കൊലക്കേസ് അന്വേഷണവും വാര്‍ത്താശേഖരണവും


ഒരു കൊലക്കേസ്സിലെ അന്വേഷണ വിവരങ്ങള്‍ പത്രങ്ങള്‍ പ്രസിദ്ധപ്പെടുത്തുന്നതിനെതിരെ ഒരു പ്രധാന രാഷ്ട്രീയപ്പാര്‍ട്ടി കോടതിയെ സമീപിച്ചത് ഈയിടെ ചര്‍ച്ചാവിഷയമായിരുന്നു. പാര്‍ട്ടിയുടെ നിരവധി പ്രവര്‍ത്തകര്‍ ആ കൊലക്കേസ്സില്‍ അറസ്റ്റ് ചെയ്യപ്പെട്ടിരുന്നുവെന്നതും പാര്‍ട്ടിയെ പ്രതിക്കൂട്ടിലാക്കുന്ന വിധത്തിലുള്ള മൊഴികള്‍ അവരില്‍ നിന്നുണ്ടായി എന്ന് നിരന്തരമായി പത്രവാര്‍ത്തകള്‍ വരികയും ചെയ്തപ്പോഴാണ് പാര്‍ട്ടി കോടതിയില്‍ എത്തിയത്. പാര്‍ട്ടിയെ കുറ്റപ്പെടുത്താന്‍ ആവില്ല. കൊലയുമായി ബന്ധമുള്ളവരാണ് പിടിയിലായത് എന്നോ, പിടിയിലായവര്‍ കുറ്റം ഏറ്റുപറഞ്ഞിരുന്നുവെന്നോ അവര്‍ മൊഴി നല്‍കിയ കാര്യങ്ങള്‍ തന്നെയാണ് പോലീസ് മാധ്യമങ്ങളോട് പറഞ്ഞത് എന്നോ പോലീസ് പറഞ്ഞ കാര്യങ്ങള്‍ തന്നെയാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത് എന്നോ ആര്‍ക്കും ഉറപ്പിച്ചുപറയാനാവില്ല. ആ നിലയ്ക്ക് പാര്‍ട്ടിക്ക് ഒന്നേ ചെയ്യാന്‍ തോന്നിയുള്ളൂ. അന്വേഷണ വിവരങ്ങള്‍ പോലീസ് പുറത്തുപറയരുത്, പറഞ്ഞാലും പത്രങ്ങള്‍ അതൊന്നും പ്രസിദ്ധപ്പെടുത്തരുത് എന്നുനിബന്ധനയുണ്ടാക്കുക. അവര്‍ക്ക് പിടിവള്ളിയായി ഒരു കേസ്സില്‍ സുപ്രിം കോടതി പറഞ്ഞ തത്ത്വമുണ്ട്. കേസന്വേഷണവിവരങ്ങള്‍  മുഴുവന്‍ മാധ്യമങ്ങളില്‍ വന്നാല്‍ അത് കോടതിയുടെ നടപടികളെ തടസ്സപ്പെടുത്തും. കേസ് അന്വേഷണവാര്‍ത്തകള്‍ക്ക്് മേല്‍ സുപ്രിം കോടതി സമ്പൂര്‍ണ നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട് എന്ന് ഹൈക്കോടതിയെ ധരിപ്പിക്കാനാണ് പാര്‍ട്ടി ശ്രമിച്ചത്. ഇത് ശരിയോ സമൂഹതാല്‍പ്പര്യത്തിന് അനുഗുണമോ അല്ല എന്ന് പറഞ്ഞുകൊള്ളട്ടെ.

മാധ്യമപ്രവര്‍ത്തകര്‍ പലപ്പോഴും ചെയ്യുന്നത് ഒരുതരം പോലീസ് പണിയാണ്. കൂറ്റകൃത്യങ്ങള്‍ നടക്കുന്നേടത്ത് പാഞ്ഞെത്തുക, കുറ്റവാളിയെ കുറിച്ച് വിവരം ശേഖരിക്കുക, തെളിവ് തേടുക.... ഈ പ്രവര്‍ത്തികള്‍ രണ്ടുകൂട്ടരും ചെയ്യുന്നു. പത്രക്കാര്‍ ചെയ്യുന്ന വാര്‍ത്താശേഖരണം പൊലീസുകാരും ചെയ്യുന്നുണ്ട്. അവര്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് അധികാരികള്‍ക്കാണ്, പൊതുജനങ്ങള്‍ക്കല്ല എന്നതുമാത്രമാണ് അക്കാര്യത്തിലുള്ള വ്യത്യാസം. മിക്കപ്പോഴും മിത്രങ്ങളും പലപ്പോഴും ശത്രുക്കളും ആയി പ്രവര്‍ത്തിക്കുന്നവരാണ് പോലീസുകാരും പത്രക്കാരും. പോലീസുകാര്‍ക്ക് പത്രക്കാരെ വേണം, പത്രക്കാര്‍ക്ക് പോലീസിനെയും. തൊഴില്‍പരമായ നിലനില്‍പ്പിന് ആവശ്യമായതുകൊണ്ടാണ് ഇവര്‍ തമ്മിലുള്ള ബന്ധം നിലനില്‍ക്കുന്നത്. എന്നാല്‍ ഈ ബന്ധത്തിന് നിയമപരമായ എന്ത് അടിത്തറയാണ് ഉള്ളത് എന്ന കാര്യം അപൂര്‍വമായേ ചര്‍ച്ച ചെയ്യപ്പെടാറുള്ളൂ.  നാട്ടില്‍ ഏറെ വിവാദമായ ഒരു കുറ്റകൃത്യം രാഷ്ട്രീയമായ താല്പര്യങ്ങള്‍ ഉള്ളത് കൂടിയാകുമ്പോള്‍ ഇതിന്റെ വിവരശേഖരണവും വിതരണവും പ്രശ്‌നസങ്കീര്‍ണമാകുന്നു. പത്രങ്ങളുടെ നിലപാടുകള്‍ ചോദ്യം ചെയ്യപ്പെടുന്നു. രാഷ്ട്രീയ താത്പര്യം ആരോപിക്കപ്പെടുന്നു. കേസ്സിന്റെ വിവരങ്ങള്‍ പത്രക്കാര്‍ക്ക് നല്‍കിയാല്‍ വലിയ കുറ്റമായി അത് വ്യാഖ്യനിക്കപ്പെടും. നല്‍കിയില്ലെങ്കിലോ ? അതും കുറ്റംതന്നെ. ഒരു കുറ്റകൃത്യത്തിന്റെ, അത് സംബന്ധിച്ച അന്വേഷണത്തിന്റെ വിവരങ്ങള്‍ പത്രക്കാര്‍ക്ക്് നല്‍കാന്‍ നിയമം അനുവദിക്കുന്നുണ്ടോ ? ആരാണ് അത് നല്‍കേണ്ടത്്, എത്രത്തോളം നല്‍കാം, എന്താണ് ഇതിന്റെ നിയമപരമായ അടിസ്ഥാനം ? ഏത് ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് പോലീസ് ഇപ്പോള്‍ മാധ്യമങ്ങള്‍ക്ക് വിവരം നല്‍കുന്നത് ? നല്‍കാതിരിക്കുന്നത് ? ഉത്തരം കിട്ടാന്‍ പ്രയാസമുളള ഒരുപാട് ചോദ്യങ്ങള്‍ ഉയരുന്ന വിഷയമാണിത്.

ലെജസ്ലേറ്റീവും എക്‌സിക്യൂട്ടീവും ജുഡീഷ്യറിയും പോലെ ജനാധിപത്യഭരണസംവിധാനത്തിന്റെ അനിവാര്യമായ നാലാമത്തെ ഘടകമാണ് ഫോര്‍ത്ത് എസ്റ്റേറ്റ് എന്ന് പറയാറുണ്ടെങ്കിലും പ്രായോഗികമായി മാധ്യമപ്രവര്‍ത്തനത്തിന് യാതൊരു നിയമ പിന്‍ബലവുമില്ല, വ്യവസ്ഥകളുമില്ല എന്നത് വലിയ വിരോധാഭാസമായി നിലനില്‍ക്കുന്നു. മാധ്യമപ്രവര്‍ത്തകന് എവിടെയും കയറിച്ചെന്ന് എന്ത് വിവരവും തേടാനുള്ള എന്തോ അവകാശം ഉണ്ട് എന്ന ധാരണ ഉദ്യോഗസ്ഥരില്‍ ഉള്ളതുകൊണ്ടാണ് പത്രപ്രവര്‍ത്തനം നടന്നുപോകുന്നത് എന്ന് പലപ്പോഴും തോന്നാറുണ്ട്. അങ്ങനെ വല്ല അവകാശവും ഉണ്ടോ ? സര്‍ക്കാര്‍ അങ്ങനെ വല്ല ഉത്തരവും പുറപ്പെടുവിച്ചിട്ടുണ്ടോ ?. പത്രക്കാര്‍ ചോദിക്കുന്ന വിവരങ്ങള്‍ നല്‍കണമെന്ന് എവിടെയും വ്യവസ്ഥ ചെയ്തിട്ടില്ല. എന്നുമാത്രമല്ല പത്രക്കാര്‍ക്ക് വിവരം കൊടുക്കരുത് എന്ന് വാക്കാലും അല്ലാതെയുമുള്ള കല്‍പ്പനകള്‍ ഉന്നതങ്ങളില്‍ നിന്ന് ഉണ്ടാകാറുമുണ്ട്. വിവരാവകാശനിയമം വരുന്നതുവരെ ഔദ്യോഗിക രഹസ്യനിയമം ആയിരുന്നു നിലവിലുണ്ടായിരുന്നത്. അതുപ്രകാരം സര്‍ക്കാര്‍ സംവിധാനത്തിലെ എന്തുവിവരവും രഹസ്യമാണ്. അത് പുറത്ത് കൊടുക്കുന്നത് കുറ്റമാണ്. ആ പ്രതിബന്ധം ഇപ്പോള്‍ ഇല്ലെങ്കിലും വിവരം ശേഖരിക്കുക എന്നത് പത്രപ്രവര്‍ത്തകനെ സംബന്ധിച്ചിടത്തോളം ഇന്നും ഭിക്ഷാടനമാണ്. ഉ്േദ്യാഗസ്ഥന്‍ സഹകരിച്ചില്ലെങ്കില്‍ വിവരം കിട്ടില്ല. പോലീസ് നടത്തുന്ന കുറ്റാന്വേഷണങ്ങളില്‍ വിവരാവകാശ നിയമത്തിനുപോലും വലിയ പ്രായോഗിക പ്രാധാന്യമില്ല. പത്ത് രൂപ സ്റ്റാമ്പ് ഒട്ടിച്ച് അപേക്ഷിച്ച് ഒരു മാസത്തിനകം  കിട്ടിയാല്‍ പ്രസിദ്ധപ്പെടുത്താവുന്ന ഒന്നല്ല പോലീസ് വാര്‍ത്ത. ഇതുകാരണം എല്ലായ്‌പ്പോഴും റിപ്പോര്‍ട്ടര്‍ ഏതെങ്കിലും ഉദ്യോഗസ്ഥനെ വിവരശേഖരണത്തിനായി ആശ്രയിക്കുന്നു. എ റിപ്പോര്‍ട്ടര്‍ ഈസ് ആസ് ഗുഡ് ആസ് ഹിസ് സോഴ്‌സ് എന്നാണ് വാക്യം. തന്ന വിവരം സത്യമാണോ ? ഒരു ഉറപ്പുമില്ല. ആട്ടെ രേഖ കാണിക്കൂ എങ്കിലേ ഞാന്‍ റിപ്പോര്‍ട് ചെയ്യൂ എന്നുപറയാന്‍ മിക്കപ്പോഴും ലേഖകന് കഴിയില്ല. വാര്‍ത്താശേഖരണത്തിന്റെ വലിയ ഒരു പരിമിതിയാണ് അത്.

 സാങ്കേതികതകള്‍ മാറ്റിവെച്ച് മാധ്യമപ്രവര്‍ത്തകന് വിവരങ്ങള്‍ നല്‍കാന്‍ പോലീസ്  തയ്യാറാകുകയാണ് വേണ്ടത്. താല്‍ക്കാലിക രാഷ്ട്രീയ ലാഭനഷ്ടങ്ങളുടെ പരിഗണനകള്‍ മാറ്റിവെച്ച് ഇക്കാര്യത്തില്‍ ഉദാരമായ സമീപനമാണ് പാര്‍ട്ടികളും ഭരണകൂടവും സ്വീകരിക്കേണ്ടത്. കേസ് അന്വേഷണവിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് നല്‍കരുത് എന്ന വ്യവസ്ഥ ഉണ്ടാക്കാനല്ല കോടതിയെ സമീപിക്കേണ്ടത്, സത്യമായ വിവരങ്ങള്‍ നല്‍കുന്നു എന്നും അത് സത്യമായിത്തന്നെ പ്രസിദ്ധപ്പെടുത്തുന്നു എന്നുംഉറപ്പ് വരുത്താനുമാണ് കോടതിയെ സമീപിക്കേണ്ടിയിരുന്നത് എന്ന് തോന്നുന്നു. ജനശ്രദ്ധയാകര്‍ഷിക്കുന്ന കേസ്സുകളിലെങ്കിലും വിവരം ജനങ്ങള്‍ക്ക് നല്‍കേണ്ടതുണ്ട്.  അതിന്റെ പരിധികള്‍ പോലീസോ കോടതിയോ തീരുമാനിക്കട്ടെ. നിര്‍ഭാഗ്യവശാല്‍ വിവരവിതരണത്തിന് ഇപ്പോഴും ഒരു സംവിധാനവും ഇല്ല. എങ്ങനെ വിവരം നല്‍കാം എന്നല്ല, എങ്ങനെ നല്‍കാതിരിക്കാം എന്ന ചിന്ത ഉദ്യോഗസ്ഥരെ നയിക്കുന്നു.. പോലീസ് നയത്തെ കുറിച്ച് വലിയ ചര്‍ച്ചകള്‍ എപ്പോഴും നടക്കാറുണ്ടെങ്കിലും പൊലീസിന്റെ സുതാര്യത നിര്‍ഭാഗ്യവശാല്‍ ചര്‍ച്ചാവിഷയമാകാറില്ല.  എന്തുകൊണ്ടാണ് മീഡിയാ റിലേഷന്‍സിന് ഒരു നയമോ സംവിധാനമോ ഇല്ലാത്തത് ? വികസിത രാജ്യങ്ങളില്‍ പോലീസ് ആസ്ഥാനത്ത് തന്നെ വിവരങ്ങള്‍ നല്‍കാന്‍ സംവിധാനം ഏര്‍പ്പെടുത്താറുണ്ട്. ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥര്‍തന്നെ എല്ലാ ദിവസവും മീഡിയ ബ്രീഫിങ് നടത്തുകയാണ് ചെയ്യുക. എന്തുകൊണ്ട് നമുക്ക് ഇത്തരമൊരു സംവിധാനമുണ്ടാക്കാന്‍ കഴിയുന്നില്ല ?

മീഡിയ റിലേഷന്‍സ് എന്നത് ഒരു മുഖ്യവിഷയമായി പോലീസ് പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തിയ രാജ്യങ്ങള്‍ നിരവധിയാണ്. ജനങ്ങളോട് ഉത്തരം പറയാന്‍ ബാധ്യസ്ഥമാണ് എന്നതുകൊണ്ടാണ് പോലീസ് മേധാവികളും പത്രക്കാരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയേണ്ടതുണ്ട് എന്ന് ശഠിക്കുന്നത്. അതത് ദിവസത്തെ സംഭവങ്ങള്‍ രേഖപ്പെടുത്തിയ പോലീസ് വെബ് സൈറ്റില്‍ കയറിനോക്കാന്‍ പത്രക്കാര്‍ക്ക് പ്രത്യേക പാസ്വേഡ് അനുവദിക്കുന്ന സമ്പ്രദായം പല വികസിത രാജ്യങ്ങളിലുമുണ്ട്. ക്രമസമാധാന പാലനത്തിലും നിയമവാഴ്ച ഉറപ്പുവരുത്തുന്നതിലും പോലീസുമായി സഹകരിക്കാനുള്ള ധാര്‍മിക ബാധ്യത പത്രപ്രവര്‍ത്തകര്‍ക്കും മാധ്യമങ്ങള്‍ക്കുമുണ്ട് എന്ന വസ്തുത കൂടി എടുത്തുപറയേണ്ടതുണ്ട്. കാരണം, ആത്യന്തികമായി പോലീസിന്റെയും ഫോര്‍ത് എസ്‌റ്റേറ്റിന്റെയും ബാധ്യത സമൂഹത്തോടാണ്. സമൂഹത്തിന് നീതിയും സമാധാനവും നല്‍കുന്നതിന് അവര്‍ ബാധ്യസ്ഥരാണ്. ഇക്കാര്യത്തില്‍ അവര്‍ ശത്രുക്കളല്ല, മിത്രങ്ങളാവണം.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

വര്‍ക്കിങ്ങ് ജേണലിസ്റ്റ് ആക്റ്റും വേജ് ബോര്‍ഡും ഇല്ലാതാക്കി

കേരള മാധ്യമങ്ങളുടെ ആറു പതിറ്റാണ്ട്

ഐ.വി ബാബു: നിലപാടുകളില്‍ ഉറപ്പ്, സ്‌നേഹത്തിന്റെ സമൃദ്ധി