മാധ്യമ അജന്‍ഡയില്‍ സാമൂഹ്യനീതിക്ക് എന്ത് സ്ഥാനം ?


ആദിവാസി ചൂഷണത്തെ കുറിച്ചും അവരുടെ ദാരിദ്ര്യത്തെ കുറിച്ചുമെല്ലാം നിരന്തരം എഴുതി കൊണ്ടിരുന്ന ഒരു പത്രപ്രവര്‍ത്തകനോട് അദ്ദേഹം പ്രവര്‍ത്തിക്കുന്ന മാധ്യമസ്ഥാപനത്തിന്റെ ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥന്‍ മര്‍മപ്രധാനമായ ഒരു ചോദ്യം ചോദിച്ചതായി കേട്ടിട്ടുണ്ട്. എന്തിനാണ് സുഹൃത്തേ എപ്പോഴും ആദിവാസികളെ കുറിച്ചെഴുതുന്നത്, ്‌നിങ്ങളെഴുതുന്നതൊന്നും അവര്‍ക്ക് വായിക്കാന്‍ കഴിയില്ലല്ലോ ?

അതൊരു ഗൗരവമുള്ള ചോദ്യം തന്നെയാണെന്ന് സമ്മതിക്കാതെ തരമില്ല. പത്രത്തിന്റെ ആദ്യ ബാധ്യത പത്രവായനക്കാരനോടാണ്്, കാശ് കൊടുത്ത് പത്രം വാങ്ങുന്ന ഉപയോക്താവിനോടാണ്. അങ്ങനെ വരുമ്പോള്‍ പിന്നെ എന്തിനാണ് പത്രം വാങ്ങാന്‍ ശേഷിയോ അത് വായിക്കാനുള്ള അക്ഷരജ്ഞാനമോ ഇല്ലാത്തവര്‍ക്ക് വേണ്ടി പത്രസ്ഥാപനം മഷിയും കടലാസ്സും ചെലവാക്കുന്നത് ?

ഇത്തരം ചോദ്യങ്ങള്‍ ഉയരുന്ന കാലമാണിത്. സമൂഹത്തെ മുഴുവനായി അഭിവൃദ്ധിപ്പെടുത്താനും എല്ലാ വിഭാഗങ്ങള്‍ക്കും തുല്യനീതി ലഭ്യമാക്കാനുമുള്ള ബാധ്യത ഭരണകൂടങ്ങളും രാഷ്ട്രീയ പ്രസ്ഥാനങ്ങളും ഏറ്റെടുത്തിരുന്ന കാലത്ത് അതിനൊപ്പം നില്‍ക്കാറുണ്ട് മാധ്യമങ്ങളും. പല സമൂഹങ്ങളിലും മാധ്യമങ്ങള്‍ സാമൂഹ്യനീതിക്ക് വേണ്ടിയുുള്ള പ്രസ്ഥാനങ്ങളെ നയിച്ചിട്ടുണ്ട്. സമൂഹത്തോട് മാധ്യമങ്ങള്‍ക്കും ഉത്തരവാദിത്തമുണ്ട് എന്ന ആശയത്തെ ആരും ചോദ്യം ചെയ്യാറില്ല. പത്രങ്ങള്‍ സ്ഥാപിക്കുന്നതും അത് കഷ്ടപ്പെട്ട് നടത്തിക്കൊണ്ടുപോയിരുന്നതും ഉന്നതമായ ലക്ഷ്യങ്ങളോടെ ആയിരുന്ന കാലത്തില്‍ നിന്ന് വളരെ മുന്നോട്ടോ പിന്നോട്ടോ പോയിരിക്കുന്നു ഈ കാലം. സാമൂഹ്യനീതി ഇന്ന് മാധ്യമ അജന്‍ഡയിലെ അവസാനത്തെ ഇനമെങ്കിലുമാണോ ?

പത്രം വാങ്ങാനും വായിക്കാനും കഴിയാത്തവരുടെ കാര്യമവിടെ നില്‍ക്കട്ടെ. പത്രം വാങ്ങുന്ന ജനത്തിനോട് മാധ്യമങ്ങള്‍ക്ക് ബാധ്യത ഉണ്ട് എന്ന ആശയമെങ്കിലും ഇന്ന് ചോദ്യം ചെയ്യപ്പെടാതെ നിലനില്‍ക്കുന്നുണ്ടോ ? സംശയമാണ്. പത്രവായനക്കാരനാണ് പത്രങ്ങളെ നില നിര്‍ത്തുന്നതെന്ന ധാരണ പോലും തിരുത്തിയെഴുതുകയാണ് എങ്ങും. വായനക്കാരന് പത്രം ലഭ്യമാക്കുന്നത് പരസ്യക്കാരാണ്. പരസ്യം ഇല്ലെങ്കില്‍ പത്രം ഇപ്പോഴുള്ളതിന്റെ രണ്ടോ മൂന്നോ ഇരട്ടി വിലയ്ക്കാണ് വായനക്കാരിലെത്തുക. അപ്പോള്‍ ആരോടാണ് മാധ്യമ ഉടമസ്ഥര്‍ക്ക് ബാധ്യത ഉണ്ടാകേണ്ടത് ? വായനക്കാരന് പോലും പരസ്യക്കാരോടല്ലേ കടപ്പാട് വേണ്ടത് ? ഇതൊരു സിദ്ധാന്തമായി മുന്നോട്ടുവെക്കാന്‍ മടിയില്ലാത്തവരാണ് നമ്മുടെ മാധ്യമനേതാക്കളില്‍ ചിലരെങ്കിലും.
വായനക്കാര്‍ക്ക്് എന്ത് പങ്ക് ?
മാധ്യമങ്ങളെന്ന് പറയുന്നത് പത്രങ്ങള്‍ മാത്രമല്ലല്ലോ. പത്രങ്ങള്‍ക്ക് അത് വാങ്ങുന്നവരെയെങ്കിലും കുറച്ചെങ്കിലും വക വെച്ചേതീരൂ. ദൃശ്യമാധ്യമങ്ങള്‍ക്കോ ? സൗജന്യമായി വിതരണം ചെയ്യുന്ന പത്രങ്ങള്‍ക്ക് വരിക്കാരനെ പേടിക്കേണ്ട കാര്യമില്ലെന്നതുപോലെ സൗജന്യമായി നല്‍കുന്ന ടെലിവിഷന്‍ വാര്‍ത്ത കാണുന്നവരോട് എന്ത് ബാധ്യതയാണ് ചാനലുകള്‍ക്കുള്ളത് ? പരസ്യക്കാര്‍ക്ക് അവരുടെ ഉല്പ്പന്നം ആളുകളില്‍ എത്തിക്കാന്‍ കഴിയണമെങ്കില്‍ വാര്‍ത്ത ആകര്‍ഷകമായിരിക്കണം. അല്ലെങ്കില്‍ അവര്‍ ചാനല്‍ മാറ്റിക്കളയും. ആ ആകര്‍ഷകത്വം ഉള്ളടക്കത്തിലുണ്ടാക്കുന്നതിനുള്ള പോരാട്ടത്തിലാണ് ദൃശ്യമാധ്യമങ്ങളെല്ലാം. സാമൂഹ്യനീതി പറഞ്ഞാലാണ് അതുണ്ടാവുക എങ്കില്‍ അതുപറയാനും അവര്‍ക്ക് മടിയില്ല. ജനത്തിന് പക്ഷേ അത് കേള്‍ക്കാന്‍ താല്പര്യമില്ല. ടെലിവിഷന്‍ ഒരു വിനോദമാധ്യമം തന്നെയാണ്. പത്രങ്ങളും മനോരമ്യ മാധ്യമമാണെന്ന സിദ്ധാന്തത്തിന് തന്നെയാണ് നാട്ടില്‍ അംഗീകാരമുള്ളത്. പല വട്ടം ചോദിച്ച ഒരു ചോദ്യം ആവര്‍ത്തിച്ചുചോദിക്കട്ടെ. ഇന്ത്യയില്‍ ഏതെങ്കിലും ഭാഷയില്‍ ഏറ്റവും വിശ്വാസ്യതയുള്ള പത്രം ഏറ്റവും വില്പന ഉള്ള പത്രമായി നില നില്‍ക്കുന്നുണ്ടോ ? എല്ലാ ഭാഷയിലും ഏറ്റവും വില്പന ഉള്ള പത്രം അവര്‍ക്കാണ് ഏറ്റവും വിശ്വാസ്യതയുള്ളത് എന്നവകാശപ്പെടുമായിരിക്കും. പക്ഷേ അവരുടെ വായനക്കാര്‍ പോലും അത് അംഗീകരിക്കില്ല.

ഇന്ത്യയിലെ ഇംഗഌഷ് പത്രങ്ങള്‍ ഏതുതരം വാര്‍ത്തകള്‍ക്കാണ് പ്രാമുഖ്യം നല്‍കുന്നത് എന്നതുസംബന്ധിച്ച മാധ്യമ പ്രവര്‍ത്തകനായ പി.സായ്‌നാഥ് ഉന്നയിച്ച ചോദ്യങ്ങള്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടതാണ്. വന്‍നഗരങ്ങളെ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നയാണ് ഇംഗഌഷ് പത്രങ്ങള്‍. അത് വായിക്കുന്നവരുടെ സാമൂഹികമോ സാമ്പത്തികമോ ഭരണപരമോ ആയ പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുന്നവയാവണം പത്രങ്ങള്‍ എന്ന ചിന്ത അവര്‍ക്ക് തന്നെയില്ല. അതുകൊണ്ട് തന്നെയാണ് ഗ്രാമങ്ങള്‍ ഒന്നടങ്കം വരള്‍ച്ചയുടെയും പട്ടിണിയുടെയും പിടിയില്‍ അകപ്പെടുമ്പോള്‍ അത് അന്വേഷിക്കാന്‍ ഒരു ലേഖകനെപ്പോലും അയക്കാത്ത പത്രം സൗന്ദര്യമത്സരം റിപ്പോര്‍ട്ട് ചെയ്യാന്‍ വലിയൊരു സംഘത്തെ നിയോഗിക്കുന്നത്.

സാമൂഹ്യനീതിയോ അതുപോലുള്ള ജീവല്‍പ്രധാന വിഷയങ്ങളോ പത്രങ്ങളിലെ മുഖ്യസംഗതി ആവാതിരിക്കുന്നത് മനസ്സിലാക്കാം. സമ്പന്ന വര്‍ഗത്തിന് പാവപ്പെട്ടവന്റെ പ്രശ്‌നങ്ങളും ദൈന്യതകളും പത്രത്തിന്റെ മുന്‍ പേജില്‍ കാണുന്നത് തന്നെ ഇഷ്ടമല്ല. ആദിവാസിയുടെയും ദലിതരുടെയും ദൈന്യതകള്‍ വായിക്കാന്‍ ഇടത്തരക്കാര്‍ക്ക് പോലും ഇഷ്ടമില്ല. ഈ സത്യം അംഗീകരിക്കുമ്പോള്‍പോലും ചോദിക്കട്ടെ- ഇത്തരം വിഷയങ്ങള്‍ പാടെ അവഗണിക്കപ്പെടേണ്ടതുണ്ടോ ? സമൂഹം ഒരു നൂറ്റാണ്ട് മുമ്പ് നിന്നേടത്തുതന്നെയല്ല നില്‍ക്കുന്നത്. നിരക്ഷരുടെ എണ്ണം കുറയുന്നുണ്ട്, ദരിദ്രരടെയും. പ്രാദേശികപത്രങ്ങളുടെയും ഇംഗ്ലീഷ് പത്രങ്ങളുടെയും വില്പനയും വായനയും പല മടങ്ങ് വര്‍ദ്ധിച്ചിട്ടുണ്ട്. പരമ്പരാഗത സമ്പന്നരും സവര്‍ണജാതിക്കാരും ഇടത്തരക്കാരും മാത്രമടങ്ങുന്നതല്ല ഇന്നത്തെ പൊതു സമൂഹം. ദലിതര്‍, പിന്നോക്ക ജാതിക്കാര്‍, ന്യൂനപക്ഷങ്ങള്‍ എന്നിവര്‍ ഏറെ മുന്നോട്ട് വന്നിരിക്കുന്നു. അടുക്കളകളില്‍ തളച്ചിടപ്പെട്ടിരുന്ന സ്ത്രീകള്‍ക്ക് ഇന്ന് എല്ലാ തൊഴില്‍ മേഖലകളിലും സുപ്രധാനമായ പങ്കുണ്ട്. മാധ്യമങ്ങള്‍ ഈ വിഭാഗത്തോട് എത്രത്തോളം നീതി പുലര്‍ത്തുന്നുണ്ട് എന്ന ചോദ്യം ഉന്നയിക്കപ്പെടേണ്ടതുണ്ട്.

പത്രമാധ്യമങ്ങളുടെ നയം എന്നതിനപ്പുറം മാധ്യമപ്രവര്‍ത്തനത്തിന്റെ വലിയ ഒരു ന്യൂനത ആയി വേണം ഇതിനെ കാണാന്‍. എല്ലാ വിഭാഗം ജനങ്ങളുടെയും താല്പര്യങ്ങളെ തങ്ങളുടെ സ്വന്തം താല്പര്യമായി കാണാന്‍ പരിശീലിപ്പിക്കപ്പെട്ടവരാണോ മാധ്യമപ്രവര്‍ത്തകര്‍? ജേണലിസം വിദ്യാഭ്യാസം ഇപ്പോഴും അത്രത്തോളമെത്തിയിട്ടില്ല മിക്കയിടങ്ങളിലും. ലീഡും ഇന്‍ട്രോയും പോലെ ഒന്നോ രണ്ടോ മണിക്കൂര്‍ കൊണ്ട് മനസ്സിലാക്കാന്‍ കഴിയുന്ന അപ്രധാന കാര്യങ്ങളിലാണ് ജേണലിസം പരിശീലകര്‍ കൂടുതല്‍ ശ്രദ്ധിക്കാറുള്ളത്. മുന്‍ കാലങ്ങളില്‍ ജേണലിസ്റ്റുകളാകാന്‍ ആഗ്രഹിച്ചിരുന്നത് ചില സാമൂഹ്യ-രാഷ്ട്രീയ നിലപാടുകള്‍ ഉള്ളവരായിരുന്നു. അവര്‍ കോളേജ് വിദ്യാഭ്യാസകാലത്ത് രാഷ്ട്രീയപ്രവര്‍ത്തനത്തിന്റെ ബാലപാഠങ്ങളെങ്കിലും പഠിച്ചിരുന്നു. സമൂഹത്തിന്റെ ഉയര്‍ച്ചതാഴ്ചകളും നാടിന്റെ രാഷ്ട്രീയ ചരിത്രവും കുറെയെല്ലാം അറിഞ്ഞവരായിരുന്നു അവര്‍. എല്ലാറ്റിനുമുപരി സാധാരണക്കാര്‍ക്കൊപ്പം പഠിക്കുകയും ജീവിക്കുകയും ചെയ്ത ഇടത്തരക്കാരും പാവപ്പെട്ടവരുമായിരുന്നു പത്രപ്രവര്‍ത്തകരായിരുന്നത്. ദാരിദ്ര്യവും ജാതി-വര്‍ഗവിവേചനവുമെല്ലാം അവര്‍ കുറെയെല്ലാം മനസ്സിലാക്കിയിരുന്നു. ഇംഗഌഷ് പത്ര-ടെലിവിഷന്‍ മാധ്യമങ്ങളില്‍ ഇന്ന് എത്തിച്ചേരുന്നവരെ കുറിച്ച് അത് പറയാനാവില്ല. കോണ്‍വെന്റുകളും ഇംഗ്ലീഷ് മീഡിയം വിദ്യാഭ്യാസസ്ഥാപനങ്ങളിലും പഠിച്ചുവളര്‍ന്ന ഉയര്‍ന്ന ജാതി-വര്‍ഗ പ്രതിനിധികള്‍ എത്രത്തോളം സാമൂഹ്യനീതിക്ക് വേണ്ട പേന ചലിപ്പിക്കാന്‍ മാത്രം സാമൂഹ്യബോധമുള്ളവരാകും ?


സമൂഹത്തിലെ ഏറ്റവും താഴെകിടയിലുള്ളവരുടെ കാര്യങ്ങള്‍ക്ക് എത്രത്തോളം സ്ഥലവും പ്രാധാന്യവും പത്രങ്ങള്‍ നല്‍കുന്നു എന്നത് സംബന്ധിച്ച് ശാസ്ത്രീയമായ പഠനങ്ങള്‍ അധികമൊന്നും നടന്നതായി തോന്നുന്നില്ല. വ്യക്തികള്‍ വേണ്ടി നടത്തിയ പഠനങ്ങള്‍ അധികമൊന്നും പ്രസിദ്ധീകരിക്കപ്പെട്ടിട്ടുമില്ല. അപൂര്‍വമായി ശ്രദ്ധയില്‍ പെട്ട ചില പഠനത്തിന്റെ നിരീക്ഷണം പരിശോധിക്കാം. ചെന്നൈയില്‍ പ്രവര്‍ത്തിക്കുന്ന ഏഷ്യന്‍ കോളേജ് ഓഫ് ജേണലിസം അവരുടെ സിലബസ്സില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ഒരു വിഷയമാണ് ദാരിദ്ര്യം. ദരിദ്രര്‍ എങ്ങനെ ജീവിക്കുന്നു എന്ന് കണ്ടറിയാന്‍ ജേണലിസം വിദ്യാര്‍ഥികള്‍ നിശ്ചിത കാലം ചെലവഴിക്കേണ്ടതുണ്ട്. അങ്ങനെ സിലബസ്സിന്റെ ഭാഗമായി ധന്യ പാര്‍ത്ഥസാരഥി എന്ന വിദ്യാര്‍ത്ഥി ചെന്നൈയിലെ ചേരികള്‍ എത്രത്തോളം പത്രത്തില്‍ വാര്‍ത്തയാകുന്നു എന്ന് പരിശോധിക്കുകയുണ്ടായി. പാര്‍ക് ടൗണിനടുത്ത ചേരിയാണ് പഠനവിധേയമാക്കിയത്. വീടുണ്ടോ എന്ന് ചോദിച്ചാല്‍ വീടുണ്ട്. വൈദ്യുതിയില്ല, ശുദ്ധജലമില്ല, കിടക്കാന്‍ കട്ടിലുകളില്ല. അതിരൂക്ഷമായ ദുര്‍ഗന്ധമുള്ള വായു സദാസമയം ശ്വസിച്ച് ദിവസം പത്ത് മണിക്കൂറിലേറെ പണിയെടുത്ത് പത്ത് രൂപ പോലും വരുമാനം കിട്ടാത്ത, പ്രഭാതകൃത്യങ്ങള്‍ നിര്‍വഹിക്കാന്‍ അരമണിക്കൂര്‍ നടന്ന് സുലഭ് കേന്ദ്രത്തില്‍ പോയി പണം കൊടുക്കേണ്ടിവരുന്ന, ശുദ്ധജലം ശേഖരിക്കാന്‍ ഓരോ മണിക്കൂര്‍ നടക്കേണ്ടി വരുന്ന സ്ത്രീകളുള്ള ചേരിയിലെ ജീവിതം ജീവിതമാണോ എന്നാര്‍ക്കും തോന്നിപ്പോകും. അവിടെയും മനുഷ്യര്‍ സമാധാനപൂര്‍വം ജീവിക്കുക മാത്രമല്ല അസാധാരണമായ നര്‍മബോധത്തോടെ ലോകത്തെ നോക്കിക്കാണുകയും ചെയ്യുന്നു എന്നത് ആരേയും അത്ഭുതപ്പെടുത്തും.

ഈ ചേരി പക്ഷേ ദ ഹിന്ദു പത്രത്തില്‍ വാര്‍ത്തയാകുന്നത് അവിടെ തീപ്പിടുത്തമുണ്ടാകുമ്പോഴാണ്. ഏതാണ്ട് തുല്യവലുപ്പമുള്ള ചെറിയ വാര്‍ത്തകള്‍. നൂറുചേരിവീടുകള്‍ കത്തിയാലും നാനൂറ് വീട് കത്തിയാലും ചെറിയൊരു റിപ്പോര്‍ട്. അന്വേഷകര്‍ക്കും ലേഖകര്‍ക്കും കത്തിയ വീടുകള്‍ ക്ഷമയോടെ എണ്ണിത്തീര്‍ക്കാന്‍ കഴിയാത്തതുകൊണ്ടാവും എപ്പോഴും അത് റൗണ്ട് ഫിഗറായാണ് കൊടുക്കുക- അമ്പത് വീട്, നൂറ് വീട്, ഇരുനൂറ് വീട് അങ്ങനെ പോകും റിപ്പോര്‍ട്ടുകള്‍. വാര്‍ത്തയുടെ തലക്കെട്ടുകളുടെ സമാനത അവ എത്ര മാത്രം വിരസതയാണ് ഉണര്‍ത്തുന്നതെന്ന് വെളിവാക്കുന്നു. 50 ഹട്‌സ് ഗട്ടഡ് എന്നത് മറ്റൊരു ദിവസം 200 ഹട്‌സ് ഗട്ടഡ് എന്നാവും. വേറെ മാറ്റമൊന്നുമില്ല. ആരുടെ വീടാണ് കത്തിയത്, എന്താണ് വീട്ടുകാരുടെ അവസ്ഥ, അവര്‍ക്ക് സഹായമെത്തിക്കാന്‍ വല്ലതും ചെയ്യുന്നുണ്ടോ ... യാതൊന്നുമില്ല. നിസ്സാരസംഭവം.

തിരുവനന്തപുരത്തെ പത്രപ്രവര്‍ത്തകയൂണിയന്‍ സ്ഥാപനമായ കേസരി ട്രസ്റ്റ് പ്രസിദ്ധപ്പെടുത്തിയ മീഡിയ അപ്‌ഡേറ്റ് എന്ന പ്രസിദ്ധീകരണത്തിലാണ് ധന്യ പാര്‍ത്ഥസാരഥിയുടെ പഠനഫലങ്ങള്‍ പ്രസിദ്ധപ്പെടുത്തിക്കണ്ടത്. ദ ഹിന്ദു തന്നെ നടത്തുന്ന സ്ഥാപനമാണ് ഏഷ്യന്‍ കോളജ് ഓഫ് ജേണലിസം. അവരാണ് ദാരിദ്ര്യപഠനം സിലബസ്സിന്റെ വിഷയമായിതന്നെ ഉള്‍പ്പെടുത്തിയിട്ടുള്ളത്. പോരാത്തതിന് ഇടതുപക്ഷാഭിമുഖ്യമുള്ള പത്രമായാണ് ഹിന്ദു അറിയപ്പെടുന്നത് ഇപ്പോള്‍. എന്നിട്ടുപോലും ഹിന്ദു പത്രാധിപന്മാര്‍ ദരിദ്രജനതയുടെ കാര്യങ്ങള്‍ റിപ്പോര്‍ട് ചെയ്യുന്നതിന് ഇത്രയും പ്രാധാന്യമേ നല്‍കുന്നുള്ളൂ. അപ്പോള്‍പിന്നെ മറ്റുള്ള മാധ്യമങ്ങളില്‍ നിന്ന് നാം എന്ത് പ്രതീക്ഷിക്കാനാണ് ! നാല്പത് ശതമാനത്തോളം ചെന്നൈക്കാര്‍ ചേരികളിലാണ് ജീവിതം നയിക്കുന്നതെന്ന വസ്തുത കൂടി ഓര്‍ക്കേണ്ടതുണ്ട്. മാധ്യമങ്ങള്‍ എത്രത്തോളം അവര്‍ക്ക് ചുറ്റുമുള്ള സമൂഹത്തെ പ്രതിനിധാനം ചെയ്യുന്നുണ്ട് എന്ന് മനസ്സിലാക്കാന്‍ വേറെ അധികം ഉദാഹരണങ്ങള്‍ വേണ്ട.

ഒരു മാധ്യമത്തിന്റെ ഉടമസ്ഥനയം എത്ര വിശാലമനസ്‌കമായിരുന്നാലും പത്രപ്രവര്‍ത്തകരുടെ മുന്‍വിധികളും സാമൂഹ്യനീതിയെകുറിച്ചുള്ള ധാരണക്കുറവും അവരുടെ കവറേജിനെ ബാധിക്കും എന്ന് തെളിയിക്കപ്പെട്ടതാണ്. ഇന്ത്യയെ പോലെ വൈവിദ്ധ്യപൂര്‍ണമായ സാമൂഹ്യാവസ്ഥയുള്ള രാജ്യങ്ങളില്‍ ഇത് വളരെ പ്രധാനപ്പെട്ട സംഗതിയാണ്. തൊണ്ണൂറുകളില്‍ വി.പി.സിങ്ങിന്റെ നേതൃത്വത്തിലുള്ള കേന്ദ്രമന്ത്രിസഭ പിന്നോക്ക ജാതിക്കാര്‍ക്ക് തൊഴില്‍-വിദ്യാഭ്യാസ സംവരണം ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചപ്പോല്‍ അതിനെതിരെ നടന്ന വിദ്യാര്‍ഥി പ്രക്ഷോഭത്തെ മാധ്യമങ്ങള്‍ പിന്താങ്ങിയത് സംവരണതീരുമാനം ഇന്ത്യാ ചരിത്രത്തിലെ ഏറ്റവും ജനവിരുദ്ധമായ തീരുമാനം ആണെന്ന മട്ടിലാണ്. ജാതിസംവരണത്തെ ന്യായീകരിക്കുന്ന ചരിത്രപശ്ചാത്തലവും സാമൂഹ്യയാഥാര്‍ഥ്യങ്ങളും സമൂഹശാസ്ത്രപരമായ തത്ത്വങ്ങളും ഉണ്ടെന്ന വസ്തുത വിസ്മരിച്ചുകൊണ്ട് മാധ്യമങ്ങള്‍ സംവരണവിരുദ്ധ സമരത്തെ പാടിപ്പുകഴ്ത്തിയതിന് ഒരു കാരണം മാധ്യമപ്രവര്‍ത്തകര്‍ക്കിടയില്‍ പിന്നോക്ക-ദലിത് ജാതികളില്‍ പെട്ടവര്‍ ചെറുന്യൂനപക്ഷമായിരുന്നു എന്നതാണ്. സ്ത്രീകള്‍ ധാരാളമായി ഇംഗ്ലീഷ് മാധ്യമങ്ങളില്‍ കടന്നുവന്നിട്ടുണ്ട്. പക്ഷേ അവരുടെ എണ്ണം പ്രാദേശികഭാഷാമാധ്യമങ്ങളില്‍ വളരെ കുറവാണ്. അതുകൊണ്ട് ഭാഷാപത്രങ്ങളില്‍ സ്ത്രീ പ്രശ്‌നങ്ങള്‍ വേണ്ടത്ര ഉള്‍ക്കാഴ്ച്ചയോടെയോ നീതിബോധത്തോടെയോ അല്ല കൈകാര്യം ചെയ്യപ്പെടുന്നത് എന്ന് കാണാവുന്നതാണ്.

മധുരൈ കാമരാജ് സര്‍വകലാശാലയിലെ ജേണലിസം അധ്യാപകനായ ജെ. ബാലസുബ്രഹ്മണ്യന്‍ കഴിഞ്ഞ നവമ്പറില്‍ ഒരു ദേശീയ മാധ്യമ സമ്മേളനത്തില്‍ അവതരിപ്പിച്ച് പ്രബന്ധം ഇക്‌ണോമിക് ആന്റ് പൊളിറ്റിക്കല്‍ വീക്ക്‌ലി പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. തമിഴ് ഭാഷാപത്രങ്ങളില്‍ പോലും ദലിത് വിഭാഗത്തില്‍ പെട്ട പത്രപ്രവര്‍ത്തകര്‍ നന്നെ കുറവാണ് എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. മുപ്പത് കൊല്ലം പത്രപ്രവര്‍ത്തകനായിട്ടും താനൊരു ദലിത് പത്രപ്രവര്‍ത്തകനെ കണ്ടിട്ടില്ല എന്ന ഡല്‍ഹിയിലെ അറിയപ്പെടുന്ന പത്രപ്രവര്‍ത്തകനായ ബി.എന്‍.ഉണിയാല്‍ 1996 ല്‍ എഴുതുകയുണ്ടായി. പ്രശസ്ത മാധ്യമ ഗവേഷകനായ റോബിന്‍ ജെഫ്‌റിയും ഇക്കാര്യം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. മാധ്യമലോകത്തെ വര്‍ണവിവേചനം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ചില ദലിത് സംഘടനകള്‍ 1996 ല്‍ പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യയ്ക്ക് നിവേദനം നല്‍കിയിരുന്നു. പ്രസ് കൗണ്‍സില്‍ ഇക്കാര്യത്തില്‍ വല്ലതും ചെയ്യുമെന്ന് പ്രതീക്ഷിക്കാന്‍ കഴിയില്ല, കൗണ്‍സിലിനെന്നല്ല അധികാരസ്ഥാപനങ്ങള്‍ക്കൊന്നും ഇതിനുള്ള അധികാരമില്ല. മാധ്യമങ്ങളിലെ ദലിത് പ്രാതിനിധ്യം വര്‍ദ്ധിച്ചതായി തെളിയിക്കുന്ന രേഖകളൊന്നും ലഭ്യമല്ല.

മാധ്യമങ്ങളിലെ ന്യൂസ് റൂം അത് സേവിക്കുന്ന ജനവിഭാഗത്തിന്റെ വൈവിദ്ധ്യം ഉള്‍ക്കൊള്ളുന്നതാവണം എന്ന തത്ത്വം ലോകം അംഗീകരിച്ചതാണ്. അമേരിക്കന്‍ മാധ്യമങ്ങള്‍ കുറെ മുമ്പുതന്നെ ഇക്കാര്യത്തില്‍ ഗൗരവപൂര്‍ണമായ സമീപനം സ്വീകരിച്ചിരുന്നു. കറുത്ത വര്‍ഗക്കാരും മറ്റ് പലതരം ന്യൂനപക്ഷങ്ങളും ഉള്ളതുകൊണ്ടാണ് അവര്‍ ഇക്കാര്യത്തിന് പ്രാധാന്യം നല്‍കിയത്.അമേരിക്കന്‍ അസോസിയേഷന്‍ ഓഫ് എഡിറ്റേഴ്‌സ് എന്ന സംഘടന അനേക വര്‍ഷമായി വര്‍ഷം തോറും അമേരിക്കന്‍ മാധ്യമസ്ഥാപനങ്ങളിലെ കറുത്ത വിഭാഗക്കാരുടെ പ്രാതിനിധ്യം സംബന്ധിച്ച കണക്കുകള്‍ പ്രസിദ്ധപ്പെടുത്താറുണ്ട്. ഒരു പ്രദേശത്ത് 25 ശതമാനം കറുത്ത വര്‍ഗക്കാരുണ്ടെങ്കില്‍ ആ പ്രദേശത്തെ പത്രങ്ങളില്‍ 25 ശതമാനം കറുത്ത വര്‍ഗക്കാരായ പത്രപ്രവര്‍ത്തകര്‍ ഉണ്ടെന്ന് ഉറപ്പുവരുത്താന്‍ പത്രാധിപന്മാര്‍ നടപടിയെടുത്തുവരുന്നുണ്ട്. വളരെ വര്‍ഷക്കാലമായി ശ്രമം നടത്തിയിട്ട് പോലും പലപ്പോഴും പല പ്രദേശങ്ങളിലും ലക്ഷ്യം നേടാന്‍ കഴിയുന്നില്ലെന്ന് അവര്‍ റിപ്പോര്‍ട്ട് ചെയ്യാറുമുണ്ട്. ഓരോ പത്രത്തിലും എത്ര കറുത്തവര്‍ ഉണ്ടെന്ന് അസോസിയേഷന്റെ വെബ്‌സൈറ്റില്‍ കാണാം.

സാമൂഹ്യനീതിയുടെ കാര്യത്തില്‍ ഏറെ മുന്നോട്ട് പോയിട്ടുള്ള പ്രദേശമാണ് കേരളം. കേരളത്തിലെ സാമൂഹ്യനവോത്ഥാനത്തില്‍ സുപ്രധാനമായ പങ്ക് ഇവിടെത്തെ മാധ്യമങ്ങള്‍ വഹിച്ചിട്ടുണ്ട്. കേരളീയ സമൂഹത്തില്‍ ജാതീയമായ തിന്മകള്‍ ഇല്ലാതായിട്ടുമുണ്ട്. എന്നാല്‍ എത്രത്തോളം പ്രാതിനിധ്യം മാധ്യമപ്രവര്‍ത്തകര്‍ക്കിടയില്‍ പിന്നോക്കം നില്‍ക്കുന്ന ജനവിഭാഗങ്ങള്‍ക്കുണ്ട് എന്നത് സംബന്ധിച്ച ഒരു പഠനം പോലും നടന്നതായി അറിയില്ല. സ്ത്രീ വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ നാം യൂറോപ്യന്‍ രാജ്യങ്ങളോളം മുന്നിലാണ്. ചാനലിലെ വാര്‍ത്തകള്‍ ഏറെയും കൈകാര്യം ചെയ്യുന്നത് പെണ്‍കുട്ടികളാണ്. എന്നാല്‍ എത്ര പത്രങ്ങളില്‍ ഉയര്‍ന്ന പദവികളില്‍ സ്ത്രീകളെ കാണാനാവും ? എത്ര ദലിത് വിഭാഗക്കാര്‍ പത്രപ്രവര്‍ത്തകര്‍ക്കിടയിലുണ്ട് ? മുസ്ലീം പ്രാതിനിധ്യം വേണ്ടത്രയുണ്ടോ ? ഈ കാര്യങ്ങള്‍ സംബന്ധിച്ച് ഒരു ആധികാരിക സ്ഥിതിവിവരക്കണക്കും ലഭ്യമല്ല.

എല്ലാ ജനവിഭാഗങ്ങളുടെയും കാര്യങ്ങള്‍ തങ്ങള്‍ക്കറിയാം എന്ന മട്ടില്‍ മുഖപ്രസംഗങ്ങളും അധികപ്രസംഗങ്ങളും തട്ടിവിടുന്ന പത്രാധിപന്മാരുടെ കാലം കഴിഞ്ഞിരിക്കുന്നു. സാമൂഹ്യനീതിയുടെ ഏറ്റവും വലിയ ചുവടുവെപ്പ് ജനവിഭാഗങ്ങള്‍ക്ക് അവരുടെ ശബ്ദം കേള്‍പ്പിക്കാന്‍ അവസരം നല്‍കുക എന്നത് തന്നെയാണ്. ആയിരക്കണക്കിന് വര്‍ഷങ്ങളായി അടിച്ചമര്‍ത്തപ്പെട്ടവരും അകറ്റിനിര്‍ത്തപ്പെട്ടവരും ഉള്ള ഒരു സമൂഹത്തില്‍ ഇതിന് അതിയായി പ്രാധാന്യമുണ്ട്. ഇത് എല്ലാവര്‍ക്കും സാമൂഹ്യനീതി എത്തിക്കുന്നതിന്റെ ആദ്യത്തെ ചവിട്ടുപടിയാണ്.
(Keraleeyam Magazine Sept 2011)

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

വര്‍ക്കിങ്ങ് ജേണലിസ്റ്റ് ആക്റ്റും വേജ് ബോര്‍ഡും ഇല്ലാതാക്കി

കേരള മാധ്യമങ്ങളുടെ ആറു പതിറ്റാണ്ട്

ഐ.വി ബാബു: നിലപാടുകളില്‍ ഉറപ്പ്, സ്‌നേഹത്തിന്റെ സമൃദ്ധി