Friday, 22 February 2013

നവ യുവ തുര്‍ക്കികള്‍


വംശനാശം വന്നു എന്ന് കരുതിയിരുന്ന ഒരു അപൂര്‍വ ഇനം കോണ്‍ഗ്രസ്സുകാരെ ഈയിടെയായി ചിലേടങ്ങളില്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ടുണ്ട്. നെല്ലിയാമ്പതി കുന്നിന്‍പ്രദേശങ്ങളില്‍ ഇവ കൂട്ടമായി വന്നിറങ്ങിയപ്പോഴാണ് സംഗതി മാധ്യമങ്ങളുടെയും പൊതുജനത്തിന്റെയും ശ്രദ്ധയില്‍ പെട്ടത്. യുവതുര്‍ക്കികള്‍ എന്നാണ് ഇക്കൂട്ടരുടെ ശാസ്ത്രീയനാമം എന്ന് രാഷ്ട്രീയ ജൈവശാസ്ത്രജ്ഞര്‍ അഭിപ്രായപ്പെടുന്നു.

എഴുപതുകളില്‍ ഡല്‍ഹിയിലും ചുറ്റുപാടിലുമായിരുന്നു ഈ വിഭാഗത്തെ ഒടുവിലായി കണ്ടിരുന്നത്. കോണ്‍ഗ്രസ്സും കോണ്‍ഗ്രസ്സില്‍ ഇന്ദിരാഗാന്ധിയും കൊടികുത്തിവാണിരുന്ന കാലമായിരുന്നല്ലോ അത്. കോണ്‍ഗ്രസ്സില്‍ തിരുവായ്ക്ക് എതിര്‍വാ ഇല്ലായിരുന്നു. സദാ 'ദേ അടിയന്‍...' എന്ന് ഉച്ചരിച്ച് തോര്‍ത്തുമുണ്ട് കൊണ്ട് വാ പൊത്തി നിന്നാല്‍ മതിയായിരുന്നു. അക്കാലത്താണ് യുവതുര്‍ക്കിയായി ഒരു താടിക്കാരന്‍ പ്രത്യക്ഷപ്പെട്ടത്. ലേശം നരയുണ്ടായിരുന്നെങ്കിലും യുവ തന്നെയായിരുന്നു തുര്‍ക്കി. യുവതുര്‍ക്കി യുവാവോ തുര്‍ക്കിക്കാരനോ ആവേണ്ട കാര്യമില്ലെന്നും പത്തൊമ്പതാം നൂറ്റാണ്ടിന്റെ ഒടുവില്‍ തുര്‍ക്കി സുല്‍ത്താനെതിരെ കലാപം ചെയ്തത് മുഴുവന്‍ യുവാക്കളൊന്നുമായിരുന്നില്ല എന്നും വിശദീകരിക്കപ്പെട്ടതുകൊണ്ട് വിവാദമുണ്ടായില്ല. മുന്‍സോഷ്യലിസ്റ്റായ യുവതുര്‍ക്കി ചന്ദ്രശേഖറിനൊപ്പം പാര്‍ലമെന്റിനകത്തും പുറത്തും പടവാളെടുക്കാന്‍ വേറെ വൃദ്ധതുര്‍ക്കികളുമുണ്ടായിരുന്നു. പാര്‍ട്ടി നേതൃത്വത്തെ മാത്രമല്ല, ടാറ്റ-ബിര്‍ല കുത്തകകളെയും തുര്‍ക്കികള്‍ ലക്ഷ്യം വെക്കുകയുണ്ടായി. ഇതുകൊണ്ടൊന്നും ഇന്ദിരാഗാന്ധിക്കോ കുത്തകമുതലാളിമാര്‍ക്കോ അപകടമൊന്നും ഉണ്ടായില്ല. ജെ.പി.യുടെ സമ്പൂര്‍ണവിപ്ലവത്തെ തുര്‍ക്കികള്‍ പിന്താങ്ങി. ഇന്ദിരാജിയുടെ  അടിയന്തരാവസ്ഥാ പ്രഖ്യാപനത്തെ എതിര്‍ക്കുകയും ചെയ്തു. പോരേ പൂരം. പ്രതിപക്ഷ നേതാക്കളെ അറസ്റ്റ് ചെയ്യും മുമ്പ് ഇന്ദിരാജി അറസ്റ്റ് ചെയ്യിച്ചത് ഈ താടിക്കാരനെയും കൂട്ടാളികളെയുമായിരുന്നു. അതോടെ യുവതുര്‍ക്കി പ്രസ്ഥാനം കുറ്റിയറ്റുപോയി.

ഇതൊക്കെ ഓര്‍മിപ്പിച്ചത് പുത്തന്‍ യുവതുര്‍ക്കികളെ പേടിപ്പിക്കാനൊന്നുമല്ല കേട്ടോ. സധൈര്യം വണ്ടി വിട്. ഒരു വിധത്തില്‍ നോക്കിയാല്‍ ഇന്ദിരാഗാന്ധിയെ എതിര്‍ത്ത് ജയിലില്‍ പോയവരാണ് ഭാഗ്യവാന്മാര്‍. എതിരാളിക്ക് ചില്ലറ നിലവാരമെങ്കിലുമുണ്ടാകുന്നതാണ് എതിര്‍ക്കുന്നവരുടെയും ഭാഗ്യം. നാട്ടിന്‍പുറത്ത് പറയുന്ന ഒരു വര്‍ത്തമാനമുണ്ട്. കക്കൂസ് മുറിച്ച് ജയിലില്‍ പോകരുത് എന്ന്. പൊന്നും പണവുമുള്ള വീട്ടില്‍ വേണം കഷ്ടപ്പെട്ട് ജനലഴി മുറിക്കാനും കയറാനും. നെല്ലിയാമ്പതിയില്‍ ചെന്ന് പി.സി.ജോര്‍ജിന്റെ മുന്തിയ മഹദ്വചനങ്ങള്‍ കേള്‍ക്കേണ്ടിവന്നു യുവതുര്‍ക്കി പ്രസ്ഥാനത്തിന്റെ ഔപചാരിക ഉദ്ഘാടനം നടത്താന്‍. ചില തരം പ്രതിഭാസങ്ങളെ നേരിടേണ്ടി വരുമ്പോഴുണ്ടാകുന്ന ദുരന്തമുണ്ട്. എതിര്‍ക്കുന്നവര്‍ക്കും ആ നിലവാരത്തിലേക്ക് ' ഉയരേണ്ടി 'വരും. അതോടെ കഥ കഴിയും.

യുവതുര്‍ക്കിപ്പണി ഒരു മലകയറ്റത്തിലോ ഭൂമി വിവാദത്തിലോ തീരുന്ന ഏര്‍പ്പാടല്ല. പത്രപ്രസ്താവന കൊണ്ടുമാത്രം നിലനില്‍ക്കാനാവില്ല. പ്രസ്താവനയിറക്കല്‍ പോലും അപകടകമാവുന്ന പ്രദേശമാണിന്ന് കേരളം.  മതം, ജാതി, ഭൂമി, റിയല്‍ എസ്റ്റേറ്റ് തുടങ്ങി ഡസന്‍കണക്കിന് ദിവ്യപശുക്കളുണ്ട്. ഇവയ്‌ക്കെതിരെ ആരും ഒന്നും മിണ്ടിക്കൂടാ. ഒരു പ്രസ്താവനയുടെ അറ്റം എവിടെയെങ്കിലും തൊട്ടുപോയാല്‍ വാളെടുത്ത് ചാടി വരിക ആ ദിവ്യപശുക്കളല്ല. അവയുടെ സംരക്ഷകരായ മനുഷ്യരൂപമുള്ള ഹിംസ്രജീവികളാണ്. സാധാരണ മനുഷ്യര്‍ക്ക് ഇവരുമായി ഇടപെടാന്‍ തന്നെ പ്രയാസമാണ്. കടിച്ചുകീറി കൊന്നുതിന്ന് എല്ലും മുള്ളും മാത്രം അവശേഷിപ്പിച്ചേ അവ തിരിച്ചുപോകൂ. വി.എം. സുധീരനെ പോലൊരു നിത്യഹരിത യുവതുര്‍ക്കിയെപ്പോലും ഇവര്‍ വെറുതെ വിടുകയുണ്ടായില്ല എന്നോര്‍ക്കണം.

കോണ്‍ഗ്രസ്സില്‍ പലയിനം യുവതുര്‍ക്കി വേഷങ്ങളും പ്രസ്ഥാനങ്ങളുണ്ടായിട്ടുണ്ട്. നടേ പറഞ്ഞ താടിക്കാരന് ജയില്‍വാസം വലിയ മുതല്‍മുടക്കായി. അടിയന്തരാവസ്ഥ കഴിഞ്ഞ് ജയില്‍മോചിതനായ ശേഷം വെച്ചടി കേറ്റമായിരുന്നു. നേരെ ചെന്ന് ജനതാപാര്‍ട്ടി എന്ന ഭരണകക്ഷിയുടെ അദ്ധ്യക്ഷനായി. ഒടുവില്‍ ചില്ലറ ആദര്‍ശപരമായ കാലുമാറ്റങ്ങള്‍ നടത്തി ഇന്ത്യയുടെ പ്രധാനമന്ത്രിയുമായി. മറ്റിനം യുവതുര്‍ക്കി വിഭാഗത്തില്‍ പെടുന്നവരാണ് നമ്മുടെ ഉമ്മന്‍ ചാണ്ടിയും എ.കെ.ആന്റണിയും വയലാര്‍ രവിയുമെല്ലാം. ഇടപാട് ആര്‍ക്കും നഷ്ടക്കച്ചവടമായില്ല. പരിണാമങ്ങളും പരിവര്‍ത്തനങ്ങളും മുന്നോട്ടുപോയപ്പോള്‍ ഇവരെല്ലാം ഒരോ കസേരകളില്‍ എത്തിപ്പെടുകയും പിന്നെ കസേര തന്നെയാണ് വലുത് എന്ന നിലയെത്തുകയും ചെയ്തു. കസേരകള്‍ രക്ഷിക്കാനുള്ള കാലുമാറ്റത്തിന്റെ മൊത്തക്കച്ചവടം ഏറ്റെടുത്തവര്‍ക്കാണോ ബലം അതല്ല മല കയറിയ ആദര്‍ശ തുര്‍ക്കികള്‍ക്കോ എന്ന ചോദ്യമാണിപ്പോള്‍ ഉയര്‍ന്നുവന്നിട്ടുള്ളത്.

നമുക്ക് കാത്തിരുന്നു കാണാമല്ലോ.
***

ധീവരരെ അവഹേളിച്ചതായി അവര്‍ക്ക് തെറ്റായി തോന്നിപ്പോയതിന് പി.സി.ജോര്‍ജ് അവരോട് മാപ്പുചോദിച്ചിരിക്കുന്നു. എന്തൊരു മര്യാദക്കാരന്‍. അവഹേളിച്ചിട്ടില്ല, അതവര്‍ക്ക് തോന്നിയതാണ്. ടി.എന്‍.പ്രതാപന്‍ എം.എല്‍.എ.യെയും അവഹേളിച്ചിട്ടില്ല. അത് അദ്ദേഹത്തിന് തോന്നിപ്പോയതാണ്. പക്ഷേ, അദ്ദേഹത്തോട് മാപ്പ് ചോദിക്കുന്നതല്ല. ജാതി അവഹേളനക്കേസ്സില്‍ കെ.എം.മാണിസ്സാര്‍ വിധി പറഞ്ഞതനുസരിച്ച് പി.സി.ജോര്‍ജ് ധീവരസഭയ്ക്ക് കത്തും നല്‍കി. പ്രശ്‌നം തീര്‍ന്നുവെന്നാണ് കേരളാകോണ്‍ഗ്രസ്സുകാര്‍ വിചാരിക്കുന്നത്.

പി.സി.ജോര്‍ജ് സംഗതിയുടെ യുക്തി വിവരിച്ചിട്ടുണ്ട്. കര്‍ഷക പുത്രനായ താന്‍ കാര്‍ഷിക പ്രശ്‌നങ്ങളില്‍ ഇടപെടുന്നതുപോലെ ധീവരനായ പ്രതാപന്‍ അവരുടെ പ്രശ്‌നങ്ങളിലാണ് ഇടപെടേണ്ടത് എന്നാണ് അദ്ദേഹം പറഞ്ഞത്. പറഞ്ഞതിനേക്കാള്‍ വലുതാണ് പറയാത്ത അര്‍ത്ഥം. ധീവരന്‍ കൃഷിക്കാരന്റെ കാര്യം പറയേണ്ട.  ഓരോരുത്തരും അവര്‍ ജനിച്ച സമുദായത്തിന്റെ കുലത്തൊഴിലിനെ സംബന്ധിക്കുന്ന പ്രശ്‌നങ്ങളിലാണ് ഇടപെടേണ്ടതും അഭിപ്രായം പറയേണ്ടതും. കുലത്തൊഴില്‍ ചെയ്താല്‍മതി എല്ലാവരും എന്ന് അദ്ദേഹം പറഞ്ഞതായി ആരും ആക്ഷേപിക്കരുത്.

യു.ഡി.എഫ് വിപ്പുമുഖ്യന്‍ പറഞ്ഞത്  കേരളാ കോണ്‍ഗ്രസ്സിന്റെയും മുന്നണിയുടെയും ആശയങ്ങള്‍ക്കും നയങ്ങള്‍ക്കും നിരക്കുന്നത് തന്നെയാവണം. അതുകൊണ്ടാണല്ലോ ഞങ്ങളൊന്നും കേട്ടിട്ടില്ലേ എന്ന മട്ടില്‍ അവര്‍ തല കുനിച്ച്  നടക്കുന്നത്. അല്ലാതെ ജോര്‍ജിനെ തൊട്ടുകളിച്ചാല്‍ മുന്നണി ഭരണം തന്നെ ഇല്ലാതാവും എന്ന് ഭയന്നിട്ടൊന്നുമാവില്ല.

                                                                                            ****
കോണ്‍ഗ്രസ്സിലെ പുന:സംഘടനാ യജ്ഞം എന്ന് അവസാനിക്കുമെന്ന് പറയാനാവില്ല. ഇപ്പോഴതിന് അടിയന്തര പ്രാധാന്യം കൈവന്ന ലക്ഷണമുണ്ട്. പലയിനം വിമാനങ്ങളില്‍ പലരും ഡല്‍ഹിക്കു പറന്നതായും അടിയന്തര ചര്‍ച്ചകളില്‍ ഏര്‍പ്പെട്ടതായും തിരിച്ചുവന്നതായും വാര്‍ത്തകളില്‍ കാണുന്നു. പുന:സംഘടനാശ്രമം തുടങ്ങിയിട്ട് ആറേഴുവര്‍ഷമായെന്നാണ് ചരിത്രമറിയുന്നവര്‍ പറയുന്നത്. നാല് വര്‍ഷം മുമ്പ് ഒരു പാട് ജനറല്‍ സിക്രട്ടറിമാരും ഡി.സി.സി പ്രസിഡന്റുമാരും എം.പി.മാരായപ്പോള്‍ സംഗതിക്ക് അടിയന്തര പ്രാധാന്യം കൈവന്നതാണ്. ചിലര്‍ എം.പി.സ്ഥാനവും പാര്‍ട്ടിസ്ഥാനവും കഷ്ടപ്പെട്ട് വഹിക്കുന്നത് കണ്ട് സഹതാപം തോന്നിയപ്പോഴാണ് ഒരാള്‍ക്ക് ഒരു പോസ്റ്റ്, എല്ലാവര്‍ക്കും പോസ്റ്റ് എന്ന തത്ത്വം പ്രയോഗിക്കാന്‍ ആഹ്വാനമുണ്ടായത്. അതിനാണ് ഉടന്‍ പുന: സംഘടന വേണം എന്ന് ആവശ്യപ്പെട്ടതും. ഇനി പെട്ടന്ന്  നടത്തിയേ തീരൂ. അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പ് ഇതാ എത്തിപ്പോയി. തിരഞ്ഞെടുപ്പ് നടന്നാല്‍ ഗുലുമാലാകും. ഇപ്പോഴത്തെ എം.പി.മാര്‍ പലരും അതല്ലാതാവും. പിന്നെ അവര്‍ പ്രസിഡന്റ് സ്ഥാനവും പി.സി.സി. സിക്രട്ടറിസ്ഥാനവും തിരിച്ചുചോദിച്ചേക്കും. ആകപ്പാടെ പ്രശ്‌നമാകും.  

കോണ്‍ഗ്രസ്സില്‍ ഗ്രൂപ്പില്ലാതായ വിവരം അറിഞ്ഞിരിക്കുമല്ലോ. പ്രസിഡന്റ് രമേശ് ചെന്നിത്തലയും മുഖ്യമന്ത്രിയുമൊക്കെ അത് പലവട്ടം ഉറപ്പിച്ച് പറഞ്ഞതാണ്. വിശ്വാസമായിട്ടില്ല അല്ലേ. സാരമില്ല. ഗ്രൂപ്പില്ലെങ്കിലും ഭാരവാഹികളെ തിരഞ്ഞെടുക്കുന്നതിന് ഒരു ജനാധിപത്യ രീതി വേണമല്ലോ. മെമ്പര്‍ഷിപ്പ്, സംഘടനാതിരഞ്ഞെടുപ്പ്, മത്സരം തുടങ്ങിയ രീതികളൊന്നും കോണ്‍ഗ്രസ്സിന്റെ ശരീരക്കൂറിന് നിരക്കുന്നതല്ല. സി.പി.എമ്മില്‍ കാറ്റും വെളിച്ചവും കടന്നാല്‍ അത് തകര്‍ന്നുപോകും എന്നുപണ്ടുപറഞ്ഞതുപോലെ കോണ്‍ഗ്രസ്സില്‍ തിരഞ്ഞെടുപ്പ് കടന്നാല്‍ സംഘടനയുടെ ശ്വാസം നിലക്കും. പല പല ഗ്രൂപ്പുകളായി തിരിഞ്ഞ് ഓരോരുത്തരും സ്വന്തക്കാരുടെ പേരുകള്‍ ശുപാര്‍ശ ചെയ്യുക, സ്ഥാനങ്ങള്‍ ഓഹരി വെക്കുക എന്നതായിരുന്നു പഴയ രീതി. ഇപ്പോള്‍ ഗ്രൂപ്പില്ല. ഉള്ളത് മുന്‍ ഗ്രൂപ്പുകളാണ്. ഓരോരുത്തരും പഴയ ഗ്രൂപ്പിന്റെ പേര് പറഞ്ഞ് സ്ഥാനം ചോദിച്ചുകൊള്ളുക. മുന്‍ എ. ഗ്രൂപ്പിന് ഏഴ് പ്രസിഡന്‍്‌റ് സ്ഥാനം. മുന്‍ വിശാലാക്ഷി, ക്ഷമിക്കണം, വിശാല ഐ ഗ്രൂപ്പിന് ഏഴു സ്ഥാനം എന്ന അനുപാതത്തിലാണ് ഓഹരിവെപ്പ്. വിഭാഗീയതയുമില്ല ഗ്രൂപ്പിസവുമില്ല. എല്ലാം മുന്‍ ഗ്രൂപ്പിനോടുള്ള സ്‌നേഹം മാത്രം. ഇരിക്കുന്ന ഇടം മറന്നാലും വന്ന വഴി മറക്കരുതല്ലോ.

No comments:

Post a comment