മര്‍ഡോക്കും മാരീചനും മൂര്‍ത്തിയും ശേഷം മഹാന്മാരും


മര്‍ഡോക്കിന്റെ ഏഷ്യാനെറ്റ്‌ അധിനിവേശം ഇതുവരെ കാര്യമായ ചലനം സൃഷ്ടിച്ചിട്ടില്ല. ദിവസവും അനേകപ്രസംഗം ചെയ്യേണ്ടിവരുന്ന സഖാവ്‌ പിണറായി വിജയന്‌ രാവിലെ പത്രത്തില്‍ വായിച്ചുകിട്ടുന്ന വിഷയങ്ങള്‍ പരാമര്‍ശിക്കേണ്ടി വരും. അതിലൊന്നായി മര്‍ഡോക്‌ -ഏഷ്യനെറ്റ്‌ വിഷയം പരാമര്‍ശിക്കപ്പെട്ടു. രണ്ടുലേഖനങ്ങള്‍ പാര്‍ട്ടി പത്രത്തിലെഴുതപ്പെട്ടു. കഴിഞ്ഞു. പാര്‍ട്ടി സംസ്ഥാനക്കമ്മിറ്റി വിഷയം ചര്‍ച്ച ചെയ്‌തില്ല. പു.കാ.സ പ്രസിഡന്റോ സെക്രട്ടറിയോ മിണ്ടിയില്ല. ബുദ്ധിജീവികള്‍ ആരും അനങ്ങിയില്ല. മാതൃഭൂമി പത്രാധിപരെ പത്രധര്‍മം പഠിപ്പിക്കാനുള്ള സംയുക്ത പ്രസ്‌താവനയില്‍ ഒപ്പുകാരാറുള്ള നാല്‌പതോ അമ്പതോ ഇടതുപക്ഷസാംസ്‌കാരികപ്രവര്‍ത്തകരുണ്ട്‌. എന്തോ അവരും മര്‍ഡോക്കിനെതിരെ പ്രസ്‌താവനയിറക്കിയില്ല. ദിവസവുംമുഖപ്രസംഗമെഴുതാന്‍ വിഷയം തിരയാറുള്ള പത്രാധിപന്മാരാരും ഈ വിഷയം തൊട്ടില്ല. ദേശാഭിമാനി മുഖപ്രസംഗമെഴുതിയോ എന്ന്‌ ഉറപ്പില്ല. എഴുതിക്കാണണം. പിണറായി പ്രസംഗിച്ച വിഷയമായതുകൊണ്ട്‌ ധൈര്യമായി എഴുതാമല്ലോ. ചുരുക്കിപ്പറഞ്ഞാല്‍ റിലയന്‍സ്‌ കമ്പനിക്കാര്‍ റിട്ടെയ്‌ല്‍ ഷോപ്പുകള്‍ തുറക്കുന്നതോ മലയാളത്തില്‍ സിനിമയെടുക്കുന്നതോ സൃഷ്ടിച്ച കോളിളക്കത്തിന്റെ ഒരംശം ചലനം ഇതുണ്ടാക്കിയില്ല. എന്തായാലും ഇതിലൊന്നും വേറെയാര്‍ക്കും ബാധ്യതയില്ല, ഉള്ളത്‌ പത്രപ്രവര്‍ത്തകര്‍ക്കും അവരുടെ യൂണിയനും മാത്രം.

ഈ വിനീതന്‍ എന്തിനാണ്‌ ഈ വിഷയത്തില്‍ ഇടപെട്ടത്‌ എന്നാരെങ്കിലും ചോദിച്ചാല്‍ മറുപടിയില്‍ പ്രധാനമാവുക മേല്‍പറഞ്ഞ കാര്യമാണ്‌. മര്‍ഡോക്കിനെ അനുകൂലിക്കാന്‍ കൂലി വാങ്ങിയതാണെന്നൊക്കെ ആര്‍ക്കും എഴുതാം. പിണറായി അറിയേണ്ടതുപലതും അറിയാതെയാണ്‌ പറഞ്ഞതെങ്കിലും മര്‍ഡോക്കിനെക്കുറിച്ച്‌ അദ്ദേഹം പറഞ്ഞതില്‍ തെറ്റുണ്ടായിരുന്നില്ല എന്തിനും ചിലയ്‌ക്കാറുള്ള സംസ്‌കാരികനായകന്മാര്‍ പഞ്ചായത്തുതോറും ഉണ്ടായിട്ടും എന്തേ ആരും മിണ്ടാഞ്ഞത്‌ എന്നത്‌ ന്യായമായ ചോദ്യമായിരുന്നു. പക്ഷേ, പ്രശ്‌നത്തില്‍ ഇടപെട്ട ആസ്ഥാനഎഴുത്തുകാര്‍ കുറ്റം പത്രപ്രവര്‍ത്തകരുടെയും അവരുടെ യൂണിയന്റെയും മാത്രം തലയില്‍കെട്ടിവെക്കാന്‍ നടത്തിയ ശ്രമം അസഹ്യമായിരുന്നു, തികച്ചും ദുരുദ്ദേശപൂര്‍വമായിരുന്നു. അതുകൊണ്ടുമാത്രമാണ്‌ ചില കാര്യങ്ങള്‍ ഓര്‍മിപ്പിക്കാമെന്നുവെച്ചത്‌.
ഒന്നിനും മറുപടിയില്ല
അതിലെ പ്രധാനസംഗതികള്‍ ഇത്രയേ ഉള്ളൂ. ഒന്ന്.
മര്‍ഡോക്‌ ഇതാദ്യമായല്ല കേരളത്തില്‍ വരുന്നത്‌. വാര്‍ത്താംശം ഒട്ടും ഇല്ലാത്ത ഏഷ്യാനെറ്റ്‌ വിനോദ ചാനലില്‍ ഓഹരി വാങ്ങിയതിനെക്കുറിച്ച്‌ വേവലാതിപ്പെടുമ്പോള്‍ മറന്നുപോകുന്നകാര്യമുണ്ട്‌. വാര്‍ത്താംശമുള്ളതും കേരളസര്‍ക്കാര്‍ ഇലക്‌ ട്രിസിറ്റി പോസ്റ്റ്‌ വഴി കേബ്‌ള്‍ ഇടാന്‍ അനുമതി നല്‍കിയതുകൊണ്ടുമാത്രം സംസ്ഥാനം മുഴുവന്‍ പടര്‍ന്നതുമായ എ.സി.വി എന്ന സ്ഥാപനത്തില്‍ വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ മര്‍ഡോക്‌ ഓഹരിവാങ്ങിയത്‌ എന്തേ ആരും പിണറായിയോട്‌ പറഞ്ഞില്ല. എന്തേ ദേശാഭിമാനി മൗനം പാലിച്ചു ?

രണ്ട്‌. മര്‍ഡോക്‌ ഓഹരി കൈക്കലാക്കിയ ശേഷം നമ്മളിവിടെ പ്രസംഗവും രണ്ട്‌ ലേഖനവും ചാമ്പിയത്‌ കൊണ്ട്‌ എന്താണ്‌ പ്രയോജനം ? കേരളത്തിലെ രഹസ്യാന്യേഷണവകുപ്പുകൈവശമുള്ളവര്‍ക്കൊന്നും ഇക്കാര്യത്തെക്കുറിച്ച്‌ മുന്‍ അറിവുണ്ടായില്ലേ ? ഇല്ലെങ്കില്‍ അതിന്‌ സമാധാനം പറയേണ്ടത്‌ പത്രപ്രവര്‍ത്തകയൂണിയനാണോ ? ദേശാഭിമാനിയിലെയും കൈരളിയിലെയും പാര്‍ട്ടികാര്‍ഡുകാരായ എത്ര മാന്യസുഹൃത്തുകള്‍ യൂണിയന്റെ സംസ്ഥാനക്കമ്മിറ്റിയില്‍ അംഗങ്ങളായിട്ടുണ്ട്‌. എന്തേ അവരൊന്നും രു പ്രമേയം പോലും കമ്മിറ്റിയോഗത്തില്‍ അവതരിപ്പിച്ചില്ല. ഒരു പ്രസ്‌താവനയിറക്കുകയെങ്കിലും വേണമെന്ന്‌ അവര്‍ ആരെങ്കിലും യൂണിയന്‍ ഭാരവാഹികളോട്‌ പറഞ്ഞുവോ ?

മൂന്ന്‌. മാധ്യമപ്രവര്‍ത്തകനായ എന്‍.പി.ചന്ദ്രശേഖരന്‍ കഥയും കവിതയുമെഴുതാറുണ്ടെന്ന്‌ കേട്ടിരുന്നുവെങ്കിലും നര്‍മം അദ്ദേഹത്തിന്‌ വശമുണ്ടെന്ന്‌ അറിഞ്ഞിരുന്നില്ല. ദേശാഭിമാനിയിലെഴുതിയ ലേഖനത്തിന്റെ കാതലായ ഭാഗം വായിച്ചപ്പോള്‍ ചിരിക്കാതിരിക്കാന്‍ പറ്റിയില്ല. ചിരിക്കുകയല്ല, അതിന്റെ അര്‍ഥശൂന്യത എടുത്തുകാട്ടുകയാണ്‌ വേണ്ടത്‌ എന്നാണ്‌ പിന്നെ തോന്നിയത്‌. കേരളത്തിലെ " എന്തോ ന്ന്‌ " അമേരിക്കയിലെ സായ്‌പ്പിന്റെ ഉറക്കം കെടുത്തുന്നുണ്ടെന്നും അതിനെ നേരിടാനാണ്‌ മര്‍ഡോക്‌ ഏഷ്യനെറ്റില്‍ ഓഹരിവാങ്ങിയതെന്നുമാണ്‌ മാന്യസുഹൃത്ത്‌ എഴുതിവെച്ചത്‌. ആ എന്തോ ന്ന്‌ സി.പി.എം ആണെന്ന്‌ ആര്‍ക്കും മനസ്സിലാകും. കേരളത്തിലെ സി.പി.എം ഘടകത്തെ ഓര്‍ത്ത്‌ ഉറക്കം നഷ്ടപ്പെടുന്ന രാള്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രകാശ്‌ കാരാട്ട്‌ ആണെന്നറിയാമായിരുന്നു.അല്ലാതെ മര്‍ഡോക്കിന്റെ ഉറക്കം നഷ്ടപ്പെട്ടതറിഞ്ഞിരുന്നില്ല.

അതിന്റെ തമാശയും രാഷ്‌ട്രീയമായ പരിഹാസ്യതകളൊക്ക അവിടെ നില്‍ക്കട്ടെ. സാങ്കേതികമായ കാര്യം ചോദിച്ചുനോക്കട്ടെ. പഴഞ്ചനൊരു അച്ചടി മാധ്യമക്കാരനായതുകൊണ്ടു അറിയാന്‍ വേണ്ടി ചോദിച്ചുപോവുകയാണ്‌. കേരളത്തില്‍വന്ന്‌ ചാനലില്‍ ഓഹരി വാങ്ങേണ്ട കാര്യമുണ്ടോ മര്‍ഡോക്കിന്‌ മലയാളികളിലെത്താന്‍. നമ്മുടെ വീടുകളില്‍ കൈരളി ചാനലും സ്‌റ്റാറും ബി.ബി.സിയും ഫാഷന്‍ ചാനലുമെല്ലാം തമ്മില്‍ എത്രയകലമാണുള്ളത്‌ ? കൈയിലിരിക്കുന്ന റിമോട്ടില്‍ വിരലമര്‍ത്തിയാല്‍ കേരളത്തിന്റെ സ്വന്തം വേറിട്ടൊരു ചാനല്‍ അപ്രത്യക്ഷമാവുകയും മര്‍ഡോക്കിന്റെ ചാനല്‍ തെളിയുകയും ചെയ്യും. അതാര്‍ക്കും നിഷേധിക്കാന്‍ കഴിയാത്ത സത്യമാണ്‌. അതുകൊണ്ടുതന്നെയാണ്‌ അച്ചടി മാധ്യമത്തിന്റെയും വാര്‍ത്താചാനലുകളുടെയും കാര്യത്തില്‍ പറയുന്ന ന്യായങ്ങള്‍ ചാനലുകള്‍ക്ക്‌ ബാധകമാക്കിയിട്ട്‌ കാര്യമില്ല എന്നുപറയുന്നത്‌. ഇതിനെതിരെ വല്ല വാദവുമുണ്ടെങ്കില്‍ പറഞ്ഞുതരണം പ്ലീസ്‌.

കേരളമല്ല മര്‍ഡോക്കിനെ ആദ്യം ഉറക്കം കെടുത്തിയതെന്നെങ്കിലും സഖാക്കള്‍ അറിയേണ്ടതുണ്ട്‌. മര്‍ഡോക്‌ ഇന്ത്യയിലാദ്യം ഓഹരി വാങ്ങിയത്‌ കേരളത്തിലല്ല. വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ കര്‍ണാടകത്തിലും മറാത്തയിലും ഹിന്ദിയിലുമെല്ലാം ഇടപെട്ട ശേഷമാണ്‌ കേരളത്തിലെത്തിയത്‌. അവിടെ സി.പി.എം ഉണ്ടോ മര്‍ഡോക്കിന്റെ ഉറക്കം കെടുത്താന്‍ ?

ചൈനയില്‍ അവരൊറ്റ മെയ്യ്‌

നാല്‌. കേരളത്തില്‍ മര്‍ഡോക്‌ വരുമ്പോള്‍ പത്രപ്രവര്‍ത്തകയൂണിയന്‍ നിശ്ശബ്ദത പാലിച്ചുവെന്നു കുറ്റപ്പെടുത്തുന്നവര്‍ കേരളത്തിന്‌ പുറത്ത്‌ മര്‍ഡോക്‌ മേഞ്ഞുനടന്നുകൊണ്ടിരുന്നപ്പോള്‍ ആരെല്ലാം നിശ്ശബ്ദത പാലിച്ചുവെന്നുകൂടി പറയണം. സി.പി.എം പിന്തുണയോടെ യു.പി.എ ഭരിക്കുമ്പോള്‍ തന്നെയാണ്‌ ഇതില്‍ നല്ലൊരു പങ്ക്‌ നടന്നത്‌.അതെല്ലാം പോകട്ടെ. കേരളത്തില്‍ വരുന്നതിന്‌ ന്നര പതിറ്റാണ്ട്‌ മുമ്പ്‌്‌ കമ്യൂണിസ്‌്‌റ്റ്‌ ചൈനയില്‍ തുടങ്ങിയിട്ടുണ്ട്‌ മര്‍ഡോക്കിന്റെ കച്ചവടം എന്ന കാര്യമെങ്കിലുമൊന്നു സഖാക്കള്‍ സമ്മതിച്ചുതരുമോ ?. ആദ്യം ചെറുത്തെങ്കിലും ഇപ്പോള്‍ റ്റ മെയ്യായി നീങ്ങുകയാണ്‌ അവിടത്തെ കമ്യുണിസ്റ്റ്‌ പാര്‍ട്ടിയും മര്‍ഡോക്കും. ചാനല്‍ ടെലിവിഷന്‍ വരുന്നതോടെ ഏകാധിപത്യങ്ങള്‍ തകരുമെന്ന്‌ വീമ്പിളക്കിയിരുന്ന മര്‍ഡോക്‌ അതുകളഞ്ഞ്‌ ഇപ്പോള്‍ കമ്യൂണിസ്റ്റ്‌ ഏകാധിപത്യത്തിന്റെ ആഗോളകൂട്ടിരിപ്പുകാരനായിരിക്കുന്നു. ബി.ബി.സി പോലുള്ള സ്ഥാപനങ്ങളെപ്പോലും ചൈനാകമ്യുണിസത്തിന്‌ വേണ്ടി സെന്‍സര്‍ ചെയ്യാന്‍ മര്‍ഡോക്‌ മടിച്ചിട്ടില്ല.

അഞ്ച്‌. കേരളത്തില്‍ വരുന്നതിന്‌ മുമ്പ്‌ മര്‍ഡോക്‌ പ.ബംഗാളില്‍ ആനന്ദബസാര്‍ ഗ്രൂപ്പുമായിച്ചേര്‍ന്ന്‌ ചാനല്‍തുടങ്ങിയിട്ടുണ്ട്‌. അത്‌ സഖാക്കള്‍ അറിയാഞ്ഞതോ അറിഞ്ഞിട്ടും മിണ്ടാത്തതോ ?

ഈ പറഞ്ഞ അഞ്ചുകാര്യങ്ങളിലൊന്നിനെങ്കിലുമുള്ള മറുപടി ഈ വിമര്‍ശകരാരും പറഞ്ഞിട്ടില്ല. മര്‍ഡോക്‌ കേരളത്തില്‍ വരാതിരിക്കാന്‍ ഇനിയെങ്കിലും വല്ലതും ചെയ്യാമെന്ന്‌ അവര്‍ പറയുന്നില്ല. ഇല്ല ആര്‍ക്കുമൊന്നും പറയാനില്ല.

മര്‍ഡോക്‌ കേരളത്തില്‍ വരുന്നതിനെ ഈ ലേഖകന്‍ സ്വാഗതം ചെയ്‌തിട്ടേയില്ല.. വിദേശമാധ്യമങ്ങള്‍ ഇന്ത്യയില്‍ വരുന്നതിനെതിരെ യൂണിയന്‍ പ്രസിദ്ധീകരണത്തിലും മാതൃഭൂമി ആഴ്‌ച്ചപ്പതിപ്പിലും ടെലിവിഷന്‍ ചര്‍ച്ചയിലുമെല്ലാം പലവട്ടം അഭിപ്രായം പ്രകടിപ്പിച്ചിട്ടുള്ള ആളാണ്‌ ഈ ലേഖകന്‍. ആഗോളമാധ്യമലോകത്ത്‌ കുത്തകകള്‍ പിടിയുറപ്പിക്കുന്നത്‌ ഫോര്‍ത്ത്‌ എസ്റ്റേറ്റിന്റെ മരണത്തിലേക്ക്‌ നയിക്കും എന്നതുതന്നെയാണ്‌ ഞാന്‍ എഴുതിയ "ഫോര്‍ത്‌ എസ്റ്റേറ്റിന്റെ മരണം" എന്ന പുസ്‌തകത്തിന്റെ മുഖ്യപ്രമേയം. ദേശാഭിമാനിയിലും ചിന്തയിലും എഴുതുന്ന കുറച്ച്‌ പാര്‍ട്ടിയടിമകള്‍ വിചാരിച്ചാലൊന്നും ആടിനെ പട്ടിയാക്കാനാകില്ല.

------------------------
ഭാഗം രണ്ട്‌

വിമര്‍ശകരോ കൊട്ടേഷന്‍ സംഘമോ ?


ഈ ലേഖകന്റെ മര്‍ഡോക്‌ നിലപാട്‌ ചിലരെ അസാധാരണമായി പ്രകോപിപ്പിച്ചതെന്തുകൊണ്ട്‌ എന്നാലോചിച്ചുനോക്കി. രണ്ട്‌ പ്രശ്‌നങ്ങളാണ്‌ ഉള്ളതെന്നുതോന്നുന്നു. ;ന്ന്‌ ഈ നിസ്സാരന്‍ മഹാനായ തൊഴിലാളിവര്‍ഗനേതാവ്‌ പിണറായിയെയും പാര്‍ട്ടിയെയും പരിഹസിക്കുന്നു. അക്ഷന്തവ്യമായ അപരാധം. ഒരു ലേഖനമെഴുതിയതല്ല പ്രശ്‌നം, നിരന്തരം എഴുതുന്നതാണ്‌. അമ്പലക്കമ്മിറ്റികളില്‍ നിന്നും പള്ളിക്കമ്മിറ്റികളില്‍നിന്നും സഖാക്കള്‍ മാറി നില്‌ക്കരുതെന്ന്‌ നിര്‍ദ്ദേശിച്ചതിനൊപ്പം പാര്‍ട്ടിയുടെ സമീപകാല തീരുമാനങ്ങളിലൊന്ന്‌ ബ്‌ളോഗര്‍മാര്‍ക്കിടയിലും നിതാന്തശ്രദ്ധ വേണമെന്നതാണ്‌. സാമ്രാജ്യത്വത്തിന്റെ ആളുകള്‍ അവിടെയും കുപ്രചരണങ്ങള്‍ നടത്തുന്നുണ്ടെന്ന്‌ പാര്‍ട്ടിയുടെ ശ്രദ്ധയില്‍പെട്ടുകാണണം. ഈ മുന്നറിയിപ്പ്‌ വളരെ ഫലപ്രദമായി എന്നു പറയട്ടെ. പാര്‍ട്ടി ശമ്പളക്കാരായ സെക്യുറിറ്റി ഗൂര്‍ഖകള്‍ എത്രയെണ്ണമാണ്‌ മുഖംമൂടിയിട്ട്‌ കത്തിയും ഖുക്രിയുമായി ഇന്റര്‍നെറ്റ്‌ റോഡരുകകളില്‍ പതുങ്ങിനില്‌ക്കുന്നത്‌. വിവരമറിയാതെ ആ വഴി പോയ ഈ വിഡ്‌ഢിയെ കൊട്ടേഷന്‍ സംഘം കുത്തിമലര്‍ത്തിയിരിക്കുകയാണ്‌. ഇനി തല പൊക്കാനാകുമെന്ന്‌ തോന്നുന്നില്ല.

വേറെയൊരു വിഡ്‌ഢിത്തം കൂടി ചെയ്‌തു. മാതൃഭൂമി യെ കുറിച്ച്‌ മിണ്ടിപ്പോയി. ബ്ലോഗര്‍ മൂര്‍ത്തി എഴുതിയതുപോലുള്ള മൃഷ്ടാന്നം ഭുജിക്കലൊന്നും നടക്കില്ലെങ്കിലും (കൈരളിയിലെ ശമ്പളക്കാര്‍ അവിടത്തെ ശമ്പളം കൊണ്ട്‌ മൃഷ്ടാന്നമാണത്രെ ഭുജിക്കുന്നത്‌) കഷ്ടിച്ച്‌ കഴിഞ്ഞുകൂടിപ്പോവുകയാണ്‌ മാതൃഭൂമിയിലെ ശമ്പളം കൊണ്ട്‌ ഈയുള്ളവന്‍ പത്തിരുപത്തേഴുവര്‍ഷമായി. മര്‍ഡോക്കിന്റെ വരവിനെ ന്യായീകരിക്കുന്നത്‌ ടൈംസ്‌ ഓഫ്‌ ഇന്ത്യയെ എതിര്‍ത്തതിനെ ന്യായീകരിക്കാനാണെന്ന്‌ മാരീചന്‍ കണ്ടുപിടിച്ചിട്ടുണ്ട്‌. .അതെന്തിനാണെന്നൊന്നും ഈയുള്ളവന്‌ മനസ്സിലാകുന്നില്ല, ബുദ്ദിയില്ലാഞ്ഞിട്ടാകും. മര്‍ഡോക്കിന്റെ വരവിനെ ഈ ലേഖകന്‍ ന്യായീകരിക്കുന്നുമില്ല, ടൈംസ്‌ ഓഫ്‌ ഇന്ത്യയെ എതിര്‍ക്കാന്‍ കൊടിപിടിച്ചിട്ടുണ്ടായിരുന്നുമില്ല. .എന്നാലും മാതൃഭൂമിയില്‍ ശമ്പളം പറ്റുന്നവന്‍ മാതൃഭൂമിയെ ന്യായീകരിക്കുന്നത്‌ മുതലാളിയുടെ കാലുതടവലല്ലേ. വിടരുതവനെ...

കേരളചരിത്രത്തില്‍ രു മാധ്യമസ്ഥാപനത്തിന്റെ ഉടമസ്ഥത സംബന്ധിച്ച ആദ്യമുണ്ടായ വിവാദം ടൈംസ്‌ ഓഫ്‌ ഇന്ത്യ മാതൃഭൂമിയില്‍ ഓഹരിവാങ്ങിയപ്പോഴത്തേതാണ്‌്‌. രണ്ടാമത്തേത്‌ ഏഷ്യാനെറ്റ്‌- മര്‍ഡോക്‌ സംഭവമാണ്‌. സ്വാഭാവികമായും ;ന്നുതിരിഞ്ഞുനോക്കേണ്ടിവന്നുവെന്നുമാത്രം. ടൈംസ്‌ ഓഫ്‌ ഇന്ത്യയെ എതിര്‍ക്കാന്‍ കൊടി കെട്ടിയിറങ്ങിയവരില്‍ ഈ ലേഖകനുണ്ടായിരുന്നില്ല എന്ന്‌ മാരീചന്‍മാര്‍ അറിയേണ്ട കാര്യമില്ല. ദേശീയ പത്രം, ഉത്തരേന്ത്യന്‍ കുത്തക തുടങ്ങിയ പ്രയോഗങ്ങളൊന്നും ഈ ലേഖകന്റെ സൃഷ്ടികളല്ല. അക്കാലത്തെ മാധ്യമങ്ങളും ദിവസവും പ്രസ്‌താവനയിറക്കുന്നവരും ഉന്നയിച്ച കാര്യങ്ങള്‍ മാത്രമായിരുന്നു. മാരീചന്‍ അതൊന്നും കേട്ടിരിക്കാനിടയില്ല. ഈ ലേഖകന്‍ മാതൃഭൂമിയിലിരുന്നുതന്നെ ആ നാടകത്തിന്റെ ആദ്യാവസാനം ആസ്വദിച്ചതാണ്‌. ആ വിവാദത്തിന്റെ പശ്ചാത്തലം വിവരിക്കുക മാത്രമേ ഞാന്‍ ചെയ്‌തിട്ടുള്ളൂ. മാതൃഭൂമിക്കാര്‍ ഉണ്ടാക്കിയ ച്ചയും ബഹളവും കേട്ട്‌ പേടിച്ചുപോയതല്ല ടൈംസ്‌ ഓഫ്‌ ഇന്ത്യ. ഓഹരിക്കൈമാറ്റം മാതൃഭുമി ജനറല്‍ബോഡി അംഗീകരിച്ചാലേ രജിസ്റ്ററില്‍ രേഖപ്പെടുത്തൂ എന്ന്‌ കമ്പനിയുടെ ആര്‍ട്ടിക്ക്‌ള്‍ ഓഫ്‌ അസോസിയേഷനില്‍ ഭേദഗതി വരുത്തിയതുകൊണ്ടാണ്‌ വില്‌പന നടക്കാതെ പോയത്‌. അതിന്‌ ബഹളമുണ്ടാക്കേണ്ട കാര്യവുമുണ്ടായിരുന്നില്ല.

വീരേന്ദ്രകുമാര്‍ - എം.ഡി നാലപ്പാട്‌ യുദ്ധത്തെക്കുറിച്ച്‌ ആരോ പറഞ്ഞ കഥകളും കേട്ടുകേള്‍വികളും മാരീചന്‍ നേരിട്ട്‌ കണ്ടതെന്ന മട്ടില്‍ തട്ടിവിടുന്നുണ്ട്‌. ഇരുപത്തെട്ട്‌ വര്‍ഷമായി സ്ഥാപനത്തിലുള്ള എനിക്കറിയാത്ത എന്ത്‌ വിവരമാണ്‌ മാരീചാ താങ്കളുടെ കൈവശമുള്ളത്‌ ? ബ്‌ളോഗര്‍ ശിശുക്കള്‍ വായിച്ച കൈയടിക്കും, അസ്സല്‍ പടപ്പ്‌, ന്നാന്തരം, കേമം, കെങ്കേമം എന്നിങ്ങനെ കമന്റിടുമെന്നും വിചാരിച്ച്‌ എന്തും എഴുതിവിടുന്നത്‌ ശരിയാണോ ? മാതൃഭൂമി ചരിത്രം വിസ്‌തരിച്ചെഴുതിയിട്ടുണ്ട്‌ മാരീചന്‍. കുറെ സത്യങ്ങളധിലുണ്ട്‌, കുറെ അര്‍ദ്ധസത്യങ്ങളുണ്ട്‌. കുറെ അസത്യങ്ങളുണ്ട, അതിലെല്ലാമേറെ അസംബന്ധങ്ങളുമുണ്ട്‌. ഏത്‌ സത്യം ഏത്‌ അസത്യം ഏത്‌ അര്‍ദ്ധസത്യം എന്ന്‌ വേര്‍തിരിച്ച്‌ പട്ടികയാക്കാനൊന്നും സാധിക്കില്ല. മാരീചന്‌ പിന്നെ ഇതിന്റെ ചികയലില്‍ രു താല്‌പര്യമേയുള്ളൂ. വീരന്‍ മാത്രം മഹാവിഷം. നാലപ്പാടും വീരന്റെ മറ്റെല്ലാ ശത്രുക്കളും ആദര്‍ശത്തിന്റെ നീതിയുടെ ആള്‍രൂപങ്ങള്‍.

മാതൃഭൂമിചരിത്രത്തിലെ കുറെ അപ്രസക്തവിവരങ്ങള്‍ മാരീചന്‍ എഴുതിപ്പിടിപ്പിച്ചിട്ടുണ്ട്‌. അവയ്‌ക്കൊന്നും ഏഷ്യാനെറ്റ്‌ ഉടമസ്ഥതവിവാദവുമായി പുലബന്ധമില്ല. അതിലൊന്നും വിധികര്‍ത്താവാകേണ്ട ബാധ്യതയും ഈ ലേഖകനില്ല.

മാതൃഭൂമി ഓഹരിചരിത്രത്തിലെ കുറെ അപ്രസക്തവിവരങ്ങള്‍ മാരീചന്‍ എഴുതിപ്പിടിപ്പിച്ചിട്ടുണ്ട്‌. അവയ്‌ക്കൊന്നും ഏഷ്യാനെറ്റ്‌ ഉടമസ്ഥതവിവാദവുമായി പുലബന്ധമില്ല. അതിലൊന്നും വിധികര്‍ത്താവാകേണ്ട ബാധ്യതയും ഈ ലേഖകനില്ല.

------------------------------
ഭാഗം മൂന്ന്‌

ആര്‌ ചമച്ചതാണ്‌ പൂരപ്രബന്ധം ?

എണ്‍പത്തഞ്ചുകൊല്ലത്തിനിടയില്‍ മാതൃഭൂമി റിപ്പോര്‍ട്ട്‌ ചെയ്‌ത ലക്ഷക്കണക്കിന്‌ വാര്‍ത്തകളില്‍ നിന്ന്‌ രണ്ടെണ്ണം പെറുക്കിയെടുത്ത്‌ ഇതാണോ ഏഷ്യനെറ്റിനേക്കാള്‍ വലിയ പാരമ്പര്യം എന്നാക്രോശിക്കുന്ന അല്‌പ്പത്തരത്തിന്‌ മറുപടി പറയാന്‍ ഈ ലേഖകന്‌ ശേഷി പോര. വീരേന്ദ്രകുമാറിന്റെ മുത്തച്ഛനെയേ ഇവര്‍ക്കറിയൂ എന്റെ മുത്തച്ഛനെ അറിയുകയില്ല എന്നത്‌ എന്റെ ഭാഗ്യം. മുപ്പത്തഞ്ചുകൊല്ലം മുമ്പത്തെ എന്റെ രാഷ്‌്‌ട്രീയവിശ്വാസം മുതല്‍ മാത്രമേ വിമര്‍ശനത്തിന്‌ വിധേയമാകുന്നുള്ളു. നെട്ടൂര്‍ കുന്നിന്‍പുറത്ത്‌ വന്ന്‌ ഈയുള്ളവന്റെ അച്ഛന്‍ ആരായിരുന്നു, മുത്തച്ഛന്‍ ആരായിരുന്നു എന്നൊന്നും കണ്ടുപിടിച്ചില്ലല്ലോ. അവര്‍ വല്ല കുടിയന്മാരോ തേങ്ങാമോഷ്ടാക്കളോ സ്വര്‍ണംപൂശുന്നവരോ മറ്റോ ആണെന്ന്‌ കണ്ടെത്തി ബ്‌ളോഗിലെഴുതിയിരുന്നെങ്കില്‍ നാണക്കേട്‌ കൊണ്ട്‌ വഴിയിലിറങ്ങാന്‍ പറ്റാതാകുമായിരുന്നു. ദൈവത്തിന്‌ സ്‌തുതി.

മിക്ക ബ്‌ളോഗര്‍മാര്‍ക്കും പക്ഷേ അത്തരമൊരു പ്രശ്‌നമുണ്ടാകില്ല. പേരില്ല, വിലാസമില്ല, അഛനില്ലാത്തത്‌ മനസ്സിലാക്കാം അമ്മയുയില്ല, പിന്നെയെങ്ങനെ മുത്തച്ഛനെ കണ്ടുപിടിക്കാന്‍!. ഉപജീവനത്തിന്‌ വീട്ടുപറമ്പില്‍ സ്വര്‍ണച്ചക്ക കായ്‌ക്കുന്ന പ്ലാവുള്ളത്‌ കൊണ്ട്‌ വല്ല വീരേന്ദ്രകുമാറിന്റെയും സ്ഥാപനത്തില്‍ പോയി പണിയെടുക്കുകയും ചെരിപ്പ്‌ നക്കുകയും ചെയ്യേണ്ടിവരില്ല. ഫിഡെല്‍ കാസ്‌ട്രോ, ചാവേസ്‌, നോം ചോംസ്‌കി തുടങ്ങിയ തങ്കപ്പെട്ട മനുഷ്യരുടെ സ്ഥാപനത്തിലേ മാരീചന്മാര്‍ തൊഴിലെടുക്കൂ. അവരുടെ തലയില്‍ വരച്ചത്‌ നമ്മുടെ കാലിനടിയിലാണ്‌ വരച്ചിരിക്കുന്നത.്‌ മാറ്റിവരയ്‌ക്കാനാവില്ല.

മാരീചന്റെ സുദീര്‍ഘസാഹിത്യത്തിലെ ഒടുവിലത്തെ പരാമര്‍ശം പി.രാജനെ പിരിച്ചുവിട്ടതിനെക്കുറിച്ചാണ്‌. പി.രാജന്‍ ഇതെഴുന്നയാളുടെ ഗുരുവും മുന്‍കാല രാഷ്‌ട്രീയസഹപ്രവര്‍ത്തകനുമെല്ലാമായിരുന്നു. രാജന്റെ പിരിച്ചുവിടല്‍ കൈരളിയിലെ പിരിച്ചുവിടലുമായ തുലനപ്പെടുത്താന്‍ എത്ര എളുപ്പം കഴിഞ്ഞു. മാതൃഭൂമിക്കെതിരായ മാനനഷ്ടക്കേസ്സിലെ കോഴിക്കോട്ടെ മജിസ്റ്റ്രേറ്റിന്റെ വിധി തപ്പിയെടുത്തുകൊണ്ടുവന്ന മാരീചന്‌ രാജനെ പിരിച്ചുവിട്ട കേസ്സിലെ കാല്‍ഡസന്‍ കോടതികളിലെ വിധികള്‍ വായിച്ചുനോക്കാമായിരുന്നു. ഒരു കാര്യം മാത്രം ഞാന്‍ ഇവിടെ പറയാം. മാതൃഭൂമിയില്‍ എണ്‍പത്തഞ്ചുകൊല്ലം കൊണ്ട്‌ പിരിച്ചുവിടപ്പെട്ടതിലുമേറെ പത്രപ്രവര്‍ത്തകര്‍ കൈരളി ചാനല്‍ നിലവില്‍വന്ന്‌ എട്ട്‌ കൊല്ലം കൊണ്ട്‌ പിരിച്ചുവിടപ്പെട്ടിട്ടുണ്ട്‌. ഇത്‌ സത്യമല്ലെന്ന്‌ തെളിക്കാന്‍ കഴിയുമോ പാര്‍ട്ടിവക്താവ്‌ ചമയുന്ന ലേഖകന്മാര്‍ക്കാര്‍ക്കെങ്കിലും ?

മാരീചന്റെ ബ്‌ളോഗിന്റെ കമന്റ്‌പേജില്‍ മൂര്‍ത്തിയുടെ പോസ്റ്റ്‌ ലിങ്ക്‌ ചെയ്‌തിട്ടുണ്ട്‌. ദക്ഷിണാമൂര്‍ത്തിയാവില്ല എന്ന്‌ വിചാരിക്കുന്നു. ഇത്ര താഴേക്ക്‌ അദ്ദേഹം വരില്ലെന്നുറപ്പ്‌. കൈരളിയിലെ വനിതാപത്രപ്രവര്‍ത്തക പത്രപ്രവര്‍ത്തകയൂണിയന്റെ കണ്ണൂര്‍ സമ്മേളനത്തില്‍ കൈരളിയുള്‍പ്പെടെയുള്ള ദൃശ്യമാധ്യമങ്ങളില്‍ പത്രപ്രവര്‍ത്തകര്‍ക്ക്‌ കഷ്ടിച്ച്‌ ജീവിക്കാനുള്ള ശമ്പളം പോലും കിട്ടുന്നില്ലെന്നും യൂണിയന്‍ എന്തെങ്കിലും സഹായം ചെയ്യണമെന്നും പറഞ്ഞതിനെക്കുറിച്ച്‌ ആ ദുര്‍ \'മൂര്‍ത്തി \' യുടെ പരാമര്‍ശം വായിക്കുക`....ചാനലിന്റെ ശമ്പളം വാങ്ങി മുഷ്ടാന്നമടിച്ച്‌ യൂണിയന്‍ വേദിയില്‍കയറിച്ചെന്ന്‌ വായില്‍തോന്നിയത്‌ വിളിച്ചുപറഞ്ഞ ജീവനക്കാരിക്കെതിരെ അനിവാര്യമായ അച്ചടക്കനടപടിയെടുത്തതിനെ കൊടും പീഡനമായി പറഞ്ഞുപരത്തിക്കൊണ്ടിരിക്കുയാണ്‌ യൂണിയന്‍....`

ഇത്‌ രണ്ടുവട്ടമൊന്നുവായിച്ചുനോക്കണം കൂട്ടരെ. തൊഴിലാളിവര്‍ഗസര്‍വാധിപത്യം നിലനില്‍ക്കുന്ന വേറിട്ടൊരു ചാനലിലെ തൊഴിലാളിയുടെ സ്ഥിതി, സപെഷല്‍ ഇക്കണോമിക്‌ സോണിലെ അടിമത്തൊഴിലാളിയുടെ സ്ഥിതിയേക്കാള്‍ മോശമാണെന്ന്‌ മനസ്സിലാക്കാന്‍ പ്രയാസവുമില്ല. പഴയ കാലത്തെ ക്രൂരജന്മിമാര്‍പോലും, കൂലി കുറവാണെന്ന്‌ യൂണിയന്‍ യോഗത്തില്‍പറഞ്ഞ തൊഴിലാളിയ്‌ക്കെതിരെ ` അനിവാര്യമായ അച്ചടക്കനടപടി ` എടുത്തിട്ടുണ്ടാകില്ല. ഈ കൂട്ടര്‍ ഇന്ന്‌ എവിടെ എത്തിനില്‍ക്കുന്നു എന്നു വായനക്കാര്‍ തീരുമാനിക്കുക. കേരളത്തിലെത്രയോ ബൂര്‍ഷ്വാ പത്രങ്ങളുണ്ട്‌. മാരീചന്റെ ഭാഷയില്‍ `കൊടും വിഷംചീററുന്ന മാധ്യമ രാജവെമ്പാലകള്‍ ` കാലമേറെയായി ഭരിക്കുന്ന പത്രങ്ങളുണ്ട്‌. ഈ മുതലാളിമാരുടെ സ്ഥാപനങ്ങളില്‍പ്പോലും രാള്‍ക്കും കൈരളി ടി.വി.യിലെ ലേഖികയ്‌ക്കുണ്ടായ അനുഭവം ദരുകാലത്തും ഉണ്ടായിട്ടില്ല. ഉണ്ടെന്ന്‌ തെളിയിക്കാം ആര്‍ക്കും, ഇതൊരു വെല്ലുവിളിതന്നെയാവട്ടെ.
മൂര്‍ത്തിയുടെ മറ്റു പരാമര്‍ശങ്ങളെക്കുറിച്ച്‌ വഴിയെ ചിലതുപറയാം.

മാരീചന്റെ പേജിന്‌ മുകളില്‍ എഴുതിവെച്ച നോട്ടീസ്‌ വായിച്ചുചിരിച്ചുപോയി, ക്ഷമിക്കണം. ആ ബ്‌ളോഗില്‍ അനോനിമസ്‌ കമെന്റ്‌ കൊടുക്കില്ലത്രെ. എന്തൊരു തമാശ. ഈ ഭ്രാന്തന്മാരോട്‌ സംസാരിക്കാന്‍ ആവില്ലപ്പാ എന്നൊരു ഭ്രാന്തന്‍ പറഞ്ഞതായി കേട്ടിട്ടുണ്ട്‌. മാരീചനുതന്നെ പേരും മേല്‍വിലാസവുമില്ല. വഴിയെ പോകുന്ന പാവങ്ങളെ ഇയാള്‍ രു കാര്യവും കാരണവുമില്ലാതെ വെട്ടുകയും കുത്തുകയും ചെയ്യുന്നത്‌ മുഖം മൂടിയുടെ സുരക്ഷിതത്ത്വത്തില്‍ നിന്നുകൊണ്ടാണ്‌. ആ ആളാണ്‌ വേറെ അനോനിമസ്സുകാര്‍ ആരും എഴുതേണ്ട എന്നുപറയുന്നത്‌. എന്നിട്ടോ, മാരീചനെ വായിച്ച്‌ കൈയടിക്കാന്‍ വട്ടത്തില്‍നില്‌ക്കുന്ന കമെന്റന്‍മാരില്‍ മുക്കാല്‍പങ്കിനുമില്ല പേരും വിലാസവും. അതിലൊരുത്തന്‍ ഇന്ദ്രന്റെ അണ്ടര്‍വെയര്‍ അഴിയുന്നതും നോക്കിനില്‍ക്കുന്നു..... എന്നിട്ടെന്താണാവോ ചെയ്യാന്‍ ഉദ്ദേശിക്കുന്നത്‌. മൂഖംമൂടിയിട്ട്‌ നില്‍ക്കുന്നവന്‌ എന്ത്‌ ചെറ്റത്തരവും എഴുതാമല്ലോ.

ജീവിതകാലം മുഴുവന്‍ ദ്രോഹം ചെയ്‌തുനടന്ന മാരീചന്‍ എന്ന രാക്ഷസന്റെ അന്ത്യം ശ്രീരാമന്റെ കൈകൊണ്ടായിരുന്നു.ആ മാരീചനും അപ്പോള്‍ വേഷംമാറി പല വിക്രസ്സുകള്‍ കാണിക്കുകയായിരുന്നു, ഇതുപോലെ മൃഗവേഷത്തില്‍ എന്നും പറയാം.
.
കൈരളിക്രൂരതകളെ വിമര്‍ശിച്ചതിലുള്ള വിരോധമാണ്‌ എന്‍.പി.ചന്ദ്രശേഖരനും ശതമന്യുയും പത്രപ്രവര്‍ത്തകയൂണിയനെതിരെ തോക്ക്‌ തിരിക്കാന്‍ കാരണമെന്ന്‌ ഈ ലേഖകന്‍ എഴുതിയത്‌ സത്യമാണെന്ന്‌ മൂര്‍ത്തിയുടെ പോസ്റ്റ്‌ വായിച്ചാലറിയാം. സാമാന്യം മാന്യമായ കുറിപ്പ്‌ ആ ചങ്ങായി എന്റെ ബ്‌ളോഗിനയച്ചുതന്നത്‌ അതേപടി കൊടുത്തിട്ടുണ്ട്‌. എന്റെ നിലവാരമല്ലല്ലോ അദ്ദേഹത്തിന്റേത്‌. സ്വന്തം ബ്‌ളോഗില്‍ അദ്ദേഹം തനിനിറം കാട്ടുന്നുണ്ട്‌. രു വര്‍ഷം യൂണിയന്‍ പ്രസിഡന്റും രണ്ടുവര്‍ഷം കോഴിക്കോട്ടെ പ്രസ്‌ക്ലബ്ബിന്റെ പ്രസിഡന്റും ആയി എന്നതുമാത്രമാണ്‌ ഈയുള്ളവന്റെ അപരാധം. വേണമെങ്കില്‍ പിന്നെയും കുറെ ഇരിക്കാമായിരുന്നു. സി.ഐ.ടി.യു വിലും മറ്റും ഒരാള്‍ സ്ഥാനത്ത്‌ കയറിയാല്‍ പിന്നെ ഇറങ്ങുന്നത്‌ ചുടുകാട്ടിലേക്ക്‌ പോയ ശേഷമായിരിക്കും. കെ.യു.ഡബ്‌ള്യു.ജെ.യില്‍ ഇപ്പോള്‍ ആ സമ്പ്രദായമില്ല. പ്രസിഡന്റ്‌ സ്ഥാനമൊഴിഞ്ഞ ശേഷവും യൂണിയന്‍ ഏല്‌പ്പിച്ച ചുമതലകള്‍ സ്വന്തം സമയവും പണവും ചെലവഴിച്ച്‌ ചെയ്‌തു നിര്‍വഹിച്ചുപോന്നിട്ടുണ്ട്‌. ഒരു തവണമാത്രം പ്രസ്‌ അക്കാദമി ചുമതല നിര്‍വഹിച്ചതൊഴിച്ചാല്‍ അക്കാദമിയിലോ സര്‍ക്കാര്‍ കമ്മിറ്റിയിലോ പിന്നീട്‌ തിരിഞ്ഞുനോക്കിയിട്ടുപോലുമില്ല. യൂണിയനെക്കുറിച്ച്‌ പാര്‍ട്ടിപ്പത്രത്തില്‍ പച്ചക്കള്ളം എഴുതിപ്പിടിപ്പിക്കുകയും അതിന്‌ ശേഷം സര്‍ക്കാര്‍കമ്മിറ്റിയില്‍ യൂണിയന്‍ പ്രതിനിധിയായി ഉള്‍പ്പെടുത്തിക്കിട്ടാന്‍ പാര്‍ട്ടിയെക്കൊണ്ട്‌ സമ്മര്‍ദ്ദം ചെലുത്തിക്കുകയും ചെയ്‌ത മാന്യസഖാക്കളുടെ കൂട്ടത്തിലിരിക്കാന്‍ ഈയുള്ളവന്‌ യോഗ്യത പോരെന്നു സമ്മതിക്കാം.


പറയുന്ന കാര്യങ്ങളെക്കുറിച്ച്‌ പ്രാഥമികവിവരങ്ങള്‍ മനസ്സിലാക്കാന്‍പോലും ശ്രമിക്കാതെയാണ്‌ ദുര്‍മൂര്‍ത്തികള്‍ ബ്‌ളോഗില്‍ പോസ്റ്റ്‌ നാട്ടുന്നത്‌. ഈയുള്ളവന്‍ മാറാട്‌ പ്രശ്‌നത്തില്‍ മാധ്യസ്ഥനായി മന്ത്രിമാരുമായി ചര്‍ച്ച നടത്തിയത്‌ അഹന്തയുടെ ഊക്ക്‌ കൊണ്ടത്രെ. അതൊരു നീണ്ടകഥയാണ്‌, ഇവിടെ എഴുതാന്‍ തുടങ്ങിയാല്‍ പുസ്‌തകമായി ഇറക്കേണ്ടിവരും. ഈ ലേഖകന്‍ പ്രസ്‌ ക്ലബ്‌ പ്രസിഡന്റ്‌ എന്ന നിലയിലാണ്‌ വ്യക്തിപരമായല്ല മാറാട്‌ ചര്‍ച്ചയില്‍ പങ്കെടുത്തതെന്ന്‌ മൂര്‍ത്തിക്കറിയാഞ്ഞിട്ടല്ല. അത്‌ യൂണിയന്‍ തീരുമാനവുമായിരുന്നു എന്നും അറിയാമായിരിക്കും. ചര്‍ച്ച എവിടെ അവസാനിപ്പിച്ചു, എങ്ങനെ അവസാനിപ്പിച്ചു എന്നെല്ലാം യൂണിയന്‍ എക്‌സിക്യൂട്ടീവിനെയും ജനറല്‍ ബോഡിയെയും ബോധ്യപ്പെടുത്തിയിട്ടുമുണ്ട്‌. പത്രപ്രവര്‍ത്തകര്‍ ഇത്തരമൊരു പ്രശ്‌നത്തില്‍ ഇടപെടുന്നതിന്റെ ശരിതെറ്റുകള്‍ ഇനിയും ചര്‍ച്ച ചെയ്യാന്‍ ഈ ലേഖകന്‍ തയ്യാറാണ്‌. ഒരു പരിധിക്കപ്പുറം അത്തരം ഇടപെടലുകള്‍ ശരിയല്ലെന്ന ബോധ്യവുമുണ്ട്‌. അതുകൊണ്ടുകൂടിയാണ്‌ അന്ന്‌ ചര്‍ച്ചകളില്‍നിന്ന്‌ പിന്‍വാങ്ങിയതും.

അടച്ചിട്ട മുറിയില്‍ നടന്ന രഹസ്യചര്‍ച്ചകള്‍ വാരികയിലെഴുതി ആളാകാന്‍ നോക്കിയെന്നതാണ്‌ വലിയ ആക്ഷേപം. ഈ ലേഖകന്‍ അടച്ചിട്ട മുറിയില്‍ ഒന്നുരണ്ടുകാര്യങ്ങളേ ചെയ്യാറുള്ളൂ. അതു പുറത്തുവിവരിക്കാറുമില്ല. കൂഞ്ഞാലിക്കുട്ടിയുമായും ആന്റണിയുമായും സംസാരിച്ചത്‌ കേരളീയ സമൂഹത്തിനെ ബാധിക്കുന്ന പൊതുവിഷയങ്ങളാണ്‌. എന്റെ മകന്‌ പെണ്ണന്വേഷിച്ചുപോയതുമല്ല. പൊതുപ്രശ്‌നങ്ങളില്‍ രഹസ്യമില്ല എന്ന്‌ കമ്യൂണിസ്റ്റ്‌ അടിമകള്‍ക്ക്‌ മനസ്സിലാകില്ല. അത്തരം ചര്‍ച്ചകളിലെ ഒരു വാചകം പോലും രഹസ്യമാക്കാന്‍ ഈ ലേഖകന്‌ സാധ്യമല്ല. മാധ്യമപ്രവര്‍ത്തനത്തിന്റെ ധര്‍മവും പാര്‍ട്ടിയടിമയുടെ ധര്‍മവും വേര്‍തിരിച്ചറിയാന്‍ കഴിയാത്തവര്‍ക്ക്‌ അത്‌ മനസ്സിലാക്കാന്‍ പ്രയാസമുണ്ടാകും.

എന്തെങ്കിലും മറുപടി അര്‍ഹിക്കുന്ന വേറെ കാര്യങ്ങളൊന്നും ബ്‌ളോഗ്‌ കുറിപ്പുകളില്‍ കണ്ടതായി ഓര്‍ക്കുന്നില്ല. സാധാരണഗതിയില്‍ ഇതപ്പാടെ അവഗണിച്ച്‌ മിണ്ടാതിരിക്കാവുന്നതേ ഉള്ളൂ. പതിമൂന്നുവര്‍ഷമായി തിങ്കളാഴ്‌ച തോറും ഒരു കോളത്തിലൂടെ ഒരു കോടിയോളം മലയാളികളിലെത്തുന്ന ഭാഗ്യവാനാണ്‌‌ ഈ ലേഖകന്‍. അതൊരു പാരാവാരമാണ്‌. ബ്‌ളോഗ്‌ എന്നുപറയുന്നത്‌ മിഠായിത്തെരുവിലെ റോഡില്‍ ടാറിളകിയുണ്ടായ ഒരു കുഴി മാത്രമാണ്‌. ക്ഷമിക്കണം എന്റെ ബ്‌ളോഗിനെക്കുറിച്ചാണ്‌ ഇത്‌ പറയുന്നത്‌. മാരീചന്റെയും മറ്റും ബ്‌ളോഗുകള്‍ക്ക്‌ കുതിരവട്ടം റോഡിലെ കുഴിയോളമെങ്കിലും വലുപ്പം കാണും. അതിനെയും പക്ഷേ അവഗണിക്കാമായിരുന്നു. ഒന്നുണ്ട്‌, പാരാവാരത്തില്‍ നീന്തിത്തിമിര്‍ക്കാന്‍ അവസരം ഉള്ളപ്പോള്‍ത്തന്നെ ബ്‌ളോഗിന്റെ ചെറുകുഴിയിലെ പരല്‍മീനുമാകാന്‍ തുനിഞ്ഞ കേരളത്തിലെ ഒരു പക്ഷേ ആദ്യത്തെ മാധ്യമപ്രവര്‍ത്തകന്‍ ഈ എളിയവനാണ്‌. അതുകൊണ്ട്‌ തന്നെ ബ്‌ളോഗ്‌ ലോകത്തിന്‌ വില കല്‌പ്പിക്കുന്നു ഈ ലേഖകന്‍. അവരെ അവഗണിക്കുകയേ ഇല്ല.

അവനവന്‍ പ്രസാധനത്തിന്റെ ലഹരി ഉന്‌്‌മാദമായി മാറിയ ഒട്ടനവധിയാളുകളെ ബ്‌ളോഗ്‌ ലോകത്ത്‌ കാണാനുണ്ട്‌. അവരുടെ ഭാഷയ്‌ക്കൊപ്പം എത്താന്‍ ഈയുള്ളവന്‌ കഴിയില്ല. അവരുടെ പരസ്‌പര അനുമോദന അഭിനന്ദന സഹായസഹകരണസംഘത്തില്‍ ഈയുളളവന്‍ അംഗവുമല്ല. പകലന്തിയോളം മോന്തി ഉന്മാദാവസ്ഥയില്‍ എത്തിയവരുടെ അടുത്ത്‌ വെറുംവയറ്റില്‍ കയറിച്ചെല്ലുന്നവന്റെ സ്ഥിതിയാണ്‌ എന്റേത്‌. പിറ്റേന്ന്‌ റോഡില്‍കണ്ടാല്‍ അവരെ തിരിച്ചറിയാന്‍ പറ്റില്ല, എല്ലാവനും മുഖംമൂടിയിട്ടാണ്‌ നടക്കുന്നത്‌. ..

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

വര്‍ക്കിങ്ങ് ജേണലിസ്റ്റ് ആക്റ്റും വേജ് ബോര്‍ഡും ഇല്ലാതാക്കി

കേരള മാധ്യമങ്ങളുടെ ആറു പതിറ്റാണ്ട്

ഐ.വി ബാബു: നിലപാടുകളില്‍ ഉറപ്പ്, സ്‌നേഹത്തിന്റെ സമൃദ്ധി