പണം അധികാരം നീതി


ഒടുവിലത്തെ പൊതുതിരഞ്ഞെടുപ്പിന്റെ പ്രചാരണവേളയില്‍ ഉയര്‍ന്നുവന്ന ഒരു പ്രാദേശികവിവാദത്തെക്കുറിച്ച് പിന്നീടാരും കാര്യമായി പരാമര്‍ശിച്ചുകണ്ടില്ല. കേന്ദ്രനേതൃത്വം പ്രചരണച്ചെലവിനായി കൊടുത്തയച്ച പണവുമായി 'ഒരു പാര്‍ട്ടി പ്രവര്‍ത്തകന്‍ മുങ്ങിയതിനെക്കുറിച്ചായിരുന്നു വാര്‍ത്തയും വിവാദവും. "ഒരോ സ്ഥാനാര്‍ഥിയും വിശ്വസ്തനായ പ്രതിനിധിയെ ആണ് ഹൈക്കമാന്‍ഡ് സമക്ഷത്തിലേക്ക് പണം സ്വീകരിക്കാന്‍ പറഞ്ഞയക്കുക. അങ്ങനെ പറഞ്ഞയച്ച വിശ്വസ്തനാണ് പണവുമായി അപ്രത്യക്ഷനായത്. ഇത്രയും ദൂരം ഇത്രയും പണവുമായി തീവണ്ടിയില്‍ സഞ്ചരിക്കുകയെന്നത് ഏറെ റിസ്ക് ഉള്ള കാര്യമാണെന്ന് പറയേണ്ടതില്ല. ഹൈക്കമാന്‍ഡ് "ഒരോ സ്ഥാനാര്‍ഥിക്കും കൊടുത്തത് "ഒരോ കോടി രൂപയായിരുന്നുവെന്നും ഇരുപത്തഞ്ച് ലക്ഷം രൂപയാണ് ആ പ്രവര്‍ത്തകന്‍ മുക്കിയതെന്നുമായിരുന്നു റിപ്പോര്‍ട്ട്. പണമടങ്ങിയ സഞ്ചി മോഷ്ടാക്കള്‍ എടുത്തെന്നായിരുന്നു പ്രവര്‍ത്തകന്റെ വിശദീകരണം.

ശുദ്ധഗതിക്കാര്‍ ഒരു ചോദ്യം ചോദിച്ചേക്കും. ഇത്രയും പണം എന്തിന് തീവണ്ടിയില്‍ താങ്ങിയെടുത്തുകൊണ്ടുവരണം ? സ്ഥാനാര്‍ഥിയുടെ അക്കൗണ്ടില്‍ ബാങ്കില്‍ നിക്ഷേപിച്ച ശേഷം വിവരമറിയിച്ചാല്‍ പോരെ ? പറ്റില്ല എന്ന് കൊച്ചുകുട്ടികള്‍ക്കുപോലും അറിയാം. രാജ്യം ഭരിക്കാന്‍ പോകുന്ന പാര്‍ട്ടി- തോല്‍ക്കാന്‍ പോകുന്ന പാര്‍ട്ടിയും- ബ്ലാക്ക് മണിയാണ് വിതരണം ചെയ്യുന്നത്. എവിടെ നിന്ന് കിട്ടിയതാണെന്ന് പണം തരുന്ന നേതാവും അറിയില്ല വാങ്ങുന്ന നേതാവും അറിയില്ല. കോടികള്‍ ക്യാഷ് ആയി പാര്‍ട്ടിയുടെ കേന്ദ്ര ഓഫീസില്‍ സൂക്ഷിച്ചിരിക്കും. 'ഒന്നിനും കണക്കുണ്ടാവില്ല. ആരെല്ലാം എത്രയെല്ലാം പോക്കറ്റിലാക്കുന്നു എന്നുമാര്‍ക്കുമറിയില്ല. പാര്‍ട്ടിയുടെ വാര്‍ഷിക അക്കൗണ്ടുകളില്‍ ഇതിന്റെ കണക്കൊന്നും കാണുകയുമില്ല.

കോണ്‍ഗ്രസ്സിന്റെ പ്രവര്‍ത്തകനെക്കുറിച്ചാണ് പണം മുക്കിയെന്ന ആരോപണം ഉണ്ടായത്. പോലീസ്സില്‍ പരാതി നല്‍കാനൊന്നും പാര്‍ട്ടി തയ്യാറായില്ല, 'ഒരക്ഷരം മിണ്ടിയതുപോലുമില്ല. പത്രത്തില്‍ വന്ന റിപ്പോര്‍ട്ടുകള്‍ അവ്യക്തമായി നിഷേധിക്കുകയും ചെയ്തു. പൊതുതിരഞ്ഞെടുപ്പിന് കുറച്ച് മുമ്പ് ഡല്‍ഹിയിലെ ബി.ജെ.പി. "ഒഫീസില്‍ നിന്ന് കുറെ തുക നഷ്ടപ്പെട്ടതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. അതും പത്രറിപ്പോര്‍ട്ടില്‍ അവസാനിച്ചു. ആര്‍ക്കുമില്ല പരാതി. കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയുടെ ഫണ്ട് സംബന്ധിച്ച് കുറെ റിപ്പോര്‍ട്ടുകള്‍ പ്രസിദ്ധപ്പെടുത്തിയത് സി.പി.എം മുഖപത്രമായിരുന്നു. കള്ളപ്പണത്തിന്റെ വിളയാട്ടമാണ് കോണ്‍ഗ്രസ് നടത്തിയതെന്ന അവരുടെ ആക്ഷേപം 'ഒരു പരിധി വരെ ശരിയായിരുന്നുവെങ്കിലും പ്രചാരണരംഗത്ത് ആ പാര്‍ട്ടിക്കും എന്തെങ്കിലും ദാരിദ്ര്യം ഉള്ളതായി ആര്‍ക്കും തോന്നിയിട്ടില്ല. ഇരുപക്ഷവും പണമൊഴുക്കിത്തന്നെയാണ് തിരഞ്ഞെടുപ്പിനെ നേരിട്ടത്. "ഒരോ പാര്‍ട്ടിയും എത്രകോടി രൂപ 'ഒഴുക്കിയെന്ന് ആരും 'ഒരിക്കലും അറിയാന്‍ പോകുന്നില്ല. രാജ്യത്തെ കള്ളപ്പണത്തില്‍ നിന്നും അഴിമതിയില്‍നിന്നും രക്ഷിക്കുമെന്ന് വാഗ്ദാനം ചെയ്യുന്ന പാര്‍ട്ടികള്‍ തന്നെയാണ് കള്ളപ്പണംകൊണ്ട് ജനപിന്തുണ തെളിയിക്കാനിറങ്ങിയത്്.

കഴിഞ്ഞ പൊതുതിരഞ്ഞെടുപ്പില്‍ പാര്‍ട്ടികള്‍ രാജ്യത്താകമാനം എത്രകോടി രൂപ പ്രചരണാവശ്യത്തിന് ചെലവഴിച്ചിട്ടുണ്ടാകും എന്നുഹിക്കാനേ പറ്റൂ. എ.ഐ.സി.സി.തന്നെ 'ഒരു മണ്ഡലത്തില്‍ 'ഒരു കോടി രൂപ കൊടുത്തിട്ടുണ്ടെങ്കില്‍ എല്ലാ പാര്‍ട്ടികളും കൂടി രണ്ടായിരം കോടിയില്‍ കുറയാത്ത തുക രാജ്യത്താകെ പ്രചരണത്തിന് ചെലവഴിച്ചിരിക്കണം. നാട്ടിനെ മാന്ദ്യത്തില്‍ നിന്ന് രക്ഷിക്കുന്നതില്‍ ഇതും 'ഒരു പങ്ക് വഹിച്ചിട്ടുണ്ടാവുമെന്നാണ് 'ഒരാള്‍ പറഞ്ഞത്. അതൊരു തമാശയായിട്ടെടുക്കാം. പണത്തിന്റെ സ്വാധീനത്തില്‍നിന്ന് മോചിതമായിരിക്കണം തിരഞ്ഞെടുപ്പ് പ്രക്രിയ എന്നുസ്ഥാപിക്കാന്‍ വലിയ സിദ്ധാന്തങ്ങളൊന്നും അവതരിപ്പിക്കേണ്ട കാര്യമില്ല. പലതരത്തിലും കള്ളപ്പണം ജനവിധിയെ അട്ടിമറിക്കും, ജനാധിപത്യത്തെയും.

വരാന്‍പോകുന്ന വന്‍വിപത്തിനെക്കുറിച്ച്് രാഷ്ട്ര നേതാക്കള്‍ ആദ്യകാലത്തുതന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നു. 'ഒന്നാം പൊതുതിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ പ്രധാനമന്ത്രി നെഹ്‌റു, തിരഞ്ഞെടുപ്പുപ്രചരണച്ചെലവ് എങ്ങനെ കുറക്കാന്‍ കഴിയുമെന്ന് ആലോചിക്കണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രിക്ക് കൊടുത്ത കുറിപ്പില്‍ ആവശ്യപ്പെട്ടിരുന്നതാണ്. അതുകൊണ്ടൊന്നും 'ഒരു പ്രയോജനവുമുണ്ടായില്ല. അറുപത്തൊന്നില്‍ ബിജു പട്‌നായ്ക് 'ഒറീസ്സ നിയമസഭാതിരഞ്ഞെടുപ്പില്‍ പണമൊഴുക്കിയെന്ന് ആരോപണം ഉയര്‍ന്നുവന്നു. അതിന് മറുപടി പറയാന്‍ നെഹ്‌റുവിന് പറ്റിയതുമില്ല. കാലം അതിവേഗം മാറുകയായിരുന്നു. കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് ഫണ്ട് പിരിക്കാന്‍ വിദഗ്ദ്ധനേതാക്കളുടെ സേവനം ഉപയോഗപ്പെടുത്തിത്തുടങ്ങി. എസ്.കെ.പാട്ടീലും അതുല്യഘോഷും സി.ബി.ഗുപ്്തയുമൊക്കെ അറുപതുകളിലെ വമ്പന് ‍പിരിവുകാരായിരുന്നു.ലൈസന്‍സ് -പെര്‍മിറ്റ് രാജ് കാലഘട്ടത്തില്‍ പണമൊഴുക്കാതെ 'ഒന്നും നേടാന്‍ വ്യവസായികള്‍ക്ക് കഴിയുമായിരുന്നില്ല. ഇന്നത്തെ പണമൊഴുക്കുമായി താരതമ്യപ്പെടുത്തിയാല്‍ അന്നത്തേത് നിസ്സാരം- കൊച്ചരുവി വന്‍വെള്ളച്ചാട്ടമായി വളര്‍ന്നിരിക്കുന്നു.

പാര്‍ട്ടികള്‍ പണം ശേഖരിക്കുന്നത് തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ മാത്രമല്ല. പാര്‍ട്ടി എന്നുപറയുന്നതുതന്നെ വലിയൊരു എസ്റ്റാബ്ലിഷ്‌മെന്റാണ്. വ്യവസ്ഥാപിതമായ ധനാഗമ മാര്‍ഗങ്ങള്‍ പാര്‍ട്ടികള്‍ക്കില്ല. അംഗത്വഫീ് മിക്ക സംഘടനകള്‍ക്ക് നിസ്സാര സംഖ്യമാത്രമാണ്. പല പാര്‍ട്ടികളും അനേകവര്‍ഷം കൂടുമ്പോഴേ അംഗത്വഫീ പിരിക്കുന്നുപോലുമുള്ളൂ. 'ഒരു വര്‍ഷത്തെ മൊത്തം അംഗത്വഫീ പാര്‍ട്ടിയുടെ 'ഒരാഴ്ചത്തെ ചെലവിനുപോലും തികയില്ല. കമ്യുണിസ്റ്റ് പാര്‍ട്ടികള്‍ മാത്രമാണ് അംഗത്വഫീസും ലെവിയും കൃത്യമായി അംഗങ്ങളില്‍നിന്ന് പിരിക്കുന്നത്. അതുകൊണ്ടുതന്നെ നിശ്ചിതവരുമാനക്കാരായ പല പാര്‍ട്ടിപ്രവര്‍ത്തകരും അംഗത്വമൊഴിവാക്കുന്ന പ്രവണതയാണ് പൊതുവെയുള്ളത്. വലിയൊരു തുക പാര്‍ട്ടിക്കുകൊടുക്കണം. തങ്ങളുടെ വരുമാനത്തിന്റെ മുഖ്യപങ്ക് പാര്‍ട്ടി പിടുങ്ങുന്നതായ എം.പി.മാര്‍ക്കുപോലും പരാതിയുണ്ട്. പാര്‍ട്ടി ജയിപ്പിപ്പ് ആളാക്കിയ ജനപ്രതിനിധിക്ക് കിട്ടുന്നതെല്ലാം പാര്‍ട്ടിക്ക് അവകാശപ്പെട്ടതാണെന്ന് കരുതുന്നവരാണ് പാര്‍ട്ടിനടത്തിപ്പുകാര്‍. ദേശീയപാര്‍ട്ടിയുടെ നേതാക്കളുടെ വിമാനയാത്രാച്ചെലവുതന്നെ വരും മാസംതോറും അനേകലക്ഷം രൂപ. രാജ്യം മുഴുവനുമുള്ള പ്രവര്‍ത്തകന്മാരുടെ ശമ്പളം പോലെയുള്ള അലവന്‍സ്, അനേകം സ്മാരകങ്ങള്‍, പ്രസിദ്ധീകരണങ്ങള്‍, സമരങ്ങള്‍, പ്രചാരണപ്രവര്‍ത്തനങ്ങള്‍ എന്നിവക്കെല്ലാമുള്ള ചെലവ്- എല്ലാം ചേര്‍ന്നാല്‍ എത്രവരും എന്നാര്‍ക്കും 'ഒരു പിടിയുമില്ല. വരുമാനം സംബന്ധിച്ച കണക്കുകള്‍ പരിശോധിക്കാന്‍ സംവിധാനമില്ല. ആദായനികുതിനിയമപ്രകാരം നികുതിയിളവിനുള്ള രേഖകളേ നല്‍കേണ്ടൂ. ഒഡിറ്റ് ചെയ്തുകൊള്ളണമെന്നോ അവ പ്രസിദ്ധപ്പെടുത്തണമെന്നോ വ്യവസ്ഥയില്ല. വിവരാവകാശനിയമം രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് ബാധകമല്ലെന്ന് വ്യക്തമാക്കപ്പെട്ടിട്ടുമുണ്ട്. സര്‍ക്കാറിന്റെ പ്രവര്‍ത്തനത്തില്‍ മതി സുതാര്യത, സര്‍ക്കാര്‍ ഉണ്ടാക്കുകയും അതിനെ നിയന്ത്രിക്കുകയും ചെയ്യുന്ന രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് അതൊട്ടും വേണ്ട എന്നുപറയുന്നതിന്റെ ന്യായമെന്താണ് ?

പാര്‍ട്ടിയുടെ നേതാക്കന്മാര്‍ക്ക് പാര്‍ട്ടിഫണ്ടിന് പുറമെ സ്വന്തമായ പ്രവര്‍ത്തന ഫണ്ടും വേണം. കാര്യമായ തൊഴിലൊന്നും ഇല്ലാത്തവരാണ് ഏറെപ്പേരും. ഗ്രൂപ്പ് പ്രവര്‍ത്തനത്തിനും അനുയായികളെപോറ്റാനും പാര്‍ട്ടിക്കകത്തെ തന്റെ സ്ഥാനം നിലനിര്‍ത്താനും എതിരാളിയെ തകര്‍ക്കാനുമെല്ലാം ഇവര്‍ക്ക് പണംവേണം. സ്വന്തമായ ധനസ്രോതസ്സുകള്‍ ഇല്ലാത്ത നേതാക്കള്‍ക്ക് അധികമുയരത്തിലേക്കൊന്നും കടക്കാനാവില്ല. വലിയ ഒരു അധോലോകമാണ് ഈ മേഖല. വ്യവസായികളില്‍ നിന്ന് പണം സ്വീകരിക്കില്ലെന്ന ആദര്‍ശാത്മക നിലപാട് പ്രഖ്യാപിച്ചിട്ടുള്ള പാര്‍ട്ടിയാണ് സി.പി.എം. എന്നാല്‍ സി.പി.എമ്മിന്റെ ധനമാനേജ്‌മെന്റിനെക്കുറിച്ചുപോലും ആക്ഷേപങ്ങള്‍ ഉയര്‍ന്നിരിക്കുന്നു.

വ്യവസായികളില്‍ നിന്നൊന്നും പാര്‍ട്ടികള്‍ ഇപ്പോള്‍ കാര്യമായി പണം പിരിക്കുന്നില്ല എന്നൊരു വിവരം സമീപകാലത്ത് മാധ്യമങ്ങളില്‍ കാണുകയുണ്ടായി. സംസ്ഥാന-കേന്ദ്രമന്ത്രിസഭകളിലുള്ള പാര്‍ട്ടി പ്രതിനിധികളാണ് പാര്‍ട്ടിയുടെ നടത്തിപ്പിനുള്ള തുക സമാഹരിക്കുന്നത്. വലിയ തോതില്‍ മനസ്സാക്ഷിക്കുത്തില്ലാതെ പണം സ്വരൂപിക്കാവുന്ന സമ്പ്രദായമാണ് കമ്മീഷന്‍. സര്‍ക്കാറുകളുടെ ബജറ്റില്‍ ബഹുഭൂരിഭാഗവും പര്‍ച്ചേസുകള്‍ക്കാണ് ചെലവാക്കുന്നത്. വീട്ടില്‍ പെയ്ന്റടിക്കാന്‍ വരുന്നയാള്‍ക്കുപോലും വാങ്ങുന്ന പെയ്ന്റിന് കമ്മീഷന്‍ കിട്ടും. അപ്പോള്‍പിന്നെ ആയിരം പതിനായിരം കോടിയുടെ ആയുധങ്ങളും മറ്റും വാങ്ങുമ്പോള്‍ പാര്‍ട്ടികള്‍ക്ക് എത്രതുക കിട്ടുന്നുണ്ടാകാം. ഒരു പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് നേരിടാന്‍ അഞ്ഞൂറോ ആയിരമോ കോടി മതി. അതിന്റെ പലയിരട്ടിയാണ് ഓരോ ഇടപാടിലും കമ്മീഷനായി കൈപ്പറ്റിയെന്ന ആരോപണമുയരുന്നത്. സ്വിസ് ബാങ്കുകളിലെ രഹസ്യനിക്ഷേപങ്ങളില്‍ നല്ലൊരു പങ്ക് ഇന്ത്യക്കാരുടേതാണെന്ന് റിപ്പോര്‍ട്ടുണ്ട്. ഇന്ത്യന്‍ രാഷ്ട്രീയനേതാക്കളുടെ പങ്ക് ഇതിലെത്രയുണ്ട് എന്നാര്‍ക്കും പറയാനാവില്ല.

തിരഞ്ഞെടുപ്പ് നിയമങ്ങളില്‍ മാറ്റം വരുത്തിയും തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിരീക്ഷണം ഫലപ്രദമാക്കിയും തിരഞ്ഞെടുപ്പ് പ്രക്രിയ സ്വതന്ത്രവും നീതിപൂര്‍വകവുമാക്കാന്‍ ഒരുപാട് ശ്രമങ്ങള്‍ സമീപകാലത്തായി നടന്നുവരുന്നുണ്ട്്. പ്രചാരണ പോസ്റ്ററുകളുടെ എണ്ണവും കട്ട് ഒട്ടിന്റെ വലുപ്പവും ചുവരെഴുതുന്നതിന് അനുപതിപത്രവുമെല്ലാം നിരീക്ഷിക്കാന്‍ ഇപ്പോള്‍ സംവിധാനമുണ്ട്. തിരഞ്ഞെടുപ്പ് ചെലവ് സംബന്ധിച്ച കണക്കുകള്‍ സ്ഥാനാര്‍ഥികളും പാര്‍ട്ടികളും സമര്‍പ്പിക്കുന്നുണ്ട്. പരിഹാസ്യമാംവിധം ചെറിയ സംഖ്യയാണ് കണക്കുപ്രകാരം ഒരോ പാര്‍ട്ടിയും ചെലവഴിക്കുന്നത്. അത് പരിശോധിക്കാന്‍ ഒരു സംവിധാനവും ഏര്‍പ്പെടുത്താന്‍ ഇതുവരെ ഇലക്ഷന്‍ കമ്മീഷന് കഴിഞ്ഞിട്ടില്ല.

പാര്‍ട്ടികളുടെ തിരഞ്ഞെടുപ്പുചെലവുകള്‍ സര്‍ക്കാര്‍ തന്നെ വഹിക്കണമെന്ന നിര്‍ദ്ദേശം ഉയര്‍ന്നുവരികയുണ്ടായി. തിരഞ്ഞെടുപ്പിലെ കള്ളപ്പണത്തിന്റെ സ്വാധീനം കുറയ്ക്കാന്‍ ഇതുസഹായിക്കുമെന്നാണ് വാദം. ഈ നിര്‍ദ്ദേശം പരിഗണിക്കാന്‍ 1998 ല്‍ കേന്ദ്രസര്‍ക്കാര്‍ ഒരു ഉന്നതതല സമിതിയെ നിയോഗിക്കുകയുണ്ടായി. സി.പി.ഐ.നേതാവ് ഇന്ദ്രജിത് ഗുപ്തയായിരുന്നു അതിന്റെ തലവന്‍. ഇന്നത്തെ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങും ആ സമിതിയിലുണ്ടായിരുന്നു. സമിതി ആ വര്‍ഷംതന്നെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതാണ്. പതിനൊന്നുവര്‍ഷമായിട്ടും റിപ്പോര്‍ട്ട് പുറത്തെടുത്തിട്ടില്ല. കമ്മിറ്റി അംഗമായിരുന്ന മന്‍മോഹന്‍സിങ്ങ് പതിനൊന്നില്‍ ആറുവര്‍ഷം പ്രധാനമന്ത്രിസ്ഥാനത്തുണ്ട്. ദേശീയാംഗീകാരമുളള പാര്‍ട്ടികളുടെ തിരഞ്ഞെടുപ്പ് ചെലവ് സര്‍ക്കാര്‍ വഹിക്കണമെന്നത്രെ കമ്മിറ്റി ശുപാര്‍ശ ചെയ്തിട്ടുള്ളത്. സര്‍ക്കാര്‍ കുറെ ചെലവുവഹിക്കുന്നതുകൊണ്ട് കേന്ദ്രബജറ്റിലെ കമ്മി അത്രയും കൂടുമെന്നല്ലാതെ കള്ളപ്പണത്തിന്റെ സ്വാധീനത്തിന് എന്തെങ്കിലും കുറവുവരുത്തുമെന്ന് ആര്‍ക്കും അഭിപ്രായമില്ല. സര്‍ക്കാറും കുറെ ചെലവാക്കും അതിന്റെ പലയിരട്ടി പാര്‍ട്ടികളും ചെലവാക്കുമെന്നല്ലാതെ പ്രയോജനമൊന്നുമുണ്ടാകാനിടയില്ല. സര്‍ക്കാര്‍ ചെലവാക്കുന്നതിനപ്പും ഒരു പൈസ പാര്‍ട്ടിക്കോ സ്ഥാനാര്‍ഥിക്കോ ചെലവുചെയ്യാന്‍ പറ്റില്ല എന്നുറപ്പുവരുത്തിയാലേ ഇത്തരമൊരു നിയന്ത്രണത്തില്‍ കാര്യമുളളൂ.

സ്ഥാനാര്‍ഥികളുടെ പ്രചാരണച്ചെലവ് സര്‍ക്കാര്‍ വഹിക്കുന്ന ഒരു രാജ്യമാണ് ജര്‍മനി. 1967 ല്‍ അവിടെ നടപ്പാക്കിയതാണ് ആ ആശയം. പക്ഷേ അവര്‍ നടപ്പാക്കിയ വ്യവസ്ഥകളില്‍ ഒന്ന് മാത്രമാണ് സര്‍ക്കാര്‍ ചെലവുവഹിക്കല്‍. ഏറ്റവും പ്രധാനപ്പെട്ട വേറെ ചില ഉപാധികള്‍ നമ്മുടെ നാട്ടിലെ പാര്‍ട്ടികള്‍ കേട്ടിട്ടില്ലെന്ന് നടിക്കുകയേ ഉള്ളൂ. സര്‍ക്കാര്‍ ചെലവ് വഹിക്കുന്നതോടെ ആ പാര്‍ട്ടികള്‍ സുതാര്യമായ ധനകാര്യ - സംഘടനാ ക്രമീകരണം ഏര്‍പ്പെടുത്താന്‍ ബാധ്യസ്ഥമാകും. എഴുതപ്പെട്ട ഭരണഘടന, നിശ്ചിതമായ തിരഞ്ഞെടുപ്പ് രീതി, അംഗങ്ങളുടെ അവകാശങ്ങള്‍ സംബന്ധിച്ച കൃത്യമായ വ്യവസ്ഥ, തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികളെ നിശ്ചയിക്കുന്നതിനുള്ള വ്യക്തമായ ചട്ടവട്ടങ്ങള്‍ എന്നിവ നിര്‍ബന്ധമാണ്. പത്തും പതിനഞ്ചും വര്‍ഷം കൂടിയാല്‍പോലും സംഘടനാതിരഞ്ഞെടുപ്പ് നടത്താത്ത, ആരെ എങ്ങനെ സ്ഥാനാര്‍ഥിയാക്കുന്നു എന്നാര്‍ക്കും അറിയാത്ത പാര്‍ട്ടികളാണ് നമ്മുടേത്. ഏതെങ്കിലും വ്യക്തികളുടെ പേരില്‍, അവര്‍ പോക്കറ്റില്‍ കൊണ്ടുനടക്കുന്നതാണ് മിക്ക പാര്‍ട്ടികളും. അത്തരക്കാരുടെ പ്രചാരണച്ചെലവുകൂടി ജനങ്ങളുടെ തലയില്‍ വെച്ചുകെട്ടുന്നത് ഇപ്പോഴത്തെ പ്രശ്‌നത്തെ പല മടങ്ങ് ഗുരുതരമാക്കുകയേ ഉള്ളൂ.

രാഷ്ട്രീയപാര്‍ട്ടികള്‍ സമ്പത്തില്‍ കുളിച്ചുനില്‍ക്കുകയാണെന്ന യാഥാര്‍ഥ്യമാവുമോ കൂടുതല്‍ സമ്പന്നരെ രാഷ്ട്രീയത്തിലേക്ക് ആകര്‍ഷിക്കുന്നത് ? പറയാന്‍ പറ്റില്ല. ഇത്തവണത്തെ പാര്‍ലമെന്റില്‍ കോടീശ്വരന്മാരുടെ എണ്ണം വല്ലാതെ വര്‍ദ്ധിച്ചിരിക്കുന്നു. മുന്നൂറിലേറെപ്പേര്‍ കോടിപതികളാണ് എന്നാണ് കാണുന്നത്. മുന്‍പൊക്കെ തിരഞ്ഞെടുപ്പ് കാലത്ത് വിദേശത്തേക്ക് മുങ്ങുകയാണ് വന്‍വ്യവസായികള്‍ ചെയ്യാറുള്ളതെന്ന് കേട്ടിട്ടുണ്ട്. സ്വിറ്റ്‌സര്‍ലാണ്ടിലോ മറ്റേതെങ്കിലും സുഖവാസകേന്ദ്രത്തിലോ ഒരു മാസം താമസിച്ചാല്‍ ഇവിടെ ലാഭംകിട്ടുക സര്‍വപാര്‍ട്ടിക്കാരും തിരഞ്ഞെടുപ്പ് ഫണ്ടിലേക്കാവശ്യപ്പെടുന്ന അനേകകോടി രൂപയാണ്. ഇന്ന് ആരുമങ്ങനെ ചിന്തിക്കാനിടയില്ല. ഇക്കാലത്ത് എവിടെയും പോയി ഒളിച്ചിരിക്കാന്‍ കഴിയില്ലെന്നതിനുപുറമെ ഒരു സത്യമുണ്ട്. കോടികള്‍ നല്‍കാന്‍ കഴിയുന്നവര്‍ക്ക് പാര്‍ട്ടികള്‍ ലോക്‌സഭാംഗത്വം നല്‍കാനും തയ്യാര്‍. തല്‍ക്കാലം കുറച്ച് പണം ചെലവാകുമെങ്കിലും അതുണ്ടാക്കുന്ന അധികാരം അനേക കോടികളുടെ ലാഭമാണ് ഉണ്ടാക്കിത്തരുക.

എന്തെല്ലാം നിയന്ത്രണങ്ങള്‍ കൊണ്ടുവന്നാലും കുറെ പണം പാര്‍ട്ടികള്‍ ചെലവാക്കും. നിയമപരമായ നിയന്ത്രണമൊന്നുമില്ലെങ്കില്‍ പിന്നെ പറയുകയും വേണ്ട. അങ്ങനെയെങ്കിലും കുറെ പണം ജനങ്ങളിലേക്ക് ഒഴുകട്ടെ എന്ന് വിചാരിക്കുന്ന നല്ല മനസ്സുകാരുമുണ്ട്. പക്ഷേ പ്രത്യക്ഷത്തില്‍ കിട്ടുന്ന ആ പ്രയോജനം വേറെ വഴിക്ക് വന്‍ദോഷമാണ് സാധാരണക്കാര്‍ക്ക് ചെയ്യുക എന്നുകൂടി കാണേണ്ടതുണ്ട്. പാര്‍ട്ടിയുടെ പ്രത്യയശാസ്ത്രത്തെക്കുറിച്ചോ ജനാധിപത്യത്തിന്റെ സമാന്യമായ തത്ത്വങ്ങളെക്കുറിച്ചുപോലുമോ അറിയാതെയാണ് പല സമ്പന്നരും ജനപ്രതിനിധിസഭകളിലെത്തുന്നത്. അങ്ങനെ തിരഞ്ഞെടുപ്പിലൂടെ ഉത്തരവാദപ്പെട്ട സ്ഥാനത്തെത്തിയ ഒരു സമ്പന്നന്‍ , ജനാധിപത്യമൊന്നുമല്ല നല്ല അസ്സല്‍ പട്ടാളഭരണമാണ് നാട്ടില്‍വേണ്ടത് എന്ന് സ്കൂള്‍ വിദ്യാര്‍ഥികളുടെ ഒരു യോഗത്തില്‍ പ്രസംഗിച്ചത് ഈ ലേഖകന്‍ നേരിട്ട് കേട്ടതാണ്. ദിവസവും മദ്യപിക്കുന്നത് നല്ലതാണെന്ന് മദ്യവര്‍ജനസമിതി നേതാവ് പ്രസംഗിച്ചാല്‍ എങ്ങനെയിരിക്കും ? ഇത് ചില്ലറ തമാശയെങ്കിലുമായി എടുക്കാം. പക്ഷേ, പാര്‍ലമെന്റിലെ നിയമനിര്‍മാണത്തെയും നയരൂപീകരണത്തെയും ഒരാശയാടിത്തറയുമില്ലാത്ത സമ്പന്നര്‍ സ്വാധീനിക്കാന്‍ തുടങ്ങിയാല്‍ സാമ്പത്തിക ഉയര്‍ച്ചക്കും സാമൂഹ്യനീതിക്കും വേണ്ടിയുള്ള പാവപ്പെട്ടവരുടെ പോരാട്ടം എവിടെയാണ് എത്തുക ?

(സമയം മാസികയുടെ 2009 ഒണപ്പതിപ്പില്‍ പ്രസിദ്ധപ്പെടുത്തിയത്)

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

വര്‍ക്കിങ്ങ് ജേണലിസ്റ്റ് ആക്റ്റും വേജ് ബോര്‍ഡും ഇല്ലാതാക്കി

കേരള മാധ്യമങ്ങളുടെ ആറു പതിറ്റാണ്ട്

ഐ.വി ബാബു: നിലപാടുകളില്‍ ഉറപ്പ്, സ്‌നേഹത്തിന്റെ സമൃദ്ധി