രാമന്‌ മാര്‍ക്ക്‌ പൂജ്യം, മുഖ്യന്‌ നൂറ്‌


നമ്മെ ഭരിക്കുന്ന രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും തമ്മില്‍ വലിയ ഒരു വ്യത്യാസമുണ്ട്‌. രാഷ്ട്രീയക്കാരുടെ ഭരണശേഷി, മേലെയിരുന്നാരും നോക്കി മാര്‍ക്കിടാറില്ല. അഞ്ചുകൊല്ലം കഴിഞ്ഞാല്‍ ജനം മാര്‍ക്കിടുമെന്നത്‌ വേറെ കാര്യം. ഉദ്യോഗസ്ഥന്റെ മാര്‍ക്‌ ലിസ്റ്റ്‌ ഏതാണ്ട്‌ എല്ലാ ദിവസവും എഴുതിക്കൊണ്ടിരിക്കും. അയാളുടെ തൊഴിലിലെ അധോഗതിയും പുരോഗതിയും ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ്‌്‌.

ജയില്‍ ഡി.ജി.പി. രാമനെ മാറ്റിയപ്പോള്‍ അതിന്‌ കാരണമായി മുഖ്യമന്ത്രി അച്യൂ
ുതാനന്ദന്‍ പറഞ്ഞത്‌ രാമന്റെ മാര്‍ക്ക്‌ മോശം ആണ്‌ എന്നാണ്‌. രാമനോടല്ല, മാധ്യമങ്ങള്‍ വഴി ജനങ്ങളോടാണ്‌ ഇത്‌ പറഞ്ഞത്‌. രാമന്റെ റിപ്പോര്‍ട്ട്‌്‌ നല്ലതല്ല, രാജു നാരായണസ്വാമിയുടെ കൈയ്‌ക്ക്‌ ബലംപോരാ, ഷീലാ തോമസിനെ വിശ്വാസം പോര എന്നിങ്ങനെ ഓഫീസ്‌ ഫയലില്‍ എഴുതേണ്ട കാര്യങ്ങളാണ്‌ മുഖ്യമന്ത്രി മാധ്യമസമ്മേളനത്തില്‍ വിളിച്ചുപറഞ്ഞ്‌ ലേഖകരെ സുഖിപ്പിക്കുന്നത്‌. ഓഫീസര്‍മാരെ കുറിച്ച്‌ മേലധികാരികള്‍ എഴുതുന്ന റിപ്പോര്‍ട്ടിന്‌ കോണ്‍ഫിഡന്‍ഷ്യല്‍ റിപ്പോര്‍ട്ട്‌ എന്നും പറയും. അതിന്റെ അര്‍ഥം ആരുമിതുവരെ മുഖ്യമന്ത്രിക്ക്‌ പറഞ്ഞുകൊടുത്ത ലക്ഷണമില്ല.

രാമന്റെ മാര്‍ക്ക്‌ മോശം എന്ന്‌ പറഞ്ഞാല്‍ മാധ്യമസമ്മേളനം വിളിച്ച്‌ അതിന്‌ മറുപടി പറയാന്‍ രാമന്‌ പറ്റില്ല. പണി പോകും. അതുകൊണ്ടാണ്‌ മിണ്ടാപ്രാണികളെ ഉപദ്രവിക്കരുത്‌ എന്ന്‌ മുതിര്‍ന്നവര്‍ പറയാറുള്ളത്‌. മറുപടി എപ്പോഴും പറയാന്‍ കഴിയുന്ന മന്ത്രിമാരുടെ മാര്‍ക്ക്‌ എത്ര എന്ന്‌ മുഖ്യമന്ത്രി മാധ്യമസമ്മേളനത്തില്‍ പറയാറുമില്ല. മുഖ്യമന്ത്രിയുടെ മാര്‍ക്ക്‌ എത്ര, ജി.സുധാകരന്റെ പ്രോഗ്രസ്‌ റിപ്പോര്‍ട്ടില്‍ എത്രമാര്‍ക്ക്‌, എം.എ.ബേബിക്ക്‌ എത്ര, ശ്രീമതിടീച്ചര്‍ക്ക്‌ എത്ര എന്നാരും ചോദിക്കാറില്ല. എല്ലാവര്‍ക്കും മാര്‍ക്ക്‌ നൂറില്‍ നൂറുതന്നെ. കോടതി വിളിച്ച്‌ ചോദിച്ചപ്പോള്‍ അഭിപ്രായം പറഞ്ഞതാണ്‌ രാമന്റെ തെറ്റ്‌. ഓരോചോദ്യം കോടതി ചോദിക്കുമ്പോഴും കോടിയേരിയോട്‌ ചോദിച്ചിട്ട്‌ പറയാം എന്ന്‌ മറുപടി പറഞ്ഞിരുന്നെങ്കില്‍ നൂറില്‍ നൂറുമാര്‍ക്ക്‌ കിട്ടുമായിരുന്നു.

യഥാര്‍ത്ഥത്തില്‍ തെറ്റ്‌ പറ്റിയത്‌ കോടതിക്കാണ്‌. രാമന്മാരെയാണ്‌ എപ്പോഴും കോടതി വിളിച്ച്‌ ആടിക്കുന്നതും ചാടിക്കുന്നതും. കോടതിപറഞ്ഞാലും അവരാടണം, കോടിയേരി പറഞ്ഞാലും ആടണം. നല്ലത്‌ കോടിയേരിമാരെത്തന്നെ കോടതിയിലേക്ക്‌ വിളിപ്പിക്കുന്നതാണ്‌. കോടതി ശിക്ഷിച്ചയക്കുന്നവരെ നോക്കിനടത്തുകയെന്നത്‌ നിയമപ്രശ്‌നമാണ്‌്‌. റോഡില്‍ കുഴിയുണ്ടോ എന്ന്‌ നോക്കുന്നതുപോലല്ല അത്‌. ജയില്‍കാര്യം നോക്കാന്‍ ആഭ്യന്തരവകുപ്പിനേക്കാള്‍ ബാധ്യത കോടതിക്കാണ്‌. ജയില്‍ഭരണം കോടതി നേരിട്ടേറ്റെടുത്താല്‍ പോലും തെറ്റാവുകയില്ല.

***********

കമ്യൂണിസ്റ്റ്‌ നേതാക്കളായിരുന്ന എം.എന്‍.ഗോവിന്ദന്‍ നായരും ടി.വി.തോമസും വരെ മരണത്തോടടുത്തപ്പോള്‍ ദൈവവിശ്വാസത്തോട്‌ അടുത്തിരുന്നുവെന്ന്‌ ചില പുരോഹിതന്മാര്‍ അവകാശപ്പെട്ടിരിക്കുന്നു. തെളിവൊന്നും ഹാജരാക്കിയിട്ടില്ല. എം.എനും ടിവിയും എഴുനേറ്റുവന്നു മറുപടി പറയില്ലെന്നത്‌കൊണ്ട്‌ ധൈര്യമായി അവകാശപ്പെടാം. അന്ത്യകൂദാശാലേപനവും കുപ്പിയിലാക്കി, ബോധം വിടുന്നതിന്‌ മുമ്പ്‌ ടി.വി. തോമസ്സിന്റെ അടുത്തുചെന്ന പുരോഹിതനെ അദ്ദേഹം തടഞ്ഞതായാണ്‌ ജീവചരിത്രകാരന്മാര്‍ രേഖപ്പെടുത്തിയിട്ടുള്ളത്‌. കട്ടിലിനടുത്തേക്ക്‌ വരാന്‍ ഭാര്യയെത്തന്നെ അനുവദിക്കാതിരുന്ന ആളാണ്‌ തോമസ്‌. പിന്നെയല്ലേ പുരോഹിതനെ അനുവദിക്കുന്നത്‌.

കൂദാശ സ്വീകരിച്ച എത്രപേര്‍ സ്വര്‍ഗരാജ്യം പൂകി, സ്വീകരിക്കാതിരുന്ന എത്രപേര്‍ നരകത്തിലെ ആളുന്ന തീയ്യില്‍ വീണു എന്നത്‌ സംബന്ധിച്ച്‌ സ്ഥിതിവിവരക്കണക്കുകളൊന്നും നിര്‍ഭാഗ്യവശാല്‍ ലഭ്യമല്ല. അതുപ്രസിദ്ധപ്പെടുത്തിയിരുന്നുവെങ്കില്‍ കൂടുതല്‍പേര്‍ അന്ത്യനാളുകളിലെങ്കിലും നേരായ വഴിയിലെത്തുമായിരുന്നു. അന്ത്യനാളുകള്‍ അടുക്കുമ്പോള്‍ പല മുന്‍കാലനാസ്‌തികരും ദൈവത്തെ വിളിക്കാറുണ്ടെന്നത്‌ സത്യം. വിശ്വാസികള്‍ക്ക്‌ മരണത്തില്‍ കണ്‍സെഷനൊന്നും ഉള്ളതായി അറിവില്ല. വിശ്വാസിയാണെന്നതിന്റെ പേരില്‍ ദൈവം ആരുടെയും മരണം സ്റ്റേ ചെയ്‌തതായും റിപ്പോര്‍ട്ടില്ലെങ്കിലും ആളുകളെ അത്‌ ബോധ്യപ്പെടുത്താന്‍ പ്രയാസമാണ്‌.

ഭാര്യമാരുടെ ആരാധനാസ്വാതന്ത്ര്യവും അതുവഴി കുടുംബസമാധാനവും സംരക്ഷിക്കുക, ക്ഷേത്രങ്ങളിലെ പുരാവസ്‌തുസൗന്ദര്യം കണ്ടാസ്വദിക്കുക തുടങ്ങിയ സംഗതികള്‍ വ്യക്തിസ്വാതന്ത്ര്യത്തില്‍ പെട്ട സ്വകാര്യതകളായതിനാല്‍ പാര്‍ട്ടി തടസ്സം നില്‍ക്കാറില്ല. വിശ്വാസികള്‍ക്ക്‌ പ്രവേശനം നല്‍കണമെന്നാവശ്യപ്പെട്ട്‌ നാസ്‌തികരായ യുവസഖാക്കള്‍ ക്ഷേത്രത്തില്‍ സമരം ചെയ്യുന്ന കാലമാണിത്‌. മരിച്ച പാര്‍ട്ടിആചാര്യന്‌ വേണ്ടി ബലിയിട്ടാലും ചാവടിയന്തരം നടത്തിയാലും പാര്‍ട്ടി അതില്‍ കൈകടത്താറില്ല. അമ്പലക്കമ്മിറ്റി പിടിക്കാന്‍ പാര്‍ട്ടിയംഗങ്ങളെ പറഞ്ഞുവിടാറുമുണ്ട്‌. ശബരിമലയില്‍ ഉത്സവസീസണില്‍ വോട്ടെടുപ്പ്‌ നടത്തിയാല്‍ പാര്‍ട്ടിക്കായിരിക്കും ഭൂരിപക്ഷമെന്ന്‌ പാര്‍ട്ടിനേതാക്കള്‍ തന്നെ പ്രസംഗിക്കാറുണ്ട്‌. പാര്‍ട്ടിയുടെ പാര്‍ലമെന്റംഗം ദൈവനാമത്തില്‍ സത്യപ്രതിജ്ഞ ചെയ്‌തതില്‍ പാര്‍ട്ടിക്ക്‌ ഒട്ടും വിഷമമുണ്ടായിട്ടില്ല. അങ്ങനെയെല്ലാമിരിക്കെ, അന്ത്യകൂദാശയുടെ കാര്യത്തില്‍മാത്രം എന്തിനായിരുന്നു ഇത്ര ക്ഷോഭം. ബോധത്തോടെയാണ്‌ മത്തായി ചാക്കോ കൂദാശ സ്വീകരിച്ചതെന്ന്‌ പ്രസംഗിച്ചത്‌ തെറ്റായിരുന്നുവെന്ന്‌, പുരോഹിതന്‍ വക്കീല്‍നോട്ടീസിന്‌ നല്‍കിയ മറുപടി കൈയിലുണ്ട്‌. പിന്നെയെന്തിനായിരുന്നു നികൃഷ്ടജീവിപ്രയോഗം ? ഇതിലുമൊരു പാര്‍ട്ടി വിഭാഗീയപ്രശ്‌നം കാണുന്ന കൂട്ടരുണ്ട്‌. കൊതുകുകള്‍ക്ക്‌ നോട്ടം എപ്പോഴും ചോരയില്‍തന്നെയാവും. വി.എസ്‌.പക്ഷക്കാരനായിരുന്ന മത്തായി ചാക്കോവിനെ മരണാനന്തരം പിണറായി പക്ഷത്താക്കാനുള്ള തന്ത്രമായിരുന്നത്രെ. ആരുമിത്‌ വിശ്വസിക്കരുതേ.

എന്തായാലും, മതനേതാക്കളും രാഷ്ട്രീയനേതാക്കളും തമ്മില്‍ ഒരു കാര്യത്തില്‍ ജനങ്ങള്‍ വ്യത്യാസം കാണുന്നില്ല. പ്രസംഗവേദികളില്‍ ആവേശം കയറിയാല്‍ രണ്ടുകൂട്ടര്‍ക്കും തുല്യനിലയില്‍ ബോധംനഷ്ടപ്പെടും. ഇതുപരിഹരിക്കാന്‍ ലേപനമൊന്നുമില്ലതാനും.
**********

സോഷ്യലിസ്‌റ്റ്‌ പാതയില്‍ ഉറച്ചുനില്‍ക്കുമെന്ന ചൈനീസ്‌ കമ്യൂണിസ്റ്റ്‌ പാര്‍ട്ടിയുടെ പ്രഖ്യാപനം സി.പി.എമ്മിന്‌ ആവേശം പകരുന്നുണ്ടത്രെ. എങ്ങനെ അറിഞ്ഞു എന്ന്‌ ചോദിക്കരുത്‌. ചൈനീസ്‌ പാര്‍ട്ടിയുടെ കോണ്‍ഗ്രസ്സിന്‌ അയച്ചുകൊടുത്ത സന്ദേശത്തില്‍, ആവേശംവന്ന കാര്യം പാര്‍ട്ടി തുറന്നുപറഞ്ഞിട്ടുണ്ട്‌. പാര്‍ട്ടിപത്രം അത്‌ വെളിപ്പെടുത്തിയിട്ടുമുണ്ട്‌.

അമ്പത്തെട്ട്‌ വര്‍ഷം മുമ്പ്‌ സോഷ്യലിസം നടപ്പാക്കിയ രാജ്യത്തിലെ കമ്യുണിസ്റ്റ്‌ പാര്‍ട്ടി സോഷ്യലിസത്തില്‍ ഉറച്ചുനില്‍ക്കുമെന്ന്‌ പറയണ്ടേ കാര്യം തന്നെയില്ല. ഏതാണ്ട്‌ ഒരേ കാലത്ത്‌ തുടങ്ങിയതാണ്‌ ഇന്ത്യന്‍ കമ്യു.പാര്‍ട്ടിയും ചൈനീസ്‌ കമ്യു. പാര്‍ട്ടിയും. ഇക്കാലത്തിനിടയില്‍ ഒരിക്കല്‍ പോലും സോഷ്യലിസ്റ്റ്‌ പാതയില്‍ ഉറച്ചുനില്‍ക്കും എന്ന്‌ ഇന്ത്യന്‍ പാര്‍ട്ടി പറഞ്ഞിട്ടില്ല. പിന്നെന്തിന്‌ ചൈനീസ്‌ പാര്‍ട്ടി അത്‌ പറയുന്നു ? ചൈനീസ്‌ പാര്‍ട്ടിയുടെ നില്‍പ്പിനെക്കുറിച്ച്‌ ചൈനീസ്‌ പാര്‍ട്ടിക്ക്‌ തന്നെ സംശയം തോന്നിത്തുടങ്ങിയോ ?

ഏഷ്യയിലെ ഏറ്റവും സമ്പന്ന കുടുംബം ചൈനയിലാണ്‌ എന്ന്‌ പത്രവാര്‍ത്തവന്നത്‌ ഈ മാസം തന്നെ. കോടീശ്വരന്മാര്‍ക്കും ചൈനീസ്‌ പാര്‍ട്ടിയില്‍ അംഗത്വം ലഭിക്കുമെന്ന്‌ പ്രഖ്യാപനമുണ്ടായത്‌ ഈ വര്‍ഷം തന്നെ. ഏത്‌ വിദേശ ബഹുരാഷ്ട്രക്കുത്തകയ്‌ക്കും അവിടെ ഇഷ്ടം പോലെ മൂലധനമിറക്കാം. ആര്‍ക്ക്‌ വേണമെങ്കിലും സ്‌പെഷല്‍ ഇക്‌ണോമിക്‌ സോണില്‍ ചെന്ന്‌ വ്യവസായം തുടങ്ങാം. തൊഴിലാളിചൂഷണമെന്ന്‌ പറഞ്ഞ്‌ സമരം ചെയ്യാന്‍ ഒരു സംഘടനയും അവിടെയില്ല. ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരം ഏത്‌ മുതലാളിത്തരാജ്യത്തേക്കാള്‍ അധികം. അഴിമതിയുടെ കാര്യത്തില്‍ ഇന്ത്യയാണോ ചൈനയാണോ മുമ്പില്‍ എന്നറിയാന്‍ സര്‍വേ നടത്തേണ്ടിവരും. ഇന്ത്യ ഒപ്പിടും മുമ്പ്‌ ചൈന അമേരിക്കയുമായി ആണവക്കരാര്‍ ഒപ്പുവെച്ചിരിക്കുന്നു.

ചൈനയിലേത്‌ വെള്ളം ചേര്‍ക്കാത്ത സോഷ്യലിസമാണെങ്കില്‍ ഇന്ത്യയില്‍ ഇപ്പോള്‍ ഉള്ള വ്യവസ്ഥിതിയും സോഷ്യലിസം തന്നെ എന്ന്‌ മന്‍മോഹന്‍ജിക്കും അവകാശപ്പെടാം. സോഷ്യലിസത്തില്‍ ഉറച്ചുനില്‍ക്കും എന്ന്‌ കോണ്‍ഗ്രസ്സിനും പ്രഖ്യാപിക്കാവുന്നതേ ഉള്ളൂ. സി.പി.എമ്മിനെ അതും ആവേശം കൊള്ളിച്ചുകൂടായ്‌കയില്ല.

***********
ജനാധിപത്യവിരുദ്ധമായ രീതിയിലാണ്‌ മോന്‍സ്‌ ജോസഫ്‌ മന്ത്രിയായത്‌ എന്ന്‌ ആക്ഷേപിച്ച്‌ കോണ്‍ഗ്രസ്സുകാര്‍ സത്യപ്രതിജ്ഞാച്ചടങ്ങ്‌ ബഹിഷ്‌കരിക്കുകയുണ്ടായി. മോന്‍സ്‌ ജോസഫിനെ ആകപ്പാടെ ബഹിഷ്‌കരിച്ചേക്കുമോ എന്നറിയില്ല. എങ്കില്‍ ബിനോയി വിശ്വത്തിന്‌ ഒരു കൂട്ടാകുമായിരുന്നു.

നറുക്കെടുപ്പ്‌ ജനാധിപത്യവിരുദ്ധമാണ്‌ എന്ന്‌ ഏത്‌ ഭരണഘടനയിലാണ്‌ പറഞ്ഞിരിക്കുന്നത്‌ എന്ന്‌ ചെന്നിത്തല വ്യക്തമാക്കുകയുണ്ടായില്ല. മന്ത്രിമാരെ എങ്ങനെ തിരഞ്ഞെടുക്കണം എന്നുപോലും നമ്മുടെ വൃഥാസ്‌തൂലഭരണഘടനയിലില്ലെന്നാണ്‌ വിദഗ്‌ദ്ധന്മാര്‍ പറയുന്നത്‌. ഭരണഘടനയനുസരിച്ച്‌ ചെയ്യാന്‍ പുറപ്പെട്ടാലാണ്‌ ജനാധിപത്യവിരുദ്ധമാകുക എന്ന്‌ അഭിപ്രായമുള്ളവരും ഉണ്ട്‌. മന്ത്രിമാരെ തീരുമാനിക്കാന്‍ വോട്ടര്‍മാര്‍ക്ക്‌ അവകാശമില്ല. അവര്‍ക്ക്‌ എം.എല്‍.എ.മാരെ തീരുമാനിക്കാനേ അധികാരമുള്ളൂ. ആരെ മന്ത്രിയാക്കണം എന്ന്‌ മുഖ്യമന്ത്രി പറയും.ഗവര്‍ണര്‍ അത്‌ കേട്ടാല്‍ മതി. കേട്ടില്ലെങ്കില്‍ എന്ത്‌ ചെയ്യാനാവും എന്നകാര്യത്തെക്കുറിച്ചും തര്‍ക്കമുണ്ട്‌.

ഇതൊന്നും കോണ്‍ഗ്രസ്സുകാര്‍ അറിയേണ്ട കാര്യമില്ല. ലോകത്തില്‍ ഏറ്റവും ജനാധിപത്യപരമായി മന്ത്രിമാരെ തിരഞ്ഞെടുക്കുന്ന പാര്‍ട്ടിയേത്‌ എന്ന്‌ ചോദിച്ചാല്‍ കോണ്‍ഗ്രസ്‌ എന്ന്‌ ഏത്‌ സ്‌കൂള്‍കുട്ടിയും പറയും. നിയമസഭാകക്ഷിനേതാവിനെ നിയമസഭാംഗങ്ങള്‍ യോഗം ചേര്‍ന്നാണ്‌ മിക്ക പാര്‍ട്ടികളും തിരഞ്ഞെടുക്കാറ്‌. കോണ്‍ഗ്രസ്സില്‍ തിരഞ്ഞെടുക്കാന്‍ ഹൈക്കമാന്‍ഡിനെ ഏല്‍പ്പിക്കാറാണ്‌ പതിവ്‌. അങ്ങനെ ചെയ്യാന്‍ രാജ്യത്തിന്റെ ഭരണഘടനയിലും പറയുന്നില്ല, കോണ്‍ഗ്രസ്സിന്റെ ഭരണഘടനയിലും പറയുന്നില്ല. ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും പറയുന്നത്‌ കേട്ട്‌ മാഡം തലയാട്ടുന്നത്‌ ജനാധിപത്യപരം, രണ്ട്‌ നറുക്കെഴുതിയിട്ട്‌ തീരുമാനിച്ചോളാന്‍ ദൈവത്തിനോട്‌ പറയുന്നത്‌ ജനാധിപത്യവിരുദ്ധം. ദൈവദോഷം പറയുന്നതിനും വേണമല്ലോ ഒരതിര്‌. സോണിയാഗാന്ധിയും പാണക്കാട്‌ തങ്ങളും ചെയ്യുംപോലെ പി.ജെ.ജോസഫും ചെയ്‌തിരുന്നുവെങ്കില്‍ ജനാധിപത്യവിരുദ്ധവുമാകില്ല, ബഹിഷ്‌കരണവുമുണ്ടാകില്ല.

നറുക്കിട്ട്‌ തന്ത്രിയെ തീരുമാനിക്കാമെങ്കില്‍ നറുക്കിട്ട്‌ മന്ത്രിയെയും തീരുമാനിക്കാം.
**********
സ്‌കൂളുകള്‍ അടച്ചിടാനുള്ള മാനേജ്‌മെന്റുകളുടെ തീരുമാനം വിദ്യാര്‍ഥികളുടെ പഠനാവകാശത്തിന്മേലുളള കടന്നുകയറ്റമാണെന്നും ഇതിനെ സര്‍വശക്തിയുപയോഗിച്ച്‌ ചെറുക്കുമെന്നും എസ്‌.എഫ്‌.ഐ നേതാക്കള്‍ മുന്നറിയിപ്പ്‌ നല്‍കകുയുണ്ടായി. പിണറായി വിജയന്റെ നികൃഷ്ടജീവി പ്രയോഗത്തില്‍ പ്രതിഷേധിച്ച്‌ സ്ഥാപനങ്ങള്‍ അടച്ചിടാനുള്ള തീരുമാനമാണ്‌ എസ്‌.എഫ്‌.ഐ. നേതാക്കളെ പ്രകോപിപ്പിച്ചത്‌ എന്ന്‌ പ്രത്യേകം പറയേണ്ടതില്ലല്ലോ.

പഠനാവകാശത്തിന്റെ കാര്യമവിടെ നില്‍ക്കട്ടെ. അത്‌ ആരെല്ലാം വന്ന്‌ കടന്നുകയ്യേറുന്നുവോ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കുമെല്ലാം അത്രയും സന്തോഷം. ലീവ്‌ കിട്ടിയതിന്‌ പിണറായി വിജയന്‌ നന്ദി, പള്ളിയില്‍  മെഴുകുതിരി.

വിദ്യാര്‍ഥികളുടെ പഠനാവകാശത്തിന്മേല്‍ കടന്നുകയറാന്‍ ആര്‍ക്കെല്ലാമാണ്‌ ഭരണഘടനാപരമായി സ്വാതന്ത്ര്യമുള്ളതെന്നോ ? പറഞ്ഞുതരാം. ആദ്യത്തെ അവകാശം എസ്‌.എഫ്‌.ഐ. പ്രസിഡന്റ്‌ സിന്ധുജോയിക്ക്‌. വല്ലപ്പോഴും ഇത്‌ കെ.എസ്‌.യു ക്കാരും ഉപയോഗിക്കുന്നത്‌ ക്ഷമിക്കും. എന്നുവെച്ച്‌ എല്ലായ്‌പ്പോഴും അനുവദിച്ചോളണം എന്നില്ല കേട്ടോ, വിവരമറിയും. പിന്നെ ഇടതുജനാധിപത്യപ്രസ്ഥാനങ്ങള്‍ക്ക്‌ എപ്പോള്‍ വേണമെങ്കിലും ബന്ദോ ഹര്‍ത്താലോ പ്രഖ്യാപിച്ച്‌ പഠനാവകാശത്തിന്മേല്‍ കടന്നുകയറാവുന്നതാണ്‌. എക്കാലത്തോ പത്ത്‌ ദിവസം മന്ത്രിയായിരുന്ന ആരെങ്കിലും ഊര്‍ധ്വന്‍ വലിച്ചാലും പഠനാവകാശത്തിന്റെ ലംഘനമാകാം. എന്ത്‌ തന്നെയായാലും സ്‌കൂള്‍ സ്ഥാപിച്ച്‌ നടത്തുന്ന സഭക്കാര്‍ പിണറായി വിജയന്‍ പറഞ്ഞതിന്റെ പേരില്‍ സ്‌കൂള്‍ അടക്കുന്നത്‌ മഹാമോശം....എന്താ പറയ്യാ....നികൃഷ്ടം തന്നെ.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

വര്‍ക്കിങ്ങ് ജേണലിസ്റ്റ് ആക്റ്റും വേജ് ബോര്‍ഡും ഇല്ലാതാക്കി

കേരള മാധ്യമങ്ങളുടെ ആറു പതിറ്റാണ്ട്

ഐ.വി ബാബു: നിലപാടുകളില്‍ ഉറപ്പ്, സ്‌നേഹത്തിന്റെ സമൃദ്ധി