ജുഡീഷ്യറിയും മാധ്യമസ്വാതന്ത്ര്യവും


മാധ്യമങ്ങളെയും ജുഡീഷ്യറിയെയും പ്രതിയോഗികളായി കാണുന്നവരുണ്ടോ എന്നറിയില്ല. ജനാധിപത്യഘടനയെ താങ്ങിനിര്‍ത്തുന്ന തൂണുകളിലൊന്നായി കരുതുപ്പെടുന്ന സ്ഥാപനമാണ്‌ മാധ്യമം. മറ്റുമൂന്നുതൂണുകളില്‍ ഏതിനോടെങ്കിലും മാധ്യമങ്ങള്‍ക്ക്‌ അടുപ്പമുണ്ടെങ്കില്‍ അത്‌ ജുഡീഷ്യറിയോടാണ്‌. എക്‌സിക്യൂട്ടീവും ലജിസ്ലേറ്റീവും അധികാരമുള്ള സ്ഥാപനങ്ങളാണ്‌. മാധ്യമങ്ങള്‍ക്കും ജുഡീഷ്യറിക്കും ആ രീതിയിലുള്ള അധികാരമില്ല. രണ്ട്‌ രീതിയില്‍ ജുഡീഷ്യറിയും മാധ്യമങ്ങളും ഈ അധികാരസ്ഥാപനങ്ങളെ നിരീക്ഷിക്കുകയും അവയുടെ അധികാരദുര്‍വിനിയോഗത്തെ തടയാന്‍ സദാ കാവല്‍നില്‍ക്കുകയും ചെയ്യുന്നു എന്നതാണ്‌ ജനാധിപത്യത്തിന്റെ അടിസ്ഥാനസങ്കല്‍പ്പം. ജൂഡീഷ്യറിയുടെ മേല്‍ മാധ്യമങ്ങള്‍ ഈ രീതിയിലുള്ള ഒരു മേല്‍നോട്ടച്ചുമതല ജനങ്ങള്‍ക്ക്‌ വേണ്ടി നിര്‍വഹിക്കുന്നില്ല. മാധ്യമങ്ങളുടെ മേല്‍ കുറെയെല്ലാം മേല്‍നോട്ടച്ചുമതല ജുഡീഷ്യറി നിര്‍വഹിക്കുന്നുണ്ടുതാനും.

പ്രതിയോഗികളല്ലെന്നുമാത്രമല്ല, സ്വാഭാവിക സഹസ്ഥാപനങ്ങള്‍ (natural allies) കൂടിയാണ്‌ ജുഡീഷ്യറിയും മാധ്യമങ്ങളുമെന്നുപോലും പറയാവുന്നതാണ്‌. അമിതാധികാരപ്രവണതകള്‍ ഉണ്ടാകാറുള്ളത്‌ എക്‌സിക്യൂട്ടീവില്‍ നിന്നാണ്‌. എക്‌സിക്യൂട്ടീവ്‌ മിക്കപ്പോഴും ലജിസ്ലേറ്റീവിന്റെ സഹോദരസ്ഥാപനമായാണ്‌ പ്രവര്‍ത്തിക്കുക. ഇവ തമ്മിലുള്ള ചങ്ങാത്തമാണ്‌ അധികാരദുര്‍വിനിയോഗത്തിലേക്ക്‌ നയിക്കാറുള്ളത്‌. ഈ ഒരു ചങ്ങാത്തം ജുഡീഷ്യറിക്കോ മാധ്യമങ്ങള്‍ക്കോ എക്‌സിക്യൂട്ടീവുമായില്ല. എന്നാല്‍, ജുഡീഷ്യറിയും മീഡിയയും വ്യത്യസ്‌ഥരീതിയിലാണെങ്കില്‍ കൂടി സമൂഹത്തിനുവേണ്ടി അധികാരകേന്ദ്രങ്ങള്‍ക്കുമേല്‍ നിരീക്ഷണവും നിയന്ത്രണവും ഏര്‍പ്പെടുത്തുന്നുമുണ്ട്‌. ജനാധിപത്യത്തെ അര്‍ഥപൂര്‍ണമാക്കുന്ന ഒരുപാട്‌ സംഗതികളില്‍ മീഡിയയും ജുഡീഷ്യറിയും അറിഞ്ഞും അറിയാതെയും സഹകരിക്കുന്നുമുണ്ട്‌.

ഇങ്ങനെയൊക്കെയാണെങ്കിലും മീഡിയയും ജുഡീഷ്യറിയും പ്രതിയോഗിസ്ഥാപനങ്ങളായി നില്‍ക്കുന്ന സന്ദര്‍ഭങ്ങളുമുണ്ടാകാറുണ്ട്‌. മീഡിയ ചിലപ്പോഴെങ്കിലും കോടതിയുടെ പ്രതിക്കൂട്ടില്‍ നില്‍ക്കേണ്ടിയും വരാറുണ്ട്‌. പ്രധാനമായി കോടതിയലക്ഷ്യക്കേസ്സുകളിലാണ്‌ ഇത്‌ സംഭവിക്കാറുള്ളത്‌. കോടതിയലക്ഷ്യം സംബന്ധിച്ച നിയമവ്യവസ്ഥകള്‍ വ്യക്തമാണെങ്കിലും നിയമവ്യാഖ്യാനത്തില്‍ ആത്മനിഷ്‌ഠമായ ഘടകങ്ങള്‍ സ്വാധീനം ചെലുത്തുന്നതുമൂലം ബോധപൂര്‍വമല്ലാതെതന്നെ മാധ്യമങ്ങള്‍ക്ക്‌ കോടതിയലക്ഷ്യമെന്ന കുറ്റം ചെയ്യാറുമുണ്ട്‌, അതിന്‌ പഴികേള്‍ക്കേണ്ടിവരാറുമുണ്ട്‌. കോടതിവിധികളെ വിമര്‍ശിക്കുകയോ കോടതിക്കെതിരെ ദുരുദ്ദേശം ആരോപിക്കുകയോ ചെയ്‌തതിന്റെ പേരില്‍ പ്രതിക്കൂട്ടില്‍ കയറേണ്ടിവന്ന സന്ദര്‍ഭങ്ങള്‍ നന്നെ കുറവാണ്‌. വിധികളെ വിമര്‍ശിക്കരുതെന്ന ഒരു നിലപാട്‌ കോടതികള്‍ സ്വീകരിക്കാറില്ല. വിധിന്യായത്തിലെ നിലപാട്‌ മനസ്സിലാക്കിയും നിയമവ്യവസ്ഥകളെക്കുറിച്ച്‌ നല്ല ധാരണയോടെയും കോടതിക്ക്‌ തെറ്റ്‌ പറ്റി എന്ന്‌ ഒരു മാധ്യമം വിമര്‍ശിച്ചാല്‍ കോടതി അതിന്‌ മറുപടി പറയാറില്ലെങ്കിലും കോടതിയലക്ഷ്യത്തിന്റെ വാളെടുത്തുവീശുകയൊന്നുമില്ല എന്നുറപ്പാണ്‌.

വിമര്‍ശനങ്ങള്‍ക്ക്‌ മറുപടി പറയുന്നതിന്‌ പത്രസമ്മേളനം വിളിക്കാന്‍ സ്വാതന്ത്ര്യമില്ലാത്ത ഒരു സ്ഥാപനമാണ്‌ ജുഡീഷ്യറിയെന്ന കാര്യം വിമര്‍ശകര്‍ ആലോചിക്കണം. വിമര്‍ശനങ്ങള്‍ അധികവും ഉയര്‍ന്നുവരാറുള്ളത്‌ പക്ഷേ മാധ്യമപ്രവര്‍ത്തകരില്‍ നിന്നല്ല, ജുഡീഷ്യറിയുടെതന്നെ ഭാഗമായ അഭിഭാഷകരില്‍നിന്നും മുന്‍ജഡ്‌ജിമാരായ ജുറിസ്റ്റുകളില്‍ നിന്നുമാണെന്ന വസ്‌തുതയും കാണാതിരുന്നുകൂടാ. ജഡ്‌ജിമാര്‍ മാധ്യമങ്ങളിലേക്കിറങ്ങിച്ചെന്ന്‌ വിമര്‍ശനത്തിന്‌ മറുപടി പറയില്ലെങ്കിലും ജൂഡീഷ്യല്‍ രംഗത്തുള്ള മറ്റുള്ളവര്‍ക്ക്‌ ക്രിയാത്മകമായ ഒരു ചര്‍ച്ചയാക്കി ഇത്തരം വിമര്‍ശനങ്ങളെ മാറ്റാന്‍ കഴിയും. കഴിയേണ്ടതാണ്‌.

കോടതികള്‍ സമ്പന്നന്റെ പക്ഷത്താണ്‌ നില്‍ക്കുകയെന്ന തീര്‍ത്തും പ്രത്യയശാസ്‌ത്രപരമായ ഒരു നിരീക്ഷണം നടത്തിയതിന്റെ പേരില്‍ കേരളമുഖ്യമന്ത്രിയെ കോടതി ശിക്ഷിച്ചിട്ടുണ്ടെന്ന്‌ ഓര്‍ക്കണം. ഇ.എം.എസ്‌ അന്ന്‌ പറഞ്ഞത്‌ ഇന്നാരെങ്കിലും പറഞ്ഞാല്‍ ശിക്ഷിക്കപ്പെടുമോ ? ഇല്ല. മാത്രമല്ല, ആ നിരീക്ഷണം കുറെക്കൂടി കടുപ്പത്തില്‍ കേന്ദ്ര നിയമമന്ത്രിയില്‍ നിന്നുതന്നെ നമ്മള്‍ കേള്‍ക്കുകയും ചെയ്‌തു. ആരും മറുത്തൊന്നും പറഞ്ഞതേയില്ല. ഈയിടെ കോടതിയില്‍നിന്നുതന്നെ ഈ അഭിപ്രായപ്രകടനം ഉണ്ടായി. കോടതിയലക്ഷ്യനിയമത്തിലുണ്ടായ മാറ്റമല്ല കോടതിയുടെ സമീപനത്തെ മാറ്റിയത്‌ എന്നും നമുക്കറിയാം. ജനാധിപത്യസ്ഥാപനങ്ങളുടെയും സങ്കല്‍പ്പങ്ങളുടെയും ധാരണകളുടെയും വികാസമാണ്‌ ഇക്കാര്യത്തിലെ സമീപനം ഉദാരമാക്കിയത്‌. ഇത്‌ നിലയ്‌ക്കാത്ത ഒരു പ്രവാഹമാണ്‌. നിയമം മാറാതെതന്നെ നീതിന്യായം മാറും.

എന്നാല്‍ മാധ്യമറിപ്പോര്‍ട്ടുകള്‍ക്കും നിരീക്ഷണങ്ങള്‍ക്കും നേരെ കോടതികള്‍ പഴഞ്ചന്‍ നിലപാടില്‍ നിന്നുകൊണ്ട്‌ അസഹിഷ്‌ണത പ്രകടിപ്പിക്കുന്നത്‌ ഇപ്പോഴും കാണുന്നുണ്ട്‌. ഉദാഹരണങ്ങള്‍ ഉദ്ധരിക്കുന്നില്ല. വിമര്‍ശിക്കപ്പെട്ട ജഡ്‌ജി തന്നെ ഒരേ സമയം വാദിയും ജഡ്‌ജിയും ആയി സ്വന്തം പരാതിയില്‍ ശിക്ഷവിധിക്കുന്ന അപൂര്‍വതയും കോടതിയലക്ഷ്യക്കേസ്സുകളില്‍ കാണാറുണ്ട്‌. സത്യമായ വിമര്‍ശനം ഉന്നയിച്ചാലും കോടതിക്ക്‌ അപകീര്‍ത്തികരമാണ്‌ എന്ന്‌ പറഞ്ഞ്‌ വിമര്‍ശകനെ ശിക്ഷിക്കുന്ന വിചിത്രാവസ്ഥ പാര്‍ലമെന്റ്‌ നിയമനിര്‍മാണത്തിലൂടെ മാറ്റിയെന്നത്‌ വലിയ സംഭവമാണ്‌. എന്നാല്‍, ഡല്‍ഹിയിലെ അനധികൃതകെട്ടിടങ്ങള്‍ ഇടിച്ചുമാറ്റാന്‍ കോടതി ഉത്തരവുനല്‍കിയതുമായി ബന്ധപ്പെട്ടുയര്‍ന്നുവന്ന വിമര്‍ശനത്തെ കോടതി പഴയ രീതിയില്‍തന്നെയാണ്‌ കൈകാര്യംചെയ്‌തത്‌. റിട്ടയര്‍ചെയ്‌തുകഴിഞ്ഞ ജഡ്‌ജിക്കെതിരായി ഉന്നയിക്കപ്പെട്ട ആരോപണം തങ്ങള്‍ തെളിയിക്കാമെന്ന്‌ വാദിച്ചിട്ടും പത്രപ്രവര്‍ത്തകര്‍ ശിക്ഷിക്കപ്പെടുകയാണ്‌ ഉണ്ടായത്‌. പാര്‍ലമെന്റ്‌ പാസ്സാക്കിയ നിയമത്തോട്‌ ആദരവ്‌ കാട്ടാതെ തങ്ങളുടെ പ്രമാണിത്തം ഉയര്‍ത്തിപ്പിടിക്കുന്ന പ്രവണത പല സന്ദര്‍ഭങ്ങളിലും ഉണ്ടായിട്ടുണ്ട്‌.

നിയമനിര്‍മാണത്തില്‍ നിന്നും ഭരണനടത്തിപ്പില്‍ നിന്നും മാറിനില്‍ക്കുന്നതുകൊണ്ടുകൂടിയാണ്‌ കോടതിയെ വിമര്‍ശനങ്ങളിലൂടെ ഇടിച്ചുതാഴ്‌ത്തരുത്‌ എന്ന്‌ അനുശാസിക്കുന്നതും കോടതിനടപടികള്‍ക്ക്‌ പരിരക്ഷ നല്‍കുന്നതും. എന്നാല്‍ കോടതികള്‍ ഇപ്പോള്‍ വലിയ തോതില്‍ നിയമനിര്‍മാണത്തിലേക്ക്‌ നീങ്ങുന്നതായി കാണുന്നു. റോഡില്‍ നിന്ന്‌ പുകവലിക്കുന്നരെ പോലീസ്‌ പിടിക്കുന്നത്‌ പാര്‍ലമെന്റോ നിയമസഭയോ പാസ്സാക്കിയ ഏതെങ്കിലും നിയമത്തിന്റെ പേരിലല്ല. കോടതി ഉണ്ടാക്കിയ നിയമത്തിന്റെ അടിസ്ഥാനത്തിലാണ്‌. ഇത്‌ നല്ല നിയമം തന്നെയാണെന്ന്‌ സമ്മതിക്കുകയും ചെയ്യാം. പക്ഷെ, നിയമം നിര്‍മിക്കാനുള്ള ജനപ്രതിനിധികളുടെ അധികാരം നഷ്ടപ്പെടുന്നു. എന്നുമാത്രമല്ല, അതിനെ വിമര്‍ശിക്കാനുള്ള പൗരന്റെ ജനാധിപത്യാവകാശം ഇല്ലാതാവുക കൂടിയാണ്‌ ഇവിടെ സംഭവിക്കുന്നത്‌. ഇത്തരം സന്ദര്‍ഭങ്ങളില്‍ കോടതിയലക്ഷ്യവ്യവസ്ഥകള്‍ക്ക്‌ പുതിയ വ്യാഖ്യാനങ്ങളും പുതിയ സമീപനങ്ങളും അത്യാവശ്യമാവുന്നു.

ജുഡീഷ്യറിയും മീഡിയയും രണ്ടുതട്ടില്‍ നില്‍ക്കേണ്ടി വരാറുള്ള മറ്റൊരു സന്ദര്‍ഭം കോടതിവിചാരണകള്‍ റിപ്പോര്‍ട്ട്‌ ചെയ്യുമ്പോഴും കേസ്സിലുള്ള കാര്യങ്ങളെ സംബന്ധിച്ച്‌ അഭിപ്രായപ്രകടനം നടത്തുമ്പോഴുമാണ്‌. ട്രയല്‍ ബൈ ദ പ്രസ്‌ എന്നത്‌ എത്രയോ വിമര്‍ശിക്കപ്പെട്ടിട്ടുള്ള സംഗതിയാണ്‌. ഇത്‌ രണ്ടുതരത്തിലുണ്ടാകുന്നുണ്ട്‌. കേസ്സില്‍ ഒരാള്‍ അറസ്‌റ്റ്‌ ചെയ്യപ്പെടുമ്പോള്‍ തന്നെ കേസ്‌ കോടതിയിലെത്തി എന്നാണ്‌ സങ്കല്‍പ്പം. അതിനര്‍ഥം തുടര്‍ന്നുള്ള കേസന്വേഷണനടപടികളിലൊന്നും മാധ്യമങ്ങള്‍ അഭിപ്രായപ്രകടനം നടത്തിക്കൂടെന്നാണ്‌. ഇതെത്രത്തോളം ശരിയാണ്‌ ? പോലീസ്‌ കേസ്സന്വേഷണത്തില്‍ കാട്ടുന്ന അതിക്രമങ്ങള്‍ മാധ്യമങ്ങള്‍ വിളിച്ചുപറയുന്നത്‌ കേസ്‌ അന്വേഷണത്തെയും നീതിനിര്‍വഹണത്തെയും എത്രയോ സന്ദര്‍ഭങ്ങളില്‍ സഹായിച്ചിട്ടുണ്ടെന്നതാണ്‌ സത്യം. പരിധിക്കകത്ത്‌ നിന്നാല്‍ ഇത്‌ ശരിയായ മാധ്യമപ്രവര്‍ത്തന മാതൃക തന്നെയാണ്‌. കേസ്സില്‍ സ്വയം കുറ്റവാളികളെ കണ്ടെത്തുകയും ശിക്ഷിക്കുന്നതിനിപ്പുറത്തുള്ളതെല്ലാം ചെയ്യുകയുമാണ്‌ പലപ്പോഴും മാധ്യമങ്ങള്‍ ചെയ്യാറുള്ളതെന്ന വിമര്‍ശനം സ്വീകരിക്കാതെ വയ്യ. എന്നാല്‍, ഇത്‌ കോടതിയെ സ്വാധീനിക്കുന്ന രീതിയാണെന്നതും നീതി നിര്‍വഹണത്തിന്‌ തടസ്സമാണെന്നതും അതിശയോക്തിപരമായ ഒരു കാഴ്‌ച്ചപ്പാടാണ്‌. കോടതിക്ക്‌ മുമ്പാകെ ഹാജരാക്കപ്പെടുന്ന തെളിവുകളിലേക്കോ അവിടെ ഉന്നയിക്കുന്ന വാദപ്രതിവാദങ്ങളിലേക്കോ കടന്നുചെന്ന്‌ അഭിപ്രായപ്രകടനം നടത്തുന്ന രീതി ഇന്ത്യയിലൊരിടത്തും ഇല്ലെന്നാണ്‌ തോന്നുന്നത്‌.

സബ്‌ ജുഡീസ്‌ എന്ന സംഭവത്തെ അത്യന്തം ജനാധിപത്യവിരുദ്ധമായ തലത്തിലേക്ക്‌ വലിച്ചുനീട്ടുന്നതായി ചിലപ്പോഴെങ്കിലും കാണാറുണ്ട്‌. കോടതിയുടെ പരിഗണനയിലുള്ള ഒരു പ്രശ്‌നത്തെക്കുറിച്ചും മാധ്യമങ്ങളില്‍ ആരും അഭിപ്രായപ്രകടനം നടത്തിക്കൂടെന്ന കല്ലേപ്പിളര്‍ക്കുന്ന കല്‌പന സമീപകാലത്തുപോലും ഉണ്ടായിട്ടുണ്ട്‌. ബാബ്രി മസ്‌ജിദ്‌ കേസ്‌ സംബന്ധിച്ച്‌ ആരും അഭിപ്രായം പറയരുതെന്ന കല്‌പന അലഹബാദ്‌ കോടതിയില്‍ നിന്നുണ്ടായപ്പോള്‍ അതിനാരും ഒരു വിലയും കല്‌പപ്പിച്ചില്ലെന്നതാണ്‌ സത്യം. പാര്‍ലമെന്‍്‌തന്നെ വിഷയം പലവട്ടം ചര്‍ച്ച ചെയ്‌തു. അതൊരു കേസ്‌ അല്ല ഒരു ദേശീയ പ്രശ്‌നമാണ്‌ എന്ന്‌ മനസ്സിലാക്കാനുള്ള മാനസികവളര്‍ച്ച പ്രസ്‌തുത ജഡ്‌ജിക്കുണ്ടായില്ലെന്നതാണ്‌ സത്യം. അരനൂറ്റാണ്ട്‌ വിചാരണ ചെയ്‌തിട്ടും കോടതിക്ക്‌ വിധിപറയാന്‍ കഴിയാത്ത പ്രശ്‌നത്തില്‍ ജനം മിണ്ടരുതെന്ന്‌ പറയുന്നത്‌ ജനാധിപത്യവിരുദ്ധം തന്നെയായിരുന്നു. ഭാഗ്യവശാല്‍ കോടതികള്‍ പൊതുവായി ഈ കാര്യത്തിലും പുരോഗമനപരമായ സമീപനമാണ്‌ സ്വീകരിക്കുന്നത്‌. മീഡിയയ്‌ക്കുമേല്‍ ഇക്കാര്യത്തില്‍ നിയന്ത്രണങ്ങളുണ്ടാകാറില്ലെന്നതാണ്‌ സത്യം.

പത്രസ്വാതന്ത്ര്യത്തിന്റെ ഭരണഘടനാപരമായ നിലയെക്കുറിച്ച്‌ ചില അഭിപ്രായ പ്രകടനങ്ങള്‍ പല വേദികളിലും ഉയര്‍ന്നുവരാറുണ്ട്‌. നിങ്ങള്‍ വലിയ വീമ്പൊന്നും പറയേണ്ട, പത്രസ്വാതന്ത്ര്യം എന്നൊരു സംഗതിയേ ഭരണഘടനയിലില്ലെന്ന ഓര്‍മപ്പെടുത്തലുകള്‍ ചിലപ്പോഴെല്ലാം അസ്വസ്ഥതയുണ്ടാക്കാറുമുണ്ട്‌. പക്ഷേ ഇതൊരു ബുദ്ധിപരമായ നിലപാടല്ല. ഭരണഘടനയിലൊരിടത്തും പറഞ്ഞിട്ടില്ലാത്ത സംഗതിയാണെന്നത്‌ ശരിതന്നെ. പക്ഷേ അതിനെ ആ രീതിയില്‍ സാമാന്യധാരണയുള്ളവരാരും കാണുകയില്ല. കോടതികള്‍ ഒരിക്കലും അങ്ങിനെ കണ്ടിട്ടേയില്ല. ഭരണഘടനയില്‍ ഇല്ലെന്ന്‌ പറഞ്ഞ്‌ കോടതികള്‍ക്ക്‌ ഒരിക്കല്‍പോലും പത്രസ്വാതന്ത്ര്യത്തെ പരിമിതപ്പെടുത്തിയിട്ടില്ല. രാഷ്ട്രതന്ത്രജ്ഞതയുടെ കാര്യത്തില്‍ അത്യപൂര്‍വമായ മഹത്വം ഉള്ളവരാണ്‌ ഇന്ത്യന്‍ ഭരണഘടനയ്‌ക്ക്‌ രൂപം നല്‍കിയതെന്ന്‌ നമ്മള്‍ മറന്നുകൂടാ. എന്തുകൊണ്ടവര്‍ പത്രസ്വാതന്ത്ര്യത്തെക്കുറിച്ച്‌ ഭരണഘടനയില്‍ പറഞ്ഞില്ല ? പത്രസ്വാതന്ത്ര്യം പൗരന്റെ അഭിപ്രായസ്വാതന്ത്ര്യംതന്നെയാണ്‌ എന്നുപറഞ്ഞപ്പോള്‍ യഥാര്‍ത്ഥത്തില്‍ ചെയ്‌തത്‌ പത്രസ്വാതന്ത്ര്യത്തെ ആര്‍ക്കും തൊടാനോ ഹനിക്കാനോ പറ്റാത്ത ഉയരത്തില്‍ സ്ഥാപിക്കുകയാണ്‌. ഇത്‌ പത്രപ്രവര്‍ത്തകന്റെ ഈഗോയുടെ കാര്യമല്ല. പത്രസ്വാതന്ത്ര്യത്തെക്കുറിച്ച്‌ ഭരണഘടനയില്‍ വ്യവസ്ഥ ചേര്‍ത്തിട്ടുള്ള അമേരിക്കയിലേതിനേക്കാള്‍ മോശമല്ല, ഭരണഘടനയില്‍ പത്രസ്വാതന്ത്ര്യത്തെകുറിച്ചൊന്നും പറയാത്ത ഇന്ത്യയിലെ പത്രസ്വാതന്ത്ര്യത്തിന്റെ അവസ്ഥ. ഇക്കാര്യത്തില്‍ ഇന്ത്യന്‍ ജനത ഇന്ത്യന്‍ ജുഡീഷ്യറിയോടാണ്‌ കടപ്പെട്ടിരിക്കുന്നത്‌. ആവര്‍ത്തിച്ചുള്ള വിധികളില്‍ കോടതി പത്രസ്വാതന്ത്ര്യം പൗരന്റെ മൗലികാവകാശം തന്നെയാണ്‌ എന്ന്‌ ഉറപ്പിക്കുകയും ചെയ്‌തിട്ടുണ്ട്‌.

മാധ്യമപ്രവര്‍ത്തനത്തിന്‌ ജുഡീഷ്യറിയോടാണ്‌ അടുപ്പം എന്ന്‌ പറഞ്ഞത്‌ വെറും ഒരവകാശവാദം മാത്രമായിരുന്നു എന്ന്‌ ധരിക്കരുത്‌. മാധ്യമപ്രവര്‍ത്തകന്റെയും ജുഡീഷ്യറിയുടെയും കാര്യങ്ങളോടുള്ള സമീപനത്തെ താരതമ്യപ്പെടുത്തിയാല്‍ ഈ അവകാശവാദത്തില്‍ കഴമ്പുണ്ടെന്ന്‌ വ്യക്തമാകും. ജുഡീഷ്യറിയുടെ ഭാഗമാണ്‌ അഭിഭാഷകര്‍. ജഡ്‌ജിമാര്‍ കാര്യങ്ങളെകാണും പോലെയല്ല അഭിഭാഷകന്‍ കാര്യങ്ങളെ കാണേണ്ടത്‌. രണ്ടാളുടെയും കൈയില്‍ നിയമമാണ്‌ ആയുധമായിട്ടുള്ളത്‌. പക്ഷേ രണ്ടുകൂട്ടരും രണ്ടുതരത്തിലാണ്‌ നിയമത്തെ ഉപയോഗിക്കുന്നത്‌. അഭിഭാഷകന്‍ ഒരു കക്ഷിയ്‌ക്ക്‌ വേണ്ടി കോടതിയില്‍ ഹാജരാകുകയും വാദിക്കുകയും ചെയ്യുമ്പോള്‍ നിയമത്തെ എങ്ങനെ തന്റെ കക്ഷിക്ക്‌ വേണ്ടി ഉപയോഗിക്കാം എന്നേ നോക്കാറുള്ളൂ. കക്ഷിയോടുമാത്രമേ അഭിഭാഷകന്‍ നീതി പുലര്‍ത്തേണ്ടതുള്ളൂ. കക്ഷി കുറ്റവാളിയാണെന്നറിഞ്ഞാല്‍പോലും കുറ്റവാളിയല്ലെന്നേ വാദിക്കുകയുള്ളൂ. അതിനാണ്‌ അഭിഭാഷകന്‌ കക്ഷി ഫീസ്‌ നല്‍കുന്നത്‌. രണ്ടുപക്ഷത്തിന്റെയും വാദം കേട്ട്‌ ജഡ്‌ജിയാണ്‌ വിധി പറയേണ്ടത്‌. വസ്‌തുതകളും നിയമവും തെളിവുകളും മൊഴികളുമെല്ലാംഒത്തുനോക്കി തീര്‍ത്തും സ്വതന്ത്രമായാണ്‌ ജഡ്‌ജിയുടെ വിധി പറയേണ്ടത്‌. കക്ഷിയില്‍ ഫീസ്‌ വാങ്ങി കക്ഷിക്ക്‌ വേണ്ടി വാദിക്കുന്ന അഭിഭാഷകനോടോ അതല്ല രണ്ടുഭാഗത്തുള്ളവര്‍ പറയുന്നതും കേട്ട്‌ സ്വതന്ത്രവും നീതിപൂര്‍വവുമായ തീരുമാനത്തിലെത്തുന്ന ജഡ്‌ജിയോടോ - ആരോടാണ്‌ പത്രപ്രവര്‍ത്തകന്‌ സാദൃശ്യമുള്ളത്‌ ? ആരെയാണ്‌ പത്രപ്രവര്‍ത്തകന്‍ മാതൃകയാക്കേണ്ടത്‌ ?

നിഷ്‌പക്ഷവും സ്വതന്ത്രവുമായി പത്രപ്രവര്‍ത്തനം നടത്തുന്നു എന്ന്‌ അവകാശപ്പെടുന്ന പത്രപ്രവര്‍ത്തകന്‍ ഒരു ന്യായാധിപനില്‍ നിന്നാണ്‌ തന്റെ മൂല്യങ്ങളും പാഠങ്ങളും ഉള്‍ക്കൊള്ളേണ്ടത്‌. മൂന്നു കാര്യങ്ങളിലെങ്കിലും പത്രപ്രവര്‍ത്തകന്റെയും ന്യായാധിപന്റെയും രീതികളില്‍ സാദൃശ്യമുണ്ട്‌. രണ്ടുപേരും, തങ്ങളുടെ ഉത്തരവാദിത്തം സത്യത്തോടും നീതിയോടും സമൂഹത്തോടുമാണ്‌ എന്ന ഉറച്ച വിശ്വാസത്തോടെ വേണം തങ്ങള്‍ക്ക്‌ മുന്നില്‍ വരുന്ന 'കേസ്സു 'കളെ കാണാന്‍. സര്‍ക്കാറാണ്‌ ശമ്പളം നല്‍കുന്നതെന്നതുകൊണ്ട്‌ ന്യായാധിപന്‍ സര്‍ക്കാറിന്റെ താല്‌പര്യം സംരക്ഷിക്കണമെന്ന്‌ പറയുന്നത്‌ എത്രത്തോളം അധാര്‍മികമാണോ അത്രത്തോളം അധാര്‍മികമാണ്‌ ശമ്പളം നല്‍കുന്ന മാനേജ്‌മെന്റുകളുടെ ആജ്ഞാനുവര്‍ത്തികളാകണം പത്രപ്രവര്‍ത്തകര്‍ എന്ന്‌ പറയുന്നതും. സമൂഹത്തെയും മൂല്യങ്ങളെയും ജനാധിപത്യവ്യവസ്ഥയെയും മുന്നില്‍കണ്ടുകൊണ്ടേ അയാള്‍ക്കും പ്രവര്‍ത്തിക്കാനാകൂ. അതുകൊണ്ടാണ്‌ ജൂഡീഷ്യറി സ്വതന്ത്രമാകണമെന്നും പത്രപ്രവര്‍ത്തനം സ്വതന്ത്രമാകണം എന്നും പറയുന്നത്‌.

ന്യായാധിപന്‍ വിധിപറയുന്നതില്‍ സ്വീകരിക്കുന്ന മുന്‍കരുതല്‍ തന്നെയാണ്‌ പത്രപ്രവര്‍ത്തകന്‍ വാര്‍ത്തയെഴുതുമ്പോഴും സ്വീകരിക്കേണ്ടത ്‌. പ്രശ്‌നത്തിന്റെ രണ്ടുവശവും കാണണം. തന്നെ വാര്‍ത്തയുമായി സമീപിക്കുന്ന ആള്‍ പറയുന്നത്‌ അപ്പടി സ്വീകരിച്ചുകൂടെന്നത്‌ ജേണലിസത്തിലെ ആദ്യപാഠങ്ങളിലൊന്നാണ്‌. മറുപക്ഷത്തിന്‌ എന്ത്‌ പറയാനുണ്ട്‌ എന്നറിഞ്ഞേ ആര്‍ക്കും നിഗമനങ്ങളിലെത്താന്‍ കഴിയൂ. പത്രപ്രവര്‍ത്തകന്‍ റിപ്പോര്‍ട്‌ എഴുതുന്നതിന്‌ മുമ്പ്‌ ചെയ്യുന്ന കാര്യംതന്നെയാണ്‌ കുറെക്കൂടി വിപുലമായും ശാസ്‌ത്രീയമായും ചട്ടവട്ടങ്ങള്‍ പാലിച്ചും കോടതിയും ചെയ്യുന്നത്‌. വിധിപ്രഖ്യാപനം എത്രത്തോളം യുക്ത്യധിഷ്‌ഠിതവും നിയമപരവും ആകണം എന്നതുപോലെ റിപ്പോര്‍ട്ടിങ്ങും ന്യായവും യുക്തിസഹവും സത്യവും ആയിരിക്കണമല്ലോ. സ്വാധീനങ്ങള്‍ക്കൊന്നും വഴങ്ങാതെ വേണം രണ്ടുകൂട്ടരും തങ്ങളുടെ ഈ ചുമതല നിര്‍വഹിക്കാന്‍. പത്രപ്രവര്‍ത്തകന്റെ കാര്യത്തില്‍ ഒരു കാര്യം സമ്മതിക്കുട്ടെ. കക്ഷിയില്‍ നിന്ന്‌ ഫീസ്‌ വാങ്ങി കക്ഷിക്കുവേണ്ടി വാദിക്കുന്ന പത്രപ്രവര്‍ത്തകരാണ്‌, രണ്ടുപക്ഷവും പറയുന്നതുകേട്ട്‌ തന്റെ മനസ്സാക്ഷിക്ക്‌ നിരക്കുന്നത്‌ മാത്രം ജനങ്ങളോട്‌ പറയുന്ന പത്രപ്രവര്‍ത്തകരേക്കാള്‍ നമ്മുടെ സമൂഹത്തില്‍ കൂടുതലുള്ളത്‌്‌.

സമീപകാലത്ത്‌ മറ്റൊരു കാര്യത്തില്‍ കൂടി പത്രപ്രവര്‍ത്തകനും ന്യായാധിപന്മാരുമായി അടുക്കുന്നുണ്ട്‌. അകലുന്നുണ്ട്‌ എന്നും പറയാം. തുറന്ന കോടതികളില്‍ ന്യായാധിപന്മാര്‍ നടത്തുന്ന അഭിപ്രായപ്രകടനങ്ങള്‍ പത്രപ്രവര്‍ത്തകന്‍ എങ്ങനെയാണ്‌ റിപ്പോര്‍ട്ട്‌ ചെയ്യേണ്ടത്‌ ? വിധിന്യായത്തിലോ കോടതിയുത്തരവിലോ വരാത്ത ഇത്തരം അഭിപ്രായപ്രകടനങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്യരുതെന്നുപോലും ശാസനകള്‍ ഉണ്ടായിട്ടുണ്ട്‌. കാര്യങ്ങള്‍ മനസ്സിലാക്കുന്നതിന്‌ വേണ്ടി ന്യായാധിപന്മാര്‍ കക്ഷികളോടോ അഭിഭാഷകരോടോ ചോദിക്കുന്ന ചോദ്യങ്ങള്‍ കോടതിയുടെ അഭിപ്രായപ്രകടനങ്ങളല്ല. അവ റിപ്പോര്‍ട്ട്‌ ചെയ്യുന്നത്‌ തെറ്റായ ധാരണകളാണ്‌ ജനങ്ങള്‍ക്ക്‌ ലഭിക്കുക. പരസ്യാഭിപ്രായപ്രകടനത്തിന്‌ വിരുദ്ധമായേക്കും പിന്നീട്‌ വരുന്ന വിധി. അത്‌ തെറ്റിദ്ധാരണ സൃഷ്ടിച്ചേക്കാം. ഇതില്‍ നിന്ന്‌ വ്യത്യസ്‌തമായി ധാര്‍മികരോഷപ്രകടനങ്ങളും മൈതാനപ്രസംഗങ്ങള്‍ തന്നെയും ചിലപ്പോഴെല്ലാം ചില ന്യായാധിപന്മാരില്‍ നിന്നുണ്ടാകാറുണ്ട്‌. അത്‌ പത്രങ്ങളില്‍ വലിയ തലക്കെട്ടായി വരാറുമുണ്ട്‌. ഇത്‌ പരിധി കടന്നുള്ള നടപടിയാണ്‌. ഇതിന്റെ പ്രത്യാഘാതങ്ങള്‍ക്ക്‌ മാധ്യമങ്ങളെകുറ്റപ്പെടുത്തിയിട്ട്‌ കാര്യമില്ല. പലപ്പോഴും വേണ്ടത്ര വസ്‌്‌തുതകള്‍ മനസ്സിലാക്കാതെയും കക്ഷികളില്‍ നിന്ന്‌ വിവരം തേടാതെയുമാണ്‌ ഇത്തരം അഭിപ്രായപ്രകടനങ്ങള്‍ ഉണ്ടാകാറുള്ളത്‌. ജുഡീഷ്യറിക്കെതിരെ വിമര്‍ശനമുണ്ടായാല്‍ മറുപടി പറയാന്‍ കോടതിക്ക്‌ കഴിയില്ലെന്ന്‌ പറഞ്ഞതുപോലെ ജൂഡീഷ്യറിയില്‍ നിന്ന്‌ കടുത്തതും എന്നാല്‍ വസ്‌തുതാപരമല്ലാത്തതുമായ വിമര്‍ശനങ്ങള്‍ വന്നാല്‍ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും അതേ നിലയില്‍ മറുപടി പറയാന്‍ കഴിയില്ലെന്നതും പരിഗണിക്കേണ്ട കാര്യമാണ്‌.


കോടതിയലക്ഷ്യത്തിന്റെ കാര്യത്തിലായാലും അപകീര്‍ത്തിനിയമത്തിന്റെ കാര്യത്തിലായാലും കോടതികള്‍ കുറെക്കൂടി മാധ്യമസൗഹൃദപരമായ നിലപാടിലേക്ക്‌ മാറേണ്ടതുണ്ട്‌ എന്ന്‌ പറയാതെ വയ്യ. മിക്ക ജനാധിപത്യരാജ്യങ്ങളിലും ഉണ്ടായ മാറ്റം ഇന്ത്യയില്‍ ഉണ്ടായിട്ടില്ല എന്നാണ്‌ മാധ്യമനിയമങ്ങളെക്കുറിച്ച്‌ പഠിച്ചിട്ടുള്ളവര്‍ പറയുന്നത്‌. നാം മാതൃകയാക്കുന്നത്‌ ബ്രിട്ടീഷ്‌ വ്യവസ്ഥകളാണല്ലോ. കഴിഞ്ഞ നൂറുവര്‍ഷത്തിനിടയില്‍ ഒരിക്കല്‍പോലും കോടതിയലക്ഷ്യത്തിന്‌ ഒരു മാധ്യമത്തെയും ബ്രിട്ടീഷ്‌ കോടതികള്‍ ശിക്ഷിച്ചിട്ടില്ലെന്ന്‌ ഒരു നിയമപണ്ഡിതന്‍ എഴുതിയത്‌ ശ്രദ്ധയില്‍ പെട്ടിരുന്നു. വിമര്‍ശനങ്ങളെ വിശാലമനസ്സോടെ സ്വീകരിക്കുകയും ചിലതിനെയെല്ലാം അവഗണിക്കുകയും ചെയ്യേണ്ടതുണ്ട്‌ എന്നുതന്നെയാണ്‌ ഇതില്‍ നിന്ന്‌ മനസ്സിലാക്കേണ്ടത്‌. അപകീര്‍ത്തിനിയമത്തിലും മാറ്റങ്ങള്‍ വരേണ്ടതുണ്ട്‌. അപകീര്‍ത്തി ഒരു ക്രിമിനല്‍ കുറ്റമല്ലാതാകണം. മാനനഷ്ടം സംഭവിച്ചവര്‍ക്ക്‌ തീര്‍ച്ചയായും നഷ്ടപരിഹാരം നല്‍കണം. ഇതൊരു സിവില്‍ നടപടിക്രമമായിക്കൊള്ളട്ടെ. ജനാധിപത്യസംവാദങ്ങള്‍ക്കിടയില്‍ കുറച്ചെല്ലാം പരിധി വിട്ട അഭിപ്രായപ്രകടനങ്ങളും അധിക്ഷേപങ്ങളും ഉണ്ടായേക്കാം. അവയ്‌ക്ക്‌ മറുപടി പറയാന്‍ ഇവിടെ വേദികളുണ്ട്‌. അതേ നാണയത്തില്‍ തിരിച്ചുകൊടുക്കുകയും ചെയ്യാം. പകരം എല്ലാറ്റിനും കോടതി കയറുന്നതും അദൃശ്യമായ ഏതോ തുലാസിലിട്ട്‌ കോടതി ഓരോന്നിന്റെയും മാനവും മാനനഷ്ടവും തൂക്കിനോക്കുന്നതും അത്ര സുഖമുള്ള കാര്യമല്ല എന്നും പറഞ്ഞുകൊള്ളട്ടെ.

( നാദാപുരം കോടതിയുടെ ശതാബ്ദിയാഘോഷങ്ങളുടെ ഭാഗമായി നടത്തിയ സെമിനാറിലെ പ്രഭാഷണത്തിന്റെ വികസിതരൂപം)

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

വര്‍ക്കിങ്ങ് ജേണലിസ്റ്റ് ആക്റ്റും വേജ് ബോര്‍ഡും ഇല്ലാതാക്കി

കേരള മാധ്യമങ്ങളുടെ ആറു പതിറ്റാണ്ട്

ഐ.വി ബാബു: നിലപാടുകളില്‍ ഉറപ്പ്, സ്‌നേഹത്തിന്റെ സമൃദ്ധി