Thursday, 21 February 2013

തനിയാവര്‍ത്തനം


ഇപ്പോള്‍ അരങ്ങേറുന്നത്‌ മുമ്പ്‌ നടന്നതിന്റെ തനിയാവര്‍ത്തനമാണ്‌ എന്ന്‌ അബ്ദുല്‍ നാസര്‍ മഅദനി പറയുന്നു. അന്ന്‌ കൊയമ്പത്തൂര്‍ സ്‌ഫോടനം, ഇപ്പോള്‍ ബംഗളൂരു സ്‌ഫോടനം. അന്ന്‌ ഭരണം ഇടതുമുന്നണിയുടെ കൈയില്‍. ഇന്നും അധികാരം അവരുടെ കൈയില്‍തന്നെ. അന്ന്‌ പോലീസ്‌ വകുപ്പ്‌ മുഖ്യമന്ത്രിയുടെ കൈയില്‍. ഇന്ന്‌ പോലീസ്‌ വകുപ്പ്‌ മന്ത്രിമുഖ്യന്റെ കൈയില്‍. അന്ന്‌ പിടികൂടി തമിഴ്‌നാട്‌ പോലീസിലേല്‌പ്പിച്ചു, ഇന്ന്‌ പിടികൂടിയാല്‍ കര്‍ണാടക പോലീസിലേല്‍പ്പിക്കണം. ആകപ്പാടെ ചില്ലറ മാറ്റം മാത്രം.

മഅദനിയെ അറസ്റ്റ്‌ ചെയ്യാന്‍ വേണ്ട സഹായം ചെയ്യാമെന്ന്‌ ആഭ്യന്തരമന്ത്രി കോടിയേരി അഡ്വാന്‍സായി ഏറ്റിട്ടുണ്ട്‌. കോടതിയുടെ അറസ്റ്റ്‌ വാറണ്ട്‌ വന്നാല്‍ സാധാരണഗതിയില്‍ അതിന്റെ പുറത്ത്‌ ആഭ്യന്തരമന്ത്രിയുടെ മേലൊപ്പൊന്നും വേണ്ട. പക്ഷേ അതല്ലല്ലോ നാട്ടുനടപ്പ്‌. മന്ത്രി പറഞ്ഞില്ലെങ്കില്‍ പ്രതിയുടെ മേല്‍ചെന്നുമുട്ടിയാല്‍പോലും പോലീസ്‌ പ്രതിയെ കണ്ടില്ലെന്നുവരും. അറസ്‌റ്റ്‌ വാറണ്ട്‌ അഞ്ചും പത്തുമല്ല നൂറെണ്ണം പോക്കറ്റിലുണ്ടായാലും കാര്യമൊന്നുമില്ല. ഡല്‍ഹി ഇമാമിന്റെ പേരില്‍ എത്ര കേസ്സും വാറണ്ടുമുണ്ടായിരുന്നെന്ന്‌ ചോദിച്ചുനോക്കിയാട്ടെ. പോലീസ്‌ അദ്ദേഹത്തെ കാണാറേ ഇല്ല. ലോകത്തെല്ലാവരും കാണുന്ന ആളെ പോലീസ്‌ കാണാതിരിക്കുന്ന അന്ധതയ്‌ക്കാണ്‌ അബ്‌സ്‌കൗണ്ടിങ്‌ ്‌എന്നുപറയുക. അങ്ങനെ എത്രപേര്‍ നടക്കുന്നു. തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നുണ്ടെങ്കിലേ ചെന്ന്‌ ജാമ്യത്തിലിറങ്ങേണ്ട കാര്യമുള്ളൂ. അല്ലെങ്കില്‍ അനന്തകാലം അദൃശ്യനായി നടക്കാം.

കോടതിയെ വിശ്വസിപ്പിക്കാന്‍പറ്റിയ ഞൊണ്ടി ന്യായങ്ങള്‍ കണ്ടെത്തുക അത്ര എളുപ്പമല്ല. ഒരുവിധമൊന്നും കോടതിക്ക്‌ ബോധിക്കില്ല. നടത്തണമെന്ന്‌ കോടതി നിര്‍ബന്ധിക്കാനിടയുള്ള ഒരു സംഗതി സങ്കല്‍പ്പിക. അത്‌ നടത്തിയാല്‍ ക്രമസമാധാനം തകര്‍ന്ന്‌ തരിപ്പണമായി നാട്‌ കുട്ടിച്ചോറാകുമെന്ന്‌ ഭീഷണിപ്പെടുത്തി കോടതിയെ വിരട്ടിനോക്കുകയാണ്‌ അതിലൊന്ന്‌. വയനാട്ടില്‍ ഭൂമി കയ്യേറിയവരെ ഒഴിപ്പിക്കണമെന്ന്‌ കോടതി പറഞ്ഞപ്പോള്‍ അതാണ്‌്‌ പ്രയോഗിച്ചുനോക്കിയത്‌. നടന്നില്ല. കോടതിക്ക്‌ എന്തുംപറയാം. ക്രമസമാധാനപാലനം നമ്മുടെ ചുമലിലല്ലേ. ക്രമസമാധാനലംഘനവും നമ്മുടെ പണിയാണ്‌, പാലനവും നമ്മുടെ പണിതന്നെ. രണ്ടും ഒപ്പം നടത്താനുള്ള ബുദ്ധിമുട്ട്‌ വല്ലതും കോടതിക്കറിയുമോ. വയനാട്‌ കുടിയൊഴിപ്പിക്കല്‍ ലൈവ്‌ ആയി കണ്ടവര്‍ക്ക്‌ അറിയാം ഡബ്‌ള്‍ റോള്‍ അഭിനയത്തിന്റെ പ്രയാസം. സി.പി.എമ്മിന്റെ രണ്ട്‌ എം.എല്‍.എ മാര്‍ പോലീസിന്‌ നേരെ തൊടുത്തുവിട്ട ഡയലോഗുകള്‍ ഒരുവിധപ്പെട്ട തിരക്കഥ-സംഭാഷണക്കാര്‍ക്കൊന്നും വഴങ്ങുന്നതല്ല. ആ അഭിനയം കണ്ട സുരേഷ്‌ ഗോപി പണി നിറുത്തുന്നതിനെക്കുറിച്ച്‌ ഗൗരവമായി ആലോചിക്കുകയാണ്‌ എന്ന്‌ റിപ്പോര്‍ട്ടുണ്ട്‌.

കോടതി പറയുന്നതു മുഴുവന്‍ അപ്പടി അനുസരിക്കണമെന്നൊന്നുമില്ല. അനുസരിക്കാന്‍ പരമാവധി ശ്രമിച്ചതായി കോടതിയെ ബോധ്യപ്പെടുത്തിയാലും മതി. ആള്‍ക്കൂട്ടത്തെ മുഴുവന്‍ വെടിവെച്ചുകൊല്ലണമെന്നൊന്നും കോടതി പറയില്ലല്ലോ. അതാണ്‌ വയനാട്ടില്‍ കണ്ടത്‌. ഭൂമിയില്‍ നിന്ന്‌ ഒഴിപ്പിച്ചു. അത്രയേ കോടതി പറഞ്ഞിട്ടുള്ളൂ. കുടിലുകളും പൊളിച്ചുകളഞ്ഞു. പോലീസ്‌ അതുകഴിഞ്ഞ്‌ വേറെ പണിക്ക്‌ പോയി. ആ സമയത്ത്‌ വീണ്ടും കയ്യേറ്റം നടന്നുകാണും. കുടില്‍ കെട്ടിക്കാണും. അതൊഴിപ്പിക്കാന്‍ കോടതി പറഞ്ഞിട്ടില്ല. അതിനിനി ഉത്തരവ്‌ വേറെ വേണം. ഇതിനാണ്‌ പ്രതീകാത്മകമായ ഉത്തരവുനടപ്പാക്കല്‍ എന്ന്‌ പറയുന്നത്‌. ആകപ്പാടെ ഒരു പ്രയാസമുള്ളത്‌ ഈ വിദ്യ മഅദനിയുടെ അറസ്റ്റ്‌ കാര്യത്തില്‍ പറ്റില്ല എന്നതാണ്‌. പ്രതീകാത്മക അറസ്റ്റ്‌ സര്‍ക്കാര്‍ ഓഫീസ്‌ പിക്കറ്റിങ്ങുകാരുടെ കാര്യത്തിലൊക്കെ പറ്റിയേക്കും. കോടതിയില്‍ ഹാജരാക്കാന്‍ അതുപോര. സാക്ഷാല്‍ അറസ്റ്റ്‌ തന്നെ വേണ്ടിവരും.

കൊണ്ടുനടന്നതും നീയേ ചാപ്പ കൊണ്ടോയി കൊല്ലിച്ചതും നീയേ ചാപ്പ എന്ന്‌ പാടിയതുപോലൊരു അവസ്ഥ ഉണ്ടായതില്‍ മാത്രമാവും നമ്മുടെ ആഭ്യന്തര മന്ത്രി കോടിയേരിക്ക്‌ മന:പ്രയാസം. അറസ്റ്റ്‌ ചെയ്യിച്ച്‌ തമിഴ്‌നാട്ടിലേ ജയിലടപ്പിച്ചത്‌ പാര്‍ട്ടിതന്നെ. കൊയമ്പത്തൂര്‍ കേസ്സില്‍ നിന്ന്‌ രക്ഷപ്പെട്ട്‌ വന്ന മഅദനിയെ കൊണ്ടു നടന്നതും പാര്‍ട്ടിതന്നെ. മഅദനിക്ക്‌ സ്വീകരണം കൊടുക്കുമ്പോള്‍ തിരുവനന്തപുരം കടപ്പുറത്തെ വേദിയില്‍ ഉണ്ടായിരുന്നത്‌ മൂന്ന്‌ ഇടതുമുന്നണി മന്ത്രിമാരാണ്‌. അതില്‍ പ്രധാനി ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്‌ണന്‍. വീണ്ടും അറസ്റ്റ്‌ ചെയ്യാന്‍ ഉത്തരവിറക്കേണ്ടതും കോടിയേരി തന്നെ. നാളെ ആഭ്യന്ത്രരവകുപ്പിന്റെ നേട്ടങ്ങളിലൊന്നായി ആ അറസ്റ്റും എഴുതിച്ചേര്‍ക്കാം. ഇനി നാളെ ബംഗളൂരു കോടതി മഅദനിയെ വെറുതെ വിടുമെങ്കില്‍ സ്വീകരണത്തിനുള്ള ഏര്‍പ്പാടും നമുക്കുതന്നെ ചെയ്യാമല്ലോ.

ആകപ്പാടെ നോക്കുമ്പോള്‍ മനുഷ്യചരിത്രം തന്നെയൊരു തനിയാവര്‍ത്തനമല്ലേ ? എന്തിന്‌ വേവലാതിപ്പെടണം....

*****
മന്ത്രിസഭയുടെ നാലാം വാര്‍ഷികത്തിന്‌ നാട്ടില്‍ വലിയ ആഘോഷമൊന്നും ഉണ്ടായില്ലെങ്കിലും മാധ്യമങ്ങളിലെ പരസ്യ ബ്ലിറ്റ്‌സ്‌ക്രീഗ്‌ തകര്‍പ്പനായിരുന്നു. നായനാര്‍ മന്ത്രിസഭയുടെ നാലാം വര്‍ഷമായപ്പോള്‍ പരസ്യം കൊടുക്കാന്‍ കാശില്ലാതെ ട്രഷറികള്‍ അടച്ചിട്ട കാലവുമായി താരതമ്യപ്പെടുത്തുമ്പോള്‍ വമ്പിച്ച പുരോഗതി തന്നെ. നാല്‌ വര്‍ഷം കൊണ്ട്‌ കേരളത്തിനുണ്ടായ പുരോഗതി തിരിച്ചറിയാന്‍ മാത്രം വിവരമില്ലാത്ത ജനത്തെ ബോധ്യപ്പെടുത്താന്‍ വേറെ വഴിയൊന്നുമില്ല. പാര്‍ട്ടിയിലെ ഗ്രൂപ്പിസം കൊണ്ട്‌ ഇവിടെ യാതൊന്നും നടക്കുന്നില്ലെന്നാണ്‌ ജനം ധരിച്ചുപോന്നത്‌. സി.പി.എം മന്ത്രിമാര്‍ പറ്റെ പരാജയമാണെന്നാണ്‌ സി.പി.ഐ.ക്കാര്‍ പ്രചരിപ്പിക്കുന്നത്‌. സി.പി.ഐ മന്ത്രിമാര്‍ തഥൈവ എന്ന്‌ സി.പി.എം കാരും. മൊത്തം തീര്‍ത്തും പോക്കാണെന്ന്‌ മാധ്യമസിന്‍ഡിക്കേറ്റുകാരും. പിന്നെയെന്തുചെയ്യും. ഖജാനയിലെ കാശെടുത്ത്‌ പരസ്യം കൊടുക്കുക തന്നെ. എത്ര ലക്ഷം രൂപ ചെലവായെന്ന്‌ നാളെ വല്ല വിവരാവകാശക്കാരനും ചോദിച്ചറിയുമായിരിക്കും. അറിയട്ടെ....നല്ലൊരു പങ്ക്‌ സിന്‍ഡിക്കേറ്റ്‌ മാധ്യമങ്ങള്‍ക്ക്‌ തന്നെയാണ്‌ കൊടുത്തത്‌. ഒറ്റയെണ്ണം മിണ്ടില്ല.

സമാനമായ സംഭവം നടന്നത്‌ വാജ്‌പേയി മന്ത്രിസഭയുടെ അവസാനകാലത്തായിരുന്നു. ഇന്ത്യ തിളങ്ങുന്നു എന്നായിരുന്നു ആക്രോശം. കോടി കുറെ പൊടിപൊടിച്ചു. സഖാക്കളുടെ പത്രത്തിലുമുണ്ടായിരുന്നു ഇന്ത്യ തിളങ്ങുന്നു എന്ന വര്‍ത്തമാനം പരസ്യരൂപത്തില്‍. ഇന്ത്യ കൂരിരുട്ടില്‍ എന്ന വാര്‍ത്തയില്‍ വേറെ കൊടുത്തിരുന്നു. അതുകൊണ്ട്‌ ജനത്തിന്റെ വിശ്വാസം പെരുകുകയും ഭരണം താഴെപോകുകയും ചെയ്‌തു എന്ന്‌ കഥാസാരം.

മുഖ്യമന്ത്രി അച്യുതാനന്ദന്‍ നടക്കുന്നതോ നില്‍ക്കുന്നതോ ആയ പൂര്‍ണകായ കളര്‍ ചിത്രങ്ങള്‍ മിക്കവാറും എല്ലാ പരസ്യങ്ങളിലും ഉണ്ടായിരുന്നതുകൊണ്ട്‌ അദ്ദേഹത്തിന്റെ പ്രതിച്ഛായ വാനോളം ഉയര്‍ന്നതായാണ്‌ റിപ്പോര്‍ട്ട്‌. ഈ പരസ്യങ്ങള്‍ പഴയ കാല ഉത്തരകൊറിയന്‍ കമ്യൂണിസ്റ്റ്‌ നേതാവ്‌ കിം ഉല്‍ സുങ്ങിനെ ഓര്‍മിപ്പിച്ചതായി ചിലര്‍ പറയുന്നുണ്ട്‌. സമുന്നത നേതാവ്‌ കിം ഉല്‍ സുങ്‌ നീണാല്‍ വാഴട്ടെ എന്നും മറ്റുമുള്ള ആവേശജനകമായ മുദ്രാവാക്യങ്ങള്‍ തലവാചകമായും അദ്ദേഹത്തിന്റെ സുന്ദരവദനം ആനത്തലവട്ടത്തില്‍ നടുവിലും പ്രതിഷ്‌ഠിച്ചുള്ള മുഴുവന്‍പേജ്‌ പരസ്യങ്ങള്‍ വായിച്ചെടുക്കുക ശ്രമകരമായ പണിയായിരുന്നു. പല സഖാക്കളും കാഷ്വല്‍ ലീവെടുത്താണ്‌ അത്‌ വായിച്ച്‌ പഠിച്ചിരുന്നത്‌. കിം ഉല്‍ സുങ്ങുമായി സഖാവ്‌ വി.എസ്സിനെ താരതമ്യപ്പെടുത്തുന്നത്‌ ശത്രുക്കളുടെ പണിയോ മിത്രങ്ങളുടെ പണിയോ എന്നുമാത്രം മനസ്സിലാക്കാനാവുന്നില്ല.
****
ചൈനയില്‍പോയി വരുന്ന കോണ്‍ഗ്രസ്‌ നേതാക്കള്‍ക്കെല്ലാം ഒരു കാര്യമേ പറയാനുള്ളൂ. വിമാനമിറങ്ങിയ ഉടനത്‌ പറയുകയും ചെയ്യും. സി.പി.എം. നേതാക്കളെല്ലാം ചൈന സന്ദര്‍ശിക്കണം അവിടെ നടക്കുന്നത്‌ കണ്ടുപഠിക്കണം. ഒടുവിലത്തെ ചൈന റിട്ടേണ്‍ഡ്‌ മന്ത്രി കെ.വി.തോമസ്സാണ്‌. എന്തതിശയം, ചൈനയിലെ റോഡിനെന്ത്‌ വീതി !! വഴി നീളെ ടോള്‍ ബൂത്തുകള്‍. സി.പി.എംകാര്‍ അവിടെപ്പോയി ഇതെല്ലാം കണ്ട്‌ ബോധ്യപ്പെട്ട്‌ ഇവിടെയും അതെല്ലാം നടപ്പാക്കാന്‍ സമ്മതിക്കണം. വേറെ ആവശ്യമൊന്നുമില്ല.

ചൈനയിലൊന്നും പോകാതെതന്നെ ഇളമരം കരീം ഒരുമ്പെട്ടതാണ്‌ കിണാലൂര്‍ക്ക്‌ ഒരു നാലുവരി റോഡുണ്ടാക്കാന്‍. അതിന്റെ ഫലം കണക്കിന്‌ കിട്ടി. ഉമ്മന്‍ചാണ്ടി മുതല്‍ കുഞ്ഞാലിക്കുട്ടി വരെ സകലരും നടക്കുകയാണ്‌ വ്യവസായമന്ത്രിയുടെ വപ എടുക്കാന്‍. മാര്‍ക്‌സിസ്റ്റുകാര്‍ ചൈനയില്‍ പോയി കണ്ട്‌ ബാക്കി കൂടി ഇവിടെ നടപ്പാക്കിയിട്ട്‌ വേണം കോണ്‍ഗ്രസ്സുകാര്‍ക്ക്‌ സി.പി.എമ്മിനെ കുഴിവെട്ടിമൂടാന്‍. വേല കൈയിലിരിക്കട്ടെ തോമസ്‌ മാഷേ...

വേറെയും പലതും കണ്ടുകാണുമല്ലോ അവിടെ. എന്തേ അതൊന്നും ഇവിടെ വേണമെന്ന്‌ പറയാത്തത്‌ ?നടപ്പാക്കുന്നത്‌ വെള്ളം ചേര്‍ക്കാത്ത മുതലാളിത്തമാണെങ്കിലും ഭരിക്കുന്നത്‌ കമ്യൂണിസ്റ്റ്‌ പാര്‍ട്ടിയാണ്‌. മത്സരിക്കാനും മസില്‌ പിടിക്കാനുമൊന്നും വേറെ ആരുമില്ല. തൊഴിലാളി ചൂഷണവും പീഡനവും അതുമൂലമുള്ള തൊഴിലാളി ആത്മഹത്യയുമൊക്കെ കാറല്‍ മാര്‍ക്‌സിന്റെ കാലത്തുള്ളതിലേറെ ഉണ്ടത്രെ. വായടക്കൂ പണിയെടുക്കൂ എന്നാണ്‌ ആജ്ഞ. പണിയെടുക്കാനേ അവകാശമുള്ളൂ തൊഴിലാളിക്ക്‌, പണിമുടക്ക്‌ എന്നൊരുവാക്ക്‌ കേള്‍ക്കരുത്‌. വന്ന്‌ കണ്ടാല്‍ മാര്‍ക്‌സ്‌ ആത്മഹത്യ ചെയ്യും. അത്രക്കാണ്‌ പുരോഗതി.

എന്തേ ഇവിടെ പറ്റില്ലേ അതൊന്നും ?

No comments:

Post a comment