കമ്യുണിസ്റ്റ്‌ പാര്‍ട്ടികളില്‍ സംഭവിച്ചത്‌


പന്ത്രണ്ട്‌ വര്‍ഷം മുമ്പ്‌ - 1995 ഏപ്രിലില്‍- സി.പി.എമ്മിന്റെ പതിനഞ്ചാം കോണ്‍ഗ്രസ്‌ ചണ്ഡീഗഡില്‍ നടന്നുകൊണ്ടിരിക്കെ, സമ്മേളനത്തിലെ ചര്‍ച്ചകളും തീരുമാനങ്ങളും അവലോകനം ചെയ്യുന്ന ഡയറി താത്വികാചാര്യനായ ഇ.എം.എസ്‌ ദിവസവും ദേശാഭിമാനിയില്‍ എഴുതിയിരുന്നു. സമ്മേളനം പ്രമേയങ്ങളും റിപ്പോര്‍ട്ടുകളും തിരഞ്ഞെടുപ്പുമെല്ലാം ഏകകണ്‌്‌ഠമായാണ്‌ അംഗീകരിച്ചതെങ്കിലും കേരളത്തിലെ പാര്‍ട്ടിയില്‍ ചില കാര്യങ്ങളിലും വോട്ടെടുപ്പ്‌ വേണ്ടിവന്നത്‌ എന്തുകൊണ്ട്‌ എന്ന്‌ അദ്ദേഹം സ്വയം ചോദിക്കുകയും ഉത്തരം കണ്ടെത്തുകയും ചെയ്യുന്നുണ്ട്‌. ഭാരവാഹികളുടെ തിരഞ്ഞെടുപ്പിലാണ്‌ വോട്ടെടുപ്പ്‌ വേണ്ടിവന്നത്‌. നയസമീപനം സംബന്ധിച്ച രേഖകള്‍ ഏകകണ്‌ഠമായാണ്‌ അംഗീകരിച്ചത്‌. 'കേരളത്തിലെ പാര്‍ട്ടിയില്‍ ഐക്യം പുന:സ്ഥാപിക്കാനുള്ള പ്രവര്‍ത്തനം സുഗമമായി നടക്കുമെന്ന വ്യാമോഹം പുലര്‍ത്തിക്കൂടാ' എന്ന്‌ ഇ.എം.എസ്‌ ഡയറിക്കുറിപ്പുകളിലൊന്നില്‍ മുന്നറിയിപ്പ്‌ നല്‍കുന്നുണ്ട്‌. അദ്ദേഹത്തിന്റെ മുന്നറിയിപ്പും പ്രവചനവും എത്ര ശരിയായിരുന്നു എന്ന്‌ ഇന്ന്‌ നമുക്ക്‌ ബോധ്യമുണ്ട്‌.

പാര്‍ട്ടിയിലെ ഗ്രൂപ്പിസം കുറഞ്ഞുവോ വര്‍ദ്ധിച്ചുവോ എന്നതല്ല, ഇവിടെ ചര്‍ച്ച ചെയ്യാനുദ്ദേശിച്ച വിഷയം. എന്ത്‌ കൊണ്ട്‌ ഗ്രൂപ്പിസവും മൂല്യത്തകര്‍ച്ചയും എന്ന്‌ ഇപ്പോഴും ചര്‍ച്ചചെയ്യപ്പെടുന്നില്ല. എന്നാല്‍ അതിലേക്ക്‌ ഇ.എം.എസ്‌ അന്നുതന്നെ മനസ്സുവെച്ചിരുന്നു. സംഘടനാറിപ്പോര്‍ട്ടിന്മേലുള്ള ചര്‍ച്ച ഉപസംഹരിച്ചുകൊണ്ട്‌ പാര്‍ട്ടി സെക്രട്ടറി ഹര്‍കിഷന്‍സിങ്ങ്‌ സുര്‍ജിത്‌ ചെയ്‌ത പ്രസംഗത്തില്‍ നിന്ന്‌ ഉദ്ധരിച്ചുകൊണ്ട്‌ ഇ.എം.എസ്‌ മുഖ്യമായ ഒരു പ്രശ്‌നത്തിലേക്ക്‌ ശ്രദ്ധ ക്ഷണിക്കുകയുണ്ടായി. അത്‌ അതേപടി എടുത്തുചേര്‍ക്കേണ്ടത്‌ ആവശ്യമാണ്‌ എന്ന്‌ തോന്നുന്നു.
"നമ്മുടെ പാര്‍ട്ടിയുടെ ചരിത്രത്തില്‍ ആദ്യഘട്ടത്തില്‍ വിപ്ലവം ആസന്നമാണെന്ന വിലയിരുത്തലാണ്‌ നമുക്കുണ്ടായിരുന്നത്‌. ആ കാഴ്‌ചപ്പാടോടെ ത്യാഗപൂര്‍ണമായി പ്രവര്‍ത്തിക്കാന്‍ നമ്മുടെ സഖാക്കള്‍ തയ്യാറായിരുന്നു. എന്നാല്‍, ഇന്നത്തെ സാഹചര്യം വിലയിരുത്തുമ്പോള്‍ താരതമ്യേന സുദീര്‍ഘമായ ദ#39;രു പ്രക്രിയയാണ്‌ വിപ്ലവം എന്ന്‌ നാം കാണുന്നു. അതുകൊണ്ട്‌ ആ കാലത്തെന്ന പോലെ ഇന്ന്‌ ത്യാഗപൂര്‍വം പ്രവര്‍ത്തിക്കാന്‍ പാര്‍ട്ടിസഖാക്കള്‍ തയ്യാറില്ല. ഇതിന്റെ ഫലമായി സഖാക്കളുടെ പ്രവര്‍ത്തനശൈലിയിലും ജീവിതരീതിയിലുമെല്ലാം മാറ്റം വരാന്‍ തുടങ്ങിയിട്ടുണ്ട്‌. പാര്‍ട്ടി മെമ്പര്‍മാര്‍ നടപ്പാക്കേണ്ട കമ്യൂണിസ്റ്റ്‌ ധാര്‍മികമുല്യങ്ങള്‍ പ്രവര്‍ത്തിയില്‍ വരുത്തുന്നതില്‍ കാര്യമായ ദൗര്‍ബല്യങ്ങള്‍ വന്നിട്ടുണ്ട്‌."
1995 ല്‍ ഈ സമ്മേളനവും പ്രസംഗവും നടക്കുമ്പോള്‍ ലോകത്തിലെ ആറിലൊന്നു രാജ്യങ്ങളില്‍ ഉണ്ടായിരുന്ന കമ്യൂണിസ്റ്റ്‌്‌ ഭരണം രണ്ടോ മൂന്നോ രാജ്യങ്ങളിലായി ചുരുങ്ങിയിട്ട്‌ വര്‍ഷം അഞ്ചുകഴിഞ്ഞിരുന്നു. തൊണ്ണൂറോടെതന്നെ സോവിയറ്റ്‌ യൂണിയനിലും കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളിലും കമ്യൂണിസ്റ്റ്‌ ഭരണം മാത്രമല്ല, കമ്യൂണിസ്റ്റ്‌ പാര്‍ട്ടികള്‍ തന്നെ ഇല്ലാതായി. അവശേഷിച്ച ചൈനയിലും വിയറ്റ്‌നാമിലും ക്യൂബയിലും ഉത്തരകൊറിയയിലും കമ്യൂണിസ്റ്റ്‌ പാര്‍ട്ടികള്‍ ഭരണത്തില്‍ തുടര്‍ന്നുവെങ്കിലും ഭരണപരിപാടി കമ്യൂണിസം സ്ഥാപിക്കലല്ലാതായിക്കഴിഞ്ഞിരുന്നു. ഇന്ന്‌ കമ്യൂണിസം സ്ഥാപിക്കാന്‍ വേണ്ടിയുള്ള ഭരണം നടക്കുന്ന ദരു രാജ്യവും ലോകത്തില്ല. കമ്യൂണിസം സ്ഥാപിക്കാന്‍ വേണ്ടി തങ്ങളെ ഭരണത്തിലേറ്റണം എന്ന ആവശ്യവുമായി ജനങ്ങളെ സമീപിക്കുന്ന കമ്യൂണിസ്റ്റ്‌ പാര്‍ട്ടികള്‍ പോലും ഇല്ലാതായിട്ടുണ്ട്‌. സി.പി.എം ഉള്‍പ്പെടെ ഇന്ത്യയിലെ ദ#39;രു മുഖ്യധാരാ കമ്യൂണിസ്‌റ്റ്‌ പാര്‍ട്ടിയും ഇന്ന്‌ ആ ലക്ഷ്യത്തിന്‌ വേണ്ടി പ്രവര്‍ത്തിക്കുന്നില്ല.
അത്തരമൊരു അവസ്ഥയില്‍ നേരത്തെ സുര്‍ജിതും ഇ.എം.എസ്സും പറഞ്ഞ 'സഖാക്കളുടെ പ്രവര്‍ത്തനശൈലിയിലും ജീവിതരീതിയിലുമല്ലാം' വരാന്‍ തുടങ്ങിയ മാറ്റം ഇന്ന്‌ എവിടെയെത്തിയിട്ടുണ്ടാകണം ? അത്‌ കണ്ടെത്താന്‍ അകലെയൊന്നും പോകേണ്ട. അബ്‌കാരിയായ മണിച്ചനില്‍ നിന്നും ലോട്ടറി മാഫിയത്തലവനായ സാന്റിയാഗോ മാര്‍ട്ടിനില്‍ നിന്നും കിഡ്‌നി ഫൗണ്ടേഷന്‍ കുംഭകോണം ഫെയിം ഫാരീസില്‍ നിന്നും ബോണ്ടോ സംഭാവനയോ സ്‌പോണ്‍സര്‍ഷിപ്പോ ആയി ഒട്ടും മടികൂടാതെ പണം വാങ്ങാനും വാങ്ങിയതിനെ ന്യായീകരിക്കാനും കഴിയുന്നേടത്തേക്ക്‌ പാര്‍ട്ടി നേതാക്കള്‍ 'വളര്‍ന്നു' എന്നതാണ്‌ ഈ രംഗത്തുണ്ടായ വികാസം.

ലോകകമ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിന്റെ ഭാഗമാണെങ്കിലും സംഘടനാപരമായി മറ്റു രാജ്യങ്ങളിലെ പാര്‍ട്ടികളുമായി സി.പി.ഐ.ക്കോ സി.പി.എമ്മിനോ ഇപ്പോള്‍ കെട്ടുപാടുകളില്ല. സോവിയറ്റ്‌ തകര്‍ച്ചയെത്തുടര്‍ന്ന്‌ ലോകമെമ്പാടും കമ്യൂണിസ്റ്റ്‌ പാര്‍ട്ടികള്‍ക്കേറ്റ കനത്ത തിരിച്ചടി പലേടത്തും പാര്‍ട്ടിയെത്തന്നെ ഇല്ലാതാക്കിയിരുന്നു. പല രാജ്യങ്ങളിലും പാര്‍ട്ടിയുടെ പേരുമാറ്റി. ലക്ഷ്യവും പരിപാടിയും മാറ്റാത്ത ഒരു മുഖ്യധാരാ കമ്യൂണിസ്‌റ്റ്‌ പാര്‍ട്ടിയും ലോകത്തില്ല എന്ന്‌ തന്നെ പറയാം. ഇന്ത്യയിലെ രണ്ട്‌ മുഖ്യ കമ്യൂണിസ്റ്റ്‌ പാര്‍ട്ടികളും പരിപാടിയിലും മാര്‍ഗങ്ങളിലും ലക്ഷ്യങ്ങളിലും മാറ്റം വരുത്തുകയുണ്ടായി. ഒന്നും മാറിയിട്ടില്ലെന്ന്‌ നടിക്കാനാണ്‌ അവര്‍ വെമ്പാറുള്ളതെങ്കിലും അവര്‍ക്കറിയാം എല്ലാം മാറിക്കഴിഞ്ഞുവെന്ന്‌. നല്ലതിനായാലും മോശത്തിനായാലും ഇന്ത്യയില്‍ സവിശേഷമായ ഒരു സാഹചര്യം നിലനില്‍ക്കുന്നുണ്ട്‌. കാര്യമായ തകര്‍ച്ച ഇന്ത്യയിലെ കമ്യൂണിസ്‌റ്റ്‌ പാര്‍ട്ടികള്‍ക്കുണ്ടായിട്ടില്ല. തൊണ്ണൂറുകള്‍ക്ക്‌ മുമ്പ്‌ എത്ര ശക്തമായിരുന്നോ, അല്ലെങ്കില്‍ എത്ര ദുര്‍ബലമായിരുന്നോ എത്രയും ശക്തമോ ദുര്‍ബലമോ ആണ്‌ രണ്ട്‌ മുഖ്യ കമ്യൂണിസ്റ്റ്‌ പാര്‍ട്ടികളും. അപ്രതീക്ഷിതമെന്ന്‌ പറയട്ടെ, സായുധവിപ്ലവത്തിന്റെ മാര്‍ഗം അവലംബിക്കുന്ന മാവോയിസ്റ്റ്‌- നക്‌സലൈറ്റ്‌ പാര്‍ട്ടികളുടെ സ്വാധീനം വര്‍ദ്ധിച്ചിട്ടേ ഉള്ളൂ. ബിഹാര്‍,ജാര്‍ഖണ്ട്‌, ഒറീസ്സ, ആന്ധ്ര സംസ്ഥാനങ്ങളിലെ പല ജില്ലകളും അവരുടെ നിയന്ത്രണത്തിലാണ്‌. അവരുടെ സ്വാധീനം വര്‍ദ്ധിക്കുകയാണ്‌, കുറയുകയല്ല. രണ്ടുവര്‍ഷം മുമ്പ്‌ ലോകത്തിലെ ഏറ്റവും ശക്തമായ വിപ്ലവപാര്‍ട്ടി-യഥാര്‍ഥത്തില്‍ സായുധസമരം നടത്തുന്ന പാര്‍ട്ടി- നേപ്പാളിലേതായിരുന്നു. അവരിപ്പോള്‍ നേപ്പാള്‍ പാര്‍ലമെന്റില്‍ അടങ്ങിയൊതുങ്ങിയിരിക്കുകയാണെന്ന വാര്‍ത്ത ബിഹാര്‍, ആന്ധ്ര കുഗ്രാമങ്ങളില്‍ ഇപ്പോഴും എത്തിയിരിക്കാനിടയില്ല.

പ്രത്യയശാസ്‌ത്രപരമായ അടിത്തറ നഷ്ടപ്പെട്ടിട്ടും ഇന്ത്യയില്‍ മുഖ്യ കമ്യൂണിസ്റ്റ്‌ പാര്‍ട്ടികളുടെ സംഘടനാപരമായ അടിത്തറ നഷ്ടപ്പെട്ടില്ല എന്നതാണ്‌ സത്യം. ശാക്തികരാഷ്ട്രീയത്തില്‍ തത്ത്വശാസ്‌ത്രത്തിന്‌ വലിയ പ്രാധാന്യമില്ല എന്ന്‌ നേരത്തെതന്നെ തെളിയിക്കപ്പെട്ടതാണ്‌. മിച്ചമൂല്യസിദ്ധാന്തവും വര്‍ഗസിദ്ധാന്തവും പറഞ്ഞാല്‍ കിട്ടുന്നതിലേറെ അനുയായികളെ വെറുതെ ചെഗുവേരയുടെ വര്‍ണചിത്രമുള്ള ബനിയനിട്ട്‌ നടന്നാല്‍ ആകര്‍ഷിക്കാനാവുമെന്ന്‌ കേരളത്തിലെ കോളേജുകളില്‍ എസ്‌.എഫ്‌.ഐ തെളിയിച്ചുകഴിഞ്ഞതാണ്‌. ചെഗുവേര പൊരുതുകയും രക്തസാക്ഷിയാവുകയും ചെയ്‌ത കാലത്ത്‌ ഒരു കോളേജിലും കെ.എസ്‌.എഫിന്‌ പത്ത്‌ പെണ്‍കുട്ടികളെക്കൂട്ടി ജാഥ നടത്തുവാന്‍ കഴിഞ്ഞിരുന്നില്ല. പാര്‍ട്ടിയുടെ ശക്തി കൂട്ടാനുള്ള നടപടികള്‍ സദാ ചര്‍ച്ച ചെയ്യുന്നവര്‍ , നേരത്തെ ഇ.എം.എസ്സും സൂര്‍ജിത്തും പറഞ്ഞ ' സഖാക്കളുടെ പ്രവര്‍ത്തനശൈലിയിലും ജീവിതരീതിയിലുമല്ലാം വരാന്‍ തുടങ്ങിയ മാറ്റം' തടയാന്‍ പാര്‍ട്ടി എന്ത്‌ നടപടിയാണ്‌ സ്വീകരിച്ചത്‌ എന്ന്‌ പരിശോധിക്കപ്പെട്ടിട്ടില്ല.

പന്ത്രണ്ട്‌ വര്‍ഷം മുമ്പ്‌ ഇ.എം.എസ്‌ ചോദിച്ച ചോദ്യം പിന്നീട്‌ ആവര്‍ത്തിക്കപ്പെടുക പോലും ഉണ്ടായില്ല. പ്രത്യയശാസ്‌ത്രവും ലക്ഷ്യവും മാര്‍ഗവും ഉള്ള കാലത്ത്‌ പാര്‍ട്ടി ധാര്‍മികമൂല്യങ്ങള്‍ക്ക്‌ വലിയ പ്രാധാന്യം കല്‍പ്പിക്കേണ്ട കാര്യമില്ല. ഗാന്ധിജിയുടെ സ്വാധീനത്തില്‍ നിന്ന്‌്‌ വിടുതല്‍ നേടിയ കമ്യൂണിസ്റ്റുകാര്‍ ആരുംതന്നെ ഗാന്ധിജിയുടെ ധാര്‍മികസ്വാധീനത്തില്‍ നിന്ന്‌ പുറത്തേക്ക്‌ പോയിരുന്നില്ല. ഇ.എം.എസ്സും എ.കെ.ജി.യും മറ്റും ഗാന്ധിജിയെ തള്ളിപ്പറഞ്ഞിരിക്കാം. പക്ഷേ, അവര്‍ ഗാന്ധിയന്‍ 'പ്രവര്‍ത്തനശൈലിയും ജീവിതരീതിയും ' തുടരുകയായിരുന്നു. എന്നാല്‍ മൂല്യങ്ങളില്‍ ഊന്നാനോ മാതൃകകള്‍ ഉയര്‍ത്തിപ്പിടിക്കാനോ അവര്‍ ശ്രമിക്കാതിരുന്നത്‌ കൊണ്ട്‌ ജീവിതശൈലി പ്രധാനമാണ്‌ എന്ന ചിന്ത പാര്‍ട്ടിയിലേക്ക്‌ കടന്നുവന്ന പുതിയ തലമുറയ്‌ക്ക്‌ ഉണ്ടായതേ ഇല്ല. ഇന്നത്തെ ജീര്‍ണതയുടെ അടിസ്ഥാനം ഈ വ്യതിയാനമാണ്‌ എന്ന്‌ പറയാവുന്നതാണ്‌. ഗാന്ധിസത്തില്‍ നിന്ന്‌ ആദ്യവും മാര്‍ക്‌സിസത്തില്‍ നിന്ന്‌ പിന്നീടും മോചനം നേടിയ കമ്യൂണിസ്റ്റ്‌ പാര്‍ട്ടിയെ ഇപ്പോള്‍ മന്നോട്ട്‌ നയിക്കുന്നത്‌ എന്ത്‌ ദര്‍ശനമാണ്‌ ?

ഉല്‍പ്പാദനത്തിന്റെ ഉടമസ്ഥതയിലും ഉല്‍പ്പന്നങ്ങളുടെ വിതരണത്തിലും ഊന്നിയ പ്രത്യയശാസ്‌ത്രത്തിന്റെ ഭൗതികതലമാണ്‌ ഗാന്ധിയന്‍ ജീവിതം നയിക്കുമ്പോഴും ഇ.എം.എസ്സും അനുയായികളിലെത്തിച്ചത്‌. പലപ്പോഴും വ്യക്തിജീവിതത്തിലെ മൂല്യബോധം അപ്രധാനമാണ്‌ എന്ന ആശയം പ്രചരിപ്പിക്കാന്‍ പോലും അദ്ദേഹം മുതിര്‍ന്നു. ചിന്താ വാരികയില്‍ ഒരു അനുയായിയുടെ ചോദ്യത്തിന്‌ മറുപടിയായി അദ്ദേഹം എഴുതി. " പാര്‍ട്ടിമെമ്പര്‍മാരുടെ വ്യക്തിപരമായ ജീവിതവും അവരുടെ പ്രവര്‍ത്തനവും തമ്മില്‍ നേരിട്ട്‌ ബന്ധമില്ല. വ്യക്തിജീവിതം സാമൂഹ്യയാഥാര്‍ഥ്യത്തിന്റെ ഭാഗമാണ്‌. അതനുസരിച്ച്‌ ജീവിതം നയിക്കുമ്പോള്‍ തന്നെ പാര്‍ട്ടിനിര്‍ദ്ദേശമനുസരിച്ച്‌ പ്രവര്‍ത്തിക്കാനാണ്‌ പാര്‍ട്ടിമെമ്പര്‍ക്ക്‌ ബാധ്യതയുള്ളത്‌ " .

മുതലാളിത്ത സമൂഹത്തിന്റെ ഭാഗമായ എല്ലാ ദൂഷ്ടുകളുടെയും പങ്കുപറ്റിയാലും വിരോധമില്ല, പാര്‍ട്ടി പറയുന്നത്‌ അനുസരിക്കുകയും പാര്‍ട്ടിക്ക്‌ വേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്‌താല്‍ മതി എന്ന തെറ്റായ സന്ദേശം ഇത്തരം ആശയപ്രകാശനത്തിലൂടെ ഉണ്ടായിട്ടുണ്ട്‌. ബൂര്‍ഷ്വാസമൂഹത്തില്‍ രാഷ്ട്രീയപ്രവര്‍ത്തനം നടത്തുമ്പോള്‍ എന്ത്‌ തരം മൂല്യവ്യവസ്ഥയെ ആണ്‌ നിങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുകയെന്നത്‌ ഗൗരവമുള്ള ചോദ്യമാണ്‌. ഇ.എം.എസ്‌ ഉള്‍പ്പെടെയുള്ള പാര്‍ട്ടി സൈദ്ധാന്തികര്‍ ആ ചോദ്യത്തിന്‌ കൃത്യമായ ഉത്തരം പറയുകയുണ്ടായില്ല. പാര്‍ട്ടിക്ക്‌ ചീത്തപ്പേര്‌ ഉണ്ടാക്കരുത്‌ എന്ന്‌ മാത്രമാണ്‌ പലപ്പോഴും പറയാറുള്ളത്‌. ചിലപ്പോഴെല്ലാം അനാശാസ്യപ്രവര്‍ത്തനങ്ങളുടെ പേരില്‍ നടപടിയെടുക്കുമ്പോള്‍ കാരണമായി പറയാറുള്ളത്‌ പാര്‍ട്ടിക്ക്‌ ചീത്തപ്പേരുണ്ടാക്കി എന്നാണ്‌. അപ്പോള്‍ ശരിയായ കാര്യത്തിന്‌ ഉപയോഗിക്കുകയാണെങ്കില്‍ തെറ്റായ വ്യക്തികളില്‍ നിന്ന്‌ പണം വാങ്ങുന്നത്‌ തെറ്റല്ല എന്ന്‌ പറയാന്‍ മടിയുണ്ടാവുകയില്ല. ഗാന്ധിജി പോലും അങ്ങനെ ചെയ്‌തിട്ടുണ്ട്‌ എന്ന്‌ ന്യായീകരിക്കാനും കഴിയും. തീര്‍ച്ചയായും ഏത്‌ കളങ്കിതവ്യക്തിയില്‍ നിന്നും ഗാന്ധിജിക്ക്‌ പണം വാങ്ങാന്‍ പറ്റുമായിരുന്നു. അത്‌ ഗാന്ധിജിക്ക്‌ മാത്രം പറ്റുന്നതുമായിരുന്നു. നമ്മുടെ കാലഘട്ടത്തില്‍ സംസ്ഥാനഭരണം കയ്യാളുന്നവര്‍ ലോട്ടറിത്തട്ടിപ്പുകാരില്‍നിന്നും കുറ്റവാളികളില്‍ നിന്നും പണം വാങ്ങുകയും, ഗാന്ധിജി ചെയ്‌തതാണ്‌ തങ്ങളും ചെയ്യുന്നത്‌ എന്ന്‌ പറയാന്‍ ധൈര്യപ്പെടുകയും ചെയ്യുമ്പോള്‍ കാര്യങ്ങള്‍ അവിശ്വസനീയമായ പതനത്തില്‍ എത്തി എന്ന്‌ മനസ്സിലാക്കാം. എന്നിട്ടും, വൃത്തികെട്ട കൈകളില്‍ നിന്ന്‌ പണം വാങ്ങരുത്‌ എന്ന്‌ 2002 സപ്‌തമ്പറില്‍ സി.പി.എം നേതൃത്വം പാര്‍ട്ടി ഘടകങ്ങള്‍ക്ക്‌ ലിഖിതമായ നിര്‍ദ്ദേശം നല്‍കിയതെന്ത്‌ കൊണ്ട്‌ എന്ന ചോദ്യമുണ്ട്‌. തിരുവനന്തപുരത്ത്‌ മദ്യക്കച്ചവടക്കാരില്‍ നിന്ന്‌ പാര്‍ട്ടിനേതാക്കള്‍ വ്യക്തിപരമായി തുടര്‍ച്ചയായി പണം വാങ്ങിയെന്ന്‌ തെളിയിക്കപ്പെട്ടതിന്‌ ശേഷമായിരുന്നു ഇത്‌. കൃത്യമായ ഒരു പെരുമാറ്റച്ചട്ടമായി ഇത്‌ രൂപപ്പെട്ടില്ല. പാര്‍ട്ടിയുടെ സല്‍കീര്‍ത്തി നിലനിര്‍ത്താനുള്ള ഒരു രക്ഷാപ്രവര്‍ത്തനം മാത്രമായി ഇത്‌ അവശേഷിച്ചു എന്നാണ്‌ സമീപകാല മാര്‍ട്ടിന്‍-ഫാരിസ്‌-വേണുഗോപാല്‍ സംഭവങ്ങള്‍ തെളിയിക്കുന്നത്‌.

മാര്‍ട്ടിന്‍ - ഫാരീസ്‌ സംഭവങ്ങളില്‍ ജീര്‍ണതയൊട്ടും ഇല്ലെന്നും മാധ്യമങ്ങള്‍ വെറുതെ ദൂരൂഹതകള്‍ ഉണ്ടാക്കുകയാണെന്നും മണിച്ചന്‍- വേണുഗോപാല്‍ സംഭവങ്ങള്‍ ഒറ്റപ്പെട്ടവയാണെന്നും അവയില്‍ ഉചിതമായ നടപടി സ്വീകരിച്ചതുകൊണ്ട്‌ ആ അധ്യായങ്ങള്‍ അവസാനിച്ചുവെന്നും ബോധ്യപ്പെടുത്താന്‍ പാര്‍ട്ടിനേതൃത്വം ശ്രമിക്കുന്നുണ്ട്‌. നേതൃത്വത്തിലുള്ളവര്‍ക്ക്‌ സ്വയം ബോധ്യപ്പെടാത്തതാണ്‌ ഈ സംഗതികള്‍ എന്ന്‌ പാര്‍ട്ടിപ്രവര്‍ത്തകര്‍ക്കും പൊതുജനങ്ങള്‍ക്കും അറിയാം. പക്ഷേ, നേതൃത്വത്തെ കുറ്റപ്പെടുത്താനാവില്ല. മുന്‍കാലത്തൊന്നും ഇല്ലാത്ത ജീര്‍ണത പാര്‍ട്ടിയിലുണ്ടെന്ന്‌ സമ്മതിക്കാന്‍ സി.പി.എം എന്നല്ല ഒരു പാര്‍ട്ടിയും നമ്മുടെ നാട്ടില്‍ തയ്യാറാവുകയില്ല. പാര്‍ട്ടിയെ മാത്രം, അല്ലെങ്കില്‍ പാര്‍ട്ടികളെ മാത്രം ബാധിച്ചിരിക്കുന്ന കാര്യമല്ല ഇത്‌. പച്ചയായ മുതലാളിത്തത്തിനും അതിന്റെ ആഗോളക്കോയ്‌മക്കും മനസ്സുകൊണ്ട്‌ വഴങ്ങിക്കഴിഞ്ഞ എല്ലാ പ്രസ്ഥാനങ്ങളിലും സ്ഥാപനങ്ങളിലും ഈ ജീര്‍ണത ഉണ്ടാകുന്നുണ്ട്‌. എല്ലാവര്‍ക്കും നേരെ വിരല്‍ചൂണ്ടുന്ന മാധ്യമങ്ങളും ഇക്കാര്യത്തില്‍ രാഷ്ട്രീയപ്രസ്ഥാനങ്ങളുടെ ഒട്ടും പിന്നിലല്ലതന്നെ. ഒരു രാഷ്ട്രീയപ്രസ്ഥാനവും കമ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തേക്കാള്‍ ഭേദപ്പെട്ട അവസ്ഥയിലുമല്ല.

തൊണ്ണൂറുകളില്‍ നേരിട്ട അപചയം കമ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തില്‍ എന്തെല്ലാം മാറ്റങ്ങള്‍ വരുത്തി എന്നറിയാന്‍ നമുക്കു സുപരിചിതരായ രണ്ടു നേതാക്കളുടെ ജീവിതപരിണാമം സൂക്ഷ്‌മമായി നിരീക്ഷിച്ചാല്‍ മതിയാകും. ഒടുവിലത്തെ സി.പി.എം മുഖ്യമന്ത്രി ഇ.കെ.നായനാരും ഇപ്പോഴത്തെ മുഖ്യമന്ത്രി വി.എസ്‌. അച്യൂതാനന്ദനുമാണ്‌ ആ നേതാക്കള്‍. മുക്കാല്‍ നൂറ്റാണ്ടിന്റെ പോരാട്ട പാരമ്പര്യമുള്ളവരാണ്‌ രണ്ടു പേരും. ഇവര്‍ പാര്‍ട്ടിയുടെ ധ്രൂവീകരണത്തിന്റെ പ്രതീകങ്ങളായിട്ടുണ്ട്‌. രണ്ടാം വട്ടവും മൂന്നാംവട്ടവും നായനാര്‍ മുഖ്യമന്ത്രിയായത്‌ വളഞ്ഞ വഴിയില്‍ കൂടിയായിരുന്നു. കമ്യൂണിസ്റ്റ്‌ രാഷ്ട്രീയത്തില്‍ പോലും അതത്ര അപൂര്‍വമല്ല. രണ്ടാം വട്ടം മുഖ്യമന്ത്രിയായപ്പോള്‍ നാലുവര്‍ഷത്തെ ഭരണം പൂര്‍ത്തിയായ ഘട്ടത്തില്‍ എളുപ്പമൊരു തിരഞ്ഞെടുപ്പു നടത്തി അടുത്ത അഞ്ചു വര്‍ഷത്തെ ഭരണവും കൈയില്‍ വെക്കാമെന്ന മോഹത്തില്‍ നിയമസഭ പിരിച്ചുവിട്ടതും മന്ത്രിസ്ഥാനമോഹത്തോടെ മുമ്പൊന്നുമില്ലാത്ത രീതിയില്‍ പാര്‍ട്ടി സെക്രട്ടേറിയറ്റ്‌ ഒന്നടങ്കം മത്സരിക്കാന്‍ പുറപ്പെട്ടതും നേതൃത്വ ജീര്‍ണതയുടെ ഉത്തമോദാഹരണമായി പാര്‍ട്ടിതന്നെ പരോക്ഷമായി അംഗീകരിച്ചിരുന്നതാണ്‌. ഏറ്റവും ഒടുവില്‍ മുഖ്യമന്ത്രിയായ ഇ.കെ.നായനാര്‍ എങ്ങനെ ആ കാലം കഴിച്ചുകൂട്ടിയെന്ന്‌ അന്ന്‌ അധികം പേര്‍ ശ്രദ്ധിച്ചിരുന്നില്ല. മുന്‍കാലങ്ങളില്‍ ഗൗരവപൂര്‍വം ഭരണം കൈകാര്യം ചെയ്യാറുണ്ടായിരുന്ന നായനാര്‍ അവസാനത്തെ അഞ്ചുവര്‍ഷക്കാലം ഒരു ടെലിവിഷന്‍ കോമെഡിയന്‍ ആകാനും ജീവിതത്തിലെ എല്ലാ മൂല്യങ്ങളും വലിച്ചെറിഞ്ഞ്‌ വാര്‍ദ്ധക്യം ആസ്വദിക്കാനുമാണ്‌ തീരുമാനിച്ചത്‌. ഭരണം സില്‍ബന്ധികള്‍ക്ക്‌ വിട്ടുകൊടുക്കുകയും അവര്‍ കാണിച്ചുകൊടുക്കുന്ന ഫയലുകളിലെല്ലാം ഉറക്കംതൂങ്ങി ഒപ്പിട്ടുകൊടുക്കുകയും ചെയ്‌തുപോന്നു. സി.പി.എം നേതൃത്വത്തിലുള്ള ഒരു ഭരണത്തിന്‌ എത്രത്തോളം അധ:പതിക്കാമോ അത്രത്തോളം നായനാര്‍ ഭരണം അധ:പതിച്ചു. നായനാര്‍ ഭരണത്തിന്റെ ചെയ്‌തികളാണ്‌ അടുത്ത അഞ്ചുവര്‍ഷക്കാലത്തെ യു.ഡി.എഫ്‌ ഭരണകാലത്ത്‌ സി.പി.എമ്മിനെ പ്രതിക്കൂട്ടിലാക്കിയത്‌ എന്ന്‌ പറയേണ്ടതില്ലല്ലോ. യഥാര്‍ഥത്തില്‍ , ഇ.എം.എസ്‌ പറഞ്ഞ 'വിപ്ലവം അകലെയാണ്‌, നമ്മളെന്തിന്‌ വെറുതെ കഷ്ടപ്പെടുന്നു, ഉള്ള സമയം സുഖിക്കുക തന്നെ' എന്ന പുതിയ ചിന്താഗതിയുടെ ആദ്യത്തെ പ്രകടമായ ഉദാഹരണമായിരുന്ന ഇ.കെ.നായനാര്‍.

അന്നുവരെയുള്ള ദുഷ്‌കൃത്യങ്ങളിലെല്ലാം അറിഞ്ഞും അറിയാതെയുമുള്ള പങ്കാളിത്തം അച്യൂതാനന്ദനുമുണ്ടായിരുന്നെങ്കിലും യു.ഡി.എഫ്‌ ഭരണത്തിലെ പ്രതിപക്ഷനേതാവിന്റെ റോള്‍ അദ്ദേഹത്തെ ആകമാനം മാറ്റിമറിക്കുകയായിരുന്നു. പ്രത്യയശാസ്‌ത്രത്തിന്റെ തകര്‍ച്ച നായനാരെ ഒരു ഫ്യൂഡല്‍കാരണവരുടെ റോളിലേക്കാണ്‌ പരിവര്‍ത്തനപ്പെടുത്തിയതെങ്കില്‍ വി.സ്സിനെ അത്‌ ഗാന്ധിസത്തിന്റെയും ക്ലാസിക്കല്‍ മാര്‍ക്‌സിസത്തിന്റെയും പോരാട്ടമൂല്യങ്ങളിലേക്ക്‌ തിരിച്ചുകൊണ്ടുപോയി. കേരളം ഇത്രയേറെ പ്രതീക്ഷയോടെ മറ്റൊരു നേതാവിനെ ഉറ്റുനോക്കിയ ചരിത്രമില്ല. പാര്‍ട്ടിക്കകത്തും പുറത്തും അദ്ദേഹം മൂല്യങ്ങള്‍ക്ക്‌ വേണ്ടിപോരാടുകയാണ്‌ എന്ന്‌ ജനങ്ങള്‍ക്കും ബോധ്യമായിട്ടുണ്ട്‌.

അച്യൂതാനന്ദന്‍ ഭാവിയെക്കുറിച്ച്‌ പ്രതീക്ഷകള്‍ നല്‍കുന്നില്ല. അദ്ദേഹം ഉയര്‍ത്തിപ്പിടിക്കുന്ന മൂല്യങ്ങള്‍ ജനങ്ങളുടെ ആത്മവിശ്വാസമുയര്‍ത്തുന്നതാണ്‌ എങ്കിലും കമ്യൂണിസ്റ്റ്‌പ്രസ്ഥാനത്തിന്റെ യാഥാസ്ഥിതികമുഖത്തെയാണ്‌ വി.എസ്‌ പ്രതിനിധാനം ചെയ്യുന്നത്‌ എന്ന യാഥാര്‍ഥ്യം വിസ്‌മരിച്ചുകൂടാ. ലോകത്തെങ്ങും അസ്‌തമിച്ചുകഴിഞ്ഞ പഴയ മാര്‍ക്‌സിസത്തിന്റെ ഒറ്റമൂലികളുമായി പുതിയകാലത്തിന്റെ ഒരു പ്രശ്‌നത്തിനും പരിഹാരം കാണാന്‍ കഴിയുകയില്ലതന്നെ. കമ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിന്‌ പുതിയ കാലത്തും പ്രസക്തിയുണ്ട്‌. ജനാധിപത്യത്തിന്റെയും മതേതരത്വത്തിന്റെയും സാമൂഹ്യനീതിയുടെയും രംഗത്ത്‌ കമ്യൂണിസ്റ്റ്‌പാര്‍ട്ടികള്‍ക്ക്‌ വിലപ്പെട്ട സംഭാവനകള്‍ ചെയ്യാന്‍ കഴിയും. അതിനായി മാര്‍ക്‌സിസ്റ്റ്‌ പാര്‍ട്ടിക്ക്‌ എത്രത്തോളം മാറാന്‍ കഴിയും എന്നതാവും അവരുടെ മുന്നില്‍ ഇനി ഉയര്‍ന്നുവരുന്ന വെല്ലുവിളി.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

വര്‍ക്കിങ്ങ് ജേണലിസ്റ്റ് ആക്റ്റും വേജ് ബോര്‍ഡും ഇല്ലാതാക്കി

കേരള മാധ്യമങ്ങളുടെ ആറു പതിറ്റാണ്ട്

ഐ.വി ബാബു: നിലപാടുകളില്‍ ഉറപ്പ്, സ്‌നേഹത്തിന്റെ സമൃദ്ധി