ഒടുവിലത്തെ മഹാപതനം


ഗ്രൂപ്പിസത്തിന്റെ അന്ത്യം ആണ്‌ ഇത്‌ എന്ന്‌ പറയാനാവില്ല. എന്നാലും കോണ്‍ഗ്രസ്സില്‍ ഇനി ആന്റണി - കരുണാകരയുദ്ധമില്ല. ലീഡര്‍ കെ. കരുണാകരന്റെ മടങ്ങിവരവ്‌ ഗ്രൂപ്പ്‌ ചരിത്രത്തിലെ മുപ്പതാണ്ടുയുദ്ധത്തിന്റെ അന്ത്യം തന്നെയാണ്‌. വേറെ ഇസമൊന്നും ഇല്ലാത്ത പാര്‍ട്ടിയായതുകൊണ്ട്‌ കോണ്‍ഗ്രസ്സുകാര്‍ക്ക്‌ ഗ്രൂപ്പിസമില്ലാതെ ഉറക്കം നേരെയാവില്ല. അതുകൊണ്ട്‌ അവര്‍ എന്തെങ്കിലും വഴി കണ്ടെത്തും. ബൂത്ത്‌ മുതല്‍ എ.ഐ.സി.സി. വരെയുള്ള തലങ്ങളിലെ ഗ്രൂപ്പുകള്‍ അവരുടെ തുരപ്പന്‍ പണികള്‍ അന്ത്യശ്വാസം വരെ തുടരും. അതുതടയാന്‍ ദൈവം തമ്പുരാന്‍ വിചാരിച്ചാലും സാധിക്കില്ല.

ഈ ചരിത്രസംഭവത്തിന്‌ മാധ്യമനിരീക്ഷകര്‍ വേണ്ടത്ര പ്രാധാന്യം നല്‍കാഞ്ഞതില്‍ സങ്കടമുണ്ട്‌ കേട്ടോ. കോണ്‍ഗ്രസ്സില്‍ കെ.കരുണാകര- ആന്റണി യുദ്ധം അവസാനിക്കാന്‍ പോകുന്നു എന്ന്‌ ഒരു മൂന്നുവര്‍ഷം മുമ്പ്‌ ഏതെങ്കിലും ജ്യോത്സ്യന്‍ പ്രവചിച്ചിരുന്നുവെങ്കില്‍ അയാള്‍ തൊഴില്‍രഹിതനാകുമായിരുന്നു. തല്ലുകിട്ടുകയും ചെയ്യുമായിരുന്നു. അത്രയ്‌ക്ക്‌ അസംഭാവ്യം. ലോകം അങ്ങനെയാണ്‌. കണ്ടുകണ്ടങ്ങിരിക്കും ജനങ്ങളെ....

ജീവിതത്തിന്റെ മുഖ്യഭാഗത്തെല്ലാം ലീഡര്‍ മാളികപ്പുറത്തായിരുന്നു. നാല്‍പ്പതുവര്‍ഷമെങ്കിലുമായി അത്‌ അക്ഷരാര്‍ഥത്തില്‍ ശരി. കേരളതലസ്ഥാനത്തെയോ കേന്ദ്രതലസ്ഥാനത്തെയോ രാജകൊട്ടാരങ്ങളുടെ മാളികയിലായിരുന്നു ലീഡറുടെ അന്തിയുറക്കം. ഇപ്പോള്‍ മാറാപ്പ്‌ കേറ്റിയാണ്‌ നടപ്പ്‌ എന്നൊന്നും പറയുന്നില്ല. പക്ഷേ, മാളികയേതായാലും ഇല്ല. ഈ പണിയെല്ലാം ഭവാന്‍ എന്തിനാണ്‌ ചെയ്യുന്നത്‌ എന്ന്‌ ഇക്കാലമെല്ലാം ഭവാന്‌ വേണ്ടി ജീവിതം അര്‍പ്പിച്ച ലീഡര്‍ക്ക്‌ പിടികിട്ടുന്നില്ല. ലീഡര്‍ക്കെന്നല്ല, ഇതെല്ലാം കണ്ടുകൊണ്ടിരിക്കുന്ന നമുക്കും ലവലേശം പിടികിട്ടുന്നില്ല. കണ്ടാലൊട്ടറിയുന്നില്ല, കൊണ്ടാല്‍ തിരിയുകയുമില്ല. തിരിഞ്ഞിരുന്നെങ്കില്‍ ഇപ്പോള്‍ നട്ടംതിരിയേണ്ടി വരില്ലായിരുന്നു. അതിന്‌ അനേകം സന്ദര്‍ഭങ്ങള്‍ ഉണ്ടായിരുന്നു. അന്നെല്ലാം അറിവുള്ള മഹത്തുക്കള്‍ പല പരമാര്‍ഥങ്ങള്‍ അരുള്‍ ചെയ്‌തത്‌ ലീഡര്‍ കേള്‍ക്കുകയേ ഉണ്ടായില്ല. ഇപ്പോള്‍ ആര്‍ക്കും ഒന്നും പറയാനുമില്ല, ലീഡര്‍ക്ക്‌ കാര്യമായ കേള്‍വിശക്തിയുമില്ല.

മൂന്നര പതിറ്റാണ്ടോളം ലീഡര്‍ ചെലവഴിച്ചത്‌ ഒരേ ഒരു ശത്രുവിനെ തോല്‍പ്പിക്കുന്നതിന്‌ വേണ്ടിയാണ്‌. സ്ഥാനമാനങ്ങള്‍ ചൊല്ലിക്കലഹിച്ചു, ചിലപ്പോഴെല്ലാം നാണം കെട്ട്‌ നടക്കുകയും ചെയ്‌തു. അതുപോലൊരു എതിരാളിയെ കിട്ടണമെങ്കില്‍ ചില്ലറ ഭാഗ്യമൊന്നും പോര. ആദര്‍ശത്തിന്റെ മര്‍മത്തെ പറ്റി സദാ വേവലാതിപ്പെട്ടിരുന്നതുകൊണ്ട്‌ പശുവിനെ തല്ലാന്‍പോലും പ്രയാസമായിരുന്നു ആ എതിരാളിക്ക്‌. എതിരാളി ചെയ്യാന്‍ മടിക്കുന്നത്‌ നമ്മള്‍ ചെയ്യാന്‍ തയ്യാറായാല്‍ എതിരാളിയുടെ കഥ കഴിയും. അതാണ്‌ ലോകം. സകല രാഷ്ട്രീയ ലേഖകന്മാരും കോളമെഴുത്തുകാരും പ്രത്യേകലേഖകന്മാരുമെല്ലാം പറഞ്ഞിരുന്നത്‌ ലീഡറേക്കാള്‍ തന്ത്രശാലിയായി ഒരാളേ ഭൂമിയില്‍ ജനിച്ചിട്ടുള്ളൂ, അത്‌ ഒറിജിനല്‍ ചാണക്യന്‍ മാത്രമാണെന്നായിരുന്നു. ലീഡര്‍ അതെല്ലാം വായിച്ച്‌ രാവും പകലും ചിരിച്ചുകാണണം. എ വിഭാഗം കോണ്‍ഗ്രസ്സുകാരെ കൈകാര്യം ചെയ്യാന്‍ ചാണക്യനൊന്നും വേണ്ടെന്ന്‌ ലീഡര്‍ക്ക്‌ അറിയുമ്പോലെ ആര്‍ക്കുമറിയില്ല. എ.ഐ.സി.സി തിരഞ്ഞെടുപ്പുസമിതി യോഗം കോഴിക്കോട്ടെ ലോക്‌സഭാ സ്ഥാനാര്‍ഥിയെ തീരുമാനിക്കുന്നതിനിടയില്‍ ലീഡര്‍ ടോയ്‌ലറ്റിലേക്ക്‌ പോയകാലം മുതല്‍ അറിയുന്ന കാര്യമാണത്‌. പില്‍ക്കാലത്ത്‌ മകന്‍ കെ.പി.സി.സിയുടെ ഏക വൈസ്‌ പ്രസിഡന്റും പ്രസിഡന്റും മന്ത്രിയും മകള്‍ പത്മജ കെ.ടി.ഡി.സി.യുടെ അധ്യക്ഷയും മുകുന്ദപുരം സ്ഥാനാര്‍ഥിയും താന്‍ കേന്ദ്രമന്ത്രിയും ചോദിക്കുമ്പോഴെല്ലാം ലോക്‌സഭാ-രാജ്യസഭാസ്ഥാനാര്‍ഥിയും എല്ലാമെല്ലാമായത്‌ ലീഡര്‍ക്ക്‌ മറക്കാനാവില്ല. സ്ഥാനമേത്‌ കിട്ടിയപ്പോഴും തൃപ്‌തിയാകാതെ ഇരുന്നു. പാട്ടില്‍ പറഞ്ഞതുപോലെ...പത്തുകിട്ടിയപ്പോള്‍ നൂറ്‌്‌, നൂറ്‌ കിട്ടിയപ്പോള്‍ സഹസ്രം.. വേറെ വല്ല പാര്‍ട്ടിയും ആയിരുന്നെങ്കില്‍ കഥ വേറെയാകുമായിരുന്നു. ചെറുയുദ്ധങ്ങളില്‍ തോറ്റുതരുന്ന എതിരാളിയെ സൂക്ഷിക്കണം, അവസാനം അവന്‍ നമ്മളെ ശരിപ്പെടുത്തുമെന്ന്‌ മുമ്പാരോ പറഞ്ഞത്‌ ലീഡര്‍ കേട്ടുകാണില്ല. ഓരോ സ്ഥാനം വലിച്ചെറിയുമ്പോഴും അവര്‍ക്ക്‌ അതിലും വലുത്‌ വഴിയില്‍ വീണുകിട്ടും. സ്ഥാനംകിട്ടാന്‍ പതിനെട്ടടവും പയറ്റിനോക്കുന്നവര്‍ റോഡില്‍ വീണുകിടക്കുകയും ചെയ്യും.

സ്‌കൂള്‍ കാലത്ത്‌ എ.കെ.ആന്റണിയുടെ ക്ലാസ്‌മേറ്റ്‌ ആയിരുന്ന ചേര്‍ത്തലക്കാരന്‍ തങ്കപ്പന്‍ പിള്ളയെക്കുറിച്ച്‌ ഈയിടെ മാതൃഭൂമി ആഴ്‌ചപ്പതിപ്പില്‍ ഒരു ഫീച്ചറുണ്ടായിരുന്നു. പഠിക്കുന്ന കാലത്ത്‌ ആന്റണിയേക്കാള്‍ സ്‌മാര്‍ട്ട്‌ പയ്യനായിരുന്നു തങ്കപ്പന്‍ പിള്ള. ആന്റണി ഈശ്വരവിശ്വാസി പോലുമായിരുന്നില്ല. ലീഡറുടെ അത്രയൊന്നും വരില്ലെങ്കിലും തങ്കപ്പന്‍പിള്ളയും ഭക്തനായിരുന്നു. എന്നിട്ടോ ? പള്ളിയില്‍ പോലും പോകാത്ത ആളെ ദൈവം കൈപിടിച്ചുയര്‍ത്തി രാജ്യത്തിന്റെ രക്ഷാമന്ത്രി ആക്കി. തങ്കപ്പന്‍ പിള്ളയെ തെരുവാധാരമാക്കിയിരിക്കുന്നു. കിടന്നുറങ്ങുന്നത്‌ റോഡരുകില്‍. ലീഡറുടെ അവസ്ഥയോട്‌ താരതമ്യമൊന്നുമില്ല എന്നുസമ്മതിക്കാം. തങ്കപ്പന്‍പിള്ള യുടെ തോളില്‍ ദൈവം ആദ്യം മുതലേ മാറാപ്പുകേറ്റിയത്‌ കൊണ്ട്‌ സംഗതി ശീലമായിപ്പോയിരിക്കും. നമ്മളോട്‌ ഇത്‌ ചെയ്‌തത്‌ ജീവിതസായാഹ്നത്തിലായിപ്പോയി. അതുകൂടുതല്‍ വേദനാകരമാണ്‌. ആ മനുഷ്യനെപ്പോലെ ലീഡര്‍ക്കും ദൈവത്തിന്റെ ഈ കളികളുടെയൊന്നും യുക്തി മനസ്സിലായിട്ടില്ല.

കൂനിന്മേല്‍ കുരുവെന്ന പോലെ മറ്റൊരു പ്രയാസമുണ്ട്‌. തന്റെ സ്ഥാനമാനങ്ങള്‍ക്ക്‌ വേണ്ടി മാത്രമാണ്‌ ചൊല്ലിക്കലഹിച്ചിരുന്നതെങ്കില്‍ അതിന്റെ ലാഭവും നഷ്ടവും താനങ്ങ്‌ സഹിച്ചാല്‍ മതിയാകുമായിരുന്നു. ഇവിടെ വലിയ കലഹമെല്ലാമുണ്ടാക്കിയത്‌ സന്തതികളുടെയും സന്താനതുല്യം കൊണ്ടുനടന്ന ചിലരുടെയും സ്ഥാനത്തിന്‌ വേണ്ടിയായിരുന്നു. രണ്ടുകൂട്ടരും തമ്മില്‍ ഫലത്തില്‍ വലിയ വ്യത്യാസമില്ല. ഒന്നൊഴിയാതെ എല്ലാം ശത്രുപക്ഷത്ത്‌ ഉറച്ചുനില്‍ക്കുന്നുണ്ട്‌. ഇനി അതില്‍ നിന്നൊന്നും പാഠം പഠിക്കാനുള്ള പിരിയഡ്‌ ബാക്കിയില്ല. ക്ലാസ്‌ വിടാനുള്ള ബല്ലടിച്ചുകഴിഞ്ഞു.

പടച്ചോന്റെ രീതികള്‍ വിചിത്രങ്ങളാണ്‌, വിശ്വസിച്ച്‌ ഒരുകാര്യവും ചെയ്യാന്‍ പറ്റില്ല. അജം ചത്തു ഗജമായിപ്പിറക്കുന്നു, ഗജം ചത്തങ്ങജവുമായീടുന്നു...നരി ചത്ത്‌ നരന്‍, നൃപന്‍ ചത്ത്‌ കൃമി.. ഈച്ച ചത്ത്‌ പൂച്ച... ചാവാതെതന്നെ അതിലപ്പുറം സംഭവിക്കുന്നു. ഇവിടെ അത്രയൊന്നും സംഭവിച്ചിട്ടില്ലല്ലോ. ക്ഷമിക്കാം.

***********
പഴയ കാലത്ത്‌ ശബരിമലയില്‍ പോകുന്നത്‌ കടമെല്ലാം തീര്‍ത്ത്‌ കുടുംബത്തോടെല്ലാം യാത്രപറഞ്ഞായിരുന്നുവെന്ന്‌ പഴമക്കാര്‍ പറഞ്ഞുകേട്ടിട്ടുണ്ട്‌. ഘോരവനത്തിലൂടെയുള്ള സഞ്ചാരത്തിനിടയില്‍ എന്തും സംഭവിക്കാം. ജീവനോടെ മടങ്ങിയാല്‍ ഭാഗ്യം, ഇല്ലെങ്കില്‍ സ്വര്‍ഗത്തില്‍ കാണാം എന്നര്‍ഥം. അന്നത്തെ കഷ്ടപ്പാടും ത്യാഗവും ഇന്നില്ല. ആളുകള്‍ എയര്‍കണ്ടീഷന്‍ഡ്‌ ബസ്സില്‍ വരുന്നു. പലരും വിമാനത്തില്‍ വരുന്നു. അപ്പോള്‍, തീര്‍ഥാടനത്തിന്റെ പുണ്യം പണ്ടുള്ളവര്‍ക്ക്‌ കിട്ടിയ അതേ തോതില്‍ ഇന്നും കിട്ടുമോ ? അത്‌ സാധ്യമാണോ ?

സാധ്യമാക്കാനുള്ള ശ്രമത്തിലാണ്‌ അധികൃതര്‍. ഭക്തന്മാര്‍ക്ക്‌ കിട്ടുന്ന പുണ്യത്തിലും ഫലത്തിലും ഒരു കഴഞ്ചിന്റെ കുറവുണ്ടാകരുതെന്ന്‌ മന്ത്രി ജി.സുധാകരനും പ്രസിഡന്റ്‌ ഗുപ്‌തന്‍ സാറിനും നിര്‍ബന്ധമുണ്ട്‌. അതിനെന്ത്‌ വഴി എന്ന്‌ പലതലത്തില്‍ ആലോചിച്ച ശേഷമാണ്‌ തീരുമാനത്തിലെത്തിയത്‌. പഴയ കാലത്തെ സ്വാമിമാരുടെ കഷ്ടപ്പാടിനോട്‌ കിടപിടിക്കുന്ന കഷ്ടപ്പാട്‌ ഒരുക്കിക്കൊടുക്കണം. നരിയേയും പുലിയേയും ഒന്നും ഒരുക്കാന്‍ പറ്റില്ല, ശരിതന്നെ. പക്ഷേ കഷ്ടപ്പാട്‌ അതേ തോതില്‍ കൊടുക്കാം. പുലിപിടിക്കുന്നതായിരുന്നു ഭേദം എന്ന്‌ തോന്നിപ്പിക്കാം. നില്‍ക്കട്ടെ ക്യൂ ഒരു പന്ത്രണ്ട്‌ മണിക്കൂറെങ്കിലും. തലകറങ്ങി വീഴട്ടെ ഭക്തന്മാര്‍. ഓടട്ടെ അരവണപ്പായസത്തിന്‌ നാടൊട്ടുക്കും. ഒരു ശബരിമല തീര്‍ത്ഥാടനത്തിന്റെ ഓര്‍മ ജീവിതകാലം മുഴുവന്‍ ഉണ്ടാകണം. അതിനാണ്‌ അനശ്വരമായ ഓര്‍മ എന്ന്‌ പറയുന്നത്‌.

മൂകന്‍ സന്നിധാനത്തിലെത്തിയപ്പോള്‍ ശരണം വിളിച്ചു, അന്ധന്‌ കാഴ്‌ചശക്തി തിരിച്ചുകിട്ടി, ബധിരന്‌ ചെവികേള്‍ക്കാനായി, ഭ്രാന്തന്റെ ഭ്രാന്ത്‌ മാറി എന്നെല്ലാമുള്ള അത്ഭുതങ്ങള്‍ പണ്ടെല്ലാം ശബരിമലക്കാലത്ത്‌ പത്രവാര്‍ത്തകളായി വരാറുണ്ടായിരുന്നു. ഇപ്പോഴത്തെ സ്ഥിതിയറിയില്ല. ദേവസ്വം മന്ത്രി ജി. സുധാകരനോട്‌ ഒരു തവണയെങ്കിലും വൃതമെടുത്ത്‌ ശബരിമലയിലേക്ക്‌ പോകാന്‍ പാര്‍ട്ടി കല്‌പിക്കുകയാണെങ്കില്‍ ചിലപ്പോള്‍ അത്തരമെന്തെങ്കിലും അത്ഭുതം സംഭവിച്ചേക്കാം. ഒരു ശയനപ്രദക്ഷിണവും ആകാം. എങ്കില്‍ ശബരിമലയ്‌ക്കും ദേവസ്വം വകുപ്പിനും സഹകരണവകുപ്പിനും കേരളത്തിന്‌ മൊത്തത്തില്‍ തന്നെയും പറഞ്ഞാല്‍ തീരാത്ത ആശ്വാസം ലഭിച്ചേക്കും. താന്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ നിന്ന്‌ താന്‍ തന്നെ ഇറങ്ങിപ്പോകുക, വായില്‍വരുന്ന പ്രാന്ത്‌ മുഴുവന്‍ വിളിച്ചുപറയുക, വിമര്‍ശനം ഉന്നയിച്ച ആളെ അറസ്റ്റ്‌ ചെയ്യാന്‍ പോലീസിനോട്‌ കല്‌പ്പിക്കുക തുടങ്ങിയ കടുംരോഗങ്ങളെങ്കിലും മാറിക്കിട്ടുമെങ്കില്‍....ഒരു പരീക്ഷണം കൊണ്ട്‌ നമുക്കൊന്നും നഷ്ടപ്പെടാനില്ല. പോയാലൊരു തേങ്ങ, കിട്ടിയാല്‍ തെങ്ങ്‌.

അഴിമതിയില്ലാതാക്കാന്‍ ശബരിമലയിലെ സകല ഉദ്യോഗസ്ഥരെയും മാറ്റി ആണവക്കരാറും അരവണക്കരാറും തമ്മിലുള്ള വ്യത്യാസമറിയാത്തവരെ കാര്യങ്ങള്‍ ഏല്‌പ്പിച്ചതാണ്‌ അവിടത്തെ സര്‍വപ്രശ്‌നങ്ങള്‍ക്കും കാരണമായതെന്ന്‌ കരുതുന്നവരുണ്ട്‌. ഇതിലും ഭേദം അഴിമതി തന്നെയായിരുന്നുവത്രെ. ശബരിമലയുടെ ചരിത്രത്തില്‍ സംഭവിച്ചിട്ടില്ലാത്തത്‌ ഓരോ ദിവസവും സംഭവിക്കുകയാണ്‌. കെടുകാര്യസ്ഥതയ്‌ക്ക്‌്‌ ഗിന്നസ്‌ റെക്കോഡോ അവാര്‍ഡോ മറ്റോ ഉണ്ടോ എന്ന്‌ ആര്‍ക്കറിയാം.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

വര്‍ക്കിങ്ങ് ജേണലിസ്റ്റ് ആക്റ്റും വേജ് ബോര്‍ഡും ഇല്ലാതാക്കി

കേരള മാധ്യമങ്ങളുടെ ആറു പതിറ്റാണ്ട്

ഐ.വി ബാബു: നിലപാടുകളില്‍ ഉറപ്പ്, സ്‌നേഹത്തിന്റെ സമൃദ്ധി