ലയനവേദന


ലയനമെന്നത്‌ ഒരു വിധത്തില്‍ നോക്കിയാല്‍ മരണംതന്നെയാണ്‌. ലയിക്കുന്ന പാര്‍ട്ടികളില്‍ ഒന്നിന്റെ പേരുപോലും പിന്നെ എങ്ങും അവശേഷിക്കില്ല. ചിലപ്പോള്‍ രണ്ടും ഇല്ലാതാകും. ഒന്ന്‌ മറ്റൊന്നില്‍ ചെന്ന്‌ വിലയം പ്രാപിക്കുക എന്നതാണ്‌ പതിവ്‌ രീതി. ഏത്‌ ഏതില്‍ ലയിക്കും എന്നത്‌ സംബന്ധിച്ച്‌ കൃത്യമായ നിയമങ്ങളൊന്നുമില്ല. വലുത്‌ ചെറുതിനെ വിഴുങ്ങുക എന്ന പ്രകൃതി നിയമമാണ്‌ ഇവിടെയും നടപ്പാകാറുള്ളത്‌. അതുകൊണ്ട്‌ ഒന്നിന്റെ മരണം ഉറപ്പ്‌. മരണം മനുഷ്യന്‌ വേദനാജനകമാണെന്നാണ്‌ ഊഹം. മരിച്ചവരാരും അനുഭവ വിവരണം എഴുതിയിട്ടില്ലാത്തതുകൊണ്ട്‌ ഉറപ്പിച്ചൊന്നും പറയാനാവില്ല. മറ്റൊരു വിധത്തില്‍ നോക്കിയാല്‍ ലയനം പ്രസവവുമാണ്‌. പുതിയ ഒന്നിന്റെ ജനനം. അതും വേദനയുള്ള സംഗതിയാണല്ലോ. മരണത്തിന്റെയും ജനനത്തിന്റെയും ഡബിള്‍ വേദനയുള്ള സംഗതിയാണ്‌ ലയനം എന്നറിയാന്‍ ആരോടും ചോദിക്കണമെന്നില്ല. കെ. കരുണാകരന്റെയും കെ. മുരളീധരന്റെയും മുഖത്ത്‌ നോക്കിയാലറിയാം സംഭവത്തിന്റെ കാഠിന്യം. അയ്യോ അസഹ്യം.

മരിക്കാന്‍ ഇന്ദിരാകോണ്‍ഗ്രസ്‌ പെടുന്ന പാട്‌ ആരിലും സങ്കടമുണര്‍ത്തും. ലോകത്തിലൊരു പാര്‍ട്ടിക്കും മറ്റൊരു പാര്‍ട്ടിയില്‍ ചെന്ന്‌ ലയിക്കാന്‍ ഇത്രപാട്‌ പെടേണ്ടിവന്നിട്ടില്ല. പേരും കൊടിയും മുക്കാല്‍ നൂറ്റാണ്ടിന്റെ ആത്മാഭിമാനവും കാല്‍ക്കല്‍ വെച്ച്‌ കീഴടങ്ങാമെന്ന്‌ ഉറപ്പുകൊടുത്തിട്ടും സംഗതിനടക്കുന്നില്ല. എന്‍.സി.പി.യുടെ പേരുമാറ്റി ഡി.ഐ.സി. എന്നാക്കണമെന്നൊന്നും കരുണാകരന്‍ ആവശ്യപ്പെട്ടിട്ടില്ല. നിരുപാധിക ലയനം എന്നുതന്നെ വേണമെങ്കില്‍ പറയാം. തിരുവനന്തപുരത്ത്‌ പുത്രന്‌ തറവാട്ടുസ്വത്തായി കിട്ടിയ ഡി.ഐ.സി. ഓഫീസിന്‌ അഞ്ചുകോടി റൊക്കം പണമായി കിട്ടണമെന്നോ മറ്റോ ആവശ്യപ്പെട്ടിട്ടുണ്ടാകാമെന്നേ ഉണ്ടാകൂ. ചില സമുദായങ്ങളില്‍ ഭാര്യവീട്ടുകാര്‍ക്ക്‌ പ്രസവ ചെലവ്‌ കൊടുക്കുന്നതുപോലെ ഒരു പക്ഷേ, അഞ്ചോ പത്തോ കോടി ലയനച്ചെലവിന്‌ ചോദിച്ചിട്ടുമുണ്ടാകാം. അതില്‍ കൂടുതല്‍ ഒന്നും ഉണ്ടാകില്ലെന്നുറപ്പ്‌. ഇക്കാര്യത്തില്‍ പവാര്‍ ആനയും ലീഡര്‍ എലിയുമാണ്‌. പവാര്‍ പിശുക്കു കാട്ടില്ല. ലീഡറുടെ അഞ്ചുകോടിരൂപയെന്നത്‌ പവാറിന്‌ വെറും അഞ്ചു നയാപൈസയാണ്‌. മുക്കാല്‍ നൂറ്റാണ്ടായി രാഷ്ട്രീയം കളിച്ചിട്ട്‌ ലീഡറിന്‌ നാമനിര്‍ദേശ പത്രികയില്‍ ചേര്‍ക്കാന്‍ പാകത്തില്‍ പത്തോ നൂറോ കോടിയുടെ സ്വത്ത്‌ ഇപ്പോഴുമില്ല. രണ്ട്‌ പതിറ്റാണ്ട്‌ മുമ്പ്‌ ലോക്‌സഭാംഗമായ ലീഡര്‍പുത്രന്റെ കൈയില്‍ പോലുമില്ല അത്രയും തുക. എന്നാല്‍ പവാര്‍പുത്രി രാഷ്ട്രീയം തുടങ്ങിയിട്ടേയുള്ളൂ. പത്രികയില്‍ ചേര്‍ത്തിരിക്കുന്നത്‌ നാല്‍പത്തിയഞ്ച്‌ കോടിയാണ്‌. അത്‌ മുംബൈ, ഇതു കേരളം. അത്‌ ആന, ഇത്‌ എലി. താന്‍ പവാറിന്റെയും ലീഡറായിരിക്കും എന്നും ലീഡര്‍ വ്യവസ്ഥ വെച്ചിട്ടില്ല. എന്നിട്ടും സംഗതി നടക്കുന്നില്ല. പവാറിനും ഉള്ളുവിറയ്ക്കാന്‍ തുടങ്ങിയോ? ഇപ്പോള്‍ കേന്ദ്രമന്ത്രിയും മഹാരാഷ്ട്ര രാജാവുമായി മനസ്സമാധാനത്തോടെ രാഷ്ട്രീയ കൃഷി ചെയ്തു വരികയാണ്‌. പ്രധാനമന്ത്രി സ്ഥാനമേ കൈയില്‍ വരാതുള്ളൂ. എങ്കിലും മനസ്സമാധനം എമ്പാടുമുണ്ട്‌. കാട്ടില്‍ വേറെ സിംഹമില്ല. താനേ ഉള്ളൂ. ശിഷ്ടകാലത്ത്‌ ഉള്ള സമാധാനം ഇല്ലാതാക്കണമോ? വിനാശകാലത്തെ വിപരീതബുദ്ധിയാവുമോ ഈ ലയനം?

നേരാംവണ്ണമൊന്ന്‌ പിളര്‍ന്നു ജന്മമെടുക്കാന്‍ തന്നെ പാട്‌പെട്ട പാര്‍ട്ടിയാണ്‌ ഡി.ഐ.സി.കെ. എന്ന്‌ ചീത്തപ്പേരുള്ള ഇന്ദിരാകോണ്‍ഗ്രസ്‌. പലവട്ടം ഇതാ പിളര്‍ന്നു..... ഇതാ പിളര്‍ന്നു..... എന്ന്‌ കാഴ്ചക്കാര്‍ ആര്‍ത്തുവിളിച്ചത്‌ കേട്ടിട്ടുണ്ട്‌. പിളര്‍ന്നില്ല. ഒരു തവണ പിളര്‍ത്താന്‍ വിളിച്ചുചേര്‍ത്ത കണ്‍വെന്‍ഷന്‍ മലപോലെ വന്ന്‌ എലി പോലെ പോയെന്നു മാത്രമല്ല, പിളര്‍പ്പിന്റെ നേതാവ്‌പോയി മറുപക്ഷത്തോടൊപ്പം ചേര്‍ന്ന്‌ മന്ത്രിയാകുന്ന അത്ഭുതക്കാഴ്ച നാട്ടുകാര്‍ കാണുകയും ചെയ്തു. അതിന്റെ സന്തോഷത്തിലാണ്‌ മകളെയും മകനെയും അതുവഴി അച്ഛനെയും ജനം തോല്‍പിച്ചത്‌. ഒടുവില്‍ കഷ്ടപ്പെട്ട്‌ പിളര്‍ന്ന്‌ കൊല്ലമൊന്ന്‌ കഴിയും മുമ്പാണ്‌ ഏതില്‍ നിന്ന്‌ പിളര്‍ന്നുവോ അതിനെ പാഞ്ഞുചെന്ന്‌ കെട്ടിപ്പിടിച്ച്‌ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്‌ കണ്ട്‌ ജനം അത്ഭുത പരതന്ത്രരായത്‌. വെറുതെ ചെന്നു മുന്നണിയാവുകയൊന്നുമല്ല ചെയ്തത്‌. തിരഞ്ഞെടുപ്പിന്റെ തിരക്കിനിടയില്‍ നേരം കിട്ടാഞ്ഞിട്ടാണ്‌ അല്ലെങ്കില്‍ ഇപ്പോള്‍തന്നെ ലയിക്കുമായിരുന്നു എന്നായിരുന്നു അഭിനയം. ജനത്തിന്‌ വിശ്വാസം ഉണ്ടാക്കാന്‍ വേണ്ടി കെ. മുരളീധരനും രമേശ്‌ ചെന്നിത്തലയും ഒപ്പുവെച്ച്‌ കരാറിന്റെ ഫോട്ടോസ്റ്റാറ്റ്‌ പത്രമാപ്പീസിലെത്തിക്കുകയും ചെയ്തതാണ്‌. ജനം അതിന്റെ സന്തോഷവും മറച്ചുവെച്ചില്ല. ചുഴലിക്കാറ്റടിച്ച വാഴത്തോപ്പുപോലെയായി യു.ഡി.എഫ്‌. കുറ്റിച്ചൂലിനെ നിര്‍ത്തിയാല്‍ ജയിക്കുമെന്ന്‌ പറയാറുള്ളേടുത്തുപോലും തോറ്റു.

മരണംപോലെ ലയനവും നന്നെ നീണ്ടുപോയിക്കൂടാ. രണ്ടാലൊന്ന്‌ വേഗം വേണം. ഇല്ലെങ്കില്‍ അടുത്ത ബന്ധുക്കള്‍ക്ക്‌ പോലും ബോറടിക്കും. ഒടുവില്‍ സംഭവം നടക്കുമ്പോള്‍ നാലാള്‍പോലും അടുത്തുണ്ടാവില്ല. അല്ലെങ്കിലും ഇതൊന്നും നമ്മുടെ കൈയിലല്ലല്ലോ. വിധിയെ തടുക്കാന്‍ വില്ലേജ്‌ ഓഫീസര്‍ പോരല്ലോ.

*********************************

ഒരു കാര്യം പറയട്ടെ, ഇവിടെ ലീഡര്‍ വേഷത്തില്‍ ചിലരെല്ലാം നടക്കുന്നുണ്ടെന്നത്‌ ശരി. പക്ഷേ, ലീഡര്‍ വിളിപ്പേരിന്‌ അര്‍ഹത ശരദ്‌പവാറിന്‌ മാത്രമാണ്‌. തന്റെ വഴിയെ അനുയായികളെ നയിക്കുന്ന ആളാണ്‌ ലീഡര്‍. കരുണാകരന്‍ പാര്‍ട്ടിയുടെ കളരിക്കു പുറത്തിറങ്ങിയുള്ള കളി തുടങ്ങിയിട്ട്‌ വര്‍ഷം രണ്ടുപോലും ആയിട്ടില്ല. അതിന്‌ മുമ്പെല്ലാം ഗുരിക്കളുടെ നെഞ്ചത്തേ കൂടിയാല്‍ കളിക്കാറുണ്ടായിരുന്നുള്ളൂ. പവാര്‍ കാല്‍ നൂറ്റാണ്ടു മുമ്പ്‌ കോണ്‍ഗ്രസ്‌ കളരിക്കു പുറത്തുചാടി മുഖ്യമന്ത്രിയായ ആളാണ്‌. സാക്ഷാല്‍ ഇന്ദിരാഗാന്ധിയെ പിറകില്‍ നിന്ന്‌ കുത്തിയായിരുന്നു ആ കളി. ഒമ്പതുകൊല്ലം പുറത്ത്‌ കളിച്ചശേഷം തിരിച്ചുചെന്നതും മുഖ്യമന്ത്രിയായിക്കൊണ്ടാണ്‌. അതും പുത്രന്‍ രാജീവിന്റെ കാലത്ത്‌. രാജീവിന്‌ ശേഷം നരസിംഹറാവുവിന്റെ കാലത്ത്‌ കേന്ദ്രത്തില്‍ പവാറിന്റെ കളി രാജ്യരക്ഷയിലായിരുന്നു. ആദ്യം സീതാറാം കേസരിക്കും പിന്നീട്‌ സോണിയാഗാന്ധിക്കും ശല്യം നിരന്തരം ഉണ്ടാക്കിയിട്ടും തടിക്ക്‌ ഒരു കേടും പറ്റിയില്ല. മദാമ്മ സോണിയ പ്രധാനമന്ത്രിയാകരുതെന്ന്‌ പരസ്യമായി പറഞ്ഞ്‌ പി.എ. സാംഗ്‌മയ്ക്കും താരിഖ്‌ അന്‍വറിനുമൊപ്പം പോയി വേറെ പാര്‍ട്ടിയുണ്ടാക്കിയ ആളാണിപ്പോള്‍ മദാമ്മ സോണിയ സൂപ്പര്‍ പ്രധാനമന്ത്രിയായ മന്ത്രിസഭയില്‍ കാബിനറ്റ്‌ പദവിയോടെ കൃഷി കുട്ടിച്ചോറാക്കുന്നത്‌. കേരളത്തിലെവിടെയോ, ഇരുന്ന്‌ 'മദാമ്മ' എന്നു വിളിച്ചുപോയതിനാണ്‌ ലീഡര്‍ ഇപ്പോഴും പെരുവഴിയില്‍ നില്‍ക്കേണ്ടിവന്നിരിക്കുന്നത്‌. ദുഷ്ടത്തരത്തിനും വേണമതിര്‌. എന്നിട്ടും ലീഡര്‍ക്ക്‌ കുറുക്കന്റെ ബുദ്ധിയാണെന്നും മറ്റുമുള്ള ആക്ഷേപം വെളിയത്തെപ്പോലെയുള്ളവരില്‍ നിന്ന്‌ വേറെ കേള്‍ക്കുകയും വേണം. അതാണോ പവാറിന്റെ നില? നാല്‌തവണമുഖ്യമന്ത്രിയും മൂന്നുവട്ടം കേന്ദ്രമന്ത്രിയും ആയി. പാര്‍ട്ടിക്കകത്തായാലും പുറത്തായാലും പവാര്‍ ലീഡര്‍ തന്നെ. ബലം കൂടിക്കൊണ്ടിരിക്കുകയേ ഉള്ളൂ. മന്‍മോഹനെ കാലുവാരി പ്രധാനമന്ത്രിയാകണമോ അതല്ല ഇടതുപക്ഷക്കാരെയും പഴയ മൂന്നാം മുന്നണിക്കാരെയും കൂട്ടി പ്രധാനമന്ത്രിയാകണമോ എന്ന കാര്യത്തെക്കുറിച്ചു മാത്രമാണിപ്പോള്‍ തല പുകഞ്ഞാലോചിക്കുന്നത്‌. പവാര്‍ജീ, സത്യമായും അങ്ങാണ്‌ യഥാര്‍ഥ ലീഡര്‍.

അവസാനത്തെ പ്രവര്‍ത്തകനും വിട്ടുപോയാലും ഡി.ഐ.സി. നിലനില്‍ക്കുക തന്നെ ചെയ്യുമെന്നും ഡി.ഐ.സി.ക്ക്‌ ലയിക്കാനുള്ള മഹത്ത്വമൊന്നുമുള്ള പാര്‍ട്ടിയല്ല കോണ്‍ഗ്രസ്‌ എന്നുമാണ്‌ പുത്രന്‍ മുരളി ഇക്കഴിഞ്ഞ ജൂലായ്‌ പതിനൊന്നിന്‌ കോഴിക്കോട്ടെ പ്രവര്‍ത്തക യോഗത്തില്‍ പ്രസംഗിച്ചത്‌. പറഞ്ഞതു ശരിതന്നെ, പി.ശങ്കരനും മാലേത്ത്‌ സരളാദേവിയും പാര്‍ട്ടി വിട്ടുവെന്നു പറഞ്ഞാല്‍ അതിനര്‍ഥം അവസാനത്തെ പ്രവര്‍ത്തകനും പോയെന്നു തന്നെയാവണം. ഇനി ഡി.ഐ.സി. നിലനില്‍ക്കേണ്ട കാര്യമില്ല. ചെന്ന്‌ ലയിക്കാന്‍ മാത്രം മഹത്ത്വമുള്ള ഒരു പാര്‍ട്ടിയെ കണ്ടെത്തുകയും ചെയ്തല്ലോ. കൂടുതലൊന്നും ചിന്തിക്കാനില്ല. എടുത്തുചാടുക തന്നെ. വരുന്നത്‌ വരുന്നേടത്ത്‌ വെച്ചുകാണാം.

***********************************

ലോകത്തിലെ ഏറ്റവും വലിയ വ്യവസായബ്രാന്‍ഡ്‌ കൊക്ക കോളയാണ്‌ എന്നാണ്‌ മാര്‍ക്കറ്റിങ്‌ ആശാന്മാര്‍ പറയുന്നത്‌. മൈക്രോസോഫ്റ്റ്‌ പോലും രണ്ടാം സ്ഥാനത്തേ വരുവത്രേ. എങ്ങനെയാണ്‌ അവര്‍ ഈ നിലയിലെത്തിയതെന്ന്‌ കഴിഞ്ഞ ദിവസം കോടതി വിധിയുടെ കാര്യത്തില്‍ അവര്‍ കാട്ടിയ ശുഷ്‌കാന്തി കണ്ടപ്പോള്‍ മനസ്സിലായി.

വിധി എതിരായാല്‍ മാധ്യമങ്ങള്‍ക്ക്‌ കൊടുക്കാന്‍ ഒരു പ്രതികരണം തയ്യാറാക്കി. അനുകൂലമാണെങ്കില്‍ കൊടുക്കാന്‍ വേറൊന്ന്‌. ഇതെന്തിന്‌, വിധി വന്ന്‌ വിവരമെല്ലാം അറിഞ്ഞശേഷം പ്രതികരിച്ചാല്‍പോരെ എന്ന്‌ ചില ബുദ്ധിശൂന്യര്‍ സംശയിച്ചേക്കും. അത്‌ എം.എ.ബേബിയുടെയൊക്കെ രീതി. കൊക്ക കോളയുടെ രീതി മറ്റേതാണ്‌. എന്തിനാണ്‌ ഇങ്ങനെ ചെയ്യുന്നതെന്നോ. വാര്‍ത്ത വൈകിപ്പോകില്ലേ? ഫോര്‍ത്ത്‌ എസ്റ്റേറ്റ്‌ വിഷമിച്ചു പോകുന്നത്‌ കോളകമ്പനി സഹിക്കില്ല. ജനാധിപത്യം വിട്ടൊരു കളി അവര്‍ക്കില്ല. ഇപ്പോള്‍ മനസ്സിലായിരിക്കും കോള എങ്ങനെ കോളായെന്ന്‌.

അങ്ങനെയുള്ള കോളയെ പൂട്ടിക്കാന്‍ നാം ഉപയോഗിച്ച മാരകായുധം മായം ചേര്‍ക്കല്‍ നിരോധനനിയമമായിരുന്നു. കാഞ്ഞിരക്കുറ്റിവീട്ടില്‍ കൃഷ്ണന്‍ മകന്‍ ഗോപാലകൃഷ്ണന്‍ പാലില്‍ വെള്ളം ചേര്‍ക്കുകയാണെങ്കില്‍ അയാള്‍ക്കെതിരെ ഉപയോഗിക്കേണ്ട രസികന്‍ നിയമം. സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ്‌ സാമ്രാജ്യമെന്ന ഭീമനെ മഹാത്മാഗാന്ധി പട്ടിണി കിടന്നും ഉപ്പ്‌ കുറുക്കിയുമല്ലേ ഓടിച്ചുവിട്ടത്‌. അതിനെക്കാളൊന്നും വരില്ലല്ലോ കോള ഭീമന്‍. നമ്മുടെ കൈയിലുള്ളതെടുത്ത്‌ പ്രതികരിക്കുക എന്നതാണ്‌ പ്രധാനം. എതിരാളി നമ്മളോട്‌ സഹതാപം തോന്നി അയ്യോ പാവം എന്നു പറഞ്ഞ്‌ സ്ഥലം വിട്ടുകൊള്ളും. പോയില്ലെങ്കില്‍ സഖാക്കളുടെ കൈയില്‍ അതിനുള്ള മരുന്നുവേറെയുണ്ട്‌. കണ്ടോളിന്‍.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

വര്‍ക്കിങ്ങ് ജേണലിസ്റ്റ് ആക്റ്റും വേജ് ബോര്‍ഡും ഇല്ലാതാക്കി

കേരള മാധ്യമങ്ങളുടെ ആറു പതിറ്റാണ്ട്

ഐ.വി ബാബു: നിലപാടുകളില്‍ ഉറപ്പ്, സ്‌നേഹത്തിന്റെ സമൃദ്ധി