മാറുന്ന മാധ്യമലോകം


വാര്‍ത്തകള്‍ ന്യൂസ്‌പ്രിന്റില്‍ അച്ചടിച്ച്‌ രാവിലെ വീടുകളില്‍ കൊണ്ടുചെന്നിടുന്ന സമ്പ്രദായം പ്രകൃതമാണെന്ന്‌ കരുതുന്നവരുടെ എണ്ണം കൂടി വരുന്നുണ്ട്‌. സമീപനാളുകളില്‍ മാധ്യമലോകത്ത്‌്‌ നിന്നുവരുന്ന വാര്‍ത്തകളില്‍ നല്ലൊരു പങ്ക്‌ അച്ചടി മാധ്യമങ്ങള്‍ അതിജീവിക്കാന്‍ പെടുന്ന പെടാപ്പാടിനെക്കുറിച്ചാണ്‌. ലോകത്തെ ഗ്രസിച്ചുകൊണ്ടിരിക്കുന്ന സാമ്പത്തികമാന്ദ്യമാവാം ഇപ്പോഴത്തെ പുതിയ വെപ്രാളത്തിനുകാരണം. പക്ഷേ, മാന്ദ്യത്തിന്‌ മുമ്പും അച്ചടിമാധ്യമത്തിന്‌ മരണമണി മുഴങ്ങുന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ പതിവായിരുന്നു.

അച്ചടിച്ച പത്രത്തിന്റെ മരണനാള്‍ പ്രവചിച്ചവര്‍പോലുമുണ്ട്‌. അറിയപ്പെടുന്ന മാധ്യമവിദഗ്‌ദ്ധനായ ഫിലിപ്പ്‌ മെയ്‌ര്‍ വാനിഷിങ്‌ ന്യൂസ്‌പേപര്‍ എന്ന കൃതിയില്‍ എഴുതിയത്‌ 2043ല്‍ അവസാനത്തെ പത്രംഅച്ചടിക്കുമെന്നാണ്‌. മിന്നല്‍വേഗത്തിലാണ്‌ ശാസ്‌ത്രം പുരോഗമിക്കുന്നത്‌. മാറ്റങ്ങള്‍ അപ്രവചനീയമായിരിക്കുന്നു. അതുകൊണ്ടുതന്നെ മൂന്നുപതിറ്റാണ്ട്‌ അപ്പുറം പത്രങ്ങള്‍ അപ്രത്യക്ഷമാകും എന്ന പ്രവചനം കാര്യമായി എടുക്കേണ്ടതില്ലെന്ന്‌ പറയുന്നവരുമുണ്ട്‌. മരിക്കുന്നുണ്ടെങ്കില്‍ അഞ്ചോ പത്തോ വര്‍ഷംകൊണ്ടുതന്നെ പത്രം മരിക്കും. മുപ്പതുവര്‍ഷം പിടിച്ചുനില്‍ക്കാനാകുമെങ്കില്‍ പിന്നെ പത്രങ്ങള്‍ മരിക്കാനിടയില്ല എന്നാണ്‌ അവര്‍ കരുതുന്നത്‌.

മരിച്ചാലും ഇല്ലെങ്കിലും, അച്ചടിമാധ്യമത്തിന്റെ പ്രാധാന്യം കുറഞ്ഞിരിക്കുന്നുവെന്ന സത്യം നിഷേധിക്കാനാവില്ല. പത്രവായനക്കാരന്റെ ശരാശരി പ്രായം 53 ആണത്രെ. പുതിയ തലമുറക്കാര്‍ പത്രം വായിക്കാന്‍ രാവിലെ ഉറക്കമുണര്‍ന്നുകാത്തുനില്‍ക്കുന്നില്ല. മുറ്റത്ത്‌ വീണുകിടക്കുന്നത്‌ കണ്ടാല്‍ പല കുട്ടികളും എടുത്തുനോക്കുക പോലും ചെയ്യുന്നില്ല. അവരുടെ നോട്ടം പുതിയ മാധ്യമങ്ങളിലേക്കാണ്‌.പുതിയ മാധ്യമരൂപങ്ങള്‍ പുതിയ കാലത്ത്‌ കൂടുതല്‍ സ്വീകാര്യമായിരിക്കുന്നു.

റേഡിയോ ആവിര്‍ഭവിച്ചപ്പോള്‍തന്നെ പത്രത്തിന്റെ ഏകവാര്‍ത്താസ്രോതസ്‌ എന്ന പദവിക്ക്‌ കോട്ടംതട്ടിയതാണ്‌. എന്തുകൊണ്ടോ അന്നാരും പത്രത്തിന്റെ മരണത്തെക്കുറിച്ച്‌ പ്രവചിക്കുകയുണ്ടായില്ല. റേഡിയോവില്‍ കേള്‍ക്കാത്ത നൂറുനൂറുകാര്യങ്ങള്‍ പത്രത്തില്‍ പിറ്റേന്ന്‌ വായിക്കാമെന്നതാവാം കാരണം. പിന്നെ കുറെ കഴിഞ്ഞാണ്‌ ടെലിവിഷന്‍വന്നത്‌. റേഡിയോവില്‍ കേള്‍ക്കുകയേ ഉള്ളൂ, ടെലിവിഷനില്‍ കാണുകയും ചെയ്യും. ഇനിയെന്തിന്‌ പത്രം എന്ന ചോദ്യം എങ്ങും ഉയര്‍ന്നു. പക്ഷേ, ടെലിവിഷന്‍ വന്നതുകൊണ്ടുമാത്രം എവിടെയും പത്രം ഇല്ലാതായില്ല. നിരീക്ഷകര്‍ വേറൊരു പ്രവണത ചിലേടങ്ങളില്‍ കണ്ടെത്തുകയുമുണ്ടായി. പലര്‍ക്കും പത്രവായനയ്‌ക്ക്‌ ടെലിവിഷന്‍ പ്രേരണയാവുന്നു എന്നതാണത്‌. ടെലിവിഷനില്‍ അല്‌പനേരം ഇളകിയാടി മറഞ്ഞുപോകുന്ന പലതിനെക്കുറിച്ചും ആളുകളുടെ മനസ്സിലുയരുന്ന ചോദ്യങ്ങള്‍ക്ക്‌ ഉത്തരം നല്‍കുന്നത്‌ പത്രങ്ങളാണ്‌. ആ കൗതുകവും ത്സുക്യവും പത്രങ്ങള്‍ക്ക്‌ പ്രയോജനപ്പെടുന്നു.

ഇതൊക്കെയാണെങ്കിലും, ഇന്ത്യയെപ്പോലെ അക്ഷരാഭ്യാസം മെല്ലെമാത്രം വളരുന്ന സമൂഹങ്ങളിലൊഴികെ എല്ലായിടത്തും പത്രങ്ങളുടെ പ്രചാരം കുറയുകയാണ്‌. സാമ്പത്തികമാന്ദ്യം വരുന്നതിനുമുമ്പുതന്നെ ഈ പ്രവണത പ്രകടമായിരുന്നു. റേഡിയോവോ ടെലിവിഷനോ ഉയര്‍ത്തിയിട്ടില്ലാത്ത ഭീഷണി ഇപ്പോഴുയര്‍ത്തിയത്‌ ഇന്റര്‍നെറ്റ്‌ ആണ്‌. പലേടത്തും ഇതുസംബന്ധിച്ച പഠനങ്ങളും സര്‍വെകളും നടന്നിട്ടുണ്ട്‌. പത്രവാര്‍ത്തകള്‍ക്ക്‌ പഴയ തലമുറ നല്‍കിയ പ്രധാന്യം പുതിയ തലമുറ നല്‍കുന്നില്ല. വാര്‍ത്തകള്‍ ശ്രദ്ധിക്കുന്നവര്‍പോലും അതിന്‌ പത്രത്തെ ആശ്രയിക്കുന്നില്ല. ഇന്റര്‍നെറ്റ്‌ ഉപയോഗിച്ചുതുടങ്ങുന്ന പതിനഞ്ചിനും ഇരുപത്തിനാലിനും ഇടയില്‍ പ്രായമുള്ളവര്‍ നേരത്തെ പത്രവായനയ്‌ക്ക്‌ ചെലവഴിച്ചിരുന്ന സമയത്തില്‍ മുപ്പതുശതമാനം കുറവുവരുത്തിയെന്നാണ്‌ ബ്രിട്ടനില്‍ 2006 ല്‍ നടന്ന പഠനം വെളിവാക്കിയത്‌. രണ്ടായിരത്തി നാലിന്‌ ശേഷമുള്ള വര്‍ഷങ്ങളില്‍ വികസിതരാജ്യങ്ങളിലൊരിടത്തും അച്ചടിമാധ്യമങ്ങളുടെ പ്രചാരമോ വരുമാനമോ വര്‍ദ്ധിച്ചിട്ടില്ല.

1896 മുതല്‍ അമേരിക്കന്‍ മാധ്യമലോകത്തില്‍ നിറഞ്ഞുനിന്ന ന്യൂയോര്‍ക്‌ ടൈംസിന്റെ ഇപ്പോഴത്തെ നില വികസിതലോകത്തെ അച്ചടിമാധ്യമങ്ങളുടെ അവസ്ഥയുടെ പ്രതീകമാണ്‌. ഓരോ വര്‍ഷവും പത്രത്തിന്റെ പ്രചാരം കുറയുകയാണ്‌. ഇക്കഴിഞ്ഞ വര്‍ഷം നാലുശതമാനത്തോളമാണ്‌ കുറവുണ്ടായത്‌. പരസ്യവരുമാനത്തിലാകട്ടെ 12.5 ശതമാനം കുറവുവന്നു. കമ്പനി ഓഹരിവിലയാകട്ടെ മുന്‍വര്‍ഷത്തേക്കാല്‍ ഇരുപതുശതമാനം താഴെയാണ്‌. അമേരിക്കന്‍ ബ്യൂറോ ഓഫ്‌ സര്‍ക്കുലേഷന്റെ കണക്കുകളനുസരിച്ച്‌ 530 ദിനപത്രങ്ങളുടെ ശരാശരി പ്രചാരം 3.6 ശതമാനം കുറവായിരുന്നു. പരസ്യവരുമാനത്തിലെ മൊത്തം കുറവ്‌ വര്‍ഷം 22 ശതമാനമായിരുന്നു. സാമ്പത്തികമാന്ദ്യത്തേക്കാള്‍ ഇന്റര്‍നെറ്റ്‌ മാധ്യമങ്ങളുടെ വളര്‍ച്ചയാണ്‌ ഈ ദുരവസ്ഥയ്‌ക്ക്‌ കാരണമെന്ന്‌ വിദഗ്‌ധര്‍ ചൂണ്ടിക്കാട്ടുന്നു.

ഇന്റര്‍നെറ്റിലേക്കുള്ള ഈ കാലുമാറ്റത്തിന്റെ കാരണമെന്ത്‌ എന്ന്‌ കണ്ടെത്താന്‍ ഗവേഷണമൊന്നും ആവശ്യമില്ല. പത്രവും ടെലിവിഷനും നല്‍കുന്ന സൗകര്യങ്ങള്‍ പലതും ഒരേസമയം ഇന്റര്‍നെറ്റ്‌ നല്‍കുന്നു. പത്രം പോലെ വായിക്കാം, ടി.വി.പോലെ കാണാം. കാണണമെന്നുതോന്നുമ്പോള്‍ കാണിക്കാന്‍ ടി.വിയ്‌ക്കാകില്ല. ടി.വി.യിലെന്നപോലെ ചലിക്കുന്ന ചിത്രങ്ങള്‍ ഇന്റര്‍നെറ്റിലും ലഭ്യമാണ്‌. പത്രത്തിലേതുപോലെ ലേഖനങ്ങളും മറ്റുമാറ്ററുകളും പ്രിന്റെടുത്തുസൂക്ഷിക്കുകയും ആവാം. വാര്‍ത്തകളുടെ അപ്‌ഡേറ്റിങ്ങ്‌ സാധ്യമല്ലെന്നതാണല്ലോ പത്രത്തിന്റെ വലിയ പരിമിതി. പത്രത്തിലും ടെലിവിഷനിലും വാര്‍ത്തയ്‌ക്ക്‌ വേണ്ടി വായനക്കാരന്‍ കാത്തുനിക്കണം. ഇന്റര്‍നെറ്റ്‌ അതിനെയും മറികടക്കുന്നു. പുതിയ തലമുറയുടെ വലിയ ആകര്‍ഷണം ഇതാണെന്ന്‌ നിരീക്ഷിച്ചവരുണ്ട്‌. വാര്‍ത്ത വായനക്കാരനെത്തേടിവരുന്ന കാലമാണ്‌ ഇത്‌. വായനക്കാരന്‍ അവന്റെ സമയത്തിനും സൗകര്യത്തിനുമനുസരിച്ചാണ്‌ അതുവായിക്കുക. ഇതിനേറ്റവും പറ്റിയ മാധ്യമം ഇന്റര്‍നെറ്റ്‌ തന്നെ.

വായനക്കാരനെയും അവന്റെ അഭിപ്രായങ്ങളെയും ഗൗരവത്തിലെടുക്കുന്ന മാധ്യമം ഇന്റര്‍നെറ്റ്‌ ആണ്‌. ദിവസം മൂന്നോ നാലോ കത്തുകളാണ്‌ വായനക്കാരന്റേതായി മിക്ക പത്രങ്ങളും പ്രസിദ്ധപ്പെടുത്തുന്നത്‌. നൂറുകണക്കിന്‌ കത്തുകള്‍ ചവറ്റുകൊട്ടയിലേക്കാണ്‌ പോവുക. പ്രധാന പത്രങ്ങളില്‍ സ്വന്തംപേരില്‍ ഒരു കത്ത്‌ അച്ചടിച്ചുവരികയെന്നത്‌ വലിയസംഭവമായി ആഘോഷിച്ചിട്ടുണ്ട്‌ പഴയതലമുറ. ഒരു പത്രഫീസില്‍ ദിവസം വരുന്ന കത്തുകളില്‍ കാല്‍ശതമാനംപോലും പത്രത്തില്‍ പ്രസിദ്ധപ്പെടുത്താന്‍ കഴിയാറില്ലെന്നതാണ്‌ സത്യം. വായനക്കാരനെ അങ്ങോട്ട്‌ പഠിപ്പിക്കാനല്ലാതെ ഇങ്ങോട്ട്‌ കേള്‍ക്കേണ്ടകാര്യമെന്നുമില്ല എന്നുവിശ്വസിക്കുന്ന പഴയ തലമുറയാണ്‌ ഇപ്പോഴം പത്രങ്ങളുടെ നേതൃനിരയിലുള്ളത്‌ എന്നതുകൊണ്ട്‌ വല്ലപ്പോഴും കുറച്ചുകത്തുകളേ അവര്‍ പ്രസിദ്ധപ്പെടുത്താറുള്ളൂ.

ഇന്റര്‍നെറ്റ്‌ മാധ്യമത്തില്‍ നേരെ മറിച്ചാണ്‌ സ്ഥിതി. വായനക്കാരന്റെ ഫീഡ്‌ബാക്‌ എഡിറ്റിങ്‌ പോലുമില്ലാതെ പ്രസിദ്ധപ്പെടുത്തുന്നു. സ്ഥലത്തെക്കുറിച്ചോ സമയപരിധിയെക്കുറിച്ചോ ബേജാറില്ലാത്ത മാധ്യമമായതുകൊണ്ട്‌ അതിലൊട്ടും അത്ഭുതമില്ല.എഡിറ്റിങ്‌ ഇല്ല എന്നത്‌ അതിശയോക്തിയല്ല. വായനക്കാര്‍ എഴുതുന്ന മുട്ടന്‍തെറി അതേപടി പ്രസിദ്ധപ്പെടുത്തിയ ഇന്റര്‍നെറ്റ്‌ മാധ്യമങ്ങള്‍ കേരളത്തില്‍ പോലുമുണ്ട്‌. എഡിറ്റിങ്‌ ആവശ്യമില്ല എന്നതാണ്‌ അതിന്റെ ന്യായം. അശ്ലീലമോ മറ്റോ ഉണ്ടെങ്കില്‍ മറ്റുവായനക്കാര്‍ക്ക്‌ ചൂണ്ടിക്കാട്ടാം.അപ്പോള്‍ തിരുത്തും. ലേഖകന്മാരുമായി വായനക്കാര്‍ക്ക്‌ ബന്ധപ്പെടാം, അഭിപ്രായങ്ങള്‍തേടാം, കൂടുതല്‍വിവരം ശേഖരിക്കാം. പശ്ചാത്തലവിവരങ്ങള്‍ നോക്കാം. ഇതെല്ലാം ഇന്റര്‍നെറ്റിനെ ഇഷ്ടമാധ്യമമാക്കുന്നു.

കമ്പ്യൂട്ടറുമായി തീവണ്ടിയിലോ പാര്‍ക്കിലോ ചെന്നിരിക്കാമോ എന്ന്‌ ചോദിച്ചത്‌ വളരെക്കാലം മുമ്പൊന്നുമല്ല. പത്രസ്ഥാപനസ്ഥാപനങ്ങളുടെ ലോകസംഘടനയാ വാന്‍ വേള്‍ഡ്‌ അസോസിയേഷന്‍ ഓഫ്‌ ന്യൂസ്‌പേപ്പേഴ്‌സ്‌ പുറത്തിറക്കിയ പ്രചാരണ പോസ്റ്ററിലെ കാര്‍ട്ടൂണില്‍ പാര്‍ക്കിലെ ബഞ്ചില്‍ വലിയ ഒരു കമ്പ്യൂട്ടര്‍ മടിയില്‍ വെച്ച്‌ അതിലെ വാര്‍ത്ത വായിക്കുന്ന വൃദ്ധദമ്പതികളെയാണ്‌ ചിത്രീകരിച്ചിരുന്നത. എത്രവേഗമാണ്‌ ആ കാര്‍ട്ടൂണ്‍ കാലഹരണപ്പെട്ടുപോയത്‌! വണ്ടിയിലും പാര്‍ക്കിലും ലാപ്‌ടോപ്പില്‍ വാര്‍ത്ത വായിക്കുന്നത്‌ ഇപ്പോള്‍ സാധാരണ കാഴ്‌ചയാണ്‌. ഇങ്ങനെ വായിക്കുന്നത്‌ മിക്കപ്പോഴും അച്ചടിച്ചിറങ്ങുന്ന അതേ പത്രത്തിന്റെ ഇ പേപ്പര്‍ എന്നുവിളിക്കുന്ന ഡിജിറ്റല്‍ എഡിഷനുകളാണെന്നും ശ്രദ്ധേയമാണ്‌.

ഇന്ത്യയെപ്പോലുള്ള രാജ്യങ്ങളില്‍ ഇത്‌ എത്രത്തോളം പ്രസക്തമായി എന്നറിയില്ല. അമേരിക്കന്‍ വായനക്കാര്‍ക്കിടയില്‍ വാഷിങ്‌ടണിലെ പ്യൂ റിസര്‍ച്ച്‌ സെന്റര്‍ ‍നടത്തിയ പഠനം തെളിയിച്ചത്‌ വാര്‍ത്ത പത്രത്തില്‍വായിക്കുന്നതിനേക്കാള്‍ കൂടുതല്‍ ആഴത്തില്‍ ഇന്റര്‍നെറ്റില്‍ ആളുകള്‍ വായിക്കുന്നു എന്നാണ്‌. ഐട്രാക്‌ 07 എന്ന്‌ പേരിട്ട ഈ പഠനത്തില്‍ പറയുന്നത്‌ ഇന്റര്‍നെറ്റ്‌ വായനക്കാര്‍ വാര്‍ത്തകളുടെ ശരാശരി 77 ശതമാനും വായിക്കുമ്പോള്‍ പത്രത്തില്‍ അത്‌ അറുപതുശതമാനത്തില്‍ നില്‍ക്കുന്നു എന്നാണ്‌. ഇന്റര്‍നെറ്റിലെ വാര്‍ത്താപേജില്‍ പത്രത്തെ അപേക്ഷിച്ച്‌ ശ്രദ്ധതെറ്റിക്കുന്ന കുറച്ചുഘടകങ്ങളേ ഉള്ളൂ എന്നതാണ്‌ ഇതിന്‌ കാരണമെന്ന്‌ ലോകപ്രശസ്‌ത മീഡിയ ഡിസൈനര്‍ മറിയോ ഗാര്‍സിയ പറയുന്നു.

വീടുകളിലും ഫീസുകളിലും കമ്പ്യൂട്ടറും അതിവേഗ ഇന്റര്‍നെറ്റും എത്തിയതോടെ വികസിതരാജ്യങ്ങളില്‍ എല്ലാവിഭാഗക്കാര്‍ക്കിടയിലും പത്രവായന കുറയുകയും ഇന്റര്‍നെറ്റ്‌ വായന കൂടുകയും ചെയ്യുന്നുണ്ട്‌. പത്രങ്ങള്‍തന്നെ ഈ പ്രവണതയ്‌ക്ക്‌ വളംവെച്ചുകൊടുക്കുകയും ചെയ്യുന്നു. വില്‌പ്പന കുറയുന്നതില്‍ ആശങ്കയുമായി കഴിഞ്ഞുകൂടുന്ന പത്രങ്ങള്‍തന്നെ പത്രവാര്‍ത്ത സൗജന്യമായി ഇന്റര്‍നെറ്റില്‍ നല്‍കുന്നു. കേരളത്തില്‍ ഒരു പഞ്ചായത്തില്‍ ജീവിക്കുന്ന ആള്‍ക്ക്‌ അടുത്ത പഞ്ചായത്തില്‍ നടക്കുന്ന കാര്യം പത്രത്തില്‍വായിക്കണമെങ്കില്‍ ബസ്‌ കയറി ആ പഞ്ചായത്തില്‍പോയി പത്രം വാങ്ങേണ്ടിവരും. പക്ഷേ വീട്ടില്‍ ഇന്റര്‍നെറ്റ്‌ ഉള്ള ആള്‍ക്ക്‌ കാല്‍കാശ്‌ കൊടുക്കാതെ കേരളത്തിലെ മുഴുവന്‍ പഞ്ചായത്തിലെയും വാര്‍ത്തകള്‍ വായിക്കാം. വീഡിയോ ദൃശ്യങ്ങളും ശബ്ദരേഖയും ഫോട്ടോ ശേഖരങ്ങളും പശ്ചാത്തലറിപ്പോര്‍ട്ടുകളുമെല്ലാം ഇരുന്ന ഇരുപ്പില്‍ സൗജന്യമായി കിട്ടുമെന്നിരിക്കെ വായനക്കാരന്‍ കാശുകൊടുത്ത്‌ പത്രംവാങ്ങുന്നതെന്തിന്‌ എന്നാണ്‌ ചോദിക്കേണ്ടത്‌.

ന്നു മറ്റൊന്നിനെ കൊന്നുതിന്നുന്നതല്ല മാധ്യമവികാസത്തിന്റെ ലോകം എന്നു ഉറച്ചുപറയുന്ന വിദഗ്‌ദ്ധനിരീക്ഷകരേറെയുണ്ട്‌. ന്നു മറ്റൊന്നിനെ അവസാനിപ്പിച്ചുകളയും എന്നത്‌ മനോവിഭ്രാന്തിയാണ്‌. എല്ലാറ്റിനും 'എന്‍ഡ്‌' -അന്ത്യം- ഉണ്ടാകുമെന്ന ഈ ചിന്താഗതിയെ കമ്പ്യൂട്ടര്‍ ശാസ്‌ത്രജ്ഞനായ ജോണ്‍ സീലി ബ്രൗണ്‍ 'എന്‍ഡിസം' എന്നാണ്‌ വിളിച്ചത്‌. ചരിത്രത്തിനുവരെ അന്ത്യം പ്രവചിച്ചവരുണ്ടല്ലോ. പത്രത്തിന്റെ അന്ത്യത്തെ കുറിച്ചുള്ള പ്രവചനത്തിനും ഇതിനേറെ പ്രാധാന്യം നല്‌കേണ്ടതില്ല എന്നവര്‍ നമ്മെ ആശ്വസിപ്പിക്കുന്നു.

പുതിയ മാധ്യമരൂപങ്ങള്‍ക്ക്‌ സ്വീകാര്യത കൂടുമ്പോഴും ആളുകള്‍ ഏറ്റവും വിശ്വാസ്യതയുള്ള മാധ്യമമായി കാണുന്നത്‌ അച്ചടിപത്രങ്ങളെയാണ്‌ എന്ന സത്യം അവശേഷിക്കുന്നു. പക്ഷേ ഇതുപോലും സ്വീകാര്യതയുടെ ഏകമാനദണ്ഡമല്ലാതായിട്ടുണ്ട്‌. ഏറ്റവും വിശ്വാസ്യതയുള്ള പത്രത്തിനാണ്‌ ഏറ്റവും വില്‌പനയുണ്ടാവുക എന്നത്‌ പഴയ സങ്കല്‌പം മാത്രമാണ്‌. ലോകത്തെങ്ങും ഗൗരവമുള്ള ആഡ്യപത്രങ്ങളേക്കാള്‍ സര്‍ക്കുലേഷന്‍ എല്ലാ കാലത്തും പൈങ്കിളി ടാബ്‌ളോയ്‌ഡുകള്‍ക്കാണ്‌. പത്രങ്ങളേക്കാള്‍ വിശ്യസ്യത കുറവാണ്‌ ടി.വി.ക്ക്‌ എങ്കിലും ആദ്യവിവരത്തിന്‌ ബഹുഭൂരിപക്ഷമാളുകള്‍ ആശ്രയിക്കുന്നത്‌ ടി.വി.യെയാണ്‌. ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്ന ശുദ്ധഅസംബന്ധമായ വിവരങ്ങള്‍ പോലും ആളുകള്‍ പരസ്‌പരം കൈമാറി ആസ്വദിക്കുന്ന അത്ഭുതകാഴ്‌ച എപ്പോഴും കാണാം.

പുതിയ പ്രശ്‌നങ്ങള്‍ അച്ചടിമാധ്യമത്തിന്റെ സ്വഭാവത്തെ മാറ്റിമറിച്ചുകൊണ്ടിരിക്കുകയാണ്‌. കുറയുന്ന പ്രചാരവും വരുമാനവും പത്രങ്ങളെ അവയുടെ ചെലവുകള്‍ വെട്ടിക്കുറയ്‌ക്കാന്‍ നിര്‍ബന്ധിതമാക്കുന്നു. യന്ത്രസംവിധാനങ്ങളുടെയോ മാര്‍ക്കറ്റിങ്‌ പ്രവര്‍ത്തനങ്ങളുടെയോ കമ്പനിയുടമകളുടെ ആര്‍ഭാടജീവിതത്തിന്റെയോ ചെലവുകള്‍ കുറയ്‌ക്കുക പ്രയാസമാണല്ലോ. എളുപ്പം കുറയ്‌ക്കാവുന്നത്‌ പത്രപ്രവര്‍ത്തനത്തിന്റെ ചെലവാണ്‌. ലേഖകരുടെയും എഡിറ്റര്‍മാരുടെയും ശമ്പളവും കുറയ്‌ക്കാം എണ്ണവും കുറയ്‌ക്കാം. ഇതിനുവേണ്ടി പത്രത്തിലെ സെക്‌ഷനുകള്‍ നിര്‍ത്തലാക്കുന്നു. അന്വേഷാണത്മക പത്രപ്രവര്‍ത്തനം, സ്‌പെഷലൈസ്‌ഡ്‌ റിപ്പോര്‍ട്ടിങ്‌ പോലുള്ള ചെലവേറിയ ഏര്‍പ്പാടുകള്‍ വേണ്ട എന്നുവെക്കുന്നു. അതിജീവിക്കുകയാണ്‌ പ്രധാനമെന്ന്‌ വരുമ്പോള്‍ ഇതിനെയൊന്നും ആരും ചോദ്യംചെയ്യുകയുമില്ല. ബഹുഭൂരിപക്ഷം മാധ്യമകമ്പനികളുടെയും നയങ്ങള്‍ നിശ്ചയിക്കുന്നത്‌ എത്രതുക ഓഹരിയുടമകള്‍ക്ക്‌ വാര്‍ഷിക ഡിവിഡന്റ്‌ കൊടുക്കാന്‍ കഴിയും എന്നതിനെ ആശ്രയിച്ചാണല്ലോ. സ്വാഭാവികമായും ലാഭം കൂട്ടാനുള്ള എളുപ്പവഴികള്‍ പത്രത്തിന്റെ മേന്മയെ ബാധിക്കുന്നു. ഗൗരവമുള്ള റിപ്പോര്‍ട്ടിങ്ങില്‍ നിന്ന്‌ ശ്രദ്ധ ജനപ്രിയ ഉള്ളടക്കത്തിലേക്ക്‌ മാറുന്നു. ജര്‍ണലിസത്തിന്റെ ഗുണമേന്മയേക്കാള്‍ വായനക്കാര്‍ക്കും നോട്ടം മനോരമ്യ ഉള്ളടക്കത്തിലാണ്‌. പുതിയ തലമുറയ്‌ക്ക്‌ പ്രിയം വിനോദവും ഫാഷനും ആണെന്ന ധാരണയില്‍ അത്തരം വിഷയങ്ങള്‍ക്കാകുന്നു ഊന്നല്‍. അഫ്‌ഘാനിസ്ഥാനില്‍ എന്തുനടക്കുന്നു എന്നതിനേക്കാള്‍ വായനക്കാര്‍ക്ക്‌ താല്‌പര്യം ഓഹരിവിപണിയില്‍ നേട്ടമുണ്ടാക്കുന്നതിനുള്ള വിദ്യകളിലാണെന്ന ധാരണയും പത്രത്തിന്റെ ഉള്ളടക്കത്തിനെ ബാധിച്ചുകഴിഞ്ഞു.

ഉള്ളടക്കത്തിലെ മാറ്റം തീര്‍ത്തും അനഭിലഷണീയമാണ്‌ എന്നല്ല പറഞ്ഞുവരുന്നത്‌. വാര്‍ത്ത വായനക്കാരുടെ പ്രയോജനപ്പെടണം എന്ന ചിന്ത വളരുന്നത്‌ നല്ല കാര്യമാണ്‌. നിത്യജീവിതത്തില്‍ പ്രയോജനപ്രമായ വാര്‍ത്തകള്‍ക്ക്‌ എക്കാലവും ആളുകള്‍ വിലകല്‌പ്പിച്ചിട്ടുണ്ട്‌. വാര്‍ത്തകള്‍ രാത്രി ഉറങ്ങുംമുമ്പെ അറിയാമെന്നിരിക്കെ അവതന്നെ പൊടിപ്പും തൊങ്ങലുംചേര്‍ത്ത്‌ രാവിലെ വായിക്കാന്‍ കൊടുത്താലൊന്നും വായനക്കാര്‍ക്ക്‌ സ്വീകാര്യമാവില്ല. അര്‍ഥശൂന്യമായ രാഷ്‌ട്രീയസംഭവവികാസങ്ങള്‍ക്കും പ്രസംഗങ്ങള്‍ക്കും നല്‍കുന്നതിലേറെ പ്രാധാന്യം വായനക്കാര്‍ക്ക്‌ പ്രയോജനപ്പെടുന്ന അറിവുകള്‍ക്ക്‌ നല്‍കുന്നത്‌ പത്രപ്രവര്‍ത്തനത്തിലുണ്ടായ നല്ല മാറ്റംതന്നെയാണ്‌. എന്താണ്‌ വായനക്കാര്‍ക്ക്‌ ആവശ്യം എന്ന അന്വേഷണത്തിന്‌ പ്രാധാന്യം കല്‌പ്പിക്കേണ്ടതുണ്ട്‌. വായനക്കാര്‍ക്ക്‌ എന്തുവേണം എന്നു തനിക്ക്‌ നന്നായറിയാമെന്ന്‌ അഹങ്കരിക്കുന്ന പത്രാധിപന്മാരുടെ കാലം കഴിഞ്ഞിരിക്കുന്നു. മാര്‍ക്കറ്റ്‌ റിസര്‍ച്ചിന്‌ വലിയ പ്രാധാന്യം നല്‍കുന്ന പത്രങ്ങളാണ്‌ വിപണിയില്‍ വിജയം നേടുന്നത്‌.

ഇന്റര്‍നെറ്റ്‌ അച്ചടി മാധ്യമങ്ങളുടെ ഘാതകനാണ്‌ എന്നുതുടക്കത്തില്‍ പറഞ്ഞിരുന്നുവെങ്കിലും ഇപ്പോള്‍ ആ ധാരണപോലും മാറുകയാണ്‌. ഇന്റര്‍നെറ്റിനെത്തന്നെ പത്രം അതിന്റെ പ്രചാരണത്തിനും ഉള്ളടക്കത്തിന്റെ മൂല്യവര്‍ദ്ധനയ്‌ക്കും ഉപയോഗിക്കുന്നുണ്ട്‌. അച്ചടിച്ചിറക്കുന്ന പത്രത്തിന്റെ അതേരൂപം ലോകത്തെവിടെയും ഇന്റര്‍നെറ്റിലൂടെ എത്തിക്കാമെന്ന സാങ്കേതികസൗകര്യം ഉപയോഗപ്പെടുത്തുന്ന ഇ പേപ്പര്‍ മിക്ക പത്രങ്ങളും സ്വീകരിച്ചുകഴിഞ്ഞു. മിക്ക പത്രങ്ങളും വാര്‍ത്തകള്‍ സൗജന്യമായാണ്‌ നല്‍കുന്നതെങ്കിലും ഇ പേപ്പര്‍ വരിസംഖ്യ വാങ്ങിയാണ്‌ നല്‍കുന്നത്‌. ഇതൊരു ലാഭകരമായ സംഗതിയായിട്ടില്ലെങ്കിലും ഭാവിയുണ്ടെന്നുതന്നെയാണ്‌ മാധ്യമനടത്തിപ്പുകാര്‍ പ്രതീക്ഷിക്കുന്നത്‌.

ഇന്റര്‍നെറ്റ്‌ എഡിഷനില്‍ ആദ്യം വാര്‍ത്തയും ചിത്രങ്ങളും പ്രസിദ്ധപ്പെടുത്തുകയും അവയുടെ വിപുലീകൃതവും മൂല്യവര്‍ദ്ധിതവുമായ രൂപം പത്രത്തില്‍ ഉപയോഗിക്കുകയും ചെയ്‌തുകൊണ്ട്‌ രണ്ടുമാധ്യമങ്ങള്‍ക്കും പരസ്‌പരപൂരകങ്ങളായി മാറാന്‍ കഴിയുമെന്ന ചിന്തയ്‌ക്കും വലിയതോതില്‍ സ്വീകാര്യത ലഭിച്ചുകഴിഞ്ഞു. പത്രത്തിന്റെയും ഓണ്‍ലൈന്‍ മാധ്യമത്തിന്റെയും ന്യുസ്‌ ഡസ്‌കുകള്‍ പല പാശ്ചാത്യമാധ്യമങ്ങളിലും ദറ്റമുറിക്കകത്താണ്‌ പ്രവര്‍ത്തിക്കുന്നത്‌. പരസ്‌പരം മത്സരിച്ചും സഹകരിച്ചും വായനക്കാര്‍ക്ക്‌ കൂടുതല്‍ മൂല്യമെത്തിക്കാനുള്ള ശ്രമം വിജയം കാണുന്നുണ്ട്‌.

അച്ചടിമാധ്യമങ്ങളുടെ ഉള്ളടക്കത്തിന്റെ പൊതുകാര്യപ്രസക്തി കുറഞ്ഞുവരുന്നത്‌ ഫോര്‍ത്‌ എസ്റ്റേറ്റ്‌ എന്ന അവയുടെ റോളിന്‌ മങ്ങലേല്‍പ്പിക്കില്ലേ എന്ന ചോദ്യം ഉയരാറുണ്ട്‌. സമൂഹത്തിന്റെ താല്‌പര്യങ്ങള്‍ക്കല്ല , മാധ്യമഉപഭോക്താവിന്റെ തൃപ്‌തിക്കാണ്‌ പ്രാധാന്യം നല്‍കേണ്ടതെന്ന തത്വശാസ്‌ത്രം തീര്‍ച്ചയായും ഫോര്‍ത്ത്‌ എസ്റ്റേറ്റ്‌ ധര്‍മത്തെ ദോഷകരമായി ബാധിക്കും. ഇതിനെക്കുറിച്ച്‌ ചിന്തിക്കേണ്ടത്‌ മാധ്യമപ്രവര്‍ത്തകരോ നടത്തിപ്പുകാരോ മാത്രമല്ല പൊതുസമൂഹം കൂടിയാണ്‌. ജനാധിപത്യസ്ഥാപനം എന്ന നിലയിലുള്ള തിരുത്തല്‍ശക്തി മാധ്യമങ്ങള്‍ക്ക്‌ നഷ്ടപ്പെട്ടാല്‍ അതിന്റെ ദൂരന്തം പൊതുസമൂഹമാണ്‌ അനുഭവിക്കേണ്ടി വരിക. മാധ്യമങ്ങള്‍ ജനങ്ങളെ നയിച്ചുകൊള്ളും എന്ന ധാരണ മാറേണ്ടതുണ്ട്‌. നിരന്തരമായ ഇടപെടലുകളിലൂടെ മാധ്യമങ്ങളെ പൊതുസമൂഹമാണ്‌ നയിക്കേണ്ടതുണ്ട്‌ എന്നുവന്നിരിക്കുന്നു.

പത്രമോ ടെലിവിഷനോ മാത്രമല്ല ഇന്നത്തെ മാധ്യമരൂപം. സ്വതന്ത്രവ്യക്തികള്‍ - പൗരന്മാര്‍ - മാധ്യമപ്രവര്‍ത്തകരായി മാറുകയും അവരുടെ സൃഷ്ടികള്‍ വലിയ ആശയവിനിമയ മാധ്യമമായി ഉയര്‍ന്നുവരികയും ചെയ്യുന്നുണ്ട്‌. ഇന്റര്‍നെറ്റാണ്‌ ഇതിന്‌ വഴിയൊരുക്കിയിട്ടുള്ളത്‌. മുഖ്യധാരാമാധ്യമങ്ങളുടെ ഉള്ളടക്കത്തില്‍ സ്വതന്ത്രവ്യക്തികളുടെ സംഭാവനകള്‍ വാര്‍ത്തകളായിത്തന്നെ വരുന്നു. അവ പ്രൊഫഷനല്‍ മാധ്യമപ്രവര്‍ത്തകന്റെ പരിശോധനയോ അംഗീകാരമോ ഇല്ലാതെ പ്രകാശിതമാകുന്ന നില ഇപ്പോഴും ഉണ്ടായിട്ടില്ലെന്നത്‌ ശരി. പക്ഷേ, വ്യക്തികളുടെ ബ്‌ളോഗുകള്‍ മുഖ്യധാരാമാധ്യമങ്ങള്‍ക്ക്‌ പുറത്ത്‌ ആശയവിനിമയവും ആശയപ്രചാരണവും അഭിപ്രായരൂപവല്‍ക്കരണവും നടത്തിവരുന്നുണ്ട്‌. ബ്‌ളോഗുകളിലൂടെ നടക്കുന്ന സംവാദങ്ങളുടെ ഗുണനിലവാരത്തെക്കുറിച്ചും അവയില്‍ പങ്കാളികളാകുന്ന വ്യക്തികളുടെ ഉദ്ദേശുശുദ്ധിയെക്കുറിച്ചും സത്യസന്ധതയെക്കുറിച്ചുമൊന്നും ജനങ്ങള്‍ക്ക്‌ യാതൊരു ഉറപ്പുമില്ല.

വാര്‍ത്തയുടെയോ അഭിപ്രായത്തിന്റെയോ രചയിതാവിനും വായനക്കാരനുമിടയിലെ കാവല്‍ക്കാരന്റെ ജോലി മാധ്യമപ്രവര്‍ത്തകന്‌ നഷ്ടപ്പെടുന്നതിന്റെ ഗൂണദോഷങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടേണ്ടതുണ്ട്‌. ഇതിന്മേല്‍ ആര്‍ക്കും നിയന്ത്രണമില്ലെന്നും നിയന്ത്രണം സാധ്യമല്ലെന്നും ഉള്ള യാഥാര്‍ഥ്യം അംഗീകരിക്കാതെ വയ്യ. പൗരസ്വാതന്ത്ര്യത്തിന്റെ വിസ്‌ഫോടനമായി ഇത്‌ ക്രമേണ രൂപാന്തരപ്പെട്ടുകൂടായ്‌കയില്ല. പത്രസ്വാതന്ത്ര്യമെന്നത്‌ വ്യക്തിയുടെ അഭിപ്രായസ്വാതന്ത്ര്യം തന്നെയാണ്‌, അല്ലെങ്കില്‍ അതുമാത്രമാണ്‌ എന്ന ഇന്ത്യന്‍ ഭരണഘടനാ സങ്കല്‍പ്പത്തിന്റെ സാക്ഷാത്‌കാരം തന്നെയാണ്‌ ബ്‌ളോഗിങ്ങും സിറ്റിസണ്‍ ജേണലിസവും.

മാധ്യമപ്രവര്‍ത്തനം പ്രൊഫഷനല്‍മാധ്യമപ്രവര്‍ത്തകന്റെ കുത്തകയല്ലാതായിരിക്കുന്നു. ലോകത്തിലെ ആറാമത്തെ വലിയ ഇന്റര്‍നെറ്റ്‌ ഉപയോക്തൃസമൂഹമുള്ള ദക്ഷിണ കൊറിയയിലെ അനുഭവം രു പക്ഷേ മാറ്റത്തിന്റെ ആദ്യസൂചനകളാകാം. അവിടത്തെ ഇന്റര്‍നെറ്റ്‌മാധ്യമമായ http://english.ohmynews.com പൂര്‍ണമായി സിറ്റിസണ്‍ ജര്‍ണലിസ്റ്റുകളുടെ റിപ്പോര്‍ട്ടുകള്‍കൊണ്ട്‌ പ്രവര്‍ത്തിക്കുന്ന മാധ്യമമാണ്‌. ദക്ഷിണകൊറിയയിലെ ജനങ്ങളുടെ അഭിപ്രായരൂപവല്‍ക്കരണത്തിലും പൊതുതിരഞ്ഞെടുപ്പില്‍തന്നെയും നിര്‍ണായകഘടകമായി ആ മാധ്യമം മാറിയെന്നാണ്‌ നിരീക്ഷകര്‍ പറയുന്നത്‌. പൊഫഷണല്‍ പത്രപ്രവര്‍ത്തകര്‍ ഇത്‌ തങ്ങള്‍ക്കെതിരെ ഉയരുന്ന തൊഴില്‍പരമായ ഭീഷണിയായി ചിത്രീകരിക്കുന്നുണ്ട്‌. എങ്കില്‍പ്പോലും ഒരു ജനാധിപത്യപരീക്ഷണമെന്ന നിലയിലെങ്കിലും ഇത്‌ പരിശോധന അര്‍ഹിക്കുന്നുണ്ട്‌ എന്നുസമ്മതിക്കാതിരിക്കാന്‍ പറ്റില്ല.

യൂസര്‍ ജനറേറ്റഡ്‌ കണ്ടന്റെന്ന്‌ വിളിക്കുന്ന സാധാരണവ്യക്തികളുടെ കലാസംഭാവനകള്‍ കൊണ്ടുമാത്രം നിലനില്‍ക്കുന്ന യൂട്യൂബ്‌ എന്ന മാധ്യമത്തിന്റെ വളര്‍ച്ച എങ്ങോട്ടാണ്‌ വിരല്‍ചൂണ്ടുന്നത്‌ ? എഡിറ്ററുടെ റോള്‍ എഡിറ്റര്‍മാര്‍തന്നെ പരിമിതപ്പെടുത്തുന്ന സമ്പ്രദായത്തിലേക്കാണ്‌ പുതിയ മാധ്യമങ്ങള്‍ നിങ്ങുന്നതെന്ന യാഥാര്‍ഥ്യത്തിലേക്കുതന്നെ. മുഖ്യധാരാമാധ്യമങ്ങള്‍ക്ക്‌ ബദല്‍ ആകാന്‍ ഇത്തരം പുതിയ മാധ്യമങ്ങള്‍ക്ക്‌ കഴിഞ്ഞേക്കുമെന്ന ഭയത്തില്‍ കാര്യമില്ല. പല വികസിതസമൂഹങ്ങളിലും സിറ്റിസണ്‍ ജേണലിസവും പ്രൊഫഷണല്‍ ജേണലിസവും തമ്മില്‍ ഏറ്റുമുട്ടലുണ്ട്‌. ഫോര്‍ത്‌ എസ്റ്റേറ്റിനെ സിറ്റിസണ്‍ ജേണലിസം തകര്‍ക്കാനൊന്നും പോകുന്നില്ല.ഫോര്‍ത്‌ എസ്റ്റേറ്റിനെ വിമര്‍ശിക്കാനും തിരുത്തിക്കാനും കഴിയുന്ന ഫിഫ്‌ത്‌ എസ്റ്റേറ്റായി ബ്‌ളോഗിങ്ങും സിറ്റിസണ്‍ ജേണലിസവും വളരുന്നത്‌ ജനാധിപത്യത്തെ ശക്തിപ്പെടുത്തുകയല്ലേ ചെയ്യുക ?

ഡോ. മറിയോ ഗാര്‍സ്യയുടെ പ്രവചനം ഉദ്ധരിച്ചുകൊണ്ട്‌ ഈ ചിന്ത അവസാനിപ്പിക്കാം. ` നിങ്ങളുടെ ഊര്‍ജവും മികച്ച ലേഖകരെയും മറ്റ്‌ സ്റ്റാഫിനെയും ഓണ്‍ലൈനില്‍ നിയോഗിക്കേണ്ടതുണ്ട്‌. കാരണം ഇനി ബാക്കിയെല്ലാം അവിടെനിന്നാണ്‌ ഉത്ഭവിക്കുക. സ്ഥാപനത്തിന്റെ മാതൃസ്ഥാനത്ത്‌ ഓണ്‍െൈലനാണ്‌ ഉണ്ടാവുക, അച്ചടിപത്രം നുബന്ധം മാത്രമായിരിക്കും. ഭാവിയില്‍ പത്രം സൗകര്യപ്രദമായ A4 സൈസിലേക്ക്‌ ചുരുങ്ങും.

വിദഗ്‌ധരുടെ പ്രവചനങ്ങള്‍ക്ക്‌ അതിന്റേതായ പ്രാധാന്യമുണ്ട്‌. നമുക്കത്‌ അവഗണിക്കാനാവില്ല. എന്നുവെച്ച്‌ ഒരു വിദഗ്‌ധനിലും അമിതമായി വിശ്വാസമര്‍പ്പിക്കാനുമാവില്ല. വിദഗ്‌ധപ്രവചനങ്ങളെ പരിഹാസ്യമാക്കി ചവറ്റുകൊട്ടയില്‍തള്ളിയാണ്‌ ലോകം മുന്നോട്ടുപോയിട്ടുള്ളത്‌. ` കണ്ടുപിടിക്കാവുന്നതെല്ലാം കണ്ടുപിടിച്ചുകഴിഞ്ഞു. ഇനി കാര്യമായ കണ്ടുപിടുത്തങ്ങളൊന്നും ഉണ്ടാവില്ല ` എന്ന്‌ അമേരിക്കന്‍ പാറ്റന്റ്‌സ്‌ ഓഫീസ്‌ തലവന്‍ പറഞ്ഞത്‌ 1899 ലാണ്‌. കാര്യമായ കണ്ടുപിടുത്തങ്ങളെല്ലാം പിന്നീടാണ്‌ ഉണ്ടായത്‌. ലോകം അങ്ങനെയാണ്‌ മുന്നോട്ടുപോവുക. നമ്മള്‍ വേവലാതിപ്പെടേണ്ട കാര്യമേയില്ല.

(ജനവരി 2009)

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

വര്‍ക്കിങ്ങ് ജേണലിസ്റ്റ് ആക്റ്റും വേജ് ബോര്‍ഡും ഇല്ലാതാക്കി

കേരള മാധ്യമങ്ങളുടെ ആറു പതിറ്റാണ്ട്

ഐ.വി ബാബു: നിലപാടുകളില്‍ ഉറപ്പ്, സ്‌നേഹത്തിന്റെ സമൃദ്ധി