മാധ്യമസ്വാതന്ത്ര്യത്തിന് പുതിയ വെല്ലുവിളികള്‍


ഇന്ത്യയിലെ മാധ്യമസ്വാതന്ത്ര്യ നിയമവ്യവസ്ഥ സംബന്ധിച്ച് എല്ലാവര്‍ക്കും അറിയുന്ന ഒരു സംഗതിയുണ്ട്. ഭരണാഘടനാപരമായി ഇന്ത്യയിലുള്ളത് യഥാര്‍ത്ഥത്തില്‍ മാധ്യമസ്വാതന്ത്ര്യമല്ല, ജനങ്ങളുടെ അഭിപ്രായപ്രകടന സ്വാതന്ത്ര്യമാണ് എന്നതാണ് അത്. പൗരന് ഭരണഘടന നല്‍കുന്ന സ്വാതന്ത്ര്യം തന്നെയാണ് മാധ്യമത്തിന്റെയും സ്വാതന്ത്ര്യം എന്ന് വരുന്നത് മാധ്യമസ്വാതന്ത്ര്യത്തെ, അല്ലെങ്കില്‍ പത്രസ്വാതന്ത്ര്യത്തെ ചെറുതാക്കുന്നില്ല. പത്രസ്വാതന്ത്ര്യം പൗരാവകാശം തന്നെയാണ്  എന്ന സമവാക്യമാണ് ഇതില്‍ നിന്ന് ഉരുത്തിരിയുന്നത്. ഇന്ത്യന്‍ കോടതികള്‍ പലവട്ടം ശരിവച്ചിട്ടുള്ളതുമാണ് ഈ ഭരണഘടനാതത്ത്വം.

ഇപ്പോള്‍ സംഗതികള്‍ കീഴ്‌മേല്‍ മറിയുകയാണ്. പുതിയ മാധ്യമങ്ങളുടെ വരവില്‍ പൗരന്റെ അഭിപ്രായ പ്രകടന സ്വാതന്ത്ര്യം സീമാതീതമായി വളരുകയാണ് ലോകമെങ്ങും. ഇന്റര്‍നെറ്റ് മാധ്യമങ്ങളില്‍ പത്രപ്രവര്‍ത്തകന്‍-എഡിറ്റര്‍ തുടങ്ങിയ പദവികളോ തൊഴിലുകളോ ഇല്ലാതെ സാധാരണജനം തങ്ങളുടെതന്നെ പ്രസാധകരാവുന്നു. എഴുത്തിന് അവര്‍ക്ക് വേറെ മാധ്യമം വേണ്ട, എഡിറ്ററുടെ അനുമതിയും വേണ്ട. പുതിയ കാലത്തെ ഈ അനന്തമായ സ്വാതന്ത്ര്യം ഇന്ത്യയിലും വരേണ്ടതാണ്. പക്ഷേ, വന്നിരിക്കുന്നത് പൗരസ്വാതന്ത്ര്യം പോലും ഇല്ലാതാക്കുന്ന തരത്തിലുള്ള ഭരണകൂട ഇടപെടലുകളാണ്. നവ മാധ്യമം ലോകത്തെങ്ങും പുത്തന്‍ സ്വാതന്ത്ര്യത്തിന്റെ സൂര്യോദയമാകുമ്പോള്‍ ഇന്ത്യയില്‍ അത് പൗരന്മാരെ ജനാധിപത്യ പൂര്‍വ കാലഘട്ടത്തിലെ അടിമത്തത്തിലേക്ക് വലിച്ചിഴച്ചുകൊണ്ടുപോകുകയാണ്. ഭരണഘടന പൗരന് നല്‍കുന്ന സ്വാതന്ത്ര്യമാണ് ഇത്രയും കാലം മാധ്യമങ്ങള്‍ ഉപയോഗിച്ചിരുന്നതെങ്കില്‍ ഇപ്പോള്‍ പൗരന്‍ ഈ സ്വാതന്ത്ര്യം ഉപയോഗിച്ചാല്‍ ജയിലിലെത്തും എന്ന ഗുരുതരമായ അവസ്ഥയുണ്ടായിരിക്കുന്നു. പുതിയ സ്വാതന്ത്ര്യം വരുന്നില്ലെന്ന് മാത്രമല്ല, പഴയതുപോലും നിഷേധിക്കപ്പെടുന്നു. ഈ സ്വാതന്ത്ര്യനിഷേധത്തിനെതിരെ അവിടെയും ഇവിടെയും നേരിയ ശബ്ദമേ ഉയരുന്നുള്ളൂ എന്നതാണ് ഏറ്റവും ഗുരുതരമായ കാര്യം.

പത്രസ്വാതന്ത്ര്യത്തെ ചെറുതായെങ്കിലും ഹനിക്കുന്ന നീക്കങ്ങള്‍ ഉണ്ടായപ്പോഴെല്ലാം അതിനെതിരെ പോരാടിയിട്ടുള്ളവരാണ് ഇന്ത്യയിലെ പൊതുസമൂഹം. ബിഹാറിലൊരു പത്രമാരണനിയമമുണ്ടായപ്പോള്‍ അതിനെതിരെ കേരളത്തില്‍ പോലും പ്രകടനങ്ങളും പണിമുടക്കുകളും നടന്നിട്ടുണ്ട്. അതിന് മുന്‍പന്തിയില്‍ നിന്നിരുന്നത് ഇടതു-വലതുഭേദമില്ലാതെ രാഷ്ട്രീയ പാര്‍ട്ടികളാണ്, മാധ്യമസംഘടനകളാണ്, പൗരാവകാശ പ്രവര്‍ത്തകരാണ്. പക്ഷേ, പുതു മാധ്യമങ്ങളില്‍ അടിസ്ഥാന സ്വാതന്ത്ര്യം പോലും നിഷേധിക്കുവാന്‍ മുന്നില്‍ നിന്നത് ഇതേ രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിനിധികള്‍ തന്നെയാണ് എന്ന സത്യം ഞെട്ടലുണ്ടാക്കുന്നു.

ബാല്‍ താക്കറെയുടെ മരണത്തെ തുടര്‍ന്ന് അടിച്ചേല്‍പ്പിക്കപ്പെട്ട ഹര്‍ത്താലിനെ കുറിച്ച് നിസ്സാരമായ എതിരഭിപ്രായം ഇന്റര്‍നെറ്റ് മാധ്യമത്തില്‍ പ്രകടിപ്പിച്ച രണ്ട് വനിതകളെ  പിടികൂടി ജയിലിടച്ചപ്പോഴാണ് രാജ്യത്തെമ്പാടും പുതിയ ഭീഷണിയെ കുറിച്ച് ബോധമുണ്ടായത്. പൊലീസ് ചെയ്തത് വിവേകരഹിതമായ കാര്യമായിരുന്നുവെങ്കിലും അത് തീര്‍ത്തും നിയമവിരുദ്ധമായരുന്നില്ല എന്ന് എല്ലാവര്‍ക്കും അറിയാം. ഇന്ത്യന്‍ പാര്‍ലമെന്റ് പാസ്സാക്കിയ നിയമത്തിന്റെ അടിസ്ഥാനത്തില്‍ തന്നെയായിരുന്നു അറസ്റ്റ്. ഇതെങ്ങനെ സംഭവിച്ചു എന്ന് അന്വേഷിക്കുമ്പോഴാണ് നമ്മുടെ രാഷ്ട്രീയ പാര്‍ട്ടികളും ജനപ്രതിനിധികളുമെല്ലാം എത്രമാത്രം ലാഘവത്തോടെയാണ്, ഉത്തരവാദിത്തരഹിതമായാണ്, ദീര്‍ഘവീക്ഷണമില്ലാതെയാണ് നിയമനിര്‍മാണം എന്ന അതിപ്രധാന കര്‍ത്തവ്യം നിര്‍വഹിക്കുന്നത് എന്ന് ഞെട്ടലോടെ, വേദനയോടെ നാം തിരിച്ചരിയുന്നത്.

പാര്‍ലമെന്റ് അംഗീകരിച്ച ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആക്റ്റിലെ 66 എ വ്യവസ്ഥ ഇന്ന് എമ്പാടും ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്. 2006 ലെ ബില്ലില്‍ ഉണ്ടായിരുന്ന വ്യവസ്ഥ മാറ്റി അത് കഠിനമായ വ്യക്തിസ്വാതന്ത്ര്യ നിഷേധം ഉള്‍ക്കൊള്ളുന്ന വ്യവസ്ഥയാക്കിയത് ആരാണ്, എങ്ങനെയാണ് എന്ന് ഇതുമായി ബന്ധപ്പെട്ടവര്‍ക്കെല്ലാം അറിയാം. ലോക് സഭയുടെ ഇന്‍ഫര്‍മേഷന്‍ നിയമം സംബന്ധിച്ച് സ്റ്റാന്‍ഡിങ്ങ് കമ്മിറ്റിയാണ് പഴയ വ്യവസ്ഥ മാറ്റി ജനവിരുദ്ധമായ പുതിയ വ്യവസ്ഥ ഉണ്ടാക്കിയത്. നേരത്തെ എന്തെങ്കിലും തരത്തിലുള്ള അധിക്ഷേപമോ ആക്ഷേപമോ ഇന്റര്‍നെറ്റിലെ ആശയവിനിമയത്തിനിടയില്‍ ഉണ്ടായെന്ന് പരാതി ലഭിച്ചാല്‍ അതിനെ ഒരു ' കോഗ്നൈസബ്ള്‍ ' കുറ്റമായല്ല പരിഗണിച്ചിരുന്നത്. സ്റ്റാന്‍ഡിങ്ങ് കമ്മിറ്റിയാണ് അത് ചെയ്തത്. ആര്‍ക്കെങ്കിലും എതിരെ പോലീസിന് പരാതി ലഭിച്ചാല്‍ കുറ്റമാരോപിക്കപ്പെട്ട ആളെ അറസ്റ്റ് ചെയ്ത് ജയിലിലടക്കാന്‍ പോലീസ്സിന് അധികാരം നല്‍കുന്ന തരം കുറ്റങ്ങളാണ്  ' കോഗ്നൈസബ്ള്‍ ' കുറ്റങ്ങള്‍. പത്രത്തില്‍ വന്ന വാര്‍ത്തയില്‍ മാനഹാനി ആരോപിക്കപ്പെട്ടാല്‍ ലേഖകനെയോ പത്രാധിപരെയോ അറസ്റ്റ് ചെയ്ത് ജയിലിലടക്കാന്‍ ആവില്ല. കോടതിക്കേ ഇവിടെ അറസ്റ്റിന് അധികാരമുള്ളൂ. ഇതേ വ്യവസ്ഥയാണ് ഐ.ടി.നിയമത്തിലും ഉണ്ടായിരുന്നതെങ്കില്‍  മുംബൈയിലെ വനിതകള്‍ അറസ്റ്റ് ചെയ്യപ്പെടുമായിരുന്നില്ല.

ഒരു മുന്‍ പോലീസ് ഉദ്യോഗസ്ഥനായ ലോക്‌സഭാംഗമാണ് സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍മാനായി വ്യവസ്ഥ  ' കോഗ്നൈസബ്ള്‍ '  ആക്കാന്‍ വാശി പിടിച്ചതെന്ന് ടൈംസ്  ഇന്ത്യ പത്രത്തില്‍ എഴുതിയ ലേഖനത്തില്‍( നവം.24 2012) അവരുടെ സീനിയര്‍ എഡിറ്ററും നിയമകാര്യ ലേഖകനുമായ മനോജ് മിട്ട ചൂണ്ടിക്കാട്ടുകയുണ്ടായി. പുതിയ വ്യവസ്ഥ ഉള്‍ക്കൊള്ളുന്ന ആക്റ്റ് പാര്‍ലമെന്റില്‍ ചര്‍ച്ച പോലും ഇല്ലാതെയാണ് പാസ്സാക്കിയത്. എക്‌സ് അയച്ച ഇ മെയില്‍ അതുകിട്ടിയ വൈ ക്ക് അസൗകര്യമോ അസ്വാസ്ഥ്യമോ ഉണ്ടാക്കി എന്ന് പരാതിയുണ്ടായാല്‍ പോലീസിന് പിന്നീട് കൂടുതലെന്തെങ്കിലും ആലോചിക്കേണ്ടതില്ല. എക്‌സിനെ അറസ്റ്റ് ചെയ്യാം. മിക്ക മജിസ്റ്റ്രേട്ടുമാരും പോലീസുകാരേക്കാള്‍ ഉയര്‍ന്ന ബുദ്ധിയോ ബോധമോ ഉള്ളവരല്ല എന്ന്  പലപ്പോഴും തെളിയിക്കപ്പെട്ടിട്ടുണ്ട്. നോക്കൂ, പാര്‍ലമെന്റ് ഉണ്ടാക്കുന്ന നിയമങ്ങളില്‍ പാളിച്ചകള്‍ ഉണ്ടാകാതിരിക്കാന്‍ ചെയ്ത മുന്‍കരുതലുകളാണ് വ്യവസ്ഥയെ കൂടുതല്‍ പാളിച്ചയുള്ളതാക്കി മാറ്റിയത്.

പുതിയ നിയമത്തിലടങ്ങിയ ഗുരുതരമായ സ്വാതന്ത്ര്യനിഷേധ വ്യവസ്ഥ ഇന്ത്യയിലെ മിക്കവാറും എല്ലാ പാര്‍ട്ടികളിലും പെട്ട നേതാക്കള്‍ ഒരിക്കലല്ലെങ്കില്‍ മറ്റൊരിക്കല്‍ ഉപയോഗപ്പെടുത്തിക്കഴിഞ്ഞു എന്നറിയുമ്പോഴാണ് 66എ അങ്ങനെ അബദ്ധത്തില്‍  ഉണ്ടായതല്ല എന്ന് മനസ്സിലാവുന്നത്. പൊതുജനങ്ങളില്‍ നിന്ന് ഉണ്ടാവാനിടയുള്ള രൂക്ഷവിമര്‍ശനങ്ങളെ ഇല്ലാതാക്കാനോ പ്രത്യേക സന്ദര്‍ഭങ്ങളിലെങ്കിലും ഇത്തരം വിമര്‍ശകരെ നിശ്ശബ്ദരാക്കാനോ അവര്‍ ഉദ്ദേശിച്ചിരുന്നു എന്ന് ആരോപിക്കപ്പെട്ടാല്‍ നിഷേധിക്കാനാവില്ല. നിയമനിര്‍മാണത്തില്‍ ആ ഉദ്ദേശ്യമുണ്ടായിരുന്നില്ലെന്നു വാദിച്ചാലും, നിയമമുണ്ടായപ്പോള്‍ എല്ലാവരും അതുപയോഗിച്ച് എതിരാളികളെ ഉപദ്രവിച്ചിട്ടുണ്ട്. മമത ബാനര്‍ജിയെ കുറിച്ചൊരു കാര്‍ട്ടൂണ്‍ അയച്ച കോളേജ് അദ്ധ്യാപകന്‍ ഉടനെ ജയിലിലായി. കേന്ദ്രമന്ത്രി പി.ചിദംബരത്തെ കുറിച്ച് എന്തോ ട്വിറ്ററില്‍ അയച്ച പോണ്ടിച്ചേരിക്കാരനും ജയിലിലായി. അഴിമതിക്കെതിരെ പ്രക്ഷോഭത്തില്‍ പങ്കാളിയായിരുന്ന മുംബൈയിലെ കാര്‍ട്ടൂണിസ്റ്റ് ജയിലിലായി. കേരളത്തിലെ ഇടതുപക്ഷ നേതാവിന്റെ വീടാണെന്ന് തെറ്റിദ്ധരിപ്പിക്കുന്ന ഫോട്ടോ ഫോര്‍വേഡ് ചെയ്ത ആള്‍ ജയിലിലായതും ഇതുപോലെ കുറ്റം കോടതിയില്‍ തെളിഞ്ഞപ്പോഴല്ല, പരാതി പോലീസിലെത്തിയ ഉടനെയാണ്.

മുഖ്യധാരാ മാധ്യമങ്ങളില്‍- അതായത് പ്രിന്റ് മാധ്യമങ്ങളില്‍ - പ്രവര്‍ത്തിക്കുന്നവരെ ഇതുബാധിക്കുകയില്ല, ഇത് ഇന്റര്‍നെറ്റില്‍ വികൃതി കളിക്കുന്നവര്‍ക്കേ ബാധകമാകൂ എന്ന് ചിലരെങ്കിലും കരുതുന്നുണ്ട്. അങ്ങനെ ധരിക്കേണ്ട. പത്രത്തില്‍ എഴുതുന്ന ഒരു ലേഖനത്തിലെ പരാമര്‍ശം, ഒരു കാര്‍ട്ടൂണ്‍ പിറ്റേന്ന് അതിന്റെ ഇന്റര്‍നെറ്റ് എഡിഷനില്‍ പ്രസിദ്ധപ്പെടുത്തുമ്പോള്‍ നിയമവും വ്യവസ്ഥയും മാറുകയായി. പത്രത്തിലെഴുതുന്ന ആരേയും ഈ വിധത്തില്‍ അറസ്റ്റ് ചെയ്യാന്‍ പറ്റും. ഇത് പത്രപ്രവര്‍ത്തകര്‍ക്കേ ദോഷം ചെയ്യൂ എന്നും കരുതേണ്ട. പൊതുവേദിയില്‍ ഉന്നയിക്കപ്പെടുന്ന വിമര്‍ശനങ്ങളുടെ പേരില്‍ വേണമെങ്കില്‍ അറസ്റ്റ്  ചെയ്യാം, അതൊരു വാര്‍ത്തയായി ഇന്റര്‍നെറ്റില്‍ വന്നാല്‍ മതി. 66എ ഇപ്പോഴും വളരെ വ്യാപകമായി ദുരുപയോഗപ്പെടുത്തുന്നില്ല എന്നത് ഇതിലെ 'അനന്ത സാധ്യത' കളെ കുറിച്ച് വേണ്ടത്ര അറിവ് എല്ലാവര്‍ക്കും ഉണ്ടായിട്ടില്ല എന്നതുകൊണ്ടുമാത്രമാണ്.

ഇന്റര്‍നെറ്റിലെ മാനഹാനി, പത്രത്തിലെ മാനഹാനിയേക്കാള്‍ ഗുരുതരമായ ഒന്നായി പരിഗണിക്കേണ്ടതില്ല എന്നുപറയുമ്പോള്‍ ഫേസ്ബുക്കിലും മറ്റു സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളിലും ഉണ്ടാകുന്ന അപവാദപ്രചരണങ്ങളെയും ഗുരുതരമായ വ്യക്തിവധങ്ങളെയും നിസ്സാരമായി കണ്ടാല്‍ മതി എന്ന് അര്‍ഥമില്ല. വ്യാജ പ്രൊഫൈലുകളുണ്ടാക്കുക, സ്വകാര്യവ്യക്തികളെ അപമാനിക്കുക, ലൈംഗികമായ മാനഹാനി ഉണ്ടാക്കുക തുടങ്ങിയ സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങളെ നേരിടുന്നതിന് ഫലപ്രദവും എന്നാല്‍ നീതിപൂര്‍വകവുമായ നിയമവ്യവസ്ഥകള്‍ ഉണ്ടാക്കേണ്ടതുണ്ട്. വികസിത ജനാധിപത്യരാജ്യങ്ങള്‍ എങ്ങനെയാണ് ഈ പുതിയ പ്രശ്‌നത്തെ കൈകാര്യം ചെയ്യുന്നത് എന്നും പഠിക്കേണ്ടതുണ്ട്.

ഭരണാദത്തമായ അഭിപ്രായ  പ്രകടനസ്വാതന്ത്ര്യത്തെ ഗുരുതരമായി ബാധിക്കുന്ന ഏക നിയമവ്യവസ്ഥ 66 എ ആണെന്ന തെറ്റിദ്ധാരണയൊന്നും നമുക്കില്ല. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വ്യവസ്ഥകള്‍ പോലും ദുരുപയോഗപ്പെടുത്തിയും ദുര്‍വ്യാഖ്യാനിച്ചും അഭിപ്രായ പ്രകടനം കുറ്റകൃത്യമാക്കി മാറ്റുന്നു. പൊതുതാല്പര്യത്തിന് എതിരായ നടപടികള്‍ ഉണ്ടാകുന്നു. എന്തുതരം അഭിപ്രായപ്രകടനത്തിനെതിരെയും സി.ആര്‍.പി.സി. വ്യവസ്ഥകള്‍ ഉപയോഗിക്കാന്‍ അനുവദിക്കുന്ന നിയമങ്ങള്‍ ഉണ്ട്. ഇവയെല്ലാം സമഗ്രമായും സമൂലമായും പരിശോധിക്കപ്പെടേണ്ടതുണ്ട്. സ്വാതന്ത്ര്യാനന്തര കാലത്ത് മാധ്യമ സംബന്ധമായ നിയമങ്ങളും വ്യവസ്ഥകളും നയങ്ങളും ഉണ്ടാക്കുന്നതിന് മുന്നോടിയായ രൂപവല്‍ക്കരിക്കപ്പെട്ട പ്രസ് കമ്മീഷനുകളുടെ മാതൃകയില്‍ ഒരു മീഡിയ കമ്മീഷന്‍ ഉണ്ടാക്കേണ്ട  കാലം അതിക്രമിച്ചിട്ടുണ്ട്. മാധ്യമ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍  ഈ ആവശ്യം ഉറക്കെ ഉന്നയിച്ചേ  തീരൂ.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

വര്‍ക്കിങ്ങ് ജേണലിസ്റ്റ് ആക്റ്റും വേജ് ബോര്‍ഡും ഇല്ലാതാക്കി

കേരള മാധ്യമങ്ങളുടെ ആറു പതിറ്റാണ്ട്

ഐ.വി ബാബു: നിലപാടുകളില്‍ ഉറപ്പ്, സ്‌നേഹത്തിന്റെ സമൃദ്ധി