Tuesday, 19 February 2013

ലീഡറും പവാറും ആന്റണിയും


വ്യക്തിജീവിതത്തിലും സ്ഥിരമായ മിത്രങ്ങളോ ശത്രുക്കളോ ഇല്ല എന്ന തത്ത്വം ഇപ്പോള്‍ ഏതാണ്ട്‌ അംഗീകരിക്കപ്പെട്ടുകഴിഞ്ഞു.പിന്നെയെന്തിന്‌ രാഷ്ട്രീയത്തെ കുറിച്ച്‌ വ്യാകുലപ്പെടണം എന്ന്‌ ചോദിച്ചുപോകാറുണ്ട്‌. തല്‍കാലത്തേക്ക്‌ ഗുണമോ ലാഭമോ കിട്ടുമെങ്കില്‍ മനസ്സിലുള്ള വിരോധമെല്ലാം മാറ്റിവെച്ച്‌ വെളുക്കെ ചിരിക്കാന്‍ നാം സന്നദ്ധരാണ്‌. അപ്പോള്‍ പിന്നെ വേറെ നിവൃത്തിയൊന്നും ഇല്ലെന്നു വന്നപ്പോള്‍ നമ്മുടെ ലീഡര്‍ വന്ദ്യവയോധികനേതാവ്‌ കെ.കരുണാകരന്‍ തന്നെക്കാള്‍ ജുനിയര്‍ ശരദ്പവാറിന്റെ അനുയായി ആകാന്‍ തയ്യാറായതില്‍ എന്തിന്‌ നാം വ്യാകുലപ്പെടണം ?
സാദ്ധ്യതകളുടെ കലയാണ്‌ രാഷ്ട്രീയം എന്നും അറിവുള്ളവര്‍ പറഞ്ഞുവെച്ചിട്ടുണ്ട്്‌. എന്താണ്‌ രാഷ്ട്രീയത്തില്‍ സാദ്ധ്യമല്ലാത്തത്‌ ?കേരളമുണ്ടായി അമ്പത്‌ വര്‍ഷം പിന്നിട്ട ഈ നാളുകളില്‍ പിറകോട്ട്‌ തിരിഞ്ഞൊന്നു നോക്കിയാലറിയാം രാഷ്ട്രീയത്തില്‍ സാദ്ധ്യമല്ലാത്തതായി യാതൊന്നും ഇല്ലെന്ന്‌. അതിനും മുമ്പത്തെ തിരു കൊച്ചി രാഷ്ട്രീയവും ഇതിനേറെ തെളിവുകള്‍ നല്‍കിയിട്ടുള്ളതാണ്‌. തിരു കൊച്ചി രാഷ്ട്രീയം മുതലുള്ള കരുനീക്കങ്ങളുടെയെല്ലാം ഉള്ളുകള്ളികള്‍ അറിയുന്ന ലീഡര്‍ക്ക്‌ അതുകൊണ്ട്‌ തന്നെ സാദ്ധ്യതകളുടെ അങ്ങേയറ്റങ്ങളെല്ലാമറിയാം. ഒന്നു സാദ്ധ്യമല്ല എന്നു വരുമ്പോള്‍ മറ്റൊന്നിലേക്ക്‌ നീങ്ങാന്‍ ലീഡര്‍ക്ക്‌ ആരുടേയും ഉപദേശമൊന്നും വേണ്ട.
അവിശ്വസനീയമായ ഒരു കരുനീക്കത്തില്‍ ചുവടുപിഴച്ചുപോയതുകൊണ്ടുമാത്രമാണ്‌ ലീഡര്‍ക്ക്‌ ഇന്ന്‌ മാറ്റുകുറഞ്ഞ മറ്റൊരു സ്വര്‍ണത്തൊപ്പി തലയില്‍ വെക്കേണ്ടിവന്നത്‌ എന്ന്‌ കാണാതിരുന്നു കൂടാ. അങ്ങനെ നോക്കുമ്പോള്‍ പുതിയ നീക്കത്തില്‍ അത്രകണ്ടു പുതുമയോ നാടകീയതയോ ഇല്ല എന്നും പറയാനാവും. സി.പി.എമ്മിനൊപ്പം ചേര്‍ന്ന്‌ കേരളത്തില്‍ പുതിയ രാഷ്ട്രീയാധ്യായം എഴുതിച്ചേര്‍ക്കാന്‍ നടത്തിയ ശ്രമത്തിലുണ്ടായ അപ്രതീക്ഷിതമായ പരാജയം ലീഡറെ ഞെട്ടിച്ചിരുന്നു. സി.പി.എമ്മും തന്നെപ്പോലെ രാഷ്ടീയസാദ്ധ്യതകളുടെ അനന്തതയെ കുറിച്ചു മാത്രം ചിന്തിച്ചുനീങ്ങുന്ന ഒരു പ്രസ്ഥാനമാണെന്ന ധാരണയാവാം ലീഡറെ അപ്രതീക്ഷിതമായി ചതിക്കുഴിയില്‍ കൊണ്ടുചെന്ന്‌ ചാടിച്ചത്‌.
കമ്യൂണിസ്റ്റ്‌ വിരുദ്ധത കൊണ്ടുമാത്രം കേരളരാഷ്ട്രീയത്തില്‍ നിലനില്‍ക്കുകയും വളരുകയും ചെയ്ത നേതാവ്‌ കമ്യുണിസ്്റ്റ്‌ കൂടാരത്തില്‍ അഭയം തേടിയത ്‌ കേരളീയരെ ചെറുതായൊന്നുമല്ല ഞെട്ടിച്ചത്‌. കെ.കരുണാകരന്റെ പൊളിറ്റിക്കല്‍ കോണ്‍സ്റ്റിറ്റിയൂന്‍സി തന്നെ കമ്യുണിസ്റ്റ്‌ വിരുദ്ധതയായിരുന്നു. കമ്യുണിസ്റ്റുകാരോട്‌ യുദ്ധം ചെയ്താണ്‌ കണ്ണോത്ത്‌ കരുണാകരന്‍ കരിങ്കാലി കരുണാകരനും കെ.കരുണാകരനും ലീഡറുമെല്ലാം ആകുന്നത്‌.കമ്യുണിസ്റ്റുകാരുടെ കുത്തക തകര്‍ക്കാനാണ്‌ തൃശ്ശൂരില്‍ തൊഴിലാളി പ്രവര്‍ത്തനത്തിന്‌ കരുണാകരനെ പനമ്പിള്ളി ഗോവിന്ദമേനോന്‍ കൊണ്ടുവന്നിറക്കുന്നത്‌. അന്നു മുതല്‍ ഇന്നലെ വരെ കരുണാകരന്‍ വാക്ക്‌ കൊണ്ടും നോക്കു കൊണ്ടും പോരാതെ വന്നപ്പോള്‍ തോക്കുകൊണ്ടുതന്നെയും നേരിട്ടത്‌ കമ്യുണിസ്റ്റുകാരെയാണ്‌. മാളക്കാര്‍ക്ക്‌ മാത്രമല്ല, കൂത്തുപറമ്പില്‍ വെടിയേറ്റുവീണ രക്തസാക്ഷികളുടെ കുടുംബങ്ങള്‍ക്കും അതറിയായിരുന്നു.
വിമോചനസമരത്തിന്റെ നേതാവായും ഏറ്റവും വലിയ കമ്യുണിസ്റ്റ്‌ വിരുദ്ധനായും ചിത്രീകരിക്കപ്പെടാറുള്ളത്‌ കരുണാകരനല്ല, എ. കെ. ആന്റണിയാണെന്നത്‌ ഒരു തമാശ തന്നെയാണ്‌. കോണ്‍ഗ്രസ്സുകാര്‍ക്കിടയില്‍ കൂടുതല്‍ അംഗീകാരം കിട്ടാന്‍ അതു സഹായിച്ചേക്കുമെന്ന ധാരണയില്‍ ആന്റണി അതൊട്ടു നിഷേധിക്കാറുമില്ല. യഥാര്‍ഥത്തില്‍ അമ്പത്തൊമ്പതില്‍ വിമോചനസമരം നയിക്കുമ്പോള്‍ കേരളത്തിലാരും എ. കെ. ആന്റണിയുടെ പേരു കേട്ടിട്ടുപോലും ഉണ്ടായിരുന്നുമില്ല. അതെല്ലാം കഴിഞ്ഞു അറുപത്തൊന്നില്‍ കെ.എസ്‌.യു പ്രവര്‍ത്തനത്തിന്‌ ഫണ്ടുണ്ടാക്കാന്‍ ലോട്ടറി നടത്തിയപ്പോള്‍ കൂട്ടിക്കൊണ്ടുവന്നതാണ്‌ ആന്റണിയെ എന്നു അന്ന്‌ കോണ്‍ഗ്രസ്‌ യുവനേതാവായിരുന്ന എം.എ .ജോണ്‍ പറയുന്നുണ്ട്‌. പരിവര്‍ത്തനകാലഘട്ടത്തെ നയിച്ച ' ശേഷം ,കരുണാകരനും കെ.മുരളീധരനും കീഴില്‍ ഡി.ഐ.സി വൈസ്‌ പ്രസിഡന്റായിരുന്ന ജോണ്‍ ഡി.ഐ.സി ലേഫ്റ്റ്‌ നേതാവായി ഇപ്പോഴും രംഗത്തുണ്ടല്ലോ. കണക്കെഴുത്തില്‍ മികവ്‌ തെളിയിച്ചതു കൊണ്ടാണ്‌ ആന്റണിക്ക്‌ ആദ്യത്തെ ഔദ്യോഗിക പദവിയായി കെ.എസ്‌.യു ട്രഷറര്‍ സ്ഥാനം നല്‍കപ്പെട്ടത്‌ എന്നും ജോണ്‍ എഴുതിയിട്ടുണ്ട്‌. അപ്പോള്‍ പിന്നെ ഒരണാസമരത്തിന്റെ നേതാവ്‌ ആന്റണിയല്ലെന്നുണ്ടോ ? അറിയില്ല. ഒന്നറിയാം, അക്കാലത്ത്‌ തന്നെ കരുണാകരന്‍ അറിയപ്പെടുന്ന നേതാവായിരുന്നു തൃശ്ശൂരില്‍. ആന്റണി ഒന്നാം ക്ലാസ്സില്‍ സ്ലേറ്റുമായി പോകുമ്പോള്‍ കരുണാകരന്‍ തൃശ്ശൂരില്‍ മുനിസ്സിപ്പാല്‍ കൗണ്‍സിലറായിരുന്നു. ആന്റണിയുടെ ഭാഗ്യമെന്നോ നിര്‍ഭാഗ്യമെന്നോ അറിയില്ല, വലിയ കമ്യുണിസ്്റ്റ്‌ വിരുദ്ധന്റെ സര്‍ട്ടിഫിക്കറ്റ്‌ ആന്റണിക്കാണ്‌ ലഭിച്ചത്‌. ആന്റണിക്കാവട്ടെ വലിയ കമ്യൂണിസ്റ്റ്‌ വിരോധം അന്നും ഇന്നും ഉള്ളതായി തോന്നുന്നില്ല. കമ്യൂണിസ്റ്റുകാരുടെ അടിയും കുത്തും ഏറ്റ്‌ കേരളത്തിലെവിടെയെങ്കിലും ഒരു പ്രവര്‍ത്തകന്‍ ആസ്പത്രിയിലാകാത്ത ഒരു ദിവസം പോലും കടന്നുപോകാറില്ലെങ്കിലും സി. പി . എമ്മുമായി കൂട്ടുകെട്ടുണ്ടാക്കുകയും അധികാരത്തിലേറുകയും ചെയ്തിട്ടുണ്ട്‌ ആന്റണിയും ആരാധകവൃന്ദങ്ങളും. മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിയുമായി സൗഹാര്‍ദ്ദം വെടിഞ്ഞ്‌ ആന്റണി കരുണാകരന്റെ സാമീപ്യത്തിലേക്ക്‌ മടങ്ങിയത്‌ അന്നത്തെ മാര്‍ക്സിസ്റ്റ്‌ മന്ത്രിസഭ തകര്‍ത്തെറിഞ്ഞുകൊണ്ടായിരുന്നു. കാലുമാറുന്നത്‌ സി.പി.എം സഹിക്കുമായിരുന്നു, പക്ഷെ ഒപ്പം കാലുവാരുകയും ചെയ്തു. എങ്ങനെ സഹിക്കും? സി.പി. എം കണ്ണില്‍ ആന്റണി വലിയ കമ്യുണിസ്റ്റ്‌ വിരുദ്ധനായതിന്റെ കാരണം തിരയാന്‍ മേറ്റ്ങ്ങും പോകേണ്ട.
ആന്റണിയോടുള്ള പിണക്കമാണ്‌ കരുണാകരനെ ഒടുവില്‍ ശരദ്പവാറിന്റെ സമക്ഷത്തിലെത്തിച്ചിരിക്കുന്നത്‌. ആന്റണി ഒരിക്കലും കരുണാകരനെ തന്റെ അനുയായിയായോ തന്നെക്കാള്‍ ചെറിയ നേതാവായോ പരിഗണിച്ചിട്ടില്ല.ഒളിയുദ്ധമെല്ലാം ചെയ്യുമ്പോഴും അദ്ദേഹത്തെ അനാദരിക്കുന്ന ഒരു വാക്ക്‌ പോലും പൊതുവേദിയില്‍ പറഞ്ഞിട്ടില്ല. എന്നു മാത്രമല്ല, കരുണാകരന്‌ നിര്‍ണായകസഹായം വേണ്ടി വന്നപ്പോഴൊക്കെ ആന്റണി അതു നല്‍കിപ്പോന്നിട്ടുമുണ്ട്‌. കെ.മുരളീധരനെ ലോക്സഭയിലേക്ക്‌ കോഴിക്കോട്‌ നിന്ന്‌ മത്സരിക്കാന്‍ പ്രവര്‍ത്തകസമിതിയില്‍ പേര്‌ നിര്‍ദ്ദേശിക്കുന്നത്‌ മുതല്‍ തുടങ്ങുന്നു ആ വിധേയത്വം. ഒടുവില്‍ ഒരു പാര്‍ട്ടി കമ്മിറ്റിയുടെ പോലും അംഗീകാരമില്ലാതെ മകള്‍ പത്മജയെ കെ.ടി.ഡി.സി അദ്ധ്യക്ഷയാക്കാനും മുരളീധരനെ മന്ത്രിയാക്കാനും എല്ലാം സന്നദ്ധനായി ആന്റണി. എന്ത്‌ ചെയ്തിട്ടെന്താണ്‌ പ്രയോജനം ? മുഖ്യമന്ത്രിസ്ഥാനത്ത്‌ നിന്ന്‌ തന്നെ താഴെയിറക്കിയതിന്റെ പ്രതികാരത്തില്‍ നിന്ന്‌ കരുണാകരനെ മോചിപ്പിക്കാന്‍ ഒതൊന്നും ഒട്ടും പോരായിരുന്നു. ഇന്നും അവസാനിച്ചിട്ടില്ല അതിന്റെ വൈരം.കരുണാകരന്‍ അനുഭവിച്ചുതീര്‍ക്കുന്നത്‌ ആ കഠിനാനുഭവത്തോട്‌ പൊരുത്തപ്പെടാന്‍ കഴിയാതെ പോയതിന്റെ ദുരന്തങ്ങളാണ്‌.
ഇന്ദിരാഗാന്ധിയേയും പാര്‍ട്ടിയേയും വഞ്ചിച്ച്‌ മറുപക്ഷത്ത്‌ പോയി എന്നതാണ്‌ എന്നതാണ്‌ കെ. കരുണാകരന്‍ ആന്റണിക്കെതിരെ പറയാറുള്ള പ്രധാന പരാതി. പാര്‍ട്ടിക്ക്‌ കഷ്ടകാലം വന്നപ്പോള്‍ പാര്‍ട്ടിയെ കൈവിട്ടവന്‍, വിശ്വസിക്കാന്‍ കൊള്ളാത്തവന്‍, ഇന്ദിരാജിയെ വഞ്ചിച്ചവന്‍....അത്തരമൊരു ആളില്‍ നിന്ന്‌ ഓടിയകന്ന ലീഡര്‍ എത്തിച്ചേര്‍ന്നിരിക്കുന്നത്‌ അതിനേക്കാള്‍ വലിയ ' വഞ്ചകന്റെ 'പാര്‍ട്ടിയിലാണ്‌. ഇന്ദിരാഗാന്ധിയുടെ കാലത്തും രാജീവ്ജിയുടെ കാലത്തും സോണിയാ ഗാന്ധിയുടെ കാലത്തും ഒരു പോലെ പാര്‍ട്ടിയെ വഞ്ചിച്ചിട്ടുണ്ട്‌ ശരദ്പവാര്‍. സോണിയാഗാന്ധി പ്രധാനമന്ത്രിയാകുന്നതിനോട്‌ വിയോജിപ്പ്‌ പ്രകടിപ്പിച്ച്‌ പാര്‍ട്ടിവിട്ടു പോയ പവാര്‍ ഇന്ന്‌ സോണിയാഗാന്ധി സുപര്‍ ്ര‍പ്രധാനമന്ത്രിയായ മന്ത്രിസഭയില്‍ കൃഷിമന്തിയാണ്‌. ആരെ തോല്‍പ്പിക്കാനാണ്‌ ലീഡര്‍ പവാറിന്റെ തോളില്‍ കൈയിട്ടുവോ , ആ ആന്റണിയിപ്പോള്‍ പവാറിനും മുകളില്‍ മന്ത്രിസഭയില്‍ രണ്ടാമനോ മൂന്നാമനോ ഒക്കെയായി സ്ഥാനം വഹിക്കുന്നു.രാഷ്ട്രീയത്തിന്റെ ഓരോ മായാജാലങ്ങള്‍ ! ജ്ഞാനപ്പാന വായിച്ചിട്ടുള്ള ലീഡറെ ഇതൊന്നും ഒട്ടും അത്ഭുതപ്പെടുത്തുകയില്ലെന്ന്‌ കരുതാം.
ആന്റണിയുടെ സ്ഥാനത്ത്‌ കേരളത്തില്‍ ശരദ്പവാറാണ്‌ കരുണാകരന്റെ എതിര്‍ഗ്രൂപ്പ്‌ നേതാവെങ്കില്‍ എന്താകുമായിരുന്നു കരുണാകരന്റെ അവസ്ഥ ? കരുണാകരന്‌ ഇന്നുണ്ടായ വീഴ്ച ഒരു പതിറ്റാണ്ട്‌ മുമ്പെങ്കിലും സംഭവിച്ചിട്ടുണ്ടാകുമായിരുന്നു. കടന്നപ്പള്ളി രാമചന്ദ്രനോ എ.സി. ഷണ്മുഖദാസിനോ തുല്യനായ നേതാവായി കരുണാകരന്‍ കേരളരാഷ്ട്രീയത്തിന്റെ ഏതെങ്കിലും ഓരങ്ങളിലേക്ക്‌ തള്ളിമാറ്റപ്പെടുമായിരുന്നു. ആന്റണിയും ശരദ്‌ പവാറും തമ്മില്‍ അത്രമാത്രം അന്തരമുണ്ട്‌.
എന്‍.സി.പി നേതാവായി കരുണാകരന്‌ എന്തുനിലനില്‍പ്പാണുള്ളത്‌ ? പവാറിന്റെ ഔദാര്യത്തില്‍ യു.പി.എ യോഗങ്ങളില്‍ ചെന്നിരുന്ന്‌ മേനി നടിക്കാന്‍ കഴിഞ്ഞേക്കാം. ഈഗോവിന്‌ അത്‌ വലിയ ഉത്തേജകമാവും എന്നു സമ്മതിക്കാം. എന്നാല്‍ കേരളരാഷ്ട്രീയത്തില്‍ എന്‍.സി.പി എന്ന മേല്‍വിലാസം കരുണാകരനെ വലുതായൊന്നും സഹായിക്കാനിടയില്ല. പിണറായി വിജയന്റെ ധാര്‍മികനിലവാരത്തിലേക്ക്‌ സി.പി. എം ഒന്നടങ്കം എത്തിച്ചേരാന്‍ ഇനിയും കാലമെടുത്തേക്കും. അതുസാധിച്ചുകഴിഞ്ഞാല്‍ മുരളീധരനും പിണറായിക്കും കുഞ്ഞാലിക്കുട്ടിക്കും സസന്തോഷം ദീര്‍ഘകാലം കഴിഞ്ഞുകൂടാനാകും. പക്ഷെ ലീഡറുടെ കൈയില്‍ അത്രയും സമയം ഇനി ബാക്കിയുണ്ടോ എന്നതിനെ കുറിച്ച്‌ സംശയമുണ്ട്‌.

No comments:

Post a comment