ജീവന്‍ കൊണ്ടുള്ള പന്താട്ടങ്ങള്‍


തൂക്കുമരം കാത്തിരിക്കുകയായിരുന്ന മൂന്നു പേരെ സുപ്രീം കോടതി കോടതി വധശിക്ഷയില്‍ നിന്ന്‌ മോചിപ്പിച്ചുവെന്നത്‌ ആശ്വാസമാണോ അമര്‍ഷമാണോ ആളുകളില്‍ ഉളവാക്കുക ? അത്‌ നിങ്ങളുടെ രാഷ്ട്രീയത്തെ ആശ്രയിച്ചാണിരിക്കുന്നത്‌. വധശിക്ഷയില്‍ നിന്നു രക്ഷപ്പെട്ടവര്‍ സി.പി.എമ്മുകാരും നിങ്ങളൊരു സി.പി.എം. വിരുദ്ധനുമാണെങ്കില്‍ തീര്‍ച്ചയായും വിധി നിങ്ങളെ നിരാശനാക്കും. പ്രതികള്‍ ബി.ജെ.പി. ക്കാരാണെങ്കില്‍ അവരെ മോചിപ്പിക്കുന്നത്‌ സി.പി.എം കാര്‍ക്കും ഇഷ്ടപ്പെടുകയില്ല. ഇതിന്റെ പിന്നിലെ ചിന്ത ഒന്നേയുള്ളൂ-എതിര്‍പക്ഷത്തെ മൂന്നുപേരെ കോടതി തന്നെ കൊല്ലുന്നുവെങ്കില്‍ പിന്നെ കൊല്ലാന്‍ നമ്മള്‍ മിനക്കെടേണ്ടതില്ലല്ലോ. രാഷ്ട്രീയക്കൊലയുടെ മറ്റൊരു രൂപമായാണ്‍്‌ അവര്‍ കോടതിയെയും കാണുന്നത്‌. ഇതില്‍ നീതിയുടെയോ നിയമത്തിന്റെയോ പ്രശ്നമൊന്നും ആരും കാണുന്നില്ല, എല്ലാറ്റിലും വലുതായ മനുഷ്യജീവനെ കുറിച്ചുള്ള ചിന്ത ഒട്ടുമില്ല.രാഷ്ട്രീയപ്രബുദ്ധതയെ കുറിച്ച്‌ വലിയ അവകാശവാദങ്ങള്‍ പലതും ഉന്നയിക്കാറുള്ള കേരളം ഇന്നെത്തി നില്‍ക്കുന്ന അവസ്ഥയാണിത്‌.

ഒരു പ്രൈമറി സ്കൂള്‍ അധ്യാപകനെയാണ്‌ പിഞ്ചുകുഞ്ഞുങ്ങളുടെ കണ്‍മുന്നില്‍ വെച്ച്‌ വെട്ടിക്കൊന്നത്‌. ഇത്‌ കേരളമന:സാക്ഷിയെ ഞെട്ടിച്ചുവെന്നൊക്കെ അലങ്കാരത്തിന്‌ പറയുന്നുവെന്നേ ഉള്ളൂ. കൊല്ലപ്പെട്ടത്‌ ശത്രുപാര്‍ട്ടിക്കാരനാണെങ്കില്‍ ഞെട്ടേണ്ട കാര്യമൊന്നുമില്ല എന്ന പൊതുതത്വം കേരളം അംഗീകരിച്ചു കഴിഞ്ഞിട്ടുണ്ട്‌. കക്ഷിരാഷ്ട്രീയമാണ്‌ നിങ്ങളുടെ സിരകളില്‍ ഒഴുകുന്നതെങ്കില്‍ എത്ര ഗുരുതരമായ കുറ്റകൃത്യവും നിങ്ങളെ ഞെട്ടിക്കുകയില്ല. ഈ ഹീനമായ കൊലപാതകത്തെ കക്ഷിരാഷ്ട്രീയത്തിന്റെ അതിരുകള്‍ക്ക്‌ അപ്പുറത്ത്‌ നിന്ന്‌ അപലപിക്കാന്‍ ഒരു ബുദ്ധിജീവിയോ സാംസ്കാരിക പ്രവര്‍ത്തകനോ മുന്നോട്ടുവന്നില്ല. കരുണക്ക്‌ പേരു കേട്ട എം.എന്‍.വിജയന്‌ പോലും സഖാക്കളേ കൊച്ചുകുഞ്ഞുങ്ങളുടെ മുന്നില്‍ നിന്നെങ്കിലും നിങ്ങളിങ്ങനെ ചെയ്യരുതേ എന്നു നെഞ്ചില്‍ കൈ വെച്ച്‌ പറയാനുള്ള മനസാക്ഷിയില്ലാതെ പോയി. അങ്ങിനെ ചെയ്തില്ലെന്നു മാത്രമല്ല, പിന്നീടദ്ദേഹം ഈ കൊലപാതകത്തില്‍ വധശിക്ഷ വിധിക്കപ്പെട്ട പ്രതികളെ ജയിലില്‍ സന്ദര്‍ശിച്ച്‌ സ്നേഹം പ്രകടിപ്പിക്കുകയും ചെയ്ത്‌. എം. എന്‍. വിജയനില്‍ നിന്ന്‌ പ്രതീക്ഷിക്കാന്‍ പറ്റാത്തത്‌ പിണറായി വിജയനില്‍ നിന്നാണോ നമുക്ക്‌ കിട്ടാന്‍ പോകുന്നത്‌ ?

തീര്‍ച്ചയായും , കോടതി വധശിക്ഷക്ക്‌ വിധിച്ചവരൊന്നും യഥാര്‍ത്ഥത്തില്‍ കൊല നടത്തിയവരല്ലെന്ന വാദം നമ്മുടെ മുന്നിലുണ്ട്‌. ഇത്‌ ഉന്നയിക്കുന്നത്‌ സി.പി.എം വക്താക്കളാണ്‌. ആരു കൊല നടത്തി എന്ന്‌ നന്നായി അറിയുന്നവര്‍ സി.പി.എംകാര്‍ തന്നെയാണ്‌. അതു കൊണ്ടുതന്നെ അവര്‍ പറയുന്ന കാര്യങ്ങള്‍ക്ക്‌ കോടതി പറയുന്നതിലേറെ വില കല്‍പിക്കേണ്ടതുണ്ട്‌. ഓരോരുത്തരേയും കൊല്ലാന്‍ ആരെയാരെ നിയോഗിച്ചു എന്ന്‌ നന്നായി അറിയുന്നത്‌ പാര്‍ട്ടിക്കാര്‍ തന്നെ. പക്ഷെ, ഒന്നുണ്ട്‌. കൊന്നത്‌ ഇവര്‍ തന്നെയാണെങ്കിലും ഇവരല്ലെന്നു മാത്രമേ പാര്‍ട്ടിക്കാര്‍ പറയൂ. ഇവരല്ലെങ്കില്‍ പിന്നെ ആരാണ്‌ കൊന്നതെന്ന്‌ പറയുമോ ഏതെങ്കിലും പാര്‍ട്ടി സഖാവ്‌ ? ഇല്ല , ഒരിക്കലും പറയില്ല.

വര്‍ഗീസ്‌ കൊലയില്‍ സംഭവിച്ചതു പോലെ എന്നെങ്കിലും ജയകൃഷ്ണന്‍ കൊലക്കേസില്‍ വെളിപ്പെടുത്തലുണ്ടാകുമെന്ന്‌ സി.പി.എമ്മിന്റെ ഒരു നേതാവ്‌ കണ്ണൂരില്‍ പ്രസംഗിച്ചതായി പത്രങ്ങളിലുണ്ടായിരുന്നു. ഞെട്ടേണ്ട. ജയകൃഷ്ണനെ ആരു വധിച്ചു എന്ന്‌ വെളിപ്പെടുത്തും എന്നല്ല സഖാവ്‌ ഉദ്ദേശിച്ചത്‌. കൊലക്കേസ്സില്‍ നിരപരാധികളെ പ്രതികളാക്കിയത്‌ എങ്ങനെ എന്നത്‌ സംബന്ധിച്ച്‌ ഏതെങ്കിലും പോലീസുകാര്‍ കോണ്‍സ്റ്റബ്ല് രാമചന്ദ്രന്‍ നായര്‍ ചെയ്തത്‌ പോലെ എന്നെങ്കിലും വെളിപ്പെടുത്തിയേക്കുമന്നാണ്‌ അദ്ദേഹം ഉദ്ദേശിച്ചത്‌. ആരാണ്‌ ജയകൃഷ്ണന്‍ മാസ്റ്ററെ കൊല്ലാന്‍ ഗൂഡാലോചന നടത്തിയതെന്നും ആരാണ്‌ കൊന്നതെന്നും ആരും വെളിപ്പെടുത്താന്‍ പോകുന്നില്ല. കാരണം പോലീസ്‌ കോണ്‍സ്റ്റബ്ല്മാരില്‍ നിന്ന്‌ പ്രതീക്ഷിക്കാവുന്ന നീതി ബോധമൊന്നും നിങ്ങള്‍ രാഷ്ട്രീയക്കാരില്‍ നിന്ന്‌ പ്രതീക്ഷിക്കേണ്ട. ഒരു രാഷ്ട്രീയകൊലയാളിയുടേയും മന:സാക്ഷി ഒരിക്കലും അയാളെ അലോസരപ്പെടുത്തുകയില്ല. താന്‍ ചെയ്യുന്നത്‌ വലിയ ഒരു വിപ്ലവപ്രവര്‍ത്തനമാണെന്ന്‌, അല്ലെങ്കില്‍ കുരുക്ഷേത്രയുദ്ധം പോലൊരു മഹത്കൃത്യമാണെന്ന്്‌-കക്ഷിയേതോ അതിനനുസരിച്ച്‌ -വിശ്വസിക്കാന്‍ അവന്റെ രാഷ്ട്രീയനേതൃത്വം അവനെ ബ്രെയിന്‍വാഷ്‌ ചെയ്ത്‌ സജ്ജമാക്കിയിട്ടുണ്ട്‌.

വധശിക്ഷ വിധിക്കപ്പെട്ടവര്‍ നിരപരാധികള്‍ ആയിരിക്കാനുള്ള സാദ്ധ്യത വളരെയേറെ ഉണ്ടെന്ന്‌ കണ്ണുരില്‍ കുറെക്കാലം ജീവിക്കുകയും രാഷ്ട്രീയപ്രവര്‍ത്തനം നടത്തുകയും പത്രപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുകയും ചെയ്തിട്ടുള്ള ഈ ലേഖകന്‌ പറയുവാന്‍ കഴിയും. രാഷ്ട്രീയകൊലപാതകങ്ങള്‍ക്ക്‌ ചില രീതിയും ശൈലിയുമൊക്കെയുണ്ട്‌. പോലീസും പാര്‍ട്ടിക്കാരും ചേര്‍ന്നുള്ള ഒരു ഒത്തുകളിയാണ്‌ കേസ്‌ അന്വേഷണം. കൊലക്കേസ്സില്‍ പിടിക്കേണ്ടവരുടെ ലിസ്റ്റ്‌ കൊല കണ്ടവരല്ല , കൊല ചെയ്തവരുടെ പാര്‍ട്ടിക്കാര്‍ തന്നെയാണ ്‌ നല്‍കാറുള്ളത്്‌. അന്ന്‌ നാട്ടിലൊന്നും ഉണ്ടായിരുന്നില്ലെന്ന്‌ തെളിയിക്കാന്‍ രേഖയോ തെളിവോ ഉള്ള കുറെ പേരുടെ ലിസ്റ്റാണ്‌ പാര്‍ട്ടിക്കാര്‍ നല്‍കുക. അവരെ പിന്നെ കോടതി വെറുതെ വിട്ടുകൊള്ളും. അങ്ങനെയൊരു ലിസ്റ്റ്‌ നല്‍കുന്നില്ലെങ്കില്‍ എതിര്‍കക്ഷി നല്‍കുന്ന ലിസ്റ്റില്‍ പെട്ടവര്‍ക്കെതിരെ കൊലക്കേസ്‌ ചാര്‍ജ്‌ ചെയ്യേണ്ടിവരുമെന്ന ഭീഷണി പോലീസില്‍ നിന്നുണ്ടാവും. അതൊരിക്കലും അംഗീകരിക്കാന്‍ പാര്‍ട്ടിക്കാര്‍ക്കാവില്ല. കാരണം ആ ലിസ്റ്റിലെ പേര്‌ പാര്‍ട്ടി നേതാക്കളുടേതായിരിക്കും. അവര്‍ അപ്പോള്‍ ചെയ്യുന്നത്‌ സ്വന്തം പാര്‍ട്ടിക്കാരെ തന്നെ കൊലക്കേസില്‍ പ്രതികളാക്കി ലിസ്റ്റുണ്ടാക്കി പൊലീസിന്‌ കൈമാറുകയാണ്‌. സഖാക്കള്‍ക്ക്‌ ഇത്‌ സ്വീകരിക്കാതിരിക്കാനാവില്ല. പാര്‍ട്ടിക്കൂറ്‌ അളക്കപ്പെടുന്ന അപുര്‍വസന്ദര്‍ഭമാണിത്‌. വലിയ വാഗ്ദാനങ്ങള്‍ പാര്‍ട്ടിനേതാക്കളില്‍ നിന്നുണ്ടാകും. കുടുംബത്തിന്‌ പൂര്‍ണസംരക്ഷണം ,മതിയായ നഷ്ടപരിഹാരം, പ്രതിഫലം.....എല്ലാറ്റിനുമുപരിയായി ശിക്ഷിക്കപ്പെടുകയില്ലെന്ന ഉറപ്പ്‌ . ഈ ഉറപ്പില്‍ പ്രതിയാകാന്‍ സന്നദ്ധരായവര്‍ പിന്നീട്‌ കോടതിയില്‍ നിന്ന്‌ ശിക്ഷ ഏറ്റുവാങ്ങിയ സംഭവങ്ങള്‍ ധാരാളമുണ്ട്‌. ജയകൃഷ്ണന്‍ കേസ്സില്‍ ശിക്ഷിക്കപ്പെട്ടവര്‍ പാര്‍ട്ടി കൊടുത്ത ലിസ്റ്റില്‍ പെട്ടവരോ അതല്ല, ബി.ജെ.പിക്കാര്‍ കൊടുത്ത ലിസ്റ്റില്‍ പെട്ടവരോ അതുമല്ല, പോലീസുകാര്‍ അറിയുന്ന പാര്‍ട്ടിക്കാരെ പിടിച്ചു പ്രതികളാക്കിയതാണോ എന്നറിയില്ല.എന്തായാലും അവര്‍ കൊലയാളികളാണെന്ന ഒരുറപ്പുമില്ല.

മൊകേരി സ്കൂളിലെ പിഞ്ചുകുഞ്ഞുങ്ങളുടെ നിര്‍ഭാഗ്യത്തെക്കുറിച്ചോര്‍ക്കുമ്പോള്‍ ആരുടേയും നെഞ്ചുകത്തും. ഗുരുവിനെ വെട്ടിവെട്ടിക്കൊല്ലുന്നത്‌ കാണേണ്ടിവന്ന കുഞ്ഞുങ്ങള്‍ക്ക്‌ മരണം വരെ അത്‌ നെഞ്ചിലെ തീയായി അവശേഷിക്കും. സാധാരണജീവിതം നയിക്കാന്‍ അവര്‍ക്ക്‌ കഴിയാതാകാന്‍ പോലും സാധ്യതയുണ്ട്‌. അവരില്‍ കുറെ കുഞ്ഞുങ്ങള്‍ രണ്ടാമതൊരു പീഡനത്തിന്‌ കൂടി വിധേയരാക്കപ്പെട്ടു. കൊലക്കേസ്സില്‍ അവര്‍ സാക്ഷിക്കളാക്കപ്പെട്ടു. സുപ്രിം കോടതി അവരുടെ ധീരതയെ പ്രശംസിച്ചു ! നാളെയവര്‍ എന്തെല്ലാം യാതനകളും പീഡനങ്ങളുമാണ്‌ ഇതിന്റെ പേരില്‍ അനുഭവിക്കേണ്ടി വരിക എന്ന്‌ ദൈവത്തിനേ അറിയൂ. കൊല ആസൂത്രണം ചെയ്തവരും കേസ്സു നടത്തിയവുരുമെല്ലാം നാളെ മന്ത്രിമാരും മറ്റുമായി വിലസും, അവരുടെ മക്കള്‍ ഡല്‍ഹിയിലും ലണ്ടനിലും പഠിച്ചെന്നിരിക്കും. ഈ നിര്‍ഭാഗ്യവാന്മാരെ ആരോര്‍ക്കാന്‍ !.

വധശിക്ഷയും വിട്ടയക്കലും ഒരു കാര്യം നിശ്ശംസയം തെളിയിക്കുന്നു. വധശിക്ഷ ഇല്ലാതാക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. ജയകൃഷ്ണന്‍ വധക്കേസ്സില്‍ എല്ലാ മൊഴികളും തെളിവുകളും സൂക്ഷ്മമായി പരിശോധിച്ചു തന്നെയാണ്‌ രണ്ടുകോടതികള്‍ അഞ്ചുപേരെ തൂക്കുമരത്തിലേറ്റാന്‍ വിധിപറഞ്ഞത്‌. അതേ മൊഴികളും രേഖകളും പരിശോധിച്ചുതന്നെയാണ്‌ സുപ്രിം കോടതി ജഡ്ജിമാര്‍ നാലു പേരെ വെറുതെവിടാന്‍ കല്‍പിച്ചത്‌. ഒരറ്റത്ത്‌ നിന്ന്‌ മറ്റേയറ്റത്തേക്കാണ്‌ കോടതികള്‍ പോയത്‌. ഒരേ തെളിവും ഒരേ മൊഴിയും വെച്ചുകൊണ്ടുതന്നെ ഒരു ജഡ്ജിക്ക്‌ തൂക്കിക്കൊല്ലുകയും മറ്റൊരു ജഡ്ജിക്ക്‌ വിട്ടയക്കുകയും ചെയ്യാം എന്നര്‍ത്ഥം. സംശയത്തിന്റെ അംശം ലവലേശം പോലും ഇല്ലെങ്കിലാണ്‌ ഒരാളെ തൂക്കിക്കൊല്ലാന്‍ വിധിക്കുക. മേല്‍ക്കോടതി വധശിക്ഷ റദ്ദാക്കി പകരം ജീവപര്യന്തം തടവോ മറ്റോ ആണ്‌ നല്‍കിയിരുന്നെങ്കില്‍ മനസ്സിലാക്കാമായിരുന്നു. കോടതിയിലിരിക്കുന്നവര്‍ ദൈവങ്ങളല്ലെന്നും അവര്‍ക്ക്‌ ധാരാളമായി തെറ്റുപറ്റുമെന്നും ഈ വിധികള്‍ സംശയലേശമെന്യേ തെളിയിക്കുന്നു. ഒരു മനുഷ്യനെയും കൊല്ലാന്‍ വിധിക്കാന്‍ യോഗ്യതയുള്ള ഒരു ജഡ്ജിയും ഭൂമിയില്‍ ഇതുവരെ ജനിച്ചിട്ടില്ല. ഇനി ജനിക്കുകയുമില്ല. നമ്മളെ പ്പോലുള്ള സാധാരണമനുഷ്യരാണവര്‍. പലര്‍ക്കും നമ്മളോളം സാമാന്യബുദ്ധിയോ നീതിബോധമോ ലോകത്തെ കുറിച്ചുള്ള അറിവോ ഇല്ല. മനുഷ്യജീവന്‍ അവര്‍ക്കേല്‍പ്പിച്ചുകൊടുക്കാന്‍ പറ്റില്ല തന്നെ.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

വര്‍ക്കിങ്ങ് ജേണലിസ്റ്റ് ആക്റ്റും വേജ് ബോര്‍ഡും ഇല്ലാതാക്കി

കേരള മാധ്യമങ്ങളുടെ ആറു പതിറ്റാണ്ട്

ഐ.വി ബാബു: നിലപാടുകളില്‍ ഉറപ്പ്, സ്‌നേഹത്തിന്റെ സമൃദ്ധി