Friday, 22 February 2013

സി.ബി.ഐ.യെ കൊണ്ടുള്ള പ്രയോജനങ്ങള്‍


ടി.പി. ചന്ദ്രശേഖരന്‍ വധക്കേസ് അന്വേഷണം സി.ബി.ഐ.യെ ഏല്പിക്കേണ്ട കാര്യമില്ല എന്നാണ് സി.പി.എം. പൊളിറ്റ് ബ്യൂറോ അഭിപ്രായപ്പെട്ടിരിക്കുന്നത്. വധത്തില്‍ പാര്‍ട്ടിക്കൊരു പങ്കും ഇല്ലെന്ന് പാര്‍ട്ടി പൊളിറ്റ് ബ്യൂറോ നേരത്തേ പറഞ്ഞതാണ്. പിടികൂടാവുന്ന പാര്‍ട്ടിക്കാരെയെല്ലാം പിടികൂടി ജയിലിലാക്കി. പാര്‍ട്ടിയുടെ നിരപരാധിത്വം തെളിയിക്കാന്‍ നെഞ്ചുപിളര്‍ന്നുകാട്ടിക്കൊടുത്തു. എന്നിട്ടും വിശ്വസിക്കാഞ്ഞപ്പോള്‍ ഇക്കാലംവരെ പാര്‍ട്ടി ചെയ്തിട്ടില്ലാത്ത ഒരു കടുംകൈ കൂടി ചെയ്തു. പാര്‍ട്ടി തന്നെ കൊലക്കേസ് അന്വേഷിക്കാമെന്ന് സമ്മതിച്ചു. അതും പോരത്രെ. സി.ബി.ഐ. അന്വേഷണം വേണമത്രേ.

സംസ്ഥാന പോലീസ് ആവുമ്പോള്‍ രണ്ടുപക്ഷത്തുള്ളവര്‍ക്കും പല പ്രയോജനങ്ങള്‍ ഉണ്ടെന്ന് ഇവര്‍ മനസ്സിലാക്കുന്നില്ല. നമ്മുടെ കുട്ടികളല്ലേ, വിളിച്ചുപറയാമല്ലോ കാര്യങ്ങള്‍. ഇന്നത്തെ ആഭ്യന്തരമന്ത്രി പറയുന്നത് കുറെ കേള്‍ക്കും, നാളത്തെ ആഭ്യന്തരമന്ത്രി പറയുന്നതും കുറച്ചൊക്കെ കേള്‍ക്കും. സി.ബി.ഐ. വന്നാല്‍ അങ്ങനെ വല്ലതും സാധിക്കുമോ? എങ്ങുനിന്നോ വന്ന് അന്വേഷണവും കഴിഞ്ഞ് എങ്ങോ പോകുന്ന പഞ്ചാബുകാരനും ഗുജറാത്തുകാരനും വല്ല പിടിയും കിട്ടുമോ നമ്മുടെ രാഷ്ട്രീയത്തെക്കുറിച്ച്? കേന്ദ്ര ആഭ്യന്തര സഹമന്ത്രിക്കായാലും അവരെ വിളിച്ച് രണ്ട് വിദഗ്ധ ഉപദേശം കൊടുക്കാന്‍ കഴിയില്ല. ''സുകുമാരാ നീ മറ്റേതില്‍ മറ്റേത് കയറ്റുമോ'' എന്നും മറ്റുമുള്ള ഉഗ്രന്‍ കാവ്യഭംഗിയുള്ള ചോദ്യങ്ങള്‍ ലൈവ് ആയി ജനങ്ങളിലെത്തിക്കാന്‍ സി.ബി.ഐ. ആണെങ്കില്‍ കഴിയുമോ? നമ്മുടേത് പോലുള്ള പ്രാകൃത കമ്പിപ്രയോഗമൊന്നുമല്ല സി.ബി.ഐ.യില്‍ എന്നും കേള്‍ക്കുന്നുണ്ട്. എന്തുചെയ്തപ്പോഴാണ് സത്യം പറഞ്ഞുപോയതെന്ന് പിറ്റേന്ന് ഓര്‍മിക്കാന്‍പോലും പറ്റിയെന്ന് വരില്ല. പിന്നെ, അവരുടെ പറമ്പില്‍ കേറി വെട്ടിനിരത്താനോ വീട്ടില്‍കേറി കുടുംബത്തെ വിരട്ടാനോ കഴിയില്ല. സി.ബി.ഐ. വേണ്ട, നാടന്‍തന്നെ നല്ലത്.

ഇതൊരു ഇടതുവലത് പ്രശ്‌നവുമല്ല. ആവശ്യം വന്നാല്‍ ഇരുപക്ഷവും ഒറ്റക്കെട്ടായി സി.ബി.ഐ.വേണ്ട എന്ന് മുറവിളി കൂട്ടിയേക്കും. ചിലപ്പോള്‍ സി.ബി.ഐ. വേണം എന്നുറക്കെ പറയുകയും അവര്‍ നാലയലത്തുവരില്ല എന്നുറപ്പ് വരുത്താനുള്ളപണി രഹസ്യത്തില്‍ ഒപ്പിക്കുകയും ചെയ്യും. മാറാട്ട് എട്ടൊമ്പത് ആളുകളെ വെട്ടിനിരത്തിയപ്പോള്‍ അതിന് പിന്നില്‍ നാടന്‍ ഭീകരര്‍ മുതല്‍ അല്‍ഖ്വെയ്ദ വരെ ആരുമാകാം എന്ന് സംശയിച്ചതാണ് ജനം. ഹേയ് നമ്മുടെ നാടന്‍ പോലീസ് മതി ഇതിനെല്ലാം എന്ന് പറയുന്നതില്‍ യു.ഡി.എഫ്, എല്‍.ഡി.എഫ്. വ്യത്യാസമുണ്ടായിരുന്നില്ല. കൂട്ടക്കൊലയ്ക്ക് വിദേശ ബന്ധമുണ്ടെങ്കിലെന്ത്? പാസ്‌പോര്‍ട്ട് ഉണ്ടെങ്കില്‍ നമ്മുടെ പോലീസിനും വിദേശത്തുപോയി അന്വേഷിക്കാമല്ലോ. സി.ബി.ഐ.യോട് നമുക്ക് അങ്ങനെയൊരു ശാശ്വത വിരോധമൊന്നുമില്ല കേട്ടോ. സി.ബി.ഐ. മാറാട് ഗൂഢാലോചന അന്വേഷിച്ചോട്ടെ എന്ന് മുസ്‌ലിംലീഗ് പോലും ആവശ്യപ്പെട്ടുകഴിഞ്ഞു. ഇനി സി.ബി.ഐ. അല്ല ഇന്റര്‍പോള്‍ വന്നാലും ഒരടയാളം പോലും കിട്ടില്ല എന്നുറപ്പായതുകൊണ്ടാണ് ഈ ഔദാര്യമെന്നാരും തെറ്റിദ്ധരിക്കരുതേ.

ഇരുതല മൂര്‍ച്ചയുള്ളതാണ് ഈ സാധനം. എങ്ങോട്ടാണ് വെട്ടുവരിക എന്നറിയില്ല. പിണറായി വിജയന്‍ ലാവ്‌ലിന്‍ കരാര്‍ കൊണ്ട് വ്യക്തിപരമായ നേട്ടമുണ്ടാക്കിയിട്ടില്ല എന്നാണ് സി.ബി.ഐ. ഇപ്പോള്‍ സര്‍ട്ടിഫിക്കറ്റ് കൊടുത്തിരിക്കുന്നത്. കഷ്ടം, നമ്മുടെ വിജിലന്‍സ് ആയിരുന്നെങ്കില്‍ ഇതിനകം കുറ്റപത്രം ഫയലാക്കിയിട്ടുണ്ടാകുമായിരുന്നു. ഇനിയിപ്പോള്‍ ചന്ദ്രശേഖരന്‍ കൊലക്കേസില്‍ സി.പി.എമ്മിന് പങ്കില്ല എന്നല്ല, പങ്കുള്ളതിന് തെളിവില്ല എന്നുമല്ല, തെളിവൊന്നും നമ്മുടെ കൈയില്‍ കിട്ടിയില്ല എന്നോ മറ്റോ പറഞ്ഞാല്‍ തീര്‍ന്നില്ലേ പണി. സൂക്ഷിച്ചുമതി ആറ്റിലേക്കച്യുതാ.... രാധാകൃഷ്ണാ.... ചാടൊല്ലേ ചാടൊല്ലേ....

                                                                                    * * * *

എല്ലാം സാമ്പത്തികശാസ്ത്രജ്ഞന്മാരെ ഏല്പിച്ചാലുള്ള അപകടം ചില്ലറയൊന്നുമല്ല. മുമ്പെല്ലാം സാമ്പത്തികശാസ്ത്രജ്ഞന്മാര്‍ വല്ലതുമൊക്കെ തയ്യാറാക്കിക്കൊടുത്താല്‍ അജ്ഞന്മാരായ ജനപ്രതിനിധികള്‍ വേണ്ടതും വേണ്ടാത്തതും വേര്‍തിരിക്കാറാണ് പതിവ്. ഇപ്പോള്‍ നിര്‍ദേശിക്കുന്നതും തീരുമാനിക്കുന്നതുമെല്ലാം സാമ്പത്തികന്മാര്‍ ആയതുകൊണ്ട് എന്താണ് സംഭവിക്കുക എന്നുപറയാനാവില്ല. നെല്ലിനെക്കാള്‍ ലാഭം റബ്ബറാണ് എന്നറിയാന്‍ ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്‌ണോമിക്‌സില്‍ പഠിച്ച് അലുവാലിയയൊന്നും ആവേണ്ട കാര്യമല്ല. നെല്ല് ആന്ധ്രയില്‍ ഉണ്ടാക്കുകയാണ് ലാഭം, റബ്ബര്‍ കേരളത്തിലും. അതാണ് അസ്സല്‍ സാമ്പത്തികശാസ്ത്രം. നെല്ലേ ആന്ധ്രയില്‍ നിന്നുകൊണ്ടുവരാനാവൂ, നെല്‍വയലുകള്‍ സംരക്ഷിക്കുന്ന വെള്ളവും പരിസ്ഥിതിയുമൊന്നും ആന്ധ്രയില്‍ നിന്ന് ലോറിയില്‍ കൊണ്ടുവരാന്‍ കഴിയില്ല എന്ന് സാമ്പത്തികശാസ്ത്ര ടെക്സ്റ്റ് ബുക്കുകളില്‍ ഉണ്ടാവാന്‍ ഇടയില്ല.

ഇനിയും ഒരു പാട് സാമ്പത്തിക തത്ത്വങ്ങള്‍ പിറകെ വരും. കാടുവെട്ടി മരം വില്‍ക്കലാണ് ഏറ്റവും ലാഭകരമായ ഏര്‍പ്പാട്. പുഴയിലെയും കിണറിലെയും വെള്ളം അഴുക്കാണ്, ആരുമെടുക്കരുത്, അത് കുപ്പിയിലാക്കി വില്‍ക്കുന്നത് എല്ലാവരും വാങ്ങണം. വെറുതെ പുല്ലുമേടായി കിടക്കുന്ന പ്രദേശങ്ങളൊക്കെ ആരെയെങ്കിലും ഏല്പിച്ച് കെട്ടിടമുണ്ടാക്കി കച്ചവടം തുടങ്ങാം. കുന്നുകളും മലകളും ഇടിച്ചുനിരപ്പാക്കിയാല്‍ മണ്ണുവില്‍ക്കാം, കഷ്ടപ്പെട്ട് മല കയറുകയും വേണ്ട.... ഇതെല്ലാം അജ്ഞ മനസ്സിലെ ഉണങ്ങിയ ആശയങ്ങള്‍ മാത്രം, അലുവാലിയ ഇനം മനസ്സുകളില്‍ തിളങ്ങുന്ന വജ്രങ്ങള്‍ എണ്ണമറ്റവ കാണും. വരട്ടെ ഓരോന്നായി....

                                                                                         * * * *

ഡീസലിനും പെട്രോളിനും മാത്രം വില കയറുമ്പോള്‍ കേരളത്തില്‍ കേരളത്തില്‍ മാത്രം നമ്മുടെ ദേശീയ പാര്‍ട്ടികള്‍ ഹര്‍ത്താല്‍ പ്രഖ്യാപിക്കുന്നതിലുള്ള പരിഭവം പ്രകടിപ്പിക്കാതെ നിവൃത്തിയില്ല. നിത്യോപയോഗ സാധനമായ അരി, പച്ചക്കറി എന്നിവയ്ക്ക് കിലോഗ്രാമിന് എത്രയാണ് വില എന്ന് നമ്മുടെ ജനനേതാക്കളെ പിടിച്ചുനിര്‍ത്തി ചോദിച്ചാല്‍ അവര്‍ക്ക് ഭാര്യയോട് ചോദിക്കാതെ ഉത്തരം പറയാന്‍ കഴിഞ്ഞെന്ന് വരില്ല. ആ വിലകള്‍ എത്ര കുത്തനെ കയറിയാലും മണ്ഡലം കമ്മിറ്റിയിലോ ഏരിയാ കമ്മിറ്റിയിലോ ഒരു പ്രമേയം പോലും വരില്ല. വണ്ടിയോടിക്കുന്ന ദ്രാവകത്തിന് മാത്രം എന്താണ് ഇത്ര മഹത്ത്വം ?

No comments:

Post a comment