മറവിയാണ്‌ സുഖപ്രദം


ഓര്‍മകള്‍ പൂര്‍ണമായി ഇല്ലാതാകുന്നത്‌ കടുത്ത രോഗമാണ്‌. വാര്‍ദ്ധക്യകാലത്ത്‌ ഈ രോഗം ബാധിച്ച്‌ ശൂന്യതയിലെന്ന പോലെ കഴിഞ്ഞുകൂടുന്നവരുണ്ട്‌. കാര്യമായ ചികിത്സയൊന്നും വൈദ്യശാസ്ത്രം ഇതിന്‌ കണ്ടെത്തിയിട്ടില്ല. രാഷ്ട്രീയക്കാരുടെ മറവിരോഗം സമാനമായി വിചിത്ര പെരുമാറ്റങ്ങള്‍ക്ക്‌ കാരണമാകും. മറവിരോഗം പിടിപെട്ടാല്‍ മകനെ കണ്ടാല്‍ 'നീയാര്‌?' എന്നു ചോദിച്ചെന്നിരിക്കും. രാഷ്ട്രീയ മറവി രോഗി അടിയന്തരാവസ്ഥയില്‍ പോലീസ്‌ ക്യാമ്പില്‍ കൊലചെയ്യപ്പെട്ട രാജനെക്കുറിച്ച്‌ കേട്ടാല്‍ "ഏത്‌ രാജന്‍? ഏത്‌ പോലീസ്‌?" എന്നു ചോദിച്ചെന്നിരിക്കും. ചികിത്സിച്ച്‌ ഭേദമാക്കാന്‍ കഴിയുന്ന ഒരു അസുഖമല്ല ഇതും. രാഷ്ട്രീയക്കാര്‍ പലരും നിലനില്‍ക്കുന്നതുതന്നെ ചിലതു മറക്കാനും ചിലത്‌ മാത്രം ഓര്‍മിക്കാനും കഴിയുന്നതുകൊണ്ടാണ്‌. ആവശ്യമുള്ളത്‌ മാത്രം ഓര്‍മിച്ചുവെക്കാനും അലോസരമുണ്ടാക്കുന്നവ മറക്കാനും കഴിവുള്ള നേതാക്കള്‍ക്കേ പിടിച്ചുനില്‍ക്കാനാവൂ. ആകപ്പാടെ ഒരു ശല്യമുള്ളത്‌, എതിരാളികളും ശല്യമുണ്ടാക്കല്‍ ഉപജീവനമാര്‍ഗമാക്കിയ പത്രക്കാരുംകുഴിച്ചുമൂടിയ ഓര്‍മകള്‍ എടുത്ത്‌ പുറത്തിടുമെന്നതാണ്‌. അവഗണിച്ചാല്‍ മതിയാകും.

രാഷ്ട്രീയസഖ്യങ്ങള്‍ അന്നന്നത്തെ ആവശ്യത്തിനുള്ളതാണ്‌. സഖ്യത്തില്‍ ചേരുന്നവര്‍, പണ്ടു പറഞ്ഞതും ചെയ്തതുമായ കാര്യങ്ങളില്‍ അനാവശ്യങ്ങളായ കാര്യങ്ങളെല്ലാം കമ്പ്യൂട്ടറില്‍ 'ഡിലീറ്റ്‌' കീയില്‍ അമര്‍ത്തിയാലെന്നപോലെ നീക്കം ചെയ്യണം. എന്നന്നേക്കുമായി നീക്കം ചെയ്തേക്കാം എന്ന്‌ വിചാരിച്ചാല്‍ അതും അബദ്ധമാകും. 'റീ സൈക്കിള്‍ ബിന്നി'ല്‍ സൂക്ഷിച്ചാല്‍ മതിയാകും. നാളെ ആവശ്യമായി വന്നേക്കും. സി.പി.എമ്മിനെക്കുറിച്ചും കമ്മ്യൂണിസ്റ്റുകാരെ കുറിച്ചും ഒരു ജീവിതകാലം മുഴുവന്‍ പറഞ്ഞതെല്ലാം കെ. കരുണാകരന്‍ 'ഡിലീറ്റ്‌' ചെയ്തിരിക്കയാണ്‌. കരുണാകരനെ കുറിച്ച്‌ പറഞ്ഞത്‌ സി.പി.എമ്മുകാരും. എന്നുവെച്ച്‌ ഇനിയൊരിക്കലും ഇവര്‍ പഴയതൊന്നും ഓര്‍ത്തുപറയില്ലെന്ന്‌ വിചാരിക്കേണ്ട. സഖ്യങ്ങള്‍ മാറുമ്പോള്‍, ശത്രുമിത്രമാകുമ്പോള്‍, മിത്രം ശത്രുവാകുമ്പോള്‍ പഴയതൊക്കെ പൊടി തട്ടിയെടുത്ത്‌ വീണ്ടും പ്രയോഗിക്കും. മുസ്‌ലിം ലീഗ്‌ വര്‍ഗീയമാണെന്ന കാര്യം 38 വര്‍ഷത്തിനുശേഷം ഇപ്പോള്‍ ലീഡര്‍ക്ക്‌ ഓര്‍മവന്നതു കണ്ടില്ലേ?

ആന്റണിയുടെ കോണ്‍ഗ്രസ്സും മുമ്പൊരിക്കല്‍ സി.പി.എമ്മിന്റെ മുന്നണിയില്‍ പങ്കാളികളായിരുന്നു. കെ. കരുണാകരന്റെ പാര്‍ട്ടി ഇപ്പോഴും ഇടതുമുന്നണിയുടെ വാതില്‍പടിക്ക്‌ പുറത്താണ്‌ നില്‍ക്കുന്നത്‌. ആന്റണിയുടെ പാര്‍ട്ടി അന്ന്‌ സി.പി.എമ്മിന്റെ കിടപ്പറയില്‍ തന്നെയായിരുന്നു. അതിന്റെ ഫലവും സി.പി.എമ്മിന്‌ വൈകാതെ കിട്ടിയെന്നത്‌ മറ്റൊരു കാര്യം. 'വിമോചന സമര സന്തതി'യായിരുന്ന എ.കെ. ആന്റണിയുടെ ജീവചരിത്രം അന്ന്‌ എത്ര വേഗത്തിലാണ്‌ സി.പി.എം. രേഖകളില്‍ മാറ്റിയെഴുതിയത്‌. സി.പി.എമ്മും കോണ്‍ഗ്രസ്സും ചേര്‍ന്ന്‌ നിന്നാല്‍ ജാതീയ-വര്‍ഗീയ-പിന്തിരിപ്പന്‍- ഈര്‍ക്കിള്‍ പാര്‍ട്ടികളില്‍ നിന്നു കേരളത്തെ മോചിപ്പിക്കുന്നതിനെക്കുറിച്ച്‌ എന്തെല്ലാം വ്യാമോഹങ്ങളാണ്‌ ആന്റണി കോണ്‍ഗ്രസ്സുകാര്‍ പടച്ചുവിട്ടത്‌. ഒന്നരവര്‍ഷം കഴിഞ്ഞപ്പോള്‍ എല്ലാം പഴയപടിയായി. ആന്റണിയും കരുണാകരനും കെട്ടിപ്പിടിക്കുകയും തമ്മിലടിക്കുകയും ചെയ്തുതുടങ്ങി.

ലീഡറുടെ അനുയായികളാണിപ്പോള്‍ കോണ്‍ഗ്രസ്‌ -സി.പി.എം. സഖ്യത്തിന്റെ സദ്ഗുണങ്ങളെ കുറിച്ച്‌ പ്രഭാഷണം നടത്തുന്നത്‌. ഒരു കോണ്‍ഗ്രസ്‌ മാളത്തില്‍ കയ്യിട്ടതിന്റെ ഫലം മറന്ന്‌ വീണ്ടും കയ്യിടാനുള്ള ബുദ്ധിമോശം സി.പി.എമ്മില്‍ നിന്നു പ്രതീക്ഷിച്ചു കൂടാ. യു.ഡി.എഫിനെ തകര്‍ക്കാന്‍ കെ. കരുണാകരന്റെ പാര്‍ട്ടിയെ 'ഉപയോഗപ്പെടുത്തുക'യാണ്‌ തങ്ങളെന്ന്‌ അവര്‍ തുറന്നു പറഞ്ഞിട്ടുണ്ട്‌. ഉപയോഗപ്പെടുമെന്ന കാര്യത്തില്‍ സംശയമില്ല.

ലീഡര്‍ വീണ്ടും കോണ്‍ഗ്രസ്സിലേക്ക്‌ മടങ്ങുമ്പോള്‍, രാജനും അടിയന്തരാവസ്ഥയും കക്കയവും ഒക്കെ പിണറായി വിജയന്‌ വീണ്ടും ഓര്‍മവരും. 'മാര്‍ക്സിസ്റ്റ്‌ റൗഡികള്‍' കേരളത്തോട്‌ ചെയ്യുന്ന ദ്രോഹങ്ങളൊക്കെ ലീഡര്‍ക്കും ഓര്‍മവരും. സോണിയാമാഡം ഒന്നുമനസ്സുവെച്ചാല്‍ ഒരു വര്‍ഷംകൊണ്ട്‌ തീര്‍ക്കാവുന്നതേ ഉള്ളൂ ഈ മറവിരോഗം. ഒരു തവണ പിണങ്ങിപ്പോയി വേറെ പാര്‍ട്ടിയുണ്ടാക്കിയ ശേഷം തിരിച്ചുചെല്ലുന്നവരോട്‌ സോണിയാജിക്ക്‌ വലിയ മതിപ്പാണ്‌. കോണ്‍ഗ്രസ്‌ ഭവന്റെ അടുക്കള സഭയില്‍ അത്തരക്കാര്‍ക്ക്‌ കസേരയിട്ടു കൊടുക്കും. ആരൊക്കെയാണ്‌ ഇപ്പോള്‍ ആ സഭയില്‍ ഉള്ളതെന്ന്‌ ശ്രദ്ധിച്ചിട്ടില്ലേ? പി.ചിദംബരം, അര്‍ജുന്‍ സിങ്‌, മണിശങ്കര അയ്യര്‍, ..... ഇനിയും പാര്‍ട്ടിയിലേക്ക്‌ തിരിച്ചു വന്നിട്ടില്ലാത്ത ശരത്‌പവാറിന്‌ പോലും അടുക്കള സഭയില്‍ കസേരയുണ്ട്‌. പിന്നെ ലീഡര്‍ എന്തിന്‌ നിരാശപ്പെടണം?

ഇന്ദിരാ കോണ്‍ഗ്രസ്സും (ഇലക്ഷന്‍ കമ്മീഷന്‍ ഇനി കേസ്സെടുത്ത്‌ ജയിലിലിട്ടാലും വിരോധമില്ല. ഡി.ഐ.സി. കെ. എന്നൊന്നും ലീഡറുടെ പാര്‍ട്ടിയെ വിളിക്കാന്‍ ഈ ലേഖകന്‍ തയ്യാറില്ല. ഇംഗ്ലീഷ്‌ നിഘണ്ടുവില്‍ ഈ അക്ഷരങ്ങളെല്ലാം കൂട്ടിച്ചേര്‍ത്തുള്ള വാക്കിന്‌ എന്തെല്ലാമോ മോശം അര്‍ഥങ്ങളുണ്ടത്രേ. അയ്യേ .....) സി.പി.എം. മുന്നണിയും കേരളത്തിലുടനീളം ഒരേപക്ഷത്ത്‌ നിന്നു കൊണ്ട്‌ തിരഞ്ഞെടുപ്പിനെ നേരിടുമെന്നുറച്ചതോടെ, കേരള രാഷ്ട്രീയചരിത്രത്തില്‍ രേഖപ്പെടുത്തേണ്ട വലിയ ഒരു സംഭവമാണ്‌ നടന്നത്‌ എന്നോര്‍ക്കണം. രാഷ്ട്രീയമായ തൊട്ടുകൂടായ്മ ഇതോടെ സമ്പൂര്‍ണമായി നിര്‍മാര്‍ജനം ചെയ്യപ്പെടുകയായി. കേരളം ഇക്കാര്യത്തിലും മാതൃകാ സംസ്ഥാനമായി.

ഒരേ പക്ഷത്ത്‌ നില്‍ക്കുകയോ, പരസ്പരം സഹായിക്കുകയോ ഒരിക്കലെങ്കിലും ഒപ്പം കഴിയുകയോ ചെയ്തിട്ടില്ലാത്ത പാര്‍ട്ടികളെ ഇനി കേരളത്തിലാര്‍ക്കും ചൂണ്ടിക്കാട്ടാന്‍ കഴിയുകയില്ല. ലീഡറുടെ പാര്‍ട്ടിയും സി.പി.എമ്മുമായിരുന്നു അവശേഷിച്ച രണ്ടു ശാശ്വത ശത്രുക്കള്‍. മാര്‍ക്സിസ്റ്റ്‌ വിരോധമില്ലെങ്കില്‍ പിന്നെ ലീഡറില്ല എന്നുപോലും കരുതിയവരുണ്ട്‌. ഇനി അതിനെ കുറിച്ചാര്‍ക്കും വേവലാതി വേണ്ട.

സി.പി.എമ്മും സി.പി.ഐ.യും മുസ്‌ലിംലീഗും ബി.ജെ.പി.യും കോണ്‍ഗ്രസ്സും ജനതയും ആര്‍.എസ്‌.പി.യുമെല്ലാം ഒരിക്കലല്ലെങ്കില്‍ മറ്റൊരിക്കല്‍ പരസ്പരം തൊടുകയും പിടിക്കുകയും ഒപ്പം കിടക്കുകയുമെല്ലാം ചെയ്തിട്ടുണ്ട്‌. രാഷ്ട്രീയത്തില്‍ ശാശ്വതമായ ശത്രുതകളും മൈത്രികളുമില്ല. ശാശ്വതമായ താത്‌പര്യങ്ങളേ ഉള്ളൂ എന്ന്‌ പറഞ്ഞത്‌ എത്രശരി. "രാഷ്ട്രീയം പഴക്കത്തിന്റെ കാര്യത്തില്‍ രണ്ടാം സ്ഥാനത്തു നില്‍ക്കുന്ന തൊഴിലാണ്‌. ഒന്നാംസ്ഥാനത്തുള്ള തൊഴിലുമായി അതിന്‌ ഒരുപാട്‌ സാദൃശ്യ ങ്ങളുണ്ട്‌" എന്നുപറഞ്ഞത്‌ അതിനേക്കാള്‍ ശരി. ഇക്കാലത്ത്‌ ഇതും പറഞ്ഞുകൂടാ - ഏറ്റവും പഴക്കംചെന്ന തൊഴിലിലേര്‍പ്പെട്ടവര്‍ സംഘടിതരാണ്‌. അവര്‍ മാനനഷ്ടത്തിന്‌ കേസ്‌ കൊടുത്തെന്നുവരും.


തിരഞ്ഞെടുപ്പുകാലത്ത്‌ പാലിക്കേണ്ട കാര്യങ്ങള്‍ സംബന്ധിച്ച്‌ ഇലക്ഷന്‍ കമ്മീഷന്‍ മാതൃകാ പെരുമാറ്റച്ചട്ടം ഉണ്ടാക്കിയിട്ടുണ്ട്‌. ജീവിച്ചിരിക്കുന്ന ആളുടെ പേര്‌ പാര്‍ട്ടികള്‍ക്ക്‌ ഇടരുത്‌ എന്ന്‌ വ്യവസ്ഥ ഉള്ളതുപോലെ, മരിച്ചുപോയവരെകുറിച്ച്‌ തിരഞ്ഞെടുപ്പ്‌ കാലത്ത്‌ മിണ്ടാന്‍ പാടില്ല എന്നും വ്യവസ്ഥ ഉണ്ടാക്കേണ്ടതാണ്‌. തിരഞ്ഞെടുപ്പ്‌ സഖ്യങ്ങള്‍ക്ക്‌ വളരെ ഹാനികരമാണ്‌ 'പ്രേത'ങ്ങളുടെ സാന്നിദ്ധ്യം. മരിച്ചവര്‍ എത്ര മഹാന്മാരായാലും ശരി ഉറക്കത്തില്‍വന്നു കഴുത്തിനു പിടിക്കുന്നതായി തിരഞ്ഞെടുപ്പുകാലത്തു പലര്‍ക്കും ദുസ്വപ്നമുണ്ടാകും. ഉറക്കം നഷ്ടപ്പെടും. എഞ്ചി.കോളേജ്‌ വിദ്യാര്‍ഥി രാജനെ കൊന്ന കാര്യം എടുത്തിട്ട്‌ ശല്യം ചെയ്യാനാണു ഒരു കൂട്ടര്‍ ഒരുമ്പെട്ടിരിക്കുന്നത്‌. അപ്പോഴതാ കുത്തേറ്റുമരിച്ച അഴീക്കോടന്‍ രാഘവനെ വേറൊരു കൂട്ടര്‍ എടുത്തുകൊണ്ടുവരുന്നു. തൃശ്ശൂരിലെ വേറൊരു കൊലയുടെ കേസുഫയലതാ ആരോ തുറന്നിടുന്നു. എല്ലാറ്റിനേയും നമ്മുടെ ലീഡറുമായി ബന്ധിപ്പിക്കുന്നു. ഇതിനെല്ലാം സമാധാനം പറയാന്‍ പിണറായിതന്നെ വേണംതാനും. അതിനിടയില്‍ സി.പി.എമ്മിന്റെ ശാശ്വത മിത്രവും ലീഡറുടെ ശാശ്വത ശത്രുവും ആയിരുന്ന നവാബ്‌ രാജേന്ദ്രന്‍ രോഷാകുലനായി എ.കെ.ജി.സെന്റര്‍ പരിസരത്ത്‌ അസമയങ്ങളില്‍ ചെന്നുനില്‍ക്കുന്നതായും റിപ്പോര്‍ട്ടുണ്ട്‌.

പ്രേതങ്ങളെ സി.പി.എമ്മിന്‌ ഭയമില്ല. അസ്സല്‍ ഭൗതികവാദ പാര്‍ട്ടിയാണ്‌. ഇതിനേക്കാള്‍ വലിയ എത്ര പ്രേതങ്ങളെ കണ്ടിരിക്കുന്നു പാര്‍ട്ടി. 1980 ല്‍ ആര്യാടന്‍ മുഹമ്മദിന്റെ കൂടെനടന്നാണ്‌ പാര്‍ട്ടി മലപ്പുറത്ത്‌ വോട്ട്‌ പിടിച്ചത്‌. പാര്‍ട്ടിയുടെ എം.എല്‍.എ. ആയിരുന്ന കെ.കുഞ്ഞാലിയുടെ കൊലയാളിയെന്ന്‌ പാര്‍ട്ടി മുദ്രകുത്തിയിരുന്നത്‌ ആര്യാടനെയായിരുന്നു. അതുകൊണ്ട്‌ ഒരു പ്രശ്നവും ഉണ്ടായില്ല. മുന്നണി മാറുമ്പോള്‍ എല്ലാം മറക്കണമെന്ന തത്ത്വം സഖാവ്‌ കുഞ്ഞാലിക്കും അറിയുന്നതാണല്ലോ. പ്രേതങ്ങളെ ഭയപ്പെടാന്‍ തുടങ്ങിയാല്‍ സി.പി.എമ്മിന്‌ പിന്നെ അതിനേ നേരംകാണൂ. പാര്‍ട്ടി ഉണ്ടായ കാലം മുതല്‍ കൂത്തുപറമ്പ്‌ വെടിവെപ്പുവരെയുള്ള രക്തസാക്ഷികള്‍ ഉണര്‍ന്നെഴുന്നേറ്റ്‌ ഒന്നിച്ചുവന്നാല്‍ ഒരു സംസ്ഥാനസമ്മേളന പ്രകടനത്തിനുള്ള ആളുണ്ടാവും. അതു പേടിച്ചിരുന്നാല്‍ മുന്നണിയും ഭരണവും സ്മാരകമന്ദിരവും ചാനലുമൊന്നും ഉണ്ടാക്കാന്‍ കഴിയില്ല സഖാവേ ..... പക്ഷേ, ലീഡര്‍ക്കിതൊന്നും അത്ര ശീലമുള്ളതല്ലല്ലോ.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

വര്‍ക്കിങ്ങ് ജേണലിസ്റ്റ് ആക്റ്റും വേജ് ബോര്‍ഡും ഇല്ലാതാക്കി

കേരള മാധ്യമങ്ങളുടെ ആറു പതിറ്റാണ്ട്

ഐ.വി ബാബു: നിലപാടുകളില്‍ ഉറപ്പ്, സ്‌നേഹത്തിന്റെ സമൃദ്ധി