ലാവലിന്‍ വിഭ്രമങ്ങള്‍


പൂച്ചകളെക്കുറിച്ചു പറഞ്ഞതുപോലെ വലിയ അഴിമതിക്കേസുകള്‍ക്കും ജന്മങ്ങള്‍ കുറച്ചേറെയുണ്ടെന്നാണ്‌ തോന്നുന്നത്‌. ബോഫോഴ്‌സ്‌, ലാവലിന്‍ തുടങ്ങിയ വൈദേശിക ജന്മമുള്ള ആഭിജാത്യ അഴിമതികളുടെ കാര്യമാണ്‌ പറഞ്ഞത്‌; നാലുകാശിന്റെ നാടന്‍ അഴിമതികളുടെ കാര്യമല്ല. ഓരോ തവണ തല്ലിക്കൊന്നു കുഴിച്ചിട്ടാലും അതു വീണ്ടും ഉയിര്‍ത്തെഴുന്നേറ്റ്‌ വരും. ബോഫോഴ്‌സ്‌ ഏതാണ്ട്‌ ഒരു ഡസന്‍ ജന്മം പിന്നിട്ടു കഴിഞ്ഞു. ലാവലിനിനിയും ജന്മം കുറെ ഉണ്ടോ ആവോ.

നിയമസഭാ തിരഞ്ഞെടുപ്പിനു തൊട്ടു മുന്‍പ്‌ അന്നത്തെ ഭരണമുന്നണി ഉണ്ടാക്കിയ വലിയ കോലാഹലങ്ങളിലൊന്ന്‌ ലാവലിനെ ചൊല്ലിയായിരുന്നു. ലാവലിന്‍ നല്ല ലാഭസാധ്യതയുള്ളതാണെന്ന്‌ കോണ്‍ഗ്രസ്‌, കേ. കോണ്‍ഗ്രസ്സുകള്‍ അതിവേഗം തിരിച്ചറിയുകയുണ്ടായി. പിണറായി വൈദ്യുതി മന്ത്രിയായിരുന്നപ്പോള്‍ നടന്ന ഇടപാട്‌ ആയിരിക്കുക, അതിന്റെ ഒരറ്റം വടക്കോട്ട്‌ നീണ്ട്‌ കോടിയേരി അന്തോളിമല വരെ നീണ്ടു പോവുക.... ഇതില്‍പരം വലിയ നിധി ഒരു തിരഞ്ഞെടുപ്പില്‍ വീണുകിട്ടാനിടയില്ല. തിരഞ്ഞെടുപ്പില്‍ എക്കാലവും ചര്‍ച്ചയ്ക്ക്‌ വരിക അപ്പോള്‍ ഭരിക്കുന്നവരുടെ അഴിമതിയാണ്‌. പ്രതിപക്ഷത്തിരിക്കുന്നവര്‍ മുന്‍പ്‌ ചെയ്തതൊരെണ്ണം കിട്ടിയാല്‍ ഏത്‌ ഭരണകക്ഷിയാണ്‌ ആനന്ദനൃത്തമാടാതിരിക്കുക? തങ്ങളുടെ പത്ത്‌ അഴിമതി മൂടിവെക്കാന്‍ അവരുടെ ഒരഴിമതി മതിയാകും. ഉമ്മന്‍ചാണ്ടിയെയും ചെന്നിത്തലയെയും കുറ്റപ്പെടുത്താനാവില്ല.

പിണറായിയെയും കോടിയേരിയെയും കുത്തിമലര്‍ത്താന്‍ ഉമ്മന്‍ചാണ്ടി തട്ടിന്‍പുറത്ത്‌ സൂക്ഷിച്ചു വെച്ച ലാവലിന്‍ കുന്തമെടുത്ത്‌ അടുപ്പില്‍ തീയിടുകയാണ്‌ അന്ന്‌ വിജിലന്‍സ്‌ ഡയറക്ടര്‍ ഉപേന്ദ്രവര്‍മ ചെയ്തത്‌. തിരഞ്ഞെടുപ്പ്‌ അടുത്തുവരുമ്പോള്‍ അന്നന്നത്തെ രാഷ്ട്രീയ യജമാനന്മാര്‍ക്കു വേണ്ടുന്ന നല്ല നല്ല കുന്തങ്ങള്‍ ചെത്തിമിനുക്കി കൊടുക്കേണ്ട വിജിലന്‍സ്‌ ഡയറക്ടര്‍ ഇതാണോ ചെയ്യേണ്ടത്‌? ലാവലിന്‍ കേസില്‍ പിണറായി നിരപരാധിയാണ്‌ എന്ന്‌ പറയുന്ന വിജിലന്‍സ്‌ റിപ്പോര്‍ട്ട്‌ മന്ത്രിസഭയോ ആഭ്യന്തരമന്ത്രി പോലുമോ അറിയാതെ കോടതിയില്‍ എത്തിച്ചു കൊടുത്തു. അതോടെ കഴിയേണ്ടതായിരുന്നു ലാവലിന്റെ കഥ. കഴിയാന്‍ സമ്മതിക്കണമെങ്കില്‍ ഭരിക്കുന്നത്‌ വേറെ വല്ലവരുമായിരുന്നിരിക്കണം. ഉമ്മന്‍ചാണ്ടി ആവരുത്‌. ഒരു മാസം മുന്‍പു വരെ സി.ബി.ഐ. അന്വേഷണമേ വേണ്ട, നമ്മുടെ കൈവശമുള്ള വിജിലന്‍സ്‌ തന്നെ ധാരാളമെന്ന്‌ പറഞ്ഞിരുന്ന മുഖ്യമന്ത്രി തന്നെയാണ്‌ വിജിലന്‍സ്‌ ഒന്നും പോരേ പോര, സി.ബി.ഐ. തന്നെവേണം എന്ന്‌ മലക്കം മറിഞ്ഞത്‌.

സി.ബി.ഐ. അന്വേഷണം പ്രഖ്യാപിച്ചതുകൊണ്ടൊന്നും തിരഞ്ഞെടുപ്പില്‍ ഉമ്മന്‍ ചാണ്ടി പക്ഷത്തിനു ഗുണമൊന്നും കിട്ടിയില്ല. പിണറായി മുഖ്യമന്ത്രിയാകുക എന്ന അപകടം ഒഴിവാക്കിയെന്നു വേണമെങ്കില്‍ വിശ്വസിക്കാം. സ്വയം ആശ്വസിക്കാം. ചത്ത അഴിമതിക്കേസുകള്‍ പുനര്‍ജനിച്ചു വരിക തിരഞ്ഞെടുപ്പിന്റെ മണി മുഴങ്ങുമ്പോഴാണ്‌. തിരഞ്ഞെടുപ്പില്‍ അടിക്കാന്‍ ഒരു വടിവേണമെന്നല്ലാതെ അഴിമതി ശിക്ഷിക്കപ്പെടണമെന്ന ആഗ്രഹമൊന്നും ആര്‍ക്കും ഇല്ല. ഉണ്ടായിരുന്നുവെങ്കില്‍ വിജിലന്‍സ്‌ അന്വേഷണം അനേകവര്‍ഷം അലമാറയില്‍ അടവെക്കുമായിരുന്നില്ലല്ലോ. അക്രമം അവസാനിപ്പിക്കുകയല്ല, അക്രമം പരിപാലിക്കുകയാണ്‌ പോലീസിന്റെ ചുമതലയെന്ന്‌ പറഞ്ഞ ഒരു ഷിക്കാഗോ മേയറെക്കുറിച്ച്‌ കേട്ടിട്ടുണ്ട്‌. അഴിമതി പരിപാലിക്കുകയാവണം വിജിലന്‍സിന്റെ ലക്ഷ്യം. അഴിമതിയില്ലെങ്കില്‍ വിജിലന്‍സില്‍ ആര്‍ക്കും പണിയില്ലാതാവും. കേന്ദ്രത്തില്‍ സി.പി.എമ്മിനോളം സ്വാധീനം കോണ്‍ഗ്രസ്സുകാര്‍ക്കുണ്ടോ എന്ന കാര്യത്തിലും സംശയമുണ്ട്‌. സി.ബി.ഐ.യെക്കൊണ്ട്‌ ഇനി വീണ്ടും അന്വേഷണമേറ്റെടുപ്പിക്കുകയെല്ലാം ബുദ്ധിമുട്ടുള്ള കാര്യമാണ്‌. ചെയ്യാവുന്ന ഒരു കാര്യമേയുള്ളൂ. ആഭ്യന്തരവകുപ്പിനു കീഴില്‍ തന്നെയാണ്‌ വിജിലന്‍സ്‌ ഉള്ളത്‌. ജ്വല്ലറി പരസ്യത്തില്‍ പറയുന്നതു പോലുള്ള 'വിശ്വസ്തസ്ഥാപനം'. പോരാത്തതിനു പിണറായിയും കോടിയേരിയും സഹപ്രവര്‍ത്തകരെന്ന പോലെ സമീപ ഗ്രാമങ്ങളുമാണ്‌. വിജിലന്‍സിന്‌ അകലെയൊന്നും പോകേണ്ടിവരില്ല. കോടിയേരി കാന്‍സര്‍ ആസ്പത്രിയില്‍ കാണും പകുതി ഫയലുകള്‍. എല്ലാം നമ്മുടെ ആളുകള്‍, നമ്മുടെ സ്ഥാപനങ്ങള്‍. മൊത്തത്തില്‍ കുടുംബകാര്യം മാത്രം. എന്തിനു വെറുതെ സി.ബി.ഐ.യെയൊക്കെ ഇതിലേക്ക്‌ വലിച്ചിഴച്ച്‌ ബുദ്ധിമുട്ടിക്കണം. 86 കോടി രൂപ കാണാതെ പോയതുപോലുള്ള നിസ്സാര സംഗതികള്‍ക്ക്‌ സമയം കളയാതെ വല്ല കൊലക്കേസും അന്വേഷിക്കാന്‍ വിട്ടുകൂടേ സി.ബി.ഐ.ക്കാരെ?

*****************************

മത്സരിക്കുന്ന പാര്‍ട്ടികളും സ്ഥാനാര്‍ഥികളും ചട്ടങ്ങളും നിയമങ്ങളും പാലിക്കുന്നുണ്ടോ എന്ന്‌ പരിശോധിക്കാനാണ്‌ കേന്ദ്ര തിരഞ്ഞെടുപ്പു കമ്മീഷന്‍ നിരീക്ഷകരെ നിയോഗിക്കുന്നത്‌. ശേഷന്റെ കാലത്താണ്‌ ഇതൊരു വലിയ കമ്പമായി മാറിയത്‌. ശേഷം കാലത്തും സംഗതി ഊര്‍ജിതമായി തുടര്‍ന്നു. ഏറ്റവും പ്രധാനപ്പെട്ട സംഗതി ചെലവു പരിധി ലംഘിക്കുന്നുണ്ടോ പാലിക്കുന്നുണ്ടോ എന്നറിയുകയാണ്‌. പ്രസ്സുകാരും ടാക്സിക്കാരും മൈക്കുകാരുമൊക്കെ നാലു കാശുണ്ടാക്കുന്ന കാലമാണ്‌. നാട്ടുകാരില്‍നിന്ന്‌ പിരിച്ച പണം നാട്ടുകാരിലേക്കുതന്നെ പോയിക്കൊള്ളട്ടെ എന്ന പരിഗണനയൊന്നും തിരഞ്ഞെടുപ്പു കമ്മീഷനില്ല. തലയ്ക്കു ചുറ്റും കണ്ണും ഭൂതക്കണ്ണാടിയുമായി വന്നിറങ്ങുന്ന നിരീക്ഷകന്മാര്‍ ഓരോ ദിവസവും സ്ഥാനാര്‍ഥികളെ കണക്കുചോദിച്ച്‌ വെള്ളം കുടിപ്പിക്കും. പണമേ ചെലവാക്കിയിട്ടില്ലെന്ന്‌ നിരീക്ഷകരെ ബോധ്യപ്പെടുത്താന്‍ സ്ഥാനാര്‍ഥികളും നേതാക്കളും പെടുന്ന പാട്‌ അവര്‍ക്കേ അറിയൂ.

ഈ പ്രാരബ്ധങ്ങളൊന്നും നിരീക്ഷകര്‍ക്കില്ല. ഓരോ നിരീക്ഷകനും ഓരോ നാട്ടുരാജാവാണ്‌. എഴുന്നള്ളുന്ന സമയത്ത്‌ കളക്ടറും പരിവാരങ്ങളും പല്ലക്കും മഞ്ചവുമൊക്കെയായി എയര്‍പോര്‍ട്ടില്‍ ഹാജരായിക്കൊള്ളണം. ലഭ്യമായതില്‍ വെച്ചേറ്റവും മുന്തിയ കൊട്ടാരത്തില്‍ വേണം താമസം. ചോദിക്കുന്ന സാധനം മുന്നിലെത്തിച്ചുകൊടുക്കാന്‍ കാര്യസ്ഥന്മാരെ കളക്ടര്‍ നിയോഗിച്ചുകൊള്ളണം. സുഖവാസ കേന്ദ്രത്തിന്റെ പേരേ നിരീക്ഷകന്‍ പറയൂ. താമസംവിനാ അവിടെ എത്തിച്ചുകൊടുക്കണം. പോകുന്ന പോക്കില്‍ കാണുന്ന പീടികയിലെല്ലാം പാഞ്ഞുകയറി കണ്ണില്‍ കണ്ടതെല്ലാം വാങ്ങിക്കൂട്ടുകയും കാശ്‌ മറ്റുള്ള ഉദ്യോഗസ്ഥരെക്കൊണ്ടു കൊടുപ്പിക്കുകയും ചെയ്ത നിരീക്ഷകരുമുണ്ടത്രെ. കഴിഞ്ഞ നിയമസഭാക്കാലത്ത്‌ ഈ ഇനത്തില്‍പ്പെട്ട അനേകം നിരീക്ഷകരുടെ നായാട്ടായിരുന്നത്രെ കേരളത്തിലുടനീളം.

സ്ഥാനാര്‍ഥികളുടെ ചെലവല്ലാതെ നിരീക്ഷകരുടെ ചെലവു നോക്കാന്‍ നിയമമില്ല. അതിനു വേറെ നിരീക്ഷകരുമില്ല. നിരീക്ഷകന്റെ ആര്‍ഭാടത്തിനു വഴങ്ങാന്‍ കോഴിക്കോട്‌ കളക്ടര്‍ കൂട്ടാക്കിയില്ലത്രെ. ഉടനെ കളക്ടറെ സ്ഥലംമാറ്റി. തിരഞ്ഞെടുപ്പു വിജ്ഞാപനം വന്നുകഴിഞ്ഞാല്‍ പിന്നെ കളക്ടറേറ്റിലെ പ്യൂണിനെ പ്പോലും മാറ്റാനാവില്ല, പക്ഷേ, നിരീക്ഷകന്‍ വിചാരിച്ചാല്‍ കളക്ടറെത്തന്നെ മാറ്റിക്കാം. എന്തെങ്കിലും പരാതിയോ ആക്ഷേപമോ ആര്‍ക്കും വേണമെന്നില്ല. അഞ്ചുകൊല്ലം നിരന്തരം ചോദ്യം ചെയ്യപ്പെടുന്ന ജനപ്രതിനിധിയാകുന്നതിലും ഒരുമാസം തിരുവായ്ക്ക്‌ എതിര്‍വായില്ലാത്ത നിരീക്ഷകനാവുകയാണ്‌ പരമാനന്ദമെന്നു തോന്നിപ്പോയാല്‍ കുറ്റപ്പെടുത്താനാവില്ല. ജനാധിപത്യം നിലനിര്‍ത്താന്‍ എന്തെല്ലാം, ആരെയെല്ലാം നാം സഹിക്കണം.

*************************

മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ തമിഴ്‌നാടിന്റെ ആവശ്യം അനുവദിക്കുന്നില്ലെങ്കില്‍ കേരളത്തിലേക്ക്‌ അരിയും പച്ചക്കറിയും അയയ്ക്കുകയില്ലെന്ന്‌ ചില തമിഴ്‌നാട്‌ നേതാക്കള്‍ മുന്നറിയിപ്പുനല്‍കിയിട്ടുണ്ട്‌. സംഗതി വളരെ ഗൗരവത്തിലെടുക്കേണ്ടതുണ്ട്‌. കേരളീയരല്ല തമിഴ്‌കര്‍ഷകര്‍. മുല്ലപ്പെരിയാറില്‍നിന്ന്‌ വെള്ളം കിട്ടിയില്ലെങ്കില്‍ തമിഴ്‌കര്‍ഷകര്‍ക്ക്‌ ഉണ്ടാകുന്ന നഷ്ടത്തിന്‌ ഒരു പരിധിയുണ്ട്‌. തേനി, മുധര, ഡിന്‍ഡിഗല്‍ ജില്ലകളിലെ കുറച്ചായിരം കൃഷിക്കാരുടെ ഒരു വിളവെടുപ്പിനെയേ അതു ബാധിക്കൂ. എന്നാല്‍ മറ്റേ ഭീഷണി അങ്ങനെയല്ല.

കേരള ജനത മേലനങ്ങി പണിയെടുക്കാതെയും കൃഷിഭൂമി മുഴുവന്‍ നികത്തി രമ്യഹര്‍മ്യങ്ങള്‍ പണിതുയര്‍ത്തിയും മൂന്നുനേരം തേച്ചുകുളിച്ചും ബാക്കി പുഴവെള്ളം കടലിലൊഴുക്കിയും മണല്‍വാരി പുഴയെ കൊന്നും സുഖിച്ചു കഴിയുന്നത്‌ തമിഴ്‌നാട്ടുകാര്‍ കഷ്ടപ്പെട്ട്‌ കൃഷിചെയ്യുന്നതുകൊണ്ടുതന്നെയാവാം. പക്ഷേ, കേരളീയര്‍ക്ക്‌ സുഖിക്കാന്‍ വേണ്ടിയാണ്‌ തമിഴ്ജനത കഷ്ടപ്പെട്ട്‌ നെല്ല്‌ മുതല്‍ മുല്ല വരെ കൃഷിചെയ്യുന്നതെന്ന ധാരണ അപകടമാണ്‌. തമിഴ്ജനത കൃഷിചെയ്യുന്നത്‌ കേരളീയരുടെ പട്ടിണിമാറ്റാനല്ല. തമിഴ്ജനതയുടെ പട്ടിണിമാറ്റാനാണ്‌. കേരളത്തിലേക്ക്‌ അരിയും പച്ചക്കറിയും അയച്ചില്ലെങ്കില്‍ കഷ്ടത്തിലാവുക തമിഴ്‌കര്‍ഷകരാണ്‌. കര്‍ണാടകയും ആന്ധ്രയും കാത്തിരിക്കുകയാവും അവരുടെ ഉത്‌പന്നത്തിനൊരു നല്ല വിപണികിട്ടാന്‍. കര്‍ഷക ആത്മഹത്യ ആന്ധ്രയില്‍ കുറയുകയും തമിഴ്‌നാട്ടില്‍ കൂടുകയുമാകും ഫലം. ഇപ്പോള്‍ത്തന്നെ കേരളത്തിലേക്കുള്ള ലോറി ഒരുദിവസം മുടങ്ങിയാല്‍ അങ്ങാടിയില്‍ കൊണ്ടുവന്ന തക്കാളി ഗട്ടറിലൊഴുക്കേണ്ടിവരുന്ന നിര്‍ഭാഗ്യവാന്മാരാണ്‌ തമിഴ്‌കര്‍ഷകര്‍. ഒരുദിവസം കേരളത്തിലേക്കുള്ള ലോറി തടഞ്ഞപ്പോള്‍ത്തന്നെ തമിഴ്‌കര്‍ഷകര്‍ അവിടത്തെ നേതാക്കളോട്‌ പറഞ്ഞതു സ്നേഹിച്ചു കൊല്ലരുതേ എന്നാണ്‌. ഒറ്റദിവസത്തെ ഉപരോധം കൊണ്ടുള്ള നഷ്ടം അഞ്ഞൂറു കോടി രൂപ. പത്തു ദിവസം തടഞ്ഞാല്‍ നാലു മുല്ലപ്പെരിയാര്‍ അണകെട്ടാനുള്ള കാശാണ്‌ വെള്ളത്തിലാവുക.

നൂറ്റിപ്പത്തു കൊല്ലം കൊണ്ട്‌ മുല്ലപ്പെരിയാര്‍ റിസര്‍വോയറില്‍ എത്ര ചെളിയും മണ്ണും വന്നടിഞ്ഞു കൂടിയിട്ടുണ്ടാകും. നാവികസേനയുടെ മുങ്ങല്‍ വിദഗ്‌ധരെ കരുണാനിധിക്കും വിളിക്കാവുന്നതേയുള്ളൂ. 136 അടി 142 ആക്കിയാല്‍ കിട്ടുന്നതിലേറെ ജലലാഭം റിസര്‍വോയറിലെ മണ്ണുനീക്കിയാല്‍ കിട്ടിയെന്നിരിക്കും. പക്ഷേ, അതുകൊണ്ട്‌ വൈകോയ്ക്കും ജയലളിതയ്ക്കും സുബ്രഹ്മണ്യസ്വാമിക്കും കരുണാനിധിക്കും എന്തുലാഭം?

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

വര്‍ക്കിങ്ങ് ജേണലിസ്റ്റ് ആക്റ്റും വേജ് ബോര്‍ഡും ഇല്ലാതാക്കി

കേരള മാധ്യമങ്ങളുടെ ആറു പതിറ്റാണ്ട്

ഐ.വി ബാബു: നിലപാടുകളില്‍ ഉറപ്പ്, സ്‌നേഹത്തിന്റെ സമൃദ്ധി