പേരുമാറ്റവും കാലുമാറ്റവും


വ്യത്യസ്‌തമായ, ആദര്‍ശാധിഷ്‌ഠിത പാര്‍ട്ടിയായതുകൊണ്ടും ചില ഗുണങ്ങളൊക്കെയുണ്ട്‌. അത്‌ ബി.ജെ.പി.ക്ക്‌്‌ കര്‍ണാടകത്തില്‍ മനസ്സിലായി. ബി.ജെ.പി.യുമായി കൂട്ടുകൂടി ആദ്യമായി അവര്‍ക്ക്‌ ദക്ഷിണേന്ത്യയിലൊരു മുഖ്യമന്ത്രിയെ ഉണ്ടാക്കിക്കൊടുത്തതിന്‌ മതേതരജനതാദളിനെയേ ആളുകള്‍ കുറ്റപ്പെടുത്തുന്നുള്ളൂ. തീവ്രമതേതരപാര്‍ട്ടിയുമായി കൂട്ടുചേര്‍ന്നതിന്‌ ആരും ഹിന്ദുത്വപാര്‍ട്ടിയെ കുറ്റപ്പെടുത്തുന്നില്ല. സദാചാരത്തില്‍ വിട്ടുവീഴ്‌ച ചെയ്യുന്ന ചില പെണ്ണുങ്ങളുടെ കാര്യത്തിലെന്ന പോലെ വര്‍ഗീയപാര്‍ട്ടികള്‍ക്ക്‌ ആരുമായും കിടക്കയോ അധികാരമോ പങ്കിടാം. കൂടെപ്പോകുന്നവരേ പേടിക്കേണ്ടൂ.

എന്തൊരു തീവ്രമതേതരപാര്‍ട്ടിയായിരുന്നു ഈ ജനതാദള്‍ ! ആരും മറക്കാന്‍ പാടില്ല. 1996 ല്‍ കേന്ദ്രത്തില്‍ അധികാരം കിട്ടിയ ഹിന്ദുത്വാചാര്യന്‍ അടല്‍ ബിഹാരി വാജ്‌പേയിയെ പതിമൂന്നുദിവസം കൊണ്ട്‌ താഴെയിറക്കിയവരുടെ തലപ്പത്ത്‌ ഈ ജനതാദള്‍ ആയിരുന്നു. അന്നത്തെ കൊടുംപാപത്തിനുള്ള ദൈവശിക്ഷയാണ്‌ അവര്‍ കര്‍ണാടകത്തില്‍ അനുഭവിക്കുന്നത്‌. വാജ്‌പേയിയെ ഇറക്കി പിറകെ പ്രധാനമന്ത്രിയായത്‌ വിനീതനായ കര്‍ഷകപുത്രന്‍ ദേവഗൗഡ ആയിരുന്നല്ലോ. ബി.ജെ.പി. വിരുദ്ധ ദേശീയസഖ്യത്തിന്റെ ആദ്യത്തെ പ്രധാനമന്ത്രി. വിനീതകര്‍ഷകനും പുത്രന്‍ കുമാരസ്വാമിയും ചേര്‍ന്ന്‌ ഇരുപതുമാസം മുമ്പ്‌ കര്‍ണാടകത്തില്‍ ബി.ജെ.പി.യുടെ ഔദാര്യത്തില്‍ ഭരണമുണ്ടാക്കി. കുറ്റം പറയരുതല്ലോ, പുത്രന്‍ കുമാരസ്വാമി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമ്പോള്‍ അച്ഛന്‍ ഗൗഡര്‍ ആ വഴിക്ക്‌ പോയേ ഇല്ല. മതേതരത്വത്തിനുണ്ടായ ഗ്ലാനിയില്‍ മനംനൊന്ത്‌ വീട്ടില്‍ നിലവിളിച്ച്‌ കിടപ്പായിരുന്നു ഗൗഡര്‍ എന്നൊരു പക്ഷം. പുത്രന്‍ സ്ഥാനമേറുന്നത്‌ കണ്ടാല്‍ സന്തോഷം സഹിക്കാതെ വല്ലതും ചെയ്‌തുപോകുമെന്നതുകൊണ്ടാണ്‌ പോകാതിരുന്നത്‌ എന്ന്‌ വേറൊരു പക്ഷം. മതേതരത്വവും പുത്രസ്‌നേഹവും തമ്മില്‍ പിടിവലിയുണ്ടായാല്‍ പാവം കര്‍ഷകപുത്രന്‍ വലഞ്ഞുപോകില്ലേ.

ഇരുപതുമാസം കഴിഞ്ഞാല്‍ മുഖ്യമന്ത്രിസ്ഥാനം ബി.ജെ.പി.ക്ക്‌ കൈമാറുമെന്ന്‌ കരാറുണ്ടാക്കുമ്പോള്‍ വര്‍ഗീയതയുടെ വിപത്തിനെക്കുറിച്ച്‌ വലിയ വേവലാതിയൊന്നുമുണ്ടായിരുന്നില്ല. സ്ഥാനമൊഴിയേണ്ട സമയമായപ്പോഴാണ്‌ അതോര്‍മ വന്നത്‌. പിന്നെ അതിനെക്കുറിച്ചായി വേവലാതി. പഴയതീവ്രമതേതരത്വം തലയില്‍ ഇരമ്പിക്കേറിവന്നു. അടുപ്പിക്കില്ല ഹിന്ദുത്വവാദികളെ സെക്രട്ടേറിയറ്റില്‍ എന്ന്‌ അലറിനടന്നു. കോണ്‍ഗ്രസ്സുമായി ഒരു വട്ടം കൂടിയൊരു സംബന്ധം ആകാമോ എന്ന്‌ നോക്കി. അവന്മാര്‍ക്കുണ്ടോ മതേതരത്വത്തെക്കുറിച്ച്‌ വല്ല ബോധവും. ഒടുക്കം നിയമസഭ പിരിച്ചുവിടുമെന്നായപ്പോഴാണ്‌ വിട്ടുവീഴ്‌ച ചെയ്‌തത്‌. വര്‍ഗീയവാദികള്‍ ഭരിക്കട്ടെ, നമ്മള്‍ മതേതരവാദികള്‍ കൂടെക്കിടന്ന്‌ അവരെ കണ്‍ട്രോള്‍ ചെയ്‌താല്‍ മതിയല്ലോ.
**********
ഗൗഡപുത്രന്‌ മുഖ്യമന്ത്രിയാകാന്‍ ജനതാദളില്‍ നിന്ന്‌ കാലുമാറേണ്ടി വന്നു. സംസ്ഥാനാടിസ്ഥാനത്തില്‍ കാലുമാറുന്നത്‌ നിയമവിധേയമാണ്‌. കൂടെ വേണ്ടത്ര ആളുണ്ടെങ്കില്‍ ഏത്‌ നിയമവിരുദ്ധനടപടിയെയും നിയമപരമാക്കാം. ദേശീയഘടകം പോകുന്ന വഴിക്ക്‌ സംസ്ഥാനഘടകം പോകണമെന്നില്ല. സ്വന്തം വഴിക്ക്‌ പോകാം. പാര്‍ട്ടിയുടെ നിയമസഭാംഗങ്ങളില്‍ ഭൂരിപക്ഷത്തിനെ ഹോട്ടലില്‍ കൊണ്ടുപോയിക്കിടത്തിയിട്ടോ ചില്വാനം മുടക്കിയിട്ടോ കൂടെ നിര്‍ത്തണമെന്നേ ഉള്ളൂ. അങ്ങിനെ വിജയകരമായി കാലുമാറിയാണ്‌ കുമാരസ്വാമിയെ അച്ഛന്‍സ്വാമി മുഖ്യമന്ത്രിയാക്കിയത്‌.

ചരിത്രത്തില്‍ എത്ര പേര്‍ കാലുമാറി മുഖ്യമന്ത്രിയായിരിക്കുന്നു. അതില്‍ കാര്യമില്ല. യദ്യൂരപ്പയുടെ പ്രാധാന്യം അതല്ല. കര്‍ണാടകത്തിലെ ആദ്യ ബി.ജെ.പി. മുഖ്യമന്ത്രിയായുമല്ല ചരിത്രം അദ്ദേഹത്തെ രേഖപ്പെടുത്താന്‍ പോകുന്നത്‌. ആദ്യമായി പേരുമാറി മുഖ്യമന്ത്രിയായ ആളാണദ്ദേഹം. അതാണ്‌ യദിയൂരപ്പ യദ്യൂരപ്പ ആയതിന്റെ ഗുട്ടന്‍സ്‌.

സംഖ്യാശാസ്‌ത്രമനുസരിച്ചാണ്‌ ആളുകള്‍ പേരുമാറുന്നത്‌. കാലുമാറുന്നതിന്റെ സംഖ്യാശാസ്‌ത്രം പോലെയല്ല ഇത്‌. ഏത്‌ പാര്‍ട്ടിയിലേക്ക്‌ എത്രപേരെകൂട്ടിപ്പോയാലാണ്‌ ഭൂരിപക്ഷമുണ്ടാക്കാനാകുക അത്രപേരെക്കൂട്ടിപ്പോകുക - അതാണ്‌ കാലുമാറ്റത്തിന്റെ സംഖ്യാശാസ്‌്‌ത്രം. മറ്റേത്‌ പേരിന്റെ സംഖ്യയെന്നൊരു വിചിത്രസങ്കല്‌പ്പത്തെ ആസ്‌പദമാക്കിയുള്ളതാണ്‌. നമ്മുടെ സാമാന്യബുദ്ധികൊണ്ടോ മന്ദബുദ്ധി കൊണ്ടോ ഒന്നും മനസ്സിലാക്കാനാകില്ല. തമിഴ്‌നാട്‌ പുരച്ചിതലൈവി ജയലളിത പേരിനോട്‌ ഇംഗ്ലീഷ്‌ ആദ്യാക്ഷരം കൂട്ടിച്ചേര്‍ത്താണ്‌ ഭരണത്തിലേറിയതത്രെ. ഒരു ജയലളിതയിലൊടുങ്ങുന്നില്ല ഈ വ്യാജഗണിതശാസ്‌ത്രം. സാക്ഷാല്‍ അടല്‍ ബിഹാരി വാജ്‌പേയിയുടേത്‌ ഒരക്ഷരം മാറ്റിയ പേരാണ്‌ എന്ന്‌ ഇക്കൂട്ടത്തില്‍ പെട്ട വ്യാജന്മാര്‍ അവകാശപ്പെടുന്നുണ്ട്‌. കര്‍ണാടക മുഖ്യമന്ത്രിയായിരുന്ന എസ്‌.എം.കൃഷ്‌ണ ഭരണത്തിനിടയിലാണ്‌ പേരില്‍ ഒരു അക്ഷരം കൂട്ടിച്ചേര്‍ത്തത്‌. ആ അക്ഷരത്തിന്റെ ബലത്തിലത്രെ അദ്ദേഹം അഞ്ചുകൊല്ലത്തെ ഭരണം പൂര്‍ത്തിയാക്കിയത്‌. എച്ച്‌.ഡി. കുമാരസ്വാമിയും ചേര്‍ത്തിട്ടുണ്ട്‌ ഭരിക്കുന്നതിന്‌ ഇടയില്‍ ഒരക്ഷരം.

ഇവരെല്ലാം തമ്മില്‍ ചില സമാനതകളുണ്ട്‌. ഇവര്‍ക്കാര്‍ക്കും പേരുമാറ്റം കൊണ്ടൊരു ഗുണവുമുണ്ടായില്ല. എല്ലാവരും ആദ്യഭരണം കഴിഞ്ഞപ്പോള്‍ തന്നെ അധികാരം നഷടപ്പെട്ടവരാണ്‌. ചിലരൊന്നും ഇനി തിരിച്ചുവരുകയേ ഇല്ല. പേരുമാറ്റവും കാലുമാറ്റവും ഇല്ലാത്ത ചില നാസ്‌തികന്മാരെ ദൈവം എല്ലാ തിരഞ്ഞെടുപ്പിലും ജയിപ്പിച്ച്‌ മുഖ്യമന്ത്രിയാക്കുന്നു. പശ്ചിമ ബംഗാളിലെ ജ്യോതിബസുവിനെക്കണ്ടില്ലേ ? താണുകേണപേക്ഷിച്ചിട്ടാണ്‌ അദ്ദേഹത്തെ ഒടുവില്‍ പാര്‍ട്ടി ഒഴിവാക്കിക്കൊടുത്തത്‌. എന്ത്‌ നേര്‍ച്ച നേര്‍ന്നാലും ശക്തിയുള്ള സൈന്യത്തെയേ യുദ്ധത്തില്‍ ദൈവം ജയിപ്പിക്കാറുള്ളൂ എന്ന്‌ പണ്ടാരോ പറഞ്ഞതുപോലെയാണ്‌ തിരഞ്ഞെടുപ്പിലെയും സ്ഥിതി. അത്‌ വേറെ കണക്കിന്റെ കളിയാണ്‌. ********


സംഖ്യാശാസ്‌ത്രത്തിന്റെ ഒരു ഉപകഥ നയതന്ത്രജ്ഞനും നോവലിസ്റ്റുമെല്ലാമായ ശശി തരൂര്‍ എഴുതിയിട്ടുണ്ട്‌. ' ദ ഗ്രെയ്‌റ്റ്‌ ഇന്ത്യന്‍ നോവല്‍ ' എന്ന ഗ്രന്ഥം രചിച്ചപ്പോള്‍ ഒരു പ്രമുഖനായ സംഖ്യാശാസ്‌ത്രഗുരു അദ്ദേഹത്തെ സമീപിച്ച്‌ പുസ്‌തകത്തിന്റെ പേരിനോട്‌ ഒരക്ഷരം കൂട്ടിച്ചേര്‍ത്താല്‍ വമ്പിച്ച വില്‍പ്പനയായിരിക്കുമെന്ന്‌ ഉപദേശിച്ചു. ഇംഗ്ലീഷ്‌ വാക്കുകളുടെ സ്‌പെല്ലിങ്ങ്‌ മാറ്റാന്‍ ഐക്യരാഷ്ട്രസഭയ്‌ക്കും അധികാരമില്ലാത്തത്‌ കൊണ്ടാകാം അദ്ദേഹം അതിന്‌ മുതിര്‍ന്നില്ല.

കുറച്ച്‌ കാലം കഴിഞ്ഞപ്പോള്‍ തരൂര്‍ എഴുതി. ' ഭാഗ്യവശാല്‍ എന്റെ പുസ്‌തകത്തിന്റെ പതിനൊന്നാം പതിപ്പ്‌ വില്‌പ്പനയിലാണ്‌. അക്ഷരം കൂട്ടാന്‍ ഉപദേശിച്ച ഗുരു കുറച്ചുകാലം മുമ്പൊരു കേസ്സില്‍ അറസ്റ്റ്‌ ചെയ്യപ്പെട്ടു. അദ്ദേഹം ഇപ്പോള്‍ പതിനൊന്നുവര്‍ഷത്തെ തടവ്‌ അനുഭവിക്കുകയാണ്‌! '

സംഖ്യാശാസ്‌ത്രത്തിലെവിടെയോ കണക്കുപിഴച്ചിട്ടുണ്ട്‌.

********
ഹിറ്റ്‌ലറെ ലെനിനോടുപമിച്ച ജോര്‍ജ്‌ ബുഷിനെ കണക്കിന്‌ കശക്കേണ്ട ഉത്തരവാദിത്വം തൊഴിലാളിവര്‍ഗപാര്‍ട്ടിയുടെ മുഖപത്രത്തിന്‌ ഉണ്ടെന്ന കാര്യത്തില്‍ ആര്‍ക്കെങ്കിലും തര്‍ക്കമുണ്ടോ ? ഉണ്ടാവാനിടയില്ല. ഇതിന്റെ ഉദ്ദേശശുദ്ധിയെ അംഗീകരിക്കുകയാണ്‌ ദേശാഭിമാനമുള്ള പുരോഗമനവാദികള്‍ ചെയ്യേണ്ടത്‌. അതിന്‌ പകരം, ബൂഷ്‌ എന്ന സാമ്രാജ്യത്വഭീകരനെ ചെറുക്കുന്നതിന്‌ ഇടയില്‍ നമുക്ക്‌ പറ്റിയ ഒരു ചില്ലറപ്പിഴവിനെയാണ്‌ മീഡിയ സിന്‍ഡിക്കേറ്റുകാര്‍ കൊട്ടിപ്പാടി ആഘോഷിക്കുന്നത്‌.

' ലെനിന്റെ നേതൃത്വത്തില്‍ ദേശാഭിമാനികളായ റഷ്യക്കാര്‍ നടത്തിയ വീരോചിതമായ ചെറുത്തുനില്‍പ്പാണ്‌ ഹിറ്റ്‌ലറെയും കൂട്ടരെയും പരാജയത്തിലേക്കും മരണത്തിലേക്കും നയിച്ചത്‌ ' എന്നും ' ഹിറ്റ്‌ലര്‍ക്കെതിരെ ഒരു ജനതയെ മുന്നില്‍ നിന്ന്‌ നയിച്ച ലെനിനെ ' എന്നും മുഖപ്രസംഗത്തില്‍ എഴുതിയിരുന്നു. ലെനിനെയും ഹിറ്റ്‌ലറെയും ഒരുപോലെ കാണുന്ന ബുഷിനെ ചാട്ടവാറുകൊണ്ടടിക്കണം എന്നും പത്രം ആഹ്വാനം ചെയ്യുകയുണ്ടായി . രണ്ടാം ലോകമഹായുദ്ധത്തിന്‌ പതിനാലു വര്‍ഷം മുമ്പ്‌ ലെനിന്റെ ശരീരം മെഴുക്‌ പുരണ്ട്‌ മോസ്‌കോവിലെ മുസോള്യത്തില്‍ എത്തിയിരുന്നു എന്ന കാര്യം ആവേശത്തിനിടയില്‍ മറന്നുപോയതാണ്‌.

പാര്‍ട്ടിപത്രത്തിലെ മുഖപ്രസംഗകാരന്‌ പറ്റിയ തെറ്റുതന്നെയാവാം ബുഷിനും പറ്റിയതെന്ന്‌ കരുതുന്നവരുണ്ട്‌്‌. ലെനിനെ ആവില്ല രണ്ടുപേരും ഉദ്ദേശിച്ചത്‌. സ്റ്റാലിനെയാവും. എന്തായാലും ചാട്ടവാറടിയൊക്കെ കുറെ കൂടിയ ശിക്ഷയാണ്‌. ലൈറ്റ്‌ ആയ വല്ലതും ഉണ്ടോ എന്ന്‌ നോക്ക്‌. ഒരു തെറ്റൊക്കെ ആര്‍ക്കാ പറ്റാത്തത്‌ ?

********
.
കോണ്‍ഗ്രസ്‌ ഭരണഘടനയില്‍ കാലത്തിന്‌ യോജിക്കാത്ത കുറെ കാര്യങ്ങള്‍ ഉണ്ടെന്നും അവ എടുത്തുകളയണമെന്നും രാഹുല്‍ ഗാന്ധി നിര്‍ദ്ദേശിച്ചതായി വാര്‍ത്തയുണ്ട്‌. ഖാദിയുടുക്കണമെന്നും മദ്യം കഴിക്കരുതെന്നുമെല്ലാമുള്ള വ്യവസ്ഥകള്‍ ഇക്കാലത്തും കൊണ്ടുനടക്കുന്ന പാര്‍ട്ടി ഭൂലോകത്ത്‌ വേറെയില്ല. വടക്കുകിഴക്കന്‍ പ്രദേശത്തുള്ളവര്‍ക്ക്‌ ഈ വ്യവസ്ഥകള്‍ പാലിക്കാനാകുന്നില്ലെന്നും പാര്‍ട്ടി അംഗത്വമെടുക്കാന്‍ അവര്‍ ബുദ്ധിമുട്ടുകയാണ്‌ എന്നുമാണ്‌, ഭരണഘടനാഭേദഗതി ചര്‍ച്ച ചെയ്യാന്‍ കൂടിയ യോഗത്തില്‍ രാഹുല്‍ പറഞ്ഞത്‌.

പ്രവര്‍ത്തകസമിതിയിലെ ചര്‍ച്ചയുടെ ഗൗരവമൊക്കെ കണ്ടപ്പോള്‍ രാഹുല്‍ഗാന്ധി ആകപ്പാടെ തെറ്റിദ്ധരിച്ചുപോയി എന്നാണ്‌ തോന്നുന്നത്‌. പാര്‍ട്ടിഭരണഘടനയില്‍ പറയുന്നതെല്ലാം പാലിച്ചുകൊണ്ട്‌ അംഗത്വം നിലനിര്‍ത്താന്‍ വടക്കുകിഴക്കന്‍ ദേശത്തല്ല ഒരു ദേശത്തും ആര്‍ക്കും സാധ്യമല്ല. അങ്ങനെയാര്‍ക്കും നിര്‍ബന്ധവുമില്ല. കോണ്‍ഗ്രസ്‌ ഭരണഘടനയിലെ ഏതെങ്കിലും വ്യവസ്ഥ ലംഘിച്ചെന്ന്‌ പറഞ്ഞ്‌ ഇക്കാലത്തിനിടയില്‍ ആരും കോടതിയില്‍ കേസ്‌ കൊടുത്തിട്ടില്ല. മദ്യം കഴിച്ചെന്ന കുറ്റം ചുമത്തി ഈ 122 കൊല്ലത്തിനിടയില്‍ ആരെയെങ്കിലും പുറത്താക്കിയിട്ടുമില്ല. ഇതെല്ലാം ഒരു അലങ്കാരത്തിന്‌ നിലനിര്‍ത്തുന്നുവെന്നല്ലാതെ രാഹുല്‍ജി ബേജാറാകേണ്ട കാര്യമൊന്നുമില്ല. കോണ്‍ഗ്രസ്സിന്‌ ഭരണഘടന തന്നെ ഇല്ലാതിരിക്കുകയാണ്‌ നല്ലത്‌. തീരുമാനമെല്ലാം എടുക്കാന്‍ പാര്‍ട്ടി പ്രസിഡന്റ്‌ യോഗ്യയാണ്‌. ഏത്‌ സ്ഥാനത്ത്‌ ആരെ ഇരുത്തണം, എത്രകാലം ഇരുത്തണം എന്നെല്ലാം തീരുമാനിക്കാനും അവര്‍ മതി. പിന്നെന്തിന്‌ ഭരണഘടനയും തിരഞ്ഞെടുപ്പുമൊക്കെ ?

സാരമില്ല, രാഹുല്‍ജി ക്രമേണ മനസ്സിലാക്കിക്കൊള്ളും.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

വര്‍ക്കിങ്ങ് ജേണലിസ്റ്റ് ആക്റ്റും വേജ് ബോര്‍ഡും ഇല്ലാതാക്കി

കേരള മാധ്യമങ്ങളുടെ ആറു പതിറ്റാണ്ട്

ഐ.വി ബാബു: നിലപാടുകളില്‍ ഉറപ്പ്, സ്‌നേഹത്തിന്റെ സമൃദ്ധി