Thursday, 21 February 2013

കഴുത്തോ നിന്റെ കൈയോ?


ഇഷ്ടമില്ലാത്തത് എഴുതിയാല്‍ എഴുതിയവന്റെ കൈവെട്ടുക എന്ന ശിക്ഷാവിധി കേരളത്തിന്റെ സ്വന്തം സംഭാവനയായി ചരിത്രം രേഖപ്പെടുത്തുന്നതാണ്. മോഷ്ടാവിന്റെ കൈവെട്ടുന്ന സമ്പ്രദായം മുമ്പേ ഉണ്ട്. അതിന് ഈവിധം കാലോചിതമായ പരിഷ്‌കാരം വരുത്തിയതിലാണ് പ്രതിഭയുടെ വിളയാട്ടമുള്ളത്. കഴുത്തുവെട്ടുന്നതിനേക്കാള്‍ മെച്ചപ്പെട്ട രീതിയാണിത്. അധ്യാപകനോ ബുദ്ധിജീവിയോ ഒക്കെ ആവുമ്പോള്‍ കൈവെട്ടിനാണ് ഇഫക്ട് കൂടുതല്‍. രക്തസാക്ഷിയെ സൃഷ്ടിച്ചുകൊടുക്കുന്നത് നഷ്ടക്കച്ചവടമാണ്. ഞങ്ങളോട് കളിച്ചാല്‍ ഇതാണ് ഫലമെന്ന ബോര്‍ഡും പേറി കൈയില്ലാത്ത ഒരാള്‍ മരണം വരെ നടക്കുന്നതാണ് കൊലയേക്കാള്‍ ലാഭകരം.

പത്തോ അമ്പതോ പേരുള്ള ക്ലാസ്സിലെ പരീക്ഷയില്‍, മതനിന്ദ കടന്നുകൂടിയോ എന്ന് നേരിയതോതില്‍ സംശയിക്കാന്‍മാത്രം കഴിയുന്ന ചോദ്യമെഴുതിയതിനാണ് അധ്യാപകന് ഈവിധമൊരു ശിക്ഷ കൊടുത്തത്. എങ്കില്‍ അതിന് കൂടുതല്‍ അര്‍ഹര്‍ എഴുത്തുകാര്‍ക്കും രാഷ്ട്രീയക്കാര്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും അന്യമതപ്രചാരകര്‍ക്കും ബുദ്ധിജീവികള്‍ക്കുമിടയില്‍ ധാരാളമുണ്ടാകുമെന്ന് തീര്‍ച്ച. അനന്തസാധ്യതകളുടെ വാതിലാണ് തുറക്കപ്പെടുന്നത്. സംഗതി സാര്‍വത്രികമായാല്‍ വെട്ടുകാര്‍ക്ക് തിരക്കൊഴിഞ്ഞ നേരമുണ്ടാകില്ല. അനുകരണീയ മാതൃകകള്‍ എവിടെക്കണ്ടാലും ജാതി-മത-രാഷ്ട്രീയവ്യത്യാസമില്ലാതെ സ്വീകരിക്കുന്നവരാണല്ലോ നമ്മള്‍. മതം പോലുള്ള വലിയ സംഗതികള്‍ക്കേ കൈ വെട്ടാവൂ എന്നില്ല. രാഷ്ട്രീയം, ജാതി, ബിസിനസ്, വിദ്യാഭ്യാസം, കുടുംബം തുടങ്ങി സമസ്ത മേഖലകളിലും ഇത് പ്രയോഗിക്കാം. വാദിതന്നെ പോയി പ്രതിയുടെ കൈ വെട്ടണമെന്നില്ല. കൂലിവെട്ടുകാരെ ഏല്പിക്കാം. പുതിയ കാലത്ത് ഇതിനെ ക്വട്ടേഷന്‍സംഘങ്ങള്‍ എന്നാണല്ലോ വിളിക്കുന്നത്. ഇപ്പോള്‍ ക്വട്ടേഷന്‍സംഘങ്ങള്‍ കൂടുതലും ക്വട്ടേഷനുകള്‍ കുറവുമാണത്രെ. അവരുടെ തൊഴിലില്ലായ്മയ്ക്ക് പരിഹാരവുമാകും. ക്രമേണ ഇവിടെ വേണ്ടത്ര വിദഗ്ധവെട്ടുകാരെ കിട്ടാതെ വന്നേക്കാം. അപ്പോള്‍ ബിഹാറില്‍ നിന്നോ മറ്റോ ഇറക്കുമതി ചെയ്യാം. പിന്നെ, എഴുതിയാലേ കുഴപ്പമുള്ളൂ, പറഞ്ഞാല്‍ കുഴപ്പമില്ല എന്ന ധാരണ ആര്‍ക്കുംവേണ്ട. അത്ര എളുപ്പമല്ലെങ്കിലും അറ്റകൈക്ക് നാവറക്കാനും മടിക്കില്ല.

ചോദ്യപ്പേപ്പറില്‍ പ്രവാചകന്റെ പേരുള്ള ഒരു ഭ്രാന്തനെ കൊണ്ടുവന്നതുപോലെ ഒരുപാട് കഥകളിലും കവിതകളിലും സിനിമകളിലുമൊക്കെ എഴുത്തുകാര്‍ ഈ പേരുള്ള കഥാപാത്രങ്ങളെ സൃഷ്ടിച്ചുവിട്ടിട്ടുണ്ടാകണം. സദ്ഗുണസമ്പന്നരായ കഥാപാത്രങ്ങള്‍ക്കല്ലാതെ കള്ളനും കള്ളുകുടിയനുമൊക്കെ ആ പേര് ഇട്ടവര്‍ക്കും അധ്യാപകന് നല്‍കിയ അതേ വി.ഐ.പി. ട്രീറ്റ്‌മെന്റ് നല്‍കാന്‍ ഏര്‍പ്പാട് ചെയ്യേണ്ടതുണ്ട്. പുസ്തകം വായിക്കുന്ന ദുഃസ്വഭാവം മുമ്പൊന്നും മതഭ്രാന്തന്മാര്‍ക്ക് ഇല്ലായിരുന്നു. ഇപ്പോള്‍ മതഭ്രാന്തില്‍ ഡോക്ടറേറ്റ് ഉള്ളവര്‍ തന്നെയുണ്ട്. കൈവെട്ടേണ്ട എഴുത്തുകാരെ കണ്ടെത്തുന്നതിനുള്ള ഒരു ക്വട്ടേഷന്‍ അവര്‍ക്ക് കൊടുക്കാം. മുഹമ്മദ് എന്നു പേരുള്ള ദുഷ്ടകഥാപാത്രങ്ങളെ മാത്രം സര്‍വേ ചെയ്താല്‍പോര. മുഹമ്മദ്കുട്ടി, കുഞ്ഞുമുഹമ്മദ് തുടങ്ങിയ വകഭേദങ്ങളും പരിഗണിക്കപ്പെടണം. ഒരുമതത്തില്‍ മാത്രം ഒതുക്കിനിര്‍ത്തരുത്. ചോദ്യപ്പേപ്പറിലെ ഭ്രാന്തന്റെ പേര് എന്തേ കൃഷ്ണനോ രാമനോ മത്തായിയോ ആയില്ല എന്ന് ചോദിച്ചവരുണ്ടല്ലോ. അവരുടെ വികാരങ്ങള്‍ അവഗണിച്ചുകൂടാ. രാമന്‍കുട്ടി, കൃഷ്ണന്‍കുട്ടി, കുട്ടിരാമന്‍, കുട്ടിക്കൃഷ്ണന്‍നായര്‍, സി.വി. ശ്രീരാമന്‍ തുടങ്ങിയ പേരുകളുള്ള ദുഷ്ടകഥാപാത്രങ്ങളെ സൃഷ്ടിച്ചവരെയും \'കൈ\'കാര്യം ചെയ്യണം.

ചോദ്യപ്പേപ്പര്‍ തയ്യാറാക്കിയ അധ്യാപകനൊരു മഠയനായിരിക്കണം എന്ന് വിദ്യാഭ്യാസമന്ത്രി അഭിപ്രായപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്. മാധ്യമസൃഷ്ടിയാണെന്നും റിപ്പോര്‍ട്ടുണ്ട്. രണ്ടായാലും അധ്യാപകന്‍ മഠയന്‍ ആണെന്ന കാര്യത്തില്‍ ചോദ്യപ്പേപ്പര്‍ വായിച്ച ആര്‍ക്കും സംശയമുണ്ടായിരുന്നില്ല. ചോദ്യത്തിലെ കഥാപാത്രത്തിന്റെ പേര് അവിടെ നില്‍ക്കട്ടെ. കുട്ടികള്‍ എഴുതുന്ന പരീക്ഷയിലെ ഒരുചോദ്യത്തില്‍ ദൈവം ഒരാളോട് 'എന്താടാ നായിന്റെ മോനെ' എന്ന് ചോദിക്കുന്നതായി ചേര്‍ത്താല്‍ മാഷ് മഠയനാണെന്നല്ല ഭ്രാന്തനാണെന്നേ തോന്നൂ. പിന്നീടാണ് സംഗതിയുടെ ഗുട്ടന്‍സ് പുറത്തുവന്നത്. അധ്യാപകന്‍ ചോദ്യപ്പേപ്പറില്‍ എഴുതിയ വിചിത്ര ഡയലോഗ് അധ്യാപകന്റെ സൃഷ്ടിയല്ല, ഒരുഎഴുത്തുകാരന്റെ സൃഷ്ടിയില്‍നിന്നെടുത്തതാണ്. ഇതെന്തേ കൈവെട്ടാന്‍ പോയ മതഭ്രാന്തന്മാരോട് ആരും പറഞ്ഞില്ല എന്ന് അത്ഭുതപ്പെടുന്നവരുണ്ട്. നാട് ഭരിക്കുന്നവര്‍ക്ക് മനസ്സിലാകാത്തത് ഭ്രാന്തന്മാര്‍ക്ക് എങ്ങനെ മനസ്സിലാകാനാണ്. മതഭ്രാന്തന്മാര്‍ കൈയേ വെട്ടിയുള്ളൂ. വിദ്യാഭ്യാസവകുപ്പും കോളേജ് മാനേജ്‌മെന്റും മതഭ്രാന്തന്മാരെ തൃപ്തിപ്പെടുത്താന്‍ അധ്യാപകന്റെ ജോലി ആദ്യമേ വെട്ടിമാറ്റിയിരുന്നു. കൈവെട്ടുന്നതിനോളം വലിയ പാതകമാണ് അതും. തെറ്റൊന്നും ചെയ്തിട്ടില്ലാത്ത അദ്ദേഹത്തെ ജയിലിലടച്ച് പീഡിപ്പിച്ചതും അദ്ദേഹത്തിന്റെ തീര്‍ത്തും നിരപരാധിയായ മകനെ അടിച്ചും ലോക്കപ്പിലിട്ടും പീഡിപ്പിച്ചതുമാണ് മതഭ്രാന്തന്മാര്‍ക്ക് കൈവെട്ടാനുള്ള പ്രേരണ നല്‍കിയത്. ബാങ്ക്‌വായ്പ കിട്ടാത്തയാള്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചാല്‍ ബാങ്ക് മാനേജരെ പ്രേരണക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്യുന്ന നാടാണിത്. ആ നിലയ്ക്ക് അധ്യാപകനെ ജയിലിലടച്ചവര്‍ക്കും സസ്‌പെന്‍ഡ് ചെയ്തവര്‍ക്കും എതിരെയാണ് കൈവെട്ടിയതിന് പ്രേരണക്കുറ്റം ചുമത്തേണ്ടിയിരുന്നത്.

പ്രവാചകന്മാര്‍ക്കും തത്ത്വശാസ്ത്രങ്ങള്‍ക്കും ആദര്‍ശങ്ങള്‍ക്കും ചീത്തപ്പേരുണ്ടാക്കുകയാണ് അനുയായികളില്‍ നല്ലൊരു പങ്കിന്റെ ജീവിതോദ്ദേശ്യം. തന്നെ ഭ്രാന്തനെന്ന് വിളിച്ചാക്ഷേപിച്ച ആള്‍ക്കും കല്ലെറിയിച്ചവര്‍ക്കും ചീഞ്ഞളിഞ്ഞ കുടല്‍മാല കഴുത്തിലിട്ടവര്‍ക്കും മുഖത്ത് തുപ്പിയ സ്ത്രീക്കുമെല്ലാം മാപ്പ് നല്‍കിയ മഹാനായിരുന്നു പ്രവാചകന്‍. അത് പക്ഷേ, പള്ളിയില്‍ പറഞ്ഞാല്‍മതി. മാപ്പ് കൊടുത്താല്‍ മതരക്ഷകനായി അഭിനയിക്കാന്‍ കഴിയില്ല, നാട് കുട്ടിച്ചോറാക്കാനും കഴിയില്ല. കൈവെട്ടുകയോ ബോംബ് വെക്കുകയോ ഒക്കെ വേണം. കൈവെട്ടിയവരാണോ അതല്ല കൈവെട്ടിയവരോട് ക്ഷമിക്കുന്നു എന്നുപറഞ്ഞ അധ്യാപകനാണോ പ്രവാചകന്റെ പാതയിലൂടെ പോകുന്നത് എന്ന് വിശ്വാസികള്‍ ചിന്തിക്കട്ടെ.

കൈവെട്ട് സംഭവത്തിനുശേഷം മറ്റേ ഇനം മതഭ്രാന്തന്മാര്‍ ലജ്ജമൂലം വീട്ടില്‍നിന്ന് പുറത്തിറങ്ങുന്നതേ ഇല്ല എന്ന് റിപ്പോര്‍ട്ടുണ്ട്. സംഭവമിതാണ്. മതഭ്രാന്ത് ഒട്ടുമില്ലാത്ത, എന്നാല്‍ ചില്ലറ വട്ട് മാത്രമുള്ള ഒരുലോകൈക കലാകാരന്‍ ദേവിമാരുടെ നഗ്‌നചിത്രം വരച്ചതിന്റെ പേരില്‍ ഇന്ത്യയില്‍ നൂറ്റിപ്പത്ത് കോടതിയിലോ മറ്റോ കേസ് നേരിടുന്നുണ്ടായിരുന്നു. എല്ലായിടത്തും വക്കീലിനെ വെക്കാന്‍ കാശില്ലാഞ്ഞിട്ടാണോ എന്നറിയില്ല അദ്ദേഹം ഗള്‍ഫിലേക്ക് കടന്നുകളയുകയാണ് ചെയ്തത്. കേസ് കൊടുക്കുന്ന കാശ് വേണ്ട കൈവെട്ടിക്കാന്‍. അതിനുള്ള പുദ്ദി തോന്നാഞ്ഞതോര്‍ത്താണ് അവര്‍ ലജ്ജിക്കുന്നത്. വിഷമം വേണ്ട. എല്ലായിനം ഭ്രാന്തന്മാരും കൈകോര്‍ത്ത് പരിശ്രമിച്ചാല്‍ കൈയില്ലാത്തവര്‍ക്കും ബുദ്ധിയില്ലാത്തവര്‍ക്കും ഭൂരിപക്ഷമുള്ള രാജ്യം എന്ന പദവി നേടാന്‍ നമുക്ക് കഴിഞ്ഞേക്കും.

** **
കേന്ദ്രത്തിലെ ഭൂലോക പിന്തിരിപ്പന്‍ സാമ്രാജ്യത്വ അറുവഷളന്‍ ഭരണമുന്നണിയില്‍ മന്ത്രിപദവിയും മുഖ്യസ്ഥന്റെ സ്ഥാനവും വഹിക്കുന്ന എന്‍.സി.പി. എന്ന പാര്‍ട്ടിക്ക് കേരളത്തിലെ ഇടതുമുന്നണിയില്‍ പ്രവേശനം ലഭിച്ചതെങ്ങനെ എന്ന് അന്വേഷിക്കുന്നുണ്ട് പലരും. പതിനഞ്ചോളം വര്‍ഷമായി ഇടതുമുന്നണിയുടെ വാതില്‍ തുറപ്പിക്കാനുള്ള മാന്ത്രികവാചകം തിരഞ്ഞുനടക്കുകയായിരുന്നു, ഹര്‍കിഷന്‍സിങ് സുര്‍ജിത് പേരുവിളിയും പാലുകുടിയും നടത്തിച്ച ഇടതുമതേതരശിശുവായ ഐ.എന്‍.എല്‍. അവര്‍ക്കത് കണ്ടെത്താന്‍ കഴിയാതെ തോല്‍വി സമ്മതിച്ചാണ് യു.ഡി.എഫ്. എന്ന ചെകുത്താന്മാരുടെ സങ്കേതത്തിലേക്ക് മടങ്ങിയത്.

പല്ലിയുടെ വാല്‍പോലെ ലീഗില്‍ നിന്ന് മുറിഞ്ഞുതെറിച്ചുപോയ കഷണമാണ് ഐ.എന്‍.എല്‍. അതുതന്നെയായിരുന്നു അതിന്റെ കുറ്റം. ലീഗിലുള്ള വിഷാംശങ്ങളൊക്കെ അതിലുമുണ്ട് എന്നാണ് സങ്കീര്‍ണ ലാബ് ടെസ്റ്റുകളിലൂടെ സി.പി.എം. ശാസ്ത്രജ്ഞന്മാര്‍ കണ്ടുപിടിച്ചത്. പാമ്പിന്റെ കുഞ്ഞ് പാമ്പല്ലാതാകാന്‍ ന്യായമില്ല. ഈ ന്യായം പക്ഷേ, ചിലയിനം പാര്‍ട്ടികള്‍ക്കേ ബാധകമാകൂ. ഹിന്ദുത്വ വര്‍ഗീയ ഫാസിസ്റ്റ് വിഷപ്പാമ്പായ ബി.ജെ.പി.യുടെ ഒരുകഷണം തെറിച്ചുപുറത്തുവീണപ്പോള്‍ നല്ല മതേതര ജനപക്ഷപൊന്നിന്‍കുടമായി മാറിയ കാഴ്ചകണ്ട് ഐ.എന്‍.എല്‍.കാരും അന്തംവിട്ടുനില്പായിരുന്നു. അതുപോലെയാണ് എന്‍.സി.പി.യുടെയും കാര്യം. ആ പാര്‍ട്ടിയും കോണ്‍ഗ്രസ്സും തമ്മിലെന്താണ് നയവ്യത്യാസമെന്ന് ലോകത്താര്‍ക്കും അറിയില്ല. പക്ഷേ, ഇടതുപക്ഷക്കാര്‍ക്കറിയാം. എന്‍.സി.പി.യുടെ തല വിഷമുള്ള യു.പി.എ.യിലാണ് കിടപ്പ്. പക്ഷേ, കേരളത്തിലെ വാലറ്റത്തിന് വിഷമില്ല. അതാരെയും കടിക്കില്ല. ശുദ്ധമായ ഇടതുമതേതര സാത്വിക ഭാവമാണ്.

തിരഞ്ഞെടുപ്പാണ് വരുന്നത്. താത്ത്വിക വിചാരങ്ങള്‍ക്ക് ഒരു കൊല്ലത്തേക്ക് മൊറട്ടോറിയം പ്രഖ്യാപിക്കാതെ നിവൃത്തിയില്ല. എന്‍.സി.പി.ക്ക് എത്ര വോട്ടുണ്ട്, പി.സി.തോമസിന് എത്ര വോട്ടുണ്ട് എന്നുചോദിക്കുന്നതില്‍ അര്‍ഥമില്ല. പല തുള്ളി പെരുവെള്ളം എന്നാണ് തത്ത്വം. പത്തുവോട്ടുമായി വരികയും 25 വോട്ട് ഇല്ലാതാക്കുകയും ചെയ്യുന്ന പി.ഡി.പി.ടൈപ്പുകള്‍ വേണ്ട. ബാക്കി ഏതിനത്തിനും സ്വാഗതം.

No comments:

Post a comment