Monday, 18 February 2013

ഖുശ്ബുവും സുഹാസിനിയും പിന്നെ നളിനി ജമീലയും


ഒരുവിധത്തില്‍ നോക്കുമ്പോള്‍ തമിഴ്നാട്ടിലെ ചലച്ചിത്രഭ്രാന്തന്‍മാരോട്‌ ഇപ്പോള്‍ കുറച്ച്‌ ബഹുമാനമൊക്കെ തോന്നുന്നുണ്ട്‌. എം.ജി.ആറെയും ജയലളിതയുമൊക്കെ അഭിനയവും യാഥാര്‍ഥ്യവും തമ്മിലുള്ള വ്യത്യാസമറിയാതെ ജീവിതനായകരും ഭരണനായകരുമൊക്കെ ആക്കി ദൈവതുല്യം ആരാധിക്കുന്ന ജനതയാണ്‌ തമിഴ്‌ ജനത. ശരാശരിക്കുമേലെ കഴിവുണ്ടെന്ന്‌ ആരും അവകാശപ്പെട്ടിട്ടില്ലാത്ത ഖുശ്ബു എന്ന നടിയെ വിഗ്രഹമാക്കി ആരാധനാലയം തുറന്നവരുമാണവര്‍. വലിയ പുരോഗതിയാണ്‌ അവരിപ്പോള്‍ കൈവരിച്ചിട്ടുള്ളത്‌. ആരാധനാവിഗ്രഹമായിരുന്ന ഖുശ്ബുവിനെ തല്ലാന്‍ ചൂലുമേന്തിയാണ്‌ തമിഴ്‌ വനിതകള്‍ ജാഥ നടത്തുന്നത്‌. നല്ല കാര്യം!

ആരാധനയുടെ കൊടുമുടിയില്‍നിന്ന്‌ അധിക്ഷേപത്തിന്റെ ചെളിക്കുണ്ടിലേക്ക്‌ വലിച്ചെറിയപ്പെടാന്‍ ഖുശ്ബു ചെയ്ത തെറ്റെന്താണ്‌? തമിഴ്‌ സംസ്കാരത്തെയും തമിഴ്‌ സ്ത്രീത്വത്തേയും ഖുശ്ബു അപമാനിച്ചുവെന്നാണ്‌ ആരോപിക്കപ്പെടുന്നത്‌. ഒരു പ്രസിദ്ധീകരണത്തിന്‌ നല്‍കിയ അഭിമുഖത്തില്‍ അവര്‍ പറഞ്ഞതാണ്‌ വിവാദമായത്‌. വിവാഹം കഴിച്ചുകൊണ്ടുവരുന്ന വധു കന്യകയാണെന്ന്‌ വിശ്വസിക്കാന്‍ മണ്ടന്‍മാര്‍ക്കേ കഴിയൂ. വിവാഹപൂര്‍വ ലൈംഗികത ഇപ്പോള്‍ സര്‍വസാധാരണമായിട്ടുണ്ട്‌ എി‍ന്നാ മറ്റോ അര്‍ഥം വരുന്ന അഭിമുഖഭാഗം ഉയര്‍ത്തിപ്പിടിച്ചാണ്‌ തമിഴ്‌ സംഘടനകളും രാഷ്ട്രീയക്കാരും ഖുശ്ബുവിനെ ആക്രമിച്ചത്‌. വിവാദം ഏതാണ്ടൊന്ന്‌ കെട്ടടങ്ങി എന്ന്‌ ഖുശ്ബു ആശ്വസിക്കവേ ആണ്‌ നടി സുഹാസിനി പരസ്യവേദിയില്‍ ഖുശ്ബുവിനെ ന്യായീകരിച്ച്‌ ശ്വാസം പോയിത്തുടങ്ങിയിരുന്ന വിവാദത്തിന്‌ വീണ്ടും ജീവന്‍ കൊടുത്തത്‌. സുഹാസിനിക്ക്‌ ദുരുദ്ദേശമൊട്ടും ഉണ്ടായിരുന്നില്ല. വെളുക്കാന്‍ തേച്ചത്‌ പാണ്ടായിപ്പോയ്ന്ന ഉള്ളൂ.

ചാരിത്യ്രത്തിലും ഏകപത്നീവൃതത്തിലും അടിയുറച്ചുനില്‍ക്കുന്നതാണ്‌ ഭാരതീയ സംസ്കാരമെന്നും ഖുശ്ബു അതിനെയാണ്‌ അപമാനിച്ചതെന്നും ഇതിലേറെ വലിയ കുറ്റകൃത്യമില്ലെന്നും വാദമുയര്‍ന്നിട്ടുണ്ട്‌. ഭാരതീയ സംസ്കാരത്തില്‍ ഇങ്ങനെയെല്ലാമുണ്ടോ എന്ന കാര്യത്തില്‍ വലിയ ഉറപ്പൊന്നുമില്ല. പ്രവാചകതുല്യ ആരാധനാമൂര്‍ത്തികള്‍ക്ക്‌ പതിനായിരത്തെട്ട്‌ ഭാര്യമാരാകാം.
. മറ്റെല്ലാറ്റിലുമെന്നപോലെ ധാര്‍മികനിഷ്ഠകളിലും ഭാരതീയര്‍ വിരുദ്ധാദര്‍ശങ്ങള്‍ക്കിടയില്‍പ്പെട്ട്‌ നട്ടംതിരിയുകയാണ്‌. പതിനായിരത്തെട്ട്‌ ഭാര്യമാരെയും അഞ്ച്‌ ഭര്‍ത്താക്കന്‍മാരെയും കാമസൂത്രത്തെയും ക്ഷേത്രഭിത്തികളിലെ ലൈംഗികചിത്രീകരണങ്ങളെയും അതികഠിന സദാചാരവിലക്കുകളെയും എല്ലാം ഒരേസമയം വച്ചുപുലര്‍ത്തുന്നതാണ്‌ ഭാരതീയ സംസ്കാരം. ഈ ഭാരതീയ സംസ്കാരം അതേപടി പകര്‍ത്തുന്നതാണോ തമിഴ്‌ സംസ്കാരം? ബ്രാഹ്മണന്റെ സംസ്കാരമാണോ ദളിദന്റെയും സംസ്കാരം? തമിഴ്നാട്ടിലും ഇതിനൊന്നും എല്ലാവര്‍ക്കും യോജിച്ചുള്ള ഉത്തരമുണ്ടാകില്ല.

സംസ്കാരം പരമപ്രധാനം, ചാരിത്യ്രവും അങ്ങനെതന്നെ എന്ന്‌ വേണമെങ്കില്‍ സമ്മതിച്ചുകൊടുക്കാം. എന്നാല്‍പോലും ഖുശ്ബുവിന്റെ നടപടിയെ ഈ രീതിയിലാണോ സംസ്കാരമുള്ള ഒരു ജനത കൈകാര്യം ചെയ്യേണ്ടത്‌ എന്ന ചോദ്യമുയര്‍ന്നുവരുന്നു. വിവാഹപൂര്‍വ ലൈംഗികബന്ധം മഹാമോശമാണ്‌ എന്ന്‌ അഭിപ്രായപ്പെടാനുള്ള അത്രതന്നെ അവകാശം വിവാഹപൂര്‍വ ലൈംഗികബന്ധം മഹാ അപരാധമൊന്നുമല്ല എന്ന്‌ അഭിപ്രായപ്പെടാനുമുണ്ട്‌. ഇത്‌ ഇന്ത്യന്‍ ജനാധിപത്യം ഭരണഘടനാപരമായി അംഗീകരിച്ചിട്ടുള്ള അഭിപ്രായ പ്രകടന സ്വാതന്ത്യ്രത്തില്‍പ്പെടുന്നതാണ്‌. ഖുശ്ബുവിനെ എതിര്‍ക്കാനും വിമര്‍ശിക്കാനും തീര്‍ച്ചയായും സംഘടനകള്‍ക്കും സദാചാരവാദികള്‍ക്കും അവകാശമുണ്ട്‌.

തീര്‍ത്തും വ്യത്യസ്തമാണ്‌ തമിഴ്നാട്ടിലുണ്ടായ പ്രതികരണം. നൂറു നിരപരാധികളെ വെട്ടിക്കൊന്ന്‌ കുഴിച്ചിട്ട വീരപ്പന്‌ ക്ഷേത്രമുണ്ടാക്കുന്നവര്‍ ആ നാട്ടിലുണ്ട്‌. അത്തരക്കാര്‍ക്കെതരെ പ്രകടനമൊന്നും നടന്നതായി റിപ്പോര്‍ട്ടില്ല. ഖുശ്ബുവിനോടുണ്ടായ പ്രതിഷേധവും രോഷവും പകയും തമിഴ്ജനത ഒരിക്കലും വീരപ്പനോടുപോലും പ്രകടിപ്പിച്ചിട്ടില്ലാത്തതാണ്‌. ഖുശ്ബു ഒരു പ്രസംഗവും ചെയ്യാതെ ഇഷ്ടമുള്ളവനൊത്ത്‌ പോയി കിടക്ക പങ്കിട്ടാല്‍ അവിടെയാരെങ്കിലും അതിനെതിരെ പ്രകടനം നടത്തുമായിരുി‍ന്നാ? തമിഴ്‌ ഗ്രാമങ്ങളിലും നഗരങ്ങളിലും വിവാഹത്തിനുപുറത്ത്‌ ലൈംഗികബന്ധം പുലര്‍ത്തുന്നവര്‍ ആരുമില്ലേ? ലക്ഷം ലക്ഷം ആരാധകരുള്ള വെള്ളിത്തിരയിലെ വീരപുരുഷന്‍മാര്‍ ഏകപത്നീവ്രതക്കാരും വീരവനിതകള്‍ കഠിന ചാരിത്രവ്രതക്കാരുമാണോ?

ഒരഭിപ്രായം പറഞ്ഞതിന്റെ പേരില്‍ ഖുശ്ബുവിനെയും സുഹാസിനിയേയും പീഡിപ്പിക്കുകയാണ്‌ തമിഴ്‌ സംഘടനകള്‍. അവര്‍ക്കെതിരെ മാനനഷ്ടക്കേസുകളും മറ്റും ചാര്‍ജ്‌ ചെയ്യുന്നു. അറസ്റ്റ്‌ വാറണ്ടുകളയയ്ക്കുന്നു. കല്ലെറിയുന്നു, ചീമുട്ടയെറിയുന്നു, വാഹനം തടയുന്നു. അഭിപ്രായം പറയുകമാത്രം ചെയ്തതിന്‌ മറ്റൊരു വനിതയും ഇത്രയും പീഡനങ്ങള്‍ അനുഭവിച്ചിട്ടുണ്ടാവില്ല. അത്യല്‍ഭുതമായ കാര്യം മുഖ്യമന്ത്രിസ്ഥാനത്ത്‌ ഒരു വനിത ഇരിക്കുന്ന സംസ്ഥാനത്താണ്‌ ഇത്‌ സംഭവിക്കുന്നത്‌ എന്നതാണ്‌.

ജയലളിത ഒരു സാധാരണ മുഖ്യമന്ത്രിയൊന്നുമല്ല. ഇന്ത്യയിലെ ഏറ്റവും ശക്തമായ വനിതയാണ്‌. കാഞ്ചികാമകോടി മഠാധിപനെപോലെയൊരു ദൈവികപുരുഷനെ ലവലേശം ഭയമില്ലാതെ പിടിച്ചു ജയിലിലിട്ട വനിതയാണ്‌. അവരൊരു പഴയ സിനിമാനടിയാണെന്നത്‌ ഖുശ്ബുവിന്‌ ആശ്വാസമാണോ, രോഷമാണോ ഉളവാക്കുന്നത്‌?  ചലച്ചിത്രനടിയായിട്ടുപോലും ഖുശ്ബുവിന്റെ രക്ഷയ്ക്കെത്താന്‍ ജയലളിതയ്ക്ക്‌ മനസുണ്ടായില്ല. ഒരു പക്ഷേ, ഖുശ്ബു മാപ്പ്‌ അര്‍ഹിക്കാത്ത കുറ്റമാണ്‌ ചെയ്തത്‌ എന്ന്‌ പറയാന്‍ തക്ക സദാചാര-ചാരിത്യ്രനിഷ്ഠ ഉള്ള വ്യക്തിയാവുമോ ജയലളിത? അറിയില്ല. അതൊന്നും അന്വേഷിച്ചല്ല തമിഴ്ജനത അവരെ മുഖ്യമന്ത്രിയാക്കിയത്‌ എന്നുമാത്രം പറയാനാവും. വോട്ടര്‍മാര്‍ ആരാധനാപാത്രങ്ങളുടെ സദാചാര നിലയൊന്നും തിരക്കാറില്ല. നിഷ്ഠകളൊന്നും ജീവിത്തതില്‍ പുലര്‍ത്തണമെന്നവര്‍ നിഷ്കര്‍ഷിക്കാറില്ല. അവര്‍ വേഷമിടുന്ന കഥാപാത്രങ്ങള്‍ക്ക്‌ ചാരിത്യ്രവും സദാചാരവും നിര്‍ബന്ധമാണെന്നു മാത്രമേയുള്ളൂ.

ബ്രാഹ്മണസഭയോ മറ്റേതെങ്കിലും സവര്‍ണസംഘടനകളോ അല്ല വലിയ ശബ്ദമുണ്ടാക്കുന്നത്‌ എന്ന കാര്യവും ശ്രദ്ധിക്കേണ്ടതുണ്ട്‌. പി‍ന്നാക്ക- ദളിത്‌ സംഘടനകളാണ്‌ അത്യാവേശപൂര്‍വം രംഗത്ത്‌ വന്നിരിക്കുന്നത്‌. ഈശ്വരനെയും ബ്രാഹ്മണ്യാശയങ്ങളേയുമെല്ലാം തള്ളിപ്പറഞ്ഞ്‌ ദ്രാവിഡസംസ്കാരം ഉയര്‍ത്തിപ്പിടിച്ചിരുന്ന തമിഴ്നാട്ടിലിപ്പോള്‍ പുതിയ സദാചാരബോധമാണഅ അടക്കിവാഴുന്നത്‌. ഉത്തരേന്ത്യയിലെ യാഥാസ്ഥിതികര്‍പോലും ഉപേക്ഷിച്ചുകൊണ്ടിരിക്കുന്ന ശീലങ്ങളും ആചാരങ്ങളും അടിച്ചേല്‍പ്പിക്കാന്‍ തമിഴ്നാട്ടില്‍ ശ്രമം നടക്കുന്നു. ആണും പെണ്ണും കൈപിടിച്ചുനടക്കുന്നതും പാര്‍ക്കിലിരിക്കുന്നതും തടയാന്‍ പോലീസ്‌ ഇടപെടുന്നു. ഡാന്‍സ്‌ ബാറുകളിലോ, മദ്യശാലകളിലോ യുവമിഥുനങ്ങളെ കണ്ടുകൂടാ. കോളജുകളില്‍ ജീന്‍സ്‌ നിരോധിച്ച്‌ സദാചാര പോലീസ്‌ വേഷമിടന്നു വൈസ്‌ ചാന്‍സലര്‍മാര്‍. ഇതൊരു പുത്തന്‍ ബ്രാഹ്മണവല്‍ക്കരണമാണ്‌.

ഖുശ്ബു പറഞ്ഞത്‌ കേരളത്തിലൊരു ചലച്ചിത്രനടിയാണ്‌ പറഞ്ഞിരുന്നതെങ്കില്‍ എന്താകുമായിരുന്നു മാധ്യമങ്ങളിലെ പ്രതികരണം? വലിയ വിവാദവും വാര്‍ത്തയും കോളിളക്കവും ഉണ്ടാകുമായിരുി‍ന്നാ? സംശയമാണ്‌. പത്രങ്ങളില്‍ ഒരു ബോക്സ്‌ വാര്‍ത്തയ്ക്കപ്പുറം കാര്യമായൊന്നും പ്രതീക്ഷിച്ചുകൂടാ. കേരളം ഇതും ഇതിനപ്പുറം പണ്ടേ കേട്ടിട്ടുള്ളതാണ്‌. വ്യാജധാര്‍മികതയില്‍ നാം തമിഴരെ പിന്നിലാക്കുമെങ്കിലും പ്രതിഷേധത്തിന്റെ കാര്യത്തില്‍ നാം ഈ അറ്റത്തോളം പോകാനിടയില്ല. ബസിലോ, ട്രെയിനിലോ ആണും പെണ്ണും അടുത്തടുത്ത്‌ ഇരിക്കുന്നത്‌ മഹാമോശമായി കരുതുി‍ന്നടത്തോളം ഉയരത്തില്‍ അല്ലെങ്കില്‍ താഴെയാണ്‌ നമ്മുടെ സദാചാരബോധം. തമിഴ്നാട്ടില്‍ സ്ത്രീകള്‍ക്ക്‌ ധൈര്യമായി പുരുഷന്‍മാരുടെ അടുത്തിരുന്ന്‌ യാത്രചെയ്യാം. ആരും തോണ്ടുകയും പിച്ചുകയുമില്ല.

ലൈംഗികതയില്‍ ഉദാരത ആവശ്യപ്പെട്ട വനിതയെ ക്രൂശിലേറ്റുകയാണ്‌ തമിഴ്നാടെങ്കില്‍, ലൈംഗികത ഉപജീവനമാര്‍ഗമാക്കുകയും അതിനെ ശ്രേഷ്ഠമായ തൊഴിലെന്നു പുകഴ്ത്തുകയും ചെയ്ത
വനിതയെ തോളിലേറ്റി ആനയിക്കുകയാണ്‌ കേരളീയര്‍. കേരളത്തിലിപ്പോള്‍ വേശ്യകളില്ല. വേശ്യ എന്നു വിളിക്കുന്നത്‌ അപഹാസ്യമാണ്‌. ലൈംഗികതൊഴിലാളി എന്നുവേണം വിളിക്കാന്‍. തോട്ടം തൊഴിലാളി, കാര്‍ഷികത്തൊഴിലാളി എന്നെല്ലാം പറയുംപോലൊരു തൊഴില്‍ തന്നെ. അധ്യാപിക സംസാരിച്ചും ഉദ്യോഗസ്ഥ കൈകൊണ്ടും തൊഴില്‍ ചെയ്യുന്നതുപോലെ മറ്റൊരു ജോലിചെയ്ത്‌ ജീവിക്കുന്നവളാണ്‌ ലൈംഗികത്തൊഴിലാളി. ലൈംഗികത്തൊഴിലാളിയായ നളിനി ജമീലയുടെ ആത്മകഥ കേരളത്തിലെ പുസ്തകശാലകളില്‍ ചൂടപ്പംപോലെ വിറ്റഴിയുന്നു. ലൈംഗികതൊഴിലാളികളെ സംഘടിപ്പിക്കുകയും അവരുടെ അവകാശങ്ങള്‍ക്കുവേണ്ടി പൊരുതുകയും ചെയ്യുന്ന സംഘടനയുടെ നേതാവ്‌ കൂടിയാണ്‌ ഗ്രന്ഥകാരിയായ നളിനി ജമീല. പത്രങ്ങളിലും ദൃശ്യമാധ്യമത്തിലുമെല്ലം അവര്‍ ഇന്നൊരു ചെറു വി.ഐ.പി. ആണ്‌. മാന്യപ്രസിദ്ധീകരണങ്ങളില്‍ അവരുടെ ലേഖനം വരുന്നു. അവരെയോ, സഹതൊഴിലാളികളെയോ തൊഴില്‍പരമായ ആവശ്യത്തിനു സമീപിക്കുന്നവരെ നമ്മുടെ അപരിഷ്കൃതസമൂഹം വ്യഭിചാരികള്‍ എന്നാണ്‌ വിളിക്കാറുള്ളത്‌. അവരെ നളിനി ജമീല വിശേഷിപ്പിക്കുന്നത്‌ 'ക്ലയന്റ്‌' എന്നാണ്‌. ഇംഗ്ലീഷിനോട്‌ പ്രിയം തോന്നിയത്‌ എന്തുകൊണ്ടാണെന്നു വ്യക്തമല്ല. ഉപഭോക്താവിനേക്കാള്‍ ഉച്ചരിക്കാന്‍ എളുപ്പമായതുകൊണ്ടാവാം.

നളിനി ജമീലയും സഹതൊഴിലാളികളും ഉപജീവനത്തിനാണ്‌ വേശ്യാവൃത്തി ചെയ്യുന്നത്‌ എന്ന്‌ സമ്മതിക്കാം. പക്ഷേ, അവരുടെ ഉപജീവനമാര്‍ഗം ഇന്ത്യന്‍ ശിക്ഷാനിയമപ്രകാരം ഒരു കുറ്റകൃത്യമാണ്‌. ശിക്ഷ ലഭിക്കുന്ന കുറ്റകൃത്യം. മോഷണംപോലെ, പോക്കറ്റടിപോലെ, പിടിച്ചുപറിപോലെ. ഖുശ്ബു പറഞ്ഞതില്‍ കുറ്റകൃത്യമേ ഇല്ല. ഖുശ്ബു പറഞ്ഞ കാര്യം ചെയ്താലും അത്‌ ശിക്ഷാര്‍ഹമായ കുറ്റമേയല്ല. പ്രായപൂര്‍ത്തിയായവര്‍ (വിവാഹിതരാവരുത്‌) ഉഭയസമ്മതപ്രകാരം ലൈംഗികബന്ധം പുലര്‍ത്തുന്നത്‌ ഇന്ത്യന്‍ ശിക്ഷാനിയമപ്രകാരം കുറ്റമല്ല. നിയമവിധേയമായത്‌ പറഞ്ഞതിന്‌ ഖുശ്ബുവിനെ തമിഴര്‍ കുരിശിലേറ്റുന്‍ു‍. നിയമവിരുദ്ധമായത്‌ പറയുകയും ചെയ്യുകയും ചെയ്ത നളിനി ജമീലയെ കേരളീയര്‍ നെഞ്ചിലേറ്റുന്നു!

No comments:

Post a comment