Thursday, 21 February 2013

വിഭാഗീയതയുടെ പ്രേതം


മാ ര്‍ക്‌സിസ്റ്റ്‌ പാര്‍ട്ടിയുടെ സംസ്ഥാനസമ്മേളനം കോട്ടയത്ത്‌ സമാപിക്കുമ്പോള്‍ മാധ്യമസിന്‍ഡിക്കേറ്റിന്റെ സകലമോഹങ്ങളും മഴയില്‍ ഒലിച്ചുപോവുകയായിരുന്നു. ഇനി വാര്‍ത്ത ചോര്‍ത്താനും വളച്ചൊടിക്കാനും വേറെ ഏത്‌ പാര്‍ട്ടിയെ ആണ്‌ സമീപിക്കേണ്ടതെന്ന്‌ ആലോചിക്കുകയായിരുന്നു അവര്‍. വായ ഉണ്ടാക്കിയ പടച്ചോന്‍ തിന്നാനും വല്ലതും തരും എന്നുപറഞ്ഞതുപോലെ, മാധ്യമസിന്‍ഡിക്കേറ്റിനെ സൃഷ്‌ടിച്ച മാര്‍ക്‌സിസ്റ്റ്‌ പാര്‍ട്ടി അത്‌ നിലനിര്‍ത്താനുള്ള വാര്‍ത്തയും ഉണ്ടാക്കുമെന്ന്‌ അപ്പോള്‍ത്തന്നെ ബോധ്യപ്പെട്ടു. അതല്ലെങ്കില്‍ മഴയത്ത്‌ തോര്‍ത്തുമുണ്ടും തലയിലിട്ട്‌ മൈക്ക്‌ കുറ്റിയുടെ മുമ്പില്‍ വന്ന്‌ കേരളം മുഴുക്കെ കാണാന്‍ പാകത്തില്‍ ലൈവ്‌ ആയി പാര്‍ട്ടിപ്രവര്‍ത്തകരെ ശകാരിക്കണമെന്ന ഉള്‍വിളി സംസ്ഥാനസെക്രട്ടറിക്കുണ്ടാകുമായിരുന്നില്ലല്ലോ. ഇനി തലപൊക്കാത്ത വിധത്തില്‍ വിഭാഗീയതയെ ഇതാ കുഴിച്ചിട്ടുവെന്ന്‌ പാര്‍ട്ടിസെക്രട്ടറി കുറച്ചുമുമ്പേ പറഞ്ഞതേ ഉണ്ടായിരുന്നുള്ളൂ.

പൊളിറ്റ്‌ ബ്യൂറോവിന്റെ സഹായത്തോടെയാണ്‌ വിഭാഗീയതയെ സംസ്ഥാനക്കമ്മിറ്റി കൊന്നുകുഴിച്ചിട്ടതെന്ന്‌ സംസ്ഥാനനേതാക്കള്‍ അവകാശപ്പെട്ടിരുന്നു. നേരാംവണ്ണമുള്ള വിഭാഗീയത കണ്ടിട്ടുപോലുമില്ലാത്തവരാണ്‌ പൊളിറ്റ്‌ ബ്യൂറോവിലുള്ളതില്‍ പാതിയും. പാര്‍ട്ടിതന്നെ ഇല്ലാത്തിടത്ത്‌ എങ്ങനെയാണ്‌ വിഭാഗീയത ഉണ്ടാവുക. പൊളിറ്റ്‌ ബ്യൂറോക്കാരേറെയും പാര്‍ട്ടിയേ ഇല്ലാത്ത പ്രാഗ്‌ കമ്യൂണിസ പ്രദേശങ്ങളില്‍നിന്നു വന്നവരാണ്‌. ബാക്കി, പോസ്റ്റ്‌ കമ്യൂണിസ്റ്റായ കേരളം, പ.ബംഗാള്‍ എന്നിവിടങ്ങളില്‍നിന്ന്‌ വന്നവരും. രണ്ടുധ്രുവത്തിലുള്ളവര്‍ ചേര്‍ന്നുള്ളൊരു പാര്‍ട്ടി കൊണ്ടുനടാനുള്ള പൊല്ലാപ്പ്‌ പ്രകാശ്‌ കാരാട്ടിനേ അറിയൂ.
ചത്തുപോയ വിഭാഗീയതയുടെ പ്രേതം ഉണര്‍ത്തെഴുന്നേറ്റ്‌ സംസ്ഥാനത്തെ പാര്‍ട്ടിയില്‍ പല വിക്രിയകളും കാട്ടിവരുന്നതായി റിപ്പോര്‍ട്ടുണ്ട്‌. പ്രേതം ആവേശിച്ചുകഴിഞ്ഞാല്‍ പിന്നെ ആര്‌ എന്ത്‌ ചെയ്യുമെന്ന്‌ പറയാന്‍ കഴിയില്ല. സംസ്ഥാനസമ്മേളനം കഴിഞ്ഞാല്‍ സംസ്ഥാനക്കമ്മിറ്റി തയ്യാറാക്കി കീഴ്‌ഘടകങ്ങളിലേക്ക്‌ അയയ്‌ക്കുന്ന ഒരു രേഖയുണ്ട്‌. റെവ്യു റിപ്പോര്‍ട്ട്‌ എന്നാണ്‌ പറയുക. അതില്‍പ്പോലും പ്രേതംകൈവെച്ചുകളയും. സമ്മേളനം കഴിഞ്ഞുപിരിഞ്ഞാലെന്തൂട്ട്‌ റെവ്യൂ, പൂരംകഴിഞ്ഞ്‌ പിറേറന്ന്‌ എന്തൂട്ട്‌ വെടിക്കെട്ട്‌ എന്നുചോദിച്ചുപോകും ബൂര്‍ഷ്വാപാര്‍ട്ടിക്കാര്‍.

ബൂര്‍ഷ്വാപാര്‍ട്ടികളിലൊന്നും ആ മാതിരിയൊരു ഏര്‍പ്പാടില്ല. കഴിഞ്ഞതുകഴിഞ്ഞു, ഇനി നാളത്തെ അന്നത്തിന്റെ കാര്യം നോക്ക്‌ മാഷേ എന്നാണ്‌ അവര്‍ പറയാറുള്ളത്‌. സി.പി.എമ്മില്‍ അതല്ല രീതി. കുഴിച്ചിട്ട ഡെഡ്‌ ബോഡീസ്‌ ഓരോന്നോരോന്ന്‌ എടുത്ത്‌ പുറത്തിട്ട്‌ പോസ്റ്റ്‌മോര്‍ട്ടം നടത്തും. വളരെ ജനാധിപത്യപരമായാണ്‌ കൃത്യം നിര്‍വഹിക്കുക. ദുര്‍ഗന്ധം കുറച്ചേറെയുണ്ടാകും. എങ്കിലെന്ത്‌ ? പോസ്റ്റ്‌മോര്‍ട്ടം നടത്താതെ പറ്റില്ലല്ലോ.

ഏറ്റവും പ്രധാനമായ കേസ്‌ 2006ലെ തിരഞ്ഞെടുപ്പില്‍ വി.എസ്‌.അച്യുതാനന്ദന്‍ സ്ഥാനാര്‍ഥിയാകാതിരുന്നതും പിന്നെ ആയതുമായ ചരിത്രസംഭവമാണ്‌. മറക്കുകയോ മറയ്‌ക്കുകയോ ചെയ്യാന്‍പാടില്ലാത്ത സംഗതിയാണല്ലോ അത്‌. വി.എസ്‌. അതൊന്നും മറക്കില്ലെന്ന്‌ തെളിച്ചുപറഞ്ഞിട്ടുണ്ട്‌. പിന്നെ പിണറായിയാണോ മറക്കുക ? ഈ ജന്മത്ത്‌ അതുസംഭവിക്കില്ല, അണികള്‍ മറന്നേക്കാന്‍ സാധ്യതയുണ്ട്‌. സമ്മതിക്കരുത്‌. മൂന്നുമാസം കൂടുമ്പോഴെങ്കിലും അതോര്‍മിക്കണം. ഒന്നുകില്‍ പിണറായി അല്ലെങ്കില്‍ വി.എസ്‌. അത്‌ കൃത്യമായി നിര്‍വഹിക്കും. ഇപ്പോള്‍ റെവ്യു റിപ്പോര്‍ട്ടില്‍ സംഗതി എഴുതിച്ചേര്‍ത്തിട്ടുണ്ട്‌. ആരെങ്കിലും ചോര്‍ത്തി പത്രത്തിലോ ചാനല്‍ ചര്‍ച്ചയിലോ വന്ന്‌ വിസ്‌മൃതിയിലാണ്ടുപോകുന്ന സാധനമല്ല റെവ്യുറിപ്പോര്‍ട്ട്‌. പാര്‍ട്ടിയിലത്‌ മുടി തൊട്ട്‌ അടി വരെ ചര്‍ച്ചാവിഷയമാകും. മുടിഞ്ഞ അടി നടക്കുകയും ചെയ്യും. എന്നുവെച്ച്‌ സത്യങ്ങള്‍ . വിളിച്ചുപറയാതിരിക്കാന്‍ റെവ്യൂപ്രേതത്തിന്‌ പറ്റുമോ ?

വി.എസ്‌ ആദ്യം എന്തുകൊണ്ട്‌ സ്ഥാനാര്‍ഥിയായില്ലെന്ന്‌ റിപ്പോര്‍ട്ട്‌ കൃത്യമായി പറയുന്നുണ്ട്‌. കേന്ദ്രക്കമ്മിറ്റിയോഗം ചേര്‍ന്നു.....മത്സരിക്കുന്നില്ലെന്ന്‌ വി.എസ്സും പിണറായിയും വ്യക്തമാക്കി. സിംപിള്‍.വേറെയൊരു കാരണവും പ്രശ്‌നവശാല്‍ കാണുന്നില്ല. ഒടുവില്‍ മത്സരിച്ചതോ? വെരി സിംപിള്‍. മാര്‍ച്ച്‌ 21 ന്‌ കേന്ദ്രക്കമ്മിറ്റി യോഗം ചേര്‍ന്നപ്പോള്‍ വി.എസ്‌ എഴുന്നേറ്റുനിന്ന്‌ ഞാന്‍ മത്സരിച്ചോളാമേ എന്നുപറഞ്ഞു. ഉടനെ എല്ലാവരും ചേര്‍ന്ന്‌ വി.എസ്സിനെ സ്ഥാനാര്‍ഥിയാക്കാന്‍ തീരുമാനിച്ചു. വി.എസ്സിനെപ്പോലെയല്ല പിണറായി. ആകാശം ഇടിഞ്ഞുവീണാലും മത്സരിക്കില്ലെന്നുപറഞ്ഞാല്‍ പിന്നെ ലൈന്‍ മാറ്റില്ല. അങ്ങനെയാണ്‌ പിന്നീട്‌ ചേര്‍ന്ന സംസ്ഥാനക്കമ്മിറ്റി വി.എസ്സിനെ സ്ഥാനാര്‍ഥിയാക്കിയത്‌. അല്ലാതെ ഇവിടെ ചിലരെല്ലാം കരുതുന്നതുപോലെ പാര്‍ട്ടിവിരുദ്ധന്മാര്‍ ജാഥനടത്തിയതുകൊണ്ടോ മാധ്യമസിന്‍ഡിക്കേറ്റുകാര്‍ മുഖപ്രസംഗമെഴുതിയതുകൊണ്ടോ വി.എസ്‌ സ്ഥാനാര്‍ഥിയായില്ലെങ്കില്‍ മുന്നണി തോറ്റുപോകുമെന്ന്‌ ഭയന്നതുകൊണ്ടോ അല്ല. സംശയമുള്ളവര്‍ റെവ്യുറിപ്പോര്‍ട്ട്‌ വായിച്ചാല്‍മതി. ഇല്ല, ചോര്‍ത്തുകയൊന്നും വേണ്ട. ഏത്‌ മുറുക്കാന്‍കടയിലും കിട്ടും .

അതിനിടയില്‍ നടന്ന ഒരു സംഗതി റെവ്യുറിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയത്‌ പറയാന്‍വിട്ടുപോയി. റെവ്യുറിപ്പോര്‍ട്ടില്‍ പറഞ്ഞതുപോലെത്തന്നെ വേണം എഴുതാന്‍. ഇല്ലെങ്കില്‍ മാധ്യമസിന്‍ഡിക്കേറ്റ്‌ വളച്ചൊടിച്ചതാണ്‌ എന്ന്‌ പറഞ്ഞുകളയും. ' ...15ന്‌ വൈകുന്നേരം വി.എസ്സിനെ സ്ഥാനാര്‍ഥിയാക്കാത്തതിലുള്ള പ്രതിഷേധം എന്നനിലയ്‌ക്ക്‌ കന്‍േറാണ്‍മെന്റ്‌ വളപ്പില്‍ മാധ്യമപ്രവര്‍ത്തകരും ഏതാനും പാര്‍ട്ടിപ്രവര്‍ത്തകരും കൂടി കേന്ദ്രീകരിച്ച്‌ സംഘര്‍ഷനിര്‍ഭരമായ അന്തരീക്ഷം സൃഷ്‌ടിച്ചു'....നോക്കണേ ഓരോരോ അബദ്ധങ്ങള്‍ പ്രേതങ്ങള്‍ സംസ്ഥാനക്കമ്മിറ്റിയെക്കൊണ്ട്‌ പറയിക്കുന്നത്‌.. കന്‍േറാണ്‍മെന്റ്‌ ഹൗസ്‌ പരിസരത്ത്‌ തടിച്ചുകൂടിയത്‌ മാധ്യമപ്രവര്‍ത്തകരും നക്‌സലൈറ്റുകളും പാര്‍ട്ടിയില്‍നിന്ന്‌ പുറത്താക്കപ്പെട്ടവരും മാത്രമാണ്‌ എന്നാണ്‌ അക്കാലത്ത്‌ പാര്‍ട്ടി ഉറപ്പിച്ചും തറപ്പിച്ചും പറഞ്ഞിരുന്നത്‌.

അതുകൊണ്ടൊന്നും തീരുന്നില്ല. മത്സരിക്കുന്നില്ലെന്ന്‌ ആദ്യവും മത്സരിക്കാമെന്ന്‌ പിന്നീടും പറഞ്ഞ്‌ മുഖ്യമന്ത്രിസ്ഥാനം കൈക്കലാക്കിയ ആള്‍ തുടര്‍ന്ന്‌ ഇന്നോളം പാര്‍ട്ടിക്ക്‌ പ്രതിസന്ധി, വിവാദം, ആശയക്കുഴപ്പം, പാര്‍ട്ടിയുടെ യശസ്സിന്മേല്‍ ജെ.സി.ബി പ്രയോഗിച്ച്‌ വന്‍തോതില്‍ ഇടിവുണ്ടാക്കല്‍ തുടങ്ങിയ ക്രൂരകൃത്യങ്ങളിലാണ്‌ ഏര്‍പ്പെട്ട്‌ പോന്നതെന്ന്‌ റെവ്യുറിപ്പോര്‍ട്ടില്‍ എണ്ണിയെണ്ണിപ്പറഞ്ഞിട്ടുണ്ട്‌. ഒന്നും രണ്ടുമല്ല ഡസന്‍കണക്കിന്‌ പ്രശ്‌നങ്ങളില്‍. എല്ലാം സഹിക്കാം...പാര്‍ട്ടിക്ക്‌ ടൂര്‍ണമെന്റ്‌ നടത്താന്‍ സ്‌പോണ്‍സര്‍ഷിപ്പ്‌ നല്‍കിയ ഫാരിസ്‌ അബൂബക്കര്‍ എന്നൊരു പാവപ്പെട്ടവനെ വെറുക്കപ്പെട്ടവനെന്ന്‌ വിളിച്ചുകളഞ്ഞു വി.എസ്‌ അച്യുതാനന്ദന്‍. ഓര്‍ക്കുന്തോറും നെഞ്ചുവേവുന്നു.

ഫാരിസ്‌ അബൂബക്കറുടെ കാര്യം ഓര്‍മ വന്ന സംസ്ഥാനക്കമ്മിറ്റിക്ക്‌, വി.എസ്സിനാല്‍ പരസ്യമായി ആക്ഷേപിക്കപ്പെട്ട വിദ്യാര്‍ഥിനേതാവിന്റെ കാര്യം ഓര്‍മ വരാഞ്ഞതാണെന്ന്‌ ധരിക്കരുത്‌. ബൂര്‍ഷ്വാപത്രത്തെ ആക്ഷേപിച്ച എസ്‌.എഫ്‌.ഐ സെക്രട്ടറിയെ മുഖ്യമന്ത്രി മാധ്യമസമ്മേളനത്തില്‍ വിശേഷിപ്പിച്ചത്‌ കുടുംബത്തില്‍ പിറക്കാത്തവന്‍ എന്നാണ്‌. നൂറുരൂപ സംഭാവന നല്‍കാന്‍തന്നെ ശേഷിയില്ലാത്തവനെ കുടുംബത്തില്‍ പിറക്കാത്തവന്‍ എന്ന്‌ വിശേഷിപ്പിക്കുന്നതുപോലെയാണോ അറുപതുലക്ഷം തരാന്‍കഴിവുള്ള ആളെ വെറുക്കപ്പെട്ടവന്‍ എന്നുവിശേഷിപ്പിക്കുന്നത്‌. ഗ്രൂപ്പ്‌ ഏതായാലും മനുഷ്യര്‍ക്ക്‌ ഔചിത്യബോധം അല്‌പമെങ്കിലും വേണ്ടേ ?
ഇനി വിഭാഗീയത പാടില്ല എന്നാണ്‌ റെവ്യുറിപ്പോര്‍ട്ടില്‍ ഒടുവില്‍ ആവശ്യപ്പെടുന്നത്‌. അതിന്‌ ഒരു വഴിയേ ഉള്ളൂ എന്ന്‌ റിപ്പോര്‍ട്ട്‌ വായിക്കുന്ന ഏത്‌ ലോക്കല്‍ സെക്രട്ടറിക്കും മനസ്സിലാകും. വിഭാഗീയതയുടെയും സര്‍വതിന്മകളുടെയും പ്രഭവകേന്ദ്രം ഒന്നേ ഒന്നുമാത്രം. അത്‌ ഇടക്കാലത്ത്‌ ' പാര്‍ട്ടിയുടെ സമ്പത്താ'യിരുന്നു. സ്വര്‍ണത്തിന്റെ സൂചികൊണ്ടായാലും കണ്ണില്‍കുത്താന്‍ സമ്മതിച്ചുകൂടാ. അക്കാലത്തുതന്നെ നല്ല വാക്ക്‌ നാലെണ്ണംപറഞ്ഞ്‌ വീട്ടില്‍ പറഞ്ഞയച്ചിരുന്നുവെങ്കില്‍ ഈ പൊല്ലാപ്പൊന്നും ഉണ്ടാകുമായിരുന്നില്ല.
അതിന്‌്‌ ഇനിയും വൈകിയിട്ടില്ല സഖാക്കളേ...
********
മുഖ്യമന്ത്രിയായിരുന്നപ്പോള്‍ മുത്തങ്ങയില്‍ എ.കെ.ആന്റണി കാട്ടിയത്‌ ദുഷ്‌ടതയും ക്രൂരതയുമൊക്കെയായിരുന്നുവെന്ന്‌ പലരും പറഞ്ഞിട്ടുണ്ട്‌. അതൊന്നുമല്ല, വിഡ്‌ഢിത്തം മാത്രമായിരുന്നുവെന്ന്‌ ഇപ്പോള്‍ മനസ്സിലാകുന്നു. സര്‍ക്കാര്‍ ഭൂമി കയ്യേറി കുടില്‍കെട്ടിയ ആദിവാസികളെ പോലീസിനെ ഉപയോഗിച്ച്‌ തല്ലിയും വെടിവെച്ചും ഓടിച്ചുവിടുകയാണ്‌. ചെയ്‌തത്‌. സമരക്കാരുടെ കൈക്രിയയില്‍ ഒരു പോലീസ്‌ ഉദ്യോഗസ്ഥനും പോലീസിന്റെ വെടിവെപ്പില്‍ ഒരു ആദിവാസിയുമാണ്‌ മരിച്ചത്‌. പക്ഷേ, നൂറു ആദിവാസികളെ വെടിവെച്ചുകൊന്നാല്‍ കിട്ടുന്നത്ര കീര്‍ത്തി ഇതിലൂടെ നേടാന്‍ ആന്റണിക്ക്‌ കഴിഞ്ഞു. ചില്ലറ നേട്ടമൊന്നുമല്ല.

ഭൂമി ആവശ്യപ്പെട്ട്‌ ഭൂമി കയ്യേറുന്ന ദലിതരെ ഓടിച്ചുവിടേണ്ട ടെക്‌നിക്‌ ചെങ്ങറയില്‍ പോയി പഠിക്കട്ടെ ആന്റണിയുടെ ആളുകള്‍. ആയിരക്കണക്കിന്‌ സമരക്കാരാണ്‌ ഒരു വര്‍ഷമായി ചെങ്ങറയിലെ കയ്യേറ്റഭൂമിയില്‍ പാര്‍ത്തുവരുന്നത്‌. പ്രാഥമിക ജീവിതസൗകര്യങ്ങള്‍ പോലുമില്ലാതെ, കുട്ടികളെ സ്‌കൂളില്‍പോലും പറഞ്ഞയയ്‌ക്കാതെ അവര്‍ അവിടെ കഴിയുന്നു. ഇവരെ ഒഴിപ്പിക്കാന്‍ പോലീസും പട്ടാളവും ഒന്നും വേണ്ട. അതിന്റെ കൊട്ടേഷന്‍ എസ്റ്റേറ്റ്‌ തൊഴിലാളികളുടെ സംഘടിതയൂണിയനുകള്‍ ഏറ്റെടുത്തിട്ടുണ്ട്‌ . എസ്റ്റേറ്റ്‌ ഉടമയായ കുത്തകമുതലാളിയും തൊഴിലാളികള്‍ക്കൊപ്പമുണ്ട്‌. പൊതുശത്രുവിനെതിരെ ആഞ്ഞടിക്കുമ്പോഴെന്ത്‌ വര്‍ഗസമരം. അപ്പോള്‍ വേണ്ടത്‌ വര്‍ഗസഹകരണമാണ്‌. മാര്‍ക്‌സും ഏംഗല്‍സും പറഞ്ഞിട്ടില്ലാത്തതും പ്രത്യേകസാഹചര്യത്തില്‍ കൂട്ടിച്ചേര്‍ക്കുന്നത്‌ റിവിഷനിസമല്ല, മാര്‍ക്‌സിസത്തിന്റെ വികസിപ്പിക്കലാണ്‌. ഭൂമികയ്യേറിയവര്‍ക്കെതിരെ തൊഴിലാളിയൂണിയനുകള്‍ നടത്തുന്ന ഉപരോധസമരം ശക്തിപ്പെടുത്തിയാല്‍ ദലിതുകള്‍ പട്ടിണികിടന്നും രോഗത്താലും മരിച്ചുതുടങ്ങും. ഭൂമി വേണ്ട ജീവന്‍വിട്ടുതന്നാല്‍മതി തമ്പ്രാക്കന്മാരേ എന്ന്‌ വിലപിച്ച്‌ അവര്‍ ഓടുന്നത്‌ അപ്പോള്‍ കാണാം. ഇതിനൊന്നും പോലീസിനെ മിനക്കെടുത്തേണ്ട ഒരു കാര്യവുമില്ല.

No comments:

Post a comment