Thursday, 21 February 2013

വികസന വ്യാമോഹം


അടി ഇരന്നുവാങ്ങുക എന്നൊരു നാടന്‍ശൈലിയുണ്ട്‌. അബ്ദുള്ളക്കുട്ടിയുടെ നാട്ടുകാരാണ്‌ അത്‌ അധികം പറഞ്ഞുകേള്‍ക്കാറുള്ളത്‌. സസ്‌പെന്‍ഷന്‍ ഇരന്നുവാങ്ങുകയെങ്ങനെ എന്ന്‌ അബ്ദുള്ളക്കുട്ടിയിപ്പോള്‍ നാട്ടുകാര്‍ക്ക്‌ കാട്ടിക്കൊടുത്തിരിക്കുന്നു. ഇരന്നത്‌ യഥാര്‍ഥത്തില്‍ സസ്‌പെന്‍ഷന്‍ ആയിരുന്നില്ല, ഡിസ്‌മിസല്‍ തന്നെയായിരുന്നു. പാര്‍ട്ടിയില്‍നിന്ന്‌ രാജിവെക്കുന്നു എന്നെഴുതിക്കൊടുത്താല്‍ അതുവാങ്ങി കീറിക്കളഞ്ഞശേഷം പാര്‍ട്ടിയില്‍നിന്ന്‌ പുറത്താക്കുന്നതാണ്‌ അംഗീകൃത കീഴ്‌വഴക്കം. അങ്ങനെയൊരു പാര്‍ട്ടി അബ്ദുള്ളക്കുട്ടിയെ സസ്‌പെന്റ്‌ ചെയ്‌തേ ഉള്ളൂ. എന്തൊരു കനിവ്‌.

വ്യവസായവികസനത്തിന്റെ കഥയെന്തായിരുന്നാലും ശരി, പാര്‍ട്ടിയുടെ ആശയതലത്തില്‍ ഭയങ്കരവികസനമാണുണ്ടാകുന്നത്‌. പണ്ടൊക്കെ സഖാക്കള്‍ മാതൃകയായി എടുത്തുകാട്ടിയിരുന്നത്‌ സോഷ്യലിസ്റ്റ്‌ വികസനമായിരുന്നു. സോവിയറ്റ്‌ സ്വര്‍ഗത്തിലെ വികസനം കാണാന്‍ കഴിഞ്ഞെങ്കിലെന്തുഭാഗ്യം എന്ന്‌ സ്വപ്‌നം കണ്ടുജീവിച്ചിരുന്നവരാണ്‌ അന്നത്തെ കവികള്‍പോലും. കുറെ എണ്ണത്തിനെ അങ്ങോട്ടുകൊണ്ടുപോയി സ്വര്‍ഗം കാട്ടിക്കൊടുത്തിട്ടുമുണ്ട്‌. സോവിയറ്റ്‌ സ്വപ്‌നലോകത്തില്‍നിന്ന്‌ നരേന്ദ്രമോഡിയുടെ ഗുജറാത്ത്‌ സ്വപ്‌നലോകത്തിലേക്ക്‌ മുമ്പൊരു കമ്യൂണിസ്‌റ്റുകാരനും ഇങ്ങനെ വികസിച്ചുകണ്ടിട്ടില്ല. ഗുജറാത്തിലെ വികസനം കേരളത്തിലുണ്ടാകണം എന്നാശിക്കുന്നത്‌ തലയ്‌ക്ക്‌ വെളിവില്ലാത്തതിന്റെ ലക്ഷണമാണത്രെ. എന്തുചെയ്യും പടച്ചോനേ...

വികസനം വേണമെന്ന്‌ പറഞ്ഞതൊക്കെ ശരി. അതിനുമാതൃകയായി കാട്ടാന്‍ ഗുജറാത്തല്ലാതെ വേറെ സ്ഥലമൊന്നും ഉണ്ടായിരുന്നില്ലേ എന്നാരും സംശയിച്ചുപോകും. മുപ്പതുവര്‍ഷമായി വികസനം വരുത്തുവാന്‍ കിണഞ്ഞുശ്രമിക്കുകയായിരുന്നു പ.ബംഗാളിലെ സഖാക്കള്‍. ജ്യോതിബസുവിന്‌ സോഷ്യലിസം വരുത്തിക്കളയാമെന്ന ചില്ലറ മോഹമൊക്കെ ഉണ്ടായിരുന്നു. സോഷ്യലിസം ലക്ഷ്യമേ അല്ലെന്ന്‌ ഇപ്പോഴത്തെ മുഖ്യന്‍ ബുദ്ധദേവന്‍ വ്യക്തമാക്കിയിട്ടുണ്ട്‌. വികസനമല്ലാതെ വേറൊരു പരിപാടിയും ബുദ്ധദേവനില്ല. ഇന്‍ഡൊനീഷ്യയില്‍ കമ്യൂണിസ്റ്റുകാരെ കൂട്ടക്കൊലചെയ്യാന്‍ കൂട്ടുനിന്ന സലീം കമ്പനിയെപ്പോലും കൊണ്ടുവരാന്‍ - ചീത്തപ്പേരുണ്ടാകുമെന്നറിഞ്ഞിട്ടും - ഭയന്നിട്ടില്ല ബുദ്ധന്‍. നന്ദിഗ്രാമില്‍ വികസനംകൊണ്ടിപ്പോള്‍ നില്‍ക്കക്കള്ളിയില്ലാതായിരിക്കുന്നു. അബ്ദുള്ളക്കുട്ടിക്ക്‌ എന്നിട്ടും ബംഗാള്‍ബുദ്ധനോടല്ല ഗുജറാത്ത്‌മോഡിയോടാണ്‌ പ്രിയം. കഷ്‌ടം.
കമ്യൂണിസ്റ്റുപാര്‍ട്ടിയാണ്‌ ചൈന ഭരിക്കുന്നതെന്ന്‌ നമുക്കേ അറിയൂ. അവിടത്തെ സഖാക്കള്‍ അക്കാര്യം എന്നോ മറന്നിരിക്കുന്നു. ആ തോതിലാണ്‌ അവിടത്തെ വികസനം. ലോകത്തിലെ മൂന്നാമത്തെ വലിയസാമ്പത്തികശക്തിയായ ജര്‍മനിയെ ചൈനയിപ്പോള്‍ പിറകിലാക്കിയിരിക്കുന്നു. ബഹുരാഷ്ട്രക്കുത്തകകള്‍ നേരെ ചൈനയിലാണത്രെ ചെന്നിറങ്ങുന്നത്‌. എത്രയെത്ര സഖാക്കളെ ചൈനയിലേക്ക്‌ കൊണ്ടുപോയിരിക്കുന്നു പാര്‍ട്ടി. ഇതെല്ലാമൊന്ന്‌ അബ്ദുള്ളക്കുട്ടിയെ കാട്ടിക്കൊടുത്തേക്കാം എന്ന്‌ ഇതുവരെ പാര്‍ട്ടിക്ക്‌ തോന്നിയില്ലല്ലോ. തോന്നിയിരുന്നെങ്കില്‍ ചൈനയാണ്‌ മാതൃക എന്നുപറയുമായിരുന്നു ഈ കുട്ടി. ധീരവിയറ്റ്‌നാമിലും കേരളത്തിലെത്തിയതിനേക്കാള്‍ മൂലധനം ഒഴുകിയെത്തിക്കാണണം. അങ്ങോട്ടെങ്കിലും കൊണ്ടുപോകാമായിരുന്നു. കാസ്‌ട്രോ ഒഴിഞ്ഞ ക്യൂബ പോലും ചൈനയുടെ നേര്‍ക്ക്‌ നോക്കുന്നതായി കേട്ടുതുടങ്ങിയിട്ടുണ്ട്‌. ഇതൊന്നും പാര്‍ട്ടി അബ്ദുള്ളക്കുട്ടിയെ പഠിപ്പിച്ചുകാണില്ല. എന്നിട്ടും ഇത്രയല്ലേ അബ്ദുള്ളക്കുട്ടി പറഞ്ഞുള്ളൂ എന്നുവേണം സമാധാനിക്കാന്‍.

ഈയിടെയായി മോഡിസ്‌തുതി എന്ന പകര്‍ച്ചവ്യാധി വ്യാപകമായിട്ടുണ്ട്‌. കാരണം മനസ്സിലാകുന്നില്ല. രാജ്യത്തെ വലിയ കുറെ വ്യവസായികള്‍ കഴിഞ്ഞ ദിവസം ഒരു സമ്മേളത്തില്‍ പ്രസംഗിച്ചത്‌ മോഡിയാണ്‌ അടുത്ത പ്രധാനമന്ത്രിയാകാന്‍ യോഗ്യന്‍ എന്നാണ്‌. മന്‍മോഹന്‍സിങ്ങിനേക്കാളും ചിദംബരത്തേക്കാളും യോഗ്യനാണ്‌ മോഡിഎന്ന്‌ അംബാനിമാരും ബിര്‍ളമാരും പറയുന്നുണ്ടെങ്കില്‍ അതൊരു അപകടമുന്നറിയിപ്പായിവേണം കാണാന്‍. ഗുജറാത്തിന്‌ വലിയ മേന്മയുണ്ടെന്നൊന്നും ലോകമുതലാളിത്തത്തിന്റെ ഒന്നാംനമ്പര്‍ സഹായികളായ ലോകബാങ്ക്‌ ഗവേഷകര്‍ക്ക്‌ തോന്നിയിട്ടില്ല. മോഡിയുടെ നാലഞ്ചുവര്‍ഷത്തെ ഭരണം കഴിഞ്ഞ ശേഷവും ഗുജറാത്ത്‌ മൂലധനസൗഹൃദസംസ്ഥാനങ്ങളുടെ റാങ്ക്‌ ലിസ്റ്റില്‍ പിറകിലായിരുന്നു. കര്‍ണാടകത്തിനു പിന്നില്‍ കേരളമാണ്‌ രണ്ടാം സ്ഥാനത്തെന്ന്‌ 2005 ലെ റിപ്പോര്‍ട്ടില്‍പറയുന്നുണ്ട്‌. സി.പി.എം. പ്രതിപക്ഷത്തിരിക്കുമ്പോള്‍ കേരളത്തിനുരണ്ടാം സ്ഥാനമുണ്ടായിരുന്നെങ്കില്‍ ഇന്ന്‌ ഒന്നാം സ്ഥാനം തന്നെയാവണം.
തലയുള്ളപ്പോള്‍ വാലിളകരുതെന്നത്‌ ഒരു കമ്യൂണിസ്റ്റ്‌ തത്ത്വം കൂടിയാണ്‌. താത്വികകിത്താബും പാര്‍ട്ടി ഭരണഘടനയും വായിച്ചാല്‍ അബ്ദുള്ളക്കുട്ടിക്കുപോലും മനസ്സിലാക്കാവുന്നതേ ഉള്ളൂ. നേരാംവണ്ണം വായിച്ചുപഠിക്കാഞ്ഞതിന്റെ കുഴപ്പമാണ്‌. ആരെയാണ്‌ വികസനത്തിന്‌ മാതൃകയാക്കേണ്ടത്‌, ബുദ്ധദേവന്റെ വഴിയോ ശരി അച്യുതാനന്ദന്റെ വഴിയോ, മുതലാളിത്തവികസനം വേണമോ സോഷ്യലിസ്റ്റ്‌ വികസനം വേണമോ, നാടന്‍കുത്തക വേണോ ബഹുരാഷ്ട്രകുത്തക വേണോ തുടങ്ങിയ അടിസ്ഥാനപ്രശ്‌നങ്ങള്‍ ചിന്തിക്കാന്‍ പാര്‍ട്ടിക്ക്‌ എ.കെ.ജി.സെന്ററില്‍ സംവിധാനമുണ്ട്‌. ഏരിയ കമ്മിറ്റിയംഗം ഏരിയാകമ്മിറ്റിയംഗത്തിന്റെ പണിചെയ്‌താല്‍മതിയാകും. വികസനത്തിനുവേണ്ടിയല്ലെങ്കില്‍ പിന്നെയെന്തിനുവേണ്ടിയാണ്‌ പിണറായി വിജയന്‍ പാടുപെടുന്നത്‌? എളമരം കരീം ഉറക്കമൊഴിക്കുന്നത്‌? അച്യുതാനന്ദന്‍ കഷ്‌ടപ്പെട്ട്‌ മുഖ്യമന്ത്രിക്കസേരയില്‍ പിടിച്ചുതൂങ്ങുന്നത്‌? അവര്‍ക്കൊന്നുമില്ലാത്ത വികസനപ്രേമം അബ്ദുള്ളക്കുട്ടിക്കല്ല, കുഞ്ഞാലിക്കുട്ടിക്കുപോലും ഉണ്ടാകാന്‍പാടില്ല. പാര്‍ലമെന്ററിവ്യാമോഹം എന്ന രോഗം ഇതിനുമുമ്പുതന്നെ ഒരുപാട്‌ സഖാക്കള്‍ക്കുണ്ടായതായി കണ്ടെത്തിയിട്ടുണ്ട്‌. ഇതാദ്യമായാണ്‌ ഒരാള്‍ക്ക്‌ പാര്‍ലമെന്ററിവ്യാമോഹത്തിനൊപ്പം വികസനവ്യാമോഹവും പിടിപെട്ടിരിക്കുന്നത്‌. ചില്ലറ ചികിത്സകൊണ്ടൊന്നും രോഗം മാറുമെന്നുതോന്നുന്നില്ല.

** ** ** **

വി കസനത്തിന്റെ കാര്യത്തില്‍ ജുഡീഷ്യറിയാണ്‌ ഇപ്പോഴും പിറകില്‍. നൂറ്റാണ്ടുകള്‍ക്കിടയില്‍ ആകെയുണ്ടായ ഒരു വികസനം ഹരജി കൊടുക്കുന്ന കാര്യത്തിലാണ്‌. പണ്ടൊക്കെ ഒരു രൂപയുടെ സ്റ്റാമ്പ്‌ കുറഞ്ഞാല്‍ ഹരജിയെടുത്തുവെളിയില്‍ കളയുമായിരുന്നു. ഇതിനാണ്‌ അന്യായം എന്നു പറയുന്നത്‌. ഇപ്പോള്‍ ഹരജിതന്നെ വേണ്ട. പോസ്റ്റ്‌കാര്‍ഡില്‍ എഴുതിയയച്ചാല്‍ മതി. ആളുകള്‍ ഇപ്പോള്‍ കാര്‍ഡ്‌ വാങ്ങുന്നത്‌ ഇതിനുവേണ്ടിയാണ്‌. ജുഡീഷ്യല്‍ ആക്‌റ്റിവിസം എന്നാണത്രെ ഇതിന്റെ പേര്‌.
ആ ഇനത്തില്‍പ്പെടുത്താവുന്ന മറ്റൊരു വലിയൊരു പരിഷ്‌കാരത്തിന്‌ കേരള ഹൈക്കോടതിയില്‍ തുടക്കം കുറിച്ചത്‌ ചില അരസികന്മാര്‍ ഇടപെട്ട്‌ മുടക്കിക്കളഞ്ഞതായി തോന്നുന്നു. വാദിഭാഗം വക്കീല്‍, പ്രതിഭാഗം വക്കീല്‍ എന്ന സംവിധാനമാണ്‌ എങ്ങുമുള്ളത്‌. അതിനുപകരം വാദിഭാഗം ജഡ്‌ജി, പ്രതിഭാഗം ജഡ്‌ജി എന്ന സംവിധാനം കൊണ്ടുവരാനുള്ള ശ്രമമാണ്‌ മേലെയുള്ളവര്‍ മുടക്കിക്കളഞ്ഞത്‌. വക്കീലന്മാര്‍ ഇതിനെ എതിര്‍ത്തത്‌ മനസ്സിലാക്കാം. അവര്‍ക്ക്‌ പണിയില്ലാതാകും എന്ന പേടികാണും. മറ്റുള്ളവര്‍ എന്തിനെതിര്‍ത്തു?
ഒരു ഭ്രാന്തന്‍ ആശയത്തെയും തള്ളിക്കളയരുതെന്ന്‌ ബര്‍ട്രാന്റ്‌ റസ്സല്‍ പറഞ്ഞിട്ടുണ്ട്‌. ഇന്നത്തെ എല്ലാ മഹത്‌ ആശയങ്ങളും ആദ്യം പ്രാന്തന്‍ ആശയങ്ങളാണെന്നേ തോന്നിയിട്ടുള്ളൂ എന്നതാണ്‌ അതിന്റെ ന്യായം.

** ** ** **

മ ദ്യം കഴിച്ചാല്‍ വര്‍ഗീയഭ്രാന്തുണ്ടാകുമോ ? ഉണ്ടെന്നോ ഇല്ലെന്നോ തെളിയിക്കാന്‍ തെളിവുകളൊന്നും ആരും ഇതുവരെ ഹാജരാക്കിയിട്ടില്ല. പക്ഷേ കോഴിക്കോട്ടെ ഭരണാധികാരികള്‍ക്ക്‌ എന്തോ രഹസ്യവിവരം ലഭിച്ചിട്ടുണ്ട്‌.
മാറാട്‌ കൂട്ടക്കൊലക്കേസ്സിന്റെ ഒന്നാം ഘട്ടവിധി, രണ്ടാംഘട്ട വിധി, പുതുവത്സരത്തലേന്ന്‌ തുടങ്ങിയ ദിവസങ്ങളിലെല്ലാം അധികൃതര്‍ കോഴിക്കോട്ട്‌ മദ്യം നിരോധിച്ചു. ജനത്തിന്റെ കാശ്‌ അത്രയും പോക്കറ്റില്‍കിടന്നുവെന്നത്‌ നല്ലകാര്യം. പൊതുജനത്തിന്‌ ശല്യം കുറഞ്ഞു, ആരോഗ്യത്തിനും നല്ലത്‌. പക്ഷേ, മദ്യത്തിനെതിരായിട്ടായാലും ഇല്ലാത്ത അപഖ്യാതി പറയുന്നത്‌ നന്നല്ല. മദ്യത്തിന്‌ നൂറുകുറ്റങ്ങളുണ്ടെന്നത്‌ സത്യം. പക്ഷേ, മദ്യത്തിന്‌ വര്‍ഗീയതയില്ല !
മാറാട്ട്‌ പോയി മനുഷ്യരെ വെട്ടിനിരത്തിയവര്‍ മദ്യപാനികളാണെന്ന്‌ കുറ്റപത്രത്തിലൊന്നും പറഞ്ഞിട്ടില്ല. കൂട്ടക്കൊല നടന്നശേഷം മദ്യം നിരോധിക്കാതിരുന്നിട്ടും എവിടെയും കലാപം പൊട്ടിപ്പുറപ്പെട്ടില്ല. ജീവപര്യന്തം തടവിന്‌ ശിക്ഷിക്കപ്പെട്ട 62 പേരില്‍ എത്ര മദ്യപന്മാരുണ്ട്‌ ? ഇന്ത്യയില്‍ നൂറു വര്‍ഗീയകലാപങ്ങളുണ്ടായിട്ടുണ്ട്‌. നൂറു അന്വേഷണറിപ്പോര്‍ട്ടുകളുമുണ്ടായിട്ടുണ്ട്‌. ഒന്നിലും മദ്യം പങ്കുവഹിച്ചതായി വിവരമില്ല.
മദ്യത്തിന്റെ ഭ്രാന്താണോ വര്‍ഗീയതയുടെ ഭ്രാന്താണോ കൂടുതല്‍ വിനാശകരം എന്നതിനെക്കുറിച്ച്‌ രണ്ടഭിപ്രായം കാണും. മതം തലയില്‍കേറിയാലുള്ള ഭ്രാന്ത്‌ മരണംവരെ ഒഴിഞ്ഞുപോകില്ല. മറ്റേത്‌ ഒന്നോ രണ്ടോ മണിക്കൂറേ നില്‍ക്കൂ. ഇന്ത്യ കണ്ടതില്‍വെച്ചേറ്റവും കിരാതമായ വര്‍ഗീയകലാപം ഗുജറാത്തിലേതായിരുന്നല്ലോ. മദ്യനിരോധനമുള്ള സംസ്ഥാനമല്ലേ ഗുജറാത്ത്‌ ?

No comments:

Post a comment