Sunday, 24 February 2013

സ്റ്റിങ്ങ് ജേണലിസം - എന്താണ് പരിധി ?

മാധ്യമപ്രവര്‍ത്തനരംഗത്ത് സ്റ്റിങ്ങ് ഓപറേഷന്‍ ഇന്ന് എവിടെയാണ് എത്തിനില്‍ക്കുന്നത് ?  തെല്ല് ആശങ്കയോടെയാണ് ഈ ചോദ്യം മാധ്യമപ്രവര്‍ത്തനം നിരീക്ഷിക്കുന്ന ആരും ചോദിക്കുക. ശക്തി പ്രാപിച്ചുവരുന്ന ഈ പ്രവണതയെ സാധാരണ പൗരന്മാര്‍ ആവേശപൂര്‍വം സ്വാഗതം ചെയ്യുന്നു എന്നത് ആശങ്ക വര്‍ദ്ധിപ്പിക്കുന്നേ ഉള്ളൂ. നിയമമോ വ്യവസ്ഥയോ നിയന്ത്രണമോ ചട്ടവട്ടങ്ങളോ ശരിതെറ്റുകളെക്കുറിച്ചുള്ള ചിന്തയോ ഇല്ലാതെ ആര്‍ക്കും ആര്‍ക്കെതിരെയും നടത്താവുന്ന ഒളിയാക്രമണസംവിധാനമായി മാറുകയാണ്  സ്റ്റിങ്ങ്  ജേണലിസം എന്ന ആശങ്കയാണ് ശക്തി പ്രാപിക്കുന്നത്.

ആരുടെ കൈവശവും ഇന്ന് ഒളിക്യാമറ ഉണ്ടാവാം. സാങ്കേതികവിദ്യയുടെ വ്യാപനം അതിനെ ആര്‍ക്കും കിട്ടുന്ന ഒന്നായി മാറ്റിയിരിക്കുന്നു. പോക്കറ്റിലെ ഒരു പേനത്തുമ്പതത്ത് ഘടിപ്പിച്ച,് ആരോടുസംസാരിക്കുമ്പോഴും വീഡിയോയും ശബ്ദവും റെക്കോഡ് ചെയ്യാം. ആര്‍ക്കെതിരെ എപ്പോള്‍ വേണമെങ്കിലും ഇതുപ്രയോഗിക്കാം. ദിവസവും ടി.വി.ചാനലുകളില്‍ കാണുന്ന വാര്‍ത്തകളില്‍ നല്ലൊരു പങ്ക് ഒളിക്യാമറകളുടെ സംഭാവനയായി മാറിത്തുടങ്ങിയിട്ടുണ്ട്. ഈ കുറിപ്പ് എഴുതുന്നതിനിടെ, ഒരു ക്ഷേത്രത്തിലെ ജീവനക്കാര്‍ ഭണ്ഡാരത്തിലെ നോട്ട് എണ്ണിത്തിട്ടപ്പെടുത്തുന്നതിനിടയില്‍ നോട്ടുകെട്ടുകള്‍ അരയില്‍ തിരുകുന്നതിന്റെ ദൃശ്യങ്ങള്‍ ചാനലില്‍ കാണാന്‍ കഴിഞ്ഞു. തീര്‍ച്ചയായും കാഴ്ച്ചക്കാരെ ഈ രംഗം രസിപ്പിക്കുന്നുണ്ട്. ചാനലിന്റെ പ്രവര്‍ത്തകരെ ആരും അഭിനന്ദിച്ചുപോകും. കുറച്ചുനേരം ലേഖകന്‍ സംഭവത്തെകുറിച്ച് സംസാരിച്ചതുകേട്ടപ്പോള്‍ ഒരു കാര്യം വ്യക്തമായി. ലേഖകന്‍ അല്ല ഒളിക്യാമറ ഓപറേഷന്‍ നടത്തിയത്. ക്ഷേത്രത്തിലെ അഴിമതിയില്‍ മനംനൊന്ത ഒരു ഭക്തനാണ് ക്യാമറ പിടിപ്പിച്ചത്. ഫലത്തില്‍ ഇതൊരു സിറ്റിസണ്‍ ജേണലിസം ഓപറേഷനാണ്.  പ്രത്യക്ഷത്തില്‍ അതില്‍ തെറ്റില്ല. പക്ഷേ, ഇത് ഏത് നിലയിലേക്കും വഴിതെറ്റിപ്പോകാം. വില്ലേജ് ഓഫീസില്‍ അഴിമതി എന്ന തലക്കെട്ടില്‍ വാര്‍ത്ത എഴുതി പത്രം ഓഫീസില്‍ എത്തിക്കുന്ന ലാഘവത്തോടെ ആളുകള്‍ കൈക്കൂലി സീനുകള്‍ ക്യാമറയില്‍ പകര്‍ത്തി ചാനല്‍ ഓഫീസുകളില്‍ എത്തിക്കുന്നത് നല്ലതാണോ ? അഴിമതിക്കാരല്ലേ പേടിക്കേണ്ടൂ, മറ്റുള്ളവര്‍ക്കെന്തിന് ഭയം എന്ന ചോദ്യം സ്വാഭാവികമായി ഉയരാം. ഒന്നുരണ്ട് ദശകങ്ങളായി വികാസം പ്രാപിച്ചുവന്ന ഒളിക്യാമറ സ്റ്റിങ്ങ് ജേണലിസത്തില്‍ എല്ലാ നാട്ടിലുമുള്ള മാധ്യമപ്രവര്‍ത്തകര്‍ സ്വീകരിച്ചുവരുന്ന ഒരു മുന്‍കരുതലുണ്ട്-ഒളിക്യാമറ പ്രവര്‍ത്തനം എവിടെ എപ്പോള്‍ നടത്തണമെന്ന് തീരുമാനിക്കുന്നത് മാധ്യമപ്രവര്‍ത്തകര്‍ ആയിരിക്കണം. അവര്‍ ഉണ്ടാക്കിയ റിപ്പോര്‍ട്ട് മാത്രമേ സ്വീകരിക്കുകയുള്ളൂ. ആര്‍ക്കും എവിടെയും ക്യാമറ വെച്ച്  ആരെ വേണമെങ്കിലും ചിത്രീകരിച്ച് ചാനലില്‍ പ്രസിദ്ധപ്പെടുത്താം എന്ന് വരുന്നത് അഴിമതി ഇല്ലാതാക്കുകയല്ല, സ്റ്റിങ്ങ് ഓപറേഷനെതന്നെ വന്‍ അഴിമതി ആക്കി മാറ്റുകയാണ് ചെയ്യുക. വന്‍തോതിലുള്ള ബ്ലാക്ക്‌മെയിലിങ്ങ് വ്യവസായമായി ഇത് രൂപാന്തരപ്പെടാം എന്നര്‍ത്ഥം.

കഴിഞ്ഞ നൂറ്റാണ്ടിന്റെ തുടക്കത്തില്‍ അമേരിക്കയില്‍ രൂപം കൊണ്ട  'മക്‌റേക്കേഴ്‌സ്'  ( കുപ്പ കോരുന്നവര്‍ ) എന്നുവിളിക്കപ്പെട്ട പ്രതിഭാസം ദീര്‍ഘകാലം നിലനിന്നിരുന്നു. നിരവധി പത്രപ്രവര്‍ത്തകര്‍ അനീതികളെയും അഴിമതികളെയും ഭരണപരമായ വീഴ്ചകളെയും തുറന്നുകാട്ടാന്‍ രംഗത്തിറങ്ങി. വേഷം മാറി ഭ്രാന്ത് അഭിനയിച്ച് സര്‍ക്കാര്‍ ഭ്രാന്താസ്പത്രിയില്‍ പ്രവേശനം നേടി ആസ്പത്രിയെകുറിച്ച് ആരെയും ഞെട്ടിക്കുന്ന അന്വേഷണ പരമ്പര രചിച്ച ലേഖകരുണ്ട്. ജെയിലിലും മറ്റനവധി മേഖലകളിലും ഇങ്ങനെ കടന്നുചെന്ന് കണ്ണുതുറപ്പിക്കുന്ന റിപ്പോര്‍ട്ടുകള്‍ എഴുതിയവരുടെ കഥകള്‍ മക്‌റേക്കേഴ്‌സ് എന്ന പേരില്‍ ഇറങ്ങിയ അനേകം പുസ്തകങ്ങളില്‍ വിവരിച്ചിട്ടുണ്ട്. 1970കള്‍ വരെ അത് തുടര്‍ന്നിരുന്നു. ഈ ലേഖകരൊന്നും പേരും പ്രശസ്തിയും കാംക്ഷിച്ചല്ല വളരെയേറെ അപകടസാധ്യതയുള്ള ഈ പണിക്കിറങ്ങിത്തിരിച്ചത്. അവര്‍ സമൂഹത്തെ സേവിക്കുക എന്ന ലക്ഷ്യംതന്നെയാണ് മുന്നില്‍ കണ്ടത്. അക്കാലത്തെ മാധ്യമപ്രവര്‍ത്തനം സമൂഹസേവനം മുഖ്യലക്ഷ്യമായി കണ്ടിരുന്നു. അന്നത്തെ സാമൂഹ്യപ്രതിബദ്ധത ഇന്നില്ല. ഉണ്ടെന്ന് അഭിനയം മാത്രമുണ്ട്. അതുകൊണ്ടുതന്നെ വ്യാജനാണയങ്ങളെ തിരിച്ചറിയാനും തെറ്റുശരികള്‍ വേര്‍തിരിക്കാനും വഴി കണ്ടെത്തുന്നില്ലെങ്കില്‍ ഏത് പുത്തന്‍ പ്രവണതയും ആദ്യം മധുരിക്കുകയും പിന്നെ കയ്ക്കുകയും ചെയ്യുമെന്ന് ഉറപ്പാണ്.

ഡസന്‍കണക്കിന് ചാനലുകള്‍ ഓരോ സംസ്ഥാനത്തും ദേശീയതലത്തിലും കാഴ്ച്ചക്കാരെയും അതുവഴി പരസ്യക്കാരെയും ആകര്‍ഷിക്കാന്‍ കഴുത്തറപ്പന്‍ മത്സരം നടത്തുന്ന ഇക്കാലത്ത് ചാനല്‍ ഉടമസ്ഥന്മാരില്‍ നിന്ന് വലിയ തോതിലുള്ള ധാര്‍മിക അച്ചടക്കമൊന്നും പ്രതീക്ഷിക്കാനാവില്ല. ചാനലുകളുടെ വാര്‍ത്താചുമതല വഹിക്കുന്നവര്‍ ഈ രംഗത്ത് എത്രത്തോളം പോകാം എന്നുനിശ്ചയിച്ചേ തീരൂ. എത്രത്തോളം പോകാം, എന്താണ് ശരി, എന്താണ് തെറ്റ് എന്ന് ആരാണ് തീരുമാനിക്കുന്നത ? വിവാദമാവുകയും ചാനല്‍ പ്രേക്ഷകര്‍ തിരഞ്ഞുപിടിച്ചുകാണുകയും റെയ്റ്റിങ്ങ് ഉയര്‍ത്തുകയും ചെയ്യുന്നതെല്ലാം ശരി എന്നുവരുന്നത് മാധ്യമപ്രവര്‍ത്തനമാവില്ല, അതിന് വേറെ പേര് കണ്ടെത്തേണ്ടിവരും.

മാധ്യമരംഗത്തെ ധാര്‍മികത നാട്ടില്‍ വലിയ ചര്‍ച്ചാവിഷയമാണ്. എന്തുവാര്‍ത്തയെകുറിച്ച് പരാതിപ്പെടുമ്പോഴും ആളുകള്‍ പത്രധര്‍മം എന്ന് ആവര്‍ത്തിച്ചുപറയും. പക്ഷേ, നാം പത്രപ്രവര്‍ത്തകര്‍ ആ വാക്ക് കഴിയുന്നേടത്തോളം ഉപയോഗിക്കാറില്ല. ധാര്‍മികമായ എന്തെങ്കിലും വ്യവസ്ഥ ഈ രംഗത്തുണ്ട്  എന്നുപോലും പുതിയ തലമുറയെ പഠിപ്പിക്കാന്‍ ശ്രമിക്കുന്നില്ല എന്ന പരാതിയും നിലനില്‍ക്കുന്നു. സ്വാഭാവികമായും സ്റ്റിങ്ങ് ജേണലിസത്തിന്റെ സ്ഥിതി ഇതിനേക്കാള്‍ മോശമാണ്. എളുപ്പത്തില്‍ ചെയ്ത് സ്റ്റാറാകാവുന്ന ഒന്നായി അത് മാറുന്നു. സ്റ്റിങ് ഓപറേഷന്‍ തുടങ്ങി വെച്ചത് പോലീസ് ആണ്. കുറ്റാന്വേഷണത്തിന് ഉപയോഗിച്ച ആ രീതി അതേപടി വാര്‍ത്താരംഗത്തെ ഇന്‍വെസ്റ്റിഗേഷനും ഉപയോഗിക്കുന്നതിന് ഏറെ പരിമിതികളുണ്ട്. പോലീസിന് ഉള്ള നിയമപരമായ പരിരക്ഷ മാധ്യമപ്രവര്‍ത്തകര്‍ക്കില്ല എന്നതുതന്നെ ഒരു കാര്യം. എല്ലാ സ്റ്റിങ്ങ് ഓപറേഷനുകളിലും എന്തെങ്കിലും രീതിയിലുള്ള നിയമലംഘനമുണ്ട് എന്നോര്‍ക്കേണ്ടതുണ്ട്. ആള്‍മാറാട്ടമോ രഹസ്യം ചോര്‍ത്തലോ മുതല്‍ പച്ചയായ വിശ്വാസവഞ്ചന വരെ ഇതില്‍പെടും. നാട്ടിലെ നിയമലംഘനം തുറന്നുകാട്ടാന്‍ നമ്മള്‍ ചെയ്യുന്നതും അതിനേക്കാള്‍ മോശമായ നിയമലംഘനമാകാമോ ?  പോലീസ് പലപ്പോഴും കെണിയില്‍പെടുത്തുകയാണ് ചെയ്യുന്നത്-എന്‍ട്രാപ്‌മെന്റ്. തങ്ങളും പോലീസ്സാണെന്ന് ധരിച്ച് ആളുകളെ കെണിയില്‍ പെടുത്താന്‍ ശ്രമിച്ചാല്‍ മാധ്യമപ്രവര്‍ത്തകര്‍ കുഴപ്പത്തില്‍ ചാടുകയേ ഉള്ളൂ.

സമീപകാലത്തെ ഇന്ത്യന്‍ സ്റ്റിങ്ങ് ഓപറേഷന്‍ ചരിത്രത്തില്‍ തെഹല്‍ക്കയുടെ പേരാണ് എപ്പോഴും മുന്നില്‍ വരിക. എന്‍.ഡി.എ ഭരണകാലത്ത് പ്രതിരോധമന്ത്രി ജോര്‍ജ് ഫെര്‍ണാണ്ടസ്സിനെയും ബി.ജെ.പി.അധ്യക്ഷന്‍ ബംഗാരു ലക്ഷ്മണനെയും ഒളിക്യാമറയില്‍  കുടുക്കി നിലംപതിപ്പിച്ച് കയ്യടി  നേടിയ തെഹല്‍ക പിന്നീട് ചെയ്ത പലതും ആളുകളുടെ നെറ്റി ചുളിപ്പിച്ചു. മാധ്യമപ്രവര്‍ത്തകര്‍ക്കും പ്രതിരോധ ഉദ്യോഗസ്ഥരും തമ്മിലുള്ള ബന്ധം ഉറപ്പിക്കാന്‍ കോള്‍ ഗേള്‍സിനെ രംഗത്തിറക്കിയതിന് പൊതുസമൂഹത്തിന് മുന്നില്‍ ന്യായീകരിക്കാന്‍ തെഹല്‍ക്ക എഡിറ്റര്‍ തരുണ്‍ തേജ്പാല്‍ പാടുപെട്ടു. അസാധാരണ സാഹചര്യങ്ങളില്‍ അസാധാരണ രീതികള്‍ അവലംബിക്കേണ്ടി വരും എന്ന അദ്ദേഹത്തിന്റെ ന്യായീകരണം, ആര്‍ക്കും എന്തിനെയും ന്യായീകരിച്ച് പറയാവുന്ന ഒന്നായേ ജനങ്ങള്‍ പരിഗണിച്ചുള്ളൂ. സാധാരണമാണോ അസാധാരണമാണോ എന്നാരാണ് തീരുമാനിക്കുന്നത് ?

ഡല്‍ഹിയിലെ ടി.വി.ചാനലിലെ ഒരു വനിതാറിപ്പോര്‍ട്ടര്‍ ചാന്‍സ് തേടി വന്ന അഭിനേത്രി ആണെന്ന് തെറ്റിദ്ധരിപ്പിച്ച്്, ശക്തി കപ്പൂര്‍ എന്ന സിനിമാ സംവിധായകനെ ഹോട്ടലിലേക്ക് ക്ഷണിച്ചുകൊണ്ടുപോയി അയാളെ ലൈംഗികമായി പ്രകോപിപ്പിക്കുക വരെ ചെയ്തു, സിനിമാരംഗത്ത് ലൈംഗികചൂഷണം ഉണ്ട് എന്ന് തെളിയിക്കാന്‍. ഈ രംഗത്ത് ആര്‍ക്കും എന്തുമാവാം എന്ന നില സംജാതമായിരിക്കുന്നു എന്നാണ്     ഇതെല്ലാം വിളിച്ചുപറയുന്നത്. തെഹല്‍ക്കയുടെ സ്റ്റിങ്ങ് ഓപറേഷന്‍ നടത്തിയ പത്രപ്രവര്‍ത്തകരെ കേസ്സില്‍ കുടുക്കാനുള്ള പോലീസിന്റെ ശ്രമം കോടതി തടയുകയും സ്റ്റിങ്ങ് ജേണലിസം നിയമവിരുദ്ധമല്ല എന്ന് വിധിക്കുകയും ഉണ്ടായി. കോഴ കൊടുക്കുന്നത് ചിത്രീകരിക്കാന്‍ വേണ്ടി കോഴപ്പണം കൈമാറിയത് അഴിമതി നിരോധനനിയമപ്രകാരം കുറ്റകരമാണെന്ന് ആരോപിച്ചാണ് പോലീസ് പത്രപ്രവര്‍ത്തകരുടെ പേരില്‍ കേസ് എടുത്തത്. കോടതി അത് അനുവദിച്ചില്ല. അഴിമതി തടയുക എന്നത് ഭരണഘടനാപരമായ കര്‍ത്തവ്യമായതുകൊണ്ട് അഴിമതി തടയുന്നതിനുള്ള സ്റ്റിങ്ങ് ഓപറേഷനും ഭരണഘടനാനുസൃതമാണ് എന്ന ഡല്‍ഹി ഹൈക്കോടതി വിധി മാധ്യമസമൂഹത്തിന് വലിയ ആശ്വാസമേകുകയുണ്ടായി.എന്നാല്‍ കോടതിയും ഇതിന് പരിധികള്‍ നിശ്ചയിക്കുകയോ നിയമവ്യവസ്ഥകള്‍ ഉണ്ടാക്കുകയോ ചെയ്തിട്ടില്ല. 

ഇന്ത്യയില്‍ സ്റ്റിങ്ങ് ഓപറേഷന്‍ സംബന്ധിച്ച് ഒരു വ്യവസ്ഥയും നിയന്ത്രണവും നിലവിലില്ല എന്ന് ഇതിനര്‍ത്ഥമില്ല. ഇന്ത്യന്‍ മാധ്യമങ്ങളെ സംബന്ധിച്ചിടത്തോളം പ്രസ് കൗണ്‍സിലാണ് ഇപ്പോള്‍ ഈ രംഗത്ത് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കാന്‍ കഴിയുന്ന ഏക സ്ഥാപനം. പ്രസ് കൗണ്‍സില്‍ നിര്‍ദ്ദേശങ്ങളും വ്യവസ്ഥകളും ദൃശ്യമാധ്യമങ്ങള്‍ക്ക് ബാധകമല്ല എന്ന് വാദിക്കാമെങ്കിലും അതൊരു സാങ്കേതികത്വം മാത്രമാണ്. ഒട്ടും സമഗ്രമല്ലാത്ത ഉപരിപ്ലവമായ വ്യവസ്ഥകളാണ് ഇവയെങ്കിലും  പ്രസ് കൗണ്‍സില്‍ താഴെചേര്‍ത്ത നിബന്ധനകള്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട് എന്ന് നാം അറിഞ്ഞിരിക്കേണ്ടതാണ്.
1. സ്റ്റിങ്ങ് പ്രവര്‍ത്തനം റിപ്പോര്‍ട്ട് ചെയ്യുന്ന സ്ഥാപനം, അത് നടത്തിയവരില്‍ നിന്ന് തങ്ങള്‍തന്നെ, സത്യസന്ധമായാണ് ഇത് നടത്തിയത് എന്ന് എഴുതിവാങ്ങേണ്ടതാണ്.
2. സ്റ്റിങ്ങ് ഓപറേഷന്റെ ഓരോ ഘട്ടത്തിലും ആരെല്ലാം എന്തെല്ലാം ചെയ്തു എന്ന് പ്രത്യേകം രേഖപ്പെടുത്തേണ്ടതാണ്.
3. സ്റ്റിങ്ങ് ഓപറേഷന്‍ നടത്താനും റിപ്പോര്‍ട്ട് ചെയ്യാനുമുള്ള തീരുമാനം പത്രാധിപര്‍ തന്നെ കൈക്കൊള്ളണം. അന്വേഷിക്കുന്ന വിഷയം പൊതുതാല്പര്യം ഉള്ളതാണ്     എന്നും റിപ്പോര്‍ട്ട് നിയമപരമായി ശരിയാണ് എന്നും പത്രാധിപര്‍ ഉറപ്പുവരുത്തണം.
4. വായനക്കാരനെ മനസ്സില്‍ കണ്ടുവേണം വാര്‍ത്ത പ്രസിദ്ധപ്പെടുത്താന്‍. അവര്‍ക്ക് ഞെട്ടലോ ആഘാതമോ ഉണ്ടാക്കുന്നതാവരുത് റിപ്പോര്‍ട്ട് എന്ന ശ്രദ്ധയും പരിഗണനയും ഉണ്ടാവണം.

ലോകത്തിന്റെ പല ഭാഗങ്ങളിലും സര്‍ക്കാറുകളും കോടതികളും മാധ്യമസംഘടനകളും സ്ഥാപനങ്ങളും മറ്റുപല കാര്യങ്ങളിലെന്ന പോലെ സ്റ്റിങ്ങ് ഓപറേഷനിലും പെരുമാറ്റച്ചട്ടം ഉണ്ടാക്കിയിട്ടുണ്ട്. ഇവയെകുറിച്ച് ഏകദേശമൊരു ധാരണയെങ്കിലും നമുക്കുണ്ടാവേണ്ടതുണ്ട്. 99 ശതമാനം ഇല്ലെങ്കില്‍ 90 ശതമാനമെങ്കിലും പൊതുജനം സ്റ്റിങ്ങ് ഓപറേഷനുകളെ സര്‍വാത്മനാ പിന്തുണക്കുന്നവരാണ് എന്നറിഞ്ഞുകൊണ്ടുതന്നെയാണ് ഈ നിയന്ത്രണങ്ങളെകുറിച്ച് ചിന്തിക്കുന്നത്. ഇന്നത്തെ നില തുടര്‍ന്നാല്‍ അഴിമതിക്കാരെ  തല്ലിക്കൊല്ലണം  എന്ന് സാധാരണജനം പറയുമെന്നുറപ്പാണ്. പക്ഷേ, മാധ്യമപ്രവര്‍ത്തകര്‍ക്ക് അത് ചെയ്യാന്‍ പറ്റില്ലല്ലോ.

 സമീപകാലത്ത് ഏറ്റവുമേറെ വിവാദമുണ്ടാക്കിയ ജസ്റ്റിസ് ബസന്ത് ചാനല്‍ വിവാദത്തെ കുറിച്ചൊരു  വാക്ക്. സ്റ്റിങ്ങ് ഓപറേഷനുകളെ കുറിച്ചുള്ള ഒരു ചര്‍ച്ചയില്‍ പരിഗണിക്കപ്പെടേണ്ട വിഷയമേ അല്ല അത്. അതൊരു സ്റ്റിങ്ങ് ഓപറേഷന്‍ ആയിരുന്നില്ല. ഒരാളെ അഭിമുഖസംഭാഷണം നടത്താന്‍ ചെന്നു. അയാള്‍ അതിന് സന്നദ്ധനായില്ല. എന്നാല്‍ രേഖപ്പെടുത്തുകയോ  പ്രസിദ്ധപ്പെടുത്തുകയോ ചെയ്യില്ലെങ്കില്‍ സംസാരിക്കാമെന്ന് സമ്മതിച്ചു. ആ വാഗ്ദാനം ലംഘിച്ച്  ഒരു മര്യാദയുമില്ലാതെ സ്വകാര്യസംഭാഷണം റിക്കോഡ് ചെയ്യുകയും പ്രസിദ്ധപ്പെടുത്തുകയും ചെയ്തു. ഇത് അഭിമുഖമോ സ്റ്റിങ്ങ് ഓപറേഷനോ പത്രപ്രവര്‍ത്തനം പോലുമോ അല്ല. അതിലൊരു തത്ത്വദീക്ഷയില്ല, പൊതുതാല്പര്യമില്ല, സമൂഹനന്മ എന്ന ലക്ഷ്യവുമില്ല.
(മീഡിയ മാഗസില്‍ 2013 ഫിബ്രുവരി ലക്കത്തിന് വേണ്ടി എഴുതിയത് )

Saturday, 23 February 2013

ചാനല്‍ വിഭ്രമങ്ങള്‍കൈയിലൊരു കോലുമായി ഒരാള്‍ മുന്നിലും ചുമലില്‍ ക്യാമറയുമായി ഒരാള്‍ തൊട്ടുപിന്നിലുമായുള്ള ചാനല്‍ ഇരട്ടകളെ ചെല്ലുന്നേടത്തെല്ലാം കാണണം എന്നാഗ്രഹിക്കുന്നവരാണ് രാഷ്ട്രീയനേതാക്കള്‍. ഡല്‍ഹിയില്‍ നിന്ന് പുറപ്പെട്ട് കേരളത്തില്‍ വിമാനമിറങ്ങുമ്പോള്‍ ആദ്യം നോക്കുക ഈ കൂട്ടര്‍ വന്നിട്ടുണ്ടോ എന്നാണ്. കണ്ടില്ലെങ്കില്‍ അന്ന് രാത്രി ഉറക്കം വരാന്‍ ഗുളിക വല്ലതും കഴിക്കേണ്ടിവരും. ഇതാണ് പൊതുവായ അവസ്ഥ. അതുപക്ഷേ, പുറത്തുപറയാറില്ല. ഈ ചാനലുകാരെക്കൊണ്ടുതോറ്റു. നില്‍ക്കാനും ഇരിക്കാനും സമ്മതിക്കുന്നില്ലെന്നേ... എന്നും മറ്റും നാലാള്‍ കേള്‍ക്കേ പറയും. അതാണ് ഒരു ഗമ. ചാനലുകാര്‍ പിറകെ നടക്കുന്നത് താന്‍ വലിയ പുള്ളിയായതുകൊണ്ടല്ലേ എന്നാണ് ഭാവം. എല്ലാവരുമില്ല, ചിലര്‍ .

മുമ്പെല്ലാം വല്ലതും പത്രത്തില്‍ വരണമെങ്കിലും മന്ത്രിമാരായാലും പത്രക്കാരെ അങ്ങോട്ടുവിളിക്കാറാണ് പതിവ്. കാലം മാറിയല്ലോ. ഒരു ബൈറ്റുതരൂ ചേട്ടാ ഒരു ബൈറ്റ് എന്ന് കേണ് പഞ്ചായത്ത് പ്രസിഡന്റുമാരുടെ പിറകെയും ചെല്ലേണ്ട സ്ഥിതി ഉണ്ടാക്കിയത് മാധ്യമങ്ങള്‍ തന്നെ. അമേരിക്കന്‍ പ്രസിഡന്റ് ഇടയ്‌ക്കെല്ലാം പുറത്തിറങ്ങി ഇന്ത്യന്‍ ഹോട്ടലില്‍വരെ ചെന്ന് ഭക്ഷണം കഴിക്കാറുണ്ട്. ഇന്ത്യയില്‍ ഏതെങ്കിലും ഹോട്ടലില്‍ അങ്ങനെ പ്രസിഡന്റ് ചെന്നാല്‍ ഹോട്ടല്‍ മാധ്യമക്കാര്‍ നിരപ്പാക്കും. വിരോധമൊന്നുമുണ്ടായിട്ടല്ല, പ്രസിഡന്റ് ഭക്ഷണം കഴിക്കുന്നത് വേറെ എങ്ങനെയാണ് ക്യാമറയിലാക്കുക ?

ചാനലുകാരെ എപ്പോഴും മുമ്പില്‍ കാണണമെന്നാണ് ആഗ്രഹം. പക്ഷേ, ചിലപ്പോള്‍ അവന്മാരുടെയും അവളുമാരുടെയും കണ്ണില്‍പ്പെടാതെ തലയില്‍ മുണ്ടിട്ടായാലും രക്ഷപ്പെടാന്‍ തോന്നിപ്പോകും. നമുക്ക് ഇഷ്ടപ്പെടുന്ന, നല്ല തലവാചകം കിട്ടുന്ന ചോദ്യങ്ങള്‍ ചോദിച്ചാല്‍പോരെ അവര്‍ക്ക് ? ഇല്ല, ചിലരുടെ ചോദ്യം കേട്ടാല്‍ മനസ്സിലാകും, നമുക്കിട്ട് കുത്താന്‍ വന്നിരിക്കുകയാണ് എന്ന്. അത്തരം സന്ദര്‍ഭങ്ങളില്‍ തലയൂരിപ്പോരണമെങ്കില്‍ ചില്ലറ ബുദ്ധിയും വിവേകവും നര്‍മബോധവും പ്രത്യുത്പന്നമതിത്വവുമൊക്കെ വേണം. ഇതൊന്നുമില്ലെങ്കിലും സാരമില്ല. വലതുകൈയുയര്‍ത്തിവീശി, വെളുക്കെ വിഡ്ഢിച്ചിരി ചിരിച്ച് ' നമുക്ക് പിന്നെ കാണാം' എന്ന് പറഞ്ഞ് വേഗം കാറില്‍ കേറി സ്ഥലം കാലിയാക്കാനുള്ള ബുദ്ധിയെങ്കിലും വേണം. പി.ജെ.കുര്യനെ താനാണ് കുമളിയിലെ പെണ്‍കുട്ടിയുടെ അടുത്തേക്ക് കൂട്ടിക്കൊണ്ടുപോയതെന്ന് ഒരു അധര്‍മരാജന്‍ ചാനല്‍ അഭിമുഖത്തില്‍ പറഞ്ഞ ദിവസം കോലും ക്യാമറയുമായി ചാനലുകാര്‍ പാഞ്ഞുവരുന്നത് എന്തുചോദിക്കാനാണ് എന്നറിയാനുള്ള ബോധമില്ലെങ്കിലെന്തുചെയ്യും ? മാര്‍പാപ്പ സ്ഥാനമൊഴിഞ്ഞതിനെക്കുറിച്ചോ മറ്റോ ചോദിക്കാനാണ് ചാനല്‍കുട്ടികള്‍ പാഞ്ഞുവരുന്നത് എന്ന മട്ടിലാണ് കേന്ദ്രമന്ത്രി അറ്റന്‍ഷനായി നിന്നുകൊടുത്തത്. അപ്പോഴാണ് കുര്യന്‍, കുമളി, അമളി, ധര്‍മരാജന്‍ എന്നും മറ്റും ചോദിച്ചുതുടങ്ങിയത്. കേന്ദ്രമന്ത്രി അതിവേഗം നിയന്ത്രണാതീതനും അക്രമാസക്തനും ആയി. ചാനല്‍കോല്‍ പിടിച്ചുതാഴ്ത്തലും പേരക്കിടാവിന്റെ പ്രായമുള്ള മാധ്യമപ്രവര്‍ത്തകയോട് മൂന്നാംകിട ചോദ്യം ചോദിക്കലുമൊക്കെ നിമിഷങ്ങള്‍ക്കകം നടന്നു.

ജാതകദോഷമെന്നോ സമയദോഷമെന്നോ ബുദ്ധിമോശമെന്നോ എന്തുവേണമെങ്കിലും വിളിച്ചുകൊള്ളുക. ക്യാമറയുടെ മുന്നില്‍ചെന്നുനിന്ന് തുണിയൂരിയെറിയുന്നതുപോലുള്ള പണിയാണല്ലോ ചെയ്തത്. ഇനി അതവിടെ കിടന്നോളും. ജീവപര്യന്തം തടവ് എന്ന് പറഞ്ഞതുപോലെ ഇത് ജീവപര്യന്തം യൂട്യൂബിലും മറ്റും. അനശ്വരനാകാനുള്ള എളുപ്പവഴികളില്‍ ഒന്നാണ് ഇത്. ഇതില്‍നിന്ന് മോചനമില്ല. വിശദീകരിച്ച് കൂടുതല്‍ ആഴുമുള്ള കുളത്തില്‍ ചാടാനാണ്, ജന്മവാസന കൊണ്ട് ആദ്യം ശ്രമിച്ചതെങ്കിലും വേഗം മാപ്പുപറഞ്ഞ് തടിയൂരി. പ്രകോപനപരമായ ചോദ്യം ചോദിച്ച് നേതാവിനെ വിഡ്ഢിവേഷം കെട്ടിക്കാനുള്ള കഴിവ് മാധ്യമപ്രവര്‍ത്തനത്തിന്റെ ഭാഗമാണ്. അതുകേട്ട് സമനില പോയാല്‍ ന്യൂസ് വേറെ ആകും എന്ന് കെ.എസ്.യു. കാലത്തുതന്നെ പഠിക്കേണ്ടതായിരുന്നു. ഇനി പഠിച്ചിട്ടുകാര്യമില്ല.

                                                     ** ** **

ടെലിവിഷം വന്ന കാലം മുതല്‍ മൂന്നുനേരം അത് ഭുജിച്ച് ഇമ്യൂണിറ്റി നേടിയ രാഷ്ട്രീയനേതാക്കള്‍ക്ക് ഈ വിധം അബദ്ധം പറ്റാമെങ്കില്‍ ആര്‍ക്കാണ് പറ്റിക്കൂടാത്തത് ? ചാനല്‍ ക്യാമറക്കാര്‍ റോഡില്‍ ആടിനെയോ പശുവിനെയോ കണ്ടാല്‍ ശ്രദ്ധിക്കുന്ന അത്രപോലും ജഡ്ജിമാരെ കണ്ടാല്‍ ശ്രദ്ധിക്കാറില്ല. കാല്‍കാശിന്റെ വാര്‍ത്തയുള്ള ബൈറ്റ് ജീവിതകാലം മുഴുവന്‍ പിറകെ നടന്നാലും ജസ്റ്റിസുമാരില്‍ നിന്നും കിട്ടുകയില്ല. എന്നിട്ടും ഒരു റിട്ടയേര്‍ഡ് ജഡ്ജി ചാനല്‍ ലേഖികയോട് സംസാരിക്കാന്‍ സമ്മതിക്കുകയും തത്ഫലമായി അത്യഗാധമായ ഗര്‍ത്തത്തില്‍ ചെന്നുപതിക്കുകയും ചെയ്തു. റെക്കോഡ് ചെയ്യരുത് എന്ന്പറഞ്ഞാല്‍ അനുസരിക്കുന്ന കൂട്ടരാണ് മാധ്യമപ്രവര്‍ത്തകര്‍ എന്നദ്ദേഹം ധരിച്ചുപോയി. നിത്യജീവിതത്തില്‍ വേണമെന്ന് പറയുന്ന സത്യവും മര്യാദയും മാധ്യമ പ്രവര്‍ത്തനത്തിലും വേണമെന്ന് പറയുന്നവര്‍ വിഡ്ഢികള്‍തന്നെ. പല കുഴികളില്‍ വീണ് ശീലമുള്ളതുകൊണ്ട് കേന്ദ്രമന്ത്രി ഈ വീഴ്ചയില്‍നിന്നും രക്ഷപ്പെടും. മുമ്പൊരുകുഴിയില്‍ പോലും വീണിട്ടില്ലാത്തതുകൊണ്ട് ജഡ്ജിക്കുണ്ടാകുന്ന പരിക്ക് എളുപ്പം ഉണങ്ങുന്നതല്ല.

ഒരു ജഡ്ജി തന്റെ കേസ് വിധിയെക്കുറിച്ച് വിശദീകരിക്കാന്‍ പാടില്ല എന്ന് കീഴ് വഴക്കമുണ്ടാക്കിയവര്‍ മാധ്യമവിരുദ്ധന്മാര്‍തന്നെയാവും. ചോദ്യങ്ങള്‍ക്ക് മറുപടി പറയാനും പാടില്ലത്രെ. ചാനലിലുണ്ടോ അങ്ങനെ വല്ല ചിന്തയും ? സ്വകാര്യം പറഞ്ഞത് രഹസ്യക്യാമറയിലെടുത്ത് പരസ്യമാക്കാം. അത് തീര്‍ത്തും ധാര്‍മികം തന്നെ. ജഡ്ജിമാര്‍ തമ്മില്‍ വിധി പറയുന്നതിന്റെ തലേന്ന് ഫോണില്‍ സംസാരിക്കുന്നത് ചോര്‍ത്തി വേണമെങ്കില്‍ വിധി ബ്രേക്കിങ് ന്യൂസ് ആക്കാം. ഒളിക്യാമറ ലോകത്തെങ്ങും പ്രയോഗിച്ചിട്ടുള്ളത് കുറ്റകൃത്യങ്ങള്‍ തുറന്നുകാട്ടാനാണ്. ജഡ്ജിയെ ഒളിക്യാമറയില്‍ പകര്‍ത്തിയ ആദ്യസംഭവത്തിനുള്ള ലോക റെക്കോഡ് നമ്മുടേതുതന്നെ. ജഡ്ജി വിധി പറയാന്‍ കോഴ വാങ്ങിയൊന്നുമില്ലെന്നേ... അഭിപ്രായം പറഞ്ഞേ ഉള്ളൂ. ജഡ്ജിയുടെ പുരുഷകേന്ദ്രീകൃത സമീപനം ലോകത്തെ അറിയിക്കാനാണ് ഒളിക്യാമറ വെച്ചതെന്ന് വിശദീകരിക്കപ്പെട്ടിട്ടുണ്ട്. അതിനെന്തിന് ക്യാമറ ? സൂര്യനെല്ലിക്കേസ് വിധി വായിച്ചാല്‍ പോരേ ? ഇംഗ്ലീഷിലെഴുതിയ വിധി മനസ്സിലാകാത്തവര്‍ക്കുവേണ്ടിയാണ് അത് ഒളിക്യാമറയിലൂടെ മലയാളത്തില്‍ പറയിച്ചത്. അല്ലാതെ ചിലരെങ്കിലും കരുതുന്നതുപോലെ ചാനല്‍ റെയ്റ്റിങ് കൂട്ടാനൊന്നുമല്ല.

പണ്ട് മാധ്യമ ധാര്‍മികത എന്ന് പ്രയോഗിച്ചപ്പോള്‍ പലരും ചോദിച്ചത്രെരണ്ടും പരസ്?പര വിരുദ്ധമല്ലേ, എങ്ങനെ ഒത്തുപോകും എന്ന് ! ചാനലുകള്‍ വരുന്നതിനും വളരെക്കാലം മുമ്പായിരുന്നു അത്. ധര്‍മരാജനും ധര്‍മവും തമ്മിലുള്ള ബന്ധമേ മാധ്യമങ്ങളും ധാര്‍മികതയും തമ്മില്‍ ആവശ്യമുള്ളൂ. അധാര്‍മികത നമ്മളോട് ആരും കാട്ടാന്‍ പാടില്ല, നമുക്ക് ആരോടും കാട്ടാം. പറയാന്‍ നല്ല നാല് ന്യായം വേണം എന്നേ ഉള്ളൂ. അമ്മയെ തല്ലിയാലും രണ്ടുണ്ട് പക്ഷം എന്നാരോ പറഞ്ഞതും ചാനലുകള്‍ വരുന്നതിനുമുമ്പാണ്. ഇന്ന് നാലുണ്ട് പക്ഷം.

Friday, 22 February 2013

നെത്തോലിയല്ല, സ്രാവാണ് സാര്‍


 ഗൗരവമേറിയ ഒരു താത്ത്വികപ്രശ്‌നം നമ്മുടെ പ്രധാന ദേശീയപാര്‍ട്ടികളില്‍ കലശലായ ഭിന്നിപ്പ് സൃഷ്ടിച്ചിരിക്കുന്നു. ചിലവ പിളര്‍ന്നാലും അദ്ഭുതപ്പെടേണ്ട. രാജ്യസഭാ ഉപാധ്യക്ഷന്‍ പി.ജെ.കുര്യന്‍ സൂര്യനെല്ലി പെണ്‍കുട്ടിയെ പീഡിപ്പിച്ചോ എന്നതാണ് താത്ത്വിക പ്രശ്‌നം. ഇതില്‍നിന്ന് മനസ്സിലാക്കാന്‍ കഴിയുന്നത് ഒരു കാര്യമാണ് പി.ജെ.കുര്യന്‍ വലിയ പുള്ളിയാണ്. നെത്തോലി ചെറിയ മീനല്ല എന്ന് പറഞ്ഞതുപോലെ. വലിയ സ്രാവ് ആയതുകൊണ്ടുമാത്രമാണ് അദ്ദേഹം ഇപ്പോഴും രാജ്യസഭയുടെ ഉപാധ്യക്ഷപദവിയിലിരിക്കുന്നത്. അദ്ദേഹത്തെപ്പോലുള്ള പത്തുനാല്പത് പുള്ളികള്‍ , അവര്‍ ചെറിയ നെത്തോലികളായതുകൊണ്ട് മിക്കവാറും ജീവപര്യന്തംവരെ ജയിലില്‍ കിടക്കേണ്ടിവരുമെന്ന് ഏതാണ്ട് ഉറപ്പായിട്ടുണ്ട്.

അതിനര്‍ഥം അദ്ദേഹം സൂര്യനെല്ലിയിലെ പെണ്‍കുട്ടിയെ പീഡിപ്പിച്ചുവെന്ന് ഉറപ്പാണ് എന്നല്ല. അത് കുര്യനും കുര്യന്റെകൂടെ നടന്നവര്‍ക്കും പടച്ചതമ്പുരാനുമേ അറിയൂ. പെണ്‍കുട്ടിക്ക് അറിയില്ലേ എന്ന് ന്യായമായും ചോദിക്കാം. ബുദ്ധിമുട്ടാണ്. രാത്രി അടച്ച മുറിയില്‍ വന്നുംപോയും ഇരുന്ന നാല്പതുപേരെയും ഇപ്പോഴും ഓര്‍ക്കാന്‍ കഴിയുന്നുവെങ്കില്‍ അതൊരു അദ്ഭുതം തന്നെയാണ്. തെറ്റുപറ്റാം. ഇത്തരം സംഗതികളില്‍ ചിലര്‍ പ്രകടിപ്പിക്കുന്ന ഓര്‍മശക്തി കണ്ടാല്‍ സത്യമായും കാല്‍തൊട്ട് നമസ്‌കരിക്കാന്‍ തോന്നും. പതിനേഴ് കൊല്ലം മുമ്പ് കുമളി ഗസ്റ്റ്ഹൗസ് പരിസരത്ത് കുര്യനെ കണ്ടത് ഏത് മൂലയില്‍, കൃത്യം എത്രമണിക്ക്, എത്ര നേരം എന്നെല്ലാം ആളുകള്‍ പറയുന്നത് ചാനലുകളില്‍ കാണുന്നുണ്ട്. ഒരു പക്ഷേ, ഇവരെല്ലാം സദാസമയം ഡയറി കൊണ്ടുനടക്കുകയും ഓരോ മണിക്കൂറിലും കാണുന്ന ആളുകളുടെ പേരെഴുതിവെക്കുകയും ചെയ്യുന്നുണ്ടാവണം. പതിനേഴ് കൊല്ലം മുമ്പ് ഭാര്യ മൂത്ത മകനെ പ്രസവിച്ചത് ഉച്ചയ്ക്കാണോ രാത്രിയാണോ എന്ന് ചോദിച്ചാല്‍ ബ്ബ ബ്ബ ബ്ബ പറയും ഇവരധികവും.

അതവിടെ നില്‍ക്കട്ടെ, പീഡനം ആണല്ലോ വിഷയം. പി.ജെ.കുര്യന്‍ വലിയ സ്രാവായതുകൊണ്ടാണ് പത്രത്തിലെ ഫോട്ടോ കണ്ട് പെണ്‍കുട്ടി തിരിച്ചറിഞ്ഞത്. സ്രാവായതുകൊണ്ടാണ് ജയിലിലാകാതെ ഇതുവരെ രക്ഷപ്പെട്ടതും. പെണ്‍കുട്ടിക്ക് തെറ്റുപറ്റിക്കൂടേ ? പറ്റാം പറ്റാം പറ്റാം. മറ്റ് പത്തുനാല്‍പതുപേരുടെ കാര്യത്തില്‍ പെണ്‍കുട്ടിയുടെ തിരിച്ചറിയല്‍ ശിക്ഷിക്കുന്നതിനുള്ള തെളിവായി. കുര്യന്റെ കാര്യത്തില്‍ അലിബികള്‍ അലമ്പുണ്ടാക്കി. പെണ്‍കുട്ടി പറഞ്ഞത് കുര്യന്റെ കാര്യത്തില്‍ മാത്രം പോലീസ് വിശ്വസിച്ചില്ല. പെണ്‍കുട്ടി പറഞ്ഞതല്ല, എന്‍.എസ്.എസ്സിന്റെ സുകുമാരന്‍ നായര്‍ പറഞ്ഞതാണ് ശരി എന്ന് പോലീസ് നിശ്ചയിച്ചു. കണ്ട നീ മിണ്ടാതിരി, കേട്ട ഞാന്‍ പറയട്ടെ എന്ന് പണ്ടാരോ തര്‍ക്കിച്ചതുപോലെ. ഇതാണ് നെത്തോലിയും സ്രാവും തമ്മിലുള്ള വ്യത്യാസം. മുള്ളുണ്ടെങ്കിലും നെത്തോലിയെ കടിച്ചുതിന്നാം. തെളിവിന്റെ വിദൂരമായ സൂചനയെങ്കിലുമുണ്ടെങ്കില്‍ സാധാരണക്കാരെ ബലാത്സംഗക്കേസില്‍ പ്രതിയാക്കാം. 100 ശതമാനം തെളിവുണ്ടായാല്‍പ്പോലും കേന്ദ്രമന്ത്രിയെ പ്രതിയാക്കിയാല്‍ വിവരമറിയും. പിന്നെയല്ലേ ഇരയുടെ മൊഴി മാത്രം കേട്ട് പ്രതിയാക്കാന്‍. അലിബി കിട്ടിയത് രക്ഷ.

ആര്‍ഷഭാരത സംസ്‌കാര ആദര്‍ശപാര്‍ട്ടി സ്വന്തം നേതാക്കള്‍ക്കെതിരെ ആക്ഷേപം വന്നപ്പോള്‍ പോലും ഇങ്ങനെ പ്രതിസന്ധിയില്‍ പെട്ടിട്ടില്ല. പാര്‍ട്ടി പ്രസിഡന്റായിരുന്ന ഗഡ്കരിക്കെതിരെ റെയ്ഡ് നടന്നേ ഉള്ളൂ. പ്രസിഡന്റായി രണ്ടാം വട്ടം പട്ടാഭിഷേകം നടത്തുമ്പോഴാണ് പിടിച്ചിറക്കി വേഷം അഴിച്ചെടുത്ത് വഴിയാധാരമാക്കിയത്. മുമ്പും ഒരു ദേശീയ പ്രസിഡന്റിനെ ഈവിധം തെരുവാധാരമാക്കിയിട്ടുണ്ട്. പാവം ബി.ലക്ഷ്മണന്‍, ചില്ലറയെന്തോ വാങ്ങിച്ചതിന് ഏതോ കാട്ടിലേക്കയച്ചിരിക്കുകയാണ്. ഇപ്പോഴിതാ, ലവലേശം രാഷ്ട്രീയപ്രേരണയില്ലാത്ത ശുദ്ധ മതേതര പാര്‍ട്ടിയാണ് ഭജപ എന്ന് തെളിയിച്ചിരിക്കുന്നു. കോണ്‍ഗ്രസ്സുകാരനും ക്രിസ്തുമതക്കാരനുമായ കുര്യന് വേണ്ടിയാണ് ഹിന്ദുത്വപാര്‍ട്ടിയുടെ കേന്ദ്ര നേതൃത്വം രംഗത്തുവന്നിരിക്കുന്നത്. കുര്യനെതിരായ ആരോപണം രാഷ്ട്രീയ പ്രേരിതമാണ് എന്ന് പാര്‍ട്ടിക്കുറപ്പ്. രാഷ്ട്രീയപ്രേരണ കൊണ്ട് കുര്യനെ എതിര്‍ക്കുകയും ജാഥ നടത്തി തല്ലുവാങ്ങുകയും ചെയ്യുന്നവരില്‍ പാര്‍ട്ടിയുടെ കേരളഘടകക്കാരും പെടുന്നു. കുര്യനാരാണ് മോന്‍.... കോണ്‍ഗ്രസ്സില്‍ നല്ല വക്കീലന്മാരില്ലാഞ്ഞിട്ടാണോ ? ബി.ജെ.പി.യുടെ മുന്തിയ നേതാവിനെയാണ് കേസുകെട്ടേല്പിച്ചത്. ഇതിനാണ് ദീര്‍ഘവീക്ഷണം എന്ന് പറയുന്നത്. അതിന്റെ പേരിലാണ് ബി.ജെ.പി. കുര്യനെ അനുകൂലിക്കുന്നത് എന്നൊന്നും വാദിക്കുന്നില്ല. കോടതിയില്‍ വാദിക്കാനുള്ള ഫീസേ കുര്യന്‍ജി ജെയ്റ്റ്‌ലിക്ക് കൊടുത്തുകാണൂ. ബി.ജെ.പി.യെ വിലയ്ക്ക് വാങ്ങാനൊന്നും കുര്യന് ആവില്ലല്ലോ.

തരംകിട്ടിയാല്‍ ഏത് കോണ്‍ഗ്രസ്സുകാരനെയും കേസില്‍കുടുക്കി ജയിലിലാക്കാന്‍ മടിക്കാത്ത പാര്‍ട്ടിയാണ് സി.പി.എം. എന്നല്ലേ പൊതുധാരണ ? സി.പി.എം. അത്തരമൊരു പാര്‍ട്ടിയല്ല. നിയമവും വകുപ്പും നോക്കിയേ കോണ്‍ഗ്രസ്സുകാര്‍ക്കെതിരെയും കേസെടുക്കൂ. പാര്‍ട്ടി മെമ്പറും പ്രഗല്ഭ അഭിഭാഷകനുമായ ജി.ജനാര്‍ദനക്കുറുപ്പ് 'എന്റെ ജീവിതം'എന്ന ആത്മകഥയില്‍ സൂര്യനെല്ലിക്കേസിന്റെ കഥ പറയുന്നുണ്ട്. പത്രപ്രവര്‍ത്തക ലീലാമേനോനൊപ്പം വന്നാണ് പെണ്‍കുട്ടിയുടെ കുടുംബം അവളുടെ അനുഭവം വിവരിച്ചത്. പലവട്ടം ചോദ്യം ചെയ്ത് അവള്‍ പറഞ്ഞത് സത്യമാണെന്നുറപ്പിച്ചാണ് അദ്ദേഹം കുര്യനെതിരെ കേസെടുക്കണമെന്ന നിലപാടെടുത്തത്. കുറുപ്പിന്റെ ഉറപ്പൊന്നും അന്ന് പാര്‍ട്ടിയിലും ഭരണത്തിലും വിലപ്പോയില്ല. കുര്യന്‍ കേസില്‍ പ്രതിയാകേണ്ട എന്ന് തീരുമാനിക്കപ്പെട്ടു. അതിനുപറ്റിയ അന്വേഷണറിപ്പോര്‍ട്ടും ഉണ്ടായിരുന്നു. പി.ശശിയും എം.കെ.ദാമോദരനും ഇ.കെ.നായനാരും പറഞ്ഞതൊന്നും ഇപ്പോള്‍ ബാധകമല്ല. ആര്‍ക്കും മൊഴിമാറ്റാം. കുര്യനെ പ്രതിയാക്കണമെന്ന് ആവശ്യപ്പെട്ട് സി.പി.എം.വനിതകള്‍ പോലീസിന്റെ അടി വാങ്ങുന്നുണ്ട്.
കുര്യനെ പ്രതിയാക്കാന്‍ പുതിയ തെളിവൊന്നും ആരും കൊണ്ടുവന്നിട്ടില്ല. പീഡനക്കേസ്സില്‍ ഇര പറയുന്നതാണ് അവസാനവാക്കെന്ന വ്യവസ്ഥ ചേര്‍ക്കാന്‍ പോകുകയാണ് കേന്ദ്രത്തിലെ സര്‍ക്കാര്‍ . രാജ്യസഭയില്‍ അത് ചര്‍ച്ച ചെയ്യുമ്പോള്‍ ഭാഗ്യമുണ്ടെങ്കില്‍ കുര്യനുതന്നെ അധ്യക്ഷത വഹിക്കാനായേക്കും. ഇര ചൂണ്ടിക്കാട്ടിയിട്ടും കേസില്‍ പ്രതിയാകാതിരുന്ന കുര്യന്‍ .
പടച്ചോനേ, എന്തെല്ലാം അദ്ഭുതങ്ങളാണ് സംഭവിക്കുന്നത് !

***

കോഴിക്കോട്ടെ ഐസ്‌ക്രീം കേസില്‍ എത്രയായിരുന്നു ഇരകള്‍ ? എണ്ണമറ്റത് എന്നേ നമുക്ക് പറയാനാവൂ. അവരേറെയും മൊഴി നല്‍കിയിട്ടും നമ്മുടെ വിനീതനായ ജനനേതാവ് കേസില്‍ പ്രതിയായില്ല. മൊഴി, മറുമൊഴി, മൊഴിമാറ്റം, തേന്‍മൊഴി തുടങ്ങിയ പല വിധ സംഗതികള്‍ ഒപ്പിച്ചെടുക്കുന്നതിനു വേണ്ടി ചെലവഴിച്ച പണത്തിന് അന്തവും കുന്തവുമില്ല. നല്ലൊരു മന്‍ശ്യനെ പീഡകനായി കിട്ടിയതുകൊണ്ട് കുറേ ഇരകള്‍ക്ക് ജീവിതം പച്ചപിടിപ്പിക്കാനായി. പണം കൊടുക്കാനും മൊഴിമാറ്റാനും സാക്ഷികളെ വാങ്ങാനും പോലീസിനെ പോക്കറ്റിലാക്കാനും ജഡ്ജിയെ സ്വാധീനിക്കാനും എല്ലാം കൂട്ടുനിന്ന ബന്ധു കാലുമാറി ശത്രുവായിട്ടും ഇപ്പോഴും കക്ഷിയെ കുടുക്കിലാക്കാനായിട്ടില്ലെന്നതാണ് കക്ഷിയുടെ പവറ്. പണം ഇമ്മിണി തിന്നിക്ക്ണ് പെണ്ണുങ്ങള്. പണം പോയാലെന്താ, പവറ് ബാക്കിയുണ്ടല്ലോ. അതുമതി.

മുസ്‌ലിം ലീഗ് കോണ്‍ഗ്രസ്സിനെ പോലെയല്ല. ഡീസെന്റ് പാര്‍ട്ടിയാണ്. ജനം പറഞ്ഞാലൊന്നും കേസെടുക്കാന്‍ പറ്റില്ലെന്നൊക്കെ ഇപ്പോള്‍ കുളൂസ് പറയുന്നുണ്ട് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ചുമ്മാ പറയുകയാ. ജനത്തിന്റെ ലൈന്‍ മാറുന്നുണ്ടെന്ന് തോന്നിയാല്‍ കൈവെടിയും കുര്യനെ. നമുക്ക് കുര്യനൊന്നുമല്ല കേട്ടോ വലുത്. കുര്യന്‍ സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്തതിനൊന്നുമല്ലല്ലോ ജയിലില്‍ പോകേണ്ടിവരിക. തടി കേടാവും എന്ന് തോന്നിയാല്‍ കോണ്‍ഗ്രസ്സുകാര് അവരുടെ വഴിക്കുപോകും. നിയമം നിയമത്തിന്റെ വഴിക്കുപോകും എന്ന് കോണ്‍ഗ്രസ്സുകാര്‍ പറയാറുള്ളത് ഇതിനാണ്. കുറച്ചുചൂടൊക്കെ ഡല്‍ഹി നേതൃത്വവും സഹിക്കും. ചൂടുകൂടി ശരീരം പൊള്ളുമെന്ന് തോന്നിയാല്‍ ഉടനെ വഴിയില്‍ കളയും കോണ്‍ഗ്രസ്സുകാര്‍. പണ്ട് ഇന്ദിരാഗാന്ധിയെത്തന്നെ വഴിയില്‍ കളഞ്ഞ കൂട്ടരാണ്.
രേഖയും തെളിവും മൊഴിയുമൊന്നും മുസ്‌ലിം ലീഗിനെ ബാധിക്കില്ല. നേതാവ് ചെയ്തതെന്ത് എന്ന് അണികള്‍ക്കും നാട്ടുകാര്‍ക്കുമറിയാം. അതിനിപ്പോ എന്താ വേണ്ടത് എന്നൊരു ചോദ്യമേ പാര്‍ട്ടിക്കുള്ളൂ. ഇതൊക്കെ പണ്ടേ ഉള്ളതല്ലേ എന്ന് മനസ്സില്‍ ന്യായം പറഞ്ഞ് അവര്‍ ഉറച്ചുനില്‍ക്കുന്നു. ആകാശം ഇടിഞ്ഞുവീഴുമെന്ന് പറഞ്ഞാലും അവര്‍ നേതാവിനെ കൈയൊഴിയില്ല. ഇതിനാണ് പാര്‍ട്ടിക്കൂറ്, ആദര്‍ശം, സത്യസന്ധത, നന്ദി എന്നൊക്കെ പറയുന്നത്. കണ്ട് പഠിക്കട്ടെ മറ്റുപാര്‍ട്ടിക്കാരെല്ലാം.

കോണ്‍ഗ്രസ് സബ്‌സിഡി


കോണ്‍ഗ്രസ്സിന്റെ കേന്ദ്രനേതൃത്വം കഴിഞ്ഞ നിയമസഭാതിരഞ്ഞെടുപ്പില്‍ കേരളത്തിലെ യു.ഡി.എഫ്. സ്ഥാനാര്‍ഥികള്‍ക്ക് പത്തുലക്ഷം രൂപ വീതം കൊടുത്ത കൊടിയ അപരാധം യു.ഡി.എഫുമായി പുലബന്ധമില്ലാത്ത ഒരു ചാനല്‍ സവിസ്തരം റിപ്പോര്‍ട്ട് ചെയ്യുകയുണ്ടായല്ലോ. പിറ്റേന്ന് അത് സിന്‍ഡിക്കേറ്റ്  സിന്‍ഡിക്കേറ്റിതര പത്രങ്ങള്‍ ഏറ്റെടുക്കുകയും ചെയ്തു. ഇപ്പോഴതാണ് രീതി. പത്ര എക്‌സ്‌ക്ലൂസീവ് ചാനലുകള്‍ക്കും ഏറ്റെടുക്കാം. സിംഹം കടിച്ചെടുത്തതിന്റെ അവശിഷ്ടങ്ങള്‍ ചെറുകിട ഹിംസ്രമൃഗങ്ങള്‍ പിന്നീട് ഭുജിക്കും. യു.ഡി.എഫ്. പണമിടപാടില്‍ എന്താണ് സംഭവിച്ചത് എന്ന് പത്രങ്ങള്‍ വരികള്‍ക്കിടയിലും വരികള്‍ക്കപ്പുറവും വായിച്ചവര്‍ക്ക് ഏതാണ്ട് പിടികിട്ടിക്കാണണം.

പത്ത് ലക്ഷം രൂപ ആളോഹരിവീതം ലീഗ്, കേരളാ കോണ്‍ഗ്രസ് ആദിയായ കുടികിടപ്പുപാര്‍ട്ടികള്‍ക്ക് കോണ്‍ഗ്രസ് ജന്മി നല്‍കി. പക്ഷേ, കുടിയാന്മാര്‍ അത് അധികാരിക്ക് കൊടുത്ത കണക്കില്‍ ഉള്‍പ്പെടുത്തിയില്ല. ഇതാണ് സംഭവം. തിരഞ്ഞെടുപ്പിന് ചെലവാക്കിയതിന്റെ കണക്ക് കാണിക്കാതിരിക്കുന്നത് കുറ്റം തന്നെ. കള്ളക്കണക്ക് കൊടുക്കുന്ന യോഗ്യന്മാരെ അയോഗ്യരാക്കാന്‍ ഇലക്ഷന്‍ കമ്മീഷന് അധികാരമുണ്ട്. ഇവിടെ പക്ഷേ, അങ്ങനെ സംഭവിച്ചിട്ടില്ലത്രെ. ലീഗ് വിവരം മറച്ചുവെച്ചു എന്ന ആരോപണത്തിന് മറുപടിയായി പാര്‍ട്ടി നല്‍കിയ വിശദീകരണം കേട്ടില്ലേ ? ലീഗ് ഇത്ര രൂപ കിട്ടി എന്ന് പാര്‍ട്ടി തിരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചിട്ടുണ്ട്. പക്ഷേ, തിരഞ്ഞെടുപ്പ് പ്രചാരണത്തിന് അത് ചെലവാക്കിയതായി കാട്ടിയിട്ടില്ല. കോണ്‍ഗ്രസ് പോലുള്ള പേര് പറയാവുന്നതും പിന്നെ പേര് പുറത്തു പറയാന്‍ കൊള്ളാത്തതുമായ പല കേന്ദ്രങ്ങളില്‍ നിന്നും പാര്‍ട്ടി പണം വാങ്ങിയിട്ടുണ്ട്. പക്ഷേ, അതൊന്നും തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ചെലവാക്കിയിട്ടില്ല. അതൊന്നും പ്രചാരണച്ചെലവല്ല. അനുബന്ധ ചി.ചി. കള്‍ ആണ് ( ചി.ചി. എന്നാല്‍ ചില്ലറ ചെലവ്).

ഇത് രാഷ്ട്രീയ പ്രവര്‍ത്തനരംഗത്ത് പണ്ടേ ഉള്ളതാണ്. നൂറുപോസ്റ്റര്‍ ഒട്ടിച്ചു. അച്ചടിച്ചെലവും ഒട്ടിക്കാനുള്ള പശച്ചെലവും യാത്രാച്ചെലവുമെല്ലാം കണക്കില്‍ കാണിക്കാം. ഇത്രയും കാശ് മുടക്കിയാല്‍ പോസ്റ്റര്‍ ചുവരില്‍ ഒട്ടിക്കൊള്ളും എന്ന വിശ്വസിക്കാനുള്ള മണ്ടത്തരം, രാഷ്ട്രീയത്തിന്റെ എ.ബി.സി.ഡി. അറിയാത്ത തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാര്‍ക്കുപോലുമുണ്ടാകില്ല. തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ചി.ചി. ധാരാളം വേണ്ടിവരും. പരിപ്പ് വടയും ബീഡിയും കൊണ്ട് സംഭവം നടന്ന കാലമുണ്ടായിരുന്നു. പിന്നീട് അത് പുട്ടും കടലയും ആയി. ചോറും പൊരിച്ച മീനും എന്ന ഘട്ടം പോലും പത്തുമുപ്പത് വര്‍ഷം മുമ്പ് പിന്നിട്ടുകഴിഞ്ഞു. ഒടുവിലത്തെ നിലയെന്തെന്ന് പറയാന്‍ ബുദ്ധിമുട്ടുണ്ട്. ദിവസക്കൂലി, നൈറ്റ് അലവന്‍സ്, ചിക്കന്‍ ബിരിയാണി, സംഗതി തുടങ്ങുന്നതിന് മുമ്പ് ക്ഷീണം വരാതിരിക്കാനും സംഗതിക്കുശേഷം ക്ഷീണം തീര്‍ക്കാനുമുള്ള ടോണിക് ( ഈ പറഞ്ഞത് മുസ്‌ലിം ലീഗിന് ബാധകമല്ല) എന്നിങ്ങനെ പോകുന്നു ചെലവുകള്‍. ഒടുവില്‍ കണക്കെഴുതുമ്പോള്‍ പോസ്റ്റര്‍ ഒട്ടിച്ചതിന് ചെലവ് നൂറു രൂപ; ചില്ലറ ചെലവ് ആയിരം രൂപ എന്നെഴുതിവെക്കേണ്ടിവരും. ഇതില്‍ ആദ്യത്തെ കണക്കേ ഇലക്ഷന്‍ കമ്മീഷന് കൊടുക്കാന്‍ പറ്റൂ.

കോണ്‍ഗ്രസ് തന്ന ആളൊന്നിന് പത്ത് ലക്ഷം രൂപ വരുമാനം ലീഗ് കണക്കില്‍ ചേര്‍ത്തില്ല എന്ന് പറയുന്നത് കേട്ടാല്‍ മറ്റൊരു തെറ്റിദ്ധാരണ കൂടി ഉണ്ടാകാനിടയുണ്ട്. തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇത്രയേ ചെലവാക്കാവൂ എന്ന് നിയമമുണ്ട്. പക്ഷേ, ഇത്രയേ പിരിക്കാവൂ എന്ന് നിയമമില്ല. യു.ഡി.എഫിലെ ചില പാര്‍ട്ടികളില്‍ മത്സരിച്ചാല്‍ കെട്ടിവെച്ചത് കിട്ടില്ലെന്ന് ഉറപ്പുള്ള സീറ്റിലും മത്സരിക്കാന്‍ സ്ഥാന ആര്‍ത്തിക്കാരുടെ നീണ്ട ക്യൂ കാണാറുണ്ട്. പാര്‍ട്ടിക്കുവേണ്ടി ത്യാഗം ചെയ്യാനാണ് പാവങ്ങള്‍ ക്യൂ നില്‍ക്കുന്നത് എന്ന് ധരിക്കും നമ്മള്‍. അല്ല, മത്സരിച്ചാല്‍ മതി ജയിക്കണമെന്നില്ല. ഒരു കോടി പിരിച്ച് 25 ലക്ഷം പ്രചാരണത്തിന് ചെലവാക്കിയാല്‍ അതും മോശമല്ല. കെട്ടിവെച്ചതേ പോകൂ, 25 ലക്ഷം പോക്കറ്റിലാവും. കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ഔദാര്യപൂര്‍വം നല്‍കിയ തുക ബാങ്കിലിടാനോ അല്ലെങ്കില്‍ ചില്ലറ ചെലവിന് നീക്കിവെക്കാനോ ലീഗിനും കേരളാ കോണ്‍ഗ്രസ്സിനും സ്വാതന്ത്ര്യമുണ്ട്.

എല്‍.പി.ജി. വിലയുടെ ഒരു പങ്ക് സബ്‌സിഡിയാണെന്ന് പറയുന്നതുപോലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഘടകകക്ഷികള്‍ക്ക് നല്‍കുന്ന സബ്‌സിഡിയാണ് ഈ സിലിന്‍ഡര്‍ ഒന്നിന്  സോറി സ്ഥാനാര്‍ഥി ഒന്നിന് നല്‍കുന്ന പത്തുലക്ഷം രൂപ. ഗ്യാസ് സബ്‌സിഡി ബാങ്ക് വഴി നല്‍കുന്ന സമ്പ്രദായം വരാന്‍പോകുന്നേ ഉള്ളൂ. പാര്‍ട്ടി സബ്‌സിഡി കഴിഞ്ഞ തിരഞ്ഞെടുപ്പ് മുതല്‍ തന്നെ ബാങ്ക് വഴിയാണ് നല്‍കിവരുന്നത്. അതില്‍ കളവും മറവുമില്ല. പാര്‍ട്ടികള്‍ക്ക് അത് ചെലവാക്കാം, ചെലവാക്കാതിരിക്കാം. കോണ്‍ഗ്രസ് നല്‍കിയ സബ്‌സിഡിയുടെ വിവരം പാര്‍ട്ടികള്‍ ഇലക്ഷന്‍ കമ്മീഷനെ അറിയിച്ചില്ലെന്നതിലേ വാര്‍ത്തയുള്ളൂ. കോണ്‍ഗ്രസ് വേറെ പാര്‍ട്ടികള്‍ക്ക് സംഭാവന നല്‍കുന്നതില്‍ നാട്ടുകാര്‍ക്ക് എന്തിന് പരാതി ?

* * *

ദാ കൊന്നു, ദേ പോയി എന്നാണ് ചില കുബുദ്ധികള്‍ ഇറ്റാലിയന്‍ നാവികരെ കുറിച്ചെഴുതിയത്. ദേ പോയവര്‍ ദാ തിരിച്ചുവന്നിരിക്കുന്നു. ഇറ്റലിക്കാര്‍ ഇനി തിരിച്ചുവരികയേ ഇല്ല എന്നെഴുതിയവര്‍ക്കും പ്രസംഗിച്ചവര്‍ക്കും ഒന്നും പറയാനില്ല. നമ്മുടെ സംസ്‌കാരമനുസരിച്ചാണ് നമ്മുടെ ധാരണ. രക്ഷപ്പെടാന്‍ തരംകിട്ടിയാല്‍ നമ്മള്‍ രക്ഷപ്പെടും. ഇറ്റലിക്കാരും അതേ ചെയ്യൂ എന്ന് നമുക്കുറപ്പായിരുന്നു. ഇറ്റലിക്കാരോട് ക്ഷമ ചോദിക്കേണ്ടതുണ്ട്. പറഞ്ഞ തീയതിക്കുമുമ്പ് അവര്‍ തിരിച്ചുവന്ന് പാസ്‌പോര്‍ട്ട് അധികൃതര്‍ക്ക് കൈമാറി. ഇനി കേസ്‌വിധി വരെ അവരിവിടെ കഴിഞ്ഞുകൂടും.

വലിയ ജാമ്യത്തുകയും കര്‍ക്കശ വ്യവസ്ഥകളും ഉണ്ടെങ്കില്‍ എത്ര വലിയ കുറ്റവാളിയെയും ജാമ്യത്തില്‍ വിടാം. അല്പം കൂടി വലിയ ജാമ്യത്തുകയും കുറച്ച് വിശ്വാസവുമുണ്ടെങ്കില്‍ പ്രതികളെ വിദേശത്തുമയക്കാം. പക്ഷേ, നമ്മുടെ ഭരണകൂടത്തിന് വിദേശികളിലുള്ളത്ര വിശ്വാസം നമ്മുടെ പൗരന്മാരിലില്ല. ഇറ്റാലിയന്‍ തടവുകാര്‍ ജയിലില്‍ കിടന്ന അതേ കൊല്ലത്തുനിന്ന് പിടിച്ചുകൊണ്ടുപോയതാണ് അബ്ദുന്നാസര്‍ മഅദനിയെ. കര്‍ണാടക പോലീസ് വന്നപ്പോള്‍ പിടി കൊടുക്കാതെ വീര്യം പിടിച്ചുനിന്ന മഅദനിയെ പിടിക്കാന്‍ ജനങ്ങളും പോലീസിന് ഒപ്പംനിന്നിട്ടുണ്ട്. കേസുണ്ടെങ്കില്‍ അറസ്റ്റിന് വഴങ്ങണം. പിന്നെ ജാമ്യമോ ശിക്ഷയോ കിട്ടുംഅതാണ് തത്ത്വം. പക്ഷേ, മഅദനിക്ക് ജാമ്യമില്ല, ശിക്ഷയില്ല, ചികിത്സയുമില്ല. കൊല്ലാതെ കൊല്ലുന്നു എന്ന് പറഞ്ഞതുപോലെ ശിക്ഷിക്കാതെ ശിക്ഷിക്കുകയാണ്. ആദ്യഘട്ടത്തില്‍ ഒമ്പതുവര്‍ഷം ജയിലില്‍ കിടന്നു. ഇപ്പോഴിതാ 2010 ആഗസ്ത് 17 മുതല്‍ വീണ്ടും ജയിലില്‍ കഴിയുന്നു. പത്തുകൊല്ലം കഴിഞ്ഞ് നിരപരാധിയെന്ന് സര്‍ട്ടിഫിക്കറ്റ് കൊടുക്കും. സന്തോഷപൂര്‍വം വീട്ടില്‍പോകാമല്ലോ.

ഇപ്പോള്‍ ജനം തീര്‍ച്ചയായും സംശയിക്കുന്നുണ്ട്. മഅദനിയാണോ ഭീകരന്‍? അതോ ജാമ്യവും ചികിത്സയും നല്‍കാതെ ശിക്ഷിക്കുന്ന വ്യവസ്ഥയോ?

എല്ലാവര്‍ക്കും സ്ഥാനം


ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ പാര്‍ട്ടി എന്നാണ് കോണ്‍ഗ്രസ്സിനെ കോണ്‍ഗ്രസ് വിശേഷിപ്പിച്ചിരിക്കുന്നത്. സംശയമുള്ളവര്‍ പാര്‍ട്ടിയുടെ വെബ്‌സൈറ്റില്‍ പോയി നോക്കുക. പാര്‍ട്ടിയുടെ പേരിനോട് ചേര്‍ത്ത് ഈ അവകാശവാദമെഴുതി വെച്ചിട്ടുണ്ട്. തര്‍ക്കവിഷയമാണ് രണ്ടും. കോണ്‍ഗ്രസ് ലോകത്തിലെ ഏറ്റവും വലിയ പാര്‍ട്ടിയാണോ എന്നത് ഒരു തര്‍ക്കവിഷയം, കോണ്‍ഗ്രസ് ജനാധിപത്യ പാര്‍ട്ടിയാണോ എന്നത് രണ്ടാമത്തെ തര്‍ക്കവിഷയം. ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയാവും ലോകത്തിലെ ഏറ്റവും വലിയ പാര്‍ട്ടി എന്ന കാര്യത്തില്‍ ആര്‍ക്കും സംശയം കാണില്ല. സംശയം ഉണ്ടാവുക ചൈനീസ് പാര്‍ട്ടി ജനാധിപത്യ പാര്‍ട്ടിയാണോ എന്ന കാര്യത്തിലാവും. ഈ സംശയം കോണ്‍ഗ്രസ്സിന്റെ കാര്യത്തിലും ഉണ്ട്. പാര്‍ട്ടിക്കുള്ളില്‍ സ്വതന്ത്രമായ തിരഞ്ഞെടുപ്പ് നടത്തി ഭാരവാഹികളെ തിരഞ്ഞെടുക്കലാണ് ജനാധിപത്യത്തിന്റെ തെളിവ് എങ്കില്‍ രണ്ട് അവകാശവും തെറ്റാണ്. കോണ്‍ഗ്രസ് ഏറ്റവും വലിയ പാര്‍ട്ടിയല്ല, കോണ്‍ഗ്രസ് ജനാധിപത്യപാര്‍ട്ടിയുമല്ല.

ഇപ്പോള്‍ പലരും കോണ്‍ഗ്രസ്സിനെ കോണ്‍ഗ്രസ് ജെ എന്നാണ് വിളിക്കുന്നത്. കേരള കോണ്‍ഗ്രസ് ജെ എന്ന് കേട്ടിട്ടുണ്ട്, കോണ്‍ഗ്രസ് ജെ ഉണ്ടോ എന്ന് ചോദിക്കേണ്ട, ഉണ്ട്. ഇവിടെ ജെ ജോസഫ് അല്ല. ജെ എന്നാല്‍, ജംബോ. ജംബോ എന്നത് ഒരാന. കോണ്‍ഗ്രസ് ലോകത്തിലെ ഏറ്റവും വലിയ പാര്‍ട്ടിയായിരുന്നതുപോലെ, ലോകത്തിലെ ഏറ്റവും വലിയ ആനയായിരുന്നു ജംബോ. കോണ്‍ഗ്രസ് ജനിച്ചത് 1885ല്‍, ജംബോ ജനിച്ചത് 1861ല്‍. ആയുസ്സ് പക്ഷേ, കുറവായിരുന്നു. കോണ്‍ഗ്രസ് ജനിച്ച അതേ വര്‍ഷംതന്നെ ജംബോ ഡൈഡ്. ജംബോ ചരിഞ്ഞെങ്കിലും ശരീരം സ്റ്റഫ് ചെയ്ത് കുറേക്കാലം കാഴ്ചവസ്തുവാക്കിയിരുന്നുവത്രേ. കോണ്‍ഗ്രസ്സും ഇതുപോലെ എന്നോ ചരിഞ്ഞുകഴിഞ്ഞെന്നും ഇപ്പോഴുള്ളത് അതിന്റെ സ്റ്റഫ് ചെയ്ത ശരീരം മാത്രമാണെന്നും ശത്രുക്കള്‍ പറയുന്നത് നമ്മള്‍ ശ്രദ്ധിക്കേണ്ട. ഇത് 1885ല്‍ സായ്പ് ഉണ്ടാക്കിയ അതേ കോണ്‍ഗ്രസ് തന്നെ.

കോണ്‍ഗ്രസ് ലോകത്തിലെ ഏറ്റവും വലിയ പാര്‍ട്ടിയാണോ എന്ന കാര്യത്തിലേ തര്‍ക്കമുണ്ടാകൂ. ലോകത്തില്‍ ഏറ്റവും കൂടുതല്‍ ഭാരവാഹികളുള്ള പാര്‍ട്ടിയേത് എന്ന് ഏത് ക്വിസ് മത്സരത്തില്‍ ചോദിച്ചാലും ഒരൊറ്റ ഉത്തരമേ കിട്ടൂകോണ്‍ഗ്രസ്. ഇത് ഗിന്നസ്‌ലിംക ബുക്കിലൊന്നും കണ്ടെന്ന് വരില്ല. അവര്‍ക്ക് ഇതുവരെ ഇതിനെക്കുറിച്ച് വിവരം ലഭിച്ചിരുന്നില്ല. ഈയിടെ നടന്ന ഭാരവാഹി പുനഃസംഘടനയുടെ വാര്‍ത്ത അന്താരാഷ്ട്ര മാധ്യമങ്ങളില്‍ വായിച്ച് ഗിന്നസ്‌ലിംക പ്രസാധകരുടെ ഏജന്റുന്മാര്‍ കേരളത്തിലേക്ക് വിമാനം കേറിയിട്ടുണ്ട് എന്നാണ് കേള്‍ക്കുന്നത്. ഒടുവിലത്തെ റിപ്പോര്‍ട്ടനുസരിച്ച് 69 ഭാരവാഹികള്‍ ഉണ്ടത്രേ. അത്രേ എന്നേ പറയാനൊക്കൂ. ഇനി ലോകാവസാനം വരെ ഈ ലിസ്റ്റില്‍ മാറ്റം വരുത്തില്ല എന്നൊന്നും ഹൈക്കമാന്‍ഡ് പറഞ്ഞിട്ടില്ല. സതീശന്‍ പാച്ചേനിയെ അവഗണിച്ചു, വി. ബാലരാമനെ കാലുവാരി എന്നും മറ്റുമുള്ള പരാതികള്‍ ഉണ്ടാകുന്നത് ലജ്ജാകരമാണ്. 21 ജനറല്‍ സെക്രട്ടറിമാരുണ്ട്, 42 സെക്രട്ടറിമാരുണ്ട്. 21നും 42നും ഒന്നും ഒരു ദിവ്യത്വവുമില്ല. ഹിമാലയ തുംഗത്തിലിരിക്കുന്ന ഏതെങ്കിലും ദിവ്യന്‍ തകിടില്‍ കൊത്തി അയച്ചുകൊടുത്ത സംഖ്യയൊന്നുമല്ലല്ലോ 21 ഉം 42 മൊന്നും. 21 ആകാമെങ്കില്‍ 25 ഉം കാണാം. രണ്ടും ഒറ്റസംഖ്യതന്നെ. സതീശനും ആകട്ടെ, ബാലരാമും ആകട്ടെ ജനറല്‍ സെക്രട്ടറി.

ഭാരവാഹികളുടെ എണ്ണക്കൂടുതല്‍ ഒരു പരിഹാസ്യ സംഗതിയായി പാര്‍ട്ടിശത്രുക്കള്‍ എടുത്തുപറയുന്നുണ്ട്. സെക്രട്ടേറിയറ്റില്‍ സെക്രട്ടറിമാരുടെയോ അണ്ടര്‍ സെക്രട്ടറിയുടെയോ എണ്ണം വര്‍ധിക്കുന്നത് ആരിലും പരിഹാസമുണ്ടാക്കുന്നില്ല. എണ്ണം വര്‍ധിപ്പിക്കാന്‍വേണ്ടി യൂണിയന്‍കാര്‍ പാഞ്ഞുനടക്കുകതന്നെ ചെയ്യും. സെക്രട്ടേറിയറ്റില്‍ പലയിനത്തില്‍പ്പെട്ട നൂറ് സെക്രട്ടറിമാരെങ്കിലും കാണും. തീര്‍ച്ചയായും ലോകത്തിലെ ഏറ്റവും വലിയ പാര്‍ട്ടിയുടെ കേരളഘടകത്തില്‍ നൂറ് ജനറല്‍ സെക്രട്ടറിയുണ്ടാകുന്നതില്‍ ഒരു തെറ്റുമില്ല. എന്തായാലും സെക്രട്ടേറിയറ്റിലെ സെക്രട്ടറിക്ക് കിട്ടുന്ന അത്രശമ്പളമൊന്നും കെ.പി.സി.സി. സെക്രട്ടറിക്ക് നല്‍കേണ്ടിവരില്ല. പല സെക്രട്ടറിമാരും സെല്‍ഫ് ഫൈനാന്‍സിങ് ആണ്. പാര്‍ട്ടി ഒന്നും കൊടുക്കേണ്ട. അവര്‍ അവര്‍ക്ക് വേണ്ടതിലും അതില്‍ക്കൂടുതലും ഉണ്ടാക്കിക്കൊള്ളും. പിന്നെ, ജനത്തിന് എന്തിനാണ് ഈ അസൂയ ?

ദേശീയതലത്തില്‍ ഇത്ര സെക്രട്ടറിബലം പാര്‍ട്ടിക്കില്ല. പത്ത് ജനറല്‍ സെക്രട്ടറിമാരേ ഉള്ളൂ, 33 സാദാ സെക്രട്ടറിമാരുണ്ട്. രണ്ടിനുമിടയില്‍ എട്ട് സ്വതന്ത്ര ചുമതലക്കാരുമുണ്ട്. ഈ മാതൃകയില്‍ കെ.പി.സി.സി.ക്കും ആകാമായിരുന്നു പതിനെട്ട് സ്വതന്ത്രചുമതലക്കാര്‍. എന്തായാലും വളരെ ദീര്‍ഘവീക്ഷണമുള്ളവരായിരുന്നു പാര്‍ട്ടി ഭരണഘടന ഉണ്ടാക്കിയവര്‍. ഇന്ന കമ്മിറ്റിയില്‍ ഇത്ര പേരേ പാടുള്ളൂ എന്നൊന്നും വ്യവസ്ഥ ചെയ്തില്ല. മുപ്പത് വര്‍ഷം മുമ്പുവരെ പാര്‍ട്ടിക്ക് ഒരു പ്രസിഡന്റും ഒരു വൈസ് പ്രസിഡന്റും മൂന്ന് ജനറല്‍ സെക്രട്ടറിമാരുമേ ഉണ്ടായിരുന്നുള്ളൂ. മുപ്പത് വര്‍ഷക്കാലം പാര്‍ട്ടിക്കുണ്ടായ വളര്‍ച്ചയുടെ എതിര്‍ദിശയില്‍ പാര്‍ട്ടി ഭാരവാഹികളുടെ എണ്ണം കുതിച്ചുചാടി.

എന്നാലും സി.പി.എമ്മിനെയും സി.പി.ഐ.യെയും പോലുള്ള പാര്‍ട്ടികളുടെ ദയനീയാവസ്ഥ ആലോചിച്ചുനോക്കു. എന്തൊരു ഗതികെട്ട പാര്‍ട്ടികളാണ്. സി.പി.എമ്മിന് നാടുമുഴുക്കെ സ്വത്തും പാട്ടവും ഒക്കെ കാണുമായിരിക്കും. എന്തുപ്രയോജനം ? പാര്‍ട്ടിക്ക് സംസ്ഥാനത്തുള്ളത് ഒരൊറ്റ സെക്രട്ടറി. കെ.പി.സി.സി.ക്ക് ജനറലും അല്ലാത്തതുമായി 63 സെക്രട്ടറിമാര്‍. സി.പി.എമ്മുകാര്‍ക്ക് നാണം എന്നൊരു അവസ്ഥയേ ഇല്ലാതായോ പടച്ചോനേ? കെ.പി.സി.സി.യുടെ 69നോട് മുട്ടാനുള്ളത് ഒരൊറ്റ സെക്രട്ടറി ! ആ പാര്‍ട്ടിക്ക് ഖജാന്‍ജിയെങ്കിലുമുണ്ടോ ആവോ. സി.പി.എം. കേരള ഖജാന്‍ജി എന്നിതുവരെ പത്രത്തിലൊന്നും കണ്ടിട്ടില്ല. ഗ്രൂപ്പിസം കൊണ്ടാണ് കെ.പി.സി.സി.യില്‍ ഈ രീതിയില്‍ ഭാരവാഹികളുടെ കുതിച്ചുചാട്ടം ഉണ്ടായതെന്ന് പറയുന്നു. ഗ്രൂപ്പിസം സി.പി.എമ്മിലുമുണ്ടല്ലോ... എന്തുപ്രയോജനം ? സി.പി.ഐ.യിലെപ്പോലെ ഒരു അസി. സെക്രട്ടറിയെയെങ്കിലും വെച്ചുകൂടായിരുന്നോ?

കെ.പി.സി.സി. ഭാരവാഹിത്വ പ്രഖ്യാപനം ഇവിടത്തെ ഫഌ്‌സ് വ്യവസായത്തിന് നല്‍കിയ വലിയ സഹായം എടുത്തുപറയേണ്ടതുതന്നെയാണ്. നിയമസഭാതിരഞ്ഞെടുപ്പ് നടക്കുന്നുണ്ടോ എന്ന് തോന്നിപ്പിക്കും വിധം, ഏതാണ്ട് അറിയപ്പെടുന്ന എല്ലാ നേതാക്കളുടെയും വര്‍ണമുഖങ്ങള്‍, രണ്ടാള്‍ വലിപ്പത്തില്‍ കേരളത്തിലെങ്ങും കാണാനുണ്ട്. ഏതാണ്ട് എല്ലാവരും ഭാരവാഹികളാണ്, ഒന്നുകില്‍ ജനറല്‍ സെക്രട്ടറി, അല്ലെങ്കില്‍ സെക്രട്ടറി. ബോര്‍ഡിലെ ഫോട്ടോയുടെ വലിപ്പം കണ്ടാല്‍ കിട്ടിയത് പ്രധാനമന്ത്രിസ്ഥാനമോ എന്നു തോന്നിപ്പോകുമെന്നു മാത്രം. എങ്കിലും തികച്ചും ആരോഗ്യകരമായ ഫഌ്‌സ് മത്സരമാണ് പുതിയ ഭാരവാഹികള്‍ തമ്മിലുള്ളത്. ഇത്രയും ഫഌ്‌സ് കേരളത്തിന്റെ ആരോഗ്യത്തിന് പറ്റുമോ എന്നതിനെക്കുറിച്ച് നമ്മുടെ ഹരിത എം.എല്‍.എ.മാര്‍ ഒന്നും പറഞ്ഞുകേട്ടില്ല.

ഒരാള്‍ക്ക് ഒരു തൊഴില്‍ എല്ലാവര്‍ക്കും തൊഴില്‍ എന്ന് പണ്ടൊരു പാര്‍ട്ടി മുദ്രാവാക്യമുയര്‍ത്തിയിരുന്നു. സമാനമാണ് ഇപ്പോഴത്തെ കോണ്‍ഗ്രസ് അവസ്ഥഒരാള്‍ക്ക് ഒരു സ്ഥാനം, എല്ലാവര്‍ക്കും സ്ഥാനം.

ദേ കൊന്നു... ദാ പോയി...


കൊലക്കേസ് പ്രതികളായ ഇറ്റാലിയന്‍ നാവികര്‍ വിമാനംകയറി സ്ഥലംവിട്ടുകഴിഞ്ഞു. തീര്‍ച്ചയായും ക്രിസ്മസ് ആഘോഷിക്കുക എന്നത് ഒഴിവാക്കാന്‍ പറ്റാത്ത സംഗതിയാണ്. കേസാണ്, കൊലക്കേസാണ് എന്നൊക്കെപ്പറഞ്ഞ് ആഘോഷം കുളമാക്കുന്നത് മര്യാദയല്ല. നമ്മുടെ ജയിലുകളിലാണെങ്കില്‍ ഇറ്റാലിയന്‍ സ്‌റ്റൈലില്‍ ക്രിസ്മസ് ആഘോഷിക്കാനുള്ള സൗകര്യമൊട്ടില്ലതാനും. അവനവന്റെ കുടുംബത്തോടൊപ്പമല്ലാതെ പാവപ്പെട്ട നാവികര്‍ ക്രിസ്മസ് കഴിച്ചുകൂട്ടുന്നത് ദൈവം പൊറുക്കില്ല. അപ്പോള്‍ അരസികര്‍ ചോദിച്ചേക്കും കേരളത്തിലെ ജയിലുകളിലുള്ള നൂറുകണക്കിന് മറ്റ് ക്രിസ്ത്യാനികള്‍ ക്രിസ്മസ് ആഘോഷിക്കുന്നത് കുടുംബത്തോടൊപ്പമാണോ എന്ന്. ഹിന്ദുതടവുകാര്‍ ഓണമോ മുസ്‌ലിം തടവുകാര്‍ പെരുന്നാളോ ആഘോഷിക്കുന്നത് അവരെ ജാമ്യത്തില്‍വിട്ട് രാത്രിക്കുരാത്രി വീട്ടിലെത്തിച്ചുകൊണ്ടാണോ എന്നും അവര്‍ ചോദിച്ചേക്കാം. എല്ലാ ചോദ്യങ്ങള്‍ക്കും മറുപടി പറയേണ്ട കാര്യമില്ല. എങ്കിലും പറയാം. എല്ലാ കൊലയും ഒരു പോലെയല്ല. ചിലവ ഗൗരവത്തിലെടുക്കേണ്ടതില്ല.

വിദേശിയെ നമ്മള്‍ കൊന്നാല്‍ അത് കൊടുംകൊലയാണ്. മറിച്ചായാല്‍ അതിന്റെ ഗ്രാവിറ്റി കുറയും. ഐ.പി.സി.യിലൊന്നും ഈ വകുപ്പ് കാണില്ല, പക്ഷേ, അതങ്ങനെയാണ്. എല്ലാ കൊലക്കേസ്?പ്രതികളും തുല്യരല്ല, ചിലര്‍ അതുല്യരാണ്. ഇന്ത്യന്‍ പ്രതികളെപ്പോലെയല്ല ഫോറിന്‍ പ്രതികള്‍. അവര്‍ ഡീസന്റ് പാര്‍ട്ടീസാണ്. ഇപ്പോള്‍ത്തന്നെ നോക്കൂ, നമ്മുടെ നാട്ടിലെ പ്രതികള്‍ കോടതിയില്‍ തലകറങ്ങി വീണതായി അഭിനയിച്ചോ തള്ളവിരലിന്റെ അറ്റത്ത് വേദനയുണ്ടെന്ന് മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയിട്ടോ ഒക്കെയാണ് പുറത്തിറങ്ങാന്‍ അനുമതി ചോദിക്കാറുള്ളത്. ഇറ്റലിക്കാര്‍ക്ക് അത്തരം കള്ളവും ചതിയുമൊന്നുമില്ല. ക്രിസ്മസ് ആഘോഷിക്കണം എന്നങ്ങ് നേരേചൊവ്വേ പറഞ്ഞു. ന്യായംതന്നെ എന്ന് നമുക്കും തോന്നിയില്ലേ?

എന്തായാലും ഇറ്റലിയില്‍ ആഘോഷം പൊടിപൊടിക്കുമെന്ന് ഉറപ്പുവരുത്താന്‍ നമ്മളെക്കൊണ്ടാവുന്നതെല്ലാം ചെയ്തിട്ടുണ്ട്. ഇതില്‍ കോടതി, പോലീസ്, കേന്ദ്ര  സംസ്ഥാന സര്‍ക്കാര്‍ ഭേദമില്ല. അശരണരുടെ കാര്യംവന്നാല്‍ നമ്മള്‍ അങ്ങനെയാണ്. കോടതി പ്രതികള്‍ക്ക് ക്രിസ്മസ് ആഘോഷജാമ്യം നല്‍കിയതോടെ മിന്നല്‍വേഗത്തില്‍ കടലാസ് നീങ്ങി. എന്തൊരു സ്?പീഡ് എന്ന് നാട്ടുകാര്‍ അന്തംവിട്ടുപോയി. ഒടുവില്‍ പുലര്‍ച്ചെയാണ് നാവികരെയും വഹിച്ചുകൊണ്ടുള്ള വിമാനം പൊങ്ങിയത്. നാവികര്‍ ശ്വാസംനേരേ വിടുന്ന ശബ്ദം ഇങ്ങ് താഴെ ഭൂമിയില്‍ കേള്‍ക്കാമായിരുന്നു. പുലരുംമുമ്പേയാണ് പോലീസ് ചെന്ന് വിളിച്ചെഴുന്നേല്‍പ്പിച്ച് നാടുകടത്തിയത്. ഇവിടെ പൊതുവേ ജയിലിലടയ്ക്കാനാണ് പുലരുംമുമ്പേ പോലീസ് ചെല്ലാറുള്ളത്. നാവികരെ എന്തേ നേരം പുലരുംമുമ്പ് ഇങ്ങനെ നാടുകടത്തിയത് എന്നസംശയം ഉയര്‍ന്നേക്കാം. പകലാവുമ്പോള്‍ സ്ഥിതി മാറിയേക്കുമെന്നതുതന്നെ കാരണം. വിശ്വസിക്കാന്‍ പറ്റില്ല. ഈ ഡിഫി പോലുള്ള സംഘടനകളിലെ വകതിരിവില്ലാത്ത ആരെങ്കിലും വിമാനം തടയാന്‍ ശ്രമിച്ചുകൂടെന്നില്ല. അല്ലെങ്കില്‍, നേരം പുലരുമ്പോഴേക്ക് വി.എസ്. അച്യുതാനന്ദനെപ്പോലെ ആരെങ്കിലും ഏതെങ്കിലും കോടതിയില്‍ച്ചെന്ന് ജാമ്യവിധി സ്‌റ്റേ ചെയ്യിച്ചുകൂടെന്നില്ല. പൊല്ലാപ്പാവും. രാജ്യത്തിന്റെ അന്താരാഷ്ട്രബന്ധങ്ങള്‍ തകരാറിലാകും. ഇറ്റലി നയതന്ത്രബന്ധം വിച്ഛേദിച്ചാലോ ? ലോകശക്തിയല്ലേ ഇറ്റലി, നമ്മുടെ കഞ്ഞി മുട്ടില്ലേ ?

വിമാനം കേറിപ്പോയവരുടെ പൊടി, ഇനി കേരളത്തിലെന്നല്ല, അറബിക്കടലിലൊരിടത്തും കാണില്ലെന്ന് എല്ലാവര്‍ക്കുമറിയാം. അതിന് പ്രത്യേക ബുദ്ധിയൊന്നും വേണ്ട. വിദേശകോടതിയില്‍ കേസില്‍ പ്രതിയാണെന്നുവെച്ച് നമ്മളാരും ജയിലിലേക്ക് വിമാനം കേറിച്ചെന്ന് 'എന്നാല്‍ ഞാനിവിടെ കിടന്നോട്ടെ' എന്ന് ചോദിക്കാറില്ല. പോലീസ് അറസ്റ്റുചെയ്ത് നാടുകടത്തുമെങ്കിലേ നമ്മള്‍ പോകൂ. അതുതന്നെയേ വിദേശികളും ചെയ്യൂ. ഇറ്റലിക്കോടതിയില്‍ കേരളത്തിലെ മത്സ്യത്തൊഴിലാളികളെ കൊന്നതിന് കേസുണ്ട്. നാട്ടില്‍ച്ചെന്നാല്‍ കേസിന്റെ അടിസ്ഥാനത്തില്‍ അറസ്റ്റ് ഉണ്ടാവും. കോടതി ജാമ്യംകൊടുക്കും, കോടതി അനുമതിയില്ലാതെ ഇറ്റലി വിട്ടുപോകരുതെന്ന വ്യവസ്ഥയില്‍. പിന്നെയെങ്ങനെയാണ് ഇന്ത്യയില്‍ വരിക? ജാമ്യംവെച്ച ആറുകോടി രൂപ നമ്മുടെ ഖജനാവിലേക്ക് മുതല്‍ക്കൂട്ടാന്‍ കഴിഞ്ഞില്ലെന്നുപോലും വരാം. അതുവേറെ കേസ്.

സോണിയാഗാന്ധി ഇറ്റലിക്കാരിയായതുകൊണ്ടാണ് ഇങ്ങനെ ഇറ്റലിക്കാരെ രാജ്യംകടക്കാന്‍ അനുവദിച്ചതെന്ന് ചിലര്‍ കരുതുന്നുണ്ട്. അതത്ര ശരിയല്ല. നമുക്ക് പൊതുവേ അത്തരം വിവേചനങ്ങളൊന്നുമില്ല. ബോഫോഴ്‌സ് കേസിലാണ് ഇതിനുമുമ്പൊരു ക്വത്‌റോച്ചി ഉള്‍പ്പെട്ടത്. ജാമ്യംകൊടുത്ത് നാട്ടിലേക്ക് അയച്ചു എന്നൊരു പരാതി അദ്ദേഹത്തിന്റെ കാര്യത്തിലുണ്ടായില്ല. അറസ്റ്റുചെയ്യുംമുമ്പ് നാടുകടക്കാനനുവദിക്കുകയാണ് ചെയ്തത്. ആയിരങ്ങളെ കാലപ്പുരിക്കയച്ച യൂണിയന്‍ കാര്‍ബൈഡിന്റെ ചെയര്‍മാന്‍ ധൈര്യമായി ഇന്ത്യയില്‍വന്നു, ജാമ്യം നേടി സ്ഥലംവിട്ടു. പിന്നെ ഈ വഴിക്ക് വന്നില്ല.ഫ്രഞ്ച് ചാരക്കേസിലെ വിദേശികളായ പ്രതികള്‍ രാജ്യംവിട്ട് സ്വദേശത്ത് സുഖിച്ചുജീവിക്കുകയാണ്, പ്രശ്‌നമില്ല. ഈ കേസില്‍ നമ്മുടെ നാട്ടുകാരനായ ഒരാള്‍ അവര്‍ക്കുകൂടി വേണ്ടിയാണെന്ന് തോന്നുന്നു ഇപ്പോഴും വിചാരണ നേരിടുന്നുണ്ട്. ഇനി വേണമെങ്കില്‍ അവര്‍ക്ക് നല്‍കേണ്ട ശിക്ഷയും ഈ കക്ഷിയെക്കൊണ്ട് അനുഭവിപ്പിച്ചാല്‍ മതിയാകും. വിദേശികളാണെങ്കില്‍ നമ്മള്‍ പ്രത്യേക പരിഗണനനല്‍കും. ഇറ്റലിയാണെങ്കില്‍ സഹായത്തിന്റെ സ്?പീഡ് ഒന്നുകൂടുമെന്നേ ഉള്ളൂ.

ഇന്ത്യയില്‍ ജയിലിലായ ഇറ്റലിക്കാരെ സഹായിക്കാന്‍ അവിടത്തെ മന്ത്രിമാരും പ്രധാനമന്ത്രിതന്നെയും രംഗത്തിറങ്ങുമ്പോള്‍ വിദേശജയിലില്‍ കിടക്കുന്ന ഇന്ത്യന്‍പൗരന്‍മാരുടെ രക്ഷയ്ക്കുവേണ്ടി നമ്മളെന്താണ് ചെയ്യാറുള്ളത് എന്നചോദ്യവും കേള്‍ക്കാറുണ്ട്. വലിയ കഴമ്പൊന്നുമില്ല. വിദേശജയിലുകളില്‍ എത്ര ഇറ്റലിക്കാരുണ്ടാകും? അറിയില്ല. ചിലപ്പോള്‍ ഈ രണ്ട് നാവികര്‍തന്നെയേ ഇക്കഴിഞ്ഞ മാസങ്ങളില്‍ ഉണ്ടാവൂ. അതാണോ ഇന്ത്യക്കാരുടെ സ്ഥിതി? ഗള്‍ഫ് രാജ്യങ്ങളിലെ ജയിലില്‍ ഏതെങ്കിലും ജര്‍മന്‍കാരനോ ഫ്രാന്‍സുകാരനോ ചെന്നുപെട്ടാല്‍ അവരെ പുറത്തിറക്കുന്നതുവരെ ആ രാജ്യത്തെ സര്‍ക്കാറിനെ പാശ്ചാത്യരാജ്യങ്ങള്‍ കിടത്തിപ്പൊറുപ്പിക്കില്ല എന്ന് കേട്ടിട്ടുണ്ട്. ഇന്ത്യാസര്‍ക്കാറിനെക്കൊണ്ട് അങ്ങനെയൊരു ഉപദ്രവം ഉണ്ടാവാറില്ലത്രെ. ഇന്ത്യയിലെ ജയിലുകളില്‍ എത്ര നിരപരാധികള്‍ കിടക്കുന്നു. ഇന്ത്യന്‍ ജയിലുകളേക്കാള്‍ മോശമാവില്ലല്ലോ വിദേശജയിലുകളിലെ ജീവിതം. അറേബ്യന്‍വെസ്‌റ്റേണ്‍ ടേസ്റ്റ് ആസ്വദിച്ച് അവിടെ കിടക്കുന്നവരെ എന്തിന് വിഷമിച്ച് മോചിപ്പിച്ച് കഷ്ടപ്പെടുത്തണം?

ഹിമാലയം ദാനക്കേസ്


ഭൂമിദാനക്കേസ് എന്ന പേരിലൊരു വമ്പന്‍ അഴിമതിക്കേസ് അച്യുതാനന്ദന് എതിരെ കെട്ടിപ്പടുത്തത് അദ്ദേഹത്തെ അപകീര്‍ത്തിപ്പെടുത്താന്‍ വേണ്ടിയാണെന്ന് പറയുന്നതില്‍ കാര്യമുണ്ട്. അഞ്ചുവര്‍ഷം ഭരിച്ച മുഖ്യമന്ത്രിയോട് കാണിക്കേണ്ട നേരിയ ബഹുമാനം പോലും ഈ കോണ്‍ഗ്രസ്സുകാര്‍ക്കില്ലാതെ പോയത് കഷ്ടമാണ്. കേരളീയരെ മൊത്തമാണ് അപമാനിച്ചിരിക്കുന്നത്. അഴിമതി എന്ന് പറയണമെങ്കില്‍ ചുരുങ്ങിയത് നൂറുകോടിയെങ്കിലും പോക്കറ്റിലാക്കിയിരിക്കണം. ഒരു നിലവാരമൊക്കെ വേണമല്ലോ. ബി.എം.ഡബ്ല്യു. കാറിടിച്ച് മരിച്ചു എന്ന് പറയുന്നതിന്റെ വിലയും നിലയുമുണ്ടോ കാളവണ്ടി മുട്ടി മരിക്കുന്നതിന്?

അഞ്ചുകൊല്ലം സംസ്ഥാനം ഭരിച്ച മുഖ്യമന്ത്രി ചെയ്ത അഴിമതി എന്തെന്ന് കേട്ടില്ലേ? കാസര്‍കോട്ടെ കൊടുംകാടുമൂലയിലെവിടെയോ 2.33 ഏക്കര്‍ ഭൂമി, വകയിലൊരു ബന്ധമുള്ള മുന്‍ പട്ടാളക്കാരന്റെ കുടുംബത്തിന് പതിച്ചുകൊടുക്കാന്‍ കൂട്ടുനിന്നെന്നോ കൂട്ടുനില്‍ക്കുമെന്ന് ആരോടോ പറഞ്ഞത് ആരോ കേട്ടെന്നോ മറ്റോ ആണ് സംഗതി. അഞ്ചുകൊല്ലം ഈ സഖാവ് മുഖ്യമന്ത്രിയായിരുന്നോ അതോ വല്ല അംശം അധികാരിയോ മറ്റോ ആയിരുന്നോ? എന്തെല്ലാം ചെയ്യാവുന്ന സ്ഥാനമാണ് ഒരു മുഖ്യമന്ത്രിയുടേത്? കേരളത്തേക്കാള്‍ ചെറിയ സംസ്ഥാനങ്ങളില്‍പ്പോലും മുഖ്യമന്ത്രിമാര്‍ക്കെതിരെ എത്രയായിരം കോടിയുടെ ആരോപണമാണ് ഉന്നയിക്കപ്പെടുന്നത്. ഇവിടെ മുഖ്യമന്ത്രിസ്ഥാനത്തിന് ഒരുവിലയും ഇല്ല. മുമ്പും ഇല്ല, ഇപ്പോഴും ഇല്ല.

എന്നാലും കോണ്‍ഗ്രസ് ഡിറ്റക്ടീവുമാരുടെ ഒരു കാര്യക്ഷമതയേയ്... സെക്രട്ടേറിയറ്റിലെ ഏത് ഫയല്‍ വേണമെങ്കിലും പൊക്കിയെടുത്ത് ആദ്യാവസാനം ഭൂതക്കണ്ണാടി വെച്ച് പരിശോധിക്കാന്‍ ഇപ്പോള്‍ സംവിധാനമുണ്ട്. കമ്പ്യൂട്ടറില്‍ കാണാം ഏത് ഫയല്‍ എവിടെയെന്ന്. അഞ്ചുവര്‍ഷം പ്രതിപക്ഷത്തിരിക്കുമ്പോള്‍തന്നെ അഴിമതിയുടെ വിദൂരലക്ഷണമെങ്കിലും ഉള്ള ഓരോന്നിന്റെയും സബ്ജക്ടും റഫറന്‍സും നോക്കി, നമ്മുടെ കമ്പ്യൂട്ടറില്‍ സെയ്‌വ് ചെയ്ത് വെക്കേണ്ടതായിരുന്നു. ഭരണം കിട്ടിയതിന്റെ പിറ്റേന്ന് തുടങ്ങണം ഇവയെല്ലാം തപ്പിയെടുത്ത് ഏതെല്ലാം ഇന്‍വെസ്റ്റിഗേറ്റീവ് ജര്‍ണലിസ്റ്റുകള്‍ക്ക് അവാര്‍ഡ് റിപ്പോര്‍ട്ട് എഴുതാന്‍ കൊടുക്കണം, ഏതെല്ലാം ചാനലില്‍ ബ്രെയ്ക്കിങ് ന്യൂസ് ആക്കണം, ഏതെല്ലാം ഹൈക്കോടതിയില്‍ പൊതുതാത്പര്യ ഹര്‍ജിയാക്കണം, ഏതെല്ലാം നിയമസഭയില്‍ ഉന്നയിക്കണം എന്നെല്ലാം തീരുമാനിക്കാന്‍.

വി.എസ്. മുഖ്യമന്ത്രിയെന്നനിലയില്‍ എത്ര കടലാസില്‍ ഒപ്പിട്ടിരിക്കും ? ഉമ്മന്‍ചാണ്ടിയെപ്പോലെ, കടലാസിലെല്ലാം മുട്ടുകാലില്‍വെച്ച് ഒപ്പിട്ടുകൊടുത്തുകാണില്ലായിരിക്കും. എന്നാലും ദിവസം ഓരോന്നിലെങ്കിലും ഒപ്പിടാതിരിക്കില്ലല്ലോ. അഞ്ചുകൊല്ലം കൊണ്ട് ആയിരത്തിഎണ്ണൂറ്റിച്ചില്വാനം കടലാസില്‍ ഒപ്പിട്ടിരിക്കണം. അതിലൊന്നില്‍പ്പോലും നാലാള്‍ കേട്ടാല്‍ ഗമതോന്നുന്ന അഴിമതിയുടെ മണം പോലും ഇല്ലെന്നോ ? അങ്ങനെ ആലോചിച്ചുവരുമ്പോള്‍ തോന്നുന്നത്, ഈ അഴിമതി ആരോപണത്തിന് പിന്നില്‍ വി.എസ്സിന് അപകീര്‍ത്തി ഉണ്ടാക്കാനുള്ള ഗൂഢാലോചനയല്ല, കീര്‍ത്തി ഉണ്ടാക്കാനുള്ള ഗൂഢാലോചനയാണ് എന്നാണ്.

കൊച്ചിയില്‍ മോണോറെയിലിന് സ്ഥലമെടുത്തത് സെന്റിന് 60 ലക്ഷവും അതിലേറെയും കൊടുത്താണെന്ന് കേട്ടിട്ടുണ്ട്. ആ ഇനത്തില്‍പ്പെട്ട ഭൂമി കാലാകാലമായി ഏതെല്ലാം സ്ഥാപനങ്ങള്‍, സംഘടനകള്‍ പാട്ടത്തിനെടുത്തും മറ്റും സ്വന്തമാക്കിയിട്ടുണ്ട്? ആരെല്ലാം കൈയടക്കിയിട്ടുണ്ട്? കോടികള്‍ വിലവരുന്ന വനഭൂമി ആരെല്ലാം കൈയേറുന്നു, പാട്ടക്കാലാവധി കഴിഞ്ഞിട്ടും കൈവശം വെച്ചനുഭവിക്കുന്നു, ഉദ്യോഗസ്ഥരും ഭരണക്കാരും പാര്‍ട്ടിരഹിതമായി കണ്ണടച്ചതുകൊണ്ട് എത്ര സര്‍ക്കാര്‍ വനഭൂമി സ്വകാര്യഭൂമിയായി മാറിയിരിക്കുന്നു..... ഒന്നിനുമില്ല കേസും കൂട്ടവും.

അതിനേക്കാളെല്ലാം ഭയങ്കരമാണ് കാസര്‍കോട് ഷേണി വില്ലേജിലെ മുണ്ട്യത്തടുക്ക പള്ളത്തെ കൃഷിയിറക്കാന്‍ പോലും കഴിയാത്ത ചെങ്കുത്തായസ്ഥലത്തെ 2.33 ഏക്കര്‍ തരിശുഭൂമി ഒരു വിമുക്തഭടന് കൊടുത്ത അഴിമതി. അണ്ണ ഹസാരെയും കെജ്‌രിവാളും ഒന്നിച്ചിറങ്ങിവന്ന് വാളോങ്ങേണ്ട അഴിമതി തന്നെ, സംശല്യ.

* * *

പ്രതിപക്ഷ നേതൃസ്ഥാനത്തുനിന്ന് തന്നെ മാറ്റാന്‍ ഗൂഢാലോചന നടന്നു എന്ന് അച്യുതാനന്ദന്‍ പറഞ്ഞത് കേട്ട് ആകെ കണ്‍ഫ്യൂഷനില്‍ ആയിരിക്കുകയാണ് പൊതുജനം. പ്രതിപക്ഷ നേതാവിനെക്കൊണ്ട് ഏറ്റവും വലിയ ഉപദ്രവം ആര്‍ക്കാണ്? ഏത് സംസ്ഥാനത്തും അത് മുഖ്യമന്ത്രിക്കും മറ്റ് ഭരണക്കാര്‍ക്കുമാണ്. ഇവിടെയും. പക്ഷേ, ഇവിടെ അച്യുതാനന്ദനാണ് ഈ സര്‍ക്കാറിന്റെ രക്ഷകന്‍ എന്നത് സകലജനത്തിനും അറിയുന്ന രഹസ്യമാണ്. വേണമെങ്കില്‍ സെക്രട്ടേറിയറ്റില്‍ വി.എസ്സിന്റെ ഒരു വലിയ ഫോട്ടോ വെച്ചിട്ട് 'വി.എസ്.ഈ ഭരണത്തിന്റെ രക്ഷകന്‍' എന്നൊരു അടിക്കുറിപ്പ് കൊടുത്താലും മുഷിയില്ല.

രണ്ടോ മൂന്നോ എം.എല്‍.എ.മാരെ കാലുമാറ്റിയാല്‍ ഭരണത്തെ താഴെയിറക്കാം. അതുപക്ഷേ, അച്യുതാനന്ദന്‍ പ്രതിപക്ഷ നേതാവായിരിക്കുമ്പോള്‍ നടപ്പില്ല. ചില്വാനം കൊടുത്തും മന്ത്രിസ്ഥാനം വാഗ്ദാനം ചെയ്തും കാലുമാറ്റ ക്രിയയില്‍ അങ്ങേര്‍ക്ക് താത്പര്യമില്ലത്രെ. വേറൊരു പ്രശ്‌നമുണ്ട്. ഉമ്മന്‍ചാണ്ടി ഇറങ്ങിയാല്‍ സത്യപ്രതിജ്ഞ ചെയ്യാന്‍ വിളിക്കേണ്ടത് പ്രതിപക്ഷനേതാവിനെയാണ്. അച്യുതാനന്ദന്‍ അതിന് വഴങ്ങില്ല എന്നാണ് നാട്ടിലെ വര്‍ത്തമാനം. ഇനി വഴങ്ങുമെങ്കിലും ബുദ്ധിമുട്ടാണ്. അച്യുതാനന്ദന്‍ മുഖ്യമന്ത്രിയാവുന്നതിലും ഭേദം ഉമ്മന്‍ ചാണ്ടി തുടരുന്നതാണെന്ന് സി.പി.എം. പറഞ്ഞാല്‍ അത്ഭുതപ്പെടേണ്ട.

തന്നെ കേസില്‍ കുടുക്കാന്‍ ഉമ്മന്‍ചാണ്ടി ശ്രമിക്കുന്നു എന്നു വി.എസ്. പറഞ്ഞതുശരി. പക്ഷേ, പ്രതിപക്ഷനേതൃസ്ഥാനത്തുനിന്നിറക്കാന്‍ ശ്രമിക്കുന്നത് ഉമ്മന്‍ചാണ്ടിയാണ് എന്ന് പറഞ്ഞിട്ടില്ല. അതാരാണ് എന്ന രഹസ്യം വി.എസ്. വെളിപ്പെടുത്തിയിട്ടുമില്ല. കണ്ടാലറിയാവുന്ന ചില അജ്ഞാത അന്യഗ്രഹജീവികളാണ് എന്നാണ് റിപ്പോര്‍ട്ട്. എന്താണ് അവരുടെ ഉദ്ദേശ്യം എന്ന് ദൈവം തമ്പുരാനേ അറിയൂ. അവര്‍ ആരെന്ന് കണ്ടുപിടിക്കാന്‍ സി.പി.എം. നേതൃത്വം കമ്മീഷനെ നിയോഗിക്കാനുള്ള സാധ്യതയും കാണുന്നുണ്ട്.

* * *

''വിജിലന്‍സിനെ ദുരുപയോഗപ്പെടുത്തിയാണ് സര്‍ക്കാര്‍ പ്രതിപക്ഷനേതാവിനെ പ്രതിയാക്കിയത്. അന്വേഷണ ഉദ്യോഗസ്ഥന്‍ ദുരുദ്ദേശ്യപരമായി നടത്തിയ കേസാണിത്. കേസന്വേഷിച്ച വിജിലന്‍സ് ഉദ്യോഗസ്ഥന് ക്രിമിനല്‍ അന്വേഷണത്തിന്റെ പ്രാഥമികതത്ത്വം പോലും അറിയില്ല. പ്രതിപക്ഷനേതാവിനെ അഴിമതിക്കേസില്‍ കുടുക്കാനാണ് ശ്രമിച്ചത്. അഴിമതിക്കെതിരെ പോരാടിയിട്ടുള്ള വ്യക്തിയാണ് ഇദ്ദേഹം. പൊതുജനങ്ങള്‍ക്കിടയില്‍ തനിക്കുള്ള പ്രതിച്ഛായ തകര്‍ക്കാന്‍ വേണ്ടിയാണ് വിജിലന്‍സ് അന്വേഷണം എന്ന ഇദ്ദേഹത്തിന്റെ വാദത്തില്‍ കഴമ്പുണ്ട്. കള്ളക്കേസില്‍ ഒരാളെ കുടുക്കിയശേഷം അയാളെ ആണിയടിച്ച് തറയ്ക്കാനുള്ള കുരിശ് കണ്ടെത്തുകയാണ് ഗവ. ചെയ്തിട്ടുള്ളത്. പൊതുജനമധ്യത്തില്‍ തന്നെ കരിതേക്കാനുള്ള ശ്രമം മാത്രമായിരുന്നു കേസ് എന്ന ആരോപണത്തോട് കോടതി യോജിച്ചു...''

കഴിഞ്ഞ സര്‍ക്കാറിന്റെ ഭരണകാലത്താണ് ഈ വിധമൊരു റിപ്പോര്‍ട്ട് ഉണ്ടായതെന്ന് സങ്കല്പിക്കുക. രസമല്ലേ, വെറുതെ സങ്കല്പിക്കുക. എങ്കില്‍, ഇപ്പോള്‍ അച്യുതാനന്ദന്‍, പിണറായി വിജയന്‍, വൈക്കം വിശ്വം, ആനത്തലവട്ടം ആനന്ദന്‍, ഇ.പി.ജയരാജന്‍, പന്ന്യന്‍ രവീന്ദ്രന്‍ എന്നിവരിറക്കിയ പ്രസ്താവനകളെല്ലാം അക്ഷരംപ്രതി വ്യത്യാസമില്ലാതെ മാധ്യമങ്ങളില്‍ അന്നും പ്രസിദ്ധപ്പെടുത്തിയിട്ടുണ്ടാവും. പ്രസ്താവന ഇറക്കിയവരുടെ പേരുകള്‍ ഉമ്മന്‍ചാണ്ടി, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, രമേശ് ചെന്നിത്തല, പി.കെ. കുഞ്ഞാലിക്കുട്ടി എന്നിങ്ങനെ മാറിയിരിക്കും എന്നേയുള്ളൂ. അല്ലെങ്കിലും പേരിലെന്തിരിക്കുന്നു. ശാശ്വത സത്യങ്ങളിലല്ലേ കാര്യം കിടക്കുന്നത്!

ജനാധിപത്യം ജോര്‍


ഇന്ത്യന്‍ ജനാധിപത്യത്തിന്റെ മഹത്വത്തെക്കുറിച്ച് വിദേശത്തൊന്നും ആരും കുറേയായി കുറ്റവും കുറവും പറയാത്തതെന്ത് എന്നൊരു വേവലാതി നമുക്കുണ്ടായിരുന്നു. ഏറ്റവും ഒടുവില്‍ 197577 കാലത്താണ് ആഗോളമായി ഇന്ത്യന്‍ജനാധിപത്യം ചര്‍ച്ചാവിഷയമായത്. അന്ന് സായിപ്പന്മാര്‍ക്കൊക്കെ ബഹുസന്തോഷമായിരുന്നു. അവര്‍ ആഘോഷപൂര്‍വം പറഞ്ഞുകൊണ്ടിരുന്നു ഇന്ത്യന്‍ ജനാധിപത്യത്തിന്റെ കഥകഴിഞ്ഞു, ഇന്ത്യയുടെ കഥയും ഉടനെ കഴിയും.

ആ പാട്ട് ഒന്നൊന്നര വര്‍ഷമേ നീണ്ടുനിന്നുള്ളൂ. ജനാധിപത്യം ഇല്ലാതാക്കി ഏകാധിപത്യം നടപ്പാക്കിയ ആള്‍ക്ക് 18 മാസം കഴിഞ്ഞപ്പോള്‍ എന്തോ കാരണത്താല്‍ അതങ്ങ് മടുത്തു. ഏകാധിപതി സ്വയം തിരഞ്ഞെടുപ്പ് നടത്തി വൃത്തിയായി തോറ്റ് വീട്ടില്‍ പോയിരുന്നു. ജനാധിപത്യം ഇല്ലാതാക്കിയ ആള്‍തന്നെ വീണ്ടും ജനാധിപത്യത്തിലേക്ക് മടങ്ങാന്‍ നടപടിയെടുക്കുന്ന സംഭവം വേറെങ്ങും കണ്ടതല്ല. ചില്ലറ ജാലവിദ്യപോലെ ഇന്ത്യയില്‍ ജനാധിപത്യം മടങ്ങിവന്നു. വീട്ടില്‍ പോയ ഏകാധിപതിയെ കുറച്ചുകാലം പ്രൊബേഷനില്‍ നിര്‍ത്തിയശേഷം ജനം അധികാരത്തില്‍ മടക്കിക്കൊണ്ടുവന്നു. എന്തെല്ലാം കണ്ടിരിക്കുന്നു ഈ ഇന്ത്യ.

ഇപ്പോഴിതാ വീണ്ടും ഇന്ത്യന്‍ ജനാധിപത്യത്തെക്കുറിച്ച് ചര്‍ച്ചചെയ്യാന്‍ ലോകത്തിന് ചാന്‍സ് കിട്ടിയിരിക്കുന്നു ബാല്‍താക്കറെ എന്ന പ്രതിഭാസത്തിന്റെ മരണശേഷം. രണ്ട് പെമ്പിള്ളേരെ പിടിച്ച് ജയിലിലിട്ടതാണോ ഇത്രവലിയ സംഭവം എന്നുചോദിച്ചേക്കും. സത്യമായും അതിനേക്കാള്‍ വലിയ സംഭവം ഈ കാലത്ത് മറ്റെങ്ങും സംഭവിച്ചിട്ടില്ല. ഒരാള്‍ മരിച്ചപ്പോള്‍ ഇങ്ങനെ കടയടപ്പിച്ച് ജനങ്ങളെ ബുദ്ധിമുട്ടിച്ചത് ശരിയായില്ലെന്നൊരു കുട്ടി എഴുതി. അത് ശരിയാണ് എന്ന് വേറൊരു കുട്ടിയും. രണ്ടിനെയും പോലീസ് പിടിച്ചു. എഴുതിയ ആദ്യയുവതിയുടെ വീട്ടിലേക്ക് ഭീഷണി, അമ്മാവന്റെ കടയാക്രമിച്ചു. വിശ്വസിക്കാന്‍ നമുക്ക് പറ്റുന്നില്ല. സര്‍വ ദേശീയ നേതാക്കളെയും കളിയാക്കുന്ന കാര്‍ട്ടൂണ്‍ വരച്ച് ജീവിതം തുടങ്ങിയ ഒരാള്‍ ലോകത്തെ നന്നാക്കാന്‍ രാഷ്ട്രീയത്തിലിറങ്ങിയതായിരുന്നു. ലോകം വളരെ നന്നായി. ഈ മഹാന്റെ സ്വാധീനം കുറേക്കൂടി വര്‍ധിച്ച് രാജ്യഭരണം കൈയിലായിരുന്നെങ്കില്‍ ഇന്ത്യയില്‍ ജയിലിന് പുറത്തുള്ളതിനേക്കാള്‍ കൂടുതല്‍ ആളുകള്‍ ജയിലിലാകുമായിരുന്നു. പടച്ചതമ്പുരാന് സ്തുതി, അത് സംഭവിച്ചില്ല.

വെറുതേ കേറി ആളുകളെ തല്ലുകയും കൊല്ലുകയും ചെയ്യുന്ന പാര്‍ട്ടികളും അനുയായികളും വേറെങ്ങും ഇല്ലാഞ്ഞിട്ടല്ല. നമ്മുടെ കേരളത്തിലും ഉണ്ട്. പക്ഷേ, അവരാരും മുംബൈയില്‍ ചെയ്‌തേടത്തോളം ചെയ്യുകയില്ല. ചെയ്തതിനു മുഴുവന്‍ അവരാണ് ഉത്തരവാദികള്‍ എന്നും പറഞ്ഞുകൂടാ. ഫെയ്‌സ്ബുക്കില്‍ എന്തോ എഴുതിയെന്നുകേട്ട് വിറളിപൂണ്ട് പാഞ്ഞുനടന്നത് ശിവസേനക്കാരാവും. ശരി. പക്ഷേ, അവരുടെ പരാതി വാങ്ങി പാഞ്ഞുചെന്ന് പെണ്‍കുട്ടികളെ പിടികൂടിയത് ബാല്‍താക്കറെയുടെ അനുയായികളല്ല, പോലീസാണ്. മതേതര ജനാധിപത്യ, ഗാന്ധിയന്‍ പാര്‍ട്ടിയാണ് മഹാരാഷ്ട്രം ഭരിക്കുന്നത്. അതെല്ലാം സഹിക്കാം. നിയമംപഠിച്ച് നീതി നടപ്പാക്കാന്‍ ശമ്പളംപറ്റുന്ന ഒരു ജഡ്ജിയാണ് കൊലയാളിയെയോ കൊള്ളക്കാരിയെയോ റിമാന്‍ഡ് ചെയ്യുംപോലെ പെണ്‍കുട്ടികളെ ജയിലിലേക്ക് അയച്ചത്.

ചെയ്തതുമുഴുവന്‍ നിയമവിരുദ്ധവും കുറ്റകരവുമാണെന്ന് പറയാന്‍ പറ്റുമോ ? അതുപറ്റില്ല. നാല് വര്‍ഷം മുമ്പൊരു ബില്‍ പാര്‍ലമെന്റില്‍ ചര്‍ച്ചയ്ക്ക് വന്നു. ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആക്ട് എന്നോ മറ്റോ കേട്ടപ്പോള്‍ത്തന്നെ വിരസതയോടെ കോട്ടുവായിട്ടു ജനപ്രതിനിധികള്‍. അതെന്തോ കമ്പ്യൂട്ടറിന്റെ നിയമമാണ്, നമ്മളെന്ത് ചര്‍ച്ചചെയ്യാനാണ് എന്ന മട്ടില്‍ ആരും ഒന്നും മിണ്ടിയില്ല. ചര്‍ച്ചയേ ഇല്ലാതെ ബില്‍ നിയമമായി. അല്ലെങ്കിലും ആവശ്യമുള്ള കാര്യമൊന്നും അവിടെ ചര്‍ച്ച ചെയ്താല്‍ ആരും ശ്രദ്ധിക്കാറുമില്ല. 12 മിനിറ്റുകൊണ്ട് 42 ബില്‍ പാസാക്കി ലോകറെക്കോഡിട്ട ലോക്‌സഭയാണ് നമ്മുടേത്. ജനാധിപത്യത്തെ, ജനങ്ങളുടെ അഭിപ്രായ സ്വാതന്ത്ര്യത്തെ, വളര്‍ന്നുവരുന്ന തലമുറയെ ബാധിക്കുന്ന നിയമമാണെന്നും അവര്‍ നോക്കിയില്ല. അങ്ങ് കൈയടിച്ചുപാസാക്കി. പുറത്ത് ചിലരെല്ലാം ഇതിന്റെ ഗൗരവാവസ്ഥ ചൂണ്ടിക്കാട്ടിയിരുന്നു. ആരും ശ്രദ്ധിച്ചില്ല. താന്‍ കൊണ്ടുവരുന്നത് വലിയ പ്രത്യാഘാതമുണ്ടാക്കുന്നൊരു നിയമമാണ്, എല്ലാവരും ആലോചിച്ച് അഭിപ്രായം പറയണം എന്ന് ഉപദേശിക്കേണ്ട കാര്യം മന്ത്രിക്കില്ലല്ലോ. ജനം കത്തെഴുത്ത് നിര്‍ത്തി ഇ മെയിലയയ്ക്കുകയും പത്രവായനയേക്കാള്‍ പ്രധാനമായി ഇന്റര്‍നെറ്റ് വായിക്കുകയും ചെയ്യുന്ന കാലം നാലുവര്‍ഷത്തിനകം വരും എന്ന് കാണാന്‍മാത്രം മഹാന്മാരല്ലല്ലോ അവര്‍ !

നിയമം പാസാക്കേണ്ട ജനപ്രതിനിധികള്‍ക്കേ ഈ പരിമിതിയൊക്കെ ഉള്ളൂ. നിയമം തയ്യാറാക്കുന്ന വിദഗ്ധര്‍ക്കും അവരെ നയിക്കുന്ന കബില സിബിലന്മാര്‍ക്കും തലയുണ്ട്, തലയില്‍ ആള്‍പാര്‍പ്പുമുണ്ട്. നാളത്തെ മാധ്യമം ഇന്റര്‍നെറ്റാവും എന്നും അധികാരികള്‍ ഏറ്റവും ഭയപ്പെടേണ്ടിവരിക അതിനെയാവും എന്നുമൊക്കെ അവര്‍ മുന്നില്‍ കണ്ടുകാണും. സത്യംതന്നെ. പത്രങ്ങളെയും ചാനലുകളെയും വശത്താക്കാന്‍ പല പൊടിക്കൈകളുമുണ്ട്. ഇന്റര്‍നെറ്റില്‍ വഴിയേ പോകുന്ന ആര്‍ക്കും തലയിടാം. എന്തും എഴുതാം. ഈ ജനത്തെയെല്ലാം എങ്ങനെ നിയന്ത്രിക്കാനാണ്? എഴുപത് ലക്ഷം ആളുകള്‍ ഇംഗ്ലീഷ്പത്രം വായിക്കുമ്പോള്‍ ആറുകോടി ആളുകള്‍ മാസം ഫെയ്‌സ്ബുക്ക് വായിക്കുന്നു എന്നൊരു വിദഗ്ധന്‍ എഴുതിയിട്ടുണ്ട്. നിയമമുണ്ടാക്കിയവര്‍ അതിനൊരു ഒറ്റമൂലിയേ കണ്ടുള്ളൂ. ജയിലിലിടും എന്ന് ഭീഷണിപ്പെടുത്തുക. ആരെയെങ്കിലും രൂക്ഷമായി അവഹേളിക്കുന്നതോ ഭീഷണിപ്പെടുത്തുന്നതോ ആയ വല്ലതും എഴുതിയാല്‍ മൂന്നുവര്‍ഷം ജയിലിലിടാം എന്നൊരു വകുപ്പെഴുതിവെച്ചു. രൂക്ഷമായി അവഹേളിക്കുന്നതോ ഭീഷണിപ്പെടുത്തുന്നതോ ആണോ എന്നാരാണ് തീരുമാനിക്കുക ? പരാതിക്കാരന്‍തന്നെ, വേറെയാര് ? ഇതുപോലൊരു വകുപ്പ് പത്രത്തിലെഴുതുന്നവര്‍ക്കും പ്രസംഗിക്കുന്നവര്‍ക്കും ബാധകമാക്കിയാല്‍ എഴുത്ത് നില്‍ക്കും. പത്രങ്ങളും ഉണ്ടാകില്ല, അഭിപ്രായസ്വാതന്ത്ര്യവും ഉണ്ടാവില്ല, ജനാധിപത്യംതന്നെയും ഉണ്ടാവില്ല. കാരണം ആര്‍ക്കും തോന്നാം ഏത് വിമര്‍ശനവും അവഹേളനപരമാണെന്ന്. എഴുതുന്നത് പത്രത്തിലാണെങ്കില്‍ പരാതിയുള്ളവര്‍ കോടതിയില്‍ കേസ് കൊടുക്കണം. കുറ്റകരമായി എഴുതി എന്ന് കോടതിയെ ബോധ്യപ്പെടുത്തിയാലേ എഴുതിയ ആളെ ശിക്ഷിക്കൂ. ഇന്റര്‍നെറ്റിലാണെങ്കില്‍ അതൊന്നും വേണ്ട. അവഹേളനപരമാണെന്ന് എഴുതിയ ആള്‍ക്ക് തോന്നിയാല്‍ മതി. ജാമ്യം കിട്ടുംവരെ ആള്‍ ജയിലിലാണ്. എന്നിട്ടും കോടതിയില്‍ ചെന്ന് സര്‍ക്കാര്‍ പറഞ്ഞത് ഈ വകുപ്പ് മാറ്റേണ്ട കാര്യമില്ല എന്നാണ്.

ബാല്‍താക്കറെ മരിച്ചപ്പോള്‍ കടകളടച്ച് ബന്ദാചരിച്ചതിനെക്കുറിച്ച് മുംബൈയിലെ ഏറ്റവും പ്രധാന ഇംഗ്ലീഷ് പത്രം മുഖ്യതലവാചകമെഴുതിയത് ഇങ്ങനെയാണ് ജീവിച്ചിരുന്നപ്പോള്‍ കടകളടപ്പിച്ച ആള്‍ മരിച്ചപ്പോഴും കടയടപ്പിച്ചു ലക്ഷക്കണക്കിന് കോപ്പിയുള്ള പത്രത്തില്‍ ഇങ്ങനെയെഴുതിയത് അവഹേളനപരമായി ശിവസൈനികര്‍ക്ക് തോന്നിയില്ല. തോന്നിയിട്ടും കാര്യമില്ല. ഇതിനെതിരെ പരാതിയുമായി പോലീസ്‌സ്‌റ്റേഷനില്‍ ചെന്നാല്‍, നമുക്ക് പണിയാക്കാതെ അനിയന്‍ പോയി വേറെ വല്ല പണിയും നോക്ക് എന്നേ പോലീസ് പറയൂ. എന്നാലും, ശിവസൈനികര്‍ക്ക് പോയി പത്രത്തിന് തീയിടാമായിരുന്നു. എന്തോ, ഇംഗ്ലീഷ് ആയതുകൊണ്ട് മനസ്സിലായിക്കാണില്ല. ഇന്റര്‍നെറ്റും ഫെയ്‌സ്ബുക്കും ആയാല്‍ ഒരു പ്രയാസവുമില്ല. ഒരു പരാതി കൊടുത്താല്‍ മതി. അറസ്റ്റ്, റിമാന്‍ഡ്, വിവാദം....
അതിവിചിത്രമാണ് ജനാധിപത്യത്തിന്റെ പോക്ക്. ദക്ഷിണേന്ത്യക്കാരെ പീഡിപ്പിച്ചുകൊണ്ട് സേവനം തുടങ്ങി, ഒടുവില്‍ ആയിരങ്ങള്‍ വര്‍ഗീയകലാപങ്ങളില്‍ കൊല്ലപ്പെടുന്നേടത്തോളം ജനമൈത്രി വളര്‍ത്തിയ, നിയമത്തിനും മര്യാദയ്ക്കും പുല്ലുവില കല്പിച്ചിട്ടില്ലാത്ത, ഒരു പഞ്ചായത്ത് പ്രസിഡന്റിന്റെ പദവിപോലും വഹിച്ചിട്ടില്ലാത്ത ആളെ ദേശീയപതാകയില്‍ പൊതിഞ്ഞാണ് അന്ത്യയാത്രയ്ക്ക് കൊണ്ടുപോയത്. ദേശീയപതാകയെ അവഹേളിച്ചതിന് കേസെടുക്കുകയാണ് വേണ്ടിയിരുന്നത്. പോകട്ടെ.... ഒരുകുറ്റവും ചെയ്തിട്ടില്ലാത്ത പെണ്‍കുട്ടികള്‍ക്ക് അറസ്റ്റും ജയിലും....

ആന്റണിയുടെ വഹ


സാഹിത്യകാരനായതുകൊണ്ടാവണം, കെ.വി.തോമസിനേ അത് മനസ്സിലായുള്ളൂ. ആന്റണി പറഞ്ഞത് പച്ചമലയാളമാണ്. പച്ചയുടെ കാര്യംവന്നാല്‍ ആളുകള്‍ക്ക് സംശയമാണ്. ഈയിടെയായി പച്ചബ്ലൗസ് കണ്ടാല്‍പോലും അതില്‍ വിദ്യാഭ്യാസവകുപ്പിന്റെയോ വ്യവസായവകുപ്പിന്റെയോ ഇടപെടല്‍ സംശയിക്കുകയാണ് ജനം. ആന്റണിയുടെ പച്ചമലയാളം അത്യന്താധുനിക സാഹിത്യംപോലെ ദുര്‍ഗ്രഹമായിരുന്നു. കെ.വി.തോമസിന് സംഗതി മനസ്സിലായി. മുഖ്യമന്ത്രിക്ക് അത്തരം സാഹിത്യസിദ്ധികളൊന്നുമില്ല. അതുകൊണ്ട് ആന്റണിയുടെ പ്രസംഗംകേട്ട്, ഇതെന്ത് സംസ്‌കൃതമോ ഫ്രഞ്ചോ എന്നറിയാതെ അദ്ദേഹം തരിച്ചിരുന്നുപോയി. പ്രസംഗാനന്തരം ആന്റണി ഉമ്മന്‍ചാണ്ടിയെക്കണ്ട് സ്വന്തം പ്രസംഗം വ്യാഖ്യാനിച്ച് ബോധ്യപ്പെടുത്തിയെന്നും അതിനെത്തുടര്‍ന്ന് ഉമ്മന്‍ചാണ്ടി സമനില വീണ്ടെടുത്തുവെന്നുമാണ് റിപ്പോര്‍ട്ട്.

എന്നാല്‍, ശേഷം ജനനേതാക്കളുടെയും മാധ്യമപണ്ഡിതരുടെയും സ്ഥിതി കഷ്ടമാണ്. അവര്‍ക്കൊന്നും മനസ്സിലായിട്ടില്ല. പ്രസംഗത്തിന്റെ അര്‍ഥം വ്യാഖ്യാനിക്കുന്നതിന് നിരവധി രാഷ്ട്രീയ, മാധ്യമ, ഭാഷാ, ബഹുഭാഷാ പണ്ഡിതന്മാര്‍ രംഗത്തുവന്നിട്ടുണ്ട്. പ്രസംഗത്തിന്റെ ശബ്ദറെക്കോഡുകള്‍ അവര്‍ പരിശോധിച്ചു. പ്രസംഗം മനസ്സിലായില്ലെങ്കിലും പ്രസംഗിച്ചതൊന്നുമല്ല പത്രത്തില്‍ വന്നതെന്ന് മുഖ്യമന്ത്രി മനസ്സിലാക്കിയിട്ടുണ്ട്. പ്രസംഗം റിപ്പോര്‍ട്ട്‌ചെയ്യാനും അതിനെ വ്യാഖ്യാനിക്കാനും ഇക്കാലത്ത് ഭാഷ മാത്രമറിഞ്ഞാല്‍ പോര. ശരീരഭാഷയും അറിയണം. ശരീരഭാഷാപഠനത്തില്‍ ബിരുദാനന്തരബിരുദമുള്ളവര്‍ക്കാണ് ദൃശ്യമാധ്യമങ്ങളില്‍ നിയമനം നല്‍കുന്നത്. പ്രസംഗത്തിന്റെ ശരിയായ വ്യാഖ്യാനത്തിന് അവരുടെ സഹായവും തേടിയിട്ടുണ്ട്. എന്തായാലും വ്യാഖ്യാനങ്ങളുടെ എണ്ണത്തിന്റെ കാര്യത്തില്‍ ആന്റണിയുടെ ബ്രഹ്മോസ്ത്രപ്രസംഗം സര്‍വകാല റെക്കോഡ് സൃഷ്ടിക്കുമെന്ന് ഉറപ്പായിട്ടുണ്ട്.

ഉമ്മന്‍ചാണ്ടിയും വി.എസ്.അച്യുതാനന്ദനും തമ്മില്‍ വലിയ അന്തരമുണ്ടെന്ന് അറിയാത്തവരില്ല. അത് അറിയുന്നതുകൊണ്ടാണല്ലോ ഉമ്മന്‍ചാണ്ടിയെ മാറ്റി വി.എസ്സിനെയും പിന്നെ വി.എസ്സിനെ മാറ്റി വീണ്ടും ഉമ്മന്‍ചാണ്ടിയെയും ജനം മുഖ്യമന്ത്രിയാക്കിയത്. ആന്റണി പ്രസംഗത്തിലൂടെ ആ സത്യം ഒന്നുകൂടി ഉറപ്പിച്ചു. ഇതിനുപുറമേ, രണ്ട് സാര്‍വത്രിക അജ്ഞതകള്‍ അദ്ദേഹം തിരുത്തിയതായി വ്യാഖ്യാതാക്കള്‍ വിവരിക്കുന്നു. അത് ഇങ്ങനെയാണ്. അജ്ഞത നമ്പര്‍ വണ്‍: വ്യവസായമന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയും മുന്‍ വ്യവസായമന്ത്രി എളമരം കരീമും വേര്‍തിരിച്ച് മനസ്സിലാക്കാന്‍പോലും പറ്റാത്തവിധം ഇരട്ടപെറ്റ ചേട്ടന്‍ബാവ അനിയന്‍ ബാവമാരാണ്. അജ്ഞത നമ്പര്‍ ടു: എളമരം കരീമിന്റെ വ്യവസായവിപ്ലവശ്രമത്തെ സഹായിക്കുകയായിരുന്നില്ല, സദാ പാരവെക്കുകയായിരുന്നു അന്നത്തെ മുഖ്യമന്ത്രി ആജീവനാന്ത വിപ്ലവകാരി വി.എസ്. അച്യുതാനന്ദന്‍.

നമ്പര്‍ വണ്‍ ആദ്യം. എളമരം കരീമും കുഞ്ഞാലിക്കുട്ടിയും അടിയുറച്ച് വിശ്വസിക്കുന്ന ചില പ്രത്യയശാസ്‌ത്രേതര സത്യങ്ങളുണ്ട്. വ്യവസായം തെങ്ങിന്റെ മണ്ടയില്‍ വളരില്ല എന്നതാണ് അതിലൊന്ന്. പണം മരത്തില്‍ ഉണ്ടാകുന്ന ഒന്നല്ലെന്ന് സാമ്പത്തികശാസ്ത്രജ്ഞനായ ഡോ. മന്‍മോഹന്‍സിങ് വെളിപ്പെടുത്തുംവരെ തെങ്ങുമണ്ട സംബന്ധിച്ച എളമരം കരീം തിയറിയായിരുന്നു ഏറ്റവും ചര്‍ച്ച ചെയ്യപ്പെട്ട ധനശാസ്ത്രതത്ത്വം. ഇതിനോട് പൂര്‍ണ യോജിപ്പായിരുന്നു കുഞ്ഞാലിക്കുട്ടിക്കും. എക്‌സ്​പ്രസ് ഹൈവേ ആകട്ടെ, കടല്‍നികത്തി കരയാക്കി കെട്ടിടം വെക്കുന്നതാകട്ടെ കരീമും കുട്ടിയും തമ്മില്‍ അഭിപ്രായവ്യത്യാസമില്ല. അവര്‍ ആവര്‍ത്തിച്ചുപറയാറുള്ള ഒരു തത്ത്വമുണ്ട്. ജനം വേണമെങ്കില്‍ രസത്തിന് ഇടയ്ക്കിടെ ഭരണകക്ഷിയെ മാറ്റിക്കളിച്ചോട്ടെ. പക്ഷേ, ഭരണകക്ഷി മാറുന്നതിനനുസരിച്ച് വ്യവസായനയം മാറാന്‍ പാടില്ല. എങ്കിലേ കേരളം വികസിക്കൂ.

ആന്റണിയുടെ പ്രസംഗത്തോടെ ആ തെറ്റിദ്ധാരണ തീര്‍ന്നു. വ്യവസായമന്ത്രി എന്നനിലയില്‍ എളമരം കരീമിന്റെ വ്യവസായനയം കുഞ്ഞാലിക്കുട്ടി പിന്തുടരുന്നില്ല എന്നാണ് ആന്റണി പറഞ്ഞതിന്റെ പച്ചമലയാളം. എളമരം കരീമിന്റെ സഹകരണത്തെക്കുറിച്ച് വിശേഷിപ്പിക്കാന്‍ എന്റെ നിഘണ്ടുവില്‍ വാക്കുകളില്ല'' എന്ന് പറഞ്ഞതിന് വ്യാഖ്യാനം വേണ്ട. ആന്റണിയുടെ സര്‍ട്ടിഫിക്കറ്റ് ഉമ്മന്‍ചാണ്ടി കഴുത്തില്‍ക്കെട്ടി നടക്കട്ടെ എന്ന് അച്യുതാനന്ദന്‍ പറഞ്ഞതുപോലുള്ള നിന്ദാസ്തുതിയല്ല ഇത്. (അതിനിടെ, ആന്റണിയുടെ സര്‍ട്ടിഫിക്കറ്റ് വി.എസ്സും കരീമും ലാമിനേറ്റ്‌ചെയ്യാന്‍ ഏല്‍പ്പിച്ചിട്ടുണ്ട്. ശിഷ്ടകാലം കഴുത്തില്‍ തൂക്കാന്‍) പത്രക്കാരും മറ്റും അറിയാതെ ദിവസങ്ങളോളം കരീമും താനും ബ്രഹ്മോസ് സ്ഥാപനം കൊണ്ടുവരുന്ന കാര്യം ചര്‍ച്ചചെയ്തിരുന്നു എന്ന് ആന്റണി വെളിപ്പെടുത്തുന്നു. അത്തരത്തിലുള്ള യാതൊന്നും യു.ഡി.എഫ്. വന്നതിനുശേഷം നടക്കുന്നില്ല.

കേരളത്തിലേക്ക് വ്യവസായം കൊണ്ടുവരാന്‍ കേന്ദ്ര വ്യവസായമന്ത്രിയോടോ മുതല്‍മുടക്കാന്‍ കൈയില്‍ കാശുള്ള മുതലാളിമാരോടോ വേണം സംസാരിക്കാന്‍ എന്നാവണം കുഞ്ഞാലിക്കുട്ടി ധരിച്ചിരുന്നത്. തുപ്പാക്കിയും ടാങ്കും അല്ലാതെ പ്രതിരോധവകുപ്പില്‍ വ്യവസായത്തിന്റെ ഏര്‍പ്പാടുണ്ടെന്ന് അറിഞ്ഞുകാണില്ല. അതുകൊണ്ടാവും ആ വഴിക്ക് പോകാതിരുന്നത്. സത്യമായും അറിഞ്ഞിരുന്നെങ്കില്‍ പോകാതിരിക്കുമോ കുഞ്ഞാലിക്കുട്ടി ? പറന്നുപോകും. പ്രതിരോധത്തിലെ വ്യവസായരഹസ്യം കരീം കുഞ്ഞാലിക്കുട്ടിയോട് പറഞ്ഞിരുന്നെങ്കില്‍ ഈ ബ്രഹ്മോസ്ത്ര പൊല്ലാപ്പൊന്നും ഉണ്ടാകുമായിരുന്നില്ല.
ഇനി, തിരുത്തപ്പെട്ട രണ്ടാം അജ്ഞതയുടെ കാര്യം. എളമരം കരീം പഴയ തൊഴിലാളിനേതാവൊക്കെ ആയിരുന്നെങ്കിലും പാര്‍ട്ടിയിലെ വി.എസ്. പക്ഷ കമ്യൂണിസ്റ്റുകാര്‍ക്ക് എളമരത്തെക്കുറിച്ച് നല്ല അഭിപ്രായമല്ല ഉണ്ടായിരുന്നത്. നാലാംലോകവാദിയും മുതലാളിത്തപാതക്കാരനും സോഷ്യല്‍ ഡെമോക്രാറ്റും മറ്റും മറ്റും ആണെന്നായിരുന്നു വിപ്ലവകാരികളുടെ വിലയിരുത്തല്‍. വി.എസ്. അതല്ല. ഊണിലും ഉറക്കത്തിലും വിപ്ലവം വെടിയാത്ത സഖാവാണ്. കേരളത്തെ പുരോഗമിപ്പിക്കാന്‍ കരീമിനൊപ്പം വി.എസ്സും പോയെന്നോ? വിശ്വസിക്കാന്‍ പ്രയാസമുണ്ട്. ഒരു പക്ഷേ, വി.എസ്സിന്റെ പ്രതിച്ഛായ തകര്‍ക്കാനുള്ള ആന്റണിയുടെ കുപ്രചാരണമാകാമത്. വേറെ ഒരു നിവൃത്തിയുമില്ലെങ്കിലേ വി.എസ്. ഇത്തരം മുതലാളിത്ത സംരംഭങ്ങള്‍ക്ക് അനുമതി കൊടുക്കാറൂള്ളൂ. ആന്റണിയുടെ പ്രശംസയ്ക്ക് വി.എസ്. പാത്രീഭൂതനായെങ്കില്‍ എവിടെയോ പിശകുണ്ട്. ചില കൂട്ടരെക്കുറിച്ച് സഖാവ് ഇ.എം.എസ്. പണ്ട് പറഞ്ഞിട്ടുണ്ട്. അവര്‍ തന്നെ പ്രശംസിക്കുന്നുണ്ടെങ്കില്‍ തനിക്ക് എന്തോ പിശകുപറ്റിയിട്ടുണ്ട് എന്നാണ് അതിനര്‍ഥം എന്നായിരുന്നു അദ്ദേഹത്തിന്റെ പരിഹാസം. സര്‍ട്ടിഫിക്കറ്റ് കഴുത്തില്‍ തൂക്കുംമുമ്പ് വി.എസ്. ഇത് ആലോചിക്കണമെന്നുമാത്രം. സീതാറാം യെച്ചൂരിക്കൊന്നും കഥ മനസ്സിലായിട്ടില്ല. ആന്റണിയെത്തന്നെ ഇടതുപക്ഷത്ത് ചേര്‍ക്കാന്‍ പുറപ്പെട്ടിരിക്കയാണ് വിദ്വാന്‍.

ഉമ്മന്‍ചാണ്ടിയാണ് ഏറ്റവും സന്തോഷവാന്‍. ഒരു രാത്രി മുഴുവന്‍ ഉറക്കൊഴിഞ്ഞ് ലക്ഷംപേരില്‍ നിന്ന് നിവേദനംവാങ്ങി അവരുടെ കരച്ചില്‍ കേട്ടാലാണ് അദ്ദേഹത്തിന് ഏറ്റവും സമാധാനമായി വീട്ടില്‍പോകാന്‍ കഴിയുക എന്ന് കേട്ടിട്ടുണ്ട്. ഇപ്പോള്‍ അതില്‍നിന്ന് അവസ്ഥ പുരോഗമിച്ചിട്ടുണ്ട്. ഏറ്റവും അടുത്ത അനുയായി, അല്ലെങ്കില്‍ ഘടകകക്ഷിയിലെ മന്ത്രി, അല്ലെങ്കില്‍ സ്വന്തം ഗ്രൂപ്പിലെ നേതാവ്-അങ്ങനെയാരെങ്കിലും തിരിഞ്ഞുകുത്തുന്ന ദിവസമാണ് പുള്ളിക്കാരന്‍ ഏറ്റവും സംതൃപ്തന്‍. ഒരു ഭരണപ്രതിസന്ധിയോ മറ്റോ ഉണ്ടാകുന്നെങ്കില്‍ ബഹുസന്തോഷമായി. കോളേജില്‍ പഠിക്കുന്ന കാലംമുതല്‍ മാര്‍ഗദര്‍ശിയും കൂട്ടാളിയുമായ ആന്റണിയില്‍നിന്ന് ഇങ്ങനെയൊരു അത്യാനന്ദകരമായ അനുഭവം പ്രതീക്ഷിച്ചുകാണില്ല. സ്വര്‍ഗരാജ്യം പതിച്ചുകിട്ടിയ ആളെപ്പോലെ സന്തോഷംകൊണ്ട് ഇരിക്കപ്പൊറുതിയില്ലാത്ത അവസ്ഥയിലായിക്കാണും. ജൂലിയസ് സീസര്‍ മാതൃകയില്‍ 'യു ടൂ ആന്റണിജീ ' എന്നുപറഞ്ഞ് കെട്ടിപ്പിടിച്ച് പൊട്ടിക്കരഞ്ഞിരിക്കണം ഉമ്മന്‍ചാണ്ടി.

ഗഡ്കരിചരിതം


നിതിന്‍ ഗഡ്കരി എന്ന മഹാരാഷ്ട്രക്കാരനെ ബി.ജെ.പി.യുടെ അഖിലേന്ത്യാ പ്രസിഡന്റാക്കാന്‍ തീരുമാനിച്ചത് 2009 ഡിസംബറിലാണ്. അതിന് ഒരു മാസംമുമ്പ് ബി.ജെ.പി. പ്രസിഡന്റാകാന്‍ സാധ്യതയുള്ള ദേശീയനേതാക്കളുടെ പേരെഴുതാന്‍ പത്രവായനക്കാര്‍ക്ക് ഒരു പരീക്ഷ നടത്തിയിരുന്നെങ്കില്‍ മഹാരാഷ്ട്രക്കാര്‍പോലും അതില്‍ നിതിന്‍ ഗഡ്കരിയുടെ പേര് എഴുതുമായിരുന്നില്ല. മലയാളപത്രങ്ങളില്‍ ആദ്യമായി ആ പേര് വന്നത് ബി.ജെ.പി. പ്രസിഡന്റായപ്പോഴാണത്രെ. ബി.ജെ.പി.യുടെ ഒരു സംസ്ഥാന പ്രസിഡന്റായിരുന്നു അദ്ദേഹം. പക്ഷേ, പാര്‍ട്ടിയില്‍ സംസ്ഥാന പ്രസിഡന്റുമാര്‍ ഇരുപത്തിയെട്ടുണ്ട്. മഹാരാഷ്ട്രയില്‍ പൊതുമരാമത്ത് മന്ത്രിയായിരുന്നു അദ്ദേഹം. അത്തരം മന്ത്രിമാര്‍ പാര്‍ട്ടിയില്‍ നൂറുകണക്കിനുണ്ട്. അദ്ദേഹം വലിയ മുതലാളിയായിരുന്നു. പക്ഷേ, പാര്‍ട്ടിയില്‍ മുതലാളിമാര്‍ ആയിരക്കണക്കിനുണ്ട്.പിന്നെ എന്തുകൊണ്ട് ഗഡ്കരി? അദ്ദേഹം പ്രസിഡന്റായിരുന്നത് മഹാരാഷ്ട്രത്തിലാണ്. മഹാരാഷ്ട്രത്തിലെ ഏതോ കുഗ്രാമത്തിലല്ല, മഹാ നാഗ്പുരിലാണ്. നാഗ്പുരിലെ ഏതോ ഗള്ളിയിലല്ല. ആര്‍.എസ്.എസ്സിന്റെ മഹാ ആസ്ഥാനത്തിന്റെ തൊട്ടയല്‍പക്കത്താണ് പാര്‍പ്പ്. കവാത്ത് സമയത്ത് വിസിലടിച്ചാല്‍ വീട്ടില്‍കേള്‍ക്കും. നിന്നെപ്പോലെ നിന്റെ അയല്‍ക്കാരനെയും സ്‌നേഹിക്കുക എന്ന് യേശുക്രിസ്തുവാണ് പറഞ്ഞതെങ്കിലും ആര്‍.എസ്.എസ്. അത് മഹദ്വചനമായി സ്വീകരിച്ചിട്ടുണ്ട്. യോഗ്യന്‍ അയല്‍പക്കത്തുള്ളപ്പോള്‍ എന്തിന് ദൂരെ പോകണം.

ബി.ജെ.പി.യില്‍ ഒരു പ്രശ്‌നമുണ്ട്. ഒരു തവണമാത്രമേ ഒരാള്‍ക്ക് പാര്‍ട്ടിയുടെ പ്രസിഡന്റായിരിക്കാന്‍ പറ്റൂ. പണ്ടില്ലാത്ത പ്രശ്‌നമാണ്. ആരുടെ തലയിലാണ് ഈ ബുദ്ധി ഉദിച്ചത് എന്നറിയില്ല. കോണ്‍ഗ്രസ്സിലെ ബുദ്ധിമാന്മാരൊന്നും അത്തരം മണ്ടന്‍ വ്യവസ്ഥകള്‍ പാര്‍ട്ടിഭരണഘടനയില്‍ ചേര്‍ക്കില്ല. അവിടെ ആജീവനാന്ത പ്രസിഡന്റാണ്. അഖിലേന്ത്യാസമ്മേളനം നടത്തിക്കൊള്ളണമെന്ന് നിര്‍ബന്ധവുമില്ല. അതുകൊണ്ട് ഈ രണ്ടുകാര്യങ്ങള്‍ ചിന്തിച്ച് തലപുണ്ണാക്കാതെ രാഷ്ട്രത്തെ 'സേവി'ക്കാം. ബി.ജെ.പി. മൂന്നുകൊല്ലം കൂടുമ്പോള്‍ പ്രസിഡന്റിനെ അന്വേഷിച്ച് നടക്കണം. ആര്‍.എസ്.എസ്. ഉള്ളത് വലിയ സമാധാനമാണ്. പാര്‍ട്ടിയുടെ നയം തീരുമാനിക്കുക, പ്രസിഡന്റിനെ കണ്ടെത്തുക, പള്ളി പൊളിക്കുക തുടങ്ങിയ ബുദ്ധിമുട്ടുള്ള പണിയൊക്കെ അവര്‍ ചെയ്തുകൊള്ളും. രാജ്‌നാഥ് സിങ് പ്രസിഡന്റ്സ്ഥാനം ഒഴിഞ്ഞപ്പോള്‍ നാഗ്പുരില്‍നിന്ന് സന്ദേശമെത്തി. പിന്നെ ആലോചനയൊന്നും വേണ്ടിവന്നില്ല.

മഹാരാഷ്ട്രയില്‍ പൊതുമരാമത്ത് മന്ത്രിയായിരുന്ന കാലത്ത് ഗംഭീരന്‍ റോഡുകള്‍ ഉണ്ടാക്കിയെന്ന ക്രെഡിറ്റ് ഗഡ്കരിക്കുണ്ട്. ഡല്‍ഹിയിലേക്കുമാറി പ്രസിഡന്റായപ്പോഴും അദ്ദേഹം നാഗ്പുരിലെ സംഘ ആസ്ഥാനത്തേക്കുള്ള റോഡ് കുണ്ടും കുഴിയുമാകാതെ നിലനിര്‍ത്തി എന്നത് ചില്ലറക്കാര്യമല്ല. അദ്വാനിക്കുപോലും കഴിയാതിരുന്ന കാര്യമാണ്. അതുകൊണ്ടാണ് പാര്‍ട്ടി ഭരണഘടനയിലെ 21-ാം വകുപ്പ് ഭേദഗതിചെയ്ത് ഗഡ്കരിയെ രണ്ടാംവട്ടം പാര്‍ട്ടി പ്രസിഡന്റാക്കാന്‍ തീരുമാനിച്ചത്. ഭരണഘടന മാറ്റി സ്ഥാനത്ത് നിലനിര്‍ത്തേണ്ടതരം സൂപ്പര്‍സ്റ്റാറാണ് ഗഡ്കരി എന്ന് നമ്മളാരും അറിഞ്ഞിരുന്നില്ല എന്നുമാത്രം.

അടുത്ത മൂന്നുവര്‍ഷം ഏത് ദേശീയപ്പാര്‍ട്ടിക്കും ബേജാറുമൂക്കുന്ന കാലമാണ്. 2014-ല്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പാണ്. വെപ്രാളപ്പെടേണ്ട സമയമായി. ബി.ജെ.പി.യും സഖ്യകക്ഷികളും ഭരണംപിടിക്കുമെന്ന് വേറെ ആര് വിശ്വസിക്കുന്നില്ലെങ്കിലും അവര്‍ ഉറച്ചുവിശ്വസിക്കുന്നുണ്ട്. കോണ്‍ഗ്രസ് ആകെ അലങ്കോലമായി കിടക്കുകയല്ലേ. രാജ്യഭരണം പോക്കറ്റില്‍ത്തന്നെയെന്ന് കഴിഞ്ഞ രണ്ടുതവണയും ബി.ജെ.പി. ഉറപ്പിച്ചതായിരുന്നു. എന്തോ അവസാനഘട്ടത്തില്‍ കപ്പിനും ലിപ്പിനുമിടയില്‍ ചായ തെറിച്ചുപോയി. ഇത്തവണ റിലേ ഓട്ടത്തിന്റെ അവസാനഘട്ടം ഓടേണ്ട ചുമതല ഗഡ്കരിയെത്തന്നെ ഏല്പിച്ചത് അദ്ദേഹം മികച്ച ഓട്ടക്കാരനാണെന്ന് ബോധ്യപ്പെട്ടതുകൊണ്ടായിരിക്കണം. എന്തുഫലം? ലാസ്റ്റ്ഘട്ടത്തിനുള്ള ബാറ്റന്‍ കൈയില്‍ വരുംമുമ്പ് അതാ ഓട്ടം പിഴച്ചിരിക്കുന്നു. ഭരണഘടന ഭേദഗതിചെയ്ത് തിരഞ്ഞെടുത്തയാള്‍ പ്രസിഡന്റ്സ്ഥാനം ഒഴിയണം എന്നാവശ്യപ്പെട്ട് പാര്‍ട്ടിക്കാര്‍തന്നെ മുറവിളികൂട്ടുന്നു. ആകപ്പാടെ ലക്ഷണദോഷമാണ്.

അഴിമതിയില്‍ മുങ്ങിക്കുളിച്ച കോണ്‍ഗ്രസ്സിന് ഒരേയൊരു ബദല്‍ സംശുദ്ധ ആര്‍ഷഭാരത പാര്‍ട്ടിയാണെന്നല്ലേ കേട്ടിരുന്നത്. അഴിമതിരഹിത ആദര്‍ശപ്പാര്‍ട്ടിയെ നയിക്കാന്‍ മുന്നില്‍നിര്‍ത്തിയ 24 കാരറ്റ് സ്വര്‍ണത്തിലും മായമുണ്ടെന്ന് ആരോപണംവന്നാല്‍ എന്തുചെയ്യും? കോണ്‍ഗ്രസ് അഴിമതിയെ തള്ളിമാറ്റി കുറച്ചായി പത്രങ്ങളില്‍ ബി.ജെ.പി.അഴിമതിയെക്കുറിച്ച് കഥകള്‍ വരുന്നു. കോണ്‍ഗ്രസ്സിന്റെ അഴിമതിക്കണക്ക് ലക്ഷം കോടിയൊക്കെ കടക്കുമ്പോള്‍ തങ്ങളുടേത് അത്രയൊന്നും വരില്ല എന്നാശ്വസിക്കുകയാണ് ബി.ജെ.പി.ക്കാര്‍.
രാം ജേഠ്മലാനിയെപോലുള്ള വന്‍പുള്ളികളായ പാര്‍ട്ടിക്കാര്‍തന്നെയാണ് പാര്‍ട്ടിപ്രസിഡന്റിനെതിരെ യുദ്ധംനയിക്കുന്നത്. പാര്‍ട്ടിയുടെ പ്രതിച്ഛായ മങ്ങുന്നു. അത് തടയാന്‍ സംഘപരിവാര്‍ ബുദ്ധിജീവിയും പ്രശസ്ത കണക്കപ്പിള്ളയുമായ ഗുരുസ്വാമിയെ രംഗത്തിറക്കിനോക്കി. ജേഠ്മലാനിക്ക് നിയമവും വകുപ്പുമേ അറിയൂ. കണക്കറിയില്ല. ഗുരുസ്വാമിക്ക് കണക്കറിയാം. രണ്ടുപേര്‍ക്കും രാഷ്ട്രീയം വലിയ നിശ്ചയമില്ല. പ്രതിച്ഛായ ഇല്ലാത്ത പ്രസിഡന്റിനെയും കൊണ്ടുനടന്നാല്‍ വോട്ട് പോയേക്കുമെന്ന് അറിയാന്‍ വിവരംവേണ്ട. ഗഡ്കരിയുടെ പുസ്തകത്തിലെ കണക്കെല്ലാം കറക്ടാണ് എന്നാണ് ഗുരുസ്വാമി പറയുന്നത്. അഴിമതി തെളിയിക്കാതെ എന്തിന് ഗഡ്കരി ഒഴിയണം എന്ന ചോദ്യമാണ് ബി.ജെ.പി.ക്കാര്‍ ചോദിക്കുന്നത്. ഇതുതന്നെയാണ് കോണ്‍ഗ്രസ്സുകാരും ബോഫോഴ്‌സ് കാലംമുതല്‍ ചോദിച്ചുപോന്നത്. പാവം ബാലുവും വദ്രയും സല്‍മാന്‍ ഖുര്‍ഷിദും-അവര്‍ക്ക് നല്ല കണക്കപ്പിള്ളമാര്‍ ഇല്ലാതെപോയി.

കഷ്ടകാലത്ത് എല്ലാം കൂട്ടത്തോടെ വരുമല്ലോ. നാട്ടുകാരെ ഉദ്ബുദ്ധരാക്കാന്‍ ഒരു മഹാതത്ത്വം പറയാമെന്ന് വിചാരിച്ചുപോയി ഗഡ്കരി. വേറെ കുറ്റമൊന്നും ചെയ്തിട്ടില്ല. ബുദ്ധിയുള്ളതുകൊണ്ടുമാത്രം കാര്യമില്ല, മനസ്സ് നന്നാവണം എന്നുപറയാന്‍ ചെറിയ ഒരു ഉപമ പ്രയോഗിച്ചതാണ് അബദ്ധമായത്. സ്വാമി വിവേകാനന്ദനുള്ള അത്രബുദ്ധി ചിലപ്പോള്‍ ദാവൂദ് ഇബ്രാഹിമിനും കാണുമായിരിക്കും. പക്ഷേ, ദാവൂദിന്റെ ലൈന്‍ ശരിയായിരുന്നില്ല എന്നേ പറഞ്ഞുള്ളൂ. വിവേകാനന്ദനും ദാവൂദും തമ്മില്‍ വ്യത്യാസമില്ലെന്നാണ് പറഞ്ഞതിന്റെ അര്‍ഥം എന്നായി കുറേ ബി.ജെ.പി.ക്കാരും. ബുദ്ധിയുള്ളതുകൊണ്ടുമാത്രം കാര്യമില്ല എന്ന തത്ത്വം ബി.ജെ.പി.ക്കാര്‍ക്കും ബാധകമാണല്ലോ. ബുദ്ധിയുമില്ല, നല്ല മനസ്സുമില്ല എന്നായാല്‍ എന്തുചെയ്യും.

ചുരുക്കിപ്പറഞ്ഞാല്‍ 2014-നെ ലക്ഷ്യംവെച്ചുള്ള അവസാന ഘട്ട ഓട്ടത്തില്‍ മുടന്തുകയാണ് ബി.ജെ.പി. ഒരു സമാധാനമേ ഉള്ളൂ. ബി.ജെ.പി.ക്ക് ഒരു കാലേ മുടന്തിയിട്ടുള്ളൂ. മറ്റേ പ്രധാന ഓട്ടക്കാരന് രണ്ടുകാലിലും മുടന്തുണ്ട്. വേറെചില ഓട്ടക്കാര്‍ക്ക് കാലുതന്നെ ഇല്ല.

** ** **

തിരുവഞ്ചൂര്‍ രാധാകൃഷ്ണനേക്കാള്‍ വലിയ ആഭ്യന്തരമന്ത്രിമാരെയും താന്‍ കണ്ടിട്ടുണ്ടെന്നാണ് കണ്ണൂര്‍ എം.പി. കെ.സുധാകരന്‍ പറയുന്നത്. സുധാകരന്‍തന്നെ തിരുവഞ്ചൂര്‍ രാധാകൃഷ്ണനേക്കാള്‍ വലിയ തോക്കാണ് എന്നാര്‍ക്കാണ് അറിയാത്തത്.

സുധാകരന്‍ വിനയംകൊണ്ട് സംഭവം മുഴുവനുമങ്ങ് തെളിച്ചുപറഞ്ഞില്ല എന്നേ ഉള്ളൂ. പത്ത് തിരുവഞ്ചൂരിന്റെ ബലമുള്ള കെ. കരുണാകരന്‍ അടിയന്തരാവസ്ഥയില്‍ ആഭ്യന്തരം ഭരിക്കുമ്പോഴാണല്ലോ സുധാകരന്‍ അടിയന്തരാവസ്ഥയെത്തന്നെ എതിര്‍ത്ത് ജയിലില്‍ പോയത്. അന്നത്തെ കൂട്ടുകിടപ്പുകാര്‍ മാര്‍ക്‌സിസ്റ്റുകാരായിരുന്നു. എന്തുചെയ്യാം, പഴയ ധീരസാഹസികതകളൊന്നും ഇപ്പോള്‍ പുറത്തുപറയാന്‍ നിവൃത്തിയില്ല. പറഞ്ഞാല്‍ കോണ്‍ഗ്രസ്സുകാര്‍ക്കും ഇഷ്ടപ്പെടില്ല, മാര്‍ക്‌സിസ്റ്റുകാര്‍ക്കും ഇഷ്ടപ്പെടില്ല.

ലോക്കല്‍ യുദ്ധപ്രഭു


നീ സുരേഷ്‌ഗോപി കളിക്കേണ്ട എന്നാണ് ബഹുമാനപ്പെട്ട ഒരു ജനപ്രതിനിധി പോലീസ് സ്റ്റേഷനില്‍ ഇടിച്ചുകയറിച്ചെന്ന് ഉദ്യോഗസ്ഥനോട് കല്പിച്ചത്. എന്തൊരു അര്‍ഥവത്തായ ആജ്ഞ..... ജനനന്മയ്ക്ക് വേണ്ടി സത്യത്തിന്റെ പക്ഷത്തുനിന്ന് രാഷ്ട്രീയപ്രഭുക്കള്‍ക്കെതിരെയും പൊരുതുന്ന പരമവിഡ്ഢിയായ ഉദ്യോഗസ്ഥരാണ് സുരേഷ്‌ഗോപിയുടെ പല കഥാപാത്രങ്ങളുമെന്ന് ഏത് എം.പി.ക്കും അറിയാം. അതിവിടെ വേണ്ട എന്നാണ് മഹാത്മാഗാന്ധിയുടെ പാര്‍ട്ടിയുടെ എം.പി. പറഞ്ഞത്. എസ്.ഐ. ജനപ്രതിനിധിയെ ഷിറ്റ് എന്ന് വിളിച്ചതായി പത്രങ്ങളിലൊന്നും കണ്ടില്ല.

മണല്‍ കൊണ്ടുപോകുന്ന ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തകനെ പോലീസ് പിടികൂടി ലോക്കപ്പിലാക്കി എന്നതാണ് സംഭവം. സംഗതി മോശമായിപ്പോയി. മണല്‍കൊണ്ടുപോകുന്ന ആള്‍ എന്ന് ബോധപൂര്‍വം എഴുതിയതാണ്. ഇപ്പോള്‍ ആരും അങ്ങനെ എഴുതാറില്ല. മണല്‍കടത്തുകാരന്‍, മണല്‍മാഫിയ എന്നൊക്കെ വേണം എഴുതാന്‍. വീടിന് രണ്ടാംനില പണിയാന്‍ ഏതാനും ലോഡ് മണലിന് അഡ്വാന്‍സ് കൊടുത്ത് ഇരിക്കുകയാണ് ഈയുള്ളവന്‍. അതിനിടയില്‍ മണല്‍ മാഫിയ എന്നും മറ്റും എഴുതി വീടുപണി കുളമാക്കാന്‍ വയ്യ. അല്ലെങ്കില്‍ത്തന്നെ സാമൂഹികപ്രാധാന്യമുള്ള ഒരു ഉപജീവനമല്ലേ മണല്‍ കടത്ത്? തോണിയില്‍ പോയി മീന്‍പിടിക്കുന്നതുപോലെയേ ഉള്ളൂ തോണിയില്‍പോയി മണല്‍ കോരുന്നതും. മീന്‍പിടിത്തമാണ് ഹിംസാത്മകം, മണല്‍കോരല്‍ തീര്‍ത്തും അഹിംസാത്മകമാണ്. മണലിന് വെള്ളത്തില്‍ കിടന്നാലെന്ത്, സിമന്റുമായി ഒട്ടിച്ചേര്‍ന്ന് കോണ്‍ക്രീറ്റില്‍ കിടന്നാലെന്ത്?

പോകട്ടെ, എം.പി.യുടെ സുരേഷ്‌ഗോപി വിരുദ്ധ പ്രകടനത്തിലേക്ക് മടങ്ങാം. കണ്ണൂര്‍ പാര്‍ലമെന്റ് മണ്ഡലത്തില്‍ ഓരോ ദിവസവും രാപ്പകല്‍ ആരെയെല്ലാം പോലീസ് ലോക്കപ്പിലാക്കുന്നു. ക്വട്ടേഷന്‍ സംഘം വന്ന് ഒരാളെ പിടിച്ചുകൊണ്ടുപോയെന്നുകേട്ടാല്‍ എം.പി. കാറെടുത്ത് പായുന്നതില്‍ തെറ്റില്ല. എത്രയും വേഗം ടിയാനെ മോചിപ്പിച്ചില്ലെങ്കില്‍ ജീവനെടുത്തെന്ന് വരാം. പോലീസ് പിടിച്ചാല്‍ അത്രയും സാഹസം വേണ്ടതില്ല. തിരുവഞ്ചൂരിന്റെ പോലീസ്, നമ്മുടെ സ്വന്തം പോലീസ്. എന്നിട്ടും എം.പി. രോഷാകുലനായി വിറകൊണ്ടു. നമ്മള്‍ ഭരിക്കുമ്പോള്‍ നമ്മുടെ സ്വന്തം മണല്‍കടത്തുകാരനെ പോലീസ് പിടികൂടുകയോ? കേസ് മണല്‍ കടത്തായാലും ശരി, സ്ത്രീപീഡനമായാലും ശരി, തനി മോഷണമായാലും ശരി ഭരണകക്ഷിക്കാരനെ പിടിക്കാന്‍ പാടില്ല എന്നതാണ് ശാശ്വത തത്ത്വം.
വല്ല വിവരമില്ലാത്ത ഡൂപ്ലിക്കേറ്റ് സുരേഷ് ഗോപിമാരും ഭരണകക്ഷിക്കാരനെ പിടിച്ചെന്നിരിക്കട്ടെ. അതിന് വ്യവസ്ഥാപിതമായ പരിഹാരമാര്‍ഗങ്ങള്‍ ഉണ്ട്. മണ്ഡലം പ്രസിഡന്റ്, ബ്ലോക്ക് പ്രസിഡന്റ്, ഡി.സി.സി. സെക്രട്ടറി തുടങ്ങിയ തസ്തികകളില്‍ ആളുകളെ വെച്ചിരിക്കുന്നത് രസീതടിച്ച് പണം പിരിക്കാന്‍ മാത്രമല്ല. വല്ല കോണ്‍ഗ്രസ്സുകാരനെയോ എന്നെങ്കിലും കോണ്‍ഗ്രസ്സിന് വോട്ടുചെയ്യാനിടയുള്ള ആരെയെങ്കിലുമോ പോലീസ് പിടിച്ചാല്‍ സ്റ്റേഷനില്‍ വിളിച്ചുപറഞ്ഞ് ഉടന്‍ വിടുവിക്കലാണ് ഇവരുടെ പ്രഥമ ചുമതല. വെറും വിളികൊണ്ട് പ്രയോജനമില്ലെങ്കില്‍ ഡി.സി.സി. പ്രസിഡന്റിനെക്കൊണ്ടോ ജില്ലയിലെ ആഭ്യന്തരമന്ത്രിയെക്കൊണ്ടോ വിളിപ്പിക്കണം. വഴങ്ങുന്നില്ലെങ്കില്‍ ചില്ലറ സ്ഥലംമാറ്റ-വിജിലന്‍സ് ഭീഷണികള്‍ പ്രയോഗിക്കണം. ഒരുവിധപ്പെട്ട സുരേഷ്‌ഗോപിമാരെല്ലാം വഴിക്കുവരും.
ഇവിടെ എം.പി. പ്രോട്ടോക്കോള്‍ നോക്കാതെ പോലീസ് സ്റ്റേഷനിലേക്ക് കുതിച്ച് പഴയ സിനിമയിലെ വില്ലന്‍ കഥാപാത്രത്തിന്റെ ഭാവപ്രകടനങ്ങളോടെ എസ്.ഐ.യെ വിരട്ടുകയാണ് ചെയ്തത്. പാര്‍ലമെന്റില്‍ പോയി കാര്യംപറയാന്‍ ജനം തിരഞ്ഞെടുക്കുന്ന ആളാണ് എം.പി. എന്നാണ് സങ്കല്പം. സ്റ്റേഷനില്‍ പോയി കാര്യംപറയാന്‍ എം.പി. വേണ്ട. പക്ഷേ, പോലീസ് സ്റ്റേഷനിലെ അഭിനയത്തിനാണ് കൈയടി കിട്ടുക. മറ്റു ജില്ലകളിലെ പോലെയല്ല, കണ്ണൂരില്‍ കൈയടി കുറച്ചുകേമമാണ്. പരമ്പരാഗത ജനസേവന രാഷ്ട്രീയത്തിന് വലിയ മാര്‍ക്കറ്റില്ല. ഡിവൈ.എസ്.പി.യെ ടി.വി.യില്‍ ലൈവ് ആയി ചീത്തവിളിക്കുന്ന നാടാണ്. ഇത് അത്രത്തോളം പോയില്ല. എന്തായാലും, ലോക്‌സഭയില്‍ നല്ല രണ്ടുവാക്ക് പറഞ്ഞുവെന്ന ആക്ഷേപം ബഹുമാനപ്പെട്ട ജനപ്രതിനിധിയെക്കുറിച്ച് ആര്‍ക്കുമില്ല.

കോടിയേരിയുടെ പോലീസും തിരുവഞ്ചൂരിന്റെ പോലീസും തമ്മില്‍ വ്യത്യാസമില്ലെന്നാണ് ബഹു. എം.പി. യുടെ അഭിപ്രായം. അത്രയൊന്നും പ്രശംസ തിരുവഞ്ചൂര്‍ പ്രതീക്ഷിച്ചതല്ല. ആഭ്യന്തരവകുപ്പ് ഏറ്റെടുത്തിട്ട് അധികം നാളായിട്ടില്ല. അതുകൊണ്ട് ചെറിയ ഒരു സുരേഷ്‌ഗോപിത്തരം തിരുവഞ്ചൂരിനും കാണും. ക്രമസമാധാനപാലനം പോലീസിന്റെ ചുമതലയാണ് എന്ന തെറ്റിദ്ധാരണയിലാവും മന്ത്രി. പഴഞ്ചന്‍ കാഴ്ചപ്പാടുകള്‍ മാറാത്തതിന്റെ കുഴപ്പമാണ്. ആഭ്യന്തരവകുപ്പ് കൈവശമുള്ള പാര്‍ട്ടിയുടെ ഉത്തരവാദിത്വമാണ് ക്രമസമാധാനപാലനം. ഏത് കേസില്‍ ആരെ പിടിക്കണം, എവിടെ ലാത്തിച്ചാര്‍ജ് നടത്തണം, ആരെ പിടികൂടി തല്ലി എല്ലൊടിക്കണം എന്നെല്ലാം നിര്‍ദേശം നല്‍കാന്‍ പ്രാദേശിക ആഭ്യന്തരമന്ത്രിമാരെ നിയോഗിക്കേണ്ടതുണ്ട്. സ്വന്തം ഗ്രൂപ്പില്‍പ്പെട്ട വിശ്വസ്തനെയാണ് ആ പണിക്ക് നിയോഗിക്കേണ്ടത്.

കോടിയേരിക്ക് ആ പ്രശ്‌നമുണ്ടായിരുന്നില്ല. പാര്‍ട്ടിക്ക് അതിനെല്ലാം സ്ഥിരം സംവിധാനമുണ്ട്. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ജില്ലതോറും ഡി ഫാക്‌റ്റോ ആഭ്യന്തരമന്ത്രിമാരെ നിയോഗിച്ചുകാണില്ല. അതിന്റെ കുഴപ്പമാവണം കണ്ണൂരിലുണ്ടായത്. ക്രമേണ പഠിച്ചാല്‍ മതി.
സി.പി.എം. കാര്‍ നടപ്പാക്കിയതിനെക്കാള്‍ വലിയ അധികാര വികേന്ദ്രീകരണമാണിത്. ഇത് ഒരു ഘട്ടം കൂടി കഴിഞ്ഞാല്‍ പണ്ട് മാര്‍ക്‌സ് ആചാര്യന്‍ പറഞ്ഞതുപോലെ സ്റ്റേറ്റ്തന്നെ കൊഴിഞ്ഞുവീഴും. കോണ്‍സ്റ്റബിള്‍ മുതല്‍ ഡി.ജി.പി. വരെയുള്ള തസ്തികകളില്‍ ആഭ്യന്തരവകുപ്പ് ചാര്‍ത്തിക്കിട്ടിയ പാര്‍ട്ടിയുടെ തടിയും വണ്ണവും വിഷമുള്ള നാക്കും ഉള്ള പ്രവര്‍ത്തകരെ നിയോഗിക്കും. മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫിലേ ഇപ്പോള്‍ പാര്‍ട്ടിക്കാരെ ശമ്പളവും പെന്‍ഷനും കൊടുത്ത് നിയമിക്കുന്നുള്ളൂ. പോലീസില്‍ അത് പാടില്ലെന്ന് ഭരണഘടനയിലില്ല. അത് നടപ്പായാല്‍ പിന്നെ ഐ.പി.സി.യും ക്രിമിനല്‍ കോഡുമൊന്നും ആവശ്യമില്ല. കോടതിയുടെ തന്നെ ആവശ്യമില്ല. ശിക്ഷയും പാര്‍ട്ടിപ്പോലീസിന് വിധിക്കാവുന്നതേയുള്ളൂ.

* * *

കോണ്‍ഗ്രസ്സുകാരെ അങ്ങനെയൊരുരംഗത്തും ജയിക്കാന്‍ അനുവദിച്ചുകൂടാ. കണ്ണൂര്‍ എം.പി.യുടെ അസാധാരണ പ്രകടനത്തിന്റെ പിറ്റേന്നുതന്നെ കൊല്ലത്തെ ഇടത് എം.എല്‍.എ. പൊതുവേദിയില്‍ ജില്ലാകളക്ടറെ കണക്കറ്റ് അധിക്ഷേപിച്ചു. അസഭ്യവര്‍ഷം എന്നാണ് പത്രങ്ങള്‍ എം.എല്‍.എ.യുടെ ഡയലോഗിനെ വിശേഷിപ്പിച്ചത്.
പൊതുവേദിയിലാണെങ്കിലും അല്ലെങ്കിലും എം.എല്‍.എ.യ്ക്ക് കളക്ടറെ ധൈര്യമായി പുലഭ്യം പറയാം. സ്റ്റേഷനില്‍ച്ചെന്ന് എസ്.ഐ.യെ പുലഭ്യം പറഞ്ഞാല്‍ വരുന്നതുവരട്ടെ എന്നും വെച്ച് കൈനീട്ടി തിരിച്ചൊന്നു തന്നെന്നിരിക്കും. കലക്ടറെ അസഭ്യം പറയുന്നതിന് ഒട്ടും ഭയപ്പെടേണ്ടതില്ല. ഒരക്ഷരം ഒരു കളക്ടറും തിരിച്ചുപറയില്ല. കളക്ടറോട് പറഞ്ഞതിന്റെ പാതി അസഭ്യം ഏതെങ്കിലും മന്ത്രിയോട് പറഞ്ഞാല്‍ വിവരമറിയും. ആ എം.എല്‍.എ.യുടെ നിലവാരമുള്ള മന്ത്രിമാര്‍ നാട്ടില്‍ സുലഭമാണ്. കളക്ടറുടെ ഓഫീസിലെ പ്യൂണിനെ പുലഭ്യം പറഞ്ഞാല്‍ യൂണിയന്‍കാരെങ്കിലും ഉണ്ടാകും ചോദിക്കാന്‍. കളക്ടര്‍ക്ക് വേണ്ടി ചോദിക്കാന്‍ ആരും ഉണ്ടാവില്ല. കളക്ടറോട് പറഞ്ഞതിന്റെ പത്തിലൊന്ന് കലക്ടര്‍ പഞ്ചായത്ത് അംഗത്തോട് പറഞ്ഞാല്‍ ഐ.എ.എസ്. പദവി അതോടെ തീരും.

ജനപ്രതിനിധികള്‍ ദൈവങ്ങളാണ്. അവരെ ആര്‍ക്കും ഒന്നും ചെയ്യാനാവില്ല. ജനാധിപത്യം ഒരു ഭരണരീതിയല്ല അതൊരു സംസ്‌കാരമാണ് എന്ന് ഏത് വിവരദോഷിയാണ് പറഞ്ഞത്?

* * *

നൂറുകോടി രൂപയില്‍ നോട്ടമിട്ടാണ് രാഷ്ട്രീയക്കാര്‍ മലയാളത്തിന് ശ്രേഷ്ടപദവി കിട്ടാന്‍ ഇരന്നുനടക്കുന്നതെന്ന് ചരിത്രകാരനായ എം.ജി.എസ്. നാരായണന്‍ പറയുന്നു. അതിനായി രാഷ്ട്രപതിയെക്കൊണ്ട് കള്ളം പറയിച്ചു എന്ന ആക്ഷേപവും അദ്ദേഹത്തിനുണ്ട്. നൂറുകോടി കിട്ടാന്‍ ആളെക്കൊല്ലാന്‍ തന്നെ മടിക്കാത്തവരാണ് ഏറെ. വെറുതെ കള്ളം പറഞ്ഞാല്‍ നൂറുകോടി കിട്ടുമെങ്കില്‍ ഒന്നല്ല നൂറുകള്ളം പറയാം. എന്താണ് എം.ജി.എസ്. സാറിന് അതില്‍ ഇത്ര വിരോധമെന്ന് മനസ്സിലാകുന്നില്ല.
19-ാം നൂറ്റാണ്ടിനപ്പുറം ചരിത്രമില്ലാത്ത ഭാഷയ്ക്ക് 2000 വര്‍ഷം പ്രായമുണ്ടെന്ന കള്ളമാണ് രാഷ്ട്രപതിയെക്കൊണ്ട് നമ്മുടെ ഭരണക്കാര്‍ പറയിച്ചത്. അത് തെളിയിച്ചാണ് ശ്രേഷ്ടപദവി ഉണ്ടാക്കാന്‍ നോക്കുന്നത്. നോക്കണേ എത്ര നിര്‍ദോഷമായ കള്ളം. എല്ലാ ദിവസവും പ്രായത്തെക്കുറിച്ച് കള്ളം പറയുന്ന മനുഷ്യരുണ്ട്. പറയുന്നവര്‍ക്കും ചിലപ്പോള്‍ കേള്‍ക്കുന്നവര്‍ക്കും സുഖം തോന്നിക്കുന്ന ഒരു കള്ളമാണത്. അവര്‍ വയസ്സ് കുറച്ചു പറയുന്നു, ഇവിടെ മലയാളത്തിന്റെ വയസ്സ് കൂട്ടിപ്പറയുന്നു എന്ന വ്യത്യാസമേയുള്ളൂ എന്നോര്‍ക്കണം. പത്തൊമ്പതാം നൂറ്റാണ്ടിനപ്പുറം മലയാളമില്ലായിരുന്നു എന്നത് സത്യമല്ല. അന്നത്തെ മലയാളത്തിന് തമിഴ് എന്നായിരുന്നു പേരെന്നത് മാത്രമാണ് പ്രശ്‌നം. വേറെ പ്രശ്‌നമില്ല.

ചാരക്കേസ് കുമ്പസാരമൊഴി


ചെറിയാന്‍ ഫിലിപ്പ് പഴയ ചാരക്കേസില്‍ പുതിയ മാപ്പുസാക്ഷിയാണ്. മൊഴിനല്‍കിക്കഴിഞ്ഞു. മാപ്പുസാക്ഷിയുടെ മൊഴി വെറും മൊഴിയല്ല, കുമ്പസാരമാണ്. ചാരക്കേസ് വിവാദം കെ. കരുണാകരനെ താഴെയിറക്കാന്‍വേണ്ടി ഉപയോഗപ്പെടുത്തുന്നതിനുള്ള ഗൂഢാലോചനയില്‍ താനും പങ്കാളിയായിരുന്നു എന്നാണ് ചെറിയാന്‍ ഫിലിപ്പിന്റെ കുമ്പസാരമൊഴി. കരുണാകരഗ്രൂപ്പില്‍നിന്ന് കാലുമാറി ആന്റണിഗ്രൂപ്പിലേക്ക് വന്ന ഒരു കെ.പി.സി.സി. ഭാരവാഹിയുടെ വാടക വീട്ടിലായിരുന്നു ഗൂഢാലോചന. വേറെ ആരൊക്കെ ഉണ്ടായിരുന്നുവെന്നോ? വ്യക്തമല്ല. എന്തായാലും എക്കാലത്തെയും എ ഗ്രൂപ്പ് രണ്ടാമന്‍ ഉമ്മന്‍ചാണ്ടി ഉണ്ടായിരുന്നു. കരുണാകരനാണ് ഗൂഢാലോചനയുടെ ഇരയെങ്കില്‍ എ.കെ.ആന്റണിയാണ് അതിന്റെ ഗുണഭോക്താവ്. ആന്റണി വാടകവീട്ടിലെ ഗൂഢാലോചനയില്‍ നേരിട്ട് പങ്കാളിയായിരുന്നെന്ന് ചെറിയാന്‍ ഫിലിപ്പ് പറയുന്നില്ല. ആന്റണി നേരിട്ട് പങ്കെടുക്കേണ്ട കാര്യമില്ല. ചെറിയാന്‍ ഫിലിപ്പ് പങ്കെടുത്താല്‍ ആന്റണി പങ്കെടുത്തതുപോലെയാണ്. ഇരുമെയ്യാണെങ്കിലും ഒറ്റയായിരുന്നു.

വാടകവീട്ടിലെ ഗൂഢാലോചനയിലൂടെയല്ല ചാരക്കേസ് ജനിച്ചത്. ചാരക്കേസ് എങ്ങനെയോ ഉണ്ടായി. അത് വേറെ ഗൂഢാലോചനയാണ്. ചാരക്കേസില്‍ കെ. കരുണാകരന്‍ പ്രതിയല്ല. വിവാദത്തിലാണ് പ്രതി. രാജന്‍കേസും അങ്ങനെത്തന്നെയായിരുന്നു. അതിലും കരുണാകരന്‍ പ്രതിയല്ല. രണ്ടിലും ശിക്ഷ കരുണാകരനായിരുന്നു എന്നത് സത്യം. അതെന്തുകൊണ്ടെന്ന് പടച്ചോനോട് ചോദിക്കണം. രാജന്‍കേസിലും കരുണാകരന്‍ ഇറങ്ങിയപ്പോള്‍ കേറിയത് എ.കെ.ആന്റണിയാണ്. ശുദ്ധനാസ്തികന് ദൈവം തുണ. അന്ന് വാടകവീട്ടില്‍ ഗൂഢാലോചനയൊന്നും വേണ്ടിവന്നില്ല. അതിനുമുമ്പുതന്നെ കരുണാകരന്‍ രാജികൊടുത്തു. ശേഷം ഹിസ്റ്ററി.

കേസ് പലതുമുണ്ടാകും. കേസ് എങ്ങനെ വിവാദമാക്കി മാറ്റാം എന്നതിലാണ് രാഷ്ട്രീയവൈദഗ്ധ്യം വേണ്ടത്. ചാരക്കേസ് കുമ്പസാരമൊഴിയില്‍ ചെറിയാന്‍ ഇങ്ങനെ പറയുന്നു''ഗൂഢാലോചനയുടെ ഫലമായാണ് ചില മാധ്യമപ്രവര്‍ത്തകര്‍ പൊടിപ്പും തൊങ്ങലുംവെച്ച് കരുണാകരനെതിരെ കഥകള്‍ പ്രചരിപ്പിച്ചത് ''. കാര്യത്തിന്റെ കിടപ്പ് മനസ്സിലായല്ലോ. പൊടിപ്പും തൊങ്ങലുമാണ് മാധ്യമപ്രവര്‍ത്തകരുടെ സംഭാവന. വിവാദം ചെറിയാന്‍ ഫിലിപ്പിന്റെ വകയായിരുന്നു. അതിനെക്കുറിച്ചായിരുന്നു ഗൂഢാലോചന. അതിന് ഉമ്മന്‍ചാണ്ടിയും ആന്റണിയുമൊന്നും പോര. ചെറിയാന്‍ ഫിലിപ്പ് തന്നെവേണം.

പത്രക്കാര്‍ മനസ്സില്‍കാണുന്നത് മരത്തില്‍ കാണുന്ന ആളാണ് ചെറിയാന്‍. ഓരോരോ പത്രത്തിനും അതിന്റെ സ്വഭാവത്തിനൊത്ത് വ്യത്യസ്തലീഡും ഇന്‍ട്രോയും ഹെഡ്ഡിങ്ങുംസഹിതം വാര്‍ത്ത ഉണ്ടാക്കിക്കൊടുക്കാന്‍ ചെറിയാന്‍ മിടുക്കനാണ്. ആന്റണിക്കും ഉമ്മന്‍ചാണ്ടിക്കുംവേണ്ടി പ്രസ്താവനയും പ്രമേയവും എഴുതി പത്തുമുപ്പതുകൊല്ലം വേസ്റ്റാക്കാതെ വല്ല ബൂര്‍ഷ്വാപത്രത്തിലും കേറിയിരുന്നെങ്കില്‍ മുഖ്യപത്രാധിപരായി ആജീവനാന്തം ഗൂഢാലോചന നടത്താന്‍ പറ്റുമായിരുന്നു. സമഗ്രസംഭാവനയ്ക്കുള്ള ഡസന്‍കണക്കിന് മാധ്യമഅവാര്‍ഡുകള്‍ വെക്കാന്‍ അലമാര നാലെണ്ണം പണിയേണ്ടിയും വരുമായിരുന്നു. ഈ അറുപതാം വയസ്സില്‍ ഇനി അതൊന്നും ഓര്‍ത്തിട്ട് കാര്യമില്ല.

ചെറിയാന്‍ ഫിലിപ്പിന്റെ കുമ്പസാരത്തെക്കുറിച്ച് എ.കെ. ആന്റണിയും ഉമ്മന്‍ചാണ്ടിയുമൊന്നും ക മ എന്ന് മിണ്ടിയിട്ടില്ല. വാടകവീട്ടില്‍ എന്താണ് നടന്നത് എന്നതിനെക്കുറിച്ച് വലിയ ഓര്‍മയൊന്നും അവര്‍ക്കുണ്ടാകാന്‍ തരമില്ല. കരുണാകരനെതിരെ എത്രഗൂഢാലോചനകള്‍ എവിടെയെല്ലാംവെച്ച് നടത്തിയിരിക്കുന്നു. വാടകവീട്ടിലാണോ ഗസ്റ്റ്ഹൗസിലാണോ എം.എല്‍.എ. ക്വാര്‍ട്ടേഴ്‌സിലാണോ കോണ്‍ഗ്രസ് ഓഫീസിലാണോ സ്റ്റാര്‍ഹോട്ടലിലാണോ എന്നെല്ലാം എങ്ങനെ ഓര്‍ക്കാനാണ്. ബാറില്‍ ഇരുന്ന് ഗൂഢാലോചന നടത്തി എന്നാരെങ്കിലും ആരോപിച്ചാലേ അവര്‍ക്ക് രണ്ടാമതൊന്ന് ആലോചിക്കുകപോലും ചെയ്യാതെ ഠപ്പേന്ന് നിഷേധിക്കാന്‍ പറ്റൂ. ചെറിയാന്‍ഉമ്മന്‍എ.കെ. ഗൂഢാലോചന നടക്കാന്‍ ഒട്ടും ഇടയില്ലാത്ത ഏകസ്ഥലം അതായിരിക്കും. വേറെ ചില കോണ്‍ഗ്രസ്സുകാര്‍ അവിടെയേ അത് നടത്താറുള്ളൂ എന്നത് വേറെക്കാര്യം. ചെറിയാന്‍ ഫിലിപ്പിന് ഒരു ഗുണമുണ്ട്. ഏത് ഗൂഢാലോചനയില്‍ ആരെല്ലാം പങ്കെടുത്തു, എന്തെല്ലാം അഭിപ്രായം പറഞ്ഞു, എന്ത് തീരുമാനമാണ് ഉണ്ടായത് എന്നെല്ലാം അദ്ദേഹത്തിന് കൃത്യമായി അറിയാം. ഗൂഢാലോചനകളുടെ മിനുട്‌സ് സൂക്ഷിക്കുന്ന ചുമതല അദ്ദേഹത്തിനായിരുന്നു. ഗൂഢാലോചനയ്ക്ക് മിനുട്‌സോ എന്ന് ചോദിക്കരുത്. മിക്കദിവസത്തെയും പ്രധാന അജന്‍ഡ കരുണാകരവിരുദ്ധ ഗൂഢാലോചനയായിരുന്നു. ഇതിന്റെയെല്ലാം തീരുമാനങ്ങള്‍ എങ്ങനെ ഓര്‍മിക്കാനാണ്? ഉമ്മന്‍ചാണ്ടിക്കൊക്കെ ഗൂഢാലോചന നടത്തി ചായയുംകുടിച്ച് പോയാല്‍ മതി. ചെറിയാന് അതുപോര. കോണ്‍ഗ്രസ് ഗൂഢാലോചനകളുടെ വിനീത ചരിത്രകാരനാണ് അദ്ദേഹം. 1984ല്‍ കേരള രാഷ്ട്രീയത്തിന്റെ കാല്‍നൂറ്റാണ്ട് ചരിത്രം എഴുതിയതുമുതലുള്ള ഒരസുഖമാണ് അത്. ഭാവി ചരിത്രരചനയ്ക്കായി അദ്ദേഹം എല്ലാം കുറിച്ചുവെക്കും.

കുമ്പസാരത്തിന് സഹായകമായ ഒരു പരിഷ്‌കാരം ഈയിടെയായി നടപ്പായതായി പത്രവാര്‍ത്ത ഉണ്ടായിരുന്നു. പള്ളികളിലെ കുമ്പസാരമുറി എയര്‍കണ്ടീഷന്‍ചെയ്ത് തുടങ്ങിയിട്ടുണ്ടത്രെ. അത് കാലത്തിന് യോജിച്ച പരിഷ്‌കാരമാണ്. മുമ്പൊക്കെ ഒരു മിനിറ്റോ മറ്റോ പറഞ്ഞാല്‍ തീരുന്ന പാപങ്ങളാണ് മനുഷ്യര്‍ ചെയ്യാറുള്ളത്. ഇപ്പോള്‍ മണിക്കൂറുകള്‍ പറഞ്ഞാല്‍ തീരില്ല. വിയര്‍ത്ത് നാശമാകും. ചെറിയാന്‍ ഫിലിപ്പിന് പക്ഷേ, ആ പ്രശ്‌നമില്ല. അദ്ദേഹം ഇപ്പോള്‍ പ്രവര്‍ത്തിക്കുന്ന കുമ്പസാരക്കൂട് പണ്ടേ എയര്‍കണ്ടീഷന്‍ ചെയ്തതാണ്. അദ്ദേഹത്തിന്റെ 'കാല്‍നൂറ്റാണ്ട്' ചരിത്രത്തിന്റെ 1995 പതിപ്പില്‍ പറഞ്ഞത് കേട്ടാലും '' കൊട്ടാരസദൃശമായ ഓഫീസുകളാണ് (കേരളത്തില്‍) മിക്ക പാര്‍ട്ടികള്‍ക്കുമുള്ളത്. ഒരുകോടി രൂപ വിലമതിക്കുന്ന മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ എ.കെ.ജി.മന്ദിരം ഇന്ത്യയിലെ ഏറ്റവും വലിയ പാര്‍ട്ടി ഓഫീസാണ്...'' ഇതിലും മെച്ചപ്പെട്ട വേറെ കുമ്പസാരക്കൂട് കിട്ടില്ലെന്ന് ഉറപ്പ്.

ഉമ്മന്‍ചാണ്ടിയും ആന്റണിയും മൗനം ഭൂഷണമാക്കുന്നതിന്റെ അര്‍ഥം കേരളീയര്‍ക്കറിയാം. ചെറിയാന്‍ ഫിലിപ്പ് പഴയ ഗൂഢാലോചനാ മിനുട്‌സ്ബുക്ക് എടുത്ത് നിവര്‍ത്തി വല്ല ആത്മകഥയോ മറ്റോ എഴുതിത്തുടങ്ങിയാല്‍ കേരളം കിടുങ്ങും. കുറേ ചളി ചെറിയാന്റെ മേലും പതിക്കുമായിരിക്കാം. സാരമില്ല. നിലത്ത് കിടക്കുന്നവന് ഉറക്കത്ത് കട്ടിലില്‍നിന്ന് വീഴും എന്ന പേടിവേണ്ട. ചെറിയാന്‍ ഫിലിപ്പിന് ഇനി നഷ്ടപ്പെടാനില്ല. അല്ലെങ്കിലും മാപ്പുസാക്ഷിയെ കോടതി ശിക്ഷിക്കാറില്ല. ജനകീയകോടതി ഒരിക്കലും ശിക്ഷിക്കില്ല. ആന്റണി ഉമ്മന്‍ ആദര്‍ശാലുക്കളുടെ സ്ഥിതി അതല്ല.

                                                                              * * *

പലവട്ടം പറഞ്ഞിട്ടുള്ള പാര്‍ട്ടി പെരുമാറ്റച്ചട്ടങ്ങള്‍ വീണ്ടും വീണ്ടും ആവര്‍ത്തിക്കേണ്ടിവരുന്നതില്‍ കെ.പി.സി.സി. പ്രസിഡന്റ് രമേശ് ചെന്നിത്തലയ്ക്ക് പ്രയാസമുണ്ട്. ചില നേതാക്കന്മാര്‍ റോഡിലിറങ്ങി കെ.പി.സി.സി. പ്രസിഡന്റും മുഖ്യമന്ത്രിയുമെല്ലാം ചെയ്യുന്ന കാര്യങ്ങളെ വിമര്‍ശിക്കുന്നു. ഈയിടെയായി കോണ്‍ഗ്രസ്സില്‍ പൊതുകാര്യപ്രസക്തനാവാന്‍ കെ. മുരളീധരന്‍ നടത്തുന്ന ശ്രമത്തിന്റെ ഭാഗമായിട്ടാണെങ്കിലും അദ്ദേഹവും ഉന്നയിക്കുന്നു വിമര്‍ശങ്ങളും ആരോപണങ്ങളും.

കോണ്‍ഗ്രസ് ഭരണഘടനയും കീഴ്‌വഴക്കവും കെ. മുരളീധരന് അറിയാത്തതല്ല. കെ.പി.സി.സി. പ്രസിഡന്റ്, മുഖ്യമന്ത്രി, പ്രധാനപ്പെട്ട മന്ത്രിമാര്‍ എന്നിവരെ വാനോളം പുകഴ്ത്തുന്ന അഭിപ്രായങ്ങള്‍ പാര്‍ട്ടിക്കുപുറത്ത് പൊതുയോഗത്തിലും ചാനലിലും പത്രത്തിലുമെല്ലാം പറയുന്നതിനുള്ള പൂര്‍ണസ്വാതന്ത്ര്യം എല്ലാ അംഗങ്ങള്‍ക്കും വയറുനിറയെ ഉണ്ടായിരിക്കും. സ്വാതന്ത്ര്യം നേടിത്തന്ന പാര്‍ട്ടിയല്ലേ ഇത് ? ഭയങ്കരസ്വാതന്ത്ര്യമാണ് അംഗങ്ങള്‍ക്കെല്ലാം. എന്നാല്‍, കേട്ടാല്‍ എതിര്‍പക്ഷക്കാര്‍ കൈയടിക്കാനിടയില്ലാത്ത അഭിപ്രായങ്ങള്‍ അവിടെയും ഇവിടെയും ചെന്ന് പറയുന്നതിന് വിലക്കുണ്ട്. അത് പാര്‍ട്ടിവേദിയില്‍ വേണം പറയാന്‍. വേദിയില്‍ത്തന്നെ പറയുന്നതിനുമുമ്പ്, വേഷംമാറിയ പത്രലേഖകര്‍, ചാനല്‍ മൈക്കുകുറ്റിക്കാര്‍ എന്നിവര്‍ ആരുമില്ല എന്ന് ഉറപ്പുവരുത്തണം. പാര്‍ട്ടിവേദി എന്നതിന്റെ അര്‍ഥം മനസ്സിലായല്ലോ. എല്ലാ വാതിലുകളും ജനലുകളും അടച്ചുപൂട്ടിയതും ക്ഷണിക്കപ്പെട്ട അംഗങ്ങള്‍മാത്രം പങ്കെടുക്കുന്നതുമായ യോഗങ്ങളാണ് പാര്‍ട്ടിവേദി. ഇഷ്ടംപോലെ അഭിപ്രായം പറയാം. അംഗങ്ങള്‍ ചായകുടിക്കുകയോ മൊബൈലില്‍ ആരെയെങ്കിലും വിളിക്കുകയോ എസ്.എം.എസ്. അടിക്കുകയോ ചെയ്യുന്ന തിരക്കിലായിരിക്കുമെന്നതിനാല്‍ എന്ത് പ്രസംഗിക്കുന്നതിനും ആരും മടിക്കേണ്ട. ആരും കേള്‍ക്കില്ല.

താന്‍ അംഗമായ പാര്‍ട്ടിവേദി ആറുമാസമായി യോഗം ചേര്‍ന്നിട്ടില്ലാത്തതുകൊണ്ടാണ് തനിക്ക് അഭിപ്രായം പുറത്ത് പറയേണ്ടിവന്നതെന്ന് കെ. മുരളീധരന്‍ പറയുകയുണ്ടായി. ആറുമാസമൊക്കെ ഒരു വലിയ കാര്യമായി കണക്കാക്കുന്നത് ശരിയല്ല. ഇന്നലെനടന്ന സംഭവമൊന്നുമല്ലല്ലോ മുരളീധരന്‍ പറയാന്‍ ഉദ്ദേശിച്ചത്. പത്തുപതിനെട്ടുകൊല്ലംമുമ്പ് നടന്ന ചാരക്കേസാണ് വിഷയം. അതിനെക്കുറിച്ച് 2013ലോ പതിന്നാലിലോ ചേരുന്ന എക്‌സിക്യൂട്ടീവ്‌യോഗത്തില്‍ സംസാരിച്ചാല്‍ പോരേ? കുറ്റാരോപണ വിമുക്തനായ കെ. കരുണാകരനെ മുഖ്യമന്ത്രിസ്ഥാനത്തേക്ക് തിരിച്ചുകൊണ്ടുവരാന്‍ കഴിയില്ല എന്നതിനാല്‍ പ്രായശ്ചിത്തമായി മകന്‍ കെ. മുരളീധരന് തത്സ്ഥാനം കൊടുക്കണം എന്നാവശ്യപ്പെടുന്ന പ്രമേയമൊന്നും യോഗം അംഗീകരിക്കാന്‍ പോകുന്നില്ലല്ലോ. പിന്നെന്തേ ഇത്ര ധൃതി !

ഭരിക്കുന്നത് ആരാ ?


കേരളം ഭരിക്കുന്നത് ആരാണ് എന്നത് സംബന്ധിച്ച് ജനങ്ങള്‍ക്കിടയില്‍ ടോട്ടല്‍ കണ്‍ഫ്യൂഷന്‍ നിലനില്‍ക്കുന്നതായി വിശ്വസ്തകേന്ദ്രങ്ങളില്‍നിന്ന് മുസ്‌ലിം ലീഗ് നേതൃത്വത്തിന് കുറേ മുമ്പുതന്നെ റിപ്പോര്‍ട്ട് ലഭിക്കുകയുണ്ടായി. ആദ്യം അതത്ര കാര്യമായി എടുക്കുകയുണ്ടായില്ല. അണികള്‍കൂടി സംശയം പ്രകടിപ്പിക്കാന്‍ തുടങ്ങിയപ്പോഴാണ് അഞ്ചാംമന്ത്രിയെ സ്വയം പ്രഖ്യാപിച്ച് സത്യപ്രതിജ്ഞ ചെയ്യിച്ച് പരമാവധി ചീത്തപ്പേരുണ്ടാക്കിയത്. കുറച്ചുകാലം അതിന്റെ ബലത്തിലങ്ങ് നെഞ്ചുന്തി നടന്നു. പിന്നെയും അതാ ശത്രുക്കള്‍ പറയുന്നു, ഈ ലീഗ് എന്നുപറയുന്നത് വെറും ചത്ത കുതിരയാണ്, ഇവന്റെ ശൗര്യമൊന്നും പണ്ടേപ്പോലെ ഫലിക്കുന്നില്ല എന്നും മറ്റും. നിലമ്പൂര്‍ പ്രദേശങ്ങളിലാണ് കുപ്രചാരണത്തിന് ഊക്ക് കൂടുതല്‍. അപവാദം പലരും പറഞ്ഞുപരത്തിയപ്പോള്‍ നേതൃത്വത്തിനുതന്നെ സംശയമായി. എന്താണ് പരിഹാരം ? അന്വേഷണം നടത്തി ഒരു ധവളപത്രം പുറപ്പെടുവിക്കുക തന്നെ. പ്രത്യേക സഹചര്യത്തില്‍ ധവളപത്രത്തിന്റെ പേര് ഹരിതപത്രം എന്നാക്കാനും തീരുമാനമായി. ദേശീയനേതൃത്വം കൊടപ്പനക്കല്‍ കോലായയില്‍ യോഗം ചേര്‍ന്നാണ് തീരുമാനമെടുത്തത്.

അന്വേഷണം തെറ്റിദ്ധാരണകളെല്ലാം നീക്കി. നമ്മളുതന്നെ ഭരിക്കുന്നത്. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, കോണ്‍ഗ്രസ്, കേരളാ കോണ്‍ഗ്രസ് പിന്നെ കണ്ടാലറിയുന്ന ചില പാര്‍ട്ടികളും ചേര്‍ന്ന യു.ഡി.എഫ്. ആണ് ഭരിക്കുന്നതെന്ന അപവാദത്തിന്റെ പൊള്ളത്തരവും വെളിവായി. ചില കാര്യങ്ങളില്‍ ശത്രുക്കള്‍ തന്നെയാണ് നല്ല മിത്രങ്ങള്‍. ബി.ജെ.പി., എന്‍.എസ്.എസ്., എസ്.എന്‍.ഡി.പി., സി.പി.എം. എന്നീ പാര്‍ട്ടികള്‍ക്ക് സംശയം ലവലേശമുണ്ടായിരുന്നില്ല. ഭരിക്കുന്നത് ലീഗാണേ ലീഗാണേ എന്ന് അവര്‍ കുറേയായി പറയുന്നുണ്ടായിരുന്നു. പക്ഷേ, ലീഗ് നേതാക്കള്‍ക്ക് സംശയം തീരുന്നുണ്ടായില്ല. ഇപ്പോള്‍ ആ സംശയമൊന്നുമില്ല ഭരിക്കുന്നത് ലീഗാണേ....

പ്രപഞ്ചരഹസ്യങ്ങളുടെ ചുരുളഴിക്കുന്ന ദൈവകണത്തിന്റെ കണ്ടെത്തല്‍ പ്രഖ്യാപിച്ചതിന്റെ ഗൗരവം ലോകം കണ്ടതാണല്ലോ. അതില്‍ ഒട്ടും കുറയരുത് കേരളം ഭരിക്കുന്ന കണം ഏതെന്ന കണ്ടെത്തലിന്റെ പ്രഖ്യാപനവും എന്ന് തീരുമാനമായി. പാണക്കാട്ടോ പുത്തരിക്കണ്ടം മൈതാനത്തിലോ പ്രഖ്യാപനം നടത്തിയാല്‍ ഗൗരവം ചോര്‍ന്നുപോകുമെന്ന് ഭയന്നാണ് ലോകതലസ്ഥാനമെന്നു പോലും കരുതാവുന്ന പട്ടാമ്പി കൊപ്പത്തെ കുലുക്കല്ലൂര്‍ പഞ്ചായത്തില്‍ സംഗതി നടത്തി ലോകത്തെ പിടിച്ചുകുലുക്കിയത്. പാണക്കാട് തങ്ങളോ പി.കെ. കുഞ്ഞാലിക്കുട്ടിയോ പ്രഖ്യാപിച്ചാലും ഈ പ്രശ്‌നമുണ്ട്. ഗൗരവം ചോര്‍ന്നുപോകും. അതാണ് സിംഹഗര്‍ജനം മന്ത്രി ഇബ്രാഹിംകുഞ്ഞുവക വേണം എന്നുതീരുമാനിക്കാന്‍ കാരണം. കുഞ്ഞുവിന്റെ പ്രഖ്യാപനത്തോടെ സംഗതി തെളിഞ്ഞു. ഭരിക്കുന്നത് ലീഗന്നെ, സംശ്യല്ലാ.

ലീഗിന്റെ പ്രഖ്യാപനം മറ്റുഭരണകക്ഷികളില്‍ ആധിയുണ്ടാക്കിയിരിക്കണം. സാരല്ല്യ. എല്ലാറ്റിനും മറുമരുന്നുണ്ട്. ഭരണകക്ഷികള്‍ ഓരോ മെഗാ സിറ്റികള്‍ കണ്ടെത്തി പ്രവര്‍ത്തകസമ്മേളനങ്ങള്‍ വിളിച്ചുചേര്‍ക്കട്ടെ. എന്നിട്ട് കുലുക്കല്ലൂര്‍ പ്രഖ്യാപനത്തിന്റെ മാതൃകയില്‍ സ്വന്തം പ്രഖ്യാപനങ്ങള്‍ നടത്തട്ടെ. ഭാഗ്യവശാല്‍ ഏത് പാര്‍ട്ടിക്കും ഏത് സന്ദര്‍ഭത്തിലും നടത്താന്‍ പറ്റുംവിധം സാര്‍വത്രികവും സര്‍വകാല പ്രസക്തവുമായ പ്രഖ്യാപനമാണല്ലോ മുസ്‌ലിം ലീഗ് നടത്തിയത്. പാര്‍ട്ടിയുടെ പേര് മാത്രം മാറ്റിയാല്‍ മതി. രാജ്യം മുഴുവന്‍ അനുയായികളും എണ്ണിയാല്‍തീരാത്തത്ര വോട്ടും ഉള്ള കെ.ആര്‍. ഗൗരിയമ്മയുടെയും എം.വി. രാഘവന്റെയും പാര്‍ട്ടികളാവും ആദ്യം ഈവിധം പ്രഖ്യാപനങ്ങള്‍ നടത്തുക. ഇതിനുശേഷം അനൂപ് ജേക്കബിന്റെ ഊക്കന്‍ പാര്‍ട്ടിക്ക് നടത്താം ശക്തിപ്രകടനം. മറ്റെന്ത് അല്ലെങ്കിലും മുച്ചൂടും സോഷ്യലിസ്റ്റും ഡമോക്രാറ്റിക്കും ആയ ജനത, മലയോരകേരളം ഭരിക്കുന്ന കേരളാ കോണ്‍ഗ്രസ് എന്നിവയുടെ പ്രഖ്യാപനങ്ങളും ഉടനെ ഉണ്ടാകും.

ഈ പാര്‍ട്ടികളാണ് യു.ഡി.എഫിനെ അധികാരത്തില്‍ കൊണ്ടുവന്നതും അധികാരത്തില്‍ തുടരാന്‍ ശക്തി പകരുന്നതും. അതുവേറെ കാര്യം. ഈ മുന്നണി ജയിപ്പിക്കാനല്ലാതെ നാളെ തോല്‍പ്പിക്കാന്‍ ഇവര്‍ക്കൊന്നും കഴിഞ്ഞെന്നുവരില്ല. അത് ചെയ്യാന്‍ കഴിയുന്ന ഒരേയൊരു പാര്‍ട്ടിയേ ഉള്ളൂ. അത് നമ്മുടെ മുസ്‌ലിംലീഗാണ്. അതവര്‍ക്ക് ഇപ്പോഴൊന്നും തെളിയിക്കാന്‍ കഴിയില്ല. അതിന് അടുത്ത നിയമസഭാതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണിത്തീരണം.

                                                                                          * * *

ഓരോ ഗൂഢാലോചനകളുടെ ഭീകരസ്വഭാവം കാണുമ്പോള്‍ ഉള്ളം വിറച്ചുപോകുന്നു. മാന്യന്മാരെ ജീവിക്കാന്‍ സമ്മതിക്കില്ല എന്നുവെച്ചാല്‍ എന്തുചെയ്യും. നമ്മുടെ പ്രതിപക്ഷനേതാവ് വി.എസ്.അച്യുതാനന്ദനെ അപകീര്‍ത്തിപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെ ദീര്‍ഘകാലമായി ആസൂത്രണം ചെയ്തുപോന്ന ഒരു പദ്ധതിയാണ് ഇപ്പോള്‍ വെളിച്ചത്ത് വന്നിരിക്കുന്നത്. സ്വന്തം കാര്യം വരുമ്പോള്‍ ശുപാര്‍ശക്കാരെ ഇറക്കി വിജിലന്‍സ് അന്വേഷണ ഉദ്യോഗസ്ഥനെ സ്വാധീനിക്കാന്‍ ശ്രമിക്കുന്ന വെറുമൊരു നൂറാം ക്ലാസ് രാഷ്ട്രീയക്കാരനാണ് വി.എസ്. എന്ന് തെളിയിക്കുകയായിരുന്നു ദുഷ്ടശക്തികളുടെ ലക്ഷ്യം.

നടരാജന്‍ എന്ന പോലീസ് ഉദ്യോഗസ്ഥന്‍ കുറേയായി നടക്കുന്നതുതന്നെ അതിനുവേണ്ടിയായിരുന്നു. ഇദ്ദേഹം വിവരക്കേടവകാശ കമ്മീഷന്‍ മേമ്പ്ര് ആകുന്നതിന് മുമ്പുംശേഷവും അച്യുതാനന്ദന്റെ വീട്ടില്‍തന്നെയായിരുന്നു സദാസമയം തീനുംകുടിയുമെന്ന് ദീര്‍ഘകാലം വി.എസ്. ഉപദേശിസംഘത്തലവന്‍ ആയിരുന്ന ഷാജഹാന്‍ മാധ്യമഅന്വേഷകര്‍ മുമ്പാകെ മൊഴി നല്‍കുകയുണ്ടായി. നടരാജനെ കമ്മീഷനംഗം ആക്കിയത് വി.എസ്. മുഖ്യമന്ത്രിയായിരുന്നപ്പോഴാണ്. മുഖ്യമന്ത്രിക്ക് തനിച്ച് അത് ചെയ്യാന്‍ പറ്റില്ല. പ്രതിപക്ഷനേതാവും കൂടി വേണം സഹായത്തിന്. നടരാജന്റെ പേര് നിര്‍ദേശിച്ചത് വി.എസ് ആയിരുന്നു, സമ്മതിച്ചു. ആള്‍മോശക്കാരന്‍ത്തന്നെ, അതുംസമ്മതിച്ചു. പക്ഷേ, അപ്പോള്‍തന്നെ അതിനെ എതിര്‍ത്തുതോല്‍പ്പിക്കേണ്ടതായിരുന്നു അന്നത്തെ പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടി. അദ്ദേഹം മിണ്ടിയില്ല. എങ്ങനെ മിണ്ടും? അച്യുതാനന്ദന്റെ ബന്ധുക്കള്‍ക്ക് ഭൂമി കൊടുത്തു എന്നൊരു ആരോപണം ഉണ്ടാക്കണമെന്നും അത് അന്വേഷിക്കുന്ന ഡിവൈ.എസ്.പി.യെ നടരാജന്‍ വിളിച്ച് സ്വാധീനിക്കാന്‍ ശ്രമിക്കണമെന്നും അത് മൊബൈല്‍ ഫോണില്‍ റെക്കോഡ് ചെയ്യണമെന്നും എല്ലാം മുന്‍കൂട്ടിക്കണ്ടാണ് ദുഷ്ട ഉമ്മന്‍ചാണ്ടി അന്ന് നടരാജന്റെ നിയമനത്തെ കണ്ണടച്ച് സ്വീകരിച്ചത്.

സി.പി.എമ്മോ പാര്‍ട്ടി പ്രവര്‍ത്തകരോ ഒന്നുമല്ല വിജിലന്‍സ് ഉദ്യോഗസ്ഥനെ സ്വാധീനിക്കാന്‍ പുറപ്പെട്ടത് എന്ന് പകല്‍വെളിച്ചംപോലെ വ്യക്തം. പാര്‍ട്ടിക്കാര്‍ക്ക് അതില്‍ പങ്കില്ല. ഉണ്ടായിരുന്നെങ്കില്‍ നടരാജനെയല്ല ഇറക്കുക. അതിന് ജയരാജന്മാരില്ലേ ? മൊബൈല്‍ ഫോണില്‍ വിളിക്കുന്നതുപോലുള്ള വിഡ്ഢിത്തങ്ങള്‍ അവര്‍ ചെയ്യുകയില്ല. കേസ്സുകള്‍ പാര്‍ട്ടിക്കെതിരായി തിരിക്കുന്ന ഉദ്യോഗസ്ഥരെ ശരിയായ പാതയില്‍ കൊണ്ടുവരുന്നതിന് വ്യവസ്ഥാപിതമായ നടപടിക്രമം ഉണ്ട്. ഉദ്യോഗസ്ഥനെ നേരിട്ട് കണ്ട് കാര്യം പറയും. പറയുന്നതിന്റെ കട്ടികൂട്ടാന്‍ അത്യാവശ്യം കൈക്രിയകളും ഉണ്ടായേക്കാം. കേട്ടില്ലെങ്കില്‍ ചെയ്യാനുള്ള നടപടി ക്രമങ്ങളുണ്ട്. ഒന്നുരണ്ടെണ്ണം പുറത്തെടുത്താല്‍ വഴങ്ങാത്ത ഉദ്യോഗസ്ഥര്‍ കേരളത്തില്‍ അധികമില്ല. നടരാജനെക്കൊണ്ട് ശുപാര്‍ശ ചെയ്യിച്ച് കേസ്സില്‍നിന്ന് തടിയൂരുന്നതുപോലുള്ള ഊച്ചാളിത്തരത്തിനൊന്നും വി.എസ്സിനെ കിട്ടില്ല.
                                                                                           * * *
കെ.മുരളീധരന്‍ ദീര്‍ഘകാലത്തെ മൗനവ്രതം, ഉപവാസം, യോഗ, മണ്‍ചികിത്സ, മെഡിറ്റേഷന്‍, ജലചികിത്സ എന്നിവയ്ക്ക് ശേഷം ശക്തി വീണ്ടെടുത്ത് വിജൃംഭിതവീര്യനായി രംഗത്തിറങ്ങിയത് കണ്ടുവല്ലോ. ഐ.എസ്.ആര്‍..ഒ. ചാരക്കേസ് തീര്‍ത്തും ചാരമായി എന്ന് ബോധ്യപ്പെട്ട ശേഷമാണ് മുരളി ആദ്യത്തെ വെടിപൊട്ടിച്ചത്. എസ്‌ക്ലൂസീവ് സ്‌കൂപ്പ് ആയിരുന്നു സ്‌റ്റോറി.

കെ. കരുണാകരന്റെ കഥ കഴിക്കുന്നതിനുവേണ്ടി പ്രധാനമന്ത്രി നരസിംഹറാവു തട്ടിക്കൂട്ടിയതായിരുന്നു ചാരക്കേസ്. ഈ ജന്മത്ത് വിശ്വസിക്കാന്‍ കൊള്ളാത്ത ആളാണ് നരസിംഹം. നരസിംഹത്തെ പ്രധാനമന്ത്രിയാക്കുന്നതില്‍ മുഖ്യപങ്കുവഹിച്ച കരുണാകര്‍ജിയെ ആണ് ചാരക്കേസില്‍ കുടുക്കി ജയിലിലാക്കാന്‍ ശ്രമിച്ചത്. അത് സിംഹമല്ല, കുറുക്കനാണ്. ടിയാന്റെ അഞ്ചുകൊല്ലത്തെ ഭരണത്തിന് ശേഷം രാജ്യം ഈ നിലയില്‍ അവശേഷിച്ചതുതന്നെ ഭാഗ്യം.

എന്തായിരുന്നു കരുണാകരനോടുള്ള നരസിംഹത്തിന്റെ വിരോധം? പ്രധാനമന്ത്രിക്കസേരയില്‍നിന്നു തന്നെ ഇറക്കിവിട്ട് സ്ഥാനം കൈയടക്കാന്‍ സാധ്യതയുള്ളവരുടെ ഒരു പട്ടിക നരസിംഹം തയ്യാറാക്കിയിരുന്നുഅതില്‍ഒന്നാം സ്ഥാനത്ത്കരുണാകര്‍ജിയായിരുന്നു. രഹസ്യാന്വേഷണത്തലവന്മാര്‍, ആസ്ഥാന ജ്യോത്സ്യന്മാര്‍ തുടങ്ങിയവരുമായുള്ള കൂടിയാലോചനകള്‍ക്ക് ശേഷമാണ് ചാരക്കേസ് വാര്‍ത്തകള്‍ തൊടുത്തുവിട്ടത്. വൈകാതെ കരുണാകര്‍ജിക്ക് മുഖ്യമന്ത്രിസ്ഥാനം നഷ്ടപ്പെട്ടുവെന്നത് ചരിത്രം.

ആകപ്പാടെ ഒരു സംശയമേ ഉള്ളൂ. ഇങ്ങേ മൂലയിലെ കൊച്ചുസംസ്ഥാനത്ത് മുഖ്യമന്ത്രിയായിരിക്കുന്ന അപകടകാരിയായ ഒരാളെ രാജിവെപ്പിച്ച്, ആദ്യം വന്ന ഒഴിവില്‍ രാജ്യസഭാംഗമാക്കി, മൂന്നുമാസം തികയും മുമ്പ് കേന്ദ്രമന്ത്രിസഭയില്‍ വ്യവസായം പോലൊരു കിണ്ണന്‍ വകുപ്പ് കൊടുത്ത്, അടുത്ത കസേരയിലിരുത്താന്‍ മാത്രം മണ്ടനായിരുന്നോ ചാണക്യബുദ്ധിക്കാരനെന്ന് പുകളുള്ള സാക്ഷാല്‍ നരസിംഹറാവു? വേലിയില്‍ കിടന്നതിനെ എടുത്ത് തോളിലിട്ടിട്ട് എന്താണ് റാവു നേടിയത് ? രാജ്യസഭയിലെ കാലാവധി തീരുംമുമ്പാണ് കരുണാകരന്‍ തൃശ്ശൂരില്‍ വന്ന് ലോക്‌സഭയിലേക്ക് മത്സരിച്ചുതോറ്റത്. ഇനി അതിന്റെ പിന്നിലും നരസിംഹറാവു ആയിരുന്നോ എന്തോ..... പടച്ചോന്റെ ഓരോരോ ലീലാവിലാസങ്ങള്‍ എന്നല്ലാതെന്തുപറയാന്‍...

ബാറും മറ്റേ ബാറും


ബിയറിന്റെയും കള്ളിന്റെയും ഗുണദോഷങ്ങള്‍ സംബന്ധിച്ച് ഗവേഷണമോ പഠനമോ ഒന്നും ലോകോളേജ് സിലബസ്സില്‍പെടുത്തിയതായി അറിവില്ല. നിയമപുസ്തകത്തിലും കാണില്ല അതുസംബന്ധിച്ച വകുപ്പുകള്‍. പിന്നെയെങ്ങനെയാണ് കള്ളല്ല ബിയറാണ് നല്ലത് എന്ന് ഹൈക്കോടതി ജസ്റ്റിസ് പറയുക? പറഞ്ഞിരിക്കാനിടയില്ല. തീര്‍ച്ചയായും ഏത് ഇന്ത്യന്‍ പൗരനുമുള്ള അഭിപ്രായസ്വാതന്ത്ര്യം ജസ്റ്റിസിനുമുണ്ട്. സ്വാനുഭവം ആര്‍ക്കും ജനങ്ങളുമായി പങ്കുവെക്കാം. മുന്തിയസാധനം ഏത് എന്ന് സ്വാനുഭവത്തിന്റെ അടിസ്ഥാനത്തില്‍ പറയാം. ഇത് നിയമവ്യാഖ്യാനത്തിന്റെ പരിധിയിലൊന്നും വരില്ല. ഈ വിഷയത്തില്‍ ആധികാരികത ഉള്ളവര്‍ കോടതി ബാറിലല്ല മറ്റേ ബാറിലാണ് കൂടുതല്‍ എന്നുമാത്രം.

കള്ളോളം നല്ലൊരു വസ്തു ഭൂലോകത്തില്ലെടി... എന്നാണ് കാവ്യത്തില്‍ പറഞ്ഞിട്ടുള്ളത്. അത് തനത് കേരളീയ ജ്ഞാനവുമാണ്. കള്ളുകുടിയന്‍ എന്നത് പണ്ടേ ഒരു ശകാരപദമാണെന്നത് വേറെ കാര്യം. ഇന്ന് കള്ളോളം മോശമായ വസ്തു ഭൂലോകത്തില്ല എന്ന് ബോധ്യപ്പെട്ടതുകൊണ്ടാണ് ബഹു.കോടതി കള്ളിന് പകരം ബിയറുകുടിച്ചുകൂടേ എന്ന് ചോദിച്ചത്. ജസ്റ്റ്എ കമെന്റ്. ലഹരി കുറഞ്ഞ മദ്യം എന്നതാണോ കള്ളിന്റെ ഏക യോഗ്യത? എങ്കില്‍ ബിയര്‍പോലും സബ്സ്റ്റിറ്റിയൂട്ട് വേണ്ട. റമ്മായാലും നല്ലോണം ഡയല്യൂട്ട് ആക്കിയാല്‍ ലഹരികുറയ്ക്കാം. മദ്യവിഷയത്തില്‍ ജസ്റ്റിസിന്റെ ജ്ഞാനത്തെക്കുറിച്ച് പൊതുജനത്തിന് വലിയ മതിപ്പുണ്ടാകാനിടയില്ല. കള്ളുകുടിക്കുന്നവരാരും ജസ്റ്റിസ് പറയുന്നതുകേട്ട് അതുനിര്‍ത്തി ബിയര്‍ കുടിക്കില്ല. മദ്യവിഷയത്തില്‍ ഗാന്ധി പറഞ്ഞത് കേട്ടിട്ടില്ല; പിന്നല്ലേ ജസ്റ്റിസ്.

കള്ളുകുടിക്കണമോ ബിയര്‍ കുടിക്കണമോ എന്ന് ജനം തീരുമാനിക്കും എന്ന് മന്ത്രി ബാബു പറഞ്ഞു. മദ്യപാനം പൗരാവകാശപ്രശ്‌നം ആക്കിയതില്‍ മദ്യ ഉപഭോക്താക്കള്‍ക്ക് അതിയായ സന്തോഷമുണ്ട്. കള്ളോ ബിയറോ എന്ന് നിശ്ചയിക്കാനേ പൗരസ്വാതന്ത്ര്യമുള്ളൂ, കള്ളോ വ്യാജക്കള്ളോ എന്ന് തീരുമാനിക്കാന്‍ അതില്ല. ഇന്ന് കള്ള് കള്ളുഷാപ്പുകളിലില്ല എന്ന് സ്‌കൂള്‍കുട്ടികള്‍ക്കും അറിയാം. കള്ളുവ്യവസായമില്ല, കള്ളവ്യവസായമേ ഉള്ളൂ. ഒരു തെങ്ങുപോലും ചെത്താതെ കള്ളുഷാപ്പ് നടത്താം. കള്ള് വകുപ്പുമന്ത്രിക്ക് ഇതിലൊന്നും ധാര്‍മികരോഷമില്ല, കള്ള് വ്യവസായം നിര്‍ത്തണമെന്ന് കോടതി പറഞ്ഞതിലേ രോഷമുള്ളൂ.

മദ്യവില്പന വൈകുന്നേരം മതിയെന്ന അഭിപ്രായത്തോട് പൊതുവേ യോജിപ്പാണ് മദ്യപാനികള്‍ക്കു പോലുമുള്ളത്. പണ്ടാരം തുറന്നുവെക്കുന്നതുകൊണ്ടല്ലേ രാവിലെത്തന്നെ പോയി സേവിക്കാനുള്ള പ്രലോഭനത്തിന് വഴങ്ങിപ്പോകുന്നത്. വൈകുന്നേരം മതി. അത്യാവശ്യക്കാര്‍ വീട്ടിലോ ലോഡ്ജ് മുറിയിലോ വാങ്ങി സൂക്ഷിച്ചുകൊള്ളും. ബിവറേജസ് കോര്‍പ്പറേഷന്റെ കട വൈകുന്നേരമേ തുറക്കാവൂ എന്ന് വ്യവസ്ഥചെയ്യരുതെന്ന് മാത്രം. അങ്ങനെ ചെയ്താല്‍ ഇപ്പോള്‍ കാണുന്ന ക്ഷമയും മാന്യതയുമെല്ലാം മദ്യപാനികള്‍ കൈവിട്ടെന്ന് വരും. ബിവറേജസ്സിന് മുന്നില്‍ ക്രമസമാധാനം പാലിക്കാന്‍ പോലീസ് സന്നാഹം വേണ്ടിവരും. ട്രാഫിക് ഐ.ജി., ജയില്‍ ഐ.ജി. എന്നിവയ്ക്ക് പുറമേ ബിവറേജസ് ഐ.ജി. എന്നൊരു പോസ്റ്റും വേണ്ടിവരും. മദ്യക്കച്ചവടം നഷ്ടക്കച്ചവടമായി മാറും. ആകെ പുലിവാലാകും.

വിവാദത്തിലുള്ള ലഹരി തത്കാലം ശമിപ്പിക്കാന്‍ മദ്യവിവാദവും പ്രയോജനപ്പെടുമെന്നല്ലാതെ ജനത്തിന് ഒരു പ്രയോജനവുമില്ല. നിരോധനമോ വര്‍ജനമോ വേണ്ടത്, നിരോധനം കൊണ്ട് വ്യാജന്‍ ഉണ്ടാവുകയല്ലേ ഉള്ളൂ, ദിവസവും രണ്ട് പെഗ്ഗ് കഴിക്കുന്നത് ശരീരത്തിന് നല്ലതല്ലേ, നിരോധനം ലോകത്തെവിടെയെങ്കിലും വിജയിച്ചിട്ടുണ്ടോ, വ്യാജക്കള്ളിനേക്കാള്‍ നല്ലത് ബിയറല്ലേ, കോഴിയാണോ കോഴിമുട്ടയാണോ ഭൂമിയില്‍ ആദ്യം ഉണ്ടായത് തുടങ്ങിയ ചര്‍ച്ചകള്‍ സൂര്യന്‍ കിഴക്കുദിക്കുന്ന കാലത്തോളം തുടരും, മദ്യപന്റെ കുടുംബം കുളം തോണ്ടിക്കൊണ്ടിരിക്കും. സര്‍ക്കാര്‍ ഖജാനകള്‍ നിറഞ്ഞിരിക്കുകയും ചെയ്യും.

* * * *

അതിനിടെയാണ് മുസ്‌ലിംലീഗിന് പെട്ടെന്ന് മദ്യവിരോധം ഉണ്ടായത്. പഴയ പാപങ്ങള്‍ക്ക് പശ്ചാത്താപം ഉണ്ടാകുന്നത് തെറ്റല്ല. 1967ലെ സപ്തകക്ഷി മുന്നണിഭരണമാണ് സംസ്ഥാനത്തെ മദ്യനിരോധനം എടുത്തുകളഞ്ഞത്. ആ മന്ത്രിസഭയില്‍ മുസ്‌ലിംലീഗും ഉണ്ടായിരുന്നു. മന്ത്രിസ്ഥാനത്തേക്കാള്‍ വലുതല്ല മദ്യവിരോധം. ലീഗ് അന്നും ഇന്നും മദ്യത്തിനെതിരാണ്. കുടിക്കേണ്ടവര്‍ക്ക് കുടിക്കാം. ഞങ്ങള്‍ കുടിക്കില്ല. '67ലെ മന്ത്രിസഭാംഗമായിരുന്ന ഗൗരിയമ്മ ഇന്ന് മദ്യവിരുദ്ധസമരം ഉദ്ഘാടനം ചെയ്യുമ്പോള്‍ അന്നത്തെ തീരുമാനം തെറ്റായിപ്പോയി എന്ന് തുറന്നുപറഞ്ഞു. മദ്യവിരുദ്ധ സമരം നടത്തുന്ന ഡി.വൈ.എഫ്.ഐ. അത്രത്തോളം പോയില്ല.

ഹിന്ദുക്കളായ ചെത്തുകാരെ തൊഴില്‍രഹിതരാക്കി സമുദായത്തെ നശിപ്പിക്കലാണ് ലീഗിന്റെ ലക്ഷ്യം എന്നുമാത്രം പറയരുത്. പടച്ചോന്‍ പൊറുക്കില്ല. ഹിന്ദുസമുദായത്തെ കുത്തുപാളയെടുപ്പിക്കണമെങ്കില്‍ ലീഗ് ആവശ്യപ്പെടേണ്ടത് മദ്യം ഒരുനിയന്ത്രണവുമില്ലാതെ രാവും പകലും ലഭ്യമാക്കണമെന്നാണ്. താഴ്ന്ന ജാതിക്കാര്‍ കിട്ടുന്ന കൂലിയെല്ലാം ഷാപ്പില്‍ കൊടുത്ത് പാപ്പരാവുകയാണല്ലോ പടച്ചോനേ എന്ന് പണ്ട് ഉച്ചത്തില്‍ മനസ്സുനൊന്ത ഒരു നായര്‍ കാരണവരോട് മറ്റൊരു കാരണവര്‍ പറഞ്ഞതായി കേട്ടിട്ടുണ്ട്. ''കുടിക്കട്ടെ കുടിക്കട്ടെ അതും കൂടിയില്ലെങ്കില്‍ ഇവന്മാരെ പിടിച്ചാല്‍ കിട്ടില്ല.''
നമ്മളെയും തോല്പിച്ചുകളയും. ഇന്ന് ആ പ്രശ്‌നമില്ല. എല്ലാവരെയും സമത്വബോധത്തോടെ ലെവലാക്കാന്‍ മദ്യത്തിന് കഴിയുന്നുണ്ട്. അതുതുടരട്ടെ !

                                                                                         * * * *

ആര്‍.എസ്.എസ്സും മാര്‍ക്‌സിസ്റ്റും തമ്മില്‍ തുടരുന്ന മുജ്ജന്മവൈരം അവസാനിപ്പിക്കണമെന്ന് ആര്‍.എസ്.എസ്. പ്രസിദ്ധീകരണമായ കേസരിയില്‍ ഒരു ലേഖകന്‍ ആഹ്വാനം ചെയ്തു. ഇരുമുന്നണികളിലും ബേജാറുണ്ട്. ഇനി ഈ പ്രചാരണം കൊണ്ട് വോട്ട് കൂടുമോ കുറയുമോ? ഒന്നും പ്രവചിക്കാനാവില്ല. ഹിന്ദുത്വക്കാര്‍ക്ക് ഒന്നും പേടിക്കാനില്ല. നഷ്ടപ്പെടാന്‍ ഒന്നും കൈയിലില്ലാത്തവര്‍ എന്ത് പേടിക്കാനാണ്.

അനേകം പതിറ്റാണ്ടുകളായി പരസ്?പരം കൊന്നുമടുത്തവരാണ് ആര്‍.എസ്.എസ്സുകാരും സി.പി.എമ്മുകാരും. കൊന്നതുകൊണ്ട് ആരെയും തോല്പിക്കാന്‍ കഴിയില്ല എന്ന് ബോധ്യപ്പെടാന്‍ പത്തുനാല്പതുകൊല്ലം വേണ്ടിവന്നോ എന്നാവും ചോദ്യം. തോല്പിക്കാന്‍ കഴിയില്ലെന്ന് അറിയാഞ്ഞിട്ടല്ല. കൊല്ലുന്നത് ലാഭനഷ്ടം നോക്കിയിട്ടുമല്ല. കൊല ലഹരിയാണ്. തുടങ്ങിയാല്‍ നിര്‍ത്താനാവില്ല. ഇപ്പോഴത്തെ പ്രശ്‌നം വേറെയാണ്. ഭീകര കൊലസംഘം വേറെ ജനിച്ചിരിക്കുന്നു. മതഭ്രാന്തുമുണ്ട്. ആര്‍.എസ്.എസ്സിനും സി.പി.എമ്മിനും ആയുധം അങ്ങോട്ട് തിരിക്കേണ്ടിവന്നിരിക്കുന്നു. പണ്ട് പരസ്?പരം ഏറ്റുമുട്ടാന്‍ തുനിഞ്ഞ രണ്ട് നാടന്‍ ചട്ടമ്പിമാര്‍ ഒരു വട്ടം കഴിഞ്ഞപ്പോള്‍ പരസ്?പരം തോളത്ത് കൈവെച്ച് ചോദിച്ചില്ലേ? ഇനി ഞങ്ങളോട് കളിക്കാന്‍ ആരുണ്ട്? ശ്വാശ്വതശത്രുക്കള്‍ ആര്‍ക്കുമില്ല.

ഒരു ആണവപ്പോരും...


പാര്‍ട്ടിയെ ധിക്കരിക്കാന്‍ വി.എസ്. അച്യുതാനന്ദന് വിഷയക്ഷാമം ഉണ്ടാവാറില്ല. പുല്ലും ആയുധമാക്കാം വല്ലഭന്. തര്‍ക്കവിഷയമായി ഉയര്‍ത്തിപ്പിടിക്കാന്‍ പ്രത്യയശാസ്ത്രപ്രശ്‌നമോ പാര്‍ട്ടിയുടെ നയപരിപാടികളോ വേണമെന്നില്ല. മെറ്റലര്‍ജി, റോബോട്ടിക്‌സ്, ബയോഫിസിക്‌സ്, ക്വാണ്ടം കെമിസ്ട്രി, മോളിക്യുലാര്‍ ബയോളജി, ആണവശാസ്ത്രം തുടങ്ങിയ കടുകട്ടി സംഗതികള്‍ക്കുമേല്‍ പൊതുവേ ആരും പ്രത്യയശാസ്ത്രപ്പോരിന് ടെന്റടിക്കാറില്ല. വി.എസ്സിന് അതേതെങ്കിലും ആയാലും മതി. ആശയപ്പോരിന് വിഷയക്ഷാമമൊട്ടുമില്ലാത്ത ഭൂപ്രദേശമാണ് കേരളം. അമ്പതുകൊല്ലം മുമ്പേ ഉള്ള വിഷയങ്ങള്‍ ഏതാണ്ടെല്ലാം ഇപ്പോഴുമുണ്ട്. ഡസന്‍കണക്കിന് പുത്തന്‍ വിഷയങ്ങള്‍ വേറെയുമുണ്ട്. പക്ഷേ, കൂടംകുളത്തിനുതന്നെ ഇവയേക്കാള്‍ സ്‌ഫോടനശേഷി.

ആണവനിലയവും കമ്യൂണിസവും തമ്മിലുള്ള ഇരിപ്പുവശം എന്താണ്? ഇല്ല, ആണവ ഏര്‍പ്പാടിനോട് കമ്യൂണിസ്റ്റുകാര്‍ക്ക് താത്ത്വിക വിരോധമൊന്നുമില്ല. ആണവബോംബ് പോലും നിഷിദ്ധമല്ല. ആദ്യമായി അമേരിക്ക അത് ജപ്പാനില്‍ കൊണ്ടിട്ടത് സോവിയറ്റ് യൂണിയനോട് അനുമതി ചോദിച്ചിട്ടൊന്നുമായിരുന്നില്ലെങ്കിലും അമേരിക്കയ്ക്ക് കൂട്ടായിരുന്നല്ലോ അന്ന് സ്റ്റാലിന്റെ സോവിയറ്റ് നാട്. ജപ്പാനില്‍ അതുകൊണ്ടിട്ട് ലക്ഷങ്ങളെ കൊന്നൊടുക്കിയതില്‍ സോവിയറ്റ് യൂണിയന്‍ പ്രതിഷേധിച്ചതായി റിപ്പോര്‍ട്ടില്ല. ജര്‍മനി, ഇറ്റലി, ജപ്പാന്‍ ഫാസിസ്റ്റ് കൂട്ടുകെട്ടിന് പറ്റിയ മറുമരുന്നായേ അതിനെ കാണാന്‍ പറ്റിയിരുന്നുള്ളൂ. പിന്നെ സോവിയറ്റ് യാങ്കി അഖണ്ഡശീത സമര ഫുട്‌ബോളില്‍ ഇരുപക്ഷവും ഗോളടിച്ചിരുന്നത് ഓരോ ട്രയല്‍ ബോംബ് പൊട്ടിച്ചുകൊണ്ടായിരുന്നു. ഒടുവില്‍ നോക്കുമ്പോള്‍ ഭൂമിയെ ആയിരം വട്ടം ചുട്ടുതിന്നാനുള്ള ബോംബ് ശേഖരം രണ്ടുകൂട്ടരുടെയും കൈവശമുണ്ടായിരുന്നുവത്രെ. സോവിയറ്റ് തറവാട് ഓഹരി വെച്ചപ്പോള്‍ അനന്തരവന്മാര്‍ കുറേയെല്ലാം ചുമലില്‍ വെച്ച് കൊണ്ടുപോയെന്നും എവിടെയെല്ലാമോ സൂക്ഷിച്ചിട്ടുണ്ടെന്നുമാണ് ഒടുവില്‍ കേട്ടത്. അവയ്‌ക്കെല്ലാം എന്തുസംഭവിച്ചുവെന്ന് പടച്ചതമ്പുരാനെ അറിയൂ. റഷ്യയിലെ വികസനത്തിന്റെ ആണിക്കല്ല് ആണവനിലയമായിരുന്നു. തറവാട് കുളമാകുന്ന അവസാന ഘട്ടത്തിലെപ്പോഴോ ആണ് കൂടംകുളത്തും ഒന്നിരിക്കട്ടെ എന്നുപറഞ്ഞ് ആണവനിലയം പാര്‍സലാക്കിയത്. നമുക്ക് കക്ഷിഭേദമെന്യേ ഇതില്‍ ബഹുസന്തോഷവുമായിരുന്നു.

സുനാമി വന്ന് ഫുക്കുഷിമയിലെ ആണവനിലയം കുത്തിയൊലിച്ച് നാശം വിതച്ചശേഷവും കൂടംകുളത്ത് സുനാമിയടിച്ച സ്ഥലത്ത് ആണവനിലയം പറ്റില്ല എന്ന ബോധോദയം നമുക്കുണ്ടായില്ല. മന്‍മോഹന്‍ സിങ്ങിനുമുണ്ടായില്ല, കരുണാനിധിക്കുമുണ്ടായില്ല, പ്രകാശ് കാരാട്ടിനുപോലുമുണ്ടായില്ല. ഇടതുപക്ഷക്കാര്‍ ആണവക്കരാര്‍ വേണ്ട എന്ന് പറഞ്ഞത് അത് അമേരിക്കയുടെ വകയായതുകൊണ്ടായിരുന്നു. അല്ലാതെ ആണവത്തോട് വിരോധമുണ്ടായിരുന്നതുകൊണ്ടായിരുന്നില്ല. ആണവത്തെ അനുകൂലിക്കലാണ് പുരോഗമനപരം. അമേരിക്കയ്ക്ക് പകരം ചൈനയായിരുന്നുവെങ്കില്‍ വിരോധമുണ്ടാകുമായിരുന്നില്ല. കാര്യമിങ്ങനെയൊക്കെയാണെങ്കിലും സുനാമി വരുന്നതിന് മുമ്പുതന്നെ ഫുക്കുഷിമയിലെ ആണവനിലയത്തിനെതിരെ നിരന്തരം മുന്നറിയിപ്പ് നല്‍കിയിരുന്നത് ജപ്പാനിലെ കമ്യൂണിസ്റ്റ് പാര്‍ട്ടിയായിരുന്നു എന്ന് ഇപ്പോഴെങ്കിലും അവിടത്തുകാര്‍ ഓര്‍ക്കുന്നുണ്ട്.

കൂടംകുളത്ത് ആണവനിലയത്തിന് പതിനയ്യായിരം കോടി മുടക്കിക്കഴിഞ്ഞ നിലയ്ക്ക് ഇനി ആളുകള്‍ ചത്താലും വേണ്ടില്ല അത് തുടങ്ങിയല്ലേ പറ്റൂ എന്ന് തര്‍ക്കിക്കാന്‍ എന്തായാലും അച്യുതാനന്ദന്‍ തയ്യാറല്ല. ആണവനിലയം വേണ്ട എന്ന് പറയാനാകട്ടെ സി.പി.എമ്മിനും ധൈര്യം പോരാ. ജെയ്താപ്പുരിലെ ആണവവിരുദ്ധസമരത്തെ പിന്താങ്ങി പ്രമേയം പാസ്സാക്കിയിട്ടുണ്ട് സി.പി.എം. കേന്ദ്രകമ്മിറ്റി. അവിടെ സ്ഥലമെടുപ്പ് തുടങ്ങിയിട്ടേ ഉള്ളൂ. 15,000 കോടി മുടക്കിക്കഴിഞ്ഞതുകൊണ്ട് കൂടംകുളം സമരത്തിന് പാര്‍ട്ടിയുടെ പിന്തുണയില്ല. വി.എസ്. അങ്ങോട്ട് പോകാനേ പാടില്ല. അപ്പോള്‍ അവിടെ ഒരു ആണവപ്പോരിന് സ്‌കോപ്പുണ്ട്. പിന്നെ കൂടുതലൊന്നും ആലോചിക്കാനില്ല. വി.എസ്. വണ്ടിവിട്ടു. ഒരു ജനത ഒന്നടങ്കമാണ് അവിടെ രാവും പകലും 'അണുഗുണ്ടി'ന് എതിരെ പോരടിക്കുന്നത്. ഒരു പാര്‍ട്ടിക്കാരും അങ്ങോട്ടുതിരിഞ്ഞുനോക്കാറില്ല. വി.എസ്. തലൈവര്‍ വന്നിരുന്നെങ്കില്‍ തമിഴ് മക്കള്‍ക്ക് ഉത്സവമാകുമായിരുന്നു.

പാര്‍ട്ടി അച്ചടക്ക ലംഘനത്തിന് പരസ്യശാസന കിട്ടിയതിനുശേഷം ആറുമാസത്തിനുള്ളില്‍ നൂറ്റൊന്നുതവണ പാര്‍ട്ടിയച്ചടക്കം ലംഘിക്കാനാണ് വി.എസ്. ലക്ഷ്യമിട്ടിരിക്കുന്നത്. ഇനിയെന്ത് എന്ന് ആലോചിക്കുമ്പോഴേയ്ക്ക് ഓരോന്ന് പാര്‍ട്ടിയെടുത്ത് മുമ്പിലിട്ടുകൊടുക്കും. ലംഘിക്കാതിരിക്കാന്‍ പറ്റുമോ ? ആദ്യം നമുക്കത് ആഘോഷമായി ലംഘിക്കാം. ക്ഷമ ചോദിക്കുന്നത് പരസ്യമായി വേണോ രഹസ്യമായി മതിയോ എന്ന് പിന്നീടാലോചിക്കാം.

* * *

ആണവശാസ്ത്രം എന്നുപറയുന്നത് നമുക്കൊന്നും മനസ്സിലാകാത്തതും ശാസ്ത്രജ്ഞന്മാര്‍ക്ക് മാത്രം വിശദീകരിക്കാന്‍ കഴിയുന്നതുമായ എന്തോ ആണെന്ന തെറ്റിദ്ധാരണ നാട്ടിലുണ്ട്. ഈയിടെയായി അത് പൊളിഞ്ഞു. അറിയപ്പെടുന്ന ഒരു ആണവശാസ്ത്രജ്ഞന്‍ ഇപ്പോള്‍ വി.എസ്. അച്യുതാനന്ദനാണ്. വി.എസ്സിനെ ശാസ്ത്രവിഷയത്തില്‍ അങ്ങനെ കയറൂരി വിട്ടുകൂടാ എന്നുറപ്പിച്ച് നൊബേല്‍ സമ്മാനാര്‍ഹനായ ലോകോത്തര ഭൗതികശാസ്ത്ര പണ്ഡിതന്‍ പന്നിയനോസ്‌കി രവീന്ദ്രോസ്‌കി രംഗത്തുവന്നിട്ടുണ്ട്.

കൂടംകുളത്തേക്കാള്‍ ഭയങ്കര ഭീഷണി ന്യൂട്രിനോ എന്നുപറയുന്ന തേനിയിലെ ഏര്‍പ്പാടാണ് എന്നാണ് ഡോക്ടര്‍ പന്നിയനോസ്‌കി പറയുന്നത്. അണുവായുധ കേന്ദ്രമാണത്രെ അവിടെ രൂപപ്പെടുന്നത്. അമേരിക്കയുടെ ആണവശേഖരം സൂക്ഷിക്കാനുള്ള ഗോഡൗണ്‍ ആണ് അവിടെ പണിയുന്നത് എന്നും അദ്ദേഹം കണ്ടെത്തിയിട്ടുണ്ട്. ഏത് സമയത്തും പൊട്ടിത്തെറിക്കാം. ഭൂഗോള സാമ്രാജ്യത്വ ഗൂഢാലോചനയാണ്. അമേരിക്കയിലെങ്ങും സ്ഥലമില്ലാത്തതുകൊണ്ടാണ് തേനിയിലേക്ക് പോന്നത്.
കാള പെറ്റെന്ന് കേട്ടപ്പം കയറെടുത്തതാണ് വി.എസ്. എന്ന് ധരിക്കരുത്. ജെ.എന്‍.യു. പോലുള്ള കിടിലന്‍ സര്‍വകലാശാലകളില്‍ നിന്ന് ഇക്കണോമിക്‌സ്, ഹിസ്റ്ററി തുടങ്ങിയ വിഷയങ്ങളില്‍ ഊക്കന്‍ ഡിഗ്രികളുമായിവന്ന വിശ്രുത ആണവശാസ്ത്രജ്ഞര്‍ ഉപദേശിച്ചതനുസരിച്ചാണ് അദ്ദേഹം ന്യൂട്രിനോവിലേക്ക് എടുത്തുചാടിയത്. അധികം ആലോചിക്കാനൊക്കെ ഇക്കാലത്തെവിടെ സമയം. വി.എസ്. ബ്രെയ്ക്കിങ് ന്യൂസ് ഫഌഷാക്കിയില്ലെങ്കില്‍ പന്നിയനോസ്‌കിയോ പിണറായിച്ചേട്ടനോ പത്രസമ്മേളനം വിളിച്ച് സംഗതി അടിച്ചുവീശും. പിന്നെ ജീവിച്ചിരുന്നിട്ട് കാര്യമില്ല. ചാനലുകാര്‍ക്ക് ചാനലുകാരോട് മത്സരിച്ചാല്‍ മതി. നേതാക്കള്‍ക്ക് മറ്റുനേതാക്കളോടും മത്സരിക്കണം ചാനലുകളോടും മത്സരിക്കണം. നിന്നുപിഴയ്ക്കാനുള്ള പാട് നമുക്കല്ലേ അറിയൂ. സത്യവും അസത്യവുമൊക്കെ സന്ധ്യയ്ക്കുശേഷം ന്യൂസ് അവറില്‍ ചര്‍ച്ച ചെയ്ത് തീരുമാനിക്കാം. ബ്രെയ്ക്കിങ് ന്യൂസ് ആദ്യം പോകട്ടെ.

* * *

വി.എസ്. പുന്നപ്ര വയലാര്‍ സമരത്തില്‍ പങ്കെടുത്തിട്ടൊന്നുമില്ല, വെറുതെ ബഡായി പറഞ്ഞുനടക്കുക മാത്രമാണ് എന്ന് എം.എം.ലോറന്‍സ് പറഞ്ഞത്രെ. ഇത്രയും അരാഷ്ട്രീയമായ, തീര്‍ത്തും വ്യക്തിപരമായ, അപകീര്‍ത്തികരമായ ഒരു ആരോപണം ലോകോത്തര കമ്യൂണിസ്റ്റ് നേതാവിന് എതിരെ ഉന്നയിക്കാന്‍ പാടുണ്ടോ ഒരു സഹപ്രവര്‍ത്തകന്‍? ഒരു സീനിയര്‍മോസ്റ്റിനെ മറ്റൊരു സീനിയര്‍മോസ്റ്റ് ഈ വിധം അവഹേളിക്കാന്‍ പാടുണ്ടോ ?

സീനിയോറിറ്റി ഏറിയതിന്റെ കുഴപ്പമാണ് രണ്ടുപേര്‍ക്കും എന്ന് കരുതുന്നവരുണ്ട്. അത് ജെറണ്ടോളജിസ്റ്റുകള്‍ തീരുമാനിക്കേണ്ട വിഷയമാണ്. എന്തായാലും വി.എസ്. അച്യുതാനന്ദന്‍ തീര്‍ത്തും രാഷ്ട്രീയമായ, വ്യക്തിവൈരാഗ്യം ഒട്ടും ഇല്ലാത്ത, നൂറ്റൊന്നുശതമാനം പ്രത്യയശാസ്ത്രപരമായ മറുപടി നല്‍കി സംഗതി കൊഴുപ്പിച്ചിട്ടുണ്ട്. കൂടംകുളവും കളിയിക്കാവിളയുമൊക്കെ ജനം മറന്നാലും ഇതുമറക്കില്ല.

വി.എസ്സിന്റെ സംസ്‌കാരമാണ് അദ്ദേഹം പുറത്തുകാട്ടിയതെന്ന് ലോറന്‍സ് മറുപടി നല്‍കിയതും പൊതുജനം കേട്ടു. പോളണ്ടിനെക്കുറിച്ച് മാത്രം മിണ്ടിപ്പോകരുതെന്ന് സിനിമയില്‍ പറഞ്ഞത് ലോറന്‍സിനോടും പറയേണ്ട അവസ്ഥയാണ്‌സംസ്‌കാരത്തെ കുറിച്ചുമാത്രം നമ്മളൊന്നും മിണ്ടരുത്. നമുക്ക് വല്ല ശവസംസ്‌കാരത്തെ കുറിച്ചും സംസാരിക്കാം.