ഇടയരും ഇടതരും


ഇടയാന്‍ തീരുമാനിച്ചാല്‍പ്പിന്നെ ഇടയില്‍ക്കേറി ഇണങ്ങുന്ന ഏര്‍പ്പാട്‌ ഇടതുപക്ഷത്തിനില്ല. രണ്ടാലൊന്ന്‌ തീരുമാനിച്ചിട്ടേ അടങ്ങാറുള്ളൂ. പക്ഷേ, ഇടയന്മാരുമായുള്ള ഇത്തവണത്തെ ഇടച്ചില്‍ വ്യത്യസ്‌തമാണ്‌. ചില്ലറ വിട്ടുവീഴ്‌ചകള്‍ വേണ്ടിവന്നേക്കും. ചര്‍ച്ചയാവാം, തെറ്റിദ്ധാരണ മാറ്റാം. ഇങ്ങോട്ട്‌ വരാന്‍ വണ്ടിയില്ലെങ്കില്‍ അങ്ങോട്ട്‌ വരാം. ഞങ്ങള്‍ മതത്തിന്‌ എതിരല്ല. ' 1957 അല്ല 2007 '.യേത്‌ ?

സകല കൂട്ടരും നമ്മെ അകാരണമായി തെറ്റിദ്ധരിച്ചുകളയുന്നു. ഭരണത്തില്‍ വന്നതു മുതല്‍ തുടങ്ങിയതാണ്‌ ഈ പകര്‍ച്ചപ്പനി. ഇപ്പോള്‍ ഇടയലേഖനം ഇറക്കിയ ഇടയന്മാര്‍ തന്നെയാണ്‌ ആദ്യംകേറി തെറ്റിദ്ധരിച്ചത്‌്‌. കൃത്യം ഒരു വര്‍ഷം മുമ്പ്‌ ജൂലായില്‍ സ്വാശ്രയബില്ലിനെക്കുറിച്ചായിരുന്നു തെറ്റിദ്ധാരണയും ഇടച്ചിലും. അന്നുമിറങ്ങി ഇടയലേഖനം. സ്വാശ്രയബില്ലിലൂടെ ന്യൂനപക്ഷത്തെ തകര്‍ത്തുകളയും എന്നായിരുന്നു തെറ്റിദ്ധാരണ. താന്‍പാതി ദൈവം പാതി എന്ന തത്ത്വമനുസരിച്ചായിരുന്നു നിയമനിര്‍മാണമെന്ന്‌ ഇടയന്മാര്‍ മനസ്സിലാക്കിയില്ല. നമ്മുടെ കുഞ്ഞാടുകള്‍ക്ക്‌ ബോധ്യപ്പെടുന്ന നിയമം നിര്‍മിച്ചുവെക്കുകയെന്നത്‌ നമ്മുടെ പാതി. അതു നമ്മള്‍ ചെയ്‌തു. കോടതിയില്‍ പോയി നിയമത്തിന്റെ മൂക്കും നാക്കും മുറിപ്പിച്ച്‌ കോലം കെടുത്തുന്നപണി നിങ്ങള്‍ ചെയ്യുക, അതു നിങ്ങളുടെ പാതി. രണ്ടുകൂട്ടരും സ്വന്തം പാതിയങ്ങ്‌ നിര്‍വഹിച്ചാല്‍ മതി. ശങ്കരന്‍ പിന്നേയും തെങ്ങേലെന്നു പറഞ്ഞതുപോലെ കുട്ടികള്‍ ആകാശത്തിലുമല്ല, ഭൂമിയിലുമല്ലാത്ത ത്രിശങ്കുവിലായെന്നുമാത്രം. രണ്ടാം മുണ്ടശ്ശേരി എന്നോ വിമോചനം എന്നോ സമരം എന്നോ ഒക്കെ തൂശ്ശര്‍ അരിയങ്ങാടിയിലോ പാലാ അരമനയിലോ ആരോ പിറുപിറുക്കുന്നത്‌ കേട്ടിരുന്നു. കാര്യമായൊന്നും സംഭവിച്ചില്ല.

വിമോചനസമരത്തെക്കുറിച്ച്‌ ഇപ്പോഴെന്താണ്‌ അച്ചന്മാര്‍ ഉച്ചത്തില്‍ പറയുന്നത്‌ എന്നുമാത്രം മനസ്സിലാകുന്നില്ല. പ്രൊഫഷനല്‍ കോളേജ്‌ അഭ്യാസം ഒരരുക്കാക്കിയ ശേഷം ഇതാ പ്രൈമറി വിദ്യാഭ്യാസത്തിന്മേല്‍ കൈവെക്കാന്‍ പോകുന്നു ഇടതുകാര്‍ എന്ന്‌ ഇടയന്മാര്‍ തെറ്റിദ്ധരിച്ചതാണെന്ന്‌ സി.പി.എം സംസ്ഥാന മെത്രാന്‍ പിണറായി വിജയന്‍ പാര്‍ട്ടി കുഞ്ഞാടുകള്‍ വായിച്ചറിയാന്‍വേണ്ടി പാര്‍ട്ടിപത്രത്തില്‍ എഴുതിയ ഇടയലേഖനത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്‌്‌. പാര്‍ട്ടിയിലുള്ളതിലേറെ കുഞ്ഞാടുകള്‍ ഉള്ള പ്രസ്ഥാനമാണ്‌ ക്രൈസ്‌തവസഭകള്‍. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ മുതല്‍ ഭൂരിപക്ഷം ക്രൈസ്‌തവവോട്ടുള്ള തിരുവമ്പാടിയിലെ ഉപതിരഞ്ഞെടുപ്പില്‍ വരെ കുഞ്ഞാടുകള്‍ നമുക്കൊപ്പം നിന്നതാണ്‌. ദൈവംതമ്പുരാന്‍ വിചാരിച്ചാല്‍ പോലും കേരളത്തിലെ വിദ്യാഭ്യാസമേഖലയെ രക്ഷപ്പെടുത്താനാവില്ല. പിന്നെയെന്തിന്‌ സഭയുമായി ചുമ്മാ ഇടഞ്ഞ്‌ വോട്ട്‌ ഇല്ലാതാക്കണം. അധികാരത്തിലേറിയതുമുതല്‍ ജഡ്‌ജിമാര്‍,ഐ.എ.എസ്സുകാര്‍, ഡോക്‌റ്റര്‍മാര്‍, പത്രപ്രവര്‍ത്തകര്‍ തുടങ്ങി ആരെല്ലാമായി ഇടഞ്ഞിരിക്കുന്നു. എല്ലാ ഇടച്ചിലുകളും തെറ്റിദ്ധാരണമൂലമാണെന്ന്‌ പറയേണ്ടതില്ലല്ലോ. എങ്കിലും, അവരുടെയൊന്നും തെറ്റിദ്ധാരണ മാറ്റാന്‍ ഞങ്ങള്‍ സമയം മെനക്കെടുത്തിയിട്ടില്ല. അവര്‍ക്ക്‌ വേണമെങ്കില്‍ സ്വയം മാറ്റിക്കോട്ടെ എന്നുപറയുകയും ചെയ്‌തു. സഭെയ അങ്ങനെ കരുതിക്കൂടാ. രണ്ടാം ലോകയുദ്ധസമയത്ത്‌ പോപ്പിന്റെ പിന്തുണ കിട്ടിയേക്കുമെന്ന്‌ ആരോ പറഞ്ഞപ്പോള്‍ പോപ്പിന്റെ കൈയില്‍ എത്ര പട്ടാളമുണ്ട്‌ എന്ന്‌ ഹിറ്റ്‌ലര്‍ ചോദിച്ചതായി കേട്ടിട്ടുണ്ട്‌. ഇത്‌ ജനാധിപത്യം. ജുഡീഷ്യറിക്കും ഫോര്‍ത്ത്‌ എസ്റ്റേറ്റിനും ഇടയന്മാര്‍ക്കും എത്ര വീതം വോട്ടുകളുണ്ട്‌ എന്നതാണ്‌ പ്രസക്തമായ ചോദ്യം. അതിന്റെ ഉത്തരം പാര്‍ട്ടി മെത്രാന്മാര്‍ക്കെല്ലാം അറിയുകയും ചെയ്യാം.

അല്ലെങ്കിലും, കമ്യൂണിസ്റ്റുകാര്‍ മതത്തിന്‌ എതിരല്ല. പണ്ടത്തെ കാര്യമൊന്നും പറയേണ്ട, ഇപ്പോള്‍ എതിരല്ല. കേരളത്തില്‍ എവിടെയെല്ലാം പോലീസ്‌ റെയ്‌ഡ്‌ ഉണ്ടായിരിക്കുന്നു. റെയ്‌ഡ്‌ കൊണ്ട്‌ ആര്‍ക്കെങ്കിലും എവിടെയെങ്കിലും നൊന്തോ എന്ന്‌ ചോദിക്കാന്‍ സഖാവ്‌ പിണറായി എങ്ങും പോകുന്ന പതിവില്ല. മുരിങ്ങൂര്‍ ധ്യാനകേന്ദ്രത്തെ ആ ഇനത്തില്‍ പെടുത്തിക്കൂടാ എന്നതുകൊണ്ടാണ്‌ സഖാവ്‌ പിണറായി തന്നെ ചെന്ന്‌ അച്ചന്മാരുമായി തെറ്റിദ്ധാരണ നീക്കാനുള്ള ചര്‍ച്ച നടത്തിയത്‌. കോഴിക്കോട്‌ കാന്തപുരം മുസലിയാരുടെ അരമനയിലും സഖാവ്‌ പോയിട്ടുണ്ട്‌. രണ്ടു സന്ദര്‍ശനങ്ങളുടെയും ഫോട്ടോകള്‍ പാര്‍ട്ടിപത്രത്തില്‍ പ്രസിദ്ധപ്പെടുത്തിയിരുന്നു. സാധാരണഗതിയില്‍ ഓണത്തിനും ക്രിസ്‌മസ്സിനും മാത്രമേ സഖാവ്‌ ചിരിക്കാറുള്ളൂ. സ്‌പെഷല്‍ കേസ്സായി വെളുക്കെച്ചിരിക്കുന്ന ഫോട്ടോ പത്രത്തില്‍ വന്നത്‌ മുരിങ്ങൂരിലും കാരന്തൂരിലും ചെന്നപ്പോഴായിരുന്നു. ചിരിക്കാന്‍്‌ പെട്ട പാട്‌ സഖാവിനേ അറിയൂ. ഹിന്ദുവിരുദ്ധനായതുകൊണ്ടല്ലേ ഗുരുവായൂരിലോ പറശ്ശിനിമഠപ്പുരക്കലോ മറ്റേതെങ്കിലും ക്ഷേത്രത്തിലോ പോയി സഖാവ്‌ ചിരിക്കാത്തത്‌ എന്ന്‌ സംഘപരിവാറുകാര്‍ ചോദിക്കാനിടയുണ്ട്‌്‌. അതും തെറ്റിദ്ധാരണയാണ്‌. സഖാക്കള്‍ തന്നെയാണ്‌ ഇവിടെയെല്ലാം തിങ്ങിനിറയാറുള്ളത്‌, സംഘപരിവാറുകാരല്ല. അതുകൊണ്ട്‌ നേതാക്കള്‍ വേറെ പോയി ചിരിക്കേണ്ട കാര്യമില്ല.

ലോകമാസകലം സ്ഥിതി മാറുകയാണ്‌. കമ്യൂണിസം തന്നെ മതമായതുകൊണ്ട്‌ സര്‍വമതമൈത്രിയുടെ ഭാഗമായി ലോകത്തെങ്ങും ക്രൈസ്‌തവമതസ്ഥാപനങ്ങളുമായി കമ്യൂണിസ്റ്റ്‌ പാര്‍ട്ടികള്‍ ഐക്യമത്യം മഹാബലം പ്രഖ്യാപിച്ചിരിക്കുകയാണ്‌. ക്രിസ്‌ത്യന്‍ കമ്യൂണിസ്റ്റുകള്‍ എന്നൊരു വിഭാഗം തന്നെയുണ്ടായിക്കഴിഞ്ഞു. സ്വര്‍ഗരാജ്യം വരാനാണ്‌ മതം പ്രവര്‍ത്തിക്കുന്നത്‌. അനിവാര്യമായ സ്വര്‍ഗരാജ്യം തന്നെയാണ്‌ കമ്യൂണിസവും ലക്ഷ്യം വെക്കുന്നത്‌. ഉള്ളതെല്ലാം പങ്കുവെച്ച്‌ ഓരോരുത്തരും ആവശ്യമുള്ളത്‌ എടുത്ത്‌ സമത്വത്തോടെ ജീവിച്ചിരുന്ന കമ്യൂണുകളെക്കുറിച്ച്‌ പുതിയനിയമത്തില്‍ പറയുന്നുണ്ടത്രെ. ഇതന്നെ കമ്യൂണിസം. ഇടപ്പള്ളിപെരുനാളിനും മാരാമണ്‍ കണ്‍വന്‍ഷനും പാര്‍ട്ടിപത്രം സപ്‌ളിമെന്റിറക്കുന്നതും നോമ്പിന്‌ ഇഫ്‌താര്‍ നടത്തുന്നതും ഒന്നും കാണാതെയാണോ മാഷേ.

വര്‍ഗശത്രുക്കള്‍ പറയുന്നതും എഴുതുന്നതും സഖാക്കള്‍ മൈന്‍ഡ്‌ ചെയ്യേണ്ട. മതവുമായി ഇടഞ്ഞാലും ഇണങ്ങിയാലും അപക്വമാധ്യമങ്ങള്‍ വിമര്‍ശിക്കും. ഇടഞ്ഞാല്‍ മതവിരുദ്ധരും നാസ്‌തികരുമാണ്‌ എന്ന്‌ ആക്ഷേപിക്കും. ഇണങ്ങിയാല്‍ കമ്യൂണിസം വെടിഞ്ഞ്‌ വോട്ടിന്‌ വേണ്ടി മതപ്രീണനം നടത്തുന്നുവെന്ന്‌ ആക്ഷേപിക്കും. രണ്ടായാലും ആക്ഷേപം ഉറപ്പായ സ്ഥിതിക്ക്‌ ആക്ഷേപവും വോട്ടും ഉറപ്പാക്കുകയാണ്‌ ബൂദ്ധി. അതിനുള്ള പണിയാണ്‌ നടക്കുന്നത്‌.
********
കമ്യൂണിസ്റ്റുകാരുടെ ഓരോരോ തമാശകളേയ്‌. പി.ജയരാജന്‍ മഞ്ഞപ്പത്രത്തെക്കുറിച്ചേ എന്‍സൈക്ലോപീഡിയ നോക്കി മനസ്സിലാക്കിയിരുന്നുള്ളൂ. ജയരാജന്റെ നാട്ടുകാരന്‍ തന്നെയായ ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായര്‍ മഞ്ഞ കമ്യൂണിസത്തെക്കുറിച്ചും മനസ്സിലാക്കിയിരിക്കുന്നു. ദ ഗ്രേറ്റ്‌ സോവിയറ്റ്‌ എന്‍സൈക്ലോപീഡിയയിലാണത്രെ ആ വാക്കും അര്‍ഥവും കൊടുത്തിരിക്കുന്നത്‌. തൊഴിലാളിവര്‍ഗത്തെയും വിപ്ലവത്തെയും വഞ്ചിക്കുകയും തൊഴിലാളിപ്രഭുക്കന്മാരാവുകയും ചെയ്യുന്നവരാണ്‌ മഞ്ഞ കമ്യൂണിസ്റ്റുകാര്‍. ക്രൂഷ്‌ചേവിന്‌ മുമ്പ്‌ തന്നെ ഈ പ്രയോഗം പ്രാബല്യത്തില്‍ വന്നിരുന്നു. പിണറായി വിജയന്‍, തോമസ്‌ ഐസക്‌ എന്നിവരും ജയരാജന്മാരും കൊണ്ടുനടക്കുന്ന പാര്‍ട്ടിക്കാണത്രെ ഇത്‌ ചേരുക. ഇവര്‍ കേരളത്തില്‍ പാര്‍ട്ടി നേതൃത്വത്തില്‍ എത്തുമെന്ന കാര്യം അന്നുള്ളവരെങ്ങനെ മുന്‍കൂട്ടിയറിഞ്ഞു എന്ന്‌ ബര്‍ലിന്‍ വിശദീകരിച്ചുകണ്ടില്ല. ദ ഗ്രേറ്റ്‌ സോവിയറ്റ്‌ യൂണിയന്‍ ഇല്ലാതായെങ്കിലും ആ എന്‍സൈക്ലോപീഡിയ എവിടെയെങ്കിലും കാണാതിരിക്കില്ല. ഒരു കോപ്പി സംഘടിപ്പിച്ച്‌ എ.കെ.ജി സെന്ററില്‍ എത്തിച്ചുകൊടുത്താല്‍ ജയരാജന്‌ വായിച്ചുപഠിക്കാമായിരുന്നു.

കാലാന്തരേ പ്രയോഗങ്ങള്‍ക്ക്‌ പുതിയ അര്‍ഥങ്ങള്‍ കൈവരും. മഞ്ഞപ്പത്രത്തിന്റെ ഇന്നത്തെ അര്‍ഥം പഴയ യെല്ലോബോയ്‌ കാര്‍ട്ടൂണ്‍ കാലത്തേതല്ല. ഉദ്‌ഭവിച്ച കാലത്തെ അര്‍ഥമാണ്‌ നോക്കുന്നതെങ്കില്‍ ഇടതുപക്ഷജനാധിപത്യമുന്നണി അവരുടെ പേരും ബോര്‍ഡും മാറ്റേണ്ടി വരും. ഫ്രഞ്ച്‌ വിപ്ലവകാലത്ത്‌ പാര്‍ലമെന്റില്‍ അധ്യക്ഷവേദിയുടെ ഇടതുഭാഗത്ത്‌ ഇരുന്ന അംഗങ്ങളായിരുന്നു ആദ്യഇടതുപക്ഷം. അവര്‍ സോഷ്യലിസത്തെക്കുറിച്ച്‌ ചിന്തിച്ചിട്ട്‌ പോലുമില്ലായിരുന്നു. സ്വകാര്യസ്വത്തിനും സ്വതന്ത്രവ്യാപാരത്തിനും അനുകൂലമായിരുന്നു അവര്‍ എന്നും എന്‍സൈക്ലോപീഡിയകളില്‍ കാണുന്നു. കമ്യൂണിസ്റ്റ്‌ എന്ന വാക്കിന്റെ അര്‍ഥം തന്നെ മാറിക്കൊണ്ടിരിക്കുന്നു. പിന്നെയല്ലേ മഞ്ഞയുടെയും പച്ചയുടെയും കാര്യം.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

വര്‍ക്കിങ്ങ് ജേണലിസ്റ്റ് ആക്റ്റും വേജ് ബോര്‍ഡും ഇല്ലാതാക്കി

കേരള മാധ്യമങ്ങളുടെ ആറു പതിറ്റാണ്ട്

ഐ.വി ബാബു: നിലപാടുകളില്‍ ഉറപ്പ്, സ്‌നേഹത്തിന്റെ സമൃദ്ധി