മാനനഷ്ടക്കേസ്സും രാഷ്ട്രീയസംവാദവും


മാനനഷ്ടക്കേസ്സിലേക്ക്‌ കേരളത്തിന്റെ മുഴുവന്‍ ശ്രദ്ധയും ആകര്‍ഷിച്ചുകൊണ്ടാണ്‌ പ്രസിദ്ധചിന്തകന്‍ എം.എന്‍.വിജയന്‍ മരിച്ചുവീണത്‌. അത്‌ സംഭവിച്ചത്‌ പ്രസ്‌ ക്ലബ്ബില്‍. അദ്ദേഹത്തിന്റെ ജീവിതം പോലെ മരണവും രാഷ്‌ട്രീയപ്രവര്‍ത്തനമായെന്നും അധിനിവേശത്തിന്റെ രാഷ്ട്രീയത്തിനെതിരായ രക്തസാക്ഷിത്വമായി മാറി ആ മരണമെന്നും പലരും എഴുതിയിട്ടുണ്ട്‌. കാതലായ പ്രശ്‌നം അതാണെന്ന്‌ കരുതുന്നവരോട്‌ തര്‍ക്കിക്കാനൊന്നും പറ്റില്ല. പക്ഷേ, ആ മരണം സൃഷ്ടിച്ച കാറ്റും കോളും അടങ്ങുമ്പോഴെങ്കിലും രു കാര്യം പറയാതെ വയ്യ. പ്രസ്‌തുത കേസ്സിലുണ്ടായ കോടതിവിധി പാഠം മാസിക എഴുതിയതിലെ സത്യമോ വിജയന്‍ മാസ്റ്റര്‍ പൊരുതിമരിച്ച വിഷയത്തിന്റെ ഗൗരവമോ അല്ല പ്രധാനമായി വിളിച്ചുപറയുന്നത്‌. വിധി വിരല്‍ചൂണ്ടുന്നത്‌ എല്ലാവരും വിസ്‌മരിക്കുന്നതെങ്കിലും മാധ്യമരംഗത്തുള്ളവര്‍ക്ക്‌ പ്രാധാന്യമേറിയ സംഗതിയിലേക്കാണ്‌. വിജയന്‍മാസ്‌റ്റര്‍ മരിച്ചത്‌ പ്രസ്‌ക്ലബ്ബിലായി എന്നത്‌ ഇതിലേക്ക്‌ ശ്രദ്ധയാകര്‍ഷിക്കാനുള്ള നിമിത്തമാകേണ്ടതായിരുന്നു. എന്തുകൊണ്ടോ മാധ്യമപ്രവര്‍ത്തകര്‍ പോലും അക്കാര്യം ശ്രദ്ധിച്ചില്ല. മാനനഷ്ടക്കേസ്സുകളുടെ വ്യര്‍ത്ഥതയിലേക്കും രാഷ്ട്രീയസംവാദങ്ങളില്‍ നാം സ്വീകരിക്കേണ്ട വിശാലമായ രാഷ്ട്രീയ ഉദാരതയിലേക്കും ആണ്‌ ഈ കേസ്സിലെ വിധി കേരളീയ സമൂഹത്തിന്റെ ശ്രദ്ധ ക്ഷണിച്ചതെന്ന്‌ പറയേണ്ടിയിരിക്കുന്നു.

ജനാധിപത്യത്തിലെ അഭിപ്രായസ്വാതന്ത്ര്യത്തിന്റെ അതിരുകള്‍ തീരുമാനിക്കാന്‍ പൊതുപ്രവര്‍ത്തകര്‍ നാഴികയ്‌ക്ക്‌ നാല്‍പ്പതുവട്ടം കോടതികളിലേക്ക്‌ പാഞ്ഞുചെല്ലരുതെന്നാണ്‌ ഈ വിധി ഉറപ്പിച്ചുപറയുന്നത്‌. എന്താണ്‌ കേസ്സിന്‌ ആധാരമായത്‌ ? ശാസ്‌തസാഹിത്യപരിഷത്ത്‌ വിദേശത്ത്‌ നിന്ന്‌ പണം പറ്റുന്നവരാണ്‌. സാമ്രാജ്യത്വ അധിനിവേശതാല്‍പ്പര്യമുള്ളവരില്‍ നിന്നാണ്‌ പണം പറ്റിയത്‌. അവരുടെ ദല്ലാളന്മാരാണ്‌. അവര്‍ക്ക്‌ വേണ്ടി ചാരപ്പണി ചെയ്യുന്നവരാണ്‌്‌- എന്ന്‌ തുടങ്ങിയ ആരോപണങ്ങളാണ്‌ പാഠം മാസികയില്‍ എസ്‌.സുധീഷ്‌ എഴുതിയ ലേഖനങ്ങളിലുണ്ടായിരുന്നത്‌. ഇത്‌ മാനനഷ്ടത്തിന്‌ ഇടയാക്കുന്ന ആക്ഷേപങ്ങളാണോ എന്നതാണ്‌്‌ കോടതി ആദ്യം പരിഗണിച്ചത്‌. അതിനെക്കുറിച്ച്‌ കോടതി പറയുന്നു-" ...ഈ ലേഖനങ്ങളും മുഖപ്രസംഗങ്ങളും അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ അടങ്ങിയതാണ്‌ എന്ന്‌ പറയാന്‍ എനിക്ക്‌്‌ ട്ടും സന്ദേഹമില്ല " . ഇത്രയും പറഞ്ഞ കോടതി പിന്നെ പരിശോധിച്ചത്‌ ആരോപണങ്ങള്‍ പൊതുജനങ്ങളുടെ ഇടയില്‍ പരാതിക്കാരായ പരിഷത്തിന്റെ വില ഇടിച്ചിട്ടുണ്ടോ എന്നാണ്‌. അതിനെക്കുറിച്ച്‌ കോടതി വിശദമായ പരിശോധന നടത്തുന്നുണ്ട്‌. ആരോപണങ്ങളുടെ സത്യാവസ്ഥ എന്തുതന്നെയായാലും അത്‌ 'വിദേശഫണ്ടിങ്ങിലൂടെ സാമ്രാജ്യത്വശക്തികള്‍ നടത്തുന്ന പരോക്ഷകോളനിവല്‍ക്കരണം സംബന്ധിച്ച സൂചന പകരുകയേ ചെയ്യുന്നുള്ളൂ എന്നാണ്‌ എന്റെ ദൃഡമായ അഭിപ്രായം' എന്നാണ്‌ കോടതിപറയുന്നത്‌." ...ഇത്തരം പ്രസ്‌താവനകള്‍ പരിഗണിച്ചാല്‍ ദോഷാരോപിത ലേഖനം വായിച്ച്‌ പരിഷത്ത്‌ വിദേശരാജ്യത്തിന്റെ ചാരനായി പ്രവര്‍ത്തിച്ചു എന്ന്‌ സാമാന്യബുദ്ധിയുള്ള ആരും എളുപ്പം ധരിച്ചുപോകും എന്ന്‌ കരുതാനാവില്ല" എന്ന നിഗമനത്തിലാണ്‌ കോടതി എത്തുന്നത്‌.

വിദേശഫണ്ട്‌ പരിഷത്തിന്‌ ലഭിക്കുന്നുണ്ട്‌ എന്നത്‌ സത്യമാണെന്ന്‌ കണ്ടെത്തുന്നുണ്ടെങ്കിലും ` ചാരവൃത്തി തുടങ്ങിയ അമിതമായ പദപ്രയോഗങ്ങള്‍ യുക്തിബോധമുള്ള വായനക്കാരനും പരിഷത്തിനെക്കുറിച്ച്‌ തെറ്റിദ്ധാരണ സൃഷ്ടിക്കില്ലെന്നും ആരോപണങ്ങള്‍ സംഘടനയുടെ സല്‍ക്കീര്‍ത്തിക്ക്‌ ദോഷമുണ്ടാക്കില്ലെന്നുമാണ്‌ എന്റെ അഭിപ്രായം" എന്ന വ്യക്തമായ നിഗമനത്തില്‍ കോടതി എത്തുന്നുണ്ട്‌. ലേഖനങ്ങളും മുഖപ്രസംഗങ്ങളും അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ അടങ്ങിയതാണ്‌ എന്ന്‌ തുടക്കത്തിലും പരിഷത്ത്‌ വിദേശരാജ്യത്തിന്റെ ചാരനായി പ്രവര്‍ത്തിച്ചു എന്ന്‌ സാമാന്യബുദ്ധിയുള്ള ആരും ധരിക്കില്ല എന്ന്‌ പിന്നീടും പറയുന്നതില്‍ വൈരുദ്ധ്യമുണ്ട്‌ എന്ന്‌ തോന്നാവുന്നതാണ്‌. എന്നാല്‍, കോടതി ഉയര്‍ത്തിപ്പിടിക്കുന്ന കാതലായ തത്ത്വം ഇരുപക്ഷത്തുമുള്ള തല്‍പ്പരകക്ഷികള്‍ മറക്കുകയോ മറച്ചുവെക്കുകയോ ആണ്‌ ചെയ്യുന്നത്‌. ഇത്‌ വിദേശഫണ്ടിനേക്കാള്‍ പ്രധാനമായ കാര്യമാണ്‌, ഇത്‌ മാധ്യമപ്രവര്‍ത്തനത്തെയും ജനാധിപത്യത്തിലെ സംവാദങ്ങളെയും സംബന്ധിക്കുന്ന സുപ്രധാനമായ പ്രശ്‌നവുമാണ്‌.

പരിഷത്ത്‌ ചാരസംഘടനയാണ്‌ എന്ന്‌ കോടതി കണ്ടെത്തിയതായി ജനങ്ങളോട്‌ പറയാനാണ്‌ പ്രൊഫ.വിജയനും സുധീഷും തൃശ്ശൂരില്‍ പത്രസമ്മേളനം നടത്തിയത്‌. ഇത്‌ യഥാര്‍ഥമായ സംഗതിയല്ല. കോടതിവിധിയുടെ അര്‍ത്ഥം വേണ്ട രീതിയില്‍ ഉള്‍ക്കൊള്ളാത്തത്‌ കൊണ്ട്‌ സംഭവിച്ചതാണ്‌ അത്‌. പരിഷത്ത്‌ വിദേശപ്പണം പറ്റിയോ, പറ്റിയത്‌ ചാരപ്രവര്‍ത്തനത്തിനാണോ, അത്‌ രാജ്യദ്രോഹമാണോ സാമ്രാജ്യത്വഅധിനിവേശമാണോ എന്ന്‌ തുടങ്ങി പാഠവും അതിലെ ലേഖകരും ഉന്നയിച്ച പ്രശ്‌നങ്ങളൊന്നും കോടതി പരിശോധിച്ചിട്ടില്ല. വിദേശഫണ്ട്‌ വാങ്ങുന്നതിന്റെ ശരിതെറ്റുകളൊന്നും കോടതിയുടെ പരിഗണനയില്‍ വന്നിട്ടുപോലുമില്ല. ആരോപണങ്ങള്‍ മാനനഷ്ടനിയമത്തിന്റെ പരിധിയില്‍ വരുന്ന കുറ്റകൃത്യങ്ങളാണോ എന്നതാണ്‌ കോടതി പരിശോധിച്ചത്‌. മാനനഷ്ടനിയമത്തിന്റെ പരിധിയില്‍ വരുന്ന കുറ്റങ്ങളല്ല എന്ന ശരിയായ നിഗമനത്തിലാണ്‌ കോടതി എത്തിച്ചേര്‍ന്നത്‌. ഇതിനര്‍ഥം പരിഷത്ത്‌ ചാരസംഘടനയാണ്‌ എന്നും അവര്‍ റ്റുകാരും ദല്ലാളന്മാരും ആണ്‌ എന്നും കോടതി അംഗീകരിച്ചു എന്നല്ല. പരിഷത്തിന്റെ ഗവേഷണസ്ഥാപനങ്ങള്‍ക്ക്‌ നെതര്‍ലാന്റ്‌ സര്‍ക്കാര്‍ പ്രോജക്‌റ്റുകള്‍ ഉണ്ടെന്നത്‌ പരിഷത്ത്‌ തന്നെ സമ്മതിച്ച കാര്യമാണ്‌. അത്രത്തോളും സത്യമാണെന്നിരിക്കെ, അതിനെ വിമര്‍ശിക്കാനും അതിരുകടന്നുതന്നെ അധിക്ഷേപിക്കാനും അതിനോട്‌ വിയോജിക്കുന്നവര്‍ക്ക്‌ അവകാശമുണ്ടെന്നുമാണ്‌ കോടതി പറഞ്ഞതിന്റെ അര്‍ഥം. ലോകമെങ്ങുമുള്ള മാധ്യമപ്രവര്‍ത്തകര്‍ ഉന്നയിച്ചുവരുന്ന സുപ്രധാനമായരു തത്ത്വത്തിന്റെ സ്ഥിരീകരണമാണ്‌ എറണാകുളം ചീഫ്‌ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ്‌ ശ്രീ ടി.കെ.മധുവില്‍ നിന്ന്‌ ഉണ്ടായതെന്ന്‌ മാധ്യമപ്രവര്‍ത്തകരെങ്കിലും തിരിച്ചറിയേണ്ടതുണ്ട്‌.

ഇതിനര്‍ത്ഥം പത്രപ്രവര്‍ത്തകര്‍ വിജയന്‍ മാസ്റ്റര്‍-സുധീഷ്‌ പക്ഷത്ത്‌ നില്‍ക്കുന്നുവെന്നല്ല. ഇക്കാര്യത്തില്‍ തീര്‍ത്തും നിഷ്‌പക്ഷമായി നിന്നുകൊണ്ടുതന്നെ പത്രപ്രവര്‍ത്തകര്‍ കോടതിവിധിയെ സ്വാഗതം ചെയ്യേണ്ടതുണ്ട്‌. അതിന്‌ കാരണം, രാഷ്ട്രീയമായ ചര്‍ച്ചകളില്‍ അപകീര്‍ത്തിനിയമം അപ്രസക്തമാണ്‌ എന്നതും അഭിപ്രായപ്രകടനത്തിന്റെ പേരില്‍, അതല്‌പം അതിരുകടന്നതായാല്‍പ്പോലും മാധ്യമപ്രവര്‍ത്തകര്‍ ശിക്ഷിക്കപ്പെടുന്നത്‌ ജനാധിപത്യവ്യവസ്ഥയ്‌ക്ക്‌ ഗുണകരമല്ല എന്നതുമാണ്‌. ലോകമെങ്ങും മാധ്യമരംഗത്തുള്ളവര്‍ ആശങ്കയോടെ ഉന്നയിക്കുന്നതാണ്‌ മാനനഷ്ടക്കേസ്സുകളുമായി ബന്ധപ്പെട്ട പ്രശ്‌നം. ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ അപകീര്‍ത്തി സിവിലും ക്രിമിനലുമായ കുറ്റമാണ്‌. അപകീര്‍ത്തിനിയമത്തിന്റെ ഖഡ്‌ഗം ഡമോക്ലീസിന്റെ വാള്‍ പോലെ അവന്റെ തലയ്‌ക്ക്‌ മുകളില്‍ തൂങ്ങിനില്‍ക്കുന്നത്‌ ഹാനികരമാകുന്നത്‌ സ്വതന്ത്രമാധ്യമപ്രവര്‍ത്തനത്തിന്‌ മാത്രമല്ല, പൗരന്റെ അഭിപ്രായപ്രകടന സ്വാതന്ത്ര്യത്തിനുകൂടിയാണ്‌.

പൊതുരംഗത്തുള്ള വ്യക്തികളെക്കുറിച്ച്‌ അറിയാനുള്ള അവകാശം പൗരന്മാര്‍ക്കുണ്ട്‌. അവരുടെ നല്ലനടപടികള്‍ മാത്രമല്ല ചീത്തനടപടികളും അറിയിക്കാനുള്ള ബാധ്യത മാധ്യമങ്ങള്‍ക്കുണ്ട്‌. അഴിമതി നടത്തുവരെക്കുറിച്ച്‌ ജനങ്ങളെ അറിയിക്കുക ഫോര്‍ത്ത്‌ എസ്റ്റേറ്റിന്റെ ചുമതല തന്നെയാണ്‌. പാഠം മാസികയും ഫോര്‍ത്ത്‌ എസ്റ്റേറ്റിന്റെ ഭാഗം തന്നെയാണ്‌. പാഠത്തിന്റെ വിമര്‍ശനം പൊതുതാല്‍പ്പര്യത്തിലുള്ളതാണ്‌ എന്ന കോടതിയുടെ കണ്ടെത്തല്‍ സുപ്രധാനമാണ്‌. ഇവിടെ വിജയന്‍ മാസ്റ്ററുടെയോ സുധീഷിന്റെയോ സ്വകാര്യമൊന്നുമില്ല. അവര്‍ ഉന്നയിച്ചത്‌ പൊതുസമൂഹത്തിന്റെ കാര്യങ്ങളാണ്‌. അതില്‍ അവര്‍ കൂറെയെല്ലാം കടന്നുപറഞ്ഞിട്ടുണ്ടാകാം. അവര്‍ പറഞ്ഞതെല്ലാം തെറ്റായിരിക്കാം. അതിന്‌ മറുപടിപറയുകയും ജനങ്ങളെ തങ്ങളുടെ നിലപാടും നിലപാടിലെ സത്യസന്ധതയും ബോധ്യപ്പെടുത്തുകയാണ്‌ ജനാധിപത്യത്തിലെ ശരിയായ രീതി. വിജയന്‍ മാസ്റ്റര്‍ക്ക്‌ ഉള്ളതുപോലുള്ള എല്ലാ ജനാധിപത്യവേദികളും പരിഷത്തിനും ലഭ്യമാണ്‌.പാഠം മാസികയ്‌ക്ക്‌ മറുപടി പറയാന്‍ പരിഷത്തിന്‌ അഞ്ചുപാഠം മാസികകള്‍ ഉപയോഗപ്പെടുത്താം. അല്ലാതെ വിജയന്‍ മാസ്റ്ററേയും സുധീഷ്‌ മാസ്റ്ററേയും ജയിലിടുകയോ അവരുടെ മേല്‍ വന്‍തുക പിഴ ചുമത്തുകയോ അല്ല ചെയ്യേണ്ടത്‌. അത്‌ ജനാധിപത്യത്തിലെ സ്വതന്ത്രസംവാദത്തിന്റെ രീതിയേ അല്ല.

പൊതുതാല്‍പ്പര്യം ഉയര്‍ത്തിപ്പിടിച്ചു മാധ്യമങ്ങളില്‍ നടക്കുന്ന വിമര്‍ശനം സാധാരണ അപകീര്‍ത്തിനിയമത്തിന്റെ മാനദണ്ഡങ്ങള്‍ മാത്രം ഉപയോഗിച്ച്‌ വിലയിരുത്തിക്കൂടാ എന്ന്‌ നിയമലോകം ഇന്ന്‌ അംഗീകരിച്ചിട്ടുണ്ട്‌. 1960 ല്‍ അമേരിക്കയില്‍ രു പത്രപരസ്യത്തെത്തുടര്‍ന്നുണ്ടായ അപകീര്‍ത്തിക്കേസ്‌്‌ വഴിത്തിരിവായി. കറുത്ത വര്‍ഗക്കാരായ വിദ്യാര്‍ഥികള്‍ മാര്‍ട്ടിന്‍ ലൂതര്‍ കിങ്ങിന്റെ നേതൃത്വത്തില്‍ പൗരാവകാശങ്ങള്‍ക്ക്‌ വേണ്ടി അന്ന്‌ തെക്കന്‍ സംസ്ഥാനങ്ങളില്‍ പ്രക്ഷോഭം നടത്തുന്നുണ്ടായിരുന്നു. അവര്‍ക്കെതിരെ പോലീസ്‌ നടത്തുന്ന ക്രൂരമായ അടിച്ചമര്‍ത്തലുകള്‍ തുറന്നുകാട്ടുന്നതും വിദ്യാര്‍ഥിപ്രക്ഷോഭത്തിന്‌ പിന്തുണ നല്‍കുന്നതുമായ, 64 പൗരാവകാശപ്രവര്‍ത്തകര്‍ പ്പുവെച്ച മുഴുവന്‍പേജ്‌ പരസ്യം ന്യൂയോര്‍ക്ക്‌ ടൈംസില്‍ പ്രസിദ്ധപ്പെടുത്തി. അതില്‍ ചില വസ്‌തുതാപരമായ പിശകുകളുണ്ടായിരുന്നു. പരസ്യത്തില്‍ പരാമര്‍ശിക്കപ്പെട്ടരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ ഈ തെറ്റുകള്‍ ആയുധമാക്കി, ന്യൂയോര്‍ക്ക്‌ ടൈംസിനും കറുത്തവര്‍ഗക്കാരായ നാല്‌ പുരോഹിതര്‍ക്കും എതിരെ നഷ്ടപരിഹാരത്തിന്‌ കേസ്‌ കൊടുത്തു. പ്രാഥമികകോടതി അഞ്ചുലക്ഷം ഡോളര്‍ നഷ്ടപരിഹാരം നല്‍കാന്‍ വിധിക്കുകയും ചെയ്‌തു. ഇതിനെതിരെ അപ്പീല്‍ കൊടുത്തപ്പോള്‍ 1964 ല്‍ പുറത്തുവന്ന വിധി, ലോകമെങ്ങും പിന്നീട്‌ അപകീര്‍ത്തിനിയമം സംബന്ധിച്ച്‌ നടന്ന എല്ലാ ഗൗരവമുള്ള ചര്‍ച്ചകളിലും ഉദ്ധരിക്കപ്പെടുന്ന തരത്തില്‍ അതിപ്രധാനമായിരുന്നു. ഭരണഘടന ഉറപ്പുനല്‍കുന്ന അഭിപ്രായസ്വാതന്ത്ര്യത്തെയും പത്രസ്വാതന്ത്ര്യത്തെയും പരിമിതപ്പെടുത്തുന്നതാണ്‌ കേസ്സില്‍ കീഴ്‌ക്കോടതിയില്‍ ഉണ്ടായ വിധി എന്ന്‌ സുപ്രീം കോടതി അഭിപ്രായപ്പെട്ടു. ഏതൊരു പൊതുചര്‍ച്ചയിലും കുറെയെല്ലാം അസംബന്ധങ്ങള്‍ പുറത്തുവരുമെന്നും അഭിപ്രായസ്വാതന്ത്ര്യവും പത്രസ്വാതന്ത്ര്യവും നിലനില്‍ക്കണമെങ്കില്‍ അവ കുറെയെല്ലാം അനുവദിക്കപ്പെടേണ്ടതുണ്ടെന്നും ആയിരുന്നു കോടതിയുടെ നിരീക്ഷണം. പരിഷത്തിനെതിരായ പാഠം വിമര്‍ശനത്തിനും ഇതുബാധകമാണ്‌.

പാഠം വിമര്‍ശകരും ഇത്‌ മനസ്സിലാക്കിയിട്ടില്ല. ഞങ്ങളുടെ ആരോപണം തെറ്റെങ്കില്‍ എന്തുകൊണ്ട്‌ അപകീര്‍ത്തിക്കേസ്‌ ഫയല്‍ചെയ്യുന്നില്ല എന്നായിരുന്നു അവരുടെ നിരന്തരമായ വെല്ലുവിളി. രു വര്‍ഷം കഴിഞ്ഞ്‌ വേറെ നിവൃത്തിയില്ലാതെ വന്നപ്പോഴാണ്‌ പരിഷത്ത്‌ കേസ്‌ കൊടുത്തിരിക്കുക എന്ന്‌ തോന്നുന്നു. എന്നാല്‍, എല്ലാ ആരോപണങ്ങളും ആക്ഷേപങ്ങളും, അവ നാണക്കേടുണ്ടാക്കുന്നവയാണെങ്കില്‍ പോലും പൊതുപ്രവര്‍ത്തകര്‍ കോടതിയിലേക്ക്‌ വലിച്ചിഴക്കുന്നത്‌ മിക്കപ്പോഴും അപകീര്‍ത്തിനിയമത്തെക്കുറിച്ച്‌ വേണ്ടത്ര മനസ്സിലാക്കാതെയാണ്‌. പരിഷത്ത്‌ പോലുള്ള സംഘടനകളെങ്കിലും, കോടതിവിധിയല്ല തങ്ങള്‍ക്ക്‌ പ്രധാനം ജനവിധിയാണ്‌ എന്ന്‌ പറയുകയും വസ്‌തുതകള്‍ ജനങ്ങളുടെ മുമ്പില്‍ വെക്കുകയുമാണ്‌ ചെയ്യേണ്ടിയിരുന്നത്‌.

വ്യവഹാരം പൊതുകാര്യങ്ങളിലെ തുറന്ന ചര്‍ച്ചയെയും ജനാധിപത്യപരമായ അഭിപ്രായരൂപീകരണത്തെയും ദോഷകരമായി ബാധിക്കുമെന്നതുകൊണ്ട്‌ നിവൃത്തിയുണ്ടെങ്കില്‍ ദഴിവാക്കപ്പെടേണ്ടതയാണ്‌ വികസിതജനാധിപത്യസമൂഹങ്ങളില്‍ കണക്കാക്കപ്പെടുന്നത്‌. പൊതുപ്രവര്‍ത്തകര്‍ അതൊരു നയമായി സ്വീകരിക്കേണ്ടതുണ്ടെന്ന്‌ തോന്നുന്നു. ആരോപണങ്ങള്‍ പൊതുപ്രവര്‍ത്തനരംഗത്തുണ്ടാവുക സ്വാഭാവികം മാത്രമാണെന്നും മാധ്യമങ്ങള്‍ ഇത്രയേറെ വികസിച്ച ഈ കാലത്ത്‌ ആക്ഷേപങ്ങള്‍ക്ക്‌ മറുപടിപറയാന്‍ കഴിയുന്ന പൊതുപ്രവര്‍ത്തകര്‍ കേസ്‌ കൊടുക്കാന്‍ രുമ്പെടുന്നതിന്‌ ന്യായീകരണമില്ലെന്നുമുള്ള കാഴ്‌ച്ചപ്പാട്‌ വളര്‍ന്നുവരുന്നുണ്ട്‌. പൊതുകാര്യമെന്ന്‌ ഉറപ്പിച്ച്‌ പറയാവുന്ന സംഗതിയില്‍ റിട്ട.ഹൈക്കോടതി ജഡ്‌ജി നടത്തിയ വിമര്‍ശനത്തിനെതിരെ സി.പി.എം സംസ്ഥാനസെക്രട്ടറി പിണറായി വിജയന്‍ ഫയല്‍ ചെയ്‌ത മാനനഷ്ടക്കേസ്സും ഈ ഇനത്തില്‍ പെടുന്നതാണ്‌. മാധ്യമങ്ങളിലോ പൊതുവേദിയിലോ മറുപടി പറയാന്‍ കഴിയാത്ത സാധാരണപൗരനല്ലല്ലോ സി.പി.എം സെക്രട്ടറി.

ക്രിമിനല്‍ മാനനഷ്ടവ്യവസ്ഥ ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെങ്കിലും ബ്രിട്ടനില്‍ സമീപകാലത്തുണ്ടായ ജൂഡീഷ്യല്‍ വ്യാഖ്യാനങ്ങള്‍ വിമര്‍ശകര്‍ക്ക്‌ അനുകൂലമാണ്‌. പിന്നീട്‌ വസ്‌തുനിഷ്‌ഠമല്ലെന്ന്‌ തെളിയിക്കപ്പെട്ടാലും, ഉന്നയിക്കുന്ന സന്ദര്‍ഭത്തില്‍ പരമാവധി ശ്രദ്ധിച്ചും വേണ്ട മുന്‍കരുതല്‍ എടുത്തും ദുരുദ്ദേശമില്ലാതെയും ആണ്‌ ഉന്നയിച്ചിട്ടുള്ളതെങ്കില്‍ അപകീര്‍ത്തിപ്പെടുത്തി എന്ന ആരോപണം ശിക്ഷയിലേക്ക്‌ നയിക്കുകയില്ല എന്ന്‌2001 ല്‍ ബ്രിട്ടീഷ്‌ പ്രഭുസഭ വിധിക്കുകയുണ്ടായി. ഇതോടൊപ്പം മാധ്യമസ്വാതന്ത്ര്യവും വ്യക്തിസ്വാതന്ത്ര്യവും ശക്തിപ്പെടുത്തുന്ന വിധത്തില്‍ പരമാവധി ഉദാരമായി കേസ്സുകള്‍ കൈകാര്യം ചെയ്യാന്‍ പ്രഭുസഭ മാര്‍ഗനിര്‍ദ്ദേശകതത്ത്വങ്ങള്‍ ആവിഷ്‌കരിക്കുകയും ചെയ്‌തു. ഏറ്റവും പ്രധാനകാര്യം മാനഹാനി ആക്ഷേപിക്കപ്പെട്ട പ്രശ്‌നത്തില്‍ പൊതുതാല്‍പ്പര്യമുണ്ടോ എന്നതുതന്നെ.
( മാധ്യമം ആഴ്‌ചപ്പതിപ്പില്‍ നവ. 5 ന്‌ പ്രസിദ്ധപ്പെടുത്തിയത്‌)

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

വര്‍ക്കിങ്ങ് ജേണലിസ്റ്റ് ആക്റ്റും വേജ് ബോര്‍ഡും ഇല്ലാതാക്കി

കേരള മാധ്യമങ്ങളുടെ ആറു പതിറ്റാണ്ട്

ഐ.വി ബാബു: നിലപാടുകളില്‍ ഉറപ്പ്, സ്‌നേഹത്തിന്റെ സമൃദ്ധി