Thursday, 21 February 2013

ഈ പൂച്ചക്ക് എത്ര ജന്മം


പൂച്ചയ്ക്ക് ഒമ്പത് ജന്മമുണ്ടെന്നഅന്ധവിശ്വാസം പണ്ടേ ഉള്ളതാണ്. ഒമ്പതിന്റെ കണക്ക് വന്നത് എങ്ങുനിന്നാണെന്ന് വ്യക്തമല്ല. ജന്മം കുറെയുണ്ടെന്ന വിശ്വാസം വന്നത് ഒരുവിധം വീഴ്ചയിലൊന്നും പൂച്ചയ്ക്ക് പരിക്കൊന്നും പറ്റുകയില്ല എന്ന സത്യത്തില്‍ നിന്നാണ്. തട്ടിന്‍പുറത്ത് നിന്ന് താഴെ വീണാലും ഒന്ന് ചിണുങ്ങുക പോലും ചെയ്യാതെ നടന്നുപോകും. ഇത്രയും ഉയരത്തില്‍ നിന്ന് മനുഷ്യന്‍ വീണാല്‍ കഥ കഴിയും. എന്തെങ്കിലും ദിവ്യത്വമോ പുനര്‍ജന്മമോ അല്ല; പൂച്ചയുടെ ശരീരത്തിന്റെ പ്രത്യേകത കൊണ്ടാണ് അത് വീഴ്ചകളെ അതിജീവിക്കുന്നത് എന്ന് എല്ലാവര്‍ക്കും അറിയാം. ഭാരം കുറവാണെന്നതാണ് ഒരു പ്രത്യേകതയായി പറയുന്നത്. ബാക്കിയുള്ളത് വല്ല സുവോളജിക്കാരോടും ചോദിക്കണം.

സി.പി.എമ്മില്‍ ഇതിനേക്കാള്‍ വലിയ ചാട്ടവും വീഴ്ചയുമെല്ലാം കഴിഞ്ഞിട്ടും വി.എസ്. അച്യുതാനന്ദന്‍ പൂച്ചയെപ്പോലെ നടന്നുപോകുന്നത് എന്തുകൊണ്ടാണ് എന്ന് ആളുകള്‍ ചോദിക്കുന്നുണ്ട്. ഇപ്പോഴിതാ പാര്‍ട്ടിയുടെ പുതിയ കേന്ദ്രകമ്മിറ്റി ചേരുന്നു. അവിടെയും ചര്‍ച്ച വി.എസ്സിനെ കുറിച്ചത്രെ. മാധ്യമസിന്‍ഡിക്കേറ്റുകാര്‍ പറയുന്നത് ശരിയായിക്കൊള്ളണമെന്നില്ല. മാധ്യമസിന്‍ഡിക്കേറ്റുകാര്‍ക്ക് സി.പി.എമ്മും വി.എസ്സും പിണറായിയുമാണ് ഏറ്റവും വലിയ വിഷയങ്ങള്‍. അതല്ലല്ലോ സി.പി.എം. കേന്ദ്രക്കമ്മിറ്റിയുടെ അവസ്ഥ. ലോകത്തെന്തെല്ലാം നടക്കുന്നു. സിറിയയിലെ കൂട്ടക്കൊല, യു.എസ്സില്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ്,..... എന്തെല്ലാം അന്തര്‍ദേശീയ പ്രശ്‌നങ്ങള്‍. ദേശീയ പ്രശ്‌നങ്ങള്‍ ഡസന്‍ കണക്കിന് വേറെ. ബംഗാളില്‍ പാര്‍ട്ടിക്കാര്‍ക്ക് റോഡിലിറങ്ങിനടക്കാന്‍ വയ്യ. ഇതെല്ലാം കഴിഞ്ഞിട്ട് വേണം അച്യുതാനന്ദനെ ചര്‍ച്ചയ്‌ക്കെടുക്കാന്‍. രാത്രിയാകും. അച്യുതാനന്ദനാകട്ടെ നേരത്തേ ഉറങ്ങുകയും വേണം.

വി.എസ്സിനെ ഇത്തവണയെങ്കിലും പുറത്താക്കിത്തരണമേ എന്ന് ഓരോ തവണയും സംസ്ഥാനഘടകം കേണപേക്ഷിച്ചിട്ടും എന്താണ് കേന്ദ്രനേതാക്കള്‍ മുഖവിലയ്‌ക്കെടുക്കാത്തത് എന്ന കാര്യം പൂച്ചയുടെ വീഴ്ച പോലെ ഗവേഷണവിഷയമാക്കേണ്ട സംഭവം തന്നെയാണ്. വി.എസ്സിന് വെയ്റ്റ് കുറവായതാണോ അതല്ല വെയ്റ്റ് ഏറെ ഉള്ളതുകൊണ്ടാണോ സംഭവം നടക്കാത്തത്? എങ്ങനെയാണ് ഈ ചങ്ങാതിക്ക് ഇത്രയും വെയ്റ്റ് ഉണ്ടായത്? ഈ പൊളിറ്റ് ബ്യൂറോ തന്നെയല്ലേ രണ്ടുവട്ടം സംസ്ഥാനക്കമ്മിറ്റിയെ തട്ടിക്കളഞ്ഞ് വി.എസ്സിന് മത്സരിക്കാന്‍ ടിക്കറ്റ് കൊടുത്തത്. അതോടെയല്ലേ പിടിയിലൊതുങ്ങാത്ത വെയ്റ്റ് മൂപ്പര്‍ക്ക് ഉണ്ടായത്? എന്നിട്ടിപ്പോള്‍ വെയ്റ്റ് കൂടിപ്പോയി, എടുത്തിട്ട് പൊങ്ങുന്നില്ല എന്ന് വേവലാതിപ്പെട്ടിട്ട് എന്തുകാര്യം.
വി.എസ്. ചെയ്തതിന്റെ പത്തിലൊന്ന് ചെയ്താല്‍ ലോകത്തൊരു കമ്യൂണിസ്റ്റ് പാര്‍ട്ടിയിലും പാര്‍ട്ടിക്കകത്ത് എന്നല്ല പരിസരത്തെ റോഡില്‍പ്പോലും നില്‍ക്കാനാവില്ല. ഇതിന്റെ നൂറിലൊരംശം ഭിന്നാഭിപ്രായം പ്രകടിപ്പിച്ചവര്‍ സോവിയറ്റ് പാര്‍ട്ടിയില്‍ പണ്ടൊക്കെ ഉണ്ടായിരുന്നത്രെ. അവരെ കുറിച്ച് ചര്‍ച്ച ചെയ്യുക, അച്ചടക്ക നടപടി ആവശ്യപ്പെട്ട് കേന്ദ്രക്കമ്മിറ്റിക്ക് കത്തെഴുതുക, വിശദീകരണം ചോദിക്കുക, സസ്‌പെന്‍ഡ് ചെയ്യുക, പുറത്താക്കുക തുടങ്ങിയ ഏകാധിപത്യപരമായ നടപടികളൊന്നും മഹത്തായ സോവിയറ്റ് പാര്‍ട്ടിയില്‍ ഒരു കാലത്തും ഉണ്ടായിട്ടില്ല. മലനാടന്‍ സഖാവ് എം.എം. മണി പറഞ്ഞതുപോലെ വണ്‍, ടു, ത്രി. പിന്നെ പൊടി കാണാറില്ല. കാലം മാറി.
ബൂര്‍ഷ്വാ പാര്‍ട്ടികളില്‍ നടക്കുന്നതുപോലെയുള്ള ഗ്രൂപ്പ് വഴക്കാണ് പാര്‍ട്ടിയില്‍ നടക്കുന്നത് എന്നാണ് കുറച്ചുമുമ്പുവരെ വിമര്‍ശകര്‍ കുറ്റപ്പെടുത്താറുള്ളത്. ഇപ്പോള്‍ ആ ഘട്ടവും കടന്നു. സി.പി.എം. വിഭാഗീയതയുടെ വാര്‍ത്ത കാരണം കോണ്‍ഗ്രസ്സുകാര്‍ക്ക് അത്യാവശ്യം ഗ്രൂപ്പ് വഴക്ക് നടത്താന്‍ പറ്റാതായിരിക്കുന്നു. പത്രത്തിലും ചാനലിലും വരില്ലെങ്കിലെങ്ങനെയാണ് ഗ്രൂപ്പിസം നടത്തുക?
മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ എന്നല്ല ഒരു കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെയും ചരിത്രത്തില്‍ വി.എസ്. നടത്തിയേടത്തോളം ചാവേറാക്രമണങ്ങള്‍ ഒരു നേതാവും നടത്തിയിട്ടില്ല. ഇതാ കഴിഞ്ഞു, ഇനി പൊടി കാണില്ല എന്ന് ഓരോ വട്ടവും വിചാരിച്ചിട്ടുണ്ട് പാര്‍ട്ടിക്കാരും പൊതുജനവും. ഓരോ വട്ടവും പൂച്ചയെപ്പോലെ എഴുന്നേറ്റുവരികയാണ് വന്ദ്യവയോധികന്‍. കഴിഞ്ഞതിനേക്കാള്‍ ഡോസ് കൂട്ടിയാണ് അടുത്ത ആക്രമണം. ഏറ്റവും ഒടുവിലത്തെ കടന്നാക്രമണത്തില്‍ പാര്‍ട്ടി സെക്രട്ടറിയെ ഡാങ്കെയോട് ഉപമിച്ചു. വിമതര്‍ വിട്ടുപോയി വേറെ പാര്‍ട്ടി ഉണ്ടാക്കിയത് സി.പി.എം. ഉണ്ടായതുപോലെയാണ് എന്നുപോലും പറഞ്ഞുവെച്ചു.
പ്രകാശ് കാരാട്ടിനും കൂട്ടാളികള്‍ക്കും നെട്ടെല്ലൊട്ടും ഇല്ലാത്തതുകൊണ്ടാണ് വി.എസ്സിനെ തൊടാന്‍ കഴിയാത്തതെന്ന് കരുതുന്നവരുണ്ട്. വി.എസ്സിന്റെ കൂടെ പാര്‍ട്ടിയില്‍ ആളൊന്നുമില്ലെങ്കിലും വോട്ടുള്ളതുകൊണ്ടാണ് നേതൃത്വം മിണ്ടാത്തത് എന്ന് കരുതുന്നവരും ഉണ്ട്. അതെല്ലാം സംസ്ഥാന നേതൃത്വം സഹിക്കും. ഒന്നുമാത്രം സഹിക്കില്ല. വി.എസ്സിന്റെ കൈയില്‍ ശരി ഉണ്ട് എന്നുമാത്രം ആരും കരുതരുതേ... വി.എസ്. ശരി എങ്കില്‍ പിണറായി തെറ്റാണ്. ഏതെങ്കിലും ഒന്നിനെയേ പാര്‍ട്ടി സ്വീകരിക്കാവൂ. ശരിയും തെറ്റും ഒപ്പം പറ്റില്ല.

******

വിദ്യാഭ്യാസമന്ത്രി അബ്ദുറബ്ബിന് സര്‍ക്കാര്‍ അനുവദിച്ച വീടിന്റെ പേര് ഗംഗ എന്നായിരുന്നു. മന്ത്രി അതുമാറ്റി ഗ്രെയ്‌സ് എന്നാക്കിച്ചു. പേര് മാറ്റണമെന്ന് ആവശ്യപ്പെടാന്‍ കാരണം കാണിക്കേണ്ട കാര്യമില്ല. സര്‍ക്കാറിന് വലിയ പണച്ചെലവുള്ള സംഗതിയുമല്ല. അതുകൊണ്ട് ചോദ്യമൊന്നും ചോദിക്കാതെ പേര് മാറ്റിക്കൊടുത്തു.
കിടക്കുന്ന കട്ടില്‍ തെക്കുവടക്കായത് മാറ്റി തെക്കുകിഴക്കായിട്ടാല്‍ മകള്‍ക്ക് ഉടനെ നല്ല കല്യാണാലോചന വരും എന്ന് പറയാനും പറഞ്ഞാല്‍ വിശ്വസിക്കാനും ആളുള്ള പുരോഗമന സംസ്ഥാനമാണ് നമ്മുടേത്. തീര്‍ച്ചയായും മന്ത്രിയുടെ വീടുപേര് മാറ്റത്തിന് കാരണം കണ്ടത്താന്‍ ഡിറ്റക്ടീവുകള്‍ ഇറങ്ങേണ്ടതുതന്നെയാണ്. വാസ്തുവില്‍ തട്ടി പല വീടുകളുടെയും ഗേറ്റുകള്‍, കിണറുകള്‍, വാതിലുകള്‍, ജനാലകള്‍ എന്നിവയ്ക്ക് കേടുപാട്, സ്ഥലമാറ്റം തുടങ്ങിയ അത്യാഹിതങ്ങള്‍ സംഭവിച്ചിട്ടുണ്ട്. വാസ്തുശാസ്ത്രത്തില്‍ വീട്ടുപേരുകളെകുറിച്ച് പറയുന്നുണ്ടോ എന്നറിയില്ല.
എന്തിനാണ് പേര് മാറ്റിയത് എന്ന് ആരെങ്കിലും ചോദിച്ചാല്‍ തനിക്കങ്ങനെ തോന്നിയിട്ട് എന്ന് മന്ത്രിക്ക് മറുപടി നല്‍കാവുന്നതേ ഉള്ളൂ. ഇതൊക്കെ തീര്‍ത്തും വ്യക്തിപരമായ കാര്യങ്ങളാണ്. പക്ഷേ, വീട് സര്‍ക്കാര്‍ വകയാവുമ്പോള്‍ ഇതത്ര വ്യക്തിപരമല്ല. ഓരോ മന്ത്രി വരുമ്പോഴും മേശയും കസേരയും മാറ്റാം. പക്ഷേ വീട്ടുപേരും നാട്ടുപേരുമൊക്കെ മാറ്റുന്നത് ജനത്തിന് ഉപദ്രവമാണ്. സര്‍ക്കാറിന്റെ വീടിന് അതിലെ തല്‍ക്കാല താമസക്കാരല്ല പേരിടേണ്ടത്. മതപരമായ കാരണങ്ങളാലാണ് മന്ത്രി പേരുമാറ്റിയത് എന്നൊരു വ്യാഖ്യാനത്തിന് വലിയ പ്രചാരം കിട്ടിയിട്ടുണ്ട്. ഒരു വിദ്യാഭ്യാസമന്ത്രി അങ്ങനെയൊക്കെ ചിന്തിക്കും എന്ന് ആരും വിശ്വസിക്കുക പോലുമില്ല. മതകാരണത്താലാണ് പേര് മാറ്റിയതെങ്കില്‍ പിന്നെ ഇടുമായിരുന്നത് ഗ്രെയ്‌സ് എന്നൊരു ഇംഗ്ലീഷ് പേരല്ലല്ലോ.
മൃഗങ്ങള്‍, വസ്തുക്കള്‍, പ്രകൃതിയിലെ കാര്യങ്ങള്‍ തുടങ്ങിയവയ്‌ക്കൊന്നും മതവും ജാതിയുമില്ല എന്ന് വിദ്യാഭ്യാസമന്ത്രിക്കെന്നല്ല വിദ്യാഭ്യാസമില്ലാത്തവന് തന്നെയും അറിയാം. അതറിയാത്ത മന്ദബുദ്ധികള്‍ ഇല്ലെന്നല്ല. ആനയെ വാങ്ങിയിട്ട് മുസ്ലിംപേരിട്ട ഒരു ചങ്ങാതിക്ക് അമ്പലത്തിലെ ഉത്സവത്തിനൊന്നും ആരും വിളിക്കാതെ ഒടുവില്‍ പേര് മാറ്റേണ്ടിവന്നതായി കേട്ടിട്ടുണ്ട്. കുസൃതികളുടെ വിനോദകഥയാകാം. ഗംഗ എന്ന പേരിന് ഭാരതപ്പുഴയോളമോ ചാലിയാറിനോളമോ ഹിന്ദുത്വമേ ഉള്ളൂ. അത്രയും വൃത്തി അതിലെ വെള്ളത്തിനുണ്ടോ എന്നുറപ്പില്ലെന്നുമാത്രം.

No comments:

Post a comment