ഇനിയും മതേതരം ആയില്ലപോലും


തിങ്കളാഴ്ച നേരം പുലരുമ്പോഴേക്ക്‌ എന്താവും സ്ഥിതി എന്നറിയില്ല. ഇതെഴുതുമ്പോള്‍ ഐ.എന്‍.എല്‍. വര്‍ഗീയകക്ഷിയാണ്‌. ഏതുനിമിഷവും സ്ഥിതി മാറാം. മാറിക്കൊണ്ടിരിക്കുകയാണ്‌.

ഐ.എന്‍.എല്ലിനെ വര്‍ഗീയമല്ലാതാക്കാനുള്ള കഠിനശ്രമങ്ങള്‍ അണിയറയില്‍ നടന്നുകൊണ്ടിരിക്കുകയാണ്‌. ഒരാഴ്ചയിലധികമായി. ജനതാദളവും കോണ്‍ഗ്രസ്‌ എസും പിന്നെ എം.എം. ലോറന്‍സുമെല്ലാം ചേര്‍ന്ന്‌ ഐ.എന്‍.എല്ലില്‍ നിന്ന്‌ കുറെ വര്‍ഗീയത ഊറ്റിയെടുത്ത്‌ കളഞ്ഞിട്ടുണ്ട്‌. എന്നിട്ടും അച്യുതാനന്ദനും സുര്‍ജിത്തിനും അത്ര വിശ്വാസം പോര. പോരാ, പോരാ എന്നാണ്‌ പറയുന്നത്‌.

ഈ പതിമൂന്നാം മണിക്കൂറില്‍ ഇനി എന്ത്‌ പോരാ എന്നാണ്‌ സുര്‍ജിത്‌ പറയുന്നതെന്ന്‌ സത്യമായും മനസ്സിലാകുന്നില്ല. മതേതരമായിക്കൊണ്ടിരിക്കുകയാണ്‌ ഐ.എന്‍.എല്‍. എന്ന്‌ നായനാര്‍ കുറെദിവസം മുമ്പ്‌ പറഞ്ഞതല്ലേ? അതനുസരിച്ച്‌, നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കാനുള്ള ദിവസം വൈകുന്നേരം അഞ്ച്‌ മണിയാകുന്നതിന്‌ ഒരു മിനുട്ട്‌ മുമ്പെങ്കിലും ഐ.എന്‍.എല്‍. പൂര്‍ണ മതേതരകക്ഷിയായി കഴിഞ്ഞുവെന്ന്‌ നായനാര്‍ പ്രഖ്യാപിക്കേണ്ടതായിരുന്നു. പോട്ടെ, നാമനിര്‍ദ്ദേശപത്രിക പിന്‍വലിക്കാനുള്ള സമയത്തിന്‌ മുമ്പെങ്കിലും?...ഹില്ല അതുമുണ്ടായില്ല.

നേരിട്ട്‌ കണ്ടപ്പോഴെല്ലാം എന്ത്‌ നല്ല സ്വഭാവമായിരുന്നു സുര്‍ജിത്തിനും അച്യുതാനന്ദനുമെല്ലാം. തേനേ... മുത്തേ എന്നെല്ലാം വിളിച്ച്‌ എന്തൊക്കെ ചക്കരവര്‍ത്തമാനമാണ്‌ പറഞ്ഞത്‌. കണ്‍മുമ്പില്‍നിന്ന്‌ മാറിയാല്‍ ആളുകളുടെ സ്വാഭവം മാറി. പിന്നെ ആലുവാമണപ്പുറത്തുവച്ച്‌ കണ്ട ബന്ധംപോലുമില്ല. ദേശീയ മുന്നണിയില്‍ ചേര്‍ക്കാന്‍ എത്രതവണ സുര്‍ജിത്‌ കൈപിടിച്ചുവലിച്ച്‌ നിര്‍ബന്ധിച്ചതാണ്‌! സുര്‍ജിത്‌ പിന്നെ പറഞ്ഞത്‌ ഞാനങ്ങനെയൊന്നും ചെയ്തിട്ടില്ലെന്നല്ലേ? ഇങ്ങനെയൊക്കെ പറഞ്ഞുതുടങ്ങിയാല്‍ എങ്ങനെയാണ്‌, പടച്ചോനേ മന്‍ശ്യനെ വിശ്വസിക്കുക.

ലോറന്‍സിനെയാണ്‌ ലവലേശം വിശ്വസിക്കാന്‍ പറ്റാത്തത്‌. പുള്ളിക്കാരന്‍ നമ്മളുമായി നടത്താത്ത ചര്‍ച്ചയും ഇടപാടുമൊന്നുമില്ല. എന്നിട്ടും നായനാര്‍ പറഞ്ഞത്‌ എന്താണെന്നോ? ഓഫീഷ്യലായി ഒന്നുമില്ലെന്ന്‌. ഏത്‌? നത്തിങ്‌ ഒഫീഷ്യല്‍ എബൗട്ടിറ്റ്‌. ആഹ-ഇതാണ്‌ ജാതി. ഇനി ഇതുങ്ങളുമായി ബന്ധമുണ്ടാക്കിയെന്നുവെച്ചാലും എങ്ങനെ വിശ്വസിച്ച്‌ കൂടെപ്പൊറുക്കും? എപ്പോഴാണ്‌ തള്ളിപ്പുറത്താക്കുക എന്നുറപ്പിക്കാന്‍ പറ്റുമോ?

വേറെ ഒരു നിവൃത്തിയുമില്ലാഞ്ഞിട്ടാണ്‌. പണ്ടത്തെ കാര്യങ്ങളൊന്നും മറന്നതല്ല. അഖിലേന്ത്യാ ലീഗിന്റെ അനുഭവമൊക്കെ ഇന്നലെ കഴിഞ്ഞതുപോലെ ഓര്‍മയുണ്ട്‌. എത്രകാലം ഒന്നിച്ചുകഴിഞ്ഞതാണ്‌! ജയിലില്‍വരെ കൂടെക്കിടന്നു. എന്നിട്ട്‌, ഒരു പാതിരാത്രിയില്‍ പെരുമഴ പെയ്യുമ്പോഴാണ്‌ മുന്നണയില്‍ നിന്ന്‌ ഉന്തിത്തള്ളിപ്പുറത്താക്കിയത്‌. ഇല്ല-ഒരു കാരണവുമുണ്ടായിരുന്നില്ല. ഒരുറക്കം കഴിഞ്ഞുണര്‍ന്നപ്പോഴാണ്‌ മൂപ്പര്‍ക്ക്‌ ബോധോദയമുണ്ടായത്‌-ഛെ, ഞാനിവിടെ അഖിലേന്ത്യാലീഗിന്റെ കൂടെപ്പൊറുക്കുന്നത്‌ അറുവഷളന്‍ സംഗതിയല്ലേ എന്ന്‌. ഉടനെ പുറത്താക്കി. അതാണുണ്ടായത്‌.

ഈ തിരഞ്ഞെടുപ്പിന്റെ പെരുമഴ കഴിയുംവരെ പൊറുതിക്ക്‌ ഗത്യന്തരമില്ലല്ലൊ. ഇത്രയും കാലത്തിനു ശേഷമെങ്കിലും സ്വഭാവം നന്നായിട്ടുണ്ടാവുമെന്നാണ്‌ വിചാരിച്ചിരുന്നത്‌. തിരിച്ച്‌ ലീഗിന്റെ കുടിയിലേക്ക്‌ തന്നെ പോയാലെന്ത്‌ എന്നുപോലും ചിന്തിച്ചുപോകുന്നു. സി.പി.എമ്മിന്റെ കാലിത്തൊഴുത്തില്‍ കിടക്കുന്നതിലും ഭേദമല്ലേ ലീഗിന്റെ വരാന്തയില്‍ കിടക്കുന്നത്‌? അഭിമാനം സമ്മതിക്കുന്നില്ല.

നമ്മള്‍ക്ക്‌ വര്‍ഗീയത്തിന്റെ ദുര്‍ന്നടപ്പുണ്ടെന്നൊക്കെ വെറുതെ പറയുന്നതാണ്‌ കൂട്ടരേ. അങ്ങനെ യാതൊന്നുമില്ല. കാര്യം അതൊന്നുമല്ല. മറ്റേ ജാതിയുമായാണ്‌ നായനാര്‍ക്കും മറ്റും കൂടുതല്‍ ലോഹ്യം. നമ്മളെ കുടിയില്‍ കയറ്റിയാല്‍ അതുങ്ങള്‌ പിണങ്ങിപ്പോകുമെന്ന പേടിയാണ്‌. കണ്ടില്ലേ എന്‍.എസ്‌.എസ്സിന്റെ പിന്നലെ മണിയും കിലുക്കി പായുന്നത്‌? എന്‍.എസ്‌.എസ്‌. വര്‍ഗീയമല്ല, സാമുദായികം മാത്രമാണ്‌ എന്നാണ്‌ ഇപ്പം പറയുന്നത്‌. നമ്മുടെ പാര്‍ട്ടിയില്‍ ആര്‍ക്കും ചേരാം. എന്നിട്ടും നമ്മുടേത്‌ വര്‍ഗീയം. എന്‍.എസ്‌.എസ്സില്‍ ഹിന്ദുക്കള്‍ക്കുതന്നെ എല്ലാവര്‍ക്കും ചേര്‍ന്നുകൂടാ. എന്നിട്ടും അത്‌ വര്‍ഗീയമല്ലത്രെ. വല്ലാത്തൊരു വൈരുധ്യാത്മകവാദം തന്നെ!

എന്തുതന്നെ സംഭവിച്ചാലും ശരി, വോട്ടെടുപ്പിന്റെ തലേന്നായാലും സാരമില്ല, എന്തെങ്കിലുമൊരു ഇടപാട്‌ ഇടതുമുന്നണിയുമായി നമ്മളുണ്ടാക്കും. അല്ലാതെ ഒറ്റയ്ക്ക്‌ മത്സരിച്ച്‌ പാളീസാവാനൊന്നും നമുക്ക്‌ വയ്യ. ഒന്നോ രണ്ടോ സീറ്റ്‌ ഒപ്പിച്ചെടുത്തില്ലെങ്കില്‍, പിന്നെ ജീവിച്ചിരുന്നിട്ട്‌ കാര്യമുണ്ടാവില്ല. ഒറ്റയ്ക്ക്‌ മത്സരിക്കുകയെന്നുവച്ചാല്‍ ട്രപ്പീസില്‍നിന്ന്‌ കൈയും കാലും വിട്ടുള്ള ചാട്ടമാണ്‌. അതിന്‌ പി.ഡി.പി.യെ നോക്കിയാല്‍ മതി. നമ്മളെ കിട്ടൂല്ല.

*** *** ***

അടുത്ത തിരഞ്ഞെടുപ്പ്‌ മുതല്‍ എല്ലാ കോണ്‍ഗ്രസുകാരുടെയും ഓരോ ബന്ധുവിനുകൂടി ലോക്‌സഭയിലേക്ക്‌ മത്സരിക്കാന്‍ ടിക്കറ്റ്‌ കൊടുക്കും. നരസിംഹറാവുവിന്റെ തീരുമാനമാണ്‌. ഇത്‌ വളരെ അത്യാവശ്യമായ കാര്യമാണെന്ന്‌ റാവുജിക്ക്‌ അനുഭവത്തില്‍ നിന്ന്‌ മനസ്സിലായിട്ടുണ്ട്‌. കണ്ടില്ലേ ഹവാല കിവാല എന്നെല്ലാം പറഞ്ഞ്‌ എത്ര മന്ത്രിമാരാണ്‌ രാജിവച്ചത്‌. അവരുടെ ഭാര്യമാര്‍ പാലര്‍മെന്റില്‍ ഉണ്ടായിരുന്നുവെങ്കില്‍ രാജിവെച്ചവര്‍ക്ക്‌ പകരം ഭാര്യമാരെ തത്സമയംതന്നെ മന്ത്രിമാരാക്കാന്‍ കഴിയുമായിരുന്നില്ലേ?

എന്തായാലും ഹവാലക്കാരുടെയെല്ലാം ഭാര്യമാര്‍ക്ക്‌ നമ്മള്‍ ടിക്കറ്റ്‌ കൊടുത്തിട്ടുണ്ട്‌. ഇതൊരു തുടക്കം മാത്രമാണ്‌. കഴിയുന്നത്ര മക്കള്‍ക്കും നമ്മള്‍ ടിക്കറ്റ്‌ കൊടുക്കും. അതുകൊണ്ട്‌ വലിയ നേട്ടമുണ്ട്‌. ഉദാഹരണത്തിന്‌ നമ്മുടെ കരുണാകര്‍ജിയുടെ കാര്യം തന്നെയെടുക്കാം. വല്ല അഴിമതി കിഴിമതി ആരോപണവും വന്ന്‌ അങ്ങേര്‍ക്ക്‌ രാജിവെക്കേണ്ടിവരുന്നു എന്ന്‌ വിചാരിക്കുക. വെറുതെ വിചാരിച്ചാല്‍ മാത്രം മതി. വല്ല നിവൃത്തിയുമുണ്ടെങ്കില്‍ അങ്ങേര്‌ രാജിവെക്കില്ല. അഥവാ രാജിവെക്കേണ്ടിവന്നാല്‍...വന്നാല്‍ മുരളീധര്‍ജിയെ മന്ത്രിയാക്കാം. അപ്പോള്‍ ആ കുടുംബം രക്ഷപ്പെടും.

അതാണ്‌ രംഗറാവുജിക്കും ടിക്കറ്റ്‌ കൊടുത്തത്‌. പ്രധാനമന്ത്രിസ്ഥാനത്തേക്ക്‌ കണ്ണുവെച്ചൊന്നുമല്ല പുത്രന്‍ റാവു മത്സരിക്കുന്നത്‌. ഒരു മുന്‍കരുതല്‍. അത്രമാത്രം. മേലില്‍, നാമനിര്‍ദ്ദേശപത്രിക നല്‍കുമ്പോള്‍ ഡമ്മിയെ വെക്കുംപോലെ, ഒരു ഡമ്മിയെ പാര്‍ലമെന്റിലേക്കും കൊണ്ടുപോകാന്‍ ഇനി സൗകര്യമുണ്ടാക്കും. അതോടെ, മന്ത്രിസ്ഥാനം പോയാലും ടിക്കറ്റ്‌ കിട്ടാഞ്ഞാലും ഉടനെ രാജിവെച്ച്‌ വേറെ പാര്‍ട്ടിയുണ്ടാക്കുന്ന സൂക്കേട്‌ നില്‍ക്കും. ഭാര്യക്ക്‌ ടിക്കറ്റ്‌ കൊടുത്താല്‍ പിന്നെ ഏതവനാണ്‌ റിബല്‍ മത്സരിക്കാനുള്ള ധൈര്യമുണ്ടാകുക? ആകപ്പാടെ നോക്കുമ്പോള്‍ ഈ പരിഷ്കാരംകൊണ്ട്‌ ഒരു കുഴപ്പമേ കാണാനുള്ളു-അടുത്ത തിരഞ്ഞെടുപ്പാവുമ്പോഴേക്ക്‌ പാര്‍ലമെന്റിലേക്ക്‌ മത്സരിക്കാന്‍ ഭാര്യമാരേ ഉള്ളു എന്ന സ്ഥിതി വന്നേക്കുമോ? എങ്കിലെന്ത്‌? ഒരു വനിതാപാര്‍ലമെന്റ്‌ ഉണ്ടാവട്ടെ.

*** *** ***

സ്ഥാനാര്‍ഥിലിസ്റ്റ്‌ അംഗീകരിച്ച്‌ പുറത്തുവന്ന ജനതാദള്‍ നേതാക്കള്‍ രണ്ട്‌ വിരലുകള്‍ ഉയര്‍ത്തിപ്പിടിച്ച്‌ ഫോട്ടോവിന്‌ പോസ്‌ ചെയ്തത്‌ കണ്ടിരുന്നില്ലേ? വിജയത്തിന്റെ ചിഹ്നമാണ്‌ അവരുയര്‍ത്തിപ്പിടിച്ചതെന്ന്‌ വിചാരിച്ചവരുണ്ട്‌. കാര്യം വേറെയാണ്‌. രണ്ടുവിരല്‍ ഉയര്‍ത്തിപ്പിടിച്ചതിന്റെ അര്‍ഥം പാര്‍ട്ടി ഉടനെ രണ്ടാവും എന്നായിരുന്നുവത്രെ.

അതുടനെ സംഭവിക്കുകയു ചെയ്തു. ഏതെല്ലാം സംസ്ഥാനങ്ങളിലാണ്‌ പിളര്‍ന്നതെന്ന്‌ പിടികിട്ടിയിട്ടില്ല. പരക്കെ പിളര്‍ന്നു എന്നാണ്‌ റിപ്പോര്‍ട്ട്‌. ഇനി ഇലക്ഷനൊക്കെ കഴിഞ്ഞതിനുശേഷം മതി ബാക്കി എത്ര പേരുണ്ടെന്ന കണക്കെടുക്കാനെന്നാണ്‌ ലാലുജി നല്‍കിയ നിര്‍ദ്ദേശം.

പാര്‍ട്ടി അടുത്തകാലത്തായി വളരെ ഭേദപ്പെട്ടിട്ടുണ്ടെന്നാണ്‌ നേതാക്കന്മാര്‍ പറയുന്നത്‌. മുമ്പെല്ലാം തിരഞ്ഞെടുപ്പ്‌ അടുക്കുമ്പോള്‍ ലയിക്കുക, തിരഞ്ഞെടുപ്പ്‌ കഴിഞ്ഞാല്‍ ഉടനെ പിളരുക എന്നതാണ്‌ പാര്‍ട്ടി അനുവര്‍ത്തിച്ചുപോന്നിട്ടുള്ള ദേശീയനയം-അതത്ര ശരിയല്ല എന്ന്‌ ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ്‌ ഇനിമുതല്‍ തിരഞ്ഞെടുപ്പ്‌ അടുക്കുമ്പോഴും പിളരുകതന്നെയാണ്‌ വേണ്ടതെന്ന്‌ തീരുമാനിച്ചത്‌. തിരഞ്ഞെടുപ്പിനുശേഷവും പിളരാം. അതിനും വിരോധമില്ല.

*** *** ***

എസ്‌. കൃഷ്ണകുമാറിനോട്‌ ഹൈക്കമാണ്ട്‌ കാണിച്ചത്‌, ലളിതമായിപ്പറഞ്ഞാല്‍ ചില്ലറ കടുംകൈതന്നെയാണ്‌. രണ്ടുമൂന്ന്‌ വട്ടമായി മത്സരിക്കുന്നു. കൊല്ലംവാസികളെ സേവിച്ചുമടുത്തു. എത്രകാലമെന്നുവെച്ചാണ്‌ സേവനം തുടരുക. മാത്രവുമല്ല, താന്‍ മത്സരിക്കുന്നതുകൊണ്ട്‌ കൊല്ലത്തുള്ള മറ്റ്‌ നേതാക്കള്‍ക്ക്‌ ചാന്‍സ്‌ കിട്ടുന്നില്ല എന്ന പരാതിയും. അതുകൊണ്ടാണ്‌ മറ്റേതെങ്കിലും ജില്ലയിലേക്ക്‌ നീങ്ങി അവിടെയുള്ളവരുടെ ചാന്‍സ്‌ കളയാമെന്ന്‌ തീരുമാനിച്ചത്‌.

എന്തുചെയ്യും, ഹൈക്കമാണ്ട്‌ സമ്മതിക്കുന്നില്ല. കെ.കെ.ജി, എന്തായാലും പാര്‍ലമെന്റിലുണ്ടാകണമെന്ന്‌ റാവുജി ഒരേ പിടിത്തം. വഴങ്ങാതിരിക്കാന്‍ പറ്റുമോ? കൊല്ലത്തുതന്നെ മത്സരിക്കണമെന്ന്‌ നിര്‍ബന്ധവും. ആരെ ആയാലും ഇങ്ങനെ ബുദ്ധിമുട്ടിക്കരുത്‌. പാല്‍പ്പായസമായാലും നിര്‍ബന്ധിച്ച്‌ കുടിപ്പിക്കരുത്‌. സ്വര്‍ഗരാജ്യത്തേക്കായാലും ആരേയും ഉന്തിത്തള്ളി കൊണ്ടുചെന്നാക്കരുത്‌.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

വര്‍ക്കിങ്ങ് ജേണലിസ്റ്റ് ആക്റ്റും വേജ് ബോര്‍ഡും ഇല്ലാതാക്കി

കേരള മാധ്യമങ്ങളുടെ ആറു പതിറ്റാണ്ട്

ഐ.വി ബാബു: നിലപാടുകളില്‍ ഉറപ്പ്, സ്‌നേഹത്തിന്റെ സമൃദ്ധി