കേരള പ്രസ് അക്കാദമി എന്തിന് വേണ്ടി ?


അക്കാദമിയുടെ ഭരണഘടനയില്‍ സ്ഥാപനത്തിന്റെ പ്രവര്‍ത്തനപരിപാടിയെകുറിച്ചും ഉദ്ദേശലക്ഷ്യങ്ങളെ കുറിച്ചും രേഖപ്പെടുത്തിയിട്ടുണ്ട്. കേരളത്തിലെ മാധ്യമപ്രവര്‍ത്തകരുടെ തൊഴില്‍പരമായും ബൗദ്ധികവുമായ നിലവാരമുയര്‍ത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങളാണ് അക്കാദമി നടത്തേണ്ടത്. അതില്‍ ക്ലാസ്സുകള്‍, പഠനപരിപാടികള്‍, ചര്‍ച്ചാസമ്മേളനങ്ങള്‍, സെമിനാറുകള്‍, പഠനപര്യടനങ്ങള്‍, പ്രസിദ്ധീകരണങ്ങള്‍ എന്നിവ ഉള്‍പ്പെടുന്നു. ഇതെല്ലാം സംഘടിപ്പിക്കുകയാണ് ഈ അക്കാദമിയുടെ ചുമതല വഹിക്കുന്ന ഭരണസമിതിയുടെ മുഖ്യഉത്തരവാദിത്തം.

ഈ സ്ഥാപനം രൂപംകൊണ്ട എഴുപതുകളിലേക്ക് ഒന്ന് തിരിഞ്ഞുനോക്കേണ്ടതുണ്ട്. മാധ്യമസ്ഥാപനങ്ങള്‍ പ്രൊഫഷനലിസത്തിലേക്ക് മെല്ലെ കടന്നുവരുന്നേ ഉണ്ടായിരുന്നുള്ളൂ. രാഷ്ട്രീയ പാര്‍ട്ടികളുടെയും മറ്റുപല താല്പര്യങ്ങളുടെയും പ്രചാരകരായി പ്രവര്‍ത്തിച്ചുപോന്ന പത്രങ്ങളില്‍ വിദ്യാസമ്പന്നരായ പുതിയ തലമുറ കടന്നുവരികയും അവര്‍ പത്രപ്രവര്‍ത്തനത്തിന്റെ രീതികള്‍ പുനര്‍നിര്‍വചിക്കുകയും ചെയ്തുപോന്ന കാലമായിരുന്നു അത്. ഒരു ട്രേഡ് യൂണിയനായി ഫലപ്രദമായി പ്രവര്‍ത്തിച്ചുപോന്ന കേരള പത്രപ്രവര്‍ത്തക യൂണിയന്‍ ആണ് തൊഴില്‍ പരിശീലനവും മാധ്യമപഠനവും പത്രപ്രവര്‍ത്തകര്‍ക്ക് വേണ്ടി സംഘടിപ്പിച്ചുതുടങ്ങിയത്. പത്രപ്രവര്‍ത്തന പരിശീലന ശില്പശാലകളും പഠനക്കളരികളും സംഘടിപ്പിക്കുന്നത് പതിവായി. ഇതിനായി ന്യൂസ്‌ക്രാഫ്റ്റ് എന്നൊരു വിഭാഗം തന്നെ യൂണിയന്‍ തുടങ്ങി. പത്രപ്രവര്‍ത്തകന്‍ മാസിക തുടങ്ങിയതും ഇക്കാലത്തുതന്നെയാണ്.

പല പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ വല്ലപ്പോഴും നടത്തേണ്ട ഒന്നല്ല പ്രൊഫഷനല്‍ പരിശീലനമെന്ന തിരിച്ചറിവുണ്ടായി. ചരല്‍ക്കുന്നില്‍ സംഘടിപ്പിച്ച ഒരു പരിശീലന കളരിയിലാണ് ആദ്യമായി പ്രസ് അക്കാദമി എന്ന ആശയം ചര്‍ച്ച ചെയ്യപ്പെട്ടത്. ജി.വേണുഗോപാല്‍ ആയിരുന്നു അന്ന്് യൂണിയന്‍ പ്രസിഡന്റ്. ടി.കെ.ജി.നായര്‍, തോമസ് ജേക്കബ്, പി.രാജന്‍, എന്‍.വി.പൈലി, കെ.എം.റോയി, മലപ്പുറം പി. മൂസ, വി.കെ.ബി., എന്‍.എന്‍.സത്യവ്രതന്‍ തുടങ്ങിയവരാണ് ആ ചിന്തയ്ക്ക്് കരുത്തും ദിശാബോധവുമേകിയതെന്ന് അന്ന് യൂണിയന്‍ ജനറല്‍ സിക്രട്ടറിയായിരുന്ന ടി.വേണുഗോപാല്‍ ഒരു അഭിമുഖ സംഭാഷണത്തില്‍ ഓര്‍ക്കുന്നുണ്ട്.  (ഡേറ്റ്‌ലൈന്‍-ചരിത്രത്തെ ചിറകിലേറ്റിയവര്‍-കെ.എ.ബീന, ഗീതാബക്ഷി) അന്നത്തെ മുഖ്യമന്ത്രി കെ.കരുണാകരനാണ് പബ്ലിക് റിലേഷന്‍സ് ഡയറക്റ്റര്‍ തോട്ടം രാജശേഖരനെ അക്കാദമി രൂപവല്‍ക്കരിക്കാന്‍ ചുമതലപ്പെടുത്തിയത്. പിന്നീട് പി.കെ.വാസുദേവന്‍ നായര്‍ മുഖ്യമന്ത്രിയായിരിക്കുമ്പോഴാണ് അക്കാദമി രൂപവല്‍ക്കരിച്ചത്.

എന്തിനാണ് ഈ പഴങ്കഥകള്‍ വിവരിക്കുന്നത് എന്നുതോന്നാം. തിരിഞ്ഞുനോക്കാതെ മുന്നോട്ട് പോകാനാകാവില്ലെന്ന സത്യം നാം അറിയണം. അക്കാദമിയെ സംബന്ധിച്ച ഭരണപരമായ തീരുമാനമെടുക്കുന്ന പലര്‍ക്കും ഈ അക്കാദമി എന്താണ് എന്തിനാണ് എന്നതിനെ കുറിച്ച് ഒരു ധാരണയുമില്ല, പല തെറ്റിദ്ധാരണകളുമുണ്ടുതാനും. പത്രപ്രവര്‍ത്തകര്‍ക്ക് പുതിയ അറിവുകള്‍ ഉണ്ടാക്കുന്നതിനും തൊഴില്‍പരമായി അവരെ ഉയര്‍ത്തുന്നതിനും ആണ് ഈ സ്ഥാപനം ദീര്‍ഘവീക്ഷണമുള്ള മഹാരഥന്മാര്‍ തുടങ്ങിവെച്ചത്. അക്കാദമി തുടങ്ങി കുറെ വര്‍ഷങ്ങള്‍ക്ക് ശേഷമാണ് അക്കാദമിയില്‍ ജേണലിസം ഡിപ്ലോമ കോഴ്‌സ് തുടങ്ങിയത്. കാല്‍നൂറ്റാണ്ട് പിന്നിട്ടപ്പോള്‍ പലരും ധരിച്ചിരിക്കുന്നത് ജേണലിസം ഡിപ്ലോമ കോഴ്‌സ്് നടത്താനാണ് അക്കാദമി സ്ഥാപിച്ചത് എന്നാണ്. അക്കാദമി നടത്തേണ്ട പല പ്രവര്‍ത്തനങ്ങളില്‍ ഒന്ന് മാത്രമാണ് ജേണലിസം കോഴ്‌സ്. തീര്‍ച്ചയായും കേരളത്തിലെ മറ്റ് സ്ഥാപനങ്ങള്‍ക്കെല്ലാം മാതൃകയാവുന്ന ഒരു ജേണലിസം കോഴ്‌സ് നടത്താന്‍ അക്കാദമി പ്രതിജ്ഞാബദ്ധമാണ്.

മാധ്യമപ്രവര്‍ത്തകര്‍ക്ക് തങ്ങളുടെ തൊഴില്‍ മേഖലയെകുറിച്ച് സമഗ്രജ്ഞാനമുണ്ടാക്കുകയും ആവശ്യമായ തൊഴില്‍ പരിശീലനം നല്‍കുകയും ലോകത്തെമ്പാടും ഈ മേഖലയിലുണ്ടാകുന്ന വിപ്ലവകരമായ മാറ്റങ്ങളെ കുറിച്ച് അറിവുണ്ടാക്കുകയുമാണ് അക്കാദമിയുടെ പ്രവര്‍ത്തനലക്ഷ്യം എന്ന ആശയം ഈ ഘട്ടത്തില്‍ ഉറപ്പിച്ച് പറയേണ്ടതായി വന്നിരിക്കുന്നു. ഈ പ്രസിദ്ധീകരണം- മീഡിയ- ആ ലക്ഷ്യം നേടുന്നതിന് അക്കാദമി നേതൃത്വം ആസൂത്രണം ചെയ്യുന്ന പല പദ്ധതികളില്‍ ഒന്നാണ്. മുമ്പ് ഈ പേരില്‍ അക്കാദമി ഒരു പ്രസിദ്ധീകരണം നടത്തിയിരുന്നു. പത്രങ്ങളിലും മാസികകളിലുമൊക്കെ വന്നുകൊണ്ടിരുന്ന മാധ്യമസംബന്ധമായ വാര്‍ത്തകളും ലേഖനങ്ങളും പുന; പ്രസിദ്ധീകരിക്കുകയാണ് അന്ന് മീഡിയ ചെയ്തുകൊണ്ടിരുന്നത്. ഒരു പതിറ്റാണ്ട് മുമ്പ് അതിന്റെ പ്രസിദ്ധീകരണം നിര്‍ത്തി. അതിന്റെ ഉള്ളടക്കത്തില്‍ ആര്‍ക്കും വലിയ താല്പര്യമില്ല എന്ന തിരിച്ചറിവാണ് അന്നത്തെ തീരുമാനത്തിന് കാരണം.

ഇതിനര്‍ത്ഥം അക്കാദമിക്ക് ഒരു പ്രസിദ്ധീകരണമേ വേണ്ട എന്നല്ല. കേരളത്തിലെ മാധ്യമസമൂഹത്തിന് കുറഞ്ഞ കാലം കൊണ്ടുണ്ടായ മാറ്റം വലുതാണ്. മുഴുവന്‍ സമയ മാധ്യമപ്രവര്‍ത്തകരുടെ എണ്ണം അനേക മടങ്ങ് വര്‍ദ്ധിച്ചിരിക്കുന്നു. ചെറിയ പട്ടണങ്ങളില്‍പോലും മാധ്യമ പ്രവര്‍ത്തകരുടെ വലിയ സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നു. പ്രസ് ക്ലബ്ബുകളില്‍ എല്ലാ സാങ്കേതിക സൗകര്യങ്ങളുമുണ്ട്. ഒരുപാട് മാധ്യമ ഇന്‍സ്റ്റിറ്റിയൂട്ടുകള്‍ ഉയര്‍ന്നുവന്നിരിക്കുന്നു. ഒട്ടനവധി കോളേജുകളില്‍ ജേണലിസം ആന്റ് കമ്മ്യൂണിക്കേഷന്‍ ഡിഗ്രി കോഴ്‌സുകള്‍ തുടങ്ങിയിരിക്കുന്നു. ജേണലിസം വിഷയം ആയിട്ടുള്ള ബി.എ കോഴ്‌സുകള്‍ ഡസന്‍കണക്കിന് കോളേജുകളിലുണ്ട്. പ്ലസ് ടു കോഴ്‌സിന് പോലും ജേണലിസം പഠിപ്പിക്കുന്നുണ്ട് ചിലേടത്ത്്.  മാധ്യമപ്രവര്‍ത്തനത്തെ കുറിച്ചുള്ള  അക്കാദമിക്  പ്രസിദ്ധീകരണത്തില്‍ തല്പരരായ ആയിരക്കണക്കിനാളുകള്‍ കേരളത്തിലുണ്ട് എന്നുചുരുക്കം. എന്നാല്‍ അത്തരമൊരു പ്രസിദ്ധീകരണവും കേരളത്തിലില്ലതാനും.

കേരളത്തിനകത്തും പുറത്തുമുള്ള, പ്രിന്റ് മീഡിയയിലും ദൃശ്യമാധ്യമത്തിലും പ്രവര്‍ത്തിക്കുന്ന, അക്കാദമിക് രംഗത്തും മാധ്യമപ്രവര്‍ത്തനരംഗത്തും ജോലി ചെയ്യുന്ന, അറിവും അനുഭവവുമുള്ള വ്യക്തികളെ ഈ പ്രസിദ്ധീകരണത്തില്‍ അണി നിരത്താനാണ് ഉദ്ദേശിക്കുന്നത്. രംഗത്ത് നിന്ന് വിരമിച്ചവര്‍ അവരുടെ കാലത്തെ കുറിച്ച് ഓര്‍ക്കുന്ന പംക്തി, ലോക മാധ്യമരംഗത്തെ അതിശയകരമായ  മാറ്റം വിവരിക്കുന്ന പംക്തികള്‍, പുതിയ സാങ്കേതികവിദ്യകളിലൂടെയുള്ള ഓട്ടപ്രദക്ഷിണം, സോഷ്യല്‍ മീഡിയ ഉള്‍പ്പെടെയുള്ള പുത്തന്‍ പ്രതിഭാസങ്ങളെ കുറിച്ചുള്ള വിലയിരുത്തല്‍- ഈ പ്രസിദ്ധീകരണത്തെ കുറിച്ച് ഞങ്ങള്‍ക്ക് വലിയ പ്രതീക്ഷകളുണ്ട്.

അവ സഫലമാക്കാന്‍ ഈ മേഖലയെകുറിച്ച് താല്പര്യമുള്ള എല്ലാവരും സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

വര്‍ക്കിങ്ങ് ജേണലിസ്റ്റ് ആക്റ്റും വേജ് ബോര്‍ഡും ഇല്ലാതാക്കി

കേരള മാധ്യമങ്ങളുടെ ആറു പതിറ്റാണ്ട്

ഐ.വി ബാബു: നിലപാടുകളില്‍ ഉറപ്പ്, സ്‌നേഹത്തിന്റെ സമൃദ്ധി