ദൈവനാമത്തിലെ അപമാനം


നിയമസഭയിലേക്ക്‌ തിരഞ്ഞെടുക്കപ്പെട്ട രണ്ട്‌ സി.പി.എം. അംഗങ്ങള്‍ ദൈവനാമത്തില്‍ സത്യപ്രതിജ്ഞ ചെയ്തത്‌ പാര്‍ട്ടിക്ക്‌ അപമാനമുണ്ടാക്കിയതായി സംസ്ഥാനസെക്രട്ടറി കീഴ്ഘടകങ്ങള്‍ക്കിടയില്‍ സര്‍ക്കുലേറ്റ്‌ ചെയ്ത രേഖയില്‍ പറയുന്നു.സംസ്ഥാനക്കമ്മിറ്റി അംഗീകരിച്ച സംഘടനാരേഖയിലെ ഈ പരാമര്‍ശം കേരളത്തിലെ സി.പി.എം രാഷ്ട്രീയം നിരീക്ഷിക്കുന്നവരില്‍ താല്‍പ്പര്യമുണര്‍ത്തുന്ന ഒരു കാര്യമാണ്‌.

എം.എം. മോനായി, ഐഷാപോറ്റി എന്നീ രണ്ട്‌ അംഗങ്ങളാണ്‌ നിയമസഭയില്‍ ദൈവനാമത്തില്‍ സത്യപ്രതിജ്ഞ ചെയ്തത്‌. സത്യപ്രതിജ്ഞ പരസ്യമായി തന്നെയാണ്‌ ചെയ്യുന്നത്‌. അത്‌ കൊണ്ടാണ്‌ പാര്‍ട്ടിക്ക്‌ അപമാനം ഉണ്ടായത്‌. ദീര്‍ഘകാലമായി പാര്‍ട്ടി അംഗങ്ങളായി തുടരുന്ന സഖാക്കള്‍ തങ്ങളുടെ വിശ്വാസം രഹസ്യമാക്കി വെക്കുകയും ജനം ശ്രദ്ധിക്കുന്ന ഒരു സന്ദര്‍ഭം വന്നപ്പോള്‍ പാര്‍ട്ടിക്ക്‌ അപമാനം ഉണ്ടാക്കുന്ന രീതിയില്‍ അത്‌ പ്രകടിപ്പിക്കുകയും ചെയ്തു എന്നാണ്‌ പാര്‍ട്ടി രേഖയില്‍ പറയുന്നത്‌. ഇത്തരം ധിക്കാരങ്ങള്‍ കണ്ടില്ലെന്ന്‌ നടിക്കരുതെന്നാണ്‌ രേഖയില്‍ തെല്ല്‌ രോഷത്തോടെ തന്നെ പറഞ്ഞിരിക്കുന്നത്‌. വൈരുദ്ധ്യാധിഷ്ഠിതഭൗതികവാദത്തില്‍ ഉറച്ചുനില്‍ക്കുന്ന ആളുകള്‍ക്കേ പാര്‍ട്ടിയില്‍ അംഗത്വം നല്‍കുകയുള്ളൂ.പാര്‍ട്ടി അംഗമാകുമ്പോള്‍ ദൈവവിശ്വാസം മറച്ചുവെക്കുകയും നിയമസഭാംഗമാകുമ്പോള്‍ ദൈവവിശ്വാസം പരസ്യപ്പെടുത്തുകയും ചെയ്യുന്നത്‌ ചില്ലറ ചതിപ്പണി തന്നെയാണ്‌ . പാര്‍ട്ടി ക്ഷോഭിച്ചതില്‍ കുറ്റപ്പെടുത്താനാവില്ല !!

സി.പി.എം അംഗമായ ഒരാള്‍ ദൈവനാമത്തില്‍ സത്യപ്രതിജ്ഞ ചെയ്യുന്നത്‌ ഇത്‌ ആദ്യമായാണോ എന്ന്‌ ഉറപ്പിച്ചുപറയാനാവില്ല.ജയിച്ച ശേഷം സത്യപ്രതിജ്ഞ ചെയ്യുമ്പോള്‍ ദൈവനാമം ഉച്ചരിക്കുന്നതാണോ അതല്ല ജയിക്കാന്‍ വേണ്ടി ദൈവത്തേയും മതത്തേയും ജാതിയേയും കൂട്ടുപിടിക്കുന്നതണോ വലിയ അപമാനം ഉണ്ടാക്കുന്നത്‌ എന്നും വ്യക്തമല്ല.

എന്തുകൊണ്ടാണ്‌ ലോക്സഭയിലേക്ക്‌ തിരഞ്ഞെടുക്കപ്പെട്ട സി.പി.എം സ്ഥാനാര്‍ത്ഥികള്‍ ആരെങ്കിലും ദൈവനാമത്തില്‍ സത്യപ്രതിജ്ഞ ചെയ്തോ എന്ന്‌ പാര്‍ട്ടി സെക്രട്ടറി അന്വേഷിക്കാതിരുന്നത്‌ ? കഴിഞ്ഞ ലോക്സഭാതിരഞ്ഞെടുപ്പില്‍ കേരളത്തില്‍ നിന്നു ജയിച്ച സി.പി.എം സ്ഥാനാര്‍ത്ഥികളില്‍ മൂന്നു പേരെങ്കിലും ലോക്സഭയില്‍ ദൈവനാമത്തില്‍ ആണ്‌ സത്യപ്രതിജ്ഞ ചെയ്തത്‌. സി.പി.എം സ്ഥാനാര്‍ത്ഥിയായി ജയിക്കുന്ന ആള്‍ ദൈവത്തെ പിടിച്ചു സത്യം ചെയ്യുന്നത്‌ മാത്രമേ അപമാനമാകൂ എന്നുണ്ടോ ? അതല്ല, ദൈവനാമം പ്രചരിപ്പിക്കല്‍ ജീവിതമാര്‍ഗമായി സ്വീകരിച്ചയാളെ വൈരുദ്ധ്യാധിഷ്ഠിത ഭൗതികവാദപാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയാക്കുന്നതില്‍ അപമാനമൊന്നും ഇല്ലെന്ന്‌ ഉറപ്പിച്ചു പറയാനാവുമോ ? ഭൗതികവാദികള്‍ക്ക്‌ മാത്രം അംഗത്വം നല്‍കുന്ന പാര്‍ട്ടി, രോമാഞ്ചമുണ്ടാക്കുന്ന വിപ്ലവചരിത്രമുള്ള ആലപ്പുഴയില്‍ സ്ഥാനാര്‍ത്ഥിത്വം നല്‍കിയത്‌ ഒരു മതപ്രചാരകനായിരുന്നു.ഇത്‌ പാര്‍ട്ടിക്ക്‌ അഭിമാനമുണ്ടാക്കുന്ന കാര്യമാണെന്ന്‌ വാദിച്ചുസ്ഥാപിക്കാന്‍ പാര്‍ട്ടിതാത്വികാചാര്യന്മാര്‍ക്ക്‌ പ്രയാസമൊന്നും കാണില്ല. മഞ്ചേരിയില്‍ ജയിക്കാന്‍ വേണ്ടി മതാധിഷ്ഠിതസംഘടനകളുടെ പിന്തുണ തേടിയതിലും ഇല്ല അപമാനം , ജയിച്ച സ്ഥാനാര്‍ത്ഥി മതസ്ഥാപനത്തില്‍ നന്ദി പറയാന്‍ ചെന്നതിലും ഇല്ല അപമാനം, പാര്‍ട്ടി സെക്രട്ടറി തന്നെ ഇതേ മതസ്ഥാപനത്തില്‍ പൊതുചടങ്ങിനെത്തിയതിലുമില്ല ഒട്ടും അപമാനം-ഏരിയ കമ്മിറ്റിയംഗങ്ങള്‍ ആയ എം.എല്‍.എ. മാര്‍ ദൈവത്തില്‍ വിശ്വസിക്കുന്നതും അത്‌ മറച്ചു വെക്കാതിരിക്കുന്നതും അപമാനമാണ്‌.

കാലഹരണപ്പെട്ട അനേകം ആശയങ്ങള്‍ തലച്ചുമടായി കൊണ്ടു നടക്കുന്ന പാര്‍ട്ടിയാണ്‌ സി. പി. എം. . ഏതെല്ലാം ആശയങ്ങളാണ്‌ പാര്‍ട്ടി പോകുന്ന പോക്കില്‍ വഴിയിലെറിഞ്ഞു കളഞ്ഞത്‌, ഇനിയേതെല്ലാം ബാക്കിയുണ്ട്‌ എന്ന്‌ വലിയ നിശ്ചയമൊന്നും എല്ലാ അംഗങ്ങള്‍ക്കുമുണ്ടാകാനിടയില്ല. അതു കൊണ്ടു മാത്രമാവണം ഐഷാപോറ്റിയും മോനായിയും ദൈവനാമത്തില്‍ സത്യപ്രതിജ്ഞ ചെയ്തിട്ടുണ്ടാവുക. അല്ലാതെ പാര്‍ട്ടിക്ക്‌ അപമാനം ഉണ്ടാക്കാനൊന്നും അവര്‍ ഉദ്ദേശിച്ചിട്ടുണ്ടാവില്ല എന്നുറപ്പ്‌.

വിപ്ലവനായികയായിരുന്നു കെ. ആര്‍.ഗൗരിയമ്മ. കറ തീര്‍ന്ന ഭൗതികവാദി. മതവും ജാതിയുമൊന്നും മനസ്സില്‍ കൊണ്ടുനടക്കുന്നില്ല എന്നവര്‍ ജീവിതം കൊണ്ടുതന്നെ തെളിയിട്ടുള്ളതാണ്‌. മതച്ചടങ്ങൊന്നുമില്ലാതെയാണ്‌ അവര്‍ അന്യമതസ്ഥനായ ടി.വി.തോമസ്സിനെ വിവാഹം കഴിച്ചത്‌. അനേകതവണ അവര്‍ നിയമസഭാംഗവും മന്ത്രിയുമായി. അന്നൊന്നും അവര്‍ ദൈവനാമത്തില്‍ സത്യപ്രതിജ്ഞ ചെയ്തിട്ടില്ല. ഒടുക്കം പാര്‍ട്ടി വിട്ടതിന്‌ ശേഷമൊരു തവണ ഗുരുവായൂരില്‍ വന്നപ്പോള്‍ നാലുപേര്‍ കാണ്‍കെ തന്നെ തുലാഭാരം തൂക്കി. ചെറുപ്പം മുതലേ താന്‍ കൃഷ്ണഭക്തയായിരുന്നുവെന്നവര്‍ തുറന്നുപറയുകയും ചെയ്തു. അതെ, ഇത്രയും കാലം അവര്‍ ദൈവവിശ്വാസം മറച്ചു വെച്ച്‌ , പാര്‍ട്ടിതത്വശാസ്ത്രത്തില്‍ ഉറച്ച വിശ്വാസമുണ്ടെന്ന്‌ അഭിനയിക്കുകയായിരുന്നു. വിശ്വാസത്തിനൊത്ത ഒരു കാര്യം ചെയ്യാന്‍ അവര്‍ പാര്‍ട്ടിയില്‍ നിന്ന്‌ പുറത്താക്കപ്പെടുന്നതു വരെ കാത്തുനിന്നു. കാലം മാറിയിരിക്കുന്നു എന്നാവും മോനായിയും ഐഷപോറ്റിയും നേതൃത്വങ്ങള്‍ക്ക്‌ നല്‍കുന്ന സൂചന.ഗൗരിയമ്മ ചെയ്യാന്‍ മടിച്ചത്‌ അവര്‍ ചെയ്തിരിക്കുന്നു,പാര്‍ട്ടിയില്‍ നിന്ന്‌ പുറത്തുവരാതെ തന്നെ.

മതമെന്നത്‌ വിശ്വാസപ്രമാണമാണ്‌. കമ്യൂണിസ്റ്റുകാര്‍ മതത്തില്‍ വിശ്വസിക്കുന്നില്ല എന്നത്‌ ശരിയാണെങ്കിലും മനുഷ്യരാരും മതത്തില്‍ വിശ്വസിക്കരുത്‌ എന്നൊരു നിലപാട്‌ ഇക്കാലത്ത്‌ കമ്യൂണിസ്റ്റ്‌ പാര്‍ട്ടികള്‍ കൊണ്ടുനടക്കുന്നില്ല. ജനാധിപത്യവ്യവസ്ഥ നിലനില്‍ക്കുന്നേടത്തെങ്കിലും ജനങ്ങളുടെ വിശ്വാസങ്ങള്‍ അംഗീകരിക്കാന്‍ ലോകമെങ്ങുമുള്ള കമ്യൂണിസ്റ്റ്‌ പാര്‍ട്ടികള്‍ സന്നദ്ധമായിട്ടുണ്ട്‌. വോട്ട്‌ കിട്ടാനുള്ള തന്ത്രം മാത്രമാണിതെന്ന്‌ വേണമെങ്കില്‍ പറയാം. എന്നാല്‍ , അധികാരത്തില്‍ അരനൂറ്റാണ്ടിലേറെക്കാലം ഇരുന്നാലും ബലപ്രയോഗം കൊണ്ടോ ഭീഷണി കൊണ്ടോ ജനങ്ങളുടെ വിശ്വാസങ്ങള്‍ ഇല്ലാതാക്കാനാവുകയില്ല എന്ന്‌ സോവിയറ്റ്‌ .യൂണിയനിലേയും മറ്റും അനുഭവങ്ങളില്‍ നിന്ന്‌ പഠിച്ച പാഠവുമാവാം ഈ മാറ്റത്തിന്‌ കാരണം.

എന്നാല്‍, പാര്‍ട്ടി അംഗങ്ങളും നേതാക്കളും സ്വന്തം ജാതീയത പ്രദര്‍ശിപ്പിക്കുന്നതിനെ കമ്യൂണിസ്റ്റ്‌ തത്വശാസ്ത്രം എക്കാലത്തെങ്കിലും അംഗീകരിച്ചിട്ടുണ്ടോ ? ഇല്ല എന്നാവും ഉറച്ച മറുപടി. എന്നാല്‍ ,തത്ത്വത്തില്‍ മാത്രമേ ജാതിയെ അംഗീകരിക്കാതുള്ളൂ. പ്രയോഗികമായി കമ്യൂണിസ്റ്റുകാര്‍ ജാതിയെ തള്ളിപ്പറയുന്നില്ല. ഉന്നതജാതിക്കാരായ കമ്യൂണിസ്‌ററുകാര്‍ എക്കാലവും അവരുടെ പേരിനൊപ്പം ജാതിപ്പേര്‌ കൊണ്ടു നടന്നിട്ടുണ്ടു എന്നത്‌ അപമാനകരമായി ഒരു കാലത്തും പാര്‍ട്ടിയുടെ ഒരു സംഘടനാരേഖയിലും ചൂണ്ടിക്കാട്ടിയിട്ടില്ല. ഇ. എം. എസ്‌ നമ്പൂതിരിപ്പാട്‌ മുതല്‍ ഇങ്ങോട്ട്‌ ഇതിന്‌ കേരളത്തില്‍ മാത്രം നൂറുനൂറ്‌ ഉദാഹരണങ്ങള്‍ കാണിക്കാന്‍ കഴിയും. ഒരു എ.കെ.ജി. യൊ മറ്റോ അപവാദമായി ഉണ്ടാകുമായിരി്ക്കും. പേരിനൊപ്പം ജാതിപ്പേര്‌ വാലായി ഞങ്ങള്‍ കൊണ്ടുനടക്കില്ല എന്ന്‌ പാര്‍ട്ടി സത്യപ്രതിജ്ഞക്കൊപ്പം ചേര്‍ക്കണമെന്ന്‌ ജാതിക്കെതിരായ പോരാട്ടം നടന്ന കാലത്തു പോലും എന്തുകൊണ്ട്‌ കമ്യൂണിസ്റ്റ്‌ പാര്‍ട്ടി തീരുമാനിച്ചില്ല ? ഇന്നും ഇതില്‍ മാറ്റമില്ല. െ‍ഏഷാപോറ്റി ദൈവവിശ്വാസം പ്രകടിപ്പിച്ചതിലേ അപമാനമുള്ളൂ. യുവകമ്യൂണിസ്റ്റ്‌ പ്രവര്‍ത്തക സ്വന്തം പേരിനൊപ്പം ജാതിപ്പേരു കൊണ്ടുനടക്കുന്നതില്‍ ഒട്ടും അപമാനം പാര്‍ട്ടിക്കില്ല.
വൈരുദ്ധ്യാധിഷ്ഠിത ഭൗതികവാദം പ്രചരിപ്പിക്കുന്ന പാര്‍ട്ടിപ്പത്രം ഇഫ്താര്‍ പാര്‍ട്ടി നടത്തുന്നതും ക്ഷേത്രോത്സവത്തിനും പള്ളിപ്പെരുന്നാളിനും സപ്ലിമെന്റിറക്കുന്നതും ചര്‍ച്ചാവിഷയമാകാറുണ്ട്‌. മതവിശ്വാസികളും പാര്‍ട്ടിയിലുണ്ടെന്നും അവരുടെ താല്‍പ്പര്യങ്ങളും സംരക്ഷിക്കേണ്ടതുണ്ടെന്നും വാദിക്കുന്നത്‌ മനസ്സിലാക്കാം. ഇത്‌ എത്രത്തോളം പോകാം ? ഏത്‌ ഘട്ടം കഴിയുമ്പോഴാണ്‌ ഇത്‌ പാര്‍ട്ടിക്ക്‌ അപമാനമായി മാറുക ? ഇപ്പോഴും ഇക്കാര്യത്തില്‍ വ്യക്തത നേടാന്‍ പാര്‍ട്ടിക്ക്‌ കഴിഞ്ഞിട്ടില്ല. ക്രൈസ്തവര്‍ കൂടുതലുള്ള കോട്ടയത്ത്‌ പുണ്യദിനത്തില്‍ ഒന്നാം പേജില്‍ ക്രിസ്തുദേവന്റെ കളര്‍ചിത്രം കൊടുത്തതും വൈരുദ്ധ്യാധിഷ്ഠിതഭൗതികവാദത്തിന്‌ കോട്ടമൊന്നും വരുത്തുകയില്ലായിരിക്കാം. ഇത്‌ മനസ്സില്‍ വെച്ചായിരിക്കാം കോട്ടയം ദേശാഭിമാനി എഡിഷന്‍ ഉദ്ഘാടനത്തിന്‌ നല്‍കിയ സന്ദേശത്തില്‍ മനോരമ പത്രാധിപര്‍ കെ.എം. മാത്യു അര്‍ത്ഥഗര്‍ഭമായി പറഞ്ഞത്‌...മതം മനുഷ്യനെ മയക്കുന്ന കറുപ്പാണെന്ന്‌ ഒരു കാലത്ത്‌ പറഞ്ഞിരുന്നവര്‍ അത്‌ വോട്ട്‌ കിട്ടാനും സര്‍ക്കുലേഷന്‍ കൂട്ടാനും കൂടി പ്രയോജനപ്പെടുന്ന കാര്യമാണെന്ന്‌ മനസ്സിലാക്കിയത്‌ സ്വാഗതാര്‍ഹമാണ്‌.....

വ്യക്തികളെ ദൈവതുല്യരാക്കി കൊണ്ടാടുന്ന പ്രവണതകള്‍ക്ക്‌ എതിരെ കമ്യൂണിസ്റ്റ്‌ പാര്‍ട്ടി എക്കാലവും ,നിലപാടെടുത്തിട്ടുണ്ട്‌. ആള്‍ദൈവങ്ങളെന്നും മറ്റും ആക്ഷേപിക്കേണ്ടതുണ്ടോ എന്നത്‌ വേറെ കാര്യം. എന്നാല്‍ ചില വ്യക്തികള്‍ക്ക്‌ പിറകെ വിശ്വാസികള്‍ പരക്കം പായുന്നത്‌ നല്ല മതവിശ്വാസം പോലുമല്ല എന്ന്‌ കമ്യൂണിസ്റ്റ്‌ ചിന്തകന്മാര്‍ ഉറപ്പിച്ചു പറഞ്ഞിട്ടുണ്ട്‌.അന്ധവിശ്വാസത്തിന്റെ ഒരു പുതുരൂപം മാത്രമാണിതെന്ന്‌ ആചാര്യനായ ഇ. എം. എസ്‌. നമ്പൂതിരിപ്പാട്‌ തന്നെ വ്യക്തമാക്കിയിട്ടുണ്ട്‌.അതു കൊണ്ടുതന്നെ മുഖ്യമന്ത്രിസ്ഥാനത്തിരിക്കുമ്പോഴും ചില തരം മതപ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാകാന്‍ അദ്ദേഹം തയ്യാറാകാറില്ല , പങ്കാളികളാകാന്‍ പാര്‍ട്ടിക്കാരെ അനുവദിക്കാറുമില്ല. മാതാ അമൃതാനന്ദമയി, സത്യസായിബാബാ,്ര‍ ശീ ശ്രീ രവിശങ്കര്‍ തുടങ്ങിയവരെ ആള്‍ദൈവങ്ങള്‍ എന്ന്‌ വിളിച്ചത്‌ സി.പി.എം ബുദ്ധിജീവികള്‍ തന്നെയായിരുന്നു. ഇതാ ഒടുവിലിപ്പോള്‍ അത്തരം ' ആള്‍ദൈവ 'ങ്ങളെ ആദരിക്കുന്ന മഹായോഗങ്ങളില്‍ സി.പി.എം മന്ത്രിമാര്‍ തന്നെ പങ്കെടുക്കുന്നു, ആള്‍ ദൈവങ്ങളെ വാനോളം പുകഴ്ത്തുന്നു!. ഐഷാപോറ്റിയുടെ നടപടി അപമാനവും മന്ത്രി എ.കെ.ബാലന്റെ നടപടി അഭിമാനവും ആകുന്നതിന്റെ വൈരുദ്ധ്യാധിഷ്ഠിതം സാധാരണക്കാര്‍ക്ക്‌ മനസ്സിലാക്കുവാന്‍ കഴിഞ്ഞെന്നു വരില്ല, ഒരു പക്ഷെ പാര്‍ട്ടി ബുദ്ധിജിവികള്‍ക്ക്‌ മനസ്സിലാക്കാനാകുമായിരിക്കും.

മാര്‍ക്സിയന്‍ തത്വശാസ്ത്രത്തിന്റെ ഭാണ്ഡത്തില്‍ ഇനിയധികമൊന്നും ബാക്കിയില്ല. തൊഴിലാളി വര്‍ഗം സായുധവിപ്ലവത്തിലൂടെ അധികാരം പിടിച്ചെടുക്കുന്നതും വര്‍ഗസര്‍വാധിപത്യം നടപ്പാക്കുന്നതും ഉല്‍പാദനോപകരണങ്ങളെല്ലാം പൊതുവുടമസ്ഥതതയിലാക്കുന്നതും സമ്പൂര്‍ണസ്ഥിതിസമത്വം ഉണ്ടാക്കുന്നതുമെല്ലാം ഭരണകൂടം കൊഴിഞ്ഞുപോകുന്നതും എല്ലാം ഇപ്പോള്‍ പാര്‍ട്ടി ക്ലാസ്സുകളില്‍ പോലും പറയാന്‍ കൊള്ളാത്ത തമാശകളായിട്ടുണ്ട്‌. പിന്നെയെന്തിന്‌ വൈരുദ്ധ്യാധിഷ്ടിതഭൗതികവാദം പോലുള്ള ചിലതു മാത്രം ദിവ്യപ്പശുക്കളെയെന്ന പോലെ കൊണ്ടുനടക്കുന്നു ?

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

വര്‍ക്കിങ്ങ് ജേണലിസ്റ്റ് ആക്റ്റും വേജ് ബോര്‍ഡും ഇല്ലാതാക്കി

കേരള മാധ്യമങ്ങളുടെ ആറു പതിറ്റാണ്ട്

ഐ.വി ബാബു: നിലപാടുകളില്‍ ഉറപ്പ്, സ്‌നേഹത്തിന്റെ സമൃദ്ധി