ആത്മഹത്യ എങ്ങനെ റിപ്പോര്‍ട്ട്‌ ചെയ്‌തുകൂടാ?


ആത്മഹത്യയെക്കുറിച്ചുള്ള ഏതു ചര്‍ച്ചയിലും പത്രമാധ്യമങ്ങള്‍ പ്രധാന വിഷയമായി കടന്നുവരാറുണ്ട്‌്‌ ലോകമെങ്ങും. സാക്ഷരതയിലും സ്‌ത്രീവിദ്യാഭ്യാസത്തിലുമെതുപോലെ ആത്മഹത്യയിലും ലോകനിലവാരത്തേക്കാള്‍ `ഉയര്‍ന്നു' നില്‍ക്കുന്ന കേരളത്തില്‍ മാധ്യമങ്ങള്‍ ഇക്കാര്യത്തില്‍ വഹിക്കുന്ന നല്ലതോ ചീത്തയോ ആയ പങ്കിനെക്കുറിച്ച്‌ കാര്യമായ ചര്‍ച്ചയേ ഉണ്ടാകുന്നില്ലെന്നത്‌ ഖേദകരമാണ്‌.

ദക്ഷിണേന്ത്യ മൊത്തത്തില്‍തന്നെ ആത്മഹത്യ കൂടുതലുള്ള പ്രദേശമാണ്‌. കേരളമാണ്‌ മുന്നില്‍. 2003ല്‍ 11300 കേരളീയര്‍ സ്വയം ജീവനൊടുക്കി. തമിഴ്‌നാട്ടില്‍ 10,982 പേരും കര്‍ണാടകത്തില്‍ 10,934 പേരുമാണ്‌ ആത്മഹത്യ ചെയ്‌തത്‌. ഈ കണക്കുപോലും പ്രശ്‌നത്തിന്റെ ഗൗരവത്തിലേക്ക്‌ പൂര്‍ണമായി വെളിച്ചംവീശുില്ല. ജനസംഖ്യ കുറവാണ്‌ കേരളത്തിലെതുകൂടി കണക്കിലെടുത്തു വേണമല്ലോ ഈ കണക്കുകള്‍ വായിക്കാന്‍. വര്‍ഷം അമ്പതിനായിരത്തോളം പേര്‍ ദക്ഷിണേന്ത്യയില്‍ സ്വയം കൊല്ലുമ്പോള്‍, ഇന്ത്യയില്‍ ആകെ മരിക്കുന്നത്‌ ഒരു ലക്ഷം പേര്‍ മാത്രമാണെതും നമ്മുടെ പങ്ക്‌ ഗൗരവമുള്ളതാക്കുന്നു. ബ്രിട്ടീഷ്‌ മെഡിക്കല്‍ പ്രസിദ്ധീകരണമായ `ദി ലാന്‍സ്‌ലറ്റ്‌' നടത്തിയ പഠനത്തിന്റെ കണ്ടെത്തല്‍, യുവതീയുവാക്കളുടെ ആത്മഹത്യയുടെ കാര്യത്തില്‍ ദക്ഷിണേന്ത്യ ലോകത്തില്‍തന്നെ ഏറ്റവും ഗുരുതരസ്ഥിതി നേരിടുന്നുവെന്നാണ്‌. ഒരുലക്ഷം പേരുടെ ഇടയില്‍ എത്രപേര്‍ മരിക്കുന്നു എന്നതാണ്‌ ശാസ്‌ത്രീയമായ താരതമ്യത്തിനുവേണ്ടി നോക്കാറുള്ളത്‌. ലോകത്തിലിത്‌ ലക്ഷത്തില്‍ 14.5 പേരാണെങ്കില്‍ തമിഴ്‌നാട്ടിലെ വെല്ലൂരിലിത്‌ ലക്ഷത്തില്‍ 148 ആണ്‌. കേരളത്തിലെ ലക്ഷത്തില്‍ 32 പോലും ഇന്ത്യന്‍ ശരാശരിയുടെ മൂന്നിരട്ടിയാണ്‌. കാര്യം ഗൗരവമുള്ളതാണെന്ന്‌ മനസ്സിലാക്കാന്‍ ഇതിലേറെ കണക്കുകള്‍ വേണ്ടല്ലോ. കേരളത്തിനടുത്തുള്ള ശ്രീലങ്കയാണ്‌ ഏറ്റവും ഉയര്‍ന്ന ആത്മഹത്യാനിരക്കുള്ള മറ്റൊരു പ്രദേശമെന്നത്‌ യാദൃച്ഛികം മാത്രമാണോ എന്നറിയില്ല.

ഇനി, ഇതിലെന്താണ്‌ മാധ്യമങ്ങളുടെ പങ്ക്‌ എന്ന ചോദ്യമുയരാം. ലോകമെങ്ങും നടന്നിട്ടുള്ള പഠനങ്ങളിലെ ഒരു പ്രധാന കണ്ടെത്തല്‍ പുസ്‌തകം മുതല്‍ സിനിമയും പത്രവും ടെലിവിഷനുമുള്‍പ്പെടെ പല ഘടകങ്ങള്‍ക്ക്‌ ആത്മഹത്യ കൂറയ്‌ക്കാനും കൂട്ടാനും കഴിയും എന്നതാണ്‌. സിനിമ കണ്ട്‌ കുറ്റകൃത്യത്തിനു മുതിരും എന്നതുപോലെ സിനിമ കണ്ടും പത്രം വായിച്ചും ആത്മഹത്യക്ക്‌ മുതിരാം. ബാങ്കുവായ്‌പ കിട്ടാത്തതുകൊണ്ട്‌ വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്‌താല്‍ ബാങ്ക്‌ മാനേജര്‍ക്കെതിരെ പ്രേരണാക്കുറ്റമല്ല, കൊലപാതകക്കുറ്റംതന്നെ ചാര്‍ജ്ജ്‌ ചെയ്‌ത നാടാണ്‌ നമ്മുടേത്‌. യഥാര്‍ത്ഥത്തില്‍ മാധ്യമചിത്രീകരണമാണ്‌ ആത്മഹത്യക്ക്‌ പ്രേരിപ്പിക്കുന്ന ഏറ്റവും പ്രധാന ഘടകമെന്ന്‌ മനഃശാസ്‌ത്രഗവേഷകര്‍ക്ക്‌ അഭിപ്രായമുണ്ട്‌. എന്നാലും, പ്രേരണാക്കുറ്റത്തിന്‌ നമുക്കെതിരെ കേസ്സെടുക്കാറില്ലെതുകൊണ്ട്‌ നമ്മളാരും, മാധ്യമങ്ങള്‍, ഇക്കാര്യത്തില്‍ വഹിക്കുന്ന പങ്കിനെക്കുറിച്ച്‌ ആത്മപരിശോധനക്ക്‌ മുതിരാറില്ലെതാണ്‌ യാഥാര്‍ത്ഥ്യം.

ഒരാളുടെ ആത്മഹത്യ മറ്റൊരാള്‍ക്ക്‌ വഴികാട്ടലായി മാറുന്നു. ഇത്‌ ഒഴിവാക്കാന്‍ ആര്‍ക്കും കഴിയില്ല. പത്രമാധ്യമങ്ങളൊും ഇല്ലെങ്കില്‍പ്പോലും ഇത്‌ നടക്കും. എന്നാല്‍ ദിവസവും പത്രങ്ങളിലും ടെലിവിഷനിലും പ്രസിദ്ധീകരിക്കുന്ന ആത്മഹത്യാ വാര്‍ത്തകള്‍ എത്രത്തോളം ലോലമനസ്‌കരായ യുവതീയുവാക്കളെ സ്വാധീനിക്കും? കേരളത്തില്‍ കര്‍ഷക ആത്മഹത്യകളും കോളേജ്‌ വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യയും വന്‍വാര്‍ത്താപ്രാധാന്യമാണ്‌ നേടിയത്‌. പത്രങ്ങള്‍ നല്ല ഉദ്ദേശ്യത്തോടെയാണ്‌ ആത്മഹത്യകള്‍ക്ക്‌ ചിലപ്പോള്‍ അമിതമെുതന്നെ പറയാവുന്ന പ്രാധാന്യം നല്‍കിയത്‌. ഇതാ ഇവിടെയൊരു ഗുരുതരമായ പ്രശ്‌നം കാണുന്നു, ഉടനെ പരിഹരിച്ചില്ലെങ്കില്‍ ഇനിയും കൂടുതല്‍ മരണങ്ങളുണ്ടാകും എന്ന്‌ ഉച്ചത്തില്‍ വിളിച്ചുപറഞ്ഞ്‌ എല്ലാവരുടെയും ശ്രദ്ധയാകര്‍ഷിക്കാനാണ്‌ മാധ്യമങ്ങള്‍ ശ്രമിക്കുതന്നത്‌. പത്രങ്ങളും ടെലിവിഷനുകളും ആത്മഹത്യ ആഘോഷമാക്കി മാറ്റുന്നു എന്ന്‌ വിമര്‍ശിക്കുവര്‍ ധാരാളമുണ്ട്‌. കൃഷി ചെയ്യാന്‍ എടുത്ത വായ്‌പ മുഴുവന്‍ കുടിച്ച്‌ നശിപ്പിച്ച കൃഷിക്കാരന്‍ ആത്മഹത്യ ചെയ്‌താലും കടക്കെണിയില്‍ വീണ കര്‍ഷകന്റെ ആത്മഹത്യയായേ മാധ്യമങ്ങള്‍ക്ക്‌ ചിത്രീകരിക്കാനാവു്‌ന്നുള്ളൂ. ഇതൊരു ധര്‍മസങ്കടമാണ്‌. കര്‍ഷകപ്രശ്‌നങ്ങളോട്‌ അനുഭാവം കാട്ടുകയും സത്യത്തോട്‌ നീതിപുലര്‍ത്തുകയും ഒരേ സമയം ചെയ്യുക അസാധ്യമാവാറുണ്ട്‌.

`യുവാവായ വെര്‍തറുടെ ദുഃഖങ്ങള്‍' എന്ന ഗോയ്‌ഥെയുടെ നോവല്‍ 1774ല്‍ പ്രസിദ്ധീകരിച്ചപ്പോള്‍ അത്‌ നിരവധി ആത്മഹത്യകള്‍ക്ക്‌ കാരണമായി എന്ന്‌ ആക്ഷേപമുയര്‍ന്നതായി മനഃശാസ്‌ത്ര ലേഖനങ്ങളില്‍ കാണുന്നു. പലേടത്തും പുസ്‌തകം നിരോധിക്കുകപോലും ചെയ്‌തു. പ്രേമനൈരാശ്യം മൂലം ആത്മഹത്യചെയ്‌ത കഥാപാത്രമാണ്‌ വെര്‍തര്‍. സമാനമായ മരണങ്ങളെ `വെര്‍തര്‍ എഫക്‌ട്‌' എന്നു വിളിച്ചിരുന്നുവത്രെ. ഇത്തരം സംഭവങ്ങള്‍ വേറെയും ഉണ്ടായിട്ടുണ്ട്‌. ആത്മഹത്യക്ക്‌ നല്‍കുന്ന പ്രസിദ്ധീകരണവും അംഗീകാരവും മറ്റുള്ളവര്‍ക്ക്‌ പ്രേരണയാവുന്നു എന്ന സിദ്ധാന്തം മനഃശാസ്‌ത്ര ഗവേഷകര്‍ പൊതുവെ അംഗീകരിച്ചിട്ടുള്ളതാണ്‌. അനുകരണ ആത്മഹത്യ എന്ന പ്രതിഭാസത്തെക്കുറിച്ച്‌ നടന്ന പഠനങ്ങള്‍, മരണത്തിന്‌ നല്‍കുന്ന വാര്‍ത്താപ്രാധാന്യവും തുടര്‍ുണ്ടാകുന്ന മരണങ്ങളുടെ എണ്ണവും തമ്മില്‍ ബന്ധമുണ്ട്‌ എന്നുപോലും തെളിയിച്ചിട്ടുണ്ട്‌. വാര്‍ത്താപ്രാധാന്യം കൂടുമ്പോള്‍ മരണവും കൂടുന്നു. 1984-87 കാലത്ത്‌ സബ്‌വെ ട്രെയിനിന്‌ മുന്നില്‍ ചാടി മരിക്കുകയെന്നത്‌ ഒരു പ്രതിഭാസമായി വളര്‍പ്പോള്‍ വിയന്ന പത്രങ്ങളില്‍ ഇത്‌ വന്‍പ്രാധാന്യം നേടി. വാര്‍ത്താപ്രാധാന്യം ദോഷഫലമാണ്‌ ഉണ്ടാക്കുതെന്ന്‌ ചൂണ്ടിക്കാട്ടിയപ്പോള്‍ പത്രങ്ങള്‍ കൂട്ടായി ചില തീരുമാനങ്ങളെടുത്തു. ആത്മഹത്യകളെ ഓംപേജില്‍നിന്ന്‌ മാറ്റി. ഈ ഒറ്റ നടപടിയും എതിരായ പ്രചാരണവുംമൂലം തുടര്‍ുള്ള ആറുമാസക്കാലത്ത്‌ ആത്മഹത്യയില്‍ എപതുശതമാനം കുറവുണ്ടായതായി `അമേരിക്കന്‍ സൊസൈറ്റി ഓഫ്‌ സൂയിസൈഡോളജി'യുടെ വെബ്‌സൈറ്റില്‍ കാണുന്നു.

അനുകരണ ആത്മഹത്യകള്‍ കുറയ്‌ക്കാനും ആത്മഹത്യക്കെതിരെ പ്രചാരണം നടത്താനും പത്രങ്ങള്‍ക്കും ടെലിവിഷനുകള്‍ക്കും കഴിയും. എന്നാല്‍ നാമിതിനൊും ശ്രമിക്കുന്നില്ലെന്നതോ പോകട്ടെ, ആത്മഹത്യയെ അനുകരണീയവും ആദരണീയവുമായ മഹാകാര്യമായി ചിത്രീകരിക്കുന്നു. എഞ്ചിനീയറിങ്‌ വിദ്യാര്‍ത്ഥി രജനിയുടെ ആത്മഹത്യക്ക്‌ ലഭിച്ച വാര്‍ത്താപ്രാധാന്യം പഠനവിഷയമാക്കേണ്ടതുണ്ട. തീര്‍ച്ചയായും ദരിദ്രവിദ്യാര്‍ത്ഥികള്‍ക്ക്‌ സംഭവിക്കുന്ന ദുരന്തത്തിലേക്ക്‌ സമൂഹത്തിന്റെ ശ്രദ്ധ ക്ഷണിക്കുകതെയായിരുന്നു ഉദ്ദേശ്യം. ഇത്‌ എത്രത്തോളം ഫലം ചെയ്യും? ഗുണത്തേക്കാളേറെ ദോഷമാണോ ഇത്‌ ചെയ്യുക? ഈ ചോദ്യങ്ങള്‍ മാധ്യമങ്ങള്‍ സ്വയം ചോദിച്ചതായി തോന്നുന്നില്ല. രാഷ്‌ട്രീയപ്പാര്‍ട്ടികളും കര്‍ഷക-വിദ്യാര്‍ത്ഥി സംഘടനകളും ആത്മഹത്യ ചെയ്‌തവര്‍ക്ക്‌, ആദര്‍ശപോരാട്ടത്തില്‍ വെടിയേറ്റു മരിച്ച സഖാവിന്‌ നല്‍കുന്ന രക്തസാക്ഷിപരിവേഷവും ആദരവും അംഗീകാരവും നല്‍കുകയാണ്‌. കേരളമെങ്ങുമുള്ള വിദ്യാര്‍ത്ഥികളേ..... ഇതാ നിങ്ങള്‍ക്കും അനുകരിക്കാവു പാത, നഷ്‌ടപ്പെടാനുള്ളത്‌ ജീവന്‍ മാത്രം, നേടാനുള്ളത്‌ മരണാനന്തര മഹത്വവും അനശ്വരതയും എന്ന്‌ വിദ്യാര്‍ത്ഥി സംഘടനകള്‍ ആഹ്വാനം ചെയ്യുകയാണെങ്കിലും യുവതലമുറയോട്‌ കാട്ടുന്ന കൊടിയ ദ്രോഹമാണിത്‌. ആത്മഹത്യയല്ല മാര്‍ഗം, ആരുമിത്‌ ചെയ്യരുത്‌ എന്ന്‌ ഉറച്ചസ്വരത്തില്‍ വിദ്യാര്‍ത്ഥികളോടും കര്‍ഷകരോടും ആവശ്യപ്പെടുകയാണ്‌ സംഘടനകളും മാധ്യമങ്ങളും ചെയ്യേണ്ടത്‌.

`ആത്മഹത്യ എങ്ങനെ റിപ്പോര്‍ട്ട്‌ ചെയ്യാം' എന്ന്‌ കേരളത്തിലെ മാധ്യമപ്രവര്‍ത്തകര്‍ സ്വയം ചോദിച്ചതായി തോന്നുന്നില്ല. ലോകമെങ്ങും മാധ്യമപ്രവര്‍ത്തകരും മാധ്യമപഠനരംഗത്തുള്ളവരും ഈ ചോദ്യം ചോദിച്ചുതുടങ്ങിയിട്ടുണ്ട്‌. മനഃശാസ്‌ത്രപഠനരംഗത്തുള്ളവര്‍ നിരന്തരം പ്രേരണ ചെലുത്തിയതിന്റെ ഫലംകൂടിയാണിത്‌. പത്രസ്വാതന്ത്ര്യത്തിന്റെ പടവാളുയര്‍ത്തി വിമര്‍ശകരെ നേരിടുകയാണ്‌ മുമ്പേതന്നെ മാധ്യമപ്രവര്‍ത്തകര്‍ ചെയ്‌തുപോന്നത്‌. പത്രസ്വാതന്ത്ര്യം സമൂഹത്തിന്‌ ദ്രോഹമാവരുതെ വീണ്ടുവിചാരം ഇന്ന്‌ എല്ലാരംഗത്തും ഉണ്ടായിട്ടുണ്ട്‌. ജേര്‍ണലിസം ഇന്‍സ്റ്റിറ്റിയൂട്ടുകളും മീഡിയാ എത്തിക്‌സിനെക്കുറിച്ച്‌ ചിന്തിക്കുന്നവരും മാര്‍ഗനിര്‍ദ്ദേശകതത്വങ്ങള്‍ രൂപപ്പെടുത്തിയിട്ടുണ്ട്‌. `ഏറ്റവും കുറച്ചുമാത്രം, അതും ഏറ്റവും മോശമായി റിപ്പോര്‍ട്ട്‌ ചെയ്യപ്പെടുന്ന വിഷയമാണ്‌ ആത്മഹത്യ. ന്യൂസ്‌റൂമുകള്‍ക്കകത്ത്‌ ഈ വിഷയം ചര്‍ച്ച ചെയ്യപ്പെടുന്നില്ല. പത്രപ്രവര്‍ത്തകര്‍ക്ക്‌ വഴികാട്ടാന്‍ വേണ്ടത്ര അംഗീകൃത തത്ത്വങ്ങളുമില്ല' ന്യു ഫ്‌ളോറിഡയിലെ ലോകപ്രശസ്‌ത ജേര്‍ണലിസം പഠനസ്ഥാപനമായ പോയ്‌ന്റര്‍ ഇന്‍സ്റ്റിറ്റിയൂട്ടിലെ എത്തിക്‌സ്‌ ഗ്രൂപ്പ്‌ ലീഡര്‍ ഡോ. റോബര്‍ട്ട്‌ സ്റ്റീലെ പറയുത്‌ ശ്രദ്ധിക്കേണ്ടതുണ്ട്‌.

ലോകമെമ്പാടുമുള്ള മാധ്യമങ്ങള്‍ എങ്ങനെ ആത്മഹത്യകളെക്കുറിച്ച്‌ റിപ്പോര്‍ട്ട്‌ നല്‍കുന്നുവെന്നും അതിന്റെ ഫലമെന്തെന്നും അതിനെ നയിക്കുന്ന തത്ത്വങ്ങളെന്തെന്നും കണ്ടെത്താന്‍ പലരും ഗവേഷണം നടത്തിയിട്ടുണ്ട്‌. ബ്രിട്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രസ്‌വൈസ്‌ട്രസ്റ്റ്‌ ഈ വിഷയത്തില്‍ ആധികാരികമായ പഠനങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുള്ള സ്ഥാപനമാണ്‌. ട്രസ്റ്റ്‌ പഠനറിപ്പോര്‍ട്ടിലെ ഏറ്റവും പ്രധാന ശുപാര്‍ശ, ആത്മഹത്യ എന്ന വിഷയം ഉത്തരവാദിത്വബോധത്തോടെ വേണം മാധ്യമങ്ങള്‍ കൈകാര്യംചെയ്യാന്‍ എന്നുള്ളതാണ്‌. അടുത്ത വാചകത്തില്‍ തന്നെ ഉത്തരവാദിത്വബോധം എതിനെ ആര്‌ നിര്‍വചിക്കും എന്ന്‌ റിപ്പോര്‍ട്ട്‌ എടുത്ത്‌ ചോദിക്കുന്നുണ്ട്‌. ആത്മഹത്യചെയ്‌തവരുടെ ബന്ധുക്കള്‍, ഗവേഷകര്‍, മനഃശാസ്‌ത്രജ്ഞര്‍, സാമൂഹ്യശാസ്‌ത്രജ്ഞര്‍ തുടങ്ങി പോലീസും മാധ്യമപ്രവര്‍ത്തകരുമെല്ലാം ആത്മഹത്യയില്‍ കക്ഷിചേരുവരാണ്‌. ആരാണ്‌ ഉത്തരവാദിത്തബോധത്തെ നിര്‍വചിക്കുക? മരിച്ചവരുടെ കുടുംബത്തിന്റെ വികാരത്തെ മാനിക്കണം. ആത്മഹത്യക്ക്‌ ശ്രമിക്കുവരിലും ശ്രമത്തില്‍ മരിക്കുവരിലും ബഹുഭൂരിപക്ഷം പേരും മാനസിക പ്രശ്‌നങ്ങളുള്ളവരാണ്‌ എന്ന്‌ അറിയേണ്ടതുണ്ട്‌. ഇക്കാര്യം എടുത്തുപറയുന്നത്‌ മരിച്ചവരുടെ ബന്ധുക്കള്‍ക്ക്‌ ദോഷംചെയ്യുമോ? മാനസികപ്രശ്‌നമാണ്‌ മരണകാരണമെന്നു സൂചിപ്പിക്കുന്നത്‌, ആത്മഹത്യയിലേക്ക്‌ നയിക്കുംവിധം ആ വ്യക്തിയോട്‌ അനീതി കാട്ടിയവരെ രക്ഷിക്കുന്നതിന്‌ തുല്യമാവില്ലേ? കുടുംബങ്ങള്‍ക്കകത്ത്‌ നടക്കുന്ന കാര്യങ്ങള്‍ എത്രത്തോളം പത്രങ്ങളിലൂടെ തെരുവിലേക്ക്‌ വലിച്ചിഴയ്‌ക്കാം, സ്വകാര്യതയ്‌ക്കുള്ള വ്യക്തിയുടെ അവകാശം ഏത്‌ പരിധിവരെ ലംഘിക്കാം? ഈ കാര്യങ്ങളിലെല്ലാം തീരുമാനമെടുക്കുന്നത്‌ പത്രപ്രവര്‍ത്തകരാണ്‌. സമയത്തിന്റെയും മത്സരത്തിന്റെയും കഠിനസമ്മര്‍ദ്ദങ്ങള്‍ക്കിടയിലാണ്‌ തീരുമാനങ്ങള്‍ ഉണ്ടാവുന്നത്‌. നിയമത്തെയും സാമൂഹിക പ്രത്യാഘാതങ്ങളെയുംകുറിച്ചുള്ള അജ്ഞതകൂടി ഇതോടൊപ്പം ചേരുമ്പോള്‍ കാര്യം ഗൗരവമേറിയതാകുന്നു. ആത്മഹത്യ എങ്ങനെ റിപ്പോര്‍ട്ട്‌ ചെയ്യാം എതിനെക്കുറിച്ച്‌ ലോകത്തെവിടെയെങ്കിലും കൃത്യമായ നിയമങ്ങളുള്ളതായി അറിവില്ല. എല്ലാ കാര്യത്തിലുമെന്നപോലെ ആത്മഹത്യാറിപ്പോര്‍ട്ടിങ്ങിലും പൂര്‍ണസ്വാതന്ത്ര്യം തങ്ങള്‍ക്ക്‌ വേണമെന്ന്‌ മാധ്യമപ്രവര്‍ത്തകര്‍ നിര്‍ബന്ധംപിടിക്കുതില്‍ തെറ്റില്ല. എന്നാല്‍, മാധ്യമസ്ഥാപനങ്ങളും വിദഗ്‌ധന്മാരുമെല്ലാം ചേര്‍ന്ന്‌ രൂപപ്പെടുത്തുന്ന പെരുമാറ്റ സംഹിതകള്‍ അനുസരിക്കാന്‍ എല്ലായിടത്തും മാധ്യമപ്രവര്‍ത്തകന്‍ തയ്യാറാകേണ്ടതുണ്ട്‌. അവ ഇല്ലാത്ത ഇടങ്ങളില്‍ സ്വയം രൂപപ്പെടുത്തണം. ഇത്‌ ധാര്‍മികതയുടെയും സമൂഹത്തോടുള്ള മാധ്യമ ബാധ്യതയുടെയും കാര്യമാണ്‌.

പ്രസ്‌വൈസ്‌ ട്രസ്റ്റ്‌ ലോകമെമ്പാടുമുള്ള 86 പത്രപ്രവര്‍ത്തകപെരുമാറ്റ സംഹിതകള്‍ (ജേര്‍ണലിസ്റ്റ്‌ എത്തിക്കല്‍ കോഡ്‌) പരിശോധിക്കുകയുണ്ടായി. എട്ടു സംഹിതകളിലേ എങ്ങനെ ആത്മഹത്യ റിപ്പോര്‍ട്ട്‌ ചെയ്യാം എന്നതിനെക്കുറിച്ച്‌ എന്തെങ്കിലും പരാമര്‍ശമെങ്കിലുമുള്ളൂ. ലക്ഷം പേരില്‍ 35.4 പേര്‍ ആത്മഹത്യചെയ്യുന്ന ഡന്‍മാര്‍ക്കില്‍ `പൊതുതാല്‌പര്യമുള്ളതല്ലെങ്കില്‍ ആത്മഹത്യകളും ആത്മഹത്യാശ്രമങ്ങളും റിപ്പോര്‍ട്ട്‌ ചെയ്യരുത്‌' എന്ന നിര്‍ദ്ദേശമാണുള്ളത്‌. പൊതുതാല്‌പര്യമുണ്ടെന്ന്‌ തോന്നിയാലും സഹാനുഭൂതിയോടെ വേണം റിപ്പോര്‍ട്ട്‌ ചെയ്യാന്‍. വാര്‍ത്താമൂല്യത്തെ കര്‍ശനമായ വിലയിരുത്തിയേ ആത്മഹത്യാവാര്‍ത്ത പ്രസിദ്ധപ്പെടുത്താവൂ എന്ന്‌ എസ്റ്റോണിയ (മരണനിരക്ക്‌ ലക്ഷത്തില്‍ 78.8)യിലെ പെരുമാറ്റ സംഹിത പറയുന്നു. മരിച്ച ആളുടെ പേരും മരിക്കാന്‍ തിരഞ്ഞെടുത്ത രീതിയും പ്രസിദ്ധപ്പെടുത്തുതിന്‌ എതിരെ മുന്നറിയിപ്പ്‌ നല്‍കുന്നു. ജര്‍മനിയുടെ (ഇവിടെ ആത്മഹത്യാ നിരക്ക്‌ 30.1) നിയമസംഹിത ചരിത്രപ്രാധാന്യവും പൊതുതാല്‌പര്യവും അത്രയേറെ ഉണ്ടെങ്കിലേ ഈ വ്യവസ്ഥ മറികടക്കാന്‍ പാടുള്ളൂ എന്ന്‌ നിര്‍ദ്ദേശിക്കുന്നു.

ലോകത്തിലെ ഏറ്റവും ഉയര്‍ന്ന ആത്മഹത്യാനിരക്ക്‌ ലിത്വാനിയയിലാണ്‌ എന്നു കരുതപ്പെടുന്നു. ലക്ഷത്തില്‍ 95 പേര്‍ ഇവിടെ ആത്മഹത്യചെയ്യുന്നു. കുടുംബപേരുകളും ആത്മഹത്യാരീതിയും ഒഴിവാക്കിയേ വാര്‍ത്ത കൊടുക്കാവൂ എന്നു ലിത്വാനിയയില്‍ വ്യവസ്ഥയുണ്ട്‌. മരിച്ചവരുടെയും അതിനു ശ്രമിച്ചവരുടെയും പേര്‌ കൊടുക്കരുതെന്ന കര്‍ശനവ്യവസ്ഥ 24.6 മാത്രം മരണനിരക്കുള്ള നോര്‍വെ പുലര്‍ത്തുന്നു. ദക്ഷിണകൊറിയ, സ്വീഡന്‍, തുര്‍ക്കി എിവിടങ്ങളിലും ഏതാണ്ട്‌ സമാനമായുള്ള വ്യവസ്ഥകളുണ്ട്‌.

ഇതിനുപുറമെ, സ്വതന്ത്ര പെരുമാറ്റ സംഹിതകള്‍ ഏറെ സ്ഥാപനങ്ങളിലുണ്ട്‌. ആസ്‌ത്രേലിയയില്‍ പ്രസ്‌ കൗസിലിന്റെ മാര്‍ഗനിര്‍ദ്ദേശങ്ങളാണുള്ളത്‌. അനുകരണ ആത്മഹത്യ (കോപിക്യാറ്റ്‌ സൂയിസൈഡ്‌) ഒഴിവാക്കുകയാണ്‌ ഇതിന്റെയെല്ലാം ഉദ്ദേശ്യം. മിതമായ നിലയിലേ ആത്മഹത്യ റിപ്പോര്‍ട്ട്‌ ചെയ്യാവൂ എന്ന്‌ ബി.ബി.സിയുടെ പ്രൊഡ്യൂസര്‍ ഗൈഡ്‌ലൈന്‍സിലുണ്ട്‌. വ്യവസ്ഥയും നിയന്ത്രണവുമില്ലാത്ത രാജ്യങ്ങളിലൊന്ന്‌്‌ അമേരിക്കയാണ്‌. അവിടെയാകട്ടെ `അമേരിക്കന്‍ സൊസൈറ്റി ഓഫ്‌ ന്യൂസ്‌പേപ്പര്‍ എഡിറ്റേഴ്‌സ്‌ (എ.എസ്‌.എന്‍. ഇ.) കണ്ടെത്തിയത്‌, ആത്മഹത്യാവാര്‍ത്തകള്‍ മിക്കതും `സെന്‍സേഷണല്‍' ആവുന്നതായി 80 ശതമാനം വായനക്കാരും കരുതുന്നു എന്നാണ്‌. സ്വന്തം കുടുംബത്തിലാണ്‌ നടക്കുതെങ്കില്‍ 75 ശതമാനമാളുകളും ആത്മഹത്യാവാര്‍ത്ത പത്രത്തില്‍ വരരുത്‌ എന്നാണ്‌ ആഗ്രഹിക്കുന്നതത്രെ. ആത്മഹത്യാനിരക്ക്‌ ക്രമാതീതമായി ഉയര്‍ന്നപ്പോള്‍ അമേരിക്കയിലും വീണ്ടുവിചാരമുണ്ടായി. എല്ലാ മേഖലയിലുമുള്ളവര്‍ ചേര്‍ന്ന്‌ കൂട്ടായ ചില നീക്കങ്ങള്‍ നടത്തുകയുണ്ടായി. `അമേരിക്കന്‍ അസോസിയേഷന്‍ ഓഫ്‌ സൂയിസൈഡോളജി' രൂപവല്‍ക്കരിച്ചതും മാധ്യമങ്ങള്‍ക്കായി ചില നിര്‍ദ്ദേശങ്ങള്‍ തയ്യാറാക്കിയതും ഇതിനെ തുടര്‍ന്നാണ്‌. ഇതെത്രമാത്രം പാലിക്കപ്പെടുന്നുവെന്നത്‌ പഠനം അര്‍ഹിക്കുന്ന കാര്യമാണ്‌. വര്‍ഷത്തില്‍ 30,000 പേര്‍ മരിക്കുന്നു എന്നതാണ്‌ അമേരിക്കയുടെ മനസ്സിനെ പിടിച്ചുകുലുക്കിയത്‌.

ലോകാരോഗ്യസംഘടനയും ആത്മഹത്യാറിപ്പോര്‍ട്ടിങ്ങിനെക്കുറിച്ച്‌ പഠനം നടത്തിയിട്ടുണ്ട്‌. ആത്മഹത്യ റിപ്പോര്‍ട്ട്‌ ചെയ്യപ്പെടുന്നു എന്നതല്ല എങ്ങനെ റിപ്പോര്‍ട്ട്‌ ചെയ്യപ്പെടുന്നു എന്നാണ്‌ നോക്കേണ്ടതെന്ന്‌ സംഘടനയുടെ `റിസോഴ്‌സ്‌ ഫോര്‍ മീഡിയ പ്രൊഫഷണല്‍സ്‌ എന്ന രേഖയില്‍ പറയുന്നു. ചില പ്രത്യേക തരത്തില്‍ റിപ്പോട്ട്‌ ചെയ്യുന്നത്‌ അനുകരണ ആത്മഹത്യകള്‍ തടയാന്‍ സഹായിക്കുതായി വിദഗ്‌ധര്‍ കണ്ടെത്തിയി`ുണ്ട്‌. - ആവര്‍ത്തിച്ചുള്ളതും തുടര്‍ച്ചയായതുമായ ആത്മഹത്യാവാര്‍ത്തകളുടെ പ്രസിദ്ധീകരണം മുതിര്‍ന്ന കുട്ടികളിലും യുവത്വത്തിലെത്തിയവരിലും ആത്മഹത്യാഭ്രമമുണ്ടാക്കുന്നു-വെും ഡ്യു.എച്ച്‌.ഒ. പറയുന്നു.

ആത്മഹത്യയെ ആദര്‍ശവല്‍ക്കരിക്കുന്നതും പ്രശ്‌നപരിഹാരത്തിനുള്ള അംഗീകരിക്കാവുന്ന മാര്‍ഗമായി ചിത്രീകരിക്കുന്നതും ആത്മഹത്യകള്‍ വര്‍ദ്ധിപ്പിക്കുമെങ്കിലും ശരിയായ രീതിയിലുള്ള റിപ്പോര്‍ട്ടിങ്ങ്‌ ആത്മഹത്യ ചെയ്യണമെന്ന്‌ ആഗ്രഹിക്കുവരെപ്പോലും ശരിയായ മാര്‍ഗത്തിലേക്ക്‌ മാറ്റാന്‍ സഹായകമാവും എന്നാണ്‌ ഗവേഷകരുടെ പക്ഷം. 1988-ല്‍ ബാങ്കോക്കിലൊരു യുവതി കെട്ടിടത്തിനു മുകളില്‍നിന്ന്‌ ചാടിമരിക്കുന്നത്‌ ടെലിവിഷന്‍ ലൈവ്‌ ആയി സംപ്രേക്ഷണം ചെയ്‌തതിനെ തുടര്‍ന്ന്‌ അത്തരം ആത്മഹത്യകളുടെ പരമ്പര തെന്നയുണ്ടായി. അത്‌ തടയാന്‍ ചാനലുകളും പത്രങ്ങളും നടപടി സ്വീകരിക്കേണ്ടിവന്നു. ആത്മഹത്യാപ്രവണത കുറയ്‌ക്കാന്‍ ഇതുവഴി മാധ്യമങ്ങള്‍ക്ക്‌ കഴിഞ്ഞു എന്നാണ്‌ പറയുന്നത്‌.
രണ്ട്‌ ധ്രുവങ്ങളിലേക്കും മാധ്യമങ്ങള്‍ പോകരുതെന്ന നിഗമനത്തിലാണ്‌ പഠനങ്ങള്‍ എത്തിച്ചേരുന്നത്‌. ആത്മഹത്യകള്‍ "black out' ചെയ്യരുത്‌; അവയെ വന്‍സംഭവങ്ങളാക്കുകയുമരുത്‌. സാമൂഹ്യമായ `പകര്‍ച്ചവ്യാധി'യായി ആത്മഹത്യ മാറുന്നുവെങ്കില്‍ അതിനെക്കുറിച്ച്‌ മാധ്യമപ്രവര്‍ത്തകരും സാമൂഹ്യചിന്തകരും പൊതുപ്രവര്‍ത്തകരും കൂട്ടായ ആലോചനകള്‍ നടത്തേണ്ടതുണ്ട്‌. കേരളം അത്തരമൊരവസ്ഥയില്‍ എത്തിനില്‍ക്കുന്നുവെന്നാണ്‌ തോന്നുന്നത്‌.

സപ്‌തംബര്‍ 2004

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

വര്‍ക്കിങ്ങ് ജേണലിസ്റ്റ് ആക്റ്റും വേജ് ബോര്‍ഡും ഇല്ലാതാക്കി

കേരള മാധ്യമങ്ങളുടെ ആറു പതിറ്റാണ്ട്

ഐ.വി ബാബു: നിലപാടുകളില്‍ ഉറപ്പ്, സ്‌നേഹത്തിന്റെ സമൃദ്ധി