രണ്ട്‌ വര്‍ഗവഞ്ചകര്‍


പത്തു വര്‍ഷക്കാലം തൊഴിലാളിവര്‍ഗത്തിന്റെ പുലിയായിരുന്ന ലോക്‌സഭാംഗമാണ്‌ സാമ്രാജ്യത്വ മുതലാളിത്ത ദാസന്മാരുടെ പാര്‍ട്ടിയിലേക്ക്‌ എടുത്തുചാടിയത്‌. അത്‌ എം.പി. സ്ഥാനത്തിന്റെ കാലാവധി തീരുംമുമ്പ്‌‌, അതു വിപ്‌ളവത്തിന്റെ ലെനിന്‍ഗ്രാഡ്‌ ആയ കണ്ണൂരില്‍, അത്‌ തിരഞ്ഞെടുപ്പിന്റെ സസ്‌പെന്‍സിനിടെ. വല്ലാത്ത വിധിതന്നെ. മാര്‍ക്‌സിസ്റ്റുവിശ്വാസികള്‍ വിധിയില്‍ വിശ്വസിക്കുന്നില്ലെന്നത്‌ വേറെ കാര്യം.

അബ്ദുള്ളക്കുട്ടി പാര്‍ട്ടി അധികാരക്കോണിയില്‍ ഏറ്റവും താഴെയുള്ള പടിയിലായിരുന്നു നില്‍പ്പ്‌. ലോക്കലോ ഏരിയയോ മറ്റോ. അവിടെയിരിക്കുന്നവരില്‍ ചിലര്‍ ചില ദുര്‍ബല നിമിഷങ്ങളില്‍ ബൂര്‍ഷ്വാ സ്വാധീനങ്ങള്‍ക്ക്‌ വഴങ്ങി വര്‍ഗശത്രുക്കള്‍ക്കൊപ്പം ചേരാറുണ്ട്‌. അതത്ര കാര്യമായി എടുക്കേണ്ടതില്ല. ആ തലത്തില്‍ രാപ്പകല്‍ പ്രവര്‍ത്തിച്ച്‌ എല്ലാ മുതലാളിത്ത പരീക്ഷണങ്ങളെയും അതിജീവിക്കുന്ന കറ തീര്‍ന്ന തങ്കമാന കാഡര്‍മാര്‍ക്കേ ഏണിപ്പടി ഒന്നൊന്നായി കയറി മുകളിലെത്താനാകൂ. പൊളിറ്റ്‌ ബ്യൂറോവിലൊക്കെ എത്തണമെങ്കില്‍ പതിനെട്ടാംപടി പലതുതാണ്ടണം. വിപ്‌ളവം നടത്തുന്ന വര്‍ഗസേനയിലേക്കുള്ള റിക്രൂട്ട്‌മെന്റായതുകൊണ്ട്‌ ഇക്കാര്യത്തില്‍ വിട്ടുവീഴ്‌ചയില്ല. തൊട്ടാല്‍ തെറിക്കണം വിപ്‌ളവവീര്യം. ബൂര്‍ഷ്വാ പാര്‍ലമെന്റിറി പ്രവര്‍ത്തനത്തിന്‌ അത്ര നല്ല കാഡര്‍മാരൊന്നും ആവശ്യമില്ല. ലോക്കല്‍ കമ്മിറ്റിയംഗത്തെയും അവിടെ കയറ്റിയിരുത്താം. അങ്ങനെ പത്തുകൊല്ലം മുമ്പ്‌ കയറിപ്പറ്റിയ ആളാണ്‌ ഇപ്പോള്‍ പുറത്തുപോയ എ.പി. അബ്ദുള്ളക്കുട്ടി. അതിനും കുറെക്കാലം മുമ്പ്‌ കയറിപ്പറ്റിയ വേറൊരു ചങ്ങാതി സഖാവ്‌ ഇതേ പാര്‍ലമെന്റിന്റെ കാലാവധിക്കിടയില്‍ പാര്‍ട്ടി വിട്ട്‌ വര്‍ഗ വഞ്ചകനായി. സോമനാഥ്‌ ചാറ്റര്‍ജിയും അബ്ദുള്ളക്കുട്ടിയും തമ്മില്‍ സാമ്യവുമില്ലെന്ന്‌ പെട്ടന്ന്‌ തോന്നുമെങ്കിലും ചിലതൊക്കെയുണ്ടെന്ന്‌്‌ സൂക്ഷ്‌മനിരീക്ഷണത്തില്‍ ബോധ്യപ്പെടും.

വര്‍ഗസ്വഭാവമെന്നത്‌ ജന്മനാ ഉണ്ടാകുന്നതാണോ എന്നറിയില്ല. നനഞ്ഞ തോര്‍ത്തുകൊണ്ട്‌ തോര്‍ത്തിയാലൊന്നും പുള്ളിപ്പുലിയുടെ പുള്ളി മായില്ലല്ലോ. ഹിന്ദു മഹാസഭാ പ്രസിഡന്റായിരുന്ന ആളുടെ കാംബ്രിഡ്‌ജ്‌ റിട്ടേണ്‍ഡ്‌ പുത്രനാണ്‌ പത്തുവട്ടം പാര്‍ട്ടി പ്രതിനിധിയായി പാര്‍ലമെന്റിലെത്തിയത്‌. ആദ്യത്തെ സ്‌പീക്കര്‍ സഖാവെന്ന ചരിത്രപദവി നല്‍കി. തുടര്‍ന്ന്‌ എളുപ്പം വര്‍ഗവഞ്ചകനായി. വിത്തുഗുണം പത്തുഗുണം.

പിരിയുന്ന ലോക്‌സഭയുടെ അവസാനത്തെ സമ്മേളനത്തില്‍ വരെ നമ്മുടെ വടക്കന്‍ വിപ്‌ളവകാരിയെ തൊട്ടാല്‍ വിപ്‌ളവം തെറിക്കുമായിരുന്നു. അവസാനസമ്മേളനത്തില്‍ പിന്‍ബഞ്ചിലിരുന്ന്‌ ആ വിപ്‌ളവകാരി കത്തിക്കയറി. സ്‌പീക്കര്‍ക്ക്‌ നേരെ വിരല്‍ചൂണ്ടി, കൈയോങ്ങി, അലറി, ധിക്കരിച്ചു. പാര്‍ട്ടിയില്‍ നിന്ന്‌ പുറത്താക്കപ്പെട്ട സ്‌പീക്കര്‍ക്ക്‌ പാര്‍ട്ടിക്കാരനെ സഭയില്‍ നിന്നുപുറത്താക്കാന്‍ അങ്ങനെയാണ്‌ ചാന്‍സ്‌ കിട്ടിയത്‌്‌. പുറത്തായത്‌ എ.പി. അബ്ദുള്ളക്കുട്ടി എന്ന പുപ്പുലി. പാര്‍ട്ടിനേതാക്കള്‍ കുട്ടിയെ ചുമലില്‍തട്ടി അഭിനന്ദിച്ചുകാണണം. പക്ഷേ, മാസത്തിനകം കുട്ടിയും പോയി ആ മുത്തച്ഛന്റെ വഴിയില്‍. എങ്ങനെ പോകാതിരിക്കും ? ഇന്ദിരാഗാന്ധി തോറ്റതിന്‌ രണ്ടുദിവസം സങ്കടപ്പെട്ട ബാപ്പയുടെ മകനാണ്‌‌ !

സോമനാഥിന്റെയും അബ്ദുള്ളക്കുട്ടിയുടെയും പലായനത്തില്‍ കമ്യൂണിസ്റ്റുകാര്‍ക്ക്‌ മൊത്തം നാണക്കേടുണ്ടാക്കുന്ന സംഗതിയുണ്ട്‌. കമ്യൂണിസ്റ്റ്‌ പാര്‍ട്ടികളില്‍ നിന്ന്‌ പുറത്തുപോകുന്നതിനുമുണ്ട്‌ ചില മര്യാദകളൊക്കെ. ലക്ഷ്യം, മാര്‍ഗം, അടവ്‌, നയം, തന്ത്രം എന്നിവയെന്തെങ്കിലുമായി ബന്ധപ്പെട്ട്‌ പ്രത്യയശാസ്‌ത്രപ്രശ്‌നം ഉന്നയിച്ച്‌ ആശയസമരം നടത്തി വേണം പുറത്തുകടക്കാന്‍. അതാണ്‌ മാന്യമായ മാര്‍ഗം. ഒരു വിധപ്പെട്ടവരൊക്കെ ആ വഴിക്കാണ്‌്‌ പാര്‍ട്ടിവിട്ടത്‌. എന്തിന്‌ എം.വി.രാഘവന്‍ പോലും അങ്ങനെയാണ്‌ പോയത്‌. അദ്ദേഹം സി.പി.എം. വിട്ടപ്പോള്‍ ഉണ്ടാക്കിയത്‌ സി.എം.പി.യാണ്‌ . രക്ഷരത്തിന്റെ വ്യത്യാസം പോലുമില്ല. ഇന്നും അതുവെച്ചാണ്‌ കളി. രാഘവന്‌ കോണ്‍ഗ്രസ്സില്‍ സ്ഥാനംകിട്ടാഞ്ഞിട്ടാണോ പോകാതിരുന്നത്‌. അല്ലേയല്ല. കമ്യൂണിസ്റ്റുകാര്‍ക്ക്‌ മരണം വരെ കമ്യൂണിസ്റ്റ്‌ ലേബ്‌ള്‍ ഉണ്ടായിരിക്കണം.അവസാനം ചെങ്കൊടി പുതപ്പിക്കണം. തരത്തിലൊന്നുകൈയില്‍ കിട്ടാഞ്ഞിട്ടാണ്‌, വെള്ളയും ചെങ്കൊടിയും പുതപ്പിക്കാന്‍ അവസരം നല്‍കുമായിരുന്നു. രാഘവന്‍ ചെയ്‌തതിനേക്കാള്‍ നികൃഷ്ടകൃത്യമാണ്‌ അബ്ദുള്ളക്കുട്ടി ചെയ്‌തത്‌. പാര്‍ട്ടിയെ മാത്രമല്ല കമ്യൂണിസത്തെത്തന്നെയും തള്ളിപ്പറഞ്ഞാണ്‌ പുറത്ത്‌ കടന്നത്‌. എന്നിട്ട്‌ ആജന്മ വര്‍ഗശത്രുവിന്റെ പാര്‍ട്ടിയായ കോണ്‍ഗ്രസ്സില്‍ ചേര്‍ന്നിരിക്കുന്നു. ഖദറുകുപ്പായം തയ്‌പ്പിച്ചിരിക്കുന്നു. ഇതിന്‌ മാപ്പില്ല.

എല്ലാം കഴിഞ്ഞ്‌ ഇതാ അണ പൈയുടെ കണക്കും പറയാന്‍ തുടങ്ങിയിരിക്കുന്നു. കിട്ടിയ 42000 രൂപ ശമ്പളത്തില്‍നിന്ന്‌ മുപ്പത്തയ്യായിരം രൂപ പാര്‍ട്ടി ലെവി പിടിക്കൂമായിരുന്നുവത്രെ. മൊത്തം കൊടുത്തതിന്റെ കണക്കും സൂക്ഷിച്ചിട്ടുണ്ട്‌ വര്‍ഗവഞ്ചകന്‍. പത്തുകൊല്ലം കൊണ്ട്‌ അബ്ദുള്ളക്കുട്ടി നാല്‍പ്പത്തിമൂന്നുലക്ഷം രൂപ പാര്‍ട്ടിക്ക്‌ കൊടുത്തിട്ടുണ്ടത്രെ. മൊത്തം പാര്‍ട്ടി എം.പി.മാരില്‍ നിന്ന്‌ ആ വകയില്‍ ഇരുപത്തഞ്ചുലക്ഷംരൂപ മാസം പാര്‍ട്ടിയുടെ കൈയില്‍വരുന്നുണ്ടെന്നാണ്‌‌ അബ്ദുള്ളക്കുട്ടി പറഞ്ഞത്‌. പാര്‍ട്ടിക്ക്‌ പത്തോ ഇരുനൂറോ എം.പി.മാരുണ്ടായിരുന്നെങ്കില്‍ ലെവി പിരിച്ച്‌ കൊല്ലം തോറും എത്ര രൂപ മ്യൂച്വല്‍ ഫണ്ടില്‍ നിക്ഷേപിക്കാമായിരുന്നു എന്നോര്‍ക്കുമ്പോള്‍ കണ്ണുതള്ളുന്നു. ഇപ്പോള്‍ ജയലളിതയുമായും ചന്ദ്രബാബൂനായഡുവുമായും നവീന്‍ പട്‌നായ്‌ക്കുമായും മായാവതിയുമായുമെല്ലാം ധാരണയോ കൂട്ടുകെട്ടോ മുന്നണിയോ ഐക്യമോ എന്താണെന്നുവെച്ചാല്‍ അതുണ്ടാക്കി ഓരോ സീറ്റ്‌ കഴിയുന്നേടത്തെല്ലാം ഒപ്പിച്ചെടുത്തില്ലെങ്കില്‍ അടുത്ത അഞ്ചു വര്‍ഷത്തെ കച്ചവടം മോശമായിരിക്കും. ഡല്‍ഹിയിലൊന്നും പെട്ടിപ്പീടികയില്‍ നിന്നുള്ള വരുമാനംപോലുമില്ല പാര്‍ട്ടിക്ക്‌.

പക്ഷേ ഇക്കാര്യത്തില്‍ പാര്‍ട്ടിക്കുള്ള ആത്മാര്‍ഥതയും സദുദ്ദേശവും അബ്ദുള്ളക്കുട്ടിയെപ്പോലുള്ളവര്‍ മനസ്സിലാക്കുന്നില്ല. കഷ്ടം. ബൂര്‍ഷ്വാപാര്‍ലമെന്ററിവ്യവസ്ഥയുടെയും മുതലാളിത്തത്തിന്റെയും ആര്‍ഭാടജീവിതത്തിന്റയും ചെളിക്കുണ്ടില്‍ വീണ്‌ ദുഷിച്ചുപോകരുതെന്ന ഒറ്റ വിചാരം കൊണ്ടാണ്‌ പാര്‍ട്ടി ഇത്രയും പണം അംഗങ്ങളില്‍ നിന്ന്‌ പിടിച്ചെടുക്കുന്നത്‌. തൊഴിലാളിവര്‍ഗത്തിന്റെ എം.പി. തൊഴിലാളിയെപ്പോലെ ജീവിക്കണം, പാര്‍ട്ടി സെക്രട്ടറിക്കൊന്നും അങ്ങനെ പറ്റിയെന്നുവരില്ല. എം.പി. കടംവാങ്ങികട്ടന്‍ കാപ്പിയും പരിപ്പ്‌ വടയും കഴിച്ചോ ജീവിച്ചാല്‍ മതിയാകും. നികുതിപ്പണത്തില്‍ നിന്ന്‌ എം.പി.മാര്‍ക്ക്‌ നല്‍കുന്ന രൂപമുഴുവന്‍ പിടിച്ചുവാങ്ങി പാര്‍ട്ടിപ്രവര്‍ത്തനത്തിന്‌ ചെലവഴിക്കുന്നത്‌ പാര്‍ലമെന്റ്‌ അലക്ഷ്യമാണെന്നൊന്നും നിയമത്തില്‍ പറയുന്നുമില്ല. അതുകൊണ്ട്‌ പോയ പണത്തെക്കുറിച്ച്‌ വേവലാതിപ്പെടരുത്‌.

****
കേരളത്തില്‍ എങ്ങും സമരവും പണിമുടക്കവും ഗുലുമാലുമാണെന്നും വ്യവസായങ്ങള്‍ക്ക്‌ വഴിനടക്കാന്‍ വയ്യെന്നുമൊക്കെ കോടതി പറയുന്നത്‌ കേട്ട്‌ അപ്പടി വിശ്വസിച്ചേക്കരുത്‌. കേരളത്തിന്‌ ഈ രംഗത്ത്‌ വലിയ ഖ്യാതിയൊക്കെ ഉണ്ടായിരുന്നു. അതെല്ലാം ഇന്ന്‌ ഗതകാല പ്രതാപവും പഴങ്കഥയുമാണ്‌. വെറുതെ നമ്മള്‍ അഭിമാനം കൊള്ളുകയൊന്നും വേണ്ട.

രാജ്യസഭയില്‍ കഴിഞ്ഞ വര്‍ഷം തൊഴില്‍മന്ത്രി നല്‍കിയകണക്ക്‌ നോക്കിയാല്‍ കേരളത്തിലെ തൊഴിലാളിവര്‍ഗസഖാക്കള്‍ക്കുപോലും നാണമാകും. 2007-2008 സാമ്പത്തികവര്‍ഷം കേരളത്തില്‍ സമരംകൊണ്ട്‌ നഷ്ടമായത്‌ വെറും 10853 തൊഴില്‍ദിനം മാത്രം. നമ്മുടെ അയല്‍ സംസ്ഥാനമായ തമിഴ്‌നാട്ടില്‍ മൂന്നേമുക്കാല്‍ ലക്ഷവും കര്‍ണാടകത്തില്‍ മൂന്നേ മുക്കാല്‍ ലക്ഷവും തൊഴില്‍ ദിനങ്ങള്‍ നഷ്ടമായെന്ന്‌ കണക്കിലുണ്ട്‌. മൂന്നുപതിറ്റാണ്ടായി തൊഴിലാളി വര്‍ഗ സര്‍വാധിപത്യമുള്ള പ.ബംഗാളിലെ സ്ഥിതി പോലും മോശമാണ്‌. നഷ്ടപ്പെട്ടത്‌ മൂപ്പത്തിരണ്ടായിരം തൊഴില്‍ ദിനംമാത്രം. വികസനത്തിന്റെ ലോകമാതൃകയെന്ന മോടിയുള്ള മോഡിയുടെ ഗുജറാത്തില്‍ കേരളത്തിന്റെ അഞ്ചിരട്ടിയാണ്‌ സമരംമൂലമുള്ള മനുഷ്യദിന നഷ്ടം.
തൊഴില്‍ സമരമില്ലാത്തതുകൊണ്ടാണോ അതല്ല തൊഴില്‍ സ്ഥാപനങ്ങള്‍ തന്നെ കാര്യമായി ഇല്ലാത്തതുകൊണ്ടാണോ കേരളം തൊഴില്‍ദിനം നഷ്ടപ്പെടുന്ന കാര്യത്തില്‍ പിറകിലായിപ്പോയതെന്ന്‌ മാത്രം രാജ്യസഭയിലെ മറുപടിയില്‍ പറയുന്നില്ല. അത്രയും ആശ്വാസം.

****
ആരാ നിങ്ങടെ നേതാവ്‌, എന്താ നിങ്ങടെ പരിപാടി എന്നൊക്ക പണ്ട്‌ തിരഞ്ഞെടുപ്പ്‌ പ്രചാരണജാഥകളില്‍ മുഴങ്ങിക്കേള്‍ക്കാറുണ്ട്‌. വോട്ടര്‍മാര്‍ ചോദിക്കേണ്ട ചോദ്യങ്ങളാണവ. ജയിച്ചാല്‍ നിങ്ങള്‍ ആരെ മുഖ്യമന്ത്രി/പ്രധാനമന്ത്രി ആക്കും എന്ന ചോദ്യം ചോദിക്കാന്‍ വോട്ടര്‍മാര്‍ക്ക്‌ അവകാശമുണ്ട്‌. അതിന്‌ മറുപടി പറയാനും പറയാതിരിക്കാനുമുള്ള അവകാശം പാര്‍ട്ടികള്‍ക്കും ഉണ്ടെന്ന്‌ വേണം മനസ്സിലാക്കാന്‍.

ആരും ചോദിക്കാത്ത ചോദ്യത്തിന്‌ ഉത്തരം നല്‍കാനാണ്‌ ഇപ്പോള്‍ രണ്ട്‌ മുഖ്യദേശീയ പാര്‍ട്ടികള്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്‌. കോണ്‍ഗ്രസ്‌ മുന്നണി ജയിച്ചാല്‍ ഡോ മന്‍മോഹന്‍ സിങ്ങും ബി.ജെ.പി. മുന്നണി ജയിച്ചാല്‍ എല്‍.കെ. അദ്വാനിയും പ്രധാനമന്ത്രിയാകും എന്നവര്‍ പറഞ്ഞിട്ടുണ്ട്‌. അതു കഴിഞ്ഞാലോ ? അതുകഴിഞ്ഞാല്‍ നരേന്ദ്രമോഡിയാകുമോ രാഹുല്‍ഗാന്ധിയാകുമോ അതു ഇപ്പോള്‍ പറയുന്നത്‌ ശരിയോ തെറ്റോ തുടങ്ങിയ കാര്യങ്ങളാണ്‌ ഇപ്പോള്‍ ആ പാര്‍ട്ടി നേതാക്കള്‍ ചര്‍ച്ച ചെയ്‌തുകൊണ്ടിരിക്കുന്നത്‌. വേറെ എല്ലാ പ്രശ്‌നങ്ങളും പരിഹരിച്ചുകഴിഞ്ഞ സ്ഥിതിക്ക്‌ ഇതല്ലാതെ പിന്നെയെന്ത്‌ ചര്‍ച്ച ചെയ്യാന്‍.

മൂന്നാം മുന്നണിയെ കണ്ടുപഠിക്കട്ടെ ഈ കൂട്ടര്‍. അടുത്തതിന്റെ അടുത്ത തവണത്തെ കാര്യമവിടെ നില്‍ക്കട്ടെ. ഇത്തവണ ആരെ പ്രധാനമന്ത്രിയാക്കണമെന്ന്‌ തന്നെ അവര്‍ നിശ്ചയിച്ചിട്ടില്ല. വോട്ടെണ്ണി സീറ്റുവിവരം മുഴുവന്‍ അറിഞ്ഞാലേ അക്കാര്യം തീരുമാനിക്കാനാവൂ. അല്ലാതെ ഇപ്പോള്‍ തന്നെ ആരാണ്‌ നേതാവ്‌ എന്താണ്‌ പരിപാടി എന്നെല്ലാം പറയുന്നത്‌ തീര്‍ത്തും ജനാധിപത്യവിരുദ്ധംതന്നെ.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

വര്‍ക്കിങ്ങ് ജേണലിസ്റ്റ് ആക്റ്റും വേജ് ബോര്‍ഡും ഇല്ലാതാക്കി

കേരള മാധ്യമങ്ങളുടെ ആറു പതിറ്റാണ്ട്

ഐ.വി ബാബു: നിലപാടുകളില്‍ ഉറപ്പ്, സ്‌നേഹത്തിന്റെ സമൃദ്ധി