രണ്ടാം ക്ഷുഭിത യൗവനം


അഡൈ്വസ്‌ ആവശ്യമുള്ളവര്‍ അതുനല്‍കാന്‍പറ്റിയ ആളെ കണ്ടെത്തി ഉപദേശിയായി നിയമിക്കുകയാണ്‌ പതിവ്‌. ഉപദേശത്തിന്റെ എണ്ണം നോക്കിയോ ഗുണം നോക്കിയോ പ്രതിഫലം കൊടുക്കും, കാശായിട്ടോ നെല്ലായിട്ടോ. ഈ ഇടപാടിന്‌ ചില പെരുമാറ്റച്ചട്ടങ്ങളുണ്ട്‌. അതിലേറ്റവും പ്രധാനം ഉപദേശി ഉപദേശം നല്‍കിയ ശേഷം അവിടെ നില്‍ക്കാന്‍ പാടില്ല എന്നുള്ളതാണ്‌. ഉപദേശം സ്വീകരിക്കുന്നുണ്ടോ ചവറ്റുകൊട്ടയില്‍ കളയുന്നുണ്ടോ എന്നുനോക്കേണ്ടതില്ല. ഈ ചട്ടം ലംഘിച്ചാല്‍ ഉപദേശിപ്പണി അതോടെ അവസാനിക്കും.

ഇത്‌ സാദാ അഡൈ്വസറുടെ കാര്യം. സുപ്പീരിയര്‍ അഡൈ്വസര്‍ അങ്ങനെയല്ല. ചോദിച്ചാലും ഇല്ലെങ്കിലും, എവിടെ ഉപദേശത്തിന്റെ കുറവുണ്ടോ അവിടെ ചെന്ന്‌ ഉപദേശം യഥേഷ്ടം ചൊരിയും. പലരും വിനയം കൊണ്ടാവും ഉപദേശം ചോദിക്കാത്തത്‌. തന്നെ ഉപദേശിക്കാന്‍ യോഗ്യതയുള്ള ആരും ഭൂമിയിലില്ലെന്ന ധാരണ കൊണ്ടും ആവാം. രണ്ടായാലും ഉപദേശി ഉപദേശിയുടെ ധര്‍മം നിര്‍വഹിക്കും. നിയമന ഉത്തരവ്‌ കിട്ടാന്‍ കാത്തുനില്‍ക്കില്ല. ഉപദേശം കൊടുത്താല്‍ ഉടനെ സ്ഥലംവിടില്ല. ഉപദേശം അനുസരിക്കുന്നുണ്ടോ എന്നുനോക്കും. അനുസരിക്കുന്നില്ലെങ്കില്‍ ഉടനെ റോഡിലിറങ്ങി മൈക്ക്‌ പിടിച്ച്‌ ചീത്തവിളിക്കും. മിക്കപ്പോഴും സംസകൃതത്തിലാവും അത്‌. ചീത്തവിളിയും ഒരു സോദ്ദേശ സാഹിത്യമാണ്‌, നന്നാക്കലാണ്‌ അതിന്റെ ലക്ഷ്യം.

സാദാ ഇനം ഉപദേശികള്‍ കാക്കത്തൊള്ളായിരമുണ്ട്‌. സുപ്പീരിയര്‍ ഇനം ലക്ഷം മാനുഷരില്‍ ലക്ഷണമൊത്തത്‌ ഒന്നോ രണ്ടോ മാത്രം. കലികാലത്ത്‌ ഇവര്‍ക്ക്‌ വംശനാശം സംഭവിക്കും. ഒരു സംസ്ഥാനത്ത്‌ ഒന്നുമാത്രം എന്ന നില വരെയെത്തിയേക്കും. സംരക്ഷിത സസ്യ-ജീവജാലങ്ങളെയെന്ന പോലെ ഇവരെയും എന്തുവില കൊടുത്തും നില നിര്‍ത്തേണ്ടതായിട്ടുണ്ട്‌. ഇവരുടെ ഉപദേശം കൊണ്ട്‌ നന്നാവുക ഏതെങ്കിലും രാഷ്‌ട്രീയപാര്‍ട്ടിയോ അതിന്റെ സിക്രട്ടറിയോ മാത്രമല്ല. ലോകം മുഴുവനുമാണ്‌. ധര്‍മസംസ്ഥാപനാര്‍ഥമാണ്‌ ഇവര്‍ അവതരിക്കുന്നത്‌. സംഭവവാമി യുഗേ യുഗേ....

ഭാഗ്യവശാലോ നിര്‍ഭാഗ്യവശാലോ കേരളത്തില്‍ സുപ്പീരിയര്‍ ഉപദേശി ഗണത്തില്‍ പെടുത്താവുന്ന ഒരു സുകുമാര്‍ അഴീക്കോട്‌ മാത്രമേ ഉള്ളൂ. മുന്‍കാലത്ത്‌ കോണ്‍ഗ്രസ്‌ പ്രവര്‍ത്തനം, ഗാന്ധിയന്‍ പ്രചാരണം, അധ്യാപനം, സാഹിത്യരചന, നിരൂപണം തുടങ്ങിയ കൃത്യങ്ങള്‍ നിര്‍വഹിച്ചുപോന്നിട്ടുണ്ട്‌. അതെല്ലാം നിഷ്‌ഫലമാണെന്ന്‌ ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ പിന്നീടാണ്‌ മുഴുവന്‍ സമയ ഉപദേശി മാര്‍ഗത്തിലേക്ക്‌ നീങ്ങിയത്‌. മൂന്നുപതിറ്റാണ്ടായി രാവും പകലും അതേയുള്ളൂ ചിന്ത. അതൊരു തപസ്സാണ്‌. സാധാരണ മനുഷ്യര്‍ സ്വപ്‌നത്തില്‍പോലും ചെയ്യാന്‍ ധൈര്യപ്പെടാത്ത കൃത്യങ്ങള്‍ മനുഷ്യന്‍ ചെയ്‌തുപോകുക ഇത്തരം തപസ്സുകളുടെ മൂര്‍ദ്ധന്യത്തിലാണ്‌. സുകുമാര്‍ അഴീക്കോട്‌ സി.പി.എമ്മിന്റെ സുപ്പീരിയര്‍ ഉപദേശകനായി സ്വയം അവരോധിച്ചത്‌ അങ്ങനെയാണ്‌. സുപ്പീരിയര്‍ ഉപദേശകന്റെ ഉപദേശത്തിന്റെ ഫലമായാണോ പാര്‍ട്ടി ഇന്നത്തെ നിലയിലെത്തിയതെന്ന്‌ അഴീക്കോടും പറഞ്ഞിട്ടില്ല, പാര്‍ട്ടിയും പറഞ്ഞിട്ടില്ല. നമുക്ക്‌ ഊഹിക്കാനേ പറ്റൂ.

എന്തായാലും അച്യുതാനന്ദന്‌ നിയമസഭയിലേക്ക്‌ മത്സരിക്കാന്‍ ടിക്കറ്റ്‌ കിട്ടിയത്‌ അഴീക്കോടിന്റെ അടിയന്തര ഉപദേശം കൊണ്ടാണെന്ന്‌ വെളിവായിട്ടുണ്ട്‌. ടിക്കറ്റ്‌ കൊടുക്കണമെന്നാവശ്യപ്പെട്ട്‌ പ്രകാശ്‌ കാരാട്ടിന്‌ കമ്പിയടിക്കുകയല്ല, പത്രത്തില്‍ ലേഖനമെഴുതുകയാണ്‌ അഴീക്കോട്‌ ചെയ്‌തത്‌. പൊളിറ്റ്‌ ബ്യൂറോ യോഗം തുടങ്ങുമ്പോള്‍ ഇംഗ്‌ളീഷിലാക്കിയ ലേഖനം പൊളിറ്റ്‌്‌ബ്യൂറോക്രാറ്റുകളുടെ മേശപ്പുറത്തെത്തി. ഉടനെ അച്യുതാനന്ദന്‌ ടിക്കറ്റ്‌ തരായി. ഈ വിവരം അഴീക്കോട്‌ തന്നെയാണ്‌ നമ്മളോട്‌ പറഞ്ഞതെന്നതുകൊണ്ട്‌ അവിശ്വസിക്കേണ്ട കാര്യമില്ല.

ഉപദേശം സ്വീകരിക്കാതിരുന്നാല്‍ ഉപദേശി ക്ഷോഭിക്കും. സുപ്പീരിയര്‍ ഉപദേശിയുടേത്‌ സൂപ്പീരിയര്‍ ക്ഷോഭമായിരിക്കും. ക്ഷോഭിക്കുക എന്നത്‌ യൗവനത്തിന്റെ അവകാശമാണ്‌. നിത്യയൗവനവരം കിട്ടിയ ഭാഗ്യവാന്മാര്‍ക്ക്‌ നിത്യവും ക്ഷോഭിക്കാം. ക്ഷോഭം തീയാണ്‌. \"മനസ്സില്‍ ഭയങ്കരമായ ഫയര്‍ സൂക്ഷിക്കുന്ന ആളാണ്‌ \" അദ്ദേഹം എന്ന്‌ ഫയര്‍ സര്‍വ്വീസുകാര്‍ മുന്നറിയിപ്പ്‌ നല്‍കിട്ടുണ്ട്‌. പ്രസംഗം നടത്തുമ്പോള്‍ അകത്തെ അഗ്നി പുറത്തുചാടും. \" സെക്‌സ്‌ കൊണ്ടുണ്ടാവുന്നതിനേക്കാള്‍ വലിയ ആത്മനിര്‍വൃതിയാണ്‌ നല്ലൊരു പ്രസംഗം പൂര്‍ത്തിയാക്കുമ്പോള്‍ എനിക്ക്‌ ലഭിക്കുന്നത്‌ \"എന്നാണ്‌ മാതൃഭൂമി ആഴ്‌ചപ്പതിപ്പ്‌ അഭിമുഖത്തില്‍ അദ്ദേഹം തുറന്നുപറഞ്ഞിട്ടുള്ളത്‌. ദിവസവും നാലുപ്രസംഗം ചെയ്യുന്നതിന്റെ ഗുട്ടന്‍സ്‌ പിടികിട്ടിയല്ലോ. അതിനുള്ള വണ്ടിക്കൂലി ജനം കൊടുക്കുകയും ചെയ്യും. ഇതിലേറെ ഭാഗ്യം ചെയ്‌തൊരാള്‍ കേരളത്തില്‍ വേറെയില്ല.

ക്ഷോഭത്തിന്റെ കാര്യമാണല്ലോ പറഞ്ഞുവന്നത്‌. ഈ കാര്യത്തില്‍ അഴീക്കോടിനോട്‌ അടുത്തെങ്കിലും നില്‍ക്കാന്‍ അച്യുതാനന്ദനേ യോഗ്യതയുള്ളൂ. യു.ഡി.എഫ്‌ ഭരണകാലത്ത്‌ രണ്ടുപേരും കൂട്ടായാണ്‌ ക്ഷോഭിച്ചുപോന്നിരുന്നത്‌. ഭരണം മാറിയതോടെ രണ്ടാള്‍ക്കും അതിന്‌ ചാന്‍സ്‌ കിട്ടാതായി. മുഖ്യമന്ത്രിക്ക്‌ ഇടയ്‌ക്കെല്ലാം പാര്‍ട്ടി സിക്രട്ടറിയോട്‌ ക്ഷോഭിക്കാം. അഴീക്കോടിന്‌ അതുവയ്യ. പാര്‍ട്ടിയില്‍ വിഭാഗീയതയൊട്ടുമില്ല, ഭരണം കെങ്കേമമായി നടക്കുന്നുണ്ട്‌ എന്ന്‌ മാധ്യമങ്ങളെയും തദ്വാരാ ജനങ്ങളെയും ബോധ്യപ്പെടുത്തുന്നതിന്‌ ജനപ്രിയ ശരീരഭാഷ സ്വീകരിക്കാന്‍ പാര്‍ട്ടി നിര്‍ദ്ദേശിച്ചതുകൊണ്ട്‌ പത്രസമ്മേളനത്തില്‍ പൊട്ടിച്ചിരിക്കുക അച്യുതാനന്ദന്‍ പതിവാക്കിയിരുന്നതാണ്‌. പാര്‍ട്ടി തോറ്റുതുന്നംപാടിയപ്പോഴും ചിരിച്ചുപോയത്‌ അതുകൊണ്ടാണ്‌. ഇനി പാര്‍ട്ടി ജയിക്കുംവരെ മുഖ്യമന്ത്രി ചിരിക്കാന്‍ പാടില്ല എന്നൊരു തീരുമാനം പാര്‍ട്ടി സെക്രട്ടേറിയറ്റ്‌ എടുത്തിരുന്നുമില്ല. ഇതുവല്ലതുമുണ്ടോ അഴീക്കോട്‌ അറിയുന്നു.

പത്തറുപതുകൊല്ലമായി പാര്‍ട്ടിയുംകൊണ്ടുനടക്കുന്ന ആളാണ്‌ അച്യുതാനന്ദന്‍. നല്ല ഒരു നേതാവ്‌ എങ്ങനെ പെരുമാറണമെന്ന്‌ അച്യൂതാനന്ദനെ ഉപദേശിക്കാന്‍ അഴീക്കോട്‌ ധൈര്യപ്പെട്ടു. മൊല്ലാക്കയെ ഓത്തുപഠിപ്പിക്കുംപോലൊരു അതിസാഹസികതയാണെങ്കിലും സുപ്പീരിയര്‍ ഉപദേശിക്ക്‌ അത്‌ ചെയ്യാതിരിക്കാന്‍ പറ്റില്ല. അച്യുതാനന്ദന്‌ അതുകേട്ട്‌ ക്ഷോഭിക്കാതിരിക്കാനും പറ്റില്ല. ക്ഷുഭിതയൗവനങ്ങള്‍ക്ക്‌ നാം അനുവദിച്ചുകൊടുക്കേണ്ട ചില സ്വാതന്ത്ര്യങ്ങള്‍ തന്നെയാണ്‌ അവയെല്ലാം. ഒരു പ്രായംകഴിഞ്ഞാല്‍ മധ്യവയസ്‌, യൗവനം, ബാല്യം എന്നിവ റിവേഴ്‌സില്‍ വരുമത്രെ. ഇത്‌ രണ്ടാം യൗവനം. രണ്ടാം ക്ഷുഭിതയൗവനം എന്നും പറയാം. സഹിച്ചേ പറ്റൂ.
****
സംസ്ഥാന യൂത്ത്‌ കോണ്‍ഗ്രസ്സിന്റെ പ്രസിഡന്റ്‌ സ്ഥാനത്ത്‌ നിന്ന്‌ ടി.സിദ്ധിക്കിനെ നീക്കിയതോടെ സംഘടനയ്‌ക്ക്‌ കുറച്ച്‌ ജീവന്‍വെച്ചതിന്റെ സൂചനകള്‍ കാണുന്നുണ്ട്‌. പലേടത്തും പ്രകടനങ്ങള്‍ നടന്നു. കുറച്ചായി ഇതൊന്നും കാണാതെ ആളുകള്‍ വിഷമിച്ചിരിക്കുകയായിരുന്നു. സംഘടനയെ കര്‍മോത്സുകമാക്കുന്നതിനുള്ള രാഹുല്‍ ഗാന്ധിയുടെ ചില പുതിയ ട്രിക്കുകളില്‍ ഒന്നാവാം ഇത്‌.

പ്രശ്‌നമതല്ല. ദേശീയ നേതൃത്വത്തിന്റെ നടപടിമൂലം സംഘടനയുടെ ആഭ്യന്തര ജനാധിപത്യം താറുമാറാവുകയാണ്‌. സംസ്ഥാന യൂത്ത്‌ കോണ്‍ഗ്രസ്‌ പ്രസിഡന്റായി നിയമിക്കപ്പെട്ടാല്‍ ചുരുങ്ങിയത്‌ അഞ്ചാറുവര്‍ഷമെങ്കിലും അതുവഹിക്കുകയെന്നതാണ്‌ കീഴ്‌വഴക്കം. രണ്ടുകൊല്ലം തികയുമ്പോഴേക്ക്‌്‌ ഇതാ പുതിയ പ്രസിഡന്റിനെ നിയമിച്ചിരിക്കുന്നു. സംഘടനയില്‍ സ്ഥാനം വഹിക്കുന്നുവെന്ന കാരണം പറഞ്ഞ്‌ ലോക്‌സഭയിലേക്ക്‌ മത്സരിക്കാന്‍ ടിക്കറ്റും കൊടുത്തില്ല, ഇപ്പോഴിതാ സംഘടനയിലെ സ്ഥാനവുമില്ല. കൊടുംചതിതന്നെ.

ടാലന്റ്‌ ഹണ്ട്‌, എഴുത്തുപരീക്ഷ, ഇന്റര്‍വ്യു, നറുക്കെടുപ്പ്‌ തുടങ്ങിയ അത്യാധുനിക സങ്കേതങ്ങള്‍ ഉപയോഗപ്പെടുത്തിയാണിപ്പോള്‍ ഭാരവാഹികളെ നിശ്ചയിക്കുന്നത്‌. സിദ്ധിക്കിനെയും നിയമിച്ചത്‌ ഹൈക്കമാന്‍ഡാണ്‌ .നിയമിക്കുന്ന സംസ്‌കാരവും ഗ്രൂപ്പ്‌ പ്രതിഷേധപകടനത്തിന്റെ സംസ്‌കാരവും ഒന്നിച്ചുപോകില്ല. മേലെയുള്ളവരെ താഴെയുള്ളവര്‍ തിരഞ്ഞെടുക്കുന്നത്‌ പഴഞ്ചന്‍ മോഡലാണ്‌. പുത്തന്‍മോഡലില്‍ താഴെയുള്ളവരെ മേലെയുള്ളവര്‍ തിരഞ്ഞെടുക്കും. പി.എസ്‌.സി.യുടെ എല്‍.ഡി.ക്ലര്‍ക്ക്‌ റാങ്ക്‌ ലിസ്റ്റില്‍ പേരില്ലാത്തവര്‍ സംസ്ഥാനവ്യാപകമായി പ്രകടനം, റോഡ്‌തടയല്‍, ആറുമുതല്‍ ആറുവരെ ഹര്‍ത്താല്‍ തുടങ്ങിയവ നടത്താറില്ലല്ലോ. പിന്നെയെന്താണ്‌ യൂത്ത്‌ കോണ്‍ഗ്രസ്സില്‍ മാത്രം ഈ വിധം വേണ്ടാതീനങ്ങള്‍ ?

****
വോട്ട്‌ ചോര്‍ന്നതിന്റെ കാരണം കണ്ടെത്താന്‍ ബി.ജെ.പി.സംസ്ഥാനഭാരവാഹികള്‍ സംഘം സംഘമായി - ഗ്രൂപ്പ്‌ ഗ്രൂപ്പായല്ല- സംസ്ഥാനത്തെ 140 മണ്ഡലങ്ങളിലും പര്യടനം നടത്താന്‍ തീരുമാനിച്ചതായി റിപ്പോര്‍ട്ടുണ്ട്‌. വോട്ട്‌ ചോര്‍ന്ന വഴികള്‍ കണ്ടെത്തുകയാണ്‌ ഉദ്ദേശ്യം. ചോര്‍ച്ചയടക്കാനുള്ള കെമിക്കലും കരുതുമായിരിക്കും.

ദയനീയതോല്‍വിയുടെ കാരണങ്ങളെല്ലാം സംസ്ഥാനനേതൃത്വത്തിന്‌ പകല്‍വെളിച്ചം പോലെ മനസ്സിലായെന്നായിരുന്നു ആദ്യം കേട്ടിരുന്നത്‌. പിന്നെയെന്തിനാണ്‌ ഈ മഴക്കാലത്ത്‌ ഇങ്ങനെ 140 മണ്ഡലങ്ങളിലൂടെ സഞ്ചരിക്കുന്നതെന്ന്‌ മനസ്സിലാകുന്നില്ല.ഉള്‍നാടുകളിലാവും നല്ല സുഖചികിത്‌സാസൗകര്യങ്ങളുള്ളത്‌.

ഇടതുമുന്നണിയുടെ മുഴുവന്‍ അധാര്‍മികതകളും തുറന്നുകാട്ടിയത്‌ ബി.ജെ.പി.യാണെന്നും അതിന്റെ ഗുണം പക്ഷേ യു.ഡി.എഫ്‌ അടിച്ചെടുത്തുകളഞ്ഞെന്നുമാണ്‌ പാര്‍ട്ടി നിരീക്ഷകര്‍ പറയുന്നത്‌. കഴിഞ്ഞതവണ യു.ഡി.എഫിന്റെ അധാര്‍മികത പുറത്തുകൊണ്ടുവന്നതിന്റെ ഗുണം എല്‍.ഡി.എഫുകാര്‍ തട്ടിയെടുത്തു. ഇത്‌ മഹാകഷ്ടമാണ്‌. കേന്ദ്രത്തില്‍ കോണ്‍ഗ്രസ്സിന്റെ അധാര്‍മികത തുറന്നുകാട്ടിയത്‌ ബി.ജെ.പി.യും ഇടതുപക്ഷവും ഒപ്പമല്ലെങ്കിലും ഒപ്പത്തിനൊപ്പമാണ്‌. എന്നിട്ടും ദുഷ്ടജനം അവരെയാണ്‌ ജയിപ്പിച്ചത്‌. കേരളത്തില്‍ അത്രത്തോളം സംഭവിച്ചില്ലെന്നെങ്കിലും സമാധാനിക്കാം.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

വര്‍ക്കിങ്ങ് ജേണലിസ്റ്റ് ആക്റ്റും വേജ് ബോര്‍ഡും ഇല്ലാതാക്കി

കേരള മാധ്യമങ്ങളുടെ ആറു പതിറ്റാണ്ട്

ഐ.വി ബാബു: നിലപാടുകളില്‍ ഉറപ്പ്, സ്‌നേഹത്തിന്റെ സമൃദ്ധി