Thursday, 21 February 2013

ലോക്‌പാല്‍ കഥ ഇതുവരെ


ലോക്പാല്‍ കഥ വെള്ളിയാഴ്ച അര്‍ധരാത്രിയോടെ തീര്‍ന്നു എന്നാണ് പലരും ധരിച്ചിരിക്കുന്നത്. ഇല്ല. നാല്പത് വര്‍ഷം മുമ്പ് തുടങ്ങിയതാണ്. ഇനിയും അനന്തകാലത്തേക്ക് തുടരാം. ഓരോ തവണയും കഴുതയെ പുഴക്കരയിലേക്ക് ഉന്തിത്തള്ളി കൊണ്ടുപോകും. അത്രയേ ജനത്തിന് കഴിയൂ. കഴുതയെക്കൊണ്ട് വെള്ളം കുടിപ്പിക്കാന്‍ ആര്‍ക്കുമാവില്ല. കഴുത വെള്ളം കുടിച്ചാലേ ഇനി താന്‍ വെള്ളം കുടിക്കൂ എന്ന് വാശിയിലായിരുന്നു അണ്ണ ഹസാരെ. ഒടുവില്‍ അദ്ദേഹത്തിനും കാര്യങ്ങളുടെ കിടപ്പ് മനസ്സിലായി. ലോക്പാല്‍ ബില്‍ ദുര്‍ബലമാണെന്ന് പറഞ്ഞ് ഉപവാസം കിടക്കാന്‍ പുറപ്പെട്ടതായിരുന്നു ഗാന്ധിയന്‍. പിന്നെയാണ് മനസ്സിലായത് ബില്ലിനെക്കാള്‍ ദുര്‍ബലമാണ് തന്റെ ശരീരസ്ഥിതിയെന്ന്. ധീരമായി പിന്‍വാങ്ങി.

ലോക്പാല്‍ പ്രഹസനം കൊണ്ട് നേട്ടമൊന്നുമുണ്ടായില്ല എന്ന് പറഞ്ഞുകൂടാ. ഗിന്നസ് ബുക്കുകാര്‍ ശ്രദ്ധിക്കുന്നുണ്ടോ ആവോ. ഒരു നിയമമുണ്ടാക്കാന്‍ ലോകത്ത് ഒരു രാജ്യവും ഇത്ര നീണ്ടകാലം കടലാസ് ഉന്തിയിട്ടില്ല. ബില്ലിന്റെ ജനനസമയം നോക്കിയപ്പോള്‍ എന്തോ ജാതകദോഷം കണ്ടെത്തിയതായി ചില രാഷ്ട്രീയ ജ്യോത്സ്യന്മാര്‍ എഴുതിക്കണ്ടു. ഓരോ തവണ ബില്ലവതരിപ്പിക്കുമ്പോഴും ലോക്‌സഭതന്നെ ഇല്ലാതായിട്ടുണ്ടെന്നാണ് ചരിത്രകാരന്മാര്‍ കണ്ടുപിടിച്ചത്. ആദ്യമായി ലോക്പാല്‍ രംഗപ്രവേശം ചെയ്ത 1969-ല്‍ രാജ്യസഭ പാസ്സാക്കുന്നതിന് മുമ്പ് ലോക്‌സഭ പിരിച്ചുവിടപ്പെട്ടു. പിന്നീട് പലവട്ടം ദുരന്തം ആവര്‍ത്തിക്കപ്പെട്ടു. ദേശീയ ജ്യോത്സ്യന്മാരെയൊന്നും കണ്‍സള്‍ട്ട് ചെയ്യാതെയാണ് ഇത്തവണയും ബില്‍ അവതരിപ്പിച്ചത്. ചില്ലറഭാഗ്യം ലോക്‌സഭയെ തുണച്ചുവെന്ന് കരുതിയാല്‍ മതി. ലോക്പാല്‍ ബില്ലിന്റെ കഥയേ കഴിഞ്ഞുള്ളൂ. ലോക്‌സഭയുടെ കഥ കഴിഞ്ഞിട്ടില്ല.

ദേശീയനേതാക്കളുടെ ബുദ്ധിമുട്ടും പ്രയാസവുമൊന്നും ജനങ്ങള്‍ക്കറിയില്ല. ലോക്പാല്‍ ബില്‍ പാസ്സാക്കി രാജ്യത്തെ അഴിമതിയില്‍ നിന്ന് മോചിപ്പിച്ചേ അടങ്ങൂ എന്ന് ജനങ്ങളെ ബോധ്യപ്പെടുത്തുകയും വേണം. ബില്‍ തന്റെ ആയുസ്സിനിടെ നിയമമാകില്ല എന്ന് ഉറപ്പ് വരുത്തുകയും വേണം. അസാധാരണമായ അഭിനയശേഷി പ്രകടിപ്പിച്ചാണ് എല്ലാവരും അത് നിര്‍വഹിച്ചുകൊണ്ടിരുന്നത്. അഭിനയം മാത്രം പോരാ; അബദ്ധത്തില്‍ ബില്‍ പാസായിപ്പോകുന്നില്ല എന്ന് ഉറപ്പ് വരുത്തുകയും വേണം. അതിനായി സ്റ്റാന്‍ഡിങ് കമ്മിറ്റി, സെലക്ട് കമ്മിറ്റി, ഫെഡറല്‍ തത്ത്വം, ഭരണഘടന, ന്യൂനപക്ഷ പ്രാതിനിധ്യം, പിന്നാക്ക വിഭാഗസംവരണം തുടങ്ങിയ വാക്കുകള്‍ ഉരുവിട്ട് വോക്കൗട്ട്, ബഹിഷ്‌കരണം, പോയിന്റ് ഓഫ് ഓര്‍ഡര്‍ തുടങ്ങിയ ആയുധങ്ങള്‍ പ്രയോഗിക്കണം. അങ്ങനെ എത്ര കാലമായി വനിതാ സംവരണം എന്ന കോടാലി തടഞ്ഞുവെക്കുന്നു. വനിതാസംവരണ ബില്‍ പാസായാല്‍ കുറേപ്പേര്‍ക്ക് എം. പി.സ്ഥാനമേ നഷ്ടപ്പെടൂ. ജയിലിലൊന്നും പോകേണ്ടി വരില്ല. ലോക്പാല്‍ വന്നാല്‍ സ്ഥാനവും പോകും ജയിലിലും കിടക്കേണ്ടിവരും. ലോക്പാലൊന്നും ഇല്ലാതെതന്നെ അഴിമതിക്കേസില്‍ ജയിലില്‍ കിടന്നിട്ടുള്ള ആളാണ് ലാലുജി. ജയിലില്‍ കിടക്കുമ്പോഴും അദ്ദേഹം കടുത്ത അഴിമതിവിരുദ്ധനായിരുന്നു. അഭിനയത്തിനിടയിലും അറിയാതെ സത്യം പറഞ്ഞുപോകും എന്നൊരു കുഴപ്പമുണ്ട് ലാലുജിക്ക്. അദ്ദേഹം കാര്യം പറഞ്ഞു. ഈ ബില്‍ നിയമമായാല്‍ മിക്ക എം.പി.മാരും ജയിലില്‍ നിന്നിറങ്ങിയ നേരമുണ്ടാകില്ല. പാര്‍ലമെന്റ് സമ്മേളനം തിഹാര്‍ ജയിലില്‍ നടത്തേണ്ടിവരും. സ്വയം അഴിമതി നടത്തണമെന്നുപോലുമില്ല ജയിലിലാകാന്‍. എം.പി. യുടെ മണ്ഡലവികസന പദ്ധതി നടപ്പാക്കുന്ന ഉദ്യോഗസ്ഥന്‍ അഴിമതി കാട്ടിയാലും എം.പി. ജയിലിലാകും എന്നാണ് ലാലു പറഞ്ഞത്. ലാലുവിന് ഒന്നും ഒളിച്ചുവെക്കേണ്ട കാര്യമില്ല. അഴിമതി നടത്തുന്നുണ്ടോ എന്ന് നോക്കിയല്ലല്ലോ ലാലുവിനെ വോട്ടര്‍മാര്‍ പാര്‍ലമെന്റിലേക്ക് അയയ്ക്കാറുള്ളത്. ലാലു പറഞ്ഞത് എല്ലാ പാര്‍ട്ടിക്കാരും പറയാനാഗ്രഹിച്ചതാണ്. ലാലുവിനേ അതിനുള്ള ധൈര്യം ഉണ്ടായുള്ളൂ എന്നുമാത്രം.

ഭാവിവാഗ്ദാനമായ രാഹുല്‍ജിയുടെ സവിശേഷ നേതൃപാടവം വെളിവാക്കുന്നതായിരുന്നു ലോക്‌സഭയിലെ ലോക്പാല്‍ ബില്‍ അനുഭവം. ലോക്പാലിന് ഭരണഘടനാപദവി നല്‍കണം എന്ന നിര്‍ദേശംവെച്ച് കൈയടി നേടിയത് രാഹുല്‍ജിയാണ്. ബില്ലിന്റെ ആ ഭാഗം നടപ്പാക്കാനുള്ള ഭരണഘടനാഭേദഗതി വോട്ടിനിട്ടപ്പോള്‍ സഭയില്‍ കോണ്‍ഗ്രസ് അംഗങ്ങളില്‍ പലരുടെയും തല കാണുന്നില്ല. അതില്‍ പത്ത് പേരെങ്കിലും രാഹുല്‍സംഘത്തില്‍ പെട്ടവരാണ്. അവര്‍ ഗുജറാത്തില്‍ ഒരു വിവാഹത്തില്‍ പങ്കെടുക്കുകയായിരുന്നു. ഭരണഘടനാഭേദഗതിയേക്കാള്‍ പ്രധാനപ്പെട്ട വിവാഹമുണ്ടായാല്‍ അവര്‍ എന്ത് ചെയ്യും ? വിപ്പ് ലംഘിച്ചാണ് അവര്‍ വിവാഹച്ചടങ്ങിന് പോയത്. അതിന്റെ പേരില്‍ അവരോട് പാര്‍ട്ടി വിശദീകരണം ചോദിച്ചിട്ടുണ്ടുപോലും. രാഹുല്‍ജിയുടെ ആജ്ഞ ലംഘിച്ച് കല്യാണത്തിന് പോയ യുവ എം.പി.മാര്‍ക്ക് വിശദീകരണ നോട്ടീസ് അല്ല നല്‍കേണ്ടത്; ധീരതയ്ക്കുള്ള പുരസ്‌കാരമാണ് എന്ന് പാര്‍ലമെന്റിന്റെ ലോബിയില്‍ ചിലര്‍ പറയുന്നുണ്ടായിരുന്നുവത്രെ.

ബില്‍ അവതരിപ്പിക്കുക, പിന്നെ സെലക്ട് കമ്മിറ്റിക്കോ മറ്റേതെങ്കിലും കമ്മിറ്റിക്കോ അയച്ചുവെന്ന് വരുത്തുക, പിന്നെ കുറെ കാത്തിരിക്കുക. അപ്പോഴേക്കും സഭയുടെ കാലാവധി കഴിയും. അല്ലെങ്കില്‍ പിരിച്ചുവിടും. പിന്നെ അഞ്ചോ പത്തോ കൊല്ലം കഴിയുമ്പോള്‍ ചിന്തിച്ചാല്‍ മതി. ഇതാണ് നാല് പതിറ്റാണ്ടായി സ്വീകരിച്ചുപോരുന്ന രീതി. എന്തെങ്കിലും പുതുമയെങ്കിലും ഇത്തവണ ഉണ്ടാകണം എന്ന് മന്‍മോഹന്‍ജിയും പ്രണബ്ജിയുമൊക്കെ നിശ്ചയിച്ചിരുന്നു. ഡല്‍ഹിയിലെ കൊടുംതണുപ്പിലാണ് നമ്മുടെ നേതാക്കള്‍ രാത്രി പന്ത്രണ്ട് മണിവരെ രാജ്യത്തിന്റെ ഭാവിയോര്‍ത്ത് ആശങ്കാകുലരായി ചര്‍ച്ച നടത്തിയതെന്നോര്‍ക്കണം. എന്തൊരു നാടകമായിരുന്നു. 187 ഭേദഗതികളാണ് ബില്ലിന് നിര്‍ദേശിക്കപ്പെട്ടത്. ഒന്നും പാസ്സാകണമെന്ന് ആര്‍ക്കും നിര്‍ബന്ധമില്ല. ഒരു നിര്‍ബന്ധമേ ഉള്ളൂ- ബില്‍ പാസാകരുത്. ഉന്തും തള്ളും പിടിയും വലിയും വരെ ഉണ്ടായി. ഒടുവിലവര്‍ ബില്‍ വലിച്ചുകീറി ബാസ്‌കറ്റിലിട്ട് പുറത്തിറങ്ങി. ഗുഡ്‌നൈറ്റ്, ഹാപ്പി ന്യൂ ഇയര്‍...

എന്തായാലും ലോക്പാലിനെ കൊന്നു. കൊന്നത് സര്‍വകക്ഷി കൂട്ടായ്മയിലാണ്. രക്ഷിക്കുന്നതായി അഭിനയിച്ചുകൊണ്ടാണ് എല്ലാവരും കഴുത്ത് ഞെരിച്ചത്. അതുകൊണ്ടുതന്നെ സാക്ഷികളില്ല, കൊലക്കേസില്‍ പ്രതികളുമില്ല. പ്രതിപക്ഷമാണ് കൊന്നത് എന്ന് ഭരണപക്ഷക്കാര്‍ക്കും മറിച്ചും പ്രചരിപ്പിക്കാം. നിയമസഭാതിരഞ്ഞെടുപ്പുകള്‍ വരുന്നുണ്ട്. വിഷയദാരിദ്ര്യം ഉണ്ടാവില്ല.

No comments:

Post a comment