പ്രദക്ഷിണവഴിയിലെ മങ്ങാത്ത ചിത്രങ്ങള്‍


തിരുവനന്തപുരത്ത്‌ അര നൂറ്റാണ്ടുകാലം പത്രപ്രവര്‍ത്തകനായിരിക്കുക എന്നത്‌ ചരിത്രത്തിന്റെ സാക്ഷിയും ചിലപ്പോഴെല്ലാം ചരിത്രനിര്‍മിതിയില്‍ പങ്കാളിയും ആകാനുള്ള അവസരമാണ്‌. അധികംപേര്‍ക്കത്‌ ലഭിക്കാറില്ലെന്നതുകൊണ്ട്‌, ലഭിച്ചവരില്‍ നല്ലൊരു പങ്ക്‌ പത്രപ്രവര്‍ത്തകര്‍ ചൂടുള്ള അനുഭവക്കുറിപ്പുകള്‍ രചിച്ചിട്ടുണ്ട്‌.

തിരുവനന്തപുരത്ത്‌ ജനിക്കുകയും ഏഴ്‌ പതിറ്റാണ്ടിലേറെക്കാലം അവിടെ ജീവിക്കുകയും ചെയ്‌ത മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ സ്‌മൃതിചിത്രങ്ങള്‍ എഴുതുമ്പോള്‍ അതില്‍ വായനക്കാരന്‍ പ്രതീക്ഷിക്കുന്ന കൂട്ടുകള്‍ക്ക്‌ നിശ്ചിത സ്വഭാവമുണ്ടാകും. മുഖ്യമന്ത്രിമാര്‍, മന്ത്രിമാര്‍, മുമ്പ്‌ മന്ത്രിമാരായവര്‍, ഭാവിയില്‍ ആകാന്‍ ഇടയുള്ളവര്‍, മന്ത്രിമാരേക്കാള്‍ മേലെ നില്‍ക്കുന്ന രണ്ടും മൂന്നും നാലും എസ്റ്റേറ്റിലെ മറ്റിനം വി.ഐ.പി.കള്‍, ജ്ഞാനപീഠം നിലവാരമുള്ള സാംസ്‌കാരികപ്രവര്‍ത്തകര്‍-അവരുടെ മഹത്വങ്ങള്‍, സംഭാവനകള്‍, സ്വഭാവവിശേഷങ്ങള്‍, അവരുമായുള്ള സൗഹൃദങ്ങള്‍, വിരോധമുള്ളവരെക്കുറിച്ചുള്ള കുറച്ച്‌ മുള്ളുകള്‍, കുറച്ച്‌ രഹസ്യങ്ങള്‍...ഇവയെല്ലാം രുചികരമായേക്കാവുന്ന വിഭവങ്ങളാണ്‌.

പക്ഷേ എസ്‌.ജയചന്ദ്രന്‍നായരുടെ മിശ്രണത്തില്‍ ഇവയൊന്നും കാണുകയില്ല. അധികാരത്തിന്റെ ഇടനാഴികകളില്‍ അധികാരികള്‍ക്കൊപ്പം ചുമലില്‍കൈയിട്ടുള്ള നടപ്പുകളെക്കുറിച്ചുള്ള പൊങ്ങച്ചങ്ങള്‍ ഒട്ടുമില്ല. ചരിത്രമുഹൂര്‍ത്തങ്ങളില്‍ സാക്ഷിയും പങ്കാളിയുമായതില്‍ കഥാനായകനുള്ള രോമാഞ്ചം ദൂരെനിന്നുതന്നെ കാണാവുന്ന അനുഭവവിവരണങ്ങളുമില്ല. ജയചന്ദ്രന്‍നായരുടെ പ്രദക്ഷിണവഴികള്‍ രാഷ്‌ട്രീയത്തിലെ വിഗ്രഹങ്ങള്‍ക്കും കോട്ടകൊത്തളങ്ങള്‍ക്കും ചുറ്റുമായിരുന്നില്ല എന്നതാണ്‌ പ്രധാനകാരണം. സാംസ്‌കാരികമണ്ഡലമായിരുന്നു അദ്ദേഹത്തിന്റെ മേഖല. അവിടെയുമുണ്ട്‌ വിഗ്രഹങ്ങള്‍, അവിടെയുമുണ്ട്‌ തലയെടുപ്പുള്ള കൊമ്പന്‍മാര്‍. രാഷ്‌ട്രീയത്തിലെ പ്രമാണിമാര്‍
പ്രദക്ഷിണവഴിയിലേക്ക്‌ വരുന്നത്‌ അവര്‍ സാംസ്‌കാരികപ്രവര്‍ത്തകന്മാര്‍ കൂടി ആയതുകൊണ്ടാണ്‌. സി.അച്യുതമേനോനും എന്‍.ഇ.ബാലറാമും ശ്രീകണ്‌ഠന്‍നായരും അക്കൂട്ടത്തില്‍ പെടുന്നു. തീര്‍ച്ചയായും അവര്‍ എണ്ണത്തില്‍ കുറവാണ്‌. പക്ഷേ അവരാരും അധികാരത്തിന്റെ മസ്‌തകമുയര്‍ത്തി നില്‍ക്കുന്നില്ല. അവരെല്ലാം ജയചന്ദ്രന്‍നായരുടെ ദൈനംദിന വ്യവഹാരങ്ങളില്‍ സാധാരണമനുഷ്യരായി ചിരിച്ചും കളിച്ചും ചിലപ്പോള്‍ കരഞ്ഞും ഒപ്പമുണ്ട്‌.

കുറെപ്പേര്‍ സാധാരണക്കാരാണ്‌, എല്ലാ അര്‍ഥത്തിലും സാധാരണക്കാര്‍. 101 അധ്യായങ്ങളിലായി അതിലേറെപ്പേരെക്കുറിച്ചുള്ള നഖചിത്രങ്ങള്‍ വരച്ചപ്പോള്‍ പൊതുജീവിതത്തില്‍ ഒരുമേല്‍വിലാസവും ഉണ്ടാക്കാതെ മറഞ്ഞുപോയ വളരെയേറെപ്പേരെ ഉള്‍പ്പെടുത്താനായി. പ്രമുഖരോ പ്രശസ്‌തരോ ആയില്ല എങ്കിലും മറയാത്ത ചിത്രങ്ങള്‍ കോറിയിട്ടുപോയ സാധാരണക്കാരില്‍ പലരും അസാധാരണക്കാരാണ്‌. മകുടു എന്നുപേരുവീണ തങ്കപ്പന്‍ ആരായിരുന്നു ? കെ.ബാലകൃഷ്‌ണന്റെ സായാഹ്നസദസ്സുകളില്‍ നടത്തിപ്പുകാരാന്‍. മദ്യംസംഘടിപ്പിക്കുകയും പകര്‍ന്നുനല്‍കുകയും ചെയ്‌തിരുന്ന ഒരാള്‍. ആര്‍ക്കുമുമ്പിലും സൗജന്യത്തിന്‌ കൈനീട്ടാതെ, ജീവിതത്തെ ഒരു തമാശയായി മാത്രം കണ്ട്‌ ജീവിച്ച ആള്‍....ഇതുപോലുള്ള കഥാപാത്രങ്ങള്‍ ഇനിയുമേറെയുണ്ട്‌. സാധാരണ മനുഷ്യരെയും ഇങ്ങനെ അവതരിപ്പിക്കുന്നതില്‍ ഒരു തത്ത്വശാസ്‌ത്രം തന്നെയുണ്ട്‌ ജയചന്ദ്രന്‍നായര്‍ക്ക്‌. സ്വാമി ആനന്ദതീര്‍ഥനെക്കുറിച്ചുള്ള കുറിപ്പില്‍ അത്‌ വ്യക്തമാക്കുന്നുണ്ട്‌. ഗ്രേറ്റ്‌ എന്ന്‌ കരുതപ്പെടുന്ന പലരുടെയും കാലുകള്‍ കളിമണ്‍ നിര്‍മിതമാണ്‌. നമ്മെപ്പോലെ ജീവിച്ചുപോകുന്ന പലരിലുമാണ്‌ ഗ്രേറ്റ്‌നസ്സിന്റെ മിന്നലാട്ടങ്ങള്‍ കാണാനാവുക.

വൈവിദ്ധ്യം നിറഞ്ഞ ആള്‍ക്കൂട്ടമാണ്‌ ഈ കൃതിയിലുള്ളത്‌. മഹത്വത്തിന്റെ ഉയരങ്ങളില്‍ നില്‍ക്കുന്നു വി.ടി.യും പത്രാധിപര്‍ സുകുമാരനും സി.അച്യുതമേനോനും വൈക്കം ചന്ദ്രശേഖരന്‍ നായരും എം.കൃഷ്‌ണന്‍നായരും എം.പി.നാരായണപ്പിള്ളയും അയ്യപ്പപ്പണിക്കരും ഡോ.കെ.എന്‍.രാജും ഒ.വി.വിജയനും ജി.കുമരപ്പിള്ളയും ഇപ്പോഴും നമുക്കൊപ്പമുള്ള ആര്‍ട്ടിസ്റ്റ്‌ നമ്പൂതിരിയും എം.ടി.വാസുദേവന്‍നായരും മറ്റനവധിപേരും. കേരള ഗാമയെന്ന്‌ അറിയപ്പെട്ട ഗുസ്‌തിക്കാരന്‍ മണക്കാട്‌ നാരായണപിള്ളയുണ്ട്‌ കൂട്ടത്തില്‍. പേരുപറഞ്ഞാല്‍ അയല്‍വാസികള്‍പോലും ശരിക്കുമോര്‍ക്കാന്‍ ഇടയില്ലാത്ത വേറെ നിരവധിപേരും ഈ ആള്‍ക്കൂട്ടത്തിലുണ്ട്‌. എല്ലാവര്‍ക്കും ഒരു ജീവിതകഥയുണ്ട്‌, ഒരു സന്ദേശമുണ്ട്‌.

രാഷ്‌ട്രീയത്തില്‍നിന്നും അതിന്റെ റിപ്പോര്‍ട്ടിങ്ങില്‍നിന്നും അകന്നുനിന്ന ഗ്രന്ഥകര്‍ത്താവ്‌ ഒരധ്യായം നീക്കിവെച്ചത്‌ സ്വന്തം രാഷ്‌ട്രീയതത്ത്വശാസ്‌ത്രം വ്യക്തവും ശക്തവുമായി അവതരിപ്പിക്കാനാണ്‌. കമ്യുണിസ്റ്റ്‌ ഭരണവും വിമോചന സമരവും എന്ന ലേഖനം അമ്പത്തേഴിലെ ആദ്യ കമ്യൂണിസ്റ്റ്‌ മന്ത്രിസഭയെകുറിച്ചുള്ള ധാരണകള്‍ തിരുത്തിക്കുറിക്കുന്നു. വിമോചനസമരം നടത്തിയ വലുതപക്ഷ പാര്‍ട്ടികള്‍ പോലും ഇന്ന്‌ വിമോചനസമരത്തെ ചെറിയൊരു മാപ്പപേക്ഷയോടെ മാത്രമേ ഓര്‍മിപ്പിക്കാറുള്ളൂ. പൂര്‍ണമായി വലതുപിന്തിരിപ്പന്‍മാരുടെയും അമേരിക്കന്‍ ഏജന്റുമാരുടെയും സമരമായിരുന്നു അതെന്ന കമ്യൂണിസ്‌റ്റ്‌ കാഴ്‌ച്ചപ്പാടിനെ ജയചന്ദ്രന്‍ നായര്‍ ചോദ്യം ചെയ്യുന്നു. കമ്യൂണിസ്റ്റ്‌ പാര്‍ട്ടിയേക്കാള്‍ ഇടതുപക്ഷത്ത്‌ നീങ്ങിനിന്നിരുന്ന ആര്‍.എസ്‌.പി. വിമോചനസമരത്തിന്റെ മുന്നില്‍നിന്ന പാര്‍ട്ടിയാണ്‌. " കമ്യൂണിസ്റ്റ്‌ പ്രസ്ഥാനം അടിസ്ഥാനപരമായും ജനാധിപത്യസമ്പ്രദായത്തിന്റെ ലംഘനമാണ്‌" എന്ന്‌ പറയാന്‍ ജയചന്ദ്രന്‍നായര്‍ മടിക്കുന്നില്ല. ആദ്യകമ്യൂണിസ്‌റ്റ്‌ ഭരണം അതുതെളിയിക്കുക തന്നെ ചെയ്‌തു. പാര്‍ട്ടിക്കാരോ അനുഭാവികളോ അല്ലാത്തവരുടെ സ്വകാര്യജീവിതംപോലും നാട്ടിന്‍പുറങ്ങളില്‍ വിഘ്‌നപ്പെടുന്ന അവസ്ഥയാണ്‌ വിമോചനസമരത്തിലേക്ക്‌ നയിച്ചതെന്ന്‌ ലേഖകന്‍ വ്യക്തമാക്കുന്നത്‌ സ്വന്തം അനുഭവങ്ങളുടെ ബലത്തില്‍ നിന്നാണ്‌. ഇന്നും ആ നില വലുതായൊന്നും മാറിയിട്ടില്ലെന്ന്‌ കരുതുന്നവരുമുണ്ട്‌.

കെ.സുകുമാരനും പി.കെ.ബാലകൃഷ്‌ണനും നരേന്ദ്രനും കള്ളിക്കാട്‌ രാമചന്ദ്രനും മാധവണ്ണനും പി.സി.സുകുമാരന്‍ നായരുമെല്ലാം തിരുവനന്തപുരം പ്രവര്‍ത്തനമേഖലയാക്കിയ പത്രപ്രവര്‍ത്തകരെങ്കില്‍ ശ്യാംലാലും വി.കെ.മാധവന്‍കുട്ടിയും നരേന്ദ്രനും ഡല്‍ഹിയില്‍ പ്രവര്‍ത്തിച്ചവരാണ്‌. ഏറെ മഹാസംഭവങ്ങളിലെ നായകരാണവര്‍. ചരിത്രഗ്രന്ഥങ്ങളിലൊന്നും സ്ഥാനംപിടിക്കാന്‍ കഴിയാതെ പോയ എത്രയോ പേരുണ്ട്‌. എം.എസ്‌.മണിയെന്ന്‌ കേട്ടാല്‍ ഇന്ന്‌ കേരളകൗമുദി പത്രാധിപരെയേ ആരും ഓര്‍ക്കൂ. രാവും പകലും പത്ര ഓഫീസില്‍ എഴുതിക്കൊണ്ടിരിക്കുകയും പുലരാനാകുമ്പോള്‍ അവിടെ മേശപ്പുറത്ത്‌ കടലാസ്‌ വിരിച്ച്‌ കിടന്നുറങ്ങുകയും ചെയ്യുന്ന മണിസ്വാമി എന്ന്‌ വിളിക്കപ്പെട്ടിരുന്ന എം.എസ്‌.മണിയെ അധികമാളുകള്‍ക്കറിയില്ല. ആളുകള്‍ ഓര്‍ക്കുന്നത്‌ മണിയുടെ സംഭാവനയായ ഒരു മഹാഅബദ്ധമാണ്‌. അത്‌ മലയാള പത്രപ്രവര്‍ത്തനചരിത്രത്തിലെ ഒരു സംഭവമായി ജേണലിസം വിദ്യാര്‍ഥികളെ പഠിപ്പിക്കാറുപോലുമുണ്ട്‌. വെള്ളപ്പൊക്കത്തില്‍ സ്ലീപ്പറുകള്‍ ഒഴുകിപ്പോയി എന്നത്‌, ഉറങ്ങുന്നവര്‍ ഒഴുകിപ്പോയി എന്ന്‌ തര്‍ജമ ചെയ്‌തതാണ്‌ മണിയെ ' അനശ്വര ' നാക്കിയത്‌. അബദ്ധം മനസ്സിലായപ്പോള്‍ പിറ്റേന്ന്‌ രാവിലെ " ..അദ്ദേഹം പത്ര ഓഫീസിന്‌ മുന്‍വശത്തുള്ള റെയില്‍പാലത്തിലൂടെ വടക്കോട്ട്‌ നടന്നുപോയി " എന്നാണ്‌ ജയചന്ദ്രന്‍നായര്‍ ഓര്‍മിക്കുന്നത്‌.

ആഴ്‌ചതോറും എഴുതുന്ന പംക്തിയില്‍ നൂറിലേറെപ്പേരെ അവതരിപ്പിക്കുമ്പോള്‍ ആഴത്തിലുള്ള ഗവേഷണമൊന്നും സാധ്യമല്ലെന്ന്‌ വ്യക്തം. അതുകൊണ്ടുതന്നെ ചിലതെല്ലാം സാധാരണ ചരമക്കുറിപ്പുകളുടെ നിലയില്‍ നിന്നുയരുന്നില്ല. എന്നാല്‍, ഒ.വി.വിജയനെയും എം.ടി.വാസുദേവന്‍നായരെയും എം.കൃഷ്‌ണന്‍നായരെയും എം.സുകമാരനെയും പോലുള്ളവരെക്കുറിച്ച്‌ എഴുതപ്പെട്ട നിരവധി കുറിപ്പുകളിലാവട്ടെ അസാധാരണമായ ഉള്‍ക്കാഴ്‌ചയും നിരീക്ഷണപാടവവും ഉണര്‍ന്നുനില്‍ക്കുന്നു. എല്ലാമൊന്നും വെറും പുകഴ്‌ത്തലുകളല്ല. എം.ഗോവിന്ദന്‍, സി.അച്യുതമേനോന്‍ തുടങ്ങിയവര്‍ ഏറെയും ആരാധന മാത്രം ഏറ്റുവാങ്ങിയിട്ടുള്ളവരാണ്‌. ജയചന്ദ്രന്‍ നായര്‍ ഇവരെക്കുറിച്ച്‌ വര്‍ണശബളമായ ചിത്രമല്ല വരച്ചിട്ടുള്ളത്‌.

തിരുവിതാംകൂര്‍ കേന്ദ്രിതമാണ്‌ ഈ കൃതി. എന്നാല്‍ വടക്കുള്ള പലരും ഈ സമാഹാരത്തില്‍ തിളങ്ങിനില്‍ക്കുന്നുണ്ട്‌. തലശ്ശേരിക്ക്‌ സര്‍ക്കസ്സിന്റെ പേരിലുള്ള ചരിത്രപ്രശസ്‌തി തലശ്ശേരിക്കാര്‍പ്പോലും മറന്നിരിക്കാം. കലയേക്കാളേറെ കണ്ണീരായിരുന്നു സര്‍ക്കസ്‌ എന്ന്‌ തന്റെ കഥകളിലൂടെ നമ്മെ ബോധ്യപ്പെടുത്തിയ ശ്രീധരന്‍ ചമ്പാടിനെ ഇന്ന്‌ വടക്കുള്ളവര്‍ ഓര്‍ക്കുന്നുണ്ടോ എന്നറിയില്ല, ജയചന്ദ്രന്‍ നായര്‍ ഓര്‍ക്കുന്നുണ്ട്‌.

ഒരു കാലഘട്ടത്തിന്റെയും ഒരു സംസ്‌കാരത്തിന്റെയും കാച്ചിക്കുറുക്കിയ സത്തയാണ്‌ ഈ ഗ്രന്ഥമെന്ന്‌ അവതാരികയില്‍ ടി.ജെ.എസ്‌ ജോര്‍ജ്‌ കാച്ചിക്കുറുക്കി പറഞ്ഞിട്ടുണ്ട്‌. അതാണ്‌ കാര്യം.
<സംഷിപ്‌തരൂപം മാതൃഭൂമി വാരാന്തപ്പതിപ്പില്‍ 2010 മാര്‍ച്ചില്‍ പ്രസിദ്ധപ്പെടുത്തി)

എന്റെ പ്രദക്ഷിണവഴികള്‍
എസ്‌.ജയചന്ദ്രന്‍ നായര്‍
സൈന്‍ ബുക്‌സ്‌

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

വര്‍ക്കിങ്ങ് ജേണലിസ്റ്റ് ആക്റ്റും വേജ് ബോര്‍ഡും ഇല്ലാതാക്കി

കേരള മാധ്യമങ്ങളുടെ ആറു പതിറ്റാണ്ട്

ഐ.വി ബാബു: നിലപാടുകളില്‍ ഉറപ്പ്, സ്‌നേഹത്തിന്റെ സമൃദ്ധി