Thursday, 21 February 2013

തള്ളാനും കൊള്ളാനും വയ്യ


ഇ.എം.എസ്സിനെ കുറ്റംപറയാനൊക്കില്ല. ഓരോ ഏര്‍പ്പാട് തുടങ്ങിവെക്കുമ്പോള്‍ അവ കാലക്രമേണ എന്തായി രൂപാന്തരപ്പെടും എന്നറിയുന്നതിനുള്ള ദിവ്യദൃഷ്ടിയൊന്നും അദ്ദേഹത്തിനുമില്ലല്ലോ. ചെറുതായി തുടങ്ങിവെക്കുന്ന ചില സംഗതികള്‍ മഹാപ്രസ്ഥാനങ്ങളായി മാറാം. ചിലവ ഭാവിയില്‍ മഹാദ്രോഹങ്ങളുമാകാം. അറുപത്തേഴിലെ ഇ.എം.എസ്സിന്റെ ഭരണകാലത്ത് തുടക്കമിട്ട രണ്ടു സംഗതികള്‍ കാരണം-ഒന്ന് മദ്യം, രണ്ട് ലോട്ടറി- കേരളീയര്‍ക്കിപ്പോള്‍ നില്‍ക്കക്കള്ളിയില്ലാതായിട്ടുണ്ട്. മനസ്സമാധാനത്തോടെ ഭരിക്കാന്‍ വയ്യ. കൊള്ളാനും വയ്യ തള്ളാനും വയ്യ. തുപ്പാനും വയ്യ വിഴുങ്ങാനും വയ്യ.

അറുപത്തേഴില്‍ ഇ.എം.എസ്സാണ് ലോട്ടറിയും മദ്യവും കണ്ടുപിടിച്ചതെന്നല്ല ആരോപിക്കുന്നത്. കോഴിയാണോ മുട്ടയാണോ ആദ്യം ഉണ്ടായതെന്ന ചോദ്യം പോലെ മദ്യമാണോ മനുഷ്യനാണോ ആദ്യമുണ്ടായതെന്ന് പറയാന്‍ പറ്റാത്ത അവസ്ഥയുണ്ട്. ചൂതാണ് ലോട്ടറിയുടെ ഒറിജിനല്‍ രൂപം. ചൂതിനും മദ്യത്തോളം പ്രായം കാണണം. അറുപത്തേഴിനു മുമ്പും രണ്ടും കുടില്‍വ്യവസായങ്ങളായി കേരളത്തിലുണ്ട്. സ്വകാര്യമേഖലയില്‍ പാത്തും പതുങ്ങിയും നടത്തിപ്പോന്ന സംഗതികള്‍. അറുപത്തേഴില്‍ സര്‍ക്കാര്‍ ദേശസാത്കരിച്ച് പൊതുമേഖലയിലാക്കിയെന്നേ ഉള്ളൂ. അതിനു മുമ്പ് കേരളത്തില്‍ പാതി സ്ഥലത്ത് മദ്യനിരോധനമുണ്ടായിരുന്നു.

സപ്തകക്ഷി മന്ത്രിസഭ അധികാരത്തില്‍ വന്ന് ഒരു മാസത്തിനകം ചെയ്ത പ്രധാനകാര്യം മദ്യനിരോധനം എടുത്തുകളയലായിരുന്നു. വൈകാതെ ലോട്ടറി സര്‍ക്കാര്‍ വകയാക്കി. സര്‍വോദയക്കാരും മറ്റും എതിര്‍ത്തു. ലോകം അവസാനിക്കുംവരെ മനുഷ്യര്‍ മദ്യം കഴിച്ചുകൊണ്ടിരിക്കുകയും സര്‍വോദയക്കാര്‍ എതിര്‍ത്തുകൊണ്ടിരിക്കുകയും ചെയ്യുമല്ലോ. മദ്യത്തോടും ലോട്ടറി എന്ന ചൂതാട്ടത്തോടും വിശ്വാസപരമായ എതിര്‍പ്പൊന്നും കമ്യൂണിസ്റ്റുകാര്‍ക്കില്ല. അതുള്ള മുസ്‌ലിം ലീഗുകാരുണ്ടായിരുന്നു ആ മന്ത്രിസഭയില്‍. മദ്യനിരോധം പിന്‍വലിക്കുന്നതിനെ അനുകൂലിക്കില്ലെന്ന് ബാഫഖി തങ്ങള്‍ പലവട്ടം പറഞ്ഞുകൊണ്ടേ യിരുന്നെങ്കിലും \'67 ഏപ്രില്‍ 26-ന് മന്ത്രിസഭായോഗം മദ്യനിരോധനം അവസാനിപ്പിക്കാന്‍ തീരുമാനമെടുക്കുമ്പോള്‍ സി.എച്ച്. മുഹമ്മദ്‌കോയയും എ.പി.എം. അഹമ്മദ്കുരിക്കളും ചെവി പൊത്തുകയും കണ്ണടയ്ക്കുകയും ചെയ്തിട്ടുണ്ടാകണം. പാപം കാണാനും കേള്‍ക്കാനും പാടില്ലാത്തതുകൊണ്ടാണത്.
ഇ.എം.എസ്സും മുഹമ്മദ് കോയയും ധനമന്ത്രി മഹാ സോഷ്യലിസ്റ്റ് പി.കെ. കുഞ്ഞുമൊന്നും തങ്ങളുടെ പണി ഇത്ര വലിയ ശാശ്വത ദ്രോഹമാകുമെന്നൊന്നും ഓര്‍ത്തിരിക്കില്ല. മനുഷ്യര്‍ വല്ലപ്പോഴും ഒരുകുപ്പി കള്ളോ രണ്ടു പെഗ്ഗോ നൂറുമില്ലിയോ കുടിച്ചാനന്ദിച്ചോട്ടെ എന്നൊരു സദ്‌വിചാരമേ അവര്‍ക്കുണ്ടായിക്കാണൂ. അത്രയും കഴിച്ചെന്നു വെച്ച് കുടുംബം കുളംതോണ്ടുമെന്ന് കരുതാനാവുമോ? മാസത്തിലൊരിക്കല്‍ നറുക്കെടുപ്പ് നടക്കുന്ന ലോട്ടറിയുടെ ഒന്നോ രണ്ടോ ടിക്കറ്റെടുത്താല്‍ എന്താണ് പ്രശ്‌നം? ഒരു പ്രശ്‌നവുമില്ലെന്നു മാത്രമല്ല, വലിയ മനസ്സമാധാനവുമായിരുന്നു. ടിക്കറ്റ് ഒന്നെടുത്താല്‍മതി, ലക്ഷം രൂപ സമ്മാനം കിട്ടുന്നത് സ്വപ്നം കണ്ട് നറുക്കെടുപ്പു വരെ തൊഴിലാളിവര്‍ഗത്തിനു സുഖമായി ഉറങ്ങാം. 'ഒരു രൂപ നോട്ടുകൊടുത്താല്‍ ഒരു ലക്ഷം കൂടെപ്പോരും' എന്നായിരുന്നു അക്കാലത്തെ സിനിമാപ്പാട്ട്. മറ്റവനെ മോന്തിയാല്‍ ആ രാത്രിയേ സുഖനിദ്ര കിട്ടൂ. ഇതങ്ങനെയല്ല. ഒരു നറുക്കെടുപ്പു കഴിഞ്ഞാല്‍ അടുത്തതിന്റെ ടിക്കറ്റ് എടുക്കണം. അതങ്ങനെ തുടര്‍ന്നുകൊണ്ടേയിരിക്കാം. സര്‍ക്കാറിനു ബജറ്റ്കമ്മി കുറയ്ക്കാം. തൊഴിലില്ലായ്മയ്ക്ക് ശമനവും കിട്ടും.
ക്രമേണയാണ് മദ്യവും ലോട്ടറിയും പരിധിവിട്ടത്. ഇപ്പോള്‍ കോടിയിലാണ് എല്ലാ കണക്കും. ഓണത്തിനിത്ര കോടി, വിഷുവിന് ഇത്ര, ക്രിസ്മസിന് ഇത്ര, ഹര്‍ത്താല്‍ തലേന്ന് ഇത്ര.... കള്ളുകച്ചവടം പൊതുമേഖലയിലായതിനുശേഷമാണ് കൃത്യമായ കണക്കുകള്‍ കിട്ടാന്‍ തുടങ്ങിയത്. കോടിയുടെ കണക്ക് കേട്ട് ജനങ്ങളുടെ കണ്ണുതള്ളാറുണ്ടെങ്കിലും സര്‍ക്കാറിനു സന്തോഷമേ ഉള്ളൂ. കുടുംബം കുളം തോണ്ടുന്നതിന്റെ അനുപാതത്തില്‍ സര്‍ക്കാര്‍ ഖജനാവില്‍ നോട്ട് കുന്നുകൂടും. മദ്യവില കൂട്ടിയാല്‍ മദ്യപാനം അത്രയും കുറയും എന്ന് സിദ്ധാന്തം പറഞ്ഞാണ് സര്‍ക്കാര്‍ മദ്യത്തിന്റെ നികുതി കുത്തനെ കയറ്റിത്തുടങ്ങിയത്. അതൊരു തന്ത്രമാണെന്ന് പിന്നെ മനസ്സിലായി. വില കുറവാണെങ്കില്‍ ഭാര്യയുടെ മോതിരം പണയംവെച്ചാല്‍ മതിയായിരുന്നു. വില കൂടിയശേഷം മാലയും പണയംവെക്കണം-അത്രയേ ഉള്ളൂ വ്യത്യാസം. ചാരായം നിര്‍ത്തി എല്ലാം വിദേശിയാക്കിയശേഷം ഇപ്പോഴാരും ഭാര്യയുടെ മാലയൊന്നും പണയംവെക്കാറില്ല. മാല ബലമായി കൊണ്ടുപോയി വില്‍ക്കാറേ ഉള്ളൂ. പണ്ടത്തിനും പണ്ടാരത്തിനുമൊക്കെ മുടിഞ്ഞ വിലയാ...

ലോട്ടറിക്കച്ചവടവുമായി താരതമ്യപ്പെടുത്തുമ്പോള്‍ മദ്യക്കച്ചവടം എത്ര മാന്യം. കുടിച്ച സാധനത്തിനു ഗുണം ഇല്ലെന്ന് പരാതി ഇതുവരെ ആരും പറഞ്ഞുകേട്ടിട്ടില്ല. ലക്ഷം പേര്‍ കുടിച്ചാല്‍ ലക്ഷം പേര്‍ക്കും തൃപ്തി ഗാരന്റി ചെയ്യുന്ന നേരും നെറിയുമുള്ള ഏര്‍പ്പാടാണത്. തൃപ്തി കിട്ടാന്‍ സേവിക്കേണ്ട അളവിന് ഏറ്റക്കുറച്ചിലുണ്ടാവുമെന്നേ ഉള്ളൂ. മറ്റേത് അങ്ങനെയല്ല. കോടിപ്പേര്‍ ടിക്കറ്റെടുത്താല്‍ 99,99,990 പേര്‍ക്കും അതൃപ്തിയാണ് ഫലം. കച്ചവടത്തിലെ നേര് കൂടിക്കൂടി വന്നിട്ടിപ്പോള്‍, ടിക്കറ്റെടുക്കുന്ന കോടിപ്പേരില്‍ ഒരാള്‍ക്കും സമ്മാനം കിട്ടില്ലെന്ന അവസ്ഥയാണുള്ളത്. രണ്ടു പെഗ് കഴിച്ച് ഉറങ്ങിയിരുന്നവന് എല്ലാകാലത്തും അത്രയും കൊണ്ട് തൃപ്തിയാകില്ലെന്നതുപോലെയാണ് ലോട്ടറിയുടെയും സ്ഥിതി. മാസത്തില്‍ ഒരു ടിക്കറ്റെടുത്താലൊന്നും ഉറക്കം സുഖമാകില്ല. ദിവസവും ഓരോ ടിക്കറ്റ് വീതം എടുക്കുന്ന സമ്പ്രദായം കാലഹരണപ്പെട്ടു. കടം വാങ്ങിയ പണംകൊണ്ട് ദിവസവും ആയിരം-രണ്ടായിരം രൂപയുടെ ടിക്കറ്റ് എടുക്കുന്നവര്‍ കേരളത്തിലുണ്ടത്രെ. ആത്മഹത്യയ്ക്ക് പിന്നെ വലിയ കാലതാമസമില്ല.

ജനത്തിന് വ്യാജക്കള്ളോ വ്യാജലോട്ടറിയോ എന്തും വാങ്ങാം. ആരാണ് അത് ഉണ്ടാക്കുന്നത്, വില്‍ക്കുന്നത് എന്നൊന്നും നോക്കേണ്ട ബാധ്യത വാങ്ങുന്നവനില്ല. പാര്‍ട്ടികള്‍ക്ക് അതുപോരല്ലോ. ടിക്കറ്റ് വിറ്റ വകയില്‍ പതിനായിരത്തിലേറെ കോടി രൂപ വര്‍ഷം തോറും കേരളത്തില്‍നിന്ന് കടത്തിക്കൊണ്ടുപോകുന്നുണ്ട് പലരും. അവരെ കണ്ടുപിടിച്ച് പാര്‍ട്ടിക്കുള്ള വിഹിതം സംഭാവനയായും ബോണ്ടായും കോഴയായും വാങ്ങിയില്ലെങ്കില്‍ ജനാധിപത്യത്തിന്റെ കഥ കഴിയും. അക്കാര്യത്തില്‍ നമ്മളൊരു വീഴ്ചയും വരുത്തില്ല.
ഇനി ചില പരിഹാരകര്‍മങ്ങള്‍ കൂടിയേ ചെയ്യാനുള്ളൂ. മദ്യം, സിഗററ്റ് എന്നിവയ്ക്കുമേല്‍ സാധനം ആരോഗ്യത്തിനു ഹാനികരം എന്നെഴുതുന്നതുപോലെ ലോട്ടറി ടിക്കറ്റുകള്‍ക്കു മേലെയും ചില മുന്നറിയിപ്പുകള്‍ എഴുതി വെക്കേണ്ടതുണ്ട്. ലോട്ടറി ടിക്കറ്റ് വാങ്ങിയതുകൊണ്ടൊന്നും ആര്‍ക്കും സമ്മാനം കിട്ടണമെന്നില്ല എന്നെഴുതിവെച്ചാല്‍ ജനത്തിനു പിന്നെ പരിഭവിക്കാന്‍ വകുപ്പുണ്ടാവില്ലല്ലോ. മദ്യപരസ്യം പോലെ ലോട്ടറി പരസ്യവും നിരോധിച്ചാല്‍ ചില ചാനലുകാരുടെയും മാധ്യമശിങ്കങ്ങളുടെയും ഹുങ്ക് അടങ്ങിക്കൊള്ളും. മദ്യവും സിഗററ്റും എന്ന പോലെ ലോട്ടറി ടിക്കറ്റും സിനിമയില്‍ കാണിക്കരുതെന്ന് സര്‍വകക്ഷി നിവേദനം കേന്ദ്രസര്‍ക്കാറിനുനല്‍കുകയാണെങ്കില്‍ ഫലം ചെയ്‌തേക്കും. ആമയെ ചുടുമ്പോള്‍ മലര്‍ത്തിച്ചുടണമെന്ന് പറയാനല്ലേ നമുക്കുപറ്റൂ.

** ** **

ഊരാക്കുടുക്ക് എന്ന് കേട്ടിട്ടേയുള്ളൂ. ഇതാണ് സാധനമെന്ന് കേരളസര്‍ക്കാര്‍ അഭിമുഖീകരിക്കുന്ന കുടുക്കുകള്‍ കാണുമ്പോഴാണ് മനസ്സിലാകുന്നത്. കുടുക്കുകളുടെ എണ്ണവും കാഠിന്യവും വര്‍ഷംതോറും വര്‍ധിപ്പിക്കുന്നതില്‍ സര്‍ക്കാര്‍ വിജയിച്ചിട്ടുണ്ട്. ഭരണമേറ്റെടുത്തപ്പോള്‍ കൈയില്‍ വന്നുപെട്ട കുടുക്കുകളെല്ലാം പൂര്‍വാധികം വലിയ കുടുക്കുകളാക്കി അടുത്ത മന്ത്രിസഭയെ ഏല്പിക്കാനാവുമെന്ന് ഉറപ്പായിട്ടുണ്ട്. ഏതെങ്കിലുമൊന്ന് നിവര്‍ത്തിയെന്നോ ഏതില്‍നിന്നെങ്കിലും തലയൂരിക്കളഞ്ഞെന്നോ കുറ്റപ്പെടുത്താന്‍ ആര്‍ക്കുമാവില്ല.
തനിക്കു ലഭിച്ച ചെറിയ ഊരാക്കുടുക്കിനെ എല്ലാ കഴിവും ഉപയോഗിച്ച് പരിപോഷിപ്പിച്ച് ആജീവനാന്ത ഊരാക്കുടുക്കാക്കിയതിനുള്ള ബഹുമതി സ്വാശ്രയ ഊരാക്കുടുക്ക് വകുപ്പ് മന്ത്രി എം.എ. ബേബിക്ക് അവകാശപ്പെട്ടതാണ്. സ്മാര്‍ട്ട്‌സിറ്റി ഊരാക്കുടുക്ക്, മൂന്നാര്‍ ഊരാക്കുടുക്ക് തുടങ്ങിയവ തൊട്ടുപിറകെ വരും. വെറും നാമമാത്ര കുടുക്ക് ആയിരുന്ന ലോട്ടറിയെ പൂര്‍ണരൂപ ഊരാക്കുടുക്കാക്കിയതിലും മന്ത്രിസഭയുടെ പ്രതിഭ തിളങ്ങിക്കാണുന്നുണ്ട്. നേരത്തേ ഇല്ലാതിരുന്ന കണ്ടല്‍പ്പാര്‍ക്ക്, ഇരിണാവ്, കിനാലൂര്‍, വയനാട് ഭൂമി തുടങ്ങിയ ചെറുകിട ഊരാക്കുടുക്കുകള്‍ വേറെ അസംഖ്യം. അവശേഷിക്കുന്ന ചുരുങ്ങിയ കാലത്തിനിടെ പരമാവധി ഊരാക്കുടുക്കുകള്‍ നിര്‍മിച്ച് പിന്‍ഗാമികള്‍ക്ക് കൈമാറാന്‍ ശ്രമിക്കുന്നതാണ്.

No comments:

Post a comment