Thursday, 21 February 2013

രാഷ്ട്രീയമാന്ദ്യം


കൊടുങ്കാറ്റിനുമുമ്പത്തെ ശാന്തത എന്ന് ചിലര്‍ സാഹിത്യം പറയുന്നത് കേട്ടിട്ടുണ്ട്. കൊടുങ്കാറ്റ് കാണാത്തവര്‍ക്ക് ശൈലിയുടെ കാലാവസ്ഥാശാസ്ത്രം ശരിയോ എന്ന് പറയാനാകില്ല. എന്തായാലും കൊടുങ്കാറ്റിനുശേഷം ശാന്തതയുണ്ടാകുമെന്ന് കേരളത്തിലെ രാഷ്ട്രീയം കാണുന്ന ആരും സമ്മതിക്കും. ഉപതിരഞ്ഞെടുപ്പുഫലം വന്നശേഷം കടുത്ത മാന്ദ്യമാണ്. കാര്യങ്ങള്‍ ഇതേ നിലയില്‍ പോകാന്‍ അനുവദിച്ചുകൂടാ. സാമ്പത്തികമാന്ദ്യത്തിന്റെയും വിലക്കയറ്റത്തിന്റെയുമെല്ലാം ശനിദശക്കാലത്ത് മാധ്യമ തൊഴിലാളിവര്‍ഗത്തിനും കഴിഞ്ഞുകൂടിപ്പോകേണ്ടേ ....

ദൈനംദിന ഉപജീവനത്തിന് മാധ്യമങ്ങള്‍ ആശ്രയിച്ചിരുന്ന ഒരു പാര്‍ട്ടിയായിരുന്നു സി.പി.എം. പിണറായി - അച്യൂതാനന്ദ കാലഘട്ടം സുവര്‍ണകാലം. കോണ്‍ഗ്രസ്സിലെ എ-ഐ ഗ്രൂപ്പുകാര്‍ക്കുപോലും, തങ്ങളെന്തിനുകൊള്ളും എന്ന് സ്വയം പുച്ഛം തോന്നിത്തുടങ്ങിയ കാലം. ആ കാലം എന്നന്നേക്കും കഴിഞ്ഞെന്നല്ല പറഞ്ഞുവരുന്നത്. നല്ല നടപ്പിന് ശിക്ഷിക്കപ്പെട്ട ആള്‍ സദ്ഗുണസമ്പന്നനായി ഭാവിച്ച് നടക്കുന്നതുപോലെയാണ് മുഖ്യമന്ത്രി അച്യൂതാനന്ദന്റെ ഇപ്പോഴത്തെ ഇരിപ്പ്്. തിരഞ്ഞെടുപ്പുകളില്‍ കിട്ടിയ നല്ലനടപ്പുശിക്ഷയുടെ ആഘാതത്തില്‍ നിന്നുണര്‍ന്നിട്ടില്ല പാര്‍ട്ടി സെക്രട്ടറിയും. ആഗ്രഹിക്കുന്ന പോലെ ഉടനുടന്‍ രൂപഭാവങ്ങള്‍ മാറാനുള്ള സിദ്ധി നേടിയ അഭിനേതാവാണല്ലോ അച്യുതാന്ദന്‍. മിമിക്രി മാത്രമല്ല കൈയിലിരിപ്പ്. ഇപ്പോള്‍ വിനീതവിധേയ പാര്‍ട്ടിയംഗത്തിന്റെ റോളിലാണ് നടനം. പണ്ടത്തെ കുന്തമേന്തിയ വിപ്ലവകാരിയുടേതു മുതല്‍ അച്ചടക്കമുള്ള സ്കൂള്‍കുട്ടിയുടേതു വരെ അഭിനയിച്ച തന്മയത്വമുള്ള റോളുകള്‍ അനവധിയാണ്. വിനീതവിധേയ സ്റ്റേറ്റ് കമ്മിറ്റിയംഗവേഷം ഇനിയും ഒന്നര വര്‍ഷമെങ്കിലും നീണ്ടുപോകാനാണ് സാധ്യത. പോളിറ്റ് ബ്യൂറോവില്‍ പുന:പ്രതിഷ്ഠ സാധിച്ചെടുക്കാന്‍ വേറെ വഴിയില്ല. അതുകൊണ്ട് അവിടെ അനിശ്ചിതകാല വെടിനിര്‍ത്തലാണ്.

ബൂര്‍ഷ്വാ മാധ്യമങ്ങളുടെ കച്ചോടം പൂട്ടിക്കുക എന്നത് സി.പി.എമ്മിന്റെ പ്രഖ്യാപിത നയമാണ്. അതുകൊണ്ടുതന്നെ മാധ്യമ ശ്വാനന്മാര്‍ക്ക് കടിച്ചുവലിക്കാന്‍ ഇടക്കിടെ വാര്‍ത്തയുടെ എല്ലിന്‍കഷണങ്ങള്‍ എറിഞ്ഞുകൊടുക്കേണ്ട ബാധ്യത അവര്‍ക്കില്ല. വിഭാഗീയതയുടെ അസുഖത്തിനുള്ള ചവിട്ടുതടവുചികിത്സകള്‍ വേറെ നടക്കുന്നുമുണ്ട്. ആകപ്പാടെ പഞ്ഞകാലത്തെന്ന പോലെ ആളനക്കം കുറവാണ്്. ചാനലുകാരെപ്പോലും ഈ വഴിക്കുകാണുന്നേയില്ല.

എന്നാല്‍ കോണ്‍ഗ്രസ് ഈ വിധം വാര്‍ത്താശൂന്യതയിലേക്ക് അധ:പതിക്കുന്നത് അക്ഷന്തവ്യമായ അപരാധമാണ്. കരുണാകരനും പുത്രനും പാര്‍ട്ടിയിലുണ്ടായിരുന്ന നല്ല കാലം ഇനി തിരിച്ചുവരില്ലായിരിക്കാം. എങ്കിലെന്ത് ? മഹാന്മാര്‍ കാട്ടിത്തന്ന പാതയിലൂടെ ബാക്കിയുള്ളവര്‍ക്ക് സഞ്ചരിച്ചുകൂടേ... നാലക്ഷരവും മൂന്നക്ഷരവുമെല്ലാമുള്ള പലപല പാര്‍ട്ടികളിലൂടെ സഞ്ചരിച്ച് ശരീരത്തിലെ മേദസ്സല്ലാം കളഞ്ഞ് നല്ല നൂല്‍വണ്ണത്തിലാണ് പിതാവ് ഒടുവില്‍ പാര്‍ട്ടിയില്‍ തിരച്ചെത്തിയത്. വന്നുകഴിഞ്ഞാല്‍ ചിട്ടയും പഥ്യവുമെല്ലാം വെടിഞ്ഞ് മൂക്കുമുട്ടെ ഗ്രൂപ്പുകളി തുടങ്ങുമെന്ന പ്രതീക്ഷയാണ് ജനങ്ങള്‍ക്കുണ്ടായിരുന്നത്. അതുംസംഭവിക്കുന്നില്ല. പഴയതുപോലെ വയ്യ എന്ന അവസ്ഥയുമുണ്ടായി. ഇനി പുത്രന്‍ കൂടെക്കൂടിയാല്‍പ്പോലും പഴയ സ്റ്റണ്ട് വേഷങ്ങള്‍ സാധ്യമാകില്ല. ഡ്യൂപ്പുകള്‍ അവിടെയുമിവിടെയും ആവതു ചെയ്യാന്‍ ശ്രമിക്കുന്നുണ്ട്. എന്തായാലും ഡ്യൂപ്പുകള്‍തന്നെയാണല്ലോ.

ഭാവിയെക്കുറിച്ചുള്ള പ്രതീക്ഷകളെ തകര്‍ത്ത ഒടുവിലത്തെ സംഭവം കെ.എസ്.യു.വിലെ സംഘടനാതിരഞ്ഞെടുപ്പാണ്. പത്തിരുപതുവര്‍ഷക്കാലം നോമിനേഷന്‍ സംസ്കാരത്തിലൂടെ നിലനിന്ന ഒരു സംഘടനയില്‍ തിരഞ്ഞെടുപ്പുനടത്തിയാല്‍ എന്താണ് സംഭവിക്കുക ? ആറുമാസമായി ഉപവസിക്കുന്നവനെ ഗുസ്തിമത്സരത്തിനയച്ചതുപോലാകുമോ എന്നാണ് ആളുകള്‍ ഭയന്നത് അല്ലെങ്കില്‍ പ്രതീക്ഷിച്ചത്. ഒന്നും സംഭവിച്ചില്ല. ബഹുരാഷ്ട്ര കോര്‍പ്പറേഷനുകളില്‍ ഡയറക്റ്റര്‍മാരെ തിരഞ്ഞെടുക്കുന്നതുപോലൊരു ഏര്‍പ്പാടായിരുന്നുവത്രെ അത്. കോണ്‍ഗ്രസ്സില്‍ നാലണ മെമ്പര്‍ഷിപ്പ്, തിരഞ്ഞെടുപ്പ് എന്നീ പഴഞ്ചന്‍ ഏര്‍പ്പാടുകള്‍ നടപ്പുണ്ടായിരുന്ന കാലത്ത് വോട്ടേഴ്‌സ് ലിസ്റ്റ് നോക്കിയാണ് വോട്ടര്‍മാരെ ചേര്‍ക്കാറുള്ളത്. ജാതി മത കക്ഷി ഭേദമന്യേ ആര്‍ക്കും മെമ്പറാകാം. ഗ്രൂപ്പ് താപ്പാനകള്‍ അടച്ചുകൊള്ളും അംഗത്വഫീസ്. വഴിയേപോകുന്ന ആര്‍ക്കും കയറി സംഘടനാതിരഞ്ഞെടുപ്പില്‍ വോട്ടുചെയ്യാനും ശരീരക്ഷതമേല്‍ക്കാതെ തിരിച്ചുപോകാനും പറ്റുമായിരുന്നു. അതെല്ലാം പോയി മറഞ്ഞു.

ആ സംഘടനയില്‍ ഉള്ളത് ഏതാണ്ട് മുക്കാല്‍ പങ്കും സ്കൂള്‍കുട്ടികളാണ്. കോളേജിലെത്തുമ്പോഴേക്ക് കുട്ടികള്‍ക്ക് വകതിരിവുണ്ടാവുകയും സമീപകാലത്ത് ഫാഷനായി മാറിയ ഇടതു-വലതു-വര്‍ഗീയ വിപഌവസംഘടനകളിലേക്ക് മാറുകയും ചെയ്യുമല്ലോ. പക്ഷേ കെ.എസ്.യു തിരഞ്ഞെടുപ്പില്‍ സ്്കൂള്‍കുട്ടികള്‍ക്ക് വോട്ടില്ല. എത്ര ക്രൂരം. കോളേജ് യൂണിറ്റ് വോട്ടെടുപ്പിലാകട്ടെ റിട്ടയേഡ് ഇലക്ഷന്‍ കമ്മീഷന്റെ ഇടപെടലുണ്ടാവുകയും ചെയ്തു. പാര്‍ലമെന്റിലേക്ക് മത്സരിക്കാന്‍ കെട്ടിവെക്കുന്നതിലേറെ തുക വേണമത്രെ കെ.എസ്.യു. തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍. ആകപ്പാടെ നനഞ്ഞ പടക്കം പോലൊരു തിരഞ്ഞെടുപ്പ്. പൂരം പ്രതീക്ഷിച്ചുകാത്തുനിന്നവര്‍ക്ക് ചില്ലറ വെളിച്ചപ്പാടുകളുടെ വാള്‍കുലുക്കലേ കാണാനായുള്ളൂ. ഈ രീതിയാണ് കോണ്‍ഗ്രസ് പ്രൈവറ്റ് ലിമിറ്റഡിലും ഇനി നടപ്പാകുന്നതെങ്കില്‍ മാധ്യമപ്രതിസന്ധി ഗുരുതരമാകും.

എന്നാലും എല്ലാ പ്രതീക്ഷകളും അറബിക്കടലിലെറിയേണ്ട. നിയമസഭാ തിരഞ്ഞെടുപ്പാണ് വരുന്നത്. വന്ന വഴി മറക്കുന്ന നികൃഷ്ടന്മാരൊന്നുമല്ല കോണ്‍ഗ്രസ്സുകാര്‍. രമേശ് ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും കെ.സുധാകരനും പി.രാമകൃഷ്ണനും രാജ്‌മോഹന്‍ ഉണ്ണിത്താനുമെല്ലാം പാര്‍ട്ടിയില്‍തന്നെ ഉണ്ടല്ലോ. അവരൊന്നും നമ്മെ നിരാശരാക്കില്ല തീര്‍ച്ച.


****

ആകപ്പാടെ, നേരാംവണ്ണം നടക്കുന്ന ഒരു സംഗതി വിലക്കയറ്റം മാത്രമാണ്. കയറ്റം എന്നൊക്കെപറയുന്നത് കാര്യങ്ങളെ മൃദുവാക്കലാണ്. റോഡിലൊരു കയറ്റമുണ്ട് എന്നുപറഞ്ഞാല്‍ സംഗതി അത്ര ഗൗരവമുള്ളതല്ല. വയനാടന്‍ ചുരത്തിന്റെ അടിയില്‍ ചെന്നുനിന്ന് മുകളിലേക്കുനോക്കിയാല്‍ കാണുന്നതിനെ കയറ്റം എന്നുപറയാനൊക്കില്ല. അത് കയറ്റമല്ല, ചുരമാണ്. ഇപ്പോഴത്തെ വില വര്‍ദ്ധനയ്ക്ക് പറ്റിയ പദം കണ്ടെത്തിയിട്ടില്ല. ചില ലാറ്റിന്‍ അമേരിക്കന്‍- ആഫ്രിക്കന്‍ രാജ്യങ്ങളില്‍ ആയിരം ശതമാനം, പതിനായിരം ശതമാനമൊക്കെ വില കയറാറുണ്ടത്രെ. മുടിമുറിക്കാന്‍ ബാര്‍ബര്‍ഷോപ്പില്‍ വലിയ ട്രങ്ക്‌പെട്ടിനിറയെ നോട്ടുമായി പോകേണ്ടിവരാറുണ്ടത്രെ. മാവേലി സ്റ്റോര്‍വഴി ട്രങ്ക് പെട്ടി ഓരോന്നുവീതം വിതരണം ചെയ്യുന്നത് നല്ല മുന്‍കരുതലാകും.

ഇതൊക്കെയാണെങ്കിലും തീവില എന്നുംമറ്റും പ്രചരിപ്പിക്കുന്നതിനോട് മന്ത്രി സി.ദിവാകരന് കടുത്ത വിരോധമുണ്ട്. തീ അപകടസാധ്യതയുള്ളതാണ്. പടര്‍ന്നാല്‍ ഫയര്‍സര്‍വീസിനെ വിളിക്കേണ്ടിവരും. തീകൊണ്ട് കളിക്കരുതാരും. വലിയ വിലക്കയറ്റമുണ്ടെന്നൊക്കെ പത്രത്തില്‍ വായിച്ച് കച്ചവടക്കാര്‍ വില പിന്നെയും കയറ്റിക്കളയുമത്രെ. ഇതിന് പരിഹാരമായി ദിവസവും വില കുറയുന്നു എന്നെഴുതിക്കൂടേ ഇവറ്റകള്‍ക്ക്. വായിച്ച് കച്ചവടക്കാര്‍ വില കുറക്കുമല്ലോ. പത്രക്കാരെ ഇക്കണോമിക്‌സും പഠിപ്പിക്കണമെന്നുവെച്ചാല്‍ മഹാകഷ്ടമാണ്.

സി.അച്യുതമേനോനെയും പി.കെ.വാസുദേവന്‍നായരെയും എന്‍.ഇ.ബാലറാമിനെയും ചിത്തരഞ്ജനെയും പോലുള്ള അനേകം ഇസ്‌പേട് നേതാക്കളുടെ പരമ്പരയില്‍ ഒടുവിലൊടുവിലായി എങ്ങനെ ഇത്രയും അസാധാരണ പ്രതിഭാശാലികള്‍ വന്നുപെട്ടു എന്നാണാര്‍ക്കും മനസ്സിലാകാത്തത്. അറുപതുകളില്‍ ഇതിനോളം പോന്ന വിലക്കയറ്റമുണ്ടായപ്പോള്‍ കേരളം കത്തിപ്പടര്‍ന്നിട്ടുണ്ട്. അന്നുപക്ഷേ ഭരണം നമ്മുടെ കൈവശമല്ലായിരുന്നുവെന്ന സൗകര്യമുണ്ടായിരുന്നു. ഇന്നതുപറ്റില്ല. തീ എന്നുകേള്‍ക്കുമ്പോള്‍തന്നെ മുട്ടുവിറയ്ക്കുന്നു.
****
രണ്ടുതവണയില്‍ കൂടുതല്‍ ഒരേ ആള്‍ പ്രസിഡന്റാകരുതെന്ന വ്യവസ്ഥയുള്ള ഒരു രാജ്യം അമേരിക്കയാണ്. സാമ്രാജ്യത്വഭീകര രാജ്യത്തിന്റെ സ്ഥാപകര്‍ക്ക് ഇങ്ങനെയൊരു ബുദ്ധിതോന്നാന്‍ എന്താണാവോ കാരണം ? അധികംകാലം അധികാരത്തിലിരുത്താന്‍ കൊള്ളാത്തവനായിരിക്കും ഇതിന്റെ പ്രസിഡന്റാവുക എന്ന് അവര്‍ക്ക് അന്നേ തോന്നിക്കാണുമോ എന്തോ...

ഏതെങ്കിലും കമ്യൂണിസ്റ്റ് രാജ്യത്ത് അങ്ങനെയൊരു വ്യവസ്ഥയുണ്ടായിരുന്നതായി അറിവില്ല. എങ്ങനെ ഉണ്ടാകും, സാമ്രാജ്യത്വഭീകരന്മാരെപ്പോലത്തെ അലമ്പന്മാരാണോ കമ്യൂണിസ്റ്റ് രാജ്യങ്ങളില്‍ ഭരണാധികാരികളാകുന്നത് ? അല്ല. തൊഴിലാളിവര്‍ഗത്തില്‍ നിന്നുയര്‍ന്നുവന്ന, രക്തവും മാംസവും ജീവന്‍തന്നെയും ആദര്‍ശത്തിനുവേണ്ടി ബലികഴിക്കുന്ന നിസ്വാര്‍ഥ മഹദ് വ്യക്തിത്വങ്ങളല്ലേ അവിടെ പ്രസിഡന്റും പാര്‍ട്ടിസിക്രട്ടറിയുമാകുന്നത്. അവര്‍ രണ്ടുടേം കഴിഞ്ഞ് അധികാരത്തില്‍ നിന്നൊഴിയണമെന്ന് പറഞ്ഞാല്‍, അവര്‍ സമ്മതിച്ചാല്‍പോലും ജനം സമ്മതിക്കില്ല. അതുകൊണ്ട് കമ്യൂണിസ്റ്റ് നാടുകളില്‍ പൊതുവെ ഭരണാധികാരികള്‍, കാലന്‍ അകാലത്തില്‍ വന്നിടപെടുന്നതുവരെ അധികാരത്തില്‍ തുടരുകയാണ് പതിവ്.

കാലത്തിന്റെ പോക്കിനെകുറിച്ച് അറിവില്ലാത്തവര്‍ പഴയ പല ശരികളും തെറ്റുകളാക്കി മാറ്റാറുണ്ട്, തെറ്റുകളെ ശരികളാക്കിയും മാറ്റും. അത്തരമൊരു തെറ്റ് ചെയ്യാന്‍ സി.പി.എം കേന്ദ്രകമ്മിറ്റി തീരുമാനമെടുത്തതായി അടുത്ത കാലത്ത് ബൂര്‍ഷ്വാ പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. പാര്‍ട്ടി സിക്രട്ടറിമാര്‍ രണ്ടുതവണയേ ആ സ്ഥാനത്തിരിക്കാവൂ എന്നു തീരുമാനിച്ചുവത്രെ. അമേരിക്കന്‍ സാമ്രാജ്യത്വ ബൂര്‍ഷ്വാ ജനപ്രിയ പൈങ്കിളിത്തരങ്ങള്‍ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി അനുകരിക്കുകയോ ! അസാധ്യം. അങ്ങനെയൊരു അബദ്ധം ഒരു കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ സംഭവിക്കില്ലെന്ന് സഖാക്കള്‍ക്കുറപ്പുനല്‍കാന്‍ ആരും മുന്നോട്ടുവന്നില്ല. സഖാവ് കെ.ഇ.എന്‍ പോലും ആ ഹിമാലയന്‍ മണ്ടത്തരത്തെ എതിര്‍ത്ത് ലേഖനമെഴുതിയില്ല. ആകപ്പാടെ ചെറിയ ഒരു സമാധാനം ഇപ്പോഴുണ്ടായത് ടി. ശിവദാസമേനോന്‍ ഇതിനെതിരെ രംഗത്തിറങ്ങിയിട്ടുണ്ടെന്ന് കേട്ടപ്പോള്‍ മാത്രമാണ്. അതുശക്തിപ്പെടും. ഇനി പാര്‍ട്ടി കോണ്‍ഗ്രസ് ചേരുമ്പോള്‍, സിക്രട്ടറിമാര്‍ക്ക് വിരോധമില്ലെങ്കില്‍ ആജീവനാന്തം ആ സ്ഥാനത്തുതുടരാന്‍ അനുവദിക്കുന്ന ഭേദഗതി പാര്‍ട്ടി ഭരണഘടനയിലുണ്ടാകുമെന്നും പ്രതീക്ഷിക്കുന്നു.

No comments:

Post a comment