സമവായ ഉപായങ്ങള്‍


സി.പി.എം., ബി.ജെ.പി. തുടങ്ങിയ പാര്‍ട്ടികള്‍ ഭാരവാഹികളെ തിരഞ്ഞെടുക്കാന്‍ അംഗങ്ങളെ ചേര്‍ക്കലും തിരഞ്ഞെടുപ്പുമൊക്കെ നടത്തും. ഉള്‍പാര്‍ട്ടി ജനാധിപത്യത്തിന്റെ കുറവാണ് അത് കാണിക്കുന്നത്. കോണ്‍ഗ്രസ്സിന് അതിന്റെ ആവശ്യമൊന്നുമില്ല. ഇന്ത്യയില്‍ ജനാധിപത്യം കണ്ടുപിടിച്ച പാര്‍ട്ടിയല്ലേ അത്. ചാട്ടത്തിന്റെ ആശാന്മാര്‍ക്ക് വളയമില്ലാതെയും ചാടാം. കോണ്‍ഗ്രസ് അതിന്റെ ഭാരവാഹികളെ ഏകകണ്ഠമായാണ് തിരഞ്ഞെടുക്കുക. ഹൈക്കമാന്‍ഡിലാണ് ഏകമായ ആ കണ്ഠം.

തിരഞ്ഞെടുപ്പിനെക്കുറിച്ചുള്ള ചിന്ത നാലഞ്ചുകൊല്ലം കൂടുമ്പോഴാണ് പാര്‍ട്ടിയില്‍ ഉണ്ടാകാറ്. ഒട്ടും ആവശ്യമില്ലാത്ത സംഗതിയായതുകൊണ്ട് കഴിയുന്നത്ര നീട്ടിവെക്കും. പിന്നെ നടത്തിയെന്നുവരുത്തും. മുന്‍കാലങ്ങളില്‍ ഏകകണ്ഠത്തിലേക്ക് നയിക്കാന്‍ സമവായം ഉണ്ടാക്കുമായിരുന്നു. സുതാര്യം എന്നതുപോലെ സമവായം എന്ന വാക്കും കണ്ടുപിടിച്ചത് കോണ്‍ഗ്രസ്സുകാരാണ്. ഹൈക്കമാന്‍ഡില്‍ സമവായം ഉണ്ടാക്കാന്‍ ഗ്രൂപ്പുകാര്‍ അവിടെപ്പോയി കാവല്‍ കിടക്കാറായിരുന്നു പതിവ്. എത്ര കാലമാണ് ചോറുരുട്ടി വായില്‍ വെച്ചുകൊടുക്കുക. ഇത്തവണ സമവായം കേരളത്തില്‍ത്തന്നെ നടത്തിക്കോളാന്‍ കല്‍പ്പിച്ചിരിക്കുകയാണ്.


കെ.പി.സി.സി. പ്രസിഡന്റ് രമേശ് ചെന്നിത്തലയും പ്രതിപക്ഷനേതാവ് ഉമ്മന്‍ ചാണ്ടിയും അതിന്റെ പണിയിലാണ്. ഇത്ര വലിയ പൊല്ലാപ്പാണ് എന്നറിഞ്ഞിരുന്നില്ല. പാര്‍ട്ടിയില്‍ ഗ്രൂപ്പില്ല. പക്ഷേ, കഴിഞ്ഞ ജന്മത്തിലെ ഗ്രൂപ്പ് നോക്കിവേണം ഭാരവാഹികളെ തീരുമാനിക്കാന്‍. അതുനോക്കാന്‍ ഒരുവഴിയുമില്ല. ബൂത്തുതലത്തിലെങ്കിലും തിരഞ്ഞെടുപ്പ് നടത്തിയിരുന്നെങ്കില്‍ അറിയാമായിരുന്നു. അതു ആദ്യമേ വേണ്ട എന്നുതീരുമാനിച്ചു. ശക്തി അറിഞ്ഞാലാണ് കൂടുതല്‍ ബുദ്ധിമുട്ടാവുക എന്നറിയാനുള്ള ബുദ്ധിക്ക് ഒരു മുട്ടുമുണ്ടായില്ല. ഇപ്പോഴിതാ രണ്ടുമാസമായി ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും ഒറ്റ ഇരിപ്പാണ്. കാസര്‍കോട് മുതല്‍ തിരുവനന്തപുരംവരെ ബൂത്തുകമ്മിറ്റിമുതല്‍ മേലോട്ടുള്ള കമ്മിറ്റികളില്‍ ആരെ ഭാരവാഹികളാക്കണം എന്നവര്‍ ഗണിച്ചെടുക്കും. വോട്ടെടുപ്പുവേണം എന്നും മറ്റുംപറഞ്ഞ് അലങ്കോലമുണ്ടാക്കുന്ന മുട്ടാളന്മാരെ കണ്ഠത്തില്‍ ഞെക്കി നിശ്ശബ്ദമാക്കും. ഇതിനെയാണ് ഏകകണ്ഠം എന്ന് പറയുക. കണ്ഠങ്ങള്‍ സൈലന്റ് ആകുന്ന അവസ്ഥയ്ക്ക് സമവായം എന്നും പറയും.

ബ്ലോക്കുകളിലും മണ്ഡലങ്ങളിലും സമവായ ഓഫീസര്‍മാരെ നിയോഗിച്ചിരുന്നു. പണ്ട് ഈ പോസ്റ്റിന് റിട്ടേണിങ് ഓഫീസര്‍ എന്നായിരുന്നു പേര്. അവര്‍ ശ്രമിച്ച് പരാജയപ്പെട്ട ഇടങ്ങളാണ് ചെന്നിത്തലയും ചാണ്ടിയും ചേര്‍ന്ന് യുദ്ധകാലാടിസ്ഥാനത്തില്‍ കൈകാര്യം ചെയ്യുന്നത്. ഇരുന്ന ഇരിപ്പില്‍ നിന്ന് എഴുന്നേല്‍ക്കാനോ നാല് ശുപാര്‍ശക്കാരെ കാണാനോ പോലും ഉമ്മന്‍ചാണ്ടിക്കു കഴിയുന്നില്ല. പഞ്ചായത്ത് തിരഞ്ഞെടുപ്പിനുമുമ്പെങ്കിലും ഈ പണി തീര്‍ക്കണമല്ലോ. ഇത് വിജയകരമായി പൂര്‍ത്തിയാക്കിയാല്‍പ്പിന്നെ കെ.പി.സി.സി. പ്രസിഡന്റിനെയും മറ്റും നിമിഷനേരം കൊണ്ട് തിരഞ്ഞെടുക്കാം. കെ.പി.സി.സി. മെമ്പര്‍മാരാണ് പ്രസിഡന്റിനെ തിരഞ്ഞെടുക്കേണ്ടത്. അവരെ തിരഞ്ഞെടുക്കുന്നത് ചെന്നിത്തലയും ചാണ്ടിയുമാണ്. അപ്പോള്‍പ്പിന്നെ ബുദ്ധിമുട്ടില്ല. ചെന്നിത്തലയ്ക്ക് പ്രസിഡന്റായി തുടരാം. എല്ലാം ഏകകണ്ഠം. അല്ലെങ്കിലും ബൂത്തുകളിലെ തിരഞ്ഞെടുപ്പിനുമുമ്പ് തന്നെ തീരുമാനിച്ചിരുന്നതാണ് പ്രസിഡന്റ് സ്ഥാനത്ത് ചെന്നിത്തല തുടരണമെന്ന്. അത്രയും ജനാധിപത്യം വേറെങ്ങുണ്ടാകും. ചെന്നിത്തലയുടെ പ്രസിഡന്റുകാര്യം ഒന്നുകൂടി ഉറപ്പുവരുത്താനാണ് ഈയിടെ കെ. സുധാകരന്‍ എം.പി. ഡല്‍ഹിയില്‍ പോയി സോണിയാജിയെക്കണ്ടത് എന്നൊരു പ്രചാരണമുണ്ട്. സത്യമല്ല, ഇറ്റലി ടീം ലോകകപ്പ്ഫുട്‌ബോളില്‍ തോറ്റതിന്റെ കാരണങ്ങള്‍ ചര്‍ച്ച ചെയ്യാനാണ് അദ്ദേഹം പോയത്. അപഖ്യാതികള്‍ പറഞ്ഞുപരത്തുന്നവരുടെ നാവുമുറിക്കാനൊന്നും കഴിയില്ല.

അഞ്ചുകൊല്ലം മുമ്പ് രമേശ് ചെന്നിത്തല കെ.പി.സി.സി. അധ്യക്ഷനായത് സമവായത്തിലൂടെയാണ്. ഹൈക്കമാന്‍ഡില്‍ നിന്ന് പാരച്യൂട്ടില്‍ വന്നിറങ്ങുന്നതിനെയും സമവായം എന്നാണ് പറയുക. ഗ്രൂപ്പ് സ്ഥിതിവിവരക്കണക്കില്‍ വളരെ ദുര്‍ബലനായിരുന്നു ചെന്നിത്തല. അല്ലെങ്കിലും കെ.പി.സി.സി. പ്രസിഡന്റ് ആകാന്‍ അണികളുടെ പിന്‍ബലത്തിന്റെ ആവശ്യമൊന്നുമില്ല. ചെന്നിത്തലയ്ക്ക് മുമ്പ് തെന്നല ബാലകൃഷ്ണപ്പിള്ളയായിരുന്നു അധ്യക്ഷന്‍. ഒരു വട്ടമല്ല രണ്ടുവട്ടം. ആദ്യം മൂന്നുവര്‍ഷം, പിന്നെ ഒരു വര്‍ഷം. ആറുമാസം കൊണ്ട് വേറെ സമവായം ഉണ്ടാക്കിത്തരാം എന്നുപറഞ്ഞാണ് ഹൈക്കമാന്‍ഡ് അദ്ദേഹത്തെപ്രതിഷ്ഠിച്ചത്. രണ്ടാംതവണ അദ്ദേഹം പ്രസിഡന്റായിരുന്ന ഘട്ടത്തിലാണ് പാര്‍ട്ടി വന്‍ഭൂരിപക്ഷം നേടി അധികാരത്തില്‍ വന്നത്. പാര്‍ട്ടിക്ക് അധികാരത്തില്‍വരാന്‍ പ്രസിഡന്റ് തന്നെ വേണ്ട എന്ന് അന്ന് തെളിഞ്ഞതാണ്. തെന്നലയായാലെന്ത് ചെന്നിത്തലയായാലെന്ത് ? കേരളത്തിലെ ജനങ്ങളോടുള്ള സ്‌നേഹംകൊണ്ടാണ് ഹൈക്കമാന്‍ഡ് സമവായം അടിച്ചേല്‍പ്പിച്ചത്. ചെറിയ ഒരു ഗ്രൂപ്പിസം തുടങ്ങിയപ്പോള്‍ത്തന്നെ തിരുവനന്തപുരത്ത് ഒരു കോണ്‍ഗ്രസ്സുകാരനെ സഹപ്രവര്‍ത്തകര്‍ ചവിട്ടിക്കൊന്നു. കേരളം മുഴുവന്‍ സംഘടനാതിരഞ്ഞെടുപ്പും വോട്ടെടുപ്പും നടന്നിരുന്നെങ്കില്‍ എന്താകുമായിരുന്നു അവസ്ഥ ? കോണ്‍ഗ്രസ്സുകാര്‍ തമ്മില്‍തല്ലി മരിച്ചതിന് കോടിയേരിയുടെ രാജി ആവശ്യപ്പെടാനുള്ള ഒരവസരം ചെന്നിത്തലയ്ക്ക് നഷ്ടപ്പെട്ടെന്നേയുള്ളൂ. ജനത്തിന് സമാധാനമുണ്ട്.

*** *** ***

ലിറ്ററിന് 26 രൂപയ്ക്ക് റിഫൈനറിയില്‍ നിന്നോ അതിനേക്കാള്‍ കുറഞ്ഞ വിലയ്ക്ക് വിദേശത്ത് നിന്നോ വാങ്ങുന്ന പെട്രോള്‍ ജനത്തിന് അമ്പത് രൂപയ്ക്ക് വിറ്റിട്ടാണ് കേന്ദ്രസര്‍ക്കാര്‍ നഷ്ടം നഷ്ടം എന്ന് രാപകല്‍ നിലവിളിക്കുന്നത്. വില കയറാതിരിക്കാന്‍ പെട്രോളിന് സബ്‌സിഡി നല്‍കുന്നുണ്ടെന്ന് ജനത്തെ തെറ്റിദ്ധരിപ്പിക്കാനും ശ്രമിക്കുന്നു.

സബ്‌സിഡി കൊടുക്കുന്നത് ജനത്തിനല്ല, പെട്രോളിയം കമ്പനികള്‍ക്കാണ്. പെട്രോളിയംകമ്പനികള്‍ക്ക് നഷ്ടമുണ്ടാകുന്നത് വില്പനവിലയില്‍ നല്ലൊരു പങ്ക് സര്‍ക്കാര്‍ നികുതിയായി പോക്കറ്റിലാക്കുന്നതുകൊണ്ടാണ്. ചെറിയ തുകയൊന്നുമല്ല, വിലയുടെ ഏതാണ്ട് അത്രതന്നെ വരുന്ന സംഖ്യയാണ് കേന്ദ്രവും സംസ്ഥാനവും പങ്കുവെച്ച് പോക്കറ്റിലാക്കുന്നത്. അവര്‍ പറയുന്നത് കേട്ടാല്‍ തോന്നുക നഷ്ടം സഹിച്ച് നമ്മളെ സഹായിക്കുകയാണ് എന്നാണ്.

കേന്ദ്രവും സംസ്ഥാനവും ജനത്തിന്റെ പോക്കറ്റടിക്കുന്നതില്‍ വലിയൊരു വ്യത്യാസമുണ്ടെന്ന കാര്യം ധനമന്ത്രി തോമസ് ഐസക് പറഞ്ഞപ്പോഴാണ് മനസ്സിലായത്. നമ്മളെ സഹായിക്കാന്‍ വേണ്ടിയാണ് പെട്രോളിന്‍മേല്‍ 29 ശതമാനത്തിലേറെ സംസ്ഥാനസര്‍ക്കാര്‍ നികുതി ചുമത്തിയിരിക്കുന്നത്. കേന്ദ്രം നികുതിചുമത്തുന്നത് നമ്മളെ ഉപദ്രവിച്ച് വശംകെടുത്താനാണ്. അതുകൊണ്ട് നികുതി കുറച്ച് വിലയില്‍ ആശ്വാസമുണ്ടാക്കാനുള്ള ബാധ്യത കേന്ദ്രത്തിനേ ഉള്ളൂ. കേരള സര്‍ക്കാറിനില്ല. നികുതി ഇനിയും കൂട്ടി ജനോപകാരം വര്‍ധിപ്പിക്കുന്നതിനെക്കുറിച്ച് തോമസ് ഐസക് ആലോചിക്കുന്നുണ്ടോ എന്നറിയില്ല.

പെട്രോള്‍ വിലവര്‍ധന എത്ര നിസ്സാരമാണെന്ന് കേന്ദ്രമന്ത്രി വിശദീകരിച്ചതുകേട്ടല്ലോ. ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്ന ഒരു കണക്കുണ്ട്. പെട്രോള്‍ ലിറ്ററിന് 55 രൂപയേ വില വരൂ. കൊക്കകോള ഒരു ലിറ്ററിന് അതിലേറെയുണ്ട്. ഡെറ്റോളിനുണ്ട് ലിറ്ററിന് 200 രൂപ. ചിലയിനം കുപ്പിവെള്ളത്തിന് 600 ല്‍ ഏറെ രൂപയുണ്ട്. ഹോട്ടലുകളിലെ കാപ്പിവില ശരിക്കുകൂട്ടിനോക്കിയാല്‍ ലിറ്ററിന് മുന്നൂറുരൂപയിലേറെ വരും. ഷേവിങ് ലോഷനുണ്ട് ആയിരത്തിയഞ്ഞൂറു രൂപ. കമ്പ്യൂട്ടര്‍ പ്രിന്ററിന്റെ മഷിവില കേട്ട് ഞെട്ടരുത്- ലിറ്ററിന് തൊണ്ണൂറായിരം രൂപ! മന്ത്രിക്ക് വേണമെങ്കില്‍ ഇതുകൂടി പറയാമായിരുന്നു.

*** *** ***

തെരുവോരങ്ങളില്‍ പൊതുയോഗം നടത്തുന്നത് കര്‍ക്കശമായി നിരോധിച്ചുകൊണ്ടുള്ള കോടതിവിധിയെക്കുറിച്ച് ഓര്‍മവന്നത്, ബന്ദ് നിരോധിച്ചുകൊണ്ടുള്ള കര്‍ക്കശവിധി അതികര്‍ക്കശമായി സംസ്ഥാനത്ത് നടപ്പാക്കിക്കൊണ്ടിരിക്കുന്ന ദിവസമായതിനാലാണ്. ഒരിടത്തും ക്രൂരബന്ദില്ല, സുന്ദരമായ ഹര്‍ത്താല്‍ മാത്രം.

തെരുവോരം കൈയടക്കി വഴി തടയുന്നത് മതപരമായ കാര്യത്തിനാണെങ്കില്‍ കോടതിയും കേസുമൊന്നുമുണ്ടാകാനിടയില്ല. ദൈവത്തോട് കളിക്കാന്‍ ആര്‍ക്കാവും. അതുകൊണ്ട് ബന്ദ് ഹര്‍ത്താലാക്കിയതുപോലെ വഴിയോര പൊതുയോഗത്തെ പ്രാര്‍ഥനായോഗമോ മറ്റോ ആക്കി നിയമത്തിന്റെ കണ്ണുവെട്ടിക്കാമോ എന്ന് നോക്കാവുന്നതാണ്. 'സി.പി.എം. പെരുങ്കളിയാട്ടം പിണറായി പ്രാര്‍ഥിക്കും, കോണ്‍ഗ്രസ് വലിയപെരുന്നാള്‍, ഉമ്മന്‍ ചാണ്ടി കുമ്പസരിക്കും' എന്നോ മറ്റോ ബോര്‍ഡ് വെച്ചാല്‍ മതിയായേക്കും. ശ്രമിച്ചുനോക്കാമല്ലോ.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

വര്‍ക്കിങ്ങ് ജേണലിസ്റ്റ് ആക്റ്റും വേജ് ബോര്‍ഡും ഇല്ലാതാക്കി

കേരള മാധ്യമങ്ങളുടെ ആറു പതിറ്റാണ്ട്

ഐ.വി ബാബു: നിലപാടുകളില്‍ ഉറപ്പ്, സ്‌നേഹത്തിന്റെ സമൃദ്ധി