ഹര്‍ത്താല്‍ പകര്‍ച്ചവ്യാധി


പകര്‍ച്ചപ്പനിക്കെതിരെ പത്തനംതിട്ടയില്‍ പ്രയോഗിച്ച ആന്റി ബയോട്ടിക്‌സ്‌ വളരെ ഫലപ്രദമാണെന്ന്‌ കണ്ടതിന്റെ അടിസ്ഥാനത്തിലാവണം ചൊവ്വാഴ്‌ച കേരളം മുഴുവന്‍ പ്രയോഗിക്കാന്‍ യു.ഡി. എഫ്‌ തീരുമാനിച്ചത്‌. നേരത്തെ ആയിരം വട്ടം പലതിനും ഉപയോഗിച്ചിട്ടുള്ള മരുന്നായതുകൊണ്ട്‌ അതിന്‌ ഫലപ്രാപ്‌തി ഉണ്ടായില്ലെങ്കിലോ എന്ന്‌ സംശയിച്ചാണ്‌ ടെസ്റ്റ്‌ഡോസ്‌ പത്തനംതിട്ടയില്‍ പരീക്ഷിച്ചത്‌. അസ്സല്‌ മരുന്ന്‌.

പനി ബാധിച്ച ഒരാളെ ഹര്‍ത്താല്‍ രാക്ഷസന്മാര്‍ വഴി തടഞ്ഞതു കാരണം ആസ്‌പത്രിയില്‍ കൊണ്ടുപോകാന്‍ കഴിയാതെ അന്തരിച്ചതായി പത്രറിപ്പോര്‍ട്ടുണ്ടായിരുന്നു. ചൊവ്വാഴ്‌ച ഇത്‌ സംസ്ഥാനം മുഴുവന്‍ പ്രയോഗിക്കുന്നതാണ്‌. എത്ര പനിരോഗികളെ അന്തരിപ്പിക്കാനാണ്‌ ടാര്‍ഗെറ്റ്‌ ഫിക്‌സ്‌ ചെയ്‌തിരിക്കുന്നത്‌ എന്നറിയില്ല.

യു.ഡി.എഫ്‌ അല്ല ഭരിക്കുന്നത്‌ എന്ന വിവരം കിട്ടിയാണ്‌ പല വിധ രോഗാണുക്കളെയും ചുമന്ന്‌ കൊതുകുകള്‍ കൂട്ടത്തോടെ ഇങ്ങോട്ട്‌ കുതിച്ചത്‌. യു.ഡി.എഫിന്റെ കെ.കെ.രാമചന്ദ്രന്‍ ആയിരുന്നു ആരോഗ്യമന്ത്രിയെങ്കില്‍ ഇത്തരം നിസ്സാരന്മാര്‍ ഒന്നും അടുക്കുമായിരുന്നില്ല. പ്ലോഗ്‌, കോളറ തുടങ്ങിയ കൂടിയ ഇനങ്ങളുമേ വരുമായിരുന്നുള്ളൂ. ശ്രീമതിട്ടീച്ചറിന്റെ കുഴപ്പമാണിതെല്ലാം. ഇനി ആശ്വസിക്കാം. ഹര്‍ത്താല്‍മരുന്നിന്റെ മാരകസ്വഭാവം അറിയുന്നതുകൊണ്ട്‌ കൊതുകുകള്‍ നാടുവിട്ടേക്കും.

എളുപ്പമുള്ള പണി നമ്മള്‍ ചെയ്യുക, പ്രയാസമുള്ളത്‌ സര്‍ക്കാറിനെ ഏല്‍പ്പിക്കുക എന്നതാണ്‌ ബൂദ്ധി. അതുകൊണ്ടാണ്‌ കൊതുകിനെ ഇല്ലാതാക്കുന്ന പണി സര്‍ക്കാറിനെ ഏല്‍പ്പിക്കുകയും ഹര്‍ത്താല്‍ നടത്തുന്ന പണി നമ്മള്‍ ഏറ്റെടുക്കുകയും ചെയ്‌തത്‌. ഹര്‍ത്താല്‍ നടത്തുന്ന നേരത്ത്‌, യൂത്ത്‌ കോണ്‍ഗ്രസ്സുകാര്‍ക്കും മറ്റ്‌ യു.ഡി.എഫ്‌കാര്‍ക്കും പോയി പത്ത്‌ ചെളിക്കുളം ഓരോ പഞ്ചായത്തിലും വൃത്തിയാക്കിക്കൂടേ എന്ന്‌ ചില ബുദ്ധിയില്ലാത്തവര്‍ ചോദിക്കുന്നുണ്ട്‌. അപ്പോള്‍ ആരാണ്‌ മിസ്റ്റര്‍ ഹര്‍ത്താല്‍ നടത്തുക ?

യു.ഡി.എഫ്‌ ഭരണകാലത്ത്‌ എം.എം. ഹസ്സനെപ്പോലുള്ള യു.ഡി.എഫ്‌ നേതാക്കള്‍ ഹര്‍ത്താലിനെതിരെ സത്യാഗ്രഹമോ അത്യാഗ്രഹമോ ഒക്കെ നടത്തിയിരുന്നു. പ്രതിപക്ഷത്തെത്തിയപ്പോഴേക്ക്‌ ഹര്‍ത്താലിനോടുള്ള സമീപനം മാറിയോ എന്ന്‌ ചോദിക്കുന്നവരുണ്ട.്‌ ഇല്ല, ലവലേശം മാറിയിട്ടില്ല. യു.ഡി.എഫ്‌ ഭരിക്കുമ്പോള്‍ ആരും ഹര്‍ത്താല്‍ നടത്തരുതെന്നേ പറഞ്ഞിട്ടുള്ളൂ. യു.ഡി.എഫ്‌ പ്രതിപക്ഷത്താവുമ്പോള്‍ ആഴ്‌ചയില്‍ ആറുദിവസം ഹര്‍ത്താലാകാം. ഇത്തവണ ഹര്‍ത്താലിന്‌ ഹസ്സനും മറ്റെല്ലാ നേതാക്കളും മുന്‍നിരയില്‍ത്തന്നെ ഉണ്ടാകും, പനിപിടിച്ചുകിടപ്പിലായില്ലെങ്കില്‍.

പകര്‍ച്ചപ്പനിയേക്കാള്‍ വെറുക്കപ്പെടേണ്ടതാണ്‌ ഹര്‍ത്താല്‍ മഹാവ്യാധി എന്ന്‌ കരുതുന്നവരുണ്ട്‌. അത്തരക്കാരാണ്‌ ബഹുഭൂരിപക്ഷം ജനങ്ങളെന്നും കരുതാം. പകര്‍ച്ചവ്യാധിക്കെതിരെ ഹര്‍ത്താല്‍ നടത്താം, ഹര്‍ത്താല്‍ വ്യാധിക്കെതിരെ എന്ത്‌ ചെയ്യാനാകും ? അതിനും നല്ല മാതൃകകള്‍ കേരളത്തിലിപ്പോഴുണ്ട്‌. അതും യു.ഡി.എഫ്‌ അനുയായികള്‍ തന്നെ കാട്ടിത്തന്നതാണ്‌. കുട്ടികളുടെ യാത്രാനിരക്ക്‌ കൂട്ടിയില്ലെങ്കില്‍ കുട്ടികളെ ബസ്സില്‍ കയറ്റില്ലെന്ന്‌ സമീപകാലത്ത്‌ ബസ്‌ ഉടമസ്ഥര്‍ പറഞ്ഞു. അതിനെ യു.ഡി.എഫ്‌ ജൂനിയര്‍മാരായ കെ.എസ്‌.യുക്കാര്‍ എങ്ങനെയാണ്‌ നേരിട്ടത്‌ എന്ന്‌ നോക്കുക. ബസ്‌ ഉടമസ്ഥസംഘടനയുടെ ഓഫീസിലേക്ക്‌ ജാഥയായിച്ചെന്ന്‌ അതങ്ങ്‌ അടിച്ചുപൊളിച്ചു. ഒരിടത്തല്ല, നാലഞ്ച്‌ ജില്ലയില്‍. ഒരൊറ്റ കോണ്‍ഗ്രസ്‌-യു.ഡി.എഫ്‌ നേതാവ്‌ അത്‌ തെറ്റായിപ്പോയെന്ന്‌ പറയാത്ത സാഹചര്യത്തില്‍ അതു ശരിയായിപ്പോയി എന്ന്‌ തന്നെയാണ്‌ അര്‍ഥം. ഇത്‌ എല്ലാവര്‍ക്കും മാതൃകയായി സ്വീകരിക്കാവുന്നതാണ്‌. പനിയെ തോല്‍പ്പിക്കാന്‍ ഹര്‍ത്താല്‍ നടത്തുന്നത്‌ ശുദ്ധതെമ്മാടിത്തമാണെന്ന്‌ അഭിപ്രായമുള്ളവര്‍ക്ക്‌ യു.ഡി.എഫ്‌ ഓഫീസുകളിലേക്ക്‌ ജാഥയായിച്ചെന്ന്‌ പ്രതിഷേധം അറിയിക്കാവുന്നതാണ്‌, ഏതുപോലെ ? കെ.എസ്‌.യു.ക്കാര്‍ ബസ്‌ ഉടമസ്ഥരോട്‌ പ്രകടിപ്പിച്ചതുപോലെ.

പനിവിരുദ്ധഹര്‍ത്താല്‍ എന്ന മൗലികാശയം മറ്റുചില സന്ദര്‍ഭങ്ങളിലും പ്രയോഗിക്കാവുന്നതാണ്‌. മഴക്കാലം കഴിഞ്ഞിട്ടില്ല. വെള്ളപ്പൊക്കം, കൊടങ്കാറ്റ്‌്‌, കടലാക്രമണം... തുടങ്ങിയവ വന്നേക്കാം. എന്തുകൊണ്ട്‌്‌ ഓരോന്ന്‌ അവയ്‌ക്കെതിരെ നടത്തിക്കൂടാ. ഹയ്യോ കഷ്ടം നല്ലൊരവസരം നഷ്ടപ്പെട്ടുപോയി, ഈ ജന്മത്ത്‌ അതുപോലൊന്നു കിട്ടാന്‍ ഭാഗ്യമുണ്ടാകുമെന്ന്‌ തോന്നുന്നില്ല. സുനാമി ഉണ്ടായപ്പോള്‍ നമ്മള്‍ ഭരണത്തിലായിപ്പോയി.....ഒരു ഹര്‍ത്താല്‍...
***********************

വിമോചനസമരത്തിന്റെ രണ്ടാമത്തെ അവതാരം കേരളത്തിലേക്ക്‌ എഴുന്നെള്ളാന്‍ ളോഹയും അങ്കിയുമൊക്കെ തയ്‌പ്പിക്കുന്നുണ്ടത്രെ. എന്തേ അസമയത്ത്‌ ഈ ഉള്‍വിളി ഉണ്ടായത്‌ എന്നറിയില്ല. രണ്ടാം മുണ്ടശ്ശേരി പുതിയ സ്വാശ്രയനിയമം ഉണ്ടാക്കിയപ്പോളില്ലാത്ത വികാരമാണ്‌ ചില അച്ചന്മാര്‍ക്ക്‌ വൈകി ഉണ്ടായത്‌. വികാരങ്ങള്‍ തീരെ ഇല്ലാത്തതിലും ഭേദം വൈകി ഉണ്ടാകുകയാണ്‌ എന്ന്‌ കരുതിയതാകാം.

പാതി കേള്‍ക്കുമ്പോഴേക്ക്‌ ആളുകള്‍ ഇതിനെ രണ്ടാം വിമോചനസമരമെന്നു വരെ മുദ്രകുത്തിക്കളഞ്ഞു. ചരിത്രം ആവര്‍ത്തിക്കുമ്പോള്‍ ഇങ്ങനെയൊരു പ്രശ്‌നമുണ്ടത്രെ. രണ്ടാമത്തേത്‌ പ്രഹസനമായിപ്പോവും. തെളിവിന്‌ അധികദൂരമൊന്നും പോകേണ്ട. തൃശ്ശൂര്‍ അടുത്തുതന്നെയാണല്ലോ രണ്ടാം ഗുരുവായൂര്‍സത്യാഗ്രഹം ഹാസ്യപൊറാട്ട്‌നാടകം അരങ്ങേറിയത്‌. അസ്സല്‍ സത്യാഗ്രഹം നടത്തിയവര്‍ സ്വര്‍ഗത്തിലിരുന്ന്‌്‌ പൊട്ടിച്ചിരിക്കുകയായിരുന്നു എന്നും അതല്ല പൊട്ടിക്കരയുകയായിരുന്നു എന്നും രണ്ട്‌ പക്ഷമുണ്ട്‌. രണ്ടാം വിമോചനസമരത്തിന്റെ കാര്യത്തില്‍ ഈ സംശയം ആര്‍ക്കുമില്ല. മന്നത്ത്‌ പത്മനാഭനും പി.ടി.ചാക്കോയുമൊക്കെ പൊട്ടിച്ചിരിക്കുക തന്നെയായിരുന്നുവെന്നാണ്‌ റിപ്പോര്‍ട്ട്‌. എന്തായാലും വൈകി വന്ന വികാരത്തിന്‌ ശീഘ്രമാണ്‌ സമാപ്‌തിയുമുണ്ടായത്‌. ഇനി ഉടനെയൊന്നും വികാരം വരാനിടയില്ല.

അധ്വാനിക്കുന്നവന്റെയും ഭാരം ചുമക്കുന്നവന്റെയും മക്കള്‍ തെരുവുതെണ്ടട്ടെ എന്ന സ്വാശ്രയവിദ്യാഭ്യാസതത്ത്വത്തില്‍ മാറ്റമൊന്നും വരാനിടയില്ലെന്ന്‌ ഉറപ്പായ നിലയ്‌ക്ക്‌ വിമോചനം ഇശ്ശി കഴിഞ്ഞിട്ട്‌ പോരേ എന്നൊരു സംശയം. കോടതിയില്‍ തോറ്റ്‌ നിരായുധനാണ്‌ ബേബിസ്സാറ്‌. സ്വാശ്രയകോളേജിന്റെ നാല്‌ ചില്ല്‌ എറിഞ്ഞുടക്കാന്‍ രണ്ട്‌ കുട്ടികളെ അയക്കാം എന്നല്ലാതെ കൈയില്‍ വെറെ ഒന്നുമില്ല. കരാറുകള്‍ കൊണ്ട്‌ അച്ചന്മാരുടേയും മറ്റും വിദ്യാഭ്യാസക്കച്ചവടത്തിന്‌ ലാഭം കൂടുന്നേ ഉള്ളൂ.

ഒരു പ്രകോപനം ഉരുണ്ടുകൂടി വരുന്നുണ്ടെന്നത്‌ ശരി. താഴെക്കിട വിദ്യാഭ്യാസസ്ഥാപനങ്ങളുടെ ചുമതല താഴെക്കിട പഞ്ചായത്തുകളെ ഏല്‍പ്പിക്കാന്‍ പോകുന്നു. കെട്ടിടംപണി , അറ്റകുറ്റപ്പണി എന്നിത്യാദി നക്കാപ്പിച്ചകളില്‍ വിദ്യാഭ്യാസവകുപ്പുദ്യോഗസ്ഥര്‍ കാര്യമായി കൈയിട്ടുവാരാറില്ല. ഇക്കാര്യത്തിലും സ്ഥിതിമാറിയേക്കാം. തീര്‍ച്ചയായും കോഴയുടെ നിരക്ക്‌ കൂടുന്നത്‌ ഭരണഘടന വ്യവസ്ഥ ചെയ്‌ത ന്യൂനപക്ഷാവകാശങ്ങളുടെ ലംഘനം തന്നെയായിരിക്കും. ഇതിനെന്ത്‌ പോംവഴി ? ബേബിസ്സാറ്‌ ഇപ്പോള്‍ ഫീസ്‌ കാര്യത്തില്‍ ഉണ്ടാക്കുന്നതുപോലൊരു കരാര്‍ പാര്‍ട്ടി സംസ്ഥാനസെക്രട്ടറിയും മാനേജ്‌മെന്റ്‌ അസോസിയേഷനും തമ്മിലുണ്ടാക്കിയാല്‍ മതിയാകും. മാറിമാറിവരുന്ന ഉദ്യോഗസ്ഥരെപ്പോലെയല്ല, പഞ്ചായത്ത്‌ ഭരിക്കുന്ന സഖാക്കള്‍ റേറ്റ്‌ മാറ്റിക്കൊണ്ടിരിക്കില്ല. മര്യാദക്കാരാണ്‌, എല്ലാറ്റിനും ഒരു വ്യവസ്ഥയും വെള്ളിയാഴ്‌ചയുമുണ്ടാകും.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

വര്‍ക്കിങ്ങ് ജേണലിസ്റ്റ് ആക്റ്റും വേജ് ബോര്‍ഡും ഇല്ലാതാക്കി

കേരള മാധ്യമങ്ങളുടെ ആറു പതിറ്റാണ്ട്

ഐ.വി ബാബു: നിലപാടുകളില്‍ ഉറപ്പ്, സ്‌നേഹത്തിന്റെ സമൃദ്ധി