ബലിയാടുകളായി : ഇനി നമുക്കുറങ്ങാം


കേരളം കണ്ട ഏറ്റവും വലിയ വര്‍ഗീയ കൂട്ടക്കൊലയെ സംബന്ധിച്ച അന്വേഷണറിപ്പോര്‍ട്ട്‌ ജനങ്ങള്‍ക്ക്‌ മുന്നില്‍ എത്തിക്കഴിഞ്ഞു. ഇനി കുറച്ചുനാള്‍ ഇതിനെ കുറിച്ചുള്ള വിവാദം അലയടിക്കും. പിന്നെ കെട്ടടങ്ങും.നമ്മളിതെല്ലാം ഏതാനും നാള്‍ക്കകം മറക്കും. ഗവണ്മെന്റ്‌ ഇക്കാര്യത്തില്‍ എന്ത്‌ നടപടിയാണ്‌ സ്വീകരിക്കുക എന്ന ്‌ സങ്കല്‍പ്പിക്കാനാവും. സര്‍ക്കാറിനു കൈകഴുകുന്നതിനും സമൂഹത്തിന സ്വന്തം മന: സാക്ഷിയെ തൃപ്തിപ്പെടൂത്തുന്നതിനും കുറെ ബലിയാടുകളെ കമ്മീഷന്‍ നമുക്ക്‌ കാട്ടിത്തന്നിട്ടുണ്ട്‌. അവരെല്ലാം ഉദ്യോഗസ്ഥന്മാരാണ്‌. ഒരു കളക്റ്ററോ ഒരു കമ്മീഷണറോ ഒരു കോണ്‍സ്റ്റബിളോ അച്ചടക്കനടപടിയെ നേരിട്ടെന്നിരിക്കും. ഒരു കാരണം കാണിക്കല്‍ നോട്ടീസ്‌, ഒരു എന്‍ക്വയറി, ഒരു ചെറു നടപടി...എല്ലാം അവസാനിക്കും.

ഈ ഉദ്യോഗസ്ഥരൊന്നും യഥാര്‍ത്ഥത്തില്‍ കുറ്റവാളികളല്ല.കൃത്യനിര്‍വഹണത്തില്‍ വീഴ്ച വരുത്തി എന്നതാണ്‌ അവര്‍ക്കെതിരെ ഉയര്‍ന്നു വന്ന ആക്ഷേപം. കടുത്ത രാഷ്ട്രീയ സമ്മര്‍ദ്ദങ്ങള്‍ക്കിടയില്‍ അവര്‍ ഉദ്യോഗസ്ഥധര്‍മം മറന്നിരിക്കാം. പക്ഷെ അവരാരും കലാപം ഉണ്ടാക്കാന്‍ പാവപ്പെട്ട മനുഷ്യരെ മസ്തിഷ്കപ്രക്ഷാളനം നടത്തി മൃഗതുല്യരാക്കി മാറ്റിയവരല്ല. അവരാരും രാവും പകലും രഹസ്യകേന്ദ്രങ്ങളില്‍ സംഘടിച്ച്‌ ആയുധം സംഭരിക്കാനും അന്യന്റെ കഴുത്തുവെട്ടാനും ഗൂഡാലോചന നടത്തിയവരല്ല.അവരാരും മനുഷ്യരെ തമ്മിലടിപ്പിച്ച്‌ സ്വന്തം മതത്തിനും പാര്‍ട്ടിക്കും ആളും അധികാരവും ഉണ്ടാക്കാന്‍ ഒരുമ്പെട്ടിറങ്ങിയവരല്ല...... അങ്ങനെ സാമുഹ്യദ്രോഹം ചെയ്തവര്‍ക്കെതിരെ സര്‍ക്കാര്‍ എന്തെങ്കിലും ശിക്ഷാനടപടി സ്വീകരിക്കുമോ ? ഒരു നടപടിയുമുണ്ടാവുകയില്ല. റിപ്പോര്‍ട്ടിന്റെ വരികള്‍ക്കിടയിലൂടെ ഊളിയിട്ടിറങ്ങി ന്യായീകരണങ്ങളും പുകമറകളും കണ്ടെത്താന്‍ ഈ കുറ്റവാളികള്‍ കിണഞ്ഞു ശ്രമിക്കുകയാണിപ്പോള്‍. അവരുടെ ഗീര്‍വാണങ്ങള്‍ മാദ്ധ്യമങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്നുണ്ട്‌. പക്ഷെ ശിക്ഷിക്കപ്പെടാന്‍ പോകുന്ന ഉദ്യോഗസ്ഥന്മാരുടെ ശബ്ദം ആരും കേള്‍ക്കുകയില്ല. കലാപത്തിന്റെ യാതനകള്‍ മുഴുവന്‍ അനുഭവിച്ച , ഇപ്പോഴും അനുഭവിച്ചുകൊണ്ടിരിക്കുന്ന പാവപ്പെട്ട മനുഷ്യരെ കുറിച്ച്‌ ആരും അന്വേഷിക്കുകയുമില്ല.

മാറാട്‌ ഒന്നാം കലാപം, രണ്ടാം കലാപം എന്നിങ്ങനെ പരാമര്‍ശിക്കുന്നുണ്ട്‌ പലരും. മറാട്ട്‌ ഒരു കലാപമേ ഉണ്ടായിട്ടുളളൂ. ആ കലാപത്തില്‍ നാലു പേരേ മരിച്ചിട്ടുള്ളൂ. ഒരാളെ പിറ്റേന്നാണ്‌ കൊന്നത്‌. തലേദിവസത്തെ കൊലകളുടെ പ്രതികാരമാണത്‌ . ആ സംഭവങ്ങള്‍ക്ക്‌ ശേഷം പകയും വിരോധവും ഒക്കെ ഉണ്ടായിരുന്നുവെങ്കിലും ജനങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടലുകളൊന്നും ഉണ്ടായിരുന്നില്ല. കുഴപ്പമുണ്ടാക്കില്ലെന്ന്‌ ഇരുപക്ഷവും വാക്കുകൊടുത്തതാണ്‌. രണ്ടാം കലാപമെന്ന്‌ വിളിക്കപ്പെടുന്ന സംഭവം തികച്ചും ഏകപക്ഷീയവും പ്രകോപനരഹിതവുമായ ഭീകരാക്രമണമായിരുന്നു. ഇത്‌ മുന്‍കൂട്ടി അറിഞ്ഞില്ല, നടപടിയെടുത്തില്ല എന്നെല്ലാം പറഞ്ഞാണ്‌ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കാന്‍ ഇപ്പോള്‍ കമ്മീഷന്‍ ശിപാര്‍ശ ചെയ്തിരിക്കുന്നതും രാഷ്ട്രീയനേതാക്കള്‍ അവരുടെ രക്തത്തിന്‌ വേണ്ടി മുറവിളി കൂട്ടിക്കൊണ്ടിരിക്കുന്നതും. ഈ തോതിലുള്ള ഒരു ഏകപക്ഷീയ ഭീകരാക്രമണം ഉണ്ടാവുമെന്ന്‌ മുന്‍കൂട്ടി കാണാന്‍ ആര്‍ക്കാണ്‌ പറ്റുക ? തത്ത്വത്തില്‍ ഇത്‌ സര്‍ക്കാര്‍ മെഷിനറിയുടെ പരാജയമാണെന്നും സമ്മതിക്കാം. എന്നാലിത്‌ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ മാത്രം പരാജയമാണോ ? മുഴുവന്‍ രാഷ്ട്രീയപാര്‍ട്ടികളുടെയും പൊതുപ്രവര്‍ത്തകരുടെയുമെല്ലാം പരാജയമല്ലേ ? ഈ പരാജയത്തിന്‌ എന്ത്‌ വിലയാണ്‌ ഇവര്‍ നല്‍കാന്‍ പോകുന്നത്‌ ? എന്ത്‌ ശിക്ഷയാണ്‌ ഇവര്‍ക്ക്‌ നാം നല്‍കാന്‍ പോകുന്നത്‌ ? മാറാടും ബേപ്പൂരും നിറഞ്ഞുനില്‍ക്കുന്ന രാഷ്ട്രീയപാര്‍ട്ടികള്‍ക്കും അതിന്റെ നേതാക്കള്‍ക്കുമില്ലാത്ത എന്ത്‌ ബാദ്ധ്യതയാണ്‌ ഇക്കാര്യത്തില്‍ പോലീസുകാര്‍ക്കും റവന്യൂ ഉദ്യോഗസ്ഥന്മാര്‍ക്കുമുള്ളത്‌ ?
അന്വേഷണകമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മാറാട്‌ കലാപം അന്വേഷിക്കാന്‍ സി.ബി.ഐ. യോട്‌ ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്‌. സി.ബി.ഐ. അന്വേഷണം ആവശ്യമാണെന്ന്‌ ഇപ്പോഴെങ്കിലും സര്‍ക്കാറിലുള്ള പാര്‍ട്ടികള്‍ക്ക്‌ ബോധ്യമായിട്ടുണ്ടോ ? ഇത്രയും കാലത്തിനു ശേഷം ഇത്തരമൊരു അന്വേഷണം നടത്തുന്നത്‌ ഗുണമാണോ ദോഷമാണോ എന്ന്‌ പഠിച്ചിട്ടുണ്ടോ ? സംഭവം നടന്നപ്പോള്‍ സി.ബി.ഐ. അന്വേഷണം എന്ന ആവശ്യം ശക്തമായി ഉന്നയിക്കപ്പെടുകയും ചര്‍ച്ച ചെയ്യപ്പെടുകയുമുണ്ടായി. ഇന്ന്‌ ഭരണത്തിലും പ്രതിപക്ഷത്തും ഇരിക്കുന്നവര്‍ എന്തു കൊണ്ടു അന്ന്‌ ഇങ്ങനെ ചെയ്തില്ല ? പലായനം ചെയ്യേണ്ടി വന്ന നൂറുകണക്കിന്‌ ആളുകള്‍ക്ക്‌ സ്വന്തം വീടുകളിലേക്ക്‌ തിരിച്ചുവരാന്‍ കഴിയുന്ന വിധത്തിലുള്ള ഒത്തുതീര്‍പ്പ്‌ സി.ബി.ഐ അന്വേഷണം പ്രഖ്യാപിച്ചാല്‍ സാദ്ധ്യമാവുമെന്നറിഞ്ഞിട്ടും അത്‌ നടക്കാതിരിക്കാന്‍ ഗൂഡാലോചന നടത്തിയത്‌ ആരെല്ലാമായിരുന്നു ? മുസ്ലിം ലീഗിന്റെ നേതൃത്വം പോലും അന്വേഷണത്തിന്‌ സന്നദ്ധമായപ്പോള്‍ ഗൂഡമായി അന്വേഷണം ടോര്‍പ്പിഡോ ചെയ്യപ്പെടുകയാണുണ്ടായതെന്ന്‌ ,കോഴിക്കോട്‌ പ്രസ്‌ ക്ലബ്ബ്‌ പ്രസിഡന്റെന്ന നിലയില്‍ ചില ഒത്തുതീര്‍പ്പ്‌ ചര്‍ച്ചകളില്‍ പങ്കാളിയായിരുന്ന ഈ ലേഖകനറിയാം. എന്തായിരുന്നു അവരുടെ ഉദ്യേശ്യം ? വീണ്ടുമിതെല്ലാം ചര്‍ച്ച ചെയ്ത്‌ അന്തതരീക്ഷം കലുഷിതമാക്കണമെന്ന്‌ പറയുകയല്ല. ഞങ്ങളുടെ കൈകള്‍ ശുദ്ധമാണെന്ന്‌ അഭിനയിച്ച്‌ ഒഴിഞ്ഞുമാറാന്‍ നോക്കുന്ന ഓരോത്തരേയും ജനങ്ങള്‍ തിരിച്ചറിയണമെന്ന്‌ മാത്രം പറയുകയാണ്‌. ഇത്‌ രാഷ്ട്രീയത്തിന്റെ പ്രശ്നമല്ല , ജനങ്ങളുടെ ജീവിതത്തിന്റെ പ്രശ്നമാണ്‌. വര്‍ഗീയതയുടെ എല്ലാ ഗൂഡഅജന്‍ഡകളും തിരിച്ചറിയാനുള്ള കരുത്തും ബോധവും ജനങ്ങള്‍ക്കുണ്ടാവുക മാത്രമാണ്‌ ഇത്തരം ദുരന്തങ്ങള്‍ക്കെതിരായ മുന്‍കരുതല്‍.

29.09.2006

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

വര്‍ക്കിങ്ങ് ജേണലിസ്റ്റ് ആക്റ്റും വേജ് ബോര്‍ഡും ഇല്ലാതാക്കി

കേരള മാധ്യമങ്ങളുടെ ആറു പതിറ്റാണ്ട്

ഐ.വി ബാബു: നിലപാടുകളില്‍ ഉറപ്പ്, സ്‌നേഹത്തിന്റെ സമൃദ്ധി