Thursday, 21 February 2013

ശാസനയുടെ രാഷ്‌ട്രീയം


ബൂര്‍ഷ്വാപാര്‍ട്ടിക്കാരും കമ്യൂണിസ്റ്റുകാരും തമ്മിലുള്ള ഒരു വ്യത്യാസം ഈയിടെയാണ്‌ മനസ്സിലാക്കാന്‍ കഴിഞ്ഞത്‌. ബൂര്‍ഷ്വാകള്‍ ബുദ്ധിയില്ലാത്ത കുട്ടികളെയാണ്‌ ശാസിക്കുക. കമ്യൂണിസ്റ്റുകാര്‍ക്ക്‌ അത്തരം വാശിയൊന്നുമില്ല. ആരെയും ശാസിക്കും. സാമാന്യബുദ്ധിയുള്ള പ്രായപൂര്‍ത്തിയായ സ്വന്തം നേതാക്കളെ ശാസിക്കുന്ന ഏക കൂട്ടര്‍ കമ്യൂണിസ്റ്റുകാരാണ്‌. ബുദ്ധദേവ്‌ ഭട്ടാചാര്യയെപ്പോലെ എഴുപതുപിന്നിട്ടവരെപ്പോലും ശാസിച്ചുകളയും. ശാസിക്കുന്നതോ പ്രകാശ്‌ കാരാട്ടിനെയും യച്ചൂരിയെയും പോലെയുള്ള ശിശുക്കളും.

സ്‌കൂളില്‍ കുട്ടികള്‍ വാദ്ധ്യാരെ ശാസിച്ചെന്ന്‌ പറയുന്നതുപോലെയാണ്‌ സി.പി.എമ്മിലെ സംഭവം. വാദ്ധ്യാന്മാരോ അച്ഛനമ്മമാരോ ശാസിച്ചാല്‍ കുട്ടികള്‍ കാര്യമാക്കാറില്ല. സി.പി.എമ്മില്‍ അങ്ങനെയല്ല. ശാസിക്കാന്‍ തീരുമാനിച്ചാല്‍മതി, ശാസനാവിധേയനാകുന്ന ആള്‍ക്ക്‌ ഉടനെതെറ്റ്‌ ബോധ്യപ്പെടും. സമസ്‌താപരാധങ്ങളും ഏറ്റുപറയും. ലോക്കപ്പില്‍ ഉലക്കകൊണ്ടു ഉരുട്ടിയാല്‍പോലും ആരും ഇത്രപെട്ടന്ന്‌ കുറ്റം സമ്മതിക്കില്ല. ഇതിപ്പോള്‍ പാര്‍ട്ടിയില്‍ ശീലമായിട്ടുണ്ട്‌. കുറെക്കാലം പാര്‍ട്ടിയില്‍ നേതൃസ്ഥാനത്തിരുന്നിട്ടും രണ്ടുശാസനയെങ്കിലും കിട്ടിയില്ലെങ്കില്‍ നേതാവിനെ അണികള്‍ വിലവെക്കില്ലെന്ന നിലയുമുണ്ട്‌.

ശാസനയുടെ കാര്യത്തില്‍ ബുദ്ധദേവിന്‌ ഇത്തവണ ആശ്വസിക്കാന്‍ വകയുണ്ടാകുമോ എന്നുറപ്പില്ല. ചുരുങ്ങിയത്‌ ഒരു ഡബ്‌ള്‍ സ്‌ടോങ്‌ ശാസനയെങ്കിലും കിട്ടാതിരിക്കില്ല എന്ന ഉറച്ച വിശ്വാസത്തോടെയാണ്‌ അദ്ദേഹം വ്യവസായികളുടെ യോഗത്തില്‍ പോയി പാര്‍ട്ടിയുടെ നയത്തെ ചുരുട്ടിക്കൂട്ടിയെറിഞ്ഞത്‌. പണിമുടക്ക്‌ കൊണ്ടാര്‍ക്കും പ്രയോജനമില്ല. വലിയ ദ്രോഹമുണ്ടുതാനും. പക്ഷേ പാര്‍ട്ടി പണിമുടക്കാന്‍ പറഞ്ഞാല്‍ ഞാന്‍ മിണ്ടാറില്ല. ഇനി അതല്ല ചെയ്യുക. ഇനി വാതുറക്കും.-നിര്‍ഭാഗ്യവശാല്‍ എന്നൊരു പദപ്രയോഗം ഇതിനിടയില്‍ ഉണ്ട്‌. നിര്‍ഭാഗ്യവശാല്‍ ഞാന്‍ ഒരു പാര്‍ട്ടിക്കാരനായിപ്പോയി എന്നാണോ ഉദ്ദേശിച്ചത്‌ അതല്ല, നിര്‍ഭാഗ്യവശാല്‍ എനിക്ക്‌ മിണ്ടാന്‍ കഴിയാറില്ല എന്നാണോ പറഞ്ഞത്‌ എന്ന കാര്യത്തില്‍ രണ്ട്‌ അഭിപ്രായമുമുണ്ട്‌. എന്തായാലും ഇതുപറഞ്ഞത്‌ ബോധത്തോടെയല്ലെന്നതിന്‌ ഒരു തെളിവുമില്ല. ശാസന വരാന്‍പോകുന്നുവെന്ന്‌ കേട്ടപ്പോള്‍ത്തന്നെ ബുദ്ധദേവന്‍ ധീരമായി പിന്‍വാങ്ങി. തെറ്റ്‌ സമ്മതിച്ച്‌ സാഷ്ടാംഗം പ്രണമിച്ചു. ശാസിച്ചെന്ന്‌ പ.ബംഗാള്‍ പാര്‍ട്ടി സെക്രട്ടറി ബിമന്‍ ബസു പറഞ്ഞപ്പോഴത്തെ ആശ്വാസം മറ്റേ പൊളിറ്റ്‌ ബ്യൂറോക്രാറ്റ്‌ എസ്‌.രാമചന്ദ്രന്‍ പിള്ള ഇല്ലാതാക്കി. ശാസിക്കുകയേ ഉണ്ടായിട്ടില്ലത്രെ. കണ്ണുരുട്ടിക്കാട്ടിയപ്പോള്‍തന്നെ ബുദ്ധദേവന്‍ തെറ്റുസമ്മതിക്കുകയാണത്രെ ഉണ്ടായത്‌. എന്താരപമാനം.

വെറും ശാസനയല്ല, ബഞ്ചില്‍കയറ്റിനിര്‍ത്തി നാല്‌ പെടതന്നെ കൊടുക്കേണ്ട പണിയാണ്‌ യഥാര്‍ഥത്തില്‍ അദ്ദേഹം ചെയ്‌തത്‌. ബന്തിനെക്കുറിച്ചാണ്‌ അദ്ദേഹം പറഞ്ഞിരുന്നതെങ്കില്‍ മനസ്സിലാക്കാമായിരുന്നു. ബന്ദ്‌, ഹര്‍ത്താല്‍, പൊതുപണിമുടക്ക്‌ എന്നിങ്ങനെ മൂന്നായ നിന്നെയിഹകളെ ഒന്നാക്കിയാണ്‌ ബുദ്ധന്‍ തള്ളിപ്പറഞ്ഞിരിക്കുന്നത്‌. പണിമുടക്കിനെ ഇവിടത്തെ മാധ്യമസിന്‍ഡിക്കേറ്റുകാര്‍പോലും അപ്പടി തള്ളിപ്പറയാറില്ല. ബന്ദിനെയും ഹര്‍ത്താലിനെയുമേ അവര്‍പോലും കണ്ണടച്ച്‌ എതിര്‍ക്കാറുള്ളൂ. പണിയില്ലെങ്കിലാണ്‌ പാര്‍ട്ടിക്ക്‌ വിപ്‌ളവത്തിനും നല്ലത്‌. പണിമുടക്കില്ലെങ്കിലും പാര്‍ട്ടിയുടെ പണിതീരും. പണിമുടക്കെന്ന ആയുധം കിണറ്റിലെറിഞ്ഞാല്‍ വര്‍ഗശത്രുവിനെ എങ്ങനെ നേരിടും ? ഉപേക്ഷിക്കുന്ന പ്രശ്‌നമില്ല.

ഒരുതരത്തില്‍ നോക്കിയാല്‍ ബുദ്ധന്റെ അഭിപ്രായങ്ങളെ പാര്‍ട്ടി വല്ലാതെയങ്ങ്‌ എതിര്‍ക്കേണ്ട കാര്യവില്ലെന്നും തോന്നിപ്പോകുന്നു. താന്‍ മുതലാളിത്ത സ്വര്‍ഗം സ്ഥാപിച്ചുകൊണ്ടിരിക്കുന്ന പ.ബംഗാളില്‍ പണിമുടക്കൊന്നും വേണ്ട എന്നുമാത്രമേ അദ്ദേഹം ഉദ്ദേശിച്ചിരിക്കൂ. മോഡി ഭരിക്കുന്ന ഗുജറാത്തിലോ കോണ്‍ഗ്രസ്സുകാര്‍ ഭരിക്കുന്ന സംസ്ഥാനങ്ങളിലോ പണിമുടക്കംവേണ്ട എന്നാരെങ്കിലും പറയുമോ ? അവിടങ്ങളില്‍ സമൃദ്ധമായി നടക്കട്ടെ പണിമുടക്കം. സിംഗൂരിലും നന്ദിഗ്രാമിലും മറ്റും കടുത്ത മുതലാളിത്ത ദ്രോഹം ചെയ്യുന്ന ഒട്ടും മമതയില്ലാത്ത ആളുകളെയേ ബുദ്ധന്‍ ഉദ്ദേശിച്ചിരുന്നുള്ളു.

മുതലാളിത്തമാണ്‌ തങ്ങളുടെയും വഴി എന്നും സോഷ്യലിസം നടപ്പാക്കുക പ്രായോഗികമല്ലെന്നും ബുദ്ധന്‍ കുറച്ച്‌ മാസംമുമ്പ്‌ പറഞ്ഞിരുന്നു. അതുകേട്ട്‌ ക്ഷോഭിച്ചത്‌ സോഷ്യലിസ്റ്റുകളായിരുന്നില്ല, ശുദ്ധ മുതലാളിത്തപാദസേവകരായിരുന്നു. കാരണം വ്യക്തം. സോഷ്യലിസമുണ്ടാക്കാന്‍ കമ്യുണിസ്റ്റ്‌ ഗവണ്മെന്റ്‌ വേണമെന്നുപറയുന്നത്‌ മനസ്സിലാക്കാം. മുതലാളിത്തമുണ്ടാക്കാനും കമ്യൂണിസ്റ്റുകാര്‍ വേണമെന്നായാല്‍പ്പിന്നെ തങ്ങളെന്ത്‌ പണിയാണ്‌ ചെയ്യുക ? കടലിലെ തിരയെണ്ണുകയോ ?

ആകപ്പാടെ ഒരുസമാധാനമുള്ളത്‌ കേരള മുഖ്യന്‍ പണിമുടക്കിന്റെ പക്ഷത്ത്‌ ഉറച്ചുനില്‍ക്കുന്നു എന്നതാണ്‌. ബന്ദ്‌,ഹര്‍ത്താല്‍ ആദിയായ പരമ്പരാഗത വ്യവസായങ്ങളിലൂടെ വെള്ളം ചേര്‍ക്കാത്ത സോഷ്യലിസം നടപ്പാക്കുന്ന കാര്യത്തില്‍ വിട്ടുവീഴ്‌ച്ചയില്ല. പണിയില്ലെങ്കിലും നമുക്ക്‌ പണിമുടക്ക്‌ വേണം. പങ്കുവെക്കാന്‍ സമ്പത്തില്ലെങ്കില്‍ നമുക്ക്‌ ദാരിദ്ര്യം പങ്കുവെക്കാം. അതിന്റെ പേരില്‍ നമ്മളെ ശാസിക്കാനാരും ഇങ്ങോട്ടുവരാതിരുന്നാല്‍മതി.
****

കേരളം സോഷ്യലിസ്‌റ്റ്‌ സ്വര്‍ഗത്തില്‍ പ്രവേശിച്ചുകഴിഞ്ഞുവെന്നാണ്‌ വിദ്യാഭ്യാസവകുപ്പിന്റെ നടപടികളില്‍നിന്ന്‌ മനസ്സിലാക്കാന്‍ കഴിയുക. നാട്ടില്‍ പൗരന്മാര്‍ക്ക്‌ ടെന്‍ഷന്‍ ഉണ്ടാക്കുന്നതായ യാതൊന്നും ഇല്ല. രണ്ടുവര്‍ഷംമുമ്പ്‌ മറ്റവന്മാര്‍ ഭരിക്കുന്ന കാലത്ത്‌ ടെന്‍ഷനേ ഉണ്ടായിരുന്നുള്ളൂ. ഇപ്പോള്‍ മൂന്നുനേരത്തെ ഭക്ഷണത്തിന്റെ കാര്യത്തില്‍ ഒരു ടെന്‍ഷനും കുട്ടികള്‍ക്കില്ല. രാത്രി ചാരായമടിച്ച്‌ വന്ന്‌ അമ്മയേയും മക്കളെയും തല്ലുന്ന ഒരച്ഛനുമില്ല. വീട്‌ പൊളിച്ചുകയറി സകലതും മോഷ്ടിക്കുകയും വീട്ടുകാരെ തലക്കടിച്ചുകൊല്ലുകയും ചെയ്യുന്ന ഒരു ദുഷ്ടസംഘവുമില്ല. രാവിലെ വിദ്യാലയത്തിലേക്ക്‌ പോകുന്ന കൊച്ചുപെണ്‍കുട്ടികളെ പിടിച്ചുകൊണ്ടുപോയി പീഡിപ്പിച്ചുകൊല്ലുന്ന പരമദ്രോഹികളാരുമില്ല. പണിമുടക്ക്‌ എന്നുപറഞ്ഞ്‌ ബന്ദ്‌ നടപ്പാക്കുകയും അമ്മക്ക്‌ മരുന്നുവാങ്ങാന്‍പോകുന്ന പയ്യനെ അടിച്ചുവീഴ്‌ത്തുകയും ചെയ്യുന്ന രാഷ്‌ട്രീയകശ്‌മലന്മാരെ മഷിയിട്ട്‌ നോക്കിയാല്‍പോലും കാണാനില്ല. എന്തൊരു ശാന്തി, സമാധാനം.

ഇനിയെന്തെങ്കിലും ടെന്‍ഷന്‍ ബാക്കിയുണ്ടോ എന്നുനോക്കിയപ്പോഴാണ്‌ മനുഷ്യസ്‌നേഹിയും തരളഹൃദയനുമായ മന്ത്രി ബേബി ഒരു കാര്യം കണ്ടെത്തിയത്‌. സ്‌കൂളുകളില്‍ ഓണത്തിനും ക്രിസ്‌മസ്സിനും മുമ്പ്‌ പരീക്ഷ നടക്കുന്നത്‌ വലിയ ടെന്‍ഷന്‍ ഉണ്ടാക്കുന്നുണ്ട്‌. കുട്ടികള്‍ക്ക്‌ അത്തംമുതല്‍ പൂവിടണ്ടേ, അതിന്‌ അങ്ങാടിയില്‍പോയി തമിഴ്‌നാട്ടില്‍നിന്നുവരുന്ന പൂക്കള്‍ തിരഞ്ഞുവാങ്ങേണ്ടേ ? കൈകൊട്ടിക്കളി കളിക്കേണ്ടേ ? ഓണത്തിന്‌ മുമ്പ്‌ ഒരു പരീക്ഷയും പാടില്ലെന്ന്‌ മന്ത്രി ഉടനെ ഉത്തരവിറക്കി. ഉത്തരവ്‌ ലംഘിച്ച്‌ ചില ഫാസിസ്റ്റ്‌ അധ്യാപകര്‍ ചിലേടങ്ങളില്‍ പരീക്ഷ നടത്തിയതായി റിപ്പോര്‍ട്ടുണ്ട്‌. നില്‌ക്കട്ടെ, അവരെ വേണ്ട രീതിയില്‍ കൈകാര്യം ചെയ്യും.

ഒരു പുതിയ ഐഡിയ കൂടിയുണ്ട്‌. പരീക്ഷാസമയത്ത്‌ സകല കുട്ടികളെയും കണ്ണൂരിലെ സോഷ്യലിസ്റ്റ്‌വിസ്‌മയമായ വാട്ടര്‍തീംപാര്‍ക്കില്‍ കൊണ്ടുപോയി ഒരു ദിവസം നിര്‍ബന്ധിതമായി ടെന്‍ഷന്‍ വെള്ളത്തില്‍ കലക്കിച്ചുകളയും. കുട്ടികളുടെയെല്ലാം സാമ്പത്തികനില ക്രമാതീതമായി ഉയര്‍ന്നതുകൊണ്ട്‌ ഇരുനൂറ്റമ്പത്‌ രൂപയുടെ പ്രവേശനടിക്കറ്റെടുക്കുക ഒട്ടും ടെന്‍ഷന്‍ ഉണ്ടാക്കാനിടയില്ല. ഇനിയാര്‍ക്കെങ്കിലും പ്രശ്‌നമുണ്ടെങ്കില്‍ സഹകരണസംഘത്തില്‍നിന്ന്‌ വായ്‌പ കൊടുക്കാം. പിന്നെയെന്ത്‌ ടെന്‍ഷന്‍ ?

*****

വിസ്‌മയ പാര്‍ക്കിന്റെ ഉദ്‌ഘാടനം നടത്തേണ്ടിയിരുന്ന മുഖ്യമന്ത്രി അങ്ങോട്ട്‌ പോയില്ല. ജലദോഷമായതുകൊണ്ടാണ്‌ ജലകേളിപ്പാര്‍ക്കില്‍ പോകാതിരുന്നത്രെ. ജലംകണ്ട്‌ അസുഖം കൂടിയാലോ ?

ജലകേളിപ്പാര്‍ക്കിന്റെ ഉദ്‌ഘാടനത്തിന്‌ തൊട്ടുമുമ്പത്തെ ദിവസം കൃത്യമായി ജലദോഷം വന്നത്‌ തികച്ചും യാദൃച്ഛികമാണെന്ന്‌ പാര്‍ട്ടി വിശ്വസിക്കുന്നില്ല. അതിന്റെ പിന്നില്‍ സാമ്രാജ്യത്വഇടപെടല്‍ ഉണ്ടാകാനിടയുണ്ട്‌. കൃത്യമായ വിവരം അറിയുന്ന ഒരാള്‍ നമ്മുടെ സുഹൃത്ത്‌ ഇ.പി.ജയരാജനായിരുന്നു. പൊതുപണിമുടക്കുദിവസം തിരുവനന്തപുരം റെയില്‍വെ സ്റ്റേഷനില്‍ മകന്‍ മരിച്ച അമ്മയുടെ സങ്കടം മാധ്യമങ്ങള്‍ ചിത്രീകരിച്ചതിന്‌ പിന്നിലെ സാമ്രാജ്യത്വഅജന്‍ഡ കണ്ടെത്തിയ സുപര്‍ ഡിറ്റക്‌റ്റീവ്‌ അദ്ദേഹമായിരുന്നല്ലോ. പക്ഷേ നിര്‍ഭാഗ്യവശാല്‍ അദ്ദേഹത്തിനും വാട്ടര്‍തീംപാര്‍ക്കിന്റെ ഉദ്‌ഘാടനത്തിനെത്താന്‍ കഴിഞ്ഞില്ല. ജലദോഷമാണോ കാരണം എന്നുവ്യക്തമല്ല.

പാര്‍ട്ടി ചില മുന്‍കരുതലുകള്‍എടുക്കേണ്ടതുണ്ട്‌. ഭാവിയില്‍ സോഷ്യലിസ്റ്റ്‌ ഫൈവ്‌സ്റ്റാര്‍ ഹോട്ടലിന്റെ ഉദ്‌ഘാടനത്തിന്‌ ഇതിനേക്കാല്‍ കൂടുതല്‍ ആളുകള്‍ മുങ്ങിയേക്കും. ഹോട്ടല്‍ ആയതുകൊണ്ട്‌ രോഗം മിക്കവാറും ദഹനക്കേടോ അജീര്‍ണമോ ആകാനിടയുണ്ട്‌. സര്‍ക്കാര്‍ ഉദ്യോഗസ്ഥന്മാര്‍ വ്യാജസര്‍ട്ടിഫിക്കറ്റ്‌ നല്‍കിയാണ്‌ മെഡിക്കല്‍ ലീവ്‌ എടുക്കാന്‍ ശ്രമിക്കുന്നതെന്ന്‌ തോന്നിയാല്‍ അവരെ മെഡിക്കല്‍ ബോര്‍ഡ്‌ മുമ്പാകെ പരിശോധനക്കയക്കുന്ന സമ്പ്രദായമുണ്ട്‌. സംസ്ഥാനക്കമ്മിറ്റിയുടെയോ പൊളിറ്റ്‌ ബ്യൂറോയുടെയോ നിയന്ത്രണത്തില്‍ അടിയന്തരമായി ഒരു ബോര്‍ഡ്‌ ഉണ്ടാക്കിയേ തീരൂ. ആരെയും മുങ്ങാന്‍ അനുവദിച്ചുകൂടാ.
*****

മതത്തിനെതിരായ നേരിട്ടുള്ള ആക്രമണത്തേക്കാള്‍ ഗുരുതരം പരോക്ഷ ആക്രമണമാണെന്ന്‌ ബിഷപ്പുതിരുമേനിക്ക്‌ അഭിപ്രായമുണ്ട്‌. സംഗതി തെളിച്ചുപറഞ്ഞാല്‍ കേരളത്തിലെ സി.പി.എമ്മുകാരേക്കാള്‍ ഭേദം ഒറീസ്സയിലെ സംഘപരിവാറുകാരാണ്‌ എന്നുതന്നെ. ബിഷപ്പുതിരുമേനി പറഞ്ഞതില്‍ കാര്യമില്ലാതില്ല. ചുമ്മാ കണ്ണുരുട്ടിക്കാട്ടുന്ന നിന്റെ കെട്ടിയോന്‍ എന്തൊരു കോന്തന്‍, ഇതാ നോക്ക്‌ ഇന്നലെക്കിട്ടിയ അടിയുടെ പാട്‌ എന്നൊരു മഹിള പണ്ട്‌ പറഞ്ഞതായി കഥയുണ്ട്‌. പണ്ടാണ്‌ കേട്ടോ ഇന്നലെയല്ല.

സി.പി.എമ്മുകാര്‍ ഇതില്‍നിന്ന്‌ പാഠമുള്‍ക്കൊള്ളേണ്ടതുണ്ട്‌. ചുമ്മാ കോളേജിന്‌ കല്ലെറിഞ്ഞ്‌ ചില്ല്‌ പൊളിക്കുക, അച്ചന്മാരെ തെറിവിളിക്കുക, സഭകള്‍ക്കെതിരെ പ്രസംഗിക്കുക, മതംവേണ്ട എന്ന്‌ പാഠപുസ്‌തകത്തില്‍ എഴുതിവെക്കുക, സീറ്റിനും നിയമനത്തിനും കോഴ വാങ്ങുന്നത്‌ തടയുക തുടങ്ങിയ പ്രാചീന പ്രാകൃത ഏര്‍പ്പാടുകള്‍ നിര്‍ത്തുകയാണ്‌ നല്ലത്‌. സംഘപരിവാറുകാരെ കണ്ടുപഠിക്കിന്‍. തരംകിട്ടിയാല്‍ അമ്പതുപള്ളികത്തിക്കുക, ആയിരം വീട്‌ ചാരമാക്കുക, പാസ്റ്റര്‍മാരെയും കന്യാസ്‌ത്രീകളെയും ചുട്ടുകൊല്ലുക, കൃസ്‌ത്യാനികളെ ഒന്നടങ്കം കാട്ടിലേക്ക്‌ അടിച്ചോടിക്കുക, നിര്‍ബന്ധിച്ച്‌ മതംമാറ്റിക്കുക തുടങ്ങിയ എന്തെല്ലാം താരതമ്യേന നിരുപദ്രവമായ ടെക്‌നിക്കുകളുണ്ട്‌. അതിലേതെങ്കിലും ചിലത്‌ ഇവിടെ പ്രയോഗിച്ചുകൂടേ ? എല്ലാംകൂടി ഒന്നിച്ചുവേണമെന്നില്ല. ഓരോന്നോരോന്നുമതി. കൃത്യമായ ഷെഡ്യൂള്‍ പവ്വത്തില്‍പിതാവ്‌ ഉണ്ടാക്കിത്തരും. താല്‌പര്യമുണ്ടെങ്കില്‍ അറിയിച്ചാല്‍ മതി.

******
രാഷ്‌ട്രീയപാര്‍ട്ടികള്‍ വ്യവസായം തുടങ്ങുന്നത്‌ ശരിയല്ലെന്ന്‌ കേന്ദ്രമന്ത്രി വയലാര്‍ രവി.
അത്യാര്‍ത്തിയാണ്‌ സേര്‍. രാഷ്‌ട്രീയമുള്ളപ്പോള്‍ എന്തിന്‌ വേറെ വ്യവസായം ? നമ്മളെ കണ്ടുപഠിക്കട്ടെ.

No comments:

Post a comment