ഓണ്‍ലൈന്‍ കോണ്‍ഗ്രസ്‌


കാലം ഇങ്ങനെ മാറുമെന്നൊന്നും കെ. കരുണാകരനു സങ്കല്പിക്കാന്‍ കഴിഞ്ഞിട്ടുണ്ടാവില്ല. അതു സ്വാഭാവികം മാത്രം. ഇരുപത്തഞ്ചു ഷീറ്റുള്ള കാല്‍ലക്ഷം മെമ്പര്‍ഷിപ്പ് പുസ്തകങ്ങള്‍ വേണം എന്ന് അദ്ദേഹം ആവശ്യമുന്നയിച്ചപ്പോള്‍ കെ.പി.സി.സി. പ്രസിഡന്റ് രമേശ് ചെന്നിത്തല പത്രക്കാര്‍ മുഖേന നല്കിയ മറുപടി കേട്ടില്ലേ....സൈറ്റില്‍ ചെന്നെടുത്തോളാന്‍. അംഗത്വപുസ്തകം കിട്ടാന്‍ എ.ഐ.സി.സി.യിലോ കെ.പി.സി.സി.യിലോ ചെന്ന് ക്യൂ നില്ക്കുകയോ ഭാരവാഹികളുടെ കാലു തിരുമ്മുകയോ ചെയ്യുക എന്നതാണ് പാര്‍ട്ടിയിലെ പരമ്പരാഗതമായ രീതി. ലീഡര്‍ക്ക് �ഒരിക്കലും അതിന്റെ ആവശ്യമുണ്ടായിട്ടില്ല. എണ്ണം അറിയിച്ചാല്‍ സാധനം പാര്‍സലായി ലോറിയില്‍ എത്തിച്ചുകൊടുക്കാറാണ് പതിവ്. അതാണിപ്പോള്‍ ഒരു മുന്നറിയിപ്പുമില്ലാതെ മാറ്റിയിരിക്കുന്നത്. ഇന്റര്‍നെറ്റില്‍ ചെന്ന് എ.ഐ.സി.സി.യുടെ സൈറ്റ് തുറന്നാല്‍ മതിയത്രെ. കുന്ത്രാണ്ടത്തിന്റെ വിലാസവും പത്രത്തിലുണ്ട്. മേമ്പ്രാകാനുള്ള അപേക്ഷാഫോറം അതില്‍ കാണും. ആറേകാല്‍ ലക്ഷം ഫോമുകളല്ലേ ലീഡര്‍ വേണമെന്ന് പറഞ്ഞത്?എന്തിന് ആറേകാലാക്കുന്നു, പത്തേകാലായിക്കൊള്ളട്ടെ. ഓണ്‍ലൈനായി ഇറക്കുമതി ചെയ്യാം. ഡൗണ്‍ലോഡിനു പ്രത്യേക കാശൊന്നും കൊടുക്കേണ്ട. ഫോറം പൂരിപ്പിച്ച് അംഗത്വഫീസ് സഹിതം പാര്‍ട്ടിയെ ഏല്പിച്ചാല്‍ മതിയാകുമത്രെ.

റെയില്‍വേ ടിക്കറ്റ് ബുക്കു ചെയ്യുന്നതിനേക്കാള്‍ എളുപ്പത്തില്‍ കോണ്‍ഗ്രസ്സില്‍ അംഗത്വത്തിന് അപേക്ഷിക്കാമെന്നത് അത്യന്തം ജനാധിപത്യപരമാണെന്ന് പറയേണ്ടതില്ല. താത്പര്യമുള്ളവര്‍ക്കെല്ലാം പാര്‍ട്ടിയില്‍ അംഗങ്ങളാകാമെന്നും രമേശ് ചെന്നിത്തല പറഞ്ഞതായാണ് റിപ്പോര്‍ട്ട്. കെ. മുരളീധരന്റെ കാര്യം ഇതില്‍പ്പെടുമോ എന്നറിയില്ല. പെടാനിടയില്ല, അതുവേറെ കേസ്. എന്തായാലും ഇത്ര ഉദാരമായി അംഗത്വം നല്കുന്ന പാര്‍ട്ടി വേറെ ഇല്ലെന്ന ബോധ്യത്തില്‍ കോണ്‍ഗ്രസ്സായിക്കളയാമെന്നു വിചാരിച്ച് പാര്‍ട്ടിയുടെ ഓണ്‍ലൈന്‍ ഓഫീസില്‍ പലരും കേറിനോക്കിയതായി റിപ്പോര്‍ട്ടുണ്ട്. അങ്ങനെ കേറിയവര്‍ പലരും നിരാശരായെന്നും ചിലര്‍ ഭയന്നു പിന്മാറിയെന്നും വേറെ എക്‌സ്‌ക്ലൂസീവ് റിപ്പോര്‍ട്ടുണ്ട്. താത്പര്യമുള്ളവര്‍ക്കെല്ലാം അംഗമാകാമത്രെ. അങ്ങോട്ടു ചെന്നാലേ കാര്യത്തിന്റെ കിടപ്പ് മനസ്സിലാകൂ. അപേക്ഷിക്കുംമുമ്പ് പാര്‍ട്ടിയുടെ ഭരണഘടനയിലെ ചില വകുപ്പുകള്‍ വായിച്ചറിയണമെന്നു തുടക്കത്തിലേ പറയുന്നുണ്ട്. എന്നാലതൊന്നു വായിച്ചുകളയാമെന്നു വിചാരിച്ച് തപ്പിനോക്കിയാല്‍ സംഗതി കാണില്ല. കോണ്‍സ്റ്റിറ്റിയൂഷണ്‍ എന്നൊരു മേശവലിപ്പില്‍ ബോര്‍ഡെഴുതിയിട്ടുണ്ടെങ്കിലും അതിനകം കാലിയാണ്. ഗ്രേറ്റ് ബ്രിട്ടനെപ്പോലെ ലിഖിത ഭരണഘടനയില്ലാത്ത പ്രസ്ഥാനമാണ് കോണ്‍ഗ്രസ് എന്നത് വെറുമൊരു അപവാദമാണ്. സംഗതിയുണ്ട്. കണ്ടവര്‍ കുറവാണെന്നു മാത്രം. എന്തായാലും ഓണ്‍ലൈനില്‍ അപേക്ഷാഫോറമേ ഉള്ളൂ. ഭരണഘടനയില്ല. ഓണ്‍ലൈനായി അംഗത്വത്തിന് അപേക്ഷിക്കാന്‍പറ്റില്ല.

ഫോറം പൂരിപ്പിച്ച് പാര്‍ട്ടി ഓഫീസില്‍ത്തന്നെ കൊടുക്കണം. മൂന്നുരൂപയും കൊടുക്കണം. പണ്ട് നാലണയായിരുന്നു. പണപ്പെരുപ്പത്തിനും വിലക്കയറ്റത്തിനും ആനുപാതികമായാണെങ്കില്‍ അംഗത്വഫീസ് മൂന്നുരൂപയാക്കിയാലൊന്നും പോരാ. ഗാന്ധിജിയുടെ കാലത്തെ നാലണയ്ക്ക് ഇന്ന് നൂറുരൂപയുടെ വിലയെങ്കിലും കാണണം. അതുസാരമില്ല. പുറത്തു നാലണയെന്നും മൂന്നുരൂപയെന്നുമൊക്കെ പറയുമെങ്കിലും സൗജന്യമായി കിട്ടുന്ന സാധനമാണത്. സമ്പൂര്‍ണ ജനാധിപത്യ പാര്‍ട്ടിയായതുകൊണ്ട് മെമ്പര്‍ഷിപ്പ് സിനിമാനോട്ടീസ് പോലെ വിതരണം ചെയ്യും. വേണോ എന്നുപോലും ചോദിച്ചെന്നുവരില്ല. തിരഞ്ഞെടുപ്പുണ്ടാകുമെന്ന ഭയം ഇടയ്ക്കിടെ ഹൈക്കമാന്‍ഡ് സൃഷ്ടിച്ചുവിടുന്നതുകൊണ്ടാണ് ലക്ഷക്കണക്കിനാളുകളെ അംഗങ്ങളാക്കേണ്ടി വരുന്നത്. അഞ്ചുംപത്തും ലക്ഷം അപേക്ഷാഫോറങ്ങള്‍ വാങ്ങിയാല്‍ ചേര്‍ക്കാന്‍ അത്രയും കോണ്‍ഗ്രസ്സുകാര്‍ നാട്ടിലുണ്ടാകണമെന്നില്ല. അതിനു പണിയുണ്ട്. ഓരോവാര്‍ഡിലെയും പൊതുതിരഞ്ഞെടുപ്പിന്റെ വോട്ടേഴ്‌സ് ലിസ്റ്റ് നോക്കി തോന്നുന്നവരെയെല്ലാം അംഗമാക്കണം. അത്രതന്നെ. ഇവര്‍ വേറെ പാര്‍ട്ടിയില്‍ അംഗമാണോ ആ പേരില്‍ യഥാര്‍ഥത്തില്‍ ആളുണ്ടോ എന്നൊന്നും ഉറപ്പിച്ചുപറയാനാവില്ല. ഇലക്ഷന്‍ കമ്മീഷന്‍ ചട്ടങ്ങളും തിരിച്ചറിയല്‍ കാര്‍ഡുമൊന്നുമില്ലാത്തതിനാല്‍ ഇക്കാര്യത്തില്‍ വേറെ പ്രയാസം അനുഭവപ്പെടാറില്ല. അംഗത്വഫീസ് അടയേ്ക്കണ്ടത് ഗ്രൂപ്പ് നേതാക്കളുടെ ചുമതലയാണ്. ഒടുവില്‍ രണ്ടായിരത്തിനാലില്‍ മെമ്പര്‍ഷിപ്പ് പ്രവര്‍ത്തനം നടന്നപ്പോള്‍ 41 ലക്ഷം പേരെ പാര്‍ട്ടിയില്‍ ചേര്‍ത്തെന്ന് പത്രങ്ങളിലുണ്ടായിരുന്നു.

നാല്പത്തൊന്നുലക്ഷമേ....യു.ഡി.എഫിനു കിട്ടുന്ന വോട്ടിനേക്കാള്‍ കൂടുതല്‍ പാര്‍ട്ടിഅംഗങ്ങളുള്ള മണ്ഡലങ്ങളുമുണ്ടത്രെ.
താത്പര്യമുള്ള ആര്‍ക്കും പാര്‍ട്ടിയില്‍ അംഗമാകാമെന്ന് ചെന്നിത്തലയ്ക്ക് പറയാം. പക്ഷേ, പാര്‍ട്ടി ഭരണഘടനയില്‍ പറയുന്ന വ്യവസ്ഥ പാലിച്ച് ഇന്ന് ഇന്ത്യയിലാര്‍ക്കും അംഗമാകാന്‍ പറ്റില്ലെന്ന് അതു വായിച്ചവര്‍ മനസ്സിലാക്കും. വെറുതെയല്ല പാര്‍ട്ടി ഭരണഘടന ഓണ്‍ലൈനില്‍ ലഭ്യമാക്കാതിരുന്നത്. പാര്‍ലമെന്ററി ജനാധിപത്യം അടിസ്ഥാനമാക്കിയുള്ള സോഷ്യലിസമാണ് പാര്‍ട്ടിയുടെ ലക്ഷ്യമെന്ന അംഗത്വഫോറത്തിലെ വ്യാജ അവകാശവാദം കണ്ടില്ലെന്നു നടിക്കാം. പക്ഷേ, പത്തിന ഉപാധികളില്‍ പലതും വളരെ ക്രൂരങ്ങളാണ്. സ്ഥിരമായി സര്‍ട്ടിഫൈഡ് ഖാദി ധരിക്കണമെന്നതു പോകട്ടെ, മദ്യം തൊടാന്‍ പാടില്ല, സ്ഥിരമായി കായികാധ്വാനം ചെയ്യണം... അങ്ങനെയങ്ങനെ.....സദാചാരം പുലര്‍ത്തണം, മായംചേര്‍ക്കല്‍, അഴിമതി, വ്യാജരേഖ ചമയ്ക്കല്‍, ഫണ്ടു തട്ടിപ്പ് തുടങ്ങിയവയും അംഗത്വം റദ്ദാക്കാവുന്ന കുറ്റങ്ങളാണെന്ന് പാര്‍ട്ടി ഭരണഘടനയില്‍ വേറെ പറയുന്നുണ്ടത്രെ. ഓണ്‍ലൈന്‍ പരിഷ്‌കാരമൊക്കെ ഉണ്ടാക്കിയവര്‍ക്ക് ഇതെല്ലാമങ്ങ് കാലത്തിനൊത്ത് പരിഷ്‌കരിച്ചുകൂടായിരുന്നോ? സ്ഥിരം സദാചാരക്കമ്മിറ്റിയുള്ള പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. സദാചാരലംഘനം പാര്‍ട്ടി അച്ചടക്കത്തിന്റെ ലംഘനമാണെന്ന് അവര്‍ ഭരണഘടനയില്‍ എഴുതിവെച്ചിട്ടുണ്ടെന്നും കണ്ടല്ലോ.

അതാണ് രാജ്‌മോഹന്‍ ഉണ്ണിത്താനെതിരെ ആരോപണമുണ്ടായപ്പോള്‍ മേല്‍കീഴ് നോക്കാതെ പാര്‍ട്ടിയില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തത്. സദാചാരലംഘനത്തിന്റെ പേരില്‍ ആദ്യമായി സസ്‌പെന്‍ഡ് ചെയ്യപ്പെടുന്ന എ.ഐ.സി.സി അംഗം എന്ന ബഹുമതിയാണ് അദ്ദേഹം ഇതുവഴി നേടിയിരിക്കുന്നത്. ഇതിനര്‍ഥം ആദ്യമായി സദാചാരലംഘനം ആരോപിക്കപ്പെട്ട നേതാവാണ് ഉണ്ണിത്താന്‍ എന്നല്ല, അതു പലരും കാണും. ഉണ്ണിത്താന്റെ പേരില്‍ സദാചാരലംഘനമേ ആരോപിക്കപ്പെട്ടിട്ടുള്ളൂ. സ്ത്രീപീഡനം ആരോപിക്കപ്പെട്ടിട്ടില്ല. സ്ത്രീപീഡനക്കേസില്‍ പ്രതിയായവരെപ്പോലും കോണ്‍ഗ്രസ് സസ്‌പെന്‍ഡ് ചെയ്തിട്ടില്ല. അത്തരക്കാരെ പ്രൊമോട്ട് ചെയ്ത് മുന്തിയ സ്ഥാനം കൊടുക്കാറാണ് പതിവ്. എന്നിട്ടാണിപ്പോള്‍ ഉണ്ണിത്താനുമേല്‍ അപൂര്‍വ ബഹുമതി കെട്ടിവെച്ചിരിക്കുന്നത്. സദാചാരവും ദുരാചാരവുമൊക്കെ വ്യക്തിക്കും കാലത്തിനും ദേശത്തിനും മതത്തിനുമനുസരിച്ചെല്ലാം മാറിക്കൊണ്ടിരിക്കും. ഭര്‍ത്താവോ സഹോദരനോ ഒപ്പമില്ലാതെ റോഡില്‍നടക്കുന്ന പെണ്ണിനെ അടിച്ചോടിക്കാന്‍ മുട്ടന്‍വടിയുമായി 'മുത്താവമാര്‍' റോന്ത് ചുറ്റുന്ന രാജ്യങ്ങളുണ്ട്. ആണും പെണ്ണും റോഡില്‍ സംസാരിച്ചുനിന്നാല്‍ തല്ലി എല്ലൊടിക്കുന്ന മുത്താലിക്കുമാര്‍ മംഗലാപുരം, ദക്ഷിണ കന്നഡ പ്രദേശങ്ങളിലുണ്ട്. ആണും പെണ്ണും സന്ധ്യയ്ക്കു മുമ്പോ ശേഷമോ മുറിയിലിരുന്നു സംസാരിച്ചാല്‍ അവിടെ പ്രകടനം നടത്തിയും ആണിനെയും പെണ്ണിനെയും തല്ലിച്ചതച്ചും അറസ്റ്റ് ചെയ്യിച്ചും മാനംകെടുത്തുന്ന മുത്താവ-മുത്താലിക്കുകള്‍ കേരളത്തിലുണ്ടെന്നും ഇപ്പോള്‍ മനസ്സിലായി. ഉണ്ണിത്താനെപ്പോലുള്ള പറ്റിയ ഇരകള്‍ വേണമെന്നേ ഇവര്‍ക്കുള്ളൂ. അവിവാഹിതനായ ഒരു ദേശീയ യുവനേതാവ് വിദേശിയായ കാമുകിക്കൊപ്പം പല നാള്‍ കേരളത്തില്‍ അന്തിയുറങ്ങിയപ്പോള്‍ പ്രകടനമോ പോലീസോ വാര്‍ത്തയോ ഉണ്ടായില്ല.

അയ്യയ്യോ.. അതു സ്റ്റാര്‍ ഹോട്ടലിലല്ലേ.....മഞ്ചേരിയിലെ ഒറ്റമുറിയിലല്ലല്ലോ. ഉണ്ണിത്താനും യുവതിക്കുമെതിരെ അനാശാസ്യത്തിനു കേസെടുത്തു എന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തത്.അനാശാസ്യം എന്നൊരു കുറ്റകൃത്യമില്ല. ഉണ്ണിത്താന്‍ കൂടുതല്‍ വലിയ അനാശാസ്യം കാണിക്കാറും പറയാറുമുള്ളത് പാര്‍ട്ടിയിലും ചാനലിലും പ്രസംഗവേദിയിലുമാണ്. അതിനു കേസെടുക്കാറുമില്ല. ഉണ്ണിത്താനും യുവതിക്കുമെതിരെയുള്ള കേസ് ഇമ്മോറല്‍ ട്രാഫിക് പ്രിവന്‍ഷന്‍ ആക്ട് അനുസരിച്ചുള്ളതാണ്. പച്ചമലയാളത്തില്‍ പറഞ്ഞാല്‍, വ്യഭിചാരക്കുറ്റത്തിനാണ് കേസ്. ഉണ്ണിത്താന്‍ ചെയ്തതിനേക്കാള്‍ വലിയ അനാശാസ്യമിതാണ്, മനുഷ്യാവകാശ ലംഘനവുമാണത്. വ്യഭിചാരവും മറ്റേതും തമ്മിലുള്ള വ്യത്യാസമൊന്നും ഇടതുപക്ഷ സദാചാര മൗലികവാദികള്‍ അറിയണമെന്നില്ല. കാറല്‍ മാര്‍ക്‌സ് അതിനെക്കുറിച്ച് എഴുതിക്കാണില്ല. ഇടതുമന്ത്രിസഭയിലെ രണ്ടു മന്ത്രിമാര്‍ പീഡിപ്പിച്ചതായുള്ള പരാതി വിപ്ലവകാരികളായ മുഖ്യമന്ത്രിമാര്‍ക്ക് ലഭിച്ചിട്ടും അനേകനാള്‍ വിപ്ലവപത്രത്തില്‍ വാര്‍ത്ത വന്നില്ല. ബൂര്‍ഷ്വാമാധ്യമങ്ങള്‍ എഴുതുംവരെ അവര്‍ കാത്തുനിന്നു. അന്നു പക്ഷേ, പ്രകടനമോ സദാചാരവാദികളുടെ പ്രകടനമോ ഒന്നുമുണ്ടായില്ല. മാധ്യമങ്ങള്‍ക്കെതിരെ വര്‍ണശബള ഫ്‌ളക്‌സ് ബോര്‍ഡുകളും ഉണ്ടായില്ല. ഇന്നലത്തെ ആശാസ്യം ഇന്നത്തെ അനാശാസ്യമാവാം മറ്റന്നാളത്തെ സദാചാരവുമതാവാം.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

വര്‍ക്കിങ്ങ് ജേണലിസ്റ്റ് ആക്റ്റും വേജ് ബോര്‍ഡും ഇല്ലാതാക്കി

കേരള മാധ്യമങ്ങളുടെ ആറു പതിറ്റാണ്ട്

ഐ.വി ബാബു: നിലപാടുകളില്‍ ഉറപ്പ്, സ്‌നേഹത്തിന്റെ സമൃദ്ധി