എന്നും ഭദ്രം അടിത്തറ


വോട്ടുകണക്ക് അപഗ്രഥനം ആദ്യം പൂര്‍ത്തിയാക്കിയ നേതാവിനുള്ള ബഹുമതി സി.പി.എം. സംസ്ഥാന സെക്രട്ടറി പിണറായി വിജയനുള്ളതാണ്. കോണ്‍ഗ്രസ്സുകാര്‍ പത്രമോഫീസില്‍ വിളിച്ചാണ് വോട്ടുകണക്ക് ചോദിക്കാറുള്ളത്. മത്സരിക്കാനേ അവര്‍ക്ക് കഴിയൂ. വോട്ടുചെയ്യേണ്ടതും ജയിപ്പിക്കേണ്ടതും വോട്ട് ശതമാനം കൂട്ടേണ്ടതുമെല്ലാം നാട്ടുകാരുടെ പണിയാണ്. നമുക്കിതൊന്നും വയ്യയ്യോ..... സി.പി.എമ്മിന്റെ അക്കൗണ്ടന്റുമാര്‍ പ്രൊഫഷനലുകളാണ്. ഒന്നാംകിട ഗണിതശാസ്ത്രസ്ഥിതിവിവരക്കണക്ക് ഗവേഷകര്‍ എ.കെ.ജി. സെന്ററിലുണ്ട്. ഫലപ്രഖ്യാപനം പൂര്‍ത്തിയായ ദിവസം രാത്രി ഉറക്കമൊഴിച്ച് അവര്‍ നടത്തിയ കണ്ടെത്തലുകളാണ് സെക്രട്ടറി പിറ്റേദിവസം പത്രസമ്മേളനത്തില്‍ വിശദീകരിച്ചത്. അതിലെ സുപ്രധാന നിഗമനം ഇതാണ് സി.പി.എമ്മിന്റെയും എല്‍.ഡി.എഫിന്റെയും അടിത്തറ ഭദ്രം.

അടിത്തറയ്ക്കു ബലംപോരാ എന്നൊരു സംശയം നാട്ടുകാര്‍ക്കുണ്ടായേക്കുമെന്ന് തോന്നിയതുകൊണ്ടാവണം വിജയന്‍ സഖാവ് അക്കാര്യം എടുത്തുപറഞ്ഞതും പാര്‍ട്ടി പത്രം അത് മുഖ്യതലക്കെട്ടാക്കിയതും. പക്ഷേ, വോട്ടെണ്ണുന്ന ഉദ്യോഗസ്ഥര്‍ക്ക് ഇലക്ഷന്‍ കമ്മീഷന്‍ നല്‍കിയ നിര്‍ദേശങ്ങളിലൊരിടത്തും പാര്‍ട്ടികളുടെയോ മുന്നണികളുടെയോ അടിത്തറയുടെ ബലംനോക്കി സ്ഥാനാര്‍ഥികളുടെ വിജയം പ്രഖ്യാപിക്കണമെന്ന് പറഞ്ഞിട്ടില്ല. അതിനുള്ള ശാസ്ത്രീയ ഉപകരണങ്ങളൊന്നും നല്‍കിയിട്ടുമില്ല. അതുകൊണ്ട് അവര്‍ ഇപ്പോഴും അശാസ്ത്രീയമായ വോട്ടെണ്ണല്‍ സമ്പ്രദായമാണ് പിന്തുടരുന്നത്. എന്നിട്ട്, അടിത്തറയുടെ ഭദ്രത പോകട്ടെ, അടിത്തറ തന്നെ ഇല്ലാത്ത കോണ്‍ഗ്രസ് പോലത്തെ പാര്‍ട്ടികള്‍ ജയിച്ചതായി പ്രഖ്യാപിക്കുകയും ചെയ്യും. ഇക്കാര്യത്തില്‍ ജനത്തിനുള്ള തെറ്റിദ്ധാരണകള്‍ മാറ്റാനാണ് വിജയന്‍സഖാവ് പിറ്റേന്നുതന്നെ സകലമാന കണക്കുകളുമായി പത്രക്കാരുടെ അടുത്തെത്തിയത്.

ഇടതുമുന്നണി പരാജയപ്പെട്ടെങ്കിലും മറ്റേ മുന്നണിക്ക് കിട്ടിയതിനേക്കാള്‍ ആറേഴുശതമാനം വോട്ടിന്റെ കുറവേ ഉള്ളൂ എന്നതാണ് അടിത്തറഭദ്രതയുടെ പ്രധാനലക്ഷണം. അതുകൊണ്ട് എന്താണ് കാര്യമെന്ന് ചോദിക്കരുത്. ആറേഴല്ല അര ശതമാനത്തിന്റെ കുറവുണ്ടായാലും അഞ്ചുവര്‍ഷക്കാലം പഞ്ചായത്ത് റോഡിലൂടെ നടക്കാന്‍തന്നെ അവരുടെ സമ്മതം വേണ്ടിവരും. അതുവേറെ കാര്യം. ശസ്ത്രക്രിയ നടത്തുന്ന ഡോക്ടര്‍ക്ക് താന്‍ ചെയ്യേണ്ടത് ചെയ്‌തോ എന്നേ നോക്കേണ്ടൂ. രോഗി മരിക്കുകയോ എഴുന്നേറ്റു നടക്കുകയോ ചെയ്‌തെന്നിരിക്കും. അത് അപ്രസക്തമാണ്, ശസ്ത്രക്രിയ വിജയം എന്നതുതന്നെയാണ് എട്ടുകോളം തലക്കെട്ട്. രോഗി മരിച്ചുഎന്നത് ഒറ്റക്കോളം ഹെഡ്ഡിങ്ങില്‍ താഴെ മതി. അടിത്തറ ഭദ്രം എന്ന് എട്ടുകോളം, പാര്‍ട്ടി തോറ്റു എന്ന് ഒറ്റക്കോളം.

എന്നാണ് കേരളത്തില്‍ പാര്‍ട്ടിയുടെ അടിത്തറ ഭദ്രമല്ലാതിരുന്നത്? 63 കൊല്ലം മുമ്പ് ആദ്യതിരഞ്ഞെടുപ്പ് നടന്നപ്പോഴത്തെ ഭദ്രതയെക്കുറിച്ച് പറയേണ്ടല്ലോ. ഒറ്റയ്ക്കാണ് മത്സരിച്ചതും ജയിച്ചതും. അന്ന് പാര്‍ട്ടി നേടിയത് 37.8 ശതമാനം വോട്ടാണ്. പിന്തിരിപ്പന്‍വര്‍ഗം വിമോചനസമരം നടത്തി മന്ത്രിസഭയെ പിരിച്ചുവിടീച്ചിട്ടും അടിത്തറയ്ക്കു കുഴപ്പമുണ്ടായില്ലെന്നു മാത്രമല്ല, ശക്തി കൂടുകയും ചെയ്തു. നോക്കണേ വോട്ടുകണക്കിന്റെയൊരു അസംബന്ധസ്വഭാവം. ജയിച്ചപ്പോള്‍ 1957ല്‍ കിട്ടിയത് 37.8 ശതമാനം, 1960ല്‍ തോറ്റപ്പോള്‍ കിട്ടിയത് 43 ശതമാനം. അന്നാണ് ബോധ്യപ്പെട്ടത്അടിത്തറകൊണ്ടു കാര്യമില്ല, പൊതുജനപിന്തുണയുടെ മേല്‍ത്തറ വേണം. അതിനുവേണ്ടി പില്‍ക്കാലത്ത് മുസ്‌ലിം ലീഗ് മുതല്‍ പി.ഡി.പി. വരെയും ജനസംഘം ഉള്‍പ്പെടുന്ന ജനതാപാര്‍ട്ടി മുതല്‍ രാമന്‍പിള്ളയുടെ ജനപക്ഷംവരെയും ഉള്ള പലരെയും കൂട്ടുപിടിച്ചിട്ടുണ്ട്.

ഇത്തവണ വോട്ടുകണക്കില്‍ വന്‍ചോര്‍ച്ചയാണ് പാര്‍ട്ടി പ്രതീക്ഷിച്ചിരുന്നത്. പാര്‍ട്ടിക്ക് ചരിത്രവിജയം ഉണ്ടാകും എന്ന് സഖാവ് ആവര്‍ത്തിച്ച് അവകാശപ്പെട്ടപ്പോള്‍ത്തന്നെ അറിവുള്ളവര്‍ അത് മനസ്സിലാക്കിയതാണ്. ചരിത്രവിജയം എന്നത് ഒരു കോഡാണ്. എട്ടുനിലയില്‍ പൊട്ടും എന്നാണ് അര്‍ഥം. കെട്ടിവെച്ചതുപോകും എന്നതിന് കിടിലന്‍ വിജയം എന്നാണ് കോഡ്. മുന്നണിയില്‍ ഇപ്പോള്‍ ഫലത്തില്‍ സി.പി.ഐ. മാത്രമേ സംസ്ഥാനപാര്‍ട്ടിയായി ഉള്ളൂ. എല്ലാ വാര്‍ഡിലും ശരാശരി മൂന്നുനാലു വോട്ടുകള്‍ ഉള്ള പാര്‍ട്ടിയാണ്. മേല്‍ക്കൂര ശക്തം, അടിത്തറയില്ല. ആര്‍.എസ്.പി. ഇല്ലെന്നല്ല, കൊല്ലം മുതല്‍ നീണ്ടകര വരെ ഉറച്ച അടിത്തറയുള്ള കക്ഷിയാണ്. വേറെ പറയത്തക്ക ഒരു ഘടകകക്ഷിശല്യവുമില്ല. ഭരണത്തിന്റെ സല്‍പ്പേരിന്റെ കാര്യം പറയാനുമില്ല. ഇതെല്ലാം കൊണ്ടാണ് വന്‍ വോട്ടുചോര്‍ച്ച മുന്നില്‍ കണ്ടത്. അതുണ്ടായില്ലെന്നു മാത്രമല്ല, പത്തുലക്ഷം വോട്ട് കൂടുകയും ചെയ്തു. 2001ല്‍ ഇടതുമുന്നണി തകര്‍ന്ന തിരഞ്ഞെടുപ്പില്‍ കിട്ടിയതിനേക്കാള്‍ ഒന്നരശതമാനം വോട്ട് കുറവാണ് ഇത്തവണയെന്ന കാര്യം തത്കാലം മിണ്ടേണ്ട. പത്രക്കാരുണ്ടോ ഇതെല്ലാം കമ്പ്യൂട്ടറില്‍ കൊണ്ടുനടക്കുന്നു. അവര്‍ക്കു വേറെ പണിയില്ലേ.....

പറയുമ്പോള്‍ മുഴുവനും പറയണമല്ലോ. ചീഞ്ഞ യു.ഡി.എഫിനും അടിത്തറ ഭദ്രമാണ്. 2006ലാണ് റെക്കോഡ് ഭൂരിപക്ഷം വോട്ടുകണക്കില്‍ എല്‍.ഡി.എഫ്. നേടിയത്. 48.63 ശതമാനം വോട്ട്. അന്ന് യു.ഡി.എഫിന് കിട്ടിയത് ഇത്തവണ ഇടതിന് കിട്ടിയതിനേക്കാള്‍ ലേശംകൂടിയ 42.98 ശതമാനം വോട്ടാണ്. അടിത്തറ ഭദ്രം. അതുകൊണ്ടാണല്ലോ പിന്നെ നടന്ന പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ അവര്‍ ഇരുപതില്‍ പതിനാറ് സീറ്റും നേടിയത്. അടിത്തറകൊണ്ടൊന്നും അധികാരം പിടിക്കാന്‍ പറ്റില്ല. അതിന് പാര്‍ട്ടിയിലൊന്നുമില്ലാത്ത സാമാന്യജനത്തിനും തോന്നണം ജയിപ്പിക്കണമെന്ന്. ഒന്നൊന്നര ശതമാനം വോട്ടിന്റെ വ്യത്യാസം കൊണ്ടുപോലും കേരളത്തില്‍ ഭരണം നിശ്ചയിക്കപ്പെട്ടിട്ടുണ്ട്. ആകപ്പാടെ ഒരേ പ്രതീക്ഷയാണ് ഇരുമുന്നണികളെയും മുന്നോട്ടുനയിക്കുന്നത്. ഇടത്തെ കാലിലെ മന്ത് വലത്താക്കാനല്ലാതെ ജനത്തിന് വേറൊന്നും കഴിയുകയില്ലല്ലോ.
***
തിരഞ്ഞെടുപ്പില്‍ തോറ്റതിനുള്ള വേറെ നൂറുകാരണം പറഞ്ഞാലും മനസ്സിലാകും. ഒരൊറ്റയൊരെണ്ണമേ മനസ്സിലാകാതുള്ളൂ. ഭരണനേട്ടങ്ങള്‍ ജനങ്ങളിലെത്തിക്കുന്നതില്‍ പരാജയപ്പെട്ടതാണത്രെ തോല്‍ക്കാന്‍ കാരണം. ഭരണം ഈ ഗ്രഹത്തിലും വോട്ടര്‍മാര്‍ അന്യഗ്രഹത്തിലുമാകണം നടക്കുന്നത്. അല്ലാതെ ഇത്തരമൊരു കമ്യൂണിക്കേഷന്‍ ഗ്യാപ്പിന് വേറെ കാരണമൊന്നും കാണുന്നില്ല. കേരളത്തില്‍ നടക്കുന്ന ഭരണത്തിന്റെ ഗുണമറിയാന്‍ കേരളത്തിലെ വോട്ടര്‍മാര്‍ക്ക് കഴിയുന്നില്ലെങ്കില്‍ എന്തോ കാര്യമായ കുഴപ്പം കാണണം, ഭരണത്തിനല്ലവോട്ടര്‍മാര്‍ക്ക്.

ഒബാമയുടെ ഭരണത്തിന്റെ നേട്ടകോട്ടങ്ങള്‍പോലും അറിയുന്നവരാണ് കേരളീയര്‍. അതിനുള്ള കമ്യൂണിക്കേഷന്‍ സൗകര്യങ്ങള്‍ ജനത്തിന്റെ കൈവശമുണ്ട്. മാധ്യമപ്രവര്‍ത്തകരുടെ വലിയപട ഓരോ ജില്ലയിലും മന്ത്രിമാരുടെ ഓരോ വാക്കും ഒപ്പിയെടുക്കാന്‍ രാവും പകലും നടപ്പുണ്ട്. മന്ത്രിമാരാകട്ടെ, ഭരിക്കുന്നതിന് ചെലവാക്കുന്നതിലേറെ സമയം ഭരണനേട്ടത്തെക്കുറിച്ച് പ്രസംഗിക്കാന്‍ ചെലവാക്കുന്നുണ്ട്. ഡസന്‍ ചാനലുകളില്‍ ലൈവ് ആയും അലൈവ് ആയും ജനം കാണുന്നുമുണ്ട്. ബൂര്‍ഷ്വാ സിന്‍ഡിക്കേറ്റ് മാധ്യമങ്ങള്‍ വ്യാജം പ്രചരിപ്പിക്കുന്നത് നേരിടാന്‍ പാര്‍ട്ടി സ്വന്തമായി തുടങ്ങിയ ചാനല്‍ വഴിയും പ്രചരിപ്പിക്കുന്നുണ്ട് നേട്ടങ്ങളെല്ലാം. പാര്‍ട്ടി മുഖപത്രമാകട്ടെ, പ്രചാരത്തില്‍ സിന്‍ഡിക്കേറ്റ് പത്രങ്ങളുടെ മുന്നില്‍ കടന്നെന്നോ കടക്കാന്‍ പോകുന്നെന്നോ ഒക്കെ റിപ്പോര്‍ട്ടുണ്ടായിരുന്നു.

സര്‍ക്കാറിന്റെ പബ്ലിക് റിലേഷന്‍സ് വകുപ്പ് ഭരണനേട്ടങ്ങളെക്കുറിച്ച് നാലുനാലര വര്‍ഷമായി ദിവസേന പത്രക്കുറിപ്പ്, ലഘുലേഖ, പുസ്തകം, പരസ്യം എന്നിവയൊക്കെ ഇറക്കുന്നുണ്ട്. നാലുവര്‍ഷത്തെ ഭരണം പൂര്‍ത്തിയാക്കിയതിന്റെ നേട്ടങ്ങള്‍ അസംഖ്യം ഫുള്‍പേജ് പരസ്യങ്ങളില്‍ വായിച്ചതിന്റെ ക്ഷീണം ജനത്തിന് ഇപ്പോഴും മാറിയിട്ടില്ല. ഇതെല്ലാം ചെയ്തിട്ടും ഭരണനേട്ടം ജനത്തിന് മനസ്സിലായിട്ടില്ലെങ്കില്‍ ചെകിടത്ത് ഓരോന്ന് കൊടുക്കുകയാണ് വേണ്ടത്. അല്ല പിന്നെ....

***

എ.ഐ.സി.സി. പ്രസംഗത്തില്‍ പ്രസിഡന്റ് സോണിയാഗാന്ധി അഴിമതിയെക്കുറിച്ച് പറയാഞ്ഞതില്‍ പലര്‍ക്കും പരിഭവമുണ്ടത്രെ. രണ്ടിനം സംഗതികളാണ് സാധാരണ പറയാന്‍ വിട്ടുപോവുക. നാട്ടില്‍ ഒട്ടും ഇല്ലാത്ത സംഗതികളും നാട്ടില്‍ സര്‍വസാധാരണമായിട്ടുള്ള സംഗതികളും. ദിവസേന കാണുന്നതൊന്നും വാര്‍ത്തയാവുകയില്ല. അവ നേതാക്കള്‍ക്ക് പ്രസംഗവിഷയവും ആവുകയില്ല. അഴിമതി പോലുള്ള സര്‍വസാധാരണ കാര്യങ്ങള്‍ സോണിയാജി ഓര്‍ത്തുപറയ ണമെന്ന് നിര്‍ബന്ധിക്കുന്നത് ഒട്ടും ന്യായമല്ല.

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ എത്രയോ ആയിരം കോടി ചിലര്‍ പോക്കറ്റിലാക്കി എന്നാണ് കേട്ടിരുന്നത്. അത്ര ആയിരം കോടി അക്കത്തില്‍ എഴുതാന്‍ ഇവിടെ സ്ഥലം തികയില്ല. എത്ര പൂജ്യം ചേര്‍ക്കണമെന്ന് നിശ്ചയവുമില്ല. അത്രയും വലിയ കൊട്ടക്കണക്കാണ് പറഞ്ഞുകേട്ടത്. അതിന് ഉത്തരവാദിയെന്നുപറയപ്പെടുന്ന കള്ളമാഡികള്‍ എ.ഐ.സി.സി. സമ്മേളനത്തിന്റെ അരങ്ങില്‍ വിളങ്ങുന്നു ണ്ടായിരുന്നു. മുംബൈയില്‍നിന്ന് കേട്ടത് അതിനേക്കാള്‍ വലിയ കഥയാണ്. കാര്‍ഗില്‍ രക്തസാക്ഷികളുടെ കുടുംബങ്ങള്‍ക്ക് നല്‍കാനെന്ന് പറഞ്ഞുണ്ടാക്കിയ ഫഌറ്റുകള്‍ നേതാക്കള്‍ അടിച്ചുമാറ്റിയത്രെ. ഇതിനേക്കാള്‍ വലിയ രാജ്യസ്‌നേഹപരമായ ഒരു കാര്യം മുമ്പ് കേട്ടത് ജവാന്മാര്‍ക്കുള്ള ശവപ്പെട്ടി വാങ്ങിയതിന് കോഴ തട്ടിയെടുത്തു എന്നായിരുന്നു. ഫഌറ്റുകള്‍ക്ക് ആദര്‍ശ് ഫഌറ്റുകള്‍ എന്ന് പേരിട്ടവരുടെ ദീര്‍ഘദൃഷ്ടി അപാരം. ഫഌറ്റ് കുംഭകോണത്തിന്റെ ആശാന്മാരും ഉണ്ടായിരുന്നു എ.ഐ.സി.സി പൂരത്തിന്. ഇവരെല്ലാം ഖദര്‍ തൊപ്പിയും ഷാളുമായി കണ്‍മുന്നിലൂടെ നടക്കുമ്പോഴെ ങ്ങനെയാണ് മാഡം കണ്ണില്‍ച്ചോരയില്ലാതെ അഴിമതിയെക്കുറിച്ചും മറ്റും പറയുക..... പാവം.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

വര്‍ക്കിങ്ങ് ജേണലിസ്റ്റ് ആക്റ്റും വേജ് ബോര്‍ഡും ഇല്ലാതാക്കി

കേരള മാധ്യമങ്ങളുടെ ആറു പതിറ്റാണ്ട്

ഐ.വി ബാബു: നിലപാടുകളില്‍ ഉറപ്പ്, സ്‌നേഹത്തിന്റെ സമൃദ്ധി