മലയാളിയുടെ രാഷ്ട്രീയം മുന്നോട്ട്‌, ബോധം പിന്നോട്ട്‌


പഴയ കഥയിലെ അടിക്കാരന്‍ ആണ്ടിയെ പോലെ, കേരളീയര്‍ ഉയര്‍ന്ന രാഷ്ട്രീയബോധമുള്ളവരാണെന്ന്‌ പറഞ്ഞു നടന്നത്‌ കേരളീയര്‍ തന്നെയായിരുന്നിരിക്കണം. ഒരു ജനതയുടെ രാഷ്ട്രീയബോധം അളക്കുന്നതിനുള്ള കോലുകള്‍ ആരുടെ കൈവശമാണുള്ളത്‌ ? എന്താണ്‌ അതിന്റെ മാനദണ്ഡം ?

ഒന്നര നൂറ്റാണ്ടിനപ്പുറം കേരളം ഭ്രാന്താലയമായിരുന്നു. ഇന്ത്യ മുഴുവന്‍ സഞ്ചരിച്ച വിവേകാനന്ദന്‍ കേരളത്തെ മാത്രമാണ്‌ ഭ്രാന്താലയം എന്നു വിളിച്ചത്‌. ഇന്നും അപരിഷ്കൃതവും പ്രാകൃതം തന്നെയുമായ ഉത്തരേന്ത്യന്‍ ഗ്രാമങ്ങളേക്കാള്‍ ഭ്രാന്ത്‌ ' കൂടുതല്‍ കേരളത്തിലുണ്ടായിരുന്നു എന്നര്‍ത്ഥം. മുല മറച്ചാല്‍ പെണ്ണ്‌ ശിക്ഷിക്കപ്പെട്ടിരുന്നതും പട്ടിക്കും പോത്തിനും ഉള്ള സഞ്ചാരസ്വാതന്ത്ര്യം മനുഷ്യന്‌ നിഷേധിച്ചിരുന്നതും കേരളത്തില്‍ മാത്രമാവും. ഈ പ്രാകൃതാവസ്ഥയില്‍ നിന്ന്‌ കേരളത്തെ വെളിച്ചത്തിലേക്ക്‌ നയിച്ച നവോത്ഥാനത്തിന്റെ ശേഷിപ്പുകളില്‍ അവസാനത്തേതാണ്‌ രാഷ്ട്രീയബോധത്തെ കുറിച്ചുള്ള അവകാശവാദമെന്ന്‌ തോന്നുന്നു.

സാക്ഷരത, സ്ത്രീവിദ്യാഭ്യാസം, ജീവിതനിലവാരസൂചിക തുടങ്ങിയ കാര്യങ്ങളില്‍ കേരളത്തിന്റെ പദവി മറ്റൊരു സംസ്ഥാനത്തിനും ഇന്നും ഇല്ല. ഇതിന്റെയെല്ലാം ആകത്തുകയായിരുന്നു കേരളത്തിന്റെ രാഷ്ട്രീയബോധം. കമ്യൂണിസ്റ്റ്‌ പാര്‍ട്ടിയെ അധികാരത്തിലേറ്റി എന്നതല്ല കാര്യം. മറ്റു സംസ്ഥാനങ്ങളിലുള്ളവര്‍ ചിന്തിക്കാന്‍ മടിച്ച ദിശയിലൂടെയാണ്‌ കേരളം സഞ്ചരിച്ചത്‌ എന്ന്‌ കാണേണ്ടതുണ്ട്‌. അമ്പത്തേഴിലെ കമ്യുണിസ്റ്റ്‌ വിജയം തീര്‍ച്ചയായും ഒരു ചരിത്രസംഭവമായിരുന്നു. കമ്യൂണിസ്റ്റ്‌ ഭരണം കൊണ്ട്‌ എന്താണ്‌ കേരളത്തിന്‌ ലഭിച്ചത്‌ എന്നതിനപ്പുറം കേരളത്തെ ആദ്യമായി -അവസാനമായും-ലോകം ശ്രദ്ധിച്ചത്‌ ഈ സംഭവത്തോടെയായിരുന്നു എന്നു പറയേണ്ടിയിരിക്കുന്നു . ശീനാരായണഗുരുവും മറ്റ്‌ സാമൂഹിക പരിഷ്കര്‍ത്താക്കളും ഉഴുതുമറിച്ച മണ്ണ്‌ കമ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിന്‌ വളരാനുള്ള നല്ല വളമേകുകയാണുണ്ടായത്‌.

നവോത്ഥാനവും സാമൂഹിക പരിഷ്കാരവും കേരളത്തിന്റെ സാമുഹിക-വിദ്യാഭ്യാസ മണ്ഡലങ്ങളില്‍ സ്ഥായിയായി നിലനില്‍ക്കുന്ന സംഭാവനകള്‍ ചെയ്തിട്ടുണ്ട്‌. കേരളജനതക്ക്‌ മറ്റു സംസ്ഥാനങ്ങളിലില്ലാത്ത രാഷ്ട്രീയബോധമത്‌ പ്രദാനം ചെയ്തിട്ടുണ്ട്‌. പ്രശംസിക്കപ്പെട്ട കേരള മോഡല്‍ സ്വാതന്ത്ര്യത്തിന്‌ മുമ്പ്‌ തന്നെ ആരംഭിച്ച മാറ്റത്തിന്റെ ഫലമായിരുന്നു . രാജഭരണകാലത്തു തന്നെ തുടങ്ങിവെച്ച സാമൂഹ്യ സുരക്ഷിതത്വനടപടികളുടെ ഫലമായാണ്‌ കേരളം സ്ത്രീവിദ്യാഭ്യാസം, മരണനിരക്ക്‌, ജനനത്തോത്‌ തുടങ്ങിയ കാര്യങ്ങളില്‍ പാശ്ചാത്യനിലവാരത്തോളമുള്ള വളര്‍ച്ച കൈവരിച്ചത്‌. ഐക്യകേരളത്തിലെ ഭരണകൂടങ്ങള്‍ പിന്നീട്‌ സാക്ഷരത- സ്ത്രീവിദ്യാഭ്യാസമേഖലകളില്‍ വലിയ നേട്ടങ്ങളുണ്ടാക്കി. ഭുനിയമപരിഷ്കാരം ഇന്ത്യക്കാകെ മാതൃകയായി. വമ്പിച്ച സാമുഹ്യമാറ്റത്തിനാണ്‌ ഈ പരിഷ്കാരം തുടക്കമിട്ടത്‌. ഭുമിയുടെ ഉടമസ്ഥന്മാരായി എന്നതിനപ്പുറം അവര്‍ അധികാരത്തില്‍ പങ്കാളിത്തം നേടിയതും ആത്മാഭിമാനമുള്ള ജനവിഭാഗമായി മറ്റുള്ളവര്‍ക്കൊപ്പം അവസരസമത്വം നേടിയതുമാണ്‌ ഏറ്റവും ആഴത്തിലുണ്ടായ മാറ്റം.

രാഷ്ട്രീയബോധത്തെ കുറിച്ചുള്ള വീമ്പുകളിലൂടെ കണ്ണോടിക്കുമ്പോള്‍ കറുത്ത പുള്ളികള്‍ ധാരാളം കാണാനാവും . വിമോചനസമരം അവസാനിച്ചത്‌ നമ്മുടെ ജനാധിപത്യവ്യവസ്ഥയില്‍ ആഴത്തിലൊരു മുറിവുണ്ടാക്കിക്കൊണ്ടാണ്‌. വിമോചനസമരത്തേക്കാള്‍ വലിയ തെറ്റ്‌ സമരക്കാര്‍ക്ക്‌ വഴങ്ങി സംസ്ഥാനമന്ത്രിസഭ പിരിച്ചുവിടാനുള്ള തീരുമാനമായിരുന്നു . പ്രബുദ്ധകേരളം എങ്ങനെയാണ്‌ ആ തെറ്റിനോട്‌ പ്രതികരിച്ചത്‌ ? പിരിച്ചുവിടലിന്‌ ശേഷം നടന്ന നിയമസഭാതെരഞ്ഞെടുപ്പില്‍ , വിമോചനസമരം നടത്തിയ കോണ്‍ഗ്രസ്സും മുസ്ലിം ലീഗും പി.എസ്‌.പി. യും ചേര്‍ന്ന മുന്നണിയെ ജനങ്ങള്‍ വിജയിപ്പിച്ചു. ആരെയാണ്‌ ഉല്‍ബുദ്ധകേരളം ശരിവെച്ചത്‌ ? ഐക്യകേരള ചരിത്രത്തിലെ ഏറ്റവും ജനക്ഷേമകരമായ ഭരണം നടത്തിയവരെയോ അവരെ ജനാധിപത്യവിരുദ്ധമായി പിടിച്ചിറക്കിയവരെയോ ?

ജാതികളുടേയും മതങ്ങളുടേയും മറ്റ്‌ സംഘടിതഗ്രൂപ്പുകളുടേയും സ്വാര്‍ത്ഥതാല്‍പ്പര്യത്തോടെയുള്ള പിടിവലികളുടെ ആകത്തുകയായിരുന്നു എന്നും കേരളരാഷ്ട്രീയം-ഇന്നും അതു മാറിയിട്ടില്ല. സമൂഹത്തിന്റെ രാഷ്ട്രീയവല്‍ക്കരണം നടന്നിട്ടുണ്ടെന്ന്‌ പറയുമ്പോഴും ഇത്‌ കക്ഷിയടിസ്ഥാനത്തിലുള്ള വോട്ട ്‌ ബാങ്കുകളുടെ രൂപവല്‍ക്കരണമായിരുന്നു എന്ന്‌ തിരിച്ചറിയപ്പെടാറില്ല.

തീര്‍ച്ചയായും സാര്‍വത്രികവിദ്യാഭ്യാസത്തിന്റെ ഗുണഫലങ്ങള്‍ ഉണ്ടായിട്ടുണ്ട്‌. അല്ലെങ്കില്‍ അയല്‍സംസ്ഥാനത്തെ പോലെ സിനിമാതാരങ്ങള്‍ക്ക്‌ പിറകെ പോകുന്ന രാഷ്ട്രീയം ഇവിടെയും ഉണ്ടാകുമായിരുന്നു. ഇതു പറയുമ്പോഴും , മുഖ്യമന്ത്രിമാരായ ചലചിത്രതാരങ്ങള്‍ ആ സംസ്ഥാനത്തിന്‌ ചെയ്ത സേവനമെങ്കിലും പ്രബുദ്ധകേരളം സൃഷ്ടിച്ചെടുത്ത നേതൃത്വങ്ങള്‍ കേരളത്തിന്‌ ചെയ്തിട്ടുണ്ടോ എന്ന്‌ നാം സ്വയം ചോദിക്കേണ്ടതുണ്ട്‌.. ഒരു ഭുനിയമ പരിഷ്കാരമോ സര്‍ക്കാര്‍ ചെലവിലുള്ള പെന്‍ഷന്‍ പദ്ധതികളോ മാറ്റിനിര്‍ത്തിയാല്‍ , രാഷ്ട്രീയബോധം കുറഞ്ഞ തമിഴ്‌ നാടും ആന്ധ്രയും കര്‍ണാടകവും പുതുശ്ശേരി പോലും കാര്‍ഷിക-വ്യാവസായിക-ശാസ്ത്രസാങ്കേതിക-ഉന്നതവിദ്യാഭ്യാസ മേഖലകളില്‍ നേടിയെടുത്തത്‌ കേരളം നേടിയോ ?

മുന്നണികളെ മാറിമാറി പരീക്ഷിക്കുന്നത്‌ രാഷ്്ട്രീയബോധത്തിന്റെ ലക്ഷണമായി കരുതുന്നവരുണ്ട്‌. തീര്‍ച്ചയായും എന്തു ചെയ്താലും എങ്ങനെ ഭരിച്ചാലും ഒരേ കൂട്ടരെ തന്നെ വീണ്ടും വീണ്ടും അധികാരത്തിലേറ്റുന്നത്‌ രാഷ്ട്രീയബോധമില്ലായ്മ തന്നെയാണ്‌. കേരളം ഒരിക്കലും അങ്ങനെ ചെയ്യാറില്ല. കേരളജനത മുന്നണികളെ മാറിമാറി പരീക്ഷിക്കുന്നുണ്ട്‌ . പക്ഷെ, ചെറിയ ഒരു ശതമാനം വോട്ടര്‍മാര്‍ മാത്രമേ രാഷ്ട്രീയാടിമത്തം ഇല്ലാതെ വോട്ട്‌ ചെയ്യുന്നുള്ളൂ എന്നും കാണേണ്ടതുണ്ട്‌. ഒന്നോ രണ്ടോ ശതമാനം വോട്ടര്‍മാര്‍ ആണ്‌ മിക്കപ്പോഴും മുന്നണികളുടെ ഭാഗധേയം നിര്‍ണയിക്കുന്നത്‌ എന്നതാണ്‍്‌ ഓരോ തിരഞ്ഞെടുപ്പിലും ഭരണം മാറിവരുന്നതിന്‌ കാരണം. വലിയൊരു പങ്ക്‌ വോട്ടര്‍മാര്‍ മതവിശ്വാസം പോലെ പാര്‍ട്ടിവിശ്വാസം കൊണ്ടു നടക്കുന്നവരാണ്‌. അവരുടെ എണ്ണം കുറയുന്നുണ്ടെന്നതാണ്‌ ആശ്വാസകരം.

പാര്‍ട്ടി അടിമത്വം പുലര്‍ത്തുമ്പോള്‍ തന്നെ പ്രായോഗികരാഷ്ട്രീയത്തില്‍ വളരെയേറെ പ്രയോജനപ്പെട്ട കൂട്ടുകക്ഷിസംവിധാനം കേരളമാണ്‌ ആദ്യം പരീക്ഷിച്ചതെന്ന്‌ കാണാതിരുന്നുകൂടാ. തുടക്കത്തില്‍ ഇത്‌ അവസരവാദമാണെന്ന്‌ കേരളീയര്‍ക്കു തന്നെ തോന്നിയിരുന്നുവെങ്കിലും പിന്നീടിത്‌ ഇന്ത്യക്കാകെ മാതൃകയായി. ഇന്നു മുന്നണി ഭരിക്കാത്ത സംസ്ഥാനമില്ലെന്നായിട്ടുണ്ട്‌.

ജന്മശത്രുക്കളെ പോലെ പെരുമാറിപ്പോന്നിട്ടുള്ള കക്ഷികള്‍ക്കും അവസരം വരുമ്പോള്‍ തോളില്‍ കയ്യിടാന്‍ മുന്നണി രാഷ്ട്രീയം സൗകര്യം നല്‍കി. മുന്നണികളും കക്ഷികളും തമ്മില്‍ നയങ്ങളിലും പരിപാടികളിലും അന്തരം കണ്ടെത്തുക പ്രയാസമായിരിക്കുന്നു. എങ്കിലും ചില പ്രയോജനങ്ങളുണ്ട്‌. പല പാശ്ചാത്യനാടുകളിലും വേരുറച്ച രണ്ടു കക്ഷിസംവിധാനം ഇവിടെ പ്രായോഗികമാവില്ല. ചെറുതും വലുതുമായ കക്ഷികളുടെ പെരുപ്പമാണിതിന്‌ കാരണം. എന്നാല്‍ ഈ കക്ഷികളെല്ലാം രണ്ടു മുന്നണികളില്‍ ഉറച്ചുനില്‍ക്കാന്‍ തുടങ്ങിയതോടെ ദ്വികക്ഷി സംവിധാനത്തിന്റെ പ്രായോഗികമായ ഗുണങ്ങള്‍ മുന്നണികള്‍ക്കു തന്നെ നല്‍കാനായി. കേരളം സൃഷ്ടിച്ച മാതൃകയാണ്‌ ബി. ജെ.പി. - കോണ്‍ഗ്രസ്‌ നേതൃത്വത്തിലുള്ള മുന്നണികള്‍ കേന്ദ്രത്തില്‍ പിന്തുടരുന്നത്‌ എന്ന്‌ പറയാവുന്നതാണ്‌.
കേരളത്തിന്റെ രാഷ്ട്രീയബോധത്തെ കുറിച്ചുള്ള അവകാശവാദങ്ങള്‍ക്ക്‌ എക്കാലവും മങ്ങലേല്‍പ്പിക്കുന്ന ഒന്നായി അടിയന്തരാവസ്ഥ ഓര്‍മിക്കപ്പെടും. ജനാധിപത്യത്തേക്കാള്‍ പ്രധാനം മറ്റു ചിലതാണെന്ന്‌ പറയുന്നതാണ്‌ ഏറ്റവും താഴ്‌ന്ന രാഷ്ട്രീയബോധത്തിന്റെ ലക്ഷണം എന്ന്‌ നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്‌. അടിയന്തരാവസ്ഥക്കനുകൂലമായി വോട്ട്‌ ചെയ്യുന്നതിലേക്ക്‌ നയിച്ച ഒരുപാട്‌ മറ്റു ഘടകങ്ങളുണ്ടാകാം. പക്ഷെ അവയൊന്നും ചരിത്രത്തിന്‌ മുന്നില്‍ നമ്മെ ശരിവെക്കുന്നില്ല

മാറ്റത്തിന്റെ പ്രതീക്ഷകള്‍ ഉണര്‍ത്താതെ, പുതിയ ചിന്തയുടെയും ആശയത്തിന്റെയും നാമ്പുകള്‍ ഒന്നും പൊട്ടിമുളക്കുന്നത്‌ കാണാതെ കേരളം അലസമായി മുന്നോട്ട്‌ പോകുകയാണ്‌. ലോകമെങ്ങും പുതിയ ചിന്തയുടെ സ്ഫോടനങ്ങള്‍ നടക്കാറുള്ളത്‌ ക്യാമ്പസ്സുകളിലാണ്‌. ഇവിടെ അതുണ്ടാവുകയില്ല എന്നുറപ്പുവരുത്താന്‍ വിദ്യാര്‍ത്ഥിരാഷ്ട്രീയക്കാരും അധ്യാപകരും രക്ഷിതാക്കളുമെല്ലാം ഒത്തുചേര്‍ന്ന്‌ പരിശ്രമിക്കുന്നുമുണ്ട്‌.

(മാതൃഭൂമിയില്‍ നവംബര്‍ ഒന്നിനു പ്രസിദ്ധപ്പെടുത്തിയത്‌)

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

വര്‍ക്കിങ്ങ് ജേണലിസ്റ്റ് ആക്റ്റും വേജ് ബോര്‍ഡും ഇല്ലാതാക്കി

കേരള മാധ്യമങ്ങളുടെ ആറു പതിറ്റാണ്ട്

ഐ.വി ബാബു: നിലപാടുകളില്‍ ഉറപ്പ്, സ്‌നേഹത്തിന്റെ സമൃദ്ധി