Thursday, 21 February 2013

പ്രണബ് മമത


സംസ്ഥാനങ്ങളില്‍ എന്തിനാണ് ഗവര്‍ണര്‍ എന്ന് പലരും ചോദിക്കാറുണ്ട്. ഭാവിയില്‍ മിസോറാമിലെങ്കിലും ഗവര്‍ണറാകാമെന്ന മോഹം കൊണ്ടുനടക്കുന്നവര്‍ക്കൊഴികെ എല്ലാവര്‍ക്കും ഒരിക്കലല്ലെങ്കില്‍ മറ്റൊരിക്കല്‍ ഈ ചോദ്യം തികട്ടിവരാറുണ്ട്. രാഷ്ട്രപതിയുടെ കാര്യത്തില്‍ പൊതുവെ അങ്ങനെ ചോദിക്കാറില്ല. മുന്തിയ ഒരു ഗവര്‍ണര്‍ ആണ് രാഷ്ട്രപതി. എന്നാലും ആ പദവി വേണ്ടെന്നുവെക്കാന്‍ പറ്റില്ല. രാഷ്ട്രം ലോകത്തിന് മുമ്പില്‍ ഉയര്‍ത്തിക്കാട്ടുന്ന പ്രതീകമാണ് ആ സ്ഥാനം. മാത്രമല്ല, ലോക്‌സഭയില്‍ ആര്‍ക്കാണ് ഭൂരിപക്ഷമുള്ളത് എന്ന് തിരിച്ചറിയാന്‍ പറ്റാത്ത അവസ്ഥയുണ്ടായാല്‍ ഇടപെടേണ്ടത് രാഷ്ട്രപതിയാണ്. അതില്ലെന്നുവന്നാല്‍ സംഗതി ബുദ്ധിമുട്ടാകും.

അങ്ങനെ നോക്കുമ്പോള്‍ വെറുതെ ഒരു രാഷ്ട്രപതി ഉണ്ടായാല്‍ മാത്രം പോരാ. മേല്‍പ്പറഞ്ഞതുപോലത്തെ രൂക്ഷ പ്രതിസന്ധി അടുത്ത തിരഞ്ഞെടുപ്പിനുശേഷം ഉണ്ടാകുമെന്നാണ് നിരീക്ഷകരും കവിടി നിരത്തുകാരും ഉറപ്പിച്ചുപറയുന്നത്. അതുകൊണ്ടുതന്നെ കോണ്‍ഗ്രസ്സും ബി.ജെ.പി.യും തങ്ങള്‍ക്കുപറ്റിയ രാഷ്ട്രപതിയെ ഉണ്ടാകാന്‍ പലവിധ ഉപജാപങ്ങളില്‍ ഏര്‍പ്പെടുന്നത് മനസ്സിലാക്കാം. ഒരു മുന്നണിക്കും ഭൂരിപക്ഷമില്ലാതിരിക്കുക, രണ്ടാംകക്ഷിയും കുറെ ചില്ലറക്കാരും ചേര്‍ന്നാല്‍ ഭൂരിപക്ഷത്തിന്റെ നാലയലത്തെങ്കിലും എത്തുക, ചില്ലറ കക്ഷികള്‍ പലതും ഏത് വഴിക്കും തിരിയാനുള്ള അഭ്യാസങ്ങളില്‍ ഏര്‍പ്പെടുക തുടങ്ങിയ പ്രതിസന്ധി ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെട്ടുതുടങ്ങിയാല്‍ രാഷ്ട്രപതി വേണം ആരുഭരിക്കണമെന്ന് തീരുമാനിക്കാന്‍. സോണിയയ്‌ക്കോ അദ്വാനിയ്‌ക്കോ മാത്രമല്ല മമതയ്ക്കും ജയലളിതയ്ക്കും മറ്റുപലര്‍ക്കും ഇത് ജീവന്മരണ പോരാട്ടമായേക്കും. പ്രധാനമന്ത്രിമോഹം കൊണ്ടുനടക്കുന്നവരുടെ എണ്ണം നൂറുകവിഞ്ഞാലും അത്ഭുതപ്പെടേണ്ട. ദേവഗൗഡയ്ക്ക് പ്രധാനമന്ത്രിയാകാന്‍ പറ്റുമെന്നുണ്ടെങ്കില്‍ ആര്‍ക്കാണത് ആശിച്ചുകൂടാത്തത്.

എള്ളുണങ്ങുന്നത് എണ്ണ കിട്ടാനാണ്, മറ്റവന്‍ എന്തിനാണ് ഉണങ്ങുന്നത് എന്ന് ചോദിച്ചതുപോലെ സി.പി.എം. എന്തിനാണ് ഇത്ര കഷ്ടപ്പെട്ട് പ്രണബ് മുഖര്‍ജിയെ പിന്താങ്ങുന്നത് എന്ന ചോദ്യം രാഷ്ട്രീയവൃത്തങ്ങളിലെന്നല്ല, കോണുകളിലും ഉയരുന്നുണ്ട്. സങ്മ പ്രസിഡന്റായാലും പ്രണബ് പ്രസിഡന്റായാലും സി.പി.എമ്മിന് ഒന്നും നേടാനില്ല. 999 കൊല്ലത്തേക്ക് കേന്ദ്രത്തില്‍ മന്ത്രിസഭ ഉണ്ടാക്കേണ്ട എന്നാണ് പാര്‍ട്ടി കോണ്‍ഗ്രസ് തീരുമാനിച്ചിട്ടുള്ളത്. പ്രണബിനെ പിന്താങ്ങാന്‍ തീരുമാനിച്ചിരിക്കുന്നത് കുറെ ക്കാലമായി ഊണിലും ഉറക്കിലും ഒപ്പം നില്‍ക്കുന്ന മറ്റ് ഇടതുപക്ഷ കക്ഷികളെ നോവിച്ചുകൊണ്ടാണ്. സ്വതവേ ദുര്‍ബലമായ ഇടതിനെ ഒന്നുകൂടി ദുര്‍ബലമാക്കാന്‍ മാത്രം വലുതാണോ പ്രണബ് പ്രസിഡന്റാകുന്നതുകൊണ്ടുള്ള പ്രയോജനം ? പ്രണബിന് പ്രസിഡന്റാകാന്‍ സി.പി.എമ്മിന്റെ വോട്ടുവേണമെന്നുതന്നെയില്ല. എങ്കില്‍പ്പിന്നെ സി.പി.ഐ.ക്കാരും ആര്‍.എസ്.പി.ക്കാരും ചെയ്തതുപോലെ വോട്ടിങ്ങില്‍ പങ്കെടുക്കാതിരിക്കുകയെങ്കിലും ചെയ്തുകൂടേ?

കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്റെ ബുദ്ധികാരണം ഇടതുപക്ഷവും എന്‍.ഡി.എ.യും പിളര്‍ന്നു എന്നാണ് ചില നിരീക്ഷകര്‍ എഴുതിയിട്ടുള്ളത്. പണ്ടാരോ പറഞ്ഞതുപോലെ, അത്രയൊന്നും ബുദ്ധി കോണ്‍ഗ്രസ് ഉദ്ദേശിച്ചതല്ല. ഇനി പ്രധാനമന്ത്രിയാകാന്‍ തനിക്കാവില്ലെന്ന് തോന്നിയതുകൊണ്ട് പ്രണബ് പ്രസിഡന്റ് സ്ഥാനം ചോദിച്ചു. ശരി, എങ്കിലത് കൊടുത്തേക്കാം എന്ന് തീരുമാനിച്ചു. അത്രയേ ഉള്ളൂ. ഇടതും വലതും പിളര്‍ന്നത് അവരുടെ കര്‍മഫലം കൊണ്ട്.

പ്രണബ് മുഖര്‍ജിയെ പിന്താങ്ങാനുള്ള സി.പി.എം. തീരുമാനം പുറത്തുവന്ന ഉടനെ, സാമ്പത്തികശാസ്ത്രജ്ഞന്‍ മുന്‍മന്ത്രി അശോക് മിത്ര പറഞ്ഞത് ആഗോളീകരണത്തിന്റെ ആശാനും രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണക്കാരനുമാണ് പ്രണബ് മുഖര്‍ജി എന്നാണ്. ധനകാര്യമന്ത്രിസ്ഥാനത്ത് നിന്നുതന്നെ നീക്കേണ്ട ആളെ പിടിച്ച് രാഷ്ട്രപതിയാക്കുന്നതിനെയാണ് അദ്ദേഹം പരിഹസിച്ചത്. ഇനി ഒരുപക്ഷേ, പ്രണബിനെ രാഷ്ട്രപതി സ്ഥാനത്തേക്ക് സി.പി.എം. പിന്താങ്ങുന്നതിന്റെ കാരണം അതുതന്നെയാവുമോ എന്തോ. രാഷ്ട്രപതി വിചാരിച്ചാലൊന്നും രാജ്യത്തിന്റെ വളര്‍ച്ച നിരക്ക് കുറയ്ക്കാനും വിലക്കയറ്റം റോക്കറ്റ് പോലെ കേറ്റാനും രൂപയുടെ മൂല്യം റോക്കറ്റ് വീണതുപോലെ വീഴ്ത്താനുമൊന്നും കഴിയുകയേ ഇല്ല. പ്രണബിനെ രാഷ്ട്രപതിയാക്കുക വഴി സാമ്പത്തികപ്രതിസന്ധി തീരുന്നെങ്കില്‍ അങ്ങ് തീര്‍ന്നുപോട്ടെ എന്നുവിചാരിച്ചുകാണണം പ്രകാശ് കാരാട്ട്. സി.പി.ഐ.ക്കും ആര്‍.എസ്.പി.ക്കുമൊന്നും അത്ര രാജ്യസ്‌നേഹമില്ല.

സി.പി.എമ്മിലെ ബംഗാള്‍ ലോബിയാണ് പ്രണബിനെ പിന്താങ്ങുന്നതെന്നും പാര്‍ട്ടി ബംഗാള്‍ ലോബിയുടെ പിടിയിലാണെന്നുമൊക്കെ പ്രചാരണം നടത്തുന്നവരുണ്ട്. മമതയ്ക്ക് ബംഗാള്‍ ദേശീയവികാരം വേണ്ടത്രയില്ല. അല്ലെങ്കില്‍ അവര്‍ പ്രണബിനെ പിന്താങ്ങുമായിരുന്നല്ലോ. രാജ്യത്തെ ഏറ്റവും ബുദ്ധിയുള്ള ജനതയാണ് ബംഗാളിലേത് എന്നാണ് വെപ്പ്. എന്തുപ്രയോജനം? ഇക്കാലമായിട്ടും ബംഗാളില്‍ നിന്നൊരു പ്രധാനമന്ത്രിയോ രാഷ്ട്രപതിയോ ഉണ്ടായിട്ടില്ല. ഒരു പ്രധാനമന്ത്രി ഉണ്ടാകാനുള്ള സാധ്യത സി.പി.എമ്മിലെ തീവ്രവാദികള്‍ ചേര്‍ന്ന് ഇല്ലാതാക്കി. ഇനിയൊരു പ്രസിഡന്റ് ഉണ്ടാകുന്നതിനുള്ള സാധ്യത ഇല്ലാതാക്കിയാല്‍ അതുമൊരു ചരിത്രവിഡ്ഢിത്തമായി നാളെ വ്യാഖ്യാനിക്കപ്പെട്ടേക്കും. അതുകൊണ്ടാവണം സി.പി.എം. രാഷ്ട്രീയം മാറ്റിവെച്ച് പ്രണബിനോട് മമത കാട്ടിയത്. തെക്കേ മൂലയില്‍ കിടക്കുന്ന തമിഴ്‌നാട്ടില്‍ നിന്നുണ്ടായി മൂന്നു രാഷ്ട്രപതിമാര്‍, കേരളത്തിനുപോലും കിട്ടി ഒരു ചാന്‍സ്. ബംഗാളില്‍ നിന്നില്ല ഒരാള്‍ പോലും. വംഗദേശം സഹിക്കില്ല ഈ വങ്കത്തരം. ഒരു ബംഗാളി രാഷ്ട്രപതിയാകുന്നതിനെ മമത ടോര്‍പിഡോ ചെയ്‌തെങ്കില്‍ ബംഗാള്‍ സി.പി.എം. അതിനെതിരെ ആഞ്ഞടിച്ചേ തീരൂ.

എന്തുകൊണ്ട് പ്രണബിനെ പിന്താങ്ങുന്നു എന്ന് പാര്‍ട്ടി ഇതുവരെ വ്യക്തമാക്കിയിട്ടില്ല. ആരെ പിന്താങ്ങണം എന്നുതീരുമാനിച്ചു. അത് പൊളിറ്റ് ബ്യൂറോവിന്റെ പണിയാണ്. എന്തുകൊണ്ട് പിന്താങ്ങുന്നു എന്ന് ഇനി വേണം തീരുമാനിക്കാന്‍. അത് പാര്‍ട്ടി ബുദ്ധിജീവികളുടെ പണിയാണ്. അവര്‍ അതുനിര്‍വഹിക്കും. അല്ലെങ്കില്‍ എന്തിന് ഇതിനൊക്കെ കാരണം കാണിക്കുകയും വിശദീകരിക്കുകയും ചെയ്യണം? 1992 മുതല്‍ രാഷ്ട്രപതി സ്ഥാനത്തേക്ക് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ ആണ് പാര്‍ട്ടി പിന്താങ്ങാറുള്ളത്. 2007-ല്‍ പാര്‍ട്ടി പിന്താങ്ങിയത് ഇപ്പോഴത്തെ രാഷ്ട്രപതി പ്രതിഭാ പാട്ടീലിനെയാണ്. വല്ലപ്പോഴും ഇന്ത്യ സന്ദര്‍ശിക്കാറുള്ള ആദ്യ രാഷ്ട്രപതി എന്ന സല്‍പ്പേരുള്ള പ്രതിഭയെ. പ്രതിഭയുമായി താരതമ്യപ്പെടുത്തുമ്പോള്‍ പ്രണവന്‍ മഹാപ്രതിഭയാണ്. പിന്താങ്ങിയേ പറ്റൂ.

******

പോലീസിന്റെ പിതൃതുല്യമായ പരിചരണം ഏറ്റുവാങ്ങി തിരുവനന്തപുരത്തെ ആസ്​പത്രികളില്‍ അഭയം തേടേണ്ടിവന്ന വിദ്യാര്‍ഥികളുടെ എണ്ണം അമ്പതിലേറെ വരുമെന്നാണ് കേട്ടത്. കരലാളനയുടെ ദൃശ്യങ്ങള്‍ മാധ്യമങ്ങളിലുണ്ടായിരുന്നു. പണ്ടാരോ പറഞ്ഞതുപോലെ, പലരുടെയും എല്ലുകളുടെ എണ്ണം കൂടുകയും ചിലരുടെ പല്ലുകളുടെ എണ്ണം കുറയുകയും ചെയ്തു. ആഭ്യന്തരമന്ത്രിയുടെ ഭാഷാ പ്രയോഗത്തില്‍ തെറ്റുപറഞ്ഞുകൂടാ. പിതാവായതുകൊണ്ടുമാത്രം ആളിന് വാത്സല്യവും ദയയും മനുഷ്യത്വമൊന്നും ഉണ്ടായിക്കൊള്ളണമെന്നില്ല. നാല് വയസ്സുള്ള മകളെ ലൈംഗികമായി പീഡിപ്പിച്ച ഉന്നതോദ്യോഗസ്ഥനായ പിതാവിന്റെ കഥ പത്രങ്ങളില്‍ ഉണ്ടായിരുന്നല്ലോ. ചിലയിനം പിതാക്കള്‍ ഉണ്ടാകുന്നതിലും ഭേദം പിതൃശൂന്യനാവുകയാണ് എന്നുതോന്നിപ്പോകും.

കണ്ണൂരിലെ പാര്‍ട്ടി ഗ്രാമങ്ങള്‍ പോലെ പലേടത്തും പാര്‍ട്ടി കോളേജുകളുമുണ്ടത്രെ. പ്രകടനം ഉണ്ടോ എങ്കില്‍ അടിയും ഉറപ്പ് എന്നായിട്ടുണ്ട്. ഇടുക്കിയിലൊരു വിദ്യാര്‍ഥിപ്രവര്‍ത്തകന്‍ കൊലചെയ്യപ്പെട്ടിട്ട് മാസം മൂന്നുപിന്നിട്ടിട്ടും നടപടിയെടുത്തില്ല. നേതാക്കളൊന്നും അവിടെ പോയി ക്യൂവായി നിന്നില്ല. വിദ്യാര്‍ഥിപ്രക്ഷോഭവുമുണ്ടായില്ല. ഒഞ്ചിയം കൊല വേണ്ടിവന്നു ഇരുപക്ഷത്തിനും അനീഷ് രാജ് കൊലപാതകത്തിലേക്ക് ശ്രദ്ധതിരിക്കാന്‍.

******

എം.എം. മണിയെപ്പോലുള്ള പ്രതിഭകള്‍ക്ക് വളരാന്‍ പറ്റിയ മണ്ണ് സി.പി.എമ്മിലേ ഉള്ളൂ എന്ന തെറ്റിദ്ധാരണ വേണ്ട. മലപ്പുറത്തൊരു മുസ്‌ലിംലീഗ് ജനപ്രതിനിധി അനുയായികളോട് മൈക്ക്‌കെട്ടി ആഹ്വാനം ചെയ്തത് കോടതിയില്‍ തങ്ങള്‍ക്കെതിരെ സാക്ഷിപറയാന്‍ പോകുന്നവനെ കൊന്നോളിന്‍ കൊന്നോളിന്‍, ബാക്കി കാര്യം ഞാന്‍ നോക്കിക്കൊള്ളാം എന്നാണ്. ആരും സാക്ഷിപറയാന്‍ ധൈര്യപ്പെടാത്തതുകൊണ്ടാണോ എന്നറിയില്ല ആ ഇനത്തില്‍ ആരെയും കൊന്നതായി കണ്ടില്ല. സാരമില്ല, ഈ ആശാന്‍ വേറെ ഒരു ഇരട്ടക്കൊലയില്‍ കുരുങ്ങിനില്‍ക്കുന്നുണ്ട്.

യുട്യൂബ് പോലുള്ള നവമാധ്യമങ്ങളില്‍ ഹിറ്റ് ആകാനും ലോകപ്രശസ്തനാകാനും ഇപ്പോള്‍ ഇതാണത്രെ എളുപ്പവിദ്യ. ചാനലുകളില്‍ അഭിമുഖത്തിനുവിളിക്കും. ആഴ്ചകളോളം രാവും പകലും ഈ പ്രസംഗം ചാനലുകള്‍ സംപ്രേഷണം ചെയ്തുകൊണ്ടിരിക്കും. ഇക്കാലത്ത് ഇങ്ങനെ ഹിറ്റാവാന്‍ ഒന്നുകില്‍ എന്തെങ്കിലും മഹാവിഡ്ഢിവേഷം കെട്ടണം, അല്ലെങ്കില്‍ രാഷ്ട്രീയ കൊലവെറിപ്പാട്ട് പാടണം. കണ്ണൂരിലൊരു ജനപ്രതിനിധിയും കൊലവെറിയില്‍ ആസക്തനാണ്. ഗാന്ധിയന്‍പാര്‍ട്ടി ആയതുകൊണ്ട് കത്തി, കഠാര, മഴു തുടങ്ങിയ പ്രാകൃതായുധങ്ങളൊന്നും ഉപയോഗിക്കില്ല. അത്യാധുനികനാണ്. തോക്കാണ് പ്രിയ ആയുധം.

No comments:

Post a comment