Thursday, 21 February 2013

മന്ത്രിക്ക് ചിയേഴ്‌സ്...


ഭക്ഷ്യവകുപ്പ് മന്ത്രിക്ക് വിലയും നിലയും ഉണ്ടാകണമെങ്കില്‍ നാട്ടില്‍ കടുത്ത ഭക്ഷ്യവിലക്കയറ്റമെങ്കിലും ഉണ്ടാകണം. ക്ഷാമമുണ്ടായാല്‍ അസലാകും. ഭക്ഷ്യമന്ത്രിയെ തിരഞ്ഞ് ആളുകള്‍ പരക്കംപായും, റോഡിലിറങ്ങാന്‍ പട്ടാളസംരക്ഷണംതന്നെ വേണ്ടിവന്നേക്കും. അത്രയൊന്നുമില്ലെങ്കിലും സി. ദിവാകരന് ഇപ്പോള്‍ നല്ല വെയ്റ്റാ..... ഇവിടെ ക്ഷാമമൊന്നുമില്ല, ചില്ലറ വിലക്കയറ്റമേ ഉള്ളൂ. എങ്കിലെന്ത്? മന്ത്രിയുടെ മഹദ്വചനങ്ങള്‍ക്ക് കാതോര്‍ത്ത് മാധ്യമഭീകരസംഘം സദാ പിറകെ നടക്കുന്നു. സദാ ഉതിരുന്ന മൊഴിമുത്തുകള്‍ പെറുക്കുന്നു. മരതകത്തിന്റെയും മാണിക്യത്തിന്റെയും വിലയുള്ളതാണ് ഓരോന്നും. ഭക്ഷ്യക്ഷാമം കൊടികുത്തിവാണ അറുപതുകളിലുണ്ടായിരുന്ന മന്ത്രിമാര്‍ക്കുപോലും ഇത്ര ന്യൂസ്‌വാല്യു കിട്ടിയിരുന്നില്ല. ആളുവില പൊന്നുവിലയാണ്, സംശയമില്ല.

ആളുകള്‍ക്ക് മുട്ടയും പാലും കഴിച്ചാല്‍പ്പോരെ, എന്തിന് അരി വാങ്ങാന്‍ ക്യൂനിന്ന് ബുദ്ധിമുട്ടുന്നു എന്നോ മറ്റോ പ്രസംഗിച്ചതായുള്ള അപഖ്യാതി സ്ഥാനമേറ്റ കാലത്തുതന്നെ ദിവാകരമന്ത്രിക്കെതിരെ മാധ്യമക്കാര്‍ പടച്ചുവിട്ടിരുന്നു. പ്രസംഗമെന്നത് അഭിനയം പോലൊരു കലയാണ്. കരുണം, രൗദ്രം, ക്രോധം തുടങ്ങിയ നാനാഭാവങ്ങള്‍ പ്രസംഗത്തിലുമുണ്ടാകും. നര്‍മം അതിലൊന്നാണ്. അരസികരായ മാധ്യമപ്രവര്‍ത്തകര്‍ക്ക് മനസ്സിലാവില്ല. നര്‍മം മന്ത്രിയുടെ കൂടപ്പിറപ്പാണ്. വിലക്കയറ്റമല്ല, കൊടുംപട്ടിണി തന്നെ വന്നാലും മന്ത്രി നര്‍മം കൈവിടില്ല. പ്രസംഗത്തിലെ നര്‍മഭാവനകള്‍ വലിയ സിദ്ധാന്തമാണെന്ന മട്ടില്‍ റിപ്പോര്‍ട്ട് ചെയ്താല്‍ മന്ത്രിയെന്ത് ചെയ്യും. മുട്ട-പാല്‍ പ്രഭാഷണഭാഗം അത്തരത്തിലൊന്നായിരുന്നു. മൂന്നുവാചകത്തിന് ഒരു നര്‍മം എന്നതാണ് റെയ്റ്റ്. വേണമെങ്കില്‍ ഇനിയും കൂട്ടാം. ഇക്കാലംവരെ ആരും ചെയ്തിട്ടില്ലാത്തത് ചെയ്യുകയും പറയുകയും ചെയ്യുന്നവരാണ് വിപ്ലവകാരികള്‍ എന്ന് ലെനിന്‍ പറയുകയോ പറയാന്‍ ആഗ്രഹിക്കുകയോ ചെയ്തിട്ടുണ്ട്. ദിവാകരമന്ത്രി ആ നിലയ്ക്ക് വിപ്ലവകാരി തന്നെയാണ്. അല്ലെങ്കില്‍പ്പിന്നെ, റോഡ് തടയല്‍ സമരം ഉദ്ഘാടനം ചെയ്ത്, റോഡ് തടഞ്ഞത് അസലായി എന്നേതെങ്കിലും മന്ത്രി ഇതിനുമുമ്പ് പ്രസംഗിച്ചിട്ടുണ്ടോ? പി. കൃഷ്ണപ്പിള്ള മന്ത്രിയായാലും അങ്ങനെ പറയില്ല; ദിവാകരമന്ത്രി പറയും. അതാണ് വ്യത്യാസം.

ഒടുവില്‍ കേട്ട മഹദ്വചനം കേരളവും മദ്യവുമുള്ള കാലത്തോളം മറക്കാനാവാത്തതാണ്. കേരളം ഇല്ലാതായാലും മറ്റേത് ഇല്ലാതാവില്ലല്ലോ. അരിയുടെയും പാലിന്റെയും പഞ്ചസാരയുടെയുമെല്ലാം വിലക്കയറ്റത്തെക്കുറിച്ച് സദാ ബഹളം വെക്കുന്ന ഒറ്റയൊരുത്തന്‍ മദ്യത്തിന്റെ വില കുത്തനെ ഉയരുന്നതിനെക്കുറിച്ച് ഒരക്ഷരം മിണ്ടാത്തതെന്ത് എന്നാണ് മന്ത്രി ചോദിച്ചത്. ചോദ്യത്തില്‍ ഗദ്ഗദം ഉണ്ടായിരുന്നോ എന്ന് പത്രറിപ്പോര്‍ട്ടിലില്ല. വായിക്കുന്നവര്‍ക്കെങ്കിലും ഗദ്ഗദം ഉണ്ടാകേണ്ടതാണ്. ലക്ഷം ലക്ഷം മാനുഷരുടെ നാവിന്‍തുമ്പത്ത് ഇരമ്പിവരുന്ന ഒരു ചോദ്യമാണ് ദിവാകരമന്ത്രി സധൈര്യം ചോദിച്ചത്. അസംഘടിത മദ്യപജനതയുടെ ആവേശവും ചൂഷിതരുടെ ആശ്രയവും ശബ്ദമില്ലാത്തവന്റെ ശബ്ദവും തന്നെ നമ്മുടെ ദിവാകരമന്ത്രി.

നാലുവര്‍ഷം മുമ്പ്-സി.ദിവാകരന്‍ മന്ത്രിയാകുന്നതിന് മുമ്പാവും-അറുപത് രൂപയുണ്ടായിരുന്ന പൈന്റ് മദ്യത്തിന് ഇപ്പോള്‍ 280 രൂപയുണ്ടെന്നാണ് മന്ത്രി പറഞ്ഞത്. എല്ലാ അവശ്യവസ്തുക്കളുടെയും വില അറിഞ്ഞിരിക്കുക എന്ന ഉത്തരവാദിത്വം ഇതിന് മുമ്പൊരുമന്ത്രിയും ഇത്ര കണിശമായി നിര്‍വഹിച്ചിരിക്കില്ല. എല്ലാവരും ഉപ്പിന്റെയോ അരിയുടെയോ വിലയേ അന്വേഷിക്കൂ. അരിയുടെ വില കയറി, പയറിന്റെ വില കയറി തുടങ്ങിയ അസംബന്ധങ്ങളേ പ്രതിപക്ഷവും പറയൂ.

പാവപ്പെട്ട മദ്യപാനികളോട് ഭരണകൂടവും ചൂഷകവര്‍ഗവും കാട്ടുന്ന അനീതിയിലേക്ക് മദ്യവിരുദ്ധരുടെയും ശ്രദ്ധക്ഷണിക്കാന്‍ ദിവാകരമന്ത്രിയുടെ ധീരയജ്ഞം ഉപകരിച്ചേക്കും. എന്തെല്ലാം അപഖ്യാതികളാണ് അവര്‍ക്കെതിരെ ഉന്നയിക്കപ്പെടുന്നത്. കഴിഞ്ഞ ഓണക്കാലത്ത് നാലഞ്ചുദിവസംകൊണ്ട് കേരളത്തില്‍ 132 കോടി രൂപയുടെ മദ്യം കഴിച്ചെന്ന് ഒരു കണക്ക്. കഴിഞ്ഞ വര്‍ഷമാകെ 5538 കോടിയുടെ മദ്യം കുടിച്ചുവറ്റിച്ചുവെന്ന് വേറെ കണക്ക്. ബിവറേജസ് കോര്‍പ്പറേഷന്‍ തുടങ്ങിയ 1984-ലെ വിറ്റുപിരിവ് 55 കോടിയേ ഉണ്ടായിരുന്നുള്ളൂ. ഇപ്പോഴിതാ 5500 കോടി കടന്നു എന്നൊക്കെ കേള്‍ക്കുമ്പോള്‍, മദ്യപാനികള്‍ക്കും പിറ്റേന്ന് രാവിലെ തോന്നാറുള്ളതുപോലെ, അത് വേണ്ടിയിരുന്നില്ല എന്ന് തോന്നിപ്പോകും. ഒരുവര്‍ഷം അരി വാങ്ങാന്‍ കഷ്ടിച്ച് മൂവായിരം കോടി രൂപ മാത്രം ചെലവാക്കുന്ന കേരളീയരാണ് മദ്യംവാങ്ങാന്‍ 5500 കോടി ചെലവാക്കുന്നത്. എന്നിട്ടും ആളുകള്‍ക്ക് അരിവില കേറിയതിനെക്കുറിച്ചേ പരാതിയുള്ളൂ. മറ്റേതിനെക്കുറിച്ച് മിണ്ടാട്ടമില്ല.

ജനം അരി വാങ്ങിയാലൊന്നും സര്‍ക്കാറിന് വലിയ നേട്ടമില്ലെന്ന സത്യം ദിവാകരമന്ത്രി തുറന്നുപറഞ്ഞിട്ടില്ല. വെറുതെയെന്തിന് മാധ്യമസിന്‍ഡിക്കേറ്റുകാര്‍ക്കും പ്രതിപക്ഷക്കാര്‍ക്കും ബഹളമുണ്ടാക്കാന്‍ അവസരം കൊടുക്കണം. ജനവിരുദ്ധനാണെന്നൊക്കെ മുദ്ര കുത്തിക്കളയും. അരിയുടെ വില്പനനികുതി വഴി സര്‍ക്കാറിന് കിട്ടുക നക്കാപ്പിച്ചയാണ്. മദ്യപാനികളില്‍നിന്നുകിട്ടുന്ന കോടികള്‍ കൊണ്ടാണ് സര്‍ക്കാറിന്റെ നിത്യനിദാനച്ചെലവുകള്‍ മാത്രമല്ല, നാടിന്റെ വികസനം തന്നെയും നടന്നുപോകുന്നത്. അയ്യായിരം കോടിയുടെ മദ്യം കുടിക്കുമ്പോള്‍ മദ്യക്കമ്പനിക്ക് ആയിരം കോടി കിട്ടുമോ എന്നറിയില്ല. ബാക്കി സര്‍ക്കാറിനാണ്. സങ്കടമതല്ല, ആ ബഹുമാനമൊന്നും ആര്‍ക്കും പാവപ്പെട്ട മദ്യപാനികളോടില്ല.

കള്ളിനെ ഭക്ഷ്യവസ്തുവായി കണക്കാക്കണം എന്നൊരു ക്രിയാത്മകനിര്‍ദേശം ഇ.പി. ജയരാജന്‍ സഖാവ് മുമ്പൊരിക്കല്‍ മുന്നോട്ടുവെച്ചിരുന്നു. തിന്നുന്നതും കുടിക്കുന്നതുമാണ് ഭക്ഷണമെങ്കില്‍ കള്ളിനെ മാത്രമല്ല, വിദേശമദ്യത്തെയും ഭക്ഷ്യമായി കണക്കാക്കുകയും ഈ ഏര്‍പ്പാട് ഭക്ഷ്യമന്ത്രിയുടെ വകുപ്പിന്‍ കീഴിലാക്കുകയും വേണം. ഒരു പൈന്റിനുവേണ്ടി വഴിയോരത്ത് പരിഹാസപാത്രരായി ക്യൂ നില്‍ക്കേണ്ടിവരുന്ന ഗതികേടില്‍നിന്ന് മാന്യ മദ്യഉപഭോക്താക്കളെ മോചിപ്പിച്ച് അവര്‍ക്ക് വിലയും നിലയും നല്‍കാം. മാവേലി സ്റ്റോറുകളില്‍ ബിവറേജസ് കോര്‍പ്പറേഷന് ഒരു കൗണ്ടര്‍ അനുവദിച്ചാല്‍ തീരുന്ന പ്രശ്‌നമാണിത്. ഭര്‍ത്താവ് ബിവറേജസ് കോര്‍പ്പറേഷന്റെ ക്യൂവിലും ഭാര്യ അരി വാങ്ങാനുള്ള ക്യൂവിലും നില്‍ക്കേണ്ടിവരുന്ന ദുരവസ്ഥ ഇതിലൂടെ മാറ്റാം. ഭാര്യയെക്കൊണ്ടുതന്നെ അരി വാങ്ങുമ്പോള്‍ മറ്റേതും വാങ്ങിപ്പിക്കാമല്ലോ.

ചിയേഴ്‌സ്...

** ** **

സിനിമയില്‍ കഥാപാത്രം സിഗററ്റ് വലിച്ചതിന് നടന്‍ കേസ്സില്‍ കുടുങ്ങിയിരിക്കുന്നു. കള്ളുകുടിക്കുന്നത് അഭിനയിച്ചാലും കുടുങ്ങുമോ എന്നറിയില്ല. അയ്യപ്പ ബൈജുവൊന്നും ജയിലില്‍ നിന്നിറങ്ങിയ സമയമുണ്ടാകില്ല. നിയമനിര്‍മാതാക്കളുടെ അത്യപൂര്‍വങ്ങളായ മസ്തിഷ്‌കങ്ങളില്‍ എന്താണ് ഉദിച്ചുകൂടാത്തത്. നിയമവിരുദ്ധ രംഗങ്ങളുണ്ടെങ്കില്‍ അത് വെട്ടിക്കളയാനാണ് നികുതിപ്പണം ചെലവാക്കി സെന്‍സര്‍മാരെ പോറ്റുന്നത്. അവര്‍ വെട്ടേണ്ടത് വെട്ടിയില്ലെങ്കില്‍ നടന്മാരാണത്രെ ജയിലില്‍ പോകേണ്ടത്.
വീട്ടിലോ ബാറിലോ ഇരുന്ന് പുകവലിക്കുകയോ കള്ളുകുടിക്കുകയോ ചെയ്താലൊന്നും കേസ്സില്ല. സിനിമയില്‍ പുകവലിക്കുന്നതായി അഭിനയിച്ചാല്‍ കേസ്സാകും. ലോകത്ത് മറ്റെങ്ങുണ്ടാവും ഇത്തരമൊരു നിയമം. കൊലയും കൊള്ളയും നടത്തുന്നത് കുറ്റകരമാണ്. കൊലയും കൊള്ളയും നടത്തുന്നതായി അഭിനയിച്ചാല്‍ കേസ്സില്ല, കൈയടിയും കിട്ടും. അത് ശരിയല്ലല്ലോ ബഹു നിയമനിര്‍മാതാക്കളേ..... ബീഡിയും കള്ളും ഇല്ലാതാക്കിയാല്‍ പോര, കുറ്റകൃത്യങ്ങളൊന്നും ഇല്ലാത്ത സമൂഹമുണ്ടാക്കേണ്ടേ നമുക്ക്? അതുകൊണ്ട് ഇനി കക്കുകയോ കൊള്ളയടിക്കുകയോ കുത്തുകയോ കൊല്ലുകയോ അടിക്കുകയോ പെണ്ണിനെ പിടിക്കുകയോ ചെയ്യുന്ന ഒരു കഥാപാത്രത്തെയും സിനിമയില്‍ കാണരുതെന്ന് നിയമമുണ്ടാക്കണം. ആരെങ്കിലും ചെയ്താല്‍ കുത്തുന്നതിനും കൊല്ലുന്നതിനുമുള്ള ഐ.പി.സി. വകുപ്പുപ്രകാരംതന്നെ കേസ്സെടുക്കണം. പ്രേംനസീറിനെ ഏല്‍പ്പിക്കാറുള്ളതുപോലുള്ള തങ്കപ്പെട്ട കഥാപാത്രങ്ങളേ മേലില്‍ സിനിമയില്‍ പാടുള്ളൂ. ഒരൊറ്റ വില്ലനും വേണ്ട. അറിയണമല്ലോ ഈ നാടൊന്നു നന്നാകുമോ എന്ന്.

No comments:

Post a comment