Wednesday, 20 February 2013

തിരുവനന്തപുരം കടമ്പ


അടുത്തവര്‍ഷം നടക്കാന്‍ പോകുന്ന നിയമസഭാ തിരഞ്ഞെടുപ്പ്‌ ജീവന്‍മരണ പോരാട്ടമാണ്‌. പഞ്ചായത്ത്‌ തിരഞ്ഞെടുപ്പും മറ്റും വേഷം മുഴുവനണിഞ്ഞുള്ള ഫുള്‍സ്കെയില്‍ റിഹേഴ്‌സലായിരുന്നു. നിയമസഭയിലേക്കുള്ള മത്സരമാണ്‌ അടുത്ത അഞ്ച്‌ വര്‍ഷത്തേക്കുള്ള അതിജീവനവും ഉപജീവനവുമെല്ലാം നിശ്ചയിക്കുന്നത്‌. അതിനിടെ ഇതാ വെറുതെ ഒരു അലോസരമായി തിരുവനന്തപുരത്ത്‌ ഒരു ഉപതിരഞ്ഞെടുപ്പ്‌ വന്നുപെട്ടിരിക്കുന്നു. കഷ്ടപ്പെട്ട്‌ ജയിച്ച്‌ ലോക്‌സഭയില്‍ പോയാലും അവിടെയിതാരും ശ്രദ്ധിക്കുകപോലുമില്ല. കക്ഷികളുടെ ശക്തിയില്‍ വല്ല വ്യത്യാസവും വരുമോ? ഭരണം മാറുമോ? യാതൊന്നും സംഭവിക്കില്ല. എന്നുവെച്ച്‌ തിരഞ്ഞെടുപ്പിനെ അവഗണിക്കാനാവുമോ? അതുമില്ല.

എറണാകുളം ലോക്‌സഭാ ഉപതിരഞ്ഞെടുപ്പിലും, പിന്നെ പൊതുതിരഞ്ഞെടുപ്പിലും കൂത്തുപറമ്പ്‌-അഴീക്കോട്‌ തിരഞ്ഞെടുപ്പിലും എല്ലാറ്റിനുമൊടുവില്‍ പഞ്ചായത്ത്‌-മുനി. തിരഞ്ഞെടുപ്പിലുമെല്ലാം വെച്ചടി വെച്ചടി മുന്നേറിവന്ന ഇടതുമുന്നണിക്ക്‌ തിരുവനന്തപുരത്ത്‌ ലവലേശമെങ്കിലും ക്ഷീണമോ ചെറുകിതപ്പോ അല്‍പം വിയര്‍പ്പോ ഉണ്ടെന്നാരും ധരിച്ചുപോകരുത്‌. ഒരു പ്രശ്നവും ഇല്ല. പി.കെ.വി. ജയിച്ചതിനേക്കാള്‍ വലിയ ഭൂരിപക്ഷത്തിന്‌ പന്ന്യന്‍ ജയിക്കും. അത്‌ പന്ന്യന്‍ പി.കെ.വി.യേക്കാള്‍ വലിയ ആളായതുകൊണ്ടല്ല. യു.ഡി.എഫിന്റെ കഥ കഴിക്കണമെന്ന്‌ ജനങ്ങള്‍ക്ക്‌ കൂടുതല്‍ വാശി ഉണ്ടായത്‌ കൊണ്ടാണ്‌. ശിവകുമാറിനെ ജയിപ്പിക്കാന്‍ അന്ന്‌ കഷ്ടപ്പെട്ട്‌ വോട്ടുപിടിച്ചിരുന്ന ലീഡര്‍, ഇത്തവണ ശിവകുമാറിനെ തോല്‍പിക്കാന്‍ തലങ്ങും വിലങ്ങും കുതിക്കും. പി.കെ.വി.യുടെ അരലക്ഷം ഭൂരിപക്ഷം പന്ന്യന്റെ ഒരു ലക്ഷമാകും. പിന്നെന്താ പേടി?

പേടിയൊന്നുമില്ല. പക്ഷേ, നൂറുവോട്ടെങ്കിലും കുറഞ്ഞാല്‍ യു.ഡി.എഫിന്‌ അത്‌ മതിയാകും മുതലെടുപ്പിന്‌. അതാണൊരു ചെറിയ ശങ്ക. അതുകൊണ്ടാണ്‌ സ്ഥാനാര്‍ഥിനിര്‍ണയത്തിന്‌ കുറച്ചേറെ തലപുകക്കേണ്ടിവന്നത്‌. ഏറ്റവും മികച്ച സ്ഥാനാര്‍ഥിയെ നിര്‍ത്തുക എന്നത്‌ സി.പി.ഐ.യുടെ പ്രഖ്യാപിത നയമാണ്‌. തന്നെ സ്ഥാനാര്‍ഥിയാക്കരുതേ എന്ന്‌ കേണപേക്ഷിച്ചതാണ്‌ പി.കെ.വി. സ്ഥാനാര്‍ഥിയാക്കാതിരിക്കാന്‍ കാലുപിടിച്ചതാണ്‌ പന്ന്യന്‍. വിട്ടില്ല. സി.പി.ഐ.യില്‍ കടുത്ത ആള്‍ക്ഷാമമുള്ളതുകൊണ്ടാണിതെന്ന്‌ ധരിക്കരുത്‌. നേതൃത്വത്തില്‍ അങ്ങനെ ക്ഷാമമൊന്നുമില്ല; താഴോട്ടേ അതുള്ളൂ. എന്തായാലും പന്ന്യന്‌ വോട്ട്‌ കുറയാതെ നോക്കണം.

നായരോ നാടാരോ നാട്ടുകാരനോ അല്ലാത്തതുകൊണ്ട്‌ പന്ന്യനെ തലസ്ഥാന വോട്ടര്‍മാര്‍ ഉപേക്ഷിക്കും എന്ന്‌ മോഹിച്ചിരിപ്പാണ്‌ യു.ഡി.എഫുകാര്‍. തലസ്ഥാന വോട്ടര്‍മാര്‍ക്കെതിരായ രണ്ട്‌ ഗുരുതരമായ ആരോപണങ്ങളാണ്‌ ഈ മോഹത്തില്‍ ഉള്‍ക്കൊള്ളുന്നത്‌. ഒന്ന്‌, അവര്‍ ജാതിഭ്രാന്തന്‍മാരാണ്‌. രണ്ട്‌, അവര്‍ കടുത്ത പ്രാദേശിക വാദികളുമാണ്‌. ഇത്‌ രണ്ടും സത്യമല്ലെന്ന്‌ നമുക്കറിയാം. പക്ഷേ, അത്‌ ഒന്നുകൂടി തെളിയിക്കാനുള്ള അവസരമാണ്‌ ഇടതുമുന്നണി തിരുവനന്തപുരത്തിന്‌ നല്‍കിയിരിക്കുന്നത്‌. ഇനി അവരായി, അവരുടെ പാടായി.

യു.ഡി.എഫിന്‌ ഈ ശങ്കയും ആശങ്കയും ഒന്നും ഇല്ലെന്ന്‌ ആളുകള്‍ക്കറിയാം. മടിയില്‍ കനമുള്ളവനല്ലേ വഴിയില്‍ പേടി വേണ്ടൂ. തെരുവാധാരമായവന്‌ എന്ത്‌ നഷ്ടപ്പെടാനുണ്ട്‌? നിലത്ത്‌ കിടക്കുന്നവന്‌ ഉറക്കത്തില്‍ കട്ടിലില്‍നിന്നു വീഴുമെന്ന ഭയമുണ്ടാകുമോ? കിട്ടുന്നതെന്തും ലാഭം. രണ്ട്‌ വടക്കന്‍മാര്‍ക്കിടയില്‍ നിന്നാല്‍ നാട്ടുകാര്‍ തുണച്ചേക്കുമെന്ന്‌ ശിവകുമാറിന്‌ വിശ്വാസവുമുണ്ട്‌. ഒരേസമയം വടക്കന്‍ കേരളക്കാരനും വടക്കേ ഇന്ത്യക്കാരനുമായിരുന്ന ഡബ്ല് വടക്കന്‍ വി.കെ. കൃഷ്ണമേനോനെ ജയിപ്പിച്ചവരാണ്‌ തിരുവനന്തപുരത്തുകാര്‍. അവരെ അങ്ങനെ 'അണ്ടര്‍ എസ്റ്റിമേറ്റ്‌' ചെയ്യേണ്ട.

ബി.ജെ.പി. വീണ്ടും അധികാരത്തില്‍ വരുമെന്നും ഒ. രാജഗോപാല്‍ വീണ്ടും കേന്ദ്രമന്ത്രിയാകുമെന്നും കഴിഞ്ഞ തവണ തിരുവനന്തപുരത്തെ വോട്ടര്‍മാര്‍ വിശ്വസിച്ചിരുന്നു. പക്ഷേ, അതുകൊണ്ടാണ്‌ അവര്‍ രാജഗോപാലിന്‌ കൂട്ടത്തോടെ വോട്ടുചെയ്ത്‌ ജയത്തിന്റെ വക്കത്ത്‌ എത്തിച്ചതെന്നു പറഞ്ഞേക്കരുത്‌. വിശ്വാസം വേറെ വോട്ട്‌ വേറെ. ജയത്തിന്റെ വക്കത്ത്‌ എത്തിയുള്ള തോല്‍വി അന്തസ്സുള്ള തോല്‍വിയാണ്‌. എന്നുവെച്ച്‌ എല്ലാ തവണയും ഡീസന്റ്‌ ആയി തോല്‍ക്കാന്‍വേണ്ടി ഒ. രാജഗോപാലിന്‌ നിന്നുകൊടുക്കാനാവുമോ? രാജഗോപാല്‍ ഇത്തവണ സ്ഥാനാര്‍ഥിയല്ല. കഴിഞ്ഞ വര്‍ഷം അദ്ദേഹം ഉശിരനായിരുന്നു. ഒരു വര്‍ഷംകൊണ്ട്‌ വൃദ്ധനായി, ക്ഷീണിതനായി. അതുകൊണ്ടാണ്‌ സി.കെ. പത്മനാഭനെ സ്ഥാനാര്‍ഥിയാക്കിയത്‌. വോട്ട്‌ കുറഞ്ഞേക്കുമെന്ന ഭയം ചില്ലറയുണ്ടെങ്കിലും ഒരു സമാധാനമുണ്ട്‌.
ബി.ജെ.പി.ക്ക്‌ ശക്തി കുറഞ്ഞെന്ന്‌ ആരു പറഞ്ഞാലും ഇടതുമുന്നണി സമ്മതിക്കില്ല. പിന്തുണ കുറഞ്ഞതല്ല, വോട്ട്‌ യു.ഡി.എഫിന്‌ മറിച്ചുവിറ്റതാണ്‌ എന്നവര്‍ പാടി നടന്നുകൊള്ളും. പിന്നെ പഞ്ചായത്ത്‌ തിരഞ്ഞെടുപ്പുമായി താരതമ്യപ്പെടുത്തി വോട്ട്‌ കൂടിയെന്ന്‌ ബി.ജെ.പി.ക്ക്‌ അവകാശപ്പെടുകയും ചെയ്യാമല്ലോ. വെറും ആറുശതമാനമല്ലോ പഞ്ചായത്തില്‍ കിട്ടിയത്‌. വലിയ കടമ്പയുള്ളത്‌ ഇടതുമുന്നണിക്കാണ്‌. നാലു കൊല്ലത്തെ തുടര്‍വിജയങ്ങള്‍കൊണ്ട്‌, അടുത്ത മന്ത്രിസഭ തങ്ങളുടേതുതന്നെ എന്നു ഉറപ്പാക്കിയതായിരുന്നു. ഒരു ഫോര്‍മാലിറ്റിക്കുവേണ്ടി നിയമസഭാ തിരഞ്ഞെടുപ്പൊന്നു നടത്തണമെന്നേ ഉണ്ടായിരുന്നുള്ളൂ. തിരുവനന്തപുരത്ത്‌ അത്യാഹിതം വല്ലതും സംഭവിച്ചാല്‍ നാലു വര്‍ഷമായി ഉണ്ടാക്കിയത്‌ മുഴുവന്‍ പോകും. മുഴുവന്‍ ആദിമുതല്‍ വീണ്ടും ഉണ്ടാക്കേണ്ടിവരും. അതിന്‌ ഇനി സമയവുമില്ല.

ഇതിനു മുമ്പ്‌ ഒരാളുടെ മുടിമുറിക്കുന്ന കാര്യത്തിലേ ജനങ്ങള്‍ ആകാംക്ഷ പ്രകടിപ്പിച്ചതായി കേട്ടിട്ടുള്ളൂ. എ.പി.ജെ. അബ്ദുല്‍ കലാം രാഷ്ട്രപതിയായ ഘട്ടത്തിലായിരുന്നു അത്‌. ഇനിയെങ്കിലും ഇദ്ദേഹത്തിനു വൃത്തിയായും വെടിപ്പായും നടന്നുകൂടേ എന്നു ചോദിച്ചവരുണ്ട്‌. ഇപ്പോള്‍ ആ ചോദ്യം ചിലര്‍ നമ്മുടെ പന്ന്യന്‍ രവീന്ദ്രനോട്‌ ചോദിക്കുന്നുണ്ടത്രെ.

ഈ തിരഞ്ഞെടുപ്പുകാലത്ത്‌ എന്തായാലും അദ്ദേഹം മുടി മുറിക്കില്ല എന്നുറപ്പ്‌. മുടി നീട്ടിയാല്‍ താന്‍ വലിയ സ്റ്റൈലനാകും എന്ന തെറ്റിദ്ധാരണകൊണ്ടൊന്നുമല്ല അദ്ദേഹം മുടി നീട്ടിത്തുടങ്ങിയത്‌ എന്നറിയാമല്ലോ. പിന്നെ എന്തിനാണെന്നോ? രാജന്‍ കേസ്‌ പോലൊരു പഴയ അടിയന്തരാവസ്ഥാകേസാണത്‌. ലീഡറുടെ എമര്‍ജന്‍സിയാഭ്യന്തരഭരണം പൊടിപൊടിക്കുമ്പോള്‍ പോലീസിലെ മണ്ണിരജീവികള്‍ക്കുപോലും വിഷം വെച്ചുതുടങ്ങിയിരുന്നു.

നാട്ടില്‍ ഒരു ജാഥപോലും നടക്കുന്നില്ല. പോലീസിനെന്തെങ്കിലും ചെയ്യാതിരിക്കാന്‍ പറ്റുമോ? വീര്യം കെട്ടുപോവില്ലേ? അപ്പോഴാണ്‌ ചിലര്‍ മുടി നീട്ടുക എന്ന ഗുരുതരമായ കുറ്റം ചെയ്യുന്നു എന്ന രഹസ്യം സ്പെഷല്‍ ബ്രാഞ്ച്‌ റിപ്പോര്‍ട്ടുചെയ്തത്‌. ഉടനെ കത്രികയുമായി യേമാന്‍മാര്‍ രംഗത്തിറങ്ങി. യുവാക്കളെ പിടിച്ചുകൊണ്ടുപോയി മുടി മുറിപ്പിക്കുന്നതില്‍ പ്രതിഷേധിച്ചാണ്‌ പന്ന്യന്‍ രവീന്ദ്രന്‍ മുടി നീട്ടിത്തുടങ്ങിയത്‌ എന്ന്‌ ഐതിഹ്യം. പന്ന്യന്റെ പാര്‍ട്ടിയും ലീഡറുടെ പാര്‍ട്ടിയും ഒന്നിച്ച്‌ ഭരിച്ചാണ്‌ അന്ന്‌ കേരളത്തില്‍ ആളുകള്‍ക്ക്‌ നല്ല ഉറക്കം കിട്ടാന്‍ ആവശ്യമായ സമാധാനം ഉണ്ടാക്കിക്കൊണ്ടിരുന്നത്‌. തിരുവനന്തപുരം മണ്ഡലത്തിലെ ഇടതുമുന്നണി പ്രചാരണയോഗങ്ങളില്‍, ധീരമായ ഈ അടിയന്തരാവസ്ഥാ വിരുദ്ധ പോരാട്ടത്തിലെ അധ്യായത്തെ അനുസ്മരിപ്പിക്കുന്ന ഒരു കഥാപ്രസംഗവും തുടര്‍ന്നു ലീഡറുടെ ഒരു അനുമോദനപ്രസംഗവും ഏര്‍പ്പെടുത്തുകയാണെങ്കില്‍ വളരെ ഗുണം ചെയ്യും എന്നാണു തോന്നുന്നത്‌. മുടി മുറിക്കുന്ന കാര്യം പന്ന്യന്‍ ഇപ്പോള്‍ ചിന്തിക്കേണ്ട. വേണമെങ്കില്‍ ലോക്‌സഭയില്‍ എത്തിയിട്ട്‌ ആലോചിക്കാം.

'കുഞ്ഞാലിക്കുട്ടിക്കെന്താ കൊമ്പുണ്ടോ' എന്ന്‌ പ്രതിപക്ഷനേതാവ്‌ വി.എസ്‌. അച്യുതാനന്ദന്‍ ചോദിച്ചിരിക്കുന്നു. പാര്‍ട്ടി പത്രത്തിലെ ലേഖനത്തിലാണ്‌ കനത്ത ചോദ്യമുള്ളത്‌. കോഴിക്കോട്‌ രണ്ടാം അഡീഷണല്‍ സെഷന്‍സ്‌ ജഡ്ജിയുടെ മുമ്പാകെയുള്ള ഐസ്ക്രീം പാര്‍ലര്‍ കേസില്‍ കോടതിക്ക്‌ അകത്തും പുറത്തും സംഭവിച്ചുകൊണ്ടിരിക്കുന്ന സംഗതികള്‍ വി.എസ്‌. അച്യുതാനന്ദന്‍ വിവരിക്കുന്നുണ്ട്‌. "കേരളത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ അഴിമതിക്കേസുകളില്‍ ഒന്നാണ്‌ ഐസ്ക്രീം പാര്‍ലര്‍ കേസ്‌" എന്നാണ്‌ വി.എസ്‌. വിശേഷിപ്പിക്കുന്നത്‌. അത്രയ്ക്കുണ്ട്‌ എന്ന്‌ നമ്മളറിഞ്ഞതല്ല.

വി.എസ്സിന്റെ ചോദ്യം ഇപ്പോഴത്തെ കേസ്‌ അന്വേഷകരോടാണ്‌. കോടതി കുറ്റപത്രത്തില്‍ പരാമര്‍ശിച്ച വ്യക്തിയെ രക്ഷിക്കാന്‍ പരക്കം പായുന്ന പ്രോസിക്യൂട്ടറോടുമാണ്‌. 1997 മുതല്‍ നടന്ന സംഭവങ്ങള്‍ വിവരിച്ചുകൊണ്ട്‌ വി.എസ്‌., ഏറ്റവും വലിയ ഈ അഴിമതി-വ്യഭിചാര-സ്ത്രീചൂഷണ കേസിനെക്കുറിച്ച്‌ നടത്തുന്ന പരാമര്‍ശങ്ങള്‍ ചോദ്യം വേറെ ആരോടെല്ലാമാണെന്ന്‌ സൂചന നല്‍കുന്നു.

"ആയിരക്കണക്കിന്‌ പേജുകള്‍ നീളുന്ന കേസ്‌ ഡയറിയില്‍ കുഞ്ഞാലിക്കുട്ടിക്കെതിരെ ഏറ്റവും സുശക്തമായ തെളിവുകളുണ്ടായിരുന്നു. കുറഞ്ഞത്‌ അഞ്ച്‌ പെണ്‍കുട്ടികളെങ്കിലും അദ്ദേഹത്തിന്റെ പേര്‌ പറഞ്ഞത്‌ അന്വേഷണ സംഘം രേഖപ്പെടുത്തിയിട്ടുണ്ട്‌". '97 മുതല്‍ കേസ്‌ കൈകാര്യം ചെയ്യുകയും പ്രതിപട്ടികയില്‍ ആരെയെല്ലാം പെടുത്തേണ്ട എന്ന്‌ തീരുമാനിക്കുകയും ചെയ്തത്‌ വി.എസ്സിന്റെ തന്നെ പാര്‍ട്ടിയുടെ മാനേജര്‍മാരാണ്‌. കുഞ്ഞാലിക്കുട്ടിയെ പ്രതിയാക്കേണ്ട എന്ന്‌ തീരുമാനിച്ചതും അന്ന്‌ കേരളം ഭരിച്ച ഇവര്‍തന്നെ.
അതുകൊണ്ട്‌ നമ്മള്‍ വായനക്കാര്‍ക്ക്‌ ചോദ്യം വി.എസ്സിനോട്‌ തിരിച്ചുചോദിക്കാം. 'കുഞ്ഞാലിക്കുട്ടിക്കെന്താ കൊമ്പുണ്ടോ?'

No comments:

Post a comment