ജഡ്ജി വധശിക്ഷ വിധിക്കും. അത്ര കലിയാണ് ജഡ്ജിക്ക് ഫേസ്ബുക്കിനോട്. ഇത് മനസ്സിലാക്കി യു.ഡി.എഫ്. ഭീകരര്‍ ആസൂത്രണംചെയ്ത കുതന്ത്രമാവും ഫേസ്ബുക്ക് കഥ. ശാസ്ത്രീയമായി തെളിയിക്കാത്ത ഒന്നും ഡി.ജി.പി. കേട്ടുസഹിക്കില്ല. പത്രസമ്മേളനത്തിനിടെ ഒരു ലേഖകന്‍ ജയിലിലുള്ള പ്രതികളെ കൊടുംകുറ്റവാളികള്‍ എന്നാക്ഷേപിച്ചുകളഞ്ഞു. സഹിക്കുമോ നീതിമാനായ ഡി.ജി.പി.ക്ക്! വാചകം പൂര്‍ത്തിയാകുംമുമ്പേ അദ്ദേഹം തടഞ്ഞു - 'പറയരുതങ്ങനെ. അവര്‍ കൊടുംകുറ്റവാളികളാണ് എന്ന് തെളിയിക്കപ്പെട്ടിട്ടില്ല'.

പക്ഷേ, ജയില്‍പ്പുള്ളികള്‍ക്കുള്ള ഈ പരിഗണനയൊന്നും മാധ്യമപ്രവര്‍ത്തകര്‍ അര്‍ഹിക്കുന്നില്ല കേട്ടോ. ജയിലില്‍ ചപ്പാത്തി ഉണ്ടാക്കി വില്‍ക്കുന്നതിനെതിരെ ചില പത്രങ്ങള്‍ എഴുതിയത് എന്തുകൊണ്ടാണ്? ചപ്പാത്തിക്കച്ചവടംമൂലം നഷ്ടമുണ്ടായ ഹോട്ടല്‍ മുതലാളിമാര്‍ പത്രക്കാര്‍ക്ക് കാശുകൊടുത്ത് എഴുതിച്ചതാണെന്ന് ഡി.ജി.പി.ക്ക് ഉറപ്പ്. തെളിവോ? ആവശ്യമില്ല. ജയില്‍പ്പുള്ളികളെക്കുറിച്ച് പറയാനേ തെളിവുവേണ്ടൂ. പത്രക്കാരെക്കുറിച്ച് പറയാന്‍ തെളിവുവേണ്ട.

ജയിലില്‍ കിടക്കുന്ന നിരപരാധിയായ സി.പി.എം. നേതാവിന് എം.എല്‍.എ. ആയ ഭാര്യ ഹോട്ടലില്‍ കൊണ്ടുപോയി ചായവാങ്ങിക്കൊടുത്തതിന്റെ നിയമവശം പറഞ്ഞത് ജയില്‍ ഡി.ജി.പി.യാണ്. ഭാര്യ ഭര്‍ത്താവിനെ കാണുന്നത് കുറ്റമല്ല. എം.എല്‍.എ.യ്ക്ക് ഏത് ജയില്‍പ്പുള്ളിയെയും കാണാം. ചായവാങ്ങിക്കൊടുക്കുകയും ചെയ്യാം. അതിന് ചട്ടവും വകുപ്പും ബാധകമല്ല, അനുമതിയും വേണ്ട. അതിനുള്ള സഹായം ചെയ്യുകയാണ് പോലീസിന്റെ ചുമതല. എന്നിട്ട് ആ പോലീസുകാരനെ സസ്‌പെന്‍ഡ് ചെയ്തതോ? മാധ്യമക്കാരുടെയും സര്‍ക്കാറിന്റെയും ദുഷ്ടത്തരം അല്ലാതെന്ത്?

എന്തായാലും കേരളാ പോലീസിലെ ഒരു നീതിമാന്റെ രക്തം കുത്തിയെടുത്തു മാധ്യമക്കാരും ഭരണാധികാരികളും. ഇവര്‍ക്ക് മാപ്പില്ല. പ്രതികാരം പിറകേ വരും. നീതിമാന്റെ രക്തത്തിന് നിങ്ങള്‍ വലിയ വിലകൊടുക്കേണ്ടിവരും യു.ഡി.എഫുകാരേ...

 * * *

ദീര്‍ഘവീക്ഷണമുള്ളവരാണ് കോണ്‍ഗ്രസ്സുകാര്‍. ലോക്‌സഭാ തിരഞ്ഞെടുപ്പ് വരുന്നുണ്ട്. കീഴ്‌വഴക്കമനുസരിച്ച് യു.ഡി.എഫ്. എട്ടുനിലയില്‍ പൊട്ടണം. പൊട്ടില്ല എന്നാണ് ഭാവമെങ്കില്‍ പൊട്ടിക്കണം. പത്തുവര്‍ഷം മുമ്പ് എന്താണ് സംഭവിച്ചത് എന്നോര്‍മയുണ്ടോ? നമ്മുടെ പുണ്യപുരുഷന്‍ എ.കെ. ആന്റണി, ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മുന്നണി പൊട്ടിയതിനെത്തുടര്‍ന്ന് മുഖ്യമന്ത്രിസ്ഥാനം രാജിവെച്ചു. ആന്റണി ചെയ്തത് ശിഷ്യന്‍ ഉമ്മന്‍ചാണ്ടി ചെയ്യാതിരിക്കുന്നതെങ്ങനെ?

ഉമ്മന്‍ചാണ്ടി രാജിവെച്ചാല്‍ എന്തുസംഭവിക്കും? ആഭ്യന്തരവകുപ്പ് വഹിക്കുന്ന ആളാണ് രണ്ടാമന്‍. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ മുഖ്യമന്ത്രിയാകും. അതിലും വലിയ ഒരനര്‍ഥം സംഭവിക്കാനില്ല. അതൊഴിവാക്കിയല്ലേ തീരൂ. ആഭ്യന്തരവകുപ്പ് മുഖ്യമന്ത്രിയുടെ കൈയില്‍ത്തന്നെ ആയാല്‍ ആ പ്രശ്‌നമില്ല. പി.സി.സി. പ്രസിഡന്റുതന്നെ അപ്പോള്‍ യോഗ്യന്‍. ഉമ്മന്‍ചാണ്ടി ആരാ മോന്‍. ഇതൊഴിവാക്കാനാണ് ഒരവസരം കിട്ടിയപ്പോള്‍ ഇരുചെവിയറിയാതെ ആഭ്യന്തരം തിരുവഞ്ചൂര്‍ രാധാകൃഷ്ണന് നീക്കിക്കൊടുത്തത്. അപ്പോള്‍ എന്തുചെയ്യണം? തിരുവഞ്ചൂരിന്റെ പേര് വെട്ടിയേ തീരൂ. അതിനുള്ള നാടകങ്ങള്‍ ഇനിയുള്ള നാളുകളില്‍ അരങ്ങേറും. ക്ഷമാപൂര്‍വം കാത്തിരിക്കുക.

 * * *

ഒടുവില്‍ വിധി വന്നു. അന്തിമവിധിയാണ്. വിവാദവ്യവസായിയുടെ വര്‍ണശബള പ്ലീന അഭിവാദ്യ പരസ്യം പാര്‍ട്ടിപ്പത്രത്തില്‍ വന്നത് പരസ്യവിഭാഗത്തിന്റെ വീഴ്ചയാണ്. ക്ലര്‍ക്കിന്റെയോ പ്യൂണിന്റെയോ മറ്റോ വീഴ്ച. പരസ്യക്കാരന്റെ ദുരുദ്ദേശ്യം തിരിച്ചറിയുന്നതില്‍ അവരാണ് പരാജയപ്പെട്ടത്. പരസ്യക്കാരന്റെ ഉള്ളിലിരിപ്പ് അറിയേണ്ടത് അവരല്ലേ?

പരസ്യം സ്വീകരിച്ചതില്‍ പിശകുപറ്റിയോ എന്ന് പാര്‍ട്ടി പരിശോധിക്കുമെന്ന് സെക്രട്ടറി പറഞ്ഞശേഷവും പരസ്യം സ്വീകരിച്ചതിനെ ന്യായീകരിച്ച് നീണ്ട മുഖപ്രസംഗമെഴുതി പത്രം. കളങ്കിതരില്‍നിന്നും പണംവാങ്ങാം എന്ന് ഗാന്ധിജി പറഞ്ഞിട്ടുണ്ടത്രെ. ഗാന്ധിജി പലതും പറഞ്ഞിട്ടുണ്ട്. അതില്‍ ഇതിലേറെ സ്വീകാര്യമായി മറ്റെന്തുണ്ട്?

പരസ്യത്തെ ന്യായീകരിച്ച് മാധ്യമപ്രവര്‍ത്തകരുടെ നേരേ തട്ടിക്കയറിയ പ്രിന്ററും പബ്ലിഷറുമായ സഖാവിനെയും പത്രം ന്യായീകരിച്ചു. ഈ തത്ത്വം ബൂര്‍ഷ്വാ പത്രങ്ങള്‍ക്ക് ബാധകമല്ല. അവരുടെ ചരമക്കോളത്തില്‍ തെറ്റുവന്നാലും കുറ്റം പത്രസ്ഥാപന തലവന്റേതാണ്. ആള്‍ മറ്റേതെങ്കിലും പാര്‍ട്ടിക്കാരനാണെങ്കില്‍ പറയാനുമില്ല. ആളുടെ മുന്‍-പിന്‍ തലമുറകളെ കൊടുംകുറ്റം ചുമത്തി പ്രതിക്കൂട്ടില്‍ കയറ്റും. തൊഴിലാളിവര്‍ഗ പാര്‍ട്ടിയുടെ പത്രത്തില്‍ കുറ്റം തൊഴിലാളിക്കുമാത്രം.

Sunday, 1 December 2013

പെരുമാറ്റച്ചട്ടം പെരുമാറ്റച്ചാട്ടം


പെരുമാറ്റച്ചട്ടത്തിലെ ഇനങ്ങള്‍ 32 ആയാലും 101 ആയാലും പൊതുജനം മനസ്സിലാക്കേണ്ട ഒരു കാര്യമുണ്ട്. അഭിപ്രായത്തിന്റെ കാര്യത്തില്‍ സി.വി. കുഞ്ഞുരാമന്‍ പറഞ്ഞതുപോലെ പെരുമാറ്റച്ചട്ടവും ഇരുമ്പുലക്കയല്ല. ചട്ടത്തിന് പുറത്തേക്കുള്ള ചാട്ടത്തിനും പഴുതുണ്ട്. ആര്‍ക്ക് എപ്പോള്‍ ചാടാം എന്ന് ചട്ടത്തില്‍ വ്യവസ്ഥചെയ്യാന്‍ കഴിയില്ല. എന്നാല്‍, ചാട്ടം അനിവാര്യമാണ്. വളയമിട്ട് ചാടിപ്പഠിക്കുന്നത് വളയമില്ലാതെ ചാടുന്നതിന് സഹായകമാകും.

ജാതി, മത സംഘടനകളുമായി പാര്‍ട്ടിപ്രവര്‍ത്തകര്‍ ബന്ധപ്പെട്ടുകൂടാ. എന്നുവെച്ച് ജാതി, മത സംഘടനകളെ ശത്രുപക്ഷത്ത് പ്രതിഷ്ഠിക്കുക പാര്‍ട്ടിനയമല്ല. എന്നാല്‍, വോട്ടുകിട്ടാന്‍ ഇവരുടെ പിറകേ നടക്കുന്നത് പാര്‍ട്ടിവിരുദ്ധമല്ല. ബ്ലേഡ്, റിയല്‍ എസ്റ്റേറ്റ് ഇടപാടുകള്‍ പാര്‍ട്ടിപ്രവര്‍ത്തകന് ആശാസ്യമല്ല. എന്നാല്‍, ഭൂമുഖത്തുനിന്ന് ബ്ലേഡ്, റിയല്‍ എസ്റ്റേറ്റ് സംരംഭങ്ങള്‍ ഉന്മൂലനംചെയ്യാനൊന്നും പാര്‍ട്ടി കരാറെടുത്തിട്ടില്ല. അത്യാവശ്യംവന്നാല്‍ അവരുടെ അടുത്തുചെന്ന് സംഭാവന പിരിക്കുകയും ചെയ്യാം. അത് അനാശാസ്യപ്രവര്‍ത്തനമല്ല. വീടുകയറിയും പീടികകയറിയും പിരിവെടുക്കുമ്പോള്‍ അക്കൂട്ടത്തില്‍ അഴിമതിക്കാരുണ്ടോ ക്രിമിനല്‍ക്കേസിലെ പ്രതികളുണ്ടോ സ്വര്‍ണം കള്ളക്കടത്തുകാരുണ്ടോ മദ്യരാജാവുണ്ടോ ബ്ലേഡ്, റിയല്‍ എസ്റ്റേറ്റുകാരുണ്ടോ എന്നെല്ലാം എങ്ങനെ നോക്കാനാണ്?

ഇത്രയുമെല്ലാം ആമുഖം പരത്തിപ്പറയേണ്ടിവന്നത് സി.പി.എം. പ്ലീനത്തിന്റെ സമാപനവെടിക്കെട്ടായി ഒരു വിവാദവ്യവസായിയുടെ അഭിവാദ്യപരസ്യം പാര്‍ട്ടിപ്പത്രത്തിന്റെ ഒന്നാംപേജില്‍ രക്തവര്‍ണത്തില്‍ പ്രസിദ്ധപ്പെടുത്തിയതുകൊണ്ടാണ്. ബില്‍ഡേഴ്‌സ് റിയാല്‍ട്ടേഴ്‌സ് ഹോട്ടലിയേഴ്‌സ് കോണ്‍ട്രാക്ടേഴ്‌സ് എന്ന് പരസ്യത്തില്‍ പറയുന്ന കമ്പനിയുടേതാണ് പരസ്യം. ഉടമസ്ഥന്റെ ഫോട്ടോയുമുണ്ട് പരസ്യത്തില്‍. പൊതുവേ പരസ്യത്തില്‍ തലകാണിക്കുന്നവരല്ല കമ്പനി ഉടമസ്ഥന്മാര്‍. ബില്‍ഡേഴ്‌സ് റിയാല്‍ട്ടേഴ്‌സ് എന്നൊക്കെ പരസ്യത്തില്‍ നല്ലഭാഷയില്‍ പറയുന്നത് റിയല്‍ എസ്റ്റേറ്റ് മാഫിയ എന്ന് പത്രവാര്‍ത്തയില്‍ പറയുന്ന സംഭവംതന്നെയാണ്. അപ്പോള്‍ റിയല്‍ എസ്റ്റേറ്റ് ഇടപാടില്‍നിന്ന് മാറിനില്‍ക്കണമെന്ന് പെരുമാറ്റച്ചട്ടത്തില്‍ പറയുകയും അത്തരക്കാരില്‍നിന്ന് പാര്‍ട്ടിപ്പത്രം പരസ്യം സ്വീകരിക്കുകയും ചെയ്യുന്നത് ശരിയോ എന്ന ചോദ്യം വിവരദോഷികള്‍ ഉയര്‍ത്തിയേക്കും. ഇതിനുള്ള മറുപടി പാര്‍ട്ടിപ്പത്രം മാനേജര്‍ ഇ.പി.ജയരാജന്‍ വിനയാന്വിതനായി മാധ്യമലേഖകരോട് പറയുന്നത് ചാനലുകളില്‍ കണ്ടല്ലോ?- ''ഞങ്ങള്‍ക്ക് തോന്നുന്നവരില്‍നിന്ന് ഞങ്ങള്‍ വാങ്ങും.'' വിശദീകരണം തൃപ്തികരമാണെന്ന് കരുതുന്നു.

വിവാദവ്യവസായി പ്ലീനത്തിന് ആശംസകള്‍ നേരുകയല്ല ചെയ്തത്. അത് ഏത് കോണ്‍ഗ്രസ്സുകാരനും നേരാം. അഭിവാദ്യംചെയ്യുകയാണ് ചെയ്തത്. ഇതിന്റെ അര്‍ഥവും വ്യാകരണവും നോക്കിയിട്ട് കാര്യമില്ല. സമാനമനസ്‌കരാണ് അഭിവാദ്യംചെയ്യുക. അങ്ങനെ പെരുമാറ്റച്ചട്ടത്തിലോ ഭരണഘടനയിലോ പറഞ്ഞിട്ടുണ്ടോ എന്ന് ചോദിക്കരുത്. അതാണ് നാട്ടുനടപ്പ്. സമ്മേളനം നടക്കുമ്പോള്‍ റോഡരികില്‍ ഫ്‌ളക്‌സില്‍ ആരെങ്കിലും അഭിവാദ്യം എഴുതിവെച്ചാല്‍ അതിന് പാര്‍ട്ടി ഉത്തരവാദിയല്ല. പക്ഷേ, അഭിവാദ്യം പാര്‍ട്ടിപ്പത്രത്തിലാവുമ്പോള്‍ കളിമാറി. കൊലക്കേസിലും മറ്റുപലയിനം പ്രതിയായ ആള്‍ക്ക് ഇതിലേറെ ലാഭമുള്ള കച്ചവടം വേറേതുണ്ട്. ഇത് സിമ്പിള്‍ കച്ചവടമാണ് സഖാവേ... വിവാദവ്യവസായിയില്‍നിന്ന് പരസ്യംവക കിട്ടിയത്- ലക്ഷം രൂപ. പരസ്യം ഉണ്ടാക്കിയ വിവാദംവഴി പാര്‍ട്ടിക്കുണ്ടായ മാനനഷ്ടം- ഒരു കോടി രൂപ. വിവാദംവഴി പരസ്യക്കാരന് കിട്ടിയ (കു)പ്രസിദ്ധി- പത്തുകോടിരൂപ. പത്രത്തിന് കച്ചവടം ലാഭം. പരസ്യക്കാരന് 'പൈസ വസൂല്‍'. ഇങ്ങനെ കച്ചവടം നടത്തിയാല്‍ പാര്‍ട്ടി പാളീസാകും.

പത്രം മാനേജര്‍ ഇ.പി. ജയരാജന്‍ മാധ്യമങ്ങളോട് തട്ടിക്കയറി അധിക്ഷേപിച്ചു എന്നുകേട്ടു. ജയരാജന്‍ അത്രയല്ലേ ചെയ്തുള്ളൂവെന്ന് ആശ്വസിക്കുകയാണ് വേണ്ടത്. എവിടെനിന്നെങ്കിലും പത്തുരൂപ സമ്പാദിച്ച് പത്രം നടത്താന്‍ സമ്മതിക്കില്ല എന്നുവെച്ചാല്‍ എന്താണ് ചെയ്യുക! ബൂര്‍ഷ്വാപാതയിലൂടെ പത്രം വഴിമാറി സഞ്ചരിച്ചതുകൊണ്ട് ഇപ്പോള്‍ പണ്ടത്തെപ്പോലെ ബക്കറ്റ് പിരിവൊന്നും വേണ്ടിവരാറില്ല. മുമ്പൊരിക്കല്‍ ലോട്ടറി രാജാവ് മാര്‍ട്ടിന്റെ കൈയില്‍നിന്ന് കടംവാങ്ങിയെന്നുപറഞ്ഞ് വിവാദമുണ്ടാക്കിയാണ് ജയരാജന്റെ പണികളഞ്ഞത്. ഇപ്പോഴിതാ വന്നിരിക്കുന്നൂ വിവാദവ്യവസായിയെയുംകൊണ്ട്. വീണ്ടും പണി കളയിക്കാനുള്ള നീക്കമാണ്. സഹിക്കില്ല ആരും.

പാര്‍ട്ടിയോടും പാര്‍ട്ടിപ്പത്രത്തോടുമുള്ള വിരോധം തീര്‍ക്കാനാണ് ബൂര്‍ഷ്വാപത്രങ്ങളും ചാനലുകളും ഈ വിധത്തില്‍ പരസ്യക്കാര്യമൊക്കെ ഉയര്‍ത്തിപ്പിടിക്കുന്നതെന്ന് തെറ്റിദ്ധരിക്കരുത് ജയരാജനും സഖാക്കളും. ബൂര്‍ഷ്വാപത്രങ്ങള്‍ മുതലാളിത്തത്തിന്റെ ജീര്‍ണതയില്‍ പുഴുക്കളെപ്പോലെ നുരയ്ക്കുകയാണ്. പരസ്യം സ്വീകരിക്കുമ്പോള്‍ റിയല്‍ എസ്റ്റേറ്റ് മാഫിയയാണോ വിവാഹത്തട്ടിപ്പാണോ മായാമോഹിനി വശ്യമാന്ത്രിക ഏലസ്സാണോ ചാത്തന്‍മഠമാണോ എന്നൊന്നും നോക്കാന്‍ പാവപ്പെട്ട ബൂര്‍ഷ്വാപത്രങ്ങള്‍ക്ക് കഴിയില്ലല്ലോ. വല്ല വിധേനയും ജീവിച്ചുപോകണ്ടേ? പാര്‍ട്ടിപ്പത്രം ഈ നിലവാരത്തിലേക്ക് താഴ്ന്നുവരുന്നത് അവര്‍പോലും സഹിക്കില്ല. അതുകൊണ്ടാണ് വിമര്‍ശിക്കുന്നതും ചാനല്‍ ചര്‍ച്ച നടത്തുന്നതുമെല്ലാം. പരിഭവിക്കരുത് സഖാക്കളേ...

* * * *

ഒരു വര്‍ഷംകൊണ്ട് പാര്‍ട്ടിയെ ശുദ്ധീകരിച്ച് വെടിപ്പാക്കാനാണ് പ്ലീനം പദ്ധതി തയ്യാറാക്കിയിരിക്കുന്നതെന്ന് പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ശ്ശി ബുദ്ധിമുട്ടാവും. പാര്‍ട്ടി മന്ദിരമോ രക്തസാക്ഷിസ്മാരകമോ പണിയാന്‍ പണംപിരിച്ചാല്‍ മതി. സമയബന്ധിതമായി പണി തീര്‍ക്കാം. പാര്‍ട്ടി മെമ്പര്‍ഷിപ്പ് രണ്ടുലക്ഷം കൂട്ടണമെന്ന് തീരുമാനിച്ചാലും സാധിക്കും. പക്ഷേ, മനുഷ്യന്റെ മനസ്സ് നന്നാക്കാന്‍ ഒരുവര്‍ഷം!

മദ്യപാനശീലംതന്നെയെടുക്കാം. സാധാരണ പാര്‍ട്ടിസമ്മേളനം കഴിഞ്ഞ് രണ്ടുപെഗ്ഗ് വീശി വീട്ടിലെത്തുന്ന പലരും വെള്ളിയാഴ്ച പ്ലീനം കഴിഞ്ഞ് ഡീസന്റായി ചെന്നെന്നാണ് പ്ലീനം സംഘാടകസമിതി ചെയര്‍മാന്‍ എ.കെ. ബാലന്‍ അവകാശപ്പെട്ടത്. ബാലന്‍ സഖാവിന് ദ്രാവകത്തിന്റെ ആകര്‍ഷണശക്തിയെക്കുറിച്ച് ഒരു പിടിയുമില്ലെന്നുവേണം കരുതാന്‍. പ്ലീനാഹ്വാനത്തിന്റെ ആവേശത്തില്‍ ഒരു ദിവസം... രണ്ടുദിവസം ക്ലീനായി വീട്ടില്‍പ്പോയെന്നുവരും. അതുകഴിഞ്ഞാല്‍ ശങ്കരന്‍ പിന്നേം തെങ്ങിലാവും. വര്‍ഷങ്ങളായി ഭാര്യയും മക്കളും പറഞ്ഞത് കേള്‍ക്കാത്ത ആളുടെ മദ്യാസക്തിമാറ്റാന്‍ പ്ലീനം സഹായിക്കുമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞുകേട്ടിട്ടില്ല.

എന്നാല്‍, മറ്റ് ജീര്‍ണതകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ മദ്യാസക്തിയാണ് ഭേദം. ചികിത്സകൊണ്ടെങ്കിലും അത് മാറ്റാം. ധനമോഹവും മതവികാരവും ജാതിബോധവും ഇല്ലായ്മചെയ്യാന്‍ ഇതുവരെ മരുന്നൊന്നും കണ്ടുപിടിച്ചിട്ടില്ല. ജാതിയും മതവും ധനാസക്തിയും മോശമാണെന്ന് പ്രമേയത്തില്‍ പറയാനേ പറ്റൂ. അവയൊന്നും വേണ്ടെന്നുപറയാന്‍ ഒരു പാര്‍ട്ടിക്കും കഴിയില്ല. പാര്‍ട്ടിനടത്താന്‍ പണംവേണം, വോട്ടുകിട്ടാന്‍ ജാതിയും മതവും വേണം.

Sunday, 24 November 2013

അതിലോലം ഇടതുപരിതഃസ്ഥിതി


കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിനെ എതിര്‍ത്ത് ഹര്‍ത്താല്‍ നടത്തുന്നവരാരെങ്കിലും റിപ്പോര്‍ട്ട് വായിച്ചിട്ടുണ്ടോ എന്ന് ബഹു. കോടതി ചോദിച്ചുവല്ലോ. ഇത്തരമൊരു അബദ്ധചോദ്യം ചോദിച്ചതിന് ഒരു ജനപ്രതിനിധി കോടതിയെ രൂക്ഷമായി വിമര്‍ശിച്ചതായി വായിച്ചു. വിമര്‍ശിക്കുക തന്നെ വേണം, ഘോരഘോരം വിമര്‍ശിക്കണം.

കാര്യങ്ങള്‍ വായിച്ചറിഞ്ഞശേഷമേ ഹര്‍ത്താല്‍ നടത്താവൂ എന്നൊക്കെ നിര്‍ബന്ധം പിടിക്കാന്‍ തുടങ്ങിയാല്‍ ജനാധിപത്യം കുട്ടിച്ചോറാകും. നടപടിയെ എതിര്‍ക്കണമോ അനുകൂലിക്കണമോ എന്ന് തീരുമാനിക്കുന്നത് അതിനെക്കുറിച്ച് മുഴുവനായി പഠിച്ചശേഷമേ ആകാവൂ എന്ന് ജഡ്ജിമാര്‍ക്ക് പറയാം. തീര്‍ച്ചയായും അവര്‍ വായിച്ചുപഠിച്ചാവും കേസ് വിധിക്കുന്നത്. എന്നുവെച്ച് കേരളത്തിലെല്ലാവര്‍ക്കും ജഡ്ജിമാരാവാന്‍ പറ്റുമോ? സംഗതി പഠിച്ചേ പക്ഷം തീരുമാനിക്കൂ എന്ന് കടുംപിടിത്തം പിടിച്ചാല്‍ വക്കീല്‍മാരുടെ കാര്യംപോലും കട്ടപ്പൊകയായിപ്പോകും. ഏതുപക്ഷം ആദ്യം സമീപിച്ച് ഇടപാട് ഉറപ്പാക്കുന്നുവോ അവരുടെ പക്ഷത്താണ് വക്കീല്‍. എതിര്‍പക്ഷത്താണ് ന്യായം എന്ന് ബോധ്യപ്പെട്ടാലും വക്കീലിന് കാലുമാറാനൊക്കില്ല. ഫീസ് തരുന്ന പക്ഷമാണ് നമ്മുടെ പക്ഷം. അതാണ് തൊഴില്‍മര്യാദയും. നേട്ടം കിട്ടുന്ന പക്ഷമാണ് നമ്മുടെ പക്ഷം. എന്തേ... ഇത് പാര്‍ട്ടിക്കാര്‍ക്കും പട്ടക്കാര്‍ക്കും പത്രക്കാര്‍ക്കും ബാധകമല്ലേ?

വായിക്കാന്‍ തുടങ്ങിയാല്‍ ഒരുപാട് വായിക്കേണ്ടിവരും യുവര്‍ ഓണര്‍. കസ്തൂരിരംഗനില്‍ അവസാനിപ്പിക്കാന്‍ പറ്റില്ല. കസ്തൂരിക്ക് മുമ്പേ ഉള്ള പ്രൊഫ. മാധവ് ഗാഡ്ഗിലിന്റെ റിപ്പോര്‍ട്ടും വായിക്കണം. എന്തിനാണ് ഡോ. മാധവ് ഗാഡ്ഗില്‍ റിപ്പോര്‍ട്ട് ഉണ്ടാക്കിയത്? അതിന്റെ കഥ അറിയാന്‍ അതിന് മുമ്പ് സുപ്രീംകോടതി നല്‍കിയ വിധി വായിക്കണം. ആകപ്പാടെ പൊല്ലാപ്പാണ്. വായന തുടങ്ങിയാല്‍ പിന്നെ അതിനേ നേരമുണ്ടാകൂ... കൊടിപിടിക്കാനും പറ്റില്ല, ഹര്‍ത്താല്‍ നടത്താനും പറ്റില്ല.

പൊതുതിരഞ്ഞെടുപ്പ് നാലഞ്ചുമാസം മാത്രം അകലെനില്‍ക്കുമ്പോള്‍ റിപ്പോര്‍ട്ടും പുസ്തകവും വായിച്ചിരിക്കാന്‍ പറ്റുമോ? ഈ അസമയത്ത് ഇങ്ങനെയൊരു ഉത്തരവിറക്കിയ കേന്ദ്ര മന്ദബുദ്ധിജീവികളെ സമ്മതിക്കണം. കേരളത്തിലെ ഇടതുബുദ്ധിജീവികളെ കണ്ടുവേണം അവര്‍ പരിസ്ഥിതിയും രാഷ്ട്രീയവും പഠിക്കാന്‍. പരിസ്ഥിതിപ്രേമ, പ്രകൃതിസ്‌നേഹ, വനമാഫിയ വിരുദ്ധ, ഖനനമാഫിയ വിരുദ്ധ പ്രസംഗങ്ങള്‍ നടത്താന്‍ എത്രയോ സമയം പിന്നീട് കിട്ടും. സാധാരണ ഈ ജാതിയൊന്നും വകവെക്കാത്ത വി.എസ്. സഖാവിനുപോലും കാര്യം മനസ്സിലായി. ഗാഡ്ഗില്‍ റിപ്പോര്‍ട്ട് ആണ് ശരി എന്ന് മുമ്പ് പറഞ്ഞ വി.എസ്സിന് ഇപ്പോള്‍ കസ്തൂരിയെ തന്നെ പിടിക്കുന്നില്ല.

പരിസ്ഥിതിരാഷ്ട്രീയം പഠിക്കുന്നതിന് മുമ്പ് പഠിക്കേണ്ട സംഗതിയാണ് പരിതഃസ്ഥിതി രാഷ്ട്രീയം. കേരളത്തിന്റെ പരിതഃസ്ഥിതി പഠിക്കാന്‍ കമ്മിറ്റിയും കമ്മീഷനുമൊന്നും വേണ്ട. ബഹുഭൂരിപക്ഷം ക്രൈസ്തവരും മുസ്‌ലിങ്ങളും തുണയ്ക്കുന്നതുകൊണ്ടാണ് ഇടയ്‌ക്കെങ്കിലും ഇവിടെ കോണ്‍ഗ്രസ് പക്ഷം ഭരണത്തില്‍ വരുന്നതെന്ന് ആര്‍ക്കാണ് അറിയാത്തത്? ഇവര്‍ രണ്ടുകൂട്ടരുമുണ്ടായിരുന്നില്ലെങ്കില്‍ 1957-ല്‍ തുടങ്ങിയ ഇടതുപക്ഷ ഭരണം ഇന്നും അവസാനിച്ചിട്ടുണ്ടാവുമായിരുന്നില്ല. അവരെ എങ്ങനെയെങ്കിലുമൊന്ന് അടുപ്പിക്കാന്‍ ന്യൂനപക്ഷ സമ്മേളനം, കുടിയേറ്റ പഠന സെമിനാര്‍ തുടങ്ങിയ ചില്ലറ പൊടിക്കൈകള്‍ പരീക്ഷിക്കുന്നതിനിടയിലാണ് കസ്തൂരിരംഗനെ വീണുകിട്ടിയത്. ഇനി പരിസ്ഥിതിപ്രസംഗമൊന്നും ആറുമാസത്തേക്ക് വേണ്ട. പള്ളിപക്ഷത്തെ ഇടയന്മാര്‍ക്കും കുഞ്ഞാടുകള്‍ക്കും ഒപ്പമാവട്ടെ നമ്മുടെ കുഞ്ഞാടുകളും ഇടയന്മാരും. ഇതുപോലൊരു സുവര്‍ണാവസരം ഇനി കിട്ടാനില്ല. ദൈവത്തിന് സ്തുതിയായിരിക്കട്ടെ....

ഈ ബഹളത്തിനെല്ലാമിടയില്‍ സത്യം പറഞ്ഞിട്ടുണ്ട് നമ്മുടെ മന്ത്രി പി.ജെ. ജോസഫ്. മുല്ലപ്പെരിയാര്‍ വിഷയം പോലെയാണ് കസ്തൂരിരംഗന്‍ പ്രശ്‌നവും. സമാധാനമായി. ഒരുവര്‍ഷം ആളുകളുടെ മനസ്സമാധാനം നഷ്ടപ്പെടുത്തുകയും മക്കളുടെ ഉറക്കം കെടുത്തുകയുമൊക്കെ ചെയ്യുമെന്നല്ലേ ഉള്ളൂ. അടുത്ത വര്‍ഷം ഒച്ചയും അനക്കവും ഉണ്ടാവില്ലല്ലോ. ശാന്തം സമാധാനം.

* * *

പശ്ചിമഘട്ടത്തെപ്പറ്റി റിപ്പോര്‍ട്ടെഴുതാന്‍ പശ്ചിമഘട്ടത്തെപ്പറ്റി പഠിച്ച ആള്‍തന്നെ വേണമെന്ന് ആരോ തെറ്റിദ്ധരിപ്പിച്ചുകളഞ്ഞു കേന്ദ്രത്തിനെ. തെറ്റ് വേഗം തിരുത്തിയെന്നത് സത്യം. പരിസ്ഥിതി പണ്ഡിതനാണ് പ്രൊഫ. ഗാഡ്ഗില്‍. ഇദ്ദേഹത്തിന്റെ ഒരു പഠനമേഖലയാണ് ഹ്യൂമണ്‍ ഇക്കോളജി. ഭൂമിശാസ്ത്രവും സാമൂഹ്യശാസ്ത്രവും മനഃശാസ്ത്രവും നരവംശശാസ്ത്രവും പരിസ്ഥിതിശാസ്ത്രവും തുടങ്ങി സകല ശാസ്ത്രങ്ങളും കലക്കിക്കുടിക്കുന്നതാണ് ഈ ഇടപാട്. അദ്ദേഹത്തിന് പശ്ചിമഘട്ടത്തെപ്പറ്റിയുള്ള അറിവ് കുറച്ചധികമായിപ്പോയി എന്ന് റിപ്പോര്‍ട്ട് വായിച്ചപ്പോഴേ സര്‍ക്കാറിന് മനസ്സിലായുള്ളൂ. പരിസ്ഥിതിയെപ്പറ്റി അറിയുന്നവരെ പരിസ്ഥിതി പഠിക്കാന്‍ ഏല്പിച്ചുകൂടാ. അങ്ങനെയാണ് ഗാഡ്ഗിലിന്റെ റിപ്പോര്‍ട്ട് പഠിച്ച് തെറ്റുതിരുത്താന്‍ സര്‍ക്കാര്‍ ഡോ. കസ്തൂരിരംഗനെ നിയോഗിച്ചത്. സര്‍ക്കാറിന്റെ ബുദ്ധി ഭയങ്കര ബുദ്ധിയാണ്. കസ്തൂരിരംഗന്‍ പശ്ചിമഘട്ടത്തെപ്പറ്റി ഒന്നും അറിയാത്ത ബഹിരാകാശ ശാസ്ത്രജ്ഞനാണ് എന്ന് ശത്രുക്കള്‍ പറഞ്ഞേക്കാം. അറിയേണ്ടല്ലോ, അദ്ദേഹത്തിന് ഐ.എസ്.ആര്‍.ഒ.യും പാര്‍ലമെന്റും ജെ.എന്‍.യു.വും ബാഹ്യാകാശവും റോക്കറ്റുമെല്ലാം അറിയാം. പോരേ? പരിസ്ഥിതി ഔട്ട്, പരിതഃസ്ഥിതി ഇന്‍.

തന്നെ തള്ളിപ്പറയുന്ന പുത്തന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ച കസ്തുരിരംഗന് ഒരു തുറന്ന കത്തെഴുതി ഗാഡ്ഗില്‍. നാം സങ്കല്പിക്കുന്നതിനേക്കാള്‍ വിചിത്രമാണ് യാഥാര്‍ഥ്യം എന്നല്ല അറിയേണ്ടത്, നമുക്ക് സങ്കല്പിക്കാന്‍ കഴിയുന്നതിനേക്കാള്‍ വിചിത്രമാണ് യാഥാര്‍ഥ്യം എന്നാണ് അറിയേണ്ടത് എന്ന ജെ.ബി.എസ്. ഹാല്‍ഡെയിന്റെ വചനം അദ്ദേഹം കത്തില്‍ എടുത്തുപറഞ്ഞു. 'ഇങ്ങനെയൊരു റിപ്പോര്‍ട്ട് താങ്കള്‍ എഴുതുമെന്ന് ഞാന്‍ സങ്കല്പിച്ചിരുന്നേ ഇല്ല. എഴുതി എന്നതാണ് യാഥാര്‍ഥ്യം'.

ശുദ്ധപാലില്‍ വെള്ളം ചേര്‍ക്കാനാണ് കസ്തൂരിരംഗനെ കൊണ്ടുവന്നത്. എന്നിട്ടും പറയുന്നത് വെള്ളം പോര എന്നാണ്. പാല്‍ ഒട്ടും വേണ്ട, വെള്ളം മതി. കസ്തൂരി റിപ്പോര്‍ട്ട് മഹാഅബദ്ധം, നമുക്കും കിട്ടണം വോട്ട്...

* * *

ചരിത്രത്തിലെ എല്ലാ സത്യങ്ങളെയും പില്‍ക്കാലത്ത് തലകുത്തനെ നിര്‍ത്താം. ചിലരിതിനെ പുനര്‍വായന എന്നൊക്കെ വിളിക്കുന്നുണ്ട്. ചില അത്യാധുനിക ബുദ്ധിജീവികള്‍ക്കേ ഇതിന്റെ ഗുട്ടന്‍സ് പിടികിട്ടാറുള്ളൂ. ഇന്നത്തെ നിലയില്‍ പോയാല്‍ ഗാന്ധിജി നാഥുറാം ഗോഡ്‌സെയെ ആണ് വെടിവെച്ചുകൊന്നതെന്ന സിദ്ധാന്തം നാളെ ഉണ്ടായേക്കാം. ഈ ഇനത്തില്‍പ്പെട്ട ഒന്നാണ് ഈയിടെ കേട്ടത്. കസ്തൂരി റിപ്പോര്‍ട്ട് നടപ്പാക്കിയാല്‍ കേരളത്തില്‍ ജാലിയന്‍ വാലാബാഗ് ആവര്‍ത്തിക്കും. യേത്?

എന്താണുപോലും ഈ ജാലിയന്‍വാലാബാഗ് സംഭവം? സ്‌കൂള്‍ പാഠപുസ്തകത്തിലും ചരിത്രപുസ്തകത്തിലുമൊക്കെ പലതും കണ്ടേക്കും. അതൊന്നും വായിക്കരുത്. വായിച്ചാല്‍തന്നെ മാധവ് ഗാഡ്ഗില്‍ റിപ്പോര്‍ട്ട് പോലെ തള്ളിക്കളയണം. പഞ്ചാബില്‍ 1919-ല്‍ ഇരുപതിനായിരത്തോളം ആളുകള്‍ സമാധാനപരമായി സമ്മേളിച്ച ഇടുങ്ങിയ വഴി മാത്രമുള്ള സ്ഥലത്തേക്ക് കടന്നുചെന്ന് തലയ്ക്ക് വെളിവില്ലാത്ത പോലീസ് ഓഫീസര്‍ ഒരു പ്രകോപനവുമില്ലാതെ വെടിവെച്ചുകൊന്നതാണ് സംഭവം എന്നല്ലേ ചരിത്രത്തിലുള്ളത്? വെടിവെപ്പിലും ജനക്കൂട്ടത്തിന്റെ മരണപ്പാച്ചിലിലുമായി 1500 പേരെങ്കിലും മരിച്ചെന്നല്ലേ കേട്ടത്? മഹാത്മാഗാന്ധി തുടക്കംകുറിച്ച അഹിംസാത്മക പ്രക്ഷോഭത്തിന്റെ ആദ്യഘട്ട സമരമായിരുന്നു എന്നും കേട്ടിട്ടില്ലേ? ഒന്നും വാസ്തവമല്ല. അത് താമരശ്ശേരിയിലും മറ്റും നടന്നതുപോലുള്ള കൂത്താട്ടമായിരുന്നു. രാവുപകല്‍ കൊള്ളയും കൊള്ളിവെപ്പും പൊതുസ്വത്തുനശിപ്പിക്കലും നടന്നിട്ടും പോലീസ് ഒരു വെടിപോലും വെച്ചില്ല. അതാണ് കേരളം മുഴുവന്‍ ആവര്‍ത്തിക്കുമെന്ന് മതമേധാവി ഉദ്ദേശിച്ചത്. തീര്‍ത്തും സമാധാനപരമായ അഴിഞ്ഞാട്ടവും തീവെപ്പും.

ഓരോരുത്തരുടെ മോഹമല്ലേ... പിന്താങ്ങാന്‍ കോണ്‍ഗ്രസ്സിന്റെ ഒരു എം.പി.യും വേദിയിലുണ്ടായിരുന്നു. വോട്ടല്ലേ വലുത്, വേറെ എന്തുനോക്കാന്‍! വോട്ടിന്റെ ഭീഷണിയെ ഭയപ്പെടാതെ പറയാനുള്ളത് നിവര്‍ന്നുനിന്ന് പറഞ്ഞ ഇടുക്കി എം.പി. പി.ടി. തോമസും ഇതേ പാര്‍ട്ടിയിലാണ്. ഏത് കൂരിരുട്ടിലും കാണും നക്ഷത്രങ്ങള്‍. അത്ഭുതമില്ല, പുലിയും പോത്തും മാനും കഴുകനും കഴുതയും ഒരേസമയം ഇരതേടുന്ന നിബിഢവനമാണല്ലോ കോണ്‍ഗ്രസ്.

Wednesday, 13 November 2013

പത്രങ്ങളെ കഴുത്തുഞെരിച്ചു കൊല്ലരുത്
ഒരു മലയാള ദിനപത്രംനടത്തിപ്പുകാര്‍ക്ക് ജില്ലാ ഭരണാധികാരികളില്‍ നിന്ന് സമീപനാളുകളില്‍ ലഭിച്ച നോട്ടീസ്, സ്വാതന്ത്ര്യാനന്തരം കേരളത്തില്‍ മറ്റേതെങ്കിലും പ്രസിദ്ധീകരണത്തിന് ലഭിച്ച തരത്തില്‍ പെട്ടതല്ലെന്ന് തോന്നുന്നു. 1847 ലെ പ്രസ് ആന്റ് രജിസ്റ്റ്രേഷന്‍ ഓഫ് ബുക്‌സ് ആക്റ്റിലെ പ്രത്യേക വകുപ്പ് എടുത്ത് ചേര്‍ത്താണ് തേജസ് ദിനപത്രത്തിന് കോഴിക്കോട് എഡിഎം നടപടിയെടുക്കാതിരിക്കാന്‍ കാരണം കാണിക്കണമെന്ന് കാട്ടി നോട്ടീസ് അയച്ചത്. ഈ നടപടി കണ്ടില്ലെന്ന് നടിക്കാനോ, വെറുമൊരു നോട്ടീസല്ലേ എന്ന് ചുരുക്കിക്കാട്ടി അവഗണിക്കാനോ പത്രസ്വാതന്ത്ര്യത്തിലും അതിന് ആധാരമായ ഭരണഘടനയിലെ അഭിപ്രായസ്വാതന്ത്ര്യത്തിലും വിശ്വസിക്കുന്ന ഒരാള്‍ക്കും കഴിയുകയില്ല.

 അഭിപ്രായ സ്വാതന്ത്ര്യവും പത്രസ്വാതന്ത്ര്യവുമെല്ലാം നിയമത്തിന്റെ പരിധികള്‍ക്ക് അകത്തുനിന്നുകൊണ്ടുമാത്രം അനുഭവിക്കേണ്ട സ്വാതന്ത്ര്യങ്ങളാണ്. നിരവധി നിയമങ്ങള്‍ കൊണ്ട് ബന്ധിതമാണ് നമ്മുടെ എല്ലാ സ്വാതന്ത്ര്യങ്ങളും. നിയമങ്ങളുടെ ഓരോ ലംഘനം നടക്കുമ്പോഴും നിയമനടത്തിപ്പുകാര്‍ അതിനെതിരെ നടപടി എടുക്കേണ്ടതുണ്ട്. പോലീസിനോ ജില്ലാ ഭരണാധികാരികള്‍ക്കോ മറ്റേതെങ്കിലും സ്ഥാപനങ്ങള്‍ക്കോ നടപടിയെടുക്കാം. നിയമലംഘനങ്ങള്‍ നീണ്ട കാലം കണ്ണും പൂട്ടി നോക്കി നിന്നവര്‍ പെട്ടന്ന് ഉറക്കമുണര്‍ന്ന്്- താങ്കള്‍ കാലം  കുറെയായി സമാധാനപരമായ ജനജീവിതത്തിന് ഭീഷണിയാണ്, അതുകൊണ്ട് താങ്കളെ ജയിലിലടക്കാതിരിക്കാന്‍ കാരണം ബോധിപ്പിക്കണം- എന്നൊരു നോട്ടീസ് ആര്‍ക്കെങ്കിലും അയക്കുകയാണെങ്കില്‍ അതെന്തുമാത്രം പരിഹാസ്യമായിരിക്കും, അന്തസാരശൂന്യമായിരിക്കും !


തേജസ് പത്രത്തിന് കിട്ടിയ നോട്ടീസ് ഇതുപോലെ അര്‍ത്ഥശൂന്യവും പരിഹാസ്യവുമാണ്.

രാജ്യത്തിന്റെ ദേശീയ ഐക്യത്തെയും താത്പര്യത്തെയും അത്യന്തം ഗുരുതരമായ രീതിയില്‍ ബാധിക്കുന്ന തരത്തിലുള്ള വാര്‍ത്തകളും എഡിറ്റോറിയലുകളും ലേഖനങ്ങളും അച്ചടിച്ചുവരുന്നതായി ശ്രദ്ധയില്‍ പെട്ടിരിക്കുന്നു എന്നാണ് നോട്ടീസില്‍ പറയുന്നത്. രാജ്യതാല്പര്യങ്ങള്‍ സംരക്ഷിക്കാനും രാജ്യദ്രോഹികളെ ഒതുക്കാനും നാട്ടില്‍ നിയമങ്ങളുണ്ട്, വ്യാജവാര്‍ത്തകള്‍ക്കെതിരെ നടപടിയെടുക്കാന്‍ വ്യവസ്ഥകളുണ്ട്, മതങ്ങള്‍ തമ്മിലുള്ള സൗഹൃദം തകര്‍ക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കാന്‍ നിയമങ്ങളുണ്ട്. വര്‍ഗീയ ലഹളകള്‍ക്ക് പ്രേരിപ്പിക്കുന്നവരെ പിടികൂടാനും രാജ്യത്തിന്റെ ശത്രുക്കളെ സഹായിക്കുന്നവരെ ജയിലിലടക്കാനും വ്യക്തികളെ തേജോവധം ചെയ്യുന്നവരെ ശിക്ഷിക്കാനുമെല്ലാം നിയമങ്ങളുണ്ട്. ഇത്തരം ഒരുപാടൊരുപാട് കാര്യങ്ങളില്‍ പരാതികള്‍ ഉയര്‍ന്നുവരികയും കുറെയെങ്കിലും പരാതികളില്‍ കുറ്റക്കാരെന്ന് കാണുകയും അപൂര്‍വമായെങ്കിലും ശിക്ഷിക്കപ്പെടുകയും ചെയ്തിട്ടുള്ള ഒരു മാധ്യമത്തിന് എതിരെയാണ് കോഴിക്കോട് ജില്ലാ ഭരണകൂടം നടപടിയെടുക്കാതിരിക്കാന്‍ കാരണം കാണിക്കണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് അയച്ചിരുന്നത് എങ്കില്‍ അത്  ന്യായീകരിക്കപ്പെടുമായിരുന്നു. അത്തരമൊരു കേസ് പോലും തേജസ് പത്രത്തിന് എതിരെ ഉണ്ടായിട്ടില്ല. അതുകൊണ്ടുതന്നെ, തേജസ് പത്രത്തിന് എതിരായ നോട്ടീസ് പത്രസ്വാതന്ത്ര്യത്തിന്റെ ലംഘനം തന്നെയാണ്.

തേജസ് പത്രത്തിന്റെ അധിപര്‍ക്ക് കിട്ടിയ നോട്ടീസ് പ്രസ് ആന്റ് രജിസ്‌ട്രേഷന്‍ ഓഫ് ബുക്‌സ് ആക്റ്റിലെ 8ബി വ്യവസ്ഥ പ്രകാരമാണ് എന്ന് കോഴിക്കോട് അഡീഷനല്‍  ജില്ലാ മജിസ്‌ട്രേറ്റ് സപ്തംബര്‍ 13 ന് തേജസ് പത്രാധിപര്‍ക്ക് നല്‍കിയ നോട്ടീസില്‍ പറയുന്നുണ്ട്.  എട്ട് ബി വ്യവസ്ഥ എന്താണ് ? എണ്ണമറ്റ വെബ്‌സൈറ്റുളില്‍ നിയമം പൂര്‍ണരൂപത്തില്‍ കൊടുത്തിട്ടുണ്ട്. ആര്‍ക്കും എളുപ്പം മനസ്സിലാക്കാവുന്ന ഒരു കാര്യം, രാജ്യത്തിന്റെ ദേശീയ ഐക്യത്തെയും താത്പര്യത്തെയും ഗുരുതരമായ ബാധിക്കുന്ന   വിഷയങ്ങള്‍ കൈകാര്യം ചെയ്യാന്‍ ഉദ്ദേശിച്ച് നിര്‍മിച്ചതല്ല ആ വകുപ്പ് എന്നുള്ളതാണ്. പ്രസിദ്ധീകരണം രജിസ്റ്റര്‍ ചെയ്ത പ്രിന്റര്‍ ആന്റ് പബ്ലിഷര്‍ സാങ്കേതികമായി പ്രിന്റര്‍ ആന്റ് പബ്ലിഷര്‍ അല്ലാതാവുകയോ രജിസ്റ്റ്രേഷന് നല്‍കിയ വിവരങ്ങള്‍ വ്യാജമോ തെറ്റോ ആണെന്ന് മനസ്സിലാവുകയോ രജിസ്റ്റ്രേഷന്‍ നല്‍കിയ അതേ പേരില്‍ വേറെ പ്രസിദ്ധീകരണം ഉണ്ടെന്ന് അറിയുകയോ പോലുള്ള  തീര്‍ത്തും സാങ്കേതികമായ കാരണങ്ങളുടെ പേരില്‍ നോട്ടീസ് നല്‍കാന്‍ ജില്ലാ മജിസ്‌ട്രേറ്റിന് അധികാരപ്പെടുത്തുന്നതാണ് നിയമവ്യവസ്ഥ.

നോട്ടീസിനുള്ള മറുപടി കിട്ടിയ ഉടനെ പത്രത്തിന്റെ രജിസ്‌ട്രേഷന്‍ റദ്ദാക്കിക്കളയുമെന്ന ഭയമൊന്നും ആര്‍ക്കുമില്ല. അടിയന്തരാവസ്ഥക്കാലത്ത് പോലും അത്രയൊന്നും ചെയ്യാന്‍ അധികമാരും മുതിര്‍ന്നിട്ടില്ല. സാങ്കേതിക പ്രശ്‌നങ്ങള്‍ കൊണ്ടുപോലും പത്രത്തിന്റെ രജിസ്‌ട്രേഷന്‍ റദ്ദാക്കുകയോ മറ്റോ ചെയ്താല്‍ പ്രസ് കൗണ്‍സില്‍ നിയോഗിക്കുന്ന അപ്പലറ്റ് കൗണ്‍സില്‍ മുമ്പാകെ അപ്പീല്‍ നല്‍കാന്‍ അവസരം കിട്ടും. അപ്പലറ്റ് കൗണ്‍സിലാണ് അവസാന തീരുമാനമെടുക്കേണ്ടത്.

ഇഷ്ടമില്ലാത്ത പത്രങ്ങള്‍ക്കെതിരെ ഭീഷണി ഉയര്‍ത്താന്‍ ഭരണകൂടത്തിന്റെ ഭാഗമായ പല ശക്തികളും തുനിയുന്നു എന്നതാണ് പ്രശ്‌നം. ഇപ്പോഴുണ്ടായ ഈ വിവാദത്തിന് പിന്നില്‍ മറ്റു ഉദ്ദേശ്യങ്ങളുള്ള, ദുരുദ്ദേശങ്ങളുള്ള ആരെല്ലാമോ ഉണ്ട് എന്ന് ബോധ്യപ്പെടുത്തുന്നതാണ് തേജസ് പത്രത്തിന് പരസ്യം നിഷേധിക്കുന്ന  നടപടിയും. പരസ്യം പത്രത്തിന്റെ അവകാശമല്ല, ശരിതന്നെ. പക്ഷേ, അത് സര്‍ക്കാറിന് ഇഷ്ടം പൊലെ ആര്‍ക്കും നല്‍കാനോ നല്‍കാതിരിക്കാനോ അവകാശമുള്ള സ്വകാര്യമുതലുമല്ല. അത് പൊതുപ്പണമാണ്. പല പത്രങ്ങളും - ചെറുകിട പത്രങ്ങള്‍ പ്രത്യേകിച്ചും -  നില നില്‍ക്കുന്നതുതന്നെ പരസ്യങ്ങളിലൂടെയാണ്. കോടാനുകോടി രൂപ സര്‍ക്കാര്‍ പരസ്യത്തിനായി ചെലവഴിക്കുന്നു. ഏത് പ്രസിദ്ധീകരണത്തിന് പരസ്യം നല്‍കാം, ആര്‍ക്ക് നല്‍കില്ല എന്നെല്ലാം തീരുമാനിക്കുന്നതിന് കൃത്യമായ വ്യവസ്ഥകളുണ്ട്. അധികൃതരുടെ വിവേചനം ഇക്കാര്യത്തിലും കുറെയെല്ലാം അനുവദീയമാവാം. പക്ഷേ, ഇഷ്ടമുള്ളവര്‍ക്ക് കൊടുക്കും, ഇല്ലാത്തവര്‍ക്ക് ഒട്ടുമില്ല എന്നത് ഒരു ജനാധിപത്യവ്യവസ്ഥയില്‍ അനുവദനീയമല്ല.

വാര്‍ത്തയുടെ ഉള്ളടക്കവും പരസ്യം നല്‍കുന്നത് സംബന്ധിച്ച തീരുമാനവും തമ്മില്‍ ഒരു ബന്ധവും പാടില്ല എന്നത് ജനാധിപത്യലോകം വിട്ടുവീഴ്ചയില്ലാതെ പാലിക്കുന്ന തത്ത്വമാണ്. സര്‍ക്കാറിന് അനുകൂലമായി എഴുതിയാലേ പരസ്യം നല്‍കൂ എന്ന നിലപാട് ഒരു സര്‍ക്കാറിനുമുണ്ടാകാന്‍ പറ്റില്ല, സംസ്ഥാന സര്‍ക്കാറിന് അത്തരമൊരു നിലപാടേ ഇല്ല. തേജസ്സിന് പരസ്യം നിഷേധിക്കാന്‍ തുടങ്ങിയിട്ട് മൂന്നുവര്‍ഷത്തിലേറെയായി.
പരസ്യം പുന:സ്ഥാപിക്കാന്‍ തീരുമാനമായതുമാണ്. പക്ഷേ, പരസ്യം നല്‍കിയില്ല.

പത്രത്തിന്റെ ഉള്ളടക്കം രാജ്യവിരുദ്ധമാണെങ്കില്‍ അത്തൊരു പത്രം നിലനിന്നുകൂടാ. രാജ്യവിരുദ്ധമാണോ എന്നത് ജനാധിപത്യപരമായ മാര്‍ഗങ്ങളിലൂടെ വേണം തീരുമാനിക്കപ്പെടാന്‍. പ്രസ് കൗണ്‍സിലും ജുഡീഷ്യറിയും പോലുള്ള സംവിധാനങ്ങള്‍ ഈ രാജ്യത്തുണ്ട്. ഏതെങ്കിലും ഡിപാര്‍ട്ട്‌മെന്റിന്റെ മേധാവികളോ ഇടത്തട്ടിലെ ഉദ്യോഗസ്ഥരോ അല്ല ഇക്കാര്യം തീരുമാനിക്കേണ്ടത്. അങ്ങനെ തീരുമാനിക്കപ്പെടുംവരെ മറ്റാരേയും പോലെ തേജസ് പത്രത്തിനും പ്രസിദ്ധീകരണസ്വാതന്ത്ര്യമുണ്ടാവണം, അവരെ നിയമമുപയോഗിച്ചോ സാമ്പത്തികമായോ ഞെരിച്ചുകൊല്ലാന്‍ അനുവദിച്ചുകൂടാ. അങ്ങനെ ചെയ്യുന്നത് ഭരണഘടനാവിരുദ്ധമാണ്, ജനാധിപത്യവിരുദ്ധമാണ്.
( മീഡിയ മാസികയുടെ നവമ്പര്‍ 2013 ലക്കത്തില്‍ പ്രസിദ്ധപ്പെടുത്തിയത്)

Sunday, 10 November 2013

ഒരു ശ്വേത പീത കഥ'മഞ്ഞപ്പത്രങ്ങള്‍ക്ക് മുതല്‍ മഹാനേതാക്കള്‍ 'ക്ക് വരെ മാസങ്ങളോളം കൊട്ടിപ്പാടി നടക്കാമായിരുന്ന ഒരു പീഡനകഥയാണ് ശ്വേതാമേനോന്‍ സ്വിച്ച് ഓഫാക്കിക്കളഞ്ഞത്. നിരാശാജനകമാണിത്. ആഴ്ച ഒന്ന് തികയുംമുമ്പ് ഇരയും ഇല്ല, ഇരപിടിത്തക്കാരനുമില്ല. അങ്ങനെയൊരു സംഭവമേ ഉണ്ടായിട്ടില്ല. മാധ്യമങ്ങള്‍ വേറെ ഇരകളെത്തേടി വിശാലമായ വനാന്തരങ്ങളിലേക്ക് നീങ്ങിയിട്ടുണ്ട്. മഹാനേതാക്കളും തഥൈവ. 

ശ്വേതാമേനോന്‍ എന്തേ പിന്‍മാറിക്കളഞ്ഞത്? നടപ്പുരീതിയനുസരിച്ച് രണ്ടേ രണ്ട് സാധ്യതകളേ ഉള്ളൂ. ഒന്ന്. കേസില്‍ കുടുങ്ങുമെന്ന് ഭയമുള്ള പ്രതിപക്ഷം - പ്രതിയുടെ പക്ഷം എന്നേ ഉദ്ദേശിച്ചുള്ളൂ - നോട്ടുകെട്ടുകള്‍ ഉള്‍പ്പെടെ എന്തെങ്കിലും വലിയ പ്രീണന-സ്വാധീന യന്ത്രതന്ത്രങ്ങള്‍ പ്രയോഗിച്ചുകാണണം. അല്ലെങ്കില്‍ , സ്വതേ ദുര്‍ബലയായ ഇരയെ കൂടുതല്‍ വലിയ എന്തെങ്കിലും ഭീഷണിയില്‍ വീഴ്ത്തിക്കാണണം. വാദി പ്രതിയാകുമെന്ന് ഭയന്നുകാണണം. രണ്ടിനും വഴങ്ങുന്ന ഇനം ദുര്‍ബല ഇരയല്ല ശ്വേതാമേനോന്‍ എന്ന 4ജി - നാലാംതലമുറ - ചലച്ചിത്ര നടി. ഭീഷണിയും പ്രീണനവും ഒരു പരിധിവരെയൊക്കെ നേരിടാനാവും. പിന്നെയെന്തേ പിന്‍മാറിക്കളഞ്ഞത്?

പ്രശസ്ത നടി ആയാലും നാട്ടിലെ ഒന്നാം നമ്പര്‍ കുപ്രശസ്ത ആയാലും ഏറ്റുമുട്ടുന്നത് ആരുമായാണ് എന്നത് പ്രധാനമാണ്. മിത്രത്തെയല്ല, ശത്രുവിനെ തിരഞ്ഞെടുക്കുമ്പോഴാണ് കൂടുതല്‍ സൂക്ഷിക്കേണ്ടത് എന്ന് അനുഭവജ്ഞാനമുള്ളവര്‍ പറഞ്ഞിട്ടുണ്ട്. ശത്രുവിന് നിലവാരം കുറവാണെങ്കില്‍ നിങ്ങളും ആ നിലവാരത്തിലേക്ക് താഴേണ്ടിവരും. റോഡരികില്‍നിന്ന് പുലയാട്ട് വിളിച്ചുപറയുന്ന ശത്രുവിനോട് ഒന്നുകില്‍ അതേ ഭാഷയില്‍ തിരിച്ചുപറയണം, അല്ലെങ്കില്‍ ചെവിപൊത്തി ഓടിരക്ഷപ്പെടണം. ശ്വേതാമേനോന്‍ ഓടിരക്ഷപ്പെട്ടു. വേറൊന്നും സംഭവിച്ചിട്ടില്ല. 

ഒരു വനിത കക്ഷിയായ ലൈംഗികസ്വഭാവമുള്ള വിവാദം വന്നപ്പോഴാണ് ഗാന്ധിയന്‍ പാര്‍ട്ടിയിലെ പലരുടെയും തനിസ്വഭാവം പുറത്തുവന്നത്. ഇത്തരം കേസുകളില്‍ സ്ത്രീയുടെ പേരുതന്നെ പുറത്തുപറയരുതെന്നാണ് വ്യവസ്ഥ, അതാണ് മര്യാദയും. പോട്ടെ, ഒരു പ്രശസ്തവനിതയാണ് സംഭവത്തില്‍ ഉള്‍പ്പെട്ടത്, പൊതുവേദിയിലാണ് സംഭവം ഉണ്ടായത്. അതുകൊണ്ടുതന്നെ മാധ്യമങ്ങള്‍ക്കോ മറ്റാര്‍ക്കെങ്കിലുമോ പേരുപറയാതെ വയ്യ. ഇരയുടെ അല്ല കുറ്റാരോപിതന്റെ പേരാണ് മാധ്യമങ്ങള്‍ ആദ്യദിവസം ഒളിച്ചുവെച്ചത്. ആരോപിതനെ എം.പി. എന്നും ഭരണകക്ഷി എം.പി. എന്നും മാത്രം വിശേഷിപ്പിച്ചു. പെണ്ണിന്റെ മാനത്തേക്കാള്‍ എം.പി.യുടെ മാനത്തിനാണ് മാര്‍ക്കറ്റില്‍ വില!

കഥാപാത്രങ്ങളുടെ സ്വഭാവവും അഭിനേതാവിന്റെ സ്വഭാവവും ഒന്നാവുമെന്ന് ധരിക്കാന്‍ മാത്രം പൊതുവിജ്ഞാനമുള്ള പൊതുപ്രവര്‍ത്തകരുണ്ട് നാട്ടില്‍ . സമീപസംസ്ഥാനത്ത് ധീര, വീര, ദൈവിക കഥാപാത്രങ്ങളെ ദീര്‍ഘകാലം അവതരിപ്പിച്ചാല്‍ ആരാധനമൂത്ത് ജനം നടനെ/നടിയെ മുഖ്യമന്ത്രിവരെ ആക്കിക്കളയും. സ്ഥിരമായി ദുഷ്ടകഥാപാത്രങ്ങളെ മാത്രം അവതരിപ്പിച്ചാല്‍ തല്ലിക്കൊന്നെന്നുമിരിക്കും. ശ്വേതാമേനോന്‍ വേശ്യയായി അഭിനയിച്ചിട്ടുണ്ട്. അതുകൊണ്ട് അവളും അതന്നെ സൈസ്! പിന്നെ നമ്മളൊന്ന് കൈവെച്ചാലെന്താ? ഈ അര്‍ഥത്തില്‍ സംസാരിച്ച ഗാന്ധിയന്‍ പാര്‍ട്ടി നേതാക്കള്‍ക്ക് നല്ല നമസ്‌കാരം. പൊതുവേദിയില്‍ പെണ്ണിനെ ഞോണ്ടിയവരേക്കാള്‍ ഒട്ടുംപിറകിലല്ല ഇവര്‍ . 

ഇക്കഥ തീര്‍ത്തും ബ്ലാക്ക് ആന്‍ഡ് വൈറ്റ് ആണോ? കറുപ്പും വെളുപ്പും? ഒരുവശം മുഴുവന്‍ തെറ്റും മറുവശം മുഴുവന്‍ ശരിയും? ആവണമെന്നില്ല. ഒരുവശം നല്ല ശ്വേതമെങ്കില്‍ മറുവശം ഇരുണ്ട കറുപ്പല്ല. അല്പം പീതമാകാം. അനേകമാളുകള്‍ നിറഞ്ഞ പൊതുവേദിയില്‍ മുഖ്യാതിഥിയായി പങ്കെടുക്കുമ്പോള്‍ സൂക്ഷ്മമായി സ്വശരീരം സംരക്ഷിക്കാനോ കണ്ണുകള്‍ നാലുപാടും ജാഗ്രത്തായി നിരീക്ഷിക്കാനോ കഴിയില്ല. മമ്മൂട്ടിയുടെ ഇരുമ്പ് ശരീരത്തിലും ഞോണ്ടിനോക്കുന്നവരാണ് ആരാധകഭ്രാന്തന്മാര്‍ . പിന്നെയല്ലേ ശ്വേതാമേനോന്‍. ഇക്കൂട്ടത്തില്‍ , എം.പി.യുടെ പെരുമാറ്റം സംശയം തോന്നിപ്പിച്ചിരിക്കാം. തെറ്റിദ്ധാരണയാകാം. അതേ ഉണ്ടായിരുന്നുള്ളൂ എം.പി.ക്കും പാര്‍ട്ടിക്കാര്‍ക്കും പറയാന്‍ , പ്രതിരോധിക്കാന്‍ . ചുമലുകൊണ്ട് ഒരുതവണ തട്ടിപ്പോയതാവാം. അത് പത്തുവട്ടം ആവര്‍ത്തിച്ച് കാട്ടി പത്തുവട്ടം എം.പി. ആ സ്ത്രീയെ തട്ടി എന്ന് കാഴ്ചക്കാരെ തെറ്റിദ്ധരിപ്പിക്കുക ദൃശ്യമാധ്യമ നവസംസ്‌കാരമാണ്. ആള്‍ക്കൂട്ടത്തില്‍ ആരെങ്കിലും കള്ളന്‍ എന്ന് ചൂണ്ടി അലറിയാല്‍ തെക്കുംവടക്കും നോക്കാതെ അവനെ തല്ലിക്കൊല്ലുന്ന അതേ സംസ്‌കാരംതന്നെ. സഹിക്കുക തന്നെ, മറ്റെന്ത് ഗതി?

ശ്വേത പീത വിവാദത്തില്‍ ഏറ്റവും ശ്രദ്ധേയമായ പരാമര്‍ശം നടത്തിയതിനുള്ള പുരസ്‌കാരം ഇപ്പോള്‍ ഒട്ടും മാര്‍ക്കറ്റില്ലാത്ത മുന്‍കാല കോണ്‍ഗ്രസ് സ്റ്റണ്ട് നടന്‍ ടി.എച്ച്. മുസ്തഫയ്ക്കുള്ളതാണ്. പെണ്ണുങ്ങള്‍ വീട്ടിലിരിക്കുകയാണ് വേണ്ടത് എന്ന മഹദ്‌വാക്യം ആലേഖനം ചെയ്ത മാര്‍ബിള്‍ ഫലകം അടുത്തദിവസം മുസ്തഫയ്ക്ക് നല്‍കും. സദാ വീട്ടിലിരിക്കുന്ന പാര്‍ട്ടി പ്രസിഡന്റ് സോണിയാഗാന്ധിയെ ഇതിനായി ക്ഷണിക്കുന്നതായിരിക്കും. 

                                                                          * * *
    
മുഖ്യമന്ത്രിയെയും യു.ഡി.എഫിനെയും അടിക്കാന്‍ പ്രതിപക്ഷത്തിന് കിട്ടിയ വലിയ വടിയായിരുന്നു പാമോലിന്‍ കേസ്. അതേനാണയത്തില്‍ തിരിച്ചടിക്കാന്‍ കഷ്ടപ്പെട്ട് ചെത്തിയെടുപ്പിച്ചതാണ് ലാവലിന്‍ കേസ്. പാമോലിന്‍ എക്‌സ്​പയറി ഡേറ്റ് കഴിഞ്ഞ് ഏതാണ്ട് ഉപയോഗശൂന്യമായി. ഓര്‍ക്കാപ്പുറത്ത് വീണുകിട്ടിയതാണ് സോളാര്‍ കേസ്. മുഖ്യമന്ത്രിയോട് ഇക്കാര്യത്തില്‍ എത്ര നന്ദിപറഞ്ഞാലും മതിയാവില്ല. 

പാമോലിനിലും ലാവലിനിലും സോളാറിലും ഐസ്‌ക്രീമിലുമെന്നുവേണ്ട, എണ്ണമറ്റ കേസുകളില്‍ വ്യവഹാരിയായ പ്രതിപക്ഷനേതാവിന് പൊതുജനം ഒരു സ്‌പെഷല്‍ സ്റ്റാറ്റസ് അംഗീകരിച്ചുകൊടുത്തിരുന്നു. കോടതിയില്‍ കേസ് വിധിയായാലും വാദം പുറത്ത് തുടരാറുണ്ട് നമ്മുടെ വക്കീല്‍ . സോളാര്‍ കേസിലെ ഭാഗികവിധിയില്‍ മുഖ്യമന്ത്രി കുറച്ചൊന്ന് തടിയൂരിയപ്പോള്‍ വക്കീല്‍ കോടതിയെ വെറുതെവിട്ടില്ല. തലങ്ങും വിലങ്ങും പരസ്യമായി പ്രഹരിച്ചു. സോളാര്‍ കേസിലെ വിധി നീതിന്യായവ്യവസ്ഥയെത്തന്നെ തകര്‍ക്കുന്നതാണ് എന്ന് ഇഴകീറി പ്രസ്താവനയിറക്കി.

ലാവലിന്‍ കേസ് വിധിയോടെ വക്കീല്‍ ലൈന്‍ മാറ്റി. വിധിവന്നതോടെ മുമ്പ് പറഞ്ഞതെല്ലാം അപ്രസക്തമായെന്നാണ് വക്കീലിന്റെ നിലപാട്. ഇത് ലാവലിന്‍ കേസിന് മാത്രം ബാധകമാണ്. വിധിയെ കീറിമുറിച്ച് പരിശോധിക്കാനൊന്നും ഈ കേസില്‍ നമുക്ക് വയ്യ സഖാവേ... പ്രോസിക്യൂട്ടറെ മാറ്റിയതും അന്വേഷകനെ മാറ്റിയതുമൊന്നും പ്രസക്തമല്ല സഖാവേ... അത്തരം സംഗതികളെല്ലാം സോളാര്‍ , പാമോലിന്‍ കേസുകള്‍ക്കേ ബാധകമാകൂ. 

ലാവലിന്‍ കേസ് വിധിയോടെ കോടതി പവിത്രവും പരിപാവനവും ആദരണീയവും ആയിട്ടുണ്ട്. ഇനി ഇതിന്റെ അപ്പീല്‍ വിചാരണയ്ക്ക് വരുമ്പോഴും ആദരവും ബഹുമാനവും നിലനിര്‍ത്തുന്ന വിധി പറയേണ്ടത് കോടതിയുടെ ബാധ്യതയാണ്. പഴയ ബൂര്‍ഷ്വാസ്വഭാവം പുറത്തെടുത്താല്‍ നമ്മുടെ സ്വഭാവവും മാറും. പറഞ്ഞില്ലെന്നുവേണ്ട.

                                                                    * * *

വോട്ടുപിടിത്തത്തിന്റെയും അധികാരത്തിന്റെയും അധാര്‍മികതകളെ ചെറുക്കുന്നതെങ്ങനെ? ഡല്‍ഹിയെയും രാജ്യത്തെത്തന്നെയും ആവേശംകൊള്ളിച്ച അണ്ണ ഹസാരെ പ്രസ്ഥാനത്തിലെ സഹയാത്രികര്‍ അരവിന്ദ് കെജ്‌രിവാളും കൂട്ടരും തീരുമാനിച്ചത് വോട്ടുപിടിച്ച് അധികാരം നേടി അധാര്‍മികതകളെ നേരിടാനാണ്. വളരെ ബുദ്ധിമുട്ടുള്ള പണിയാണ് ഇതെന്ന് ഡല്‍ഹിയില്‍ വോട്ടുപിടിക്കാന്‍ തുടങ്ങിയപ്പോള്‍തന്നെ അവര്‍ക്ക് ബോധ്യപ്പെട്ടുകാണണം. ഭാഗ്യമുണ്ടെങ്കില്‍ അധികാരത്തില്‍ വരില്ല അവര്‍ . നിര്‍ഭാഗ്യത്തിന് അധികാരത്തില്‍ വന്നെന്നിരിക്കട്ടെ, സ്ഥാനമൊഴിഞ്ഞുപോയവരായിരുന്നു ഭേദമെന്ന് ആറുമാസംകൊണ്ട് വോട്ടര്‍മാര്‍ പറഞ്ഞുതുടങ്ങും. സംശയമില്ല.

കള്ളന്‍, കൊള്ളക്കാരന്‍ , പൂഴ്ത്തിവെപ്പുകാരന്‍ , കൊലയാളി, ബലാത്സംഗക്കാരന്‍ , വര്‍ഗീയഭ്രാന്തന്‍ തുടങ്ങി ഒരാളും അന്യനല്ല. വോട്ട് ഉണ്ടോ എന്നേ നോക്കേണ്ടൂ. വോട്ടുബാങ്ക് മുതലാളിയാണെങ്കില്‍ പറയുകയേ വേണ്ട. ആം ആദ്മി പാര്‍ട്ടിക്കാര്‍ വോട്ടിനുവേണ്ടി സമീപിച്ചത് ഒരു ലോക്കല്‍ വോട്ടുബാങ്ക് ഉടമയായ ബറേല്ലിയിലെ മുസ്‌ലിം ആചാര്യന്‍ മൗലാനാ തൗഖീര്‍ റാസ് ഖാനെ ആണ്. ആരാണ് കക്ഷി? ബംഗ്ലാദേശ് എഴുത്തുകാരി തസ്‌ലിമ നസ്‌റീന്റെ തലവെട്ടുന്നവര്‍ക്ക് അഞ്ചുലക്ഷം രൂപ പ്രതിഫലം നല്‍കുമെന്ന് പ്രഖ്യാപിച്ച മഹാന്‍. അഴിമതിക്കാര്‍ എത്ര ഭേദം!

Tuesday, 5 November 2013

പ്രസ് അക്കാദമി സമഗ്രമാറ്റത്തിന്റെ പാതയില്‍പ്രസ് അക്കാദമി സമഗ്രമാറ്റത്തിന്റെ പാതയില്‍' അടുത്ത മാസം ശമ്പളം കൊടുക്കാന്‍ പണമില്ല. നമ്മുടെ അലോട്ട്‌മെന്റ് തീര്‍ന്നു. ധനമന്ത്രിയെ കണ്ട് പ്രശ്‌നം പരിഹരിച്ചേ തീരൂ.....'  ചെയര്‍മാന്‍ സ്ഥാനം ഏറ്റെടുത്ത എനിക്ക് ലഭിച്ച ആദ്യ ഫോണ്‍കോളുകളിലൊന്ന് അപ്പോഴത്തെ സിക്രട്ടറി വി.ജി.രേണുകയുടേതായിരുന്നു. അക്കാദമിയെ കുറിച്ച് മനസ്സുനിറയെ പദ്ധതികളും പരിപാടികളുമായി കയറിച്ചെന്ന എനിക്ക് ഇങ്ങനെയൊരു പ്രശ്‌നം നേരിടേണ്ടി വരുമെന്ന് ദുസ്വപ്‌നത്തില്‍ പോലും കണ്ടിരുന്നില്ല. ശമ്പളം കൊടുക്കുന്നതാണ് കാര്യക്ഷമമായി നടക്കുന്ന ഏക പണി എന്ന് മുമ്പ് ഞാനവിടെ വൈസ് ചെയര്‍മാനായിരുന്ന കാലത്ത് വിമര്‍ശനം കേട്ടിരുന്നതുമാണ്. അതും നടക്കുന്നില്ല എന്നായോ ? !

എന്തുകൊണ്ടാണ് ജീവനക്കാര്‍ക്ക് ശമ്പളം കൊടുക്കാന്‍ സര്‍ക്കാര്‍ പണം അനുവദിക്കാത്തത് എന്ന് മനസ്സിലാക്കിയെടുക്കാനും പ്രശ്‌നം പരിഹരിക്കാനും സമയം കുറച്ചെടുത്തു. ഓരോ വര്‍ഷവും ബജറ്റില്‍ അലോട്ട്‌മെന്റ് കുറയുമ്പോള്‍ അക്കാദമി സ്വന്തം ഫണ്ട് എടുത്ത് ശമ്പളം കൊടുത്തുപോന്നതാണ്  പ്രശ്‌നത്തിന് കാരണമെന്ന് തിരിച്ചറിഞ്ഞത് ഒടുവിലാണ്. ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് കമ്യൂണിക്കേഷനിലെ വിദ്യാര്‍ത്ഥികള്‍ അടക്കുന്ന ഫീസ് മാത്രമാണ് അക്കാദമിയുടെ സ്വന്തം ഫണ്ട്. സര്‍ക്കാര്‍ നിയമിച്ച ജീവനക്കാര്‍ക്ക് ശമ്പളം സര്‍ക്കാര്‍ നല്‍കണം. ഫീസ് തുകയെടുത്ത് ശമ്പളം നല്‍കുന്ന പ്രശ്‌നമേയില്ല എന്ന കര്‍ക്കശ നിലപാട് എടുക്കേണ്ടിവന്നു. ഒരു തവണ ഒന്നര മാസത്തോളം ശമ്പളം  വൈകിയെന്നത് ശരി, പക്ഷേ ധനവകുപ്പ് ഉദ്യോഗസ്ഥരും ധനമന്ത്രി കെ.എം. മാണിയും പ്രശ്‌നം പരിഹരിക്കാനുള്ള സന്മനസ് കാട്ടി. ഉദ്യോഗസ്ഥരുടെ ശമ്പളം ഏതാണ്ട് മുഴുവനായും ഇപ്പോള്‍ സര്‍ക്കാര്‍ അനുവദിക്കുന്നു. ജീവനക്കാര്‍ക്ക് ശമ്പളക്കമ്മീഷന്‍ ശുപാര്‍ശ പ്രകാരമുള്ള ശമ്പളപരിഷ്‌കാരവും നടപ്പാക്കിക്കഴിഞ്ഞു.

അക്കാദമിയെ കുറെ കാലമായി ആര്‍ക്കും പ്രയോജനമില്ലാത്ത  വെള്ളാനയാക്കി മാറ്റിയതിന് പിന്നിലെ കാരണങ്ങളിലൊന്ന് ഈ ശമ്പളപ്രശ്‌നം തന്നെയായിരുന്നു. ശമ്പളം കൊടുക്കാനും ഭരണച്ചെലവുനടത്താനും ഉപയോഗിക്കേണ്ടത് ബജറ്റിലെ നോണ്‍ പ്ലാന്‍ ഫണ്ടാണ്. അത് തികയാഞ്ഞപ്പോള്‍, വികസന-അക്കാദമിക് പ്രവര്‍ത്തനത്തിന് അനുവദിച്ച പ്ലാന്‍ ഫണ്ട് വകമാറ്റിയെടുത്താണ് മുന്‍വര്‍ഷങ്ങളില്‍ ശമ്പളം കൊടുത്തുപോന്നത്. എന്നിട്ടും തികയാഞ്ഞപ്പോള്‍ സ്വന്തം ഫണ്ടും തീര്‍ത്തു. ഫലത്തില്‍ ശമ്പളത്തുകയുമില്ല, പ്ലാന്‍ ഫണ്ടുമില്ല, സ്വന്തം ഫണ്ടുമില്ല എന്ന ദുരിതാവസ്ഥയായിരുന്നു ഇപ്പോഴത്തെ ഭരണസമിതി സ്ഥാനമേല്‍ക്കുമ്പോള്‍ അക്കാദമിയില്‍ ഉണ്ടായിരുന്നത്. അഭിമാനത്തോടെ പറയട്ടെ, മൂന്നുഫണ്ടുകളും ഇപ്പോള്‍ ആവശ്യത്തിനുണ്ട്. കഴിഞ്ഞ കാലത്തൊന്നും നടക്കാത്ത അത്ര വേഗത്തില്‍ അക്കാദമിയില്‍ വികസനപ്രവര്‍ത്തനങ്ങള്‍ നടക്കുന്നു.

പത്രപ്രവര്‍ത്തകര്‍ക്ക് വേണ്ടിയാണ് അക്കാദമി

അക്കാദമിയില്‍ അധികാരം കൈയ്യാളിയിരുന്ന ചിലര്‍ പോലും സ്ഥാപനത്തെ കുറിച്ച് പുലര്‍ത്തിയിരുന്ന വലിയ തെറ്റിദ്ധാരണയുണ്ട്. അക്കാദമി എന്നു പറയുന്നത് കുട്ടികളെ ജേണലിസം പഠിപ്പിക്കാന്‍ തുടങ്ങിയ സ്ഥാപനമാണ് ! ഈ അബദ്ധധാരണ അക്കാദമിക്കും കേരളത്തിലെ പത്രപ്രവര്‍ത്തക സമൂഹത്തിനും ചില്ലറദോഷമൊന്നുമല്ല ചെയ്തത്. അക്കാദമിക്ക് കീഴിലുള്ള ഒരു സ്ഥാപനം മാത്രമാണ് ഇന്‍സ്റ്റിറ്റിയൂട്ട്. അവിടെ കുട്ടികളെ പഠിപ്പിക്കുന്നു. അതൊരു സ്വാശ്രയ സ്ഥാപനമാണ്. ഭരണഘടനയനുസരിച്ചും സ്ഥാപകരായ മഹാന്മാര്‍ സ്വപ്‌നം കണ്ടിരുന്നതനുസരിച്ചും അക്കാദമി പത്രപ്രവര്‍ത്തകരെ തൊഴില്‍രംഗത്ത് ഉയര്‍ത്താനും മാധ്യമപ്രവര്‍ത്തനം സമൂഹത്തിന് ഗുണകരമാക്കാനുമാണ് പ്രവര്‍ത്തിക്കേണ്ടത്. ഇന്‍സ്റ്റിറ്റിയൂട്ട് വളരാനുള്ള എല്ലാ ശ്രമങ്ങളും നടത്തുന്നതിനോടൊപ്പം അക്കാദമിയെ അതിന്റെ സ്ഥാപിത ലക്ഷ്യത്തോടടുപ്പിക്കാനുള്ള പ്രവര്‍ത്തനമാണ് ഇപ്പോള്‍ നടക്കുന്നത്.

2011 നവംബര്‍ 16 ന് ദേശീയ പത്രദിനം ആചരിച്ചുകൊണ്ടാണ് ഈ ടേമിലെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. അക്കാദമി ആദ്യമായാണ് അത് ആചരിക്കുന്നത്. തിരുവനന്തപുരത്ത് കേസരി മന്ദിരത്തില്‍ നടന്ന സമ്മേളനത്തില്‍ പ്രശസ്തമാധ്യമ ചിന്തകന്‍ ശശികുമാര്‍ നടത്തിയ പ്രഭാഷണം ശരിക്കും മൂന്നുവര്‍ഷത്തെ ക്രിയാത്മകമായ അക്കാദമിക പ്രവര്‍ത്തനത്തിന്റെ ഉദ്ഘാടനമായി. അതിന് ശേഷം 2013 സപ്തമ്പര്‍ വരെ ശ്രദ്ധേയമായ ഒരു പൊതുപരിപാടിയെങ്കിലും ഇല്ലാതെ ഒരു മാസം പോലും കടന്നുപോയിട്ടില്ല. വിവിധ ജില്ലകളില്‍ പത്രപ്രവര്‍ത്തകര്‍ക്ക് വേണ്ടി ദ്വിദിന പഠനക്യാമ്പുകള്‍ നടന്നു. നൂറുകണക്കിന് മാധ്യമപ്രവര്‍ത്തകര്‍ക്ക് അത് ജീവിതത്തില്‍ തന്നെ ആദ്യത്തെ അനുഭവമായിരുന്നു. വിവരാവകാശം മാധ്യമപ്രവര്‍ത്തനത്തിന് ഉപയോഗപ്പെടുത്തുന്നതിന് നിരവധി ജില്ലകളില്‍ ഏക ദിന ക്യാമ്പുകള്‍ നടത്തി. സംസ്ഥാനതലത്തില്‍ ആദ്യമായി ഇന്റര്‍നെറ്റ് ഉപയോഗത്തെ കുറിച്ച് പഠിക്കാന്‍ പത്രപ്രവര്‍ത്തകക്യാമ്പ് സംഘടിപ്പിച്ചു. ലോകപ്രശസ്ത ഫോട്ടോഗ്രാഫര്‍ രഘുറായിയുടെ സാന്നിദ്ധ്യത്തില്‍ കൊച്ചിയില്‍ ഫോട്ടോഗ്രാഫി സ്റ്റഡി ക്യാമ്പ്, സ്‌പോര്‍ട്‌സ് ലേഖകര്‍ക്കായി കോഴിക്കോട്ട് സ്റ്റഡി ക്യാമ്പ്, നൂറിലധികം ജേണലിസം വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിച്ച രണ്ടുതവണ കോഴിക്കോട്ട് നടത്തിയ സംസ്ഥാനതല ജേണലിസം വര്‍ക്കഷോപ്പ്, കണ്ണൂരില്‍ കഴിഞ്ഞ പത്രദിനത്തില്‍ നടന്ന മുഴുവന്‍ദിന സെമിനാര്‍ , സൗത്ത് കരോലിന യൂണിവേഴ്‌സിറ്റിയിലെ ന്യൂസ് പ്ലക്‌സ് ടെയ്‌നിങ്ങ് ക്യാമ്പ് ഡയറക്റ്റര്‍ റാന്‍ഡി കോവിങ്ങ്ടണ്‍ ന്യൂമിഡിയയെ കുറിച്ച് കൊച്ചിയില്‍ നടത്തിയ പ്രഭാഷണം തുടങ്ങിയവ എടുത്തുപറയാവുന്ന പ്രവര്‍ത്തനങ്ങളാണ്. അക്കാദമിയുടെ ചരിത്രത്തിലാദ്യമായാണ് രാഷ്ട്രത്തിന്റെ തലസ്ഥാനനഗരിയില്‍ മാധ്യമസെമിനാര്‍ നടത്തിയത് എന്ന് എടുത്തുപറയേണ്ടതുണ്ട്. ഇത് സംഘടിപ്പിക്കുന്നതില്‍ ഡല്‍ഹിയിലെ കെ.യു.ഡബ്യു. ജെ.ഘടകം നല്‍കിയ സഹായം ചെറുതല്ല

മീഡിയ-ശ്രദ്ധേയ പ്രസിദ്ധീകരണം

രണ്ടുവര്‍ഷത്തിനിടയില്‍ നടന്ന ഏറ്റവും ശ്രദ്ധേയ കാര്യമെന്ത് എന്ന് ചോദിച്ചാല്‍ എളുപ്പം ഉത്തരം പറയാം. മീഡിയ എന്ന ദ്വിഭാഷാ മാധ്യമ മാസിക തുടങ്ങിയതുതന്നെ. 2012 ഏപ്രില്‍ മുതല്‍ മുടങ്ങാതെ നടന്നുവരുന്ന ഈ പ്രസിദ്ധീകരണം ഇന്ന് ഇന്ത്യക്കകത്തും പുറത്തും ശ്രദ്ധിക്കപ്പെടുന്ന മാധ്യമ അക്കാദമിക് പ്രസിദ്ധീകരണമാണ്. ഇന്ത്യയില്‍ ഇറങ്ങുന്ന ഏറ്റവും മികച്ച മാധ്യമ മാസികയും ഇതുതന്നെ എന്നാരും സമ്മതിക്കും. അച്ചടിക്കുന്ന കോപ്പികള്‍ കുറവാണെങ്കിലും ഇന്റര്‍നെറ്റ് വഴി പ്രസിദ്ധീകരണം ഒരു പാട് സര്‍വകലാശാലകളിലും റോബിന്‍ ജെഫ്രി ഉള്‍പ്പെടെയുള്ള പണ്ഡിതന്മാരിലും എത്തുന്നുണ്ട്.

മാധ്യമപ്രവര്‍ത്തകര്‍ക്ക് വേണ്ടി പുസ്തകങ്ങള്‍ പ്രസിദ്ധപ്പെടുത്തുക എന്നത് അക്കാദമിയുടെ പ്രഖ്യാപിത പരിപാടിയാണ്. പക്ഷേ, 33 വര്‍ഷത്തെ പ്രവര്‍ത്തനത്തിനിടയില്‍ ഇക്കാര്യത്തില്‍ വലിയ നേട്ടമൊന്നും അവകാശപ്പെടാനാവില്ല. ഈ ഭരണസമിതി പ്രസിദ്ധപ്പെടുത്തിയ നാലും മുന്‍കാലത്ത് പ്രസിദ്ധപ്പെടുത്തിയ പത്തും പുസ്തകങ്ങളാണ് നമ്മുടേതായി അവകാശപ്പെടാനുള്ളത്. 33 വര്‍ഷം പ്രസിദ്ധപ്പെടുത്തിയതിനേക്കാളേറെ പുസ്തകങ്ങള്‍ എന്തായാലും ഈ ഭരണസമിതി അതിന്റെ കാലാവധി തീരുംമുമ്പെ പ്രസിദ്ധപ്പെടുത്തും എന്ന കാര്യത്തില്‍ സംശയം വേണ്ട. നാല് പുസ്തകങ്ങള്‍ പ്രസിദ്ധപ്പെടുത്തിക്കഴിഞ്ഞു. നാലെണ്ണം പ്രസിദ്ധപ്പെടുത്താന്‍ തയ്യാറായി. മുന്‍കാലത്തും പ്രസിദ്ധപ്പെടുത്തിയ പുസ്തകങ്ങള്‍ കാര്യക്ഷമതയോടെ വായനക്കാരില്‍ എത്തിച്ചിരുന്നില്ല എന്ന പരിമിതിയും ഉണ്ടായിരുന്നു. മികച്ച പുസ്തകങ്ങള്‍ പോലും മഴനനഞ്ഞ് നശിച്ചുപോകുന്ന സ്ഥിതിയുണ്ടായി. ഇക്കാര്യത്തില്‍ മാറ്റം വരുത്താനുള്ള ആത്മാര്‍ത്ഥമായ  ശ്രമങ്ങള്‍ ഭരണനേതൃത്വത്തിന്റെയും ജീവനക്കാരുടെയും ഭാഗത്തുനിന്നുണ്ടായി, അതു പ്രയോജനപ്പെടുകയും ചെയ്തു. വിറ്റിട്ടും പണം അക്കാദമിക്ക് തരാത്ത സ്ഥാപനങ്ങളില്‍ നിന്ന് കര്‍ശനമായി തിരിച്ചുപിടിക്കുന്നുണ്ട്. നാലുപുസ്തകങ്ങള്‍ ഈ കാലയളവില്‍ ഔട്ട് ഓഫ് പ്രിന്റായി. മിക്കതിന്റെയും ചുരുങ്ങിയ കോപ്പികളേ ബാക്കിയുള്ളൂ. പുസ്തകവില്പന കമ്പനികളെ സമീപിച്ചും മാര്‍ക്കറ്റിങ്ങിന് ആളെ നിയോഗിച്ചും വരുംദിനങ്ങളില്‍ പ്രകടമായ മാറ്റമുണ്ടാക്കും എന്ന് തീര്‍ച്ച.

പുതിയ വെബ്‌സൈറ്റ്, പുതിയ ഉള്ളടക്കം


ലോകം അക്കാദമിയെ കാണുക കാക്കനാട്ട് വന്നിട്ടല്ല. ഇന്റര്‍നെറ്റിലെ സ്ഥാപനത്തിന്റെ സാന്നിദ്ധ്യം നോക്കിയാണ്. 2012 ഏപ്രിലില്‍ അക്കാദമിക്ക് നല്ലൊരു ഇന്റര്‍നെറ്റ് സൈറ്റ് ഉണ്ടായി. ദിവസംതോറും അപ്‌ഡേറ്റ് ചെയ്യുന്ന, മാധ്യമപ്രവര്‍ത്തകര്‍ക്കും മാധ്യമവിദ്യാര്‍ത്ഥികള്‍ക്കും വലിയ പ്രയോജനം ചെയ്യുന്ന വെബ്‌സൈറ്റാണ് ഇപ്പോഴുള്ളത്. സൈറ്റിലുള്ള ഏതാനും സംഗതികള്‍ പ്രത്യേകം പറയാതെ വയ്യ.

1. ജീവിച്ചിരിക്കുന്നവരും മണ്‍മറഞ്ഞവരുമായ കേരളീയരായ പ്രമുഖ മാധ്യമപ്രവര്‍ത്തകരെ ലോകത്തിന് പരിചയപ്പെടാനുള്ള പേജ് ആദ്യത്തെ യജ്ഞമാണ്. മാധ്യമപ്രവര്‍ത്തരുടെ ഒരു ഹു ഈസ് ഹു ആയിരിക്കും ഇത്. അമ്പതോളം എന്‍ട്രികളേ ഇതുവരെ നടത്തിയിട്ടുള്ളൂ. വായനക്കാര്‍ക്കും എന്‍ട്രികള്‍ സംഭാവന ചെയ്യാവുന്ന രീതിയിലാണ് ഇത് സംവിധാനം ചെയ്തിരിക്കുന്നത്. ഒരു വര്‍ഷത്തിനിടെ മലയാളത്തിലെ ശ്രദ്ധേയരായ മുഴുവന്‍ മാധ്യമപ്രവര്‍ത്തകരെ കുറിച്ചുമുള്ള വിവരങ്ങള്‍ ഈ സൈറ്റില്‍ ലഭ്യമാക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്.
2. കേരളത്തിലെ സര്‍വകലാശാലകളില്‍ മാധ്യമപ്രവര്‍ത്തനത്തെ കുറിച്ച് നടന്ന ഗവേഷണങ്ങളുടെയെല്ലാം പ്രബന്ധങ്ങള്‍ സൈറ്റില്‍ പ്രസിദ്ധപ്പെടുത്താം. നിരവധി ഗവേഷകര്‍ ഇപ്പോള്‍തന്നെ ഈ സൗകര്യം ഉപയോഗപ്പെടുത്തിക്കഴിഞ്ഞു.
3. ലോകത്തെവിടെയും ലഭ്യമാകുന്ന, മാധ്യമപ്രവര്‍ത്തകര്‍ക്ക് പ്രയോജനപ്പെടുന്ന ഇ ഡോക്കുമെന്റുകള്‍ സൈറ്റില്‍ ചേര്‍ത്തുവരുന്നു. സുപ്രധാനമായ പഠനങ്ങള്‍,  നിയമ രേഖകള്‍, പ്രബന്ധങ്ങള്‍ എന്നിവ ഈ ഇ ലൈബ്രറിയില്‍ ലഭ്യമാണ്.
4. അക്കാദമിയില്‍ നടന്ന പ്രവര്‍ത്തനങ്ങള്‍, വിദ്യാര്‍ത്ഥികളുടെ സൃഷ്ടികള്‍ തുടങ്ങിയവയുടെ വീഡിയോകള്‍ സൈറ്റില്‍ സമാഹരിച്ചിട്ടുണ്ട്. അക്കാദമി വീഡിയോകള്‍ യൂട്യൂബിലും ലഭ്യമാണ്. ഇതിനായി ഒരു ചാനല്‍ ഒരുക്കിയിട്ടുണ്ട്.
ഇതാദ്യമായി ഫെയ്‌സ് ബുക്കില്‍ അക്കാദമിക്ക് പേജ് ഒരുക്കി സോഷ്യല്‍ നെറ്റ് വര്‍ക്കിലും നാം ചുവടുവെച്ചുകഴിഞ്ഞു. ഈ രംഗത്തും ഇനിയേറെ ചെയ്യാനുണ്ട്.

 ജീവിതസായാഹ്നത്തിലെത്തി നില്‍ക്കുന്ന നമ്മുടെ മുന്‍തലമുറയെ വരാനിരിക്കുന്ന തലമുറയ്കള്‍ക്കായി വീഡിയോകളില്‍ ചിത്രീകരിക്കുന്ന പ്രവര്‍ത്തനം സംസ്ഥാനത്തുടനീളം ഇപ്പോള്‍ നടന്നുവരികയാണ്. ഇതിന്റെ ചിത്രീകരണം നടത്തുന്നത് വിക്‌റ്റേഴ്‌സ് ചാനലാണ്. പഴയ കാല പത്രപ്രവര്‍ത്തകനും കെ.യു.ഡബ്ല്യൂ. ജെ സ്ഥാപകരില്‍ ഒരാളുമായ  പി.വിശ്വംഭരനുമായുള്ള അഭിമുഖമാണ് ചാനലില്‍ ആദ്യം സംപ്രേഷണം ചെയ്തത്. അക്കാദമിയുടെ പ്ലാന്‍ ഫണ്ട് ഉപയോഗപ്പെടുത്തി നടക്കുന്നതാണ് ഈ പ്രവര്‍ത്തനം. വീഡിയോകള്‍ അക്കാദമിയുടെ സൈറ്റിലും  ക്രമേണ ദൃശ്യമാകും.

വിപുലമായ ആര്‍ക്കൈവിങ്ങിന് തുടക്കമായി

മാധ്യമരംഗത്തെ കുറിച്ചുള്ള പഠനവും ഗവേഷണവും സാധ്യമാക്കുന്ന അമൂല്യസമ്പത്താണ് നമ്മുടെ മുന്‍തലമുറക്കാര്‍ പ്രസിദ്ധപ്പെടുത്തിയ പത്രങ്ങളും ആഴ്ചപ്പതിപ്പുകളും മറ്റും. നശിച്ചുകൊണ്ടിരിക്കുന്ന ഈ അമൂല്യ പൈതൃകം സംരക്ഷിക്കേണ്ട്ത നമ്മുടെ ചുമതലയാണ്. രണ്ട് രീതിയിലാണ് അക്കാദമി ഈ പ്രശ്‌നം കൈകാര്യം ചെയ്യുന്നത്. പ്രത്യേകം നിയോഗിക്കുന്ന സന്നദ്ധപ്രവര്‍ത്തകര്‍ സംസ്ഥാനത്തുടനീളം സഞ്ചരിച്ച് എവിടെ എന്തെല്ലാം സൂക്ഷിച്ചിരിക്കുന്നു എന്ന് കണ്ടെത്തുകയും അവയുടെ വിവരണം അക്കാദമി സൈറ്റില്‍ ലഭ്യമാക്കുകയും ചെയ്യും.

അക്കാദമിയിയിലും സ്വകാര്യ ശേഖരങ്ങളിലുമുള്ള പ്രസിദ്ധീകരണങ്ങള്‍, പുസ്തകങ്ങള്‍, രേഖകള്‍ എന്നിവ ഡിജിറ്റൈസ് ചെയ്ത് ലഭ്യമാക്കും. ഈ പ്രവര്‍ത്തനം അക്കാദമിയില്‍ ആരംഭിച്ചുകഴിഞ്ഞു. ആ


അക്കാദമിയില്‍ നിലവിലുള്ള അവാര്‍ഡുകള്‍ എന്‍ഡോവ്‌മെന്റുകളെ ആസ്പദമാക്കിയുള്ളവയാണ്. അവാര്‍ഡ്തുക കാലോചിതമായി പരിഷ്‌ക്കരിക്കാനും അവാര്‍ഡുകളുടെ പൂര്‍ണ്ണ ചുമതല അക്കാദമി ഏറ്റെടുക്കാനും തീരുമാനമെടുത്തു. എഡിറ്റോറിയല്‍ മികവിന് വി.കരുണാകരന്‍ നമ്പ്യാര്‍ അവാര്‍ഡ്, ഹ്യൂമണ്‍ ഇന്ററസ്റ്റ് സ്റ്റോറിക്ക് എന്‍.എന്‍.സത്യവ്രതന്‍ അവാര്‍ഡ്, പ്രാദേശിക ലേഖകനുള്ള ഡോ.മൂര്‍ക്കന്നൂര്‍ നാരായണന്‍ അവാര്‍ഡ്, മികച്ച റിപ്പോര്‍ട്ടിംഗിന് ചൊവ്വര പരമേശ്വരന്‍ അവാര്‍ഡ് എന്നിവയ്ക്ക് പുറമെ ഫോട്ടോഗ്രാഫിക്കും ടെലിവിഷന്‍ റിപ്പോര്‍ട്ടിങ്ങിനും പസ് അക്കാദമി അവാര്‍ഡുകള്‍ എന്ന നിലയില്‍ 25000രൂപ വീതം അവാര്‍ഡ് തുക ഉയര്‍ത്തി. പുരസ്‌കാരവിതരണം നല്ല ഒരു ചടങ്ങായി ഒക്‌റ്റോബറില്‍ അക്കാദമിയില്‍ നടത്താനാണ് ഉദ്ദേശിക്കുന്നത്.

ക്യാമ്പസ് സുന്ദരമാകുന്നു


തിരക്കേറിയ കാക്കനാട് സൈബര്‍ കേന്ദ്രത്തില്‍ ഒരു നോക്കുകുത്തിയായിരുന്നു അക്കാദമിയുടെ ആസ്ഥാനവും ക്യാമ്പസ്സും. ക്യാമ്പസ് നവീകരണത്തിന് അക്കാദമിയുടെ മുന്‍ ഭരണ സമിതി സമര്‍പ്പിച്ച ഇക്കോ ഫ്രന്റ്‌ലി ക്യാമ്പസ് പദ്ധതി സിക്രട്ടേറിയറ്റില്‍ പൊടിപിടിച്ചുകിടപ്പായിരുന്നു. 25 ലക്ഷം രൂപ ചെലവുവരുന്ന ആ പദ്ധതി പൊടിതട്ടിയെടുത്ത് നടപ്പാക്കാനായത് ചെറിയ കാര്യമായിരുന്നില്ല. ആ മാറ്റം അക്കാദമി ആസ്ഥാനത്ത് വരുന്ന ആര്‍ക്കും കണ്‍കുളിര്‍ക്കെ കാണാനാവും. കൊടുംകാടായി കിടന്നിരുന്ന ക്യാമ്പസ് വെട്ടിത്തെളിച്ച് വെളിച്ചം കൊണ്ടുവരാനുള്ള ശ്രമം തുടങ്ങിക്കഴിഞ്ഞു. ക്യാമ്പസ്സും കെട്ടിടവും നവീകരിക്കുന്നതിന് വിഷന്‍ 2025 എന്ന ബൃഹദ് പ്ലാനിന് രൂപം കൊടുത്തുകൊണ്ടിരിക്കുകയാണ്. ഒരു വര്‍ഷം കൊണ്ട് ക്യാമ്പസ്സിന്റയും ആസ്ഥാന മന്ദിരത്തിന്റെയും മുഖച്ഛായ മാറും എന്നുമാത്രം ഉറപ്പിച്ചുപറയട്ടെ.

33 വര്‍ഷം മുമ്പ് രൂപം കൊടുത്ത അക്കാദമി ഭരണഘടന ഇതുവരെ മാറ്റിയിട്ടില്ല. കാലാനുസൃതമായ മാറ്റങ്ങള്‍ ഉള്‍ക്കൊള്ളിച്ചുള്ള സമഗ്രമായ ഭേദഗതി നിര്‍ദ്ദേശങ്ങള്‍ തയ്യാറാക്കി സര്‍ക്കാറിന് സമര്‍പ്പിച്ചുകഴിഞ്ഞു.

അക്കാദമി അച്ചടിമാധ്യമത്തിന്റേത് മാത്രമാണ് എന്ന പരാതിയും പരിഭവവും നിലവിലുണ്ട്. ഭാഗികമായെങ്കിലും ഈ അവസ്ഥ മാറുകയാണ്. ആദ്യമായി അക്കാദമി ദൃശ്യമാധ്യമ കോഴ്‌സ് ആരംഭിച്ചിരിക്കുന്നു. സെപ്തംബര്‍ അഞ്ചിന് കോഴ്‌സിന്റെ ഉദ്ഘാടനം മലയാളം സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ ശ്രീ കെ.ജയകുമാര്‍ നിര്‍വഹിച്ചു. ടി.വി.ജേണലിസ്റ്റുകള്‍ക്ക് വേണ്ടിയുള്ള പഠനക്യാമ്പുകളും പരിപാടികളും ആസൂത്രണം ചെയ്തുവരികയാണ്. ഒരു കാര്യം ഉറപ്പിച്ചു പറയാം. പ്രസ് അക്കാദമി അച്ചടിമാധ്യമക്കാരുടേത് മാത്രമല്ല, മാധ്യമരംഗത്തുള്ള എല്ലാവര്‍ക്കും വേണ്ടിയുള്ളതാണ്.

പുതിയ സിലബസ്, പുതിയ കോഴ്‌സ്

1986 മുതല്‍ നടന്നുവരുന്ന ജേണലിസം കോഴ്‌സിന് കാലാനുസൃതമായി പരിഷ്‌കരിച്ച പുതിയ  സിലബസ് അനുസരിച്ചാണ് ഇത്തവണ പഠിപ്പിക്കുന്നത്. വിദഗ്ദ്ധരുടെ ഒരു സമിതി നിരന്തരം കോഴ്‌സ് മോണിട്ടര്‍ ചെയ്യുന്നുണ്ട്. ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് കമ്യൂണിക്കേഷന്റെ കാര്യങ്ങള്‍ തീരുമാനിക്കുന്നതിന് മാത്രമായി ഒരു ഭരണസമിതി യും ഇന്‍സ്റ്റിറ്റിയൂട്ടിന് നിയമാവലിയും ഉണ്ടാക്കിയിട്ടുണ്ട്. ഫാക്കല്‍ട്ടിക്ക് കൂടുതല്‍ ശ്രദ്ധിക്കാന്‍ കഴിയും വിധം വിദ്യാര്‍ത്ഥികളുടെ എണ്ണം 50 ല്‍ നിന്ന് 35 ആയികുറച്ചിട്ടുണ്ട്. മാധ്യമരംഗത്ത് പരിചയമുള്ള ഒരു ഡയറക്റ്ററുടെ അഭാവം പരിഹരിക്കുന്നതിന് പുതിയ നിയമനം നടത്തുന്നുണ്ട്. എന്‍.ഡി.ക്ലര്‍ക്കിന് നല്‍കുന്ന ശമ്പളം പോലും ഡയറക്റ്റര്‍ക്ക് അനുവദിക്കാത്ത ഉദ്യോഗസ്ഥ മനോഭാവം തിരുത്തിയെടുക്കുവാന്‍ കുറച്ച് സമയമെടുത്തുവെന്ന് പറയട്ടെ.

നീണ്ടുപോയ ഈ കുറിപ്പ് , ഒരു കാര്യം കൂടി സൂചിപ്പിച്ചുകൊണ്ട് അവസാനിപ്പിക്കാം. ഇന്ത്യയിലൊരിടത്തും ഒരു മാധ്യമ മ്യൂസിയം ഇല്ല. ലോകത്ത് പലേടത്തുമുണ്ട്. കേരളത്തില്‍ പ്രസ്  അക്കാദമിയുടെ മുന്‍കൈയോടെ ഒരു മീഡിയ മ്യൂസിയം സ്ഥാപിക്കാനുള്ള പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ക്ക് നാം തുടക്കം കുറിച്ചുകഴിഞ്ഞു. അക്കാദമിക്കുവേണ്ടി മുന്‍ മ്യൂസിയം ഡയറക്റ്ററും മ്യൂസിയോളജിസ്റ്റുമായ ശ്രീ ചന്ദ്രന്‍പിള്ള തയ്യാറാക്കിയ പ്രൊജക്റ്റ് റിപ്പോര്‍ട്ട് സര്‍ക്കാറിന് സമര്‍പ്പിച്ചിട്ടുണ്ട്. വലിയ മുതല്‍മുടക്കും സാങ്കേതിക വൈദഗ്ദ്ധ്യവും ആവശ്യമുള്ള ഒരു പദ്ധതിയാണ് ഇത്. പറ്റുമെങ്കില്‍ അക്കാദമയുടെ കാക്കനാട് ക്യാമ്പസ്സില്‍ മ്യൂസിയം സ്ഥാപിക്കണം എന്നാണ് ആഗ്രഹിക്കുന്നത്.

അഭിമാനാര്‍ഹമായ നേട്ടങ്ങളോടെ ഭരണസമിതിയുടെ ആദ്യപാതി പിന്നിട്ടുകഴിഞ്ഞു. ഭരണസമിതിക്ക് മുഴുവന്‍ അവകാശപ്പെട്ടതാണ് ഇതിനുള്ള അഭിനന്ദനം. അക്കാദമി ജീവനക്കാരുടെ നിര്‍ലോപമായ സഹായവും സഹകരണവുമില്ലാതെ ഇത് സാധ്യമാവുമായിരുന്നില്ല.പബഌക് റിലേഷന്‍സ് വകുപ്പിന്റെ ചുതമല  വഹിക്കുന്ന മന്ത്രി കെ.സി.ജോസഫിന്റെ ആത്മാര്‍ത്ഥമായ സഹായം ഏറെ പ്രയോജനപ്പെട്ടു. ആസൂത്രണം ചെയ്ത പദ്ധതികള്‍ നടപ്പാക്കുന്നതിലാണ് ഇനിയുള്ള പാതിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക. ഏറെ പുതിയ പരിപാടികള്‍ 2014-15 സാമ്പത്തിക വര്‍ഷത്തിലെ പ്ലാന്‍ ഫണ്ടിലുള്‍പ്പെടുത്തുന്നതിന് സമര്‍പ്പിച്ചിട്ടുമുണ്ട്.

(കെ.യു.ഡബ്ല്യൂ.ജെ പ്രസിദ്ധീകരണമായ പത്രപ്രവര്‍ത്തകന് വേണ്ടി തയ്യാറാക്കിയത് )


Sunday, 3 November 2013

വധശ്രമമാണ് പോലും...


കണ്ണൂരില്‍ സി.പി.എം. പ്രവര്‍ത്തകര്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ വധിക്കാനാണ് പ്ലാനിട്ടിരുന്നതെന്ന ആരോപണം കണ്ണൂരുകാരെ മൊത്തം അപമാനിക്കാന്‍ ഉദ്ദേശിച്ചുള്ളതാണ് എന്നുറപ്പ്. കണ്ണൂരില്‍ പലരെയും പലവിധത്തില്‍ കൊന്നിട്ടുണ്ട്. വൈവിധ്യമാര്‍ന്ന രീതികള്‍ കണ്ടെത്തിയാണ് അവിടെ കുറച്ചുകാലംമുമ്പുവരെ ആളുകളെ കാലപുരിക്കയച്ചുകൊണ്ടിരുന്നത്. ഈ സാങ്കേതികവിദ്യയില്‍ വേറെപലരും ഒരുകൈ നോക്കിയിട്ടുണ്ടെങ്കിലും സി.പി.എം., ബി.ജെ.പി. പാര്‍ട്ടികള്‍ ബഹുകാതം മുന്നിലാണ്. എന്തോ കാരണത്താല്‍ ശത്രുസംഹാരത്തിന് മൊറട്ടോറിയം പ്രഖ്യാപിച്ചിട്ടുണ്ട്. അടിച്ചും വെട്ടിയും കുത്തിയും ബോംബെറിഞ്ഞും കഴുത്തറത്തും എല്ലാം കൊല്ലാറുണ്ടെങ്കിലും പടച്ചവനാണേ സത്യം, ഇന്നുവരെ അവിടെയാരെയും കല്ലെറിഞ്ഞ് കൊന്നിട്ടില്ല. അതുചില അപരിഷ്‌കൃത അറേബ്യന്‍നാടുകളില്‍ നടക്കുന്ന ഏര്‍പ്പാടല്ലേ? സാമാന്യബുദ്ധിയുള്ളവരാരെങ്കിലും ഇക്കാലത്ത് മനുഷ്യനെ കല്ലെറിഞ്ഞുകൊല്ലുമോ?

പരിഷ്‌കൃത ജനാധിപത്യങ്ങളില്‍ 15 വെട്ടുവെട്ടി (കൊല്ലാന്‍ വെട്ട് 51 വേണം എന്നത് യു.ഡി.എഫുകാര്‍ പാര്‍ട്ടിയെ അപമാനിക്കാന്‍ ഉണ്ടാക്കിയ കള്ളക്കഥയാണ്) ആളുകളെ കൊല്ലാനാവുമെന്നിരിക്കെ ആരെങ്കിലും കാറില്‍പോകുന്ന ഒരാളെ കല്ലെറിഞ്ഞ് കൊല്ലാന്‍ നോക്കുമോ ? അതും രണ്ടേരണ്ട് കല്ലെറിഞ്ഞ്? ഒരു മുഖ്യമന്ത്രിയെ? ഒരു കോഴിയെപ്പോലും അങ്ങനെ കൊല്ലാനാവില്ല എന്നറിയാത്തവര്‍ കണ്ണൂരില്‍ കാണില്ല. പുതുപ്പള്ളി, ചെന്നിത്തല, തിരുവഞ്ചൂര്‍ പ്രദേശങ്ങളില്‍ കാണുമായിരിക്കും. മുഖ്യമന്ത്രിമാരൊക്കെ സഞ്ചരിക്കുക ബുള്ളറ്റ്പ്രൂഫ് കാറിലാണ്. ഉമ്മന്‍ചാണ്ടിക്ക് അത്തരമൊരു കാറില്ലെന്ന് അറിഞ്ഞാല്‍പോലും കാര്‍ ചുരുങ്ങിയത് കരിങ്കല്ല്പ്രൂഫ് എങ്കിലും ആയിരിക്കുമെന്നേ ആരും ധരിക്കൂ. അതുകൊണ്ട് മുഖ്യമന്ത്രിയെ കൊല്ലാന്‍ കല്ലെറിയില്ലാരും; സി.പി.എമ്മുകാര്‍ ഒട്ടുമില്ല.

സി.പി.എം. നേതാവ് പിണറായി വിജയന്‍ ആവിഷ്‌കരിച്ചിട്ടുള്ള 'ഗുണഭോക്താവ് തിയറി' അനുസരിച്ച് പാര്‍ട്ടിക്കാര്‍ മുഖ്യമന്ത്രിയെ കല്ലെറിയുകയില്ല. ഗുണം കിട്ടുന്ന പണിയേ നമ്മള്‍ ചെയ്യൂ. മുഖ്യമന്ത്രിയെ കല്ലെറിഞ്ഞാല്‍ അതിന്റെ ഗുണം കോണ്‍ഗ്രസ്സിനാണ് കിട്ടുക. എം.വി. രാഘവനെ പണ്ട് കൊല്ലാന്‍തന്നെ നോക്കിയിട്ടുണ്ട്. അതിന്റെ ഗുണം രാഘവന്റെ പാര്‍ട്ടിക്കല്ല, തങ്ങള്‍ക്കുതന്നെയെന്ന് ഉറപ്പാക്കിയിട്ടാണ് അങ്ങനെ ചെയ്തത്. ഓരോ കൊലയും അങ്ങനെത്തന്നെ. ആലപ്പുഴയില്‍ പി. കൃഷ്ണപ്പിള്ളസ്മാരകം തകര്‍ത്തത് ആരെന്ന് കണ്ടെത്തുന്നത് സാധാരണ ക്രിമിനല്‍ക്കേസ് അന്വേഷണരീതി അനുസരിച്ചാണോ അതല്ല,ഗുണഭോക്താവ് തിയറി അനുസരിച്ചോ എന്ന് പോലീസ് വെളിപ്പെടുത്തിയിട്ടില്ല. തിയറി പ്രകാരം കോണ്‍ഗ്രസ്സുകാരാണ് ഉമ്മന്‍ചാണ്ടിയെ കൊല്ലേണ്ടത്. രണ്ട് കല്ല് വീണതുകൊണ്ട് ഇത്രയും ഗുണംകിട്ടിയ സ്ഥിതിക്ക് വെടിയുണ്ടയാണ് വീണിരുന്നതെങ്കില്‍ എന്തായിരുന്നേനെ സ്ഥിതി? രണ്ട് തിരഞ്ഞെടുപ്പുകാലത്തേക്കെങ്കിലും സി.പി.എം. കേരളത്തില്‍ നിലംതൊടില്ല എന്നുറപ്പ്. എന്നിട്ടുമെന്തേ അവര്‍ അങ്ങനെ ചെയ്തില്ല? ഉമ്മന്‍ചാണ്ടിയുടെ ഭാഗ്യം, കോണ്‍ഗ്രസ്സുകാര്‍ സാമാന്യവിവരംപോലും ഇല്ലാത്തവരായിപ്പോയത്.

മറ്റുജില്ലകളില്‍ കരിങ്കൊടിമാത്രം വീശിയ പാര്‍ട്ടി കണ്ണൂരില്‍ മുഖ്യമന്ത്രിയെ തടയാന്‍ മുഴുവന്‍ വഴികളും ബ്ലോക്ക്‌ചെയ്തതും കാറിന് കല്ലെറിഞ്ഞതും കുറച്ച് ഗുണം അദ്ദേഹത്തിന് കിട്ടിക്കോട്ടെ എന്ന് വിചാരിച്ചാവാനേ ഇടയുള്ളൂ. മുഖ്യമന്ത്രിക്ക് പരിക്കുപറ്റിയാല്‍ പോലീസിനും കോണ്‍ഗ്രസ്സുകാര്‍ക്കും പ്രാന്തുപിടിക്കാം. ലാത്തിച്ചാര്‍ജുതൊട്ട് മേലോട്ടുള്ള ഹിംസാത്മക പ്രതികരണങ്ങള്‍ ഉണ്ടാവും. വെടിവെപ്പിനുള്ള സാധ്യതപോലും തള്ളിക്കളഞ്ഞുകൂടാ. അനന്തസാധ്യതകളാണ് അതിനുള്ളത്. മുമ്പ് കൂത്തുപറമ്പില്‍ വെടിവെപ്പ് ഉണ്ടാക്കിയതിന്റെ ലാഭവിഹിതം അടുത്ത കാലംവരെ കിട്ടിയതാണ്. മാസം മൂന്നായി സോളാറെന്നും മുഖ്യമന്ത്രിയുടെ രാജിയെന്നും പറഞ്ഞ് സമരം ചെയ്യുന്നു. ഒത്തുതീര്‍പ്പിന് വകുപ്പില്ലാത്ത സമരവുമായി ഇറങ്ങിത്തിരിക്കുമ്പോള്‍ ആലോചിക്കാത്തതാണ് ഈ പൊല്ലാപ്പ്. മുന്നോട്ട് കൊണ്ടുപോകാനും വയ്യ, വഴിയില്‍ വലിച്ചെറിയാനും വയ്യ. ഒരു ലാത്തിച്ചാര്‍ജുപോലും തരാക്കാതെ എത്ര കാലമാണ് ഇങ്ങനെ വെറുതേ കരിങ്കൊടി വീശുക?

* * *

''കണ്ണൂരില്‍ പ്രകോപനമുണ്ടാക്കിയത് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയാണ്. അക്രമം ഉണ്ടാകുമെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ഉണ്ടായിട്ടും പോലീസിനെ നിഷ്‌ക്രിയമാക്കി'' -പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്റെ ഈ വിമര്‍ശം ഗൗരവത്തിലെടുത്തില്ല ആരും. അക്രമം സി.പി.എമ്മുകാര്‍ നടത്തുമെന്ന് എന്തായാലും ഇന്റലിജന്‍സുകാര്‍ റിപ്പോര്‍ട്ട് ചെയ്യാനിടയില്ല. സി.പി.എം. അക്രമം നടത്താറില്ലല്ലോ. അക്രമം കോണ്‍ഗ്രസ്സുകാര്‍ നടത്തും. അത് തടയാന്‍ പോലീസ് നിഷ്‌ക്രിയത വെടിഞ്ഞ് സി.പി.എം. പ്രകടനക്കാരെ അടിച്ച് നിലംപരിശാക്കണമായിരുന്നു. അത് ചെയ്യിച്ചില്ല മുഖ്യമന്ത്രി. കടുത്ത പ്രകോപനംതന്നെ.

മുഖ്യമന്ത്രി ഉണ്ടാക്കിയ പ്രകോപനങ്ങളുടെ ലിസ്റ്റ്‌നീണ്ടതാണ്. രാജിവെക്കാന്‍ സി.പി.എം. പറഞ്ഞിട്ട് രാജി വെക്കാതിരുന്നതുതന്നെ പ്രകോപനം നമ്പര്‍ വണ്‍. കണ്ണൂരില്‍ വന്നത് രണ്ടാമത്തെ പ്രകോപനം. അക്രമം ഉണ്ടാകുമെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്‌ചെയ്തിട്ടും പരിപാടിയില്‍ പങ്കെടുക്കാന്‍ പുറപ്പെട്ടത് പ്രകോപനം. പരിപാടിയില്‍ പങ്കെടുക്കാന്‍ തീരുമാനിച്ച സ്ഥിതിക്ക് സമരക്കാരെ അടിച്ച് ലവലാക്കാതിരുന്നത് പ്രകോപനം. കല്ലേറുകൊണ്ടിട്ടുപോലും ലാത്തിച്ചാര്‍ജോ വെടിവെപ്പോ നടത്താതിരുന്നത് പ്രകോപനം. എല്ലാം കഴിഞ്ഞിട്ടും പിറ്റേന്ന് സംസ്ഥാനഹര്‍ത്താല്‍ പ്രഖ്യാപിച്ച് നാടുനീളെ സി.പി.എം. ഓഫീസ് ആക്രമിക്കാനും സംഘട്ടനങ്ങള്‍ ഉണ്ടാക്കാനും തയ്യാറാകാത്തത് പ്രകോപനം. ഇത്രയും പ്രകോപനകാരിയായ മുഖ്യമന്ത്രിയെ പിരിച്ചുവിടാന്‍ ഇനി വൈകിക്കൂടാ. രാഷ്ട്രപതിഭവന് മുന്നിലാണ് ഇനി സമരം വേണ്ടത്.

* * * *

പണ്ട് പഠിച്ചിരുന്ന ഒരു പാഠമുണ്ട്. ഫോട്ടോ കള്ളം പറയില്ല. ഫോട്ടോയെക്കൊണ്ട് കള്ളം പറയിക്കാനുള്ള സാങ്കേതികവിദ്യ അടുത്തകാലത്താണ് ഉണ്ടായത് എന്നേ ഇതിന് അര്‍ഥമുള്ളൂ. ഇന്ന് എന്തും സാധ്യമാണ്. ഫോട്ടോ കള്ളമേ പറയൂ എന്നായിട്ടുണ്ട് അവസ്ഥ.

എല്ലാവരെയും എല്ലാകാലത്തേക്കും തെറ്റിദ്ധരിപ്പിക്കാനേ കഴിയാതുള്ളൂ. കുറച്ചുപേരെ കുറച്ചുസമയം തെറ്റിദ്ധരിപ്പിക്കാന്‍ ഫോട്ടോഷോപ്പ് സംവിധാനങ്ങള്‍ ധാരാളം മതി. പക്ഷേ, സാങ്കേതികവിദ്യ ഉപയോഗിക്കാന്‍ പഠിച്ചാല്‍ പോര. ബുദ്ധിപൂര്‍വംവേണം അതിലെ ആളുകളെ മാറ്റുന്നതും സ്ഥലംമാറ്റുന്നതും തല മാറ്റുന്നതുമെല്ലാം. മാഹിയില്‍ മുഖ്യമന്ത്രിയെ കള്ളച്ചെക്ക് കേസ് പ്രതി സ്വീകരിക്കാനെത്തി. കക്ഷി മുന്നില്‍ത്തന്നെ നിന്നു. പത്രത്തില്‍ ഫോട്ടോവന്നാല്‍ ചീത്തപ്പേരാണ്. പത്രഫോട്ടോഗ്രാഫര്‍മാര്‍ സ്ഥലത്തില്ലാഞ്ഞതുകൊണ്ട് സംഗതി എളുപ്പമായി. ആ ആളെ വെട്ടിമാറ്റിയ ഫോട്ടോ ആണ് പാര്‍ട്ടിക്കാര്‍ പത്രങ്ങള്‍ക്ക് കൊടുത്തത്. പകരം വെച്ച പോലീസുകാരന്‍ ഫോട്ടോയില്‍ വേറൊരിടത്തും നില്‍ക്കുന്നു! പണി പാളി.

സി.പി.എമ്മുകാരെങ്കിലും ഇത്തരം കാര്യങ്ങളില്‍ കുറച്ച് പ്രൊഫഷണലിസം പ്രകടിപ്പിക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. കണ്ണൂരില്‍ ഒരു കോണ്‍ഗ്രസ്സുകാരന്‍ എവിടെയോനിന്ന് ആരെയോ കല്ലെറിയുന്ന ഫോട്ടോ സി.പി.എമ്മുകാരുടെ കൈയിലുണ്ടായിരുന്നു. അയാളെ വെട്ടി, മുഖ്യമന്ത്രിയുടെനേരെ കല്ലേറുനടന്ന സ്ഥലത്ത് സ്ഥാപിക്കാന്‍ ഒരു പ്രയാസവുമില്ലായിരുന്നു. അതല്ല ചെയ്തത്. ഫോട്ടോയിലെ പശ്ചാത്തലംമാത്രം മുറിച്ചുമാറ്റി. ഇവിടെയും പണി പാളി. ഫോട്ടോഷോപ്പ് സാങ്കേതികവിദ്യ കാശുകൊടുത്താല്‍ കിട്ടും. ബുദ്ധി വിലയ്ക്ക് കിട്ടില്ല.

എല്ലാം കാണാന്‍ മുകളിലൊരു ദൈവമുണ്ട് എന്ന് പഴയ ആളുകള്‍ പറയാറുണ്ട്. അതുണ്ടോ ഇല്ലയോ എന്നത് അവിടെ നില്‍ക്കട്ടെ. മുറിയിലായാലും റോഡിലായാലും മുകളിലൊരു ക്യാമറയുണ്ട് എന്നതാണ് പുതിയ സത്യം. ദൈവത്തെ മറക്കാം, ക്യാമറയെ മറന്നാല്‍ കളിമാറും. പൊതുചടങ്ങില്‍ നടിയെ ശല്യപ്പെടുത്തിയിട്ട് ക്യാമറയില്‍ക്കണ്ടത് മോര്‍ഫിങ് ആണെന്ന് പറഞ്ഞാലൊന്നും രക്ഷപ്പെടുകയില്ല. കൈപ്രയോഗം നടത്തുന്നയാള്‍ക്ക് എന്തും പറഞ്ഞൊഴിയാന്‍ ശ്രമിക്കാം. പക്ഷേ, സ്ത്രീക്ക് മനസ്സിലാവും തട്ടിയതാണോ തട്ടിപ്പോയതാണോ എന്ന്. ഒരു തവണയേ തട്ടിപ്പോകൂ, പലവട്ടം തട്ടിപ്പോകില്ല.

Thursday, 17 October 2013

സാധാരണ വാര്‍ത്ത, അസാധാരണ പോലീസ് നടപടിഡി.ജി.പി. പഴയ നഗരത്തിലെ ആള്‍ദൈവത്തെ സന്ദര്‍ശിച്ചത് അമ്പരപ്പുളവാക്കി.
പ്രത്യേക ലേഖകന്‍
ഹൈദരബാദ്: 
വ്യക്തിപരമായ പ്രശ്‌നങ്ങളുമായി വരുന്ന ആളുകളെ ബാബ കാണുന്നത് വ്യാഴാഴ്ച മാത്രം
ഡയറക്റ്റര്‍ ജനറല്‍ ഓഫ് പോലീസ് വി.ദിനേശ് റെഡ്ഡി വ്യാഴാഴ്ച പഴയ നഗരത്തിലെ ആള്‍ദൈവം ഹബീബ് മുസ്തഫ ഇദ്രുസ് ബാബയെ ഫാത്തെ ദര്‍വാസയില്‍ സന്ദര്‍ശിച്ചത് വിവാദമുണ്ടാക്കി.
രാവിലെ പതിനൊന്നരയ്ക്ക് മി.റെഡ്ഡി ഔദ്യോഗികവാഹനത്തില്‍ പോലീസ് വാഹനങ്ങളുടെ അകമ്പടിയോടെയാമ് ചാര്‍മിനാര്‍ വരെ വന്നത്. അവിടെ വെച്ച് അഡീഷനല്‍ ഡി.സി.പി. (ടാസ്‌ക് ഫോഴ്‌സ് ) ബി.ലിംബ റെഡ്ഡി അദ്ദേഹത്തോടൊപ്പം ചേര്‍ന്നു. തുടര്‍ന്ന് രണ്ടുപേരും കനത്ത കാവലോടെ ബാബയുടെ വീട്ടിലേക്ക് പോയി. ഡി.ജി.പി. ബാബയുടെ വീട്ടില്‍ ചെലവഴിച്ച 40 മിനിട്ടുനേരവും ഹത്തേ ദര്‍വാസ വഴിക്കുള്ള ഗതാഗതം നിയന്ത്രിക്കപ്പെട്ടു. മാധ്യമങ്ങള്‍ക്ക് ഈ പ്രദേശത്ത് പ്രവേശനം നിഷേധിക്കുകയും ചെയ്തു. 

മറ്റൊരു ഐ.പി.എസ് ഉദ്യോഗസ്ഥനായ ഉമേഷ് കുമാര്‍ നല്‍കിയ ഹരജിയെ തുടര്‍ന്ന് ഡി.ജി.പി.യുടെ സ്വത്തുകളെ കുറിച്ച് അന്വേഷിക്കണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. ഈ പശ്ചാത്തലത്തില്‍ ഡി.ജി.പി.യുടെ സന്ദര്‍ശനത്തിന് പ്രത്യേക പ്രാധാന്യം കല്പിക്കപ്പെടുന്നു. 


മിസ്റ്റര്‍ റെഡ്ഡി ഔദ്യോഗിക പദവിയില്‍നിന്ന് ഈ മാസാവസാനം വിരമിക്കേണ്ടതുണ്ട്. ഡി.ജി.പി.ക്ക് രണ്ടുവര്‍ഷം സ്ഥാനത്ത് തുടരാന്‍ അവസരം കൊടുക്കണമെന്ന് ഈയിടെ സുപ്രീം കോടതി നിര്‍ദ്ദേശിച്ചത് ചൂണ്ടിക്കാട്ടി തന്റെ സര്‍വീസ് നീട്ടണമെന്ന ആവശ്യവുമായി റെഡ്ഡി സെന്‍ട്രല്‍ അഡ്. ട്രിബ്യൂണലിന് ഹരജി നല്‍കിയിരുന്നു. രണ്ടാഴ്ചക്കകം ഇക്കാര്യത്തില്‍ തീരുമാനമെടുക്കണമെന്ന് കോടതി നിര്‍ദ്ദേശം നല്‍കിയിരുന്നുവെങ്കിലും തീരുമാനമുണ്ടായിട്ടില്ല.


വ്യക്തിപരമായ പ്രശ്‌നങ്ങളുമായി വരുന്ന ആളുകളെ ബാബ കാണുന്നത് വ്യാഴാഴ്ച മാത്രമാണെന്ന് അറിയുന്നു. റെഡ്ഡി ചില ഫയലുകളുമായാണ് ബാബയെ കണ്ടത്. 

മുന്‍ ഗവര്‍ണര്‍ എന്‍.ഡി.തിവാരി, മുന്‍ റെയില്‍വെ മന്ത്രി ജാഫര്‍ ഷെറീഫ് തുടങ്ങിയവര്‍ നേരത്തെ ഇതേ ബാവയെ സന്ദര്‍ശിച്ചിട്ടുണ്ട്. സന്ദര്‍ശനത്തെ കുറിച്ച് ബാബയുടെ പ്രതികരണം തേടിയുരുന്നുവെങ്കിലും ലഭിച്ചിട്ടില്ല.

ഹൈദരബാദില്‍ നിന്ന് പ്രസിദ്ധപ്പെടുത്തുന്ന ദ ഹിന്ദു പത്രത്തില്‍ പ്രസിദ്ധീകരിച്ചതാണ് വാര്‍ത്ത. വാര്‍ത്തയോടൊപ്പം, മുകളില്‍ കൊടുത്ത ഫോട്ടോയുമുണ്ട്. വാര്‍ത്ത പ്രദിദ്ധീകരിച്ചതിന് ദ ഹിന്ദു ഹൈദരാബാദ് റസിഡന്റ് എഡിറ്റര്‍ എസ്.നാഗേഷ് കുമാറിന്റെ പേരില്‍ പേലീസ് കേസ് എടുത്തിരിക്കുകയാണ്. വസ്തുതകള്‍ പരിശോധിക്കാതെ വാര്‍ത്ത പ്രസിദ്ധപ്പെടുത്തി എന്നതാണ് കുറ്റം.

ഇതുപോലെ തീര്‍ത്തും സാധാരണമായ ഒരു വാര്‍ത്തയുടെ പേരില്‍ പത്രാധിപര്‍ക്കെതിരെ അറസ്റ്റ് വാറണ്ടുണ്ടായ സംഭവം ഇന്ത്യയില്‍ അടിയന്തരാവസ്ഥയിലെങ്കിലും ഉണ്ടായതായി ചൂണ്ടിക്കാട്ടാനാവുമോ ? പറ്റുമെന്ന് തോന്നുന്നില്ല.

ആന്ധ്ര പ്രദേശ് പോലീസ് ഗസറ്റഡ് ഓഫീസേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് കൂടിയായ അസി.പോലീസ് കമ്മീഷണര്‍ റാം നരസിംഹ റെഡ്ഡി നല്‍കിയ പരാതി പ്രകാരം  ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 469, 505 (1) മ, യ എന്നിവയും പോലീസ് ഇന്‍സൈറ്റ്‌മെന്റ് ടു ഡിസെഫെക്ഷന്‍ ആക്റ്റും (1992) പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്. ഡി.ജി.പി.യുടെ സന്ദര്‍ശനം സംബന്ധിച്ച വാര്‍ത്ത ഡി.ജി.പി.യുടെ സല്‍ക്കീര്‍ത്തി തകര്‍ക്കുന്നതി ഇ ും പോലീസ് സേനയുടെ ആത്മവീര്യം ഇല്ലാതാക്കുന്നതിനും ജനങ്ങളില്‍ ഭീതി വളര്‍ത്തുന്നതിനും വേണ്ടി ദുരുദ്ദേശപൂര്‍വം പ്രസിദ്ധപ്പെടുത്തിയതാണ് എന്ന് എ.സി.പി പറയുന്നു. ഇതേ വാര്‍ത്ത പ്രസിദ്ധപ്പെടുത്തിയതിന് സീ 24 ചാനലിലെ രണ്ട് ജീവനക്കാരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഭൂമി തട്ടിപ്പുകാരന്‍ എന്ന് ആള്‍ദൈവത്തെ ആക്ഷേപിച്ചു എന്ന പരാതി കൂടിയുണ്ട് ചാനല്‍ ജീവനക്കാരുടെ പേരില്‍. അവരെ ജയിലിലടച്ചിരിക്കുകയാണ്.

വ്യക്തിയെ ദ്രോഹിക്കുന്നതിന് രേഖകള്‍ വ്യാജമായി ഉണ്ടാക്കുക, പോലീസ്, സൈന്യം, നാവികസേനാവിഭാഗം തുടങ്ങിയവരെ കൃത്യനിര്‍വഹണത്തില്‍ തടസ്സപ്പെടുത്തുക തുടങ്ങിയ കുറ്റങ്ങളാണ് പത്രാധിപരുടെ പേരില്‍ ആരോപിച്ചിരിക്കുന്നത്. മൂന്നുവര്‍ഷം തടവും പിഴയും ലഭിക്കാവുന്ന താണ് ഈ കുറ്റങ്ങള്‍.

ആന്ധ്ര പോലീസ് തലവന്റെ മനുഷ്യദൈവ സന്ദര്‍ശനവും അത് സംബന്ധിച്ച് പ്രസിദ്ധപ്പെടുത്തിയ വാര്‍ത്തയുടെ പേരിലെടുത്ത നടപടിയും പല നിലയിലും അസാധാരണമാണ്, അങ്ങേയറ്റത്തെ അധികാരദുര്‍വിനിയോഗമാണ്,  അഭിപ്രായപ്രകടനസ്വാതന്ത്ര്യത്തിന്റെ ലംഘനവുമാണ്, പത്രസ്വാതന്ത്ര്യം തകര്‍ക്കാനുള്ള നീക്കമാണ്. നിര്‍ഭാഗ്യമെന്ന് പറയട്ടെ, സര്‍ക്കാറുകളുടെയോ പൊതുസമൂഹത്തിന്റെയോ മാധ്യമലോകത്തിന്റെ തന്നെയോ ഭാഗത്ത് നിന്ന് ശക്തമായ പ്രതികരണം ഇക്കാര്യത്തിലുണ്ടായില്ല. ആന്ധ്രസര്‍ക്കാര്‍ പോലീസ് മേധാവിയുടെ പ്രത്യക്ഷത്തില്‍തന്നെ അസംബന്ധം നിറഞ്ഞ നടപടി ഇതെഴുതുന്നത് വരെ ഗവണ്മെന്‍്‌റ് തടഞ്ഞിട്ടില്ല. മുന്‍കൂര്‍ ജാമ്യമെടുത്തെങ്കിലും റസിഡന്റ് എഡിറ്ററുടെ വീട്ടില്‍ രണ്ടുവട്ടം പോലീസ് സംഘങ്ങള്‍ കയറിച്ചെന്നത് ഭീതി സൃഷ്ടിക്കുന്നതിനാണ് എന്നാരോപിക്കപ്പെട്ടിട്ടുണ്ട്. ഇതിനെതിരെയൊന്നും നടപടികള്‍ ഉണ്ടായില്ല. ആന്ധ്രക്ക് പുറത്ത് ദ ഹിന്ദു പത്രത്തിലൊഴികെ കാര്യമായി വാര്‍ത്തകളോ ചര്‍ച്ചകളോ ഉണ്ടായിട്ടില്ല. കേസ് എടുത്തതിനെയും തുടര്‍ന്ന് നടന്ന സംഭവങ്ങളെയും ആന്ധ്ര പ്രദേശിലെ പത്രപ്രവര്‍ത്തക-പത്രാധിപ സംഘടനകള്‍ അപലപിച്ചിട്ടുണ്ടെന്നുമാത്രം ആശ്വസിക്കാം.

പോലീസ് മേധാവി ആള്‍ദൈവത്തെ സന്ദര്‍ശിച്ചിട്ടില്ലെന്ന് ആരും പറയുന്നില്ല. ഡി.ജി.പി.പത്രങ്ങള്‍ക്കയച്ച കത്തില്‍ വാര്‍ത്ത നിഷേധിച്ചിട്ടില്ല. സന്ദര്‍ശിച്ചത് ക്രമസമാധാനപാലനം സംബന്ധിച്ചാണെന്ന് വിശദീകരിക്കുന്നുണ്ടെന്ന് മാത്രം. വാര്‍ത്തയില്‍ നിരവധി അസത്യങ്ങളും അര്‍ദ്ധസത്യങ്ങളും ഉണ്ട്, ഡി.ജി.പി.യുടെ സ്ഥിരീകരണം ആരാഞ്ഞില്ല, അപ്രധാന കാര്യമായിട്ടും പത്രത്തിന്റെ ഒന്നാം പേജില്‍ ആറുകോളം തലക്കെട്ടില്‍ പ്രസിദ്ധപ്പെടുത്തി, വാര്‍ത്തയുടെ ഫലമായി പോലീസിന്റെ ആത്മവീര്യവും യശസ്സും തകര്‍ന്നു, വര്‍ഗീയസംഘര്‍ഷത്തിന് കാരണമായി.....തുടങ്ങിയ പരിഹാസ്യങ്ങളായ ആക്ഷേപങ്ങളാണ് ഡി.ജി.പി.യുടെ കത്തില്‍ ഉള്‍ക്കൊള്ളുന്നത്.
ആക്ഷേപങ്ങള്‍ ഓരോന്നും ദ ഹിന്ദു പത്രാധിപര്‍ സിദ്ധാര്‍ഥ് വരദരാജന്‍ അക്കമിട്ട് നിഷേധിച്ചിട്ടുണ്ട്. വാര്‍ത്ത അസത്യമാണെന്നല്ല ആക്ഷേപം, വാര്‍ത്തയ്ക്ക് അമിത പ്രാധാന്യം നല്‍കി എന്നതാണ്. മറ്റെല്ലാവരും ഉള്‍പ്പേജില്‍ അപ്രധാനമായി നല്‍കിയ വാര്‍ത്തയ്ക്ക് എന്തിന് ഒന്നാം പേജില്‍ ഇത്രയും പ്രധാന്യം നല്‍കി എന്നുതുടങ്ങിയ ചോദ്യങ്ങളാണ് പോലീസ് മേധാവിയുടേത്.

ആശങ്കാജനകമാണിത്. ഏത് വാര്‍ത്ത ഏത് പേജില്‍ പ്രസിദ്ധപ്പെടുത്തണം, എന്തെല്ലാം വസ്തുതകള്‍ വാര്‍ത്തയില്‍ ഉള്‍ക്കൊള്ളിക്കണം, വാര്‍ത്തയ്ക്ക് എത്ര വലുപ്പം വേണം, എത്ര പ്രാധാന്യം നല്‍കണം തുടങ്ങിയ കാര്യങ്ങള്‍ പത്രാധിപരല്ല, പോലീസ് മേധാവിയാണ് തീരുമാനിക്കേണ്ടത് എന്ന് നിലയിലേക്ക് അധ:പതിക്കുകയാേണാ ജനാധിപത്യം ?

ഇതൊരു ഒറ്റപ്പെട്ട സംഭവമായിരിക്കാം. ഒരു ഉദ്യോഗസ്ഥന്റെ അതിരുകടന്ന അധികാരപ്രയോഗമായിരിക്കാം. അതല്ല ആശങ്ക ഉയര്‍ത്തുന്നത്. ഇത്തരം പ്രവണതകള്‍ക്കെതിരെയുള്ള പ്രതികരണങ്ങള്‍ എന്തുമാത്രം ദുര്‍ബലവും വിരളവും അസംഘടിതവും വഴിപാട് സ്വഭാവമുള്ളതുമാണ് എന്നതാണ് കൂടുതല്‍ ആശങ്ക ജനിപ്പിക്കുന്നത്. പൗരന്റെ അഭിപ്രായ സ്വാതന്ത്ര്യമാണ് മാധ്യമസ്വാതന്ത്ര്യത്തിന്റെ അടിസ്ഥാനം എന്ന തത്ത്വംപോലും വിസ്മൃതമാവുകയാണോ എന്ന് സംശയിക്കാവുന്ന വിധത്തിലുള്ള പ്രതികരണങ്ങള്‍ ജനാധിപത്യവിശ്വാസികകളെ ഭയപ്പെടുത്തുന്നു.Sunday, 13 October 2013

സമ്മതിദാനം പവിത്രം ; സമ്മതി നിഷേധവുംഅറുപത് വര്‍ഷത്തിലേറെയായി വോട്ട് ചെയ്യാന്‍ തുടങ്ങിയിട്ട്. ഭയങ്കര ബോറായിരിക്കുന്നു. ബാലറ്റ് പെട്ടി പോയി ഇലക്‌ട്രോണിക്‌സ് വന്നതാണ് ആകെയുണ്ടായ മാറ്റം. കടലാസായിരുന്ന കാലത്ത് വോട്ട് അസാധുവാക്കാമായിരുന്നു. അതിന്റെ രസമൊന്നുവേറെ. വോട്ട് ചെയ്യാന്‍ പോയില്ലെങ്കില്‍ നാട്ടിലെ സര്‍വ പാര്‍ട്ടിക്കാരും മുഷിയും. അവറ്റകള്‍ സംഘടിതമായി വന്ന് പറമ്പിലെ വാഴ വെട്ടിയെന്ന് വരാം. ബാലറ്റ് പേപ്പറില്‍ എല്ലാവര്‍ക്കും വോട്ട് ചെയ്താല്‍ ആരും മുഷിയില്ല. റിസല്‍റ്റ് പ്രഖ്യാപിക്കുമ്പോള്‍ പത്രത്തില്‍ അസാധുവിന്റെ വോട്ട് വായിക്കുമ്പോഴത്തെ സന്തോഷം ജനാധിപത്യവിരുദ്ധമോ ഭരണഘടനാവിരുദ്ധമോ ആണെന്നാരും ഇതുവരെ വിധിച്ചിട്ടില്ല. അസാധുവിനേക്കാള്‍ കുറഞ്ഞ വോട്ടുകിട്ടിയാലും ജയിക്കും. പാര്‍ലമെന്റില്‍ ആ അംഗത്തിന്റെ വോട്ടിന് വിലയൊട്ടും കുറയില്ല. സിറ്റിങ്ങ് ഫീസും കുറയില്ല. പിന്നെയെന്ത് പ്രശ്‌നം?

ഇലക്‌ട്രോണിക്‌സ് വന്നതോടെ ആ സുഖം പോയി. അസാധു അന്തരിച്ചു. ഒരു സ്ഥാനാര്‍ഥിയെയും ഇഷ്ടമില്ലെങ്കിലും വോട്ട് കുത്തിയേ തീരൂ. വോട്ട് ചെയ്യാതെ മടങ്ങാം. അതിന് പിന്നെ അങ്ങോട്ട് പോകണമോ വീട്ടിലിരുന്നാല്‍ പോരേ എന്ന ചോദ്യമുണ്ട്. വോട്ട് ചെയ്യാതെ വീട്ടിലിരുന്നാല്‍ രാഷ്ട്രീയ ദിവ്യന്മാരുടെ നോട്ടപ്പുള്ളിയാകും. ബൂത്ത് വരെ പോയി, വോട്ട് ചെയ്യുന്നില്ല എന്ന് എഴുതിക്കൊടുത്ത് മടങ്ങിയാല്‍ ആള്‍ വട്ടനാണ് എന്ന സല്‍പ്പേരും കിട്ടും.

ഗൗരവമേറിയ ഈ അതിജീവനപ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരമുണ്ടാക്കി സുപ്രീംകോടതി. ജനപ്രതിനിധികള്‍ മനസ്സ് വെക്കാത്തതുകൊണ്ടാണ് ബഹു. ജസ്റ്റിസുമാര്‍ക്ക് ഇത് ചെയ്യേണ്ടി വന്നത്. വിപ്ലവകരമായ മാറ്റംതന്നെ. ആരാണ് തന്നെ പ്രതിനിധീകരിക്കേണ്ടത് എന്ന് പറയുന്നതുപോലെതന്നെ പ്രധാനമാണ് ആരും തന്നെ പ്രതിനിധീകരിക്കാന്‍ യോഗ്യരല്ല എന്ന് പറയുന്നതും. അഭിപ്രായ സ്വാതന്ത്ര്യമാണ് പ്രശ്‌നം. അത് കിട്ടി. അതില്ലാത്തതുകൊണ്ട് ഇനി ആര്‍ക്കും ഉറക്കം നഷ്ടപ്പെടുകയില്ല. സമ്മതിദാനം പവിത്രം, സമ്മതി നിഷേധവും അത്രതന്നെ പവിത്രം. ബഹുസന്തോഷം.

ആ സന്തോഷത്തിലങ്ങനെ നിര്‍വൃതി കൊള്ളുമ്പോഴാണ് ഓരോരോ അരസികന്മാര്‍ കുത്തുവാക്കുകളും സംശയങ്ങളും തൊടുത്തുവിട്ട് നമ്മെ അലോസരപ്പെടുത്തുന്നത്. ജയിലിലെ ഭക്ഷണം മോശമായാലും തിന്നേ തീരൂ. ആ ഗതികേട് മാറ്റാന്‍ 'ഭക്ഷണം മോശമാണ്, ഞാന്‍ തിന്നുകയില്ല' എന്നെഴുതിക്കൊടുക്കാന്‍ അവകാശം കിട്ടിയാല്‍ സുഖാവ്വോ ? പട്ടിണി കിടന്നുചാവുകയേ ഉള്ളൂ. ബാലറ്റ് പേപ്പറിലെ അഞ്ചുപേരും യൂസ്‌ലെസ്സുകളാണ് എന്ന് 95 ശതമാനം ജനവും വിധിയെഴുതി എന്ന് സങ്കല്‍പ്പിക്കൂ. എന്തുസംഭവിക്കും? ഒന്നും സംഭവിക്കില്ല. ബാക്കി അഞ്ചുശതമാനം വോട്ടില്‍ കൂടുതല്‍ കിട്ടിയ സ്ഥാനാര്‍ഥി ജയിക്കും. ഒരു ശതമാനം കിട്ടിയ ആള്‍ക്കും ജയിക്കാവുന്നവിധം വിശാലമാണ് ജനാധിപത്യം. ബാക്കി സ്ഥാനാര്‍ഥികള്‍ക്ക് അതിലും കുറവേ കിട്ടാവൂ എന്നുമാത്രം. മത്സരങ്ങള്‍ അങ്ങനെയാണ്. മുന്നില്‍ എത്തുന്ന ആളല്ലേ ഒളിമ്പിക്‌സ് ഓട്ടത്തിലും ജയിക്കുക? അങ്ങനെ ജയിക്കുന്ന ആളും 100 ശതമാനം ജനത്തിന്റെ പ്രതിനിധിയായി വിലസും അഞ്ചുകൊല്ലവും. ബത്തയും കുറയില്ല. കശ്മീരില്‍ ജനം തിരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ച കാലത്ത് ഒരു ശതമാനം വോട്ട് കിട്ടിയവരും ജയിച്ചിട്ടുണ്ട്. അഞ്ചുകൊല്ലം ഭരിച്ചിട്ടുമുണ്ട്.

വോട്ട് നിഷേധത്തില്‍ മാനസിക സുഖം ഉണ്ടെന്നത് സത്യംതന്നെ. പ്രയോജനം ഉണ്ടോ എന്ന കാര്യത്തില്‍ സംശയമുണ്ട്. ഒരുവട്ടം വോട്ട് നിഷേധിക്കുന്നത് സുഖംതന്നെ. ഒരു വട്ടം കൂടി അത് ചെയ്ത് സുഖിക്കാം. പിന്നെ സുഖം തീരും. ആ പണിക്ക് പോവില്ല. അപ്പോഴായിരിക്കും ആരെങ്കിലും അടുത്ത കേസുമായി കോടതിയില്‍ പോവുക. യുവര്‍ ഹൈനസ്സേ, അഞ്ചുശതമാനം വോട്ട് മാത്രം കിട്ടിയ ആള്‍ നൂറുശതമാനത്തിന്റെയും പ്രതിനിധിയായി ഞെളിഞ്ഞുനടക്കുന്നത് തടയണം എന്ന് ഹര്‍ജി കൊടുക്കും. നിശ്ചിത ശതമാനം വോട്ട് ചെയ്യുന്നില്ലെങ്കില്‍ തിരഞ്ഞെടുപ്പ് റദ്ദാകും എന്നൊരു ഉത്തരവ് വന്നാല്‍ കൈയടി ജോറാകും. പക്ഷേ, സംഗതി അതോടെ കൂടുതല്‍ വലിയ പൊല്ലാപ്പാകുമെന്നാണ് അറിവുള്ള ആളുകള്‍ പറയുന്നത്.

ഒരു സെറ്റ് സ്ഥാനാര്‍ഥികളെ വോട്ടര്‍മാര്‍ നിഷേധിച്ചാല്‍ വീണ്ടും നടക്കുന്ന തിരഞ്ഞെടുപ്പിലും ഇവര്‍ തന്നെ മത്സരിച്ചാലോ ? വേറെ സ്ഥാനാര്‍ഥികളാണ് എന്നുകരുതുക. അവരെയും ജനം നിരസിച്ചാല്‍ എന്തുചെയ്യും ? എത്ര തവണ ഇങ്ങനെ വോട്ടെടുപ്പ് നടത്താം ? ഒരു തവണ അയോഗ്യരായവര്‍ക്ക് വീണ്ടും മത്സരിക്കുന്നതിന് അയോഗ്യത ഉണ്ടാകുമോ ? ലോക്‌സഭയിലെ അമ്പത് ശതമാനം മണ്ഡലത്തിലും തിരഞ്ഞെടുപ്പ് റദ്ദാക്കപ്പെട്ടാല്‍ എങ്ങനെ അടുത്ത ഗവണ്മെന്റ് രൂപവത്കരിക്കും? ഉപതിരഞ്ഞെടുപ്പിലും ജനം ആരെയും ജയിപ്പിച്ചില്ലെങ്കിലെന്തുചെയ്യും. അഞ്ചുകൊല്ലവും വോട്ടെടുപ്പ് നടത്തിക്കൊണ്ടിരിക്കാന്‍ പറ്റുമോ ? ജനത്തിന് എപ്പോഴും വോട്ട് ചെയ്തുകൊണ്ടിരിക്കലാണോ പണി ? എപ്പോഴും വോട്ടുപിടിച്ചാല്‍ പാര്‍ട്ടികളുടെ എല്ലൊടിയില്ലേ, എപ്പോഴും തിരഞ്ഞെടുപ്പുനടത്തിയാല്‍ സര്‍ക്കാറുകളുടെ എല്ലൊടിയില്ലേ... ചോദ്യങ്ങള്‍ തീരുകയില്ല. മുന്‍ ഇലക്ഷന്‍ കമ്മീഷനംഗം എസ്.വി. ഖുറേഷി ഈ വിധം എട്ടുപത്ത് ചോദ്യങ്ങള്‍ ചോദിച്ച് പത്രത്തില്‍ ലേഖനമെഴുതിയിട്ടുണ്ട്. അത് വായിച്ചാല്‍ ആരും പറഞ്ഞുപോകും... വെളുക്കാന്‍ തേച്ചത് പാണ്ടല്ല അര്‍ബുദംതന്നെ ആയേക്കുമെന്ന്. തത്കാലം വോട്ട് നിഷേധിച്ച് സമാധാനപ്പെടാം. അത്ര മനഃസുഖം മതി. കൂടുതലായാല്‍ കരഞ്ഞുപോകും.

* * *

ഇന്ദിരയെ വിളിക്കൂ... രാജ്യത്തെ രക്ഷിക്കൂ എന്നൊരു മുദ്രാവാക്യം കുറേക്കാലം മുമ്പ് കേട്ടിരുന്നു. ഇന്ദിരയെ വിളിച്ചു. രാജ്യം രക്ഷപ്പെട്ടോ എന്നറിയില്ല. ഇന്ദിരയെ രക്ഷിക്കാന്‍ രാജ്യത്തിന് കഴിഞ്ഞുമില്ല. അതുപോകട്ടെ, ഇപ്പോഴിതാ എ.കെ. ആന്റണിയെ വിളിക്കൂ...യു.ഡി.എഫിനെ രക്ഷിക്കൂ എന്ന് നിലവിളികള്‍ കേള്‍ക്കുന്നു.

കേള്‍ക്കേണ്ടാത്തത് ഒന്നും ആന്റണി കേള്‍ക്കില്ല. അതൊരു പ്രത്യേക കഴിവാണ്. ഈയിടെയായി അദ്ദേഹം കേരളത്തില്‍ നിന്നുള്ള അപശബ്ദങ്ങള്‍ ഒന്നും കേള്‍ക്കാറില്ല. ശസ്ത്രക്രിയ കാരണം വിശ്രമത്തിലായതുകൊണ്ടാണ് കേള്‍ക്കാത്തത് എന്ന് ധരിക്കേണ്ട. ഇപ്പോഴാണ് കേള്‍ക്കാന്‍ ഏറ്റവും സൗകര്യം. എന്നാലും കേള്‍ക്കില്ല. സാമാന്യബുദ്ധിയുള്ള ആരും കേള്‍ക്കില്ല. മൂന്നാം തവണ കൈവന്ന മുഖ്യമന്ത്രി പദവി വിട്ടെറിഞ്ഞ് എട്ടൊമ്പത് വര്‍ഷം മുമ്പ് കേന്ദ്രത്തിലേക്ക് പോയത് യു.ഡി.എഫിനെ രക്ഷിക്കാന്‍ കഴിയാതെയാണ്. പിന്നെ നല്ല മനഃസമാധാനം ഉണ്ടായിക്കാണും. ഏറ്റവും നീണ്ടകാലം ഇന്ത്യയുടെ രാജ്യരക്ഷാപദവി വഹിക്കുന്ന ആളെന്ന റെക്കോഡ് അടുത്ത ദിവസം ആന്റണിയുടെ പേരില്‍ രേഖപ്പെടുത്തും. ലിംകയോ ഗിന്നസ്സോ എന്നറിയില്ല. അപ്പോഴാണ് ഓരോരുത്തര്‍ ഇങ്ങോട്ട് ക്ഷണിക്കുന്നത്. ഇത്രയും ശത്രുത പാടില്ല കേട്ടോ....

അധികാരമോഹിയായതുകൊണ്ട് ആന്റണി പാഞ്ഞുവന്ന് മുഖ്യമന്ത്രിപദം ഏറ്റെടുക്കുമെന്ന് പറയുന്നുണ്ട് ചെറിയാന്‍ ഫിലിപ്പ്. ആന്റണി-ചെറിയാന്‍ഫിലിപ്പ് ഇരിപ്പ് വശം നമുക്കറിയുന്നതുകൊണ്ട് അതിന്റെ വിശദാംശങ്ങളിലേക്ക് പോകേണ്ട. പ്രധാനമന്ത്രിക്ക് തൊട്ടുതാഴെയുള്ള രാജ്യരക്ഷാമന്ത്രി സ്ഥാനത്തേക്കാള്‍ വലുതാണ് കൊച്ചുകേരളത്തിന്റെ മുഖ്യമന്ത്രിസ്ഥാനം എന്ന് തോന്നണമെങ്കില്‍ അധികാരമോഹം മാത്രം പോര, വേറെ മാനഃസിക പ്രശ്‌നങ്ങള്‍ വേണം. 2014 മാര്‍ച്ചിന് ശേഷം കേന്ദ്രത്തില്‍ മന്ത്രിസ്ഥാനമില്ലാതെ തിരിച്ചുപോരേണ്ടി വരും എന്നാണോ ? ആന്റണി എന്തിന് ഭയപ്പെടണം...ഇടതുപക്ഷ-മൂന്നാം മുന്നണി പിന്‍ബലത്തോടെ ഒരു കൈ നോക്കിക്കൂടേ ? ചെറിയാന്‍ ഫിലിപ്പിന് മുഷിയുമോ ?

* * *

ഉമ്മന്‍ചാണ്ടി ശൈലി മാറ്റണം എന്നാണ് കെ. മുരളീധരന്റെ അഭിപ്രായം. ഉമ്മന്‍ചാണ്ടി കരുതിയേ പറ്റൂ. ഇതിനുമുമ്പ് ശൈലി മാറ്റണമെന്ന ഡിമാന്‍ഡ് ഉയര്‍ന്നത് എപ്പോഴായിരുന്നു എന്ന് ആരുമറന്നാലും കെ. മുരളീധരന്‍ മറക്കില്ല. കെ. കരുണാകരന്റെ ശൈലി മാറ്റണം എന്നായിരുന്നു അന്നത്തെ ഡിമാന്‍ഡ്. ഉയര്‍ത്തിയത് അന്നത്തെ എ ഗ്രൂപ്പ്. അതിന്റെ അന്നത്തെ വര്‍ക്കിങ് തലവന്‍ ഉമ്മന്‍ചാണ്ടി. അതവസാനിച്ചത് കെ. കരുണാകരന്റെ രാജിയില്‍. ജാഗ്രതൈ.....

Sunday, 6 October 2013

ന്യൂ ജനറേഷന്‍ പൊളിറ്റിക്‌സ്‌രാഹുല്‍ജിയുടെ കൈയില്‍ എടുത്തുപറയത്തക്ക പുതിയ ഐഡിയകളൊന്നും ഇല്ലെന്നൊരു തെറ്റിദ്ധാരണ ഇന്ദ്രപ്രസ്ഥത്തിലെ രാഷ്ട്രീയ നിരീക്ഷക കഴുകന്മാര്‍ക്കിടയില്‍ ഉണ്ടായിരുന്നു. അവര്‍ക്ക് തെറ്റി. ഇരുചെവിയറിയാതെ നടത്തേണ്ട ഒരു സംഗതി നാട്ടില്‍ പാട്ടാക്കി യുവപ്രതിഭ. കൈയിലിരിപ്പിനെക്കുറിച്ച് ജനത്തിന് ചില ഐഡിയാസ് കിട്ടുകയും ചെയ്തു.

സംഗതി നിസ്സാരം. ക്രിമിനല്‍ക്കേസില്‍ ശിക്ഷിക്കപ്പെട്ടാലും സ്ഥാനമാനങ്ങള്‍ ഒന്നും തെറിച്ചുപോകില്ലെന്ന് ഉറപ്പുവരുത്തുന്ന സംവിധാനമാണ് നാട്ടിലുള്ളത്. കോടതി ചൂണ്ടിക്കാട്ടിയപ്പോഴേ ചിലര്‍ക്ക് സംഗതി പിടികിട്ടിയുള്ളൂ. കോടതി പറഞ്ഞതുപോലെ ചെയ്താല്‍ ബുദ്ധിമുട്ടാകും. പാവപ്പെട്ട ക്രിമിനലുകള്‍ക്കൊന്നും പിന്നെ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനാവില്ല. പിന്നെയെന്ത് ജനാധിപത്യം! ഉടനെ നിയമം ഭേദഗതിചെയ്ത് കോടതിയുടെ നാവടപ്പിക്കാനുള്ള പണി തുടങ്ങി ഗാന്ധിയന്‍ പാര്‍ട്ടിയുടെ നേതൃത്വത്തില്‍. ഓര്‍ഡിനന്‍സ് ഇറക്കി കോടതിയെ വരുതിയിലാക്കാന്‍ തീരുമാനമെടുത്തത് ഇന്നലെയൊന്നുമല്ല. ചര്‍ച്ചയും സംവാദവും നടക്കാന്‍ തുടങ്ങിയിട്ട് മാസം മൂന്നായി.

യുവനേതാവ് വേറെയെന്തോ തിരക്കിലായിരുന്നെന്ന് തോന്നുന്നു. വിവരം വൈകി അറിഞ്ഞാലും മന്‍മോഹന്‍ജിയെ വിളിച്ച് ഒരു വാക്ക് പറഞ്ഞാല്‍ തീരുന്ന പ്രശ്‌നമേ സംഗതിയിലുള്ളൂ. മന്‍മോഹന്‍ജി കേസുകളിലൊന്നും പ്രതിയല്ല. അദ്ദേഹത്തിനുവേണ്ടിയല്ല ഓര്‍ഡിനന്‍സ് ഇറക്കുന്നതും. അമ്മയും പുത്രനും പറയുന്നതിനപ്പുറം ഒരു കടുംകൈയും അദ്ദേഹം ഇക്കാലംവരെ ചെയ്തിട്ടില്ല, ഇനി ചെയ്യുകയുമില്ല. ഓര്‍ഡിനന്‍സ് വേണ്ട എന്നൊരു കുറിപ്പെഴുതി കൊടുത്തയച്ചാല്‍ സംഗതി അവിടെ അവസാനിക്കും. പക്ഷേ, അതിലൊട്ടും നാടകീയതയില്ല. ചാനലുകാര്‍ ശ്രദ്ധിക്കില്ല. നാട്ടില്‍ ചര്‍ച്ചയാകില്ല. രാഹുല്‍ജി ജീവിച്ചിരിപ്പുണ്ടെന്ന് ആരും ശ്രദ്ധിക്കാതെ പോകും. ഒറ്റയടിക്ക് അതെല്ലാം സാധിച്ചെടുക്കണം. അതാണ് ഐഡിയ.

ഐഡിയ ഉദിച്ചപ്പോള്‍ ഇരിക്കപ്പൊറുതിയില്ലാതായി. ഇടംവലം നോക്കിയില്ല. വികാരത്തിന്റെ ഡിഗ്രി കുറച്ച് അധികമുണ്ടത്രേ രാഹുല്‍ജിക്ക്. അത് കൂടുന്നതിന് ആനുപാതികമായി വിവേകത്തിന്റെ തോതുകുറയും. വികാരം ഉണ്ടായതുതന്നെ ആഴ്ചകള്‍ വൈകിയാണ്, വിവേകം പിന്നെയും ലേറ്റായി. പഴയ കാലത്തെ ട്യൂബ് ലൈറ്റുകള്‍ സ്വിച്ചിട്ടാല്‍ കുറേ മിന്നിയേ കത്തൂ. എന്നാലും സിനിമയില്‍ പറഞ്ഞതുപോലെ 'ലേറ്റാനാലും ലേറ്റസ്റ്റ്' ആയാണ് അവതാരമുണ്ടായത്. ധൃതിക്കിടയില്‍ സ്വന്തമായി ഒരു പത്രസമ്മേളനം വിളിച്ചുകൂട്ടാനുള്ള സാവകാശം കിട്ടിയില്ല. പ്രധാനമന്ത്രി വിദേശത്ത് ലോക നേതാക്കളുമായി ചര്‍ച്ചനടത്തുന്നതുപോലൊരു സുവര്‍ണമുഹൂര്‍ത്തം പിന്നെ കിട്ടില്ലല്ലോ. പ്രസ്സ്‌ക്ലബ്ബില്‍ നടക്കുന്ന മറ്റൊരു പത്രസമ്മേളനത്തിലേക്ക് ഇടിച്ചുകേറി. എഴുതിത്തയ്യാറാക്കിയ പ്രസ്താവന വായിക്കുന്നതൊക്കെ പഴഞ്ചന്‍ രീതിയാണ്. വായില്‍വന്നത് പറയുകയാണ് ന്യൂ ജനറേഷന്‍ രീതി. നോണ്‍സെന്‍സ് എന്നാണ് കേന്ദ്രസര്‍ക്കാര്‍ ഇറക്കാന്‍ തയ്യാറാക്കിയ ഓര്‍ഡിനന്‍സിനെ അദ്ദേഹം വിശേഷിപ്പിച്ചത്. സ്വന്തം സര്‍ക്കാര്‍, സ്വന്തം പാര്‍ട്ടി, സ്വന്തം തീരുമാനം-നോണ്‍സെന്‍സ്. സുരേഷ് ഗോപി സ്റ്റൈലിലുള്ള കടുത്ത വാക്ക് രാഹുല്‍ജിയുടെ നാക്കിന്‍തുമ്പത്ത് വരാഞ്ഞത് ഭാഗ്യം. ലോകപ്രശസ്തമായ വേറൊരു നാലക്ഷരവാക്കുണ്ട്. രാഹുല്‍ജിക്ക് അറിയാത്തതൊന്നുമല്ല. ഇംഗ്ലീഷ് സിനിമയിലൊക്കെ എല്ലാ വാചകത്തിലും അതുണ്ടാകണമെന്നാണ് നിയമം. സോണിയാജി കേട്ടേക്കുമെന്നതുകൊണ്ടാവും രാഹുല്‍ജി അത് പറഞ്ഞില്ല.

ഓര്‍ഡിനന്‍സ് കീറിയെറിയണം എന്നായിരുന്നു ആഹ്വാനം. നാട്ടുകാരോട് പറയാതെ അനിയനുതന്നെ അത് ചെയ്യാവുന്നതേ ഉണ്ടായിരുന്നുള്ളൂ. കീറല്‍ അദ്ദേഹത്തിന്റെ ഇഷ്ടപ്രവൃത്തിയാണ്. കഴിഞ്ഞ യു.പി. തിരഞ്ഞെടുപ്പുകാലത്ത് അദ്ദേഹം സമാജ്‌വാദി പാര്‍ട്ടിയുടെ പ്രകടനപത്രിക കീറിയെറിഞ്ഞതായി ചരിത്രകാരന്മാര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. കീറിയെറിയുന്നതിന് ഭാവിയില്‍ വലിയ സാധ്യതകളുണ്ട്. ചര്‍ച്ചചെയ്യുക, തിരുത്തിയെഴുതുക, മാറ്റിയെഴുതുക തുടങ്ങിയ പണികള്‍ക്കൊന്നും സമയം കളയേണ്ട. വെടിയും തീയും പോലെ പണി തീരും. ഹാഎത്ര മനോഹരം രാഹുല്‍കാലം...!

* * * *

സ്വത്വരാഷ്ട്രീയക്കാര്‍ക്കൊപ്പം പോവാം. അത് പുരോഗമനമാണ്. സ്വത്വക്കാര്‍ക്കും പുരോഗമനക്കാര്‍ക്കും പക്ഷേ, ആള്‍ദൈവത്തെ കണ്ണിനുപിടിക്കില്ല. ആള്‍ദൈവം പ്രതിലോമപരമാണ്. എന്താണ് ഇങ്ങനെയെന്ന് വിശദീകരിക്കാന്‍ പ്രാപ്തിയുള്ളവര്‍ പുകാസയില്‍ ഇല്ലാഞ്ഞിട്ടല്ല. പക്ഷേ, അവര്‍ എഴുതാനും പ്രസംഗിക്കാനും തുടങ്ങിയാല്‍ കേള്‍ക്കുന്ന പുകാസക്കാരുടെ തല പുകയുമെന്നല്ലാതെ വേറെ പ്രയോജനമൊന്നുമില്ല.

മതം, ജാതി, ദൈവം, ക്ഷേത്രം, ആരാധന എന്നിത്യാദികളുമായി സമാധാനപരമായി സഹവര്‍ത്തിക്കാനുള്ള വിദ്യ കണ്ടെത്തുന്നത് ഇനിയും താമസിപ്പിച്ചുകൂടാ. വിപ്ലവവും വേണം, തിരഞ്ഞെടുപ്പില്‍ ജയിക്കുകയും വേണം എന്നപോലെ ഭൗതികവാദവും വേണം, നാട്ടുനടപ്പും വേണം. അമ്പലത്തിലൊന്നും പോയി പ്രാര്‍ഥിക്കാന്‍ പറ്റില്ല, പക്ഷേ, അമ്പലക്കമ്മിറ്റിയില്‍ ഭാരവാഹിത്വം വേണം. ആള്‍ദൈവക്കാരുടെ വോട്ടുവേണം. പക്ഷേ, ആള്‍ദൈവത്തെ പുകഴ്ത്തി വത്സലടീച്ചര്‍ ലേഖനം എഴുതിക്കൂടാ. പാര്‍ട്ടി ഭരിക്കുമ്പോള്‍ പാര്‍ട്ടി നേതാവായ മന്ത്രിക്ക് പോയി ആള്‍ദൈവത്തെ വാനോളം പുകഴ്ത്താം. അതിനെക്കുറിച്ചൊരു ചര്‍ച്ചയുമുണ്ടായില്ല, വിവാദവുമുണ്ടായില്ല. മന്ത്രിക്ക് അതാവാം. പാര്‍ട്ടി സഹയാത്രികമാത്രമായ ടീച്ചര്‍ക്ക് പാടില്ല. ഹിന്ദുത്വബന്ധമുള്ള മഹാകവി അക്കിത്തത്തെ പുകാസയില്‍ ആദരിച്ചത് പ്രതിലോപരമെന്ന് വിവാദം കൊഴുത്തത് ഈയിടെ.

പാടുള്ളതെന്ത്, പാടില്ലാത്തതെന്ത് എന്നൊരു ആധികാരികരേഖ ഉണ്ടാക്കിയില്ലെങ്കില്‍ സംഗതി കുഴയും. പ്രത്യയശാസ്ത്രത്തിന് വഴങ്ങുന്ന ആള്‍ദൈവങ്ങളെയും ഉണ്ടാക്കിയെടുക്കാം. കെട്ടിപ്പിടിക്കുകയോ കാലില്‍ തൊടുകയോ അഖണ്ഡമുദ്രാവാക്യയജ്ഞം നടത്തുകയോ രക്തഹാരം അര്‍പ്പിക്കുകയോ ഒക്കെ ചെയ്യാം. അതിനുള്ള ചട്ടവട്ടങ്ങളുണ്ടാക്കാന്‍ സെമിനാറോ കണ്‍വെന്‍ഷനോ എന്താണെന്നുവെച്ചാല്‍ വിളിച്ചുകൂട്ടണം; വൈകിക്കേണ്ട.

* * * *

ചില പേരുകാര്‍ തീവ്രവാദിയല്ല എന്ന് തെളിയിച്ചാലേ ഇനി ബാങ്കുകളില്‍ അക്കൗണ്ട് എടുക്കാന്‍ പറ്റൂവത്രേ. ഓ വാട്ട് ഏന്‍ ഐഡിയ...എന്ന് ആഹ്ലാദിച്ചുപോകുന്നു. എന്തിന് ഇത് ബാങ്കുകളില്‍ മാത്രമാക്കുന്നു? ഈ തത്ത്വം വ്യാപിപ്പിക്കാവുന്നതാണ്. ഏതുപേരിലും കാണും ഒരു കൊള്ളക്കാരനോ കള്ളനോ കൊലയാളിയോ ബലാത്സംഗക്കാരനോ നികുതിവെട്ടിപ്പുകാരനോ അഴിമതിക്കാരനോ രാജ്യത്തെവിടെയെങ്കിലും. അതുകൊണ്ട് എല്ലാ പേരുകാരെയും സംശയദൃഷ്ടിയോടെ നോക്കേണ്ടതുണ്ട്. ചില പ്രായോഗിക ഹിന്റുകള്‍ തരാം. പോലീസിലും നിയമനിര്‍മാണരംഗത്തുമുള്ളവര്‍ ഇത് പ്രയോഗത്തില്‍ വരുത്തിയാല്‍ മതി.

എല്ലാവരെയും ആണോ പെണ്ണോ ഹിന്ദുവോ മുസ്‌ലിമോ എന്നൊന്നും നോക്കേണ്ട, ആദ്യ പരിഗണനയില്‍ കുറ്റവാളികളായി കണക്കാക്കുക. ജയില്‍ശിക്ഷയും വ്യവസ്ഥചെയ്യണം. ബിവറേജസിനുമുന്നില്‍ ക്യൂ നില്‍ക്കുന്നതുപോലെ ആളുകള്‍ പോലീസ് സ്റ്റേഷനുകളില്‍ ക്യൂനിന്ന് നിരപരാധിത്വസര്‍ട്ടിഫിക്കറ്റ് വാങ്ങട്ടെ. സംശയം തോന്നുന്നവരെ ലോക്കപ്പില്‍ കയറ്റി ഇടിച്ചാല്‍ മതി, മണി മണിയായി വിവരങ്ങള്‍ കിട്ടും. നിരപരാധിത്വം തെളിയിക്കാന്‍ പറ്റാത്ത എല്ലാവരും ജയിലില്‍ കിടക്കട്ടെ. നാടുമുഴുവന്‍ ജയിലുണ്ടാക്കേണ്ടി വരും, ലക്ഷക്കണക്കിന് പോലീസുകാരെ നിയോഗിക്കേണ്ടിവരും തുടങ്ങിയ തടസ്സവാദങ്ങള്‍ ഉന്നയിക്കുന്നവരെ ശ്രദ്ധിക്കണം. അവര്‍ തീവ്രവാദികളായിരിക്കാനാണ് സാധ്യത.

എല്ലാ കച്ചവടക്കാരെയും മറ്റ് നികുതിദായകരെയും കോടീശ്വരന്മാരും നികുതിവെട്ടിപ്പുകാരുമായി കണക്കാക്കി നല്ലൊരുസംഖ്യ നികുതിയും പിഴയുമായി ചുമത്തിയാല്‍ അത് സത്യമല്ലെന്ന് തെളിയിക്കാന്‍ അവര്‍ പരക്കം പാഞ്ഞുകൊള്ളും. ഭ്രാന്തനല്ലെന്ന് സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തവരെ ഭ്രാന്തനെന്ന് കണക്കാക്കി ഷോക്ക് ചികിത്സ നല്‍കുക അതുപോലൊരു കിടിലന്‍ ആശയമാണ്. അസല്‍ നോട്ടാണ് എന്ന് തെളിയുന്നതുവരെ എല്ലാ നോട്ടുകളും കള്ളനോട്ടുകളായി കണക്കാക്കി ആളുകളെ അകത്താക്കുന്നതിനെക്കുറിച്ച് ചിന്തിക്കായ്കയല്ല. പക്ഷേ, പിന്നെയാരും പുറത്തില്ലാതായിപ്പോകും. അത് ബുദ്ധിമുട്ടാണ്.


Sunday, 29 September 2013

പിന്നാക്കംതന്നെ മുന്നാക്കം


വികസനംകൊണ്ട് നാട്ടില്‍ നില്‍ക്കക്കള്ളിയില്ലാതാകുന്ന ലക്ഷണമുണ്ട്. വികസിത സംസ്ഥാനങ്ങളുടെ പട്ടികയില്‍ കേരളത്തെ രണ്ടാംറാങ്കായി ചേര്‍ത്തത് വലിയ ഗൂഢാലോചനയുടെ ഫലമാണ്. കേരളമോഡല്‍ എന്ന് ഡോ. തോമസ് ഐസക് മുതല്‍ അമര്‍ത്യാസെന്‍ വരെയുള്ള ആഗോള സാമ്പത്തികശാസ്ത്രജ്ഞര്‍ കൊട്ടിപ്പാടാറുണ്ട് എന്നത് ശരിതന്നെ. പക്ഷേ, അതൊക്കെ സായ്പ്പന്മാരുടെ മുന്നില്‍ ഞെളിയാന്‍ നമ്മള്‍ കാണിക്കുന്ന ചില അടവുതന്ത്രങ്ങളില്‍ ഒന്നുമാത്രമാണ് എന്നെന്തേ ഇവര്‍ക്ക് മനസ്സിലായില്ല? റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഇതൊക്കെ അങ്ങനെ സീരിയസ്സായി എടുക്കാന്‍ പാടുണ്ടോ ?

പഴയകാലത്തെ സോഷ്യലിസ്റ്റ് സിംഹമായിരുന്ന കര്‍പ്പൂരി താക്കൂര്‍ മുതല്‍ പുതിയകാലത്തെ സിംഹങ്ങളായ ലാലുപ്രസാദ് യാദവ്, നിതീഷ് കുമാര്‍ എന്നിവരും പോരാത്തതിന് ഇടയ്ക്ക് റാബ്രി ദേവി സിംഹിയും ഭരിച്ച ബിഹാര്‍ സംസ്ഥാനം തീര്‍ത്തും പട്ടിണി ജാതി വര്‍ഗമാണെന്ന് പെട്ടെന്ന് ബോധോദയമുണ്ടായതാണല്ലോ പുതിയ പ്രശ്‌നത്തിന്റെ തുടക്കം. അടിയന്തരമായി പ്രഖ്യാപനം നടത്തി ഇടക്കാലാശ്വാസമായി 50,000 കോടി രൂപ(വെറും അമ്പതിനായിരം കോടി രൂഫായേ!) സഹായം നല്‍കണമെന്ന് ബി.ജെ.പി.യുടെ പ്രതിനിധിസംഘം ഗവര്‍ണറെക്കണ്ട് ആവശ്യപ്പെടുകയുണ്ടായി. അത്രയൊന്നും ചെയ്തില്ലെങ്കിലും ചില്ലറ എന്തെല്ലാമോ കൊടുക്കുകയുണ്ടായി കേന്ദ്രം. ഇത് അവിടത്തെ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ സോഷ്യലിസ്റ്റ് പാര്‍ട്ടിയെ കേന്ദ്രഭരണമുന്നണിയില്‍ ചേര്‍ക്കാന്‍വേണ്ടിയുള്ള കോഴയാണെന്ന് ചിലരെങ്കിലും തെറ്റിദ്ധരിക്കുകയുമുണ്ടായി. അത്തരം ദുരുദ്ദേശ്യങ്ങളൊന്നും ഇല്ലാത്തവരാണ് കേന്ദ്രം ഭരിക്കുന്നതെന്ന് നമുക്കറിഞ്ഞുകൂടേ! പക്ഷേ, റിസര്‍വ് ബാങ്കിലും ധനകാര്യവകുപ്പിലും ഇരിക്കുന്ന സാമ്പത്തികശാസ്ത്രികള്‍ക്ക് അതത്ര പിടിച്ചില്ല. ബിഹാറിനെ പിന്നാക്ക സംസ്ഥാനമായി പ്രഖ്യാപിച്ചാല്‍ ബാക്കി 28 സംസ്ഥാനങ്ങളും ഇതേ ആവശ്യം ഉയര്‍ത്തുമെന്ന് അവര്‍ പേടിച്ചുകാണും.

കേന്ദ്ര ഭരണാധികാരികള്‍ക്ക് ഇക്കാര്യത്തില്‍ ഭിന്നാഭിപ്രായമില്ല. സമ്പന്നസംസ്ഥാനം, ദരിദ്രസംസ്ഥാനം എന്ന വേര്‍തിരിവ് പാടില്ലെന്ന കാര്യത്തിലേ നിര്‍ബന്ധമുള്ളൂ. കാരണം, ഇന്ത്യ സോഷ്യലിസ്റ്റ് രാജ്യമാണ്. അത് ഭരണഘടനയിലുണ്ട്. അതുകൊണ്ട്, ഇവിടെ ധനിക-ദരിദ്ര അസമത്വം പാടില്ല. മൊത്തം ദരിദ്രമായി പ്രഖ്യാപിക്കാം. പത്തുവര്‍ഷമായി ഒന്നാംകിട സാമ്പത്തിക ശാസ്ത്രജ്ഞന്‍ ഭരിക്കുന്ന ലോകത്തെ ഏക രാജ്യമാണല്ലോ നമ്മുടേത്. പക്ഷേ, ഉദ്യോഗസ്ഥ-ധനവകുപ്പ് ദുഷ്പ്രഭൃതികള്‍ക്ക് ഈ സിദ്ധാന്തമൊന്നും ദഹിച്ചില്ല. അവരാണ് മന്ത്രിമാരെ തെറ്റിദ്ധരിപ്പിച്ച് അടിയന്തരമായി റിപ്പോര്‍ട്ടുണ്ടാക്കിയത്.

ശരിക്കണക്ക് വേറെ, രാഷ്ട്രീയക്കണക്ക് വേറെ. ഇന്ത്യ ഹ്യൂമന്‍ ഡവലപ്‌മെന്റ് റിപ്പോര്‍ട്ട് എന്ന പേരില്‍ ഒരു എപ്പേര്‍പ്പെട്ട റിപ്പോര്‍ട്ട് കൊല്ലംതോറും ഇറങ്ങുന്നുണ്ട്. അതും പ്ലാനിങ് കമ്മീഷന്‍ വക കസര്‍ത്തുതന്നെ. നാന്നൂറും അഞ്ഞൂറും പേജുള്ള കേമന്‍ റിപ്പോര്‍ട്ടുകളാണ് ഇറക്കുക. നേതാക്കള്‍ കൊട്ടിഗ്‌ഘോഷിക്കുന്ന അവകാശവാദങ്ങളൊന്നും അല്ല റിപ്പോര്‍ട്ടില്‍ കാണുക. ഗുജറാത്ത് പത്തുവര്‍ഷത്തോളമായി ഭരിച്ച് വികസിപ്പിച്ച് വികസിപ്പിച്ച് മുടുത്തിട്ടാണ് നരേന്ദ്രമോഡി രാജ്യത്തെ മൊത്തം ഗുജറാത്താക്കാന്‍ പുറപ്പെട്ടത്. പക്ഷേ, റിപ്പോര്‍ട്ട് പ്രകാരം പോഷകാഹാരക്കുറവുപോലും പരിഹരിക്കപ്പെട്ടിട്ടില്ല. ദരിദ്രസംസ്ഥാനമെന്ന് പറയുന്ന ഉത്തര്‍പ്രദേശും ബിഹാറുമെല്ലാം എത്രയോ മുന്നിലാണത്രെ. അങ്ങനെയെന്തെല്ലാം കണക്കുകള്‍. നാട്ടിന്‍പുറത്ത് പറയുംപോലെ, എല്ലാം കണക്കുതന്നെ.

ഗവര്‍ണര്‍ രഘുറാം രാജന്‍ കമ്മിറ്റി കേരളത്തെ രണ്ടാം റാങ്കാക്കി എന്നതാണല്ലോ നമ്മുടെ പ്രശ്‌നം. ഇത് വലിയ പ്രശ്‌നമാണ്. പിന്നില്‍ നില്‍ക്കുന്നവരെ മുന്നിലെത്തിക്കലാണല്ലോ ആസൂത്രണത്തിന്റെയും വികസനത്തിന്റെയും ഉദ്ദേശ്യം. അതംഗീകരിച്ചാല്‍ പിന്നില്‍ നില്‍ക്കുന്നവര്‍ക്ക് കൂടുതലും മുന്നില്‍ നില്‍ക്കുന്നവര്‍ക്ക് കുറവുമേ കേന്ദ്രത്തില്‍നിന്ന് കിട്ടൂ. അത് പാടില്ല. പിന്നാക്കമായാലും മുന്നാക്കമായാലും നമുക്ക് കിട്ടുന്നത് കുറയരുത്. നമ്മള്‍ ശാശ്വതമായി പിന്നാക്കവിഭാഗമാണെന്ന് കേന്ദ്രം അംഗീകരിച്ചുതരണം.

വ്യക്തികളുടെ കാര്യത്തിലും ഇതേ തത്ത്വമാണ് സ്വീകരിക്കേണ്ടത്. ബി.പി.എല്‍., എ.പി.എല്‍. വ്യത്യാസമൊന്നും കേരളത്തില്‍ വേണ്ട. എല്ലാവരെയും ബി.പി.എല്‍. പട്ടികയില്‍ പെടുത്തണം. എല്ലാവര്‍ക്കും സൗജന്യറേഷനും കൊടുക്കണം. മുന്നാക്കം നില്‍ക്കുന്നു എന്നുപറയുന്ന എല്ലാ ജാതികളെയും പിടിച്ച് പട്ടികജാതി-വര്‍ഗത്തില്‍പ്പെടുത്തി സംവരണവും മറ്റ് ആനുകൂല്യങ്ങളും കൊടുക്കാന്‍ ആഗ്രഹമില്ലാഞ്ഞിട്ടല്ല. എന്തുചെയ്യാനാണ്. ഈ കോടതി സമ്മതിക്കില്ല. അതുകൂടി ചെയ്യാന്‍ പറ്റിയിരുന്നെങ്കില്‍ സൊമാലിയയോടും റുവാണ്ടയോടുമൊക്കെ മത്സരിച്ച് ഐക്യരാഷ്ട്രസഭയില്‍നിന്ന് വല്ലതും കിട്ടുമോ എന്ന് നോക്കാമായിരുന്നു.

* * * *

ഋഷിരാജ് സിങ് ഗതാഗതരംഗത്ത് നടത്തുന്ന ശുദ്ധീകരണം വിചാരിച്ചതിനേക്കാള്‍ കൂടുതല്‍ നാള്‍ നീണ്ടുനിന്നു. ബസ് ഉടമസ്ഥര്‍ സമരം പ്രഖ്യാപിച്ചപ്പോള്‍ ആളുകള്‍ ഉറപ്പിച്ചതാണ്, ഇത് ഋഷിരാജിനെയുംകൊണ്ടേ പോവൂ എന്ന്. ഒന്നും സംഭവിച്ചില്ല. സംസ്ഥാനത്തുടനീളം ഹെല്‍മെറ്റ്‌വിരുദ്ധ ഇരുചക്രജീവികള്‍ക്കെതിരെ നടപടിയെടുത്തപ്പോള്‍ 'ഹെല്‍മെറ്റ് വേട്ട' എന്ന വികൃതപ്രയോഗം അധികം കണ്ടില്ല, ഭാഗ്യം.

ട്രാഫിക് നിയന്ത്രണ നടപടികള്‍ പലര്‍ക്കും ഒട്ടും പിടിച്ചിട്ടില്ലെന്നത് സത്യം. സംസ്ഥാനത്തുടനീളം പോലീസ് നായാട്ടാണെന്ന് ചിത്രീകരിച്ച് അസംതൃപ്തരുടെ കൈയടി കിട്ടാന്‍ ചിലര്‍ ഇറങ്ങിനോക്കിയെങ്കിലും ഫലിച്ചില്ലെന്നതാണ് മറ്റൊരു സത്യം. കേരളം എത്ര ഗുരുതരമായ അവസ്ഥയിലാണെന്നത് ശ്രദ്ധിക്കാത്തവര്‍ കേരളീയര്‍ മാത്രമാണ്. ഒരിക്കലെങ്കിലും കേരളത്തില്‍ വന്നവര്‍ തെരുവുകളില്‍ നടക്കുന്ന കൂട്ടക്കൊലകണ്ട് ഞെട്ടിവിറയ്ക്കുന്നു. സ്വകാര്യബസ്സില്‍ കയറിയവര്‍ ഇനിയിങ്ങോട്ടില്ലെന്ന് ഉറപ്പിക്കുന്നു. കഴിഞ്ഞദിവസം പത്രത്തില്‍ക്കണ്ട കണക്ക് കേരളീയരെയെങ്കിലും ചിരിപ്പിക്കേണ്ടതാണ്. കഴിഞ്ഞ പത്തുവര്‍ഷത്തിനകം വര്‍ഗീയസംഘട്ടനത്തില്‍ ഇന്ത്യയില്‍ 2,500 പേര്‍ മരിച്ചെന്ന്. എത്ര കഠിനം, കഠോരം.

ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ വിപത്താണ് വര്‍ഗീയത എന്നാണ് കേട്ടിട്ടുള്ളത്. പതിന്മടങ്ങ് വലിയ വിപത്താണ് കേരളത്തിലെ റോഡുകളില്‍ നടക്കുന്ന നരഹത്യ. ഒരു വര്‍ഷം കേരളത്തില്‍ വാഹനാപകടത്തില്‍ മരിക്കുന്നത് 4,000 പേരാണ്. ഇന്ത്യയിലൊട്ടാകെയല്ല, കേരളത്തില്‍ മാത്രം. പത്തുവര്‍ഷത്തിനിടയിലല്ല, ഒരു വര്‍ഷംകൊണ്ടുമാത്രം. പത്തുവര്‍ഷംകൊണ്ട് രാജ്യത്ത് വര്‍ഗീയസംഘര്‍ഷത്തില്‍ ജീവന്‍ നഷ്ടപ്പെട്ടത് 2,500 പേര്‍ക്ക് മാത്രം. കേരളത്തിലെ കൂട്ടക്കൊല തടയാന്‍ ഋഷിരാജ് സിങ്ങിനെയല്ല, പട്ടാളത്തെ ഇറക്കിയാലും തെറ്റില്ല.

* * * *

എന്തൊരു വലിയ 'വിപത്താ'ണ് കേരളത്തില്‍ ഓണക്കാലത്തുണ്ടായത്! ഓണക്കാലത്തെ മദ്യവില്‍പ്പന കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കുറഞ്ഞത്രെ. എകൈ്‌സസ് മന്ത്രി പറഞ്ഞാല്‍ അവിശ്വസിക്കാറില്ല. പക്ഷേ, ഇത് വിശ്വസിക്കണമെങ്കില്‍ മന്ത്രി വേറെ തെളിവുകള്‍കൂടി ഹാജരാക്കേണ്ടിവരും. പെട്ടെന്ന് മദ്യാസക്തി കുറയാന്‍ എന്തേ കാരണമെന്നാരും വിലയിരുത്തിക്കണ്ടില്ല. ചാനല്‍ ചര്‍ച്ചയും കണ്ടില്ല. മദ്യപര്‍ അറിയാതെ മദ്യപാനാസക്തി ഇല്ലാതാക്കുന്ന മരുന്നുകള്‍ ഉള്ളതായി പത്രങ്ങളില്‍ ക്ലാസിഫൈഡ് പരസ്യങ്ങള്‍ കാണാറുണ്ട്. ഈ ഇനം വല്ലതും ബിവറേജസ്സുകാര്‍ കുപ്പികളില്‍ ചേര്‍ത്തുകയുണ്ടായോ എന്തോ.

ബിവറേജസ്സില്‍ വിറ്റ മദ്യത്തിന്റെ കണക്കുമാത്രം നോക്കിയാല്‍ പോര, ബാറുകളിലെ കണക്കും നോക്കണം എന്നാണ് മദ്യരംഗത്തെ പരിചയസമ്പന്നര്‍ പറയുന്നത്. ജനത്തിന്റെ പ്രിയ ബ്രാന്‍ഡുകള്‍ പലതും ബിവറേജസ്സില്‍ കിട്ടാറില്ലെന്നും അതുകൊണ്ട് പലരും ബാറില്‍പ്പോയി ഇരട്ടിവില കൊടുത്താണ് കുടിക്കുന്നതെന്നും കേള്‍ക്കുന്നു. സത്യമറിയാന്‍ ഇനി ഇതിനും വിവരാവകാശ ഹര്‍ജി വേണ്ടിവരുമോ ആവോ...