മാറാട്‌ റിപ്പോര്‍ട്ട്‌ വായിക്കേണ്ടവിധം


അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ടുകള്‍ നാട്ടുകാര്‍ വായിക്കാന്‍ വേണ്ടി തയ്യാറാക്കപ്പെടുന്നവയല്ല എന്നതാണ്‌ ആദ്യമായി മനസ്സിലാക്കേണ്ട സംഗതി. കമ്മീഷന്‍ കഷ്ടപ്പെട്ട്‌ എഴുതിയുണ്ടാക്കുന്നത്‌ ഒന്നോ രണ്ടോ അണ്ടര്‍ സെക്രട്ടറിക്കോ അപ്പര്‍ സെക്രട്ടറിക്കോ വായിച്ച്‌ നോട്ടുണ്ടാക്കി ഭദ്രമായി അലമാറയില്‍ സൂക്ഷിക്കാന്‍ വേണ്ടിയാണെന്നതാണ്‌ ഇക്കാലം വരെയായി സ്വീകരിച്ചുപോന്നിട്ടുള്ള ജനാധിപത്യപരമായ കീഴ്‌വഴക്കം. പതിവിന്‌ വിപരീതമായി മാറാട്‌ കമ്മീഷന്‍ റിപ്പോര്‍ട്ട്‌ എട്ടുകോളം തലക്കെട്ട്‌, ജില്ല തോറും പത്രസമ്മേളനം, പന്തംകൊളുത്തിപ്രകടനം തുടങ്ങി പലതരം പ്രത്യാഘാതങ്ങള്‍ക്കിടയാക്കിയിട്ടുണ്ട്‌. മുന്‍കാലത്ത്‌ കംഷണര്‍മാരായപലരിലും ഇതുകടുത്ത അസൂയയും സൃഷ്ടിച്ചിട്ടുണ്ട്‌. അഭൂതപൂര്‍വമായ ജനതാത്‌പര്യം കണക്കിലെടുത്ത്‌ അനിഷ്ടസംഭവങ്ങള്‍ ഒഴിവാക്കാന്‍ സര്‍ക്കാര്‍ ചില മുന്‍കരുതലുകള്‍ എടുത്തിട്ടുണ്ട്‌.

വിവരാവകാശത്തിന്റെ കാലമാണിത്‌. ഏത്‌ വിവരദോഷിക്കും പത്തു രൂപ അടച്ച്‌ സര്‍ക്കാറിന്റെ വിവരം ചോദിക്കാം, ചോദിച്ചാല്‍ കൊടുത്തേ പറ്റൂ. മാറാട്‌ അന്വേഷണവിവരം അങ്ങനെ നാട്ടുകാര്‍ മുഴുവന്‍ അറിയേണ്ട സംഗതിയല്ലെന്ന സുചിന്തിതമായ അഭിപ്രായം നമ്മുടെ ജനകീയ സര്‍ക്കാര്‍ വിവരാവകാശകമ്മീഷനെ യഥാസമയം അറിയിച്ചു. വിവരമില്ലാത്ത അവര്‍ക്ക്‌ അതൊട്ടും ദഹിച്ച ലക്ഷണമില്ല. എന്നാലും സാധനം ആര്‍ക്കും കൊടുത്തില്ല. ചില എന്‍.ഡി.എഫുകാര്‍ക്ക്‌ ഒരാഴ്ചമുമ്പേയും ചില പത്രക്കാര്‍ക്ക്‌ ഒരു ദിവസം മുമ്പേയും ചോര്‍ത്തിക്കൊടുത്തത്‌ വേറെ കാര്യം. റിപ്പോര്‍ട്ട്‌ സഭയില്‍ വെച്ചശേഷവും പൂര്‍ണരൂപത്തിലത്‌ നാട്ടുകാര്‍ക്കു കിട്ടുകയില്ല എന്നുറപ്പ്‌ വരുത്തി. പുതിയ വിവരാവകാശനിയമമനുസരിച്ച്‌ ജനങ്ങളറിയേണ്ട കാര്യങ്ങള്‍ സ്വമേധയാ സര്‍ക്കാര്‍ അതിന്റെ വെബ്‌സൈറ്റില്‍ കൊടുക്കണമെന്നുണ്ട്‌. മാറാട്‌ റിപ്പോര്‍ട്ട്‌ ഈ വകുപ്പില്‍ പെടുന്നതല്ലല്ലോ. അതുകൊണ്ട്‌ അതെങ്ങും കൊടുത്തുമില്ല.

ഇനി റിപ്പോര്‍ട്ട്‌ പൂര്‍ണരൂപത്തില്‍ കൈയില്‍ കിട്ടിയവര്‍ അനുഷ്ഠിക്കേണ്ട കാര്യങ്ങള്‍ പറയാം. ഒരു കാരണവശാലും റിപ്പോര്‍ട്ട്‌ മുഴുവനുമങ്ങു കുത്തിയിരുന്നു വായിച്ചുകളയരുത്‌. അത്‌ സമയനഷ്ടവും ആശയക്കുഴപ്പവും മാത്രമേ ഉണ്ടാക്കൂ. പലരും അബദ്ധവശാല്‍ ചെയ്യുന്ന ഒരു വിഡ്ഢിത്തമുണ്ട്‌. സ്വന്തം പാര്‍ട്ടിയെ കുറിച്ചുള്ള പരാമര്‍ശങ്ങള്‍ തിരഞ്ഞുവായിക്കും. ഒരിക്കലും അത്‌ ചെയ്യരുത്‌. നമ്മുടെ എതിരാളികളെ കുറിച്ചെന്ത്‌ എഴുതി എന്ന്‌ മനസ്സിലാക്കാനാണ്‌ സമയം ചെലവാക്കേണ്ടത്‌. ഉദാഹരണത്തിന്‌ സി.പി.എമ്മിനെതിരായ വിമര്‍ശനങ്ങള്‍ കോണ്‍ഗ്രസ്സുകാരും ലീഗുകാരും ബി.ജെ.പിക്കാരുമാണ്‌ വായിക്കേണ്ടത്‌. കോണ്‍ഗ്രസ്സിനും ലീഗിനും സംഘപരിവാറിനും എതിരെയുള്ളത്‌ സഖാക്കള്‍ നിര്‍ബന്ധമായും വായിക്കുക.

അപ്പോഴൊരു സംശയം തോന്നാം. നിങ്ങളുടെ പാര്‍ട്ടിയെ കുറിച്ച്‌ കമ്മീഷന്‍ ഇങ്ങനെ പറയുന്നില്ലേ എന്നോ മറ്റോ പത്രസമ്മേളനത്തില്‍ ആരെങ്കിലും ചോദിച്ചാല്‍ എന്തു മറുപടി പറയും? ന്യായമായ സംശയം. അങ്ങനെ അപകടം വരാതിരിക്കാന്‍ രണ്ടു മുന്‍കരുതല്‍ എടുക്കാം. ഒന്ന്‌ പത്രസമ്മേളനം കഴിയുന്നത്ര തിരുവനന്തപുരത്ത്‌ നടത്തരുത്‌. തിരുവനന്തപുരത്തെ പത്രക്കാരുടെ കൈയിലേ മാറാട്‌ വിപ്പോര്‍ട്ടുണ്ടാകൂ. മറ്റുജില്ലകളിലൊന്നും സാധനം എത്തില്ലെന്ന്‌ സര്‍ക്കാര്‍ ഉറപ്പുവരുത്തിയിട്ടുണ്ട്‌. മറ്റു ജില്ലാ ആസ്ഥാനങ്ങളില്‍ ചെന്ന്‌ എന്തും തട്ടിമൂളിക്കാം. ആരും ചോദ്യം ചെയ്യില്ല. അല്ലെങ്കില്‍ വിനീതന്‍ പി.കെ.കുഞ്ഞാലിക്കുട്ടി ചെയ്തതുപോലെ ചെയ്യണം. കമ്മീഷന്റെ റിപ്പോര്‍ട്ട്‌ ഒരു അപസര്‍പ്പകകഥ പോലെ അസത്യമാണെന്ന്‌ ഒറ്റ വീശുവീശിയേക്കണം. പിന്നെയാരും ഒന്നും ചോദിക്കില്ല. ഒരു കുഴപ്പമേയുള്ളൂ. മറ്റേ പാര്‍ട്ടിയെ കുറിച്ച്‌ കമ്മീഷന്‍ പറഞ്ഞത്‌ സത്യമാണ്‌ അതുകൊണ്ട്‌ മന്ത്രി രാജിവെക്കണം എന്നൊന്നും അപ്പോള്‍ വാദിക്കാന്‍ പറ്റുകയില്ല. വേറൊരു പ്രശ്നമുണ്ട്‌. സി.ബി.ഐ.അന്വേഷണത്തിന്‌ തുരങ്കം വെച്ചതുകൊണ്ടുമാത്രം കുഞ്ഞാലിക്കുട്ടിക്ക്‌ കൂട്ടക്കൊലനടത്തിയവരുമായി ബന്ധമുണ്ട്‌ എന്ന്‌ കരുതിക്കൂടാ, കുറെ പ്രവര്‍ത്തകര്‍ പ്രതികളായി എന്നതു കൊണ്ടുമാത്രം മുസ്‌ലിം ലീഗിന്‌ പാര്‍ട്ടി എന്ന നിലയില്‍ കലാപത്തിന്‌ ഉത്തരവാദിത്വമുണ്ടെന്ന്‌ പറയാന്‍ പറ്റില്ല തുടങ്ങിയ കമ്മീഷന്റെ നിഗമനങ്ങളും 'അപസര്‍പ്പകകഥപോലെ അസത്യ'മാണോ എന്ന്‌ ചില കുബുദ്ധികള്‍ ചോദിച്ചേക്കാം. അതുകൊണ്ടാണ്‌ പത്രക്കാര്‍ റിപ്പോര്‍ട്ടേ കണ്ടിട്ടില്ലാത്ത പ്രദേശത്ത്‌ പോയേ പത്രസമ്മേളനം നടത്താവൂ എന്നു പറഞ്ഞത്‌.

കമ്മീഷന്‍ റിപ്പോര്‍ട്ട്‌ ആരും പൂര്‍ണമായി അംഗീകരിച്ചിട്ടില്ലല്ലോ എന്ന്‌ അന്നത്തെ മുഖ്യമന്ത്രി എ.കെ. ആന്റണി മുന്‍കൂര്‍ ജാമ്യമെടുത്തത്‌ ശ്രദ്ധിക്കേണ്ടതാണ്‌. ആരും മുഴുവനായി സ്വീകരിക്കരുത്‌. ഏത്‌ സ്വീകരിക്കണം ഏത്‌ തള്ളണം എന്നതിന്‌ ഒരു മാനദണ്ഡമേ ഉള്ളൂ. തങ്ങള്‍ക്കെതിരായി പറഞ്ഞതൊന്നും അംഗീകരിക്കരുത്‌. അനുകൂലമായി പറഞ്ഞതെല്ലാം കയ്യടിച്ച്‌ അംഗീകരിക്കുക. ഇ.കെ. ആന്റണിയെപ്പോലെ അപൂര്‍വം ചിലര്‍ക്കേ ഈ വ്യവസ്ഥയുടെ ഗുണം കിട്ടൂ. ആഭ്യന്തരവകുപ്പിന്റെ പരായജത്തിനും സി.ബി.ഐ. അന്വേഷണം നടത്താതിരുന്നതിനും ഉള്ള പഴി ഏറെ കേട്ടെങ്കിലും പുനരധിവാസം ഒത്തുതീര്‍പ്പിന്‌ ശേഷം മതി എന്നു തീരുമാനിച്ചതും കൂട്ടക്കൊലയുടെ പ്രത്യാഘാതങ്ങള്‍ തടഞ്ഞതും വിവേകപൂര്‍ണമായി എന്നു കമ്മീഷന്‍ പറഞ്ഞതില്‍ പിടിച്ചുതൂങ്ങാന്‍ ആന്റണിക്ക്‌ പറ്റിയെന്നിരിക്കും. പക്ഷേ, എല്ലാവര്‍ക്കും അതു പറ്റില്ല. ചിലരെ കുറിച്ചൊന്നും നല്ല ഒരു വാക്ക്‌ പോലും കമ്മീഷന്‍ പറഞ്ഞിട്ടില്ല. അത്തരക്കാര്‍ ഒട്ടും നിരാശരാകരുത്‌. എതിരാളികളെ പറ്റി വിമര്‍ശനപരമായി പറഞ്ഞതെന്തെല്ലാം എന്നു തിരഞ്ഞു കണ്ടുപിടിക്കുക. അതു മാത്രം പറഞ്ഞുകൊണ്ടിരിക്കുക.

ഇങ്ങനെയൊക്കെയാണെങ്കിലും ജനസേവകരും രാഷ്ട്രപുനര്‍നിര്‍മാതാക്കളുമായ നേതാക്കള്‍ പരിഭ്രമിക്കേണ്ട യാതൊരു കാര്യവുമില്ല. കമ്മീഷന്‍ അതുമിതുമൊക്കെ എഴുതി വെച്ചെന്നേ ഉള്ളൂ. അതിന്റെ പേരിലൊന്നും നിങ്ങളെ ചോദ്യം ചെയ്യാന്‍ പോലീസോ സി.ബി.ഐയോ വരികയില്ല. ഇക്കാര്യത്തില്‍ ലോകത്തിലെ ഏറ്റവും ഭാഗ്യവാന്മാരായ കൂട്ടരാണ്‌ നേതാക്കള്‍. അവകാശങ്ങളും അധികാരങ്ങളുമേ അവര്‍ക്കുള്ളൂ. ഏറ്റവും മാരകമായ ഒരു ഇന്റലിജന്‍സ്‌ റിപ്പോര്‍ട്ട്‌ താന്‍ കണ്ടിട്ടേയില്ല എന്നു ആഭ്യന്തരമന്ത്രിക്ക്‌ വാദിക്കാം. ഞാനാണ്‌ കാണിച്ചത്‌... വായിച്ച്‌ വേസ്റ്റ്‌ പേപ്പര്‍ ബാസ്കറ്റില്‍ ഇടുകയാണ്‌ മന്ത്രി ചെയ്തത്‌ എന്ന്‌ ഒരു ഡി.ജി.പി. യും മൊഴി കൊടുക്കുകയില്ല. വിശദീകരണം ചോദിക്കുന്ന ഒരു ഇണ്ടാസ്‌ പോലും ഇതിന്റെ പേരില്‍ ആരും മന്ത്രിക്ക്‌ കൊടുക്കുകയില്ല. ഇന്റലിജന്‍സ്‌ റിപ്പോര്‍ട്ട്‌ കണ്ടില്ലെന്ന്‌ കളക്ടര്‍ പറഞ്ഞാലോ? അന്വേഷണവും നടപടിയും സസ്‌പെന്‍ഷനും ഉറപ്പ്‌. മാറാട്ട്‌ ഒരു സ്പെഷല്‍ ബ്രാഞ്ച്‌ കോണ്‍സ്റ്റബിളോ മറ്റോ ആണുണ്ടാവുക. കൂട്ടക്കൊല മുന്‍കൂട്ടി അറിഞ്ഞില്ലെന്ന്‌ പറഞ്ഞു ആ നിര്‍ഭാഗ്യവാന്റെ പണി കളഞ്ഞെന്നിരിക്കും.


കൂട്ടക്കൊല അറിയാന്‍ എന്ത്‌ സംവിധാനമാണ്‌ സര്‍ക്കാര്‍ ഒരുക്കിയിരിക്കുന്നത്‌? ജ്യോത്സ്യന്മാരെ സമീപിക്കാനല്ലാതെ വേറെ സംവിധാനമൊന്നും തത്‌കാലമില്ല. നാട്ടിലെ ഏതെങ്കിലും ചെറുകിടക്കാരെ കോണ്‍സ്റ്റബിള്‍ സ്വന്തം കാശെടുത്തു സമീപിക്കേണ്ടിവരും, അല്ലാതെ ചാനലില്‍ പ്രത്യക്ഷപ്പെടുന്ന തരം മുന്തിയ പണിക്കരെയൊന്നും സമീപിക്കാനുള്ള ബജറ്റ്‌ കോണ്‍സ്റ്റബിളിന്റെ പോക്കറ്റില്‍ ഉണ്ടാവുകയില്ലല്ലോ. ഇതിന്‌ ഇവിടെ പറയുന്ന പേരും ഇന്റലിജന്‍സ്‌ എന്നുതന്നെയാണ്‌. അമേരിക്കയുടെ സി.ഐ.എയുടെ പേരിനകത്തുള്ളതും ഇന്റലിജന്‍സ്‌ എന്നുതന്നെയാണ്‌. നാട്ടിലെ ഓരോ വീട്ടിലും കോണ്‍സ്റ്റബിളിനേക്കാള്‍ നാട്ടിലെ കാര്യങ്ങളറിയുന്ന പ്രവര്‍ത്തകന്മാര്‍ ഓരോ പാര്‍ട്ടിക്കുമുണ്ട്‌. കൂട്ടക്കൊല മുന്‍കൂട്ടി അറിയേണ്ട ബാധ്യത കോണ്‍സ്റ്റബിളിനേ ഉള്ളൂ. പാര്‍ട്ടികള്‍ക്കൊന്നുമില്ല. കൂട്ടക്കൊല നടന്നാല്‍ മന്ത്രി രാജിവെക്കണം എന്നാവശ്യപ്പെടാനുള്ള ഉത്തരവാദിത്വമേ പാര്‍ട്ടികള്‍ക്കും നേതാക്കള്‍ക്കുമുള്ളൂ.

***********************************************

ധൂര്‍ത്ത്‌, ധാരാളിത്തം, ആര്‍ഭാടം തുടങ്ങിയ വൈകൃതങ്ങള്‍ ബൂര്‍ഷ്വാരാഷ്ട്രീയക്കാര്‍ക്ക്‌ പറഞ്ഞിട്ടുള്ളതാണ്‌. വര്‍ഗരാഷ്ട്രീയത്തിന്‌ വേണ്ടി ജീവന്‍ വരെ വെടിയാന്‍ സന്നദ്ധരായവരില്‍ അത്തരം ദുര്‍ഗുണങ്ങള്‍ ഉണ്ടാവുകയേ ഇല്ല. സൂര്യന്‍ കിഴക്കുദിച്ച്‌ പടിഞ്ഞാറ്‌ അസ്തമിക്കുമെന്ന്‌ പറയുന്നത്‌ പോലെ മാറ്റമില്ലാത്ത സത്യമാണത്‌. കാര്യം അങ്ങനെ നില്‍ക്കുമ്പോഴാണ്‌, ഇറങ്ങിപ്പോയ യു.ഡി.എഫ്‌. ജീര്‍ണരാഷ്ട്രീയത്തിന്റെ പിണിയാളുകളായ പൊതുമരാമത്ത്‌ ഉദ്യോഗസ്ഥന്മാര്‍ ആ കൊടും ക്രൂരത ചെയ്തത്‌. ഇടതുമന്ത്രിമാര്‍ വീട്ടിലില്ലാത്ത സന്ദര്‍ഭം നോക്കി അവര്‍ വീട്ടുകാരികളെ തെറ്റിദ്ധരിപ്പിച്ച്‌ വീടുകള്‍ മോടിപിടിപ്പിച്ചുകളഞ്ഞു. ഇതിന്റെ കണക്കെടുത്ത്‌ ബൂര്‍ഷ്വാപത്രങ്ങള്‍ വലിയ തലക്കെട്ടുകളാക്കി. എന്താവും ഇങ്ങനെ ചെയ്തതിന്റെ ലക്ഷ്യം? വേറെയെന്ത്‌, മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിയെ താറടിച്ചുകാട്ടുകതന്നെ ലക്ഷ്യം.

സംഭവം വലിയ ചര്‍ച്ചയായി വരുന്ന ദിവസം ആരോ മറ്റൊരു ദ്രോഹംകൂടി ചെയ്തു. സമര്‍ഥമായി മാറാട്‌ റിപ്പോര്‍ട്ട്‌ ചോര്‍ത്തി. മാധ്യമസിന്‍ഡിക്കേറ്റിന്റെ പണിയാവണം. ചാനലുകള്‍ക്കും മറ്റും പിന്നെ അതിന്റെ പിന്നാലെ പോകേണ്ടിവന്നു. അല്ലായിരുന്നുവെങ്കില്‍ ക്യാമറകളുമായി അവര്‍ക്ക്‌ മന്‍മോഹന്‍ (സിങ്‌?) ബംഗ്ലാവ്‌ തുടങ്ങിയ ബൂര്‍ഷ്വ-ഫ്യൂഡല്‍-നാടുവാഴി സൗധങ്ങളിലേക്ക്‌ മാര്‍ച്ച്‌ ചെയ്ത്‌ ഇടതുവിപ്ലവകാരികളും കുടുംബങ്ങളും അവിടെ എത്ര എളിമയോടെയാണ്‌ ലളിതജീവതം നയിക്കുന്നതെന്ന്‌ കണ്ടെത്താമായിരുന്നു. പിന്നീട്‌ ഇതുവരെ മാറാട്‌, ചിക്കുന്‍ഗുനിയ തുടങ്ങിയ വിഷയങ്ങള്‍ മാത്രമാണ്‌ കടലാസുകളിലുള്ളത്‌.

ഒരു വീട്‌ താമസയോഗ്യമാക്കാന്‍ പതിനേഴു ലക്ഷം ചെലവാക്കേണ്ടി വരുന്നുവെങ്കില്‍ അതിനര്‍ത്ഥം ആ വീട്‌ വാസയോഗ്യമല്ല എന്നു തന്നെയാവണം. അഞ്ചുകൊല്ലം ഭരിച്ച്‌ യു.ഡി.എഫുകാര്‍ നാട്‌ കുട്ടിച്ചോറാക്കിയതുപോലെ, അഞ്ചുകൊല്ലം താമസിച്ച്‌ മന്ത്രിമാര്‍ ബംഗ്ലാവുകളും ആ കോലത്തിലാക്കിയിട്ടുണ്ടാവണം. പതിനേഴു ലക്ഷത്തിന്‌ വേറെ കാരണമൊന്നും കാണാനില്ല. അല്ലാതെ അടുക്കളയിലും കക്കൂസിലും എയര്‍ കണ്ടീഷന്‍ ചെയ്യുകയുമൊന്നുമില്ലല്ലോ. ഇത്തരം വാസയോഗ്യമല്ലാത്ത വീടുകള്‍ തൊഴിലാളി വര്‍ഗ പ്രതിനിധികള്‍ക്ക്‌ നല്‍കുന്ന ദുഷ്പ്രവണതയെ കുറിച്ച്‌ പാര്‍ട്ടി ഗൗരവപൂര്‍വം ചര്‍ച്ച ചെയ്യേണ്ടതായിട്ടുണ്ട്‌.

ഈ വിഷയത്തില്‍ കൃത്യവും വ്യക്തവുമായ നിലപാടുള്ള നേതാവാണ്‌ മുഖ്യമന്ത്രി വി.എസ്‌. അച്യുതാനന്ദന്‍. പത്തുവര്‍ഷം മുമ്പുണ്ടായ ഒരു സംഗതി പറയാം. കണ്ണൂര്‍ ജില്ലയിലെ വലിയ ഒരു സഖാവ്‌ ഒരു വീടുണ്ടാക്കി. വീടും വലുതാവുന്നത്‌ സ്വാഭാവികം. ഉടന്‍ പാര്‍ട്ടി ശത്രുക്കള്‍ കുപ്രചാരണം തുടങ്ങി. പതിനൊന്നു ലക്ഷം രൂപചെലവാക്കിയെന്നായിരുന്നു അവരുടെ കണക്കുകൂട്ടല്‍. അന്നത്തെ പതിനൊന്നു ലക്ഷം ഇന്നത്തെ ഇരുപത്തഞ്ചോ മുപ്പതോ ലക്ഷം രൂപയാണെന്ന്‌ കണക്കാക്കാം. കമ്മ്യൂണിസ്റ്റ്‌ നേതാവിന്‌ ഇത്രയും വലിയ വീടോ, എവിടെ നിന്നാണ്‌ ഇത്രയും കാശ്‌ എന്നൊക്കെയായിരുന്നു ചോദ്യങ്ങള്‍. പാര്‍ട്ടിനേതാക്കള്‍ എക്കാലത്തും ചാണകം മെഴുകിയ ഓലപ്പുരയില്‍ ലുങ്കിയുടുത്ത്‌, ചെരിപ്പിടാതെ, ബീഡിവലിച്ച്‌ കഴിഞ്ഞുകൊള്ളണമെന്നാണല്ലോ അവരുടെ വിചാരം. വിവാദം മൂര്‍ച്ഛിച്ച ഘട്ടത്തിലാണ്‌ സഖാവ്‌ വി.എസ്‌. കണ്ണൂരില്‍ ചെന്നത്‌. വിഷയം ഉന്നയിച്ച പത്രക്കാരോട്‌ വി.എസ്‌. ഉറപ്പിച്ചുപറഞ്ഞു... അന്തസ്സായി വീട്‌ വെക്കണമെങ്കില്‍ അത്രയൊക്കെതന്നെ ചെലവാക്കേണ്ടി വരും. അന്ന്‌ പാര്‍ട്ടി വിഭാഗീയത ഇത്രത്തോളം ഇല്ലെന്നും കൂട്ടിക്കോളിന്‍. അത്‌ കേട്ടതില്‍പിന്നെ ആരും ആ വിഷയം പരാമര്‍ശിച്ചിട്ടില്ല. ഇപ്പോഴത്തെ വിവാദത്തില്‍ ഇടപെടാന്‍ വി.എസ്സിന്‌ അവസരം ലഭിച്ചിട്ടില്ല.

മുഖ്യമന്ത്രിയായിരുന്നപ്പോള്‍ സര്‍ക്കാറിന്റെ ചെലവുകുറയ്ക്കാന്‍ വേണ്ടി സ്വന്തം വീട്ടില്‍ അന്തിയുറങ്ങിയ ഒരു മഹാത്മാഗാന്ധിയന്‍ പ്രതിപക്ഷത്തെത്തിയപ്പോള്‍ സര്‍ക്കാര്‍ഭവനത്തിലേക്ക്‌ താമസം മാറ്റി. ഭരിക്കുമ്പോഴല്ലേ ചെലവു കുറയ്ക്കേണ്ട കാര്യമുള്ളൂ. മാത്രവുമല്ല, പ്രതിപക്ഷധര്‍മം സര്‍ക്കാരിനെ പരമാവധി പാപ്പരാക്കുകയുമാണല്ലോ. അതുകൊണ്ട്‌ അദ്ദേഹം വീട്‌ മോടിയാക്കാന്‍ നിസ്സാരമായ അഞ്ചരലക്ഷമോ മറ്റോ ചെലവാക്കുകയുണ്ടായി. കീറിയ ഖദര്‍, ചപ്രതലമുടി, സ്വഭവനവാസം, പൊളിഞ്ഞ അംബാസഡര്‍ കാര്‍ തുടങ്ങിയ ത്യാഗിപ്രതിച്ഛായ കൊണ്ടൊന്നും ഒരു പ്രയോജനവുമില്ലെന്ന്‌ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണിയപ്പോഴേ മനസ്സിലായുള്ളൂ. ഇനിവേണം അന്തസ്സായൊന്നു ജീവിക്കാന്‍.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

വര്‍ക്കിങ്ങ് ജേണലിസ്റ്റ് ആക്റ്റും വേജ് ബോര്‍ഡും ഇല്ലാതാക്കി

കേരള മാധ്യമങ്ങളുടെ ആറു പതിറ്റാണ്ട്

ഐ.വി ബാബു: നിലപാടുകളില്‍ ഉറപ്പ്, സ്‌നേഹത്തിന്റെ സമൃദ്ധി